images/The_lovers.jpg
The lovers, a painting by Pietro della Vecchia (1602/1603–1678).
പടിയിറങ്ങിപ്പോയ പാർവ്വതി—ഒരു ഉത്തരാധുനിക വായന
ഹരികൃഷ്ണൻ കടമാൻകോട്

കല അതുണ്ടായ കാലത്തെ സമർത്ഥമായി അടക്കം ചെയ്തിരിക്കുന്നു. ചിലതു് കാലാതീതമായി സമൂഹത്തോടു് സംവദിക്കുന്നു. നവീനസാഹിത്യരൂപമായ ചെറുകഥയിലൂടെ സ്ത്രീ മനസ്സുകളുടെ വികാരങ്ങളെയും വിചാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന ധാരാളം രചനകൾ നമ്മുടെ സാഹിത്യത്തിൽ ഉണ്ടായിട്ടുണ്ടു്. അതുണ്ടായ കാലത്തെ അതിശയിക്കുന്ന കഥാപരിസരമാണു് പ്രശസ്ത എഴുത്തുകാരി ഗ്രേസി യുടെ “പടിയിറങ്ങിപ്പോയ പാർവതി” എന്ന കഥ മുന്നോട്ടുവയ്ക്കുന്നതു്. ഇത്തരത്തിൽ ചെറുകഥ എന്ന സാഹിത്യ രൂപത്തിനു് ഗ്രേസിയുടെ കാലഘട്ടത്തിലുണ്ടായ മാറ്റത്തെയും അപചയത്തെയും പഠിക്കുവാനും പ്രസ്തുത കഥയുടെ വർത്തമാനകാല വായന നടത്തി അതിൽ ഉൾക്കൊള്ളുന്ന കഥാതന്തുവിനെ അപഗ്രഥിച്ചു് ആന്തരികസത്തയെ പുറത്തുകാട്ടുവാനും ശ്രമിക്കുകയാണിവിടെ.

സ്ത്രീ ശരീരത്തെയും ലൈംഗികതയേയും കുറിച്ചുള്ള തുറന്നെഴുത്തുകൾ വെളിപ്പെട്ടുവന്ന കാലത്തു്, അത്തരം വിഷയങ്ങളെ സ്വീകരിച്ചു് സാഹിത്യരചന നടത്താൻ ധൈര്യം കാണിച്ച എഴുത്തുകാരിയാണു് ഗ്രേസി. 1990-കളിലെ സ്ത്രീമനസ്സുകളുടെ വികാര-വിചാരങ്ങളെ, സാമൂഹിക ധാരണകളെ, അതേപടി ചെറുകഥയിൽ പകർത്താൻ അവർക്കു് കഴിഞ്ഞിട്ടുണ്ടു്. പ്രസ്തുത കഥയെ വിലയിരുത്തുന്നതിലൂടെ കഥാപരിസരം ആധുനിക കാലത്തേതാണെന്നു് മനസ്സിലാക്കാം. 1980-ലാണു് മല്ലിക, ലളിതാംബിക എന്നീ ലെസ്ബിയൻ യുവതികൾ ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലുണ്ടാകുന്നതു്. 1990-കളുടെ ആരംഭത്തിൽതന്നെ ദേശീയ തലത്തിൽ LGBTQIA+ സമൂഹങ്ങളുടെ അവകാശങ്ങൾക്കായി പൊരുതുന്ന സംഘടനകൾ രൂപപ്പെട്ടിരുന്നു. എങ്കിലും ആത്മഹത്യകൾക്കു് കാര്യമായ കുറവുണ്ടാക്കാൻ സാമൂഹിക സാഹചര്യങ്ങൾ അനുവദിച്ചിരുന്നില്ലെന്നു് കാണാം. മലയാളസാഹിത്യരംഗത്തും അനുബന്ധ ചലനങ്ങൾ ഉണ്ടായതിനു് തെളിവാണു് ഗ്രേസിയ്ക്കും മുൻപേ കമല സുരയ്യ ലൈംഗികസ്വത്വത്തിന്റെ വൈവിധ്യത്തെ പെണ്ണുടലുകളിലൂടെ അടയാളപ്പെടുത്തിയതു്. എന്നാൽ ഇത്തരം രചനകളൊക്കെ മുന്നോട്ടുവച്ചതു് ദുരന്തപൂർണ്ണമായ പ്രണയയാഥാർഥ്യങ്ങളെയായിരുന്നു. മാനവികതയുടെ പുതിയ തിരിച്ചറിവുകൾ ഉൾക്കൊള്ളാൻ സമൂഹമനസ്സു് പാകപ്പെട്ടിരുന്നില്ലെന്നുള്ളതിനു് തെളിവാണിതു്. സ്വവർഗ്ഗാനുരാഗത്തെ ക്രിമിനൽ കുറ്റമായി കണ്ടിരുന്ന സെക്ഷൻ 377-ലെ 16 ആം അദ്ധ്യായം ഭരണഘടനാവിരുദ്ധമായതിനാൽ റദ്ദാക്കുന്നതായി സുപ്രീം കോടതി വിധിക്കുന്നതു് 2018-ൽ മാത്രമാണു്. 100-ലധികം രാജ്യങ്ങളിൽ സ്വവർഗ്ഗലൈംഗികത കുറ്റവിമുക്തമായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും വെറും 34 രാജ്യങ്ങളിൽമാത്രമാണു് സ്വവർഗ്ഗവിവാഹം അംഗീകരിക്കപ്പെട്ടിട്ടുള്ളതു്. അതായതു് ഇന്നും സാമൂഹികാംഗീകാരം പൂർണ്ണമായി നേടിയിട്ടില്ലാത്ത മനുഷ്യാവകാശപ്രശ്നം, ലൈംഗികവൈവിധ്യം, മലയാള സാഹിത്യത്തിൽ അഭിവ്യക്തമായി തുടങ്ങിയ കാലത്തെയാണു് ഗ്രേസിയുടെ “പടിയിറങ്ങിപ്പോയ പാർവതി” പ്രതിനിധീകരിക്കുന്നതു്.

