images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
3
പൂവുകളെല്ലാം പറിച്ചെടുക്കൂ
പിയേർ ദ് റോംസാർ (PIERRE DE RONSARD (1524–1585))

[പ്രാചീന ഫ്രഞ്ച് കവികളിൽ ഏറ്റവും പ്രമുഖനാണ് പിയേർ ദ് റോംസാർ. ഫ്രഞ്ച് ക്ലാസ്സിസിസം വളർച്ച പ്രാപിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തിലെ കവിയായിട്ടും, മൂന്നു നൂറ്റാണ്ടിനുശേഷം പിറവിയെടുക്കാനിരുന്ന റൊമാന്റിസിസത്തിന്റെ നാമ്പുകൾ അദ്ദേഹത്തിന്റെ കവിതയിൽ കാണാം.]

പൊന്നാടചാർത്തി, പ്പുലരിയിലർക്കനു
[1] തൻനുതിയർപ്പിച്ച ചെമ്പനിനീർപ്പൂ
[2] നിൻകവിൾത്തട്ടുകളേന്തുംപോലുള്ള തൻ
കുങ്കുമവർണ്ണവിലാസമോടേ,
ചാരുഞെറികളുലയാതിസ്സായാഹ്ന–
നേരത്തും നില്പിതോയെന്നറിവാൻ
ആരാമത്തിങ്കലേയ്ക്കൊന്നു വന്നാലുമെ–
ന്നാരോമലാളേ, നീയെന്നോടൊപ്പം [3]
കഷ്ടം, നീ കാണുകപ്പുഷ്പം തൻ കാന്തികൾ
നഷ്ടമായ് വീണുകിടപ്പിതല്ലോ. [4]
ചെറ്റുമേ കാരുണ്യമില്ലാ പ്രകൃതിയെ–
ച്ചിറ്റമ്മയെന്നേ വിളിച്ചുകൂടൂ: [5]
രാവിലെ ബ്ഭംഗ്യാ വിരിഞ്ഞൊരിപ്പൊന്മലർ
ജീവിച്ചതന്തിവരെയ്ക്കുമാത്രം! [6]
ആകയാലോമനേ, യെന്നെ നീ നണ്ണുമെ–
ന്നാകിൽ ഞാനോതിടാമൊന്നു, കേൾക്കൂ:
താവകജീവിതപ്പൂവനി യൗവന–
ത്തൂവസന്തത്തിൻ സമാഗമത്തിൽ
പൂവണിഞ്ഞുജ്ജ്വല നവ്യസൗഭാഗ്യത്തിൻ
പാരമ്യത്തിങ്കൽ പരിലസിയ്ക്കേ,
ആവതും വേഗത്തി, ലാമണം ചിന്തുന്ന
പൂവുകളെല്ലാം പറിച്ചെടുക്കൂ. [7]
അല്ലെന്നാൽ, ത്താരിതൻ കാന്തിപോൽ നിന്നഴ–
കെല്ലാമേ വാർദ്ധകം വന്നുതിന്നും! [8]

MIGNONNE ALLONS VOIR SI LA ROSE…

കുറിപ്പുകൾ
[1]
നുതി = സ്തുതി
[2]
നിൻ കവിൾത്തുടുപ്പാർന്നൊരിപ്പൂക്കളെ
ശങ്കയെന്യേ മുകരാൻ തരിക നീ
(ബാലാമണിയമ്മ — അമ്പലത്തിലേയ്ക്ക്)
[3]
വെട്ടമാം മുമ്പേ നമ്മൾ വെമ്പലോടെണീറ്റെത്തി
നട്ടു നാം വളർത്തുന്ന ചെറുതാം പൂന്തോട്ടത്തിൽ
ഇന്നലെസ്സായാഹ്നത്തിൽ കണ്ടുവച്ചൊരു പൂമൊ–
ട്ടിന്നിതൾ വിരിഞ്ഞൊരു പൂവായിട്ടുണ്ടാകുമോ?
