images/Afrikanischer_Maler.jpg
Felsmalerei in the Sahara, a painting by Afrikanischer Maler .
വലിയൊരു ആൽബം
ഇ. ഹരികുമാർ

മാഷ് അപ്പോഴും അന്തം വിട്ടു് നിൽക്കുകയാണു്. മുഖത്തുനിന്നു് കുറച്ചുമുമ്പുണ്ടായ ഞെട്ടലിന്റെ അന്ധാളിപ്പു് മാഞ്ഞുപോയിട്ടില്ല.

എനിക്കു കലശലായി ദേഷ്യം പിടിച്ചുവെന്നു് മാസ്റ്റർക്കു് മനസ്സിലായി. അദ്ദേഹം അപ്പോഴും എന്തോ പിറുപിറുക്കുകയാണു്, ക്ഷമാപണത്തോടെ. ‘ഞാൻ അറിഞ്ഞില്ല ദാസൻ …’

ഒരാഴ്ചയായി ആന്റണി മാസ്റ്റർ എന്റെ അടുത്തു് വന്നു കൂടിയിട്ടു്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം എന്നിൽ അടിച്ചേൽപ്പിക്കുകയാണുണ്ടായതു്. പെട്ടെന്നൊരു രാവിലെയാണദ്ദേഹം കയറി വന്നതു്. ഒരു ചെറിയ സൂട്ട്കേസും കുടയുമായി ആന്റണി മാസ്റ്റർ വാതിൽക്കൽ നിൽക്കുന്നു. ഞാൻ ഓഫീസിൽ പോകാനായി വാതിൽ തുറന്നപ്പോൾ മാസ്റ്റർ കുത്തനെ നിൽക്കുകയാണു്. എന്നെ കണ്ടപ്പോൾ ആ മുഖം വികസിച്ചു.

‘ആ, അപ്പൊ ഇതന്ന്യാണല്ലെ ദാസന്റെ വീടു്. ഞാൻ സംശയിച്ചു നിക്ക്വായിരുന്നു.’

‘അപ്പൊ, മാസ്റ്റർക്കു് ബെല്ലടിക്കായിര്ന്നില്ല്യേ?’

‘എങ്ങിന്യാടോ നല്ല ഒറപ്പില്ലാതെ ഒരു വീട്ടിലു് കേറി ബെല്ലടിക്ക്യാ? ഇതു് ദാസന്റെ വീടല്ലെങ്കിലോ?’

‘മാഷ് എപ്പഴെ വന്നതു?’

‘ഒരു മണിക്കൂറായി. അകത്ത്ന്നു് ഒച്ചിം അനക്കും ഒന്നുംല്ല്യ. അപ്പങ്ങനെ സംശയിച്ചു് നിൽക്കുമ്പഴാ താൻ വാതിൽ തുറന്നതു്.’

വല്ലാത്തൊരു മനുഷ്യൻ. എനിക്കു് അല്പം ദേഷ്യവും വന്നു. ഒരു മണിക്കൂർ. ഞാൻ കുളിയും പ്രാതലും ഒക്കെ കഴിച്ചു് പത്രത്താളുകളിൽ ആദ്യവായനയിൽ ഒളിച്ചുകിടന്ന വല്ല വാർത്തയുമുണ്ടോ എന്നു പരതി സമയം കളയുകയായിരുന്നു. അപ്പോൾ ബെല്ലടിച്ചിരുന്നെങ്കിൽ മാസ്റ്റർ വന്ന കാര്യം ചോദിച്ചു് സമയത്തിനു തന്നെ ഓഫീസിൽ പോകാമായിരുന്നു.

ഞാൻ മുമ്പിൽ നിൽക്കുന്ന വയസ്സനെ നോക്കി. എഴുപതിനു മീതെ പ്രായമായിട്ടുണ്ടാവും. മെലിഞ്ഞു് നീണ്ട രൂപം. ചുളിഞ്ഞ മുഖവും കഴുത്തും. നാൽപ്പതു കൊല്ലം മുമ്പു്, വരിവരിയായി നിരന്നു നിൽക്കുന്ന കുട്ടികളുടെ മുമ്പിൽ വച്ചു് ഡ്രിൽ അഭ്യസിപ്പിക്കുന്ന ചെറുപ്പക്കാരന്റെ രൂപം എന്റെ മനസ്സിൽ ആവാഹിക്കാൻ കഴിഞ്ഞില്ല.

‘വരൂ’ മാസ്റ്റർ നിലത്തുവച്ച സൂട്ട്കേസ് എടുക്കാൻ കുനിഞ്ഞുകൊണ്ടു് ഞാൻ പറഞ്ഞു.