പടിയിറങ്ങിപ്പോയ പാർവ്വതിയിൽ രണ്ടു് കേന്ദ്ര കഥാപാത്രങ്ങളുണ്ടു്. പേരു് നൽകപ്പെടാത്ത ഒരു കഥാപാത്രവും (പാർവതിയുടെ സുഹൃത്ത്) പാർവ്വതിയും. രാമനാഥൻ, ഉണ്ണിയേട്ടൻ, പ്രധാന കഥാപാത്രത്തിന്റെ ഭർത്താവു്, വകയിലൊരു അമ്മാവന്റെ മകൻ തുടങ്ങിയ കഥാപാത്രങ്ങൾ കഥയിൽ വരുന്നുണ്ടെങ്കിൽപ്പോലും ഈ കഥയുടെ മുഖ്യ സഞ്ചാരം ഈ രണ്ടു് പെൺകഥാപാത്രങ്ങളിലൂടെയാണു്. തന്റെ ലൈംഗികാഭിമുഖ്യം സമൂഹത്തിനുമുന്നിൽ വെളിപ്പെടുത്താത്ത (coming out) ഒരു കഥാപാത്രമാണു് പാർവതിയുടെ സുഹൃത്തു്. മുഖ്യധാരാസമൂഹത്തിന്റെ മൂല്യബോധത്തെ ഭയന്നു് സ്വയം വ്യക്തമാക്കാൻ കഴിയാതെപോകുന്ന നിരവധി മനുഷ്യരെ പ്രതിനിധീകരിക്കുന്നുണ്ടു് പേരു് നൽകാത്ത ഈ കഥാപാത്രം. സംഭവങ്ങൾക്കു് ആഖ്യാനം ചെയ്യപ്പെടുന്ന ബോധത്തിനനുസരിച്ചു വിഭിന്ന മുഖങ്ങളുണ്ടാകാം. പ്രസ്തുത കഥയിൽ സംഭവത്തെ ആഖ്യാനം ചെയ്യാൻ എഴുത്തുകാരി തിരഞ്ഞെടുക്കുന്ന ബോധം പാർവതിയുടെ സുഹൃത്തിന്റേതാണു്. അതുകൊണ്ടുതന്നെ ഈ കഥാപാത്രത്തിന്റെ മൂല്യങ്ങളും വ്യക്തിത്വവും സംഭവവിവരണത്തെ സ്വാധീനിക്കുമെന്നു് കാണാം.