(വൈലോപ്പിള്ളി — കൊച്ചുമുഖം)
ആവതും പ്രശാന്തമായ് ചൊല്ലിനേൻ ‘തൊടിയോളം
പോയ് വരാം നമുക്കു’ നീ പിന്തുടർന്നിതു മൂകം
(വൈലോപ്പിള്ളി — ഒഴിഞ്ഞ കൂട്)
തളിരിട്ടോ പിഞ്ചിളം കായിട്ടോ മുന്തിരികൾ
കുളിർമൊട്ടുകൾ ചൂടിയോ മാതളങ്ങൾ
ഇവയൊക്കെപ്പോയൊന്നു നോക്കാ, മങ്ങേയ്ക്കു ഞാ–
നവിടെവെച്ചെൻ പ്രണയ മഖിലമേകാം.
(ചങ്ങമ്പുഴ — ദിവ്യഗീതം–ഗീതം 7)
[4]
ഹാ, പുഷ്പമേ, അധിക തുംഗ പദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ;
ശ്രീ ഭൂവിലസ്ഥിര, അസംശയ, മിന്നു നിന്റെ–
യാഭൂതിയെങ്ങു, പുനരെങ്ങു കിടപ്പിതോർത്താൽ
(ആശാൻ — വീണപൂവ്)
ക്ഷോണീധൂസരധൂളി പറ്റിയൊളിയും
മങ്ങിക്കിടക്കുന്നതി–
ന്നാണീ രമ്യകുലേ പിറന്നതു ഭവാ–
നെന്നോ നറും പുഷ്പമേ?
(വള്ളത്തോൾ — തോട്ടത്തിൽവെച്ച്)
എന്തിനോ ഞൊടിയിടകൊണ്ടു വിണ്ണഴകിന്റെ
പൊന്നളുക്കുകൾ വീണുകിടക്കുന്നു പൊടിമണ്ണിൽ
(പി. കുഞ്ഞിരാമൻ നായർ — ജീവിതം: കളിക്കോപ്പ്)
വഴിഞ്ഞ ലാവണ്യമൊടാടി നിൽക്കവേ
കൊഴിഞ്ഞുപോം ചില്ലയിൽനിന്നു താരുകൾ
(കെ. കെ. രാജാ — ബാഷ്പാഞ്ജലി)
വാരഴകിൻ മണിവാതിൽ തുറക്കുമീ–
ത്താരുകൾ വാടുന്നു താനേ
(ബാലാമണിയമ്മ — വിജയമാല്യം)
പൂവേ കൺകൾ മിഴിക്ക, ദീനമഖിലം പോയ്പോയി, രാവത്രയും
ക്ലോറോഫോമിൽ മയങ്ങി നിങ്ങൾ നിലനില്പാകുന്നൊരാസ്പത്രിയിൽ
രാഗാർദ്രം സവിതാവുണർത്തിയ വിഭാതത്തിന്റെ നിത്യോജ്ജ്വലാ–
കാരം കണ്ടിനി നാം പൊഴിഞ്ഞിടുകിലെ, ന്തെല്ലാടവും പ്രോജ്ജ്വലം
(പി. നാരായണക്കുറുപ്പ് — പ്രഭാതവന്ദനം)
[5]
മറ്റെങ്ങുമൻപെഴുമാ പ്രകൃത്യംബ നിൻ
ചിറ്റമ്മയെപ്പോലായതെങ്ങിനെയോമലേ?
(വൈലോപ്പിള്ളി — അമ്മയും മകളും)
[6]
വിടർന്ന തങ്കപ്പനിനീർ സുമത്തി–
ന്നതിങ്കൽ നിൽപെത്ര നിമേഷമുണ്ടാം
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
കാർവില്ലു കാൽക്ഷണംകൊണ്ടുമായില്ലയോ
പൂവിന്നൊരു പകൽ മാത്രമത്രേ നില
രാഗമേ, നീയൊരു പൊൽപ്പനിനീരലർ
വേഗം സുഭഗദലങ്ങളുതിർന്നു പോം
(ജി. — ആ മരം)
അഞ്ചിതമായൊരച്ചെമ്പനിനീർത്താരിനൊ–
രഞ്ചാറുനാൾകൂടി നിന്നുകൂടേ?
