images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
42
കണ്ണുനീർ
ഫ്രാംസ്വാ കൊപ്പെ (FRANCOIS COPPEE (1842-1908))
അമ്പതാണ്ടാകുന്നെനി–
ക്കില്ലിതിൽ പരിഭവം
എൻപുരാന്നർപ്പിക്കുന്നേൻ
നന്ദിതൻ നമോവാകം
പക്ഷെയുണ്ടാശങ്കയൊ
ന്നസ്വസ്ഥനാക്കുന്നെന്നെ:
പ്രായമേറുന്തോറുമെൻ
കണ്ണുനീർകുറയുന്നു!
നോവറിഞ്ഞീടുന്നു ഞാൻ
മുന്നേപ്പോൽ, പരക്ലേശ–
മോരുവാനെനിക്കിന്നു
മാവതുണ്ടസംശയം
കരളിന്നകത്തു നി [1]
ന്നെന്റെ കണ്ണിണയിലേ–
യ്ക്കണയും കാരുണ്യത്തി–
ന്നുറവുവറ്റിപ്പോകാൻ
ഇടവന്നീടും വണ്ണം
എന്തു, ഞാനത്രയ്ക്കേറെ–
ക്കയറിക്കഴിഞ്ഞെന്നോ
പ്രായത്തിൻ പടവുകൾ?
അത്തലാലകം നീറു–
മെന്നാത്മ മിത്രങ്ങൾക്കും
അപ്പോലെ സന്താപത്തി
ലെനിയ്ക്കു തന്നേയുമേ
തെല്ലിടശമനവും
സാന്ത്വവും പ്രശാന്തിയും
നല്കിടും കണ്ണീരിനി
വാർക്കുവാൻ വയ്യാതാമോ? [2]
ഇന്നലെപ്പോലും കൊടും–
തണുപ്പിൽത്തനുമൂടാ–
നൊന്നുമില്ലാതെ വിറ–
കൊണ്ടൊരു പാവത്തിനു
കൊടുത്തേനുദാരമായ്
ക്കാശു ഞാൻ, പക്ഷെ വെറും
ചടങ്ങാബ്ഭിക്ഷാദാനം,
എൻകരളുറന്നീലാ! [3]
അന്നൊരു സായാഹ്നത്തിൽ
പ്രേയസീ മൃതിയാലേ
ഖിന്നനാമൊരു മർത്ത്യയൻ
തൻകഥ പറഞ്ഞപ്പോൾ
ഞാനതു കേട്ടേൻ, സഹ–
താപാശ്രു കണമൊന്നു
പോലുമെൻ മിഴിയിണ–
യിങ്കൽനിന്നുതിരാതെ! [4]
വാസ്തവമാണോ, ദേഹം
വാർദ്ധകാൽ കൂനീടുമ്പോൾ
വൈവശ്യമിയലുമോ
മാനവ ഹൃദയാന്തം?
നിതരാമെന്നിൽത്തന്നെ–
യുൾവലിഞ്ഞേകാകിയായ്
തലയുംതാഴ്ത്തിപ്പോകും
വൃദ്ധനായ് ഞാൻ തീരുമോ? [5]
ശക്യമല്ലെനിക്കതു
ഭാവനം ചെയ്യാൻപോലും
മിക്കവാറുമേ മൃതൻ
തന്നെ ഞാനമ്മട്ടായാൽ.
നിഷ്ഠുരപ്രകൃതി, ഞാൻ [6]
നിനപ്പേൻ നിൻ കർക്കശ–
ചട്ടമുല്ലംഘിച്ചലി–
വന്യൂനം നിലനിർത്താൻ.
