images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
1
തുയിലുണർത്തൽ
വിക്തോർ ഹ്യൂഗൊ (VICTOR HUGO, 1802-1885)

പൊൻപുലരിയിൽ പ്രപഞ്ചമാകെ ഉണരുമ്പോൾ ഉറക്കത്തിലാണ്ട പ്രണയിനിയെ കാമുകൻ തുയിലുണർത്തുന്നു. റൊമാൻറിക് അലൗകികതയുടെ അധിത്യകയിൽ നിന്നുകൊണ്ട് ഈ ഉണർത്തുപാട്ട് പാടുന്ന വിക്തോർ ഹ്യൂഗൊ മനുഷ്യാത്മാവിന്റെ സമസ്തഭാവങ്ങളെയും ഉദ്ഗാനം ചെയ്ത മഹാകവിയാണ്. അദ്ദേഹത്തിന്റെ കാവ്യഗംഗയുടെ പ്രധാന കൈവഴികളിലൊന്ന് സ്വാഭാവികമായും പ്രേമമത്രെ. നേരത്തെ പ്രേമിച്ച അദേൽ ഫുഷെയെ (Adele Foucher) തന്റെ ഇരുപതാം വയസ്സിൽ വിവാഹം കഴിച്ച ഹ്യൂഗൊവിന്റെ പ്രേമജീവിതത്തിന് അതിന്റെതായ കഥയുണ്ട്. നാലു കുട്ടികളുടെ അമ്മയായിക്കഴിഞ്ഞ അദേൽ ഹ്യഗൊവിന്റെ സുഹൃത്തും സാഹിത്യനിരൂപകനുമായ സേംത് ബേവുമായി (Sainte Beuve) അടുപ്പത്തിലായി. ഹ്യൂഗൊവിന്റെ വേദനിക്കുന്ന ഹൃദയം ആശ്വാസം കൊണ്ടത് നാടകനടി ഴുലിയേത്തിനെ (Juliette) - പുതിയ പ്രേമഭാജനമായി സ്വീകരിച്ചുകൊണ്ടാണ്. എന്നാൽ അദേൽ ഭാര്യാപദവിയിൽ തുടർന്നു. അദേലിനെ പോലെ ഴുലിയേത്തിനും അദ്ദേഹത്തിന്റെ കവിതകളിൽ സ്ഥാനമുണ്ട്. ഈ കവിതയിലെ പ്രണയിനി, സംശയിക്കേണ്ടതില്ല, അദേൽ തന്നെ. ഴ്യുലിയേത്തുമായി ബന്ധപ്പെട്ട കവിതകൾ അന്യത്ര.

പിറവികൊള്ളുന്നു പുലരിയെങ്കിലും
അടഞ്ഞു കാണ്മു നിന്റെ കവാടമോമലേ [1]
പറയു, മൻമനോരമണി, യെന്തു നീ
മയക്കമാണൊയിമ്മനോജ്ഞവേളയിൽ?
പനിനീർപ്പൊന്മലരുണർന്നിടുന്നൊരി-
ത്തരുണത്തിൽ നീയുമുണർന്നിടേണ്ടയോ? [2]
രമണി, കേട്ടാലും
ഇവിടെക്കണ്ണുനീ-
രണിഞ്ഞു താവക
പ്രണയി പാടുന്നു. [3]
അഖിലവും നിന്റെയനുഗൃഹീതമാം
കതകിതിൽ മുട്ടി വിളിച്ചിടുന്നെടോ.
‘പ്രകാശമാണു ഞാൻ’, പുലരിയോതുന്നു;
‘മധുരഗീതം ഞാൻ, പറവൂ പൈങ്കിളി;
‘പ്രണയം ഞാൻ, മമ ഹൃദയം മന്ത്രിപ്പു;
പ്രണയിനി, വേഗം തുയിലുണരു നീ! [4]
രമണി, കേട്ടാലും,
ഇവിടെക്കണ്ണുനീ-
രണിഞ്ഞു താവക
പ്രണയി പാടുന്നു.
അനഘദേവതേ ഉപാസിപ്പേൻ നിന്നെ; [5]
അരിയ മാനുഷീ പ്രണയിപ്പേൻ, നിന്നെ;
ജഗൽപ്പിതാവെനിയ്ക്കരുളി പൂർണ്ണത
ഭവതിയിലൂടേ, തവാത്മാവിന്നായി-
പ്പണിതെടുത്തു മൽപ്രണയം, മാമക
മിഴിയിണ നിന്റെയഴകിനായിട്ടും. [6]
രമണി, കേട്ടാലും
ഇവിടെക്കണ്ണുനീ-
രണിഞ്ഞു താവക
പ്രണയി പാടുന്നു.

