images/The_Lookout.jpg
The Lookout, a painting by Frederic Remington (1861–1909).
അറിയാത്തലങ്ങളിലേയ്ക്കു്
ഇ. ഹരികുമാർ

കഥ തുടങ്ങുന്നതു് 1975-ൽ

രായിരു മേനോൻ—(നന്ദന്റെ അമ്മമ്മയുടെയും അവരുടെ ചെറിയമ്മയുടെ മകൾ നാണി മുത്തശ്ശിയുടെയും അമ്മാവൻ, ജനനം: 1840; മരണം: 1915)

ഇട്ടിരാമമേനോൻ—രായിരു മേനോന്റെ അനുജൻ (ജനനം: 1850; മരണം: 1918)

കുട്ടന്റെ അച്ഛമ്മ—നന്ദന്റെ അമ്മമ്മ (ജനനം: 1900; മരണം: ?)

കുട്ടന്റെ അച്ഛൻ—(ജനനം: 1918; മരണം: ?)

കുട്ടന്റെ അമ്മ—(ജനനം: 1938; മരണം: ?)

നന്ദന്റെ അമ്മ സുഭദ്ര—(ജനനം: 1938; മരണം: ?)

ജ്യോത്സ്യൻ മാധവപ്പണിക്കർ—(ജനനം: 1902)

കുട്ടൻ—(ജനനം: 1957)

ഇന്ദിര—(കുട്ടന്റെ പെങ്ങൾ, നന്ദന്റെ ഭാര്യ; ജനനം: 1964)

നന്ദൻ—(കുട്ടന്റെ അച്ഛന്റെ മരുമകൻ; ജനനം: 1959; വിവാഹം: 1990; 2006-ൽ (നോവൽ തുടങ്ങുമ്പോൾ) 45 വയസ്സു്)

രാധ—(നന്ദന്റെ ജ്യേഷ്ഠത്തി; ജനനം: 1956)

വന്ദന—(നന്ദന്റെയും ഇന്ദിരയുടെയും മകൾ; ജനനം: 1991; 2006-ൽ 15 വയസ്സു്)

ഭാർഗ്ഗവിയമ്മ—അയൽക്കാരിയും നാലുകെട്ടിന്റെ സൂക്ഷിപ്പുകാരിയും (ജനനം: 1948)

ദേവി—ഭാർഗ്ഗവിയമ്മയുടെ മകൾ (ജനനം: 1967)

എന്റെ സാധാരണ നോവലുകളിൽ നിന്നു് വളരെ വ്യത്യസ്തമായ ഒന്നാണു് ‘അറിയാത്തലങ്ങളിലേയ്ക്കു്.’ അദ്ഭുതകരമായി പലതും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടു്. അതിനെയെല്ലാം വെറും അന്ധവിശ്വാസമായി തട്ടിക്കളയാൻ എന്റെ ശാസ്ത്ര പരിജ്ഞാനം സമ്മതിയ്ക്കുന്നില്ല. ശാസ്ത്രത്തെപ്പറ്റി വലിയ ബോധമൊന്നുമില്ലാത്തവർക്കു് യുക്തിവാദിയാവാൻ എളുപ്പമാണു്. ഒരു അന്ധവിശ്വാസിയുമാവാം. രണ്ടും, അതായതു് യുക്തിവാദവും അന്ധവിശ്വാസവും ഒരേ അളവുകോലിന്റെ രണ്ടറ്റങ്ങളാണു്. അച്ഛൻ ഒരിയ്ക്കൽ പറയുകയുണ്ടായിട്ടുണ്ടു്. ‘എനിയ്ക്കു് യുക്തി മനസ്സിലാവും, പക്ഷേ, യുക്തിവാദം, അതെന്താണു്?’ എനിയ്ക്കും അതേ പറയാനുള്ളൂ. മറ്റെല്ലാ വാദങ്ങളേയും പോലെ യുക്തിവാദവും ഒരുതരം തീവ്രവാദമാണു്.

ഈ നോവലിൽ നിങ്ങളുടെ യുക്തിയ്ക്കതീതമായി പലതും കാണാം. എനിയ്ക്കു പറയാനുള്ളതു്, ഈ നോവലിലെ ഒരു കഥാപാത്രം തന്നെ പറയുന്നതു പോലെ, ‘ഈ പ്രപഞ്ചത്തിൽ നമുക്കു് മനസ്സിലാവാത്ത പലതുമുണ്ടു് മോളെ. എല്ലാമറിയണമെന്നു് എന്താണു് നിർബ്ബന്ധം?’ എല്ലാ വയസ്സിലുള്ളവർക്കും വായിച്ചാസ്വദിക്കാൻ തക്കവണ്ണമാണു് ഞാനീ നോവലിന്റെ രചന നിർവ്വഹിച്ചിട്ടുള്ളതു്. ഓരോ അദ്ധ്യായമെത്തുമ്പോഴും അതിനെപ്പറ്റി ഗൃഹസദസ്സുകളിലോ ക്ലാസ്സുമുറികളിലോ ഊഹാപോഹങ്ങൾക്കും തുറന്ന ചർച്ചയ്ക്കും വേദിയൊരുക്കുന്നു ഈ നോവൽ. വായനയിൽ ഒട്ടും ബുദ്ധി വേണ്ടെന്നുള്ള അഭിപ്രായമൊന്നും ആർക്കുമില്ലല്ലൊ. അല്പസ്വൽപം ബുദ്ധിയുപയോഗിച്ചാലേ ഈ നോവൽ പൂർണ്ണമായും ആസ്വാദ്യതയുടെ വരുതിയിൽ വരൂ.

ഈ ലോകത്തു് എറ്റവുമധികം വായിയ്ക്കപ്പെടുന്ന പുസ്തകങ്ങൾ നിധി തേടുന്ന കഥകളാണു് എന്നു തോന്നുന്നു. പ്രായവ്യത്യാസമില്ലാതെ ഏവർക്കും ആസ്വദിയ്ക്കാമെന്നതായിരിയ്ക്കണം കാരണം. പോരാത്തതിനു് തേടിപ്പിടിയ്ക്കേണ്ടതായ ഒരു നിധി എല്ലാവരുടെ മനസ്സിലുമുണ്ടു്. നമ്മടെ ജീവിതം തന്നെ ആ നിധിയ്ക്കു വേണ്ടിയുള്ള അന്വേഷണമാണു്. അതെന്നെങ്കിലും പെട്ടെന്നു് അവിചാരിതമായി മുമ്പിൽ പൊന്തി വന്നു് നമ്മെ അദ്ഭുതപ്പെടുത്തുകയും ആഹ്ലാദഭരിതരാക്കുകയും ചെയ്യുമെന്ന ബോധം എല്ലാവരുടെ മനസ്സിലുമുണ്ടു്. അതുകൊണ്ടു് ഈ നോവൽ വായിയ്ക്കുമ്പോൾ വായനക്കാരൻ യാത്ര ചെയ്യുന്നതു് സ്വന്തം മനസ്സിന്റെ നിഗൂഢതലങ്ങളിലേയ്ക്കാണു്. അവിടെ അദ്ഭുതങ്ങൾ നിങ്ങളെ കാത്തു് പതുങ്ങിയിരിയ്ക്കുന്നുണ്ടാവും, ഈ നോവലിലെ തട്ടിൻപുറം പോലെ.

സമയത്തെപ്പറ്റി, കാലത്തെപ്പറ്റിയെല്ലാം എനിയ്ക്കു് എന്റേതായ ധാരണകളുണ്ടു്. എന്റെ പല കഥകളിലും ആ സങ്കല്പം വരുന്നുണ്ടു്. സമയം ഒരൊറ്റ തലത്തിലല്ലാതെ പല അടരുകൾ അല്ലെങ്കിൽ പാളികളായിട്ടാണു് കിടക്കുന്നതു് എന്നാണെന്റെ വിശ്വാസം. നാം ഒരൊറ്റ പാളി മാത്രം കാണുന്നതു് നമ്മുടെ മനസ്സിന്റെ പരിമിതിമൂലമാണു്. ഒന്നിലധികം തലങ്ങളുള്ള ലോകം എനിക്കിഷ്ടപ്പെട്ട വിഷയമാണു്. അതു് സ്വാഭാവിക ചുറ്റുപാടുകളിൽനിന്നു് പ്രകൃത്യതീത പ്രതിഭാസങ്ങളിലേയ്ക്കു് തെന്നിപ്പോകുന്നതു് എന്റെ പല കഥകളിലും കാണാം. താമസി, വടക്കുനിന്നൊരു സ്ത്രീ, ഒരു പഴയ ഓസ്റ്റിൻ കാർ, ആശ്രമം ഉറങ്ങുകയാണു്, ജംറയിലെ ചെകുത്താൻ, മറ്റൊരു ലോകത്തിൽ മറ്റൊരു കാലത്തിൽ, കാലത്തിന്റെ ഏതോ ഊടുവഴികളിൽ, അന്വേഷണം, കുട്ടിച്ചാത്തന്റെ ഇടപെടലുകൾ, മറ്റാരാൾ എന്നീ കഥകളിലും ആസക്തിയുടെ അഗ്നിനാളങ്ങൾ എന്ന നോവലിലും പ്രകൃത്യതീത പ്രതിഭാസങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടു്.

ഇങ്ങിനെയുള്ള കഥകൾ കുട്ടികൾ വായിക്കുന്നതിനെപ്പറ്റി ഞാൻ ധാരാളം ആലോചിച്ചിട്ടുണ്ടു്. എന്റെ അഭിപ്രായം ഇളം പ്രായത്തിൽ കുട്ടികളുടെ ഭാവനയ്ക്കു് തിരി കൊളുത്താൻ ഈ കഥകൾക്കു് കഴിയുമെന്നു തന്നെയാണു്. കുട്ടിക്കാലത്തു് എനിയ്ക്കു് ഏറ്റവും ഇഷ്ടപ്പെട്ടതു് പ്രേത കഥകളും അദ്ഭുതപ്രതിഭാസങ്ങൾ ഉൾക്കൊള്ളുന്ന കഥകളുമാണു്. ഞാൻ അന്ധവിശ്വാസിയായില്ലെന്നു മാത്രമല്ല, ഒരു ശരാശരി ദൈവവിശ്വാസി കൂടിയാവാൻ കൂട്ടാക്കിയില്ല. മറിച്ചു് എന്റെ ക്രിയാത്മക ശ്രമങ്ങൾക്കു് തുടക്കം കുറിച്ചതു് ആ വായനയാണു്. എന്റെ മുമ്പിലുള്ള നല്ലൊരുദാഹരണം അച്ഛന്റെ ‘പൂതപ്പാട്ടാ’ണു്. കുട്ടികൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു കവിതയാണതു്. അതു വായിച്ച ഒരു കുട്ടിയും മുതിർന്നപ്പോൾ അന്ധവിശ്വാസിയായിട്ടുണ്ടെന്നു് എനിയ്ക്കു തോന്നുന്നില്ല. ഞാനറിയുന്ന കുട്ടികളൊന്നും ആയിട്ടില്ല. മറിച്ചു് അതവരുടെ ഭാവനയ്ക്കു് മഴവില്ലന്റെ നിറങ്ങൾ കൊടുക്കുകയാണു് ചെയ്തിട്ടുള്ളതു്. കൂടുതൽ വായിക്കാൻ പ്രേരിപ്പിയ്ക്കും വിധം അതവരുടെ പ്രജ്ഞയിൽ വെളിച്ചം വിതറുകയാണുണ്ടായിട്ടുള്ളതു്.

ഈ നോവൽ കുട്ടികളെക്കൊണ്ടു വായിപ്പിയ്ക്കുക. അതവരുടെ സംസ്കാരത്തെ തീർച്ചയായും ഉയർത്തും. അപഗ്രഥനത്തിനും വിശകലനത്തിനുമുള്ള സാധ്യതകൾ നിറഞ്ഞതിനാൽ കുട്ടികളുടെ ബുദ്ധി വികസിപ്പിയ്ക്കാനുള്ള ഘടകങ്ങളും സ്വാഭാവികമായും ഈ നോവലിൽ ധാരാളമുണ്ടു്. ഏതാനും സ്കെച്ചുകൾ ചേർത്തിരിയ്ക്കുന്നതു് വരികൾക്കൊപ്പം മനസ്സും എത്തിപ്പെടാൻ സഹായിക്കും. ഇതൊരു നിധി അന്വേഷണത്തിന്റെ കഥയാണു്. സ്വാഭാവികമായും മാപ്പുകളും സ്കെച്ചുകളും ആവശ്യമാവും. ആ മാപ്പുകളാവട്ടെ ഏതൊരു കുട്ടിയ്ക്കും മനസ്സിലാവത്തക്ക വിധത്തിലാണു് വരച്ചിരിയ്ക്കുന്നതു്. ചതുരംഗത്തെപ്പറ്റി കുറച്ചു പരാമർശങ്ങളേയുള്ളു. അതാകട്ടെ മനസ്സിലാക്കാൻ ഒട്ടും വിഷമമില്ലാത്തതാണു്. ഈ നോവൽ വായിച്ചു് ഒരു കുട്ടിയ്ക്കോ മുതിർന്ന ഒരാൾക്കോ ചതുരംഗത്തിൽ താല്പര്യം വരികയാണെങ്കിൽ അത്രയും നല്ലതു്. പക്ഷേ, നോവലിന്റെ ആസ്വാദ്യതയ്ക്കു് ഈ കളി അറിയണമെന്നു് നിർബ്ബന്ധമൊന്നുമില്ല. അറിയുന്നവർക്കു് കൂടുതൽ മനസ്സിലാവുമെന്നു മാത്രം.

നോവലിന്റെ അന്ത്യത്തിനു് മാനവീകതയുടേതായ ഒരു മാനം സൃഷ്ടിച്ചതു് സ്വാഭാവികം മാത്രമാണു്. എഴുതുന്ന വ്യക്തിയുടെ മനസ്സു് അയാളുടെ എഴുത്തിൽ എങ്ങിനെയായാലും പ്രതിഫലിയ്ക്കാതിരിയ്ക്കില്ല. അതൊരു ബലഹീനതയാണു്. നമ്മൾ നമ്മെത്തന്നെ ഒറ്റിക്കൊടുക്കുന്ന നിമിഷങ്ങൾ. നോവലിന്റെ അന്ത്യവുമായി നിങ്ങൾക്കു് സാധർമ്മ്യം പ്രാപിയ്ക്കാനാവുമെങ്കിൽ എന്റെ നോവൽ വിജയിച്ചു എന്നു പറയാം. അങ്ങിനെ ആയില്ലെങ്കിൽ ഇതൊരു പരാജയവുമല്ല. തലയായാലും വാലായാലും നിങ്ങൾ ജയിക്കുകതന്നെയാണു്. നിങ്ങൾക്കുള്ളിൽ കുടികൊള്ളുന്ന സംസ്കൃതി.

ഇ ഹരികുമാർ

നവംബർ 2, 2006

ഒന്നു്

ഓരോ പതിനഞ്ചു വർഷം കൂടുമ്പോഴും എന്റെ ജീവിതത്തിൽ നിർണ്ണായകമോ അദ്ഭുതകരമോ ആയ എന്തെങ്കിലും സംഭവിക്കുന്നുണ്ടു്. ഒരു നദിയുടെ ശാന്തമായ ഒഴുക്കിനെ പെട്ടെന്നു വീഴുന്ന കനത്ത മഴ എന്നപോലെ അതെന്റെ ജീവിതത്തിന്റെ താളം ചടുലവും അസ്വസ്ഥവുമാക്കുന്നു. ഇതു് മൂന്നാമത്തെ പതിനഞ്ചാണു്. ആദ്യത്തെ ഗഡു ഉണ്ടായതു് എന്റെ പതിനഞ്ചാം വയസ്സിലാണു്, ശരിക്കും പിറന്നാൾ ദിവസം തന്നെ. പിന്നത്തേതു് മുപ്പതാം വയസ്സിൽ പിറന്നാളിന്നടുത്ത ദിവസം. യാദൃശ്ചികമാവാം. പക്ഷേ, എന്റെ ജീവിതംതന്നെ യാദൃശ്ചികതകളുടെ ഒരു ചങ്ങലയായിരുന്നു. അദ്ഭുതപ്പെടാനില്ല. വളരെ സാധാരണമെന്നു തോന്നിക്കുന്ന ഒരു ജീവിതം, പക്ഷേ, അതിന്റെ ഉൾപ്പിരിവുകളിലേയ്ക്കു് എത്തിനോക്കുമ്പോഴാണു് കാണുന്നതു് യാദൃശ്ചികതകൾകൂടി അവ യാദൃശ്ചികതകളാണെന്നു പറയാൻ കഴിയാത്തവിധം വളരെ ചിട്ടപ്പെടുത്തിയിരിക്കയാണു്. ആരോ അദൃശ്യമായി എന്റെ കാര്യത്തിൽ പ്രത്യേക താല്പര്യമെടുക്കുന്നപോലെ. ആ തോന്നലുണ്ടാവുമ്പോൾ ആശ്വാസം ലഭിക്കുന്നു. ഓഫീസിലെ തൊഴുത്തിൽക്കുത്തോ, തിങ്കളാഴ്ച വൈദ്യുതി ബില്ലടക്കുകയാണോ വേണ്ടതു് അടുക്കളയിൽ തീർന്നു തുടങ്ങിയ സാധനങ്ങൾ വാങ്ങുകയാണോ വേണ്ടതു് എന്ന ചിന്തയോ എന്നെ ബാധിക്കുന്നില്ല. വേനലിൽ പെട്ടെന്നു നമ്മെ അദ്ഭുതപ്പെടുത്തിക്കൊണ്ടു് വരുന്ന തണുത്ത കാറ്റു പോലെയാണതു്. ആ കാറ്റിന്റെ ഉദ്ഭവം നാം ശ്രദ്ധിക്കുന്നില്ല. അതു വീശുവോളം അതിന്റെ കുളിർമ്മ ആസ്വദിക്കാൻ ശ്രമിക്കുകയാണു് ചെയ്യുക. അതു പോലെ ഒരു തോന്നലാണു് ഇന്നു് ഓഫീസിലിരിക്കുമ്പോഴുണ്ടായതു്. എന്തോ നല്ലതു സംഭവിക്കാൻ പോകുന്നുവെന്ന തോന്നൽ. എന്തായിരിക്കുമെന്നു് കണ്ടുപിടിയ്ക്കാൻ ഞാൻ ശ്രമിക്കുന്നില്ല. അതെന്റെ കഴിവിനുമുപരിയാണു്. ഞാനതു് ആസ്വദിക്കുകമാത്രമാണു് ചെയ്യുന്നതു്.

ഓഫീസിൽനിന്നു് വീട്ടിലെത്തിയപ്പോഴാണു് ഒരു കാര്യം മനസ്സിലായതു്; എന്റെ മൂന്നാമത്തെ ഗഡുവും എന്തൊക്കെയോ സംഭവിച്ചുകൊണ്ടേ കടന്നു പോകു. ആദ്യത്തെ ഗഡു ഞാൻ കുറെ ശ്രമിച്ചിട്ടും ഇന്നും മനസ്സിലാക്കാൻ കഴിയാതിരുന്ന ഒരദ്ഭുതമായിരുന്നെങ്കിൽ രണ്ടാമത്തെ ഗഡു എന്നോളം പ്രായമുള്ള പരസ്യമായിരുന്നു. എന്റെ വിവാഹം. ഞാൻ ജനിച്ച അന്നു തന്നെ അമ്മാവൻ തന്റെ പിറക്കാൻ പോകുന്ന പെൺകുട്ടിയ്ക്കു് വരനായി എന്നെ വാഴിച്ചിരുന്നു. അതുകൊണ്ടു് മുപ്പതാം വയസ്സിൽ ഇന്ദിരയുമായുള്ള വിവാഹം ഒരു സംഭവമേ അല്ലാതെ പോയി. ഇപ്പോൾ ഇതാ എന്റെ നാല്പത്തഞ്ചാം വയസ്സിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന അറിവോടെ ഞാൻ ഇരിക്കുന്നു.

ഓഫീസിൽനിന്നു വീട്ടിലെത്തി ഷർട്ടും പാന്റും ഊരിയെറിഞ്ഞു് മുണ്ടുടുത്തു് കുളിമുറിയിൽ കടന്നു. പത്തു മിനുറ്റുകൊണ്ടു് മേൽ കഴുകി പുറത്തു വന്നപ്പോഴേയ്ക്കു് ഇന്ദിര ചായയുണ്ടാക്കി വച്ചിരുന്നു. ഊൺമേശയ്ക്കു മുമ്പിലിരുന്നു് ചായയും മിക്സചറും അകത്താക്കുമ്പോൾ ഞാൻ ചുറ്റും നോക്കി. മോൾ എവിടെ? സാധാരണ അച്ഛൻ ഓഫീസിൽനിന്നു് വന്നുവെന്നറിഞ്ഞാൽ അവൾ സ്വന്തം ദന്തഗോപുരത്തിൽ നിന്നിറങ്ങി വരാറുണ്ടു്. മുകളിലുള്ള ഒറ്റ മുറി, എന്റെ പഴയ 64 എം. ബി. റാം, പെന്റിയം 3 കമ്പ്യൂട്ടറടക്കം കുറച്ചു കാലമായി വന്ദന കയ്യടക്കിയിരിക്കയാണു്. വാതിലിന്മേൽ അവൾതന്നെ എഴുതിവച്ചിട്ടുണ്ടു്. ‘ദന്തഗോപുരം’. രാത്രി പക്ഷേ, ഉറങ്ങാൻ ധൈര്യശാലി താഴത്തു് ഞങ്ങളുടെ മുറിയോടു തൊട്ടുള്ള ചെറിയ മുറിയിലേയ്ക്കുതന്നെ വരുന്നു. ഞാൻ ഇന്ദിരയോടു് ചോദിച്ചു.

‘വന്ദനയെവിടെ?’

ഇന്ദിര ചുമൽ കുലുക്കി ചുണ്ടു കോട്ടി. ‘അവള് സ്കൂളീന്നു് വന്നു് ചായ കുടിച്ചു് കയറീതാ മുറീലു്. എന്തോ ചെയ്യാണു്, അമ്മ ബുദ്ധിമുട്ടിക്കര്ത്ന്നു് പറഞ്ഞിട്ട്ണ്ടു്.’

മകളുടെ ജീവിതത്തിൽ തനിയ്ക്കു് പ്രവേശം നിഷേധിക്കുന്നതിൽ ഇന്ദിരയ്ക്കു അതൃപ്തിയുണ്ടു്. ‘അച്ഛനും മോളും ഒന്നാവും…’ എന്ന പ്രസ്താവനയിൽ അവൾ അതു പ്രകടിപ്പിക്കാറുണ്ടു്.

‘അവൾ എന്തെങ്കിലും പ്രോജക്ട് തയ്യാറാക്ക്വായിരിക്കും.’

‘ഈ നന്ദുവേട്ടൻ തന്ന്യാണു് മോളെ ഇങ്ങനെ കൊഞ്ചിച്ചു് നാശാക്ക്ണ്…’

ഇതും ഇന്ദിരയുടെ ഒരു സ്ഥിരം പ്രയോഗമാണു്. നാശമാക്കുകയാണോ? എനിക്കറിയില്ല. ഞാനവൾക്കു് ധാരാളം സ്നേഹം കൊടുക്കുന്നുണ്ടു്. ആണും പെണ്ണുമായി ഒന്നുള്ളതാണു്. അവൾ എന്താവശ്യപ്പെട്ടാലും അപ്പോൾത്തന്നെ വാങ്ങിക്കൊടുക്കും. അവൾ പറയുന്നതു മുഴുവൻ ശ്രദ്ധയോടെ കേൾക്കും. കൊഞ്ചിക്കും. ഇതുകൊണ്ടൊന്നും അവൾ കേടുവരുമെന്നു് എനിയ്ക്കു തോന്നിയിട്ടില്ല. ഇന്ദിര ഇപ്പോഴും സേഛാധിപതിയായിരുന്ന അച്ഛന്റെ നിഴലിലാണു് ജീവിക്കുന്നതു്. ആ മനുഷ്യൻ മരിച്ചിട്ടു് വർഷങ്ങളേറെയായിട്ടും ആ നിഴൽ അവളെ വിട്ടു പിരിയാൻ മടിച്ചുനിൽക്കുന്നു.

ആ നാലുകെട്ടിൽ മനുഷ്യർ ശബ്ദമില്ലാത്ത നിഴലുകൾ മാത്രമായിരുന്നു. അവിടെ അമ്മാവന്റെ ശബ്ദം മാത്രം മുഴങ്ങിക്കേട്ടു. അതു് നാലുകെട്ടിന്റെ നടുമുറ്റത്തും ഇടനാഴികളിലും ഉയരം കുറഞ്ഞ തട്ടിട്ട മുറികളിലും അലയടിച്ചു കൊണ്ടിരുന്നു. മുറികളിൽ ഉറങ്ങിക്കിടന്ന നിഴലുകൾ ആ ശബ്ദം കേട്ടു് ഞെട്ടി. ചുറ്റുമുള്ള വീടുകൾ കാലത്തിനൊത്തു് മാറുകയും പരിഷ്കരിക്കുകയും ചെയ്തപ്പോഴും ആ തറവാടുമാത്രം പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ചു് ഒറ്റപ്പെട്ടുനിന്നു. പറയും കൊമ്പോറവും സ്വീകരണമുറിയിലെ അലങ്കാരവസ്തുക്കളും കല്യാണപ്പന്തലിൽ നിറപറയ്ക്കുള്ള ഉപകരണങ്ങളും മാത്രമായി മാറിയപ്പോഴും ആ നാലുകെട്ടിൽ അതെല്ലാം നിത്യോപയോഗവസ്തുക്കളായിരുന്നു.

ഇപ്പോൾ അമ്മാവനില്ല, അമ്മായിയുമില്ല. ഇന്ദിരയുടെ ജ്യേഷ്ഠൻ ഒരു അമേരിക്കക്കാരിയെ വിവാഹം ചെയ്തു് അമേരിക്കയിലാണു്. ഞാനിവിടെ എറണാകുളത്തും. നാട്ടിലെ നാലുകെട്ടും ചുറ്റുമുള്ള നാലേക്കർ പറമ്പും ശ്രദ്ധിക്കപ്പെടാതെ കാടുപിടിച്ചു കിടക്കുന്നു. കുട്ടേട്ടൻ മാസത്തിലൊരിക്കൽ സാൻ ഫ്രാൻസിസ്കോവിൽനിന്നു് ഫോൺ ചെയ്യും. ‘ആ വീടും പറമ്പും ഇന്ദിരയുടെയാണു്, എനിക്കൊന്നും വേണ്ട. അതു് എന്തെങ്കിലും ചെയ്യു. ഒരു മുക്ത്യാർ അയച്ചുതന്നാൽ മതി. അതു് ഒപ്പിട്ടു് തിരിച്ചയക്കാം. ആ സ്ഥലം അന്യാധീനപ്പെടാതെ നോക്കു.’

ശരിയാണു്, എന്തെങ്കിലും ചെയ്യണം. പക്ഷേ, ആ വീടു് പോകുന്നതിൽ വിഷമമുണ്ടു താനും. പഴമയോടുള്ള താല്പര്യം മാത്രമല്ല. പന്ത്രണ്ടാം വയസ്സിൽ, ഒന്നും ശരിയാവില്ലെന്നു കരുതിയിരിക്കുമ്പോൾ എനിയ്ക്കു് അഭയം തന്ന വീടാണതു്. ആദ്യമായി ഒരു പെൺകുട്ടിയെ ഉമ്മ വച്ചതു് ആ നാലുകെട്ടിന്റെ തളത്തിൽ വച്ചാണു്. മാത്രമല്ല മറ്റു് ഏതോ അറിയപ്പെടാത്ത വഴികളിൽക്കൂടി ആ വീടുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന തോന്നൽ കലശലായിട്ടുമുണ്ടു്. അതു വിട്ടുകൊടുക്കരുതെന്നു് മനസ്സു് ഓരോ നിമിഷവും പറയുന്നു. ഒരു ആറേഴു കൊല്ലത്തിനുള്ളിൽ മോളുടെ കല്യാണം കഴിഞ്ഞാൽ ഇന്ദിരയുമായി അവിടെ താമസമാക്കണമെന്നുണ്ടു്. നടക്കുമോ ആവോ. ഇപ്പോൾ കമ്പനിയിൽ വിയാറെസ്സുണ്ടു്. ഏഴു കൊല്ലം കഴിയുമ്പോഴും ആ വ്യവസ്ഥയുണ്ടായാൽ മതിയായിരുന്നു. അവിടെ പച്ചക്കറിയുണ്ടാക്കി തെങ്ങിനു് ശുശ്രൂഷയും ചെയ്തു് കഴിയാം. ഭാഗ്യമുണ്ടെങ്കിൽ വല്ല കുറിക്കമ്പനിയിൽ ചെറിയ ജോലിയും കിട്ടും. അതൊക്കെ മതി.

വന്ദന കോണിയിറങ്ങി വരുന്നു. അവൾ യൂനിഫോം മാറ്റി മേൽക്കഴുകി ചൂരിദാറിലേയ്ക്കു കടന്നിട്ടുണ്ടു്. ഇളം പച്ച നിറത്തിലുള്ള ചൂരിദാർ അവളുടെ വീട്ടിലെ വേഷമാണു്. കഴിഞ്ഞ രണ്ടു കൊല്ലമായി അവൾ ഒരേ ഉടുപ്പുതന്നെ വീട്ടിലിടുന്നു. ഇവളാണോ കൊഞ്ചിച്ചു വഷളാവുന്നതു? അവൾക്കു് വസ്ത്രങ്ങളിലും ആഭരണങ്ങളിലുമൊന്നും ഭ്രമമില്ല. അവൾ വാങ്ങാൻ ആവശ്യപ്പെടുന്നതു് പുസ്തകങ്ങളോ, കമ്പ്യൂട്ടർ ഗെയിമോ മറ്റു സോഫ്റ്റ്വെയറോ ആണു്. അതവളുടെ മാനസിക വളർച്ചയ്ക്കു് ആവശ്യമാണു്. അവൾ ഒരിക്കലും കേടുവരില്ല.

‘അച്ഛന്റെ മോൾ എവിട്യായിരുന്നു?’

അവൾ എന്റെ അടുത്തു വന്നിരുന്നു.

‘അമ്മേ എനിയ്ക്കു് ചായയില്ലേ?’

‘നീയതിനു് മോളീന്നു് എറങ്ങിവന്നിട്ടു് വേണ്ടെ?’ ഇന്ദിര അടുക്കളയിലേയ്ക്കു പോയി ഒരു പ്ലെയ്റ്റിൽ മിക്സ്ചറും ബിസ്ക്കറ്റും ഒരു ഗ്ലാസിൽ ചായയുമായി തിരിച്ചുവന്നു. വന്ദന എന്റെ പ്ലെയ്റ്റിൽനിന്നു് മിക്സ്ചറെടുത്തു തിന്നാൻ തുടങ്ങിയിരുന്നു.

‘അച്ഛനു് ഇന്നു് കമ്പ്യൂട്ടറാവശ്യണ്ടോ?’

എനിയ്ക്കു് കമ്പ്യൂട്ടർ കൊണ്ടു് വലിയ ആവശ്യമൊന്നുമില്ല. രാവിലെ മെയിൽ നോക്കാനും, ഒപ്പം യാഹുവിൽ താല്പര്യമുള്ള വല്ല ന്യൂസ് സ്റ്റോറി കണ്ടാൽ വായിക്കാനും മാത്രമെ അതുപയോഗിക്കാറുള്ളു. അപൂർവ്വം ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വല്ലതും കണ്ടാൽ അതു് ഡൗൺലോഡ് ചെയ്യും. നല്ല പുസ്തകങ്ങൾ വന്ദനയെ വായിപ്പിക്കാൻ ശ്രമിയ്ക്കും. മാർക് ട്വെയ്നിന്റെ ‘ഹക്ക്ൾബെറി ഫിന്നും’ ‘ടോം സോയറും’ അവൾക്കിഷ്ടപ്പെട്ട പുസ്തകങ്ങളാണു്.

‘എന്താ മോൾക്കു് ആവശ്യണ്ടോ?’

അവൾ തലയാട്ടി.

‘ഇല്ല മോളുപയോഗിച്ചോളു. അച്ഛനു് രാവിലെ മാത്രേ വേണ്ടു.’

‘പിന്നെ ഒരു കാര്യം…’ അവൾ തുടർന്നു. ‘ഞാൻ വർക്ക് ചെയ്യുമ്പോ ആരും മോളിലു് വരര്തു്.’

‘അതെന്തേ?’

‘ഒരു സ്വകാര്യാണു്. സർപ്രൈസ്. ഞാൻ നാളെ കാണിച്ചുതരാം.’

പതിനഞ്ചാം വയസ്സിലും കുട്ടിത്തം വിട്ടിട്ടില്ലാത്ത അവളുടെ മുഖത്തു നോക്കിയപ്പോൾ ഞാൻ ആലോചിച്ചു. ഇവൾക്കു വേണ്ടിയാണു് ഞാൻ ജീവിക്കുന്നതു്. ഇവൾക്കായി മാത്രം. ഇന്ദിര പറയാറുണ്ടു്. അങ്ങിനെയായാൽ ശരിയാവില്ല. നന്ദേട്ടനും ഒരു ജീവിതംണ്ടു്. ആ ജീവിതം ഓരോരുത്തർക്കും ജീവിക്കാനുള്ളതാണു്. അതു് സ്വന്തം മക്കൾക്കു വേണ്ടിയാണെങ്കിലും ത്യജിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. ചെറിയൊരു ഉദാഹരണമായി അവൾ പറയുന്നതു് ടി. വി. പരിപാടികളാണു്. മകൾക്കു് പരീക്ഷയടുത്തു എന്നു വെച്ചു് അച്ഛനമ്മമാർ നിത്യം കാണുന്ന പരിപാടികൾ ഉപേക്ഷിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. അവർ വേറെ മുറിയിൽ പോയി പഠിക്കട്ടെ. അതുപോലെ…

ഞാൻ പറയും. അവൾ ജനിക്കണവരെ നമ്മൾ അതെല്ലാം ആസ്വദിച്ചില്ലെ. നിന്റെ ജനനം തൊട്ടു് എന്നുതന്നെ പറയാം നമ്മൾ ഒപ്പമായിരുന്നു. ഇനി അവളുടെ കല്യാണം കഴിഞ്ഞാൽ നമുക്കു് നിർത്തിവെച്ചേടത്തുനിന്നു് വീണ്ടും തുടങ്ങാം, മധുവിധു തൊട്ടു്. പോരെ? ഒരാൺകുട്ടിയാണുണ്ടായിരുന്നതെങ്കിൽ ഇന്ദിരയുടെ അഭിപ്രായം മാറുമായിരുന്നു എന്നെനിയ്ക്കു് തോന്നുന്നു. അച്ഛനമ്മമാർക്കു് മക്കളുടെ കാര്യത്തിൽ വ്യത്യാസമുണ്ടെന്നു് എന്നെനിയ്ക്കു തോന്നാറുണ്ടു്. അച്ഛനു് മകളോടും അമ്മയ്ക്കു് മകനോടും പ്രത്യേക മമത.

ഞാൻ വന്ദനയോടു് ചോദിച്ചു. ‘എന്താണു് ഇത്ര സ്വകാര്യമായിട്ടുള്ളതു?’

‘നാളെ കാണുന്നതു വരെ ഒരു സസ്പെൻസ് ആയി നിൽക്കട്ടെ.’

‘ശരി.’

അങ്ങിനെ രാവിലെ വരെ കാത്തിരുന്നു തുറക്കാനുള്ള അദ്ഭുതപ്പെട്ടിയും തന്നു് വന്ദന മുകളിലേയ്ക്കുതന്നെ പോയി. അവൾ കമ്പ്യൂട്ടറിൽ എന്തോ ഉണ്ടാക്കുന്നുണ്ടു്. അതു മുഴുമിച്ച ശേഷം മാത്രം എന്നെ കാണിക്കാനാണു്. അരപ്പണി ആശാനേയും കാട്ടരുതെന്നാണല്ലൊ.

ഇതും ഞാൻ ഓഫീസിൽനിന്നനുഭവിച്ച സുഖാനുഭൂതിയുടെ തുടർച്ച മാത്രമായിരിക്കും എന്നെനിയ്ക്കു തോന്നി.

രാത്രി വന്ദന ഇറങ്ങി വരാൻ വൈകിയതുകൊണ്ടു് ഊണു കഴിക്കാൻ പത്തു മണിയായി. ഓരോ പ്രാവശ്യം ഞാനോ ഇന്ദിരയോ മുകളിൽ കയറി വാതിൽക്കൽ മുട്ടിയാലും അവൾ വാതിൽ പൊളി അല്പം മാത്രം തുറന്നു് പറയും ‘കുറച്ചു കൂടി ജോലിണ്ടു്, അതു കഴിഞ്ഞിട്ടു് വരാം.’

ഊണു കഴിക്കുമ്പോൾ അവൾ ചോദിച്ചു. ‘അമ്മേ, നാളെ എന്താണു് പായസം?’

‘നാളെ എന്താണു് പ്രത്യേകത?’ ഞാൻ ചോദിച്ചു.

‘അതുംകൂടി അറീല്ല്യ ഈ അച്ഛനു്.’ വന്ദന ചിരിച്ചുകൊണ്ടു് പറഞ്ഞു. ‘നാള ്യാണു് അച്ഛന്റെ ബർത്ഡേ.’

‘നമ്മള് മലയാളം പിറന്നാൾ ദിവസാണു് നോക്ക്വാ.’ ഇന്ദിര പറഞ്ഞു. ‘അതിനു് ഇനീം ഒരാഴ്ചണ്ടു്.’

‘അതു് പിറന്നാള്, ഇതു് ബർത്ഡേ. രണ്ടു ദിവസും ആഘോഷിക്കണം.’

നാളെ രാവിലെത്തന്നെ പോയി അടുക്കളയിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങേണ്ടിവരുമെന്നു് എനിയ്ക്കു മനസ്സിലായി. ഫോൺ ബില്ല് കാത്തുനിൽക്കട്ടെ.

ഉറങ്ങാൻ കിടക്കുമ്പോഴും നന്മയുടെ, കാരുണ്യത്തിന്റെ അനുഭൂതി എന്നോടൊപ്പമുണ്ടായിരുന്നു. വിധി എനിയ്ക്കുവേണ്ടി എന്തോ ഒരുക്കുന്നുണ്ടെന്ന തോന്നൽ.

രണ്ടു്

കുറച്ചു കാലമായി സ്വപ്നങ്ങളില്ലാത്ത ഉറക്കം അപൂർവ്വമായിരുന്നു. ഒരർത്ഥവുമില്ലാത്ത സ്വപ്നങ്ങൾ. അതിനിടയ്ക്കു് ഞെട്ടിയുണരുന്നു. കുളിമുറിയിൽ പോയി വന്നു് ഒരു ഗ്ലാസ് വെള്ളം കുടിച്ചു് കിടന്നാൽ അതുവരെ കണ്ടിരുന്ന സ്വപ്നം മനസ്സിൽ കടന്നുവരുന്നു. പിന്നെ ഉറക്കത്തിലേയ്ക്കു് വഴുതി വീണാലും ആ സ്വപ്നത്തിന്റെ തുടർച്ചയാവും കാണുക. അതുകൊണ്ടു് വീണ്ടും ഉറങ്ങുകയായിരുന്നോ അതോ സ്വപ്നത്തെക്കുറിച്ചു് ആലോചിച്ചു കിടക്കുകയായിരുന്നോ എന്നു പറയാൻ പറ്റാത്ത ഒരവസ്ഥയിലായിരിക്കും.

ഇന്നലെ രാത്രി പക്ഷേ, സ്വപ്നങ്ങളില്ലാത്ത ലോകത്തായിരുന്നുവെന്നു് രാവിലെ ആറു മണിയ്ക്കു് ഉണർ ന്നെഴുന്നേറ്റപ്പോഴെ മനസ്സിലായുള്ളു. ഇന്ദിര കൊണ്ടുവന്ന ചായ കുടിക്കുമ്പോൾ ഞാൻ ആലോചിച്ചു. ഇന്നത്തെ നടത്തം ഉണ്ടായില്ല. സാധാരണ അഞ്ചു മണിയ്ക്കു് എഴുന്നേറ്റു് ഒരു മണിക്കൂർ നടക്കാറുണ്ടു്. സാരമില്ല. വന്ദന കുളിച്ചു് നല്ല ഉടുപ്പിട്ടു് മുമ്പിൽ വന്നുനിന്നു.

‘എന്റെ മോൾ സുന്ദരിയായിട്ടുണ്ടല്ലോ.’

‘ഇന്നു് അച്ഛന്റെ പിറന്നാളല്ലെ? ഞാനും അമ്മേം കൂടി അമ്പലത്തിൽ പോവ്വാണു്.’

ഇന്ദിരയും നേരത്തെ കുളിച്ചതിന്റെ കാര്യം അതാണു്. അല്ലെങ്കിൽ ജോലിയെല്ലാം കഴിഞ്ഞശേഷമേ കുളിക്കാറുള്ളൂ. അവർ എന്റെ ഇംഗ്ലീഷ്, മലയാളം പിറന്നാളുകൾ രണ്ടും ആഘോഷിക്കാൻതന്നെ തീർച്ചയാക്കിയിരിക്കുന്നു.

‘ഞങ്ങള് പ്രസാദം വാങ്ങി തിരിച്ചു വരുമ്പളയ്ക്കു് അച്ഛൻ കുളിയ്ക്കു.’

അവർ പടിയിറങ്ങിയ ഉടനെ ഞാൻ കുളിച്ചു. അവർ തിരിച്ചുവരാൻ ഇനിയും സമയമുണ്ടു്. ഇന്ദിര അങ്ങിനെയാണു്. അമ്പലത്തിനുള്ളിൽ കടന്നാൽ അത്ര എളുപ്പമൊന്നും പുറത്തു കടക്കില്ല. അതുകൊണ്ടു് എന്റെ അമ്പലയാത്ര മിക്കവാറും ഒറ്റയ്ക്കാണു്. ഓരോ നടയ്ക്കലും അവൾ നിന്നു തൊഴുതു പ്രാർത്ഥിക്കുന്നതു കാണാം. എനിയ്ക്കത്ര ക്ഷമയൊന്നുമില്ല. ഞാൻ പറയാറുണ്ടു്.

‘നിന്റെ പ്രാർത്ഥനയുടെ നീളവും ചൂടും സഹിക്കാതെ ദൈവങ്ങൾ ശ്രീകോവിൽ വിട്ടു് എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാവും.’

ഇന്ദിരയുടെ മുഖത്തു് ചിരിയുണ്ടാവില്ല. അവൾക്കു് ഇതെല്ലാം ദൈവനിന്ദയാണു്. അവൾ ഞാൻ കാണാതെ സ്വന്തം കവിളുകളിൽ അടിച്ചു് പിഴയൊടുക്കുന്നുണ്ടാവും.

ഞാൻ മുകളിലേയ്ക്കു പോയി കമ്പ്യൂട്ടർ ഓണാക്കി. അവിടെയിരുന്നാൽ എനിയ്ക്കു് ആരെങ്കിലും പടികടന്നു് വരുന്നുണ്ടെങ്കിൽ കാണാം. മോണിറ്ററിൽ ഒരു പുതിയ ഷോർട്കട്ട് ഞാൻ ശ്രദ്ധിച്ചു. അതിനു താഴെ എഴുതിയിരിക്കുന്നു. ‘ഹാപ്പി ബർത്ഡേ ടു ഡാഡി’. വല്ല വൈറസ്സുമായിരിക്കുമോ എന്നു് ആദ്യം പേടിച്ചു. പിന്നെ മനസ്സിലായി. വന്ദന ഇന്നലെ വൈകുന്നേരം ഉണ്ടാക്കിയ എന്തോ സാധനമാണു്. രാത്രി പത്തു മണിവരെ ഇരുന്നുണ്ടാക്കിയ പിറന്നാൾ ആശംസകൾ. ഞാനാ ഷോർട്കട്ടിൽ അമർത്തി.

അതൊരു ജിഫ് അനിമേഷനാണു്. ചലിക്കുന്ന ചിത്രങ്ങൾ മോണിറ്ററിന്റെ നടുഭാഗം സജീവമാക്കുകയാണു്. അതിനൊടുവിൽ ഹാപ്പി ബർത്ഡേ ഡാഡി എന്ന വാക്കുകൾ ഓരോന്നോരോന്നായി ഉതിർന്നു വീഴുന്നു. വീണ്ടും ആദ്യം മുതൽ അതാവർത്തിക്കുകയാണു്. പെട്ടെന്നു് ഞാൻ ചിത്രങ്ങളുടെ പശ്ചാത്തലം ശ്രദ്ധിച്ചു. എന്റെ ദൈവമേ! അനങ്ങാൻ വയ്യാതെ ഞാൻ കമ്പ്യൂട്ടറിനു മുമ്പിൽ ഇരിക്കുകയാണു്. ആ ചിത്രം! അതൊരു ചതുരംഗപ്പലകയാണു്. നിറയെ കരുക്കളുള്ള ആ ചതുരംഗപ്പലക എവിടെയായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന, പകുതിവച്ചു് നിർത്തിയ ഒരു ചതുരംഗക്കളിയുടെ ചിത്രം കട്ടിയുള്ള ചെമ്പുതകിടിൽ എച്ചിങ് ചെയ്തുണ്ടാക്കിയ ആ പലക എനിയ്ക്കു് ഇരുപതിലേറെ വർഷമായി നഷ്ടപ്പെട്ടിരിയ്ക്കയായിരുന്നു. ശരിയ്ക്കു പറഞ്ഞാൽ പതിനെട്ടാമത്തെ വയസ്സിൽ ഞാൻ കോഴിക്കോട്ടു് കോളജിൽ ചേരാനായി പോയ അന്നു മുതൽ. ഇരുപത്തിയേഴു കൊല്ലമായി നഷ്ടപ്പെട്ടിരുന്ന ആ ചതുരംഗപ്പലക വന്ദനയ്ക്കു് എങ്ങിനെ കിട്ടി?

വല്ലാത്തൊരു മാനസികാവസ്ഥയിലെത്തിയ ഞാൻ വന്ദന വന്നു് പിന്നിൽ നിന്നതു് അറിഞ്ഞില്ല.

‘എങ്ങനെണ്ടു് അച്ഛാ?’

ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. അവൾ കയ്യിലുള്ള ഇലച്ചീളിൽനിന്നു് ചന്ദനം എടുത്തു് എന്റെ നെറ്റിയിൽ കുറിയിട്ടു. എന്റെ മുഖഭാവം അപ്പോഴായിരിക്കണം അവൾ ശ്രദ്ധിച്ചിട്ടുണ്ടാവുക. അവൾ ചോദിച്ചു.

‘എന്താ അച്ഛാ, നന്നായിട്ടില്ലേ?’

‘നന്നായിട്ട്ണ്ടു് മോളെ. മോള് ഇങ്ങിന്യൊക്കെ ഉണ്ടാക്ക്വോന്നു് ആലോചിക്ക്യായിരുന്നു അച്ഛൻ.’

അവൾ സന്തുഷ്ടയായി ഒരു കസേല വലിച്ചിട്ടു് എന്റെ അടുത്തിരുന്നു. അവൾക്കു് ഇനിയും അവളുണ്ടാക്കിയ അനിമേഷനെപ്പറ്റി ഞാൻ പറയുന്നതു് കേൾക്കണം. പക്ഷേ, അതിനെപ്പറ്റിയൊന്നും പറയാതെ ഞാൻ ചോദിച്ചു.

‘ഈ ചതുരംഗപ്പലക! അതെവിടുന്നു കിട്ടി നിനക്കു്?’

‘അതോ, അതു സ്വകാര്യാണു്.’

അവൾ അല്പമൊന്നു് കൊഞ്ചാനാണു് തീർച്ചയാക്കിയിരിക്കുന്നതു്. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയോ തിടുക്കമോ അതു നശിപ്പിയ്ക്കണ്ട. അവളെ അനുനയിക്കാനായി ഞാൻ പറഞ്ഞു.

‘അച്ഛന്റെ മോളല്ലെ, പറയു, ഇതെവിടുന്നാണു് കിട്ടീതു?’

അനുനയത്തിനും മധുരവാക്കുകൾക്കും ഇടയിൽ അവൾ എന്റെ തിടുക്കവും ആകാംക്ഷയും കണ്ടുപിടിച്ചുവെന്നു തോന്നുന്നു. അവൾ കരുതലോടെ ചോദിച്ചു.

‘അച്ഛനു് ശരിക്കും അറീല്ല്യേ?’

‘ഇല്ല മോളെ, സത്യം.’

‘എന്റെ കയ്യിലടിച്ചു സത്യം ചെയ്യു.’ അവൾ കൈനീട്ടി.

നീട്ടിയ കയ്യിലടിക്കാതെ ഞാനവളുടെ തലയിൽ കൈവച്ചു. ‘എന്റെ മോളാണു് സത്യം അച്ഛനറിയില്ല.’

‘എനിയ്ക്കതു് അമ്മെടെ പെട്ടീന്നു് കിട്ടീതാ.’ വന്ദനയുടെ മുഖം വാടിയിരുന്നു. അച്ഛനറിയാതെ അമ്മ ഇങ്ങിനെയൊരു രഹസ്യം സൂക്ഷിക്കുന്നുവെന്നും അതു് അവൾ കാരണം പുറത്തായി എന്നും അവൾ ഓർത്തു കാണും. എല്ലാറ്റിനുമുപരി ആ ചതുരംഗപ്പലകയ്ക്കു് എന്തോ പ്രാധാന്യമുണ്ടു് അതവൾ അറിഞ്ഞിട്ടില്ല എന്നതും അവളെ വിഷമിപ്പിച്ചിട്ടുണ്ടാവണം. ഞാൻ വീണ്ടും മുമ്പിൽ ചലിച്ചുകൊണ്ടിരിക്കുന്ന പിറന്നാൾ ആശംസ നോക്കി. രണ്ടു മിനുറ്റു കഴിഞ്ഞു കാണും. വന്ദനയെ വീണ്ടും അഭിനന്ദിക്കാനായി അവളുടെ മുഖത്തു നോക്കിയപ്പോഴാണു് കണ്ടതു്, അവളുടെ മുഖം ഇരുണ്ടിരുന്നു. കണ്ണുകൾ നിറഞ്ഞു് ഒഴുകാൻ പാകത്തിൽ നിൽക്കുന്നു.

‘എന്തു പറ്റീ മോളെ?’

അവൾ കരയാൻ തുടങ്ങി. അതിനിടയിൽ പറഞ്ഞു. ‘അച്ഛൻ അമ്മ്യോടു് പറേണ്ട.’

‘അതിനാണോ അച്ഛന്റെ മണ്ടി മോള് കരേണതു?’ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ടു് ഞാൻ പറഞ്ഞു. ‘അമ്മയോടു പറഞ്ഞാലെന്താ? ഈ ബോർഡ് അച്ഛന്റെ കുട്ടിക്കാലത്ത്ണ്ടായിര്ന്നതാണു്. അച്ഛൻ കോളജിൽ പഠിക്കാൻ പോയപ്പൊ കാണാൻല്ല്യാതായി. അമ്മയ്ക്കതു് എവിട്ന്നെങ്കിലും കിട്ടി എടുത്തു വെച്ചതാവും. നമുക്കു് അമ്മ്യോടു് ചോദിക്കാം. വരു.’ ഞാൻ എഴുന്നേറ്റു അവളുടെ ചുമലിൽ കൈയ്യിട്ടു് താഴേയ്ക്കു് കൊണ്ടുപോയി.

താഴെ അടുക്കളയിൽ ദോശയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇന്ദിര പറഞ്ഞു.

‘എന്റെ അടുത്തൊന്നും ഇല്ല. അച്ഛനും മോളും കൂടീട്ടല്ലെ ചതുരംഗം കളിക്കാറ്. നിങ്ങള്തന്നെ അതെവിടെയെങ്കിലും വെച്ചിട്ടുണ്ടാവും. അവള്ടെ അലമാറീലു് നോക്കിയോ?’

അവൾ ഞാൻ പറയുന്നതു് മുഴുവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അന്വേഷിക്കുന്നതു് ഞങ്ങൾ കളിക്കാനായി സാധാരണ ഉപയോഗിക്കാറുള്ള മരത്തിന്റെ ചെസ്സ് ബോർഡാണെന്നാണു് അവൾ കരുതിയതു്. ആ സെറ്റ് ഞാനൊരു പിറന്നാളിനു് വന്ദനയ്ക്കു സമ്മാനമായി കൊടുത്തതാണു്. അതിന്റെ കരുക്കൾ ചന്ദനം കൊണ്ടുണ്ടാക്കിയതാണു്.

‘അതല്ല, നമ്മടെ അട്ത്തു് പണ്ടുണ്ടായിരുന്നില്ലെ ചെമ്പുതകിടിൽ എച്ച് ചെയ്ത ഒരു ചതുരംഗപ്പലക? ഓർമ്മല്ല്യേ?’

ഇന്ദിര പെട്ടെന്നു് നിശ്ശബ്ദയായി. ചട്ടുകവും പിടിച്ചുകൊണ്ടു് അവൾ ഏതോ പഴയ കാലത്തേയ്ക്കു പോയി. അടുപ്പത്തു് ദോശ കിടന്നു മൊരിയുന്നു. വന്ദന അമ്മയുടെ കയ്യിൽനിന്നു് ചട്ടുകം വാങ്ങി ദോശ വാങ്ങിവെച്ചു.

‘നമ്മടെ മോള് അതിന്റെ ചിത്രം കൊണ്ടു് നല്ലൊരു ‘ഹാപ്പി ബർത്ഡേ’ അനിമേഷനുണ്ടാക്കിയിട്ട്ണ്ടു്.’

‘മോളൊ? അവൾക്കെവിട്ന്നാണു് അതു കിട്ടീതു?’

അമ്മയുടെ മുഖഭാവത്തിലെ മാറ്റം അവളെ പേടിപ്പിച്ചുവെന്നു തോന്നുന്നു, വന്ദനയുടെ മുഖം വീണ്ടും ഇരുണ്ടു. ആ ചതുരംഗപ്പലകയിൽ എന്തൊക്കെയോ രഹസ്യാത്മകതയുണ്ടെന്നും അതു മനസ്സിലാവുന്നില്ല എന്നതു മാത്രമല്ല താൻ അതിന്റെയൊന്നും ഭാഗമല്ല എന്നതും അവളെ വിഷമിപ്പിക്കുന്നുണ്ടു്. മൂന്നാം വയസ്സിൽ അച്ഛന്റെയും അമ്മയുടെയും നടുവിൽ രണ്ടു പേരുടെയും മേൽ കുഞ്ഞിക്കൈ വെച്ചുകൊണ്ടു് കിടന്നുറങ്ങിയ അസൂയാലുവാണു് അവൾ ഇപ്പോഴും. വന്ദന എന്നെ നോക്കി. ഞാൻ സാരമില്ലെന്ന അർത്ഥത്തിൽ അവളെ നോക്കി ചിരിച്ചു.

‘ഞാനതു് സൂക്ഷിച്ചു വച്ചതായിരുന്നൂലോ. എന്തിനാപ്പതു് പൊറത്തെടുത്തതു?’

‘അതിരിക്കട്ടെ, കഴിഞ്ഞ ഇരുപത്തേഴു കൊല്ലായിട്ടു് ഇതെവിട്യായിരുന്നു?’ ആദ്യം നീ ഈ കാര്യങ്ങൾ വിശദീകരിച്ചു താ എന്ന മട്ടിൽ ഞാൻ പറഞ്ഞു.

‘ദോശയ്ക്കു് ചായയോ അതോ കാപ്പ്യോ വേണ്ടതു?’ അവൾക്കു് വിഷയം മാറ്റണമെന്നുണ്ടു്. തൽക്കാലം അതാണു് നല്ലതെന്നു് എനിയ്ക്കും തോന്നി. ഇന്നു് ഉച്ച വരെ മാത്രമെ ഓഫീസുള്ളു. നേരം വൈകിയാൽ ശരിയാവില്ല. ഇന്ദിരയുമായി സംസാരിക്കാൻ നിന്നാൽ സമയം പോകുന്നതറിയില്ല. പിന്നെ അത്രതന്നെ സുഖമുള്ള സംസാരമായിരിക്കില്ല എന്നും എനിയ്ക്കു തോന്നി. പിറന്നാൾ ദിവസമല്ല അതിനു പറ്റിയ സമയം. ഞാൻ പറഞ്ഞു.

‘എനിയ്ക്കു് കാപ്പി മതി.’ ദോശയുടെ ഒപ്പം കാപ്പി കുടിക്കാനാണു് വന്ദനയ്ക്കിഷ്ടം. എനിക്കിഷ്ടം ചായയാണെങ്കിലും മകൾക്കു വേണ്ടി ഞാൻ കാപ്പിയാക്കി.

എന്റെ അസ്വസ്ഥ ദിനങ്ങൾ വീണ്ടും വരികയാണെന്നു് എനിയ്ക്കു മനസ്സിലായി. മുപ്പതു കൊല്ലം മുമ്പു് എന്റെ ഉറക്കം അപഹരിച്ചു് മനസ്സിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തിയ ഒരു കാര്യം വീണ്ടും എന്നെത്തേടി എത്തിയിരിക്കുന്നു.

എം. ജി. റോഡിലെ ഓഫീസ് കെട്ടിടത്തിന്റെ നാലാം നിലയിലെ ഓഫീസിലേയ്ക്കുള്ള ലിഫ്റ്റിൽ കയറുമ്പോൾ ഞാൻ ഓർമ്മകളെ മനസ്സിന്റെ കച്ചറപ്പെട്ടിയിലേയ്ക്കു് തട്ടുകയായിരുന്നു. ഇന്നു് എന്തായാലും സമയത്തിനു തന്നെ ഓഫീസിൽനിന്നിറങ്ങണം. ശനിയാഴ്ച ഒന്നരമണിവരെയാണു് സമയമെങ്കിലും അക്കൗണ്ട്സിലുള്ളവർക്കു് അക്കൗണ്ടന്റിനു് പ്രത്യേകിച്ചും അഞ്ചു മണിയാവാതെ പുറത്തിറങ്ങാൻ പറ്റാറില്ല. ആ വകുപ്പിലുള്ളവരുടെ വിധിയാണതെന്നു തോന്നുന്നു. അച്ഛന്റെ പിറന്നാളിനു് ഒപ്പമിരുന്നുണ്ണാൻ വന്ദന കാത്തുനിൽക്കും. അതു മാത്രമല്ല കാരണമെന്നു് മനസ്സു പറയുന്നുണ്ടെങ്കിലും ഞാൻ എന്നെത്തന്നെ കബളിപ്പിക്കാനുള്ള ശ്രമത്തിലാണു്. ആ ശ്രമം ഫലിക്കുന്നില്ലെന്നു് ഞാൻ മനസ്സിലാക്കുന്നു. എനിക്കിന്നു് കുറേ കാര്യങ്ങൾ ചെയ്യാനുണ്ടു്. ഓർമ്മകൾ റീസൈക്കിൾ ബിന്നിലേയ്ക്കു പോയിട്ടില്ലെന്നു ഞാൻ മനസ്സിലാക്കുന്നു. അതു് ധാരാളം സ്ഥലം എടുത്തുകൊണ്ടു് എന്റെ ഹാർഡ് ഡിസ്കിൽ ചടഞ്ഞുകൂടിയിരിക്കയാണു്.

മൂന്നു്

പ്രതീക്ഷിച്ചതു പോലെത്തന്നെ ആരും ഊണു കഴിച്ചിട്ടുണ്ടായിരുന്നില്ല. സമയം രണ്ടേമുക്കാൽ. ഞാൻ വേഗം കുളിമുറിയിൽ പോയി കയ്യും കാലും മുഖവും കഴുകി, ഇന്ദിര കട്ടിലിന്മേൽ എടുത്തുവച്ച അലക്കിയ കസവുമുണ്ടുടുത്തു പുറത്തു കടന്നു.

‘മോളെവിടെ?’

‘അവള് മോളില്ണ്ടു്.’

‘എന്താ ചെയ്യണതു?’

‘ആർക്കറിയാം?’

പെട്ടെന്നെനിയ്ക്കു് കാര്യങ്ങളുടെ കിടപ്പു് പിടികിട്ടി. ‘നീ അവളെ ചീത്ത പറഞ്ഞു അല്ലെ?’

എനിക്കു് ഇന്ദിരയുടെ മറുപടി ആവശ്യമുണ്ടായിരുന്നില്ല. ഞാൻ മുകളിലേയ്ക്കു കയറി. വന്ദന കട്ടിലിൽ മുഖം തിരിച്ചു് കിടക്കുകയാണു്.

‘മോളെ നീയെന്താണു് കെടക്ക്ണതു?’

അവൾ മുഖം തിരിച്ചു. അവൾ കരയുകയായിരുന്നെന്നെനിയ്ക്കു മനസ്സിലായി.

‘വരൂ, ഊണു കഴിക്ക്യാ.’

‘എനിയ്ക്കു വെശപ്പില്ല അച്ഛാ.’

‘നല്ല കാര്യായി. പെറന്നാള്കാരൻ, മോളടെ ഒപ്പല്ലാതെ ഊണു കഴിയ്ക്ക്യോ? എണീയ്ക്കു്.’

അവൾ വീണ്ടും കരയാൻ തുടങ്ങി. ഞാൻ അവളുടെ അടുത്തിരുന്നു് പുറം തലോടി.

‘നീ എന്തു തൊട്ടാവാടിയാണു്. അമ്മ അങ്ങിനെയൊക്കെ പറയും. അതു കേട്ടു് നീ കരയ്യാണോ?’

ഇന്ദിര എന്താണു് പറഞ്ഞതെന്നെനിയ്ക്കറിയില്ല. ആ ചതുരംഗപ്പലകയിൽ എന്തോ അപകടം പതിയിരിക്കുന്നുണ്ടെന്നു് അവൾ വിശ്വസിച്ചു. അതു് എന്റെ കയ്യിൽ പെടാൻ പാടില്ലെന്നതുകൊണ്ടായിരിക്കണം അവൾ ഇത്രയും കാലം അതൊളിപ്പിച്ചു വെച്ചതു്.

‘എണീയ്ക്കു്.’

ഞാൻ കുനിഞ്ഞു് അവളുടെ നെറ്റിമേൽ ഉമ്മ വച്ചു. അവൾ എഴുന്നേറ്റിരുന്നുകൊണ്ടു് ചോദിച്ചു.

‘എന്താച്ഛാ ആ ചെസ്സ്ബോർഡിനു് കുഴപ്പം?’

‘കുഴപ്പമോ? ഒന്നുംല്ല്യ മോളെ, അമ്മേടെ ഓരോ തോന്നല്കളാണു്.’

‘എന്തോണ്ടു്. എനിക്കു് അമ്മേടെ സംസാരത്തീന്നു് മനസ്സിലായി. അല്ലെങ്കിൽ അമ്മ എന്നെ ഇത്ര ചീത്ത പറയില്ല്യ.’

‘ഇല്ല മോളെ, അച്ഛനല്ലെ പറയ്ണതു്. അച്ഛന്റെ കുട്ടിക്കാലത്തു് തട്ടിൻപുറത്ത്ന്നു് കിട്ടീതാണു്. അച്ഛൻ ഏതുനേരൂം അതോണ്ടു് കളിക്ക്യായിരുന്നു. അവസാനം പരീക്ഷേലു് തോൽക്കുംന്ന്ള്ള നെല്യായപ്പൊ നിന്റെ മുത്തച്ഛൻ അതു് വാങ്ങിവെച്ചതാ. പിന്നെ ഞാൻ അതു കണ്ടിട്ടില്ല.’

‘പക്ഷേ, അച്ഛാ അതിലു് കളിക്കാൻ പറ്റില്ല്യല്ലോ? അതിലു് നെറയെ കരുക്കള് വരച്ചിട്ടിരിക്ക്യല്ലെ?’

‘ചതുരംഗം കളിക്ക്യല്ല. ഏതു നേരും അതും കയ്യിലു് പിടിച്ചോണ്ടു് നടക്ക്വന്നെ. അപ്പൊ പഠിത്തൊന്നും നടക്കില്ല. അതു ശരിയാവില്ലാന്നു് മുത്തച്ഛനു് തോന്നി, കാരണം മൂപ്പരു് അച്ഛനെ കോഴിക്കോടു് കോളജിൽ ചേർക്കാൻ തയ്യാറെടുത്തിരിക്ക്യായിരുന്നു. അത്ര്യള്ളു.’

‘അതും പിടിച്ചു നടന്നാലെന്താ പഠിച്ചൂടെ? എന്താ വല്ല സ്പെല്ലുംണ്ടോ ആ ബോർഡിനു്?’

‘ഇല്ല മോളെ. അതിനു് സ്പെല്ലൊന്നുംല്ല്യ.’ ആ തകിടു് മന്ത്രനിബദ്ധമാണെന്നാണു് വന്ദന കരുതിയതു്. ‘അച്ഛൻ സ്വതവേ ഒരൊഴപ്പനായിരുന്നു. കിട്ടണ സമയൊക്കെ പറമ്പിൽ വല്ല മരത്തിമ്മലും കേറും. കൊളത്തിൽ ചാടി നീന്തും. അങ്ങിന്യൊക്ക്യായാൽ പഠിത്തം നടക്ക്വോ. പക്ഷേ, മോളടെ മുത്തച്ഛൻ വിചാരിച്ചതു് ആ ചതുരംഗപ്പലക്യാണു് കാരണംന്നാ.’

വന്ദന തൃപ്തയായെന്നു തോന്നുന്നു.

‘മോള് വാ സമയം എത്ര്യായീന്നാ വിചാരം. അച്ഛന്റെ വെശപ്പു് കെട്ടുതൊടങ്ങി.’

അവൾ എഴുന്നേറ്റു് എന്റെ ഒപ്പം താഴെയിറങ്ങി വന്നു.

‘ഓ കരയ്യായിരുന്നോ? ഞാനവള് കമ്പ്യൂട്ടറിലു് എന്തോ ചെയ്യാന്നാ വിചാരിച്ചതു്.’ ഇന്ദിര പറഞ്ഞു.

‘കണ്ടില്ലെ,’ ഞാൻ പറഞ്ഞു. ‘അത്ര ഗൗരവേള്ളു അമ്മേടെ ചീത്ത പറച്ചിലിനു്.’

‘ചീത്ത പറയ്യേ?’ ഇന്ദിര പറഞ്ഞു. ‘ഇങ്ങനെ കൊഞ്ചിച്ചു് ചീത്തയാക്കിക്കോളു. അവളെ കെട്ടാൻ വരണ പയ്യനാണു് കഷ്ടപ്പെടുക. തൊട്ടാവാടി.’

‘കുറച്ചു കഷ്ടപ്പെടട്ടെ, ഞാൻ നെന്നെക്കൊണ്ടു് കഷ്ടപ്പെട്ടപോലെ.’ ഞാൻ പറഞ്ഞു. പിന്നെ തിരിഞ്ഞു് എന്റെ അടുത്തുതന്നെ ഇലയ്ക്കുമുമ്പിൽ ഇരിക്കുന്ന വന്ദനയെ നോക്കി പറഞ്ഞു. ‘അല്ലെ, അച്ഛന്റെ തൊട്ടാവാടിക്കുട്ടീ? ഇതു് അച്ഛന്റെ മുള്ളില്ലാത്ത തൊട്ടാവാടി മകളാണു്.’