‘ഏയ് ’ എന്നെ തടഞ്ഞുകൊണ്ടു് അദ്ദേഹം പറഞ്ഞു. ‘താൻ ബുദ്ധിമുട്ടണ്ടടോ. അതൊക്കെ എടുക്കാന്ള്ള ആരോഗ്യം എനിക്കു് ഇപ്പൊണ്ടു്. ഒന്നുംല്ലെങ്കിലു് തന്ന്യൊക്കെ ഡ്രില്ലെടുപ്പിച്ച മാഷല്ലെ?’

ലതിക സാധാരണപോലെ മുഖം അല്പം കനപ്പിച്ചു് നിൽക്കുകയാണു്. മാഷും ഞാനും തമ്മിലുണ്ടായ സംവാദം ആയമ്മ കേട്ടിരിക്കുന്നു. മാസ്റ്റർ കയ്യിലേന്തിയ സൂട്ട്കേസും അവൾ കണ്ടിരുന്നു. പെട്ടിയും കിടക്കയുമായി വരുന്ന അതിഥികളെ അവൾക്കു് വലിയ പ്രിയമില്ല.

‘എന്താ അറിയ്യോ?’ മാസ്റ്റർ ചോദിച്ചു.

ലതിക ചിരിച്ചെന്നു വരുത്തി.

‘ഞാൻ നിങ്ങടെ കല്ല്യാണത്തിനു് കണ്ടതാണു്. ഓർമ്മണ്ടോന്നെ? ഓർമ്മയുണ്ടെന്നു് ലതിക തലയാട്ടി. ഞങ്ങളുടെ കല്ല്യാണത്തിനു ശേഷവും മാസ്റ്ററെ കണ്ടിട്ടുണ്ടു്. എന്റെ രണ്ടനുജന്മാരുടെയും അനുജത്തിയുടെയും കല്ല്യാണത്തിനു് മാസ്റ്റർ വന്നിരുന്നു. അതൊന്നും അദ്ദേഹത്തിനു് ഓർമ്മയില്ല.

‘അല്ല, മാഷ് വന്നതെന്തിനാന്നു് പറഞ്ഞില്ലല്ലോ.’

‘നിങ്ങളെയൊക്കെ ഒന്നു് കാണാൻന്നു് വച്ചോ.’ മാസ്റ്റർ ചിരിച്ചുകൊണ്ടു് പറഞ്ഞു. ‘അതല്ലെടൊ, എറണാകുളത്തു് വച്ചാണു് ആൾ കേരള അത്ലെറ്റ്സ് മീറ്റ് നടത്തണതു്. നാളെത്തൊട്ടാണതു്. ഞാനാണു് ഒരു ജഡ്ജി. ഒരാഴ്ചത്തെ പരിപാടിയാണു്.’

മാസ്റ്റർക്കു പിന്നിൽ നിന്ന ലതിക തലയിൽ കൈവച്ചു.

‘എന്റെ അരുമ ശിഷ്യനാണു് കേട്ടോ.’ മാസ്റ്റർ ലതികയോടു് പറഞ്ഞു. പിന്നെ തിരിഞ്ഞു് എന്നോടു്. ‘തനിക്കോർമ്മണ്ടോന്നറീല്ല്യ. ഒരു ദിവസം കളിക്കുമ്പോ താൻ വീണു് കാലിനു് ഫ്രാക്ചറായതു? അന്നു് തന്നെ തോളിലിട്ടു് മൂന്നു് കിലോമീറ്റർ ദൂരം ആശുപത്രിയിലേയ്ക്കു് നടന്നിട്ട്ണ്ടു് ഞാൻ.’

‘ഓർമ്മണ്ടു്.’ ഞാൻ പറഞ്ഞു. ‘ലതികേ ചായയുണ്ടാക്കൂ.’

‘മാഷ് ചായ കുടിച്ചു് കുളിച്ചു് വിശ്രമിക്കു. ഞാൻ ഓഫീസിൽ പോയിട്ടു് നേരത്തെ വരാൻ നോക്കാം. ഏതായാലും മാഷ് കൊറച്ചു് ദിവസം ഇവ്ടെണ്ടാവൂലോ.’

‘ഞാനിവിടെ ഒരാഴ്ചണ്ടാവും ദാസാ. തനിക്കു് ലീവെടുക്കാൻ പറ്റ്വോ? വി. ഐ. പി. പാസുണ്ടു്.’

‘ഒരു രക്ഷയുമില്ല. നല്ല തിരക്കുള്ള സമയാ.’

ഓഫീസിൽ ജോലിയിൽ മുഴുകി ഞാൻ മാസ്റ്ററുടെ കാര്യംതന്നെ മറന്നിരുന്നു. വൈകുന്നേരം തിരിച്ചു് വീട്ടിലെത്തിയപ്പോഴാണു് ഞാൻ മറന്നിട്ട മാഷെ ഓർമ്മ വന്നതു്. ശരിക്കു പറഞ്ഞാൽ ഗെയ്റ്റു കടക്കുമ്പോൾ. മാഷ് പക്ഷേ, വീട്ടിലുണ്ടായിരുന്നില്ല. മാത്രമല്ല എനിക്കു് നേരിടേണ്ടി വന്നതു് അത്രതന്നെ മയത്തിലല്ലാത്ത ഒരു ഭാര്യയെയാണു്.