(ചങ്ങമ്പുഴ — ബാഷ്പാഞ്ജലി)
പരിഭവമരുതെന്നി, ലൊരു വാക്ക് പറയുവാൻ
തരികെനിക്കനുമതി പനിമലരേ,
ഒരു നിശപിറക്കുവാ, നൊരു പകൽ മരിക്കുവാ–
നരുതോതാനോമലേ നിൻ വിധിവിഹിതം
(ചങ്ങമ്പുഴ — രാഗ ഗീതി)
ഒരു വാസരം മാത്രം നിന്റെ ജീവിതം, കണ്ണീർ
ചൊരിയാതിരിക്കുന്നതെങ്ങിനെ, നിർഭാഗ്യ നീ
(ചങ്ങമ്പുഴ — വാടിയ പൂ കണ്ടിട്ട്)
യൗവനം നരലോക ജീവിതാരാമത്തിങ്കൽ
ഭവ്യത ചേർക്കാനെത്തും പൂക്കാലം മനോഹരം…
ഇത്രമേൽ സമുൽകൃഷ്ടമായിടും താരുണ്യം നി
മിത്രമായ് വർത്തിക്കുമ്പോഴെന്തിനീയധീരത്വം?
… … …
ദീനനായ് പാഴാക്കൊല്ലേ പുണ്യവേളയെത്തെല്ലും
മാനുഷത്വത്തിൻ മുദ്ര നിന്നിൽ ഞാൻ ദർശിച്ചാവൂ
(വെണ്ണിക്കുളം — പ്രബോധനം)
പനിനീരലരു കാൺക നീ സ്മിതമുഖം കഥിക്കുന്നതു–
ണ്ട‘തിന്നു ജനിപൂണ്ടു ഞാനുലകിനേകുവാൻ സൗരഭം,
അഴിപ്പു മമ സഞ്ചിതൻ ചരടു സത്വരം ഞാൻ സഖേ,
നിറഞ്ഞധനമൊക്കെയിസ്സുമവനത്തിലർപ്പിക്കയാം’
(ഒമർ ഖയാം — റുബിയിയാത്ത്) (കെ. എം. പണിക്കരുടെ തർജ്ജമ)
കോമളസൂനമേ സൂനമായെന്നും നീ
യീ മന്നിൽ ജീവിച്ചിടാത്തതെന്തേ?
(എം. ആർ. നായർ — ശൈശവം)
ഒരു ഞൊടിമാത്രം നിലനില്ക്കുമാനന്ദ–
സ്മരണ ഞാൻ, പിന്നെയോ വിസ്മൃതിയും
(യൂസഫലി കേച്ചേരി — പൂവിന്റെ പാട്ട്)
The flower in ripen’d bloom unmatch’d
Must fall the earliest prey
(Byron — Elegy on Thyrza)
Fair pledges of a fruitful tree,
Why do you fall so fast?