കഥാപാത്രങ്ങളുടെ നിർമ്മിതിയിലും എഴുത്തുകാരി സൂക്ഷ്മമായ സമീപനമാണു് സ്വീകരിച്ചിരിക്കുന്നതു്. പാർവതി, ഉണ്ണിയേട്ടൻ, രാമനാഥൻ എന്നീ പേരുകൾ പൊതുവേ സാത്വികമായ അർത്ഥതലങ്ങൾ നൽകുന്നവയാണു്. എന്നാൽ ഈ സാത്വിക നാമധാരികളുടെ രജോഗുണങ്ങളെ കഥയിൽ വരച്ചുകാട്ടുന്നു. അതുകൊണ്ടുതന്നെ ഈ പേരുകൾ നൽകിയതു് യാദൃശ്ചികമായാണു് എന്നു് കണക്കുകൂട്ടാൻ നിർവാഹമില്ല.

ഇനി കഥയിലേക്കു് കടക്കുമ്പോൾ പലതലത്തിൽ നിന്നുമുള്ള വായനയും അവയുടെ പുനർവായനകളും സാധ്യമാണു്. “പാർവതി എന്നിലേക്കു് കടന്നു വരുമ്പോൾ ഞങ്ങൾ ഇരുവർക്കും പതിനാറു വയസ്സായിരുന്നു. അവളുടെ വെളുത്തുതുടുത്ത വലിയ കണ്ണുകളും നീണ്ട ഇടതൂർന്ന മുടിയും എനിക്കു് ലഹരിയായിരുന്നു” എന്ന വാക്കുകളിലൂടെ പാർവതിയോടു് കഥാപാത്രത്തിൽ ഉണ്ടായിരുന്നതു് പ്രണയമായിരുന്നു എന്നു് മനസ്സിലാക്കാം. പാർവതിയോടു് ആഖ്യാതാവിനു് ഉണ്ടായിരുന്നതു് കേവലം മാനസികമായിട്ടുള്ള അടുപ്പം മാത്രമല്ല മറിച്ചു് “പാർവതിയുടെ കവിളിൽ ചൂണ്ടുവിരൽ കൊണ്ടു് തൊടാനും കണ്ണുകളിൽ ചുണ്ടമർത്താനും മിനുത്ത മുടിയിൽ തഴുകാനും നിഗൂഢമായ ഒരു ആവേശം എന്നിൽ നുരഞ്ഞു പൊന്തുന്നതു് പണിപ്പെട്ടാണു് ഞാൻ അടക്കിയിരുന്നതെ”ന്ന ആഖ്യാതാവിന്റെ വെളിപ്പെടുത്തൽ ശാരീരികവും ലൈംഗികവുമായ അടുപ്പത്തിലേക്കാണു് വിരൽചൂണ്ടുന്നതു്.

“ഭർത്താവാകാൻ എത്തിയ വെളുത്തുമെലിഞ്ഞ ചെറുപ്പക്കാരന്റെ കരുണ വഴിയുന്ന കണ്ണുകളും ചുവന്ന നേർത്ത ചുണ്ടുകളും” ആഖ്യാതാവിനെ ആകർഷിക്കുന്നു. സമൂഹത്തിന്റെ പൊതുബോധം മുന്നോട്ടുവയ്ക്കുന്ന പുരുഷസങ്കല്പങ്ങൾക്കു് പുറത്തുനിൽക്കുന്ന വ്യക്തിയെയാണു് ആഖ്യാതാവു് പങ്കാളിയായി തിരഞ്ഞെടുക്കുന്നതു്. ലൈംഗികവൈവിധ്യത്തെ ആൺ-പെൺ ദ്വന്ദ്വത്തെ മുൻനിർത്തി വിലയിരുത്തുന്ന “Hetero Normitivity” കഥാകൃത്തിനെയും സ്വാധീനിച്ചിട്ടുണ്ടെന്നു് കാണാം. ഭർത്താവുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും ഉണ്ണിയേട്ടൻ എന്ന കഥാപാത്രത്തിന്റെ മുന്നിൽ “ഒരു സ്ത്രീയായി ചൂളിപ്പോയെ”ന്നു് പരാമർശിക്കുകയും ചെയ്യുന്നതിനാൽ ബൈസെക്ഷ്വൽ[1] സമീപനമാണു് പ്രസ്തുത കഥാപാത്രത്തിനുള്ളതെന്നു് കാണാം. തന്റെ വാസ്തവികതകളെ അടക്കം ചെയ്തു് സമൂഹനിയമങ്ങളോടു് സമരസപ്പെടാൻ ശ്രമിക്കുകയാണു് ആഖ്യാതാവു്. പാർവതിയാകട്ടെ അതിനോടു് സ്വകാര്യമായി കലഹിക്കുകയുമാണു്.

