images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
32
നാണംകുണുങ്ങി
പിയേർ ദ് റോംസാർ (PIERRE DE RONSARD, 1524-1585)

ദേവാലയത്തിൽ ഭക്തിപരവശമാകുന്ന മനസ്സ് കിടപ്പറയിൽ രതിഭാവങ്ങളിൽ നീന്തിത്തുടിക്കുന്നതിൽ പൊരുത്തക്കേടെന്തിരിക്കുന്നു? ഒന്നുമില്ല. ഭക്തിഭാവം പോലെതന്നെ രതിഭാവവും വിശുദ്ധി ആവഹിക്കുന്നു. “ബ്രഹ്മവിദ്യയും കാമ ശാസ്ത്രവുമൊരുപോലെ ധർമ്മശാഖ” [1]-ഇതത്രെ ഈ റോംസാർ കവിതയുടെ സന്ദേശം.

പള്ളി തന്നുള്ളിൽ നാം ഭക്തിയിൽ മുട്ടൂന്നി
പ്രാർത്ഥിച്ചിടുന്നു പുരാനെ. [2]
നാമതി മാത്രമനുദ്ധതരായവ-
ന്നർപ്പിച്ചിടുന്നു നുതികൾ.
എന്നാൽ കിടപ്പറയ്ക്കുള്ളിൽ പരസ്പരം
കെട്ടിപ്പുണർന്നമരുമ്പോൾ
നാം മുഴുകീടുന്നു സാവേശം മന്മഥ-
ലീലയിൽ നിർബാധമായി.
കാമുകീകാമുകർ നാം നർമ്മചേഷ്ടകൾ
നൂറെണ്ണമങ്ങു കാണിപ്പു. [3]
നിൻ കുനു കുന്തളമൊന്നു തലോടുവാൻ
നിൻ ചാരുവക്ത്രം മുകരാൻ
നിൻ മഞ്ജു മാറിടമൊന്നു തഴുകുവാൻ
ഞാൻ തുനിഞ്ഞീടുമളവിൽ
നാണം കുണുങ്ങുന്നതെന്തിനു നീയൊരു
കന്യാമഠപ്പെണ്ണിനെപ്പോൽ! [4]
നിൻ നീല നേത്രങ്ങൾ നിൻ സ്വാദുമാറിടം
നിന്നഭിരൂപ നിടിലം
നിൻ മധുരാധരമൊക്കെയുംതന്നെ നീ
സൂക്ഷിച്ചു വെച്ചിടുന്നാർക്കായ്? [5]
തൻ കൊച്ചുതോണിയിൽ നിന്നെ ‘ഷറോ’ നിങ്ങു [6]
കൊണ്ടുപോയെന്നു വരുമ്പോൾ
‘പ്ലൂട്ടോ’ വെപ്പുല്കുന്നതിന്നു നീയുള്ളാലെ
പൂതി കൊണ്ടീടുവതുണ്ടോ? [7]
അന്ത്യമായ് നീ മൺമറഞ്ഞാകിൽ ജീർണ്ണമാം
നിൻ സുന്ദരാനനം താനും.
ഞാനുമദ്ദിക്കണഞ്ഞീടവേ കങ്കാള-
രൂപിണി നിന്നെക്കുറിച്ചു
‘എൻ പൂർവ്വ കാമിനി’ യെന്നു ഞാനോതു കി-
ല്ലന്യ പരേതരോടായി.
ഇമ്മലർ മേനിയുണ്ടാവില്ല വായ്ക്കുഴി
ക്കുള്ളിലായ് പല്ലുകൾ കാണും,
പ്രേതപ്പറമ്പിൽ തലയോട്ടി തന്നുള്ളിൽ
കാണുന്ന പല്ലുകൾ പോലേ.
ആകയാലിജജീവൽക്കാലത്തു തന്നെ നീ
ജീവിതവീക്ഷണം മാറ്റൂ. [8]
നീ നിഷേധിക്കായ്കെനിക്കു നിൻ ചുണ്ടിണ
മന്മനോമോഹിനിയാളേ
കാരുണ്യമെന്നോടു കാട്ടാഞ്ഞതോർത്തു നീ
ഖേദിക്കും നിന്നന്ത്യനാളിൽ.