‘എന്തു പറ്റീ?’

‘ഒന്നും പറയണ്ട, ഞാൻ നാളെത്തന്നെ വീട്ടീപ്പോവ്വാണു്.’

‘എന്തു പറ്റീ, പറ.’

‘എന്നെ കൊല്ലാതെ കൊന്നു ആ മനുഷ്യൻ. രാവിലെ തൊട്ടു് ഉച്ചക്കു് ഊണു കഴിക്കണവരെ. അതു കഴിഞ്ഞു് എന്റെ ഭാഗ്യംകൊണ്ടു് ഉറങ്ങാൻ കിടന്നു. നിങ്ങളുടെയൊക്കെ കുട്ടിക്കാലം, മാഷടെ വീരപരാക്രമങ്ങള് ഒക്കെ പറയ്യായിരുന്നു. എല്ലാം കഴിഞ്ഞപ്പോഴുണ്ടു് രണ്ടു് വലിയ ആൽബം പുറത്തെടുക്കുണു. പിന്നെ പറയണ്ട. ഓരോ ഫോട്ടോവും ആരുടെയാണു്, എടുക്കാനുണ്ടായ കാരണങ്ങൾ, അതിൽ ആരൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടു്, ആരൊക്കെ മരിച്ചു, ജീവിച്ചിരിക്കന്നവരു് ഇപ്പോ എന്തു ചെയ്യുന്നു, എല്ലാം വിശദമായി പറയ്യാണു്. ഇനി ഒരു ദിവസം ആ മനുഷ്യൻ ഇവിടെ താമസിക്ക്യാണെങ്കിലു് ഞാൻ ആത്മഹത്യ ചെയ്യും. എനിക്കെന്തു് താൽപര്യാണ്ള്ളതു് ഇതൊക്കെ സഹിക്കാൻ?’

‘മാഷ് ഒരു ശുദ്ധനാണു്’ ഞാൻ പറഞ്ഞു. ‘ഞങ്ങടെ വീട്ടിലു് നിത്യ സന്ദർശകനായിരുന്നു. അച്ഛനെയും വലിയ ഇഷ്ടായിരുന്നു. സ്വന്തം അച്ഛനെപ്പോലെയാന്നാ പറയാറ്.’

‘എന്നിട്ടു് അച്ഛന്റെയും നിങ്ങള് മക്കള്ടെയും ഫോട്ടോ ഒന്നും അതിൽ കണ്ടില്ലല്ലോ. എങ്കിൽ ഒരു സമാധാനമായേനേ. നിങ്ങളൊക്കെ അതേ സ്കൂളിൽ പഠിച്ചവരല്ലെ?’

കാര്യം കുറച്ചു് ഗൗരവമാണു്. അവൾ പിണങ്ങിയാൽ, പിന്നീടു് എപ്പോഴെങ്കിലും ഞാൻ കൊണ്ടുവരുന്ന അതിഥികൾക്കു് അവൾ വിലക്കു കല്പിക്കും.

‘സാരംല്ല്യ കുട്ടീ, വയസ്സായ മനുഷ്യനല്ലെ. എന്റെ ഗുരുനാഥനുമാണു്. പിന്നെ നാളെത്തൊട്ടു് മാഷ് നേരത്തെ സ്റ്റേഡിയത്തിൽ പോവും, പിന്നെ വൈകീട്ടെ തിരിച്ചുവരൂ. ഞാൻ ഉറപ്പു തരുണു ഇനി പ്രശ്നംണ്ടാവില്ല. ആട്ടെ എങ്ങട്ടാ മാഷ് പോയതു?’

‘എനിക്കറീല്ല. ഞാനൊന്നു് കറങ്ങി വരാംന്നു് പറഞ്ഞു് ഇറങ്ങീതാ. ഞാൻ ഗുരുവായൂരപ്പനു് ഒരു പുഷ്പാഞ്ജലി നേർന്നിട്ട്ണ്ടു്. അടുത്ത പ്രാവശ്യം ഗുരുവായൂരിൽ പോമ്പ അതു നടത്തണം.’

‘എന്തിനു്?’

‘മാഷെ എന്റെ തലേന്നു് ഒഴിവാക്കാൻ.’

കുറച്ചു് ക്രൂരമായിപ്പോയി. എനിക്കു് ഗുരുവായൂരപ്പനെ അത്രകണ്ടു് വിശ്വാസമില്ല. ഒരു ഭക്ത നേർന്ന കാര്യം ശരിയാക്കാൻ മൂപ്പരു് എന്തെങ്കിലുമൊക്കെ ചെയ്തേക്കും. മാഷ്ക്കൊന്നും പറ്റാഞ്ഞാൽ മതിയായിരുന്നു.

