images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
46
വിദൂരപ്രേമം
ഴൊഫ്രെ റ്യുദേൽ (JAUFRE RUDEL, 1125-1148)

അങ്ങു കണ്ണെത്താത്ത നാട്ടിൽ ഒരു കാമുകി. ഇങ്ങു് ഒരു കാമുകഹൃദയം അവൾക്കായി തുടിക്കുന്നു. ഇരുവരും തമ്മിൽ കാണാത്തവർ. (നള-ദമയന്തിമാരെ ഓർക്കുക). ഈ വിദൂര പ്രേമത്തിന്റെ വിഹ്വലതകളാണു് ഴൊഫ്രെ റ്യുദേലിന്റെ വരികളിൽ വീർപ്പിടുന്നത്. കാമുകൻ കവി താൻതന്നെ. കുരിശുയുദ്ധകാലത്തു് ഒരു ഫ്രഞ്ച് നാടുവാഴി ജറുസലമിനടുത്തു സ്ഥാപിച്ച സ്വതന്ത്രരാജ്യമായ ത്രിപ്പോലിയിലെ രാജകുമാരിയിൽ ഫ്രാൻസിലെ മറ്റൊരു യുവ നാടുവാഴിയായ ഴൊഫ്രെ റ്യുദേൽ അനുരക്തനായി. പക്ഷേ, അവളുമായി എങ്ങനെ ബന്ധപ്പെടും? ദൂരം പ്രശ്നമായി. ഒടുവിൽ അദ്ദേഹം കുരിശുസൈന്യത്തിൽ ചേർന്നു. വഴിയിൽ രോഗബാധിതനായി ത്രിപ്പോലിയിലെത്തിയ റ്യുദേൽ കാമുകിയുടെ കൈകളിൽ കിടന്നു മരിച്ചു. രാജകുമാരി പിന്നീടു് കന്യാസ്ത്രീയായി. ഫ്രഞ്ചിൽ ‘വിദൂരപ്രേമ കവിത’യുടെ ഉപജ്ഞാതാവായ റ്യുദേലിന്റെ ഈ നാടകീയ പ്രണയം പല ആധുനിക യൂറോപ്യൻ കവികളും-Uhland, Heine (ജർമ്മനി), Swinburne (ഇംഗ്ലണ്ട്), Carducci (ഇറ്റലി–1906 ലെ നൊബേൽ സമ്മാന ജേതാവ്), Rostand (ഫ്രാൻസ്)-കാവ്യവിഷയമാക്കിയിട്ടുണ്ട്.

നീളമേറും മെയ്മാസ ദിനങ്ങളിൽ [1]
ദൂരവേ നിന്നു നേർത്തുവന്നെത്തിടും
പൈങ്കിളിപ്പാട്ടുണർത്തിടുന്നെന്നക- [2]
ത്തെൻ വിദൂരാനുരാഗ സ്മരണകൾ. [3]
മ്ലാന ചിന്ത മഥിയ്ക്കും മനസ്സൊടെ
നമ്രശീർഷനായ് ഞാൻ നടന്നീടവേ
നീന്തിവന്നിടും സംഗീതമാകട്ടെ
ചന്തമേറിടും സൂനങ്ങളാകട്ടെ
ഇമ്പമേകുന്നതില്ലെനിക്കേതുമേ,
മഞ്ഞുറഞ്ഞ ഹേമന്തം കണക്കിനെ.
സത്യനാഥനായ് വാഴുന്നവനുമാ- [4]
യാത്മബന്ധം പുലർത്തുവോനാമെനി-
ക്കാവുകില്ലയോ കാണാനവനിലു- [5]
ടാ വിദൂരത്തിലുള്ളൊരെന്നോമലെ?
നീളനങ്കിയും ദണ്ഡും ധരിച്ചൊരു
തീർത്ഥചാരിയായങ്ങു ഞാനെത്തുകിൽ
പാർത്തിടാം രമ്യനേത്രങ്ങളാലെയി-
പ്രേമഭിക്ഷുവെയപ്പുണ്യശാലിനി.
ലോകനാഥനനുഗ്രഹിച്ചീടുകിൽ
ദൂരദേശത്തിൽ നിന്നുള്ളതിഥിയായ്
അർഹമാം വിധം സ്വീകാരമേറ്റുഞാൻ
നീതനായിടാം തന്നികേതത്തിലായ്.
