images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
47
വൃദ്ധകാമുകി
ഫ്രാംസ്വാ മെയ്നാർ (FRANCOIS MAYNARD, 1582-1646)

പൂവണിയാത്ത പഴകിയ പ്രണയം എന്നത്തേയും പ്രശ്നമാണ്. പഴംപ്രേമത്തിന്റെ ചുരുളഴിക്കുന്ന ഫ്രാംസ്വാ മെയ്നാറിന്റെ ഈ കവിതയ്ക്ക് ഫ്രഞ്ച് പ്രണയകവിതകളിൽ പ്രത്യേകസ്ഥാനമുണ്ട്-ഫെലിക്സ് അർവേറിന്റെ ‘ആത്മരഹസ്യം’ പോലെ (ഫ്രഞ്ച് കവിതകൾ ഒന്നാം ഭാഗം). ഫ്രഞ്ച് സാഹിത്യ അക്കാദമിയുടെ സ്ഥാപകമെമ്പറും നയതന്ത്രോദ്യോഗസ്ഥനുമായിരുന്ന മെയ്നാർ പ്രണയ കവിതകൾക്കു പുറമെ മതവിഷയകമായ കവിതകളുമെഴുതിയിട്ടുണ്ട്.

നെടിയ കാലമായ് ഞാനർച്ച ചെയ്തിടും
ഹൃദയ നായികേ, നീ കനിഞ്ഞീടില്ലേ
വിരസമാംവിധം നീങ്ങുമെൻ വാഴ്‌വിനെ-
പ്പുതു വഴിയൊന്നിലൂടവേ നീക്കുവാൻ?
ഒടുവിലുള്ളിശ്ശിശിരങ്ങൾക്കായ്ച്ചില
സുഖദ സുന്ദര നാളുകൾ നല്കുവാൻ? [1]
അറിയുമെല്ലാ ചരാചരങ്ങൾക്കുമെൻ
പ്രണയഭാജനം നീ മാത്രമെന്നയേ.
തവ വിരക്തി വെടിഞ്ഞിടാതിങ്ങിനെ
തടഞ്ഞിടായ്കെന്റെ നിർവൃതി പ്രാപ്തിയെ.
സതതം മൂടുപടത്തിനുമുള്ളിലായ്
മരുവിടേണ്ടതോ മുഗ്ദ്ധമാം നിൻമുഖം?
കദന പൂർണ്ണ നിശീഥത്തിൽനിന്നു നീ
വെളിവിലിന്നിയും വൈകാതെ വന്നിടൂ.
മഹിത രാഗാഗ്നിയെന്നിൽക്കൊളുത്തിയ
തവ നയനങ്ങൾ തൻ ദിവ്യ ദീപ്തിയിൽ
മുഴുകി വാഴുന്നതിന്നിനിയെങ്കിലും
അനുമതിയെനിയ്ക്കേകുകയില്ലയോ?
സദയമോർത്താലും, ഇന്നല്ല നീയെന്റെ
ഹൃദയ സാമ്രാജ്യറാണിയായ്ത്തീർന്നതു.
പറകിൽ, നാലു പതിറ്റാണ്ടുകാലത്തിൻ
പഴമയുണ്ടെന്നടിയറവിന്നെടോ? [2]
ഇതിനിടയിൽ നിൻ ചെമ്പൊൻ പുരികുഴൽ
പടുനരതൻ പിടിയിലമർന്നുതേ.
ഇതിലെനിക്കെന്തു! പ്രേമിപ്പു നിന്നെ ഞാൻ [3]
നിയതഭാവത്തിലിന്നുമന്നെന്നപോൽ. [4]
ഇളവയസ്സിലേ നിൻ നീല നേത്രങ്ങൾ
ഒരു നവാവേശമെന്നിലുൾച്ചേർത്തുതേ.
ഇളവയസ്സിലേ തൽക്കമനീയത [5]
അടിപെടുത്തിയെന്നന്തരംഗത്തിനെ.
പരിണയേച്ഛതൻ തീപ്പന്തം നിന്നിലാ-
യെരിഞ്ഞിടുന്നതു കാണുവാൻ കാത്തല്ലോ
നെറിയെഴും നിൻ നിലപാടുമാനിച്ചു
മറവിൽ നിന്നതു മൽപ്രേമമിത്രനാൾ.
പരിഭവം, പരമാദരമർഹിയ്ക്കും
ഭവതിയോടെനിയ്ക്കിന്നോളം തോന്നീലാ.