വാതിൽക്കൽ ബെല്ലടിച്ചു. മാസ്റ്റർ തന്നെയായിരുന്നു.

‘ഞാനൊന്നു് കറങ്ങാൻ പോയതാടോ.’ അകത്തു കയറി ഇരുന്നുകൊണ്ടു് മാസ്റ്റർ പറഞ്ഞു. ‘ടൗണൊക്കെ ഒന്നു് ചുറ്റി. സ്റ്റേഡിയത്തിലേയ്ക്കു് എങ്ങിന്യാ നടന്നു് പോവ്വാന്നൊക്കെ മനസ്സിലാക്കി.’

‘അപ്പൊ മാഷ് സ്റ്റേഡിയംവരെ നടന്നുപോയോ?’ ഞാൻ ചോദിച്ചു. കടവന്ത്രയിൽനിന്നു് കലൂർ സ്റ്റേഡിയത്തിലേയ്ക്കു് കുറച്ചധികം ദൂരമുണ്ടു്.

‘നടത്തൊക്കെ നമുക്കു് പ്രാക്ടീസല്ലെടോ. എന്നും അഞ്ചു് കിലോമീറ്റർ നടക്കും.’ പിന്നെ സ്വകാര്യമായി ചെവിയിൽ പറഞ്ഞു. ‘അതാണടോ എന്റെ ആരോഗ്യത്തിന്റെ രഹസ്യം.’

ലതിക ചായ കൊണ്ടുവന്നു. അതു കുടിച്ചുകൊണ്ടു് മാസ്റ്റർ പറഞ്ഞു. ‘ഞാനെന്റെ ആൽബം തന്റെ ഭാര്യക്കു് കാണിച്ചു കൊടുത്തു. ഈ ചായ കുടിച്ചുകഴിഞ്ഞിട്ടു് നമുക്കതെടുക്കാം.’

ഭഗവാനെ! ഞാൻ അദൃശ്യമായി തലയിൽ കൈവച്ചു. നാലഞ്ചു തവണ കണ്ട ആൽബമാണതു്. ഓരോ തവണയും ഓരോ ചിത്രത്തിന്റെ പിന്നിലുമുള്ള ചരിത്രം…

അപകടങ്ങൾ വരുന്ന വഴികൾ! ഇതൊന്നും ആരും മുൻകൂട്ടി കാണാറില്ല. ഇനി കണ്ടാൽത്തന്നെ എന്തു ചെയ്യാനാണു് ?

പഴക്കംകൊണ്ടു് ചാരനിറമാർന്ന ഫ്രെയിമുകളിൽനിന്നു് ഓരോ പൗരാണികർ ഇറങ്ങിവന്നു. സുമുഖനായ ആന്റണി മാസ്റ്റർ, ഒപ്പം പഠിപ്പിച്ച മറ്റു അദ്ധ്യാപകർ. എനിക്കവരുടെ രൂപം ഇപ്പോൾ ഓർമ്മിച്ചെടുക്കാം. എന്നെ സ്നേഹിച്ചവർ, ഉപദ്രവിച്ചവർ. ആന്റണി മാസ്റ്ററുടെ ചിത്രങ്ങൾ നിറയെയുണ്ടു് ആൽബത്തിൽ. പല അവസരങ്ങളിലായി എടുത്തതു്. കല്യാണഫോട്ടോ, മാസ്റ്ററുടെ കുട്ടികളുടെ ഫോട്ടോകൾ. ഒരു ഏടെത്തിയപ്പോൾ മാസ്റ്റർ ചോദിച്ചു. ‘ഇതാര്ടെ ഫോട്ടോ ആണെന്നറിയ്യോ?’

എനിക്കറിയാം. രാജശേഖരൻ സ്കൂളിൽ എന്റെ രണ്ടു കൊല്ലം സീനിയറായിരുന്നു. ഇപ്പോൾ എറണാകുളത്തുതന്നെയുണ്ടു്. വല്ലപ്പോഴും കാണാറുമുണ്ടു്.

‘ഈ തൃപ്പൂണിത്തുറാന്നു് പറയണ സ്ഥലം ദൂരെയാണോ? അവിട്യാണു് രാജശേഖരൻ താമസിക്കണതു്.’

‘വലിയ ദൂരംല്ല്യ. അര മണിക്കൂർ ബസ്സിലിരുന്നാൽ മതി.’ ഞാൻ പറഞ്ഞു. എന്തുകൊണ്ടോ എനിക്കു് രാജശേഖരനെപ്പറ്റി സംസാരിക്കാൻ തോന്നിയില്ല. കൈപ്പുള്ള അനുഭവങ്ങളാവാം കാരണം. ഒന്നിലധികം തവണ അയാൾ എന്റെ കുതികാൽ വെട്ടാൻ ശ്രമിച്ചിട്ടുണ്ടു്.