ഏറ്റുവാങ്ങുന്നേൻ ജരാ–
നര ഞാനെതിർപ്പെന്യേ,
പക്ഷെയെൻ നയനങ്ങൾ
വളരാതിരിക്കണം! [7]
സ്വാർത്ഥത്തിൻ പരിശുഷ്ക്ക
വീക്ഷയിൽ വൈരൂപ്യത്തിൻ,
ചീർത്തെഴും കൗടില്യത്തിൻ
മൂർത്തിമൽഭാവം മർത്ത്യൻ;
തൽബാഷ്പകണമാട്ടേ
ഇജ്ജഗത്തിന്റേതന്നെ
സൽഭാവ വിശേഷങ്ങൾ
കാട്ടിടും ‘പ്രിസ’മത്രെ! [8]

LES LARMES

കുറിപ്പുകൾ
[1]
മനമുരുകിയുതിരുന്ന കണ്ണുനീർ–
ക്കണികകൾകൊണ്ടു ദാഹമടക്കലും
(ചങ്ങമ്പുഴ — ഇരുളിൽ)
മുറ്റുമെൻചിത്തമുരുകിയ കണ്ണുനീ–
രിറ്റിറ്റുവീണു തണുത്തൊരു കാരണാൽ
(പി. കുഞ്ഞിരാമൻ നായർ — അന്ത്യഗീതം)
ഉള്ളമുരുകിയൊലിച്ച കണ്ണീർ–
ത്തുള്ളിയാലൊട്ടൊട്ടു മാഞ്ഞുപോയി
(എം. പി. അപ്പൻ — കവി)
കരളുരുകിയെത്തുമെൻ കണ്ണീർക്കണം തുട–
ച്ചവളരികിൽ നില്പതായ് തോന്നുന്നതിപ്പൊഴും
(ഇടപ്പള്ളി — ഞങ്ങൾ)
ഉണങ്ങാതുൾക്കേദാരം പുലരാനതിന്നുള്ളോ–
രുറവിൻ കാലോചിത സേചനമാണിക്കണ്ണീർ
(കൃഷ്ണൻ പറപ്പിള്ളി — പോവുകെൻ പൊന്നോമനേ)
Tears from the depth of some divine despair
Rise in the heart and gather to the eyes
(Tennyson — Tears, idle tears, I know not what they mean)
[2]
തീക്കനൽദ്രവം കണക്കപ്പൊഴങ്ങുതിർത്തതാ–
മാക്കണ്ണീർക്കണം രണ്ടുമാർക്കുതാൻ മറക്കാവൂ?
(ഉള്ളൂർ — ആ കണ്ണുനീർ)
എന്തു കയ്പുറ്റതാമനുഭൂതിയാ–
ലെത്ര സംശുദ്ധമായെഴും സ്നേഹത്താൽ
മാനുഷനിലുരുക്കൂടിവന്നിതോ
വാനവർക്കു ദുർലഭ്യമിസ്സാധനം
(ബാലാമണിയമ്മ — കണ്ണുനീർ കാണുമ്പോൾ)
കടൽ വാറ്റിയ വർഷകണവും മനസ്സിന്റെ
കടൽ വാറ്റിയ പരിപാവനമിഴിനീരും
(വൈലോപ്പിള്ളി — കവിയും കുഷ്ഠരോഗിയും)
[3]
ഈ മൗക്തികങ്ങൾ പതിക്കട്ടെ നിസ്വരി
ലോമനേ നിൻ കണ്ണിൽനിന്നുവീണ്ടും
ദുർലഭമായിരം വെള്ളിനാണ്യത്തേക്കാ–
ളുള്ളലിഞ്ഞോലുമൊരശ്രുബിന്ദു
(ബാലാമണിയമ്മ — അമ്മ)
കരുണയാർന്നു നിൻ കണ്ണുനീർത്തുള്ളിയൊ–
ന്നുതിരുമെങ്കിൽ ചരിതാർത്ഥതന്നെ ഞാൻ
(ചങ്ങമ്പുഴ — ചരിതാർത്ഥതന്നെ ഞാൻ)
[4]
ചൊരിയുവതിനില്ല കണ്ണുനീർ
സിരകൾ തപിച്ചു വരണ്ടുപോകയാൽ
(ആശാൻ — സ്നേഹിതന്റെ ദേഹവിയോഗം)
കരയാൻകണ്ണീരില്ല, വിലപിപ്പാനോ വാക്കി–
ല്ലെരി സന്താപത്താൽ മേ, ശൂന്യചിത്തതയാൽ മേ
(വള്ളത്തോൾ — നെടുനാൾ നിലനിർത്തും)
കരയാനൊരുതുള്ളിക്കണ്ണുനീരിനിയില്ല,
കരളോ വികാരത്താൽ പിന്നെയും നോവുന്നല്ലോ
(ചങ്ങമ്പുഴ — കണ്ണുനീർ)
അച്ഛനെക്കെട്ടി വരിഞ്ഞെടുത്തു
തെക്കോട്ടെടുക്കവെയന്നെന്റെ കൺമുമ്പിൽ…
എന്തുകൊണ്ടാണെന്നറിയില്ലൊരുതുള്ളി–
ക്കണ്ണുനീരന്നു പൊടിഞ്ഞതില്ല