ചില പൊഴുതു ഞാൻ വിശ്വസ്ത തോഴരോ-
ടരുളിനേനെന്റെ നൊമ്പരമെങ്കിലും
അവരിലാരുമിന്നോളവുമന്യമാ-
മൊരു ചെവിയിലുമെത്തിച്ചിട്ടില്ലിതു.
പെരികെ നോവുമെൻ ഹൃത്തിന്നൊരിത്തിരി
പ്പൊറുതി കിട്ടുവാൻ വേണ്ടിപ്പലപ്പൊഴും
മൊഴിയുമെൻ കഥയിപ്പാറക്കെട്ടിനോ-
ടൊഴുകിവീഴും മിഴിനീർ തുടച്ചു ഞാൻ.
നിബിഡ മാമരച്ചാർത്തിന്റെ പന്തലിൽ
പകലുമാരമ്യരാവു പണിഞ്ഞിടും
പഴയ കാട്ടിനോടെൻപ്രേമ പ്രശ്നത്തിൻ
ചുരുളഴിച്ചു ഞാൻ പോംവഴി തേടിടും.
പ്രണയവും പരിതാപവും തിങ്ങുന്ന
മനവുമായി ഞാനിറ്റലിത്തീരത്തിൽ [6]
മധുര നാരകച്ചോട്ടിലായ്പ്പൂക്കൾമേൽ
കിടന്നു കാട്ടിയെന്നുൾക്ഷതമാഴിയെ. [7]
കടലലകൾ നിൻ നാമം വിദൂരമാ-
റ്റൊലികളോടു പറഞ്ഞു ഞാൻ ചൊല്കയാൽ.
അവിടെയബ്ഭൂതകാലാവശിഷ്ടങ്ങൾ- [8]
ക്കിടയിലായിപ്പുരാതന റോമിനെ
തിരയുകയല്ല ചെയ്തതു ഞാൻ, പിന്നെയോ
കരളിനുള്ളിൽ നിൻകോമള വിഗ്രഹം
കുടിയിരുത്തീട്ടു പൂജിച്ചുപോന്നുതേ.
വരുണനുൾപ്പെടെ സ്സർവർക്കും വന്ദ്യയാ [9]
പ്രഥിത വാഹിനിയിസ്സത്യമോരുമേ. [10]
… … …
വിരതിയില്ലാതണഞ്ഞിടും വർഷങ്ങൾ-
ക്കടിപണിഞ്ഞു കഴിഞ്ഞിടുന്നിങ്ങു ഞാൻ. [11]
നര കയറി വെളുത്തതാമെൻ ശിര-
സ്സുരുളുന്നെന്നോടു നേരൊന്നു നിത്യവും:
‘മനുജരോടും മറ്റെല്ലാറ്റിനോടുമേ
വിട പറയേണ്ട നാളടുത്തീടുന്നു.’
കുറയുകയാണു ചോരയ്ക്കു ചൂടെന്റെ
തനുബലവും കുറഞ്ഞു വരികയാം. [12]
നിഭൃതമിപ്രേമമെന്നിലില്ലെങ്കിലോ
നിഹിതമായേനെ മാമക പ്രാണാഗ്നി!

La Belle Vieille

കുറിപ്പുകൾ
[1]
ജീവിതത്തിൽ ഇതേവരെ ശിശിരങ്ങളേ ഉണ്ടായിട്ടുള്ളുവെന്നു വ്യംഗ്യം.
[2]
അടിയറവ് = കീഴടങ്ങൽ
[3]
…വില കൂടും
വാർദ്ധകത്തൂവെള്ളിയ്ക്കു യൗവനത്തങ്കത്തേക്കാൾ.
(വള്ളത്തോൾ — യുവഭിക്ഷ)
വെൺനര കലർന്നവളല്ല, നീയെൻകണ്ണിനു
‘കണ്വമാമുനിയുടെ കന്യ’യാ മാരോമലാൾ.
(വൈലോപ്പിള്ളി — ഊഞ്ഞാലിൽ)
പല്ലു കൊഴിഞ്ഞൊരാത്തുവായ്മലരണി-
ച്ചില്ലൊളിപ്പുഞ്ചിരിത്തൂനിലാവിൽ
ഉത്തമ പ്രേമാനുഭൂതികൾ മേളിച്ചു
മത്തടിക്കുന്നിതെൻ ചിത്തമിന്നും.
(ചങ്ങമ്പുഴ — ആശ്രമ മൃഗം)
ചുറ്റും ചിതറുന്ന പുഞ്ചിരി അങ്ങിങ്ങു
പറ്റി നില്പപൂ നരയായ് നിന്റെ കൂന്തലിൽ.
