മോഹൻജദാരോയിലെ കഠിനമായ പകലും കഴിയാറായി. ഇവിടെ എത്തിയിട്ടു് കുറച്ചുനേരമേയായിട്ടുള്ളൂവെങ്കിലും ഈ പ്രദേശം എന്നെ വളരെയധികം അതിശയിപ്പിക്കുന്നുണ്ടു്. അതെ, മോഹൻജദാരോ ‘മരിച്ചവരുടെ കുന്നു്’. നീണ്ടു നിവർന്ന ഒറ്റയടിപ്പാത കുന്നിൻ മുകളിലേക്കു് പോകുന്നു. ഇനി അങ്ങോട്ടു് വേണം സഞ്ചരിക്കാൻ. മരിച്ചിട്ടു് രണ്ടു ദിവസമായിട്ടുണ്ടെങ്കിലും എന്റെ ദേഹത്തു് അതിന്റേതായ ദുർഗന്ധമൊന്നും തന്നെയില്ല. മോഹൻജദാരോയിലേക്കു് കടന്നു വരുന്ന ഓരോരുത്തർക്കും കുന്നിന്റെ വാതിൽക്കൽ വച്ചുതന്നെ ദേഹം വൃത്തിയാക്കി തങ്ങൾക്കു് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഇവിടം അവസരം നൽകുന്നുണ്ടു്. ഉടുത്തു കൊണ്ടുവന്ന ചേറുപുരണ്ട ഒറ്റമുണ്ടും തലയിൽക്കെട്ടും ആദ്യം തന്നെ ഞാൻ ഉപേക്ഷിച്ചിരുന്നു. ജീവിച്ചിരുന്നപ്പോൾ ഒരുപാടു് ആഗ്രഹിച്ച ദിവാന്റെ വീട്ടിലെ ആ കറുത്ത കോട്ടും നേരിയ മുണ്ടും ധരിക്കാൻ എനിക്കിവിടെ അവസരം ലഭിച്ചു. അപ്പനപ്പൂപ്പന്മാരായി പിൻതലമുറകൾക്കു് പകർന്നു നൽകിയ ആ ‘മഹാവസ്ത്രം’ ഉപേക്ഷിക്കപ്പെട്ട നൂറായിരം എണ്ണങ്ങളുടെ കൂട്ടത്തിലേക്കു് എടുത്തെറിഞ്ഞു.
കറുത്ത കോട്ടും നേരിയ മുണ്ടും ധരിച്ചു് മുടിയൊക്കെ ഒന്നു് ചീകി മിനുക്കി ഞാൻ യാത്ര തുടർന്നു. വളഞ്ഞുപുളഞ്ഞ പാമ്പിനെ പോലെ പോകുന്ന നടപ്പാതയിൽ ഇടയ്ക്കിടെ ചില ആൾക്കൂട്ടങ്ങൾ കാണുന്നുണ്ടു്. ഒരുപക്ഷേ, അവരൊക്കെ ഒരുമിച്ചു് ഇവിടെ എത്തിയവരായിരിക്കാം. അവരോടൊപ്പം കുട്ടികളുമുണ്ടു്. അത്തരത്തിൽ വലിപ്പച്ചെറുപ്പം ഇല്ലാതെ മോഹൻജദാരോ കുന്നിൽ ഒരുപാടു വ്യക്തികളെ കാണാൻ പറ്റി.
മുന്നോട്ടു നടക്കുന്ന വേളയിൽ രണ്ടു കൊച്ചുപെൺകുട്ടികൾ വഴിയരികിൽ നിൽക്കുന്നതായി കണ്ടു. തന്റെ മക്കളുടെ പ്രായം കാണും. എന്തു് നിർമ്മലമായ ചിരി. എന്തോ എനിക്കു് അവരോടു് പ്രത്യേകവാത്സല്യം തോന്നി. അവരുടെ അടുത്തേക്കു് ചെന്നതും അവർ പേടിച്ചരണ്ടു് രണ്ടു പൂച്ചക്കുട്ടികളെ പോലെ പതുങ്ങി. “മാമാ ഞങ്ങളെ ഒന്നും ചെയ്യല്ലേ” എന്നു പറഞ്ഞുകൊണ്ടു് ആ കുട്ടികൾ കരഞ്ഞു. എന്തോ പിന്നീടങ്ങോട്ടു് പോകാൻ തോന്നിയില്ല. മനസ്സിൽ ആരോ കൂടം കൊണ്ടടിക്കുന്നതു് പോലെ.