ഹാ മരിക്കുന്നു ഞാ, നെന്നെയെന്നോമലേ
മൂടു നീ മുത്തങ്ങളാലേ [9]
വന്നണഞ്ഞീടുക വന്നണഞ്ഞീടുകെൻ-
സന്നിധിയിങ്കൽ നീ വേഗം.
വിഹ്വലയാം മയിൽപ്പേട കണക്കു നീ
വിട്ടകന്നീടുകയാണോ?
നിൻ മാറിടത്തിലെൻ കൈ പതിഞ്ഞീടുന്ന-
തെങ്കിലുമൊന്നു പൊറുക്കൂ,
ഒട്ടു നീങ്ങട്ടതു കീഴോട്ടുമായ് നിന-
ക്കിഷ്ടമാണെന്നു വരികിൽ! [10]

Quand Au Temple Nous Serons… മരിച്ചു ഞാനമ്മേ, കുഴി രണ്ടുപേർക്കു കഴിയാൻ പാകത്തിൽ കുഴിക്കുകവേണം. അതുമാത്രമല്ല, പിറക്കുവാൻ പോകുന്നൊരു കുഞ്ഞിന്നുമങ്ങിടമുണ്ടാകണം. —ഫ്രഞ്ച് നാടോടിപ്പാട്ട്

കുറിപ്പുകൾ
[1]
ബാലാമണിയമ്മ-വിശ്വാമിത്രൻ
[2]
പുരാൻ = ഈശ്വരൻ
[3]
അങ്ങിനെ ചെയ്യുംകാലം ഭൂപാലനൊരുദിനം
അംഗനാരത്നമായ ദേവയാനിയും താനും…
മദിരാപാനം ചെയ്തുമധരപാനം ചെയ്തും
മദനൻ തെരുതെരെ വലിച്ചു കൂരമ്പെയ്തും
മനസി മദം കലർന്നോരനുരാഗം പെയ്തും
കനിവിനൊടു ഗാഢം വാർകൊങ്ക തഴുകിയും
ആനന്ദാമൃതവാരി രാശിയിൽ മുഴുകിയും…
ചേതസ്സു കനിഞ്ഞുടൽ പുല്കിയും പലതരം
വേധസ്സിൻ വിനോദങ്ങളെത്രയും ചിത്രം ചിത്രം!
(എഴുത്തച്ഛൻ — ശ്രീമഹാഭാരതം)
പരിമളമിളകിന മലയജമൊഴുകും
പരഭൃതമൊഴിയുടെ കുചഭരയുഗളം
പരിചൊടു തിരുമാർവ്വിടമിട ചേർത്തഥ
പരമസുഖേന പുണർന്നീടുന്നു.
(കുഞ്ചൻ നമ്പ്യാർ — രാമാനുചരിത്രം)
പകുതിരാവായെന്നുടലിന്മേലേറി
വലം വശത്തു നീ പതുക്കെയുർന്നതും
തടവിയെൻ നെറ്റി തഴുകിയെൻ മാറിൽ
ഉരുമ്മിയെൻ നേർക്കു ചെരിഞ്ഞു ഞാനുമൊ-
ട്ടുണർന്നുണർന്നില്ലാപ്പരുവത്തിൽ എന്തെ-
ന്നറിയാതങ്ങനെയറിയാതെ, പക്ഷെ
എവിടെയോ പൊട്ടി വിടർന്നതും പിന്നെ-
യറിയാതോർക്കാതെ യിടംവലം മാറി-
ക്കിടന്നതും കീഴ്മേൽ മറിഞ്ഞതും നേരിൽ
പ്പുതുമണം പാറുമിരവിൽ ആരാരെ-
ന്നറിയാതെ തമ്മിൽപ്പുണർന്നതും ഉള്ളിൽ
പുളകം പൂണ്ടു ഞാൻ മയങ്ങി നിൻമാറി–
ലമർന്നതും വീണ്ടുമഗാധ നിദ്രയിൽ…
(അയ്യപ്പപ്പണിക്കർ — വെറും പുരുഷനല്ലി നീ?)