വന്ദനയുടെ പിണക്കം തീർന്നിരുന്നു. പിറന്നാൾ ദിവസം നിലത്തു് പുല്ലുപായയിട്ടു് അതിലാണു് മൂന്നു പേരും ഇരിക്കാറ്. വലതുവശത്തായി ഒരു നിലവിളക്കിനു മുമ്പിൽ ഇട്ട ഇലയിൽ ഗണപതിയ്ക്കു് സദ്യ വിളമ്പിയിരുന്നു.

ശനിയാഴ്ച ദിവസം ഞാൻ ഉച്ചയ്ക്കു് മുകളിലെ മുറിയിലാണു് ഉറങ്ങാൻ കിടക്കാറ്. വന്ദന അമ്മയെ അടുക്കളയിൽ പാത്രങ്ങൾ മോറാൻ സഹായിക്കും. താഴത്തെ നിലയിൽ അതിന്റെ ബഹളമായിരിക്കും. മുകളിലാവുമ്പോൾ ശല്യങ്ങളൊന്നുമില്ലാതെ രണ്ടു മണിക്കൂർ കിടക്കാം. ഒരാഴ്ചത്തെ ഓഫീസ് ക്ഷീണം തീർക്കുന്നതു് ആ രണ്ടു മണിക്കൂറാണു്. ഇന്നു പക്ഷേ, എനിക്കുറങ്ങാൻ കഴിഞ്ഞില്ല. ഞാൻ എഴുന്നേറ്റു് കമ്പ്യൂട്ടർ മേശയുടെ വലിപ്പിൽ ചെമ്പിൽ ആലേഖനം ചെയ്ത ആ ചതുരംഗപ്പലകയ്ക്കു വേണ്ടി തപ്പി. അതവിടെയുണ്ടാകുമെന്ന തോന്നൽ ശരിയായി. എട്ടിഞ്ച് ചതുരത്തിലുള്ള ആ പലകയിൽ ഒരു കളി പകുതിയിൽ നിർത്തിവെച്ചതിന്റെ ചിത്രം. അതൊരു പഴയ വർത്തമാനക്കടലാസിൽ പൊതിഞ്ഞുവച്ചിരിക്കയാണു്. മിഴിവുള്ള കരുക്കളുടെ കറുപ്പു നിറത്തിലുള്ള രേഖാചിത്രം ചെമ്പിന്റെ നിറത്തിൽ ഉദിച്ചുകാണുന്നു. വന്ദന ആ തകിടു് നന്നായി കഴുകിയിട്ടുണ്ടാകണം, കാരണം അതിലെ രൂപങ്ങൾക്കൊന്നും വലിയ ഹാനി വരാതെത്തന്നെ ചെമ്പിന്റെ പശ്ചാത്തലത്തിനു് നല്ല ഉദിപ്പു വന്നിരിക്കുന്നു. വലത്തുവശത്തു താഴെയായി കുറച്ചു ഭാഗത്തുള്ള എച്ചിങ് കറവന്നു് മൂടിയതു് പണ്ടും അങ്ങിനെയായിരുന്നുവെന്നു് ഞാനോർത്തു. അതു പക്ഷേ, കളിയെ ബാധിക്കുന്നില്ല. അവിടെ കാലാൾപ്പടയാണു്. അതെത്ര മുന്നോട്ടു പോയിട്ടുണ്ടെന്നു മാത്രം അറിയാൻ പറ്റില്ല. രണ്ടു കൊല്ലക്കാലം ഞാൻ കൊണ്ടു നടന്നു് പെട്ടെന്നു് അപ്രത്യക്ഷമായ ആ ചെമ്പു ചതുരംഗപ്പലക ഞാൻ കൈകൊണ്ടു് തലോടി. കരുക്കളുടെ ഭാഗത്തെല്ലാം അല്പം പൊന്തിനിൽക്കുന്നപോലെ തോന്നുന്നു. തോന്നലായിരിക്കും, കാരണം പലക മുഴുവൻ നന്നായി മിനുസപ്പെടുത്തിയിരുന്നു. ഞാനാ പലക മേശവലിപ്പിൽത്തന്നെ തിരിച്ചുവച്ചു കമ്പ്യൂട്ടർ തുറന്നു.

ഇനി വന്ദനയുണ്ടാക്കിയ മാസ്റ്റർപീസ് ഒരിക്കൽക്കൂടി കാണട്ടെ. ഡെസ്ക്ടോപ്പിലെ ഷോർട്കട്ടിൽ അമർത്തിയപ്പോൾ അനിമേഷൻ തുടങ്ങി. ആദ്യം പശ്ചാത്തലത്തിൽ വരുന്നതു് നിർത്തിവെച്ച ഒരു ചതുരംഗക്കളിയുടെ ചിത്രമാണു്. ആ നിശ്ചലചിത്രത്തിലേയ്ക്കു് ഓരോ വാക്കുകളായി ‘ഹാപ്പി’ അടുത്ത വരിയിൽ ‘ബർത്ഡേ’ വീണ്ടും അടുത്ത രണ്ടു വരികളിലായി ‘ടു’ ‘ഡാഡി’ എന്നെഴുതിവരുന്നു. എല്ലാ വാക്കുകളും വന്നുകഴിഞ്ഞാൽ ‘ഹാപ്പി ബർത്ഡേ ടു ഡാഡി’ എന്നു് നാലഞ്ചു വട്ടം മിന്നിത്തെളിഞ്ഞശേഷം വീണ്ടും ആദ്യം മുതൽ തുടങ്ങുന്നു. എനിക്കദ്ഭുതം തോന്നി. രണ്ടാഴ്ച മുമ്പു് മാത്രമാണു് ഞാനവൾക്കു് ജിഫ് അനിമേറ്ററിന്റെ ബീറ്റാ കോപ്പി ഡൗൺലോഡ് ചെയ്തു കൊടുത്തതു്. ഇത്രവേഗം അതവൾ പഠിക്കുകയും ഇങ്ങിനെയൊരു അനിമേഷൻ ഉണ്ടാക്കുകയും ചെയ്തില്ലെ?

അനിമേഷൻ നിർത്തിവെച്ചു് ഞാൻ ‘ഡി’ ഡ്രൈവിൽ അനിമേഷൻ ഉണ്ടാക്കിവെച്ച ഫോൾഡർ തുറന്നു് ചതുരംഗപ്പലകയുടെ ചിത്രമെടുത്തു നോക്കി. ചിത്രം സ്ക്രീൻ നിറഞ്ഞുനിന്നു. നല്ല മിഴിവുള്ള ചിത്രം. അവൾ ഹൈ റെസലൂഷനിൽ സ്കാൻ ചെയ്തെടുത്തതാണതു്. 300 പിക്സലെങ്കിലും ഉണ്ടാവും. അനിമേഷനുവേണ്ടി അവൾ ചിത്രത്തിന്റെ സൈസ് ചുരുക്കിയിട്ടുണ്ടാവണം. കാരണം ആ റെസലൂഷനിൽ ജിഫ് അനിമേറ്ററിൽ അനിമേഷന്നുണ്ടാക്കാൻ പറ്റില്ല. ആ ബെൻക്യു ഏസർ സ്കാനർ കഴിഞ്ഞ പ്രാവശ്യം കുട്ടേട്ടൻ അമേരിക്കയിൽ നിന്നു വന്നപ്പോൾ മരുമകൾക്കു് വാങ്ങിക്കൊടുത്തവയാണു്. ഓരോ പ്രാവശ്യവും നാട്ടിലേയ്ക്കു വന്നാൽ കുട്ടേട്ടൻ വന്ദനയ്ക്കു വേണ്ടി എന്തെങ്കിലും വാങ്ങാതിരിയ്ക്കില്ല. ഇപ്രാവശ്യവും അയാൾ വന്ദനയോടു ചോദിച്ചു. ‘മോൾക്കു് എന്താണു് വേണ്ടതു?’ അവൾക്കു് സംശയമൊന്നുമുണ്ടായിരുന്നില്ല. എടുത്ത പടിയ്ക്കു് അവൾ പറഞ്ഞു. ‘ഒരു കളർ സ്കാനർ.’

‘നീ ചെറുതെന്തെങ്കിലും പറേ മോളെ.’ ഞാനവളെ ഗുണദോഷിച്ചു. ഒരു സ്കാനറിനു് ചുരുങ്ങിയതു് മൂവ്വായിരത്തഞ്ഞൂറു രൂപയെങ്കിലുമാവുമെന്നെനിയ്ക്കറിയാം.

‘നീ മിണ്ടാതിരി.’ കുട്ടേട്ടൻ എന്നെ ശാസിച്ചു. അവൾക്കാവശ്യമുള്ളതല്ലെ അവൾ ആവശ്യപ്പെടുക?’

ഉടനെത്തന്നെ അദ്ദേഹം വന്ദനയെയും കൂട്ടി പുറത്തിറങ്ങി. ഒരു മണിക്കൂർ കഴിഞ്ഞു് തിരിച്ചുവന്നതു് ഈ സ്കാനറുമായിട്ടാണു്. അതിന്റെ വിലയറിഞ്ഞപ്പോൾ ഞാൻ പറഞ്ഞു.

‘ഇനി കുട്ടമ്മാമ ബലിയിടാനെന്നല്ല ഒരു കാര്യത്തിനും ഇന്ത്യേലു് നിന്നെ പേടിച്ചു് കാലുകുത്തില്ല.’

സ്നേഹമുള്ള മനുഷ്യനാണു്. എന്റെ അമ്മാവനു് എങ്ങിനെ ഇങ്ങിനെയൊരു സന്തതിയുണ്ടായി?

സ്ക്രീനിൽ നിറഞ്ഞുനിന്ന ചിത്രം നോക്കിക്കൊണ്ടിരിക്കെ ഞാൻ അതെല്ലാം ഓർത്തു. കുട്ടിക്കാലം, അതിന്റെ ഗൃഹാതുരത. ചിത്രങ്ങൾ വളരെ മിഴിവുള്ളതായിരുന്നു. മാസത്തിലൊരിക്കലെങ്കിലും നാട്ടിൽ പോകുന്നതുകൊണ്ടു് ആ നാലുകെട്ടിന്റെ ചിത്രം മനസ്സിൽ വളരെ സജീവമായിരുന്നു.

സ്ക്രീനിൽ നിറഞ്ഞുനിന്ന ചിത്രത്തിൽ നോക്കിയപ്പോഴാണു് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചതു്. ചിത്രത്തിന്റെ വലത്തുവശത്തായി താഴെ എന്തോ എഴുതിയിരിക്കുന്നു. അങ്ങിനെയൊന്നു് ഞാനിതുവരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ ആ ഭാഗം വലുതാക്കിനോക്കി. എഴുത്തുതന്നെയാണു്. വായിക്കാൻ പറ്റുന്നതിൽ പരമാവധി വലുതാക്കി. അതൊരു നാലക്കസംഖ്യയാണു്. ഒന്നുകൂടി വലുതാക്കിയപ്പോഴാണു് മനസ്സിലായതു് അതു് 1131 എന്നെഴുതിയതാണു്. 1131? ഞാൻ വീണ്ടും നോക്കി. അതെ 1131 തന്നെ. അതു് ഞാൻ ജനിച്ച കൊല്ലമായിരുന്നു. മലയാള വർഷം. എച്ചിങ്ങിന്റെ സമയത്തു് അബദ്ധത്തിൽ വന്നുപെട്ട ഒരു കരടാണെന്നു കരുതിയിരുന്നതു് ഞാൻ ജനിച്ച വർഷം കുറിച്ചു വച്ചതായിരുന്നു. ഞാൻ ജനിക്കുന്നതിനും എത്രയോ മുമ്പു് ഏതോ കാരണവരാണു് ആ ചതുരംഗപ്പലക ഉണ്ടാക്കിവച്ചതു്. ആ കാരണവർ മരിച്ചതു് ആയിരത്തി എൺപത്തഞ്ചിലോ മറ്റോ ആണു്. അതിനും മുമ്പു് എന്നോ ഉണ്ടാക്കിവച്ച ഒരു പലകയിൽ എന്റെ ജനന വർഷം എഴുതിവച്ചതു് യാദൃശ്ചികമാണോ? ഏതൊക്കെയോ അജ്ഞാതമായ വഴികളിലൂടെ വിധി എനിക്കു വേണ്ടി എന്തോ കരുതിവെച്ചിരിയ്ക്കയാണു്. എനിയ്ക്കുവേണ്ടി മാത്രം, കാരണം അതേവരെ ഒരാളും ആ ചതുരംഗപ്പലക ഗൗരവമായി എടുത്തിട്ടില്ല. അമ്മാവൻ ഒരിക്കൽ പറഞ്ഞതു് അതുണ്ടാക്കിയതു് അദ്ദേഹത്തിന്റെ രണ്ടാമത്തെ അമ്മാവനാണെന്നാണു്. അദ്ദേഹത്തിനു് തലയ്ക്കു് അല്പം അസുഖമാണെന്നും പറഞ്ഞു. തലയ്ക്കു് വട്ടുള്ള ഒരാൾ ചെയ്യുന്നതു് ഗൗരവമായി എടുക്കേണ്ടതില്ലല്ലൊ. അതറിഞ്ഞ ശേഷവും ഞാനതു ഗൗരവമായി എടുക്കുകയും അതിന്റെ അർത്ഥമെന്താണെന്നു് അന്വേഷിക്കുകയും എന്റെ രണ്ടു വർഷം പാഴാക്കുകയും ചെയ്തപ്പോഴോ? അതെനിയ്ക്കു മാത്രമുള്ള എന്തോ സന്ദേശമാണു്. അതെടുക്കാനും മനസ്സിലാക്കാനും പക്ഷേ, എനിക്കാവുന്നില്ല.

വന്ദന പിന്നിൽ വന്നു നിന്നതു് ഞാനറിഞ്ഞില്ല.

‘എങ്ങിനെണ്ടു് അച്ഛാ?’ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവൾ ചോദിച്ചു.

‘നന്നായിട്ട്ണ്ടു്.’ ഞാൻ പറഞ്ഞു. ‘നീയിതു് ഹൈ റെസലൂഷനിലു് ചെയ്തതോണ്ടു് നല്ല തെളിമണ്ടു്.’

‘അച്ഛാ എനിയ്ക്കു് ത്രീ-ഡി അനിമേഷൻ പഠിച്ചാൽ മതി.’

‘അത്യോ? പക്ഷേ, മോളെ അനിമേഷനിലു് ചാൻസുകള് വളരെ കുറവല്ലെ ഉള്ളൂ? നേരെ മറിച്ചു് ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറാണെങ്കിൽ ഇന്നുതന്നെ ജോലികിട്ടും. നല്ല ശംബളവും ആണു്. സോഫ്റ്റ്വെയർ എഞ്ചിനീയർമാർ ആയിരക്കണക്കിനു് വേണ്ടിവരുമ്പോൾ അനിമേറ്റേഴ്സ് വളരെ കുറച്ചല്ലെ വേണ്ടൂ? വെബ് സൈറ്റുകളിലൊക്കെ ഇപ്പോൾ ഫ്ളാഷിലാണു് അനിമേഷൻ. ത്രീഡി അനിമേഷനാണെങ്കിൽ കാർട്ടൂൺ ചിത്രത്തിലും വല്ലപ്പോഴും ആർക്കിടെക്ചറിലും മാത്രേ വേണ്ടിവരൂ. നീ അവരേം അന്വേഷിച്ചു് നടക്കണ്ടി വരും.’

‘അതു സാരല്യ അച്ഛാ.’ അവൾ കുറച്ചുനേരം നിശ്ശബ്ദയായി, പിന്നെ അടുത്തിട്ട കസേലയിൽ ഇരുന്നുകൊണ്ടു് ചോദിച്ചു. ‘അച്ഛാ, ഞാനൊരു കാര്യം ചോദിച്ചാൽ അതിനു് ശരിക്കുള്ള മറുപടി തര്വോ?’

‘നീ പറേ.’ അവൾ എന്താണു് ചോദിക്കാനുദ്ദേശിക്കുന്നതെന്നു് എനിക്കു മനസ്സിലായിരിക്കുന്നു.

‘പ്രോമിസ് ?’

‘പ്രോമിസ്.’ അവളുടെ നീട്ടിയ ഉള്ളംകയ്യിൽ അടിച്ചുകൊണ്ടു് ഞാൻ പറഞ്ഞു.

‘എന്താണു് ഈ ചെസ്സ്ബോർഡിന്റെ പ്രത്യേകത? എന്തിനാണു് അമ്മ അതൊളിപ്പിച്ചു വെച്ചതു?’

വന്ദനയോടു് നുണ പറയാൻ എനിക്കിഷ്ടമില്ലായിരുന്നു. എങ്കിലും അവളുടെ ഭാവിയെ നോക്കിയെങ്കിലും അതിന്റെ രഹസ്യം അവൾ അറിയരുതു്. ഞാൻ പറഞ്ഞു.

‘അതിലൊന്നുംല്ല്യന്റെ മോളെ. അതൊരു വെറും ചതുരംഗപ്പലക മാത്രാണു്. ഏതോ വട്ടൻ കാരണവരു് സമയം കളയാൻ വേണ്ടി ഉണ്ടാക്കിയിട്ടതാണു്.’

‘അല്ല, അച്ഛൻ നുണ പറയ്യാണു്.’ അവളുടെ സ്വരത്തിൽ പരിഭവം.

‘അച്ഛൻ ഒരു കാര്യം പറയട്ടെ മോളെ? ഈ ബോർഡ് അച്ഛന്റെ രണ്ടു കൊല്ലം കളഞ്ഞ സാധനാണു്. മോള് അതൊന്നും അറിയണ്ടാ. അറിയാൻ മാത്രൊന്നുംല്ല്യ. നിന്റെ പരീക്ഷയ്ക്കു് ഇനി നാലു മാസേള്ളൂ. അതിനെടയ്ക്കു് വേണ്ടാത്തതിലൊന്നും എടപെട്ടു് മനസ്സു് ചിന്നിപ്പോണ്ട. മോള് പോയി പഠിയ്ക്കു്.’

‘ഇല്ല, ഞാൻ പഠിക്കില്ല. ഇതെന്താന്നറിഞ്ഞാലെ ഞാൻ പഠിയ്ക്കു.’

വന്ദനയുടെ കൗതുകമുള്ള മുഖത്തു നോക്കിയപ്പോൾ അവൾ കുട്ടിയായിരിക്കുമ്പോഴുണ്ടായ ഒരു കാര്യം ഓർത്തു. മൂന്നു വയസ്സു പ്രായമുള്ളപ്പോഴാണു്. എന്തെങ്കിലും വാശി സാധിപ്പിച്ചു കൊടുത്തില്ലെങ്കിൽ അവൾ ഭീഷണിപ്പെടുത്താറുണ്ടു്.

‘ഞാൻ തുണില്ല്യാതെ മുറ്റത്തു് പോയി നിൽക്കും.’

ഉടുപ്പിടാതെ നടക്കരുതു്, പ്രത്യേകിച്ചും പുറത്തു് എന്നു് ഇന്ദിര പറയാറുണ്ടു്. ഒരിക്കൽ എന്നോടും ഭീഷണി മുഴക്കിയപ്പോൾ ഞാൻ പറഞ്ഞു.

‘നിന്നോ, അച്ഛനു് കുഴപ്പൊന്നുംല്ല്യ. വല്ല കാക്കേം പറന്നുപോവുമ്പോൾ നെന്നെ കണ്ടാൽ തോലുപൊളിച്ച പൂവംപഴാണ്ന്നു് കരുതി കൊത്തിക്കൊണ്ടു പോകും. അത്വന്നെ.’

ഒരിക്കൽ അവളുടെ കയ്യിൽനിന്നു് ഒരു കാക്ക പലഹാരം കൊത്തിക്കൊണ്ടു പോയതിൽപ്പിന്നെ അവൾക്കു കാക്കകളെ പേടിയായിരുന്നു. അതിനു ശേഷം അവൾ ആ ഭീഷണി മുഴക്കിയിട്ടില്ല.

‘എന്താ അച്ഛൻ ചിരിക്കണതു?’

‘ഒന്നുംല്ല്യ മോളെ.’ ഞാൻ പറഞ്ഞു. ‘നെനക്കു് നിർബ്ബന്ധാണെങ്കിൽ ഞാൻ പറഞ്ഞുതരാം. ഇന്നും നാളെയും വേണ്ടിവരും അതു മുഴുവൻ തീരാൻ. ഒരു വാഗ്ദാനം തരണം. ഈ കഥ കേട്ടു കഴിഞ്ഞാൽ തിരിച്ചു് നിന്റെ പഠിത്തത്തിൽ ശ്രദ്ധിക്കണം. ഇതുതന്നെ ആലോചിച്ചു് ഇരിക്കര്തു്.’

‘സമ്മതിച്ചു, പറയൂ.’

നാലു്

രണ്ടായിരത്തിആറിൽ ജീവിക്കുന്ന ഒരു പതിനാലു വയസ്സുകാരിയ്ക്കു് തൊള്ളായിരത്തിഎഴുപതുകളിലെ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതു് ഒരു മെഗാസിറ്റിയിൽനിന്നു് അവളെ നേരെ കാട്ടിന്റെ ഉള്ളിലെവിടെയെങ്കിലും വിടുന്നതു പോലെയാണു്. ഒരു കാടു് അവൾക്കു് പിന്നേയും മനസ്സിലായെന്നു വരും. കാലം അത്രയധികം മാറിയിരിക്കുന്നു. ഞങ്ങൾ മാസത്തിലൊരിക്കലെങ്കിലും നാട്ടിൽ പോയി താമസിക്കുന്നതുകൊണ്ടു് സ്ഥലങ്ങളെപ്പറ്റി അവൾക്കു് ഏകദേശം രൂപമുണ്ടു്. അതുകൊണ്ടു് ഒന്നും ആയില്ല. ഞാൻ പറഞ്ഞു.

‘അച്ഛൻ കുറച്ചുനേരം കിടക്കട്ടെ, അതു കഴിഞ്ഞു് എഴുന്നേറ്റശേഷം പറയാം. മോള് ഇപ്പോ പൊയ്ക്കൊ.’

‘ശരി.’ അവൾ എഴുന്നേറ്റു.

ഞാൻ കമ്പ്യൂട്ടർ ഓഫാക്കി, കട്ടിലിന്മേൽ വന്നു കിടന്നു. ഉറങ്ങണം. പക്ഷേ, എന്റെ ഉറക്കം നാട്ടിൻപുറത്തെ നാലുകെട്ടിലെവിടെയോ നഷ്ടപ്പെട്ടിരിക്കയാണു്. ഇന്ദിര ആ ചതുരംഗപ്പലക ഒളിപ്പിച്ചുവെച്ചതിന്റെ കാരണം എനിയ്ക്കിപ്പോൾ മനസ്സിലായി. പക്ഷേ, അതെപ്പോഴാണു് അവളുടെ കൈവശം എത്തിപ്പെട്ടതെന്നു മനസ്സിലായില്ല. അമ്മാവന്റെ മരണത്തിനു ശേഷമായിരിക്കണം.

അമ്മാവന്റെ വീട്ടിൽ പതിമൂന്നാം വയസ്സിൽ താമസിക്കാനെത്തിയതിന്റെ വളരെ നേരിയ ഓർമ്മകളെ എനിയ്ക്കുള്ളൂ. ഞാൻ അമ്മയുടെ പിന്നാലെ ആ വലിയ പടിപ്പുര കടന്നു ചെന്നതു് ഒരു പുതിയ ജീവിതത്തിലേയ്ക്കായിരുന്നു. പഞ്ഞത്തിന്റെയും പട്ടിണിയുടെയും നാളുകൾ സമൃദ്ധിയുടെയും സംതൃപ്തിയുടെയും നാളുകളായി മാറി. അമ്മയും ഏട്ടത്തിയും ഒപ്പം വന്നിരുന്നു. അവർ പിറ്റേന്നുതന്നെ തിരിച്ചുപോയി. അവർ തിരിച്ചുപോയതു് ദാരിദ്ര്യത്തിലേയ്ക്കും പട്ടിണിയിലേയ്ക്കുമാണെന്നതു് എന്നെ അത്രതന്നെ വിഷമിപ്പിച്ചില്ല. ആ പ്രായത്തിൽ അവനവന്റെ വയർ മാത്രമേ ഒരു കുട്ടി ശ്രദ്ധിക്കു, പ്രത്യേകിച്ചും വിശന്നിരുന്ന ഒരു കുട്ടി. ആ നാലുകെട്ടു് ഒരു വലിയ യന്ത്രം പോലെ എനിയ്ക്കു തോന്നിയിരുന്നു. അതിവേഗത്തിൽ കറങ്ങുന്ന ചക്രങ്ങളുള്ള ഒരു യന്ത്രം. തിരക്കു മാത്രം. രാവിലെ എട്ടുമണിയായാൽ യന്ത്രം പ്രവർത്തിയ്ക്കാൻ തുടങ്ങുന്നു. പറമ്പിൽ കണ്ടം കളയ്ക്കുകയോ വല്ലതും നടുകയോ ഇലക്ട്രിക് പമ്പുപയോഗിച്ചു് തെങ്ങിനും വാഴയ്ക്കും പച്ചക്കറികൾക്കും നനയ്ക്കുകയോ ചെയ്യുന്ന ജോലിക്കാർ, ചാണകം മെഴുകിയ മുറ്റത്തു് നെല്ലുകറ്റ അടിച്ചു് നെന്മണികൾ വേർതിരിക്കുകയും ഉതിർന്ന മണികൾ കാറ്റത്തിട്ടു് പതിരും വൈക്കോൽത്തരികളും കളഞ്ഞു് വൃത്തിയാക്കുകയും ചെയ്യുന്ന സ്ത്രീകൾ, ഉരൽപ്പുരയിൽ ഉരലിന്റെ താളത്തിനൊപ്പം ഉയർന്നു കേൾക്കുന്ന ശ്, ശ് ശബ്ദവും കുപ്പിവളകളുടെ കിലുക്കവും. എന്റെ വീട്ടിലെ പ്രശാന്തതയിൽ നിന്നു് ഈ ബഹളത്തിലേയ്ക്കു പെട്ടെന്നു വന്നതു് എന്നെ അന്ധാളിപ്പിച്ചു. മുമ്പു് വല്ലപ്പോഴും ആ വീട്ടിൽ വന്നു താമസിച്ചിട്ടുണ്ടു്. അന്നെല്ലാം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ തിരിച്ചു പോകുമെന്ന ആശ്വാസമുണ്ടു്. ഇനി അതില്ല. ഇതാണെന്റെ സ്ഥിരവാസം. എന്റെ ഭാവി ഇവിടെയാണു്, ഒരുപക്ഷേ, മരണം വരെ.

അമ്മയും രാധേട്ത്തിയും പിറ്റേന്നു രാവിലെ തിരിച്ചു പോയതിനു ശേഷം ഞാൻ ശരിയ്ക്കും ഒറ്റപ്പെട്ടു. എന്നേക്കാൾ രണ്ടു വയസ്സു കൂടുതലുള്ള കുട്ടേട്ടൻ ഇടയ്ക്കു ഞാനിരിക്കുന്നിടത്തു വന്നു നോക്കും. ഒന്നും പറയാതെ തിരിച്ചു പോകും. എങ്ങോട്ടാണു് പോകുന്നതെന്നറിയില്ല. ആ പടുകൂറ്റൻ വീട്ടിൽ ഒരായിരം പേർക്കു് ഒളിച്ചിരിക്കാൻ ഇടമുണ്ടെന്നു തോന്നിയിരുന്നു. എട്ടു വയസ്സുള്ള ഇന്ദിര ഇടയ്ക്കു വന്നു് ഞാനിരിക്കുന്ന ഇരുത്തിയുടെ അടുത്തുകൂടെ പോകും. അതിനിടയിൽ നല്ലൊരു നുള്ളും സമ്മാനിയ്ക്കും. നല്ല വേദനയുണ്ടാകും. ഞാനവളെ തുറിച്ചു നോക്കുമ്പോൾ അവൾ കൊഞ്ഞനം കുത്തിക്കൊണ്ടു് ഓടിപ്പോകും. ഓടേണ്ട ആവശ്യമൊന്നുമുണ്ടായിരുന്നില്ല. അവളുടെ പിന്നാലെ ഓടിച്ചെന്നു് ശിക്ഷിക്കാനെന്നു മാത്രമല്ല, നാവെടുത്തു ‘വേദനിയ്ക്കുന്നുണ്ടു്’ എന്നു പറയാൻ പോലും അശക്തനാകും വിധം ഞാൻ മോശം നിലയിലായിരുന്നു.

അമ്മാവന്റെ മക്കൾ രണ്ടുപേർക്കും ഞാനവിടെ താമസിക്കാൻ വന്നതു് ഇഷ്ടമായില്ല എന്നർത്ഥം. അതെന്നെ വേദനിപ്പിച്ചു. എനിയ്ക്കു സ്വയം ഒരു ഭിക്ഷക്കാരനായി തോന്നി. പക്ഷേ, രാത്രിയായതോടെ കാര്യങ്ങൾ കുറേശ്ശെ അനുകൂലമായി വന്നു. തളത്തിൽ നിലത്തിരുന്നു് ഞങ്ങൾ മൂന്നു കുട്ടികളും ഊണു കഴിച്ചു. കൈ കഴുകി ഷർട്ടിന്റെ കയ്യിൽ മുഖം തുടച്ചു് തിരിഞ്ഞു നോക്കിയതു് കുട്ടേട്ടന്റെ മുഖത്താണു്. മൂപ്പർ ഗൗരവമായി പറഞ്ഞു. ‘എന്റെ പിന്നാലെ വാ.’

ഞാൻ അയാളുടെ പിന്നാലെ നടന്നു. കോണി കയറി മുകളിൽ സ്വന്തം മുറിയിലെത്തിയപ്പോൾ വാതിലടച്ചുകൊണ്ടു് കുട്ടേട്ടൻ പറഞ്ഞു. ‘ഇരിയ്ക്കു്.’

ഞാൻ മേശയ്ക്കു മുമ്പിലിട്ട രണ്ടു കസേലകളിലൊന്നിൽ ഇരുന്നു.

‘അമ്മ നെന്നെ എന്റെ ഒപ്പം കെടത്താൻ പറഞ്ഞിട്ട്ണ്ടു്. നീ ചില നിബന്ധനകൾ സമ്മതിച്ചാൽ മാത്രെ ഞാനതു സമ്മതിയ്ക്കൂ. മനസ്സിലായോ?’

ഞാൻ തലയാട്ടി, എന്താണു് ആ നിബന്ധനകൾ എന്നുകൂടി ചോദിച്ചില്ല. ആ ചോദ്യത്തിലും ഞങ്ങളെ ചൂഴ്‌ന്നു നിൽക്കുന്ന സന്ദർഭത്തിലും ഒരു നാടകീയതയുണ്ടായിരുന്നു. നാലു പേർക്കു കിടക്കാൻ മാത്രം വലുപ്പമുള്ള ആ കിടയ്ക്കയിൽ കിടക്കാൻ സമ്മതിച്ചാൽ ഞാൻ എന്തു നിബന്ധനയ്ക്കും വഴങ്ങുമായിരുന്നു.

‘ഒന്നു് ഞാൻ അമ്മയോടു് നുണ പറയുമ്പോൾ നീ എടങ്കോലിടരുതു്. അതായതു് അതിനെതിരെ ഒന്നും പറയരുതു്. അമ്മയുടെ ഒപ്പം ജീവിച്ചു പോകാൻ അല്പസ്വല്പം നുണ പറയേണ്ടിവരും. നിനക്കതു് വഴിയെ മനസ്സിലാവും.’

‘രണ്ടാമതു്, ഞാൻ നിന്നോടു പറയുന്നതൊന്നും ഇന്ദിര്യോടു് പറയരുതു്. അവളൊരപകടകാരിയാണു്.’ എന്റെ മുഖത്തു കണ്ട സംശയഭാവം ശ്രദ്ധിച്ചുവെന്നു തോന്നുന്നു. കുട്ടേട്ടൻ തുടർന്നു. ‘അവൾ നമ്മെ ഒറ്റിക്കൊടുക്കും. അവൾ കാരണം എനിയ്ക്കു് അച്ഛന്റെ കയ്യിൽനിന്നു് ധാരാളം സമ്മാനം കിട്ടീട്ട്ണ്ടു്. എല്ലാ പെൺകുട്ടികളും അങ്ങിനെത്തന്നെയാണു്. ഒരൊറ്റ ഒന്നിനേം വിശ്വസിക്കരുതു്. നിനക്കു് അച്ഛന്റെ കയ്യീന്നു് അടി കിട്ടീട്ട്ണ്ടോ?’

ഞാൻ ഇല്ലെന്നു തലയാട്ടി. എന്റെ അച്ഛൻ എനിയ്ക്കു് രണ്ടു വയസ്സുള്ളപ്പോഴെ മരിച്ചുപോയിരുന്നു.

‘നിന്റെ അച്ഛന്റെ കാര്യല്ല പറയണതു? എന്റെ അച്ഛന്റെ, നിന്റെ അമ്മാവന്റെ. കിട്ടാൻ വഴീല്ല്യ. ഇനി കിട്ടാനുള്ള എട കൊടുക്കണ്ട. നല്ല ചൂട്ണ്ടു്. അതാ ഞാൻ പറയണതു് ഇന്ദിരേനെ സൂക്ഷിക്കണംന്നു്. മനസ്സിലായോ?’

അതായിരുന്നു ഞാനും കുട്ടേട്ടനും കൂടിയുണ്ടായ സൗഹൃദത്തിന്റെ തുടക്കം. ഇപ്പോൾ അമ്പതു കിലോമീറ്ററും മുപ്പത്താറ് വർഷവും സൃഷ്ടിച്ച അകലത്തിൽനിന്നു് നോക്കുമ്പോൾ ഞാൻ ആലോചിച്ചു അതൊരു നല്ല ബന്ധമായിരുന്നു. ഒരിക്കലും ഉലയാത്ത സ്നേഹബന്ധം. ഞങ്ങൾക്കൊരു പൊതു ശത്രുവുണ്ടായതുകൊണ്ടായിരിക്കണം അതു്. അതിനുശേഷം എനിക്കാ വീട്ടിൽ അന്യനായി തോന്നിയിട്ടില്ല.

ഇന്ദിരയുടെ പീഡനത്തിന്റെ കാര്യം പറഞ്ഞപ്പോൾ കുട്ടേട്ടൻ പറഞ്ഞു. അതു് നമുക്കു് നിർത്താം. ഇനി പിച്ചാൻ വരുമ്പോൾ പറഞ്ഞാ മതി, ഞാൻ നിന്നെ കെട്ടാൻ പോവ്വാണ്ന്നു്. പിന്നെ അവൾ അടുത്തു വരില്ല. അടുത്ത തവണതന്നെ അതു ഞാൻ പരീക്ഷിച്ചു. അവൾ ഉപദ്രവിക്കാൻ വരികയാണെന്നു് എനിയ്ക്കു മനസ്സിലായി. ഞാൻ മുൻകൂറായി പറഞ്ഞു.

‘പിച്ചിക്കോ, പക്ഷേ, ഞാൻ നിന്നെ കെട്ടാൻ പോവ്വാണു്.’

‘കെട്ടാനോ?’

‘അതെ, കല്യാണം കഴിക്കാൻ.’

‘വേണ്ട…’

‘അതു നീയല്ലല്ലോ തീർച്ചയാക്കാൻ, ഞാനല്ലെ?’

അവൾ കരഞ്ഞുകൊണ്ടു് അമ്മയുടെ അടുത്തേയ്ക്കോടി. ഞാൻ പിന്നാലെയുണ്ടായിരുന്നു. കാര്യം മനസ്സിലായപ്പോൾ അമ്മായി പറഞ്ഞു.

‘അതിനെന്താ, അവൻ നെന്റെ മുറച്ചെക്കനല്ലെ?’

‘എനിക്കു് ഈ ഏട്ടനെ വേണ്ടാ…’ അവൾ കരയുക തന്നെയാണു്. അമ്മായി ചിരിച്ചുകൊണ്ടിരുന്നു.

അമ്മാവൻ ആ വഴിയ്ക്കു വരുമ്പോഴേയ്ക്കും അവളുടെ കരച്ചിൽ നിർത്തുകയാണു് നല്ലതു്. ഞാൻ പറഞ്ഞു.

‘ശരി, നിന്നെ കല്യാണം കഴിക്കിണില്ല. പക്ഷേ, ഇനി എന്നെ പിച്ചരുതു്.’

അവൾ കരച്ചിൽ നിർത്തി, തലയാട്ടി.

‘പിന്നെ വേറൊരു കാര്യം. വലുതായാൽ എന്നെ കെട്ടണംന്നു് പറഞ്ഞു് പിന്നാലെ വരും അര്തു്. മനസ്സിലായോ?’

‘ശരി.’

പിറകോട്ടു പോയി, അല്പം ചരിത്രം. ആദ്യത്തെ ആൺപ്രജയ്ക്കു ശേഷം അഞ്ചു വർഷം കഴിഞ്ഞു് അമ്മാവനു് ഒരു പെൺകുട്ടി ജനിച്ചപ്പോൾ അമ്മാവൻ ആദ്യം ചെയ്തതു് ആളെ പറഞ്ഞയച്ചു് പെങ്ങളെ വരുത്തുകയാണു്. രണ്ടു വയസ്സു പ്രായമായ എന്നെയും അഞ്ചു വയസ്സു പ്രായമായ രാധേട്ത്തിയെയും പെറുക്കിയെടുത്തു് അമ്മ ഏട്ടന്റെ അടുത്തേയ്ക്കു് പുത്രവധുവിനെ കാണാൻ യാത്രയായി. ഞങ്ങൾക്കു് വളരെ നല്ല സ്വീകരണമാണു് അന്നു ലഭിച്ചതെന്നു് അമ്മ പറയുകയുണ്ടായിട്ടുണ്ടു്. കാര്യസ്ഥനെ പറഞ്ഞയച്ചു് രാഘവന്റെ കടയിൽനിന്നു് ഒരു കുഞ്ഞി ഷെഡ്ഡിയും എന്നേക്കാൾ വലുപ്പമുള്ള ഒരു കള്ളിഷർട്ടും വാങ്ങിച്ചു. ഞാൻ ആദ്യമായി ധരിച്ച പുരുഷവേഷം അതായിരുന്നത്രെ. അതുവരെ രാധേട്ത്തിയുടെ പഴയ ഉടുപ്പുകളാണു് എന്നെ ഇടീച്ചിരുന്നതു്. ഒരു ഗംഭീര സദ്യയും ഒരുക്കിയിരുന്നു. രണ്ടാം വയസ്സിൽ നടന്ന ആ കാര്യങ്ങളൊന്നും എനിയ്ക്കു് ഓർമ്മയുണ്ടാവാൻ വയ്യ. നന്നായി; ഓർമ്മയുണ്ടായിരുന്നെങ്കിൽ അതിന്റെയൊക്കെ അർത്ഥശൂന്യതയോർത്തു് എനിയ്ക്കു വിഷമമായേനെ. തറവാട്ടുസ്വത്തു് പുറത്തുപോകാതിരിക്കാൻ നായർ തറവാടുകൾ പിൻതുടർന്നിരുന്ന ഈ സമ്പ്രദായത്തിൽ ആൺകുട്ടിയ്ക്കോ പെൺകുട്ടിയ്ക്കോ വിവാഹത്തിന്റെ കാര്യത്തിൽ സ്വയം നിർണ്ണയാവകാശം നൽകിയിരുന്നില്ല. എല്ലാം എല്ലാവർക്കും സ്വീകാര്യമാണെന്നു് പൊതുവെ ധരിച്ചുവെച്ചു എന്നു മാത്രം. പത്തിരുപതു കൊല്ലം ഒപ്പം താമസിക്കുമ്പോഴുണ്ടാകുന്ന മമത സ്വീകാര്യതയാണെന്നു കരുതിയിരിക്കണം.

എനിയ്ക്കു് ഇന്ദിരയോടുണ്ടായിരുന്ന മനോഭാവം എന്തായിരുന്നു? സത്യം പറയട്ടെ, എനിയ്ക്കിന്നും അറിയില്ല. അതിനെപ്പറ്റി ആലോചിക്കാനുള്ള സമയവും കിട്ടാത്ത വിധം കാലം എന്നെ മറികടന്നു പോയി. ഇന്നു്, ചതുരംഗക്കരുക്കൾ ചിത്രണം ചെയ്ത പ്ലെയ്റ്റ് നോക്കി നിന്ന വന്ദനയെ കണ്ടപ്പോൾ ഞാൻ ഓർത്തതു് രണ്ടു പതിറ്റാണ്ടു മുമ്പു് ഇതേ ചതുരംഗപ്പലകയും നോക്കി നിന്നിരുന്ന ഇന്ദിരയെയായിരുന്നു. ഞങ്ങൾ ഒളിപ്പിച്ചുവെച്ച ആ ബോർഡ് അവൾ കണ്ടുപിടിച്ച ദിവസമായിരുന്നു അതു്. പറമ്പിൽ ബാറ്റ്മിന്റൻ കളിച്ചു് തിരിച്ചു മുകളിൽ ഞങ്ങളുടെ മുറിയിലേയ്ക്കു വന്നപ്പോൾ കണ്ടതു് ഇന്ദിര ആ എച്ചിങ്ങും പിടിച്ചു് തിരിച്ചും മറിച്ചും നോക്കി നിൽക്കുന്നതാണു്. ഞങ്ങളെ കണ്ടപ്പോൾ അവൾ അതു് പിന്നിൽ ഒളിപ്പിച്ചുവച്ചു.

‘ആരാ നിന്നോടു് ഞങ്ങടെ മേശ തൊറക്കാൻ പറഞ്ഞതു?’ കുട്ടേട്ടൻ ദേഷ്യത്തോടെ ചോദിച്ചു. ‘ഇങ്ങട്ടു് താ അതു?’

ഇന്ദിര അതുംകൊണ്ടു് ഓടുകയാണു്. ഭാഗ്യത്തിനു് അവൾ കോണിയിറങ്ങുന്നതിനു മുമ്പു് ഞങ്ങൾക്കവളെ പിടികൂടാൻ പറ്റി. ആ ബോർഡിൽ എന്തൊക്കെയോ രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ടെന്നു് ഞങ്ങൾക്കു തോന്നിയിരുന്നു. അതു് അമ്മാമനും അമ്മായിയും കണ്ടാൽ കുഴപ്പമാണു്. അവളുടെ കയ്യിൽനിന്നു് ചെമ്പു് തകിടു് തട്ടിപ്പറിച്ചു വാങ്ങി.

‘ഞാൻ അച്ഛനോടു് പറഞ്ഞു കൊടുക്കും.’ ഇന്ദിര ഭീഷണിപ്പെടുത്തിക്കൊണ്ടു് പോകുകയാണു്.

കുട്ടേട്ടൻ പറഞ്ഞു. ‘നീ അവിടെ നിക്കു്, നമുക്കു് സംസാരിക്കാം.’

കൈക്കൂലിയുടെ വാഗ്ദാനം വരുന്നുണ്ടെന്നു് അനുഭവത്തിൽനിന്നു് അവൾക്കറിയാം. അതെത്ര ചെറുതുമാകട്ടെ. വെറും കൈയ്യോടെ താഴത്തിറങ്ങിപ്പോകണ്ടല്ലൊ. സാധാരണ അതു് കളർപെൻസിൽ തൊട്ടു് വായ മൂടേണ്ട സംഗതിയുടെ ഗൗരവമനുസരിച്ചു് എന്തു വില പിടിച്ചതുമാകാം.

അവൾ കട്ടിലിൽ കാൽഭാഗത്തെ അഴികൾ ചാരിയിരുന്നു.

‘ഇനി പറേ, നിനക്കു് എന്താണു് വേണ്ടതു?’ കുട്ടേട്ടൻ കൂടിയാലോചന തുടങ്ങിവച്ചു.

എന്താണു് ആവശ്യപ്പെടേണ്ടതെന്നതിനെപ്പറ്റി ഇന്ദിരയ്ക്കു് നല്ല രൂപമുണ്ടായിരുന്നു. അവൾ പറഞ്ഞു. ‘എന്നെ നിങ്ങടെ ഒപ്പം ചതുരംഗം കളിക്കാൻ കൂട്ടണം.’

‘അതു്…’ കുട്ടേട്ടൻ സംശയിച്ചുകൊണ്ടു് പറഞ്ഞു. ‘ഒന്നാമതു് ചതുരംഗം ബുദ്ധിയുള്ളവരുടെ കളിയാണു്. അതു് നീയെങ്ങിനെയാണു് കളിക്കുക?’

‘എനിക്കു് ബുദ്ധിയില്ലാന്നല്ലെ പറയണതു? എന്നാൽ എന്നെ ചേർക്കണ്ട, ഞാൻ പോണു.’ അവൾ എഴുന്നേറ്റു.

അവളുടെ സ്വരത്തിലെ പ്രകടമായ ഭീഷണി ശരിക്കും ഉൾക്കൊണ്ടുകൊണ്ടു് കുട്ടേട്ടൻ ചാടിയെഴുന്നേറ്റു. ഇന്ദിരയെ പിടിച്ചിരുത്തി മൂപ്പർ പറഞ്ഞു.

‘അങ്ങിനെ പിണങ്ങിപ്പോവല്ലെ. ഒരു കാര്യം ചെയ്യ്; ഒരു മാസം നീ ഞങ്ങൾ കളിക്കണതു് നോക്കിപ്പഠിക്കു്. എന്നിട്ടു് ഞങ്ങടെ ഒപ്പം കളിക്കാം. എന്താ?’

ഇന്ദിര തലയാട്ടി. കുട്ടേട്ടൻ മേശവലിപ്പു തുറന്നു് ചെസ്സ് ബോർഡെടുത്തു് അവൾക്കു മുമ്പിൽ നിരത്തി കരുക്കളുടെ പേരും അവയുടെ നീക്കങ്ങളും വിശദീകരിക്കാൻ തുടങ്ങി. ഒരു വിധത്തിൽ അതു നന്നായി. അടുത്ത കൊല്ലം കുട്ടേട്ടൻ കോഴിക്കോടു് കോളജിൽ പഠിക്കാൻ പോയപ്പോൾ എനിയ്ക്കു് കളിക്കാൻ ഒരു കൂട്ടായി. അതെത്രതന്നെ മോശമായാലും.

അഞ്ചു്

ചെമ്പുതകിടുകൊണ്ടുണ്ടാക്കിയ ചതുരംഗപ്പലക ഒരദ്ഭുതമായിരുന്നു. തട്ടിൻപുറത്തുനിന്നു് കിട്ടിയപൊടിപിടിച്ചു കിടക്കുന്ന ആ തകിടു് കുളത്തിൽ കൊണ്ടുപോയി കഴുകിയപ്പോഴാണു് അതിൽ വരച്ചിട്ട കള്ളികളും കരുക്കളും വ്യക്തമായതു്. അല്പം കറ അവിടവിടെയായി നിൽക്കുന്നുണ്ടെങ്കിലും തകിടു് ഒരുമാതിരി വൃത്തിയായിരുന്നു. അദ്ഭുതകരമായി തോന്നിയതു് അതിൽ കൊത്തിവച്ച കരുക്കളാണു്. നടന്നിരുന്ന ഒരു കളി പെട്ടെന്നു് നിന്നപോലെയായിരുന്നു കരുക്കളുടെ വിന്യാസം. ഏതോ സന്നിഗ്ദ്ധാവസ്ഥയിൽ ഒരു കളി മരവിച്ചു് ഉറഞ്ഞുപോയ പോലെ. കാലം പെട്ടെന്നു് നിലച്ച പോലെ. എത്ര കാലമായി ആ ചതുരംഗപ്പലക തട്ടിൻപുറത്തു് കിടക്കുന്നു എന്നു് പറയാൻ പറ്റില്ല.

കഴുകിയ വെള്ളം വറ്റിയപ്പോൾ പലക കുറേക്കൂടി തെളിഞ്ഞു. ചെമ്പിന്റെ ചുവപ്പുനിറത്തിൽ കരുക്കളുടെ കറുപ്പുനിറം ഉദിച്ചുവന്നു. കുട്ടേട്ടൻ സൂക്ഷിച്ചുനോക്കുകയായിരുന്നു. മൂപ്പർ നെറ്റി ചുളിച്ചിരിക്കയാണു്. എന്തോ അപ്രിയമായ കാര്യം അതിൽ കണ്ടെന്നു തോന്നുന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചുനേരത്തെ അനിശ്ചിതത്വത്തിനു ശേഷം അയാൾ മുഖമുയർത്തി എന്നെ നോക്കി.

‘നിനക്കിതിൽ എന്തെങ്കിലും കുഴപ്പം കാണാനുണ്ടോ?’

ഞാൻ സൂക്ഷിച്ചു നോക്കി. ഇല്ല, ഒന്നും കാണുന്നില്ല. ഞാൻ കുട്ടേട്ടനെ ചോദ്യപൂർവ്വം നോക്കി.

‘ഇങ്ങിനെ ഒരു കളിയുണ്ടാവാൻ വയ്യ. ഇതു തെറ്റാണു്. നോക്കു്?’

ഞാൻ സൂക്ഷിച്ചു നോക്കിയപ്പോഴാണു് ഒരു കാര്യം മനസ്സിലായതു്. കളിയിൽ കാര്യമായ ഒരു തെറ്റുണ്ടു്. വെളുത്ത ദേവനു് മൂന്നു ഭാഗത്തുനിന്നു് അരശു കൊടുത്തിരിക്കയാണു്. തേരുകൊണ്ടു് ഒരു വെച്ചരശ്, കുതിരയെക്കൊണ്ടു് ഒരു ഇഷ്ടരശ്, ആനയെക്കൊണ്ടു് ഒരു പോട്ടരശ്. ഇങ്ങിനെ മൂന്നു കരുക്കളെക്കൊണ്ടു് ഒരേ സമയത്തു് അരശു കൊടുക്കാൻ ഒരു വഴിയും കാണുന്നില്ല. ഇതൊരു തെറ്റായ കളിയാണു്.

‘ശരിയാണു്.’ ഞാൻ പറഞ്ഞു. ‘ഇങ്ങിനെയൊരു കളിയുണ്ടാവാൻ വയ്യ.’

‘അതെന്താണു് കാണിക്കണതു?’ കുട്ടേട്ടൻ ചോദിച്ചു. കുട്ടേട്ടന്റെ സംസാരം ഒരു സ്കൂൾ മാസ്റ്ററെപ്പോലെയാണു്. കുട്ടികളെ പഠിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന ശൈലി. എന്റെ മറുപടിയൊന്നും കിട്ടാതിരുന്നപ്പോൾ അയാൾ തന്നെ പറഞ്ഞു. ‘അതു കാണിക്കുന്നതു് ഇതു് വെറുമൊരു കളിയല്ലാന്നാണു്. ഇതു് മറ്റെന്തിന്റ്യോ സൂചനയാണു്… എന്തിന്റ്യാണ്ന്നു് നമ്ക്കു് കണ്ടുപിടിക്കണം. വാ നമുക്കു് തട്ടിൻപൊറത്തു് ഒന്നുകൂടി കേറാം. അവിടെ വേറെ എന്തെങ്കിലും സൂചനകള്ണ്ടാവും.’

കുട്ടേട്ടൻ ഒരു നല്ല വായനക്കാരനായിരുന്നു. ഇനി വായിക്കാത്ത ഡിറ്റക്ടീവ് നോവലുകളില്ല. ശരിക്കു പറഞ്ഞാൽ ഡിറ്റക്ടീവ് നോവലുകളും നിധി തേടുന്ന കഥകളും മാത്രമേ മൂപ്പരു് വായിക്കൂ. തട്ടിൻപുറം അദ്ഭുതങ്ങൾ നിറഞ്ഞതാണു്. വളരെ പ്രാചീനമായ രഹസ്യങ്ങൾ അവിടെ ഒളിച്ചിരിക്കുന്നുണ്ടു്. നാലുകെട്ടിന്റെ മേൽഭാഗം മുഴുവൻ പരന്നു കിടക്കുന്നതാണു് ആ തട്ടിൻപുറം. ഉയരം കുറവാണെന്നു മാത്രമല്ല കൈകൊണ്ടു് പിടിച്ചാൽ എത്താത്തത്ര വണ്ണമുള്ള ഉത്തരങ്ങളും തുലാങ്ങളും നിറയെ കുറുകെ കിടന്നിരുന്നു. ഞങ്ങൾ കുട്ടികൾക്കു കൂടി അതിനു താഴെക്കൂടി കുനിഞ്ഞു നടക്കേണ്ടിവന്നു.

ആദ്യത്തെ പ്രാവശ്യം അതിനു മുകളിൽ പോയപ്പോഴുണ്ടായ അനുഭവം വെച്ചുനോക്കുമ്പോൾ ഇനിയൊരിക്കൽ അവിടെ പോവാൻ ശ്രമിക്കില്ല. എന്റെ പതിനഞ്ചാം പിറന്നാൾ ദിവസമാണതു്. ഉച്ചയ്ക്കു് ഊണു കഴിഞ്ഞ സമയത്താണു് ഞങ്ങൾ ഒന്നാം നിലയിലെ വരാന്തയിൽ വെച്ച, ദ്രവിച്ചു തുടങ്ങിയ മരക്കോണി കയറി വെളിച്ചം കുറഞ്ഞ തട്ടിൻപുറത്തു പോയതു്. അവിടം മുഴുവൻ പഴയ മരസ്സാമാനങ്ങൾ ചിതറിക്കിടന്നിരുന്നു. ഒരു കാൽ നഷ്ടപ്പെട്ട മേശ, കുറേ കസേലകൾ—എല്ലാം അംഗഭംഗം വന്നവയാണു്, ഒന്നുകിൽ കൈയ്യോ കാലോ നഷ്ടപ്പെട്ടവ, അല്ലെങ്കിൽ ചൂരൽ മെടഞ്ഞതു് വിട്ടവ, ഒരു നല്ല കട്ടിൽ—അതെന്തിനാണു് ഉപേക്ഷിച്ചതു് എന്നു മനസ്സിലായില്ല, കുറേ ഉപയോഗശൂന്യമായ ചീനഭരണികളും പാത്രങ്ങളും. അവയെല്ലാം പല കാലങ്ങളിലായി ഉപേക്ഷിയ്ക്കപ്പെട്ടവയാവണം. ഉള്ളിലേയ്ക്കു നടക്കുതോറും എനിയ്ക്കു ഭയമായിത്തുടങ്ങി. വെളിച്ചം കുറവായതിനാൽ ചില മൂലകളിൽ എന്തൊക്കെയാണുള്ളതെന്നു് വ്യക്തമല്ല. അങ്ങിനെ നടക്കുമ്പോഴാണു് ആ എഴുത്തുപെട്ടി കണ്ടതു്. ഒരിരുണ്ട മൂലയിലേയ്ക്കു് ചൂണ്ടിക്കൊണ്ടു് കുട്ടേട്ടനാണു് പറഞ്ഞതു്.

‘നോക്കു്, ഒരു പെട്ടി.’

നിലത്തിരുന്നു് എഴുതാനുള്ള ഉയരത്തിൽ നാലു കുറിയ കാലുകളിൽ ആ പെട്ടി നിൽക്കുകയാണു്. കുട്ടേട്ടൻ ചുറ്റും നോക്കി. ഇറയുടെ ഭാഗത്തുനിന്നു് നേരിയ വെളിച്ചം വന്നിരുന്ന സ്ഥലത്തു് ഇഷ്ടികകൾ വെച്ചു് അടച്ചിരുന്നു. വെളിച്ചം ഇത്ര കുറയാൻ കാരണം അതാണു്. ഒരുപക്ഷേ, കരുതിക്കൂട്ടി ചെയ്തതാവാം, അല്ലാതെ ഇത്രയും വലിയ ഒരു തട്ടിൻപുറത്തു് ഈയൊരു സ്ഥലത്തു മാത്രം വെളിച്ചത്തിന്റെ വഴി എന്തിനു പാടെ മറച്ചുവെച്ചു? ആ പെട്ടിയെ സംബന്ധിക്കുന്ന രഹസ്യ സ്വഭാവം അവിടം മുതൽ തുടങ്ങുന്നു. ഇഷ്ടികകൾ മാറ്റിയപ്പോൾ പെട്ടിയിരിക്കുന്ന സ്ഥലം ഒരുമാതിരി വ്യക്തമായി കാണാൻ പറ്റി. നല്ല പെട്ടി. മൂലകളിലുള്ള പിച്ചളയുടെ അലങ്കാരചിത്രങ്ങൾക്കു് കറ പിടിച്ചിട്ടുണ്ടെന്നല്ലാതെ മറ്റു കേടുപാടുകളൊന്നും പറ്റിയിട്ടില്ല. കുട്ടേട്ടൻ അതിനു മുമ്പിലിരുന്നു് മൂടി തുറക്കാൻ നോക്കി. അതു് പൂട്ടിയിരിക്കുന്നു. അനങ്ങുന്നില്ല. അയാൾ താക്കോലിനു വേണ്ടി പെട്ടിയുടെ ചുറ്റും തപ്പുകയായിരുന്നു. എഴുത്തുപെട്ടിയുടെ മുകളിലും അടപ്പിന്റെ വശങ്ങളിലും കുട്ടേട്ടന്റെ കൈ തട്ടിയ സ്ഥലത്തെല്ലാം പൊടി നീങ്ങി വിരൽപ്പാടുകൾ തെളിഞ്ഞുവന്നു.

‘ഇതിന്റെ താക്കോലിനു് ഇനി എവിടെ പോണം?’ നിറയെ പൊടിപിടിച്ചു് അഴുക്കായ കൈ വിഷണ്ണനായി നോക്കിക്കൊണ്ടു് കുട്ടേട്ടൻ പറഞ്ഞു.

‘തൊറക്കാൻ പറ്റ്വോന്നു് ഞാൻ നോക്കട്ടെ?’

അതുകൊണ്ടു് കാര്യമില്ല, എങ്കിലും വേണമെങ്കിൽ ശ്രമിച്ചോ എന്ന മട്ടിൽ കുട്ടേട്ടൻ തലയാട്ടി. ഞാൻ ആ പെട്ടിയ്ക്കു മുമ്പിലിരുന്നു് ആവുന്നത്ര ശക്തി ഉപയോഗിച്ചു് അതിന്റെ മൂടി തുറക്കാൻ നോക്കി. മൂടി തുറക്കാൻ അത്രയും ശക്തി ആവശ്യമുണ്ടായിരുന്നില്ല. എനിയ്ക്കുവേണ്ടി അതു തുറന്നു കിടക്കുകയായിരുന്നു. ശക്തിയിൽ ഞാൻ ആ പെട്ടിയിലേയ്ക്കു് മൂക്കുകുത്തി വീണു. എന്റെ മൂക്കു് നന്നായി വേദനിച്ചു. ഞാൻ നിവർന്നിരുന്നപ്പോൾ കുട്ടേട്ടൻ പറഞ്ഞു.

‘നിന്റെ മൂക്കിൽനിന്നു് ചോര വരുണു.’

‘സാരല്യ.’

ഒരു കേടുമില്ലാത്ത പെട്ടിയായിരുന്നു അതു്. ഉള്ളിൽ നിറയെ കൊച്ചുകൊച്ചു കള്ളികൾ. ഒരു നീണ്ട കള്ളിയിൽ ഒരു താളിയോലക്കെട്ടുണ്ടു് അതു മാത്രം.

‘ഇതു് മരിച്ചുപോയ ഏതോ കാരണവര്ടെ ജാതകാണു്.’ കുട്ടേട്ടൻ നിരാശയോടെ പറഞ്ഞു. ആ പെട്ടിയിൽ എന്തെങ്കിലും അദ്ഭുതകരമായ കാര്യങ്ങളുണ്ടാകുമെന്ന പ്രതീക്ഷ തകർന്ന വിഷാദം അയാളുടെ ശബ്ദത്തിലുണ്ടു്. ആ കള്ളികൾക്കുമടിയിൽ കുറച്ചു് ഒഴിഞ്ഞ സ്ഥലമുണ്ടു്. അവിടെ വെറുതെ കയ്യിട്ടു തപ്പി നോക്കിയപ്പോഴാണു് ചെമ്പിന്റെ തകിടിൽ തട്ടിയതു്. ഞാനതു പുറത്തേയ്ക്കെടുത്തു. സാമാന്യം വലുപ്പമുള്ള ആ തകിടു് ചെരിച്ചു് പിടിച്ചാലെ എടുക്കാൻ പറ്റു.

‘അതെന്താണു്, നോക്കട്ടെ.’ കുട്ടേട്ടൻ കൈനീട്ടി വാങ്ങി അതു വെളിച്ചത്തു പിടിച്ചു. ‘ചതുരംഗത്തിന്റെ പലക്യാണു്.’

കുട്ടേട്ടന്റെ ബുദ്ധിശക്തി അപാരം തന്നെയെന്നു പറയാൻ തോന്നി. എട്ടു കള്ളികൾ ഓരോ വശത്തായി കറുപ്പും വെളുപ്പും ഇടകലർന്നു് കൊത്തിയിരിക്കുന്നു. പോരാത്തതിനു് ആനയെയും, കുതിരയെയും മന്ത്രിയെയും ദേവനെയും കാലാൾപ്പടയെയും അതിൽ വരച്ചു വെച്ചിട്ടുമുണ്ടു്.

‘ഇതു ചതുരംഗപ്പലകയാണ്ന്നു് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടാന്നായിരിക്കും നീ വിചാരിക്കണതു്.’ കുട്ടേട്ടൻ പറഞ്ഞു. പക്ഷേ, ഇതെന്താണു് ഇങ്ങിനെ ഒരു ബോർഡ്? ഇതില്ണ്ടോ കളിക്കാൻ പറ്റുണൂ?’

‘നമുക്കു് പോവ്വാ?’ ഞാൻ പറഞ്ഞു. എഴുത്തുപെട്ടി പൂട്ടി ഞങ്ങൾ തിരിച്ചു് കോണിയുള്ളിടത്തേയ്ക്കു് നടന്നു. കുട്ടേട്ടൻ കുറച്ചു നേരം നിശ്ശബ്ദനായിരുന്നു. കോണിയെത്തിയപ്പോൾ ഇറങ്ങാതെ കുട്ടേട്ടൻ തിരിഞ്ഞു നിന്നു.

‘നീ ഒരു കാര്യം ശ്രദ്ധിച്ചോ?’

ഞാൻ എന്തെന്നു് കണ്ണുകൾ ഉയർത്തി ചോദിച്ചു.

‘ആ പെട്ടിയില്ലെ? അതു് നീ തുറക്കാൻ ശ്രമിച്ചപ്പോൾ പെട്ടെന്നു് തുറന്നു. എനിയ്ക്കതു് തലകുത്തി മറിഞ്ഞിട്ടും തുറക്കാൻ പറ്റിയില്ല.’

ശരിയാണു്. അതു തുറക്കാൻ ഒട്ടും ശക്തി ആവശ്യമുണ്ടായിരുന്നില്ല എന്നതു് എന്നെത്തന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.

‘എന്താണതിന്റെ അർത്ഥം?’ കുട്ടേട്ടൻ എന്ന സ്കൂൾ മാസ്റ്റർ ചോദിച്ചു.

ഞാൻ അറിയില്ലെന്ന അർത്ഥത്തിൽ ചുമൽ കുലുക്കി.

‘അതിന്റെ അർത്ഥം, ഇതു് ആരോ നിനക്കായി ഒരുക്കിവച്ചതാണെന്നാണു്.’

പെട്ടെന്നെന്നെ ഭയം ഗ്രസിച്ചു. എങ്ങിനെയെങ്കിലും അവിടെനിന്നു് താഴെയിറങ്ങിപ്പോയാൽ മതിയെന്നായി.

‘നമുക്കു് ഒരു കാര്യം ചെയ്യാം.’ കുട്ടേട്ടൻ പറഞ്ഞു. ‘നീയതു് അടച്ചില്ലേ? ഞാനതു് ഒരിക്കൽക്കൂടി തൊറക്കാൻ പോവ്വാണു്. നോക്കാലോ.’

തിരിച്ചു തട്ടിൻപുറത്തിന്റെ നിഗൂഢതകളിലേയ്ക്കുതന്നെ ഊളിയിടാൻ താല്പര്യമില്ലാതെ മടിച്ചുനിന്ന എന്നെ പിടിച്ചു വലിച്ചുകൊണ്ടു് കുട്ടേട്ടൻ നടന്നു. പെട്ടിയുടെ മുമ്പിലിരുന്നപ്പോൾ കുട്ടേട്ടൻ കുറച്ചു പതറിയ പോലെ തോന്നി. മൂപ്പർ പെട്ടിയുടെ മൂടി ആദ്യം മെല്ലെയും പിന്നെ ശക്തി പ്രയോഗിച്ചും തുറക്കാൻ നോക്കി. പെട്ടി നീങ്ങുകയല്ലാതെ അതു് തുറക്കുകയുണ്ടായില്ല. എനിക്കു് വല്ലാത്ത ഭയം അനുഭവപ്പെട്ടു. ഞാൻ പറഞ്ഞു. ‘നമുക്കു് പോവാം.’

‘ഇനി നീ ഒന്നുകൂടി തൊറക്കാൻ നോക്കു്.’ കുട്ടേട്ടൻ എഴുന്നേറ്റുകൊണ്ടു് പറഞ്ഞു.

ഞാൻ തിരിഞ്ഞു് ഒരു മാതിരി ഓടുകയായിരുന്നു. കോണിയിറങ്ങി താഴെ വരാന്തയിലെത്തിയപ്പോഴാണു് ശ്വാസം വീണതു്.

കുട്ടേട്ടൻ വരാൻ കുറച്ചു താമസമുണ്ടായി. ഒരുപക്ഷേ, മൂപ്പർ അതിന്റെ അടപ്പു് തുറക്കാൻ ശ്രമിക്കുകയായിരിക്കും. അല്ലെങ്കിൽ?… കുട്ടേട്ടനു് വല്ലതും പറ്റിയിരിക്കുമോ എന്ന ചിന്ത വന്നപ്പോൾ ഞാൻ തിരിച്ചു കോണി കയറാൻ തുടങ്ങി. അപ്പോഴാണു് കണ്ടതു്. കുട്ടേട്ടൻ ആ തകിടും പിടിച്ചു് മുകളിൽനിന്നു് കോണിയിലേയ്ക്കു കാൽ വെയ്ക്കുകയാണു്.

‘നല്ല ആളെയാണു് ഞാൻ ഒപ്പം കൊണ്ടുപോയതു്!’ കുട്ടേട്ടൻ ചിരിച്ചുകൊണ്ടു് പറഞ്ഞു. ‘എന്താത്ര പേടിയ്ക്കാന്ള്ളതു? വാ നമുക്കിതു് കൊളത്തീ കൊണ്ടോയി കഴുകിയെടുക്കാം.’

ഇത്രയുമായ സ്ഥിതിയ്ക്കു് കുളത്തിൽനിന്നു് ‘ഇനി അതിന്റെ മുകളിലേയ്ക്കുതന്നെ പോകാ’മെന്നു കുട്ടേട്ടൻ പറഞ്ഞപ്പോൾ ഞാൻ തീർച്ചയാക്കി. ഇനി ഞാനില്ല തട്ടിൻപുറത്തേയ്ക്കു്.

എളുപ്പം ഒരു കാര്യവും തോറ്റു കൊടുക്കുന്ന ആളല്ല കുട്ടേട്ടൻ. സംസാരിക്കാൻ ബഹുമിടുക്കൻ.

