images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
16
ഇനിയും ചുംബിക്കൂ
ലൂയിസ് ലബെ (LOUISE LABE, 1525-1566)

ചുംബനം-അധരങ്ങളിലൂടെ ആത്മാവിനെ ആത്മാവിലേക്കു പകരുന്ന പാവനപ്രക്രിയ! അനുഭവൈകവേദ്യമാണതിന്റെ നിർവൃതി. ഈ നിർവൃതിക്കായി തന്നെ തുടരെത്തുടരെ ചുംബിക്കാൻ നായിക പ്രേയാനോടർത്ഥിക്കുന്നു. നല്ല പശിമയുള്ള പ്രണയഗീതങ്ങളിലൂടെ ഇന്നും ഓർമ്മിക്കപ്പെടുന്ന കവയിത്രി ലൂയീസ് ലബെ ഇവിടെ ചുംബനത്തിനു് ഒരു കൊച്ചു ഭാഷ്യം ചമച്ചിരിക്കുന്നു: പ്രേമതരളിതമായ ചേതനയുടെ വെളിയിലേക്കുള്ള തുളുമ്പലാണു് ചുംബനം. ഈ തുളുമ്പലില്ലെങ്കിൽ ജീവിതത്തിന് സംതൃപ്തി എന്നൊന്നില്ല.

ഇനിയും ചുംബിക്കൂ. തുടരെച്ചുംബിക്കൂ,
വിടാതെ നീയെന്നെ പ്പൊതിരെച്ചുംബിക്കൂ, [1]
ഇനി നിൻ ചുംബനനികരത്തിലേറ്റം
ഇനിമയാർന്നതൊന്നെനിക്കു തന്നാലും.
ഇനി നിൻ ചുംബനനികരത്തിലേറ്റം
പ്രണയമൂറുമൊന്നെനിക്കു തന്നാലും.
പകരം നല്കും നാലിരട്ടി ഞാൻ നിന- [2]
ക്കെരികനലുപോലെഴുമെൻ ചുംബനം. [3]
ഇതെന്തു! നിൻ മാന്ദ്യമിതിനെ ഞാൻ മാറ്റും [4]
ഇതരമാം പത്തു മധുരമുത്തത്താൽ,
രുചിര ചുംബനം പരസ്പരമേകി
പ്രഹൃഷ്ടരായ് സ്വൈരം നമുക്കു വാണിടാം, [5]
ഒരാളുമറ്റാളിൽ ലയിച്ചിരുവരു-
മിയലും താൻ താനായിരട്ട ജീവിതം. [6]
വിലക്കുകൾ വാഴ്കേ വിപന്ന ഞാൻ വാഴ്‌വിൽ, [7]
അറിയുന്നില്ല ഞാനണുവും സംതൃപ്തി
തരളിതമാകുമളവിലെന്നുള്ളം
വെളിയിലേക്കൊന്നു തുളുമ്പുന്നില്ലെങ്കിൽ!