(R. Herrick — To blossoms)
[7]
പാരിലെ ജീവിതമെന്തു, ഞൊടിയിട
നേരമപ്പൂവൊരു ഞെട്ടിയിൽ നില്ക്കലാം
ചിന്തിച്ചിരിക്കാനിടയില്ല, വണ്ടുപോൽ
പൂന്തേൻ നുകരാൻ വിടുക ചിത്തത്തിനെ
(പി. കുഞ്ഞിരാമൻ നായർ — പരീക്ഷ)
അയിസഖി തവശുഭ തരുണിമ തളിരിട്ടി–
ട്ടനുപമ സുഷുമകളണിഞ്ഞുനില്ക്കേ,
അവനിയിൽ ജീവിതപ്പൂവനിയിലുത്സവത്തിനു–
ള്ളവസരമാണിതയ്യാ പാഴിലാക്കൊല്ലേ
(ചങ്ങമ്പുഴ — അനുബന്ധകവിതകൾ)
ഇന്നത്തെ യീവസന്തത്തിലിന്നത്തെയിപ്പനീർ പൂക്ക–
ളൊന്നൊന്നായിട്ടിന്നുതന്നെ പറിക്കൂ നിങ്ങൾ
(ചങ്ങമ്പുഴ — മദിരോത്സവം)
വാടിടും മുമ്പുറത്തു ചൂടുകീ
വാടികയിലെപ്പൂക്കൾ മാം
(ചങ്ങമ്പുഴ — ഹേമചന്ദ്രിക)
അതിവേഗം നമുക്കിവിടെയുള്ളതാം
മലരറുക്കേണം മതിയോളം
(ഇടപ്പള്ളി — കരയല്ലേ)
ഓമനേ, വന്നാലുമീയേകാന്ത ദുർഗ്ഗാദ്ധ്വാവിൽ
നാമിരുവരും നൂനമന്യോന്യം തിരയുന്നോർ
നോക്കുക നമുക്കു തൽസ്സൗരഭമുൾക്കൊള്ളുവാൻ
പൂക്കളെപ്പോലെ നിമിഷങ്ങളിങ്ങുതിരുന്നു
(ബാലാമണിയമ്മ — വിശ്വാമിത്രൻ)
പൂവറുക്കുന്നോർ ചുറ്റും പാടുന്നു പെരുത്തെണ്ണം
കൈവരുന്നോർക്കേ ഭാഗ്യം, കൈനിറപ്പതേ പുണ്യം
(ബാലാമണിയമ്മ — ദിവസം)
ഇന്നേ തളിർത്തിന്നു വാടുമത്തോപ്പിങ്കൽ
നിന്നാശു മേലോട്ടു മേലോട്ടു പോക നാം.
(ബാലാമണിയമ്മ — വിഭ്രാന്തി)
… വിളംബരം ചെയ്വൂ: വിളംബമെന്യെയാ–
ഗളം സ്വജീവിത മധുനുകരുവിൻ,
സമയപീയുഷമൊലിക്കുന്നു തൃഷ്ണാ–
ശമം വരുത്തുവാൻ കഴിയില്ലാപിന്നെ
(ജി. — പിന്നത്തെ വസന്തം)
പ്രപഞ്ചസാഗര തീരപഥത്തിൽക്കൂടി നടക്കുമ്പോൾ
പ്രഫുല്ലമാകും മലരുകളെല്ലാമിറുത്തെടുത്താലും
താവും തൻ ഭാഗ്യത്തിനെ മാനിച്ചഹർന്നിശം നീയാ–
പ്പൂവുകൾ ചേതന തന്നിൽക്കോർക്കാൻ സമുദ്യമിച്ചാലും
അവയെ സ്വന്തം പ്രാണനിലേയ്ക്കു വലിച്ചെടുക്കുക മനമേ നീ
വലിച്ചെടുക്കുക മനമേ നീ
(ടാഗോർ — ഗീതാഞ്ജലി (ജി.))
നിറയ്ക്കു ചഷകം, വലിച്ചെറിക വിപ്രതീസാരമാം
തണുപ്പു വസനങ്ങളീസ്സുഖ വസന്തമാമഗ്നിയിൽ,
കുറച്ചു വഴിതാൻ ഗമിപ്പതിനു നൂനമിക്കാലമാം
ഖഗത്തിനു, ചലിപ്പുതൻ ചിറകിതിനു യാത്രേച്ഛയാൽ
… … …
ഗമിപ്പു തടവറ്റു ജീവിത സുരാരസം തുള്ളിയായ്,
കൊഴിപ്പിതനുവാസരം ദലഗണങ്ങളിജ്ജീവിതം
… … …
വൃഥാ കളയൊലാ നമുക്കിനിയുള്ള നാൾ ചത്തു മ–
ണ്ണടിഞ്ഞിടുവതിന്നകം ചെലവഴിക്കയാം പടി
(ഒമർ ഖയാം — റുബായിയാത്ത്) (തർജ്ജമ: കെ. എം. പണിക്കർ)
ആടലറ്റാകയാലാനന്ദ നർത്തന–
മാടു നീ, ജീവിതം ഹ്രസ്വമല്ലേ?