ആൽബത്തിന്റെ ഏടുകൾ മറഞ്ഞു. പെട്ടെന്നു് ഞാൻ ലതിക പറഞ്ഞതോർത്തു. ഇത്രയധികം സ്നേഹമുള്ള മാഷടെ ആൽബത്തിലു് നിങ്ങടെ ആര്ടേം ഫോട്ടോ ഇല്ലല്ലോ. ശരിയാണു്. ഒരൊറ്റ ഫോട്ടോ ഇതുവരെ കണ്ടില്ല. പെട്ടെന്നു് ഒരു ഗ്രൂപ്പു ഫോട്ടോ കാണിച്ചുകൊണ്ടു് മാസ്റ്റർ ചോദിച്ചു.

‘ഇതാരാണെന്നറിയ്യോ?’

ഒരു നാടകാവതരണത്തിനു ശേഷം എടുത്ത ഫോട്ടോ ആണതു്. എല്ലാവരും കഥാപാത്രങ്ങളുടെ വേഷങ്ങളിൽ. അറിയുന്ന മുഖങ്ങൾക്കു വേണ്ടി ഞാൻ പരതി. ഇരുപതാം വയസ്സിൽ ഞാൻ നാടു വിട്ട ശേഷം അവിടുത്തെ വായനശാല അരങ്ങേറിയ നാടകമാണതു്.

‘മനസ്സിലായില്ലാ അല്ലേ?’

ഇല്ലെന്നു ഞാൻ തലയാട്ടി.

‘ഇതു തന്റെ അച്ഛനാണെടോ. ഒരു സ്കൂൾ മാസ്റ്ററുടെ വേഷത്തിൽ. താട്യൊക്കെ വച്ചതോണ്ടു് തനിക്കു് മനസ്സിലാവാത്തതാ. ഞാനാണു് മേക്കപ്പ് ചെയ്തതു്.’

അപ്പോൾ അച്ഛന്റെ ഒരു ഫോട്ടോവെങ്കിലും മാസ്റ്ററുടെ ആൽബത്തിലുണ്ടു്. ഏടുകൾ മറിഞ്ഞു. മാസ്റ്റർ പറഞ്ഞു.

‘ഇതാ ഈ പേജു മുഴുവൻ രാജശേഖരനു വേണ്ടി ഒഴിച്ചിട്ടിരിക്ക്യാണു്. ഇനി അയാള്ടെ കുടുംബത്തിന്റെ ഗ്രൂപ്പു ഫോട്ടോ കൂടി വേണം.’

രാജശേഖരൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയായി, പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയായി, സ്കൂൾ വാർഷികത്തിലെ പ്രാസംഗികനായി, നാടകത്തിൽ പെൺവേഷമായി, ശരിക്കുള്ള ജീവിതത്തിൽ ടൈ കെട്ടി മെഡിക്കൽ റെപ്പായി, ഏറ്റവും അവസാനം കല്യാണഫോട്ടാവിൽ വരനായി, വിവിധ റോളുകളിൽ പ്രത്യക്ഷപ്പെടുന്നു. ആ പേജിൽ ഒരു ഫോട്ടോവിനുള്ള സ്ഥലം മാത്രമേ ബാക്കിയുള്ളൂ. ആ സ്ഥലമാണു് ആന്റണി മാസ്റ്റർ, രാജശേഖരന്റെ കുടുംബഫോട്ടോവിനു വേണ്ടി ഒഴിച്ചിട്ടിരിക്കുന്നുതു്. അതോടെ ആ ഏടു പൂർണമാകുന്നു.

എന്തുകൊണ്ടോ ഞാൻ സ്കൂൾ ദിനങ്ങളെപ്പറ്റി ഓർത്തു. സ്കൂളിൽ കണിശക്കാരനായ മാസ്റ്റർ ഞങ്ങളുടെ വീട്ടിൽ വന്നാൽ നേരെ മറിച്ചാവുന്നു. അച്ഛനു് മാസ്റ്ററെ ഇഷ്ടമാണു്. മാസ്റ്റർ എന്നോടു് ഇടക്കിടക്കു പറയും. ‘എടോ, താൻ എന്റെ അനുജനാണു്. അച്ഛന്റെ മൂത്ത മകൻ ഞാനാണു്.’ സാരമില്ല. മൂത്ത മകനെന്ന സ്ഥാനം ഒഴിഞ്ഞു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു, ഡ്രിൽ സമയത്തു് ചില ഇളവുകൾ അനുവദിച്ചിരുന്നുവെങ്കിൽ. പക്ഷേ, ഡ്രിൽ സമയത്തു് മാസ്റ്റർ ഒരു പ്രത്യേക മനുഷ്യനാണു്. ഒരിക്കൽ എന്നെ ഇട്ടു് ഫുട്ബാൾ ഗ്രൗണ്ടിനു ചുറ്റും രണ്ടുതവണ ഓടിച്ചിട്ടുണ്ടു്.