ദൂരമൊക്കെയും പെട്ടെന്നകന്നിരു [6]
പേർകൾ ഞങ്ങളഭിമുഖമായിരു-
ന്നോതുകില്ലെത്ര രാഗവചസ്സുകൾ,
ദൂരദേശ വിരുന്നുകാരന്റെ ഹൃ-
ത്തേലുകില്ലെത്ര സാന്ത്വമിസ്സംഗമാൽ!
ഇമ്മുഖാമുഖ ധന്യസമാപ്തിയിൽ
താപ ഹർഷങ്ങൾ താവും കരളുമായ്
ഞാനവളോടു യാത്ര വഴങ്ങിടാം…
പക്ഷെ, യെന്നെനിക്കൊത്തിടുമെന്റെ താ-
മിച്ചിര സ്വപ്ന മുണ്മയായ് മാറ്റുവാൻ? [7]
ഞങ്ങൾതന്നിരു നാട്ടിന്നിടയിലു-
ള്ളന്തരാള മതെത്ര വിശാലമാം!
എത്ര കാതങ്ങൾ കാതങ്ങൾ താണ്ടുവാൻ,
എത്ര മാർഗ്ഗങ്ങൾ മാർഗ്ഗങ്ങൾ പിന്നിടാൻ! [8]
ഇല്ലറിയില്ലെനിക്കവയൊന്നുമേ,
ഈശ്വരേച്ഛയ്ക്കു ഞാൻ വിടുന്നൊക്കെയും.
പാവനാംഗിയെക്കാണാൻ കഴിഞ്ഞിടും
നാൾവരെ ഞാനറിയുകില്ലാനന്ദം.
ഇല്ലരികിലോ, ദൂരെയോ കന്യയൊ-
ന്നെൻ ഹൃദയാധിനാഥയ്ക്കു തുല്യയായ്,
ആഭിജാത്യത്തിൽ ഭാവവിശുദ്ധിയിൽ
ആരുമേയില്ലവളെ വെന്നീടുവാൻ. [9]
ഉണ്മതാനുയിർക്കൊണ്ടുള്ളൊരുൽക്കൃഷ്ട,
മിന്നിടുന്നവള ‘സ്സാർസൻ’ ഭൂമിയിൽ. [10]
ഞാൻ മടിക്കില്ലവൾക്കു വേണ്ടീട്ടൊരു
ബന്ദിയാകാനുമാ രണഭൂമിയിൽ. [11]
രാഗനിർവൃതിയെന്നൊന്നെനിക്കനു-
ഭൂതമാകുന്നു വാഴ്‌വിതിലെങ്കിലോ,
ആയതൊന്നിങ്കലൊന്നിങ്കൽ മാത്രമാം:
ഈ വിദൂരാനുരാഗ സമ്പൂർത്തിയിൽ! [12]

Lorsque Les Jours Sont Longs En Mai

കുറിപ്പുകൾ
[1]
മെയ്മാസ ദിനങ്ങൾ വസന്തകാല ഭാഗമാണു്.
[2]
മാപ്പ്, ദാവാഗ്നികരിച്ച പൂക്കാട്ടിൽ വ-
ന്നീ കുയിൽ പാടി സ്മൃതികളുണർത്തിയോ?
(വിഷ്ണുനാരായണൻ നമ്പൂതിരി — മാപ്പ്)
[3]
കരളിലെപ്പാതവക്കത്തു് നീ നട-
ന്നകലുമാസ്വനം കേൾപ്പു ഞാനിപ്പൊഴും,
അതിവിദൂരമാണെങ്കിലെന്തായ തൊ-
രിടിമുഴക്കമായെത്തുമിടയ്ക്കിടെ.
(വിഷ്ണുനാരായണൻ നമ്പൂതിരി — വേർപാട്)
നില്ക്കുന്നു നീ, സഖി, യായിരം നാഴിക-
ക്കപ്പുറത്തെങ്കിലും വിസ്മരിക്കില്ല ഞാൻ,
ജീവനാളത്തിലും പറ്റിപ്പിടിച്ചൊരെൻ
ജീവിതാനന്ദമേ വിസ്മരിക്കില്ല ഞാൻ.