‘നീ ഒന്നും ചെയ്യേണ്ട. എന്റെ കൂടെ വര്വേ വേണ്ടു. എന്താത്ര പേടിക്കാന്ള്ളതു്. ഞാനില്ലേ? നെനക്കു് നല്ല ധൈര്യണ്ട്ന്നാ ഞാൻ കരുതീര്ന്നതു്…’

എന്തായാലും പത്തു മിനുറ്റിനുള്ളിൽ ഞാൻ അയാളുടെ പിന്നാലെ തട്ടിൻപുറത്തേയ്ക്കുള്ള കോണി കയറാൻ തുടങ്ങി. തിരിച്ചോടാനുള്ള വഴികളെല്ലാം ഒഴിഞ്ഞു കിടക്കുകയല്ലെ എന്നു് ഞാൻ ഇടയ്ക്കിടയ്ക്കു് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കുട്ടേട്ടൻ ആ പെട്ടിയ്ക്കു മുമ്പിൽ ഇരുന്നു് അതു തുറക്കാൻ ശ്രമിച്ചു. എത്ര ശക്തിയുപയോഗിച്ചിട്ടും തുറക്കുന്നില്ലെന്നു കണ്ടപ്പോൾ മൂപ്പർ എഴുന്നേറ്റുകൊണ്ടു് പറഞ്ഞു. ‘നീ തന്നെ തുറക്കു്.’

എനിയ്ക്കതു് തുറക്കാൻ പറ്റുമെന്നതു് ഒരു യാഥാർത്ഥ്യമായി കുട്ടേട്ടൻ അംഗീകരിച്ചിരിക്കുന്നു. ഞാൻ നിലത്തിരുന്നു് വിറക്കുന്ന കൈകളോടെ ആ പെട്ടിയുടെ മൂടി തുറക്കാൻ നോക്കി. ഒട്ടും അദ്ധ്വാനം കൂടാതെത്തന്നെ അതു് തുറന്നുവന്നു. ഞാൻ പെട്ടെന്നു് എഴുന്നേറ്റു. കുട്ടേട്ടൻ ശരിക്കും അമ്പരന്നിരുന്നു. അതിൽനിന്നുണർന്ന ശേഷം മൂപ്പർ പറഞ്ഞു. ‘നീ മാറ്, ഞാനൊന്നു് നോക്കട്ടെ. വേറെ വല്ലതുംണ്ടോന്നു്.’

പെട്ടിയുടെ മുമ്പിലിരുന്നു് കുട്ടേട്ടൻ തപ്പുകയായിരുന്നു. ഓരോ കള്ളികളിലും അവയുടെ അടിയിലുള്ള അറയിലും കൈയ്യിട്ടു് തപ്പിനോക്കി. ഒന്നുമില്ല. ആകെയുള്ളതു് ആ താളിയോലക്കെട്ടുമാത്രം.

അതു പുറത്തേയ്ക്കെടുത്തു് പെട്ടിയടച്ചു് മൂപ്പർ എഴുന്നേറ്റു.

‘ഇതാരുടെയെങ്കിലും ജാതകക്കുറിപ്പായിരിക്കും. ന്നാലും നമ്ക്ക് കൊണ്ടോവാം. ഒരുപക്ഷേ, ആ ചതുരംഗപ്പലകണ്ടാക്ക്യ ആള്ട്യായിരിക്കാൻ വഴീണ്ടു്.’

ഞാൻ തലയാട്ടി. എനിക്കു് അല്പം ധൈര്യം കിട്ടിയിരുന്നു. ഞങ്ങൾ തിരിഞ്ഞു നടന്നു. ആദ്യത്തെ ഉത്തരത്തിന്റെ അടിയിൽക്കൂടി നൂഴുമ്പോഴാണതു കേട്ടതു്. ഒരു ക്ലിക് ശബ്ദം. പൂട്ടു് തിരിയുമ്പോഴുണ്ടാകുന്നതുപോലെ വളരെ വ്യക്തമായി ഒരു ശബ്ദം. ഞാൻ കുട്ടേട്ടന്റെ മുഖത്തു നോക്കി. അയാളും അതു കേട്ടിരുന്നു. മൂപ്പരുടെ ധൈര്യവും ചോർന്നു പോയിരുന്നു. ഞങ്ങൾ തിരിഞ്ഞു നോക്കാതെ ധൃതിയിൽ നടന്നു.

ആറു്

വന്ദനയുടെ കണ്ണുകളിൽ അദ്ഭുതവും അല്പം ഭയവും കണ്ടു. വർഷങ്ങൾക്കുമുമ്പു് ഇന്ദിരയുടെ കണ്ണുകളിൽ കണ്ട അതേ ഭാവം. തട്ടിൻപുറത്തെ എഴുത്തുപെട്ടിയുടെ കാര്യം പറഞ്ഞു കൊടുത്തപ്പോൾ ഇന്ദിരയും ഇതേ ഇരിപ്പിൽ ഉറച്ചു പോകുകയാണുണ്ടായതു്. അതിന്റെ ഇടയിലെവിടേയോ അവൾ ഉണർന്നു ചോദിച്ചു.

‘അതെന്താണു് അങ്ങിനെ? നന്ദേട്ടൻ ശ്രമിച്ചപ്പോൾ മാത്രം ആ പെട്ടി തുറന്നതു?’

ഇപ്പോൾ പത്തുമുപ്പതു വർഷങ്ങൾക്കു ശേഷം വന്ദനയും അതുതന്നെ ചോദിയ്ക്കുന്നു.

‘എന്താണച്ഛാ അങ്ങിനെ?’

അവളുടെ കൈകളിലെ നനുത്ത രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നു. എന്താണു് മറുപടി പറയേണ്ടതു? കഷ്ടിച്ചു് രണ്ടു കൊല്ലക്കാലം ആ ചതുരംഗപ്പലകയുടെ രഹസ്യം മനസ്സിലാക്കാൻ ശ്രമിച്ചു പരാജയമടഞ്ഞ ഞാൻ എന്താണു് പറയേണ്ടതു?

‘ഈ പ്രപഞ്ചത്തിൽ നമുക്കു് മനസ്സിലാവാത്ത പലതുമുണ്ടു് മോളെ.’ അവസാനം ഞാൻ പറഞ്ഞു. ‘എല്ലാമറിയണമെന്നു് എന്താണു് നിർബ്ബന്ധം?’

വന്ദന നിശ്ശബ്ദയായി. പക്ഷേ, ഞാനവളുടെ സ്വാസ്ഥ്യം നശിപ്പിച്ചുവോ എന്ന ഭയമുണ്ടായി എനിയ്ക്കു്. അവളുടെ പരീക്ഷ അടുത്തു വരികയാണു്. അവൾക്കു് വലിയ ആഗ്രഹങ്ങളാണുള്ളതു്. കമ്പ്യൂട്ടർ എഞ്ചിനീയറിങ് പഠിച്ചു് സോഫ്റ്റ്വെയർ പ്രൊഫഷനലാവണം. എന്നിട്ടു് കുട്ടേട്ടന്റെ മക്കളെപ്പോലെ അമേരിക്കയിൽ സിലിക്കോൺവാലിയിലെത്തിപ്പെടണം. രാജിയും നീതുവും സാൻ ഹൊസെയിലാണു്. മൂത്തവൾ എച്ച്. പി.-യിലും രണ്ടാമത്തവൾ ഇ-ബേയിലും. അതുകൊണ്ടു് പഠിത്തത്തിൽനിന്നു് അവളുടെ ശ്രദ്ധ വ്യതിചലിക്കാൻ സാദ്ധ്യതയില്ല. പക്ഷേ, ഈ ചതുരംഗപ്പലകയുടെ കാര്യത്തിൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണു്. അറിയാത്ത വഴികളിൽ അതു് നമ്മെ സ്വാധീനിയ്ക്കുന്നു.

‘എന്നിട്ടു് അച്ഛൻ വീണ്ടും തട്ടിൻപുറത്തു കയറിയോ?’ വന്ദന ചോദിയ്ക്കുന്നു.

ഞാൻ ആലോചിച്ചു. കയറി, പക്ഷേ, അതെപ്പോഴാണു്?

‘നിധികൾ ഒളിപ്പിച്ചുവെച്ച ആളുകൾ എപ്പോഴും എന്തെങ്കിലും സൂചന ബാക്കിവെയ്ക്കാതിരിക്കില്ല.’ കുട്ടേട്ടൻ പറഞ്ഞു. ‘അതു് എപ്പോഴും പെട്ടെന്നു് മനസ്സിലാവാത്ത ഭാഷയിലായിരിക്കും. പലതിലും ഒരു മേപ്പ് ഒപ്പം വെയ്ക്ക്യാണു് പതിവു്. അങ്ങിനത്തെ നിധി കണ്ടെടുക്കാൻ എളുപ്പാണു്. പക്ഷേ, ഇതിൽ മേപ്പുംല്യ, ഒന്നും ഇല്യ. ആകെള്ളതു് ഒരു ചതുരംഗപ്പലക്യാണു്. നമ്മള് കൂടുതൽ അദ്ധ്വാനിക്കണംന്നർത്ഥം.’

അങ്ങിനെയാണു് ഞങ്ങൾ ജ്യോത്സ്യനെ കാണാൻ തീരുമാനിച്ചതു്. ചുരുങ്ങിയതു് ഇതുണ്ടാക്കിയ മനുഷ്യനെപ്പറ്റി എന്തെങ്കിലും മനസ്സിലാവുമല്ലൊ. മാധവപ്പണിക്കർ വീട്ടിന്റെ ഉമ്മറത്തുതന്നെ ഒരു ചാരുകസേലയിൽ ഇരിക്കയായിരുന്നു. നരച്ച തലമുടി പറ്റെ വെട്ടിയിരിയ്ക്കയാണു്. ഞങ്ങളെ കണ്ടപ്പോൾ നിവർന്നിരുന്നു.

‘എന്താ കുട്ടാ, വിശേഷൊന്നുംല്യല്ലൊ?’

‘ഒന്നുംല്യ.’

‘പിന്നെ എന്തിനേ വന്നതു? പരീക്ഷേലു് ജയിക്ക്യോന്നറിയാനായിരിക്കും അല്ലെ?’

‘ഊം, ങും.’ കുട്ടേട്ടൻ ഒന്നു പരുങ്ങിക്കൊണ്ടു് പറഞ്ഞു. ‘ഒരു ജാതകം നോക്കാനായിരുന്നു.’

‘എവിടെ, നോക്കട്ടെ?’

കുട്ടേട്ടൻ ഒരു സഞ്ചിയ്ക്കുള്ളിൽ കടലാസ്സിൽ പൊതിഞ്ഞ കെട്ടു് പുറത്തെടുത്തു പണിക്കരമ്മാവനു് കൊടുത്തു. അദ്ദേഹം ആ താളിയോലക്കെട്ടു് ചരടഴിച്ചു് തുറന്നു. അദ്ദേഹത്തിന്റെ മുഖത്തുണ്ടായ ഭാവപ്പകർച്ച ഞാൻ ശ്രദ്ധിച്ചു.

‘ഇങ്ങേരെ ഒന്നു് കാണാൻ പറ്റ്വോ?’

ആ ചോദ്യത്തിനു മുമ്പിൽ കുട്ടേട്ടൻ ഒന്നു പതറി. പണിക്കരമ്മാവൻ തുടർന്നു. ‘അല്ല നൂറ്റിയിരുപതു് വയസ്സായ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ആട്ടെ ഇതെവിട്ന്നാ കിട്ട്യേതു?’

‘തട്ടിൻപൊറത്തു് ഒരു പെട്ടീന്നാ.’ കുട്ടേട്ടൻ സത്യം പറഞ്ഞു.’

‘നിങ്ങള് കുട്ട്യോള് ഇതൊന്നും എടുത്തു് കളിക്കാൻ പാടില്ല. ഇതു് പത്തറുപതു് കൊല്ലം മുമ്പു് മരിച്ചുപോയ ഒരാളടെ ജാതകാണു്. നിങ്ങടെ തറവാട്ടിലെ ഒരു കാരണവരാണു്. ശരിയ്ക്കു പറഞ്ഞാൽ കുട്ടന്റെ അച്ഛമ്മടെ അമ്മാവനാണു്. എന്റെ ചെറുപ്പകാലത്തു് കേട്ട ഓർമ്മ തന്ന്യേള്ളൂ.’

‘ഈ കാരണോരു് എങ്ങനെള്ള ആളാണു്?’ കുട്ടേട്ടൻ ചോദിച്ചു. ‘നല്ല പണംള്ള ആളായിരുന്നോ?’

‘എന്തിനാപ്പോ അതൊക്കെ അറീണതു?’

‘വെറുതെ.’

‘ആളെപ്പറ്റി അത്ര നല്ല അഭിപ്രായൊന്നും അല്ല നാട്ട്കാരു് പറയാറ്. അതു് പിന്നെ പണ്ടത്തെ സമ്പന്ന തറവാട്ടിലെ കാരണോമ്മാരെപ്പറ്റിയൊക്കെ അങ്ങിന്യേ പറയൂ. ധാരാളം സമ്പത്ത്ണ്ടായിരുന്നൂന്നു് കേട്ടിട്ട്ണ്ടു്.’

അതായിരുന്നു കുട്ടേട്ടനു് അറിയേണ്ടതു്.

‘നിങ്ങള് ഇതൊന്നും എടുത്തു് കളിക്കര്തു്. ഇപ്പൊത്തന്നെ ഇതു് കിട്ടിയ സ്ഥലത്തു കൊണ്ടോയി വയ്ക്കണം. പൊഴേലൊഴുക്ക്വാണു് വേണ്ടതു്. അതിനു് പക്ഷേ, ചെല കർമ്മങ്ങളൊക്കെ ചെയ്യാന്ണ്ടു്. അതൊന്നും നിങ്ങള് കുട്ട്യോൾക്കു് പറ്റില്ല. ഈ വക സാധനങ്ങളൊന്നും എടുത്തു് മേലാൽ കളിക്കരുതു്.’

കുട്ടേട്ടൻ തല കുലുക്കി. പണിക്കരമ്മാവൻ വീട്ടിലെ ഒരംഗം മാതിരിയാണു്. ഞങ്ങളെ ശാസിക്കാനുള്ള അധികാരമുണ്ടു്. പോരാത്തതിനു് അമ്മാവനെങ്ങാനും ഇതറിഞ്ഞാൽ പ്രശ്നാണു്. പണിക്കരമ്മാവനോടു് അതു പറയണമെന്നു കരുതിയിരിക്കുമ്പോഴാണു് അദ്ദേഹം ഇങ്ങോട്ടു പറഞ്ഞതു്.

‘ഞാനിതു് അച്ഛനോടു് പറയ്ണില്യ. പറഞ്ഞാൽ രണ്ടുപേർക്കും ചുട്ട പെട കിട്ടും. പൊയ്ക്കോളു.’

ജാതകം പൊതിഞ്ഞു് സഞ്ചിയിലിട്ട ശേഷം പോകാനായി എഴുന്നേറ്റപ്പോൾ കുട്ടേട്ടൻ ചോദിച്ചു.

‘പണിക്കരാമ്മാവാ ഞാൻ പരീക്ഷേലു് ജയിക്ക്യോ?’

‘എന്താ വല്ല സംശയുംണ്ടോ?’

‘ഇല്ല, ന്നാലും.’

‘കുട്ടന്റെ നാള് ഉത്രട്ടാതിയല്ലെ. പേടിയ്ക്കാനൊന്നുംല്യ.’

അല്പം ആശ്വാസം കിട്ടിയ കുട്ടേട്ടൻ ചോദിച്ചു.

‘പണിക്കരമ്മാമേ, ഇയ്യാളോ?’

‘പേരു് നന്ദൻന്നല്ലെ? തന്റെ നാളെന്താ?’

‘നാള് ആയില്യാണു്.’

‘ആയില്യം?’ പണിക്കരമ്മാവൻ നെറ്റി ചുളിച്ചു. ‘ആ ജാതകം ഒന്നു തരൂ.’

കുട്ടേട്ടൻ സഞ്ചിയിൽനിന്നു് ജാതകം പുറത്തെടുത്തു ജ്യോത്സ്യനു് കൊടുത്തു. എനിക്കൊരു ഉൾഭയമുണ്ടായി. എന്തിനാണു് എന്റെ നാൾ കേട്ടപ്പോൾ ആ ജാതകക്കെട്ടു് വീണ്ടും നോക്കിയതു? പണിക്കരമ്മാവൻ താളിയോലക്കെട്ടു് തുറന്നു് വായിക്കുകയാണു്. ഇടയ്ക്കു് ഒരു കടലാസിൽ എന്തൊക്കെയോ കുറിക്കുന്നുമുണ്ടു്. കണക്കുകളാണു്. ഒന്നും മനസ്സിലാവുന്നില്ല. ഒരു പത്തു മിനുറ്റു നേരത്തെ കണക്കുകൂട്ടൽ കഴിഞ്ഞശേഷം അദ്ദേഹം ജാതകം ചരടുകൊണ്ടു് കെട്ടി തിരികെ കുട്ടേട്ടനു കൊടുത്തു.

‘ഇതു് ഇപ്പത്തന്നെ കിട്ടിയിടത്തു് കൊണ്ടു പോയി വയ്ക്കു. ഒട്ടും വൈകിക്കരുതു്.’

ജാതകക്കെട്ടു കയ്യിൽ വാങ്ങിക്കൊണ്ടു് കുട്ടേട്ടൻ ചോദിച്ചു. ‘എന്താ പണിക്കരമ്മാവാ എന്തെങ്കിലും കുഴപ്പംണ്ടോ?’

‘ഏയ് ഒന്നുംല്യ. ഇയ്യാള് നിങ്ങടെ താവഴില്ത്തെ ഒരു കാരണവരാണു്. കുട്ടന്റെ അച്ഛമ്മടെ അമ്മാവൻ. ആള് കുറച്ചു് കുഴപ്പക്കാരനായിരുന്നു. അത്യാവശ്യം ആഭിചാരോം മന്ത്രവാദോം ഒക്കെ കയ്യില്ണ്ടായിരുന്നൂന്നു് കേട്ടിട്ട്ണ്ടു്. ജാതകപ്രകാരം ഇങ്ങേര്ടെ ജന്മം കഴിഞ്ഞിട്ടില്ല.’

‘അതെങ്ങിന്യാണു് പണിക്കരമ്മാവാ, മൂപ്പരു് മരിച്ചിട്ടു് പത്തറുപതു് കൊല്ലായീന്നല്ലെ പറേണതു? അപ്പൊ എങ്ങിന്യാ ജന്മം കഴിയാതിരിക്ക്യാ?’

‘ഈ ലോകത്തു് നമ്മളറിയാത്തതും നമ്മക്കു് മനസ്സിലാവാത്തത്വായിട്ടു് എന്തൊക്കെ കെടക്കുണു. അതിലൊന്നാണു് ഇത്ന്നു് കരുത്യാ മതി. നിങ്ങള് പൊയ്ക്കോളൂ.’

ഞങ്ങൾ തിരിച്ചു നടന്നു. എന്റെ പരീക്ഷാഫലത്തെപ്പറ്റി ജ്യോത്സ്യൻ ഒന്നും പറഞ്ഞില്ലെന്നതു് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. കുട്ടേട്ടനും ആ കാര്യം മറന്നതുപോലെ തോന്നി.

‘ഒരു കാര്യം നീ ശ്രദ്ധിച്ച്വോ? നിന്റെ നാള് പറഞ്ഞപ്പൊ പണിക്കരമ്മാവൻ എത്ര ധൃതിയിലാണു് ജാതകം എന്റെ കൈയ്യിൽനിന്നു് തട്ടിപ്പറച്ചു് വാങ്ങി നോക്കീതു?’

‘എന്താ കാരണം?’

‘ആർക്കറിയാം. എന്തായാലും ഇതിലൊക്കെ എന്തോ കളിയുണ്ടു്. ആ ചതുരംഗപ്പലക ഒരു നിധി കെടക്കണ സ്ഥലത്തിന്റെ സൂചന തന്ന്യാണു്. പക്ഷേ, അതെങ്ങിന്യാണു് കണ്ടുപിടിക്ക്യാന്നു് എനിക്കറിയില്ല. നമുക്കു് നോക്കാം. എന്താ ആ കാരണോര്ടെ പേര്ന്നാ പണിക്കരമ്മാവൻ പറഞ്ഞതു?’

‘ഇട്ടിരാമമേനോൻ.’

‘വല്ലാത്തൊരു പേരു്!’

ജാതകം തട്ടിൻപുറത്തു പെട്ടിയിൽ ഇടാനായി ഞങ്ങൾ പോയി. യാത്ര വിഷമം പിടിച്ചതായിരുന്നു. എന്തുകൊണ്ടോ പണിക്കരമ്മാവനുമായുണ്ടായ കൂടിക്കാഴ്ച ഞങ്ങളെ ഭയപ്പെടുത്തിയിരുന്നു. ഇനി തട്ടിൻപുറത്തു കയറില്ലെന്നു് ശപഥം ചെയ്തിരുന്ന എനിയ്ക്കു് കുട്ടേട്ടന്റെ ഒപ്പം വീണ്ടും പോകേണ്ടി വന്നു. ഒന്നാമതായി ധൈര്യശാലിയായ കുട്ടേട്ടനും പേടി പിടിച്ചിരുന്നു. പിന്നെ പെട്ടി തുറക്കണമെങ്കിൽ എന്റെ സഹായം വേണം താനും.

തട്ടിൻമുകളിൽ ഇരുട്ടു കയറിത്തുടങ്ങി. അവിടവിടെയായി അട്ടിയിട്ട സാധനങ്ങളുടെ നിഴൽ ഭീകരജന്തുക്കളെപ്പോലെ പതിയിരുന്നു. ഞാൻ ചോദിച്ചു. ‘നമുക്കിതു് തൽക്കാലം ഇവിടെയെവിടെയെങ്കിലും വെച്ചാലോ. നാളെ രാവിലെ വന്നിട്ടു് പെട്ടിയിലിടാം.’

‘അതു പറ്റില്ല, പണിക്കരമ്മാവൻ പറഞ്ഞതു് ഇതുടനെ കിട്ടിയിടത്തു തന്നെ കൊണ്ടുപോയി വയ്ക്കാനാണു്. ഒരു കാര്യവുംല്യാതെ പണിക്കരമ്മാവനതു പറയില്ല. നീ വാ…’

അവസാനം പെട്ടിയിരിക്കുന്നിടത്തെത്തി. കുട്ടേട്ടൻ പെട്ടിയുടെ വശത്തായി ഇരുന്നു് എന്നോടു പറഞ്ഞു. ‘വന്നു് ഇതു തുറക്കു്.’

ഞാനതിന്റെ മുമ്പിൽ വന്നിരുന്നു. അതിനിടയ്ക്കു് കുട്ടേട്ടൻ ഞാനറിഞ്ഞിട്ടില്ലെന്ന വിചാരത്തിൽ പെട്ടി തുറക്കാൻ ഒരു ശ്രമം നടത്തിയതു് ഞാൻ കണ്ടില്ലെന്നു നടിച്ചു. ഞാൻ മൂടി പൊന്തിച്ചപ്പോൾ പെട്ടി അനായാസേന തുറന്നു. കുട്ടേട്ടന്റെ കയ്യിൽനിന്നു് ജാതകം വാങ്ങി പെട്ടിയിലിട്ടു് ഒരു ചോദ്യത്തോടെ ഞാൻ അയാളെ നോക്കി.

‘അടച്ചോ.’

ഞാൻ പെട്ടിയടച്ചു് എഴുന്നേറ്റു. ഞങ്ങൾ അവിടെനിന്നു് തിരിഞ്ഞില്ല അപ്പോഴേയ്ക്കു് ഒരു ക്ലിക് ശബ്ദം, അന്നു കേട്ടപോലുള്ള ശബ്ദം കേട്ടു. ഞങ്ങൾ ധൃതിയിൽ നടന്നു. കുട്ടേട്ടൻ ചിന്താമഗ്നനായിരുന്നു. അയാളുടെ മുഖത്തു് പേടിയേക്കാളേറെ ആശയക്കുഴപ്പമായിരുന്നു.

അമ്മായി അടുക്കളയിലായിരുന്നു. ഞങ്ങളെ കണ്ടതും സ്ഥിരം ചോദ്യമുയർന്നു. ‘ഊം?…’

‘ഒന്നുംല്യ.’

‘ന്നാൽ പോയി കാലും മുഖോം കഴുകി നാമം ചെല്ലു്. അച്ഛൻ വരണ്ട സമയായിരിക്കുണു.’

‘അമ്മേ,…’ കുട്ടേട്ടൻ സംശയിച്ചുകൊണ്ടു് തുടർന്നു. ‘ആരാണീ ഇട്ടിരാമമേനോൻ?’

‘ഇട്ടിരാമമേനോനോ?’ അമ്മ മുഖം ചുളിച്ചു. ആ പേരുതന്നെ അമ്മയ്ക്കു് ഇഷ്ടമായില്ലെന്നു തോന്നുന്നു. ‘എനിയ്ക്കങ്ങിനെ ആരേം അറിയില്ല. എന്താ കാര്യം?’

‘മൂപ്പരു് അച്ഛമ്മടെ അമ്മാവനാണു്.’

‘ഓ… എനിയ്ക്കു് അച്ഛമ്മേനെത്തന്നെ ശരിയ്ക്കറിയില്ല. ന്ന്ട്ടാണോ അവര്ടെ അമ്മാവൻ? എന്താ കാര്യം പറ?’

‘അമ്മ ഒരു കാര്യം ചെയ്യോ? അച്ഛനു് അറിയ്ണ്ണ്ടാവും. ഒന്നു് ചോദിച്ചു് മനസ്സിലാക്ക്വോ?’

‘എന്താ കാര്യംന്നു് പറഞ്ഞില്ല നീ?’

അമ്മ അതു പറഞ്ഞപ്പോഴേയ്ക്കു് അമ്മാവന്റെ ചുമ പടിപ്പുരയിൽനിന്നു് കേട്ടു.

‘അച്ഛൻ!’ കുട്ടേട്ടനും ഞാനും കൂടി കൈകാലുകൾ കഴുകാനായി പിൻമുറ്റത്തുകൂടെ കുളത്തിലേയ്ക്കോടി. ഒരു സെക്കന്റിനകം ഞങ്ങൾ പടിഞ്ഞാറ്റയിലിരുന്നു് ഉച്ഛത്തിൽ നാമം ചെല്ലാൻ തുടങ്ങി.

ഇന്ദിര ഉമ്മറത്തു് അച്ഛനെയും കാത്തിരിക്കയായിരുന്നു.

പിറ്റേന്നു് രാവിലെ അമ്മാവൻ കൃഷി നോക്കാൻ പുറത്തിറങ്ങിയപ്പോൾ ഞങ്ങൾ അടുക്കളയിൽ കയറിപ്പറ്റി. ജോലിക്കാരി മാളുവമ്മ, കഴുകിയ പാത്രങ്ങൾ വടക്കോറത്തുനിന്നു് അടുക്കളയിലേയ്ക്കു കൊണ്ടുവരികയാണു്. പാത്രങ്ങളെല്ലാം അതാതു സ്ഥാനത്തു വച്ചശേഷം അവർ തിരുമ്പാനുള്ള വസ്ത്രങ്ങൾ രണ്ടു ബക്കറ്റുകളിൽ നിറച്ചു സോപ്പു ബാറും മീതെ വച്ചു കുളത്തിലേയ്ക്കു യാത്രയായി.

‘എന്താ വന്നിരിക്കണതു?’ അമ്മായി ചോദിച്ചു. ‘വെശക്ക്ണ്ണ്ടോ?’

‘ഇല്ലമ്മേ…’ കുട്ടേട്ടൻ ഉരുണ്ടു കളിച്ചു.

‘പിന്നെന്താ അടുക്കളേലു് പര്ങ്ങണതു?’

‘അച്ഛനോടു് ചോദിച്ചോ ആ കാരണോരെപ്പറ്റി?’

കൽച്ചട്ടിയിൽ കൂട്ടാൻ ഇളക്കിയിരുന്ന മരക്കയ്യിൽ മാറ്റിവച്ചു് അമ്മ ഞങ്ങളെ നല്ലവണ്ണം നോക്കി.

‘അച്ഛൻ ചോദിക്യാണു് നിങ്ങളെങ്ങിന്യാ ആ കാരണോരെപ്പറ്റി കേട്ടത്ന്നു്. ഞാമ്പറഞ്ഞു സ്കൂളീന്നോ മറ്റോ കേട്ടതാവുംന്നു്. അങ്ങനെ വരാൻ ഞായല്യാന്നു് പറഞ്ഞു. ആ കാരണോരു് മരിച്ചിട്ടന്നെ പത്തറുപതു കൊല്ലായീത്രെ. അച്ഛന്റെ വല്യമ്മാവനായിരുന്നു. അച്ഛനും കേട്ടറിവേള്ളൂ. ഒരു ക്രൂരനായിരുന്നൂത്രെ. ധാരാളം പണംണ്ടാക്കീന്നു് പറേണ്ണ്ടു്. അതൊക്കെ എവിട്യാണ്ന്നു് ആർക്കും അറിയില്ലാത്രെ!’

‘അങ്ങേരു് ഈ വീട്ടിലാണോ താമസിച്ചിരുന്നതു?’

‘ആയിരിക്കും, അങ്ങേര്ടെ ഒരു ചിത്രം തളത്തിലു് കൊറെക്കാലം തൂങ്ങീരുന്നുത്രെ. പിന്നെ എപ്പോഴോ അതെടുത്തു മാറ്റീതാണു്. പറേമ്പൊ എനിക്കും നേരിയ ഒരോർമ്മ വര്ണ്ണ്ടു്. പൂമുഖത്തെ ചൊമരിന്മല്ള്ള കാട്ടിക്കൊമ്പില്ലെ, അതിന്റെ വടക്കുവശത്തായിട്ടു്. അച്ഛമ്മ മരിച്ചപ്പൊ അച്ഛമ്മെടെ ഫോട്ടോ വെയ്ക്കാൻവേണ്ടി ആ കാരണോര്ടെ ചിത്രം മാറ്റീതാ തോന്നുണു.’

‘ആ ചിത്രം എവിട്യാണു്?’

‘ആ… ആർക്കറിയാം. അതാ തട്ടിൻപൊറത്തോ മറ്റോ വലിച്ചെറിഞ്ഞിട്ട്ണ്ടാവും.’

മകന്റെയും മരുമകന്റെയും പരാക്രമങ്ങളെപ്പറ്റി അജ്ഞയായ ആ അമ്മയെ അവിടെ വിട്ടുകൊണ്ടു് ഞങ്ങൾ അടുക്കളയിൽനിന്നു പുറത്തു കടന്നു.

ഇനി?

ഏഴു്

ഇനി? എന്ന ചോദ്യം എന്റെ മനസ്സിൽ മാത്രമേ ഉണ്ടായിരുന്നുള്ള. എന്താണു് ചെയ്യേണ്ടതെന്നു് കുട്ടേട്ടൻ അപ്പോൾത്തന്നെ തീർച്ചയാക്കിയിരുന്നു. അതിനു് എന്നെ കിട്ടില്ലെന്നു് ഞാൻ പറഞ്ഞു.

‘എന്താണച്ഛൻ അങ്ങിനെ പറഞ്ഞതു?’ വന്ദന ചോദിക്കുന്നു.

‘ഇനിയുമൊരിക്കൽ തട്ടിൻപുറത്തു കയറാൻ അച്ഛനെക്കൊണ്ടു് സാധിക്കില്ല അതുകൊണ്ടു തന്നെ.’

‘അച്ഛനു് ഇത്ര പേടിയാണോ?’

‘ശരിയാണു് മോളെ അച്ഛനു് പേടി തന്ന്യാണു്. എനിയ്ക്കന്നു് പതിനഞ്ചു വയസ്സേ ആയിട്ടുള്ളു. പേടിക്കേണ്ട എന്തോ ആ തട്ടിൻപൊറത്തു് ഉണ്ടു്. എന്താണതെന്നറിയില്ല. അദൃശ്യമായ എന്തോ ഒന്നു് നമ്മുടെ പിന്നിൽ നിൽക്കുന്നുണ്ടെന്ന തോന്നൽ. പിന്നെ എഴുത്തുപെട്ടി പൂട്ടി ഞങ്ങൾ തിരിച്ചു വരുമ്പോൾ എപ്പോഴും കേൾക്കാറുള്ള ക്ലിക് ശബ്ദം. അതെന്റെ മാത്രം ഭാവനയല്ല, കുട്ടേട്ടനും കേൾക്കാറുണ്ടു്. മാത്രല്ല, പെട്ടി ഞാൻ തുറക്കുമ്പോ മാത്രെ തുറന്നു വരു. പിന്നെ എന്റെ നാള് ആയില്യാണ്ന്നറിഞ്ഞപ്പോ പണിക്കരമ്മാവൻ ആ ജാതകം ഒന്നുകൂടി വാങ്ങി നോക്കീതു്. അതിലൊക്കെ എന്തോ കെടക്ക്ണ്ണ്ടു്, നമുക്കു് മനസ്സിലാവാത്ത എന്തോ.’

വന്ദന നിശ്ശബ്ദയായി. അവൾ ഒരവലോകനം നടത്തുകയാണെന്നു തോന്നുന്നു. എത്രയോ പ്രാവശ്യം അവളെയും കൂട്ടി ഞങ്ങൾ ആ നാലുകെട്ടിലേയ്ക്കു പോയിട്ടുണ്ടു്. പക്ഷേ, ഒരിക്കൽപ്പോലും ഞാനവളെ ആ തട്ടിൻപുറം കാണിച്ചു കൊടുത്തിട്ടില്ല, എന്നു മാത്രമല്ല അങ്ങിനെ ഒരു സ്ഥലം ആ പടുകൂറ്റൻ കെട്ടിടത്തിൽ ഉണ്ടെന്നുതന്നെ പറഞ്ഞിട്ടില്ല. അതുകൊണ്ടു് അതിനു മുകളിലെ അന്തരീക്ഷമെങ്ങിനെയായിരിക്കുമെന്നു് അവൾക്കു് മനസ്സിലാവുന്നില്ല. ഞങ്ങൾ വല്ലപ്പോഴും താമസിക്കാൻ പോകുമ്പോൾ രണ്ടോ മൂന്നോ മുറികൾ മാത്രം തുറന്നു് വൃത്തിയാക്കും. താഴത്തെ രണ്ടു മുറികളും, ഒന്നാം നിലയിലെ കിടപ്പുമുറിയും. അതു് ഞാനും കുട്ടേട്ടനും കിടന്നിരുന്ന മുറിയായിരുന്നു. ഭാർഗ്ഗവിയമ്മയുടെ മകൾ ദേവി വന്നു് സഹായിക്കും. അവളുടെ ഭർത്താവു് ഗൾഫിലാണു്. നല്ല ജോലി. ‘അവർക്കിപ്പോൾ നമ്മളെക്കാളും നല്ല നിലയാണു്.’ ഇന്ദിര പറയാറുണ്ടു്. അവളെ വെറുമൊരു വേലക്കാരിയായി കാണരുതെന്നു് അറിയിക്കാനായിരുന്നു അതു്. ഒരു പഴയ കൂറിന്റെ പേരിൽ അവൾ ഇന്ദിര വിളിച്ചാൽ വരുന്നു. മുറികൾ വൃത്തിയാക്കാനും ഭക്ഷണം പാകം ചെയ്യാനും സഹായിക്കുന്നു. എനിയ്ക്കു് എറണാകുളത്തു പോകേണ്ടി വന്നാൽ രാത്രി ഇന്ദിരയ്ക്കും മോൾക്കും കൂട്ടിനായി ദേവി വന്നു കിടക്കുന്നു. ഇന്ദിരയും വന്ദനയും വലിയ കട്ടിലിന്മേൽ കിടക്കുമ്പോൾ അവൾ മുറിയുടെ മറുഭാഗത്തിട്ട കട്ടിലിൽ കിടക്കും. അതു് വന്ദനയുടെ കട്ടിലാണു്.

പറഞ്ഞു വരുന്നതു് തറവാട്ടിൽ പോയാൽ ഞങ്ങളുടെ ചലനങ്ങൾ ഈ മൂന്നു മുറികളിലും നടുമിറ്റത്തും പൂമുഖത്തുമായി പരിമിതപ്പെടുകയാണു്. അതിനപ്പുറത്തും ഇപ്പുറത്തുമുള്ള പൂട്ടിയിട്ട മുറികൾ തുറന്നു കാണാനോ പരിശോധിക്കാനോ ഉള്ള യാതൊരു താല്പര്യവും വന്ദന കാണിക്കാറില്ല. ഒരു പക്ഷേ, അവളൊരാൺകുട്ടിയായിരുന്നെങ്കിൽ സംഗതി വ്യത്യസ്തമായേനേ. വന്ദനയ്ക്കു് ആകെ താല്പര്യമുള്ളതു് ആ വലിയ പറമ്പും അതിലെ മരങ്ങളും രാവിലെ എട്ടു മണിയ്ക്കു് അമ്മയുമൊത്തു് ആമ്പൽക്കുളത്തിലെ കുളിയുമാണു്.

ഇപ്പോൾ ചതുരംഗപ്പലകയുടെ കാര്യം അറിഞ്ഞപ്പോൾ അവൾക്കു് ആ സ്ഥലമെല്ലാം കാണണമെന്നു തോന്നിയിട്ടുണ്ടാകണം. അവൾ ചോദിച്ചു.

‘ന്ന്ട്ടു്? അച്ഛൻ പോയില്ലേ?’

‘നല്ല ആളല്ലെ നിന്റെ അമ്മാവൻ! ഒരു കാര്യം ചെയ്യണംന്നു് തീർച്ചയാക്ക്യാൽ അതു ചെയ്തേ അടങ്ങൂ. അവസാനം എനിയ്ക്കു് പോണ്ടിവന്നു.’

‘ന്ന്ട്ടു്?’

എന്നിട്ടു്? ഞാൻ ആലോചിക്കുകയാണു്. എന്താണുണ്ടായതു? ഞാൻ എന്തിൽനിന്നു് ഓടിപ്പോകാൻ ആഗ്രഹിക്കുന്നുവോ അതിലേയ്ക്കു് എന്നെ ഏതോ ഒരു ശക്തി വലിച്ചിഴക്കുകയാണു്. കുട്ടേട്ടൻ അതിലൊരു കരു മാത്രമാണെന്നു തോന്നുന്നു. ഞായറാഴ്ച. അമ്മാവനു് ഞായറാഴ്ചയില്ല, ജോലി ദിനങ്ങൾ മാത്രം. നെൽച്ചെടികൾക്കു് അവധിദിനങ്ങളില്ലെന്നാണു് അദ്ദേഹം പറയുക. അമ്മാവൻ പുറത്തേയ്ക്കിറങ്ങുമ്പോൾ മുന്നിൽ ചെന്നു പെടാതിരിക്കാൻ ഞങ്ങൾ രണ്ടു പേരും ശ്രമിക്കാറുണ്ടു്. കണ്ടാൽ എന്തെങ്കിലും ജോലി ഏൽപ്പിച്ചേ പോകു. മുകളിലെ വരാന്തയിൽനിന്നു് അമ്മാവൻ പടികടന്നു് വരമ്പിലൂടെ നടക്കുന്നതു് കണ്ടു. കുട്ടേട്ടൻ പറഞ്ഞു. ‘വാ’.

എങ്ങോട്ടാണെന്നു് ചോദിക്കേണ്ട കാര്യമില്ല. ഞാൻ മയക്കുമരുന്നു കഴിച്ച ആളെപ്പോലെ അയാളുടെ പിന്നാലെ ഒരടിമയായി നടന്നു.

‘ആ ചിത്രം കിട്ടിയിട്ടു് നമുക്കെന്താണു് കാര്യം?’ ഞാൻ ചോദിച്ചു.

‘നിനക്കറിയാഞ്ഞിട്ടാ. ഈ മനുഷ്യനില്ലെ. മൂപ്പരു് വളരെ ബുദ്ധിമാനാണു്. ചെലപ്പൊ ഈ ചിത്രത്തിന്റെ ഫ്രെയ്മിലായിരിക്കും ഒരു കുറിപ്പു് ഒളിപ്പിച്ചു വച്ചിട്ടുണ്ടാവുക. ആ കുറിപ്പു് കിട്ടിയാൽ നമുക്കു് ആ ചതുരംഗപ്പലകേടെ രഹസ്യം മനസ്സിലാക്കാൻ പറ്റും.’

തിരച്ചിൽ ദുഷ്കരമായിരുന്നു. എത്ര ഉത്തരങ്ങളുടെ താഴേക്കൂടി നൂന്നു പോകേണ്ടിവന്നു എന്നറിയില്ല. എഴുത്തുപെട്ടി ഇരുന്ന സ്ഥലത്തെത്തിയപ്പോൾ ഞാൻ ഒളികണ്ണിട്ടു് നോക്കി. എന്തുകൊണ്ടോ അതപ്രത്യക്ഷമായിട്ടുണ്ടാകുമെന്ന തോന്നലിനു വിപരീതമായി അതവിടെത്തന്നെ ഉണ്ടായിരുന്നു. കുട്ടേട്ടൻ അതൊന്നും ശ്രദ്ധിക്കുന്നില്ല. അയാളുടെ മനസ്സിൽ ഫ്രെയ്മിട്ട ഒരു ഫോട്ടോ മാത്രമേയുള്ളു. അതിന്റെ വലുപ്പമെന്താണെന്നോ ഒന്നും അറിയില്ല. പെട്ടെന്നതു് എവിടെയെങ്കിലും ചാരിവച്ച പോലെ കാണപ്പെടുമെന്ന വിശ്വാസത്തിലാണെന്നു തോന്നുന്നു മൂപ്പർ. തട്ടിൻപുറത്തിന്റെ പരപ്പു് അന്നാണു് എനിയ്ക്കു മനസ്സിലായതു്. ഒരു ഗ്രൗണ്ടു പോലെ തുറന്നതല്ല അതു്. നിറയെ ഊടുവഴികൾ നിറഞ്ഞതു്. കുറച്ചു നടന്നപ്പോൾ എന്റെ ദിശാബോധം നശിച്ചു. ഞാൻ ചോദിച്ചു.

‘കുട്ടേട്ടാ, എങ്ങിന്യാ ഇനി തിരിച്ചു പോവ്വാ?’

കുട്ടേട്ടൻ പെട്ടെന്നു് നിന്നു് തിരിഞ്ഞു നോക്കി. അതിനെപ്പറ്റി മൂപ്പർ ആലോചിച്ചിട്ടില്ല. അയാൾ കുറച്ചു ദൂരം തിരിച്ചു നടന്നു. കുറച്ചു കഴിഞ്ഞപ്പോഴാണു് മനസ്സിലാവുന്നതു് വന്ന വഴിയല്ല അതെന്നു്. കുട്ടേട്ടന്റെ മുഖത്തും അല്പം ഭയമുള്ളതുപോലെ തോന്നി. അനന്തമായൊരു ഗുഹയിലെത്തിപ്പെട്ട പോലെ, വഴികൾ എവിടെയും എത്തുന്നില്ല. ഓരോ വഴിയും മുമ്പു സഞ്ചരിച്ച പോലെയല്ല.

‘ഇത്രയധികം ഉപേക്ഷിക്കപ്പെട്ട സാധനങ്ങൾ എങ്ങിനെ വന്നു.’ എനിയ്ക്കദ്ഭുതായി.

‘ഈ വീട്ടിനു് അത്ര പഴക്കംണ്ടു്. പത്തിരുനൂറു കൊല്ലായിട്ടു് എത്ര തലമുറ താമസിച്ചിട്ടുണ്ടാവുംന്നു് അറിയ്യോ. അവരെല്ലാം ഉപേക്ഷിച്ച സാധനങ്ങളുണ്ടാവും ഇവിടെ.’

എന്റെ അത്ര പൊക്കമുള്ള ഉപ്പുമാങ്ങ ഭരണികൾ. അതിനൊന്നും കേടുപാടുകൾ കാണാനില്ല. പിന്നെ എന്തിനാണവ ഉപേക്ഷിച്ചതു? നടന്നു നടന്നു് അവസാനം ഞങ്ങൾ എത്തിച്ചേർന്നതു് താഴേയ്ക്കുള്ള ഒരു കോണിയുടെ മുമ്പിലായിരുന്നു.

‘ഇതേതാണു് കോണി?’

ഞങ്ങൾ ആ മരക്കോണിയിറങ്ങി. നല്ല കട്ടിയുള്ള മരംകൊണ്ടു് ഉണ്ടാക്കിയ കോണി. ഒരു വശത്തു് വെള്ളവലിച്ച ചുമരാണു്, മറ്റെ വശത്തു് കൊത്തുപണികളുള്ള കൈവരിയും. ഇതേതു കോണിയാണു്. ഞങ്ങൾ തട്ടിൻപുറത്തേയ്ക്കു കയറിവന്നതാകട്ടെ വളരെ കട്ടികുറഞ്ഞ പേരിനുമാത്രം ബലമുള്ള ഒരു താല്ക്കാലിക കോണിയായിരുന്നു.

കോണിയുടെ താഴത്തിറങ്ങിയപ്പോഴാണു് മനസ്സിലായതു് അവിടെ പൂട്ടിയിട്ട ഒരു വാതിലാണു്. ഇങ്ങിനെ ഒരു വാതിൽ ഞങ്ങൾ താഴത്തെവിടെയും കണ്ടിട്ടില്ല. ഏതു മുറിയിലേയ്ക്കാണാവോ ഈ വാതിൽ തുറക്കുന്നതു്. അതു തുറക്കാനാവാത്ത വിധം ഭദ്രമായി അടച്ചിരിക്കയാണു്. ഞങ്ങൾ തിരിച്ചു കയറി, വീണ്ടും ഗുഹയിലൂടെ യാത്ര തുടങ്ങി. എന്താണു് അന്വേഷിക്കുന്നതു് എന്ന കാര്യം രണ്ടുപേരും മറന്നെന്നു തോന്നുന്നു. ഞാനെന്തായാലും മറന്നിരിക്കയാണു്. ഏതൊക്കെ വഴികളിലൂടെ വീണ്ടും സഞ്ചരിച്ചുവെന്നറിയില്ല, പെട്ടെന്നു് ഞങ്ങളുടെ മുമ്പിൽ ഒരു കാൽ നഷ്ടപ്പെട്ട മേശയ്ക്കു മീതെ ഫ്രെയിം ചെയ്ത മൂന്നു വലിയ ഫോട്ടാകൾ കമിഴ്ത്തി വച്ചിരിക്കുന്നു. കുട്ടേട്ടന്റെ മുഖം വികസിച്ചു.

‘ഇതാ ഫോട്ടോകള്!’

മുകളിലെ ഫോട്ടോ വല്ലാതെ പൊടി പിടിച്ചിരുന്നു. അതു് ഒരു വൃദ്ധയുടെ ഫോട്ടോ ആണു്. മേൽമുണ്ടില്ലാതെ സമൃദ്ധമായ അമ്മിഞ്ഞയും പ്രദർശിപ്പിച്ചു് കൈയ്യുള്ള കസേലയിൽ ഇരിക്കുന്നു. അവരുടെ മുഖം ചുളിഞ്ഞിരിക്കുന്നു. അടുത്ത ഫോട്ടോ ഒരു കാരണവരുടേതാണു്. കനത്ത പുരികവും തീക്ഷ്ണമായ കണ്ണുകളുമുള്ള ഒരാൾ. ഒരു വേഷ്ടിയാണു് വേഷം. നെറ്റിമേൽ ചന്ദനക്കുറി പ്രകടമായി കാണുന്നു. കസേലയിൽ വാക്കിങ് സ്റ്റിക് ചാരിവച്ചിട്ടുണ്ടു്. കസേല ആദ്യത്തെ ഫോട്ടോവിൽ ഉള്ളതു തന്നെയാണു്. മൂന്നാമത്തെ ഫോട്ടോവിന്റെ ഫ്രെയിം ദ്രവിച്ചു തുടങ്ങിയിരുന്നു. ചില്ലിനുള്ളിൽ വെളുത്ത പൂപ്പൽ വന്നു് ഉണങ്ങിയപോലെ പാടുണ്ടു്. മുഖം ഒരുമാതിരി വ്യക്തമാണു്. അധികം ഉയരമില്ലാത്ത ഒരാൾ.

‘ഇതായിരിക്കും ഫോട്ടോ.’ കുട്ടേട്ടൻ പറഞ്ഞു. ‘ഇതാണു് ഏറ്റവും പഴേതായി തോന്നണതു്.’

‘ഇനി നമക്കു് പൊറത്തു് കടക്കണ്ടെ?’ ഞാൻ പറഞ്ഞു. ഞങ്ങൾ വന്ന വഴിയിലേയ്ക്കു തന്നെ തിരിഞ്ഞു. ഞങ്ങളുടെ അദ്ഭുതത്തിനു് അതിരില്ലായിരുന്നു. തൊട്ട മുമ്പിൽ ഞങ്ങൾ സാധാരണ കയറി വരാറുള്ള കോണിതന്നെ കിടക്കുന്നു, യാതൊരു തടസ്സവുമില്ലാതെ! അപ്പോൾ ഏതു വഴിയ്ക്കാണു് ഞങ്ങൾ ഇത്ര ദൂരം അലഞ്ഞു വന്നതു? എങ്ങിനെയാണു് പുറപ്പെട്ട സ്ഥലത്തു് തന്നെ ഇപ്പോൾ എത്തിയതു?

താഴെ ഞങ്ങളുടെ മുറിയിൽ എത്തിയതിനു ശേഷമാണു് കുട്ടേട്ടൻ സംസാരിച്ചതു്.

‘നിനക്കെന്തു തോന്നുന്നു?’ ഫോട്ടോ ഒരു നനഞ്ഞ തുണികൊണ്ടു് വൃത്തിയാക്കുന്നതിനിടയിൽ കുട്ടേട്ടൻ ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. മുകളിലെ ഗുഹകളുടെ അനിശ്ചിതത്തിലൂടെയുള്ള യാത്ര എന്നെ വല്ലാതെ തളർത്തിയിരുന്നു.

വൃത്തിയാക്കിയതുകൊണ്ടു് വലിയ ഗുണമൊന്നുമുണ്ടായിട്ടില്ല. ചില്ലിന്റെ ഉൾവശത്താണു് പൂപ്പലിന്റെ പാടുകൾ. എത്രയോ വർഷങ്ങളിലെ മഴക്കാലത്തെ ഈർപ്പം ചില്ലിനുള്ളിൽ കട്ടിയുള്ള ഒരാവരണം തന്നെ തീർത്തിരുന്നു.

‘നമ്ക്കു് ഏതായാലും ഈ ഫ്രെയിം ഇളക്കിയെടുക്കണം. അതിന്റെ ഉള്ളിലു് വല്ല സൂചനീംണ്ടോന്നു് നോക്കണം.’ കുട്ടേട്ടൻ ഫ്രെയിം കമിഴ്ത്തി വെച്ചു് പരിശോധിച്ചു. പുറത്തു പതിച്ച ഹാർഡ്ബോർഡ് ദ്രവിച്ചു തുടങ്ങിയിരുന്നു. ഒരു കത്തിയെടുത്തു് ആ ബോർഡ് ഇളക്കിയെടുക്കാൻ ശ്രമിച്ചപ്പോൾ അതു് പൊട്ടിപ്പൊട്ടി വന്നു. അതു് കേടു വരുത്താതെ എടുക്കാൻ പറ്റില്ലെന്നു കണ്ടപ്പോൾ കുട്ടേട്ടൻ അതു് കഷ്ണം കഷ്ണമായി പൊട്ടിച്ചെടുത്തു. അര മണിക്കൂർ നേരത്തെ അദ്ധ്വാനത്തിനു ശേഷം ആ ഫോട്ടോ പുറത്തെടുത്തു. അതൊരു ഫോട്ടോ ആയിരുന്നില്ല. വരച്ചുണ്ടാക്കിയ ഒരു ഛായാചിത്രം മാത്രം.

‘അന്നൊന്നും ഫോട്ടോ എടുക്കാന്ള്ള സൗകര്യംല്ല്യ. അപ്പൊ എല്ലാം വരച്ച്ണ്ടാക്വാണു് ചെയ്യാ. വരയ്ക്കണ ആളടെ മുമ്പിലു് നമ്മള് കൊറെ നേരം ഇരുന്നു കൊടുക്കണം. ചെലപ്പൊ രണ്ടും മൂന്നും ദെവസം ഇരുന്നു കൊടുക്കേണ്ടി വരും.’

കുട്ടേട്ടന്നറിയാത്ത കാര്യങ്ങൾ കുറവായിരുന്നു. പരപ്പിലുള്ള വായനയുടെ ഫലമാണു്. ഞാൻ ബഹുമാനത്തോടെ അയാളെ നോക്കി.

ചിത്രം കേടു കൂടാതെ നല്ല തെളിമയോടെ ഉദിച്ചു നിന്നു. ചില്ലിന്മേൽ കണ്ട പൂപ്പൽ ചിത്രത്തെ ബാധിച്ചിട്ടില്ല.

‘ഇതൊരദ്ഭുതാണു്.’ കുട്ടേട്ടൻ പറഞ്ഞു. ‘നെനക്കു് തോന്ന്ണ്ല്യേ?’

ഞാൻ തലയാട്ടി. എന്നെ സംബന്ധിച്ചേടത്തോളം അദ്ഭുതത്തിന്റെയും സ്വാഭാവികതയുടെയും വേലി പൊളിഞ്ഞിട്ടു് കുറച്ചു നേരമായി. ഞാൻ ആലോചിക്കുകയായിരുന്നു. ഇത്രയും ദൂരം സഞ്ചരിച്ചതു് ശരിക്കുണ്ടായതാണോ അതോ ഒരു വെറും മായക്കാഴ്ചയായിരുന്നോ. ഞാൻ ചോദിച്ചു.

‘കുട്ടേട്ടാ നമ്മള് മോളിലു് കൊറേ ദൂരം നടന്ന മാതിരി തോന്നുണു. അതു് ശരിയാണോ? ഈ തട്ടിൻപുറത്തു് ഇത്ര വഴികളൊക്കെണ്ടോ?’

കുട്ടേട്ടൻ നിശ്ശബ്ദനായി, എന്തോ ആലോചിക്കുകയായിരുന്നു. അയാൾ ഇപ്പോഴേ അതിനെപ്പറ്റി ചിന്തിച്ചുള്ളൂ എന്നു തോന്നുന്നു. അയാൾ പറഞ്ഞു.

‘ശര്യാണല്ലെ. അതുപോലെ നമ്മള് ഒരു കോണി കണ്ടില്ലെ. അതു് താഴത്തു് ഏതു് മുറീലേയ്ക്കാണു് പോണതു? നമ്മടെ നെലേലു് അങ്ങനെ എറങ്ങിവരണ ഒരു കോണീല്ല്യ, പൂട്ടീട്ട കോണിവാതിലുംല്ല്യ. ഇതൊക്കെ ശരിക്ക്ണ്ടായതന്യാണോ?’

‘നിക്കറിയില്ല്യ.’

കുട്ടേട്ടൻ ചിത്രം പരിശോധിക്കാൻ തുടങ്ങി. ഫ്രെയിമിനുള്ളിൽ രേഖകളൊന്നുമുണ്ടായിരുന്നില്ലെന്നതു് അയാളെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു.

‘സാരല്ല്യ. ഈ കാരണവരു് നല്ല സൂത്രക്കാരനാണ്ന്നു് തോന്നുണു. ചെലപ്പൊ ഈ ചിത്രം വരച്ചതിന്റെ അടീലെവിടെയെങ്കിലും ബ്രഷുകൊണ്ടു് വല്ല കുറിപ്പും എഴുതിവച്ചിട്ടുണ്ടാവും.’

കുട്ടേട്ടൻ ആ ഛായാചിത്രം ജനലിന്നടുത്തു കൊണ്ടുപോയി സൂക്ഷ്മമായി പരിശോധിക്കുകയാണു്. എനിക്കതിൽ വിശ്വാസം നശിച്ചു തുടങ്ങി. അതൊരു വെറും ചിത്രമാണെന്നും ഞങ്ങളുടെ ഇന്നത്തെ അദ്ധ്വാനമെല്ലാം പാഴായിയെന്നും എനിയ്ക്കു തോന്നിത്തുടങ്ങി. കറുത്ത പിടിയുള്ള ഒരു ഭൂതക്കണ്ണാടിയിലൂടെ കുട്ടേട്ടൻ ചിത്രം പരിശോധിക്കുന്നതു് ഞാൻ കുറച്ചു് സഹതാപത്തോടെ നോക്കിയിരുന്നു. പത്തുമിനുറ്റ് നേരത്തെ പരിശോധനയ്ക്കു ശേഷം ചിത്രം മേശപ്പുറത്തു കൊണ്ടുവച്ചു് ക്ഷീണിച്ചു് കട്ടിലിന്റെ തലഭാഗത്തു് ചാരിയിരുന്ന കുട്ടേട്ടന്റെ മുഖം അനുകമ്പാർഹമായിരുന്നു.

ഞാൻ ചിത്രമെടുത്തു നോക്കി. വെറും ചിത്രം മാത്രം, അതിനപ്പുറത്തൊന്നുമില്ല. ചിത്രത്തിനു താഴെ വലത്തുഭാഗത്തായി ചിത്രകാരന്റെ പേരാണെന്നു തോന്നുന്നു ഹിന്ദിയിലോ സംസ്കൃതത്തിലോ എഴുതിവച്ചിട്ടുണ്ടു്. കൃഷ്ണരായർ എന്നോ മറ്റോ ആണതു്.

എട്ടു്

പരീക്ഷയ്ക്കിനി രണ്ടു മാസമേയുള്ളൂ. ഉണ്ടോ എന്നുതന്നെ ഇനിയും തീർച്ചയില്ലാത്ത ഈ നിധിയുടെ പിന്നാലെ നടന്നാൽ ഈ ക്ലാസ്സിൽത്തന്നെയിരിക്കേണ്ടി വരും. കുട്ടേട്ടനാണെങ്കിൽ ഇതു് എസ്. എസ്. എൽ. സി.-യാണു്. ഏതെങ്കിലും കോളജിൽ അഡ്മിഷൻ കിട്ടണമെങ്കിൽ നല്ല മാർക്കുതന്നെ കിട്ടണം.

ഞാൻ പെട്ടെന്നു് വർത്തമാനത്തിലേയ്ക്കു തിരിച്ചെത്തി. മുമ്പിൽ വന്ദന ഒരു മാന്ത്രികവലയത്തിൽ പെട്ടപോലെ ഇരിക്കുകയാണു്. അവളുടെ പരീക്ഷയും അടുത്തിരിയ്ക്കയാണു്. മുപ്പതു കൊല്ലം മുമ്പു് എന്റെ പരീക്ഷ നശിപ്പിച്ചതുപോലെ അവളുടെ പരീക്ഷയും നശിപ്പിക്കാനാണോ ഈ ചതുരംഗപ്പലക ഈ സമയത്തു് പ്രത്യക്ഷപ്പെട്ടതു? എനിയ്ക്കു ബലമായ സംശയമുണ്ടായി. അവൾക്കും പതിനഞ്ചു വയസ്സു തികയാൻ രണ്ടു മാസം കൂടിയേ ഉള്ളു.

‘എന്നിട്ടു് അച്ഛാ, എന്തുണ്ടായി?’ വന്ദന ഉണർന്നു.

‘മോളെ, നിന്റെ പ്രധാനപ്പെട്ട പരീക്ഷയാണു് വരണതു്. മോള് ഇനി പഠിയ്ക്കാൻ നോക്കു്. ബാക്കിയെല്ലാം പരീക്ഷ കഴിഞ്ഞിട്ടു് പറയാം.’

‘അതു പറ്റില്ല, മുഴുവൻ കേക്കാതെ എനിയ്ക്കു് പഠിയ്ക്കാൻ പറ്റില്ല.’

‘പിന്നെ ഒന്നുംണ്ടായില്ല. എന്തുണ്ടാവാനാ. അതിന്റെ പിന്നാലെ നടന്നു് അച്ഛൻ പരീക്ഷേലു് തോറ്റു, കുട്ടേട്ടൻ കഷ്ടിച്ചു് രക്ഷപ്പെട്ടു. അമ്മാവന്റെ അടുത്ത്ന്നു് രണ്ടു പേർക്കും നല്ലവണ്ണം കിട്ടി, അത്ര്യന്നെ.’

‘എന്നിട്ടു് കുട്ടമ്മാമയ്ക്കു് എങ്ങിന്യാ കോളജിലു് അഡ്മിഷൻ കിട്ടീതു?’

‘അന്നൊന്നും ഇത്ര തെരക്കുണ്ടായിര്ന്നില്ല കോളജിലു്. അപ്ലൈ ചെയ്താൽ മിക്കവാറും കിട്ടും.’

‘അച്ഛൻ ബാക്കീം കൂടി പറയണം, ഞാനിപ്പൊ പഠിക്കാൻ പോവ്വാണു്.’

വന്ദനയ്ക്കു പേടി പിടിച്ചെന്നു തോന്നുന്നു.

‘ഇനി ഒന്നുംണ്ടായിട്ടില്ല മോളെ, വിശ്വസിയ്ക്കു്. എന്റെ പരീക്ഷെടെ റിസൾട്ട് വന്നപ്പോൾ അമ്മാവന്റെ വക വിചാരണയുണ്ടായിരുന്നു. ആദ്യം സാക്ഷി പറഞ്ഞതു് നിന്റെ അമ്മ തന്നെയാണു്. ഞങ്ങള് ഏതു നേരവും, കളിക്കാൻ പറ്റാത്ത ഒരു ചതുരംഗപ്പലകയും വെച്ചിരിയ്ക്ക്യാണെന്നും തട്ടിൻപുറത്ത്ന്നു് ഒരു പഴേ ഫോട്ടോ എടുത്തു് കൊണ്ടന്നു് കേടു വരുത്തീന്നൊക്കെ അവൾ ജൂറി സമക്ഷം ബോധിപ്പിച്ചു.’

‘അതു് ശരി, അമ്മയ്ക്കു് ഇതൊക്കെയായിരുന്നു പണി അല്ലെ? അച്ഛനീം കുട്ടമ്മാമനീം തല്ലു കൊള്ളിക്കലു്?’

‘അതു ഞാൻ ആദ്യേ പറയാറില്ലെ?’

‘ശരി എന്നിട്ടു്?’ അവൾക്കു് ബാക്കി ഭാഗം കേൾക്കാൻ ധൃതിയായി.

‘എന്നിട്ടെന്താ അമ്മാമ ഞങ്ങടെ മുറി പരിശോധിച്ചു. ഞങ്ങളാണെങ്കിൽ ഇങ്ങിനെയൊന്നു് പ്രതീക്ഷിച്ചതുമില്ലല്ലൊ, എല്ലാം മേശപ്പുറത്തു് വച്ചിരിക്കയായിരുന്നു. അമ്മാമ അതെല്ലാം എടുത്തു് എങ്ങോട്ടോ വലിച്ചെറിഞ്ഞു. ഫോട്ടോ തിരിച്ചു് തട്ടിൻപുറത്തുതന്നെ കൊണ്ടുപോയി ഇട്ടു. അന്നു് കിട്ടിയ അത്ര അടി ജീവിതത്തിലൊരിക്കലും കിട്ടിയിട്ടില്ല.’

‘എന്നിട്ടും അച്ഛൻ അമ്മേനെ കല്യാണം കഴിച്ചൂ? പാവം അച്ഛൻ!’

ഞാൻ ഒന്നും പറഞ്ഞില്ല. അതൊരു വലിയ ചരിത്രമാണു്. ഇനി അതിനെപ്പറ്റി വല്ലതും പറഞ്ഞാൽ പിന്നെ വന്ദന അതു മുഴുവൻ കേൾക്കാതെ എഴുന്നേൽക്കില്ല. എങ്ങിനെയെങ്കിലും അവൾ ഇതെല്ലാം മറന്നു് പഠിത്തത്തിൽ ശ്രദ്ധ കൊടുത്താൽ മതിയായിരുന്നു.

‘മതി. ഇനി മോള് പോയി പഠിയ്ക്കൂ.’ കഥയുടെ പരിണാമം അവളെ തൃപ്തിപ്പെടുത്തിയില്ലെന്നു് എനിയ്ക്കു മനസ്സിലായി. ഞാനവളെ ഒരുവിധം പറഞ്ഞയച്ചു. ഒറ്റയ്ക്കായപ്പോൾ വീണ്ടും മനസ്സു് തെന്നിത്തെന്നി പോവുകയാണു്. പരീക്ഷയിൽ തോറ്റതിനേക്കാൾ വിഷമമായതു് അമ്മാമന്റെ അടുത്തുനിന്നു് അടി കിട്ടിയപ്പോഴായിരുന്നു. ആ വേദന ദിവസങ്ങളോളം തങ്ങിനിന്നു.

ഒരു ദിവസം കുട്ടേട്ടനും പോയി. കുട്ടേട്ടൻ അമ്മാവന്റെ കൂടെയാണു് കോഴിക്കോട്ടു ഗുരുവായൂരപ്പൻ കോളജിൽ ചേരാൻ പോയതു്. മുമ്പിൽ അമ്മാവനും പിന്നിൽ ഒരു ചെറിയ സഞ്ചി പിടിച്ചുകൊണ്ടു് കുട്ടേട്ടനും അതിനും പിന്നിൽ കിടയ്ക്കയും ഇരുമ്പുപെട്ടിയും തലയിലേറ്റി ചാത്തപ്പനും വയലിന്റെ അപ്പുറത്തു് ഇടവഴികളിൽ നഷ്ടപ്പെട്ടപ്പോൾ ഞാൻ വരമ്പിൽ നിന്നു് തിരിച്ചു നടന്നു, പടിപ്പുരയുടെ അറ്റക്കടായ ചാടിക്കടന്നു് മുറ്റത്തെത്തി. അമ്മായി മുണ്ടിന്റെ കോന്തലകൊണ്ടു് കണ്ണു തുടച്ചിട്ടാണെന്നു തോന്നുന്നു മുറ്റത്തുകൂടെ അടുക്കളയിലേയ്ക്കു നടക്കുകയാണു്. പൂമുഖത്തു് തിണ്ണയിൽ ഇന്ദിര ഒരു ഉഷാറില്ലാതെ ഇരിക്കുന്നു. ഞാൻ അവളെ വകവെയ്ക്കാതെ അകത്തു തളത്തിലേയ്ക്കു കടന്നു, കോണി കയറി മുകളിലേയ്ക്കു പോയി. അമ്മാവന്റെ അടുത്തുനിന്നു് അടി കിട്ടിയശേഷം ഞാനും കുട്ടേട്ടനും അവളെ തഴഞ്ഞ പോലെയാണു്. ഏകദേശം ഒരു മാസം കഴിെഞ്ഞങ്കിലും മനസ്സിലെ വേദന തികച്ചും വിട്ടു മാറുന്നില്ല. അതിന്റെ കാരണക്കാരി ഇന്ദിരയാണെന്നതുകൊണ്ടു് അവളോടു് അടുക്കാൻ തോന്നുന്നില്ല. അവൾ വാ തുറന്നതു കൊണ്ടാണു് അമ്മാവനു് ഞങ്ങളുടെ മുറി പരിശോധിക്കാനും ഞങ്ങളെ ശിക്ഷിക്കാനും തോന്നിയതു്. അല്ലെങ്കിൽ ഒരര മണിക്കൂർ നേരത്തെ ശകാരത്തിൽ ഒതുങ്ങിയേനെ ശിക്ഷ.