ഞായറാഴ്ചയാണു് അത്ലെറ്റ്സ് മീറ്റ് കഴിയുന്നതു്. വൈകീട്ടു് നാലരയോടെ വീട്ടിൽ തിരിച്ചെത്തിയ മാസ്റ്റർ പറഞ്ഞു.

‘എടോ ഞാൻ രാജശേഖരനെ ഫോണിൽ വിളിച്ചിരുന്നു. അയാളെ ഒന്നു് കാണണം.’

ഞാൻ ഒന്നും പറയാതെ ഇരുന്നു. ഇന്നുകൂടിയല്ലെ ഉള്ളൂ എന്ന ആശ്വാസത്തിലാണു് ഞാൻ. രാജശേഖരന്റെ വീട്ടിൽ പോയാലും തിരിച്ചു് ഇങ്ങോട്ടു തന്നെ വരും. രാവിലത്തെ ഏതെങ്കിലും വണ്ടിയിൽ പോകാമെന്നാണു് മാസ്റ്റർ പറഞ്ഞിരുന്നതു്.

‘എടോ താൻ വരുന്നോ എന്റെ കൂടെ?’

‘ഇല്ല, മാഷ് പോയിവരൂ.’

‘എന്താണെടോ ഒരു വലിയ സാഹിത്യകാരനെ ഇടക്കൊന്നു് കാണണതു് നല്ല കാര്യല്ലെ? അയാള് രണ്ടു പുസ്തകം എഴുതീട്ട്ണ്ടു്; തനിക്കറിയ്യോ?’

‘അറിയാം’ ഞാൻ പറഞ്ഞു. ഒന്നു് ഒരു ചെറുകഥാസമാഹാരമാണു്. ചെറുകഥാ സംഹാരമെന്നു പറയുന്നതാവും കൂടുതൽ ഭംഗി. രണ്ടാമത്തേതു് ഒരു നോവലാണു്.

‘അയാള് നന്നായിട്ടെഴുതും.’ മാസ്റ്റർ പറഞ്ഞു. ‘സ്കൂളിലു് കഥാമത്സരത്തിനു് ഫസ്റ്റ് പ്രൈസ് ഒക്കെ കിട്ടീട്ട്ണ്ടു്.’

ഞാൻ ഓർത്തു. സ്കൂൾ വിട്ടശേഷം ഞാൻ മാസ്റ്ററെ അധികമൊന്നും കണ്ടിട്ടില്ല. ജോലി അന്വേഷിച്ചു് ബോംബെയിൽ പോയി. ഇടക്കു് നാട്ടിൽ വരുമ്പോൾ ഒന്നു് കാണും. അത്ര മാത്രം. പിന്നെ മാസ്റ്റർ റിട്ടയർ ചെയ്ത ശേഷം രണ്ടോ മൂന്നോ തവണയെ കണ്ടിട്ടുള്ളൂ. ഒരിക്കൽപ്പോലും മാസ്റ്റർ എന്റെ സാഹിത്യ ജീവിതത്തെക്കുറിച്ചു് സംസാരിച്ചിട്ടില്ല. എന്റെ ഒരൊറ്റ പുസ്തകത്തെപ്പറ്റി പറഞ്ഞിട്ടില്ല. വായിച്ചിട്ടില്ലെന്നു സ്പഷ്ടം. എനിക്കു കിട്ടിയ പുരസ്കാരങ്ങൾ… മാസ്റ്റർ അവയെപ്പറ്റിയൊന്നും പറഞ്ഞുകേട്ടിട്ടില്ല. മറിച്ചു് ഓരോ വട്ടം എന്നെ കാണുമ്പോഴും രാജശേഖരന്റെ സാഹിത്യ ജീവിതത്തെക്കുറിച്ചു് വാനോളം പ്രശംസിക്കാറുമുണ്ടു്. ഞാൻ പറഞ്ഞു.

‘മാഷേ ഞാനൊരു കാര്യം ചോദിക്കട്ടെ.’

‘എന്തിനാടോ അവതരണൊക്കെ.’

‘അല്ലാ, ഞാൻ കഥയും നോവലുമൊക്കെ എഴുതുന്നുണ്ടെന്നു് മാഷ്ക്കറിയാമോ?’

‘താൻ സ്കൂൾ മാസികേലൊക്കെ എഴുതിയിരുന്നു അല്ലെ? തന്റെ അച്ഛൻ നാടകൊക്കെ എഴുതീട്ടണ്ടു്. താൻ അങ്ങിനെ ഒന്നും എഴുതിയതായി അറിയില്ല.’