images/Simone_de_Beauvoir.png
സിമോൺ ഡി ബുവോ

പാർവ്വതി എന്ന കഥാപാത്രം സ്വേച്ഛാപരമായി തീരുമാനങ്ങളെടുക്കുകയും ലൈംഗിക സ്വാതന്ത്ര്യം ആവോളം അനുഭവിക്കുകയും ചെയ്യുന്ന കഥാപാത്രമാണു്. പ്രണയത്തെപ്പറ്റിയോ വിവാഹത്തെ പറ്റിയോ ഉള്ള സ്വന്തം താല്പര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നതിനും മുമ്പേയാണു് പാർവതി വിവാഹിതയാകുന്നതെന്നു് കാണാം. എന്നാൽ പിന്നീടാകട്ടെ പങ്കാളികളുടെ എണ്ണം, പ്രായം, ബന്ധത്തിന്റെ സ്വഭാവം തുടങ്ങിയവയെ സംബന്ധിച്ച വ്യവസ്ഥാപിത സാമൂഹിക സങ്കൽപ്പങ്ങളെ പാർവതി നിശിതമായി അവഗണിക്കുന്നു. ഒരുപക്ഷേ, പാർവ്വതിയുടെ ഈ സമീപനത്തെ ഒരു പോളിഗമി[2] ബന്ധമായി വിലയിരുത്താൻ സാധിക്കും. ഈ അവസരത്തിൽ ഫ്രഞ്ച് തത്വചിന്തകയായ സിമോൺ ഡി ബുവോ യുടെ വാക്കുകൾ പ്രസക്തമാണു്. “വിവാഹം സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയെ നിരാശപ്പെടുത്തുന്നതിലൂടെ അവരുടെ വികാരങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും നിഷേധിക്കുകയും അവരെ വ്യഭിചാരത്തിലേക്കു് നയിക്കുകയും ചെയ്യുന്നു” ബുവോയുടെ ഈ നിർവചനത്തിൽ വ്യഭിചാരം എന്ന വാക്കിനെ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല (ബഹു. സുപ്രീംകോടതിയുടെ വിജ്ഞാപനം അനുസരിച്ചു് വ്യഭിചാരം എന്ന വാക്കിനു് പകരം വിവാഹേതരബന്ധം എന്നുപയോഗിക്കുന്നു). എന്നാൽ ഈ വാക്കുകളിലെ ആന്തരിക അർത്ഥത്തോടു് ചേർത്തുവയ്ക്കാവുന്ന കഥാപാത്രമാണു് പാർവ്വതി. പാർവതി തന്നെ പറയുന്നുണ്ടു് “രാമനാഥന്റെ കൈവിരലുകൾക്കു് എന്നും തണുപ്പായിരുന്നു. പാതിരാവിൽ ബോധം കെട്ടുറങ്ങുന്ന അവളെ ഉണർത്താതെയാണു് രാമനാഥൻ സ്വന്തം സുഖം കണ്ടെത്തിയിരുന്നതെന്നു്”. അസംതൃപ്തമായ ദാമ്പത്യത്തെ തിരസ്കരിക്കുന്നതിനും, തന്റെ യാഥാർഥ്യത്തെ തിരിച്ചറിയുന്നതിനുമുള്ള ശ്രമമായി വിവാഹേതര ബന്ധങ്ങളെ കാണാനുള്ള ശ്രമം ഉണ്ടായിവരുന്നുണ്ടു്. എന്നാൽ കുടുംബം എന്ന സ്ഥാപനത്തിനും ദാമ്പത്യത്തിനും ദമ്പതികളുടെ ലൈംഗികതയ്ക്കും വ്യക്തമായ പ്രാധാന്യവും നിയന്ത്രണവും ഏർപ്പെടുത്തുന്ന നമ്മുടെ സംസ്കാരത്തിനു് ഇത്തരം നിലപാടുകളോടു് പൊരുത്തപ്പെടാൻ ഇനിയും കാലമേറെ കഴിയേണ്ടതായി വരും. ഇന്ത്യയിലെ നീതിപീഠം വിവാഹേതര ലൈംഗിക ബന്ധത്തെ കുറ്റവിമുക്തമാക്കിയിട്ടുണ്ടു്. എന്നാൽ, വിവാഹമോചനത്തിനുള്ള കാരണമായി വിവാഹേതര ബന്ധത്തെ പരിഗണിക്കാമെന്നും പറയുന്നുണ്ടു്. നമ്മുടെ സമകാലിക സംസ്കാരം ദാമ്പത്യത്തിൽ monogamy എത്രത്തോളം പ്രധാനപ്പെട്ടതായി കാണുന്നുവെന്നു് ഇതിലൂടെ മനസ്സിലാക്കാം.