പിന്നീടും വഴികളിൽ വച്ചു് പലരെയും കണ്ടു. പലതും കണ്ടു മറന്ന മുഖങ്ങൾ. പോകുന്ന വഴിയിൽ ഒരു സുമുഖനായ ചെറുപ്പക്കാരൻ എന്നെ നോക്കി ചിരിച്ചു. “അച്ഛനും അമ്മയും എനിക്കിട്ട പേരു് രാമൻ നായർ ഇവിടെ ഞാൻ 20231101”. തന്റെ കൈപ്പത്തിയിലെ അക്കങ്ങൾ കാട്ടി ആ യുവാവു് സ്വയം ഇങ്ങനെ പരിചയപ്പെടുത്തി. ഞാൻ എന്റെ കയ്യിലേക്കു് നോക്കി അവിടെ 19341208 ഇങ്ങനെ എഴുതിയിട്ടുണ്ടു്. ഇവിടെയെത്തുന്ന ഓരോ വ്യക്തിയ്ക്കും ഇത്തരത്തിലൊരു സംഖ്യ കാണാം. അതിലെ ആദ്യത്തെ നാലക്കങ്ങൾ മരണവർഷമാണെന്നു് ആ യുവാവു് പറഞ്ഞു.
‘അതിനു് ഞാനിവിടെ എത്തിയിട്ടു് രണ്ടു ദിവസമേ ആയിട്ടുള്ളൂ’. ‘ആഹാ ഞാനും അത്ര തന്നെ’ രാമനും കൂട്ടിച്ചേർത്തു.
ഇവിടെയെത്തുന്നവർക്കെല്ലാം ഒരുദിവസമേ കഴിഞ്ഞിട്ടുള്ളൂ എന്ന ചിന്തയും മനസ്സിലിട്ടുകൊണ്ടു് ഞാനും രാമനും ഒരുമിച്ചു് മുന്നോട്ടു നടന്നു.
“എങ്ങനെയുണ്ടായിരുന്നു രാമ ജീവിതമൊക്കെ”
“എന്തു ജീവിതം മാഷേ, വളരെ മടുപ്പായിരുന്നു.”
“മടുപ്പോ, നായന്മാർക്കു് മടുപ്പു് തോന്നാറായോ?”
“കളിയാക്കല്ലേ മാഷേ, പേരിന്റെ അറ്റത്തു് നായർ ഉണ്ടെന്നേ ഉള്ളൂ. വിശന്നിട്ടാ കേറി തൂങ്ങിയെ.”
എന്തോ പിന്നീടൊന്നും അയാളോടു് ചോദിക്കാൻ എനിക്കു് മനസ്സുവന്നില്ല. ഞാൻ മാത്രമല്ല മാഷേ, അവിടെ ഇരിക്കുന്ന 20180222 ഉണ്ടല്ലോ അവനും. വിശന്നിട്ടു് അടുത്തുള്ള തോട്ടത്തിൽ കയറി പഴം പറിക്കാൻ ശ്രമിച്ചതാ യജമാനന്റെ തടിച്ചുരുണ്ട കറുത്ത പട്ടികൾ അവനെ കടിച്ചു കീറി കൊന്നു. ഞാൻ കുറച്ചു നേരം ഒന്നും മിണ്ടാതെ ചിന്തയിൽ മുഴുകി.
ദിവാന്റെ വീട്ടിൽ ജോലിക്കു് പോകുമ്പോൾ തൊഴുത്തിന്റെ അടുത്തായിരുന്നു ഞങ്ങൾക്കു് ഭക്ഷണം തന്നിരുന്നതു്. കന്നുകാലിക്കു് കൊടുക്കുന്ന കാടി വെള്ളവും ഞങ്ങളുടെ കഞ്ഞിയും ഒന്നുതന്നെ. വിശന്നിട്ടു് ചെമ്പന്റെ മകൻ കാടിയിൽ കിടന്ന പകുതി കഴിച്ചപഴം എടുത്തതിനു് ആ നായിന്റെ മക്കൾ അവനെ പൊതിരെ തല്ലി.