‘ഞാനും അത്യാവശ്യമൊക്കെ എഴുതീട്ട്ണ്ടു്. ഒമ്പതു് ചെറുകഥാ സമാഹാരങ്ങൾ, നാലു് നോവലുകൾ. സാഹിത്യ അക്കാദമി അവാർഡടക്കം മൂന്നു് അവാർഡുകൾ കിട്ടിയിട്ട്ണ്ടു്. എന്റെ കഥകളും നോവലുകളും ഒരുമാതിരി എല്ലാ വാരികേലും വരാറുണ്ടു്. എന്നിട്ടും മാഷ്ക്കറിയില്ല ഞാൻ കഥയെഴുതാറുണ്ടോന്നു്. ആകെ രണ്ടു പുസ്തകം മാത്രം എഴുതീട്ട്ള്ള രാജശേഖരൻ, മാഷടെ കണ്ണിൽ വലിയ സാഹിത്യകാരനാണു്. ഒരു മാതിരി നിലവാരംള്ള വാരികേലൊന്നും അയാള്ടെ കഥ വന്നിട്ടില്ല. ഒരു അവാർഡും കിട്ടീട്ടില്ല. എന്നിട്ടും മാഷ്ക്കു് അയാളൊരു വലിയ സാഹിത്യകാരൻ. എന്നെ ഒരു സാഹിത്യകാരനായി അറിയുംല്ല്യ, അല്ലേ?’

മാഷ് സ്തബ്ധനായി ഇരിക്കുകയാണു്. അവസാനം വിക്കിവിക്കിക്കൊണ്ടു് പറഞ്ഞു.

‘താൻ ഒരു സാഹിത്യകാരൻ… ഞാൻ ശരിക്കും അറിയില്ല ദാസൻ…’

മാസ്റ്ററുടെ മുഖത്തു് അമ്പരപ്പു്, ജാള ്യത. എനിക്കു് ദ്വേഷ്യം പിടിച്ചിരുന്നു. ഞാൻ തുടർന്നു.

‘നാട്ടിലുള്ളപ്പോൾ എന്നും വരാറുള്ളതാണു് മാഷ് ഞങ്ങടെ വീട്ടിലു്. അച്ഛന്റെ മൂത്ത മകനാണെന്നു് എപ്പോഴും പറയാറുമുണ്ടു്. എന്നിട്ടും ഞങ്ങളുടെ ആരുടെയെങ്കിലും ഫോട്ടോ മാഷടെ ആൽബത്തിൽ കണ്ടില്ലല്ലോ. അച്ഛന്റെ ഫോട്ടോതന്നെ കണ്ടാൽ മനസ്സിലാവാത്ത പ്രഛന്നവേഷത്തിലും. മറിച്ചു് രാജശേഖരന്റെ ഫോട്ടോ നിറച്ച ഒരു ഏടുതന്നെണ്ടു് മാഷടെ ആൽബത്തിലു്. ഇനിയും ഫോട്ടോവിനു് വേണ്ടി സ്ഥലമൊഴിച്ചിട്ടിരിക്കുന്നു.’

മാസ്റ്റർ തലകുനിച്ചിരിക്കയാണു്.

‘ഇവിടെ ഒരാഴ്ച വന്നു് താമസിക്കാൻ തെരഞ്ഞെടുത്തതു് രാജശേഖരന്റെ വീടല്ലല്ലോ.’ ഞാൻ തുടർന്നു. ‘വന്ന ദിവസംതന്നെ മാഷ് ഈ രണ്ടു് ആൽബങ്ങളും ലതികയെ കാണിച്ചു. ഓരോ ഫോട്ടോവിന്റെയും പിന്നിലുള്ള ചരിത്രം പറഞ്ഞു് അവളെ ബോറടിപ്പിച്ചു. അവൾക്കു് എന്തു താല്പര്യാണ്ള്ളതു് കണ്ടോന്റെ ഫോട്ടോ കണ്ടു് ആരൊക്കെയാണെന്നറിയാൻ. മാഷ് ഒരു കാര്യം മനസ്സിലാക്കണം, എല്ലാവർക്കും അവനവന്റെ ആൾക്കാര്ടെ ഫോട്ടോ കാണാനേ താല്പര്യണ്ടാവൂ. ഇത്രേം ഫോട്ടോവിന്റെ എടേലു് എന്റെ ഒരു ഫോട്ടോവെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവൾക്കു് സമാധാനായേനേ. അതു ചോദിച്ചു വാങ്ങാനോ വെക്കാനോ മാഷ്ക്കു് തോന്നീല്ല്യ. ഇതിനൊക്കെ മാഷ്ക്കു് എന്തു മറുപടിയാണ്ള്ളതു?’

മാഷ് അപ്പോഴും ഞെട്ടലിലായിരുന്നു. എന്റെ വായിൽനിന്നു് ഇതൊന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. അതിനേക്കാൾ ഒരു പക്ഷേ, വിഷമമായതു് ഇങ്ങിനെ ഒരു വീഴ്ച തന്റെ ഭാഗത്തുനിന്നു് എങ്ങിനെ വന്നു എന്നതിലായിരിക്കണം.