ഈ കഥയിൽ പ്രവർത്തിക്കുന്ന അധികാരഘടന ശ്രദ്ധേയമാണു്. പാർവതിയുടെ വിവാഹത്തിനു ശേഷം അവളുടെ കാര്യങ്ങളിൽ രാമനാഥന്റെ താല്പര്യങ്ങൾ സ്വാധീനിക്കുന്നതു് കാണാം. പാർവതി ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിക്കുമ്പോൾ രാമനാഥൻ അവളെ അനുഗമിക്കുന്നുണ്ടു്. തന്റെ ഭാര്യ തന്നാൽ സംരക്ഷിക്കപ്പെടേണ്ടവളാണെന്ന ബോധമാകാം അയാളുടെ പ്രേരണ. എന്നാൽ ഉണ്ണിയേട്ടൻ എന്ന കഥാപാത്രം രാമനാഥന്റെ ബന്ധുക്കളിൽ ഒരാളായതാവാം പിന്നീടു് അവളെ അനുഗമിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കു് രാമനാഥനെ എത്തിച്ചതു്. പാർവതിയുടെ സുഹൃത്തിന്റെ (ആഖ്യാതാവു്) കാര്യത്തിലും അവളുടെ കുടുംബത്തിൽ അധികാരം വഹിക്കുന്ന വ്യക്തി അവളുടെ അപ്പച്ചനാണെന്നു് കാണാം. അപ്പച്ചന്റെ തീരുമാനങ്ങൾ വിമർശനാതീതമാണെന്നും ഭയബഹുമാനങ്ങൾ അർഹിക്കുന്നതാണെന്നും തോന്നിപ്പിക്കുന്ന വിധമാണു് ആഖ്യാതാവു് അപ്പച്ചന്റെ “കൽപ്പന”യെപ്പറ്റി സൂചിപ്പിക്കുന്നതു്. തന്റെ വിവാഹത്തിൽ പാർവ്വതിയ്ക്കു് ലഭിക്കാതിരുന്ന നിർണയാവകാശം ആഖ്യാതാവിനും ലഭിക്കുന്നില്ലെന്നു് കാണാം. സ്വന്തം വിവാഹത്തെപ്പറ്റി സ്വയം നിർണ്ണയിക്കാൻ അവകാശമില്ലാത്ത ‘സ്ത്രീ’കളുടെ നിസ്സഹായാവസ്ഥകൾ ഈ കഥയിൽ കാണാം. പുരുഷാധിപത്യപരമായ സാമൂഹിക സംവിധാനത്തിൽ സ്വത്വം നഷ്ടപ്പെട്ടുപോയ സ്ത്രീയാണു് ആഖ്യാതാവെന്നു് കാണാം. വിവാഹാനന്തരം “ദാമ്പത്യത്തിന്റെ തിരക്കുകൊണ്ടും പിന്നെ ഗർഭത്തിന്റെ ആലസ്യം കൊണ്ടും തുടർന്നു് മാതൃത്വത്തിന്റെ ഉത്തരവാദിത്വം കൊണ്ടും” ആണു് ആഖ്യാതാവിനു് പാർവതിയെപ്പറ്റി അറിയാൻ കഴിയാതെ പോയതു്. സ്ത്രീ നിർവഹിക്കേണ്ടതായ കർത്തവ്യങ്ങളുടെ, പെണ്ണുത്തരവാദിത്വങ്ങളുടെ, നീണ്ട നിരയാണു് ആഖ്യാതാവിനെ തളർത്തുന്നതു്. പഠിച്ചുകൊണ്ടിരുന്ന ആഖ്യാതാവിന്റെ പഠനത്തെപ്പറ്റിയോ തൊഴിലിനെപ്പറ്റിയോ പിന്നീടു് സൂചനകളൊന്നുംതന്നെയില്ല. “പെണ്ണിന്റെ ബുദ്ധി തുരുമ്പെടുത്തുപോകാനുള്ളതാണെ”ന്നു് സരസ്വതിയമ്മ പറഞ്ഞതു് ഈ സാമൂഹിക യാഥാർഥ്യത്തെ മുന്നിൽക്കണ്ടാകണം.

