images/Solitude_-_Felix_Nussbaum.jpg
Loneliness, a painting by Felix Nussbaum (1904–1944).
അയനങ്ങൾ
ഇ. ഹരികുമാർ

എഴുപതുകളുടെ തുടക്കം. ബോംബെ നഗരത്തിൽ ഏറ്റവും കൂടുതൽ നടീനടന്മാരും സിനിമയുമായി ബന്ധപ്പെട്ടവരും താമസിക്കുന്ന ജുഹു വില്ലേ പാർളെ സ്കീം. രാവിലെ വെറുതെ നിരത്തുകളിലൂടെ നടക്കാനിറങ്ങിയാൽ കാണുക റിഫ്ളക്ടേഴ്സ് പിടിച്ചു് നിൽക്കുന്ന ലൈറ്റ് ബോയ്സ് ആണു്. നടീ നടന്മാർ, കാമറ, ജനറേറ്റർ വാൻ, ഗാർഡൻ കുടക്കീഴിലിരിക്കുന്ന ഡയറക്ടർ… തെരുവിൽ വച്ചു് കാണുമ്പോൾ അന്യോന്യം ഉപചാരവാക്കായി പറയുന്നതു് ‘എവിടെയാണു് ഇന്നു് ഷൂട്ടിങ്ങ്’ എന്നാണു്. സാങ്കേതികവിദ്യ കലാപരതയെ വല്ലാതെ ആക്രമിക്കാൻ തുടങ്ങിയിട്ടില്ലാത്ത കാലം. നന്മയുടെ അംശങ്ങൾ അപ്പോഴും വിട്ടു പോകാത്ത ആ അന്തരീക്ഷത്തിലാണു് ഞാൻ നോവലിലെ കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നതു്. അവരുടെ ഓർമ്മയ്ക്കായി ഞാൻ ഈ നോവൽ സമർപ്പിക്കുന്നു.

ഒന്നു്

കുതിരകളെത്തേടിയുള്ള യാത്രയിൽ എത്തുന്നതു് ബീച്ചിലാണു്. അവിടെ എപ്പോഴും കുതിരകളുണ്ടാവും. രണ്ടു വാതിലുള്ള മഞ്ഞ നിറം കയറിയ വെള്ള ഹെരാൾഡിൽ നിന്നു് സുനിൽ പുറത്തിറങ്ങി. വാതിൽ പൂട്ടാൻ മെനക്കെടാതെ അയാൾ ബീച്ചിലേയ്ക്കു നടന്നു. ബീച്ചിലേയ്ക്കിറങ്ങുന്നതിനു മുമ്പു് അയാൾ ഒരു സിംഹാവലോകനത്തിനു വേണ്ടി നിന്നു. ആറടി ഒരിഞ്ച് ഉയരമുള്ള അയാളുടെ ദേഹം ഹോളിഡേ ഇൻ ഹോട്ടലിന്റെ പാർശ്വത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്നതു് ബീച്ചിൽ കുതിരകളുടെ കടിഞ്ഞാണും പിടിച്ചു നിൽക്കുന്ന പയ്യന്മാരുടെ കണ്ണിൽ പെട്ടു. സുനിലിനു് അതു മനസ്സിലായി. ‘ഫിലിമി സേട്ടു വന്നു’വെന്നു് കുതിരക്കാർ തമ്മിൽ പറയുന്നുണ്ടെന്നു് അതു കേട്ടില്ലെങ്കിലും അയാൾക്കു് മനസ്സിലായി. അയാൾ ബീച്ചിലേയ്ക്കു് ഇറങ്ങി നടന്നു.

