മായൻ ഐറണിയുടെ ലോകമാണു്. അതെ, ഇവിടെയെന്തും വിരോധാഭാസമായെ നമുക്കു് അനുഭവപ്പെടുകയുള്ളൂ. ഒരുപക്ഷേ, എന്റെ ചിന്തകളിൽ ഇടം പിടിച്ചു പോയ വസ്തുതകളെ ഇവിടം ലംഘിക്കുന്നതുകൊണ്ടാകാം ഇത്തരമൊരു തോന്നലുണ്ടാക്കുന്നതു്. ഇവിടെ ജനങ്ങൾ രാത്രിയിൽ ഉണരുന്നു രാവിലെ ഉറങ്ങുന്നു. വിചിത്രം തന്നെയല്ലേ? വർണ്ണാഭമായ ലോകത്തെ ഇവർ വെറുക്കുന്നതു് കൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതു്? അറിയില്ല.
രാത്രിയിൽ വിടരുന്ന നീലപുഷ്പങ്ങളും അതു് ചൂടി നടക്കുന്ന മായനിലെ പുരുഷന്മാരും ഒരു പ്രത്യേക കാഴ്ച തന്നെയാണു്. അരണ്ട വെളിച്ചത്തിൽ അവരുടെ നടത്തം തികച്ചും സംഗീതാത്മകമായെ നമുക്കു് അനുഭവപ്പെടുകയുള്ളൂ. ഇവിടെ മനുഷ്യൻ കേവലമൊരു ജീവിയാണു്. മറ്റു ജീവിവർഗ്ഗങ്ങൾക്കു് തന്റെ ബുദ്ധികൊണ്ടും ശക്തികൊണ്ടും നേരിടാൻ കഴിയുന്ന ഇരുകാലികൾ.
ഇവിടെ ഞാൻ എത്തുന്നതിനു വ്യക്തമായ കാരണമുണ്ടെങ്കിലും എന്താണു് ഇനിയുള്ള പ്ലാൻ എന്നതിൽ കാര്യമായസംശയം ഉണ്ടുതാനും. ഒരുപാടു് രാത്രികൾ കഷ്ടപ്പെട്ടു് തള്ളി നീക്കി കഴിഞ്ഞിരിക്കുന്നു. മായനിൽ ഒരു ദിവസം ഒരു രാത്രിയാണു് അതുതന്നെയാണു് മാസവും വർഷവും. ചുരുക്കത്തിൽ പറഞ്ഞാൽ ഇവിടെ ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ ഇല്ല. എല്ലാകണക്കുകൂട്ടലും ഇരുട്ടും വെളിച്ചവും വച്ചുകൊണ്ടു് മാത്രം.
ആദ്യ സൂര്യരശ്മി പതിക്കുന്നതിനു് മുമ്പു് എല്ലാ മായൻ നിവാസികളും എവിടേക്കോ മറഞ്ഞു പോകുന്നു. മനുഷ്യർ മാത്രമല്ല ചിലപ്പോൾ സസ്യങ്ങളും ചില ജീവികളും. രാവിലെയായാൽ ഇവിടം തരിശാണു്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മണൽത്തരികൾ. അതിനിടയിൽ ഞാൻ ആകെ കണ്ടതു് മൂങ്ങയേയും ചെന്നായേയും മാത്രമാണു്. അവയാണെങ്കിൽ നിശബ്ദരും. മായനിലെ കാഴ്ചകളെ കുറിച്ചു് പറയുന്നത്തിനു മുമ്പു് ഞാൻ ആരാണെന്നു് മനസ്സിലാക്കിയിരിക്കുന്നതു് നന്നായിരിക്കും.
സിബാഹു എന്ന രാജ്യത്തിന്റെ ഉയർന്ന ഭരണദ്യോഗസ്ഥനായിട്ടാണു് ഞാൻ മായനിൽ എത്തുന്നതു്. സ്ഥാനകയറ്റത്തോടെയുള്ള നിയമനമാണെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പണിഷ്മെന്റ് ട്രാൻസ്ഫറാണു്. അല്ലെങ്കിൽ ഈ വിചിത്ര പ്രദേശത്തേക്കു് അവർ എന്നെ അയക്കില്ലായിരുന്നു. ഇവിടുത്തെ ജനങ്ങളെ കൊന്നൊടുക്കുക എന്ന നിസാരമായ പ്രവർത്തിയാണു് എനിക്കു് കൽപ്പിച്ചു കിട്ടിയതു്. അതായതു് മായൻ ചുട്ടെരിക്കപ്പെടണം. അതു് എന്തിനുവേണ്ടിയെന്നു് ഞാൻ പറയുന്നില്ല. ഇത്തരം കോൺഫിഡക്ഷൽ രഹസ്യങ്ങളെ പുറത്തു പറയാൻ എനിക്കു് നിർവാഹമില്ല. രാജകൽപ്പനയെ മറികടക്കാൻ എനിക്കാവില്ല എന്നതു് തന്നെയാണു് സത്യം.