ഞാൻ എഴുന്നേറ്റു പോയി. അകത്തു് എല്ലാം ശ്രദ്ധിച്ചുകൊണ്ടു് ലതിക നിന്നിരുന്നു. പറഞ്ഞതു് നന്നായിയെന്നു് അവളുടെ മുഖത്തുണ്ടു്. അകത്തെ മുറിയിൽ കട്ടിന്മേലിരുന്നു് ഒരു പുസ്തകം വായിക്കുകയാണെന്ന മട്ടിലിരുന്ന എനിക്കു് പക്ഷേ, വിഷമമായി. മാസ്റ്ററുടെ അന്ധാളിപ്പുള്ള മുഖം എന്നെ അലട്ടിത്തുടങ്ങി. പത്തെഴുപതു കഴിഞ്ഞ മനുഷ്യനാണു്. ഞങ്ങളെക്കുറിച്ചെല്ലാം നല്ല മതിപ്പാണു്. ഇപ്പോൾ ജീവിതത്തിന്റെ അവസാനകാലത്തു് ഞാനെന്തിനദ്ദേഹത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തി? അതും ഒരാഴ്ച ഒപ്പം താമസിപ്പിച്ചു് പോകാൻ നേരത്തു? ഞാനൊരു വലിയ സാഹിത്യകാരനാണെന്നു് അറിയാതെ അദ്ദേഹം മരിച്ചുപോയാൽത്തന്നെ എന്താണു് കുഴപ്പം? അദ്ദേഹത്തെ സന്തോഷത്തോടുകൂടി പറഞ്ഞയക്കാമായിരുന്നില്ലേ?

ഞാൻ ഉമ്മറത്തേയ്ക്കു തിരിച്ചുപോയി. മാസ്റ്റർ അതേ ഇരുപ്പുതന്നെയായിരുന്നു. മുഖം വല്ലാതെയിരുന്നു. ഞാൻ അടുത്തുചെന്നു് പറഞ്ഞു.

‘മാഷ് ക്ഷമിക്കണം, ഞാനെന്തൊക്കെയോ പറഞ്ഞു.’

ആന്റണി മാസ്റ്റർ എന്നെ കുറേ നേരം നോക്കി. ആ നോട്ടത്തിൽ പലതുമുണ്ടായിരുന്നു. എനിക്കു മനസ്സിലാക്കാൻ പറ്റാത്ത പലതും. നീണ്ടുനിന്ന ആ നോട്ടത്തിനു ശേഷം അദ്ദേഹം പറഞ്ഞു.

‘ക്ഷമ ചോദിക്കേണ്ടതു് താനല്ലെടൊ, ഞാൻ തന്ന്യാണു്. എന്റെ കയ്യിൽ പറ്റിയ ഒരബദ്ധാണതു്.’ അദ്ദേഹം ഒന്നു നിർത്തി, സാവധാനത്തിൽ തുടർന്നു. ‘ഞാൻ മാപ്പു ചോദിക്ക്യാണു്. ഒരു കാര്യം ദാസനറിയ്യോ. എന്റെ കയ്യിൽ ഈ രണ്ടു് ആൽബത്തിനു പുറമേ വേറെ വലിയൊരാൽബം കൂടിണ്ടു്. ഇതാ ഇവിടെ.’ മാസ്റ്റർ നെഞ്ചു തൊട്ടു കാണിച്ചു. ‘ഞാനെപ്പഴും കൊണ്ടു നടക്കണതു്, ഞാൻ മരിച്ചുപോവുമ്പഴും ഒപ്പം കൊണ്ടുപോണതു്. ആ ആൽബത്തിലു് താനും തന്റെ അച്ഛനും ഒക്കെ നെറഞ്ഞു് നിക്ക്വാണു്.’

മാസറ്ററുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ഞാൻ ചെറുതായി വരികയാണു്.

‘പക്ഷേ,’ മാസ്റ്റർ തുടർന്നു. ‘താനൊരു എഴുത്തുകാരനാണെന്നതു്, താൻ പുസ്തകങ്ങൾ ഇറക്കീട്ട്ണ്ട്ന്നതു്, അവാർഡുകള് കിട്ടീട്ട്ണ്ട്ന്നതു്, ദാസൻ… ഞാനറിഞ്ഞില്ല. പൊറുക്കാൻ പറ്റാത്ത വലിയൊരു തെറ്റാണതു്. എനിക്കറിയില്ല എങ്ങിനെ അത്…’

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Valiyoru Album (ml: വലിയൊരു ആൽബം).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Short Story, E Harikumar, Valiyoru Album, ഇ ഹരികുമാർ, വലിയൊരു ആൽബം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: November 13, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Felsmalerei in the Sahara, a painting by Afrikanischer Maler . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.