“ഏയ് മാഷേ വരുന്നില്ലേ, ഇനിയുമാ കുന്നു കയറാൻ ഉണ്ടു്.”
രാമന്റെ വിളി എന്നെ മോഹൻജദാരോയിലേക്കു് വീണ്ടും കൊണ്ടുവന്നു.
“എന്റെ ദൈവമേ, ഇനിയും കൊറേ നടക്കാൻ ഉണ്ടല്ലോ” എന്റെയാ ഗദ്ഗദം കേട്ടുകൊണ്ടു് രാമൻ പൊട്ടി ചിരിച്ചു.
“ദൈവമോ?”
“അതെ എന്താ?”
“ഒന്നുമില്ലേ”.
“അതെന്താ നായരേ അങ്ങനെ പറഞ്ഞെ”
“അല്ല ചേട്ടൻ ഏതു് ദൈവത്തെ പൂജിക്കുന്നേ?”
പെട്ടെന്നുള്ള അവന്റെ ഈ ചോദ്യം എന്നെ നിശബ്ദനാക്കി. അതെ ഞാൻ ഏതു ദൈവത്തെയാണു് പൂജിക്കുന്നതു് ?
എഴുത്തും വായനയും അറിയാത്ത കാടുമൂടിക്കിടന്ന എന്റെ ചിന്തകൾ വള്ളിപ്പടർപ്പുകളെ വകഞ്ഞു മാറ്റി മുന്നോട്ടുവന്നു. എന്റെ ആ ചിന്ത രാമനെ തെല്ലു സന്തോഷവാനാക്കി. ഇവിടെ വന്നാൽ ഇങ്ങനെയാണു്; എല്ലാവരും ചിന്തിക്കും. ചിന്തകളെ ബന്ധിക്കാൻ കൂറ്റൻ ചങ്ങലക്കെട്ടുകളില്ല. പക്ഷേ, നാട്ടിൽ അങ്ങനെയല്ലല്ലോ നമ്മൾ എന്തു ചിന്തിക്കണം, എങ്ങനെ ചിന്തിക്കണം, എവിടെ വരെ ചിന്തിക്കണമെന്നും എഴുതിവെച്ചിട്ടുണ്ടു്.
“അതേ രാമൻ, നമ്മൾ ഈ എങ്ങോട്ടാ പോകുന്നേ? അറിയാമോ?”
“ഇല്ല മാഷേ, ആകെ ഇവിടെ ഒറ്റയടിപ്പാത മാത്രമല്ലേ ഉള്ളൂ അതാണെങ്കിൽ ആ കാണുന്ന കുന്നിലേക്കും. പിന്നെ അതിലൂടെ ഒന്നു് നടന്നു് കളയാമെന്നു് വിചാരിച്ചു”.
എന്നാൽ പാതയിലൂടെ നടക്കുന്നവരേക്കാൾ വഴിയോരത്തു് കൂട്ടം കൂടിയിരുന്നു് കാര്യം പറയുന്ന, ചിരിക്കുന്ന, കളിക്കുന്ന ആൾക്കാരാണു് കൂടുതൽ. ഒരുപക്ഷേ, അവസാനിച്ച ജീവിതത്തിൽ ഒരു നേരം പോലും ഇങ്ങനെ ഇരിക്കാൻ കഴിയാതിരുന്ന ആൾക്കാർ ആയിരിക്കാം. ചിലർ നിശ്ചലരായി നിൽക്കുകയാണു്. തങ്ങൾ എത്തിയിരിക്കുന്നതു് എവിടെയെന്നു് അവർക്കു് ഇതുവരെയും മനസ്സിലായി കാണില്ല. ഒരുപക്ഷേ, ഉറങ്ങുന്ന വേളയിൽ വല്ലതും പറ്റിയതായിരിക്കും. എന്നാലും ഇത്രപേർക്കു് നിദ്രയിൽ മരണമോ?
ഇങ്ങനെയൊക്കെ കാഴ്ചകൾ കണ്ടുകൊണ്ടു് നടക്കുമ്പോഴാണു് ദൂരെ ഒരാൾ പട്ടം പറത്തുന്നതു് ശ്രദ്ധയിൽപ്പെട്ടതു്.