പാർവതി ആഖ്യാതാവിനോടു് വെളിപ്പെടുത്തുന്ന വസ്തുതകളെ മുൻനിർത്തിയാണു് ആഖ്യാതാവു് ഉണ്ണിയേട്ടൻ എന്ന കഥാപാത്രത്തെ സന്ദർശിക്കുന്നതു്. അവിടെ ഉണ്ണിയേട്ടൻ സ്ഥാപിക്കാൻ ശ്രമിക്കുന്ന വസ്തുതകളാകട്ടെ പാർവതി പറഞ്ഞതിനു് വിരുദ്ധവുമാണു്. ഇരുവരുടെയും പ്രസ്താവനകളെ അവിശ്വസിക്കാനുള്ള കാരണങ്ങൾ ആഖ്യാതാവിനു് ലഭിക്കുന്നുണ്ടു്. വാസ്തവത്തെക്കുറിച്ചുള്ള ഈ ധാരണയില്ലായ്മ ആഖ്യാതാവിനോടൊപ്പം വായനക്കാരും അനുഭവിക്കുന്നു. കാഴ്ചപ്പാടുകൾ വ്യത്യസ്തമാകുന്നതിനനുസരിച്ചു് നിരവധി യാഥാർഥ്യങ്ങളും സത്യങ്ങളും ഉണ്ടാകുന്നുവെന്ന ഉത്തരാധുനിക കാഴ്ചപ്പാടു് (polyvocality) ഈ അനുഭവം മുന്നോട്ടുവയ്ക്കുന്നു. ഇവിടെ രണ്ടുകഥാപാത്രങ്ങളുടെയും പ്രസ്താവനകളിൽ സത്യത്തെ നിഷേധിക്കുകയല്ല, സത്യത്തിനു് പല മുഖങ്ങളുണ്ടാകാനുള്ള സാധ്യതയെ അംഗീകരിക്കുകയാണു് ചെയ്യുന്നതു്. അതുകൊണ്ടാണു് ആഖ്യാതാവു് ഉണ്ണിയേട്ടനും പാർവതിയും തമ്മിലുള്ള പ്രശ്നത്തിൽ വ്യക്തമായ നിലപാടെടുക്കാത്തതു്. എന്നാൽ, “ഒരു പെണ്ണിന്റെയും ഉറക്കത്തിനു് പോറലേൽപ്പിക്കാതെ ഒരു പുരുഷനും സ്വന്തം സുഖം കണ്ടെത്താൻ കഴിയില്ലെന്നു്” ഉറപ്പിക്കുന്നതിലൂടെ പാർവതി മുന്നോട്ടുവച്ച വാദത്തെ ആഖ്യാതാവു് തിരസ്കരിക്കുന്നുണ്ടു്.