മെറ്റയെന്ന മായനിലെ പുരാതന ഗ്രന്ഥത്തിൽ ഇവരുടെ ആചാര രീതികളെക്കുറിച്ചു് വ്യക്തമായി പ്രതിപാദിക്കുന്നുണ്ടു്. ഇവിടെ ദൈവങ്ങളില്ല മറിച്ചു് വുഫോറിയൻ എന്ന സാത്താൻ പരിവേഷമുള്ള തവളകളെ ഇവർ ആരാധിച്ചുവരുന്നു. എന്തുകൊണ്ടു് ദൈവത്തെ ആരാധിക്കുന്നില്ല എന്ന ചോദ്യത്തിനും ഇവരുടെ പക്കൽ ഉത്തരമുണ്ടു്. ദൈവങ്ങൾ ജീവിതത്തിൽ ഐശ്വര്യം തരുന്നുണ്ടു് എന്നാൽ ഇത്തരം ഐശ്വര്യസമൃദ്ധമായ ജീവിതം ഇവർ വെറുക്കുന്നു. പ്രതീക്ഷകളറ്റു ജീവിക്കുന്ന ഒരു സമൂഹത്തിനു് ഐശ്വര്യം ഒരു ബാധ്യതയാണു്. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഇല്ലാത്ത ഒരു കൂട്ടത്തിനു് ആരാധനാമൂർത്തിയുടെ ആവശ്യമില്ലല്ലോ. എന്നാൽ എന്തുകൊണ്ടു് വുഫോറിയൻ തവളകൾ എന്ന ചോദ്യത്തിനു് പണ്ടൊരു നാടോടി കഥയോളം പഴക്കമുണ്ടു്. ഇവരുടെ പൂർവികർ താമസിച്ചിരുന്ന ഇടങ്ങളിലേക്കു് മറ്റു പ്രദേശങ്ങളിൽ നിന്നുള്ള സാമ്രാജ്യത്തവാദികൾ കടന്നുകയറുകയും ഇവരെ അടിമകളായി മാറ്റുന്ന സമയത്താണു് ഇതിനെതിരെ പോരാടിയ ‘സെനിക്ക്’ എന്ന ബാലനെ പട്ടാളം ക്രൂരമായി ചിത്രവധം ചെയ്തതു്. അവന്റെ മരണത്തിനു തൊട്ടുമുമ്പു് നീരു വച്ച ശരീരം തവളയെ പോലെയായി മാറി. അതിഭയങ്കര മണ്ഡൂകരൂപമായി മാറിയ ആ ബാലൻ അവിടെയുള്ള സൈനികരെ തന്റെ നാക്കുകൊണ്ടു് വിഴുങ്ങി ഇല്ലാതെയാക്കി. പിന്നീടു് എങ്ങോട്ടോ മറഞ്ഞുപോയി. അതിനുശേഷം അവർ കണ്ട ആ തവള രൂപത്തെ ഇന്നുവരെ ആരാധിച്ചു പോരുന്നു.
നഗ്നരായ മായൻ നിവാസികൾ അമാവാസി ദിവസം ലൈംഗിക അവയവങ്ങളിൽ പ്രത്യേക ഛായങ്ങൾ തേച്ചു് പരസ്പരം ബന്ധപ്പെടുന്നതും ഇവരുടെ ആചാരത്തിന്റെ ഭാഗമാണു്. ഞാനിവിടെ എത്തുന്ന ദിനം മുതൽ ഇവരെല്ലാം പരിഭ്രാന്തരാണു്. ഇടയ്ക്കിടെ ഓപിയം കയറ്റാൻ വരുന്ന വണ്ടികൾ ഒഴിച്ചാൽ വഴിതെറ്റിപോലും ആരും ഇങ്ങോട്ടേക്കു് എത്താറില്ല. മായൻ നിവാസികൾ പ്രത്യക്ഷത്തിൽ ആർക്കും ദ്രോഹം ചെയ്യുന്നില്ല, സഹായവും. അതുകൊണ്ടുതന്നെ ഭരണകൂടത്തിനു് തങ്ങളുടെ രാജ്യത്തിനുയാതൊരു നേട്ടവും ഉണ്ടാക്കിത്തരാത്ത, തങ്ങളുടെ നിയമങ്ങളെ ലംഘിക്കുന്ന ഈ വിഭാഗത്തോടു് തികഞ്ഞ പുച്ഛവും വെറുപ്പുമാണു്.