വേലിയിറക്കമായതുകൊണ്ടു് നുരയുണ്ടാക്കുന്ന കടൽ അകലത്താണു്. കുതിരകളും ഒട്ടകങ്ങളും നിൽക്കുന്നതിനും അപ്പുറത്തു് രണ്ടു പയ്യന്മാർ കസർത്തെടുക്കുകയാണു്. ബാസു ദത്തിന്റെ ഗാങ്ങാണതെന്നു് അയാൾക്കു് മനസ്സിലായി. ഒരു ട്രൗസർമാത്രം ധരിച്ചു്, ഉരുക്കുപോലെ ശരീരമുള്ള ബാസു ദത്ത് മേൽനോട്ടം വഹിച്ചിരുന്നു. സുനിൽ അടുത്തെത്തുമ്പോഴേയ്ക്കു് കുതിരക്കാരെല്ലാം അയാളുടെ ചുറ്റും വളഞ്ഞു. അയാൾ മുഖം ചുളിച്ചുകൊണ്ടു് കുതിരകളെ നോക്കി. ഒരു വെള്ള കുതിരയും മിനുത്ത തവിട്ടു നിറമുള്ള കുതിരയുമൊഴിച്ചാൽ ബാക്കിയെല്ലാം ചാവാളിക്കുതിരകളാണു്. ഒരു കസ്റ്റമർ വേശ്യാലയത്തിൽ പ്രവേശിച്ച ഉടനെ അവരവരുടെ അവയവങ്ങളെ മുഴുപ്പിച്ചു് കാണിച്ചു് വശീകരിക്കുന്ന വേശ്യകളെപ്പോലെ പയ്യന്മാർ അവരവരുടെ കുതിരകളെ സുനിലിന്റെ മുമ്പിൽ നിരത്തി. ആ പയ്യന്മാരുടെ ശോഷിച്ചു കരുവാളിച്ച മുഖങ്ങൾ നോക്കിയപ്പോൾ കുതിരകൾ ചാവാളികളാകുന്നതിൽ എന്താണദ്ഭുതമുള്ളതെന്നു് അയാൾ ആലോചിച്ചു. അയാൾ ചോദിച്ചു.

‘ലക്ഷ്മണന്റെ കുതിരയെവിടെ?’

ബീച്ചിൽ ഏറ്റവും ഉയരമുള്ള, ഭംഗിയുള്ള കുതിര ലക്ഷ്മണന്റേതായിരുന്നു.

പയ്യന്മാർ മുഖത്തോടുമുഖം നോക്കി. അതിൽ ഏറ്റവും മുതിർന്നവൻ പറഞ്ഞു.

‘ലക്ഷ്മൺ ജയിലിലാണു്.’

‘ഊം?’

‘ദാരു പീകെ ജഗഡാകിയാ, സേട്ട്.’ കള്ളു കുടിച്ചു് ലഹളയുണ്ടാക്കൽ ലക്ഷ്മണന്റെ സ്ഥിരം പരിപാടിയാണു്.

‘ഇന്നു് എല്ലാ കുതിരകളും വേണം’ സുനിൽ പറഞ്ഞു.

പയ്യന്മാരുടെ കണ്ണുകൾ വികസിച്ചു.

‘ശരി സേട്ട്, എപ്പഴാ വേണ്ടതു?’

‘ഇപ്പോൾത്തന്നെ പോണം.’

രണ്ടു പയ്യന്മാർ ഉടനെ കുതിരപ്പുറത്തു് ചാടിയിരുന്നു. അയാൾ പറഞ്ഞു.

‘ഇറങ്ങ്. നടത്തിക്കൊണ്ടു പോയാൽ മതി. അല്ലെങ്കിലേ ചാവാളിക്കുതിരകളാണു്. ഇനി അവറ്റെ ഓടിച്ചു കൊണ്ടു പോയാൽ അവിടെയെത്തുമ്പോഴേയ്ക്കു് ക്ഷീണിച്ചു നാശമാവും.’

ബാസു ദത്ത് ഉറക്കെ വിളിച്ചു ചോദിച്ചു.

‘സുനിൽ ഇന്നു ഷൂട്ടിങ്ങുണ്ടോ?’

‘ഉണ്ടു്’ സുനിൽ കൈവീശിക്കാണിച്ചു.

ബാസു ദത്ത് ഒരിക്കൽക്കൂടി കൈവീശി, തിരിഞ്ഞു് ഒരു പയ്യനെ തലകുത്തി മറിയാൻ സഹായിച്ചു.

‘ഷൂട്ടിങ് എവിടെയാണു് സേട്ട്?’ കുതിരക്കാർ ചോദിച്ചു.

‘ടെൻത്ത് റോഡിൽ, ധീരേന്ദ്രയുടെ ബങ്ക്ളാവിനു മുമ്പിൽ.’ അയാൾ നടന്നുകൊണ്ടു് പറഞ്ഞു. ‘പതുക്കെ നടത്തിക്കൊണ്ടു പോയാൽ മതി.’ അയാൾ ഒരിക്കൽക്കൂടി താക്കീതു കൊടുത്തു.