എന്തുകൊണ്ടാണു് പാർവ്വതി ആഖ്യാതാവിന്റെ മനസ്സിൽ നിന്നും പടിയിറങ്ങി പോകുന്നതു്? ഇതു് കഥയിലെ പ്രധാന ചോദ്യമാണു്. ഈ പടിയിറക്കത്തെ രണ്ടുതരത്തിൽ നോക്കി കാണാം. പാർവ്വതിയ്ക്കു് സുഹൃത്തായ പെൺകഥാപാത്രത്തോടുള്ള ബന്ധം womance[3] ആയിരിക്കാം. എന്നാൽ ആഖ്യാതാവിനു് പാർവതിയോടുള്ളതു് സ്വകാര്യ പ്രണയമാണു്. ഈ വൈരുധ്യം ഇവർ തമ്മിലുള്ള ഇടപെടലുകളെ സ്വാധീനിച്ചിരിക്കാം. എങ്കിലും തന്റെ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കാൻ എക്കാലവും പാർവതി തിരഞ്ഞെടുത്തിരുന്നതു് ആഖ്യാതാവിനെയായിരുന്നു. പാർവതിയുടെ പ്രശ്നങ്ങൾക്കു് പരിഹാരം കണ്ടെത്താൻ ആഖ്യാതാവു് ശ്രമിക്കുമ്പോഴും തന്റെ യാഥാർഥ്യത്തെ പാർവ്വതിയ്ക്കുമുന്നിൽ തുറന്നുകാണിക്കാൻ അവർ ധൈര്യപ്പെട്ടിരുന്നില്ല. താൻ കടന്നുപോകുന്ന ഉദ്വേഗജനകമായ ജീവിതത്തെയും സാഹസങ്ങളെയും ആഖ്യാതാവുമായി പങ്കുവയ്ക്കുന്നതിലാണു് പാർവതി ശ്രദ്ധിക്കുന്നതു്. വൈകാരികവും വിചാരപരവുമായ വിനിമയമാണു് ഓരോ ബന്ധത്തിന്റെയും കാതൽ എന്നിരിക്കെ, ഇവിടെ പാർവതിയുടെ വിശേഷങ്ങൾ കേൾക്കുന്നതിനുള്ള കേവല ഇടമായി മാത്രമാണു് ആഖ്യാതാവിനെ പാർവതി ഉപയോഗിക്കുന്നതു്. രണ്ടു് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിൽ ഒരു വ്യക്തി വിചാരപരിസരം മാത്രം പ്രധാനപ്പെട്ടതാവുകയും മറ്റെയാൾ അപ്രസക്തമാവുകയും ചെയ്യുന്ന സാഹചര്യം ആ ബന്ധത്തിൽ നിന്നും ഇറങ്ങിപ്പോകാനുള്ള പ്രേരണയാവുക സ്വാഭാവികമാണു്. പാർവതിയെ മനസ്സിൽ നിന്നും പടിയിറക്കിവിട്ടതിനും കാരണമിതാകാം.

എന്നാൽ മറ്റൊരുതരത്തിൽ ചിന്തിച്ചാൽ, പ്രണയം, വിവാഹം എന്നീ സ്ഥാപനങ്ങളെ ലൈംഗികപ്രക്രിയയെ അടിസ്ഥാനമാക്കി നിർവചിച്ചിട്ടുള്ള സാമൂഹിക ക്രമത്തെ ആഖ്യാതാവു് പിന്തുടരാൻ ശ്രമിക്കുന്നതായി തോന്നുന്നു. പാർവതിയുടെ കണ്ണിൽ ജ്വലിച്ചിരുന്ന അഗ്നിനാളത്തെപ്പറ്റി ഒരു മുൻധാരണ ഉണ്ടാക്കിയെടുക്കാൻ ആഖ്യാതാവു് ശ്രമിക്കുന്നുണ്ടു്. പലപ്പോഴും ആ ധാരണ ശരിയാണെന്നതിൽ ആശ്വസിക്കുന്നുമുണ്ടു്. ഉണ്ണിയേട്ടനുമായി വിവാഹേതര ബന്ധമുണ്ടായിരുന്ന കാലത്തു് “തീവ്രമായ ഭാഷയിൽ” ഉണ്ണിയേട്ടനായി എഴുതിയിരുന്ന കത്തുകൾ പാർവതിയ്ക്കെതിരെ ഉപയോഗിക്കുമെന്നു് ഉണ്ണിയേട്ടൻ ഭീഷണിപ്പെടുത്തുന്നുണ്ടു്. പെൺലൈംഗികത എക്കാലവും ഒരു ‘സാമൂഹിക’വിഷയമായികണ്ടു് തന്റെ ലൈംഗിക ചോദനകൾ അടക്കിവയ്ക്കാനും രഹസ്യമായി സൂക്ഷിക്കാനും താൻ ബാധ്യസ്ഥയാണെന്നു് സ്ത്രീകളെ വിശ്വസിപ്പിക്കാൻ സമൂഹത്തിനാകുന്നു.