(പെരുന്ന കെ. എൻ. നായർ — പ്രതീക്ഷ)
[4]
സത്യ…വാഴുന്നവൻ = ക്രിസ്തുദേവൻ
[5]
അവനിലൂടെ = അവന്റെ (ക്രിസ്തുവിന്റെ) മാർഗ്ഗത്തിലൂടെ
[6]
ദൂരത്തിലടുപ്പമുണ്ടടുപ്പത്തിങ്കൽത്തന്നെ
ദൂരവും, പ്രതിഭതൻ മോഹന പ്രപഞ്ചത്തിൽ
(ജി. — വിശ്വദർശനം)
അകലങ്ങളത്രയുമടുക്കു-
ന്നടുപ്പങ്ങളകലുന്നു.
(കരൂർ ശശി — നൈമിഷികം)
എങ്കിലും ചാരത്തു നില്ക്കുന്ന സത്യമായ്
എത്രയോ ദൂരത്തു കാണാതെ കണ്ടു നാം…
എന്നിട്ടുമെന്നിട്ടു മഴലിന്റെ നേർത്തൊരീ
നീർച്ചാലിനപ്പുറമിപ്പുറം നില്പു നാം.
(കൈതപ്രം — ആർദ്രം)
If the dull substance of my flesh were thought
Injurious distance should not stop my way,
For then, despite of space, I would be brought
From limits far remote where thou dost stay…
(Shakespeare — Sonnets)
[7]
ഇങ്ങു വിദൂരത്തിരുന്നു കിനാവിന്റെ
ഭംഗിതിരളുമാ മാടപ്പിറാവിനെ
ഇന്നലെയും വിട്ടയച്ചേൻ തവമിഴി-
ത്തെല്ലിലെ നീലക്കതിരുകൾ മേയുവാൻ.
(വിഷ്ണുനാരായണൻ നമ്പൂതിരി — മാപ്പ്)
[8]
പൊന്നുചിങ്ങത്തിൽത്തിരുവോണമാണിന്നെൻ നാട്ടിൽ
നിന്നുമെത്രയോകാതം ദൂരെയാം ഞാനെന്നാലും
മാമകഹൃദന്തരം ചിറകിട്ടടിക്കുന്നി-
താമനോഹരമായ മലനാട്ടിലേയ്ക്കെത്താൻ…
മാറുവിൻ മലകളേ, മായുവിൻ കടൽകളേ
നീറുമെൻ മനം ചെന്നാവദനം മുകരട്ടെ.
(ജി. — പ്രതികാരം)
And I will come again my Luve,
Tho’ it were ten thousand mile.
(R. Burns — O My Luve’s Like a Red, Red Rose)
[9]
ഇത്തരം ധരയിലെങ്ങു ശുദ്ധമാം
ചിത്തവും മധുരമായ രൂപവും?
(ആശാൻ — നളിനി)
കുണ്ഡിനീ നായക നന്ദിനിക്കൊത്തൊരു
പെണ്ണില്ല മന്നിലെന്നു കേട്ടു മുന്നേ,
വിണ്ണിലുമില്ല നൂന മന്യലോകത്തിങ്കലും
(ഉണ്ണായിവാരിയർ — നളചരിത്രം ആട്ടക്കഥ)
മല്ലാരി മനതാരിൽ നല്ലോരു രൂപം പൂണ്ടു
മെല്ലെ നിരൂപിക്കുന്നു; നല്ലാരിൽ മണിയോടു
തുല്യമായ് പാരിലെങ്ങും ഇല്ലൊരു തരുണിയാൾ.
(കുഞ്ചൻ നമ്പ്യാർ — സ്യമന്തകം)
സുന്ദരിയാണു് സുശീലയുമാണവൾ
മന്ദിരശ്രീയാണാ മംഗളാംഗി
നിർമ്മലത്വത്തിൻ നിദർശനം തന്നെയ-
മ്മുഗ്ദ്ധസ്മേരോല്ലസലാനനാബ്ജം
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
One fairer than my love! The all seeing sun
Never saw her match since first the world begun.
(Shakespeare — Romeo and Juliet)
[10]
സാർസൻ ഭൂമി = അറബി നാട് (സാരസനിക്ക് നാട്)
[11]
കുരിശുയുദ്ധത്തിൽ തവുകാരായി പിടിക്കപ്പെട്ടവരെ ഇരുകൂട്ടരും കൊന്നിരുന്നു (അവൾക്കുവേണ്ടി രക്തസാക്ഷിയാകാൻ എന്നു വ്യംഗ്യം).
[12]
രാഗസമ്പൂർത്തി = പ്രേമസാഫല്യം
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.