Baise M’encor, Rebaise-Moi Et Baise

കുറിപ്പുകൾ
[1]
മുകരുകെന്നെ മുകരുകെന്നുള്ളിൽ നി-
ന്നകലുവോളം തമോഭരം മേദുരം.
(ജി. — കാട്ടുമുല്ല)
എൻകവിൾത്തട്ടിൽനിന്നിത്രവേഗം
ചുണ്ടെടുക്കായ്ക നീയോമലാളേ.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
അവസരം മറ്റില്ലിനിയിച്ചുംബന-
ശതമന്യോന്യം നാം പകരുവാൻ.
(ഇടപ്പള്ളി — കരയല്ലേ)
എന്നെ നീ വാരിക്കോരിപ്പുണരൂ ഞാനും നീയും
ഒന്നായിട്ടുണരുമീ ദിവ്യമാം നിമിഷത്തിൽ
(മേലത്ത് ചന്ദ്രശേഖരൻ — നക്ഷത്രങ്ങൾ കൊഴിയുംവരെ)
ആരക്ത സുന്ദരം നിന്മുഖം ചുംബിച്ചൊ-
രാരാമമാക്കട്ടെ ഞാൻ.
(പഴവിള രമേശൻ — രതിനിർവേദം)
തുടരെത്തുടരെ ഞാൻ നിൻചുണ്ടിൽനിന്നും നൂറു-
ചുടുചുംബനത്തിന്റെ പൂവുകളറുത്തിട്ടും…
(പുതുശ്ശേരി രാമചന്ദ്രൻ — ജീവിതം എന്റെ നിത്യകാമുകി)
Farewell, farewell, one kiss,
And I will descend.
(Shakespeare — Romeo and Juliet)
O lift me from the grass!
I die, I faint, I fail!
Let thy love in kisses rain
On my lips and eye-lids pale.
My cheek is cold and white alas!
My heart beats loud and fast;
it close to thine again
Where it will break at last!
(Shelley — Lines to an Indian Air)
[2]
പനിനീർപ്പുവൊന്നിന്നു നീയെനിക്കേകാമെങ്കിൽ
പകരം നിനക്കു ഞാൻ തന്നിടാമൊരുകൂട്ടം.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
[3]
കാമുകൻ കാമുകിക്കു നല്കുന്ന തിളയ്ക്കുന്ന ആദ്യചുംബനം…
(സച്ചിദാനന്ദൻ — പ്രണയബുദ്ധൻ)
കത്തുന്ന ചുംബനംകൊണ്ടു നീ പണ്ടെന്റെ
കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും…
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
[4]
ചുംബിച്ചു തളർന്ന കാമുകന്നു പ്രതിചുംബനങ്ങൾകൊണ്ടു
നവോന്മേഷം നല്കും.
ഉടനുടൻ മുകർന്നിളം കവിൾത്തടം
തുടുതുടെയാക്കിപ്പുണർന്നുണർത്തുവാൻ.
(ജി. — പിന്നത്തെ വസന്തം)
[5]
നവ നവ മൃദു ചുംബനങ്ങളേകി-
ക്കവന വിലാസിനി നീയടുത്തു നില്ക്കേ
ഇവനെഴുമനവദ്യ നിർവൃതിക്കി-
ല്ലവധി, യതാണിവനേക ഭാഗ്യമാര്യേ
(ചങ്ങമ്പുഴ — നക്ഷത്രം.)
നിന്മുഖമുയർത്തി ഞാൻ ചുംബനം ചെയ്കേ ധന്യ-
മെന്റെ ഭാവന ചിറകാർന്നു വിണ്ണിലേക്കെത്തി
ചണ്ഡവേഗമാർന്നുയരുന്നു. സത്യലോകത്തിൻ
മണ്ഡലങ്ങളിലഭിഷേക പൂജകൾ ചെയ്യാൻ
(വിഷ്ണുനാരായണൻ നമ്പൂതിരി — പുളകം.)
കാലം മുഴുവൻ ഒരൊറ്റ നിമിഷത്തിലേയ്ക്കു ചുരുങ്ങി
ഇരുളിൽ നമ്മുടെ ചുംബനം ഇടിമിന്നൽപോലെ തിളങ്ങി
ആ ഗുഹ ബോധിയായി
എനിക്കു പ്രണയത്തിന്റെ വെളിപാടുണ്ടായി.
(സച്ചിദാനന്ദൻ — പ്രണയബുദ്ധൻ)
മന്ത്രണമായ് കുറുമൊഴിയായ് പരിമളമായ് മൃദുഹസന
സ്പന്ദനമായ് വെഞ്ചാമര ധവളിമയായ് വന്നു നീ.
നീയെന്റെ വികാരങ്ങളിലുമ്മകളാലുണ്മകളിൽ
ജീവന്റെ മഹാരഹസ്യപ്പൊരുളു തുറന്നറിയിച്ചു.
(ചെറിയാൻ കെ. ചെറിയാൻ — നീ)
[6]
നിൻ വലംകൈ മുകർന്നോതീ:
നിന്നിൽ ജീവിച്ചിരിപ്പു ഞാൻ,
കണ്ണിൽ ബിംബങ്ങളന്യോന്യം
കണ്ണിറുക്കിച്ചിരിക്കവേ.
(വിഷ്ണുനാരായണൻ നമ്പൂതിരി — ദുഷ്യന്തൻ)
Either was the other’s mine.
(Shakespeare — The Phoenix and the Turtle.)
ഉടലുകൾ തന്നകലംപോലു-
മലിഞ്ഞൊന്നായിച്ചേർന്നു…
അകലത്തുമടുത്തും
നീ ഞാനല്ലേ
മായക്കണ്ണാ
(പ്രമീളാദേവി — ദിനസരി)
[7]
പ്രതിനിമിഷം നിറഞ്ഞു തുളുമ്പിടും
പ്രണയ മാധ്വീ ലഹരിയിൽ ലീനനായ്
(ഇടപ്പള്ളി — മണിനാദം)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.