മറ്റൊന്നു കൂടി പറയാം ഇവിടുത്തെ ജനങ്ങൾ ഒരുകാലത്തു് സിബാഹു രാജ്യത്തിന്റെ അഭിവാജ്യ ഘടകമായിരുന്നു. പിൽക്കാലത്തു് ഇവിടുത്തെ ജനങ്ങൾ രാജ്യത്തിന്റെ ഹൃദയഭാഗം വിട്ടു് ഇവിടേക്കു് വന്നു് സ്ഥിരതാമസമാക്കി. മായനിലെ ജനങ്ങൾ നമ്മെ പോലെയല്ല. അവർ വ്യത്യസ്തരാണു്. എല്ലാ അർത്ഥത്തിലും.
ഇന്നീ രാജ്യത്തിനു് ഇവരെ ആവശ്യമില്ല ഇവർ ജീവിച്ചിരിക്കുന്നതു് രാജ്യത്തിനു് എന്തോ അത്യാഹിതം പോലെയാണു്. അതുകൊണ്ടുതന്നെ ഇവരെ ഉന്മൂലനം ചെയ്യാൻ രഹസ്യ അജണ്ട തയ്യാറാക്കിയതും. മായനിലെ എന്റെ പകലുകൾ വിരസമായിരുന്നു. രാത്രികാലങ്ങളിൽ ഇവരുടെ ജീവിതം ഞാൻ കൗതുകത്തോടെ വീക്ഷിക്കാൻ തുടങ്ങി. ഓരോ ദിവസങ്ങൾ കഴിയുന്തോറും ഈ പ്രദേശം എന്നെ വരിഞ്ഞു മുറുക്കി കൊണ്ടേയിരുന്നു.
ഹെഡ് കോർട്ടേഴ്സിൽ നിന്നും മൂന്നാമത്തെ സന്ദേശവും എത്തി. ഇനിവച്ചു നീട്ടാൻ കഴിയില്ല എന്താണു് അവരുടെ അഭിപ്രായം. എനിക്കു് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരാളെ അവർ നിയമിക്കും. എന്നാൽ മായനിൽ നിന്നു് എനിക്കൊരു മടങ്ങിവരവു് ഉണ്ടാകില്ല. ഈ സാധുജനങ്ങളെ ഇല്ലാതാക്കാൻ കഴിയാത്തതു കൊണ്ടു് തന്നെ ഞാൻ അവരോടു് ഇവിടെനിന്നു് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു.
ഞാൻ രാജാവിന്റെ പ്രതിനിധി ആണെന്നു് അറിഞ്ഞപ്പോൾ തന്നെ അവർ ഈ നിമിഷം പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആരും അവിടം വിടാൻ ഒരുക്കമായിരുന്നില്ല. പിറ്റേന്നു് രാത്രി വുഫോറിയന്റെ ചുറ്റും ഒത്തുകൂടിയ അവർ തങ്ങളുടെ പരമ്പരാഗത ആഘോഷങ്ങളിൽ ഏർപ്പെട്ടു. അവരുടെ വിധിയെ ഓർത്തു് എനിക്കു് വിഷമമുണ്ടു്. നാളെ പകൽ മായൻ ഉറങ്ങുമ്പോൾ അവർ എത്തും. സൂര്യന്റെ ആദ്യരശ്മി വീഴുമ്പോൾ ഇവിടം കത്തിയമരും.
നേരം പുലരാൻ മണിക്കൂറുകൾ മാത്രം ബാക്കി. അതുവരെ അവിടെ ഇല്ലായിരുന്ന തവളകൾ കൂട്ടമായി അവിടേക്കു് എത്തി കൂടെ സിലിയൻ എന്നറിയപ്പെടുന്ന രാജാവിന്റെ പട്ടാളവും. അവർ ഓരോ മായൻ നിവാസികളെയും ചങ്ങല കൊണ്ടു് ബന്ധിച്ചു, ഒരുവരിയായി നിർത്തി. ആരും അതിനെ എതിർത്തില്ല. എന്റെ ആജ്ഞയ്ക്കു് വേണ്ടി വെടി കോപ്പുകൾ നിരന്നു. ഉദിച്ചുവന്ന ആദ്യ സൂര്യരശ്മികൾ പതിച്ചു് ബന്ധികളാക്കപ്പെട്ട മായൻ നിവാസികൾ നിലത്തു കിടന്നുരുണ്ടു. ചങ്ങലകൾ കടിച്ചു പൊട്ടിച്ചു. തവളകളെ പോലെ അവരുടെ ദേഹം രൂപാന്തരപ്പെട്ടു. പൊടുന്നനെ ചങ്ങലകളെ ബാക്കിയാക്കി എല്ലാ മായൻ നിവാസികളും അപ്രത്യക്ഷരായി.