മുറി ഒഴിഞ്ഞു കിടന്നു. കട്ടിൽ ഒഴിഞ്ഞു കിടന്നു. ഉയർന്നുവന്ന ഒരു തേങ്ങൽ മനസ്സിലൊതുക്കി ഞാൻ കട്ടിലിൽ മലർന്നു കിടന്നു. കുട്ടേട്ടനുമായുണ്ടായ ആദ്യത്തെ പരിചയപ്പെടൽ വീണ്ടും ഓർത്തു. അന്നു് പകലുണ്ടായ ഏകാന്തത വീണ്ടും നാലിരട്ടിയായി അനുഭവപ്പെട്ടു. ഇനി ഒറ്റയ്ക്കാണു് എന്ന ബോധം വന്നപ്പോൾ അമ്മയെയും രാധേട്ത്തിയെയും ഓർമ്മ വന്നു. അടുത്ത ശനിയാഴ്ച വീട്ടിൽ പോണം. അമ്മ ഏട്ടനെ കാണാൻ വരാറെയില്ല. വളരെ പഴയൊരു കുടിപ്പകയുടെ ബാക്കിപത്രമാണു്. ഭർത്താവിന്റെ ഒപ്പം ഭാഗവും വാങ്ങി പോകുമ്പോൾ ഇനി ഈ മണ്ണിൽ കാലു കുത്തില്ലെന്നു് ശപഥം ചെയ്തതാണു്. വിധി അമ്മയുടെ ഭാഗത്തായിരുന്നില്ല. ഭർത്താവു് പെട്ടെന്നു മരിച്ചു. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ഒറ്റയ്ക്കു പോറ്റാനുണ്ടായ കഷ്ടപ്പാടിൽ അമ്മയുടെ തീരുമാനങ്ങളും മയപ്പെട്ടു. പെൺകുട്ടിയുടെ ജനനത്തോടെ അമ്മാവനും പഴയ കാര്യങ്ങളെല്ലാം മറന്നു, പെങ്ങളെ കാണാൻ പോയി. മരുമകനിൽ മകളുടെ ഭാവിവരനെ കണ്ടു് അവരെ സഹായിക്കാൻ തുടങ്ങി. മരുമകൻ ഹൈസ്കൂളിലായപ്പോൾ അവനെ തറവാട്ടിലേയ്ക്കു കൊണ്ടു വന്നു.

ഇത്രയൊക്കെയായിട്ടും അമ്മ പഴയ കറ വച്ചുകൊണ്ടിരുന്നു. വല്ലപ്പോഴും അമ്മാവൻ ഓരോ ചാക്കു് കുത്തരിയും തറവാട്ടു വളപ്പിലുണ്ടായ പച്ചക്കറികളും കൊടുത്തയക്കുമ്പോൾ ‘അതൊന്നും എനിയ്ക്കറിയില്ല’ എന്ന ഭാവത്തിൽ അമ്മ തല തിരിക്കും. അതെവിടെയാണു് ഇറക്കി വെയ്ക്കേണ്ടതു് എന്നു് രാധേട്ത്തി ചുമട്ടുകാർക്കു് പറഞ്ഞു കൊടുക്കും. അവരെക്കൊണ്ടു തന്നെ അതു് കലവറയിൽ കൊണ്ടുപോയി വെപ്പിയ്ക്കും. അവരെ വിളിച്ചു് അടുക്കളച്ചായ്പ്പിൽ ഇരുത്തി ചായയും പലഹാരങ്ങളും കൊടുത്തു് അമ്മായിയുടെ വിവരങ്ങൾ ചോദിച്ചറിയും. അമ്മയുടെ പെരുമാറ്റം ഒരുതരം കാപട്യമാണെന്നു് നന്ദനു് തോന്നാറുണ്ടു്. അല്ലെങ്കിൽ യാഥാർത്ഥ്യത്തെ അംഗീകരിയ്ക്കാതിരിക്കാൻ മനസ്സിൽ സ്വയം നിർമ്മിച്ച ഒരു കെട്ടായിരിക്കണം അതു്. മരണംവരെ അവർ ആ കെട്ടു് അഴിയ്ക്കലുണ്ടായിട്ടില്ല.

വീണ്ടും കുട്ടേട്ടന്റെ കാര്യം ഓർമ്മ വന്നു. രാധേട്ത്തിയ്ക്കു് പകരമായിരുന്നില്ല കുട്ടേട്ടൻ. അതിലുമപ്പുറത്തു് എന്തോ. സ്കൂളിലും പുറത്തും തന്നെ സംരക്ഷിച്ചു കൊണ്ടിരുന്നു, തന്നേക്കാൾ രണ്ടു വയസ്സുമാത്രം പ്രായമുള്ള കുട്ടേട്ടൻ. ഇപ്പോൾ ഞാൻ ഏകനാണു്. എന്റെ പ്രശ്നങ്ങൾ ആരോടും പറയാനില്ല, ആരിൽനിന്നും സാന്ത്വനം പ്രതീക്ഷിക്കാനുമില്ല.

‘നന്ദേട്ടനെന്താ കരയ്യാണോ?’

ഞാൻ കണ്ണു തുറന്നു നോക്കി. ഇന്ദിര കട്ടിലിന്റെ അടുത്തു് വന്നു് നോക്കി നിൽക്കുകയാണു്. ശരിയാണു് ഞാൻ കരയുകയാണു്. ഞാനറിയാതെ കണ്ണീർ വാർന്നൊഴുകി തലയിണ നനയ്ക്കുകയായിരുന്നു. ഞാൻ കണ്ണു തുടച്ചു് എഴുന്നേറ്റിരുന്നു. എന്തുകൊണ്ടോ ഇന്ദിരയോടുള്ള ശത്രുത ആ നിമിഷത്തിൽ ഞാൻ മറന്നുപോയി. ഞാനവളെ നോക്കി. അവൾക്കു് വല്ലാതെ മാറ്റം വന്നിരുന്നു. പെട്ടെന്നവൾ വലിയൊരു കുട്ടിയായ പോലെ. കഴിഞ്ഞ ഒരു മാസമായി ഞാനവളുടെ മുഖത്തേ നോക്കിയിരുന്നില്ല. ഇപ്പോൾ അവൾ മുമ്പിൽ നിൽക്കുകയാണു്, എന്നെ പിച്ചി ഉപദ്രവിച്ചിരുന്ന കാലത്തു നിന്നു് വളരെ വളർന്നു് പക്വത വന്ന പോലെ.

‘കുട്ടേട്ടൻ പോയതിലു് സങ്കടംണ്ടോ?’ അവൾ വീണ്ടും ചോദിക്കുകയാണു്.

‘നിനക്കു് സങ്കടംല്യേ?’

‘ഉം, കുറേശ്ശെ. അമ്മേടെം നന്ദേട്ടന്റീം അത്രെ്യാന്നുംല്യ.’

ഞാൻ അവളെ ഒരു ചോദ്യത്തോടെ നോക്കി.

‘എന്താന്നറീല്യ. എനിയ്ക്കു് സങ്കടൂം സന്തോഷും ഒക്കെ കൊറവെ വരാറുള്ളു. നന്ദേട്ടനു് ഒറ്റയ്ക്കു് കെടക്കാൻ പേടിണ്ടോ?’

‘കൊറേശ്ശെ.’ ഞാൻ പകുതി സത്യം പറഞ്ഞു. ശരിയ്ക്കു പറഞ്ഞാൽ ഒറ്റയ്ക്കു കിടക്കുന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. ഇപ്പോഴാണു് ഓർത്തതു്. മുകളിലെ നിലയിൽ ഞാൻ ഒറ്റയ്ക്കാവും. അതിനും മുകളിലാണു് ആ ശപിയ്ക്കപ്പെട്ട തട്ടിൻപുറം. എനിയ്ക്കു് നല്ല പേടിയുണ്ടു്.

‘ഞാൻ വരണോ കൂട്ടു കിടക്കാൻ?’

ഓ! ഒരു ധൈര്യശാലി! എന്ന മട്ടിൽ ഞാനവളെ നോക്കി.

‘ശരിക്കും പറയ്യാണു്. ഈ ഭാഗത്തു് ഒരു കട്ടിലിട്ടു തരാൻ പറഞ്ഞാ മതി. ന്നാ അമ്മെടെ അട്ത്ത്ന്നും രക്ഷപ്പെടാലോ. ധൈര്യശാല്യായിട്ടല്ല, എനിയ്ക്കു് സങ്കടും സന്തോഷും മാതിരി പേടീം കൊറവാ. ‘

അതു ശരിയാണു്. കാരണം നേരം ഇരുട്ടിയാലും അവൾ ഒറ്റയ്ക്കു് പറമ്പിലുള്ള കാവിൽ വിളക്കു വെയ്ക്കാൻ പോകാറുണ്ടു്. സത്യം പറഞ്ഞാൽ എനിയ്ക്കു് ഒറ്റയ്ക്കു് ആ കാവിന്റെ അടുത്തു് പകൽ നേരത്തു കൂടി പോവാൻ പേടിയാണു്.

‘വേണങ്കിൽ പറഞ്ഞോളു. ഞാൻ അമ്മ്യോടു് ചോദിച്ചിട്ടു് ഇവിടെ കിടക്കാം.’

‘വേണ്ട താൻ അമ്മേടെ ഒപ്പം തന്നെ കിടന്നാ മതി.’ ധൈര്യത്തിനുവേണ്ടി കൂട്ടുകിടക്കാൻ വരുന്നതു് എന്നേക്കാൾ നാലു വയസ്സു താഴെയുള്ള ഒരു പെൺകുട്ടി. ഇതിനേക്കാൾ നാണക്കേടെന്താണുള്ളതു?

താഴെ കോണിച്ചുവട്ടിൽ നിന്നു് അമ്മായി വിളിച്ചു. ഇന്ദിര വിളി കേട്ടു. ‘എന്താ അമ്മേ?’

‘നിങ്ങക്കു് ചായ കുടിയ്ക്കണ്ടെ. നന്ദേട്ടനോടും വരാൻ പറേ.’

താഴെ തളത്തിലിരുന്നു് ഇലയട തിന്നുമ്പോൾ ഇന്ദിര പറഞ്ഞു.

‘അമ്മേ നന്ദേട്ടൻ കരയ്യായിരുന്നു.’

‘എന്തിനു്?’

‘കുട്ടേട്ടൻ പോയ സങ്കടംകൊണ്ടു്.’

അമ്മായി നിശ്ശബ്ദയായി. ഞാൻ തലയുയർത്താതെ അട തിന്നു തീർത്തു.

എന്തായാലും അതിനു ശേഷം ഇന്ദിര എന്നോടു് വളരെ നന്നായിട്ടേ പെരുമാറിയിട്ടുള്ളു. അച്ഛന്റെ അടുത്തു് ഏഷണി കൂട്ടുന്ന സ്വഭാവം തീരെ വിട്ടു. സാവധാനത്തിൽ അവളോടു് രഹസ്യങ്ങൾകൂടി പറയാമെന്നായി. അവളെയും ഏകാന്തത ഉപദ്രവിക്കാൻ തുടങ്ങിയിട്ടുണ്ടാവും, അവളറിയാതെത്തന്നെ.

എന്തോ ഭാഗ്യത്തിനു് അമ്മാവൻ വലിച്ചെറിയുന്നതിനു മുമ്പു തന്നെ ഞാനാ ചതുരംഗപ്പലകയുടെ ഒരു പകർപ്പു് കടലാസ്സിലെടുത്തു വെച്ചിരുന്നു. ഇപ്പോൾ അതെടുത്തു നോക്കുമ്പോൾ ഇന്ദിര വന്നാലും ഒളിപ്പിച്ചു വെയ്ക്കാറില്ല. അവൾ അതെന്റെ കയ്യിൽനിന്നു് വാങ്ങി നോക്കും. തിരിച്ചു് മേശവലിപ്പിലിട്ടുകൊണ്ടു് പറയും.

‘നമ്ക്കു് ചതുരംഗം കളിക്ക്യാ?’

ആദ്യമൊക്കെ നിരന്തരം താക്കീതു് കൊടുക്കേണ്ടി വന്നിരുന്നു അവളെ. അല്ലെങ്കിൽ അവളുടെ തേരോ ആനയോ കുതിരയോ ഒക്കെ നഷ്ടപ്പെടും. പിന്നീടു് അവൾ ശ്രദ്ധിച്ചു കളിക്കാൻ തുടങ്ങി. ഞാൻ കുതിരയെ മുന്നോട്ടു കൊണ്ടു വരുമ്പോൾ അതിന്റെ പിന്നീടുണ്ടായേക്കാവുന്ന രണ്ടു ചലനങ്ങൾകൂടി അവൾ കണക്കിലെടുക്കും. എന്റെ ഉദ്ദേശ്യം അത്രതന്നെ പാവനമല്ലെന്നും അരശു തരുമ്പോൾ അവളുടെ തേരിനെയും കൂട്ടിക്കോർത്തു് അതു തട്ടിയെടുക്കാനല്ലെ എന്നും ചോദിയ്ക്കും.

ആയിടയ്ക്കാണു് തട്ടിൻപുറത്തു് ഒരിക്കൽക്കൂടി പോകാനുള്ള ആഗ്രഹം എനിയ്ക്കുണ്ടായതു്. ഒരു തോന്നലായിരുന്നു അതു്. എന്തോ എന്നെ പിടിച്ചു വലിക്കുന്നപോലെ. ഓരോ ദിവസം കൂടുംതോറും ആ തോന്നൽ ശക്തമായി വന്നു. എനിയ്ക്കാണെങ്കിൽ ഒറ്റയ്ക്കു പോകാനും നല്ല പേടിണ്ടു്. ശരിയ്ക്കു പറഞ്ഞാൽ അതിനെപ്പറ്റി ആലോചിക്കാൻ പോലും വയ്യാത്ത അവസ്ഥ.

ഒരിക്കൽ ചതുരംഗം കളിയ്ക്കുമ്പോൾ ഇന്ദിര ചോദിച്ചു.

‘നന്ദേട്ടനോടു് ഒരു കാര്യം ചോദിച്ചാൽ സത്യം പറയ്യോ?’

‘എന്താ പറയാതെ?’

‘നിങ്ങൾക്കു് ആ ചതുരംഗപ്പലക എവിട്ന്നാ കിട്ടീതു?’ അവളുടെ ചോദ്യം പെട്ടെന്നായിരുന്നു.

ഇനി അവൾ അമ്മാവന്റെ അടുത്തു് ഇതൊന്നും കൊളുത്താൻ പോകുന്നില്ലെന്നു് എനിയ്ക്കറിയാമായിരുന്നു. മാത്രമല്ല ഈ രഹസ്യം, ഞാനും കുട്ടേട്ടനും മാത്രമറിയുന്ന രഹസ്യം, കുട്ടേട്ടനില്ലാത്ത അവസ്ഥയിൽ മറ്റാരോടെങ്കിലും പങ്കുവെയ്ക്കണമെന്നും എനിയ്ക്കുണ്ടായിരുന്നു. ഞാൻ പറഞ്ഞു.

‘മോളിലു് തട്ടിൻപൊറത്തു് ഒരു പെട്ടീന്നു്.’

അവൾക്കതിന്റെ കഥ മുഴുവൻ അറിയണം. പറയാൻ ഞാനും അതീവ തല്പരനായിരുന്നു. ഒരു മണിക്കൂർ നേരത്തെ കഥാകഥനത്തിനു ശേഷം അവൾ പറഞ്ഞു.

‘ശരിക്കും അദ്ഭുതായിരിക്കുണു അല്ലെ?’

‘അല്ലാതെ?’ ഞാൻ ഇന്ദിരയെ കളിയാക്കിക്കൊണ്ടു് പറഞ്ഞു. അതിലെ തമാശ മനസ്സിലാക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല അവളപ്പോൾ. അവൾ പറഞ്ഞു.

‘നമുക്കു് തട്ടിൻപൊറത്തു് പോയി നോക്ക്വാ?’

‘എന്തു???’

‘നമുക്കേയ് തട്ടിൻപൊറത്തു് പോയി നോക്കാം. എനിയ്ക്കതൊക്കെ കാണണം. ആ പെട്ടീം, പിന്നെ നിങ്ങള് അലഞ്ഞു തിരിഞ്ഞൂന്നു് പറഞ്ഞില്ലേ ആ വഴീം ഒക്കെ. പറ്റുവെങ്കിലു് ആ കോണീം.’

ഞാനവളെ അദ്ഭുതത്തോടെ, ആദരവോടെ നോക്കുകയാണു്.

‘പിന്നെ ആ പെട്ടി എനിയ്ക്കു് തൊറക്കാൻ പറ്റ്വോന്നും നോക്കണം.’

ഇതു് ഏട്ടന്റെ അനിയത്തി തന്നെ. കുട്ടേട്ടനേക്കാൾ ധൈര്യമുണ്ടെന്നു തോന്നുന്നു ഈ പെണ്ണിനു്. ഞാൻ പറഞ്ഞു. ‘നോക്കാം.’

ഇപ്പോൾ മുപ്പതു വർഷങ്ങൾക്കും പതിനാറിലേറെ പഴക്കമുള്ള കൂട്ടുജീവിതത്തിനും ശേഷം ഞാൻ ഇന്ദിരയോടു് ചോദിക്കുകയാണു് ആ ചതുരംഗപ്പലകയെപ്പറ്റി. മോൾ അടുത്ത മുറിയിൽ കിടന്നുറങ്ങുകയാണു്. അവൾ ഒറ്റയ്ക്കു കിടക്കാൻ തുടങ്ങിയ ശേഷം ഞങ്ങൾ ഉറങ്ങുമ്പോൾ മുറി അടയ്ക്കാറില്ല. അവളും അമ്മയെപ്പോലെ ധൈര്യശാലിയാണു്. വലുതായപ്പോൾ, അമ്മയ്ക്കും അച്ഛനും അല്പം സ്വകാര്യത ആവശ്യമുണ്ടാകുമെന്നു് അവൾക്കു തോന്നിക്കാണണം. അവൾ പറയും, ‘നിങ്ങള് മുറി അടച്ചോളു, എനിയ്ക്കു് പേട്യൊന്നുംല്ല്യ.’ എങ്കിലും ഞങ്ങൾ മുറി അടയ്ക്കാറില്ല. ‘എന്തിനാ മുറി അടയ്ക്കണതു? നെനക്കെന്തെങ്കിലും എടുക്കാണ്ടെങ്കിലു് ഞങ്ങളെ ഒണർത്താതെത്തന്നെ വന്നൂടെ?’

ഞാൻ ഇന്ദിരയോടു ചോദിച്ചു. ‘എങ്ങിനെയാണു് ആ ചെസ്സ്ബോർഡ് നിന്റെ കയ്യിൽ പെട്ടതു?’

‘അതൊരു വല്യ കഥ്യാണു്?’ ഇന്ദിര പറഞ്ഞു. ‘ശരിയ്ക്കു പറഞ്ഞാൻ ഒരു മനം മാറ്റത്തിന്റെ കഥ തന്നെ.’

‘ന്നു് വെച്ചാ?’

‘അച്ഛൻ നിങ്ങളെ രണ്ടു് പേരേം തല്ലണതു് കണ്ടപ്പൊ എനിയ്ക്കു് വല്ലാതെ വിഷമായി.’

‘അങ്ങിന്യൊന്നും ണ്ടാവാറില്ലല്ലൊ. എന്തേ അങ്ങിന്യൊക്കെ തോന്നാൻ?’

‘എന്താന്നറീല്ല്യ. മുമ്പൊക്കെ നിങ്ങളെ അടിക്കണതു് കാണുമ്പോ അച്ഛന്റെ പിന്നിലു് നിന്നു് നന്നായിട്ടുണ്ട്ന്നു് ആംഗ്യം കാണിക്കാറില്ലെ?’

‘ഉണ്ടായിരുന്നു ഞാനതൊന്നും മറന്നിട്ടില്ല, ദുഷ്ട!’

ഇന്ദിര ചിരിച്ചു. ‘പക്ഷേ, ആ പ്രാവശ്യത്തെ അടി കുറച്ചു കൂടുതലായി. എനിക്കു് വല്ലാത്തൊരു കുറ്റബോധം തോന്നി, നിങ്ങളെ ഒറ്റിക്കൊടുത്തതിനു്. അതോടെ ഞാൻ അച്ഛന്റെ ഭാഗം വിട്ടു് നിങ്ങള്ടെ ഭാഗത്തു ചേർന്നു. പക്ഷേ, അതു് നിങ്ങളെ അറീയ്ക്കാൻ ഒരു വഴീംല്ല്യാ. ഞാൻ അട്ത്തു് വരുമ്പോഴേയ്ക്കു് നിങ്ങള് രണ്ടാളും ഒഴിഞ്ഞു പോവും. എനിയ്ക്കു് വല്യ സങ്കടായി. ഒരീസം ഞാനിരുന്നു് കരഞ്ഞു.’

ഞാൻ അദ്ഭുതത്തോടെ അവളെ നോക്കി. ഇന്ദിര കരയുക! സത്യമായും ഞാനതു വിശ്വസിച്ചില്ല. പക്ഷേ, അവളുടെ മുഖത്തെ ഭാവം. എന്തുകൊണ്ടോ അതു് വിശ്വസനീയമായിരുന്നു.

‘ഒരു ദിവസം അച്ഛൻ ഈ ചെസ്സ്ബോർഡും കൊണ്ടു് പറമ്പിലേയ്ക്കു നടക്കണതു് കണ്ടു. പറമ്പിലു് ചവറ് കൂമ്പാരായി കൂട്ടിയിട്ടിട്ട്ണ്ടായിരുന്നു, കത്തിച്ചു കളയാൻ. പറമ്പിലു് തെങ്ങിന്റെ കടയ്ക്കലു് കത്തിക്കാറില്ലെ? ഞാൻ അച്ഛനറിയാതെ ഒളിഞ്ഞുനിന്നു നോക്കി, എന്താണു് മൂപ്പര്ടെ ഉദ്ദേശ്യംന്നു്. അച്ചനതു് ഒരു ചവറ് കൂമ്പാരത്തിലേയ്ക്കു് വലിച്ചെറിഞ്ഞു് അതിനു് തീയിട്ടു.’

‘ന്ന്ട്ടു്?’

‘എനിയ്ക്കു് വല്ല്യെ സങ്കടായി. എനിക്കറിയാം നിങ്ങൾക്കാവശ്യള്ള ഒരു സാധനാണത്ന്നു്. തീ കത്താൻ തൊടങ്ങ്യേപ്പൊ അച്ഛൻ പോയി. ഞാൻ വേഗം പോയിട്ടു് ആ തീയിന്റെ എടേന്നു് ആ ബോർഡ് തപ്പിയെടുത്തു. എന്റെ കൈ പൊള്ളി. ന്നാലും വേണ്ടില്ല, നിങ്ങളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യണംന്ന്ണ്ടായിരുന്നു എനിയ്ക്കു്. ഒരു കാര്യത്തിലു് എനിയ്ക്കു് അദ്ഭുതം തോന്നി. ആ ചെസ്സ്ബോർഡ് നല്ല ചൂടുണ്ടായിരുന്നു. എന്റെ കയ്യ് പൊള്ളിക്കാൻ മാത്രം. ഞാനതു് കൊളത്തിലു് കൊണ്ടുപോയി കഴുകി. നോക്ക്യേപ്പൊ അതിനു് ഒന്നും പറ്റീട്ടില്ല്യ. എന്റെ കയ്യും പൊള്ളീല്യ. അതൊരദ്ഭുതല്ലെ?’

ഞാൻ ശാന്തനായി മൂളി. ‘എന്നിട്ടു് നീയതു് എവിടെ ഒളിപ്പിച്ചുവച്ചു?’

‘ഞാനതു് പല സ്ഥലത്തായി ഒളിപ്പിച്ചു വക്ക്യായിരുന്നു.’

‘എന്തേ നീയതു് ഞങ്ങൾക്കു് തരാതിരുന്നതു?’

‘അതോ? അതു് നിങ്ങടെ പഠിത്തം കൊഴപ്പാക്ക്ണ്ണ്ട്ന്നു് മനസ്സിലായി. അതോണ്ടാ തരാതിരുന്നതു്. പിന്നെ നമ്ക്കു് വയസ്സാവുമ്പോ വേറെ പണിയൊന്നുംണ്ടാവില്ലല്ലൊ. അപ്പൊ രണ്ടുപേർക്കും കൂടി അതു് നോക്കാംന്നും കരുതി.’

‘മിടുക്കി. അപ്പൊ നീയ് അന്ന്തന്നെ തീർച്ച ്യാക്കിക്കഴിഞ്ഞു, ഞാൻ നെന്നെ കെട്ടുംന്നു്. അല്ലെ?’

‘അല്ലാതെ? ഇതിലും നല്ല പെണ്ണിനെ അന്വേഷിച്ചു് നന്ദേട്ടൻ എവിടെ പോവാനാ?’

‘പിന്നേയ്…’

‘നമ്മള് തട്ടിൻപൊറത്തു് പോയതു് ഓർമ്മണ്ടോ?’ ഇന്ദിര ചോദിച്ചു.

ഒമ്പതു്

‘ഇന്നെന്താ നിനക്കു് ഒറക്കല്ല്യേ?’

സാധാരണ അമ്മയുമതെ മോളുമതെ, കിടന്ന ഉടനെ ഉറങ്ങും. വന്ദന മുകളിൽ കാര്യമായി ഇരുന്നു് പഠിക്കുകയാണു്. ഇനി പതിനൊന്നു മണിയ്ക്കു് താഴെ ഇറങ്ങിവന്നു് അവളുടെ മുറിയിലേയ്ക്കു് കടക്കും.

‘ഉംങും. ഓർമ്മല്ല്യേ?’ ഇന്ദിര വീണ്ടും ചോദിയ്ക്കുന്നു.

‘ഓർമ്മണ്ടു്.’

‘ഇനീം പോവ്വാൻ തോന്ന്ണ്ല്ല്യേ?’

‘ഇല്ല.’ ഞാൻ സത്യം പറഞ്ഞു.

‘നിക്കു് പോവ്വാൻ തോന്ന്ണ്ണ്ടു്. നമുക്കു് അടുത്ത പ്രാവശ്യം പോവുമ്പോ എന്തായാലും മോളിലു് പോയി നോക്കണം.’

‘നമുക്കു് ആലോചിക്കാം. നീ ഇപ്പൊ കെടന്നൊറങ്ങാൻ നോക്കു്.’

അവൾ പിന്നീടൊന്നും സംസാരിച്ചില്ല. എന്തിനാണു് സംസാരിക്കുന്നതു്. അവൾ ഒരൊറ്റ ചോദ്യംകൊണ്ടു് എന്റെ മനസ്സിൽ ഒരു മല ഇടിച്ചിട്ടിരിയ്ക്കയാണു്. ഇന്ദിരയുടെ ഒപ്പം തട്ടിൻപുറത്തു ഓരോ പ്രാവശ്യം പോയതും എനിയ്ക്കു് നല്ലപോലെ ഓർമ്മയുണ്ടു്. ആദ്യം കയറിയതു് ഒരു ഞായറാഴ്ച ഉച്ചയ്ക്കാണു്. ഞങ്ങൾ മുകളിൽ ചതുരംഗം കളിക്കുകയായിരുന്നു. താഴെ നിലയിൽ ഓരോരോ ശബ്ദങ്ങളായി കുറഞ്ഞുവന്നു് ഒടുവിൽ തീരെ നിശ്ശബ്ദമായി. താഴെ പോയാൽ അമ്മാവന്റെ കൂർക്കംവലി കേൾക്കാം. അമ്മായി കോണിച്ചുവട്ടിൽ നിന്നു് ഇന്ദിരയെ വിളിച്ചു.

‘മോളെ ഒറങ്ങ്ണില്ല്യേ?’

ഇന്ദിര കോണിയുടെ അടുത്തേയ്ക്കു ചെന്നു് പറയും.

‘ഇല്ലമ്മേ, ഞാൻ നന്ദുവേട്ടന്റെ ഒപ്പം ചതുരംഗം കളിക്ക്യാണു്.’

‘ഞാൻ ഒറങ്ങാൻ പോണു.’ അമ്മായി നടന്നു പോയി. അവർ തളത്തിൽ സിമന്റിട്ട നിലത്താണു് കിടക്കുക. അവിടെ നല്ല തണുപ്പാണു്.

അമ്മായി പോയിക്കഴിഞ്ഞപ്പോൾ ഇന്ദിര തിരിച്ചു വന്നു. നേരെ വന്നു് നിലത്തു് ജനലിനരികെ വച്ച ചതുരംഗപ്പലകയുടെ മുമ്പിലിരിക്കാതെ അവൾ എന്നെ വിളിക്കുകയാണു്.

‘വരൂ, മോളിലു് പോവ്വാ.’

എനിയ്ക്കു് മാനസികമായി ഒരു തയ്യാറെടുപ്പിനും അവസരം തരാതെയാണവൾ അതു പറഞ്ഞതു്. ഞാൻ മടിച്ചു നിന്നപ്പോൾ അവൾ എന്റെ കൈ പിടിച്ചു വലിക്കയാണു്. ദൈവമേ, ഈ തട്ടിൻപുറത്തു് ഒടുങ്ങാനുള്ളതാണോ എന്റെ ജീവിതം? ഏട്ടൻ പോയപ്പോൾ അനുജത്തി തുടങ്ങിയിരിയ്ക്കയാണു്! ഞാൻ എഴുന്നേറ്റു. എഴുന്നേൽക്കാൻ നിർബ്ബന്ധിതനായി എന്നു പറയുന്നതാവും സത്യം.

തട്ടിൻപുറത്തേയ്ക്കുള്ള ഓരോ യാത്രയും ഓരോ പുതിയ അനുഭവമായിരുന്നു. ഓരോ കാൽ വെപ്പും എന്റെ ധൈര്യത്തിനുള്ള പരീക്ഷയും. പിന്നിൽ നടന്നിരുന്ന ഇന്ദിരയ്ക്കു് യാതൊരു ടെൻഷനുമില്ല. അവൾ അടക്കിപ്പിടിച്ച ശബ്ദത്തിൽ സംസാരിക്കുകയാണു്. ശബ്ദം താഴ്ത്തുന്നതു് പേടിച്ചിട്ടല്ല മറിച്ചു് താഴെ കിടന്നുറങ്ങുന്ന അച്ഛൻ ഉണരുമോ എന്നു് ഭയന്നിട്ടാണു്. തട്ടിൻപുറം കഴിഞ്ഞ പ്രാവശ്യം ഞാനും കുട്ടേട്ടനും പോയിക്കണ്ട അതേ മട്ടിൽത്തന്നെയാണു്. അല്ലെങ്കിൽ മനുഷ്യന്മാർ കയറാത്ത ആ സ്ഥലത്തു് എന്തു മാറ്റമാണു് ഞാൻ പ്രതീക്ഷിക്കുന്നതു? കോണി കയറിയ ഉടനെ കിടന്ന മൂന്നരക്കാലുള്ള മേശമേൽ ആ പഴയ ചിത്രങ്ങൾ കിടന്നിരുന്നു. അവ ഒതുക്കിവച്ച മട്ടിലല്ല, അവിടവിടെയായി അശ്രദ്ധയോടെ വാരിവലിച്ചിട്ടിരിയ്ക്കയാണു്. ഞാൻ മുമ്പോട്ടു നടന്നു. എങ്ങിനെയെങ്കിലും ആ എഴുത്തുപെട്ടി ഇന്ദിരയ്ക്കു കാണിച്ചുകൊടുത്തു് വേഗം സ്ഥലം വിടണമെന്നേ എനിയ്ക്കുള്ളൂ.

എഴുത്തുപെട്ടിയുടെ ഭാഗത്തെത്തിയപ്പോൾ ഞാനവളുടെ മുഖത്തു നോക്കി. എന്റെ മുഖത്തെ ഭാവം കണ്ടിട്ടാണെന്നു തോന്നുന്നു അവൾ കൈകൊണ്ടു് ആംഗ്യം കാണിച്ചു, എന്താ എന്ന മട്ടിൽ. ഞാനവൾക്കാ പെട്ടി ചൂണ്ടിക്കാട്ടി. അവൾ വേഗം നടന്നു് ആ പെട്ടിയുടെ മുമ്പിൽ ചെന്നിരുന്നു. അവളതു തുറക്കാൻ ശ്രമിക്കുകയാണു്. പക്ഷേ, കഴിയുന്നില്ല.

‘ഇതു തുറക്കാൻ കഴിയ്ണില്ല്യ.’ അവൾ നിരാശയോടെ പറഞ്ഞു.

എനിയ്ക്കു വിഷമമായി. എന്തുകൊണ്ടോ അതു തുറക്കാൻ പറ്റുമെന്ന ധാരണയിലാണു് അവൾ അതിനു മുമ്പിലിരുന്നതു്. പറ്റുമെന്ന ധാരണ എനിയ്ക്കുമുണ്ടായിരുന്നു. ഞാനവളുടെ അടുത്തു ചെന്നിരുന്നു് അവളോടു പറഞ്ഞു. ‘ഒന്നുകൂടി നോക്കു്, പറ്റും.’

അവൾ തുറക്കാൻ ശ്രമിക്കുമ്പോൾ ഞാൻ അവളറിയാതെ പെട്ടിയുടെ വശത്തു്, അമർത്തിപ്പിടിയ്ക്കാനെന്ന മട്ടിൽ കൈവെച്ചു് അടപ്പു് തിക്കി. പെട്ടി തുറന്നു.

‘തൊറന്നു!’ അവൾ അദ്ഭുതത്തോടെ പറഞ്ഞു. അവളറിയാതെ ഞാൻ കൈ വലിച്ചിരുന്നു. അവൾക്കു ചെയ്യാൻ പറ്റുമെന്ന ധാരണയിൽ ഇരിക്കട്ടെ. അവൾ ഉള്ളിൽ കയ്യിട്ടു് പരതുകയാണു്. ആകെ കിട്ടിയതു് ആ ജാതകം മാത്രം. അതു പുറത്തേയ്ക്കെടുത്തപ്പോൾ ഞാൻ പറഞ്ഞു.

‘അതു് തിരിച്ചു് വെയ്ക്കു്.’

‘എന്തേ?’ അതെടുത്തു് തിരിച്ചും മറിച്ചു നോക്കിക്കൊണ്ടു് ഇന്ദിര ചോദിച്ചു.

‘അതു് ഏതോ കാരണവര്ടെ ജാതകാണു്. മരിച്ചു പോയോര്ടെ ജാതകം എടുക്കാൻ പാടില്ല്യാന്നു് പണിക്കരമ്മാവൻ പറഞ്ഞിട്ട്ണ്ടു്.’

‘എന്താ കാരണം?’

‘കാരണൊന്നും എനിയ്ക്കറിയില്ല.’ ഞാനതു് ധൃതിയിൽ അവളുടെ കയ്യിൽനിന്നു് വാങ്ങി പെട്ടിയിൽ നിക്ഷേപിച്ചു. അവൾ സാവധാനത്തിൽ ഉള്ളിലെല്ലാം നന്നായി നോക്കിക്കൊണ്ടു് പെട്ടി അടച്ചു.

‘നമ്ക്കു് തിരിച്ചു പോവ്വാ?’ ഞാൻ പറഞ്ഞു.

‘അപ്പൊ നമ്ക്കു് തട്ടിൻപൊറൊക്കെ കാണണ്ടെ?’

‘വേണ്ട നമ്ക്കു് പോവ്വാം.’

‘നന്ദേട്ടൻ പൊയ്ക്കോളു. ഞാൻ ഇവിട്യൊക്കെ നടന്നു് നോക്കീട്ടേ വരു. എനിയ്ക്കു് നിങ്ങള് കണ്ട ആ കോണി കാണണം.’

പൊല്ലാപ്പായി. അവൾ അവിടെയൊക്കെ ചുറ്റി നടന്നിട്ടേ വരൂ എന്നു് എനിയ്ക്കറിയാം. അവളെ അവിടെ ഒറ്റയ്ക്കിട്ടു് പോകാനും ഭയം. അവസാനം പറയേണ്ടി വന്നു.

‘എന്നാൽ വാ. വേഗം നടന്നു് കണ്ടിട്ടു് പോണം.’

വീണ്ടും ഊടുവഴികളിലൂടെ യാത്ര. ഇപ്രാവശ്യം മുമ്പു് പോയിട്ടില്ലാത്ത വഴികളിലൂടെയാണു് യാത്ര. ആ തട്ടിൻപുറത്തു് ഇത്രയധികം വഴികളെങ്ങിനെ വന്നു എന്നതു് എന്റെ യുക്തിക്കു ചേരാത്ത കാര്യമായിരുന്നു. ഇരുവശത്തും പഴയ വസ്തുക്കൾ തന്നെയാണു്. ചീനഭരണികൾ, വീട്ടുസാമാനങ്ങൾ. പൊട്ടിയതും പൊട്ടാത്തതുമായ ഓടുകൾ. ഇന്ദിരയ്ക്കാണെങ്കിൽ ഓരോന്നും വിശദമായി പരിശോധിക്കുകയും വേണം. പല സാധനങ്ങളും ഉപയോഗിക്കാൻ പറ്റിയ നിലയിലായിരുന്നു. ഒരുപക്ഷേ, ആ നാലുകെട്ടിൽ താമസിച്ച പല താവഴികളുടെ സാധനങ്ങൾ അപ്പപ്പോഴായി ഉപേക്ഷിച്ചതായിരിയ്ക്കും. അവയുടെ പിന്നിലെല്ലാം ഓരോ കഥകളുണ്ടാവും. തകർന്നുപോയ താവഴികൾ, പല ദുരന്തങ്ങൾ. തലമുറകളുടെ തലച്ചോറിൽനിന്നു് നഷ്ടപ്പെട്ടുപോയ ഓർമ്മകൾ. ഇടയ്ക്കിടയ്ക്കു് ഇന്ദിര ഓരോ സാധനവുമായി എന്റെ അടുത്തു് വരും. ‘നമുക്കു് ഇതു് കൊണ്ടു പോവ്വാ?’

അതൊന്നും കൊണ്ടുപോവ്വാൻ പാടില്ലെന്നും, കൊണ്ടുപോയാൽ അവളുടെ അച്ഛൻ രണ്ടുപേരുടെയും ചന്തിയുടെ തോലെടുക്കുമെന്നും പറഞ്ഞപ്പോൾ മാത്രമേ അവൾ അടങ്ങിയുള്ളു. അവൾ പിന്നിൽ നിന്നു് സംസാരിച്ചു കൊണ്ടിരുന്നു. സംസാരം കുറച്ചു ദൂരത്തു നിന്നാവുമ്പോൾ ഞാൻ തിരിഞ്ഞുനോക്കി അവളെ വിളിയ്ക്കും. എന്തെങ്കിലും സൂക്ഷ്മമായി പരിശോധിക്കുന്ന അവൾ ആ സാധനം അവിടെ ഇട്ടു് ഓടി വരും. അങ്ങിനെ നടന്നുകൊണ്ടിരിയ്ക്കെ ഞാൻ എന്റേതായ ഒരു ലോകത്തെത്തി. എന്താണു് ആലോചിച്ചിരുന്നതെന്നറിയില്ല. പിന്നിൽ ഇന്ദിരയുടെ സംസാരം ദൂരെയായി വന്നു. ഞാനതറിയുന്നുണ്ടു്. പക്ഷേ, അതു കാര്യമാക്കാതെ നടന്നു നീങ്ങുകയാണു്.

പെട്ടെന്നു് ഇന്ദിരയുടെ വിളി കേട്ടു. വളരെയടുത്തുനിന്നായിരുന്നു അതു്. ‘നന്ദേട്ടാ, ഇങ്ങട്ടു വരൂ.’

എന്തോ കാണിക്കാനാണു്. ഞാൻ തിരിഞ്ഞുനോക്കി. അവൾ അവിടെയെങ്ങുമില്ല. ഞാൻ കുറച്ചു ദൂരം തിരിഞ്ഞു നടന്നു. അവളുടെ വിളി ഒരിക്കൽക്കൂടി കേട്ടു, പിന്നെ നിശ്ശബ്ദം. എനിയ്ക്കു ഭയമായി. ഞാനവളുടെ പേരു വിളിച്ചുകൊണ്ടു് വേഗത്തിൽ നടന്നു. ഓടുകയായിരുന്നെന്നു പറയാം. ഒഴിഞ്ഞു കിടക്കുന്ന അസംഖ്യം ഇടവഴികൾ മാത്രം. എവിടെയും ഇന്ദിരയുടെ നിഴൽ പോലുമില്ല. അവൾ തിരിച്ചു പോയിട്ടുണ്ടാകുമോ? അതോ അവൾക്കു വല്ലതും പറ്റിയിട്ടുണ്ടാകുമോ? ജീവിതത്തിൽ ഇത്രയധികം ടെൻഷനനുഭവിച്ച ഒരവസരം പിന്നീടുണ്ടായിട്ടില്ലെന്നുതന്നെ പറയാം. എനിക്കിപ്പോൾ എങ്ങിനെയെങ്കിലും ആ തട്ടിൻപുറത്തുനിന്നു് രക്ഷപ്പെട്ടാൽ മതിയെന്നായി. ഇന്ദിര താഴേയ്ക്കിറങ്ങിപ്പോയിട്ടുണ്ടാകുമെന്ന ദുർബ്ബല വിശ്വാസത്തിൽ ഞാൻ രക്ഷയ്ക്കുള്ള മാർഗ്ഗങ്ങൾ ആരായുകയായിരുന്നു. അതിനിടയ്ക്കു് ആരുടെയോ ഒക്കെ നിശ്വാസങ്ങൾ തൊട്ടടുത്തു കേൾക്കുന്നപോലെ തോന്നി. തലമുറകളിലൂടെ, കാലത്തിന്റെ അസ്വസ്ഥമായ വീഥിയിലൂടെ ഞാൻ പിന്നോക്കം യാത്ര ചെയ്യുകയാണു്. എന്തൊരു ഭീതിദമായ തോന്നലായിരുന്നു അതു്!

അവസാനം ഞങ്ങൾ കയറിവന്ന കോണി കണ്ടതും ഞാൻ ചടുപിടുന്നനെ താഴേയ്ക്കിറങ്ങി. വീണ്ടും താഴേയ്ക്കുള്ള കോണി ചാടിയിറങ്ങി അടുക്കളത്തളത്തിലേയ്ക്കു് ഓടി. അവിടെ അമ്മായി കിടക്കുന്നുണ്ടാവുമെന്നും അവരോടു് ഇന്ദിരയെപ്പറ്റി ചോദിക്കാമെന്നും കരുതി. അടുക്കളത്തളം ശൂന്യമായിരുന്നു. അടുക്കളയിൽനിന്നു് അമ്മായിയുടെ ശബ്ദം കേട്ടപോലെ തോന്നി. ഞാൻ വിളിച്ചു. ‘ഇന്ദിരേ…’

ഇന്ദിര അടുക്കളയിൽനിന്നു് വന്നു. ‘ദാ അമ്മേ നന്ദേട്ടൻ വന്നു, ചായ കൊടുത്തോളു.’

ഞാൻ ഓടിച്ചെന്നു് ഇന്ദിരയെ കെട്ടിപ്പിടിച്ചു് കവിളിൽ ഉമ്മ വച്ചു. ഞാൻ കിതയ്ക്കുന്നുണ്ടായിരുന്നു. ഇന്ദിര കുറച്ചു നേരം പകച്ചു നിന്നു. പിന്നെ ഒരു ചിരിയോടെ ചോദിച്ചു.

‘എന്താ നന്ദേട്ടനു് പറ്റീതു? വല്ലാതെ കിതയ്ക്ക്ണ്ണ്ടല്ലോ.’

‘ങുംങും, ഞാൻ തട്ടിൻപൊറത്ത്ന്നു് നെന്നെ കാണാതെ ഓടി വന്നതാ.’

‘അപ്പൊ നന്ദേട്ടൻ ഇത്രേം സമയം തട്ടിൻപൊറത്തായിരുന്നോ?’ അവൾ ശബ്ദം താഴ്ത്തി ചോദിച്ചു. ഞാൻ തലയാട്ടി. അപ്പോഴാണു് ഞാൻ തളത്തിലെ ക്ലോക്കിൽ നോക്കുന്നതു്. സമയം ആറുമണിയാവുന്നു. അപ്പോൾ രണ്ടു മണി മുതൽ ആറുമണിവരെ, ഏകദേശം നാലു മണിക്കൂർ ഞാൻ തട്ടിൻപുറത്തു് അലയുകയായിരുന്നു!

‘ണ്ടാക്ക്യേ ചായ തണ്ത്തു് കുടിക്കാൻ കൊള്ളാതായിരിക്കുണു. നീയെവിട്യായിരുന്നു? ഞാൻ വേറെണ്ടാക്കിത്തരാം.’ അമ്മായി അടുക്കളയിൽനിന്നു് വിളിച്ചു പറഞ്ഞു. ‘മോളെ അപ്പളയ്ക്കു് നന്ദേട്ടനു് ആ അട എടുത്തു് കൊട്ക്കു്.’

ഇന്ദിര പ്ലെയ്റ്റിൽ കൊണ്ടുവന്നു വച്ച അടയുടെ ഇല മാറ്റുന്നതിനിടയിൽ ഞാൻ ആലോചിച്ചു. എന്താണു് സംഭവിച്ചതു? ഇന്ദിര എന്താണു് എന്നെ കൂട്ടാതെ താഴേയ്ക്കു് വന്നതു? ഇനി വേറെ വല്ല വഴിയിൽക്കൂടിയായിരിക്കുമോ അവൾ ഇറങ്ങിയതു? ഇപ്പോൾ ഒന്നും ചോദിയ്ക്കാൻ പറ്റാത്ത സമയമാണു്. എന്റെ കണ്ണുകളിൽ തങ്ങി നിൽക്കുന്ന ചോദ്യങ്ങൾ അവൾ ശ്രദ്ധിച്ചുവെന്നു തോന്നുന്നു. അവൾ പുരികം ഉയർത്തി കാര്യമെന്തെന്നു് അന്വേഷിച്ചു. പറയാമെന്നു് ഞാൻ ആംഗ്യം കാണിച്ചു. അമ്മായി ചായ കൊണ്ടുവന്നു് മേശപ്പുറത്തു വച്ചു.

‘നീ എവിട്യായിരുന്നു?’

‘അമ്മായീ, ഞാൻ വിനോദിന്റെ വീട്ടിൽ പോയിരിക്ക്യായിരുന്നു. കുറച്ചു് നോട്ടെഴുതിയെടുക്കാനുണ്ടായിരുന്നു.’ നുണ പൊളിയരുതേ എന്നു് പ്രാർത്ഥിച്ചുകൊണ്ടു് ഞാൻ പറഞ്ഞു. അമ്മായി തൃപ്തയായി.

സന്ധ്യയ്ക്കു് വിളക്കു കൊളുത്തി നാമം ചൊല്ലൽ കഴിഞ്ഞാൽ അമ്മയെ സഹായിക്കാൻ പോകുന്നതിനു മുമ്പു് ഇന്ദിര കുറച്ചു നേരം എന്തെങ്കിലും സംസാരിച്ചുകൊണ്ടു് എന്റെ പിന്നാലെ നടക്കാറുണ്ടു്. ഞാൻ പോകുന്നിടത്തൊക്കെ സംസാരത്തിന്റെ കണ്ണി മുറിയാതെ അവളുമുണ്ടാകും. അമ്മാവൻ പുറത്തു പോയിരിയ്ക്കയാവും. അമ്മായി അടുക്കളയിൽത്തന്നെയായിരിക്കും. അമ്മായിയുടെ പകുതി ജീവിതവും അടുക്കളയിലാണു്. ബാക്കി പകുതി ജീവിതം ഉറക്കത്തിലും.

മുറ്റത്തു് അരണ്ട വെളിച്ചം മാത്രം. പറമ്പിൽ നിഴൽ വീണുകഴിഞ്ഞിരുന്നു. പലതരം പക്ഷികളുടെ ശബ്ദം മുറ്റത്തെ മൂവാണ്ടൻ മാവിനെ അന്വേഷിച്ചു വരുന്നുണ്ടു്. അടുക്കളയിൽനിന്നു് ചോദിക്കാൻ കഴിയാതിരുന്ന കാര്യം ഞാൻ അപ്പോൾ ഇന്ദിരയോടു് ചോദിച്ചു.

‘നീ എങ്ങിന്യാണു് തട്ടിൻപൊറത്ത്ന്നു് താഴത്തിറങ്ങിയതു?’

‘ഞാനോ, ഞാൻ നന്ദേട്ടനെ വിളിച്ചു. അപ്പൊ നന്ദേട്ടൻ മുമ്പിലു് നടക്ക്വായിരുന്നു. അപ്പൊ ഞാൻ തിരിച്ചു നടന്നു. ഞാൻ വിചാരിച്ചു ഏട്ടനും വര്ണ്ണ്ടാവുംന്നു്.’

‘നീ വിളിച്ച ഒടനെ ഞാൻ തിരിഞ്ഞു് നോക്കി. നെന്നെ കണ്ടില്ലല്ലൊ. ഞാൻ കൊറേ നേരം നെന്നേം തെരഞ്ഞു് തട്ടിൻപൊറത്തു് നടന്നു. നെനക്കെന്തെങ്കിലും പറ്റീട്ട്ണ്ടോന്നു് വിചാരിച്ചിട്ടു് എനിയ്ക്കു് പേടിയായി.’

‘ഇത്രീം നേരം എന്നേം തെരഞ്ഞു് നടക്ക്വായിരുന്നോ?’

‘അതെ.’

‘പാവംട്ടാ, ഞാൻ വിചാരിച്ചു നന്ദേട്ടൻ അറിഞ്ഞിട്ട്ണ്ടാവും ഞാൻ കോണിയിറങ്ങി വന്നത്ന്നു് …ഒരു മിന്റ്റ്… കോണിയിറങ്ങീട്ടു്? ഞാനേതു കോണിയാണു് ഇറങ്ങീതു? അല്ലാ ഞാനെറങ്ങീതു്, നന്ദേട്ടൻ പറഞ്ഞില്ലേ ഒരു കോണിയെപ്പറ്റി? ആ കോണ്യാണു്.’ അവൾ കുറച്ചുനേരം ആലോചനയിലായി. ‘ഒരു കോണി… നല്ല ഭംഗിള്ള കോണി. ഒരു ഭാഗത്തു് കടഞ്ഞ അഴികള് വച്ച കോണി. അതിന്റെ ഏറ്റവും താഴത്തെ അഴി പൊട്ടി തൂങ്ങിക്കെടക്ക്വാണു്. ആ കോണി എറങ്ങീതു് എനിക്കോർമ്മണ്ടു്. താഴത്തു് ഒരു വാതില്ണ്ടായിരുന്നു. അടച്ചിട്ട വാതിലു്. അതു് കടന്നു്… ഞാനെങ്ങിന്യാണു് താഴെ തളത്തിലെത്തീതു്. ഞാൻ അമ്മടെ ഒപ്പം ഒറങ്ങീതു് മാത്രേ ഓർമ്മള്ളു.’

ഇന്ദിര ആകെ ആശയക്കുഴപ്പത്തിലായി. എന്റെ ആശയക്കുഴപ്പം മാറി വരികയാണു്. അവൾ ആ കോണിയെപ്പറ്റി ഭാവനയിൽ നിന്നെടുത്തു പറയുകയല്ല. ആ കോണിത്തണ്ടിന്റെ ഏറ്റവും താഴെയുള്ള അഴി അടിയിൽ നിന്നു് പൊട്ടി കൂടുതലുള്ള മുകൾഭാഗം തൂങ്ങിക്കിടക്കുന്നതു് കണ്ടതായി എനിക്കിപ്പോൾ ഓർമ്മ വന്നു. അപ്പോൾ? അപ്പോൾ തട്ടിൻപുറത്തു നിന്നു് അങ്ങിനെ ഒരു കോണി ശരിക്കും ഇറങ്ങി വരുന്നുണ്ടു്. അല്ലെങ്കിൽ ഏതെങ്കിലും കാലത്തു് അങ്ങിനെയൊന്നു് ഇറങ്ങി വന്നിരുന്നു. ഞാൻ എന്നെത്തന്നെ തിരുത്തി. പക്ഷേ, അതിപ്പോൾ പൊന്തിവരാൻ കാരണം?

പത്തു്

‘നന്ദേട്ടാ, നമ്ക്കു് ഒരു കാര്യം നോക്കണം.’ ഇന്ദിര പറഞ്ഞു. ‘നമ്ക്കു് മോളില്ള്ള എല്ലാ മുറീം തൊറന്നു് നോക്കാം.

‘അതു് നടക്കണ കാര്യം തന്ന്യാ?’

‘എന്തേ?’

‘ഞായറാഴ്ചേ പറ്റൂ. അന്നു് അമ്മാമനുണ്ടാവും. മോളിലു് പത്തു പതിനഞ്ചു് വാതിലു് തൊറക്കാന്ണ്ടു്. ഓരോന്നും തൊറക്കുമ്പൊ ഇടി വെട്ടണ പോലത്തെ ശബ്ദാണു്. അതു കേട്ടാലു് നെന്റെ അച്ഛൻ ഒണർന്നു് വരും. പിന്നെ നല്ല കോളായി.’

‘നമ്ക്കു് വാതിലിന്റെ കൊഴേലു് എണ്ണ ഇട്ടു കൊടുത്താൽ പോരെ?’

‘എന്റെ മോളെ, രണ്ടു് നാഴി എണ്ണ അതിനന്നെ വേണ്ടി വരും. നോക്കട്ടെ വേറെ വഴിണ്ടോന്നു്.’

‘എന്തിനാ ഈ മുറ്യൊക്കെ ഇങ്ങനെ അടച്ചിട്ടിരിക്കണതു?’

‘അതേയ്, ഈ നാലുകെട്ടിലു് പണ്ടു് കൊറേ താവഴികള് താമസിച്ചിര്ന്നതല്ലെ. ചെല താവഴികളൊക്കെ നശിച്ചു പോയി. ചെലരൊക്കെ പണ്ടേയ്ക്കു പണ്ടേ ഭാഗം വാങ്ങിപ്പോയി. ഏറ്റവും അവസാനം ഭാഗം വാങ്ങിപ്പോയതു് എന്റെ അമ്മ്യാണു്. അമ്മയ്ക്കതോണ്ടു് ഗുണൊന്നുംണ്ടായില്ല്യ. എന്തോ ഒരു വാശ്യായിരുന്നു. എന്തെങ്കിലും ആവട്ടെ. ഓരോരുത്തരു് പോമ്പ അവരു് താമസിച്ചിരുന്ന മുറികള് പൂട്ടിയിടും. അതൊക്കെ തൊറന്നിട്ടാലു് പൊടി പിടിയ്ക്കും. പിന്നെ തൊടയ്ക്കാൻ നിക്കണം. അതായിരിക്കും കാരണം.’

‘ആലോചിക്കുമ്പോ അദ്ഭുതായി തോന്ന്വാണു്.’ ഇന്ദിര പറഞ്ഞു. ‘അല്ലാ, ഞാനിന്നു് എറങ്ങിവന്ന ആ കോണി ഏതു് മുറീലേയ്ക്കാണു് എത്തണത്ന്നു് നോക്കണം.’

‘കാര്യല്ല്യ, കാരണം അങ്ങിനെയൊരു കോണി ഒരു മുറീലേയ്ക്കും എത്ത്ണ്ല്ല്യ. ഞാനും കുട്ടേട്ടനുംകൂടി പലപ്പഴായിട്ടു് എല്ലാ മുറീം തൊറന്നു് നോക്കീട്ട്ണ്ടു്. ഒരു മുറീലും അങ്ങിനെയൊരു കോണി ഇല്ല. പൂട്ടിയിട്ട വാതിലുമില്ല. തട്ടിൻപൊറത്തു് ആകെള്ള കോണി നമ്മള് കേറിപ്പോയ ആ കോണ്യാണു്. ഒന്നാം നെലേന്നു് താഴത്തെ നെലേല്ക്കു് ആകെള്ള കോണി നമ്മള് കേറിപ്പോണതും.’

‘അപ്പൊ ഞാനിന്നു് എറങ്ങിവന്നതോ?’

‘അതു് നമ്ക്കു് ഒരിക്കലും മനസ്സിലായീന്നു് വരില്ല. നീ അതിനെപ്പറ്റി ആലോചിച്ചു് തല പുണ്ണാക്കണ്ട.’

വെള്ളിയാഴ്ച രാത്രി കുട്ടേട്ടൻ വന്നു. അമ്മായി ഊണിനുള്ള വട്ടം കൂട്ടുകയായിരുന്നു. ഇന്ദിര അമ്മയെ സഹായിച്ചുകൊണ്ടു് അടുക്കളയിലും തളത്തിലുമായി നടക്കുന്നു. ഞാനാകട്ടെ വിശപ്പു സഹിച്ചുകൊണ്ടു് തളത്തിൽ ഊണു വേഗം കിട്ടാനുള്ള മാർഗ്ഗങ്ങളന്വേഷിച്ചു നടക്കുകയും. അപ്പോഴാണു് ഉമ്മറത്തുനിന്നു് കുട്ടേട്ടന്റെ ശബ്ദം കേട്ടതു്.

‘നന്ദൂ.’

‘അമ്മായീ, കുട്ടേട്ടൻ വന്നൂ.’ അതും വിളിച്ചു പറഞ്ഞുകൊണ്ടു് ഞാൻ ഉമ്മറത്തേയ്ക്കു് ഓടി. കുട്ടേട്ടൻ തളത്തിലേയ്ക്കു വന്നു.

‘അമ്മേ, കുട്ടേട്ടൻ തടിച്ചിട്ടുണ്ടു്.’ ഇന്ദിര പറഞ്ഞു.

‘ഹോസ്റ്റൽ ഭക്ഷണം.’ കുട്ടേട്ടൻ പറഞ്ഞു. ‘അമ്മേ ഊണു തരു, വിശന്നിട്ടു് വയ്യ.’

‘കുളിച്ചിട്ടു് വാ.’

‘ഊണു കഴിഞ്ഞിട്ടു് കുളിക്കാം അമ്മേ, അവിടെ ഞങ്ങളൊക്കെ അങ്ങിന്യാ ചെയ്യാ.’

അമ്മാമൻ എത്തിയിട്ടില്ലാത്തതുകൊണ്ടു് അയാൾ രക്ഷപ്പെട്ടു.

രാത്രി കിടക്കുമ്പോൾ എനിക്കു് കഴിഞ്ഞ മൂന്നാഴ്ചയിലെ റിപ്പോർട്ട് കൊടുക്കേണ്ടി വന്നു.

‘ശരിയ്ക്കും അദ്ഭുതം തോന്നുണു.’ കുട്ടേട്ടൻ പറഞ്ഞു. ‘ആ പീക്കിരി പെണ്ണിനു് ഇത്ര ധൈര്യോ? എനിയ്ക്ക്തന്നെ ചെലപ്പൊ പേടിയാവാറ്ണ്ടു് അതിന്റെ മോളിലു്.’

‘എന്താണു് തട്ടിൻപൊറത്തു് സംഭവിക്കണത്ന്നു് മനസ്സിലാക്കാൻ എന്താ വഴി?’ ഞാൻ ചോദിച്ചു.

കുട്ടേട്ടന്റെ അപസർപ്പകബുദ്ധി ഉണർന്നു പ്രവർത്തിയ്ക്കാൻ തുടങ്ങി.

‘ശരിയാണു്, എന്തോ ഒരു പ്രശ്നണ്ടു് മോളിലു്. അതെങ്ങിനെ കണ്ടുപിടിയ്ക്കും.’

അയാൾ ആലോചനയിലായി. ഏതാനും നിമിഷങ്ങൾ മാത്രം. അതിന്റെ അന്ത്യത്തിൽ അയാൾ പറഞ്ഞു.

‘അച്ഛന്റെ ഒരു വല്ല്യമ്മണ്ടു്. വയസ്സ് ഇത്തിരിയായിരിക്കുണു. എനിയ്ക്കു തോന്നണതു് ഒരു തൊണ്ണൂറ്റഞ്ചിനും നൂറിനുമിടയിൽ ആയിട്ട്ണ്ടാവും. ഇപ്പഴും തലച്ചോറ് നല്ല ഷാർപ്പാണു്. ലോകാരംഭം തൊട്ട്ള്ള സകല കാര്യങ്ങളും നല്ല ഓർമ്മ്യാണു്. ഈ തറവാടിനെപ്പറ്റീം, നാലുകെട്ടിനെപ്പറ്റീം നന്നായിട്ടറിയും. അവരു് ഭാഗം വാങ്ങിപ്പോണവരെ ഇവിടെത്തന്ന്യാണു് താമസിച്ചിരുന്നതു്. സംസാരിക്കാൻ വല്ല്യ ഇഷ്ടാ. നമ്ക്കവരെ നാളെ പോയി കാണാം. എന്താ?’

ഞാൻ തയ്യാറായിരുന്നു. എങ്ങിനെയെങ്കിലും ഈ കടംകഥ എന്റെ തലയിൽനിന്നു് ഒഴിവാക്കണം എന്നുണ്ടു്. അല്ലെങ്കിൽ ഇനി വരാൻ പോകുന്ന പരീക്ഷയും പോക്കായിരിക്കും. ചതുരംഗപ്പലക കയ്യിൽ നിന്നു് പോയതോടെ നിധി കണ്ടെടുക്കുന്ന കാര്യം ഞാൻ ഒരുമാതിരി വിട്ടു കളഞ്ഞിരുന്നു. പോരാത്തതിനു് അതു് എന്റെ കഴിവിനുമപ്പുറത്താണെന്ന ബോധവും വളർന്നു വന്നിരുന്നു. ഏതോ ഒരു വട്ടൻ കാരണവരു് ചെയ്തുവച്ച കാര്യമായി ഞാനതു തള്ളിക്കളഞ്ഞു. പക്ഷേ, മുകളിലെ കാര്യം അങ്ങിനെ ഉപേക്ഷിച്ചു തള്ളാനാവുന്നില്ല. പ്രത്യേകിച്ചു് ഇന്ദിരയുമൊത്തു് അവിടെ പോയപ്പോഴുണ്ടായ അനുഭവത്തിനു ശേഷം. ആ അനുഭവം, പ്രത്യേകിച്ചു് ഇന്ദിരയ്ക്കുണ്ടായതു് എന്റെ യുക്തിയ്ക്കതീതമായിരുന്നു.

രാവിലെ കുട്ടേട്ടൻ നേരത്തെ എഴുന്നേറ്റു. അതെനിയ്ക്കദ്ഭുതമായി. എന്റെ വിചാരം കോളജിൽ ചേർന്നാൽ രാവിലെ വൈകി എഴുന്നേൽക്കും രാത്രി വൈകി ഉറങ്ങും എന്നൊക്കെയായിരുന്നു. കുട്ടേട്ടനോടു് ഞാനതു പറഞ്ഞു.

‘അതു ശരിയാണു്. പക്ഷേ, കുളി വേണംന്ന്ള്ളവരു് നേരത്തെ എണീറ്റ് കുളിയ്ക്കും. അല്ലെങ്കിൽ കുളിമുറികള്ടെ മുമ്പിലു് നീണ്ട നെര്യായിരിക്കും. ചെലപ്പോൾ കുളിക്കാൻ പറ്റീല്ല്യാന്നും വരും. അതോണ്ടു് ഞാൻ നേരത്തെ എണീക്കാറുണ്ടു്. ഇപ്പ അങ്ങിനെ ശീലായി. നമുക്കു് കുളത്തിൽ പോവ്വാ.’

നഷ്ടപ്പെട്ട എന്തോ വിലപിടിച്ച സാധനം തിരിച്ചു കിട്ടിയ പോലെയാണു് കുട്ടേട്ടൻ കുളത്തിൽ പെരുമാറിയതു്. അയാൾ എല്ലാം മറന്നു് നീന്തിത്തുടിച്ചു് കളിയ്ക്കുകയാണു്. ഒരു മണിക്കൂർ കുളിച്ചപ്പോൾ വിശന്നിട്ടാണെന്നു തോന്നുന്നു, കുളി നിർത്തി കയറി. എനിയ്ക്കും വിശന്നിരുന്നു.

കുളി കഴിഞ്ഞു് ഈറൻ തോർത്തുമുടുത്തു് ഞങ്ങൾ മെതിയ്ക്കാനിട്ട കറ്റകളുടെ കൂമ്പാരങ്ങൾക്കിടയിലൂടെ ഉമ്മറത്തേയ്ക്കു നടന്നു. അമ്മാമൻ രാവിലത്തെ നടത്തത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. മഞ്ഞിനെ ചെറുക്കാനായി തലയിൽ ഫ്ളാനൽ ചുറ്റിയിട്ടുണ്ടു്. കുട്ടേട്ടനെ കണ്ടപ്പോൾ അമ്മാവൻ ചോദിച്ചു.

‘എന്താ നിന്റെ പരിപാടി? ഇന്നു് എങ്ങട്ടേങ്കിലും പോണ്ണ്ടോ?’

‘ഇല്ലച്ഛാ. ഒന്നും തീർച്ചയാക്കിയിട്ടില്ല.’

മുത്തശ്ശിയുടെ വീട്ടിൽ പോകാനുള്ള ഉദ്ദേശ്യം അമ്മാമനറിയരുതെന്നുണ്ടായിരുന്നു ഞങ്ങൾക്കു്. അറിഞ്ഞാൽ എന്തെങ്കിലും കാര്യം പറഞ്ഞു് അതു് മുടക്കിയെന്നു വരും. പ്രത്യേക കാരണമൊന്നും വേണ്ട, ഞങ്ങൾ ഉണ്ടാക്കിയ പരിപാടിയാണെന്നതു മാത്രം മതി ഏറ്റവും നല്ല ഒരു കാര്യവും മുടക്കാൻ. ഇപ്പോൾ വേറൊരു കാര്യവും ഞങ്ങളോടു് ചെയ്യാൻ ആവശ്യപ്പെടരുതേ എന്ന പ്രാർത്ഥനയോടെ നിൽക്കുമ്പോൾ അമ്മാവൻ പറഞ്ഞു.

‘എന്നാൽ ഒരു കാര്യം ചെയ്യ്. നാണിമുത്തശ്ശീടെ വീട്ടിലൊന്നു് ചെല്ലു്. കൊറെക്കാലായില്ലെ അവിടെ പോയിട്ടു്. വയസ്സായി ഇരിക്ക്യല്ലെ. ഉച്ച ്യാവുമ്പഴയ്ക്കു് തിരിച്ചെത്തണം. ഞാൻ ചന്ദ്രനോടു് വല്ല പൊഴ മത്സ്യവും കിട്ട്വോന്നു് നോക്കാൻ പറഞ്ഞിട്ട്ണ്ടു്.’

‘ശരി അച്ഛാ.’

അമ്മാവൻ പോകാനായി തിരിഞ്ഞപ്പോൾ ഞങ്ങൾ അന്യോന്യം നോക്കി ചിരിച്ചു. കോണി ചാടിക്കയറി മുറിയിലെത്തി ഒരു നിമിഷം കൊണ്ടു് ഷർട്ടും മുണ്ടും ധരിച്ചു് താഴേയ്ക്കിറങ്ങി വന്നു. ഇടനാഴികയിലൂടെ അടുക്കളയിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ കുട്ടേട്ടൻ ചോദിച്ചു.

‘ആരാണു് മുകളിലിരുന്നു് ചരടു് വലിക്കുന്നതു?’

ഞാൻ പറഞ്ഞു. ‘ഇട്ടിരാമൻ കാരണവരു്.’

‘നീ പഠിക്കാൻ മന്തനാണെങ്കിലും ബുദ്ധിണ്ടു്.’ കുട്ടേട്ടന്റെ പ്രശംസ.

ഊണു കഴിച്ചിരുന്നതു് നിലത്തിരുന്നിട്ടാണെങ്കിലും പ്രാതലും വൈകീട്ടുള്ള ചായയും കഴിച്ചിരുന്നതു് മേശപ്പുറത്തായിരുന്നു. ഒരു ബെഞ്ചിനേക്കാൾ വീതിയുള്ള മേശ തളത്തിലൊരരുകിലിട്ടതിനു ചുറ്റും അഞ്ചാറ് സ്റ്റൂളുകൾ ഇട്ടിരുന്നു. അതിലൊന്നിലിരുന്നു് പിട്ടും കടലയും അകത്താക്കിയിരുന്ന ഇന്ദിര വിളിച്ചു പറഞ്ഞു.