അയാൾ കാർ സ്റ്റാർട്ടാക്കി കണ്ണാടിയിൽക്കൂടി നോക്കിയപ്പോൾ കുതിരകൾ ഒരു വരിയായി നടന്നു വരുന്നുണ്ടു്. മെലിഞ്ഞുണങ്ങിയ കുതിരക്കാർ കടിഞ്ഞാണുമേന്തി അവരവരുടെ കുതിരകൾക്കൊപ്പം നടക്കുന്നു.

ടെൻത്ത് റോഡിൽ ധീരേന്ദ്രയുടെ ബങ്ക്ളാവിനു മുമ്പിൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. റിഫ്ളക്ടറുകളും ജനറേറ്റർ വാനും കാമറകളും എല്ലാം എത്തിയിരുന്നു. ഡയറക്ടറും കാമറാമാനും കൂടി പശ്ചാത്തലത്തെപ്പറ്റി ചർച്ചയാണു്. മഴവില്ലിന്റെ നിറമുള്ള വലിയ കുടയ്ക്കുതാഴെ ഇട്ടിരിക്കുന്നതു് ഡയറക്ടർക്കുള്ള കസേലയാണു്. റോഡിന്റെ മറുവശത്തു് വേറൊരു കുടയ്ക്കു കീഴിൽ പുരാതനമായ തന്റെ ടേപ്പ് റെക്കോർഡറും മുമ്പിൽവച്ചു് ഇരിക്കുന്നതു് അരവിന്ദ് പൈ ആണു്. ഡയറക്ടർ വിനോദ് മുഖമുയർത്തി ചോദ്യപൂർവ്വം സുനിലിനെ നോക്കി. കുതിരകളെപ്പറ്റിയാണു്.

സുനിൽ തലയാട്ടി. അപ്പോൾത്തന്നെ ടെൻത്ത് റോഡിന്റെ തിരിവിൽ നിന്നു് കുതിരകളെ ഓരോന്നോരോന്നായി നടത്തി കുതിരക്കാർ നടന്നു വരുന്നതു കണ്ടു. പന്നികൾ. സുനിൽ വിചാരിച്ചു. തന്റെ കാർ കാഴ്ചയിൽ നിന്നു മറഞ്ഞപ്പോൾ അവർ കുതിരപ്പുറത്തുകയറി ഓടിച്ചുവന്നതാണെന്നു വ്യക്തം. റോഡിന്റെ തിരിവിനു കുറച്ചുമുമ്പേ അവർ കുതിരപ്പുറത്തു നിന്നിറങ്ങി നല്ല കുട്ടികളായി വരികയാണു്.

വില്ലൻ ജയറാം ഭട്ട് കസേലയിലിരുന്നു് ബീയർ കുപ്പിയിൽനിന്നു് നേരിട്ടു് കുടിക്കുകയാണു്. ചുറ്റും അയാളുടെ ഗാങ്ങും.

‘എത്രാമത്തെ കുപ്പിയാണു് ജയറാം?’ സുനിൽ അന്വേഷിച്ചു.

‘നാലാമത്തെ.’

ഭട്ടിന്റെ മൂത്രാശയത്തിന്റെ വലുപ്പം എത്രയുണ്ടാകുമെന്നു് അയാൾ അദ്ഭുതപ്പെട്ടു. ഷൂട്ടിങ്ങിനിടയിൽ അയാൾ മൂത്രമൊഴിക്കുന്നതു് കണ്ടിട്ടേയില്ല.