(യൂസഫലി കേച്ചേരി — നിർഗന്ധപുഷ്പം)
Gather ye rose–buds while ye may
Old time is still aflying;
And this same flower that smiles to–dady
Tommorrow will be dying
(Robert Herrick — Counsel to girls)
Others mistrust and say: ‘But time escapes
Live now or never!’
He said: ‘What is time, leave Now for dogs and apes, Man has Forever’
(Robert Browning — A grammarian’s funeral)
I have loved flowers that fade
Within whose magic tents
Rich hues have marriage made
With sweet unmemoried scents:
A honey–moon delight
A joy of love at sight
That ages in an hour:
My song be like a flower
(Robert Bridges — I have loved flowers that fade)
Frail as thy love, the flowers were dead,
Ere yet the evening sun was set.
(T. L. Peacock — The grave of love)
[8]
കള്ളനാം കാലമങ്ങു കടന്നു വല്ലവാറും
കൊള്ളയിട്ടു പോമല്ലോ രാഗവും താരുണ്യവും
(ആശാൻ — ശ്രീബുദ്ധചരിതം)
ഗമിപ്പൂ മധുകാലമോ സകല പുഷ്പ സമ്പത്തൊടും
സമാപ്തിയണയുന്നു യൗവന സുഗന്ധിയാം കാവ്യവും
(ഒമർ ഖയാം — റുബായിയാത്ത്) (തർജ്ജമ: കെ. എം. പണിക്കർ)
എന്നനുജത്തിയ്ക്കോർമ്മ വേണമേ, താരുണ്യത്തിൻ
പൊൻ നിറമെല്ലാം മങ്ങി വെള്ളിയായ് മാറിപ്പോകും
(എം. പി. അപ്പൻ — കിഴക്കും പടിഞ്ഞാറും)
പൂവിലെപ്പുഴുവിനെ, ഹൃത്തിലെയസൂയയെ,
യൗവനം നുരുമ്പിക്കും വാർദ്ധകത്തിനെപ്പറ്റി
(എൻ. വി. കൃഷ്ണവാരിയർ — വിദ്യാപതി)
ഒരുകാലത്തോമനത്തം മഴവില്ലു വീശിവീശി–
ച്ചിരിച്ച പൂങ്കവിൾക്കൂമ്പും വിളർത്തുപോയി
തരുണിമയുടെ പച്ച ദിവസങ്ങളൊന്നൊന്നായി–
ച്ചിറകടിച്ചടിച്ചൊക്കെപ്പറന്നുപോയി
(ചങ്ങമ്പുഴ — മദിരോത്സവം)
കാശ്മീര യൗവനം പാണ്ഡുര വാർദ്ധക്യ–
വേശ്മത്തിലെത്തും, ശ്മശാനം ചിരിച്ചിടും
(ചങ്ങമ്പുഴ — വിരാമം)
സ്പുടരുചിയണിച്ചെമ്പനിനീരലർ–
ത്തുടു കവിളുകൾ ചുക്കിച്ചുളിഞ്ഞിട്ടും
(ചങ്ങമ്പുഴ — ശ്മശാനത്തിൽ)
വാർദ്ധകം കടന്നേറി യൗവന പ്രാകാരത്തെ–
യാക്രമിക്കുന്നു, നിഷേധിക്കുന്നു സമസ്തവും
(കെ. മാധവിയമ്മ — വളരുന്ന മനുഷ്യൻ)
ഒക്കെയും നരക്കുമെന്നോമനേ നീയും ഞാനും
മാത്രമാണല്ലോ നിത്യ താരുണ്യം പാരിനെന്നെന്നും
(എം. എൻ. പാലൂര് — തത്വജ്ഞാനം)
On hasty wings thay youth is flown,
The sun is set, thy spring is gone
(Thomas Gray — Ode on the Spring)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.