‘അമ്മേ, കുട്ടേട്ടനും നന്ദേട്ടനും എത്തീട്ട്ണ്ടു്.’

അമ്മായി അടുക്കളയിൽ ഭാർഗ്ഗവിയമ്മയ്ക്കു് എന്തോ അടുപ്പത്തു വെയ്ക്കുന്ന കാര്യം പറഞ്ഞുകൊടുത്തു് ഇലച്ചീളുകളുമായി വന്നു. പിന്നാലെ ഭാർഗ്ഗവിയമ്മ ഒരു പാത്രത്തിൽ ആവി പൊങ്ങുന്ന പിട്ടു് മേശപ്പുറത്തു കൊണ്ടുവന്നു വെച്ചു.

‘കുട്ടൻ നല്ലോണം തടിച്ചിട്ട്ണ്ടല്ലൊ.’

‘നീ അവനെ കണ്ണിടണ്ട ഭാർഗ്ഗവി.’

അമ്മായി പോയി ചായയ്ക്കുള്ള ഗ്ലാസ്സുകൾ എടുത്തു കൊണ്ടുവന്നു.

‘അമ്മേ ഞങ്ങളോടു് അച്ഛൻ പറഞ്ഞു നാണിമുത്തശ്ശീനെ ഒന്നു് പോയി കാണാൻ. എന്താ അച്ഛനു് നാണിവല്ല്യമ്മ്യോടു് പെട്ടെന്നു് ഒരു താല്പര്യംണ്ടാവാൻ?’

‘ഇന്നലെത്തൊട്ടു് പറയാൻ തൊടങ്ങീതാ ഒന്നു് കാണണംന്നു്. വയസ്സായിരിക്ക്യല്ലെ.’

‘ഞാനുംണ്ടു് നാണിമുത്തശ്ശീടെ വീട്ടിലേയ്ക്കു്.’ ഇന്ദിര പറഞ്ഞു.

‘തൊലഞ്ഞു. ഞാനല്ലാതെ വായ തൊറക്ക്വോ?’

‘എന്താ എനിയ്ക്കു് നാണിമുത്തശ്ശീടെ വീട്ടിലു് വരാൻ പാടില്ല്യേ?’

‘അവളീം ഒന്നു് കൊണ്ടോയ്ക്കോ. മുത്തശ്ശിയ്ക്കു് കാണണംന്ന്ണ്ടാവും.’ അമ്മായി പറഞ്ഞു.

‘ആ കുട്ടിയ്ക്കുംണ്ടാവില്ലേ ഏട്ടമ്മാര്ടെ ഒപ്പം ഒന്നു് വെലസണംന്നു്.’ ഭാർഗ്ഗവിയമ്മയുടെ വക അങ്ങിനെ.

കുട്ടേട്ടൻ കുറച്ചു നേരം ആലോചിച്ച ശേഷം പറഞ്ഞു.

‘നീ ഒരു കാര്യം ചെയ്യ്. പ്രാതലു് കഴിഞ്ഞ ഉടനെ ഞങ്ങള്ടെ ഓഫീസിൽ വാ. നമുക്കീ കാര്യം കൂടിയാലോചിക്കാം.’

അവൾ തലയാട്ടി. ഞങ്ങളുടെ ഒപ്പം ഇത്ര ദൂരം തെണ്ടാൻ ഓഫീസിലേയ്ക്കെന്നല്ല ഏതു ചെകുത്താന്റെ കോട്ടയിലേയ്ക്കും വരാൻ തയ്യാറായിരുന്നു അവൾ.

ഞങ്ങളുടെ ഓഫീസ് എന്നതു് കിടപ്പറയിൽ ചുമരിന്നരുകിലിട്ട മേശയും അതിനു ചുറ്റുമുള്ള രണ്ടു കസേലകളും ഒരു സ്റ്റൂളുമായിരുന്നു. വളരെ കണിശമായി അതിർത്തികൾ നിർണ്ണയിക്കപ്പെട്ട ആ ഓഫീസിൽ ഞങ്ങൾ മൂന്നു പേരും ഇരുന്നു.

‘എന്താ നെനക്കു് പോണംന്നു് ത്ര നിർബ്ബന്ധം?’ കുട്ടേട്ടൻ ചോദിച്ചു.

‘നിക്കും നിങ്ങടെ ഒപ്പം വരണം.’

അതൊരു മറുപടിയായിരുന്നില്ല. അവളുടെ ആഗ്രഹം മാത്രം. കുട്ടേട്ടൻ പറഞ്ഞു.

‘രണ്ടു കാര്യം നീ സമ്മതിയക്കണം, എങ്കിലേ ഞങ്ങൾ നിന്നെ കൊണ്ടുപോകൂ.’

‘എന്താ കാര്യങ്ങള്?’

‘ഒന്നു് അവിടെ ഞങ്ങളും മുത്തശ്ശിയുമായുണ്ടാവാൻ പോകുന്ന സംഭാഷണങ്ങളൊന്നും പുറമെ ചോർത്തിക്കൊടുക്കരുതു്. നിന്റെ അറിവു് പ്രദർശിപ്പിയ്ക്കാൻ അങ്ങിനെയൊക്കെ ചെയ്യാൻ നീ പ്രലോഭിതയാകും. എന്നാലും ചെയ്യരുതു്. രണ്ടാമത്തേതു്, ഞങ്ങള് രണ്ടു മിനിറ്റിനകം പുറപ്പെടും. പിന്നെയും ഒരു മിനിറ്റിലധികം ഞങ്ങൾ കാത്തു നിൽക്കില്ല. പെൺകുട്ടികള് പുറപ്പെടാൻ കൊറേ സമയം വേണം. ലോകചരിത്രമെടുത്തു നോക്കിയാൽ ഒരു കാര്യം മനസ്സിലാവും. മാനവ വംശത്തിന്റെ പുരോഗതി ഓരോ ഘട്ടത്തിലും തടഞ്ഞു നിർത്തിയിട്ടുള്ളതു് സ്ത്രീകളുടെ മാന്ദ്യമാണെന്നു്. മനസ്സിലായോ?’

ഇന്ദിര എഴുന്നേറ്റുകൊണ്ടു് തലയാട്ടി. കുട്ടേട്ടൻ എന്റെ നേരെ തിരിഞ്ഞ തക്കം നോക്കി അവൾ അയാളെ നോക്കി കോക്കിരി കാട്ടി.

‘ഈ കട്ടിള്ള വാക്കുകള്… അതൊക്കെ എവിട്ന്നാ കുട്ടേട്ടനു് കിട്ടീതു?’ ഇന്ദിര പോയപ്പോൾ ഞാൻ ചോദിച്ചു.

‘ഒക്കെ എന്റെ ടെക്സ്റ്റു ബുക്കിലുണ്ടു്. നമ്മൾ വായിക്കണ പുസ്തകങ്ങളിലെ വാക്കുകള് നമ്മുടെ സൗകര്യത്തിനു് ഉപയോഗിക്കാനും മറ്റുള്ളവരെ ഭ്രമിപ്പിക്കാനും പഠിക്കണം. അതിനു് വലിയ അർത്ഥംണ്ടാവണം എന്നൊന്നുംല്ല്യ. അതാണു് വിജയത്തിലേയ്ക്കുള്ള ആദ്യപടി.’

ഞങ്ങൾ പുറപ്പെടാൻ തുടങ്ങി. ഒരു പത്തു മിനുറ്റു കഴിഞ്ഞു കാണും. പെട്ടെന്നു് കോണി ചടുപിടുന്നനെ കയറിക്കൊണ്ടു് ഇന്ദിര എത്തി. ഞങ്ങൾ രണ്ടുപേരും മുണ്ടുടുക്കാൻ പോകുന്നേയുള്ളു.

അവൾ ഇത്രയും സമയത്തിനുള്ളിൽ അമ്മയെക്കൊണ്ടു് തലമുടി മെടഞ്ഞു് ഒരു റോസ്പ്പൂവും ചൂടിയിരുന്നു. സിൽക്കിന്റെ ബ്ലൗസും കണങ്കാലുവരെ നീണ്ട പാവാടയുമാണു് വേഷം. നെറ്റിമേൽ കറുത്ത ചാന്തുപൊട്ടു്.

ഈ പെണ്ണു് ഞങ്ങളെ തോൽപ്പിക്കാൻ ഇറങ്ങിത്തിരിച്ചതാണു്.

പതിനൊന്നു്

ഞാൻ ഓർമ്മകളിൽനിന്നു് എന്റെ കിടപ്പറയിലേയ്ക്കു തിരിച്ചു വന്നു. ഇന്ദിര ഉറക്കമായിരുന്നു. അവൾക്കു് എന്റെ ഉറക്കം കളയണമെന്നു മാത്രമേയുണ്ടായിരുന്നുള്ളുവെന്നു തോന്നുന്നു. അതിനിടയ്ക്കെപ്പോഴോ വന്ദന വന്നു് അവളുടെ മുറിയിൽ ഉറങ്ങാൻ കിടന്നു. ഞാനെന്റെ ഓർമ്മകളുടെ ലോകത്തേയ്ക്കു് തിരിച്ചു പോവുകയാണു്. നാണിമുത്തശ്ശിയുടെ അടുത്തേയ്ക്കു്, ഒരു മുത്തശ്ശിക്കഥ കേൾക്കാൻ. ഉറങ്ങാനല്ല, ഉറക്കം കളയാൻ.

എന്റെ എട്ടാം വയസ്സിലോ മറ്റൊ കണ്ടതിനു ശേഷം മുത്തശ്ശിയെ കാണുന്നതു് വളരെ കാലത്തിനു ശേഷം അപ്പോഴായിരുന്നു. അവർ കുട്ടേട്ടനെ കണ്ട ഉടനെ ചോദിച്ചു.

‘എന്താ കുട്ടാ വിശേഷം?’

‘ഒന്നുംല്ല്യ മുത്തശ്ശി. മുത്തശ്ശീനെ ഒന്നു് കാണാൻ വന്നതാ.’ കുട്ടേട്ടൻ അവരുടെ ചെവിയിൽ ഉറക്കെ പറഞ്ഞു. അവരുടെ കാഴ്ച നന്നെങ്കിലും കേൾവി വളരെ മോശായിരുന്നു.

‘അമ്മ്യോടു് അത്ര ഒറക്കെ പറേണതിനേക്കാൾ നല്ലതു് കൊറച്ചു് പതുക്കെ പറയ്യാണു്. അപ്പൊ വ്യക്തായി മനസ്സിലാവും.’

വല്ല്യമ്മ പറഞ്ഞു. മുത്തശ്ശിയുടെ പത്തു മക്കളിൽ ലക്ഷ്മിവല്ല്യമ്മ മാത്രമേ ജീവിച്ചിരിക്കുന്നുള്ളു.

വല്ല്യമ്മ പറഞ്ഞതു് മുഴുവൻ ബോധ്യാവാത്തതുകൊണ്ടായിരിക്കണം കുട്ടേട്ടൻ ഉറക്കെത്തന്നെയാണു് പിന്നെയും വർത്തമാനം പറഞ്ഞതു്.

‘മുത്തശ്ശി പറയൂ ഇതാരെയാണു് ഞാൻ കൊണ്ടന്നിരിക്കണതു?’

മുത്തശ്ശി എന്നെയൊന്നു നോക്കി. അവരിരുന്ന ബെഞ്ചിന്മേൽ വന്നിരിക്കാൻ ആംഗ്യം കാണിച്ചു. അടുത്തു ചെന്നിരുന്ന എന്റെ മുഖത്തു് കുറച്ചുനേരം നോക്കിയ ശേഷം അവർ പറഞ്ഞു.

‘ഇതു് സുഭദ്രടെ മോനാണു്. എന്താ നെന്റെ പേരു്?’

ഞാൻ പറഞ്ഞില്ലെ എന്ന ഭാവത്തിൽ കുട്ടേട്ടൻ എന്നെ നോക്കി.

ഞാൻ പേരു് പറഞ്ഞു. വളരെ താഴ്‌ന്ന സ്വരത്തിൽത്തന്നെ. വല്ല്യമ്മ പറഞ്ഞതു ശരിയാണു്. ബഹളം കൂട്ടാതെ പതുക്കെ പറയുമ്പോൾ മുത്തശ്ശിയ്ക്കു് മനസ്സിലാവുന്നുണ്ടു്.

‘നീയ് ഇന്ദിര്യാണു്.’ അവളുടെ കൈ പിടിച്ചുകൊണ്ടു് മുത്തശ്ശി പറഞ്ഞു. ‘വല്ല്യെ കുട്ട്യായി.’

‘വാ.’ വല്ല്യമ്മ ഇന്ദിരയുടെ കൈ പിടിച്ചുകൊണ്ടു് അകത്തേയ്ക്കു പോയി. ‘നിന്റെ വിശേഷങ്ങളൊക്കെ കേൾക്കട്ടെ.’ കുറച്ചുനേരം അമ്മയെ നോക്കാൻ ഒരാളെ കിട്ടിയല്ലൊ എന്നു വച്ചിട്ടാവും അവർ സ്ഥലം വിട്ടതു്.

താൻ സംസാരിക്കുമ്പോൾ ഇടയിൽ കയറി ഒന്നും സംസാരിക്കരുതെന്നു് കുട്ടേട്ടൻ എന്നെ പ്രത്യേകം വിലക്കിയിരുന്നു. കാരണം ഒരിക്കൽ സംസാരം കാടു കയറിയാൽ പിന്നെ നമ്മളുദ്ദേശിച്ച വിവരൊന്നും കിട്ടില്ല. കുട്ടേട്ടൻ സംസാരിക്കാൻ തുടങ്ങി.

ശരിയാണു്, ആ തറവാട്ടിനെപ്പറ്റി, നാലുകെട്ടിനെപ്പറ്റി അവർക്കറിയാത്ത കാര്യങ്ങളില്ല.

‘ഞാനവിടെ താമസിക്കുമ്പഴാ എട്ടുകെട്ടു് പൊളിച്ചതു്.’

‘ഓ അപ്പൊ അതൊരു എട്ടുകെട്ടായിരുന്നോ?’ അങ്ങിനെ വരട്ടെ എന്ന മട്ടിൽ കുട്ടേട്ടൻ തലയാട്ടി.

‘പിന്ന്യല്ലാതെ? എത്ര വലുതായിരുന്നു? ഒരറ്റത്ത്ന്നു് മറ്റെ അറ്റം വരെ എത്താൻ ദൂരം കൊറെ നടക്കണം. അതു് പൊളിച്ചിട്ടു് നാല്കെട്ടാക്കി. ഒക്കെ ചെയ്തതു് എന്റെ അമ്മാമനാ. ഉഗ്രപ്രതാപ്യായിരുന്നു.’ പിന്നെ സ്വരം താഴ്ത്തിക്കൊണ്ടു പറഞ്ഞു. ‘എന്തൊക്ക്യോ ഏർപ്പാടുണ്ടായിരുന്നുത്രെ, പണം പലിശയ്ക്കു് കൊട്ക്കേ, അങ്ങനെ എന്തൊക്ക്യോ.’

‘എന്താ പേരു്?’

‘ഇട്ടിരാമമേനോൻ. ഒയരം കൊറഞ്ഞിട്ടായിരുന്നു. പക്ഷേ, ആൾക്കാർക്കൊക്കെ വല്യെ ഭയായിരുന്നു അങ്ങേരെ. ഞങ്ങളൊന്നും മുമ്പിൽ പോവാറില്ല.’

‘എന്തിനാ എട്ടുകെട്ടു് പൊളിച്ചതു?’

‘കൊറേ താവഴികള് ഭാഗം വാങ്ങിപ്പോയി. പിന്നെ വേറേം കൊറെ പ്രശ്നങ്ങളൊക്കെണ്ടായി. ഏട്ടനും അനിയനുംകൂടി വഴക്കായി.’

‘ആരാ ഏട്ടനും അനിയനും?’

‘ഇട്ടിരാമമ്മാമനും ഏട്ടൻ രായിരുമ്മാമനും. വല്യേ വഴക്കായീന്നു് കേട്ട്ട്ട്ണ്ടു്. ഞാനൊക്കെ അന്നു് കുട്ട്യായിര്ന്നില്ലെ. നാലുകെട്ടു് ആയേനു് ശേഷാ ഞാൻ തെരണ്ടതു്.’

‘എന്താ അതിനർത്ഥം?’ ഞാൻ വിദഗ്ദനോടു ചോദിച്ചു.

‘ഇപ്പോൾ അതിനേക്കാൾ വലിയ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടു്.’ അയാൾ പറഞ്ഞു. മൂപ്പർക്കും ‘തെരണ്ടതു്’ എന്നതിന്റെ അർത്ഥം അറിയില്ലെന്നു് സ്പഷ്ടം.

‘നോക്കു് നമുക്കു് കാതലായിട്ടുള്ള പല വിവരങ്ങളും കിട്ടിക്കഴിഞ്ഞു. ഇനിയും കിട്ടാനുണ്ടോന്നു് നോക്കാം.’

‘എന്ന്ട്ടു് ആ എട്ടുകെട്ടിലെ സാധനങ്ങളൊക്കെണ്ടോ ഇപ്പഴത്തെ നാലുകെട്ടിലു് ഒതുങ്ങുണു. കൊറ്യൊക്കെ വിറ്റു. കൊറ്യൊക്കെ ഓരോ മുറീലു് കൊണ്ടോയി വച്ചു. ബാക്കിള്ളതൊക്കെക്കൂടി തട്ടിൻപൊറത്തു് തട്ടീര്യക്ക്യാണു്.’

‘അതാണു് തട്ടിൻപുറത്തു് നല്ല സാധനങ്ങളൊക്കെ കാണാൻ കാരണം.’ കുട്ടേട്ടൻ എന്നോടു പറഞ്ഞു.

‘എന്നിട്ടോ മുത്തശ്ശീ…’

മുത്തശ്ശി, ഏട്ടനും അനിയനും കൂടിയുണ്ടായ കുടുംബവഴക്കിന്റെ കാര്യം പറയുകയായിരുന്നു. അതു മൂത്തുവന്നതിനെപ്പറ്റി. ആ നാലുകെട്ടിൽ താമസിക്കുന്ന ബന്ധുക്കൾക്കുണ്ടായ ശല്യത്തെപ്പറ്റി. അവസാനം ഒരു സ്വകാര്യം പറയുന്നതുപോലെ പറഞ്ഞു.

‘ഒരീസം രാത്രി ഒറക്കത്തിലാ രായിരുമ്മാമൻ മരിച്ചതു്… ഇട്ടിരാമമ്മാമൻ കൂടോത്രം ചെയ്തിട്ടാന്നാ പറഞ്ഞു് കേട്ടിട്ട്ള്ളതു്… മന്ത്രവാദും ആഭിചാരും ഒക്കെണ്ടാർന്നു മൂപ്പര്ടെ കയ്യിലു്.’

‘ഇട്ടിരാമമ്മാമനു് കുട്ട്യോളൊന്നുംണ്ടായിര്ന്നില്ലെ?’

‘ഇല്ല. എങ്ങിനെണ്ടാവാനാ. മൂപ്പരു് കല്യാണം കഴിച്ചിട്ടു് വേണ്ടെ? ന്ന്ട്ടെന്താ മരിച്ചപ്പൊ സ്വത്തൊക്കെ മരുമക്കൾക്കും ഏട്ടന്റെ മക്കൾക്കും കിട്ടി. മൂപ്പര്ട്യായിട്ടു് ഒന്നും ബാക്കി വച്ചില്ല.’

ബാക്കി വച്ചില്ലെ? ആ കാര്യം മുത്തശ്ശിയേക്കാൾ അറിയുന്നതു് ഞങ്ങൾക്കാണു്. പക്ഷേ, എന്തൊക്കെ ബാക്കി വച്ചു, വച്ച കാര്യങ്ങൾ എത്രത്തോളം കുഴപ്പം പിടിച്ചതാണു് എന്നതു മാത്രമാണു് അറിയേണ്ടതു്. അതിനു് മുത്തശ്ശി സഹായിക്കില്ല. കുട്ടേട്ടൻ പറഞ്ഞു.

‘മുത്തശ്ശീ, വല്ല്യമ്മ വിളിക്ക്ണ്ണ്ടു്.’ വന്നിട്ടില്ലാത്ത വിളി ശ്രദ്ധിക്കുകയാണെന്നു് നടിച്ചു് കുട്ടേട്ടൻ ഉറക്കെ പറഞ്ഞു. എന്തോ പറയാൻ പോയ മുത്തശ്ശി അതു നിർത്തി പറഞ്ഞു.

‘പോയി നോക്കു്, എന്തെങ്കിലും തിന്നാൻ കിട്ടും.’

അടുക്കളയിലേയ്ക്കു നടക്കുമ്പോൾ കുട്ടേട്ടൻ പറഞ്ഞു. ‘നമുക്കു് കിട്ടേണ്ട വിവരങ്ങളൊക്കെ കിട്ടി. ഇനി ഇവിടെ ഇരുന്നാൽ മുത്തശ്ശി നമ്മളെ സംസാരിച്ചു് കൊല്ലും. വേഗം മുങ്ങണം.’

അടുക്കളയിൽ ഇന്ദിര പരിപ്പുവട തിന്നുകയായിരുന്നു. ലക്ഷ്മിവല്ല്യമ്മ അവളെ തീറ്റിച്ചു് തറവാട്ടിലെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

‘ഇരിയ്ക്കു്.’ വല്ല്യമ്മ രണ്ടു പ്ലെയ്റ്റുകൾ ഞങ്ങളുടെ മുമ്പിൽ വച്ചുകൊണ്ടു് പറഞ്ഞു.

‘ഞങ്ങൾക്കു് തിരക്കുണ്ടു്.’ കുട്ടേട്ടൻ പറഞ്ഞു. അപ്പോഴാണു് ഇന്ദിര തിന്നുന്നതു് പരിപ്പുവടയാണെന്നു് മനസ്സിലായതു്. ‘അല്ല, അത്ര വല്യെ തിരക്കൊന്നുംല്യാ…’

തിരിച്ചു വീട്ടിലേയ്ക്കു നടക്കുമ്പോഴാണു് ഇന്ദിരയുടെ കഴിവു് ഞങ്ങൾക്കു് ശരിയ്ക്കും മനസ്സിലായതു്. അവൾ പറയുകയാണു്.

‘എനിയ്ക്കു് നിങ്ങക്കു് കിട്ട്യേതിനേക്കാൾ വിവരങ്ങള് കിട്ടീട്ട്ണ്ടു് വല്ല്യമ്മടെ അട്ത്ത്ന്നു്.’

‘എന്തു?’ അവൾ പറഞ്ഞതു് മുഴുവൻ പിടി കിട്ടാതെ ഞാനും കുട്ടേട്ടനും ഓരേ സമയം ചോദിച്ചു.

‘നിങ്ങക്കേയ് മുത്തശ്ശിടെ അട്ത്ത്ന്നു് കിട്ട്യേതിനേക്കാൾ കൂടുതൽ വിവരങ്ങള് നമ്മടെ തറവാടിനീം വീടിനീം പറ്റി കിട്ടീന്നു്.’

ഞങ്ങൾ വഴിയോരത്തു് അന്തം വിട്ടു് നിൽക്കുകയാണു്. അപ്പോൾ ഞങ്ങളുടേതു് ഒരപസർപ്പക ദൗത്യമായിരുന്നുവെന്നു് പെണ്ണു് ഊഹിച്ചിരിക്കുന്നു! എന്തായാലും അവളെ പരീക്ഷിക്കണമല്ലൊ. കുട്ടേട്ടൻ ചോദിച്ചു.

‘എന്തിനെപ്പറ്റിയാണു് നീ പറേണതു?’

‘ആ പഴേ കാരണോരെപ്പറ്റി. എന്താ പേരു്?… ഇട്ടിരാമമേനോൻന്നു്. വല്ല്യേ മന്തവാദിയായിരുന്നത്രെ. നാട്ടിലെല്ലാർക്കും അങ്ങേരെ പേട്യായിരുന്നത്രെ. മൂപ്പരു് സ്വന്തം ഏട്ടനെ കൂടോത്രം ചെയ്തു് കൊന്നൂത്രെ. നമ്മടെ വീടു് ആദ്യം ഒരു എട്ടുകെട്ടായിരുന്നൂ. അതു പൊളിച്ചു് നാലുകെട്ടാക്കീതു് അങ്ങേരാണു്. അതിനു് ഏട്ടൻ സമ്മതിക്കാത്തതിന്റെ ദേഷ്യാത്രെ…’

ഇന്ദിരയുടെ ‘ത്രെ, ത്രെ’ നിറഞ്ഞുനിന്ന സംസാരം കേട്ടുകൊണ്ടു് ഞങ്ങൾ വഴിവക്കിൽത്തന്നെ അനങ്ങാൻ വയ്യാതെ നിൽക്കുകയാണു്.

‘എന്താ എല്ലാ താവഴിക്കാരും ഭാഗം വാങ്ങി ആ നാലുകെട്ടു് വിട്ടു് പോവ്വാൻ കാരണംന്നാ? അവിടെ ഈ രണ്ടു കാരണോന്മാര്ടെ പ്രേതംണ്ട്ത്രെ. വല്ലാത്ത ശല്യായിരുന്നൂത്രെ അവരെക്കൊണ്ടു്. അച്ഛനു് മാത്രെ അവിടെ താമസിക്കാൻ ധൈര്യണ്ടായുള്ളു. അച്ഛൻ കാട്ടുമാടത്തീന്നു് തിരുമേനിയെക്കൊണ്ടുവന്നു് ഈ രണ്ടു് പ്രേതത്തീനീം എവിട്യോ അടക്കീന്നു്…’

‘അതിന്റെ ആവശ്യണ്ടായിരുന്നോ?’ കുട്ടേട്ടൻ ചോദിച്ചു.

‘എന്തേ?’

‘നിന്റെ അച്ഛനെ കണ്ടപ്പോൾ പ്രേതങ്ങള് ഓടിപ്പോയിട്ട്ണ്ടാവില്ലെ?’

ഇന്ദിര കോക്രി കാട്ടി.

ഞങ്ങളുടെ ഭാവി പരിപാടിയിലും കൂടിയാലോചനകളിലും അവളെ പങ്കെടുപ്പിക്കാൻ ആ നിമിഷം ഞങ്ങൾ തീരുമാനിച്ചു.

ഇന്ദിര സംസാരിക്കുകയായിരുന്നു. ലക്ഷ്മിവല്ല്യമ്മയുടെ അടുത്തുനിന്നു് ചോർത്തിയെടുത്ത കാര്യങ്ങൾ. പാവം വല്ല്യമ്മ. ഞങ്ങൾ വിചാരിച്ചതു് വല്ല്യമ്മ ഇവൾക്കു് തിന്നാൻ കൊടുത്തു് സന്തോഷിപ്പിച്ചു് വീട്ടിലെ കാര്യങ്ങൾ ചോർത്തിയെടുക്കുകയാണു് എന്നായിരുന്നു. മറിച്ചാണുണ്ടായതു്. അവൾ ഞങ്ങളേക്കാൾ വിവരം സമ്പാദിച്ചിരിക്കുന്നു.

വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങൾ കൂടിയാലോചനയ്ക്കായി ‘ഓഫീസി’ൽ കയറി. ഇന്ദിരയെ ക്ഷണിച്ചു. ഒരു മണിക്കൂർ നേരത്തെ സംസാരത്തിൽനിന്നു് ഉരുത്തിരിഞ്ഞ കാര്യങ്ങൾ താഴെ കൊടുക്കുന്നു.

1. പണ്ടു് ആ പറമ്പിലുണ്ടായിരുന്ന എട്ടുകെട്ടിനു് ഇപ്പോഴും നിലനിൽപുണ്ടു്, മറ്റേതോ കാലതലത്തിൽ. എന്നുവെച്ചാൽ, കുട്ടേട്ടൻ വിവരിയ്ക്കുകയാണു്, നമ്മള് തട്ടിൻപുറത്തു് പോമ്പ എന്തോ ഒരു പ്രശ്നം കാരണം അങ്ങിനെ സംഭവിക്കുന്നു.

(കുട്ടേട്ടൻ ഒരു ശാസ്ത്രജ്ഞനാവുമെന്നു് അന്നേ എനിയ്ക്കു തോന്നിയിരുന്നു. ആ തോന്നൽ ഇപ്പോൾ ശരിയായിരിയ്ക്കയാണു്. അദ്ദേഹം കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ ബയോകെമിസ്റ്റ്രി പഠിപ്പിയ്ക്കുകയാണു്.)

2. നമ്മൾ മൂന്നുപേരും കണ്ട ആ കോണിയ്ക്കു് ഈ തലത്തിലേ നിലനിൽപ്പുള്ളു. ഇന്ദിര അതിൽക്കൂടി ഇറങ്ങി താഴത്തു്, ഏറ്റവും താഴത്തു്, തളത്തിലെത്തിയെന്നു പറയുന്നതു് ശരിയായിരിയ്ക്കാം. പക്ഷേ, അതു് വളരെ അപകടം പിടിച്ച ഒരു കാര്യാണു്. എന്തോ ഭാഗ്യംകൊണ്ടാണു് അവൾ അതിൽനിന്നു് രക്ഷപ്പെട്ടതു്. ഇനി ആ കോണി കണ്ടാലും അതിലൂടെ ഇറങ്ങാൻ ശ്രമിയ്ക്കരുതു്. ഇതു് ആ കാരണവരു് ഉണ്ടാക്കിവച്ച ഒരു കെണിയാണു്.

3. നിധി ആ പറമ്പിലെവിടെയോ ഉണ്ടാവണം. പക്ഷേ, അതിന്റെ സമയമായാൽ, അതു് ആർക്കു വേണ്ടിയാണോ ഉദ്ദേശിച്ചതു് അയാൾക്കു മാത്രമേ കാണിച്ചുകൊടുക്കൂ. (അതും പറഞ്ഞു് കുട്ടേട്ടൻ എന്നെ നോക്കി, ഞാനാണു് ആ അവകാശി എന്ന മട്ടിൽ. തട്ടിൻപുറത്തെ എഴുത്തുപെട്ടി തുറക്കാൻ പറ്റാതിരുന്നതു് അയാളിൽ ഒരു കോംപ്ലക്സ് ഉണ്ടാക്കിയിരുന്നു.) അതുകൊണ്ടു് നമ്മളിപ്പോൾ വല്ലാതെ കഷ്ടപ്പെട്ടിട്ടു കാര്യമില്ല. സമയമാവുമ്പോൾ അതു താനെ വെളിവാകും.

4. ഇപ്പോൾ സമയം പാഴാക്കാതെ പഠിക്കാൻ ശ്രമിയ്ക്കുക, പ്രത്യേകിച്ചു് നന്ദുവിനെപ്പോലുള്ള മരമണ്ടന്മാരും ഇന്ദിരയെപ്പോലുള്ള മരമണ്ടികളും.

അതും പറഞ്ഞു് കുട്ടേട്ടൻ ചെസ്സ് ബോർഡെടുത്തു് കരുക്കൾ നിരത്താൻ തുടങ്ങി.

‘ഞാൻ നിങ്ങൾക്കു് ഇംഗ്ലീഷ് ചെസ്സ് പഠിപ്പിച്ചു തരാം.’

ആദ്യം കുറച്ചു വിഷമമുണ്ടായിരുന്നു. കരുക്കളുടെ പേരുകൾക്കു് മാത്രമല്ല, നീക്കങ്ങൾക്കും വളരെ വ്യത്യാസമുണ്ടു്. തേരു് ഇംഗ്ലീഷ് ചെസ്സിൽ കാസ്സിലോ റൂക്കോ ആണു്. ആന ബിഷപ്പും, മന്ത്രി രാജ്ഞിയും, കുതിര നൈറ്റും ഒക്കെയാണു്. ചതുരംഗത്തിൽ ആന മൂന്നു് കള്ളികൾ മാത്രം ചാടുമ്പോൾ ഇംഗ്ലീഷ് ചെസ്സിൽ അതേ കരുവായ ബിഷപ്പിനു് അനിയന്ത്രിതമായ സ്വാതന്ത്ര്യമുണ്ടു്. കോണായ കള്ളികൾ ഒഴിഞ്ഞുകിടക്കണമെന്നു മാത്രം. രാജ്ഞിയാകട്ടെ ഒരു നാണവുമില്ലാതെ എല്ലായിടത്തും ഭയങ്കരവേഗത്തിൽ ഓടിനടക്കുന്നു. ആദ്യമായി ഇംഗ്ലീഷ് ചെസ്സ് കുട്ടേട്ടന്റെ ഒപ്പം കളിച്ചപ്പോൾ തോറ്റു തുന്നംപാടി, കാരണം അപ്രതീക്ഷിതമായ സ്ഥലത്തുനിന്നായിരിക്കും മൂപ്പരുടെ കരുക്കൾ പ്രത്യക്ഷപ്പെടുക, പ്രത്യേകിച്ചു് രാജ്ഞിയമ്മ. പരിചയമായപ്പോൾ പിന്നെ രസമായിരുന്നു.

ഇപ്പോൾ മുപ്പതു കൊല്ലത്തിനുശേഷം അതെല്ലാമോർത്തു് ഞാൻ ചിരിച്ചു. സമയം രണ്ടു മണിയെങ്കിലും ആയിട്ടുണ്ടാവും. എന്താണു് ഉറക്കം വരാത്തതു?

ഇതിനെല്ലാം തുടക്കമിട്ടതു് തട്ടിൻപുറത്തു് പോയതു് ഓർമ്മയുണ്ടോ എന്ന ഇന്ദിരയുടെ ചോദ്യമാണു്. അതും ചോദിച്ചു് കക്ഷി നല്ല ഉറക്കമായിരിയ്ക്കുന്നു. ഞാനിവിടെ ഓരോന്നാലോചിച്ചു് ഉറക്കമില്ലാതെ കിടക്കുകയും.

പെട്ടെന്നാണതുണ്ടായതു്. ഒരു അണക്കെട്ടു പൊട്ടി വെള്ളം കുത്തിയൊലിയ്ക്കുന്നപോലെ അതു വരികയാണു്. എന്റെ മനസ്സിന്റെ ഏതോ കെട്ടു് പൊട്ടിച്ചിതറി, ആ അറിവു് വെളിപാടു് പോലെ എന്നിലേയ്ക്കു് ഒലിച്ചിറങ്ങുകയാണു്. ഒഴുക്കിൽ പിടിച്ചുനിൽക്കാൻ വിഷമമായി ഞാൻ നിൽക്കുകയാണു്.

ഞാൻ ഉറക്കെ ഒരു ശബ്ദമുണ്ടാക്കി പിടഞ്ഞെഴുന്നേറ്റിരുന്നു.

‘എന്തു പറ്റീ?’ ഇന്ദിര പരിഭ്രമിച്ചു് എഴുന്നേറ്റു. ‘എന്തു പറ്റീ നന്ദേട്ടാ?’

പന്ത്രണ്ടു്

ആലോചിക്കുമ്പോൾ തോന്നുന്നു, ശരിയാണു് പത്തുതൊണ്ണൂറു വർഷം മുമ്പു മരിച്ച ഒരു വ്യക്തി എനിയ്ക്കായി കരുതിയ സന്ദേശം എനിയ്ക്കു കിട്ടുകയാണു്. എന്താണു് ഇതിനൊക്കെ അർത്ഥം? എന്താണു് ആ മനുഷ്യൻ ഉദ്ദേശിക്കുന്നതു? ഇന്നലെ രാത്രി ചിന്തകൾക്കൊടുവിൽ രണ്ടു രണ്ടര മണിയോടെ ഞാൻ ഉറക്കമായിരുന്നു. ഉറങ്ങിയെന്നു് മനസ്സിലായതു് ഞെട്ടിയുണർന്നപ്പോഴായിരുന്നു. അതൊരു സ്വപ്നം മാത്രമായിരിക്കും എന്നു കരുതാനാണു് ഞാൻ ആഗ്രഹിച്ചതു്.

വന്ദന സ്കൂളിൽ പോയപ്പോൾ ഇന്ദിര വീണ്ടും രാത്രിയിലെ കാര്യം എടുത്തിട്ടു.

‘ഞാൻ പേടിച്ചു… എന്തേ വല്ല സ്വപ്നും കണ്ട്വോ?’

സ്വപ്നം തന്നെ, പക്ഷേ, എന്തു സ്വപ്നം!

‘ഞാൻ തട്ടിൻപുറത്തായിരുന്നു. കുട്ടിക്കാലത്തു് നമ്മൾ അലഞ്ഞില്ലെ അതുപോലെ നടക്ക്വാണു്. എന്റെ ഒപ്പം ആരോണ്ടു്. ആരാണ്ന്നു് ഞാൻ നോക്ക്ണ്ല്ല്യ. അയാളാണു് എന്നെ കൊണ്ടുപോണതു്. അവസാനം എത്തിയതു് ആ കോണില്ല്യെ അതിന്റെ മുമ്പിലു്. ഞങ്ങള് കോണിയിറങ്ങി ഒരു മുറീലെത്തി. ആ മുറി ഏതാണ്ന്നു് മനസ്സിലായില്ല്യ. തറവാട്ടിലു് ഒരുമാതിരി എല്ലാ മുറികളും ഒരുപോല്യാണല്ലൊ. ആ മുറീടെ ഒരു വശത്തേയ്ക്കു് ചൂണ്ടിക്കാട്ടി ഒപ്പം വന്ന ആൾ പറഞ്ഞു. ‘അവിടെണ്ടു്.’

‘പെട്ടെന്നു് ഞാനയാള്ടെ മുഖത്തേയ്ക്കു നോക്കി. ഞെട്ടിപ്പോയി. വല്ലാത്തൊരു ഭീകരമായ മുഖം. ഞാൻ ഞെട്ടിയുണർന്നു. ആ മുഖം നമ്മള് കണ്ട ആ ഫോട്ടോ ഇല്ലെ, ഇട്ടിരാമക്കാരണവരു്, അങ്ങേര്ടെ ഛായയായിരുന്നു. അയാള്ടെ ശരിയ്ക്കുള്ള മുഖാണു് എനിയ്ക്കു് കാണിച്ചു തന്നത്ന്നു് തോന്നുണു. ചിത്രത്തിൽ അതു ഭംഗിയാക്കിയതായിരിക്കും. എല്ലാം എന്റെ തോന്നലുകളായിരിയ്ക്കും. എന്തായാലും അതിനു ശേഷം ഒറങ്ങാൻ പറ്റീല്ല്യ.’

‘എന്താപ്പ ഇതിനൊക്കെ അർത്ഥം?’ ഇന്ദിര ചോദിച്ചു.

‘അതിനെപ്പറ്റി ആലോചിച്ചുനോക്കുമ്പോ വല്യ അർത്ഥങ്ങളൊന്നും ഞാൻ കാണ്ണില്ല. ഒന്നുകിൽ കാരണവര്ക്കു് ക്ഷമ നശിച്ചു തുടങ്ങീട്ട്ണ്ടാവും…’

‘എന്തിനു്?’

‘ഞാൻ ആ നിധി കണ്ടുപിടിയ്ക്കാത്തതിനു്. അങ്ങേരു് പിന്നീടെപ്പോഴോ വരാൻ പോണ തലമുറേല്ള്ള ഒരുത്തനുവേണ്ടി ഒരു നിധി തയ്യാറാക്കി ഒളിപ്പിച്ചു വെയ്ക്ക്യാ, ന്ന്ട്ടു് അതു് കണ്ടുപിടിയ്ക്കാന്ള്ള സൂചനകള് കൊടുക്ക്വാ. എന്നിട്ടും അയാള് അതെടുക്കാനുള്ള ഒരു ശ്രമും നടത്ത്ണ്ല്ല്യ. ക്ഷമ കെടാണ്ടിരിക്ക്യോ? രണ്ടാമതു്, അങ്ങേരു് കാണിച്ചു തന്ന കോണി ഇപ്പൊ നെലവിലില്ല താനും. അതുണ്ടെങ്കിൽ കാര്യം എളുപ്പായിരുന്നു. അതിറങ്ങിപ്പോയി നിധി കുഴിച്ചെടുക്കായിരുന്നു. പോരാത്തതിനു് ഒരർത്ഥവും ഇല്ല്യാത്ത ആ ചതുരംഗപ്പലകയ്ക്കു് ഇതിലൊക്കെ എന്തു കാര്യം? ഒരു കാര്യം അങ്ങേര്ക്കു് പെഴവു പറ്റി.’

‘ഉം, എന്താ?’

‘നിധി ആർക്കു വേണ്ടിയാണോ എടുത്തു വെച്ചതു്, ആ മനുഷ്യൻ ഇത്ര മന്ദബുദ്ധിയാവുമെന്നതു് കണക്കാക്കാൻ. അങ്ങേര്ക്കു് കാര്യങ്ങള് കൊറച്ചുകൂടി എളുപ്പാക്കിത്തരായിരുന്നു.’

‘ശരിയാണു്.’ ഇന്ദിര ചിരിച്ചുകൊണ്ടു് പറഞ്ഞു. ‘എന്റെ അത്രേം മനസ്സിലാക്കാൻ ആ കാരണോര്ക്കു് പറ്റീല്ല്യന്നർത്ഥം.’

‘ഒരു കാര്യം ചെയ്യണം. വന്ദനടെ പരീക്ഷ കഴിയണവരെ നമ്മള് ഈ കാര്യം സംസാരിക്കര്തു്. അവളീ കടമ്പ ചാടിക്കടക്കട്ടെ. അതു് കഴിഞ്ഞിട്ടു് വെക്കേഷനിലു് നമുക്കു് ഒരാഴ്ച അവിടെ പോയി താമസിക്കാം. എന്നിട്ടു് ഒരു ശ്രമുംകൂടി നടത്തിനോക്കാം. എന്താ?’

തറവാട്ടിൽ പോയാൽ ചുരുങ്ങിയതു് ഒരാഴ്ചയെങ്കിലും താമസിക്കണമെന്നു് ഇന്ദിര എപ്പോഴും പറയാറുണ്ടു്. കാരണം അടുക്കള ഒരുമാതിരി ഒരുക്കാൻ തന്നെ വേണം ഒന്നു രണ്ടു ദിവസം. അപ്പോഴേയ്ക്കു് തിരിച്ചു വരികയായി. വെക്കേഷൻ സമയത്തു് ലീവെടുത്തു് പോയി ഒന്നല്ല, രണ്ടോ മൂന്നോ ആഴ്ച താമസിക്കുന്നതിൽ അവൾക്കു് സന്തോഷമേയുള്ളു.

കുറച്ചു ദിവസങ്ങളോളം ആ സ്വപ്നവും അതിന്റെ വിശകലന ചിന്തകളും ഓഫീസിലും എന്നെ ശല്യപ്പെടുത്തി. പിന്നെ മറ്റെല്ലാ ശല്യങ്ങളെയും പോലെ ഞാനതിനും സ്വസ്ഥമായിരിക്കാൻ മനസ്സിൽ ഒരിടം കൊടുത്തു.

മാസത്തിലൊന്നോ രണ്ടോ വാരാന്ത്യത്തിൽ കുട്ടേട്ടന്റെ ഫോൺ വരുന്നു. ഏഴു കടലും കടന്നു് അതിവിടെ എത്താൻ ഞായറാഴ്ച രാവിലെ എട്ടര മണിയാവുന്നു. സമയ വ്യത്യാസം പത്തര മണിക്കൂറാണു്. അപ്പോൾ കുട്ടേട്ടൻ വിളിക്കുന്നതു് ശനിയാഴ്ച വൈകുന്നേരം ഏഴു മണിയ്ക്കാവും. രണ്ടു പേർക്കും കേടില്ലാത്ത വിധത്തിലായിക്കോട്ടെ എന്നു കരുതിയാണു് ഇങ്ങിനെ ഒരു സമയം വെച്ചിരിക്കുന്നതു്.

‘ഇവിടെ ഇപ്പൊ ഫെബ്രുവരി മാസാണു്.’ കുട്ടേട്ടൻ പറയുന്നു. ‘അവിടെയും അങ്ങിനെത്തന്നെയെന്നു വിശ്വസിക്കുന്നു.’

ഭൂഖണ്ഡത്തിന്റെ മറുവശത്തുനിന്നു് രാവിലെ എഴുന്നേറ്റു് പറയാൻ കണ്ട കാര്യം!

‘മാസൊക്കെ ഫെബ്രുവരി തന്നെ. ഇന്നിവിടെ ഇരുപത്താറാന്തിയാണു്. നിങ്ങൾക്കു് ഇരുപത്തഞ്ചല്ലേ ആയിട്ടുള്ളു?’ ഞാൻ പറയും. ‘എന്നുവെച്ചാൽ ദിവസം ഒന്നു കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ നിങ്ങളൊക്കെ റിപ്പ് വാൻ വിങ്കിളിന്റെ നാട്ടുകാരല്ലെ?’

ഒരു പതിനഞ്ചു മിനുറ്റ് എന്നോടു് സംസാരിച്ച ശേഷം കുട്ടേട്ടൻ പറയും.

‘നിന്നോടു് സംസാരിച്ചാൽ ശരിയാവില്ല. എന്റെ മരുമകള് അവിടെ ഇല്ലെ, അവൾക്കു കൊടുക്കു്.’

പിന്നെ അവളോടു് ഒരു പതിനഞ്ചു മിനുറ്റ് സംസാരിച്ചാൽ ഫോൺ മക്കൾക്കു കൈ മാറുന്നു. അവർ ഒരോരുത്തരും ചുരുങ്ങിയതു് പതിനഞ്ചു മിനുറ്റു വീതമെങ്കിലും വന്ദനയുമായി സംസാരിക്കും. ഒരു അമേരിക്കക്കാരിയുടെ മക്കളാണെങ്കിൽക്കൂടി അവർ ഇവിടുത്തെ പെൺകുട്ടികളേക്കാൾ നന്നായി മലയാളം പറയുന്നു. ഇവിടെ ഇന്ത്യയിലിരുന്നു് ഫോൺ ബില്ലിന്റെ തൂക്കം കൂടുന്നതു നോക്കി മാത്രം ലോക്കൽ കാളുകൾ കൂടി വിളിക്കുന്ന എനിയ്ക്കു് സാൻഫ്രാൻസിസ്കോവിൽനിന്നു് ഒരു മണിക്കൂറിൽക്കൂടുതൽ നീണ്ടു പോകുന്ന ഫോൺവിളികൾ അദ്ഭുതമായി തോന്നുന്നു.

നഷ്ടപ്പെട്ടുപോയ ചതുരംഗപ്പലക തിരിച്ചു കിട്ടിയതു് ഞാൻ കുട്ടേട്ടനോടു് പറഞ്ഞിട്ടില്ല. ഇനി വന്ദന പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അവൾ കുട്ടമ്മാവനോടു് പറയാത്ത കാര്യങ്ങളില്ല. ചിലപ്പോൾ അമ്മയോടൊപ്പം വഴക്കിട്ടതിന്റെ ഭാഗമായി പറഞ്ഞിട്ടുണ്ടാവും. കുട്ടേട്ടനെന്താണു് പറഞ്ഞിട്ടുണ്ടാവുക? ചിലപ്പോൾ പറയും. ‘നിനക്കറിയാഞ്ഞിട്ടാ, ഞാനും നിന്റെ അച്ഛനും എത്ര വഴക്കിട്ടിട്ട്ണ്ട്ന്നറിയ്യോ അമ്മയോടു്?’

ഞായറാഴ്ച പൊതുവേ എല്ലാം കുറച്ചു മന്ദഗതിയിലാണു്. പ്രാതൽ കഴിയ്ക്കാൻ തന്നെ പത്തര മണിയാവുന്നു.

‘ഞാനെന്താ ചെയ്യാ?’ ഇന്ദിര പറയും. ‘അച്ഛനും മോളും ഫോണിലു് സംസാരല്ലെ? എല്ലാം തയ്യാറായിട്ടു് സമയെത്ര്യായി?’

‘അമ്മയ്ക്കു് അസൂയാണു്.’ വന്ദന പറയും. ‘കുട്ടമ്മാമ അമ്മ്യോടു് സംസാരിയ്ക്കാഞ്ഞിട്ടു്.’

‘വേണ്ട, വേണ്ട… നിങ്ങള് സംസാരിയ്ക്കണതു് കാണുമ്പോത്തന്നെ ശ്വാസം മുട്ട്വാണു്. എന്താ ഇത്രയൊക്കെ സംസാരിയ്ക്കാന്ള്ളതു?’

ശരിയാണു്. ഞാൻ ആലോചിയ്ക്കും. എന്താണു് ഇത്രയൊക്കെ സംസാരിയ്ക്കാനുള്ളതു?

‘അമ്മയ്ക്കറിയാഞ്ഞിട്ടാ. ശാരിച്ചേച്ചിയും മഞ്ജുളചേച്ചിയും എന്തൊക്കെ പറഞ്ഞൂന്നറിയ്യോ?’

ഇന്ദിരയ്ക്കതറിയണമെന്നുണ്ടു്. പക്ഷേ, പറയില്ല. ആകെ പറയുന്നതു് ഇതു മാത്രം. ‘ഓ, കേക്കണ്ട.’

അങ്ങിനെയിരിയ്ക്കുമ്പോൾ പരീക്ഷയെത്തുന്നു. വളരെ പ്രതീക്ഷിതമായി ഈ മൂന്നു പേരുടെയും ഫോൺ ഉണ്ടാവുന്നു. വന്ദനയ്ക്കു് ‘ഗുഡ് ലക്ക്’ ആശംസിയ്ക്കാൻ മൂന്നു പേരും മൂന്നു സ്ഥലത്തുനിന്നായിരിയ്ക്കും വിളിയ്ക്കുക. അവർ ഞായറാഴ്ച മാത്രമേ ഒത്തുകൂടാറുള്ളു.

‘ചേച്ചിമാര്ട്യേം കുട്ടമ്മാമന്റേം ഫോൺ കിട്ട്യാലെ അവൾക്കു് പരീക്ഷേലു് ഒരു ധൈര്യം വരൂ.’ ഇന്ദിര പറഞ്ഞു.

‘പിന്നേ…’ ലോകത്തെ എല്ലാ പെൺകുട്ടികളും ഇങ്ങിനെ ഒരോ ചേച്ചിമാര്ടെ ഫോൺ വിളിയ്ക്കായി കാത്തിരിക്ക്യല്ലെ.’ എനിയ്ക്കു് ഇന്ദിര പറയുന്നതു് ഇഷ്ടമാവുന്നില്ല. ‘ഇതെല്ലാം ഒരോ മൈന്റ് സെറ്റാണു്. അഡിക്ഷൻ. അല്ലാതൊന്നും അല്ല. നീ പരീക്ഷയെഴുതിയിരുന്നപ്പൊ ആര്ടെ ആശംസ്യാണു് കിട്ടീര്ന്നതു?’

‘എന്തായാലും ഇതൊന്നും വന്ദന്യോടു് പറയണ്ട.’ ഇന്ദിര പറഞ്ഞു. ‘അവൾക്കു് ഇതൊക്കെ വല്യ കാര്യാണു്. കുട്ടേട്ടനും അതെ, പെൺകുട്ടികളെയാണു് ആൺകുട്ട്യോളെക്കാൾ കൂടുതൽ ഇഷ്ടം. രണ്ടും പെൺകുട്ടിയായപ്പോ എന്തു സന്തോഷായിരുന്നു. മദാമ്മയ്ക്കും അതേന്നു് തോന്നുണു. ‘

‘സ്വന്തം ഏട്ടത്തിയമ്മയെയാണു് മദാമ്മാന്നു് പറേണതു്.’

‘അവരു് മദാമ്മ്യന്നല്ലെ?’

കടലു കടന്നു വന്ന ആശംസകളുടെ അനുഗ്രഹത്തിൽ പരീക്ഷ നന്നായി കഴിഞ്ഞു. അവസാനത്തെ പേപ്പറും എഴുതി എത്തിയ ഉടനെ വന്ദന ചോദിച്ചതു് എന്നാണു് തറവാട്ടിലേയ്ക്കു പോകുന്നതെന്നായിരുന്നു.

‘നിന്റെ പരീക്ഷ എങ്ങിനെണ്ടായിരുന്നൂന്നു് പറ.’

‘ഈ…സി.’

‘അതിനർത്ഥം കഷ്ടിച്ചു് പാസ്സാവുംന്നു് അല്ലെ?’

‘അല്ലച്ഛാ, പേപ്പറൊക്ക ഈസ്യായിരുന്നു. ഡിസ്റ്റിങ്ഷൻ കിട്ടും.’

അന്നു രാത്രി ഉറങ്ങുന്നതിനു മുമ്പു് പോകാനുള്ള വസ്ത്രങ്ങളെല്ലാം അവൾ പെട്ടിയിലാക്കി. സാമാന്യം വലിയ പെട്ടി. നീണ്ടൊരു താമസം തന്നെയാണു് അവൾ ഉദ്ദേശിക്കുന്നതു്. എനിയ്ക്കാണെങ്കിൽ ഒരാഴ്ചയെങ്കിലും കഴിഞ്ഞാലെ ലീവെടുക്കാൻ പറ്റു. അവസാനം അവളെയും അമ്മയെയും നാട്ടിൽ കൊണ്ടുപോയാക്കി തിരിച്ചു വരാമെന്നു് പറഞ്ഞപ്പോഴെ അവൾ സമ്മതിച്ചള്ളു. അവിടെ ഞങ്ങളില്ലാത്തപ്പോൾ ആ വീടും പറമ്പും നോക്കുന്ന ഒരു കുടുംബമുണ്ടു് അയൽപക്കത്തു്. ഭാർഗ്ഗവിയമ്മയും മകൾ ദേവിയും. ഞാനില്ലാത്ത ദിവസങ്ങളിൽ ദേവിയാണു് അവർക്കു കൂട്ടിനു കിടക്കാൻ വരിക.

ഞങ്ങൾ അടുത്തു തന്നെ വരുമെന്നു് അറിയാവുന്നതുകൊണ്ടു് അവർ മുറ്റമെല്ലാം പുല്ലുചെത്തി വൃത്തിയാക്കിച്ചിരുന്നു. ഉമ്മറവും തളവും അടുക്കളയും മാറാല തട്ടി തുടച്ചു. മറ്റു മുറികൾ പൂട്ടിയിട്ടതു കാരണം അവർ അടിച്ചുവാരിത്തുടയ്ക്കാറില്ല. താഴെ ഒന്നു രണ്ടു മുറികളും മുകളിൽ ഞങ്ങൾ കിടക്കാറുള്ള മുറിയും തുടപ്പിച്ചു. ഉച്ചഭക്ഷണം വീട്ടിൽനിന്നു തന്നെ ഉണ്ടാക്കിക്കൊണ്ടുവന്നതു കാരണം ചൂടാക്കി കഴിക്കുകയേ വേണ്ടിവന്നൂള്ളു. ഊണു കഴിഞ്ഞു് ഞാൻ മുകളിൽ പോയി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഇന്ദിരയും വന്ദനയും കയറി വന്നു. ദേവിയെ പറഞ്ഞയച്ചു് അവർ പുറത്തേയ്ക്കുള്ള വാതിലടച്ചിട്ടുണ്ടാവും. ഇതൊക്കെയാണു് ഇവിടെ വന്നാലുള്ള പരിപാടികൾ. ഒരു മാറ്റവുമില്ലാതെ ഇതു് ഒരോ ഒഴിവു ദിവസങ്ങളിൽ തറവാട്ടിൽ വരുമ്പോഴും ആവർത്തിക്കുന്നു. എനിയ്ക്കു് വൈകുന്നേരം തന്നെ തിരിച്ചു പോകണം. നാളെ രാവിലെ ഓഫീസിലെത്തേണ്ടതാണു്. ഞായറാഴ്ചയായതുകൊണ്ടു് അടുക്കളയിലേയ്ക്കു വേണ്ട പലവ്യഞ്ജനങ്ങൾ വാങ്ങാൻ പറ്റില്ല. സാരമില്ല. അമ്മയും മോളും കൂടി നാളെ അതെല്ലാം വാങ്ങിക്കോളും. ദേവിയേയും ഒപ്പം കൂട്ടും.

വൈകുന്നേരം തിരിച്ചു പോകുന്നതിനു മുമ്പു് ഞാൻ പറമ്പിലെല്ലാം നടന്നു നോക്കി. ഒരു മാറ്റവുമില്ല. മരങ്ങളുടെ കൊമ്പുകളും ചില്ലകളുംകൂടി മാറ്റമൊന്നുമില്ലാതെ നിൽക്കുന്നു. ആ മരങ്ങളിലാണു് ഞാനും കുട്ടേട്ടനും ഒരു കാലത്തു് കയറിക്കളിച്ചിരുന്നതു്. എല്ലാം വളരെ സാധാരണമട്ടിൽത്തന്നെ. ഭയം എന്റെ മനസ്സിൽ മാത്രമേയുള്ളൂ എന്നു് എനിയ്ക്കു തോന്നി. ഒരുപക്ഷേ, അങ്ങിനെയൊന്നുമുണ്ടാവില്ല. എല്ലാം എന്റെ തോന്നലുകളായിരിക്കും.

എന്തായാലും ആ യാത്ര എനിയ്ക്കു് അല്പം ആശ്വാസമുണ്ടാക്കി. ഇന്ദിരയേയും വന്ദനയേയും അവിടെ വിട്ടു വരുന്നതു് എനിയ്ക്കൊരു വിഷമമുണ്ടായിരുന്നു. ഞാൻ വീണ്ടും കണക്കുകളുടെ ലോകത്തേയ്ക്കു തിരിച്ചുപോയി. ഉച്ചയ്ക്കു് ഓഫീസിന്നടുത്തുള്ള റസ്റ്റോറണ്ടിൽനിന്നു് സസ്യഭക്ഷണം. വൈകുന്നേരം വീട്ടിൽ ചെന്നാൽ ചോറും കൂട്ടാനുമുണ്ടാക്കും. ആദ്യത്തെ രണ്ടു ദിവസം ഫ്രിജ്ജിൽ ഉണ്ടായിരുന്ന ഭക്ഷണം ചൂടാക്കി കഴിക്കുകയേ വേണ്ടിയിരുന്നുള്ളു. അതിനിടയ്ക്കു് രണ്ടു ദിവസം ഇന്ദിരയും വന്ദനയും രാവിലെ വിളിച്ചിരുന്നു. അമ്പലത്തിൽ പോകുന്ന ദിവസമാണതു്. അമ്പലത്തിനടുത്തു് ഒരു ബൂത്തുണ്ടു്.

‘കണ്ടോ, ഇതാ ഞാൻ അച്ഛനോടു് പറയാറ് ഒരു മൊബൈൽ ഫോൺ വാങ്ങിത്തരാൻ. ഇപ്പൊ മനസ്സിലായില്ലേ?’

‘ഇങ്ങിനെയൊക്കെ അങ്ങു് പോട്ടെ മോളെ.’ ഞാൻ പറയും. എന്തുകൊണ്ടോ അവൾ മൊബൈൽ ഫോണുംകൊണ്ടു് നടക്കുന്നതു് ഞാനിഷ്ടപ്പെട്ടില്ല.

‘ശനിയാഴ്ച നേർത്തെ എത്തണം.’ അവൾ പറയും.

‘രാത്രി എട്ടു മണിയ്ക്കു്.’

എന്റെ കണക്കു കൂട്ടൽ ശരിയായിരുന്നു. ഞാൻ കൃത്യം എട്ടു മണിയ്ക്കുതന്നെ വീട്ടിലെത്തി. കുളത്തിൽ പോയി കുളിച്ചു. എത്ര ലീവെടുത്തു എന്ന ചോദ്യത്തിനു് ഞാൻ അമ്മയോടും മകളോടും ശരിയ്ക്കുള്ള മറുപടി പറഞ്ഞില്ല. രണ്ടാഴ്ച എന്നു പറഞ്ഞാൽ അതിനുമുമ്പു് പോവാൻ അവർ സമ്മതിയ്ക്കില്ല. രാത്രി ഊണു കഴിച്ചു. ഒരാഴ്ചയ്ക്കു ശേഷം നല്ല ഭക്ഷണം കഴിക്കുകയാണു്. അതിന്റെ തളർച്ചയിൽ നല്ലവണ്ണം ഉറങ്ങി. സ്വപ്നങ്ങളില്ലാത്ത ഉറക്കത്തിന്റെ അവസാനത്തിൽ എഴുന്നേറ്റപ്പോൾ നേരം പുലർന്നിരിയ്ക്കുന്നു. താഴെയ്ക്കിറങ്ങിവന്നു. ഇന്ദിരയും വന്ദനയും അമ്പലത്തിൽ പോയെന്നു് മനസ്സിലായി. അടുക്കളയിൽ പോയി നോക്കിയപ്പോൾ കാണുന്നതു് ദേവി ചായയുണ്ടാക്കുന്നതാണു്. അടുത്തുള്ള അടുപ്പിൽ മുളങ്കുറ്റിയിൽ പിട്ടു വെച്ചതിൽനിന്നു് ആവി പൊന്തുന്നു.

‘നന്ദേട്ടൻ ഉണർന്നൂന്നു് ഞാനറിഞ്ഞു. അപ്പൊ ചായണ്ടാക്ക്വാണു്.’

ഞാൻ തളത്തിൽ വന്നിരുന്നു. ദേവി ചായയുമായി വന്നു.

‘അവരു് ഇപ്പൊ വരും. കൊറേ നേരായി പോയിട്ടു്.’

‘ദൈവസന്നിധിയിൽ പോയാൽ ഇന്ദിര അത്ര എളുപ്പൊന്നും വരില്ല. എനിയ്ക്കു് വെശക്ക്ണ്ണ്ടു്. അവരു് വന്നാ ഉടനെ കഴിക്കാലോ?’

‘ങും, കടലക്കറി ണ്ടാക്കിക്കഴിഞ്ഞു. ചേച്ചി അതു് അഞ്ചുമണിയ്ക്കു് തന്നെ അടുപ്പത്താക്കിയിരുന്നു.’

ഭാർഗ്ഗവിയമ്മയുടെ വിശേഷങ്ങൾ ചോദിച്ചു. അങ്ങിനെയെന്തെങ്കിലും ചോദിയ്ക്കാനിരിയ്ക്കുന്നപോലെ അവൾ സംസാരം തുടങ്ങി. വിവരങ്ങളുടെ കുത്തൊഴുക്കു തന്നെ. അവളുടെ മക്കളുടെ കാര്യങ്ങൾ, ചുറ്റുവട്ടത്തുമുള്ള വിശേഷങ്ങൾ. അര മണിക്കൂർ നീണ്ടുനിന്ന അവളുടെ സംസാരം കേട്ടു കഴിഞ്ഞപ്പോഴേയ്ക്കു് എനിയ്ക്കു് കഴിഞ്ഞ ഒന്നര മാസം നഷ്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടി. ഇനി പുറത്തിറങ്ങുമ്പോൾ ആരെങ്കിലും വഴിയ്ക്കു തടഞ്ഞു നിർത്തി സംസാരം തുടങ്ങിയാൽ അതിന്റെ ചരടു പിടിച്ചു് തുടരാൻ വിഷമമുണ്ടാവില്ല.

ഇന്ദിരയും വന്ദനയും വന്നു.

‘ങാ, കുളിച്ചിട്ടില്ലെ?’ ഇന്ദിര ചോദിച്ചു. ‘ഞാൻ വിചാരിച്ചു കുള്യൊക്കെ കഴിഞ്ഞു് ഇരിയ്ക്ക്യാവുംന്നു്. വേഗം കുളിച്ചു വരു. എന്നിട്ടു് മതി പിട്ടു് കഴിയ്ക്കലു്.’

അവൾ അടുക്കളയിലേയ്ക്കു പോയി. വന്ദന വന്നു് എനിയ്ക്കെതിരായി ഇരുന്നു.

‘ഞാൻ പോട്ടെ ചേച്ചി.’ ദേവി പറഞ്ഞു. ‘അവിടെ മക്കള് കാത്തിരിയ്ക്ക്ണ്ണ്ടാവും.’

‘പാവം അച്ഛൻ. അമ്മേ അച്ഛനു് പിട്ടു കൊടുക്കൂ. വെശക്ക്ണ്ണ്ട്ന്നു് തോന്നുണു.’

വന്ദനയുടെ ശുപാർശയ്ക്കു് ഞാൻ ഇന്ദിര അറിയാതെ നന്ദി പറഞ്ഞു.

‘അച്ഛാ. ചായകുടി കഴിഞ്ഞാൽ ഞാനച്ഛനു് ഒരു സാധനം കാണിച്ചു തരാം.?’

‘എന്തു സാധനം?’

‘ഒരു അടച്ചിട്ട മുറീന്നു് കിട്ടീതാ.’

‘അടച്ചിട്ട മുറീന്നോ?’

‘ആ,ന്നേയ്.’ ഇന്ദിര അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു. ‘അവൾക്കു് കഴിഞ്ഞ ഒരാഴ്ച്യായിട്ടു് അതു തന്ന്യായിരുന്നു പണി. ഈ വീട്ടിലെ അടച്ചിട്ട എല്ലാ മുറീം പരിശോധിയ്ക്ക്യാ. അതോണ്ടു് ആ മുറ്യൊക്കെ വൃത്തിയാക്കാൻ പറ്റി.’

‘ദൈവമേ!’

പതിമൂന്നു്

ഒരിക്കൽ അവളെ സസ്പെൻസിൽ നിർത്തിയതിനു് വന്ദന പകരം വീട്ടുകയാണെന്നു തോന്നുന്നു. എന്താണു് കിട്ടിയ അദ്ഭുതവസ്തു എന്നു പറയുന്നില്ല. പറയാം, എന്താ ധൃതി എന്നാണു് ചോദിയ്ക്കുന്നതു്. ഒരിക്കൽ ഇന്ദിരയെ ഒറ്റയ്ക്കു കിട്ടിയപ്പോൾ ഞാൻ ചോദിച്ചു.

‘എന്താണു് മോൾക്കു് കിട്ടിയ സാധനം?’

‘എനിക്കറിയില്ല.’ അവൾ കൈ മലർത്തി. ‘എന്തൊക്ക്യോ കടലാസ്സാണ്ന്നു് തോന്നുണു. ഞാൻ പറഞ്ഞൂന്നു് പറയല്ലേ.’

ശരിയ്ക്കും അവൾക്കറിയില്ല എന്നു തോന്നുന്നു. കാത്തിരിയ്ക്ക തന്നെ.

ഒരു വിധത്തിൽ പ്രാതൽ കഴിച്ചു. പെട്ടെന്നു് വന്ദന അപ്രത്യക്ഷയായി. സംഭവം ശരിയ്ക്കും സസ്പെൻസ് നിറഞ്ഞതുതന്നെ. ഒരു പത്തു മിനുറ്റ് കഴിഞ്ഞു കാണും വന്ദനയുടെ വിളി കേട്ടു.

‘അച്ഛാ വരു.’

എവിടെനിന്നാണെന്നു മനസ്സിലാവുന്നില്ല. ഞാൻ വിളിച്ചു ചോദിച്ചു.

‘നീ എവിട്യാണു്?’

‘ഞാൻ ഇവിടെണ്ടു്, അച്ഛനു് മനസ്സിലാവ്ണ്ല്ല്യേ?’

‘ഇല്ല മോളെ നീയൊന്നു് വന്നിട്ടു് എന്നെ കൂട്ടിക്കൊണ്ടുപോ.’

നിത്യമുപയോഗിക്കുന്ന മുറികളിലൊന്നിലുമല്ല അവളുള്ളതെന്നു് മനസ്സിലായപ്പോൾ ഭയം തോന്നി. അവൾ പ്രത്യക്ഷപ്പെടാൻ കുറേ സമയമെടുത്തു.