(വിഷ്ണുനാരായണൻ നമ്പൂതിരി — അതിർത്തിയിൽ)
രജതമൂറുന്നു കൂന്തലിൽ, കണ്ണിൻ
തടമിരുണ്ട കയം, ബാക്കിയിന്നീ
കവിതമാത്രം, കരളിലെച്ചോപ്പും
കനലുപോലെയുറങ്ങിക്കിടപ്പു.
(ദേവി — വെറുമൊരു പ്രേമഗാനം)
… മനുജ പൈതൃകം! സായാഹ്ന യാത്രയിൽ
നരയിലാരോ തിരച്ചിലാണിപ്പൊഴും
പഴയ പൂവാങ്കുരുന്നിലക്കാടുകൾ.
(വിജയലക്ഷ്മി — കർക്കടകം)
പണ്ടത്തെ ധീരയാം പ്രൗഢയല്ലിന്നെന്റെ
മുന്നിലിരിക്കും കൃശാംഗിയോർമ്മിപ്പു ഞാൻ,
പുഞ്ചിരിക്കില്ലൊരു മാറ്റവുമായതു
നെഞ്ചകം ചഞ്ചലിപ്പിക്കയാണിപ്പൊഴും.
(പെരുന്ന കെ. എൻ. നായർ — വീണ്ടുമൊരിക്കൽ)
To me fair Friend, you never can be old
For as you were when first your eye I eyed
Such seems your beauty still…
(Shakespeare — The Unchallengeable)
Thy silver locks once auburn bright
Are still more lovely in my sight
Than golden beams of orient light, My Mary!
(William Cowper — To Mary Unknown)
But true love is a durable fire
In the mind ever burning
Never sick, never old, never dead,
From itself never turning.
(Sir Walter Raleigh — As you came from the Holy Land)
[4]
ഗുണഗണ മിണങ്ങുമപ്പൂമേനിയല്ലതിൻ
പ്രണയസുധമാത്രമാണാശിപ്പതോമനേ.
(ഇടപ്പള്ളി — രാഗിണി)
But now your brow is bald, John,
Your locks are like the Snow;
But blessings on your frosty pow,
John Anderson, my jo.
(R. Burns — John Anderson)
[5]
തൽക്കമനീയത = അവയുടെ (കണ്ണുകളുടെ) ആകർഷണം
[6]
ഇറ്റലിത്തീരത്തിൽ = കവി റോമിൽ ഫ്രഞ്ച് എംബസ്സി സിക്രട്ടറിയായിരുന്നു.
[7]
ഉൾക്ഷത്രം = ഹൃദയത്തിന്റെ മുറിവ്
[8]
ഭൂതകാലാവശിഷ്ടങ്ങൾ = റോമിലെ പുരാവസ്തുക്കൾ
[9]
വരുണൻ-റോമൻ പുരാണത്തിൽ സമുദ്രങ്ങളുടെ അധിദേവനായ Neptune
[10]
റോമിനെത്തഴുകിപ്പോകുന്ന ടൈബർ നദി
[11]
ഇരുന്നു നരച്ചോട്ടെ മാമക പ്രണയമീ
യിരുളിൽ, മൂകത്വത്തിൻ ഞെരുങ്ങുമറയിങ്കൽ.
(പി. കുഞ്ഞിരാമൻ നായർ — പ്രേമഗീതി)
[12]
ഇനിയില്ലൊരാജ്ഞ, യി
സ്നേഹത്തിനുത്തരം
തരിക നീ, വരിക നീ മൂന്നിൽ
… … …
ഇനിയില്ല സമയ, മെൻ
പകലസ്തമിക്കുന്നു,
ഇനിയെനിക്കില്ലൊരു രാവും.
(കരൂർ ശശി — ലയം)
നാഡി നിർവികാരകമായി, സാഹസം പാടും
നാവിനിന്നലസതയായി നീയറിഞ്ഞീലേ?
(സുഗതകുമാരി — അത്രമേൽ സ്നേഹിക്കയാൽ)
അധികമില്ലിനി, സ്സമയമാവുന്നു
അതിഥിമന്ദിരമടച്ചുപൂട്ടുവാൻ.
നെരിപ്പിലെക്കനൽ തണുത്തു മങ്ങുന്നു…
(വിജയലക്ഷ്മി — വിശ്രമാലയം)
ഇവിടെ നമ്മൾക്കു തങ്ങുവാനില്ലേറെ-
സ്സമയം, ഇപ്പോൾ തിരിച്ചുപോകേണ്ടയോ?
(പ്രഭാവർമ്മ — ഊഞ്ഞാൽ)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.