അവസാനം എത്തിയതു് കുതിരകളാണെന്നു തോന്നുന്നു. കാരണം കുതിരകൾ എത്തിയപ്പോഴേയ്ക്കും രംഗം സജീവമായി. ഡയറക്ടർ ഓടിനടന്നു് കല്പിക്കുന്നു. കാമറാമാൻ, കാമറയ്ക്കു പിന്നിൽ ഒരു സ്റ്റൂളിന്മേൽ കയറിനിന്നു. ജനറേറ്റർവാൻ പ്രവർത്തിപ്പിച്ചു. റിഫ്ളക്ടേഴ്സുമായി ലൈറ്റ്ബോയ് തയ്യാറായി നിന്നു. അരവിന്ദ് പൈ ടേപ് റെക്കോർഡറിനു പിന്നിൽ പടിഞ്ഞിരുന്നു. വെള്ളക്കുതിര മുമ്പിലും മറ്റുള്ള കുതിരകൾ പിന്നിലുമായി നിർത്തി കുതിരക്കാർ കയറിയിരുന്നു. കാമറമാൻ പറഞ്ഞു. ‘റൈറ്റ്.’ കുതിരക്കാർ മുന്നോട്ടു കുതിച്ചു, കാമറയ്ക്കു മുമ്പിലെത്തി നിന്നു. കുതിരക്കാർ കുതിരപ്പുറത്തുനിന്നിറങ്ങാതെ കുതിരകളെ പിന്നോക്കം നയിച്ചു. ഡയറക്ടർ വീണ്ടും നിർദ്ദേശങ്ങൾ കൊടുത്തു. കാമറാമാൻ ഫ്രെയ്ം ശരിയാക്കി. കുതിരക്കാർ വീണ്ടും കുതിരയുമായി മുന്നോട്ടു കുതിക്കുമ്പോൾ അരവിന്ദ് പൈ റെക്കോർഡർ ഓണാക്കി. ഒരട്ടഹാസത്തോടെ തുടങ്ങുന്ന പാട്ടു് മുഴങ്ങി. ഡയറക്ടർ സൈഡ് കാമറാമാനു് നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു. അയാൾ അരവിന്ദ് പൈയ്ക്കു നേരെ കൈകാണിച്ചു് പാട്ടു നിർത്താനാവശ്യപ്പെട്ടു. കുതിരകളുടെ നീക്കം ശ്രദ്ധിക്കുകയായിരുന്ന പൈ ഡയറക്ടർ ആവശ്യപ്പെട്ടതു് കേട്ടില്ല. ഡയറക്ടർ അട്ടഹസിച്ചു.

‘അരവിന്ദ് സ്റ്റോപ്പ് യുവർ ലൗസി മ്യൂസിക്ക്.’

അരവിന്ദ് പൈ റെക്കോർഡർ നിർത്തി കൈകൊണ്ടു് സ്പൂൾ പിന്നോക്കം തിരിച്ചു. കുതിരക്കാർ കുതിരകളെ വീണ്ടും തുടങ്ങിയ സ്ഥലത്തു കൊണ്ടുവന്നു നിർത്തി. ജയറാം ഭട്ട് വെള്ളക്കുതിരയുടെ മുകളിൽ കയറി തലയുയർത്തി ഇരുന്നു. അയാളുടെ ഗാങ്ങിലുള്ളവർ മറ്റു കുതിരകൾക്കു മേലെ ആസനസ്ഥരായി. ഒരാൾ ജയറാമിനു മുമ്പിൽ ക്ലാപ്പടിച്ചു പിൻമാറി. സംഗീതം തുടങ്ങിയിരുന്നു.

ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കേ ക്രമേണ സുനിലിനു് സ്വയം അന്യത്വം അനുഭവപ്പെട്ടു. താൻ ഇതിന്റെയൊന്നും ഭാഗമല്ലെന്നും തന്റെ സാന്നിദ്ധ്യം ഒരു കണ്ണാടിമേൽ വന്നിരുന്ന ഈച്ചയെപ്പോലെ അനാവശ്യമാണെന്നും അയാൾക്കു തോന്നി. വെയിൽ നല്ലവണ്ണം മൂത്തിരുന്നു. അയാൾ സൂര്യനു താഴെ സ്വന്തം പ്രവർത്തികളിൽ മുഴുകിയിരിക്കുന്ന ആൾക്കാരെ നോക്കി. ശ്രദ്ധയോടെ റിഫ്ളക്ടേഴ്സ് പിടിക്കുന്ന ലൈറ്റ് ബോയ്സ്, കാമറയ്ക്കു പിന്നിൽ വിയർത്തു നിൽക്കുന്ന കാമറാമാൻ, ഡയറക്ടർ ആംഗ്യം കാണിക്കുമ്പോൾ ടേപ്പ് റെക്കോർഡറിന്റെ സ്പൂൾ കൈകൊണ്ടു് തിരിക്കുന്ന അരവിന്ദ് പൈ, കുതിരപ്പുറത്തു് തോക്കുകൾ കൈയ്യിലേന്തി ജേതാക്കളെപ്പോലെ നിൽക്കുന്ന വില്ലനും ഗാങ്ങും, മഴവിൽനിറമുള്ള കുടയ്ക്കു കീഴിൽ കസേലയിലിരുന്നു് ആജ്ഞാപിക്കുന്ന ഡയറക്ടർ. ഷൂട്ടിങ് കാണാനെത്തിയവർ…