‘വരൂ, അതു് എവിട്യാണ്ന്നു് കാണിച്ചു തരാം.’

ഞാൻ അവളുടെ പിന്നാലെ പോയി. ഇടനാഴികയിലൂടെ നടന്നു് അവൾ ഒരു തുറന്നിട്ട മുറിയുടെ മുമ്പിലെത്തി നിന്നു. ‘വരൂ, ഇതിനുള്ളിലാണു്.’

മുറിയുടെ വാതിലിനു മുകളിൽ ഒരു കമാനമുണ്ടു്. ആ നാലുകെട്ടിൽ മൂന്നോ നാലോ മുറികളുടെ വാതിലുകൾക്കു മാത്രമേ കമാനങ്ങളുള്ളൂ. പഴയ ശൈലിയാണു്. ഒരു കാലത്തു് എല്ലാ മുറികളും അങ്ങിനെയായിരുന്നു എന്നു് കേട്ടിട്ടുണ്ടു്. ഏതോ കാരണവരാണു് അതൊക്കെ മാറ്റിയതു്. അന്നു് ഉപയോഗിക്കാതെ അടച്ചിട്ടിരുന്ന കുറച്ചു മുറികൾ മാത്രമേ മാറ്റാത്തതുള്ളു. ദൈവമേ ഇതു് ഇട്ടിരാമൻ കാരണവരുടെ മുറിയോ മറ്റൊ ആണോ?

കമാനമുള്ള ചെറിയ ജനലിലൂടെ വരുന്ന വെളിച്ചത്തിൽ മുറിയുടെ ഉൾഭാഗം പേടിപ്പെടുത്തുന്നതായിരുന്നു. എന്തിനാണു് ഈ പെണ്ണു് ഈ വക സാഹസത്തിനൊക്കെ നിൽക്കുന്നതു?

മുറിയിൽ ഒരു പുരാതനമായ കട്ടിൽ കിടക്കുന്നുണ്ടു്. ഇരട്ടയെന്നു പറയാൻ വയ്യ, എന്നാൽ ഒരുമാതിരി വീതിയുണ്ടു താനും. എതിർവശത്തു് മരത്തിന്റെ അലമാറി. അതല്പം തുറന്നിട്ടിരുന്നു. വന്ദന അവളുടെ പരതലിനായി തുറന്നിട്ടതായിരിയ്ക്കും. ഒരു മൂലയിലിട്ട മേശപ്പുറത്തു് ഒരു നിലവിളക്കുണ്ടു്.

‘ഇതിനുള്ളിൽ കണ്ണു കാണ്ണില്ല.’

‘അതിനു് ഞാൻ വഴി കണ്ടിട്ട്ണ്ടു്.’ വന്ദന മേശപ്പുറത്തുനിന്നു് ഒരു തീപ്പെട്ടിയെടുത്തു് നിലവിളക്കു് കൊളുത്തി.

‘പോരെ അച്ഛനു് വെളിച്ചം?’

‘ഈ നെലവെളക്കു് ഇവിടെണ്ടായിരുന്നതാണോ?’

‘അല്ലച്ഛാ, ഞാൻ കൊണ്ടന്നതാ. ഇവിടെണ്ടായിരുന്ന വെളക്കു് ഇതായിരുന്നു.’

അവൾ നിലത്തുനിന്നു് ഒരു റാന്തൽ എടുത്തുയർത്തി. പെട്ടെന്നാ റാന്തൽ അവളുടെ കയ്യിൽനിന്നു് കമ്പി പൊട്ടി വീണു ചില്ലു തകർന്നു, ഒരു ഭയങ്കര ശബ്ദത്തോടെ. വന്ദനയും ഒന്നു് ഞെട്ടി. കയ്യിലുണ്ടായിരുന്ന തൂക്കുകമ്പി നോക്കിക്കൊണ്ടു് അവൾ പറഞ്ഞു.

‘അച്ഛാ അതു പൊട്ടി വീണതാണു്.’

‘സാരല്ല്യ.’ ഞാനാ കമ്പി അവളുടെ കയ്യിൽ നിന്നു് വാങ്ങി നോക്കി. അതു മുഴുവൻ തുരുമ്പു പിടിച്ചിരിയ്ക്കയാണു്.

‘മോള് പോയി ഒരു ചൂലു് എടുത്തുകൊണ്ടുവാ. ഈ ചില്ലു് ഇപ്പത്തന്നെ അടിച്ചുവാരി ഒരു മൂലേലു് ഇടാം.’

ചൂലു് ഇടനാഴിയിലെവിടേയൊ ഉണ്ടായിരുന്നു. അവൾ, ഉള്ള വെളിച്ചത്തിൽ, ചില്ലും തുരുമ്പുപിടിച്ച കഷ്ണങ്ങളും മേശയ്ക്കു താഴേയ്ക്കു് അടിച്ചുകൂട്ടി.

‘ഇനി പറ എന്താണു് നീ കണ്ടു പിടിച്ച സാധനങ്ങള്. നമുക്കു് വേഗം പോണം ഇവിട്ന്നു്. എനിക്കീ സ്ഥലം ഇഷ്ടായില്ല്യ.’

അവൾ അലമാറി തുറന്നു് ഏതാനും കടലാസ്സു കെട്ടുകൾ എടുത്തു കൊണ്ടുവന്നു് മേശമേൽ വച്ചു. ആധാരം പോലുള്ള കെട്ടുകൾ. തൊടുമ്പോഴേയ്ക്കു് പൊടിഞ്ഞു പോകുന്ന പേജുകൾ സൂക്ഷിച്ചേ കൈകാര്യം ചെയ്യാൻ പറ്റു. ഞാൻ പറഞ്ഞു.

‘നമുക്കു് ഇതു പുറത്തു കൊണ്ടുപോയി പരിശോധിക്കാം. ഈ നിലവിളക്കിന്റെ വെളിച്ചത്തിൽ അച്ഛനു് ഒന്നും കാണ്ണില്ല്യ. നീ മുമ്പിലു് നടക്കു്.’

വന്ദന നിലവിളക്കു കെടുത്തി പുറത്തു കടന്നു. ഞാനവളുടെ പിന്നാലെ ആ കടലാസ്സു കെട്ടുകളുമായി പുറത്തു കടന്നു. പെട്ടെന്നാണു് ഓർത്തതു് ജനലടച്ചിട്ടില്ല എന്ന കാര്യം. ഞാൻ കെട്ടുകൾ വന്ദനയുടെ കയ്യിലേൽപ്പിച്ചു അകത്തേയ്ക്കുതന്നെ പോയി. ജനലും വാതിലും അടച്ചിരുന്നതുകൊണ്ടായിരിക്കണം മുറിയിൽ തട്ടിന്റെ വളയിൽ തൂങ്ങിനിൽക്കുന്ന നരിച്ചീറുകൾ വരാത്തതു്. എനിയ്ക്കാ ജീവികളെ വളരെ പേടിയാണു്. അവരും മരിച്ചു പോയവരും തമ്മിൽ ബന്ധമുണ്ടെന്നൊക്കെ കുട്ടിക്കാലത്തു് കഥകൾ കേട്ടതുകൊണ്ടായിരിക്കണം. പാവം ജീവികൾ. ജനലടച്ചു് തിരിച്ചുവന്നു് വാതിലടക്കുമ്പോഴാണു് ഞാനതു കണ്ടതു്. നിഴൽ പോലെ മുറിയിലേയ്ക്കു് ഒരു കോണിയിറങ്ങി വരുന്നു. ഞാൻ അടയ്ക്കാൻ പോയ വാതിൽ ഒരിയ്ക്കൽക്കൂടി തുറന്നു നോക്കി. അതപ്രത്യക്ഷമായിരിക്കുന്നു. എന്റെ തോന്നലായിരിക്കണം.

‘എന്താ അച്ഛാ?’ വന്ദന ചോദിച്ചു.

‘ഏയ് ഒന്നുംല്ല്യ.’

വീണ്ടും ഇടനാഴികൾ.

‘നമുക്കു് മോളിലു് പോവാം.’ ഞാൻ പറഞ്ഞു. ‘അച്ഛന്റെ ഓഫീസ് മുറിയിലേയ്ക്കു്?’

‘ഓഫീസ് മുറിയോ?’

‘അതെ.’ അച്ഛന്റെയും കുട്ടമ്മാമയുടെയും കുട്ടിക്കാലത്തെ ഓഫീസ് മുറി ഏതാണെന്നു് ഞാനവൾക്കു കാണിച്ചു കൊടുത്തു. അച്ഛനും കുട്ടമ്മാമയും ഒരു കാലത്തു് കിടന്നിരുന്ന മുറിയാണു് ഞങ്ങൾ ഇപ്പോൾ കിടപ്പറയായി ഉപയോഗിക്കുന്നതെന്നതു് അവളെ സംബന്ധിച്ചേടത്തോളം അല്പം ത്രില്ലുണ്ടാക്കുന്ന പുതിയ അറിവായിരുന്നു. അങ്ങിനത്തെ കാര്യങ്ങളൊന്നും ഇന്ദിര അവളോടു് പറഞ്ഞിരുന്നില്ല.

ആദ്യം തുറന്ന കെട്ടു് ഒരു ആധാരം തന്നെയായിരുന്നു. അതു് വായിക്കണമെങ്കിൽ പഴയ മലയാളം അറിയുകതന്നെ വേണം. വല്ലാത്തൊരു ഭാഷ. മലയാളഭാഷയ്ക്കു് ഇങ്ങിനെയൊരു ശൈലിയുണ്ടായിരുന്നോ? സ്റ്റാമ്പ് പേപ്പറിൽ എഴുതിയ ആധാരം ഈ നാലുകെട്ടിന്റെയും അതിനു ചുറ്റുമുള്ള പറമ്പിന്റെയും ആണു്. അതെങ്ങിനെ മനസ്സിലായി എന്നൊന്നും ചോദിക്കരുതു്. ഒരു പത്തു ശതമാനം മനസ്സിലായതിൽനിന്നാണു് പറയുന്നതു്.

‘അച്ഛാ ഞാനൊരു കാര്യം ചോദിയ്ക്കട്ടെ?’

‘പറയൂ.’

‘അച്ഛനെന്താണു് ആ മുറീടെ വാതിൽ ചാരാൻ നോക്കീട്ടു് പിന്നീം തൊറന്നു നോക്ക്യതു?’

‘ഏയ് വെറുതെ?’

‘എന്തിനാച്ഛാ നൊണ പറേണതു്. ഞാൻ പറയട്ടെ? അച്ഛനതിനുള്ളിലു് എന്തോ കണ്ടു അല്ലെ?’

‘ഏയ് എന്തു കാണാനാ? എന്താ നെണക്കു് അങ്ങിന്യൊക്കെ തോന്നാൻ കാരണം?’

‘ഞാൻ പറയട്ടെ അച്ഛൻ എന്താ കണ്ടത്ന്നു്. അച്ഛൻ അവിടെ ഒരു കോണി കണ്ടു അല്ലെ? പിന്നെ നോക്ക്യപ്പൊ അതു പോവും ചെയ്തു.’

ഞാൻ ഒന്നും പറഞ്ഞില്ല. പറഞ്ഞിട്ടു് കാര്യമില്ല. വന്ദന അങ്ങിനെയാണു്. കാര്യങ്ങൾ തുറന്നു പറയും, അതും പെട്ടെന്നു്. നമുക്കു് തയ്യാറെടുപ്പിനുള്ള സമയം തരില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അവളും അതു കണ്ടിട്ടുണ്ടാവും. എന്താണെന്നു നോക്കാൻ വീണ്ടും നോക്കിയപ്പോളതു് അപ്രത്യക്ഷമായിട്ടുണ്ടാവും. ഇതെല്ലാം എന്തിന്റെ നിമിത്തങ്ങളാണു് ? എല്ലാം നിർത്തിവച്ചു് തിരിച്ചു പോവണമെന്നാണോ ഇതിന്റെയൊക്കെ അർത്ഥം. എനിക്കാ കാരണവരെ ശരിയ്ക്കും ഭയമായിത്തുടങ്ങിയിരിക്കുന്നു. എന്തുദ്ദേശ്യമായാലും അതു് കുറച്ചുകൂടി വ്യക്തമാക്കിത്തന്നുകൂടെ?

‘എന്താണച്ഛാ അതു?’

‘എനിക്കറിയില്ല മോളെ. അതു് വല്ല നിഴലുമായിരിക്കും?’

‘എന്തിന്റെ നിഴൽ? അവിടെ വെളിച്ചം വരാൻ യാതൊരു വഴിയും ഇല്ല്യല്ലൊ.’

ഞാൻ വീണ്ടും മുമ്പിലിരിക്കുന്ന ആധാരക്കെട്ടു പരിശോധിക്കാൻ തുടങ്ങി. വെറും വൃഥാവ്യായാമം. പെട്ടെന്നാണു് ഒരു പേജ് എന്റെ കണ്ണിൽ പെട്ടതു്. ഒരു സ്കെച്ചാണതു്. ഒരു കെട്ടിടത്തിന്റെ പ്ലാൻ. സ്വന്തം കെട്ടിടത്തിന്റെ പ്ലാൻ വരച്ചതു നോക്കി നോക്കി ഞാനൊരു വിദഗ്ദനായി മാറിയിരുന്നു. ഒരു ബി. ആർക് ഡിഗ്രിയൊന്നും കിട്ടില്ലെങ്കിലും ഒരു പ്ലാൻ കണ്ടാൽ അതെന്തിന്റേതാണെന്നു മനസ്സിലാക്കാൻ മാത്രം വൈദഗ്ദ്യം ലഭിച്ചിട്ടുണ്ടെന്നർത്ഥം. കെട്ടിന്റെ എകദേശം നടുവിലായി സ്ഥിതി ചെയ്തതുകൊണ്ടു് ആ പേജിനു് അധികം കേടുപാടുകൾ പറ്റിയിട്ടില്ല. ഞാനതു പുറത്തെടുത്തു. ഒരു മണിക്കൂർ നേരത്തെ പഠനത്തിനു ശേഷം ഒരു കാര്യം മനസ്സിലായി. അതൊരു എട്ടുകെട്ടിന്റെ പ്ലാനാണു്. അതായതു് ഇപ്പോഴുള്ള നാലുകെട്ടിന്റെ പഴയ രൂപം. ഒരു പ്രാകൃതമായ രൂപരേഖയാണു്. ഒരു പ്രൊഫഷനൽ തയ്യാറാക്കിയതല്ലെന്നു് പെട്ടെന്നു് മനസ്സിലാക്കാം. ഒരു പക്ഷേ, ആധാരമെഴുതുന്നവർ വരച്ചുണ്ടാക്കിയതായിരിക്കും. അല്ലെങ്കിൽ സർവ്വേ ഡിപ്പാർട്ടുമെന്റിൽ അന്നൊക്കെ അങ്ങിനത്തെ സ്കെച്ചുകളായിരിക്കും ഉപയോഗിക്കുന്നതു്. സംഗതി എന്തുതന്നെയായാലും ആ സ്കെച്ച് വളരെ വ്യക്തമായിരുന്നു. മുറികൾ, ഇടനാഴികകൾ, നടുമിറ്റങ്ങൾ, പത്തായപ്പുര, രണ്ടു കിണർ, ഇത്രയും കാര്യങ്ങൾ വളരെ വ്യക്തമാണു്. പുറത്തുള്ള അളവുകളല്ലാതെ ഉള്ളിലുള്ള അളവുകളൊന്നും ചേർത്തിട്ടില്ല. ആ അളവുകൾ തന്നെ കോലിൽ ആയിരിയ്ക്കും. ഒരു കോൽ എന്നു പറഞ്ഞാൽ എത്ര അടിയാണെന്നു് ഏതെങ്കിലും മരപ്പണിക്കാരോടു ചോദിക്കണം. രണ്ടടിയാണെന്നു തോന്നുന്നു. ആ സ്കെച്ച് നോക്കിക്കൊണ്ടിരിയ്ക്കെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടു. ഈ കെട്ടിടം ഒരു നാലുകെട്ടല്ല, എട്ടുകെട്ടുമല്ല, അതിനുരണ്ടിനുമിടയിൽ കിടക്കുന്ന ഒന്നാണു്. എട്ടുകെട്ടു പൊളിച്ചു മാറ്റിയപ്പോൾ രണ്ടാം നടുമിറ്റത്തിന്റെ ഭാഗത്തുനിന്നു് അപ്പുറത്തേയ്ക്കേ പൊളിച്ചു മാറ്റിയിട്ടുള്ളു. അതാണു് ഈ വീടു് ഇത്ര ഭീകരമായിരിക്കുന്നതു്. രണ്ടുമല്ലാത്ത ഒരു ഭീകരജീവി.

വന്ദന വേറൊരു കെട്ടെടുത്തു് തുറന്നു നോക്കുകയായിരുന്നു. അതിനിടയ്ക്കാണു് എന്റെ കയ്യിൽ ഈ സ്കെച്ച് കണ്ടതു്. അവൾക്കു് താല്പര്യമായി.

‘എന്താ അച്ഛാ അതു?’

‘ഇതു് മോളെ നമ്മടെ വീടിന്റെ അസ്സൽ, എന്നുവച്ചാൽ ഒറിജിനൽ പ്ലാനാണു്. പണ്ടിതൊരു എട്ടുകെട്ടായിരുന്നു. നാലുകെട്ടിന്റെ ഇരട്ടി വലുപ്പമുള്ള ഒരു കെട്ടിടം. പിന്നീടതു് ഒരു കാരണവരുടെ കാലത്തു് പൊളിച്ചു് നാലുകെട്ടാക്കിത്തീർത്തു. പക്ഷേ, ഇപ്പോഴാണു് അച്ഛനു് മനസ്സിലാവണതു് ഇതു് നാലുകെട്ടാക്കിയിട്ടില്ലാന്നു്. എട്ടുകെട്ടിന്റെ ചെറിയൊരു ഭാഗേ പൊളിച്ചു മാറ്റീട്ടുള്ളു. അതാണു് ഇത്രയധികം മുറികള് ഈ വീട്ടിൽ കാണണതു്. അച്ഛനും ആലോചിക്കാറ്ണ്ട്…’

വീടിന്റെ വാസ്തുവിദ്യയെപ്പറ്റിയുള്ള അറിവു് എ ന്നെ എവിടെയും എത്തിക്കുന്നില്ല. ചതുരംഗപ്പലകയുടെ അർത്ഥമെന്താണെന്നോ, ഞാനും കുട്ടേട്ടനും ഉദ്ദേശിക്കുന്ന തരത്തിലുള്ള ഒരു നിധി അവിടെയുണ്ടോ എന്നുമറിയാൻ ഇനിയും കുറെയേറെ അദ്ധ്വാനിക്കണം. ദൈവമേ ഞാനെവിടെയാണു് അന്വേഷിച്ചു പോകേണ്ടതു?

അവൾ കണ്ടുപിടിച്ച വസ്തുക്കൾ കാര്യമായ ചലനങ്ങളൊന്നും എന്നിൽ ഉണ്ടാക്കിയില്ല എന്നറിഞ്ഞപ്പോൾ വന്ദനയ്ക്കു് നിരാശയായി.

‘ഞാൻ വിചാരിച്ചു…’

അവൾ വിചാരിച്ചതെന്തെന്നു് എനിയ്ക്കറിയാം. ഞാൻ കെട്ടുകളെല്ലാം മേശയുടെ ഒരറ്റത്തേയ്ക്കു് നീക്കിവച്ചു പറഞ്ഞു.

‘നമുക്കു് ചെസ്സ് കളിക്ക്യാ?’

ഉച്ചയുറക്കം കഴിഞ്ഞപ്പോൾ ഇന്ദിര തന്ന കടുപ്പമുള്ള ചായ കുടിച്ചു. ഒന്നു് പുറത്തിറങ്ങിയാൽ നന്നായിരിക്കും. ലീവ് റദ്ദാക്കി നാളെത്തന്നെ ഓഫീസിൽ പോയി ജോലി തുടങ്ങിയാലോ? ഈ അന്വേഷണം എവിടെയും എത്തുന്നില്ല. എത്താനും പോകുന്നില്ല. നിരാശ മാത്രം ബാക്കി. ഏതു ഭാഗത്തേയ്ക്കു നടക്കണമെന്നു് ആലോചിച്ചു് പൂമുഖത്തിരിക്കയാണു് ഞാൻ. ഇന്ദിരയും വന്ദനയും അവരുടെ ദിവസേനയുള്ള അമ്പല സന്ദർശനത്തിനു് ഇറങ്ങാൻ തയ്യാറായി വന്നു.

‘വരുന്നോ അമ്പലത്തിലേയ്ക്കു്?’

‘അച്ഛാ വരു, രസാണു്.’

‘ഇല്ല നിങ്ങള് പോയി ഈശ്വരാനുഗ്രഹം വാങ്ങി വരൂ.’

‘എങ്ങട്ടേങ്കിലും പോവ്വാണെങ്കിലു് ദേവിയോടു് പറഞ്ഞിട്ടു പോണം.’ ഇന്ദിര പറഞ്ഞു. ‘അവൾ വാതിലടച്ചു് കുറ്റിയിട്ടോളും. അവള് അട്ക്കളേല്ണ്ടു്.’

‘ശരി.’

ഞാൻ അകത്തേയ്ക്കു പോയി മുണ്ടും ഷർട്ടും മാറ്റിവന്നു. ഒന്നു് നടക്കണം, തീർച്ച. എങ്ങോട്ടു പോണമെന്നതു് പടിപ്പുര കടന്നാൽ തനിയെ തീർച്ചയാവും. പടിപ്പുരയിൽനിന്നു് ഞാൻ തിരിഞ്ഞുനോക്കി. ഒരു കൂറ്റൻ വീടു്. കുട്ടേട്ടൻ പറഞ്ഞ പോലെ അതു് എന്തെങ്കിലും ചെയ്യണം, നാശമാവുന്നതിനുമുമ്പു്. ഇനിയുള്ള കാലത്തു് എന്തിനാണു് ഇത്ര വലിയ വീടുകൾ? വല്ല നഗരപ്രാന്തങ്ങളിലാണെങ്കിൽ ആർക്കെങ്കിലും ഇതൊരു ഹോട്ടലാക്കി മാറ്റാൻ കഴിയുമായിരുന്നു. ഇവിടെ, ഈ കാട്ടുമുക്കിൽ ആർക്കാണു് ഇതാവശ്യം? പൊളിച്ചു വിറ്റാൽ കിട്ടുന്ന മരത്തിന്റെ വിലകൊണ്ടു് അവർക്കു്, കൊടുത്ത പണം മുതലാവും. അത്രതന്നെ.

ഞാൻ പാടത്തെത്തിയിരുന്നു. വീതിയുള്ള വരമ്പിലൂടെ നടക്കുമ്പോൾ ആലോചിച്ചു. ഒരു കാലത്തു് ഈ വയലുകളെല്ലാം ഞങ്ങളുടെയായിരുന്നു. അമ്മാമന്റെ അവസാന കാലത്തുതന്നെ മിക്കവാറും എല്ലാം വിറ്റഴിച്ചു. എനിയ്ക്കും കുട്ടേട്ടനും അതിന്റെ വീതം കിട്ടി.

‘എങ്ങട്ടാണാവോ?’

എതിരേ നടന്നുവന്നിരുന്ന വയസ്സനെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.

‘മൂത്താശാര്യല്ലെ?’

‘അതെമ്പ്രാ.’

‘എന്തൊക്ക്യാണു് വിശേഷം?’

‘ഇങ്ങിന്യൊക്കെ കഴീണു.’

പെട്ടെന്നു് തേടിയ വള്ളി കാലിൽ തടഞ്ഞുവെന്നു് എന്റെ മനസ്സു പറയുകയാണു്. ഏതോ ഒരു ശക്തി ആ വള്ളി എന്റെ കാലിൽ കൊണ്ടുവന്നിട്ടതാണു്. അതു് ഇട്ടിരാമൻ കാരണവർതന്നെയാവട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു.

‘അച്ഛനു് വിശേഷൊന്നുംല്ല്യല്ലൊ.’

‘ഇല്ലമ്പ്രാ. എന്നേക്കാൾ ആരോഗ്യണ്ടു്. അങ്ങനെ പൊറത്തൊന്നും എറങ്ങാറില്ല.’

ആ തമ്പ്രാൻ വിളി കേൾക്കുമ്പോൾ വിഷമം തോന്നുകയാണു്. മൂത്താശാരിയുടെ മകൻ അനിൽ എന്റെ സഹപാഠിയാണു്. അയാൾ ബി. ആർക് കഴിഞ്ഞു് ദുബായിൽ നല്ല ജോലിയിലാണു്. ഇവിടെ അവരുടെ പഴയ കൊച്ചു വീടു് പൊളിച്ചു് ഒരു വലിയ ഇരുനില വീടുണ്ടാക്കിയിട്ടുണ്ടു്. പണക്കാർ എന്നു പറയാം. എന്നാലും മൂത്താശാരി ഇപ്പോഴും പറയുന്നതു് ‘അടിയൻ’ എന്നും, സ്വന്തം വീടിനെ ‘കുടി’യെന്നുമാണു്. ഒരു കാലത്തു് സവർണ്ണർ ചെയ്തുവച്ച ദ്രോഹം!

‘എനിയ്ക്കു് അച്ഛനെയൊന്നു് കാണണംന്ന്ണ്ടു്. കൊറേ കാലായി കണ്ടിട്ടു്.’

‘പോവ്വാലോ.’

വലിയ മൂത്താശാരിയ്ക്കു് എന്നെ പരിചയപ്പെടുത്തേണ്ടി വന്നു. അദ്ദേഹത്തിനു് ചുരുങ്ങിയതു് തൊണ്ണൂറു് വയസ്സായിട്ടുണ്ടാവും. ഏകദേശം ഇരുപതു കൊല്ലമായിട്ടു് അദ്ദേഹം പണിയ്ക്കൊന്നും പോവാറില്ല. അതിനു മുമ്പു് ആ ദേശത്തെ മാത്രമല്ല, അടുത്ത ദേശങ്ങളിലെ പ്രധാനപ്പെട്ട വീടുപണി മുഴുവൻ വലിയ മൂത്താശാരിയുടെ മേൽനോട്ടത്തിലായിരുന്നു. എന്തായാലും ചോദിച്ചു നോക്കാം.

‘അല്ലാതെന്താ? അതൊക്കെ ചെയ്തതു് ഞാന്തന്ന്യാ. നിങ്ങടോടെണ്ടായിര്ന്ന എട്ടുകെട്ടു് മുഴുവൻ പൊളിച്ചിട്ടില്ല. പൊളിയ്ക്കാൻ തൊടങ്ങ്യപ്പഴാ ഇട്ടിരാമത്തമ്പ്രാൻ പറഞ്ഞതു് മുഴുവൻ പൊളിക്കണ്ടാന്നു്. അങ്ങന്യങ്ങട്ടു് നിർത്താൻ പറ്റ്വോ? ഞാമ്പറഞ്ഞു, ഇതിനു് ചെല നെയമങ്ങളൊക്കെ ഇല്ല്യേ. ഇത്രേലു് നിർത്ത്യാ താമസിക്കണോർക്കു് നന്നല്ലാന്നു്. മൂപ്പരു് വല്ലാത്ത ആളായിര്ന്നു. നന്നല്ലെങ്കീ നന്നല്ല, ഇത്ര മതി. ഇത്രേം പൊളിച്ചാ മതീന്നു്. എന്നിട്ടാ തിരുമേനീനെ കൊണ്ടന്നു് പ്രശ്നം വെച്ചു നോക്കീതു്. തിരുമേനി പറഞ്ഞു. ഇത്രേ പൊളിച്ചാ മത്യെങ്കീ അത്രേം മതി. പക്ഷേ, പൊളിച്ച സ്ഥലത്തു് ഭഗവതീനെ പ്രതിഷ്ഠിക്കണംന്നു്. അല്ലെങ്കീ കെട്ടിടത്തിന്റെ തൂക്കം ശരിയാവില്ലാന്നു്. പിന്നെ അദ്ദേംതന്നെ പ്രശ്നം വച്ചുനോക്കി. അപ്പളാ മനസ്സിലായതു് അവിടെ അമ്പലം പാടില്ലാന്നു്. അമ്പലത്തിന്റെ സ്ഥാനം തെക്കു ഭാഗത്താണ്ന്നു്. അപ്പൊ ഇട്ടിരാമൻ തമ്പ്രാൻ പറഞ്ഞു. അങ്ങന്യാണെങ്കീ അങ്ങനെ. എന്താ രാമാ തനിയ്ക്കു് അമ്പലംണ്ടാക്കാൻ അറിയ്യോ? അടിയൻ പറഞ്ഞു, അടിയനറിയില്ലെങ്കീപ്പിന്നെ ഇവിടെ ആർക്കും അറിയൂല. ന്നാ ഒടനെ പണി തൊടങ്ങിക്കോ രാമാന്നു് പറഞ്ഞു് തമ്പ്രാൻ. അടിയനന്നു് വയസ്സ് ഇരുപത്തഞ്ചു്.’

ദുബായിൽ നിന്നു കൊണ്ടുവന്ന പതുപതുത്ത കുഷ്യനുള്ള സോഫയിലിരുന്നു് ഞാനാ കഥകൾ കേട്ടു. അപ്പോൾ എന്റെ ഊഹം ശരിതന്നെയാണു്. എട്ടുകെട്ടു് മുഴുവൻ പൊളിച്ചുമാറ്റിയിട്ടില്ല. സാധാരണ എട്ടുകെട്ടുകളിലും നാലുകെട്ടുകളിലും പത്തായപ്പുര തൊട്ടടുത്തുതന്നെ കാണാറുണ്ടു്. ആ പറമ്പിലെന്താണു് അങ്ങിനെയൊരു പുര ഉണ്ടാവാഞ്ഞതു? ഞാൻ എന്റെ സംശയം മൂത്താശാരിയോടു് ചോദിച്ചു.

‘നിങ്ങടെ പത്തായപ്പെരേലാണു് ഇപ്പ ശങ്കരൻ നായര്ടെ കുടുംബം താമസിക്കണതു? പത്തായപ്പെര കൊറച്ചു് വിട്ടിട്ടായിരുന്നു. പത്തേക്ര പറമ്പായിരുന്നു അത്ന്നു് കേട്ട്ട്ട്ണ്ടു്. ഓരോ കാരണവന്മാരായിട്ടു് മുറിച്ചു് വിറ്റതാ. ഇത്രേം വല്യ പറമ്പു് നോക്കിണ്ടാക്കലു് എളുപ്പാണോ?’

‘ആരാ ശങ്കരൻ നായരു്?’

‘ങാ, അതറീല്ല്യേ? നിങ്ങടെ തെക്കേ പറമ്പിലു് താമസിക്കണ ഭാർഗ്ഗവിയമ്മ ഇല്ലെ? അവര്ടെ ഭർത്താവു്. നിങ്ങടെ തറവാടിലു് കാര്യസ്ഥനായിരുന്നു. നേരത്തെ മരിച്ചു.’

അതെനിയ്ക്കു് പുതിയ അറിവായിരുന്നു. അപ്പോൾ ആ എട്ടുകെട്ടു് എന്നതു് ഒരു ഭീകരവസ്തു തന്നെയായിരുന്നു. ഞാൻ ചോദിച്ചു.

‘ആ എട്ടുകെട്ടു് ഉണ്ടാക്കീതു് വലിയ മൂത്താശാര്യാണോ?’

‘അയ്യോ അതൊക്കെ അട്യന്റെ അച്ഛന്റെ കാലത്ത്ണ്ടാക്ക്യതാണു്. ജാതവേദൻ തിരുമേനിയാണു് അതിന്റെ കണക്കൊക്കെ കൊടുത്തതു്. അച്ഛനെപ്പോലത്തെ എട്ടു് മൂത്താശാരിമാര്ണ്ടായിരുന്നു. പോരാത്തതിനു് ചെറിയ ആശാരിമാരു് വേറീം. അതൊക്കെ കേട്ടറിവേള്ളൂ.’

‘ഒരു കാര്യം ചോദിക്കട്ടെ? എട്ടുകെട്ടു് ശരിയ്ക്കു് പകുതി പൊളിക്കാത്തതോണ്ടു് എന്തെങ്കിലും കൊഴപ്പംണ്ടായ്യോ?’

‘എന്താണ്ടാവാതെ. തമ്പ്രാന്റെ ഏട്ടൻ മൂന്നാമത്തെ കൊല്ലം മരിച്ചുപോയില്ല്യേ. മൂന്നു കൊല്ലം കഴിഞ്ഞപ്പോ ഇട്ടിരാമത്തമ്പ്രാനും മരിച്ചു. കൊറേക്കാലം കെടന്നിട്ടാ മരിച്ചതു?’

‘എന്തായിരുന്നു അസുഖം?’

‘അതൊന്നും ആർക്കും അറീല്ല്യാ. അന്നൊക്കെ ആ തറവാട്ടിലു് നടക്കണ കാര്യങ്ങള് അത്ര എളുപ്പൊന്നും പൊറത്തു് കേക്കില്ല. ഓരോന്നു് പറഞ്ഞു് കേക്കും. അതൊക്കെ ശര്യാവണംന്ന്ല്ല ്യ.’

പതിനാലു്

എന്റെ ഊഹം ശരിയായി വന്നു. എട്ടുകെട്ടു് പൊളിയ്ക്കുമ്പോൾ ആ ഭാഗം മുഴുവൻ പൊളിച്ചുമാറ്റിയിട്ടില്ല. എനിയ്ക്കു തോന്നുന്നതു് വളരെ കുറച്ചു മാത്രമേ മാറ്റിയിട്ടുള്ളു എന്നാണു്. അതാണു് ഈ കെട്ടിടത്തിനു് ഒരു നാലുകെട്ടിനു യോജിക്കാത്ത വലുപ്പം. ഇനി എനിയ്ക്കു ചെയ്യേണ്ടതു് ആധാരത്തിനോടൊപ്പം കിട്ടിയ പ്ലാൻ വച്ചു് അതിൽ പൊളിച്ചു കളഞ്ഞ മുറികളെല്ലാം ഒഴിവാക്കി പുതുതായി ഒരു സ്കെച്ച് വരക്കുകയാണു്. എന്നിട്ടു്? എന്നിട്ടു് എന്താവുന്നു എന്നു നോക്കാം. തട്ടിൻപുറത്തുനിന്നു് കിട്ടിയ ചെമ്പിന്റെ ചതുരംഗപ്പലക ഡ്രോയറിൽ നിന്നെടുത്തു് നോക്കി. വന്ദന അതു മറക്കാതെ എടുത്തു കൊണ്ടുവന്നിട്ടുണ്ടു്.

വലിയ മൂത്താശാരിയെ കണ്ട കാര്യം പറഞ്ഞപ്പോൾ വന്ദന പറഞ്ഞു.

‘ശരിയാണു് അച്ഛാ. നമുക്കൊരു പുതിയ സ്കെച്ചുണ്ടാക്കാം. നമുക്കാ കമ്പ്യൂട്ടർ കൊണ്ടുവരായിരുന്നു. അതിൽ എളുപ്പം ചെയ്യാവണ കാര്യാണതു്.’

‘കമ്പ്യൂട്ടർ ഞാൻ നാളെത്തന്നെ കൊണ്ടത്തരാം.’ ഞാൻ പറഞ്ഞു. ‘രാവിലെ പോയാൽ എനിയ്ക്കു് വൈകുന്നേരം തിരിച്ചുവരാം. യു. പി. എസ്സൊന്നും കൊണ്ടരാൻ പറ്റില്ല. നല്ല കനംണ്ടു് അതു്.’

‘സാരല്ല്യ. അയ്യഞ്ചു മിനുറ്റ് കൂടുമ്പോ സേവ് ചെയ്താപോരെ? സ്കെച്ചുണ്ടാക്കീട്ടു് എന്തു ചെയ്യാനാണച്ഛാ?’

‘സത്യം പറയട്ടെ മോളെ, അച്ഛനു് വലിയ രൂപൊന്നുംല്ല്യ. അച്ഛൻ പെട്ടെന്നുണ്ടാവണ ഒരു പ്രേരണേലാണു് ഇതൊക്കെ ചെയ്യണതു്. ഇതൊക്കെ എവിട്യെങ്കിലും എത്തുംന്ന്ള്ള തോന്നലു്. ഈ തോന്നലു് കുട്ടിക്കാലം തൊട്ടെ ഉണ്ടു്. അമ്മ പറയും ദൈവമാണെന്നു്, ഞാൻ പറയും വിധിയാണെന്നു്. അതു രണ്ടുമല്ല, ഇനി വേറെയെന്തെങ്കിലും ആണോന്നും അച്ഛനറിയില്ല.’

വന്ദന കുറച്ചുനേരം ആലോചിച്ചുകൊണ്ടിരുന്നു. അതിനു ശേഷം എന്നോടു് കാര്യമായി ചോദിച്ചു.

‘ഞാൻ ഒരു കാര്യം ചോദിച്ചാൽ അച്ഛൻ സത്യം പറയ്യോ?’

‘എന്താ മോളെ?’

‘തട്ടിൻപൊറത്ത്ള്ള ആ പെട്ടി ഇല്ല്യേ, ഒരിക്കലു് അച്ഛന്റെ ഒപ്പം പോയപ്പോ അതു് തൊറക്കാൻ പറ്റീന്നു് പറഞ്ഞു അമ്മ. അമ്മ ശരിയ്ക്കും ആ പെട്ടി തൊറന്ന്വോ?’

‘എന്താ ചോദിയ്ക്കാൻ കാരണം?’

‘അച്ഛൻ പറയൂ.’

‘അമ്മേടെ വിചാരം അമ്മയ്ക്കതു തൊറക്കാൻ പറ്റീന്നാണു്.’ ഞാൻ പറഞ്ഞു. ‘എന്നാൽ അമ്മയ്ക്കതു് ശരിയ്ക്കും തൊറക്കാൻ പറ്റീട്ടില്ല്യ.’

ഉണ്ടായ കാര്യങ്ങൾ വിവരിച്ചുകൊടുത്തപ്പോൾ അവൾ പറഞ്ഞു. ‘എനിയ്ക്കും അതു തൊറക്കാൻ പറ്റീല്ല്യ.’

‘അപ്പൊ നീ തട്ടിൻപൊറത്തു് പോയോ? ആര്ടെ ഒപ്പം?’

‘ഞാനീ ബുധനാഴ്ച പോയി, ഒറ്റയ്ക്കു്.’

ഞാൻ തരിച്ചിരുന്നു. ഞാൻ ഏറ്റവുമധികം ഭയപ്പെടുന്ന ഒരു സ്ഥലമായി ആ തട്ടിൻപുറം മാറിയിരുന്നു. അവിടേയ്ക്കാണു് ഈ പതിനഞ്ചു വയസ്സുകാരി ഒറ്റയ്ക്കു് കയറിയിരിയ്ക്കുന്നതു്! ഞാൻ ഒന്നും പറയാതിരിക്കുന്നതു കണ്ടപ്പോൾ അവൾ പറഞ്ഞു.

‘അച്ഛനെന്നോടു് ദേഷ്യായോ?’

‘ദേഷ്യല്ല മോളെ. എന്തുകൊണ്ടോ, പോവാൻ പറ്റിയ സ്ഥലല്ലാ അതു് എന്ന്ള്ള തോന്നല്ണ്ടു് അച്ഛനു്. ഞാനീ വീടു് വിൽക്കാൻ തീർച്ച ്യാക്കിയിരിക്കുണു. അതിനു മുമ്പു് ഒരവസാന ശ്രമം കൂടി നടത്താംന്നു് കരുതിയിരിയ്ക്ക്യാണു്. ഇതും ശരിയായില്ലെങ്കിൽ അതു പോട്ടേന്നു് വിചാരിയ്ക്കും.’

വന്ദന നിശ്ശബ്ദയായി.

‘സാരല്ല്യ മോളെ. ഇനി ഒറ്റയ്ക്കു് മോളിലു് പോവര്തു്. ആരെങ്കിലും ഒപ്പംണ്ടെങ്കിൽ എന്തെങ്കിലും സഹായത്തിനു് വിളിച്ചു പറയെങ്കിലും ചെയ്യാലോ.’

അവൾ തലയാട്ടി.

‘ഞാനിപ്പോൾ പോയി ഈ സ്കെച്ചിന്റെ ഒരു ഫോട്ടോകോപ്പി എടുത്തു കൊണ്ടുവരാം. പൊളിച്ചു കളഞ്ഞൂന്നു് തോന്നണ ഭാഗങ്ങള് തല്ക്കാലം അതീന്നു് വെട്ടിക്കളഞ്ഞാ മതീലോ. അതു നമുക്കു് താഴെ കൊണ്ടുപോയി ശരിയ്ക്കുള്ള മുറികളുമായിട്ടു് ഒത്തു നോക്കാം. അതിനുശേഷം നിനക്കതു കമ്പ്യൂട്ടറിലാക്കാലോ.’

‘അച്ഛൻ ഒരു കാര്യം കൂടി ചെയ്യണം. നാളെ കമ്പ്യൂട്ടറെടുക്കാൻ പോമ്പ ഈ സ്കെച്ച് സ്കാൻ ചെയ്തു കൊണ്ടരണം. എന്നാൽ സ്കാനറും ഏറ്റണ്ടല്ലൊ. സ്കാൻ ചെയ്താലെന്റെ പണി കൊറച്ചുകൂടി എളുപ്പാവും.’

‘ശരി. നല്ല ഐഡിയ.’

സ്കെച്ചു ഫോട്ടോകോപ്പിയെടുത്തപ്പോൾ കൂടുതൽ വ്യക്തമായി. കുറച്ചു വലുതാക്കി കോപ്പിയെടുത്തതിനാൽ ഇടനാഴികകളും അവയ്ക്കിടയിലുള്ള ചെറിയ മുറികളും കോണിമുറിയും കൂടുതൽ വ്യക്തമായിട്ടുണ്ടു്. കമ്പ്യൂട്ടറിൽ സ്കാൻ ചെയ്താൽ കൂടുതൽ വ്യക്തമാക്കാൻ പറ്റും. ആവശ്യമുള്ളിടത്തു് എത്ര വേണമെങ്കിലും വലുതാക്കാമല്ലൊ, ഒരു ഭൂതക്കണ്ണാടി വച്ചു നോക്കുന്നപോലെ.

രാവിലത്തെ ബസ്സിനുതന്നെ ഞാൻ പുറപ്പെട്ടു. ബസ്സിലിരിക്കുമ്പോൾ ഞാൻ ആലോചിച്ചു. എനിക്കു് എന്തിന്റെ കേടാണു്. മര്യാദയ്ക്കു് ഒരു ജോലിയുള്ളതും വച്ചു് ഒരു കുടുംബം നോക്കി വീട്ടിലിരുന്നാൽ മതി. അതിനിടയ്ക്കു് ഇങ്ങിനെ ഓരോ ഭ്രാന്തിന്റെ പിന്നാലെ പോകുന്നു. ഏതോ ഒരു ഭ്രാന്തൻ ഉണ്ടാക്കിവച്ച ഒരു ചതുരംഗപ്പലകയുടെ പേരിലാണു് ഞാനിതൊക്കെ ചെയ്യുന്നതു്. ആ പലകയ്ക്കാണെങ്കിലോ ഒർത്ഥവും ഞാൻ കാണുന്നുമില്ല. അതും പറഞ്ഞു് ആ കാര്യം തള്ളിക്കളയാൻ നോക്കുമ്പോഴാണു് മറ്റു പല സംഭവവികാസങ്ങളും ഉടലെടുക്കുന്നതു്. വെറും ഭ്രാന്തെന്നു പറഞ്ഞു് തള്ളിക്കളയാൻ പറ്റാത്തവ. എനിയ്ക്കു് വിശദീകരിയ്ക്കാൻ പറ്റാത്ത സംഭവങ്ങൾ. ആരെങ്കിലും അതൊക്കെ വിശദീകരിയ്ക്കട്ടെ, ഞാൻ ഇതെല്ലാം നിർത്തിവച്ചു് കുടുംബത്തെയും പെറുക്കി വീട്ടിലേയ്ക്കു മടങ്ങാം. നാലുകെട്ടും എട്ടുകെട്ടുമല്ലാത്ത ആ തറവാടു് കിട്ടിയ വിലയ്ക്കു കൊടുത്തു് സ്വസ്ഥമായി കഴിയാം. പക്ഷേ, ആ സംഭവങ്ങളെല്ലാംതന്നെ വിശദീകരണമില്ലാത്തവയാണു്. ഒന്നിലധികം പേർക്കു് സംഭവിക്കുന്നതായതുകൊണ്ടു് എന്റെ മനസ്സിൽ ഉടലെടുക്കുന്ന വികല ചിന്തകളാണെന്നു പറയാൻ കഴിയാത്തവയാണു്. അപ്പോൾ എന്തോ ഒന്നു് എന്നെക്കൊണ്ടു് ഇതൊക്കെ ചെയ്യിയ്ക്കുകയാണു്. നിർബ്ബന്ധമായി, എന്റെ ഗുണത്തിനായി?

തറവാട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രി എട്ടു മണിയായിരുന്നു. ഭാഗ്യത്തിനു് വൈദ്യുതിയുണ്ടായിരുന്നു. ഈ നാട്ടിൻപുറത്തു് കറന്റ് എപ്പോൾ വേണമെങ്കിലും പോവാം. ഒരിക്കൽ പോയാൽ പിന്നെ രാത്രി മുഴുവൻ വന്നില്ലെന്നു വരാം. പത്തു കൊല്ലം മുമ്പു് വയർ ചെയ്തപ്പോൾ മുകളിൽ ഈ ഒരു മുറിയിൽ മാത്രമേ ചെയ്തുള്ളു. അതുപോലെ താഴത്തു് അത്യാവശ്യം ഉപയോഗിക്കുന്ന മുറികളും അടുക്കളയും. വെറുതെ അടച്ചിട്ട മുറികൾ വയർ ചെയ്തിട്ടു് എന്തു കാര്യം?

യു. പി. എസ്. ഇല്ലാത്തതുകൊണ്ടു് കമ്പ്യൂട്ടർ ഒരു സ്പൈക് അറസ്റ്റർ വഴി കണക്ട് ചെയ്തു. ബൂട്ടു ചെയ്തപ്പോൾ മോണിറ്റർ നല്ല കുട്ടിയെപ്പോലെ കണ്ണു തുറന്നു ചിരിക്കാൻ തുടങ്ങി. വന്ദന ആശ്വാസത്തോടെ ദീർഘശ്വാസമിട്ടു. അവൾക്കു് ആകെ ടെൻഷനുള്ള കാര്യം അവളുടെ കമ്പ്യൂട്ടർ എന്നെങ്കിലും ചത്തുപോകുമോ എന്നതു മാത്രമാണു്. ബാക്കപ്പ് എടുത്തു വെയ്ക്കുന്ന ശീലമേയില്ല. ഹാർഡ് ഡിസ്ക് പോയാൽ അവൾ കുറെക്കാലമായി അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം പോയിക്കിട്ടും. ഒരുപക്ഷേ, അമ്പലത്തിൽ പോയാൽ ആദ്യം പ്രാർത്ഥിയ്ക്കുന്നതു് അവളുടെ കമ്പ്യൂട്ടറിന്റെ ആരോഗ്യത്തിനു വേണ്ടിയായിരിക്കുമെന്നു തോന്നുന്നു.

രാവിലെ പ്രാതലിനു് നൂൽപ്പിട്ടായിരുന്നു. അതിന്റെ അപൂർവ്വത കൊണ്ടുതന്നെ എനിയ്ക്കാ ഭക്ഷണം ഇഷ്ടമായിരുന്നു. അതു വെറുതെ പാലിൽ പഞ്ചസാരയിട്ടതിന്റെ ഒപ്പം തന്നാലും ഞാൻ സ്വാദോടെ കഴിയ്ക്കും. ഇന്നു് നാളികേരപ്പാലൊഴിച്ച മുട്ടക്കറിയായിരുന്നു. ഭക്ഷണം കഴിഞ്ഞ ശേഷം ഞാനും വന്ദനയും സ്കെച്ചുമെടുത്തു് പര്യവേഷണം തുടങ്ങി. അടച്ചിട്ട മുറികൾ ഒരോന്നോരോന്നായി തുറന്നു് അളവുകളെടുത്തു. അതു് ആവശ്യമാണു്, കാരണം മുറികൾക്കിടയിൽ കാണാമറയത്തു് ഒളിച്ചിരിയ്ക്കുന്ന മുറികളോ ഇടങ്ങളോ ഉണ്ടോ എന്നു നോക്കാൻ അളവുകളുണ്ടെങ്കിലേ പറ്റൂ. എനിയ്ക്കു് വേറൊരു ഉദ്ദേശ്യവുമുണ്ടായിരുന്നു. ഈ വീടു് വിൽക്കുമ്പോൾ വാങ്ങാൻ വരുന്നവർക്കു് സ്കെച്ചു കാണിച്ചുകൊടുത്താൽ സൗകര്യമായി. അതുകൊണ്ടു് വീടിന്റെ മുഴുവൻ അളവുകളുള്ള ഒരു സ്കെച്ചും ഉണ്ടാക്കാൻ വന്ദനയോടു് പറയണം. തല്ക്കാലം ഈ ജോലി കഴിയട്ടെ.

മുറികൾ പലതും വെളിച്ചം കടക്കാതെ ഇരുണ്ടിരുന്നു. ടോർച്ചിന്റെ വെളിച്ചത്തിലാണു് ഉള്ളിലൊക്കെ പരതി അളവെടുക്കുന്നതു്. പല മുറികളിലും വീട്ടു സാമാനങ്ങളുണ്ടായിരുന്നു. കട്ടിൽ, മേശ കസേലകൾ, വസ്ത്രം തൂക്കിയിടുന്ന ഹാങ്ങർ, ചുമരിൽ ചിത്രങ്ങൾ. ചില മുറികളിൽ നിലത്തു് നെന്മണികൾ ചിതറിക്കിടക്കുന്നതു കണ്ടു. ഒരു കാലത്തു് നെല്ലു സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന മുറികളായിരിക്കണം. എല്ലാ മുറിയിലും പഴമയുടെ വാസന തങ്ങിനിന്നു.

ഉച്ചയ്ക്കു് ഊണു കഴിക്കാൻ ചെലവാക്കിയ ഒരു മണിക്കൂർ സമയമൊഴികെ ബാക്കിയെല്ലാം മേപ്പിങ്ങിനു ചെലവഴിച്ചു. വൈകുന്നേരമായപ്പോഴേയ്ക്കു് ഞങ്ങൾക്കു് കിട്ടേണ്ട വിവരങ്ങളെല്ലാം കിട്ടി. ഇനി നാളെ അതെല്ലാം അപഗ്രഥിച്ചു് ശരിയ്ക്കുള്ള ചിത്രമുണ്ടാക്കണം. രാത്രി ഊണു കഴിക്കുമ്പോൾ വന്ദനയുടെ ക്ഷീണിച്ച മുഖം കണ്ടു് ഇന്ദിര മൂക്കിൽ കൈവച്ചു പറഞ്ഞു.

‘ഒരച്ഛന്റീം മോളടീം പ്രാന്തു കണ്ടോ?’

അദ്ഭുതമായിരിക്കുന്നു. ഇത്രയധികം താല്പര്യം കാണിച്ചിരുന്ന ഇന്ദിര ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല. ഒരുപക്ഷേ, അവളും ഈ ഭ്രാന്തിൽ മുഴുകിയാൽ മൂന്നു പേരും പട്ടിണി കിടക്കേണ്ടിവരും എന്നതുകൊണ്ടായിരിക്കണം. ഞങ്ങൾ അപ്പോഴും ഇന്നത്തെ പര്യവേഷണത്തെപ്പറ്റി സംസാരിയ്ക്കയായിരുന്നു. കേൾക്കുമ്പോൾ ഇന്ദിരയ്ക്കു് താല്പര്യം കാണുന്നുണ്ടു്. ശരിയാണു് ഭക്ഷണമുണ്ടാക്കാൻ ഒരാളെങ്കിലും ഒഴിവാവണ്ടെ?

പിറ്റേന്നു് ഞങ്ങൾ ചെയതതു് വീടിന്റെ പുറം ഭാഗം അളവെടുക്കലായിരുന്നു. എല്ലായിടത്തും ഒരേ പോലെയല്ല പുറം ഭാഗം. ചിലയിടത്തു് ഉള്ളിലേയ്ക്കു തള്ളിക്കൊണ്ടാണു്. എല്ലാം അളവെടുത്തു ഫോട്ടോകോപ്പിയിൽ അടയാളപ്പെടുത്തി. പ്രശ്നങ്ങളൊന്നും കാണുന്നില്ല. ഇനി ശരിയ്ക്കുള്ള അളവുകളോടെ സ്കെച്ചു വരയ്ക്കുമ്പോഴാണു് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മനസ്സിലാവുക.

വീടിന്റെ പ്ലാൻ സ്കാൻ ചെയ്തതു് കാരണം വന്ദന വളരെ വേഗത്തിൽ ഒരു സ്കെച്ചു വരച്ചുണ്ടാക്കി. ഓരോ മുറിയായി ആ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവൻ കമ്പ്യൂട്ടർ സ്ക്രീനിൽ ഉടലെടുക്കുകയാണു്. ഗൂഗ്ൾ സ്കെച്ചപ്പ് സോഫ്റ്റ്വെയർ കൊണ്ടു് അവൾ അദ്ഭുതങ്ങളുണ്ടാക്കുകയാണു്. നാലു മുറികൾ വരച്ചു കഴിഞ്ഞാൽ അതവൾ തിരിച്ചും മറിച്ചും കാണിയ്ക്കും. ത്രീഡി അനിമേഷന്റെ സാധ്യതകൾ കണ്ടു് ഞാൻ അദ്ഭുതപ്പെടുമ്പോൾ അവൾ കൂളായി ഇരുന്നു് അതിന്റെ തുടർച്ച വരച്ചുണ്ടാക്കും. അവൾ കാണിക്കുന്നതു് കണ്ടു് അച്ഛൻ അന്തം വിട്ടിരിക്കുകയാണെന്നു് അവൾക്കറിയാം, പക്ഷേ, അവൾ അതറിഞ്ഞതായി നടിയ്ക്കില്ല. അതവളുടെ കുട്ടിത്തത്തിന്റെ ഭാഗമാണു്.

അങ്ങിനെ വരച്ചുകൊണ്ടിരുന്നപ്പോൾ ഒരു പ്രശ്നം വന്നു. അവൾ പറഞ്ഞു. ‘അച്ഛാ എന്താണു് ഈ ഭാഗം ശരിയാവാത്തതു?’

‘എന്താ പ്രശ്നം മോളെ?’

‘ഈ രണ്ടു മുറികളും തമ്മിൽ അടുപ്പിയ്ക്കാൻ കഴീണ്ല്ല ്യ. കണ്ടില്ലെ, രണ്ടിന്റീം എടേലു് ഗാപ്പ് വരുന്നു. എന്താ അങ്ങിനെ വരാൻ, നമ്മള് അളവെടുത്തതു് ശര്യല്ലെ?’

എന്റെ മനസ്സിൽ എന്തൊക്കെയോ തിളച്ചു പൊങ്ങി. എന്റെ ഊഹം ശരിയായി വന്നതായിരിക്കുമോ? എന്റെ അത്യാവേശം പുറത്തു കാണിയ്ക്കാതെ ഞാൻ പറഞ്ഞു.

‘വരൂ, നമുക്കൊന്നുകൂടി അളവെടുത്തു നോക്കാം. അളവെടുത്ത മുറീടെയൊക്കെ വാതിലിമ്മലു് നമ്പറിട്ടിട്ട്ണ്ടു്. ആ നമ്പറന്യാണു് സ്കെച്ചിലും കൊടുത്തിട്ടുള്ളതു്. അപ്പൊ നോക്കാൻ എളുപ്പാണു്. ഏതൊക്കെ മുറീടെ എടേലാണു് ഗാപ്പ് വന്നിരിക്കണതു? എട്ടും ഒമ്പതും അല്ലെ?’

ഞങ്ങൾ ടേപ്പുമെടുത്തു് താഴേയ്ക്കിറങ്ങി വന്നു. ഒമ്പതാം മുറി ആധാരക്കെട്ടുകൾ കിട്ടിയ മുറിയാണെന്നു് അവിടെ ചെന്നപ്പോഴാണു് മനസ്സിലായതു്. അന്വേഷിക്കുന്നതു് അടുത്തടുത്തെത്തുമ്പോൾ എന്റെ മനസ്സു് തിളച്ചു പൊങ്ങുക തന്നെയാണു്. മുറി തുറന്നു് അളവെടുത്തു. മുറിയുടെ വീതി പന്ത്രണ്ടര അടി. ആദ്യം എടുത്ത അളവുകൾ തന്നെ. ഇനി പത്താം നമ്പർ മുറിയുടെ അളവെടുത്തു നോക്കാം. അതും പന്ത്രണ്ടര അടി തന്നെ. അളവുകൾ ശരിയാണു്. പക്ഷേ, മുറിയുടെ മുൻവശത്തു് പുറത്തു് അളവെടുക്കുമ്പോൾ ഈ അളവുകൾ ശരിയാവുന്നില്ല. കൂടുതൽ കാണുന്നു. അതിനർത്ഥം ഈ രണ്ടു മുറികൾക്കുമിടയിൽ ഒരു വിടവുണ്ടെന്നാണു്. ഏകദേശം ആറടിയുടെ വിടവു്. അതിൽ ചുമരിന്റെ കട്ടികുറച്ചാൽ കിട്ടുന്നതു് അഞ്ചടി. രണ്ടു മുറിയുടെയും വാതിലിന്റെ കട്ടിള തൊട്ടു് ചുവർവരെയുള്ള നീളം നോക്കി. അതേ കട്ടിളകൾ തമ്മിലുള്ള ദൂരം മുറികൾക്കു പുറത്തും നോക്കി. ശരിയാണു്. അഞ്ചടി വീതിയിൽ അവിടെ ഒരു മുറിയുണ്ടു്! പെട്ടന്നാണു് എനിയ്ക്കു ഭൂതോദയമുണ്ടായതു്. അതിന്റെ ഭാഗത്തുതന്നെയാണു് ഞാൻ കോണിയിറങ്ങി വരുന്നതു് കണ്ടതു്. അതൊരു കോണിമുറിയായിരിക്കണം. പക്ഷേ, എന്തിനാണതിത്ര ഗോപ്യമായി അടച്ചതു?

images/EHK_Novel_06_Ch14.jpg

ഇപ്പോൾ വന്ദനയ്ക്കും ആവേശം വന്നിരിക്കുന്നു. അവൾ ആ ചുമരിന്റെ മേൽ ടോർച്ചടിച്ചു് പരിശേധിക്കുകയായിരുന്നു. എവിടെയെങ്കിലും അതു് അടച്ചതായി കാണുന്നുണ്ടോ? അതൊരു കോണിമുറിയായിരുന്നെങ്കിൽ അതിൻനിന്നു് ഇടനാഴികയിലേയ്ക്കു് വാതിൽ കാണും. ആ വാതിൽ പിന്നീടടച്ചതാണെങ്കിൽ അടച്ച ഭാഗം എങ്ങിനെയായാലും മനസ്സിലാവാതിരിയ്ക്കില്ല. തേച്ചതു് എല്ലായിടത്തും ഒരേമാതിരിയാവണമെന്നില്ലല്ലൊ.

അങ്ങിനെയൊന്നും കാണാനില്ല. എല്ലായിടത്തും ഒരേതരം ഉപരിതലം. ദുരൂഹത വർദ്ധിക്കുകയാണു്. ഇനി എന്താണു് വേണ്ടതു?

ഇനി ചെയ്യാനുള്ള ഒരേയൊരു കാര്യം ആ ഒളിഞ്ഞു കിടക്കുന്ന മുറി തുറന്നുനോക്കുക മാത്രമാണു്. അതു് രാത്രി മതിയെന്നു് ഇന്ദിരയും വന്ദനയും സമ്മതിച്ചു. ഇങ്ങിനെയൊരു സ്കെച്ചു വരച്ചു കാണിച്ചപ്പോഴെ ഒളിഞ്ഞു കിടക്കുന്ന മുറിയെപ്പറ്റി ഇന്ദിരയ്ക്കു് ബോധ്യമായുള്ളു. ഇതിലൊക്കെ എന്തൊക്കെയോ കാര്യമുണ്ടു് എന്നു് അവളും സമ്മതിച്ചതു് അപ്പോഴാണു്.

‘നമുക്കു് നിധി പങ്കുവെയ്ക്കാൻ ഒരാൾ കൂടിയായി എന്നർത്ഥം.’ ഞാൻ കളിയായി വന്ദനയോടു പറഞ്ഞു.

‘ഇനിയാരെങ്കിലും പിന്നാലെ കൂടുമോ ആവോ?’

‘എനിയ്ക്കു് നിങ്ങടെ നിധിയൊന്നും വേണ്ട.’ ഇന്ദിര തമാശ നീട്ടിക്കൊണ്ടു പോകാനായി പറഞ്ഞു. ‘എന്റെ വിദഗ്ദസഹായം വേണങ്കിൽ പറഞ്ഞോളു.’

‘ശല്യപ്പെടുത്താഞ്ഞാൽ മതി.’

‘ദേവി ചോദിക്ക്യാണു്, എന്താ ഈ അച്ഛനും മോളും കൂടി ചെയ്യണതു? അളവെടുക്കണൊക്കെണ്ടല്ലൊന്നു്. ഞാമ്പറഞ്ഞു അവരൊരു നിധിടെ പിന്നാലെയാണെന്നു്.’

‘നീ ശരിയ്ക്കും പറഞ്ഞ്വോ? ശരിയായി. ഇനി നാട്ടിലു് മുഴുവൻ അതു പാട്ടാവും.’

‘എനിയ്ക്കു ഭ്രാന്തുണ്ടോ? ഞാൻ തമാശ പറഞ്ഞതല്ലെ. ഞാമ്പറഞ്ഞു അവരു് എന്തോ വരച്ച്ണ്ടാക്ക്വാണ്ന്നു്. ആ മറുപടികൊണ്ടു് തൃപ്ത്യായോ എന്നൊന്നും അറീല്യ. വിചാരിക്ക്ണ്ണ്ടാവും എന്തിനാപ്പൊ വരച്ച്ണ്ടാക്കണത്ന്നു്? അതൊന്നും സാരല്യാന്നേയ്.’

രാത്രി ആ മുറിയിലേയ്ക്കു് നീണ്ട വയറും പ്ലഗ്ഗും എടുത്തു് ഒരു താല്ക്കാലിക വെളിച്ചം ഉണ്ടാക്കി. പിക്കാക്സും കൈക്കോട്ടും കൊണ്ടുവന്നു് ജോലി തുടങ്ങി. ക്ലേശകരമായിരുന്നു ജോലി. ഒന്നാമതായി പരിചയമില്ലാത്ത ജോലി. പിന്നെ എന്താണു് കാണാൻ പോകുന്നതു് എന്ന സസ്പെൻസും. കഷ്ടിച്ചു് ഒരാൾക്കു് കുമ്പിട്ടു് കടക്കാനുള്ള പഴുതുണ്ടാക്കിയപ്പോൾ ഞാൻ ഉള്ളിലേയ്ക്കു ടോർച്ചടിച്ചു നോക്കി. അവിടെയൊന്നുമുണ്ടായിരുന്നില്ല. ഞാനാദ്യം അതിനുള്ളിൽ കടന്നു. പിന്നാലെ വന്ദനയും. അതൊരു സാധാരണ മുറി മാത്രമായിരുന്നു. വളരെ ചെറിയ മുറി. താഴെ മറ്റുള്ള മുറികളെപ്പോലെ സിമന്റിട്ടു് കാവി തേച്ചിരിക്കുകയാണു്. മുകളിൽ മരത്തിന്റെ തട്ടുതന്നെ. ഒരു കാലത്തു് കോണി വെച്ചിരുന്നോ എന്നറിയാൻ ഞാൻ തട്ടു് പരിശോധിച്ചു. വെച്ച കോണി എടുത്തു കളഞ്ഞതാണെങ്കിൽ തട്ടു് യോജിപ്പിച്ചതു് എങ്ങിനെയാണെങ്കിലും മനസ്സിലാവും. ഇല്ല, അങ്ങിനെ യാതൊരടയാളവും കാണാനില്ല. ഇനി, ആ മുറിയിലെ തട്ടു് മുഴുവൻ മാറ്റിയതാണോ? ഒന്നും പറയാൻ കഴിയില്ല.

‘അച്ഛാ, നെലത്തെവിടെങ്കിലും കുഴിച്ചിട്ടതായിരിയ്ക്ക്യോ?’

‘നോക്കാം.’ കൈക്കോട്ടിന്റെ തായകൊണ്ടു് നിലത്തു മുട്ടിനോക്കാൻ തുടങ്ങി. എല്ലായിടത്തും ഒരേ ശബ്ദം. ഉള്ളിൽ അറകളുള്ളപോലെ തോന്നുന്നില്ല.

‘നിങ്ങള് പൊറത്തു വരു. മതി നോക്കീതു്.’ ഇന്ദിര പുറത്തുനിന്നു് ഉള്ളിലേയ്ക്കു തലയിട്ടു് പറഞ്ഞു.

‘ശരിയാ മോളെ, നമ്ക്കു് പൊറത്തു് കടക്കാം.’

വായുസഞ്ചാരമില്ലാത്ത ഈ കുടുസ്സുമുറിയിൽ എനിയ്ക്കു ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു. ഈ മുറി ഒരു പുതിയ സമസ്യയെന്നതിനപ്പുറം ഒന്നുമായില്ല. കാരണവർ എന്നെ പരീക്ഷിക്കാൻതന്നെ തീർച്ചയാക്കിയിരിക്കയാണു്.

പതിനഞ്ചു്

ഉറങ്ങാൻ നേരം വൈകിയതുകൊണ്ടു് രാവിലെ മൂന്നു പേരും വൈകിയാണു് എഴുന്നേറ്റതു്. ഉണർന്നപ്പോഴാണു് ഉണർന്നതിന്റെ കാരണം മനസ്സിലായതു്. ആരോ അടുക്കളയുടെ പുറംവാതിലിൽ ഉറക്കെ തട്ടുകയാണു്.

ഞങ്ങൾ താഴേയ്ക്കിറങ്ങിവന്നു.

‘ഞാൻ എത്ര നേരായി വാതിലിലു് മുട്ടുണു.’ ദേവി പറഞ്ഞു.

‘അതേയ്, ഇന്നലെ രാത്രി വെറുതെ കൊറേ നേരം സംസാരിച്ചിരുന്നു.’ ഇന്ദിര പറഞ്ഞു. ‘നീ വേഗം ചായയ്ക്കു് വെള്ളം വെയ്ക്കു്. നന്ദേട്ടനു് ചായ കുടിയ്ക്കാൻ ധൃത്യായിട്ട്ണ്ടാവും.’

തളത്തിൽ മേശക്കിരുവശത്തും ഇരുന്നു് ഞാനും വന്ദനയും അമ്മ ഭംഗിയായി നുണ പറയുന്നതു കേട്ടു് ചിരിച്ചു.

‘അമ്മ ഒരു വാചകം ‘അതേയ്’ ന്നു് പറഞ്ഞോണ്ടു് തൊടങ്ങ്യാ ഉടനെ മനസ്സിലാക്കണം അതു് നൊണ്യാണ്ന്നു്.’ ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. വന്ദന ചിരിച്ചുകൊണ്ടു് തലയാട്ടി. ചായ കുടിച്ചു കഴിഞ്ഞു് ഞങ്ങൾ അന്നത്തെ പരിപാടി ആസൂത്രണം ചെയ്തു. പറമ്പു മുഴുവൻ നടന്നു നോക്കണമെന്നു് തീർച്ചയാക്കി. എന്തെങ്കിലും സൂചനകൾ കിട്ടിയാലോ?