(മുല്ലനേഴി — ഉപ്പുകല്ല്)
[5]
സ്നേഹം സൗന്ദര്യം, ശക്തിയെല്ലാം പോയീടുമല്ലോ
ദേഹം വാർദ്ധക്യമേറിക്കൂന്നുപോമല്ലോ നാഥേ
(ആശാൻ — ശ്രീബുദ്ധചരിതം)
കണ്ണിരേവറ്റി, കർമ്മപ്രവണതയുടെ ചൂടാറി വാർദ്ധകത്തിൽ
മന്ദീഭൂതപ്രകാശേമറയുമൊരു കിനാവെന്ന മട്ടായിലോകം
(ബാലാമണിയമ്മ — മുത്തശ്ശി)
സഹജാതരേ, വരളുന്നൊരെൻ മിഴികളിൽ
അനുകമ്പതൻ നാളം താണു കെട്ടടങ്ങീടവേ
(വിഷ്ണുനാരായണൻ നമ്പൂതിരി — സഹജാതരേ)
കരൾ നൊന്തോർത്തേ, നെന്മിഴി–
നീരുറവെങ്ങിനെ വറ്റി വരണ്ടു
(എൻ. എൻ. കക്കാട് — ദു:ഖം)
Then the mortal coldness of the soul like death itself comes down;
It cannot feel for others’ woes, it dare not dream its own;
That heavy chill has frozen o’er the fountain of our tears,
And though the eye may spark still ’tis where the ice appears
(Byron — Youth and age)
[6]
ഹാ കഷ്ടമെങ്ങിനെ മർത്ത്യൻ സഹിക്കു മീ
മൂകപ്രകൃതി തന്നന്ധമാം ക്രൂരത
(വൈലോപ്പിള്ളി — പടയാളികൾ)
[7]
വറ്റാതെ നില്ക്കാവൂ ദീനർതൻ ദാഹത്തെ
ചെറ്റു ശമിപ്പിക്കുമിക്കണ്ണുനീർ
(ബാലാമണിയമ്മ — അമ്മ)
തീരട്ടേ വ്യഥ തുള്ളിയശ്രു പൊഴിവിൻ നേത്രങ്ങളേ
(ആശാൻ — ഒരു അനുതാപം)
നിഷ്കളങ്കമെൻ കണ്ണീർ പ്രവാഹത്താൽ
മൽക്കരക്കുമ്പിൾ പൂർണ്ണമായ്ത്തീരട്ടെ
ഇടപ്പള്ളി–തകരാത്ത നീർപ്പോള
ചാരിതാർത്ഥ്യത്തെപ്പുലർത്താൻ മിഴിയിണ
തോരാതിരുന്നാൽ മതി മരിപ്പോളവും
(ചങ്ങമ്പുഴ — ബാഷ്പാഞ്ജലി)
അമരലോകത്തേക്കുയരുവാനെനി–
ക്കനഘമിക്കണ്ണീർ മതിയല്ലോ
(ചങ്ങമ്പുഴ — പരിതൃപ്തി)
കരയാൻ കഴിവുള്ള ഹൃദയം ഞാനാശിപ്പൂ
(ചങ്ങമ്പുഴ — കണ്ണുനീർ)
അശ്രുനീർ വീണു കലങ്ങി മറിഞ്ഞുപോയ്
രക്തമഴയിൽ കുതിരാത്ത ഹൃത്തടം
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൂജ)
മാനമർപ്പിക്ക തപ്താശ്രുമുത്തതേ
ദീനദരിദ്രജനദേവപൂജനം
(പി. കുഞ്ഞിരാമൻ നായർ — ഗ്രാമക്ഷേമം)
സുഖവിഭവസമൃദ്ധി തന്റെ പൊട്ടി–
ച്ചിരി രസവും, ഹ ഹ, കണ്ണുനീരുതന്നെ
(പി. കുഞ്ഞിരാമൻ നായർ — ശ്രീരാമചരിതം)
നാളെയീ മണ്ണിൽനിന്നും മണ്ണായി മറയുമ്പോൾ
കാണുമോ നനവെന്റെ കണ്ണിലിന്നത്തെപ്പോലെ?
(അയ്യപ്പപ്പണിക്കർ — മനുഷ്യപുത്രൻ)
… കുനിഞ്ഞ തന്മിഴിയിൽ നിന്നൊരു
ചുടുകണ്ണീർക്കണമുറന്നു വീഴ്കയായ്
കുതിർന്നു ചെന്നിറം പടർന്ന മണ്ണിൽ നി–
ന്നുതിർന്നു പുണ്യവേദനകൾതൻ ഗന്ധം
(വിഷ്ണുനാരായണൻ നമ്പൂതിരി — ലയനം)
മരിച്ചിടും മർത്ത്യതയെന്തിനാണു?