നിനക്ക് പാനം ചെയ്തുവാനായ്
എന്റെ അധരങ്ങളും
ശയിക്കുവാനായ് എന്റെ മടിത്തട്ടും.
(റോസ് മേരി — ക്ഷത്രപതിയോട്)
ആടിയമ്പിളികചഗ്രഹേ, നഖ-
പ്പാടിയന്നിതു മുറിഞ്ഞു മേഖല
തേടി മത്സര, മിവണ്ണമൊട്ടു കൂ-
ത്താടിയുൾക്കൊതി വിടാതെ താൻ മൃഡൻ.
(കാളിദാസൻ — കുമാരസംഭവം (തർജ്ജമ: കുണ്ടുർ))
[4]
ചുംബനങ്ങളാൽപ്പേർത്തുമിച്ചെന്തളിർ-
ച്ചുണ്ടു രണ്ടും ചുവപ്പിച്ചിടട്ടെയോ?
കോമളാശ്ശേഷധാരയിൽ നിന്നെ ഞാൻ
രോമഹർഷത്തിൽ നീന്തിച്ചിടട്ടെയോ?
ചൊല്കയോമൽ പ്രിയേ നിൻ കുളിരുടൽ
പുല്കി ഞാനൊരു ഗാനമാകട്ടെയോ?
അന്യനാണോ വരാംഗിഞാ, നേവമെൻ
മുന്നിൽ നിന്നിത്ര നാണം കുണുങ്ങുവാൻ?
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
[5]
ആകൃതികണ്ടാലതിരംഭേയം
ആരാലിവൾ തന്നധരം പേയം?
(ഉണ്ണായിവാരിയർ — നളചരിത്രം ആട്ടക്കഥ)
[6]
ഷറോൻ (Charon) = ഗ്രീക്ക് പുരാണത്തിൽ, മരിച്ചവരുടെ ആത്മാക്കളെ നരകത്തിലേക്കു കടത്തുന്ന തോണിക്കാരൻ.
[7]
പ്ലൂട്ടോ (Pluto) = റോമൻ പുരാണത്തിൽ, നരകരാജാവ്
[8]
ദേഹമോ ചെറുതിടയ്ക്കു ദേഹിതൻ
ഗേഹമായുടയുമസ്ഥികൂടമേ!
സ്നേഹ മോഹന മരാളമൊന്നുതാൻ
വാഹനം തവ ഭവാബ്ധി താണ്ടുവാൻ.
(യൂസഫലി കേച്ചേരി — കുസുമദർശനം)
[9]
വരൂ വരൂ നാഥേ വിവശൻ ഞാനയ്യോ
മരണത്തിങ്കലേക്കണയുന്നു,
വിറകൊള്ളുന്നൊരെന്നധരങ്ങളിലും
വിളറും കൺപോളകളിലുമായ്
മൃദുലചുംബന മധുരമാരിയായ്
സദയം വർഷിക്കൂ തവരാഗം.
(ചങ്ങമ്പുഴ — രാഗലഹരി)
What is love? It is not hereafter,
Present mirth has present laughter,
What’s to come is still unsure;
In delay there lies no plenty-
Then come kiss me, Sweet-and-twenty,
Youth’s a stuff will not endure.
(Shakespeare — Carpe Diam)
[10]
അക്കിശോരശശിശേഖരൻ കരം
പൊക്കിൾ ചേർക്കെയുടലും വിറച്ചവൾ
നീക്കിയാലുമഥ കുത്തഴിഞ്ഞുപോയ്
നേർക്കിയന്നൊരണി നീവിതാൻ സ്വയം.
(കാളിദാസൻ — കുമാരസംഭവം (തർജ്ജമ: കുണ്ടുർ))
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.