‘അച്ഛാ എനിക്കു് കമ്പ്യൂട്ടറിൽ ആ സ്കെച്ച് മുഴുമിക്കാനുണ്ടു്.’

‘അതു് ബ്രെയ്ക്ഫാസ്റ്റ് കഴിഞ്ഞിട്ടു മതി.’ ഞാൻ പറഞ്ഞു. ‘രാവിലത്തെ സമയാണു് പറമ്പിലൊക്കെ നടക്കാൻ പറ്റീതു്. വെയില്ണ്ടാവില്ല. നല്ല ഓജസ്സുള്ള അന്തരീക്ഷായിരിയ്ക്കും. പിന്നെ പോരാത്തതിനു് നമ്മടെ തലച്ചോറ് ഏറ്റവും കാര്യക്ഷമായിട്ട്ള്ളതു് ആ സമയത്താണു്. നമ്ക്കു് ചെല കാര്യങ്ങള് കണ്ടുപിടിയ്ക്കാന്ണ്ടു്.’

ഇന്നു രാവിലത്തെ പര്യവേഷണം വളരെ പ്രധാനപ്പെട്ടതായിരിയ്ക്കുമെന്നു് മനസ്സു് പറയുന്നു. ഞാനിതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു ദേശത്തേയ്ക്കാണു് ഇറങ്ങിത്തിരിയ്ക്കുന്നതു്. കുട്ടിക്കാലത്തു് പതിമൂന്നു വയസ്സു മുതൽ ഡിഗ്രിയെടുത്തു് ഇരുപത്തിമൂന്നാം വയസ്സിൽ ഒരു ജോലി കിട്ടുന്നതുവരെ, പിന്നെ അമ്മാവൻ മരിച്ച ശേഷം അമ്മായി ഒറ്റയ്ക്കായപ്പോൾ കുറച്ചുകാലം ഇന്ദിരയെയും വന്ദനയെയും നാട്ടിൽ വിട്ടു വന്നപ്പോൾ ഇടയ്ക്കിടയ്ക്കു് സഹായത്തിനായി പോയിരുന്നപ്പോൾ. അമ്മായിയുടെയും മരണശേഷം കുട്ടേട്ടൻ അമേരിയ്ക്കയിലേയ്ക്കു പോയപ്പോൾ മിക്കവാറും എല്ലാ ഞായറാഴ്ചയും ഞാൻ തറവാട്ടിലെത്തിയിരുന്നു, ഒന്നുകിൽ തെങ്ങു കയറ്റിയ്ക്കാനോ അല്ലെങ്കിൽ പറമ്പു കിളപ്പിയ്ക്കാനോ ആയി. ഇത്രയൊക്കെയായിട്ടും ആ പറമ്പിന്റെ ഒരു രൂപരേഖ കാണാതെ വരയ്ക്കാൻ പറഞ്ഞാൽ എനിയ്ക്കു കഴിയില്ല. അതിലെന്തൊക്കെ മരങ്ങളാണുള്ളതു്, കുട്ടേട്ടനോടൊപ്പം എപ്പോഴും കയറിക്കളിച്ചിരുന്ന മരങ്ങൾതന്നെ എതേതു കള്ളികളിലാണുള്ളതു് എന്നൊന്നും എനിക്കോർമ്മയുണ്ടാവില്ല. താല്പര്യമില്ലാത്തതുകൊണ്ടായിരിയ്ക്കാം.

സാധാരണ ആധാരങ്ങളുടെ ഒപ്പം ആ പറമ്പിന്റെ ആകെയുള്ള സ്കെച്ചുമുണ്ടാവാറുണ്ടു്. പരതിനോക്കിയപ്പോൾ അങ്ങിനെയൊരു സ്കെച്ച് കടലാസ്സുകൾക്കിടയിൽനിന്നു് കിട്ടി. ആ സ്കെച്ചിന്റെ പകർപ്പെടുക്കാൻ വന്ദനയോടു് പറഞ്ഞു. അവൾ ധൃതിയിലൊരെണ്ണം വരച്ചുണ്ടാക്കി. അതും ഒരു നോട്ടുപുസ്തകവും പെന്നുമായി പുറത്തേയ്ക്കിറങ്ങി. ആദ്യം പോയതു് ഭഗവതിയുടെ അമ്പലത്തിലേയ്ക്കാണു്. എട്ടുകെട്ടു കുറച്ചു മാത്രം പൊളിച്ചപ്പോൾ തൂക്കം ശരിയാവാൻ പിന്നീടു് പണിതതാണു് ആ അമ്പലമെന്നു് മൂത്താശാരിയുടെ അച്ഛൻ പറഞ്ഞതു് ഓർമ്മ വന്നു. അതു കേട്ടപ്പോൾ വന്ദനയുടെ കണ്ണുകൾ വിടർന്നു.

‘എന്താച്ഛാ തൂക്കം ശരിയാക്ക്വാന്നു് പറഞ്ഞാലു്?’

‘അതൊക്കെ വാസ്തുശാസ്ത്രത്തില്ള്ള ഓരോ കാര്യങ്ങളാ മോളെ. അതിലൊന്നും വലിയ കാര്യംല്ല്യ. മറിച്ചു് തച്ചുശാസ്ത്രം എഞ്ചിനീയറിങ്ങാണു്. അതു് കണക്കാണു്. അതോണ്ടല്ലെ ഏകദേശം രണ്ടു നൂറ്റാണ്ടുമുമ്പു് ഉണ്ടാക്കീട്ട്ള്ള ഈ കെട്ടിടം ഇപ്പഴും ഒരു കേടും ഇല്ലാതെ നിലനിൽക്കണതു്. ഈ തൂക്കം ശരിയാക്കണംന്നൊക്കെ പറയണതു് വാസ്തുവിലുള്ളതാണു്. അതിലു് വലിയ കഴമ്പുണ്ടെന്നു് അച്ഛനു് തോന്ന്ണില്യ. ഒരു കെട്ടിടം നിൽക്കണ സ്ഥലത്തിന്റെ മറുതൂക്കമായിരിക്കണം അവരു് ഉദ്ദേശിക്കണതു്. എന്നുവെച്ചാൽ ലളിതമായി പറഞ്ഞാൽ ആദ്യം ഉണ്ടായിരുന്ന എട്ടുകെട്ടിന്റെ പകുതി പൊളിച്ചു കളഞ്ഞാൽ പിന്നെയുള്ളതു് നാലുകെട്ടു മാത്രാണു്. അതിനാകട്ടെ ഒറ്റയ്ക്കു് നിക്കാൻ ത്രാണിയുണ്ടാവുകയും ചെയ്യും. മറിച്ചു് അതിനോടു് എട്ടുകെട്ടിന്റെ ഒരു ഭാഗംകൂടി വര്വാ, ഒരു എട്ടുകെട്ടിന്റെ അസ്തിവാരവും താങ്ങും ഇല്ലാതിരിക്കുക, അങ്ങിനെയൊരു നില വന്നാൽ കെട്ടിടത്തിനു് ദോഷമാണു്. ഒരു തോണിയിൽ പോകുമ്പോൾ നടുപ്പുഴയിൽനിന്നു് അതിന്റെ ഒരു ഭാഗത്തുണ്ടായിരുന്ന സാമാനങ്ങളെല്ലാം കളയുകയാണെന്നു വിചാരിയ്ക്കു. അപ്പോഴെന്താണുണ്ടാവുക?’

‘തോണി ഒരു ഭാഗത്തേയ്ക്കു് താഴും.’

‘അതുതന്നെയായിരിക്കണം ഇവിടെയും പ്രിൻസിപ്ൾ. അതുകൊണ്ടു് സംഭവിക്കുമെന്നു് അവർ പറയുന്ന ഫലങ്ങൾ പലപ്പോഴും ശരിയാവണമെന്നില്ല. അവിടെയാണു് അച്ഛനും വാസ്തുവുമായി പിണങ്ങുന്നതു്.’

‘അപ്പൊ അമ്പലം ആ പഴേ കാരണോരു് ഉണ്ടാക്കിച്ചതാണല്ലെ?’

‘അതെ.’

‘അച്ഛാ, എനിയ്ക്കു തോന്നണതു് നിധി അതിന്റെ ഉള്ളിലായിരിക്കുംന്നു്. അച്ഛനു് തോന്ന്ണ്ണ്ടോ?’

ഞാൻ ചിരിച്ചു.

‘അതു്, മോളെ, വളരെ എളുപ്പം കിട്ടണ ഒരുത്തരല്ലെ? ഇത്ര എളുപ്പം കിട്ടാവുന്ന തരത്തിൽ ഒരു വലിയ നിധിയൊക്കെ ആരെങ്കിലും ഒളിപ്പിച്ചു വെയ്ക്കുമോ? അത്ര വലുതല്ല നിധിയെങ്കിൽ നമ്മൾ അതിനുവേണ്ടി ഒരു ദിവസം മെനക്കെട്ടാൽ ആ ദിവസം നഷ്ടമാണു്.’

‘നമുക്കു് ആ അമ്പലത്തിലു് നല്ലോണം നോക്കാം. അതിന്റെ ശരിയ്ക്കുള്ള സ്കെച്ചുണ്ടാക്കേം ചെയ്യാം.’

ദൂരെ വിട്ടുനിന്നു് നോക്കുമ്പോഴാണു് ആ പെരുന്തച്ഛന്റെ കഴിവു് മനസ്സിലാവുന്നതു്. ആ നാലുകെട്ടും അതിനു വശത്തുള്ള അമ്പലവുംകൂടി ഒരു വലിയ ശില്പത്തിന്റെ പ്രതീതിയുണ്ടാക്കി. രണ്ടും വേറിട്ട വസ്തുക്കളാണെന്നേ തോന്നാത്തവിധം ഇഴചേർന്നിരിയ്ക്കുന്നു.

ചെറിയ നടപ്പാത അമ്പലത്തിലേയ്ക്കു നയിക്കുന്നു. നടപ്പാത അവസാനിയ്ക്കുന്നതു് കരിങ്കൽപ്പടവുകളിൽ. മൂന്നാമത്തെ പടവിൽനിന്നു് അമ്പലത്തിന്റെ ഉള്ളിലേയ്ക്കു പ്രവേശിക്കാം. ഭഗവതിയാണു് പ്രതിഷ്ഠ. അമ്പലത്തിന്റെ ചുറ്റുമുള്ള പ്രദക്ഷിണവഴിക്കു് ഇരുവശത്തുമായി വേറിട്ട രണ്ടു ചെറിയ തറകളുണ്ടു്. അതിനു് ഉരുണ്ടു് വണ്ണം കുറഞ്ഞ നാലു് കാലുകൾകൊണ്ടു് താങ്ങിനിർത്തിയ മേൽപ്പുരയും. ഇടതുവശത്തെ തറയിൽ ഗണപതിയാണു് പ്രതിഷ്ഠ. വലിയൊരു ഗണപതി. മറുവശത്തുള്ള തറ ഒഴിഞ്ഞുകിടക്കുകയാണു്. അതിൽ കാരണവന്മാരെയാണു് കുടിയിരുത്തിയിരിക്കുന്നതെന്നാണു് സങ്കല്പം. കാരണവന്മാർക്കു് ഗണപതിയ്ക്കുള്ള അതേ സ്റ്റാറ്റസ് കൊടുത്തിരിക്കുന്നു. എനിയ്ക്കു തോന്നിയതു് ആ തറ അമ്പലത്തിന്റെ ഇരുവശവും പൊരുത്തപ്പെടാൻ വെറുതെ നിർമ്മിച്ചതാണെന്നാണു്. ഒരുമാതിരി വലുപ്പമുള്ള ഒരു സ്വകാര്യകുടുംബത്തിന്റേതെന്നു കാണുമ്പോൾ ഇതു് സാമാന്യം വലിയ അമ്പലമാണു്. ഇതിനുള്ളിൽ കടന്നാണു് വന്ദന ദിവസവും സന്ധ്യക്കു് തിരി വെയ്ക്കുന്നതു്. എനിയ്ക്കു് കുറച്ചൊരു പേടി തോന്നി. അമ്പലം ഓടാമ്പലിടുകയേ ചെയ്യാറുള്ളു. അപ്പോൾ ആർക്കെങ്കിലും അതിനുള്ളിൽ കയറി ഒളിച്ചിരിയ്ക്കാൻ പറ്റും. ഞാനിതുവരെ അതിനെപ്പറ്റി ആലോചിച്ചിട്ടില്ല എന്നതു് അദ്ഭുതമായിരിക്കുന്നു.

അമ്പലത്തിന്റെ സ്കെച്ചെടുത്തശേഷം ഞങ്ങൾ വീണ്ടും നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ അമ്പലത്തിന്റെ വാതിലടച്ചിട്ടില്ലെന്നു കണ്ടു. ഞാൻ തിരിച്ചുപോയി വാതിലടച്ചു. കണ്ണുകൾ വീണ്ടും ഗണപതിയുടെ പ്രതിഷ്ഠയിൽ ചെന്നുനിന്നു. ഭംഗിയുള്ള ഗണപതി. തുമ്പിക്കൈ വളരെ പ്രകടമായി കാണുന്നുണ്ടു്. അമ്മായിയെയാണു് ഓർമ്മ വന്നതു്. കനത്ത മഴയുള്ള ദിവസങ്ങളിൽ ഞാനും കുട്ടേട്ടനും ഇന്ദിരയും അമ്മായിയ്ക്കു ചുറ്റും ഇരിയ്ക്കാറുണ്ടു്. കഥകൾ കേൾക്കാൻ. അങ്ങിനെയുള്ള ഒരു ദിവസമാണു് അമ്മായി ഗണപതിയുടെ ഉദ്ഭവത്തെപ്പറ്റി പറഞ്ഞതു്. ഈ കഥ അധികൃതപാഠത്തിൽനിന്നു് വിഭിന്നമാണെങ്കിലും കേൾക്കാൻ രസമുണ്ടു്. ഒരിക്കൽ ശ്രീപാർവ്വതി പരമശിവനുമായി സംസാരിച്ചിരിയ്ക്കുമ്പോൾ വെറുതെ ദേഹത്തുള്ള ചെളിയുരുട്ടി ഒരു മനുഷ്യരൂപമുണ്ടാക്കിയത്രെ. പരമേശ്വരനോടു് ആവശ്യപ്പെട്ടപ്പോൾ അതിനു് ജീവൻ വച്ചുകൊടുക്കുകയും ചെയ്തു. പാർവ്വതി അതിനെ സ്വന്തം പുത്രനായി വളർത്തി. അവൻ വീരനും ശൂരനുമായിരുന്നു. ഒരു യുദ്ധത്തിൽ ആ കുട്ടിയുടെ തല പോയി. പാർവ്വതി ശോകാകുലയായി അവനെ എടുത്തു, അടുത്തുതന്നെ കണ്ട ഒരു തലയുമായി യോജിപ്പിച്ചു. അതൊരു ആനയുടെ തലയായിരുന്നു. രാത്രിയായതുകൊണ്ടു് അതു മനസ്സിലായില്ല. അങ്ങിനെയാണത്രെ ഗണപതിയ്ക്കു് ആനയുടെ തലയുണ്ടായതു്. ഇതു് ഞാൻ വേറെയെവിടെയും വായിച്ചിട്ടില്ല. ഈ കഥ ഞാൻ വന്ദനയോടു പറഞ്ഞപ്പോൾ അവൾ ഉറക്കെ ചിരിയ്ക്കാൻ തുടങ്ങി.

ചിരിയുടെ അന്ത്യത്തിൽ അവൾ വയർ അമർത്തിപ്പിടിച്ചു.

‘അച്ഛാ എനിക്കു് വിശക്കുണു. നമുക്കു് പോവ്വാ.’ അവളുടെ വിശപ്പു് അങ്ങിനെയാണു്. പെട്ടെന്നൊരു നിമിഷത്തിൽ എടുത്തു ചാടുന്നു. കുട്ടിക്കാലത്തു് എനിയ്ക്കും അങ്ങനെത്തന്നെയായിരുന്നു. അന്നു് കുട്ടേട്ടന്റെ ഒപ്പം കലവറയിലും അടുക്കളയിലും കട്ടുതിന്നാൻ നടക്കും. പിന്നെ വലുതായപ്പോൾ അതിനേക്കാൾ വലിയ പ്രശ്നങ്ങൾ വിശപ്പിനെ പിന്നിലേയ്ക്കു തളളി.

ഞങ്ങൾ തിരിച്ചു പോയി. പ്രാതൽ തയ്യാറായി വരുന്നു. ദേവി ഒരു പാത്രത്തിൽ എന്തോ കൂട്ടാൻ കൊണ്ടുവന്നു വെച്ചു. തുറന്നു നോക്കിയപ്പോൾ നല്ല കടലക്കറി. അപ്പോൾ ഇനി വരുന്നതു് പിട്ടായിരിക്കും. എല്ലാം മേശപ്പുറത്തെത്തിയപ്പോൾ ഇന്ദിര പറഞ്ഞു.

‘നിങ്ങൾ കഴിച്ചോളു. എനിയ്ക്കായിട്ടില്ല. എനിയ്ക്കു് കുള്യൊക്കെ വേണം. ഞാനും ദേവീം കൂടി പിന്നെ കഴിക്കാം.’

അങ്ങിനെ ഞങ്ങൾക്കു് അളവറ്റ കുറ്റബോധവും ഉളവാക്കി അവൾ കസേലയിലിരുന്നു. ദേവി മേശയ്ക്കരികെ വന്നുനിന്നു, വിളമ്പാനെന്ന മട്ടിൽ. അവളുടെ ഉദ്ദേശ്യം അതൊന്നുമായിരുന്നില്ല എന്നു് ഉടനെ മനസ്സിലായി.

‘എന്താ രണ്ടീസായല്ലോ അച്ഛനും മോളും കൂടി വരയ്ക്കാൻ തൊടങ്ങീട്ടു്. കഴിഞ്ഞില്ലെ?’

അവൾ ഉദ്ദേശിക്കുന്നതു് എനിയ്ക്കു മനസ്സിലായി. ഇന്ദിരയോടു് ചോദിച്ചാൽ സെൻസർ ചെയ്ത മറുപടിയേ കിട്ടു എന്നവൾക്കറിയാം. അപ്പോൾ നേരിട്ടു് ചോദിയ്ക്കുകയാണു്. എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ഇതിലെല്ലാം എന്തൊക്കെയോ രഹസ്യമുണ്ടെന്നു് അവൾക്കു തോന്നും. ഞാൻ പറഞ്ഞു.

‘സത്യം പറയട്ടെ, പുറമെ ആരോടും പറയരുതു്.’ ഞാൻ പറയാൻ തുടങ്ങിയപ്പോൾ ഇന്ദിര എന്റെ നേരെ നോക്കി കണ്ണുരുട്ടി. അവൾ വിചാരിച്ചതു് നിധിയെപ്പറ്റിയാണു് ഞാൻ പറയാൻ പോകുന്നതെന്നാണു്. ദേവിയെ ആകാശവാണിയെന്നാണു് അവൾ വിളിക്കാറ്. ഇന്ദിരയുടെ നോട്ടം അവഗണിച്ചുകൊണ്ടു് ഞാൻ പറഞ്ഞു.

‘ഞങ്ങക്കു് ഈ വീടും പറമ്പും വിൽക്കണംന്ന്ണ്ടു്. കുട്ടേട്ടൻ കൊറേക്കാലായി പറയാൻ തൊടങ്ങീട്ടു്. പെട്ടെന്നൊന്നും അല്ല. ഒരു രണ്ടോ മൂന്നോ കൊല്ലത്തിനുള്ളിലു്. ഇത്രേം വലിയ മുതലു് വിൽക്കാൻ ഇക്കാലത്തു് ദല്ലാളന്മാരേം ഒന്നും ഏല്പിക്കില്ല. ഈ തറവാടിന്റെ പേരിലു് ഒരു വെബ്സൈറ്റ് ഉണ്ടാക്കും. എന്നുവെച്ചാൽ കമ്പ്യൂട്ടറിലു് ഇന്റർനെറ്റ് വഴി ഈ കെട്ടിടത്തിന്റീം പറമ്പിന്റീം എല്ലാ വിവരും ലോകത്തു് ഏതു മൂലേല്ള്ള കമ്പ്യൂട്ടറിലും കിട്ടത്തക്ക വിധത്തിൽ ഒരു സംവിധാനം. ഇപ്പൊ പഴമ ഇഷ്ടപ്പെട്ണ ധാരാളം ആൾക്കാരു് ഇന്ത്യയ്ക്കു് പൊറമെണ്ടു്. അവരു് നമ്ക്കു് ഇ-മെയിലയക്കും. അതായതു് കമ്പ്യൂട്ടറിലേയ്ക്കു് കത്തയയ്ക്കും. അപ്പൊ നമ്മളൊരു വെല പറയ്യാ, അവരു് ചെലപ്പൊ പെശകും. അല്ലെങ്കിലു് നമ്മള് പറഞ്ഞ വെല തന്നു് വാങ്ങൂം ചെയ്യും. ഇനി അതൊന്നും അല്ലെങ്കിലു് ഈ വക വസ്തുക്കള് ലേലത്തിനു് വെയ്ക്കണ വെബ്സൈറ്റുകള്ണ്ടു്. ഇ-ബേ എന്നൊക്കെ പേരിലു്. അവരെ ഏല്പ്പിച്ചാൽ മതി. നല്ല വെല കിട്ടും.

‘അപ്പൊ നല്ലൊരു വെബ്സൈറ്റുണ്ടാക്കണെങ്കിലു് ഇതിന്റ്യൊക്കെ ചിത്രങ്ങളും, വരച്ചുണ്ടാക്കിയ സ്കെച്ചുകളും അതിലു് ചേർക്കണം. അവർക്കിതിന്റെ വലുപ്പം അറിയാൻ. മനസ്സിലാവ്ണ്ണ്ടോ?’

‘എനിയ്ക്കു് ഇതൊന്നും മനസ്സിലാവില്ല. കരുണേട്ടനു് മനസ്സിലാവും. മൂപ്പരു് കമ്പ്യൂട്ടറൊക്കെ പഠിച്ചിട്ടാ ഗൾഫീപ്പോയതു്. ഒരു കാര്യം എനിയ്ക്കു് മനസ്സിലായി ഇപ്പൊ വസ്തു വിൽക്കാനും കമ്പ്യൂട്ടറിലു് പുത്യേ പുത്യേ ഏർപ്പാടുകളുണ്ടു്. മോള്ടെ കമ്പ്യൂട്ടറിലും അതൊക്കെ പറ്റ്വോ?’

‘എന്താ പറ്റാതെ?’

ദേവി പോയപ്പോൾ ഞാൻ പറഞ്ഞു.

‘ഇപ്പോൾ ഒരു കാര്യം മനസ്സിലായി.’

‘എന്തു?’ ഇന്ദിരയും വന്ദനയും ഒരേപോലെ ചോദിച്ചു.

‘മോളിലിരിക്കണ കമ്പ്യൂട്ടറിലു് എനിക്കൊരവകാശവും ഇല്ല്യാന്നു്.’

‘എന്തേ?’ ഇന്ദിരയാണു് ചോദിച്ചതു്. വന്ദന ചിരിയ്ക്കുകയായിരുന്നു.

‘അല്ലാ, ദേവി പറഞ്ഞതു് കേട്ടില്ലെ, ‘മോള്ടെ’ കമ്പ്യൂട്ടറിലും ഇതൊക്കെ പറ്റ്വോന്നു്? മോളടെ കമ്പ്യൂട്ടറാണു്.’

‘സാരല്യ,’ വന്ദന ആശ്വസിപ്പിച്ചു. ‘അച്ഛനു് വേണ്ടപ്പൊ കമ്പ്യൂട്ടറ് ഉപയോഗിച്ചോളു, വാടക തന്നാൽ മതി.’

‘അതേയ്…’ ഇന്ദിര എന്നെ സമാധാനിപ്പിക്കാൻ പറയാൻ തുടങ്ങി. അവൾക്കു് അത്ര പെട്ടെന്നു് തമാശ മനസ്സിലാവില്ല. ‘ദേവി ഇന്നലെ നെലം തൊടയ്ക്കാൻ പോയപ്പൊ മോള് കമ്പ്യൂട്ടറിലു് സ്കെച്ചുണ്ടാക്കണതു് കണ്ടു. അപ്പൊ അവള് വിചാരിച്ചിട്ടുണ്ടാവും അതു് വന്ദനട്യാണ്ന്നു്…’

ഞാനും വന്ദനയും ചിരിയ്ക്കാൻ തുടങ്ങി.

വന്ദനയെ മുകളിൽ സ്കെച്ചു വരയ്ക്കാൻ ഏല്പിച്ചു് ഞാൻ വീണ്ടും പറമ്പിൽ നടക്കാനിറങ്ങി. എന്തെങ്കിലും സൂചന എന്റെ മുമ്പിൽ പെട്ടെന്നു് പ്രത്യക്ഷപ്പെടുമെന്ന മട്ടിലാണു് എന്റെ നടത്തം. ഞാൻ നിധിയോടടുക്കുകയാണോ? ചിലപ്പോൾ തോന്നും അല്ല, എനിയ്ക്കും കുട്ടേട്ടനും മുകളിലെ എഴുത്തുമേശയിൽനിന്നു് ചതുരംഗപ്പലകയും കാരണവരുടെ ജാതകവും കിട്ടിയ അതേ നിലയിൽത്തന്നെയാണിപ്പോഴും എന്നു്. അതിൽക്കൂടുതലായി എന്തറിവാണുണ്ടായിട്ടുള്ളതു? കുറേ ഭയപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടായി എന്നു മാത്രം. അതാകട്ടെ ഞാൻ നിധിയോടടുക്കുന്നു എന്നതിന്നു് ഒരു സൂചനയും തരുന്നുമില്ല. ഓരോ സൂചനയും ഒരിടനാഴികയുടെ അറ്റത്തു പോയി മുട്ടിനിൽക്കുന്ന പോലെ. അവിടുന്നങ്ങോട്ടു് വാതിലില്ല, പോകാൻ വഴിയുമില്ല.

ഞാൻ മുക്കുകുത്തി വീഴേണ്ടതായിരുന്നു. എന്തൊക്കെയോ ആലോചിച്ചു് നടന്നു് മുമ്പിലുണ്ടായിരുന്ന വെട്ടുകല്ലിൽ കാൽ തടഞ്ഞു. എന്തോ ഭാഗ്യത്തിനു് വീഴാതെ രക്ഷപ്പെട്ടു. ആ വെട്ടുകല്ലു് പണ്ടവിടെയുണ്ടായിരുന്ന ഒരു കൽത്തൂണിന്റെ അവശിഷ്ടമായിരുന്നു. കുട്ടിക്കാലത്തു് ഓടിക്കളിയ്ക്കുമ്പോൾ എപ്പോഴും കാണാറുള്ളതാണതു്. അന്നതിനു് കുറേകൂടി ഉയരമുണ്ടായിരുന്നു. ഇന്നതു് ഒരു മാതിരി നിലത്തോടു ചേർന്ന നിലയിലാണു് കിടക്കുന്നതു്. പണ്ടവിടെ ഒരു തൂണും അതിന്മേൽ ഒരു കുതിരയുടെ പ്രതിമയുമുണ്ടായിരുന്നു എന്നു് കേട്ടിട്ടുണ്ടു്. ഏതോ കാരണവരുടെ വളർത്തു മൃഗമായിരുന്നു ആ കുതിര. അതു ചത്തപ്പോൾ അതിന്റെ ഓർമ്മയ്ക്കായി ഉണ്ടാക്കിവച്ചതായിരുന്നു. പിന്നീടെപ്പോഴോ അതു തകർന്നു വീണെന്നു തോന്നുന്നു. തകർന്നു വീണ കുതിരയുടെ കഷ്ണങ്ങൾ അമ്മാവന്റെ കുട്ടിക്കാലത്തു് കണ്ടിരുന്നത്രെ. അമ്മായി കല്യാണം കഴിഞ്ഞു് ഈ തറവാട്ടിൽ വന്നപ്പോഴേയ്ക്കു് ആ കഷ്ണങ്ങളും അപ്രത്യക്ഷമായിരുന്നു. പൊളിഞ്ഞു തുടങ്ങിയ കൽത്തൂണു് മാത്രം അവശേഷിച്ചു. ഇപ്പോൾ എന്തായാലും ആ തൂണിന്റെ അടിത്തറയുടെ അംശങ്ങൾ മാത്രമേ കാണാനുള്ളു. എന്നെപ്പോലത്തെ സ്വപ്നജീവികളെ കാലിട്ടു് വീഴ്ത്താൻ.

തള്ളവിരലിൽനിന്നു് ചോര കിനിഞ്ഞു തുടങ്ങി. വീട്ടിൽ പോയി കഴുകി വല്ല മരുന്നുമിടണം, ഇന്ദിര അറിയാതെ. അവളറിഞ്ഞാൽ ഇതൊരു വലിയ സംഭവമായി മാറും. കഴുകി മരുന്നുവെച്ചപ്പോഴാണു് വന്ദനയുടെ വിളി കേട്ടതു്. ഞാൻ മുകളിൽ കയറി.

അവൾ സ്കെച്ചു നോക്കിയിരിക്കുകയാണു്.

‘അച്ഛാ, ഇതെന്താണു് ഒരു തൂണുപോലെ എന്തോ ഒന്നു്. താഴെ എന്തോ എഴുതീട്ടുംണ്ടു്.’

ഞാൻ നോക്കി. ശരിയാണു്. പഴയ മലയാളത്തിൽ പ്രാകൃതമായി ‘കുതിര’ എന്നെഴുതിയിരുന്നു. കുതിര എന്നായിരിക്കുമെന്നു് ഞാൻ അനുമാനിക്കുന്നു. അതിനു താഴെ മലയാള ലിപിയിൽത്തന്നെ അക്കവും എഴുതിയിട്ടുണ്ടു്.

മലയാളലിപിയിൽ അക്കങ്ങൾ കണ്ടുപിടിയ്ക്കാൻ അമ്മായിയുടെ രാമായണമാണു് എന്റെ സഹായത്തിനെത്താറ്. അതിന്റെ പേജ് നമ്പർ നോക്കി ഞാൻ മലയാള അക്കങ്ങൾ മനസ്സിലാക്കും. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ മറന്നുപോകാനായി മാത്രം. ഞാൻ താഴെ പൂജാമുറിയിൽ പോയി രാമായണം തപ്പിയെടുത്തു. താഴെ എഴുതിയതു് 1021. കുതിരയുടെ സ്മാരകമുണ്ടാക്കിയതു് 1021-ൽ ആയിരിക്കും. കലണ്ടർ നോക്കി ഏകദേശം ഇംഗ്ലീഷ് വർഷം കണ്ടു പിടിച്ചു. 1846. 160 കൊല്ലം മുമ്പുണ്ടാക്കിയ പ്രതിമയാണതു്.

‘എന്താ അച്ഛന്റെ കാൽവെരലീന്നു് ചോര വരണതു?’

‘അതോ.’ ഞാൻ ചിരിച്ചുകൊണ്ടു് പറഞ്ഞു. ‘ഞാനൊരു കുതിരപ്പുറത്തുനിന്നു് വീണു.’

‘കുതിരപ്പൊറത്ത്ന്നു് വീഴ്‌വേ?’ വന്ദന ചോദിച്ചു. ‘എന്താ ശരിയ്ക്കു് പറ്റീതു?’

‘ഈ പറമ്പിൽ ഒരു കുതിരടെ പ്രതിമണ്ടായിരുന്നു, ഒരു തൂണിന്മലു്. കൊറെക്കാലം മുമ്പത്തെ കഥ്യാണു്. ഇപ്പൊ അവിടെ ഒന്നുംല്ല്യ. ഒന്നുംല്ല്യാന്നു് പറയാൻ പറ്റില്ല്യ. ആ തൂണിന്റെ അസ്തിവാരത്തിന്റെ ഒരു കഷ്ണം ബാക്കി നിക്ക്ണ്ണ്ടു്. ആ തൂണായിരിയ്ക്കും ഈ സ്കെച്ചിൽ കൊടുത്തിട്ടുള്ളതു്.’

ഞാൻ മുക്കുകുത്തി വീഴാൻ പോയതു് വിവരിച്ചപ്പോൾ അവൾ ചിരിക്കാൻ തുടങ്ങി.

‘നന്നായിട്ട്ണ്ടു്. ഇല്ലാത്ത കുതിരപ്പൊറത്ത്ന്നു് വീഴ്‌വാ അല്ലെ?’

പെട്ടെന്നാണു് എനിയ്ക്കൊരു തോന്നലുണ്ടായതു്. ഞാൻ കുറച്ചുകാലമായി ഇടപഴകുന്നതു മുഴുവൻ ഇപ്പോൾ നിലവിലില്ലാത്ത സാധനങ്ങളുമായാണു്. തട്ടിൻപുറത്തെ ഇടനാഴികകൾ, അവിടെ നിന്നു് ഇറങ്ങിവരുന്ന കോണി, ഇട്ടിരാമൻ കാരണവരുടെ മുറിയിലേയ്ക്കു് ഇറങ്ങിവരുന്നതായി കാണുന്ന കോണി, തൂണിന്മേലുള്ള കുതിര. ഇതെല്ലാം എന്തിനെയൊക്കെയോ സൂചിപ്പിയ്ക്കുന്നില്ലെ? ഇനി ഇല്ലാത്ത ഒരു നിധിയുടെ പിന്നാലെയായിരിക്കുമോ ഞാൻ ഓടുന്നതു?

പതിനാറു്

ഇല്ലാത്ത കാര്യങ്ങളുമായി നമ്മൾ ഇടപഴകുന്നു എന്നു പറഞ്ഞതു് വന്ദനയ്ക്കിഷ്ടമായി. അതവൾക്കു് ചിന്തിയ്ക്കാൻ ഒരവസരം കൊടുത്തു. അവൾ ഗൗരവമായി പറഞ്ഞു.

‘ഇല്ലാത്ത സാധനങ്ങളായിരിയ്ക്കാം അച്ഛാ, പക്ഷേ, അതിന്റെ അനുഭവം യഥാർത്ഥല്ലെ?’

‘എന്നുവച്ചാൽ?’

‘ഞാനുദ്ദേശിക്കണതു്, ഈ കാര്യങ്ങളൊക്കെ ഇല്ലാത്തവയാണെങ്കിലും അതുണ്ടാക്കണ ഫലംല്ല്യേ, ഇഫക്ട്, അതു വളരെ യഥാർത്ഥാണല്ലൊ. അച്ഛന്റെ കാൽവെരലു് മുറിഞ്ഞപോലെ. ഞാനീ സ്കെച്ചിൽ തൂണു് കണ്ടുപിടിച്ച അതേ സമയത്താണു് അച്ഛൻ അതിന്റെ കല്ലിന്മലു് കാലുകുത്തി വീഴാൻ പോയതു്. പണ്ടു് അമ്മയെ തളത്തിലെത്തിച്ചതു് ആ ഇല്ലാക്കോണിയാണെന്നു പറഞ്ഞൂലോ. അപ്പൊ ഇതൊക്കെ സീരിയസ്സായി കാണണംന്നാ എനിയ്ക്കു തോന്നണതു്. ഇതെല്ലാം കാരണവരു് അച്ഛനു് തരണ സൂചന്യായിരിക്കും. കാരണവരു് അച്ഛനോടു് സംസാരിക്കാൻ ശ്രമിക്ക്ണ്ണ്ടു്. നമുക്കതു് ഡിസൈഫർ ചെയ്തെടുക്കാൻ കഴിയണംന്നു് മാത്രം. അച്ഛൻ ആലോചിച്ചുനോക്കു.’

അങ്ങിനെ നോക്കുമ്പോൾ അതു ശരിയാണെന്നു തോന്നുന്നു. ഈ അനുഭവങ്ങൾ മാത്രമല്ല. മറ്റു നിരവധി അനുഭവങ്ങൾ ആ കാരണവർ എന്നോടു സംസാരിക്കാൻ ശ്രമിക്കുകയാണെന്നതിനു തെളിവാണു്. തട്ടിൻപുറത്തെ എഴുത്തുപെട്ടി. അതെനിയ്ക്കു മാത്രം തുറക്കാൻ കഴിയുന്നതിൽ എന്തോ കാര്യമില്ലെ? വന്ദന പറമ്പിന്റെ സ്കെച്ച് എടുത്തു നോക്കുകയാണു്. ഞാനതു് അവളുടെ കയ്യിൽനിന്നു് മേടിച്ചു. അതിൽ അമ്പലമുള്ളതുകൊണ്ടു്, സ്കെച്ചും അതിനോടൊപ്പമുള്ള ആധാരവും ഇട്ടിരാമൻ കാരണവരു് പിന്നീടുണ്ടാക്കിച്ചതാണെന്നതിന്റെ തെളിവാണു്. വന്ദന ചതുരംഗപ്പലക എടുത്തു് ശ്രദ്ധയോടെ നോക്കുകയാണു്. പെട്ടെന്നു് രണ്ടു പേരും നോക്കുന്ന വസ്തുക്കൾ ഒന്നുതന്നെയാണെന്ന ബോധമെനിയ്ക്കുണ്ടായി. എന്തോ ഒരു ആകസ്മികതയാവാം. എന്റെ തലച്ചോറ് ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു.

‘മോളെ, ഒരു കാര്യം നിനക്കു് തോന്ന്ണ്ണ്ടോ?’

‘എന്തച്ഛാ?’

‘ഈ ചതുരംഗപ്പലക നമ്മുടെ പറമ്പിന്റെ ചിത്രാണ്ന്നു്?’

വന്ദനയുടെ കണ്ണുകൾ വിടർന്നു. അങ്ങനെയൊരു സാധ്യതയെപ്പറ്റി അവൾ ആലോചിച്ചിട്ടില്ല. അവൾ ആവേശത്തോടെ എന്റെ കയ്യിൽനിന്നു് പറമ്പിന്റെ സ്കെച്ചു തട്ടിപ്പറിച്ചു രണ്ടും അടുത്തടുത്തു വെച്ചു നോക്കാൻ തുടങ്ങി.

‘എനിയ്ക്കൊന്നും മനസ്സിലാവ്ണില്ല്യ അച്ഛാ.’

‘ഞാൻ പറഞ്ഞു തരാം. ഇതിൽ പെട്ടെന്നു് ശ്രദ്ധിക്കേണ്ട നാലു് കരുക്കളുണ്ടു്, ഏതൊക്കെയാണതു?’

വന്ദന ബോർഡിലേയ്ക്കു നോക്കി അതീവശ്രദ്ധയോടെ ഇരിയ്ക്കയാണു്.

‘രാജാവിനു് അരശ് കൊടുത്തിരിയ്ക്ക്യാണു്. അതായതു് ചെക്ക്. അതൊരു തെറ്റായ നീക്കാണു് എന്നുവച്ചാലും ആ കരുക്കളാണു് ഇപ്പോ കണക്കാക്കേണ്ടതു്. ഒന്നു് രാജാവു്, അല്ലെങ്കിൽ ചതുരംഗത്തിൽ ഞങ്ങൾ പറയാറുള്ള ദേവൻ. രണ്ടു് തേരു്, മൂന്നു് ബിഷപ്പ്, അല്ലെങ്കിൽ അച്ഛൻ പറയാറ്ള്ള ആന, നാലമത്തേതു് കുതിര.’

‘അതിന്റെയൊക്കെ നിലയൊന്നു് നോക്കു്. അപ്പൊ മനസ്സിലാവും. ഇതു് ആ അമ്പലവും അതിനു് ചുറ്റുംള്ള ആനയും കുതിരയും ആണ്ന്നു് സങ്കല്പിക്കു. അതായതു് ഗണപതിയും തൂണിന്മേല്ള്ള കുതിരയും. ഒരു രാജ്യത്തെ നിധി എവിട്യാണു് സാധാരണണ്ടാവ്വാ?’

‘കൊട്ടാരത്തിലു്.’

‘എന്നുവച്ചാൽ രാജാവിന്റെ അടുത്തു്. ഇവിടെ രണ്ടു രാജാക്കന്മാരുണ്ടല്ലൊ. ഏതു രാജാവിന്റെ കയ്യിലാണു് അതുണ്ടാവുക.’

‘രണ്ടു രാജാക്കന്മാരുടെ അടുത്തുംണ്ടാവില്ലെ?’

‘ഇവിട്യാണു് കുഴക്കണ പ്രശ്നംള്ളതു്. അതാണിനി കണ്ടുപിടിയ്ക്കണ്ടതു്.’

‘അച്ഛന്റെ ഭാവന കാടുകയറീന്നു് മാത്രേ അർത്ഥള്ളു.’ വന്ദന ചിരിച്ചുകൊണ്ടു് പറഞ്ഞു.

ഒരർത്ഥത്തിൽ വന്ദന പറഞ്ഞതു ശരിയാണു്. എന്റെ ഭാവന കാടുകയറിയിരിയ്ക്കയാണു്. പക്ഷേ, ഈ ഒരു കാര്യത്തിൽ എന്നെ നിയന്ത്രിക്കുന്നതു മുഴുവൻ എന്റെ അന്തർജ്ഞാനമാണു്. ഇൻട്യൂഷൻ. മറ്റു സൂചനകളെല്ലാം അതിനു് അകമ്പടി സേവിക്കുന്നുവെന്നേയുള്ളു. ഇട്ടിരാമൻ കാരണവരെ സ്വപ്നത്തിൽ കണ്ടതിന്റെ ഓർമ്മയിലാണു് ഞാൻ വന്ദനയോടു പറഞ്ഞതു്, നിധി അമ്പലത്തിലാവാൻ വയ്യെന്നു്. കാരണവർ എന്നെ കൊണ്ടുപോയതു് തറവാട്ടിലെ നിരവധി മുറികളിലൊന്നിലാണു്. മുകളിലാണോ ചുവട്ടിലാണോ എന്നുപോലും അറിയില്ല. അതു കണ്ടുപിടിയ്ക്കാനുള്ള വഴികളാണു് ഇനി തേടേണ്ടതു്. ഞാനാ സ്കെച്ചും ചതുരംഗപ്പലകയും മുമ്പിൽവച്ചു് ധ്യാനിച്ചു. അപ്പോഴാണു് ഒരു കാര്യം മനസ്സിലാക്കിയതു്. ഈ പറമ്പു് ശരിയ്ക്കും ചതുരനാണു്. ആ ചെസ്സ്ബോർഡു പോലെ. എന്തുകൊണ്ടാണു് ഈ കാര്യം മുമ്പെ തലയിൽ കയറാഞ്ഞതു? ചെസ്സ്ബോർഡിൽ നിന്നു് കെട്ടിടത്തിന്റെ സ്ഥാനം കണ്ടുപിടിയ്ക്കാൻ വിഷമമാണു്. അതു് സ്വയം അദ്ധ്വാനിച്ചു കണ്ടുപിടിയ്ക്കണം.

images/EHK_Novel_06_Ch16_1.jpg

കുട്ടിക്കാലത്തു് എനിയ്ക്കുണ്ടായിരുന്ന ഒരു ഗോഷ്ഠിയാണു് തൃകോണങ്ങൾ വരയ്ക്കുകയെന്നതു്. കടലാസ്സിലൊന്നുമല്ല. മനസ്സിൽ, അല്ലെങ്കിൽ കണ്ണുകൾകൊണ്ടു് ഒരോ വസ്തുക്കളിൽ അദൃശ്യമായ തൃകോണങ്ങൾ വരയ്ക്കുക. ഒരു കൂട്ടം വസ്തുക്കളിൽനിന്നു് എനിയ്ക്കു് നിരവധി തൃകോണങ്ങളുണ്ടാക്കാൻ കഴിയും. എനിയ്ക്കു് ധൈര്യക്കുറവുള്ളപ്പോഴോ, എന്തെങ്കിലും കാര്യത്തിൽ തീർപ്പുണ്ടാക്കാൻ കഴിയാതിരിക്കുമ്പോഴോ ആണു് ഞാനീ കോമാളിത്തം കാട്ടാറ്. പിന്നീടു് അദൃശ്യ രേഖകൾ വരയ്ക്കുന്നതിനോടൊപ്പം എന്റെ കൈവിരലുകളും ചലിപ്പിയ്ക്കാറുണ്ടു്. അതുകൊണ്ടൊക്കെയായിരിയ്ക്കണം പിക്കാസ്സോവിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ എനിയ്ക്കു പെട്ടെന്നിഷ്ടമായതു്. ഇതാ വേറൊരു കോമാളി എന്നു വിചാരിച്ചിരിയ്ക്കണം.

എന്തായാലും ആ സ്വഭാവം ഇപ്പോൾ ആവശ്യമായി വന്നു. ഞാൻ ചതുരംഗപ്പലകയിൽ കണ്ടു പിടിച്ച രണ്ടു കരുക്കളായ ആനയും കുതിരയും ചേർത്തു് തൃകോണങ്ങളുണ്ടാക്കാൻ തുടങ്ങി. ആ രണ്ടു കരുക്കളെ മാത്രമെടുക്കാൻ വേറെയും കാരണങ്ങളുണ്ടായിരുന്നു. ദേവനെ, അല്ലെങ്കിൽ രാജാവിനെ ചെക്ക്മെയ്റ്റ് ചെയ്ത മൂന്നു കരുക്കളിൽ ആനയും കുതിരയും ശരിയും തേരു് തെറ്റുമാണു്. എന്നുവെച്ചാൽ കുതിരയെ ആനയുടെ മുമ്പിൽനിന്നു് മാറ്റി ഒരു ഓപ്പൻ ചെക്കു കൊടുത്തു, അതോടൊപ്പം കുതിരയെക്കൊണ്ടും ചെക്കുവച്ചു. അതു് സംഭാവ്യമാണു്. മറിച്ചു് തേരിനു്, അല്ലെങ്കിൽ ക്യാസിലിനു് അവിടെ വരാൻ യാതൊരു ന്യായവുമില്ല. അതുകൊണ്ടു് അതു് ബൂളിയൻ ലോജിക്കിൽ പറഞ്ഞാൽ ‘ഫാൾസും’ മറ്റു രണ്ടും ‘ട്രൂ’വുമാണു്. അപ്പോൾ ശരിയായിട്ടുള്ളതു മാത്രമെടുക്കുക. രണ്ടു ദിശയിലേയ്ക്കേ അവയിൽ നിന്നു് തൃകോണങ്ങളുണ്ടാവു. ഒന്നു് കെട്ടിടത്തിന്റെ ദിശയിലേയ്ക്കു്. പിന്നെ മറുവശത്തേയ്ക്കും. മറുവശത്തേയ്ക്കുള്ളതു് തീരെ ഉപേക്ഷിക്കാം, കാരണം അവിടെ വെറും തെങ്ങുകളും മറ്റു മരങ്ങളും നിറഞ്ഞ പറമ്പാണു്. കെട്ടിടത്തിന്റെ ഭാഗത്തേയ്ക്കു വരച്ച ഭുജങ്ങൾ ഒരു നേർവരയിലാണു് കൂട്ടിമുട്ടുന്നതു്.

ആ നേർവരകളിലെവിടെയെങ്കിലും ആവണം ഞങ്ങൾ അന്വേഷിക്കുന്ന നിധിയുള്ളതു്. മിക്കവാറും ഏതെങ്കിലും മുറികളിൽ. അവിടേയ്ക്കാണു് ഇട്ടിരാമക്കാരണവർ സ്വപ്നത്തിൽ എന്നെ കൊണ്ടുപോയതു്. ഇത്രയും വിശദീകരിച്ചുകൊടുത്തപ്പോൾ വന്ദനയുടെ സിനിസിസം പെട്ടെന്നു് അപ്രത്യക്ഷമായി. കമ്പ്യൂട്ടറിൽ ചെയ്തുകൊണ്ടിരുന്നതു് സേവ് ചെയ്തു് അവൾ ചോദിച്ചു.

‘അപ്പൊ ഇനി കണ്ടുപിടിയ്ക്കേണ്ടതു് ഏതു മുറ്യാണെന്നു മാത്രാണു്, അല്ലെ?’

‘അതെ. അതിനു് നമുക്കു് വേണ്ടതു് ഒരു കമ്പ്യൂട്ടർ മോഡലാണു്. നീ ഇപ്പോ ഉണ്ടാക്കണ സ്കെച്ചില്ലെ, അതു കഴിഞ്ഞാൽ പറയൂ. ഞാൻ അതിനുമുമ്പു് ഗണപതിയുടെയും കുതിരയുടെയും ഇടയിലുള്ള ദൂരം കണക്കാക്കാം. അതുപോലെ അവിടെനിന്നു് വീട്ടിലേയ്ക്കും. ഇത്രയും ആയാൽ നമുക്കു് പണി തുടങ്ങാം.’

വന്ദനയ്ക്കു് ഉത്സാഹമായി. സ്കെച്ചിന്റെ അവസാന പണികളിലാണു് അവൾ. ഇനി അളവുകൾ എടുത്തു ചേർക്കുകയേ വേണ്ടു. അവളെ ആ പണി തുടരാൻ ഏല്പിച്ചു് ഞാൻ എന്റെ അളവുനാടയുമായി പുറത്തേയ്ക്കിറങ്ങി. ശരിയ്ക്കു പറഞ്ഞാൽ ഗണപതിയും അമ്പലവും കുതിരയും എകദേശം ഒരേ നിരയിലാണുള്ളതു്. ഗണപതിയും കുതിരയും അല്പം മുമ്പിലേയ്ക്കു നിൽക്കുന്നുണ്ടെന്നു മാത്രം. ചതുരംഗപ്പലകയിലും അങ്ങിനെത്തന്നെയാണു് കരുക്കളുടെ നില.

വൈകുന്നേരം ആദ്യത്തെ ദല്ലാളൻ വന്നു.

‘ഈ നാലുകെട്ടും പറമ്പും വിൽക്കാനുണ്ട്ന്നു് കേട്ടല്ലൊ.’

ഞാൻ മനസ്സിൽ പറഞ്ഞു. ദേവിയോടു് നിധിയുടെ കാര്യമായിരുന്നു പറയേണ്ടിയിരുന്നതു്. ഒരു കാര്യവും ഇവരുടെയൊന്നും മനസ്സിൽ നില്ക്കില്ല. ഞാൻ പറഞ്ഞു.

‘അടുത്ത വീട്ടുകാരെയാണു് ഏല്പിച്ചിരിക്കണതു്. ഞങ്ങള് രണ്ടു ദിവസം കഴിഞ്ഞാൽ പോവ്വാണു്.’

‘ആരെ, ഭാർഗ്ഗവിയമ്മടെ വീട്ടുകാരെയോ?’

‘അതെ, അവിടെ ചോദിച്ചാൽ മതി.’

‘ഇത്പ്പൊ എത്ര ഏക്കറ് കാണും?’

‘എല്ലാം അവർക്കറിയാം, അവിടെ അന്വേഷിച്ചാ മതി.’

രാത്രിയായപ്പോഴേയ്ക്കു് വന്ദന സ്കെച്ചു വരച്ചു കഴിഞ്ഞു. മനോഹരമായിരിക്കുന്നു. അളവെടുത്തു വരച്ചതുകൊണ്ടു് എല്ലാം വളരെ വ്യക്തമായിരുന്നു. പഴയ എട്ടുകെട്ടിന്റെ സ്ഥാനം അവൾ ഊഹിച്ചു് വരച്ചു ചേർത്തിരുന്നു. അതുപോലെ നാലുകെട്ടു മാത്രമായി നിർത്തിയിരുന്നെങ്കിൽ എവിടംവരെയുണ്ടാവുമെന്നും അവൾ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ടു്. പറമ്പിൽ രണ്ടു കുളമാണുള്ളതു്. ഒന്നു് വെട്ടുകല്ലെടുത്ത കുഴിപോലെ തോന്നിയ്ക്കുന്ന കുളം. ഒരു ഭാഗത്തു് പടവുകളും കുളപ്പുരയുമുണ്ടെങ്കിലും മറ്റു മൂന്നു വശത്തു് പെട്ടെന്നുള്ള താഴ്ചയാണു്. കണ്ടാൽ ഭയം തോന്നും. ഞങ്ങൾ കുളിച്ചിരുന്നതു് തെക്കുകിഴക്കു ഭാഗത്തുള്ള വിശാലമായ കുളത്തിലായിരുന്നു. അതിൽ നിറയെ ആമ്പൽ പൂക്കൾ ഏതുകാലത്തും വിരിഞ്ഞുനിൽക്കാറുണ്ടു്. വെട്ടുകല്ലുകുളവും കുളപ്പുരയും ഒരു കാലത്തു് എട്ടുകെട്ടിന്റെ ഭാഗമായിരിയ്ക്കണമെന്നു് ഞാൻ ഊഹം പറഞ്ഞിരുന്നു. അതനുസരിച്ചാണവൾ എട്ടുകെട്ടിന്റെ പൊളിച്ചുകളഞ്ഞ ഭാഗവും സ്കെച്ചിൽ ചേർത്തതു്. ഞാൻ പറഞ്ഞതനുസരിച്ചു് അമ്പലത്തിന്റെയും കുതിരയുടെയും ഇടയിൽ ഒരു സാങ്കല്പിക രേഖയുണ്ടാക്കി അതിൽനിന്നു് കെട്ടിടത്തിന്റെ വടക്കുഭാഗത്തെത്തുന്നതുവരെ തൃകോണങ്ങൾ ഉണ്ടാക്കിവച്ചു. ഇപ്പോൾ കാര്യങ്ങൾ വളരെ വ്യക്തമാണു്. ആ തൃകോണങ്ങൾ വന്നു മുട്ടുന്ന ഏതെങ്കിലും മുറിയിലാവണം നിധി ഒളിപ്പിച്ചുവച്ചിരിയ്ക്കുന്നതു്.

പകലത്തെ അദ്ധ്വാനം കാരണമായിരിക്കണം ഞാൻ രാത്രി നന്നായി ഉറങ്ങി. രാവിലെ താഴത്തെത്തിയപ്പോൾ ദേവിയാണു് ചായ കൊണ്ടുവന്നു തന്നതു്. പക്ഷേ, മുഖത്തൊരു പ്രസാദമില്ല. ഞാൻ ചോദിച്ചു.

‘എന്തേ?’

‘ഒന്നുംല്ല്യ.’

‘എന്തോണ്ടു്.’

‘നന്ദേട്ടനെന്തിനാ ആ പൊരുത്തുകാരനെ ഞങ്ങടടുത്തേയ്ക്കു് വിട്ടതു?’

‘അത്രേള്ളു. ഞാനൊരു ചോദ്യം അങ്ങട്ടു് ചോദിയ്ക്കട്ടെ. എന്തിനാണു് ഞങ്ങൾക്കീ വീടു് വിൽക്കാനുദ്ദേശ്യണ്ട്ന്നു് പൊറമെ പറഞ്ഞതു? ഞാൻ പ്രത്യേകം പറഞ്ഞതല്ലെ വേറെ ആരോടും പറയരുത്ന്നു്? ഇപ്പൊ എന്തു ശല്യായിന്നു് നോക്കു്. ഒന്നാമതായി മൂന്നു കൊല്ലത്തിനുള്ളിൽ വില്ക്കാനേ ഉദ്ദേശള്ളു. പിന്നെ പൊരുത്തുകാരു് മുഖേന വിൽക്കാൻ തീരെ ഉദ്ദേശല്ല്യ. അതൊക്കെ പറഞ്ഞതല്ലെ.’

‘ഞാനത്രയൊന്നും ആലോചിച്ചില്ല.’

‘അപ്പൊ ഇനി വരണ പൊരുത്തുകാരോടൊക്കെ പറയ്യാ, ഈ വീടും പറമ്പും വില്ക്കാൻ പോണില്ല്യ, ഇവിടത്തെ കൂട്ടരു് റിട്ടയറ് ചെയ്തു കഴിഞ്ഞാൽ വന്നു താമസിക്ക്യാണ്ന്നു്. അല്ലെങ്കിലു് നിനക്കുതന്നെയാണു് ശല്യം. ഞങ്ങള് മൂന്നു ദിവസം കഴിഞ്ഞാൽ പോവും.’

‘ശരി.’

അവൾ അടുക്കളയിലേയ്ക്കു പോയപ്പോൾ എനിയ്ക്കു വിഷമമായി. ഞങ്ങൾ കുട്ടികളായിരിയ്ക്കെ പറമ്പിലൊക്കെ ഓടിക്കളിച്ചിരുന്നപ്പോൾ ഒരു വാലായി അവളും ഉണ്ടായിരുന്നു. ഇന്ദിരയേക്കാൾ നാലു വയസ്സു താഴെയാണു്. ഇപ്പോൾ അവളും അമ്മയും ഈ വീടും പറമ്പും നോക്കാനുണ്ടെന്ന ധൈര്യത്തിലാണു് ഞങ്ങളവിടെ കഴിയുന്നതു്.

ഇന്നു് നിർണ്ണായക ദിവസമാണു്. ഇന്ദിരയും വന്ദനയും അമ്പലത്തിൽനിന്നു വന്നപ്പോൾ എല്ലാവരും ഒന്നിച്ചു് പ്രാതൽ കഴിച്ചു. ദേവിയോടു് കുറച്ചു മയത്തിൽ സംസാരിച്ചപ്പോൾ അവളുടെ പിണക്കം മാറി. പാവം, അത്രയേ ഉള്ളു.

images/EHK_Novel_06_Ch16_2.jpg

ഞങ്ങൾ സ്കെച്ചിൽ അടയാളപ്പെടുത്തിയ മുറികൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി. പെട്ടെന്നെനിയ്ക്കു് നേരത്തെ കണ്ട സ്വപ്നം ഓർമ്മ വന്നു. ഇട്ടിരാമൻ കാരണവർ എന്റെ കൈ പിടിച്ചു് ഒരു കോണിയിറങ്ങിവരുന്ന സ്വപ്നം. ഞാൻ വന്ദനയോടു പറഞ്ഞു.

‘എനിയ്ക്കു തോന്നണതു് കോണിയുള്ള ഒരു മുറിയായിരിയ്ക്കും അതെന്നാണു്. പക്ഷേ, നമ്മടെ തെരച്ചിലിൽ കോണിയൊന്നും കണ്ടിട്ടില്ല. അതിനർത്ഥം ഒരു കാലത്തു് ഉണ്ടായിരുന്ന കോണി ഇട്ടിരാമൻ കാരണവരുടെ കാലത്തിനുശേഷം എടുത്തു മാറ്റി എന്നാണു്. എന്താ അഭിപ്രായം?’

‘അങ്ങനീം ഒരു സാധ്യതണ്ടു്. അച്ഛൻ പറഞ്ഞിരുന്നില്ലെ, കോണി എടുത്തു മാറ്റിയാൽ തട്ടിന്റെ ആ ഭാഗം വ്യത്യാസപ്പെട്ടിരിക്കുംന്നു്? അപ്പൊ നമുക്കതു നോക്കാം. ഏതായാലും മൂന്നു മുറിയേ നമ്മള് അടയാളപ്പെടുത്തീട്ടുള്ളു.’

‘നോക്കാം.’

ഞങ്ങൾ സ്കെച്ചിൽ അടയാളപ്പെടുത്തിയ നമ്പറനുസരിച്ചു് നോക്കാൻ തുടങ്ങി. ഒന്നാം നമ്പറിൽ ഒന്നുമില്ല. അതു കാരണവരുടെ മുറിയായിരുന്നു. അതിനു തൊട്ടടുത്തു് ഒളിഞ്ഞുകിടന്ന മുറി നേരത്തെ നോക്കിയിരുന്നല്ലൊ. രണ്ടാം നമ്പറിലെത്തിയപ്പോൾ പെട്ടെന്നു് വിളക്കണഞ്ഞു. കറന്റ് പോയതാണു്. കയ്യിൽ പിടിച്ച വിളക്കു് താഴെ വച്ചു ഞങ്ങൾ വയർ തടയാതെ മുറിയ്ക്കു പുറത്തു കടന്നു. ഇനി എപ്പോഴാണു് വൈദ്യുതി വരുകയെന്നറിയില്ല. നാട്ടിൻപുറത്തൊക്കെ അങ്ങിനെയാണു്. അത്രയും സമയം പാഴാക്കാതെ സ്കെച്ചു പഠിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

‘ഒരു കാര്യം നീ ശ്രദ്ധിച്ചോ?’ ഞാൻ ചോദിച്ചു. ‘നടുവിലെ മുറിയും അതിനു ചുറ്റുമുള്ള ഇടനാഴികകളും നടുമുറ്റം നികത്തി പണിതതായിരിക്കണം.’

‘ശര്യാണല്ലെ.’ സ്കെച്ചു നോക്കിക്കൊണ്ടു് വന്ദന പറഞ്ഞു. എട്ടുകെട്ടിന്റെ രണ്ടാമത്തെ നടുമുറ്റാണു് അതു് അല്ലെ? ഞാനതോർത്തില്ല. അപ്പോൾ ആ നടുമുറ്റത്തായിരിയ്ക്കും കാരണോരു് നിധി കുഴിച്ചിട്ടതു്. അതോണ്ടായിരിക്കും എട്ടുകെട്ടു് മുഴുവൻ പൊളിക്കാൻ സമ്മതിയ്ക്കാതിരുന്നതു്, അല്ലെ?’

‘ആയിരിക്കും. ഈ നശിച്ച കറന്റ് ഇനി എപ്പോഴാണാവോ വര്വാ. ആ മുറീലൊക്കെ പരിശോധിക്കണെങ്കിലു് നല്ല വെളിച്ചം വേണം. നമ്മള് നോക്കാൻ പോണ മുറീലു് ഒട്ടും വെളിച്ചം ഇല്ല. പൊറത്തേയ്ക്കു് ജനലില്ലാത്ത മുറിയാണു്. ആകെള്ളതു് ഒരു സൂത്രോട്ട്യാണു്. വാതിലു് കടക്കണ ഇടനാഴിക അതിലേറെ ഇരുട്ടു പിടിച്ചതും.’

‘എന്താച്ഛാ സൂത്രോട്ട?’

‘തച്ചുശാസ്ത്രപ്രകാരം ചില ചുമരിൽ ജനൽ പാടില്ലെന്നുണ്ടു്. പക്ഷേ, അങ്ങിനെയുള്ള സ്ഥലത്തു് വെറും ഒരു ഓട്ടയുണ്ടാക്കും. ഏകദേശം രണ്ടിഞ്ചു വ്യാസത്തിൽ. അതിനാണു് സൂത്രോട്ട എന്നു പറയണതു്. ഒരു പക്ഷേ, ത്രൂ വെന്റിലേഷനു വേണ്ടിയായിരിക്കും.’

‘അതു ശരി.’

‘ഈ നാട്ടിൻപുറത്തു് ഇങ്ങിനെയൊരു ശല്യം മാത്രേള്ളൂ. കറന്റ്, അതു പോയാൽ ഒരു പോക്കാണു്. നിനക്കു് കമ്പ്യൂട്ടറിൽ ഒന്നും ചെയ്യാനും പറ്റില്ല.’

‘ക്ഷമിക്കു അച്ഛാ.’

പതിനേഴു്

കറന്റ് വന്നതു് രാത്രി ഏഴു മണിയ്ക്കാണു്. ഞങ്ങൾ മുറി പരിശോധിക്കാൻ ഓടുന്നതു കണ്ട ഇന്ദിര പറഞ്ഞു.

‘ഇനി ഊണു കഴിഞ്ഞിട്ടു പോരെ. അച്ഛനും മോൾക്കും തീരെ ക്ഷമല്ല്യ.’

‘ഒരു കാര്യും കൂടി നോക്കാന്ണ്ടു്. അതു് കഴിഞ്ഞിട്ടു വരാം. അപ്പഴയ്ക്കു് നീ ഊണു ശരിയാക്കു.’

ഞങ്ങൾ ഓടുകതന്നെയായിരുന്നു. വിളക്കു് കത്തി നിന്നിരുന്നതു് എടുത്തു തട്ടിന്റെ മേലേയ്ക്കു പിടിച്ചു ഓരോ ഭാഗമായി പരിശോധിയ്ക്കാൻ തുടങ്ങി. പെട്ടെന്നു് എന്റെ ഹൃദയം പുറത്തു ചാടിയില്ലാ എന്നെയുള്ളു. ഒരു മൂലയിലായി ഒരിക്കൽ കോണി പിടിപ്പിച്ചിരുന്ന ഭാഗം കണ്ടു. ഒരു കൂടു്, അതു് പിന്നീടു് അടച്ചതാണു്. അടച്ച ഭാഗം ഒരു ഫ്രെയിമായി കാണുന്നു.

‘ഇതാണു് ഞാൻ പറഞ്ഞതു്, നോക്കു് ഇവിടെ ഒരു കോണിണ്ടായിരുന്നു.’

വന്ദനയ്ക്കു് തൃപ്തിയായി.

‘ഇതായിരിക്കണം ആ മുറി. എന്തായാലും ഇപ്പൊ നോക്കാനൊന്നും പറ്റില്ല. ഊണു കഴിഞ്ഞു് സാവധാനത്തിൽ നോക്കാം. അതിനെടയ്ക്കു് മോളില്ത്തെ നെലേലു് പോയി അവിടീം ഒന്നു് പരിശോധിയ്ക്കാം.’

ഞങ്ങൾ ഇടനാഴികകളുടെ വളവുകൾ കടന്നു് പുറത്തേയ്ക്കു കടന്നു. നടുമുറ്റത്തിന്റെ വശത്തുകൂടി നടന്നു് കോണി കയറി. നീണ്ട വയർ പ്ലഗ്ഗിൽ നിന്നെടുത്തതു് ഒപ്പം കൊണ്ടുപോയി. അവിടെ നല്ല ഇരുട്ടുതന്നെ. പുറത്തു് മായാൻ മടിച്ചുനിന്ന നേരിയ വെളിച്ചം ആ മുറിയിൽ ഒട്ടും എത്തുന്നില്ല. അടുക്കളയുടെ വാതിലിലൂടെ ഭർത്താവിന്റെയും മകളുടെയും പരാക്രമങ്ങൾ വീക്ഷിക്കുന്ന ഇന്ദിര തലയാട്ടി.

മുകളിലെ മുറി കണ്ടുപിടിയ്ക്കുക എളുപ്പമായിരുന്നു, കാരണം അതു് ഏറ്റവും അറ്റത്തെ മുറിയാണു്. മുകളിലെ വരാന്തയിൽക്കൂടി ഇടനാഴികയിലേയ്ക്കു കടക്കാം. ഞങ്ങൾ കിടപ്പറയിൽനിന്നു് പ്ലഗ്ഗുുവഴിയെടുത്ത വിളക്കു് കത്തിച്ചു നടന്നു. ആ മുറിയിലും ഒരു സൂത്രോട്ട മാത്രമെയുള്ളു. ജനലുകളില്ല. അതൊരു സാധാരണ മുറി മാത്രം. വീട്ടുസാമാനങ്ങളെല്ലാം മാറ്റിയിരുന്നു. പരിശോധിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. ആ മുറിയുടെ തട്ടിൽനിന്നും തട്ടിൻപുറത്തേയ്ക്കു് കോണിവച്ചതിന്റെ തെളിവുണ്ടു്. മനസ്സിലാവാത്ത കാര്യം ഒന്നാമതായി ഈ മുറിയിൽനിന്നു് തട്ടിൻപുറത്തേയ്ക്കു് എന്തിനാണു് കോണി വച്ചതു്. രണ്ടാമതു്, എന്തിനാണു് ആ കോണി എടുത്തു മാറ്റിയതു? കാരണവർ ചെയ്തതെന്തും ദുരൂഹതയുള്ളതായിരുന്നു. ആ മുറിയിലൊന്നും ഒരു നിധി ഒളിപ്പിച്ചു വെയ്ക്കാനുള്ള സ്ഥലം കണ്ടില്ല. ഞങ്ങൾ താഴേയ്ക്കു തിരിച്ചു പോയി. മേശപ്പുറത്തു് ഊണു തയ്യാറായി ഇന്ദിര കാത്തുനിൽക്കുകയാണു്.