Autre Chanson

കുറിപ്പുകൾ
[1]
സാദരമപ്രേമഗായകനായിനി
വാതിൽ തുറക്കുവെളിച്ചമേ നീ.
(ചങ്ങമ്പുഴ — ഗായകൻ)
[2]
പനിനീരലരേ, പറഞ്ഞുവോ
വിവരം നിന്നൊടു സാന്ധ്യമാരുതൻ?
തവ സൽസഖി നമെ വിട്ടുപോയ്…
(എം. ആർ. നായർ (സഞ്ജയൻ) — തിലോദകം)
Go, lovely Rose…
When I resemble her to thee
How Sweet and flair she seems to be.
(E. Waller — Golovely Rose…)
[3]
ഇരുളിൽ ഞാനെന്റെ മുരളിയുമായ്ക്ക് നി-
ന്നപദാനം പാടിത്തളരുമ്പോൾ.
(ഇടപ്പള്ളി — രാഗാഞ്ജലി)
ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളിൽക്കൂടി-
യൊഴുകുന്നതോമനേ, യീ ഞാനല്ലൊ.
(ഒ. എൻ. വി. — ഞാനെന്ന ഗാനം)
ഇവിടെയിക്കോണിൽ തനിച്ചിരിക്കുന്നു ഞാൻ
അവിടുത്തെയോർത്തു പാടുന്നു.
(സുഗതകുമാരി — വഴിയമ്പലത്തിലെ പാട്ട്)
[4]
ഓടപ്പൊൻകുഴലൂതു-
ന്നോമനയൊന്നുണരാവൂ.
(വൈലോപ്പിള്ളി — തുയിലുണർത്തൽ)
മതിയുറക്കം വെളുത്തുന്നേരം
മറയുമിപ്പോൾ മധുരസ്വപ്നം
മിഴി തുറക്കൂ, കരയുവാനാ
മിഴി തുറക്കൂ, തുറക്കു ദേവീ!
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
ഉണരാൻ നേരം വൈകി നിഴൽ കൺകളിലേറി-
ത്തുയിലാണ്ടൊരെൻ തോഴി, കൺതുറക്കുക ദേവീ!
ഉണരൂ വസന്തത്തിൻ സൗഹൃദങ്ങളിൽ നിന്നു
വിരിയും മലരിന്റെ മന്ദഹാസവും പേറി
ഉണരൂ ഭയം ചിന്നുമിരുളിന്നഴലേകും
തിരിനാളമാം ദിവ്യരാഗഭാവനയായി.
ഇന്നു ഞാനിതാ വീണ്ടും വന്നിരിക്കുന്നു നിന്റെ
കൺമുനകളെത്തൊടാൻ കണ്ണീരിന്റെ കഥപാടാൻ.
(ചെറിയാൻ കെ. ചെറിയാൻ — ഉറങ്ങുന്ന ദേവത)
Wake now, my love, awake; for it is time;
The rosy morn long since left Tithon’s bed…
… … …
Hark how the cheerful birds do chant their lays
And carol of love’s praise.
(Edmund Spenser — Epithalamium)
[5]
നിന്നിലൂടീക്ഷിപ്പു ഞാൻ സ്ത്രീത്വത്തിൻ മാഹാത്മ്യത്തെ
നിന്നിലുടാരാധിപ്പു ശക്തിയെസ്സഹർഷം ഞാൻ.
(ചങ്ങമ്പുഴ — ഗൃഹലക്ഷ്മി)
ഇന്നുമെന്നാത്മാവിന്റെ ദേവതേ!
(സുഗതകുമാരി — ജന്മാന്തരങ്ങളിലൂടെ)
A perfect woman nobly plann’d
To Warm, to comfort, and command,
And yet a Spirit still, and bright
With something of an angel-light.
(Wordsworth — She was a Phantom of Delight)
[6]
Mine eye and heart are at a mortal war
How to divide the conquest of they sight…
… … …
…mine eye’s due is thine outward part
And my heart’s right thine inward love of heart.
(Shakespeare — Sonnets)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.