കരഞ്ഞിടാനും കരയിച്ചിടാനും
(കുറ്റിപ്പുറം — ഒരു മഹച്ചരമം)
മഴനീർ വീഴ്കെ പുഷപവനങ്ങൾ കുളിർക്കുന്നു
മിഴിനീരിലോ സ്വപ്നതലങ്ങൾ തളിർക്കുന്നു
(എസ്. രമേശൻ നായർ — കണ്ണുനീർക്കിളി)
സ്വീകരിച്ചാലും നീയെൻ നീറലിൻ സ്മിതം, കണ്ണിൽ
വേകുമീ കണ്ണീരിന്റെയാനന്ദ പ്രകർഷവും
(ഒ. വി. ഉഷ — ദാനം)
കാണുവാൻ വയ്യല്ലോ നിൻ ചരിതാർത്ഥമാം നോട്ടം
കണ്ണുപോയാലും കണ്ണീരുണ്ടെനിക്കതേ ഭാഗ്യം
(പുല്ലാട്ട് രവീന്ദ്രൻ — നെല്ലായ)
[8]
ഉമ്മറക്കല്ലിൽത്തനിച്ചിരുന്നെന്തിനോ
വിമ്മിക്കരയുമപ്പൈതലിനെ
ഉറ്റുനോക്കിക്കൊണ്ടു നില്ക്കുമെന്നോമന–
ക്കുട്ടന്റെയൻപോലും കണ്ണിണയിൽ
ഒന്നുരണ്ടശ്രുകണങ്ങളരക്ഷണം
നിന്നു തിളങ്ങി നിലത്തുതിർന്നു
ജീവിതോഷസ്സിൽ വിരിഞ്ഞൊരത്താമര–
പ്പൂവിതൾ തൂകിയ മഞ്ഞുനീരിൽ
ബിംബിച്ചു കാണായ്പോയമ മാനുഷാത്മാവിങ്കൽ
നിർമ്മഗ്നമായുള്ള ദിവ്യരശ്മി
(ബാലാമണിയമ്മ — അമ്മ)
ചിൽപ്രകാശത്തിൻ വർണ്ണങ്ങൾ ബിംബിക്കും
ദർപ്പണാംശമേ, സംസൃതിമൂല്യമേ
ദുർന്നിരോധ്യ ബലമാമിതിന്നൊഴു–
ക്കുന്നുമാത്മാവിൽ നിന്നുറന്നോലുമ്പോൾ
നിന്നലിഞ്ഞിടാം നീങ്ങാവരമ്പുകൾ
നിർമ്മലങ്ങളാം ചേറണിച്ചാലുകൾ
(ബാലാമണിയമ്മ — കണ്ണുനീർ കാണുമ്പോൾ)
ധീരസഹസ്രത്തെലീലയാകേഴിച്ച
നീരലർക്കണ്ണിണ തൂകും ബാഷ്പം
ഏതോ വിശിഷ്ടമാം തീർത്ഥനീർ പോലെയി–
പ്പാതകഭീതയെപ്പൂതയാക്കി
(വള്ളത്തോൾ — മഗ്ദലനമറിയം)
തപ്താശ്രുബിന്ദുവിന്നൊപ്പമായ് ജീവിക്കു
ദൃക്തിമിരൗഷധമില്ലതന്നെ
(ഉള്ളൂർ — പിംഗള)
മണ്ണിൽ മങ്ങാതെ മട്ടെന്നുൾ–
കണ്ണിൽക്കാണുന്ന ദൈവമേ,
കണ്ണിൽക്കണ്ണീരൊലിക്കാതെ
നിന്നെക്കാണുന്നതില്ല ഞാൻ
(കെ. കെ. രാജാ — പരേതയായ പത്നി)
മുത്തുകണക്കൊരു നീർക്കണമുട,നെൻ
മിഴിയിലുറന്നു തുടിയ്ക്കുകയായ്
അതിൽ നിഴലിപ്പതു കണ്ടേ, നിരുളി–
ന്നടിയിലൊളിക്കും സൗന്ദര്യം
(ആർ. രാമചന്ദ്രൻ — അതിഥി)
ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ–
തെന്തിനു ജീവിത പലഹാരം
(ഇടശ്ശേരി — അമ്പാടിയിലേക്കു് വീണ്ടും)
ഈയനാദിയാം കണ്ണീർ വീണാർദ്രമാകുംഭൂവിൽ
ജീവിതം വേരോടുന്നു, പൂവുകൾ വിരിയിക്കാൻ
(പി. നാരായണക്കുറുപ്പ് — കൈകസിയുടെ കണ്ണീർ)
പ്രിസം = പ്രകാശരശ്മിയുടെ വിവിധ വർണ്ണങ്ങൾ പ്രകടമാക്കുന്ന ത്രിഭുജക്കണ്ണാടി.
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.