‘കിട്ടിയോ?’ അവൾ ചോദിച്ചു?

‘എന്തു?’

‘നിങ്ങളന്വേഷിക്കണ നിധി?’

‘കളിപ്പിച്ചോട്ടെ അല്ലെ മോളെ?’

‘അല്ല, അതു കിട്ടിയിട്ടു് നിങ്ങളെന്താ ചെയ്യാൻ പോണതു?’

‘ഞങ്ങളതു് കിട്ടിയിട്ടു് ആദ്യം പുതുതായി നല്ലൊരമ്മയെ കൊണ്ടുവരും, അല്ലെ മോളെ?’

‘അല്ലാതെ? ഒരു ബ്രാന്റ് ന്യു അമ്മയെ.’

‘ഇതൊക്കെയാണു് അച്ഛന്റീം മോളടീം മനസ്സിലിരിപ്പു് അല്ലെ? പറഞ്ഞതു് നന്നായി. ഇപ്പൊ എന്തായാലും ഭക്ഷണം തയ്യാറായിട്ടുണ്ടു്. അതു കഴിച്ചോളു. നാളെ മുതൽ വന്ദനടെ ബ്രാന്റ് ന്യൂ അമ്മയുണ്ടാക്കിത്തരും.’

‘നമ്മളതു് പറഞ്ഞതു് കുറച്ചു നേരത്തെയായി അല്ലെ?’ വന്ദന പറഞ്ഞു.

കൈ കഴുകി ഊൺമേശയ്ക്കു മുമ്പിലിരിക്കുമ്പോൾ ഞാൻ പറഞ്ഞു.

‘ഗുണപാഠം, മറ്റൊന്നു കിട്ടിയിട്ടേ കയ്യിലുള്ള കിളിയെ വിടാവൂ.’

‘ആട്ടെ, ശരിയ്ക്കു പറയൂ, നിധി കിട്ടിയാൽ എന്താണു് ചെയ്യാൻ പോണതു?’

‘നേർ പകുതി കുട്ടേട്ടനു കൊടുക്കും. മൂപ്പർക്കുകൂടി അവകാശപ്പെട്ടതാണു് ഈ സ്ഥലം, അതോണ്ട്തന്നെ ഈ നിധീം. ബാക്കി പകുതികൊണ്ടു് നമ്മടെ കടൊക്കെ വീട്ടും. നമ്മടെ വീടു വെച്ചതിന്റെ കടം ഇനീം ബാക്കിണ്ടല്ലൊ. അതും മറ്റു ചില അല്ലറചില്ലറ കടോം ഒക്കെക്കൂടീട്ടു് തീർക്കും. ബാക്കി വല്ലതുംണ്ടെങ്കിൽ അതു് നമ്മടെ മോളടെ കല്യാണത്തിനു് എടുത്തുവെയ്ക്കും. പോരെ?’

‘മതിമതി, അല്ല, ചോദിച്ചതാ. എന്നിട്ടു് വേണല്ലൊ പോയിട്ടു് എന്റെ സൂട്ട്കേസ് പേക്ക് ചെയ്യാൻ.’

അങ്ങിനെ കാര്യങ്ങൾ രമ്യമായി പരിഹരിച്ചു് ഞങ്ങൾ മൂന്നു പേരും ഭക്ഷണത്തിനിരുന്നു.

ഊണു കഴിഞ്ഞപ്പോൾ സുഖമായി കിടന്നുറങ്ങാനാണു് തോന്നുന്നതു്. തണുത്ത കാറ്റു വീശുന്നുണ്ടു്. എവിടെയോ മഴ പെയ്യുന്നുണ്ടു് എന്നർത്ഥം. ഇനി മഴയുടെ ആരവം കേൾക്കാം. ദൂരെനിന്നു് തുടങ്ങി സാവധാനത്തിൽ അടുത്തേയ്ക്കു വന്നു് അതു് ഓട്ടിൻപുറത്തു് ശക്തിയോടെ പതിയ്ക്കും. അതിന്റെ ആസുരശബ്ദത്തിൽ ഉറക്കം എവിടെ നിന്നോ ഇരച്ചുവരും. പിന്നെ പിടിച്ചാൽ കിട്ടാതെ കണ്ണുകൾ അടഞ്ഞുപോകുന്നു. ഇന്നു് രണ്ടാലൊന്നറിയുംവിധം തിരച്ചിൽ അവസാനിപ്പിയ്ക്കണം. ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാം അവസാനിപ്പിച്ചു് തിരിച്ചു പോണം. എത്ര കാലമായി ഈ ഭ്രാന്തു തുടങ്ങിയിട്ടു്?

‘ദേവി പറയ്യാണു്,’ ഇന്ദിര സംഭാഷണം തുടങ്ങി. ‘എന്താ നിങ്ങള് വല്ല നിധീം അന്വേഷിക്ക്യാണോന്നു്.’

‘എന്താ അവൾക്കങ്ങിനെ തോന്നാൻ?’

‘അച്ഛന്റീം മോളടീം വെപ്രാളം കണ്ടാലു് ഏതു് മരമണ്ടനും മനസ്സിലാവും എന്തോ അന്വേഷിക്ക്യാണ്ന്നു്. പത്തിരുനൂറു കൊല്ലം പഴക്കള്ള തറവാടല്ലെ? ഇവിടെ വേറെ എന്തു് അന്വേഷിക്കാനാ?’

ശരിയാണെന്നു് എനിയ്ക്കിപ്പോൾ തോന്നുന്നു.

‘ദൈവമേ, ഇനി അവള് അതും പാട്ടാക്ക്വോ?’

‘ആർക്കറിയാം?’

ഒരു കാര്യം തീർച്ചയായി. വല്ലതും നോക്കാനുണ്ടെങ്കിൽ അതു വേഗം നോക്കി സ്ഥലം വിടുക. ഊണു കഴിക്കൽ ഒരു ചടങ്ങു് മാത്രമായി മാറിയിരുന്നു. കഴിക്കുമ്പോഴും സംസാരിച്ചിരുന്നതു് ഒരേയൊരു വിഷയത്തെപ്പറ്റിയായിരുന്നു. എങ്ങിനെയൊക്കെയോ ഭക്ഷണം കഴിച്ചുവെന്നു വരുത്തി ഞാനും വന്ദനയും മുകളിലെത്തി സ്കെച്ചു പഠിക്കാൻ തുടങ്ങി. ഊണു കഴിഞ്ഞ ഉടനെ ജോലിയെടുക്കാൻ വയ്യ. പോരാത്തതിനു് അയൽക്കാരൊക്കെ ഉറക്കമാവട്ടെ എന്നും ഉദ്ദേശമുണ്ടു്.

ഇന്ദിര അടുക്കള പൂട്ടി മുകളിലേയ്ക്കു വന്നു.

‘എവിടെയെത്തി നിങ്ങടെ അന്വേഷണം?’

ഞാൻ ഒന്നും പറയാതെ കമ്പ്യൂട്ടറിന്റെ മോണിറ്റർ അവളുടെ നേരെ തിരിച്ചു പിടിച്ചു. ഞങ്ങളുടെ സംസാരത്തിൽനിന്നും അപ്പപ്പോഴായി ഞങ്ങൾ കമ്പ്യൂട്ടറിൽ ജോലിയെടുക്കുന്നതു നോക്കിയിരുന്നതിൽനിന്നും ഇന്ദിര പ്രശ്നത്തിന്റെ കാതലെന്താണെന്നു് മനസ്സിലാക്കിയിരുന്നു.

‘ഇപ്പോൾ നിങ്ങളന്വേഷിക്കണതു് ഈ മുറിയിലാണു് അല്ലെ?’ സൂത്രോട്ടയുള്ള വടക്കെ അറ്റത്തെ മുറി ചൂണ്ടിക്കാട്ടി അവൾ ചോദിച്ചു.

‘അതെ?’

‘എന്താ അങ്ങിനെയൊരു ഊഹം നിങ്ങക്കു് കിട്ടിയതു?’

‘അതോ, നമ്മടെ ചതുരുംഗപ്പലക ഈ പറമ്പിന്റെ മാതിര്യാണ്ന്നു് പറഞ്ഞൂലോ. അപ്പോ ഗണപതിയ്ക്കു് പകരം ആനയാണു് സൂചന. കുതിരയ്ക്കു് പകരം പണ്ടുണ്ടായിരുന്ന കുതിരപ്രതിമ. അതിനു് നടുവിൽ ദേവൻ അല്ലെങ്കിൽ രാജാവു്. അതായതു് അമ്പലം. ഗണപതിയ്ക്കും കുതിരയ്ക്കും എടേലു് ഒരു വര വരച്ചൂലോ? രണ്ടിനീം ഘടിപ്പിച്ചുകൊണ്ടു്? അതിന്റെ ഒത്ത നടുവിന്നു് താഴോട്ടു് ഒരു വര വരച്ചാൽ അതു് ഈ മൂന്നു മുറീക്കൂട്യാണു് കടന്നു പോവ്വാ. ഇങ്ങിനെ ഒരു ആശയം കിട്ടീതു് ത്രികോണം വരക്കണ എന്റെ സ്വഭാവംണ്ട്ലൊ, അത്ന്നാ. അപ്പൊ ആ ത്രികോണങ്ങള് കൂട്ടിച്ചേർക്കാനൊരു നേർരേഖ വരച്ചതാ.’

ഇന്ദിര കുറച്ചുനേരം മോണിറ്ററിൽ നോക്കിയിരുന്നശേഷം എന്തോ പിടികിട്ടിയപോലെ ഞങ്ങളെ നോക്കി. പിന്നെ കൈ നീട്ടിക്കൊണ്ടു് പറഞ്ഞു.

‘എവിടെ ആ ചതുരംഗപ്പലക? നോക്കട്ടെ.’

ഒരു മിനുറ്റ് ആ പലക നോക്കിയശേഷം അവൾ ചിരിക്കാൻ തുടങ്ങി.

‘നിങ്ങളെന്തിനാണു് ഇങ്ങിനെ കൂട്ടിക്കൊഴക്കണതു? ആനടീം കുതിരടീം നടുവില്ള്ളതു് വെളുത്ത ദേവനാണു്, അല്ലെ? അങ്ങേർക്കല്ലെ ചെക്കു കൊടുത്തിരിയ്ക്കണതു?’

‘അതെ.’

ഭഗവതീന്യാണു് വെളുത്ത ദേവനായിട്ടു് കാണിച്ചിരിക്കണതു്. മറ്റേ ദേവൻ, കറുത്ത ദേവൻ വെളുത്ത ദേവനു് നേരെ എതിർവശത്താണു്. എന്നുവച്ചാൽ പൂജാമുറീല്ത്തെ ദേവൻ. അതാരാണു്? നമ്മടെ ശ്യാമകൃഷ്ണൻ തന്നെ. അപ്പൊ ഈ രണ്ടു രാജാക്കന്മാരീം കൂട്ടിച്ചേർത്തു് ഒരു വര വരയ്ക്ക്യല്ലെ വേണ്ടു? അതാണെങ്കിലോ ഒരു നേർവരയും ആണു്. നിങ്ങള് നോക്കണ്ടതു് പൂജാമുറീലാണു്.’

images/EHK_Novel_06_Ch17.jpg

വന്ദന അമ്മയെ ആരാധനയോടെ നോക്കി.

‘ശര്യാണല്ലെ അച്ഛാ, അങ്ങിനീം ഒരു സാധ്യതണ്ടല്ലെ?’

ഞാൻ ഇന്ദിരയുടെ ബുദ്ധിയിൽ അദ്ഭുതപ്പെട്ടു് ഇരിയ്ക്കയാണു്.

‘നീ ജീവിതത്തിൽ രണ്ടാമത്തെ പ്രാവശ്യാണു് ബുദ്ധി കാണിക്കണതു്.’ ഞാൻ ഇന്ദിരയോടു് പറഞ്ഞു.

‘അതെന്താ?’

‘ആദ്യത്തെ പ്രാവശ്യം എന്നെ കല്യാണം കഴിച്ചപ്പോ.’

‘ങാ… അത്രേള്ളൂ?’

വന്ദന അന്വലവും വീട്ടിനുള്ളിലെ പൂജാമുറിയും കൂട്ടിച്ചേർത്തുകൊണ്ടു് ഒരു രേഖ വരച്ചു. ശരിയ്ക്കും ഒരു നേർരേഖ. ഒരു ദേവന്റെ അടുത്തുനിന്നു് മറ്റെ ദേവനിലേയ്ക്കു് ഒരു രാജപാത.

‘നമുക്കു് പോയി നോക്കാം.’ ഞാൻ പറഞ്ഞു. ‘നോക്കുന്നതിൽ തെറ്റൊന്നുമില്ലല്ലൊ.’

ഞാൻ കമ്പ്യൂട്ടറിലെ സ്കെച്ച് ഒരിക്കൽക്കൂടി പഠിച്ചു. പൂജാമുറി 15 അടി നീളവും ആറടി വീതിയുമുള്ള ചെറിയ മുറിയാണു്. ഞങ്ങൾ എഴുന്നേറ്റു. കോണിയുടെ അടുത്തെത്തിയപ്പോൾ വന്ദന പറഞ്ഞു.

‘അച്ഛാ ഞാനാ അളവു ടേപ്പ് എടുക്കട്ടെ. എന്തെങ്കിലും ആവശ്യം വന്നാലോ?’

അവൾ ടേപ്പ് എടുത്തു കൊണ്ടുവരുന്നതുവരെ ഞങ്ങൾ കോണിച്ചുവട്ടിൽ കാത്തുനിന്നു. ഞാൻ ചോദിച്ചു.

‘മോളെ നീ അളവെടുത്തതൊക്കെ ശരി തന്ന്യല്ലെ?’

എന്താണങ്ങിനെ ചോദിക്കാൻ എന്നെക്കൊണ്ടു് തോന്നിപ്പിച്ചതു് എന്നറിയില്ല. പക്ഷേ, അതു നന്നായി, കാരണം അവൾക്കിപ്പോൾ സംശയമായി.

‘അതേന്നാ തോന്ന്ണതു്.’ അവൾ സംശയിച്ചുകൊണ്ടു് പറഞ്ഞു. ‘നമുക്കു് എന്തായാലും ഒരിക്കൽക്കൂടി അളവെടുക്കാം.’

ആദ്യം പോയതു് പൂജാമുറിയിലേയ്ക്കു തന്നെയായിരുന്നു. വീതി ശരിയ്ക്കും ആറടി തന്നെ. നീളം പക്ഷേ, പതിനഞ്ചിനു പകരം 13 അടി മാത്രമേയുള്ളു. അപ്പോൾ? കാരണവരുടെ മുറിയ്ക്കും അടുത്ത മുറിയ്ക്കുമിടയിൽ ഒളിഞ്ഞുകിടക്കുന്നപേലെ ഒരറ പൂജാമുറിയിലും ഉണ്ടു്! ആ മുറിയേക്കാൾ സൂരക്ഷിതമാണു് പൂജാമുറി എന്നു് ഇട്ടിരാമക്കാരണവർ കരുതിയിട്ടുണ്ടാവും. ഞങ്ങൾ മൂന്നുപേരും മുഖത്തോടുമുഖം നോക്കി നിൽക്കുകയാണു്.

‘അപ്പ എന്തേ അങ്ങിനെ സംഭവിയ്ക്കാൻ?’ അല്പം കുറ്റബോധത്തോടുകൂടി നിൽക്കുന്ന വന്ദനയെ നോക്കി ഇന്ദിര ചോദിച്ചു.

‘ഞാൻ പറഞ്ഞുതരാം.’ വന്ദനയെ ഒരു വിഷമസന്ധിയിൽ നിന്നു് രക്ഷിച്ചുകൊണ്ടു് ഞാൻ പറഞ്ഞു. ‘വരൂ…’

ഞാൻ പൂജാമുറിയ്ക്കു് എതിരെയുള്ള മുറിയിലേയ്ക്കു് അവരെ കൊണ്ടുപോയി. അതൊരു കലവറയാണു്. പൂജാമുറിയുടെ തൊട്ടടുത്തായതുകൊണ്ടു് അടുക്കളസാധനങ്ങളൊന്നും അതിൽ വെച്ചിരുന്നില്ല. പൂജാ സാമഗ്രികൾ—അതുതന്നെയുണ്ടു് ധാരാളം. പല വലുപ്പത്തിലുള്ള ഓട്ടുവിളക്കുകൾ, പിച്ചളത്താലങ്ങൾ, ചെറിയ ചെമ്പുപാത്രങ്ങൾ, എണ്ണപ്പാത്രങ്ങൾ അങ്ങിനെ പലതും. പിന്നെ സദ്യയ്ക്കുപയോഗിച്ചിരുന്ന ചരക്കുകളും ഉരുളികളും വലിയ ചട്ടുകങ്ങളും ഒക്കെ ആയിരുന്നു ആ മുറിയിൽ.

ഞാൻ വന്ദനയുടെ കയ്യിൽനിന്നു് ടേപ്പു വാങ്ങി അളക്കാൻ തുടങ്ങി. അതിന്റെ വീതി 9 അടി. സ്കെച്ചിൽ അടയാളപ്പെടുത്തിയ പോലെത്തന്നെ. നീളം 15 അടിയും. അവൾക്കു പറ്റിയ അബദ്ധം രണ്ടു മുറികളും പുറമെനിന്നു് നോക്കുമ്പോൾ ഒരേ നീളമുള്ളതുകൊണ്ടു് ഒരു മുറിയുടെ വീതിയെടുത്തുകഴിഞ്ഞപ്പോൾ അതേ അളവു് മറ്റെ മുറിയ്ക്കും, അതായതു് പൂജാമുറിയ്ക്കും, ശരിയ്ക്കു് അളവെടുക്കാതെ കൊടുത്തു എന്നതാണു്. കാരണവരുടെ മുറിയിൽ അളവുപിശകു കണ്ടപ്പോഴെങ്കിലും ഞങ്ങൾ അളവുകൾ ഒരിക്കൽക്കൂടി പരിശോധിക്കേണ്ടതായിരുന്നു.

ഞങ്ങൾ പൂജാമുറിയിലേയ്ക്കു പോയി. മുറിയ്ക്കു് നഷ്ടപ്പെട്ട നീളം പ്രതിഷ്ഠയ്ക്കു പിന്നിലാണു് കിടക്കുന്നതു് എന്നു മനസ്സിലായി. ആ ചുമരാണു് പൊളിയ്ക്കേണ്ടതു്.

പെട്ടെന്നു് മഴ പെയ്യാൻ തുടങ്ങി. ഓട്ടിൻപുറത്തു് കനത്ത തുള്ളികൾ ശക്തിയോടെ വീഴുന്ന ശബ്ദം. കാറ്റിന്റെ ചൂളംവിളി. പക്ഷേ, എനിക്കു് ഉറക്കം വരുന്നില്ല. ഞാൻ ഇന്ദിരയോടു് പറഞ്ഞു.

‘നമുക്കു് പൊളിയ്ക്കേണ്ടതു് ഈ ബിംബത്തിനു പിന്നിലെ ചുമരാണു്.’

‘അതിനെന്താ?’ അവൾ വളരെ ശാന്തയായി പറഞ്ഞു. ‘നമുക്കു് പൊളിയ്ക്കാം. പിക്കാക്സെടുക്കു.’

എനിയ്ക്കു് അദ്ഭുതം തോന്നി. എന്നേക്കാൾ ഭക്തിയുള്ള കൂട്ടത്തിലാണു് അവൾ. എന്നും അമ്പലത്തിൽ പോകും, പ്രാർത്ഥിയ്ക്കും. ഇവിടെ താമസിക്കുന്നിടത്തോളം ദിവസങ്ങൾ മുടക്കാതെ പൂജാമുറിയിൽ വിളക്കു കൊളുത്തും. നാമം ജപിയ്ക്കും. അത്യാവശ്യം ഏകാദശിയും മറ്റും നോൽക്കും. ഇതൊന്നും ചെയ്യാത്ത കക്ഷിയാണു് ഞാനെങ്കിലും ആ ബിംബം അവിടെനിന്നു് മാറ്റുക എന്നാലോചിക്കുമ്പോൾ പേടി തോന്നുന്നു. വന്ദന ഒന്നും പറയാതെ നിൽക്കുകയാണു്. അമ്മ കാര്യങ്ങൾ ഏറ്റെടുത്തതു് ഒട്ടൊരാശ്വാസത്തോടെയാണു് അവൾ നോക്കുന്നതു്.

‘അപ്പൊ ഈ ബിംബം അവിടന്നു് മാറ്റണ്ടെ?’

‘അതിനെന്താ നന്ദേട്ടാ? ഞാനതു് എടക്കെടയ്ക്കു് മാറ്റി അവിട്യൊക്കെ വൃത്തിയാക്കാറ്ണ്ടു്. പോയി പൊളിക്കാന്ള്ള ആയുധങ്ങളൊക്കെ എടുത്തു കൊണ്ടുവരു. ഞാനിപ്പ ഈ മൂപ്പരെ മാറ്റിത്തരാം.’

അവൾ കുനിഞ്ഞിരുന്നു് പ്രതിമ കയ്യിലെടുത്തു.

‘ഉണ്ണിക്കൃഷ്ണാ, കൊറച്ചു നേരം ഒന്നു് മാറിയിരിയ്ക്കണംട്ട്വോ. ഒന്നും വിചാരിയ്ക്കര്തു്. ഞങ്ങക്കു് ഒരു കാര്യം നോക്കാനാണ്…’

ഞാൻ ആയുധങ്ങളെടുക്കാൻ പോയി.

പതിനെട്ടു്

ഞാൻ തിരിച്ചു വന്നപ്പോഴേയ്ക്കു് ഇന്ദിര ശ്രീകൃഷ്ണനെ മാത്രമല്ല അദ്ദേഹം ഓടക്കുഴൽ വിളിച്ചു് നിന്നിരുന്ന പീഠം കൂടി മാറ്റിവച്ചു് അവിടെ തുടയ്ക്കുകയാണു്.

‘ഇപ്പോൾ തുടക്കേണ്ടിയിരുന്നില്ല. എന്തായാലും മണ്ണും പൊടീം ആവും.’

‘അതു സാരല്ല്യ. ജോലി തുടങ്ങുമ്പൊ വൃത്തിള്ള സ്ഥലത്തിരിക്കാലോ. ഇപ്രാവശ്യം ഞാനീ പീഠത്തിന്റെ അടീലൊന്നും തൊടച്ചിട്ട്ണ്ടായിര്ന്നില്ല.’

പീഠം രണ്ടടി നീളവും കഷ്ടിച്ചു് അരയടി ഉയരവുമുള്ള ഒരു മേശയാണു്. കടഞ്ഞ കാലുകളും വശങ്ങളിൽ ചിത്രപ്പണികളുമുള്ള ഈട്ടിയിൽ തീർത്ത ഒരു മേശ. ചുമരിൽ മേശയിട്ടിരുന്ന സ്ഥാനത്തു് ഒരു ഇരുണ്ട പാടു വന്നിരുന്നു. അവിടെത്തന്നെ പൊളിക്കാൻ തുടങ്ങാം. ഞാൻ പിക്കാക്സെടുത്തു.

ആ ചുമരുണ്ടാക്കിയതു് ഇഷ്ടികകൊണ്ടായതിനാൽ പൊളിക്കുന്നതു് കുറച്ചുകൂടി എളുപ്പമായിരുന്നു. മറ്റു ചുമരുകളെല്ലാം വലിയ വെട്ടുകല്ലുകൊണ്ടുണ്ടാക്കിയതാണു്. കാരണവരുടെ മുറിയിലെ അടഞ്ഞ മുറിയുടെ ചുവരു പോലും വെട്ടുകല്ലുകൊണ്ടു തീർത്തതായതുകൊണ്ടു് പൊളിക്കാൻ നന്നെ പാടുപെട്ടു.

നാലു് ഇഷ്ടികയുടെ വലുപ്പത്തിൽ പ്ലാസ്റ്റർ എടുത്തുമാറ്റി. ആദ്യത്തെ ഇഷ്ടിക എടുക്കാൻ പറ്റുമെന്നായപ്പോഴേയ്ക്കു് കറന്റു പോയി. കൂരാക്കൂരിരുട്ടു്. പുറത്തു് കാറ്റിന്റെയും മഴത്തുള്ളികൾ ഓട്ടിൻപുറത്തു് വന്നടിക്കുന്നതിന്റെയും ഭീകരശബ്ദം. ഞാൻ പെട്ടെന്നു പകച്ചു നിന്നുപോയി.

‘ഞാനിപ്പോൾ ടോർച്ച് എടുത്തു കൊണ്ടുവരാം.’ വന്ദന പറഞ്ഞു.

‘വേണ്ട മോളെ.’ ഞാനവളെ വിലക്കി. ‘നീ ഒറ്റയ്ക്കു് ഇപ്പൊ പോണ്ട. പോരാത്തതിനു് ടോർച്ചുകൊണ്ടു് കാര്യം നടക്കില്ല. കറന്റ് വരട്ടെ.’

ഇന്ദിര പീഠത്തിൽ വച്ച തീപ്പെട്ടി ഉരച്ചു് നിലവിളക്കു കൊളുത്തി.

‘ഇനി ഇപ്പഴൊന്നും കറന്റ് വരുംന്നു് തോന്ന്ണില്ല്യ.’ ഇന്ദിര പറഞ്ഞു. ‘ഈ കാറ്റും മഴേംള്ളപ്പൊണ്ടോ അവരു് ലൈൻ റിപ്പയർ ചെയ്യുണൂ? വല്ല മരോം വീണു് കമ്പി പൊട്ടീതായിരിയ്ക്കും.’

‘കറന്റ് വരുമ്പൊ വരട്ടെ. അല്ലെങ്കിൽ നമുക്കു് നാളെ പകലു് ചെയ്യാം.’ ഞാൻ പറഞ്ഞു. ‘ഈ ചുമരു് പൊളിച്ചാ എന്താ കാണ്വാന്നു് ദൈവത്തിനു മാത്രേ അറിയൂ.’

‘അതു മതി അമ്മേ.’ വന്ദനയും പറഞ്ഞു. അമ്മയുടെ അവസാനനിമിഷത്തിലെ ധൃതി കാണുമ്പോൾ അവൾക്കു ഭയമാവുന്നുണ്ടെന്നു തോന്നി. ‘അച്ഛൻ പറഞ്ഞതാ കാര്യം. അതിനുള്ളിലെന്തായിരിയ്ക്കുംന്നു് നമുക്കറിയില്ല. നല്ല വെളിച്ചള്ളപ്പൊ നോക്ക്യാൽ മതി.’

‘ഞാനൊരു പാനീസ് കത്തിച്ചു കൊണ്ടുവരാം. അതിന്റെ വെളിച്ചൊക്കെ മതി. ഇതു് തൊടങ്ങിയ സ്ഥിതിയ്ക്കു് ഇന്നന്നെ തീർക്കാം. എന്താ അച്ഛനും മോക്കും ഇത്ര പേടി?’

ഇന്ദിര പാനീസെടുക്കാൻ പോയിക്കഴിഞ്ഞു. നിമിഷങ്ങൾക്കകം അവൾ റാന്തൽ കൊളുത്തിക്കൊണ്ടു വന്നു. വിളക്കു് നിലത്തു് വെച്ച ശേഷം അവൾ കൈ നീട്ടി.

‘പിക്കാക്സ് തരൂ, ഞാൻ പൊളിക്കാം.’

‘വേണ്ട, ഞാൻ ചെയ്തോളാം.’ ഞാൻ ചുമരു് പൊളിക്കാൻ തുടങ്ങി. രണ്ടു ഇഷ്ടിക എടുത്തു മാറ്റിയപ്പോഴാണു് വന്ദന വിളിച്ചു പറഞ്ഞതു്.

‘അച്ഛാ, നോക്കൂ, അതിനകത്തു് എന്തോണ്ടു്!’

ഞാൻ ഞെട്ടി പിൻമാറി. ഇന്ദിര അകത്തേയ്ക്കു നോക്കിക്കൊണ്ടു പറഞ്ഞു.

‘അതൊരു ചെപ്പുകുടം മാതിരിണ്ടു്.’

ശരിയാണു്. സാമാന്യം ക്ലാവു പിടിച്ചു് മങ്ങിയ വലിയൊരു ചെപ്പുകുടത്തിന്റെ ഭാഗം കാണാനുണ്ടു്.

അവസാനം! ഇതിനാണു് ഞാൻ ഇത്ര കാലം അലഞ്ഞതു്.

‘മൂന്നോ നാലോ വരി ഇഷ്ടിക എടുക്കണ്ടിവരുംന്നാ തോന്നണതു്.’ ഇന്ദിര പറഞ്ഞു. ‘എന്നാൽ കുടം ചെരിച്ചുവച്ചു് എടുക്കാം.’

കഴിയുന്നത്ര കുറച്ചു് ഇഷ്ടികകൾ എടുക്കുകയാണെങ്കിൽ ആ ഭാഗം വീണ്ടും പടുത്തു് തേക്കാൻ എളുപ്പമാണു്. ഞാൻ പൊളിക്കുന്നതു് തുടർന്നു. ചെപ്പുകുടം നല്ല കനമുണ്ടു്. ഞാനും ഇന്ദിരയുംകൂടി അതു പുറത്തെടുത്തു. അതിന്റെ മൂടി ഒരു ചെമ്പുതകിടുകൊണ്ടു് ഉറപ്പിച്ചിരിയ്ക്കയാണു്. ഒരു തുണികൊണ്ടു് കുടം തുടച്ചു വൃത്തിയാക്കിയപ്പോൾ മൂടിവച്ച തകിടിൽ ത്രികോണങ്ങളെക്കൊണ്ടു നിറഞ്ഞ ഒരു രൂപം തെളിഞ്ഞുവന്നു. നിരവധി ത്രികോണങ്ങളുള്ളതിലെല്ലാം ഓരോ അക്ഷരങ്ങളുമുണ്ടു്. അതെന്തു മാരണമാണാവോ?

‘ഇനി ഈ കുടം എങ്ങിനെ തുറക്കും?’

‘അതൊക്കെ ഞാൻ തുറന്നുതരാം. നന്ദേട്ടൻ അതു് മോളിലേയ്ക്കു് എടുക്കു.’

ഇന്ദിര റാന്തലുമായി മുമ്പിൽ നടന്നുകഴിഞ്ഞു. ഭാരമുള്ള ചെപ്പുകുടവുമായി കോണി കയറുക എളുപ്പമായിരുന്നില്ല. മുകളിലെത്തിയപ്പോൾ ഞാൻ കിതച്ചിരുന്നു. ഭാരം മാത്രമല്ല, കഴിഞ്ഞ ഏതാനും നിമിഷങ്ങളിലുണ്ടായ ഇളകിമറിച്ചിൽ എനിയ്ക്കു സഹിക്കാൻ കഴിയുന്നതിലും അധികമായിരുന്നു. ഇന്ദിര നേരെ പോയി കിടപ്പുമുറിയുടെ ജനലടച്ചു.

‘ഇവിടെ നിലത്തു വച്ചാ മതി.’ അവൾ പറഞ്ഞു. അവിടെ ഒരു പുൽപ്പായ വിരിച്ചതിനു മീതെ ഞാനാ കുടം വച്ചു. അതിന്നുള്ളിൽനിന്നു് ഒരു കിലുകിലുശബ്ദം പുറത്തുവന്നു. നാണയങ്ങളുടെ ശബ്ദം പോലെ. ഇന്ദിര അതിന്റെ മൂടി പരിശോധിക്കുകയാണു്.

‘ഈ അടപ്പു് തിരിച്ചു തൊറക്കണ്ടതാണു്.’ അവൾ പറഞ്ഞു. ‘ഞാനൊന്നു് ശ്രമിച്ചുനോക്കട്ടെ.’

അവൾ തുറക്കാൻ ശ്രമിയ്ക്കുകയാണു്.

‘അമ്മേ, ഞാൻ തൊറക്കാം.’ വന്ദന പറഞ്ഞു.

‘പറ്റില്ല, ഇതു് കറ പിടിച്ചു് ഉറച്ചുപോയിരിക്കുണു. നന്ദേട്ടൻതന്നെ തൊറക്കു.’ അവൾ കിതച്ചുകൊണ്ടു് പറഞ്ഞു.

ഞാനതു് പിടിച്ചു് ആവുന്നത്ര ശക്തി ഉപയോഗിച്ചു് തുറക്കാൻ ശ്രമിച്ചു. ആദ്യത്തെ ശ്രമത്തിൽത്തന്നെ അതു് തുറന്നുവന്നു. ഞാൻ പ്രയോഗിച്ച ശക്തി മുഴുവൻ ഉപയോഗിക്കാതെത്തന്നെ. ഇന്ദിരയും വന്ദനയും ഒരാശ്ചര്യശബ്ദമുണ്ടാക്കി അന്യോന്യം നോക്കി, കണ്ടില്ലെ എന്ന മട്ടിൽ. എനിയ്ക്കു് ഭയമാണുണ്ടായതു്. ഓരോ പ്രാവശ്യം തട്ടിൻപുറത്തെ എഴുത്തുപെട്ടി തുറക്കാൻ കഴിഞ്ഞപ്പോഴുമുണ്ടായ അതേ ഭയം.

ഇന്ദിര കുടം അവളുടെ അടുത്തേയ്ക്കു നീക്കിവച്ചു് അടപ്പു മാറ്റി അതു് പുൽപ്പായിലേയ്ക്കു ചെരിച്ചു. അതിൽ നിറയെ സ്വർണ്ണ നാണയങ്ങളായിരുന്നു. നിറം അല്പം മങ്ങിയിട്ടുണ്ടെന്നല്ലാതെ കാര്യമായ നാശമൊന്നുമുണ്ടായിട്ടില്ല. ഞങ്ങൾ ആ നാണയങ്ങൾ കയ്യിലെടുത്തു. ബ്രിട്ടിഷ് രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും പേരിൽ ഇറക്കിയ പവൻനാണയങ്ങളാണു് അവ. ആദ്യം കയ്യിലെടുത്തതു് ജോർജ്ജ് അഞ്ചാമന്റെ തലയോടെ 1911-ൽ ഇറക്കിയ നാണയമാണു്. അവയുടെ തിളക്കം അധികം നഷ്ടപ്പെട്ടിട്ടില്ല.

ഇന്ദിര കുടം മുഴുവനും പായിലേയ്ക്കു കമിഴ്ത്തി. ഒറ്റ നോട്ടത്തിൽ എണ്ണം ഊഹിച്ചെടുക്കാൻ കഴിയാത്ത വിധം നിരവധി നാണയങ്ങൾ, അതിനിടയിൽ തുണിയുടെ കൊച്ചുകൊച്ചു സഞ്ചികൾ. ഇന്ദിര ഒരു തുണിസഞ്ചിയെടുത്തു തുറന്നു. അതിൽ സ്വർണ്ണാഭരണങ്ങളാണു്. മാലകൾ, വളകൾ, കടകം, കമ്മലുകൾ, കൊടക്കടുക്കനുകൾ.

‘നമുക്കു് ആദ്യം ഈ പവനൊക്കെ എണ്ണിനോക്കാം.’ ഇന്ദിര ഉത്സാഹത്തോടെ പറഞ്ഞു. പറയുന്നതിനു മുമ്പു് അവൾ നാണയങ്ങൾ പത്തെണ്ണത്തിന്റെ അട്ടിയായി വെയ്ക്കാൻ തുടങ്ങി. അമ്മയുടെ അത്യുത്സാഹത്തിൽ അല്പം രസക്കേടു കാണിച്ചിരുന്ന വന്ദനയും ക്രമേണ അമ്മയോടു ചേർന്നു നാണയങ്ങൾ അട്ടിയാക്കാൻ തുടങ്ങി.

‘ഇതൊക്കെ സ്വർണ്ണാണോ അച്ഛാ?’

‘അതെ, ഇതാണു് ശരിയ്ക്കുള്ള ബ്രിട്ടിഷ് പവൻ. ഇതൊക്കെ 22 കാരറ്റ് ശുദ്ധിള്ള സ്വർണ്ണാണു്. ഓരോ രാജാക്കന്മാരുടെ കാലത്തു് അവരുടെ ചിത്രാണു് ഈ നാണയങ്ങളിലൊക്കെ പതിയ്ക്കാറ്. കണ്ടില്ലെ, ജോർജ്ജ് അഞ്ചാമൻ, എഡ്വേർഡ് ഏഴാമൻ, വിക്ടോറിയ രാജ്ഞി. എനിയ്ക്കു തോന്നണതു് ഇതിനൊക്കെ ഇപ്പോൾ സ്വർണ്ണത്തിന്റെ വിലയല്ല കിട്ടുക എന്നാണു്. കാരണം ഇതൊക്കെ കലക്ടേഴ്സ് ഐറ്റമാണിപ്പോൾ. സ്വർണ്ണത്തിന്റെ വില കിട്ടിയാൽത്തന്നെ ഇതെത്രണ്ടാവുംന്നാ വിചാരം? നാണയങ്ങളുടെ അട്ടികൾ കൂടിക്കൂടി വരികയാണു്. എന്തുകൊണ്ടോ അതു് എണ്ണി തിട്ടപ്പെടുത്താൻ എനിയ്ക്കു ഭയമായി. ഒറ്റ നോട്ടത്തിൽ നൂറിലധികം അട്ടികളുണ്ടു്. ഇനിയും അട്ടിയാക്കാൻ പായിൽ ബാക്കി കിടക്കുകയാണു്. ദൈവമേ എന്താണിതിനൊക്കെ അർത്ഥം?

വന്ദനയുടെ ഇരുപത്തെട്ടിനു് ഒരു സ്വർണ്ണമാലയും അരഞ്ഞാണും ഉണ്ടാക്കിക്കാൻ കാശില്ലാതെ, ഇന്ദിരയുടെ ഒരു വളകൊടുത്താണു് ചെറിയൊരു മാല വാങ്ങിച്ചതു്. സർണ്ണ അരഞ്ഞാൺ ഒരു മോഹം മാത്രമായി അവശേഷിച്ചു. ആ അച്ഛന്റെയും അമ്മയുടെയും മുമ്പിലാണു് ലക്ഷക്കണക്കിനു് രൂപയുടെ സ്വർണ്ണം കുമിഞ്ഞുകൂടിയിട്ടുള്ളതു്! എന്തോ കഥ! എനിക്കിതു വിശ്വസിക്കാൻ കഴിയുന്നില്ല.

ഞാൻ സമയം നോക്കി. പതിനൊന്നു്. ഇപ്പോൾ കുട്ടേട്ടൻ ഓഫീസിലായിരിക്കും. ഞാൻ മൊബൈൽ ഫോണെടുത്തു ഡയൽ ചെയ്യാൻ തുടങ്ങി. കുട്ടേട്ടൻ ഫോണെടുക്കില്ല. എന്നോടു് പറഞ്ഞിട്ടുള്ളതു് ഞാൻ വെറുതെ റിങ് ചെയ്താൽ മതിയെന്നാണു്. അദ്ദേഹം ഇങ്ങോട്ടു തിരിച്ചു വിളിക്കും. ഒരു മിനുറ്റിനുള്ളിൽ ഫോണടിച്ചു.

‘എന്താ നന്ദു വിശേഷം?’

‘നമ്മടെ പഴയ ചെസ്സ് ബോർഡ് ഓർമ്മല്ല്യേ? നമുക്കു് തട്ടിൻപൊറത്ത്ന്നു് കിട്ടീതു?’

‘പിന്നെ ഓർമ്മല്ല്യാതിരിക്ക്യോ? നമ്മളെ ഇട്ടു് കറക്ക്യ സാധനല്ലെ? എന്താ വല്ല തുമ്പും കിട്ട്യോ?’

‘തുമ്പല്ല, സാധനംതന്നെ കിട്ടി. കൊറേ ബ്രിട്ടിഷ് സ്വർണ്ണനാണയങ്ങള്, ആഭരണങ്ങള്. എത്രണ്ടാവുംന്നറിയില്ല. പെങ്ങള് ഇരുന്നു് എണ്ണി തിട്ടപ്പെടുത്ത്ണ്ണ്ടു്.’

‘ആര്യാണു് അഭിനന്ദിക്കേണ്ടതു? എന്റെ മരുമകളെത്തന്ന്യായിരിക്കും അല്ലെ? നിങ്ങള് രണ്ടുപേരും മരമണ്ടനും മരമണ്ടിയും ആണെന്നു് എനിക്കറിയാലോ.’

ഞാൻ ചിരിച്ചു.

‘എവിട്യായിരുന്നു ഇട്ടിരാമൻ കാരണോരു് അതൊളിപ്പിച്ചു വച്ചതു?’

‘പൂജാമുറീലു്. ശ്രീകൃഷ്ണന്റെ പ്രതിമടെ പിന്നിലു് ഒരു മുറിണ്ടു്. ഒന്നര അടി വീതീലു്. അതിലായിരുന്നു. ശരിയ്ക്കും ആ പ്രതിമടെ പിന്നിൽത്തന്നെ.’

‘അതു് ശരി, അപ്പൊ നമ്മള് പ്രാർത്ഥിച്ചിരുന്നതു് മുഴുവനും പണത്തിനോടായിരുന്നു അല്ലെ? പിന്നെ എങ്ങിന്യാ ഗുണം പിടിക്ക്യാ? ബ്രിട്ടിഷ് രാജാക്കന്മാര്ടേം രാജ്ഞിമാര്ടേം തലവച്ചു് പൂജിച്ച ആരെങ്കിലും നന്നായിട്ടുണ്ടോ?’

ഞാൻ ചിരിച്ചു.

‘പിന്നെ ഒരു കാര്യം. ഇതിലു് പകുതി കുട്ടേട്ടനുള്ളതാണു്. അതിവിടെ എടുത്തുവെയ്ക്കാം.’

‘എന്റെയടുത്ത്ന്നു് കേക്കണ്ട.’ കുട്ടേട്ടന്റെ ശബ്ദം കനത്തു. ‘പണ്ടു് ഞാൻ നിനക്കു് കണക്കു് ട്യൂഷനെടുത്തിരുന്നതു് ഓർമ്മണ്ടോ?’

‘ഉണ്ടു് കുട്ടേട്ടാ…’

‘അപ്പൊ നീ കണക്കു തെറ്റിയ്ക്കുമ്പൊ തലയ്ക്കു് കിട്ടാറ്ള്ള കിഴുക്കിന്റെ സ്വാദു് ഓർമ്മണ്ടോ? അതിനീം വേണോ? നോക്കു് നിനക്കു് ആ വീടുണ്ടാക്കിയതിന്റെ പേരിലു് ധാരാളം കടംണ്ടു് ഇല്ല്യേ? എന്റെ കണക്കിലു് രണ്ടു ലക്ഷത്തിലധികം വരും. ആദ്യം അതൊക്കെ വീട്ട്വാ. പിന്നെ മോളടെ വിദ്യാഭ്യാസത്തിനു് വേണ്ട പണം എടുത്തു വയ്ക്ക്യ. എന്നിട്ടും ബാക്കിയുണ്ടെങ്കിൽ അതവളുടെ കല്യാണച്ചെലവിനു് വേണ്ടി കരുതി വയ്ക്ക്യാ. എന്നിട്ടു് പിന്നീം വല്ലതും ബാക്കി വര്വാണെങ്കിൽ നിങ്ങൾ തന്തേം തള്ളേം നന്നായി കഴിയ്യാ. എനിയ്ക്കു് വേണ്ടതൊക്കെ അമേരിക്കൻ സായ്പ് തര്ണ്ണ്ടു്. വേണ്ടതിലും അധികം എന്റെ മദാമ്മയും മക്കളുംകൂടി ഉണ്ടാക്ക്ണ്ണ്ടു്. മനസ്സിലായോ? ഇനി മുതൽ ഇങ്ങിനെ വല്ലതും പറഞ്ഞാൽ എന്താ കിട്ട്വാന്നറിയില്ലേ?’

ഞാൻ കരയുകയായിരുന്നു.

‘എന്തിനാ കഴുതേ കരയണതു? എന്റെ മരുമകൾക്കു് കൊടുക്കു് ഫോൺ…’

എല്ലാം എടുത്തുവച്ചു് ഒഴിഞ്ഞ ചെപ്പുകുടം അലമാറിയിൽ ഒളിപ്പിച്ച ശേഷം ഞങ്ങൾ ഉറങ്ങാൻ കിടന്നു. ഉറക്കം വരുമെന്ന വിശ്വാസമില്ലായിരുന്നു.

‘നാളെ നേരത്തെ എഴുന്നേറ്റു് പൂജാമുറീലു് നമ്മള് എടുത്ത ഇഷ്ടിക്യൊക്കെ ആ പൊത്തില്ത്തന്നെ തൽക്കാലം വച്ചു് അവിട്യൊക്കെ ഒന്നു് വൃത്തിയാക്കണം.’

‘അതു് ചെയ്യാം.’ ഇന്ദിര പറഞ്ഞു. ‘അല്ലെങ്കിലും കുഴപ്പൊന്നുംല്ല്യ. ദേവി ഇനി മൂന്നു ദിവസത്തേയ്ക്കു് പൂജാമുറീലു് പോവില്ല്യ. അവള് പൊറത്തായിരിക്ക്യാണു്. നാളെ നന്ദേട്ടൻ പുറത്തു പോമ്പൊ കൊറച്ചു് സിമന്റ് കൊണ്ടരണം. മണലു് കെഴക്കെ കൊളത്തീന്നു് എടുക്കാം. നാളെ രാത്രി ആ ചുവരു് പടുത്തു് ശര്യാക്കാം. പിന്നെ ആ മുറി മുഴുവനും ഒന്നു് വെള്ള വലിയ്ക്കണം. അതുപോലെ കാര്ണോര്ടെ മുറിടെ അട്ത്ത്ള്ള മുറീം ഒന്നു് ശരിയാക്കണം. അവിടെ ആ ചുമരു് മാത്രം വെള്ള വലിച്ചാ മതി.’

‘ശരി, ഇനി നീ ഉറങ്ങാൻ നോക്കു്.’

മറുവശത്തുള്ള കട്ടിലിൽ കിടന്നു് വന്ദന ഉറക്കമായിരുന്നു.

‘നന്ദേട്ടാ, ആയിരത്തി ഇരുനൂറ് സൂവറിൻ എന്നുവച്ചാൽ എത്ര്യാവും?’

‘പവന്റെ ഇപ്പഴത്തെ വെല നോക്ക്വാണെങ്കിലു് നല്ലൊരു സംഖ്യാവും.’

‘ന്നാലും പറയു എത്ര്യാവും?’

‘പത്തെഴുപതു് ലക്ഷത്തിലധികണ്ടാവും.’

‘പിന്നെ ആഭരണങ്ങളൊക്കെല്ല്യേ? അതു് തന്നെണ്ടാവും പത്തഞ്ഞൂറ് പവൻ. അതൊക്കെ നാളെ ദേവി പോയേനു് ശേഷം എടുത്തു് നോക്കണം. നമ്മള് പണക്കാരായി അല്ലെ?’

എനിക്കു് ഇന്ദിരയോടു് ആ നിമിഷത്തിൽ അനുകമ്പ തോന്നി. കല്യാണം കഴിഞ്ഞ ഉടനെ വീടുപണി കഴിഞ്ഞിരുന്നു. പണി കഴിഞ്ഞു എന്നു മാത്രം. പക്ഷേ, ഒരുപാടു കടം ബാക്കിയുണ്ടായിരുന്നു. പലതും ഉടനെ കൊടുത്തു തീർക്കേണ്ടതു്. ശമ്പളം കയ്യിൽ കിട്ടിയാൽ വീട്ടിൽ കൊണ്ടുവരാനൊന്നും ഉണ്ടായിരുന്നില്ല. ആ കാലത്തു തന്നെയാണു് ഇന്ദിര വന്ദനയെ ഗർഭം ധരിച്ചതു്. അവൾക്കു് ഒരുപാടു് ആഗ്രഹങ്ങളും കൊതിയുമുണ്ടായിരുന്നു. എനിക്കാണെങ്കിൽ ഒന്നും വാങ്ങിക്കൊടുക്കാനും പറ്റാത്ത സ്ഥിതി. അവൾ ഓരോന്നു് ആവശ്യപ്പെട്ടു് വാശി പിടിയ്ക്കുമ്പോൾ എനിയ്ക്കു ദേഷ്യം വരും. സന്തോഷത്തോടെ കഴിയേണ്ട ഒരു സമയത്തു് അവൾക്കു് ധാരാളം ചീത്ത കേട്ടിട്ടുണ്ടു്.

ഞാൻ പറഞ്ഞു. ‘ശരിയാണു് ഇന്ദിരെ, അവസാനം നമ്മള് പണക്കാരായി.’

ഞാൻ ഉറക്കമായി. ഉണർന്നപ്പോൾ മുറിയിൽ വെളിച്ചമുണ്ടു്. ക്ലോക്കിൽ നോക്കിയപ്പോൾ സമയം മൂന്നു മണി. ഒരുപക്ഷേ, വിളക്കിന്റെ സ്വിച്ചിട്ടു വെച്ചതായിരിയ്ക്കും. കറന്റ് വന്നപ്പോൾ താനെ കത്തിയിട്ടുണ്ടാവും. ഞാൻ തിരിഞ്ഞു കിടന്നു. വിളക്കു കെടുത്താൻ എഴുന്നേറ്റു് നല്ലൊരുറക്കം നശിപ്പിയ്ക്കണ്ട. അപ്പോഴാണു് ഇന്ദിര കിടയ്ക്കയിലില്ലെന്നു മനസ്സിലായതു്. അവൾ എവിടെപ്പോയി?

പത്തൊമ്പതു്

ഞാൻ എഴുന്നേറ്റു നോക്കി. കുളിമുറിയുടെ വാതിൽ തുറന്നു കിടക്കയാണു്. ഉള്ളിൽ വെളിച്ചമില്ല. അപ്പോൾ ഇന്ദിര എവിടെയാണു്. പെട്ടെന്നുണ്ടായ തോന്നൽ അവളെങ്ങാനും താഴേയ്ക്കിറങ്ങി പോയോ എന്നായിരുന്നു. എന്തിനു്? ഇനി അവൾക്കെന്തെങ്കിലും പറ്റിയോ? എന്റെ മനസ്സിൽ ഭയം നുരഞ്ഞു പൊങ്ങുകയാണു്.

‘നന്ദേട്ടൻ ഒണർന്ന്വോ?’

ഞാനൊന്നു് നിശ്വസിച്ചു. ഇന്ദിര നിലത്തിട്ട പുൽപ്പായിലിരുന്നു് കുടത്തിൽ നിന്നു കിട്ടിയ ആഭരണങ്ങളുടെ സഞ്ചികൾ അഴിയ്ക്കുകയാണു്. പുറത്തേയ്ക്കെടുത്തവയെല്ലാം വെവ്വേറെയായി പായിൽ വച്ചിട്ടുണ്ടു്.

‘നീയൊറങ്ങീല്ല്യേ? ഇതൊക്കെ രാവിലെ ചെയ്യാംന്നല്ലെ പറഞ്ഞിര്ന്നതു?’

‘എനിയ്ക്കു് ഒറക്കം വന്നില്ല നന്ദേട്ടാ. അപ്പൊ തോന്നി എല്ലാം പൊറത്തെടുത്തു് നോക്കാംന്നു്. നോക്കു എന്തൊക്കെ തരം പണ്ടങ്ങളാണ്ന്നു്.’

ഞാൻ എഴുന്നേറ്റു ചെന്നു. ശരിയാണു്. പലതും കലാപരമായി വളരെ മികച്ചവയാണു്. അതുണ്ടാക്കിയ സ്വർണ്ണപ്പണിക്കാരുടെ കരവിരുതു് ഓരോ ആഭരണത്തിലും ശരിയ്ക്കു കാണുന്നുണ്ടു്. ഒരു കാലത്തു് ജനങ്ങൾ രണ്ടാംതരം കൊണ്ടു് സംതൃപ്തരായിരുന്നില്ല. ഏറ്റവും മികച്ചതിനു മാത്രമെ അംഗീകാരം കിട്ടിയിരുന്നുള്ളു.

ഇന്ദിര ഒരു നെക്ലസ് കഴുത്തിലൂടെ ഇട്ടു് കാണിച്ചു. നല്ല ഭംഗിയുണ്ടു്.

‘എങ്ങിനെണ്ടു്? എനിയ്ക്കു് ചേരുന്നുണ്ടോ?’

‘നിന്റെ കഴുത്തിലു് ചേരാത്ത ആഭരണം ഏതാണുള്ളതു?’

‘ഓ, വേണ്ടാ, വേണ്ടാ.’ അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു.

മുമ്പിൽ പരന്നു കിടക്കുന്ന മഞ്ഞലോഹത്തിന്റെ പളപളപ്പിൽ ഞാൻ ഒരു നിമിഷം ആകൃഷ്ടനായി. എനിയ്ക്കു് വാങ്ങിക്കൊടുക്കാൻ പറ്റാത്ത തരം ആഭരണങ്ങളാണു് കുമിഞ്ഞുകൂടിയിരിയ്ക്കുന്നതു്. അതിനിടയ്ക്കു കണ്ട ചെറിയ കൂട്ടങ്ങളിൽ ഒരെണ്ണം ഞാനെടുത്തു നോക്കി. കട്ടി കുറഞ്ഞ രണ്ടു വളകൾ ഒരു മോതിരം, പിന്നെ താലി കോർത്ത, വണ്ണം കുറഞ്ഞ ഒരു താലിമാലയും.

എന്തുകൊണ്ടോ ഞാൻ വല്ലാതായി. അപ്പോഴാണു് കൊച്ചുകൊച്ചു സഞ്ചികളിൽ നിറച്ചുവച്ച ഈ പണ്ടങ്ങളുടെ ഉദ്ഭവത്തെപ്പറ്റി ഞാൻ ആലോചിക്കുന്നതു്. ആ പണ്ടങ്ങൾ കാരണവരുടെ കയ്യിൽ എങ്ങിനെ എത്തിപ്പെട്ടു? മുമ്പൊരിക്കൽ ഈ തറവാടിനെപ്പറ്റി കൂടുതൽ അറിയാൻ നാണിമുത്തശ്ശിയുടെ അടുത്തു പോയതു് ഓർമ്മ വന്നു. അവർ പറയുകയുണ്ടായി, ഇട്ടിരാമൻ കാരണവർക്കു് പണം പലിശയ്ക്കു കൊടുക്കുന്ന ഏർപ്പാടുണ്ടായിരുന്നെന്നു്. ഈ ആഭരണങ്ങളെല്ലാം അങ്ങിനെയായിരിക്കണം കാരണവരുടെ കൈവശം എത്തിപ്പെട്ടതു്. പണയം വച്ചതു് എടുക്കാൻ കഴിയാതെ നശിച്ചു പോയ എത്രയോ കുടുംബങ്ങളുടെ നെടുവീർപ്പുകൾ ആ പണ്ടങ്ങളിൽ ഒളിഞ്ഞിരിയ്ക്കുന്നുണ്ടു്. കെട്ടുതാലിയടക്കം പണയം വയ്ക്കാൻ മാത്രം കഷ്ടപ്പാടു നിറഞ്ഞ ജീവിതങ്ങൾ. എന്റെ കവിളിൽ ആരുടെയൊക്കെയോ നിശ്വാസങ്ങൾ വന്നു പതിയ്ക്കുന്നതായി എനിയ്ക്കു തോന്നി. പണ്ടൊരിയ്ക്കൽ തട്ടിൻപുറത്തു പോയപ്പോഴാണു് അങ്ങിനെയൊരു തോന്നലുണ്ടായതു്.

ഒരിയ്ക്കൽ അമ്മയുടെ മാലയും രണ്ടു വളകളുമായി സ്വർണ്ണക്കടയിൽ കയറിയതു് ഓർമ്മ വന്നു. അമ്മയ്ക്കു് പെട്ടെന്നു് പണത്തിനാവശ്യം വന്നപ്പോൾ പണയം വയ്ക്കാൻ രാധേട്ത്തിയുടെ ഒപ്പം പോയി, തിരിച്ചു വന്നതു് ഇനി ഇങ്ങിനെയൊരു കാര്യത്തിനായി ഒരു സ്ഥലത്തു പോവില്ലെന്നു് ശപഥം ചെയ്തുകൊണ്ടാണു്. അത്രയ്ക്കധികം ആത്മാഭിമാനം സ്വർണ്ണത്തോടൊപ്പം ആ കടയിൽ പണയപ്പെടുത്തേണ്ടി വന്നു. അന്നെനിയ്ക്കു് വയസ്സു പത്തേ ആയിരുന്നുള്ളു.

ഇപ്പോൾ ഈ പണ്ടങ്ങൾ കണ്ടപ്പോൾ അതെല്ലാം വീണ്ടും ഓർത്തു. ഈ നിധി ശപിയ്ക്കപ്പെട്ടതാണു്.

ഞാനാ താലിമാലയും കൈയ്യിലെടുത്തു് ഇരിയ്ക്കുന്നതു് ഇന്ദിര കണ്ടു. അവൾ ചോദിച്ചു.

‘എന്താ നന്ദേട്ടാ?’

‘ഇന്ദിരേ, നമുക്കു് ഈ നിധി വേണ്ടെന്നു വയ്ക്കാം.’

വിശ്വസിക്കാൻ പ്രയാസമായ പോലെ എന്റെ മുഖത്തു നോക്കിക്കൊണ്ടു് അവളിരുന്നു. ഞാൻ തമാശ പറയുകയാണെന്നവൾ ഒരു നിമിഷം കരുതിക്കാണും. പക്ഷേ, എന്റെ മുഖഭാവം ഒരു സംശയത്തിനും ഇടം കൊടുക്കാത്ത വിധം ഗൗരവവും സ്പഷ്ടവുമായിരുന്നു.

‘എന്താ നന്ദേട്ടൻ പറേണതു?’

‘ഇതു് പാപം നിറഞ്ഞതാണു്. നീയൊന്നു് ആലോചിച്ചു നോക്കു്, എത്ര കുടുംബങ്ങൾ നശിച്ചതിന്റെ ബാക്കിയാണീ കാണണത്ന്നറിയ്യോ? ഈ ആഭരണങ്ങളൊക്കെ… അതൊക്കെ എങ്ങിന്യാണു് കാരണവർക്കു് കിട്ടിയതു?’

‘ആവോ, എനിക്കറീല്ല്യ.’

‘ഒരിയ്ക്കൽ ഞാനും കുട്ടേട്ടനും കൂടി നാണിമുത്തശ്ശ്യോടു് സംസാരിച്ചതു് ഓർമ്മണ്ടോ? നീയപ്പോൾ ലക്ഷ്മി വല്ല്യമ്മടെ ഒപ്പം അടുക്കളേലേയ്ക്കു് പോയി.’

ഇന്ദിര തലയാട്ടി.

‘അപ്പൊ മുത്തശ്ശി പറയ്യണ്ടായിട്ട്ണ്ടു് ഈ കാരണവർക്കു് പണം പലിശയ്ക്കു് കൊടുക്കണ ഏർപ്പാടുണ്ടായിരുന്നൂന്നു്. അങ്ങിനെ വന്നതായിരിക്കണം ഈ പണ്ടൊക്കെ. പാവങ്ങൾക്കു് തിരിച്ചെടുക്കാൻ പറ്റാത്ത പണ്ടങ്ങളായിരിക്കും ഇതെല്ലാം. നോക്കു് ഈ കെട്ടുതാലിയും വളയും ഒക്കെ. ആവശ്യള്ള പണത്തിനു് പണ്ടങ്ങള് മത്യാവാതെ വന്നപ്പൊ വച്ചതായിരിക്കും കെട്ടുതാലി. പണ്ടൊക്കെ സ്ത്രീകള് ഒരിക്കലും താലി അഴിച്ചു വെയ്ക്കില്ല. ചെലപ്പൊ ഭർത്താവു മരിച്ചു് ഗതിയില്ലാതായപ്പൊ അതും പണയംവച്ചതാവാനും വഴിണ്ടു്. അങ്ങിനെ എത്ര കഥകള്ണ്ടാവും ഇതിന്റെയൊക്കെ പിന്നിലു്. ഒരുപക്ഷേ, നമ്മട്യന്നെ ഏതെങ്കിലും താവഴീല്ള്ളോരു് അത്യാവശ്യായപ്പൊ കാരണോര്ടെ അട്ത്ത്ന്നു് പണം പലിശയ്ക്കു് വാങ്ങീട്ട്ണ്ടാവും. എന്തിനാണു് നമുക്കും നമ്മുടെ മോക്കും അവര്ട്യൊക്ക ശാപം? ഈ പണം നമുക്കു വേണ്ട.’

ഇന്ദിര കുറച്ചുനേരം ഒന്നും മിണ്ടാതെയിരുന്നു.

‘എന്താ ഒന്നും മിണ്ടാതിരിക്കണതു?’

‘നന്ദേട്ടൻ പറേണതൊക്കെ ശര്യായിരിക്കാം. പക്ഷേ, നമ്മള് എത്ര അദ്ധ്വാനിച്ചതാ ഇതിന്റെ മേലെ? എത്ര മോഹിച്ചതാ ഇതൊക്കെ. എന്നിട്ടു് അതു് കയ്യിലു് കിട്ടിയപ്പൊ കളയ്യാന്നു് പറേമ്പൊ ഒരു വെഷമം.’

‘ശരിയാണു്, ഞാൻ ഒരു കാര്യം പറയട്ടെ. ഒരിക്കലു് ഞാനും കുട്ടേട്ടനും കൂടി പണിക്കരമ്മാവന്റെ അടുത്തു് കാരണോര്ടെ ജാതകുംകൊണ്ടു് പോയി. അന്നറിയില്ല്യായിരുന്നു അതു് കാരണോര്ട്യാണ്ന്നു്. പണിക്കരമ്മാവനാണതു് പറഞ്ഞതു്. മൂപ്പരു് വേറൊരു കാര്യം കൂടി പറ്യേണ്ടായിട്ട്ണ്ടു്. എന്താ അറിയ്യോ? ഈ കാരണോരു് മരിച്ചിട്ടു് പത്തറുപതു കൊല്ലായി, പക്ഷേ, അങ്ങേരടെ ജന്മം ഇനീം കഴിഞ്ഞിട്ടില്ലാന്നു്. ഈ പാപൊക്കെ, ശാപൊക്കെ പേറി നടക്ക്വാണു് കാരണോര്ന്നു് തോന്നുണു. അതാര്ടേങ്കിലും മണ്ടയ്ക്കിട്ടാലെ ആ ജന്മം തീരൂന്നായിരിയ്ക്കും. അതാണ്ന്നു് തോന്നുണു കാരണോരു് എന്റെ പിന്നാലെ നടന്നിരുന്നതു്. എന്തിനാ നമ്മളായിട്ടു് അതു് ഏറ്റുവാങ്ങണതു?’

‘ശരിയാണു്, പക്ഷേ,…’

അവൾ വീണ്ടും ആലോചനയിലേർപ്പെട്ടു. വന്ദന ഉണർന്നു് എഴുന്നേറ്റു വന്നു.

‘എന്തു പറ്റീ അച്ഛാ?’

ഇന്ദിര മൗനത്തിലാണു്. ഞാൻ വന്ദനയെ എന്റെ ധർമ്മസങ്കടം പറഞ്ഞു മനസ്സിലാക്കി. അതു മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ അവൾ പറഞ്ഞു.

‘ശരിയാണച്ഛാ, നമുക്കതു് വേണ്ട.’

അവളെ സംബന്ധിച്ചേടത്തോളം ത്യാഗം എളുപ്പമായിരുന്നു. അവളുടെ പ്രായത്തിന്റേതായിരിക്കണം. നിഗൂഢമായ ആ നിധി കണ്ടു പിടിയ്ക്കുക എന്ന വെല്ലുവിളിയാണു് അവൾക്കു പ്രധാനം, ആ പണം എങ്ങിനെ ചെലവാക്കുന്നു എന്നതല്ല. അല്ലെങ്കിൽ ഞങ്ങൾ കടന്നുവന്ന വഴികളിലൂടെ അവൾക്കു് സഞ്ചരിക്കേണ്ട ആവശ്യമുണ്ടായിട്ടില്ല എന്നതു കൊണ്ടായിരിയ്ക്കാം. അവൾക്കു് ഓർമ്മ വച്ച മുതൽ വീട്ടിൽ വലിയ കഷ്ടപ്പാടൊന്നും ഉണ്ടായിട്ടില്ല.

‘നമുക്കൊരു കാര്യം ചെയ്യാം.’ ഇന്ദിര പറഞ്ഞു. ‘ഈ സമ്പത്തു് മുഴുവൻ കാരണോരു് ഇങ്ങിനെ ഉണ്ടാക്കിയതാവണംന്നില്ലല്ലൊ. കൊറെയൊക്കെ നെല്ലും തേങ്ങേം വിറ്റ പണായിരിയ്ക്കൂലോ. ആയിരിയ്ക്കും, കാരണം അത്രയധികം കൃഷിണ്ടായിരുന്നൂലോ തറവാട്ടിലു്. വീടിനു് ചുറ്റുംള്ള പറമ്പന്നെണ്ടായിരുന്നു എട്ടേക്ര സ്ഥലംന്നല്ലെ പറഞ്ഞതു? നെല്ലും തേങ്ങേം വിറ്റ പണത്തിനെന്താ കൊഴപ്പം. അതെത്ര്യാവുംന്നൊന്നും നമുക്കു് വേർതിരിച്ചു കണ്ടുപിടിയ്ക്കാൻ കഴീല്ല്യ. അപ്പൊ ഒരു കാര്യം ചെയ്യാം. നമ്മടെ വീടുണ്ടാക്കിയതിന്റെ കടോം പലിശേം, പലിശേമ്മലു് പലിശേം ഒക്കെക്കൂടി എത്രണ്ടാവും?’

‘ഒരു രണ്ടര ലക്ഷം ഉണ്ടാവും.’

‘അത്രേം പവൻ നമുക്കു് ഇതീന്നു് എടുക്കാം. ബാക്കിള്ളതു് നന്ദേട്ടൻ എന്തു ചെയ്യാനാണു് ഉദ്ദേശ്യം?’

‘നമുക്കതു് മൂന്നോ നാലോ അനാഥാലയങ്ങൾക്കു് ദാനം കൊടുക്കാം. അപ്പൊ ശാപൊന്നും ഏശില്ല. നല്ലൊരു കാര്യത്തിനല്ലെ?’

‘ശരി നമ്മടെ കടം വീടാൻ മാത്രം എത്ര പവൻ മാറ്റിവയ്ക്കേണ്ടി വരും?’

‘വളരെ കുറച്ചു് മാത്രം. ഏകദേശം എഴുപത്തഞ്ചു്, എൺപതെണ്ണം മാത്രം.’

‘അങ്ങനെ മതി അച്ഛാ.’ അതു് വന്ദനയ്ക്കും സ്വീകാര്യമായിരുന്നു. ‘അപ്പൊ കുട്ടമ്മാമെ വിളിച്ചു പറയണ്ടെ, ഇങ്ങിന്യാണു് ചെയ്യാൻ പോണത്ന്നു്?’

‘പിന്നേ?’

ഞാൻ വീണ്ടും കുട്ടേട്ടന്റെ നമ്പർ ഡയൽ ചെയ്തു.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Ariyaththalangalileykku (ml: അറിയാത്തലങ്ങളിലേയ്ക്കു്).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Novel, E Harikumar, Ariyaththalangalileykku, ഇ ഹരികുമാർ, അറിയാത്തലങ്ങളിലേയ്ക്കു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 24, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Lookout, a painting by Frederic Remington (1861–1909). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.