ഇവിടെ രണ്ടുതരത്തിൽ അവളുടെ മനസ്സിൽ നിന്നു് പാർവതി ഇറങ്ങിപ്പോകുന്നതിനെ അല്ലെങ്കിൽ ഇറക്കിവിടുന്നതിനെ വായിച്ചെടുക്കാൻ കഴിയും. അതിലൊന്നു് പാർവതിയുടെ മനസ്സിൽ തനിക്കു് സ്ഥാനമില്ല എന്നതു് കണ്ടു താനും അവളെ ഉപേക്ഷിക്കുന്നു എന്ന ഒരു തരത്തിലുള്ളതാണു് ഒന്നു്. പാർവ്വതി മൂന്നിലധികം പുരുഷന്മാരുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടുന്നതു താല്പര്യപ്പെടാത്ത അവൾ എന്ന കഥാപാത്രം തന്റെ മനസ്സിൽ നിന്നും പാർവ്വതിയെ ഇറക്കി വിടുന്നതാണു് മറ്റൊന്നു്. ഇങ്ങനെയാണെങ്കിൽ ഇതിനെ ഒരു രതി വൈകൃതമായി ചിത്രീകരിക്കാനുള്ള ശ്രമം ഇവിടെ കാണുന്നുണ്ടോ എന്നതു് സംശയാസ്പദമാണു്. സ്വവർഗ്ഗരതിയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പുരോഗമനപരമായി ചിന്തിക്കുന്ന ആഖ്യാതാവു് ഒരു സ്ത്രീ അവളുടെ ഭർത്താവിൽ നിന്നു മാത്രം ലൈംഗികതയും പ്രണയവും സ്വീകരിക്കണമെന്നുള്ള യാഥാസ്ഥിക ചിന്തയ്ക്കു് ഊന്നൽ നൽകുന്നതായി കാണുന്നു. അതായതു് യാഥാസ്ഥിതിക ചിന്തകളെ പൊളിച്ചെഴുതുമ്പോൾ പോലും അതേ യാഥാസ്ഥിതിയിലേക്കു് രചയിതാവു് ചായുന്നുണ്ടോ എന്നു തോന്നിപ്പോകുന്നു.

സഹായക സ്രോതസ്സുകൾ
  1. ഗ്രേസി, പടിയിറങ്ങിപ്പോയ പാർവതിയും മറ്റുകഥകളും, മാതൃഭൂമി ബുക്ക്സ്, 2013.
  2. ബഷീർ, എം. എം., മലയാളം ചെറുകഥ സാഹിത്യ ചരിത്രം, സാഹിത്യ അക്കാദമി, 2008.
  3. Simone de Beauvoir, The Second Sex, 1949.
കുറിപ്പുകൾ

[1] Bisexuality is a romantic or sexual attraction or behavior toward both males and females, or to more than one gender.

[2] The practice or custom of having more than one partner at the same time.

[3] Womance is a close but non-sexual, non-romantic relationship between two or more women.

ഹരികൃഷ്ണൻ കടമാൻകോട്
images/harikrishnan.jpg

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ കടമാൻകോടു് എന്ന ഗ്രാമത്തിൽ ജനനം. സർക്കാർ കലാലയം നെടുമങ്ങാടു് നിന്നും മലയാളത്തിൽ ബിരുദം നേടി. നിലവിൽ കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ രണ്ടാംവർഷ മലയാള ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണു്.

Colophon

Title: Padiyirangippoya Parvathi—Oru Utharadhunika Vayana (ml: പടിയിറങ്ങിപ്പോയ പാർവ്വതി—ഒരു ഉത്തരാധുനിക വായന).

Author(s): Harikrishnan Kadamancode.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Harikrishnan Kadamancode, Padiyirangippoya Parvathi—Oru Utharadhunika Vayana, ഹരികൃഷ്ണൻ കടമാൻകോട്, പടിയിറങ്ങിപ്പോയ പാർവ്വതി—ഒരു ഉത്തരാധുനിക വായന, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 15, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The lovers, a painting by Pietro della Vecchia (1602/1603–1678). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.