അയാൾ കാറിൽ കയറി സ്റ്റാർട്ടാക്കി. ഏതാനും ദൂരം പോയപ്പോൾ വളവിനു മുമ്പു് ഒരു പെൺകുട്ടി തള്ളവിരൽ പൊക്കിക്കാണിച്ചു. അവൾ ജീൻസും ടീഷർട്ടുമാണു് ധരിച്ചിരുന്നതു്. ഷർട്ടിനു മുമ്പിൽ മാറിൽ ഇരു വശത്തുമായി ശരമേറ്റ രണ്ടു ഹൃദയങ്ങൾ. അയാൾ കാർ നിർത്തിയില്ല, കാരണം അയാൾ പ്രൊഡ്യൂസറുടെ വീട്ടിലേയ്ക്കാണു് പോയിരുന്നതു്. അതാകട്ടെ രണ്ടു നിരത്തുകൾക്കപ്പുറത്താണു്. അയാൾ കാർ നിർത്തുന്നില്ലെന്നു കണ്ടപ്പോൾ അവൾ രണ്ടു കൈകളും ഉയർത്തി അപേക്ഷാസ്വരത്തിൽ വിളിച്ചുപറഞ്ഞു. ‘പ്ലീസ്…’

പെട്ടെന്നയാൾ ഓർത്തു. ഒരുപക്ഷേ, ഹിച്ച് ഹൈക്കിങ്ങായിരിക്കില്ല അവളുടെ ആവശ്യം. ഹിച്ച് ഹൈക്കിങ്ങ് ആവശ്യപ്പെടുന്ന പെൺകുട്ടികളുടെ മുഖത്തെ ഗർവ്വും, ഞാൻ നിങ്ങൾക്കു് ഒരു ഔദാര്യം ചെയ്തു തരികയാണെന്ന ഭാവവും അവളുടെ മുഖത്തുണ്ടായിരുന്നില്ല. അവിടെ അപേക്ഷയായിരുന്നു. അതിൽ തിടുക്കമുണ്ടായിരുന്നു. അയാൾ ബ്രേയ്ക്കിട്ടു, കാർ റിവേഴ്സെടുത്തു് അവൾ നില്ക്കുന്നിടത്തേയ്ക്കു വന്നു. കാർ നിർത്തിയതു കണ്ടു് ഓടിവരാൻ അവളും തയ്യാറായിരുന്നു. അയാൾ വാതിൽ തുറക്കാതെ പറഞ്ഞു.

‘ഞാൻ അധികദൂരമൊന്നും പോകുന്നില്ല.’

‘പോകുന്നത്ര കൊണ്ടുപൊയ്ക്കൂടെ.’ അവൾ ശ്വാസം വിടാതെ ചോദിച്ചു.

അയാൾ ഒന്നും പറയാതെ കാറിന്റെ വാതിൽ തുറന്നുകൊടുത്തു. അവൾ കയറിയിരുന്നു് വാതിലടച്ചു. സ്റ്റാർട്ടാക്കുമ്പോൾ അയാൾ ചോദിച്ചു.

‘നീയെന്തു പെർഫ്യൂമാണു് ഉപയോഗിക്കുന്നതു? നിന്നെ തിന്നാൻ സ്വാദുള്ള ചോക്കളേറ്റു മാതിരി വാസനിക്കുന്നു.’

അവൾ പറഞ്ഞു. ‘മദാം റോഷാ.’

അയാൾ വലത്തോട്ടു് കാർ തിരിച്ചു. അവൾ പറഞ്ഞു.

‘എന്റെ പേർ അപർണ്ണ എന്നാണു്. ഞാൻ സുനിൽസാബിനെ കഴിഞ്ഞ ഒരാഴ്ചയായി ഫോൺ ചെയ്യാൻ ശ്രമിക്കുന്നു.’

അപർണ്ണ!