“അതേ രാമൻ, അതു് കൊള്ളാമല്ലേ”
“ആ… അതോ, ആ പട്ടം കെട്ടിയിരിക്കുന്ന നൂലുണ്ടല്ലോ അതു് അയാളുടെ പൂണൂലാണു്”.
പൂണൂലുകൊണ്ടു് പട്ടം പറത്തുകയോ കൊള്ളാലോ. ആരും മുഖം മറച്ചിട്ടില്ലാത്ത വഴിയിലൂടെ ഞങ്ങൾ മുന്നോട്ടു നടന്നു.
മോഹൻജദാരോ ശരിക്കും അതിശയിപ്പിക്കുന്ന പ്രദേശം തന്നെ. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഒരു മഹാപ്രപഞ്ചം. യാത്രയുടെ ഓരോ ഘട്ടം കഴിയുന്തോറും മോഹൻജദാരോയുടെ നിഗൂഢതകൾ ഓരോന്നായി അഴിഞ്ഞു വരുന്നു. തലപോയ ശിലകൾ, പാറ പൊട്ടിക്കുന്ന ആൾദൈവങ്ങൾ, ഇരിക്കാൻ ഇടം കിട്ടിയ സ്ത്രീകൾ, ശബ്ദ കോലാഹലങ്ങൾ ഇല്ലാതെ ഉറങ്ങുന്ന കുട്ടികൾ, അങ്ങനെ പലരും മോഹൻജദാരോവിൽ കാണപ്പെട്ടു. ഇവിടെ ഞങ്ങൾക്കു് യഥേഷ്ടം നടക്കാം, കഴിക്കാം, ഉടുക്കാം.
ആകാശത്തു് വെളിച്ചം മങ്ങിത്തുടങ്ങിയിരിക്കുന്നു. ശാന്തമായ രാത്രിയിൽ വെള്ളക്കൊമ്പുള്ള കുതിരകളിൽ സ്ത്രീകൾ സവാരിക്കു് ഇറങ്ങുന്നു. ചിറകുകളുള്ള അവ നിലാവിനെ വലം വച്ചു് മധുരമായ സംഗീതം പൊഴിക്കുന്നു. തണുത്ത കാറ്റു്. കാലിൽ ചങ്ങലില്ലാത്ത ഒരു രാത്രി കൂടി. ഞാൻ പതിയെ അടുത്തുള്ള തിട്ടയിൽ കിടന്നു. രാമൻ അടുത്തില്ല. മോഹൻജദാരോയുടെ രാത്രി കാഴ്ചകളെ ആസ്വദിക്കാൻ പോയതാവാം. എന്തായാലും എനിക്കു് ഉറക്കം വരുന്നുണ്ടു്. നിയന്ത്രണങ്ങൾ ഇല്ലാത്ത ഉറക്കം എന്നെ ചുംബിച്ചു. പതിയെ കണ്ണുകളടഞ്ഞു.
കണ്ണുതുറന്ന നീലൻ മോഹൻജദാരോയുടെ കവാടത്തിലേക്കു് വീണ്ടും കടന്നു. കവാടത്തിൽ വച്ചു് തന്നെ താൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റി അയാൾ ആഗ്രഹിച്ച കറുത്ത കോട്ടും നേരിയതും ധരിച്ചു് അകലെ കാണുന്ന കുന്നിനെ ലക്ഷ്യമാക്കി നടന്നു. മോഹൻജദാരോയിൽ എത്തുന്നവർക്കെന്നും രണ്ടാം ദിവസമാണു്. അതുപോലെ ഒരേയൊരു മോഹൻജദാരോ മാത്രമുണ്ടെന്നു കരുതരുതു്. പിന്നെ ആ കാണുന്ന കുന്നു്, അവിടെയാർക്കും എത്താൻ കഴിയില്ല. കാരണം രണ്ടാം ദിവസത്തിന്റെ നിദ്രയിൽ വീണ്ടുമവർ ഒന്നാം ദിനത്തിൽ എത്തുന്നു. അതെ, മോഹൻജദാരോ വിചിത്രമാണു്.

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ കടമാൻകോട് എന്ന ഗ്രാമത്തിൽ ജനനം. സർക്കാർ കലാലയം നെടുമങ്ങാടിൽ നിന്നു് മലയാളഭാഷയിൽ ബിരുദവും, കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ നിന്നു് ബിരുദാനന്തരബിരുദവും നേടി.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.