പിന്നെയും രണ്ടുദിവസം കഴിഞ്ഞിട്ടാണു് ഞാൻ അവിടം വിടുന്നതു്. മായൻ ഇന്നു് വിജനമാണു്. അവസാനത്തെ തവള പ്രതിമയെയും തകർക്കപ്പെട്ടിരിക്കുന്നു. ഒന്നുരണ്ടു് ദിവസം അവരുടെ ഓർമ്മകൾ എന്നെ വേട്ടയാടി. എന്നാൽ ഇപ്പോൾ അതില്ല. രാത്രിയിൽ ഉണർന്നു രാവിലെ ഉറങ്ങുന്ന എന്റെ സ്വപ്നത്തിൽ ഇടയ്ക്കിടെ വുഫോറിയൻ തവളകൾ പ്രത്യക്ഷപ്പെടുന്നു.
മാജിക്കൽ റിയലിസം എന്ന സാഹിത്യ ശാഖയെ ഉപജീവിച്ചുകൊണ്ടു് ഉണ്ടായ ഒരു ചെറുകഥയാണു് മായൻ. വർത്തമാനകാല ഇന്ത്യയിലെ ഭരണകൂട ചെയ്തികളെ ഇവിടെ വരച്ചു കാട്ടുന്നു. സിബാഹു എന്ന സാങ്കൽപിക രാഷ്ട്രവും, ഭരണകൂടവും നമ്മുടെ ചുറ്റുപാടുമായി ഒട്ടേറെ സാമ്യ വ്യത്യാസങ്ങൾ ഉണ്ടു്. ഭരണകൂടത്തിന്റെ പ്രവർത്തികളെ എതിർക്കുന്ന എന്തിനെയും വിരോധാഭാസമായി ചിത്രീകരിക്കുന്ന ഭരണ ഉദ്യോഗസ്ഥനും സ്വേച്ഛാധിപത്യം കാരണം ആദ്യം സ്വന്തം ഇടവും പിന്നീടു് അസ്തിത്വവും നഷ്ടപ്പെടാൻ വിധിക്കപ്പെട്ട ഒരുകൂട്ടം ജനങ്ങളെ മായൻ പ്രതിനിധാനം ചെയ്യുന്നു. നീതിദേവത പോലുംകയ്യൊഴിഞ്ഞ ഇത്തരം അധഃസ്ഥവർഗ്ഗങ്ങൾക്കു് ‘ വുഫോറിയൻ’ പ്രതീകങ്ങൾ മാത്രമേ ഇനി രക്ഷയ്ക്കായുള്ളൂ. മായൻ ഒരു പ്രതീകമാണു് ഭരണകൂട പ്രവർത്തികളിൽ ഇരയാക്കാൻ വിധിക്കപ്പെടുന്ന ഒരു കൂട്ടം നിശബ്ദ ജനങ്ങളുടെ ശബ്ദമാണു്. എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന സ്വാർത്ഥ ഭരണകൂടത്തിനെതിരെ ഞാൻ ഈ കഥ സമർപ്പിക്കുന്നു. ആയിരം ആൾക്കാരെ കൊന്നാലും അവസാനം അവരുടെ ആശയങ്ങൾ നമ്മുടെ മനസ്സിലേക്കു് കടന്നു വരും അവ ചിരഞ്ജീവിയായി നിലനിൽക്കും എന്ന സന്ദേശം കഥയുടെ അവസാന ഭാഗത്തു് കൂട്ടിച്ചേർക്കുന്നുണ്ടു്.
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ കടമാൻകോട് എന്ന ഗ്രാമത്തിൽ ജനനം. സർക്കാർ കലാലയം നെടുമങ്ങാടിൽ നിന്നു് മലയാളഭാഷയിൽ ബിരുദവും, കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ നിന്നു് ബിരുദാനന്തരബിരുദവും നേടി.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.