അയാൾ പെട്ടെന്നു് ടെലിഫോണിനടുത്തുള്ള മെസ്സേജ് ബുക്കിൽ ഈ പേർ ദിവസവും ഹസിം എഴുതിവച്ചിരുന്നതു് ഓർത്തു. പെട്ടെന്നയാളുടെ ആറാം ഇന്ദ്രിയം ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. താൻ ഒരു ഫിലിം സ്റ്റാറാണെന്നും തനിക്കു് ഈ അടുത്തിരിക്കുന്ന പെൺകുട്ടിയിൽ മതിപ്പുണ്ടാക്കണം എന്നും അയാൾ ഓർത്തു. അയാൾ സ്റ്റീരിയോ ഓണാക്കി.

‘രാവിലെ നിതിൻ ടെലിഫോൺ ചെയ്തിരുന്നു, കാണണം എന്നു പറഞ്ഞു. ഇപ്പോൾ ഞാനങ്ങോട്ടു പോവുകയാണു്.’ സുനിൽ പറഞ്ഞു.

‘ആരാണു് നിതിൻ?’ അവൾ ചോദിച്ചു.

അയാൾ തിരിഞ്ഞു് അവളെ അദ്ഭുതത്തോടെ നോക്കി.

‘പ്രൊഡ്യൂസർ നിതിൻ ചൈനാനി.’

‘ഓ! അയാളുടെ ഫസ്റ്റ്നെയിം നിതിൻ എന്നാണെന്നു് എനിക്കറിയില്ല.’ അപർണ്ണയുടെ കണ്ണുകളിൽ അദ്ഭുതം. ‘അവിടേയ്ക്കാണോ പോണതു?’

അപർണ്ണയിൽ മതിപ്പുണ്ടാക്കാൻ പറ്റിയെന്നു് ബോധ്യമായപ്പോൾ അയാൾ പറഞ്ഞു.

‘നീ എന്തിനാണു് എന്നെ ഫോൺ ചെയ്തിരുന്നതു? വിരോധമില്ലെങ്കിൽ നമുക്കു് സൺ ഏന്റ് സാന്റിൽ പോയിരുന്നു് സംസാരിക്കാം.’ അയാൾ ചിരിച്ചു. ‘ഓവറെ കപ്പോഫ് കോഫി. അയാം സ്റ്റാർവിങ്.’

‘ഐ ഡോണ്ട് മൈന്റ്.’

അയാൾ എയ്ത്ത് റോഡിലേയ്ക്കു തിരിയുന്നതിനു പകരം നേരിട്ടു് പോയി വലത്തോട്ടു് തിരിഞ്ഞു. വീണ്ടും വലത്തോട്ടു് തിരിഞ്ഞു് സൺ ഏന്റ് സാന്റിലേയ്ക്കു കുതിച്ചു.

അവർ ഫോയറിലൂടെ നടന്നു നീങ്ങുമ്പോൾ റിസപ്ഷനിലുള്ള പെൺകുട്ടി സുനിലിനെ നോക്കി കണ്ണിറുക്കി.

‘ഹായ്.’

‘ഹായ് ’ സുനിൽ കൈയ്യുയർത്തി. അവർ നടന്നു് പുറത്തേയ്ക്കുള്ള വാതിൽ കടന്നു് സ്വിമ്മിങ്പൂളിന്നടുത്തെത്തി. പൂളിനടുത്തു് തണലിൽ മേശക്കിരുവശവുമായി അവർ ഇരുന്നു. നല്ല കാറ്റുണ്ടായിരുന്നു. വേലിയേറ്റം തുടങ്ങിയെന്നർത്ഥം. ഇനി ഒരു മണിക്കൂറിന്നുള്ളിൽ കടൽ കുറേക്കൂടി അടുത്തെത്തും.

അപർണ്ണ സുനിലിനെ പഠിക്കുകയായിരുന്നു. അവൾ പറഞ്ഞു.

‘യു ലുക് ലൈക് ക്ലാർക് ഗേബ്ൾ.’

അയാൾ ചിരിച്ചു. ‘അതെന്റെ മീശ കാരണമാണു്.’

അവൾ അയാളുടെ വീതിയുള്ള മീശ ശ്രദ്ധിച്ചു. ശരിയാണു്. മുകളിലത്തെ രണ്ടു ബട്ടണുകളിടാത്ത ഷർട്ടിലൂടെ കാണുന്ന വിരിഞ്ഞ മാറിൽ നിറയെ ഇടതൂർന്ന രോമങ്ങൾ. കരുത്തുറ്റ കൈകൾ. പൗരുഷം അയാളുടെ ഓരോ അണുവിലും പ്രസരിച്ചു നിന്നു.

തനിക്കു തന്ന പ്രശംസയ്ക്കു പകരം എന്തെങ്കിലും കൊടുക്കുന്നതിനെപ്പറ്റി അയാൾ ആലോചിക്കുകയായിരുന്നു.

അവളുടെ ചുണ്ടുകൾ നേരിയതാണു്. ഭംഗിയുള്ള നീണ്ട മൂക്കു്. തലമുടി നാലു ഭാഗത്തുനിന്നും മുകളിലേയ്ക്കു കയറ്റി നെറുകയിൽ കെട്ടിവച്ച കാരണം വെളുത്ത നിറമുള്ള നീണ്ട കഴുത്തു് മുഴുവൻ കാണാനുണ്ടു്. കഴുത്തിനു പിന്നിലുള്ള നേരിയ ചെമ്പിച്ച രോമങ്ങൾ കാറ്റിലിളകുന്നു. അമ്പേറ്റ ഹൃദയങ്ങൾക്കു പിന്നിൽ ടീഷർട്ടിന്നടിയിലെ അസാധാരണമായ മുഴുമുഴുപ്പു് ദർശിച്ചു കൊണ്ടു് അയാൾ പറഞ്ഞു.

‘യുവാർ വെരി പ്രെറ്റി.’

‘താങ്ക്യു.’

ദിസിസ് ദ ടൈപ്പോഫ് ഗേൾ വൺ വുഡ് ലവ് ടു ഹാവ് ഇൻ ഹിസ് ബെഡ്റൂം അറ്റ്ലീസ്റ്റ് ഫോറെ നൈറ്റ്, ബട്ട് കനോട്ട് അഫോർഡ്.

സുനിൽ ആലോചിക്കുകയായിരുന്നു, പലവിധ സാധ്യതകളെപ്പറ്റി. നിതിൻ ചൈനാനി കാണാൻ പറഞ്ഞതു് എന്തിനാണെന്നു് അയാൾക്കറിയാം. കുതിരകൾ തന്നെ. പെൺകുതിരകൾ. ചൈനാനി അയാളുടെ സ്വതസിദ്ധമായ നയ വൈദഗ്ദ്യത്തോടെ പറഞ്ഞിരുന്നു.

‘സുനിൽ ഞാനൊരു പുതിയ നായികയെ അന്വേഷിക്കുകയാണു്. എന്റെ പുതിയ മൾട്ടിമില്ല്യൻ പ്രൊഡക്ഷനു വേണ്ടി. വല്ല പുതിയ പെൺകുട്ടികളെയും അറിയുമെങ്കിൽ കൊണ്ടുവരൂ. ഫ്രെഷായാലും കുഴപ്പമില്ല. വിനോദ് വേണ്ടത്ര പരിശീലനം കൊടുത്തു കൊള്ളും.’

അതിനർത്ഥം പ്രാഡ്യൂസർ ഇപ്പോൾ കൊണ്ടുനടക്കുന്ന, സോഫിയാ ലോറനെപ്പോലെ വലിയ മുലകളുള്ള പെണ്ണിനെ ഉപേക്ഷിക്കുകയാണെന്നാണു്. ഒന്നുകിൽ അയാൾക്കു് അവളെ മടുത്തിട്ടുണ്ടാവും, അല്ലെങ്കിൽ മറിച്ചുമാവാം. എന്തായാലും മുമ്പിൽ ഇപ്പോൾ കടൽക്കാറ്റിൽ കഴുത്തിനു പിന്നിലെ നനുത്ത രോമരാജികൾ പറപ്പിച്ചുകൊണ്ടു് ഇരിക്കുന്ന ഉയരമുള്ള പെൺകുട്ടി ഒരു സ്വർണ്ണ ഖനിതന്നെയാണെന്നു് അയാൾ മനസ്സിലാക്കി.

‘ഗുഡ് മോർണിങ് മി. മൽഹോത്ര.’

സ്റ്റുവാർഡ് വന്നു് തലകുനിച്ചു് മെനു കാർഡ് രണ്ടുപേരുടെയും മുമ്പിൽ വച്ചു.

‘ഗുഡ് മോർണിങ്.’ തിരിഞ്ഞു പോകാൻ നിന്ന സ്റ്റുവാർഡിനെ അയാൾ വിളിച്ചു.

‘ഇപ്പോൾത്തന്നെ പറയാം.’ തിരിഞ്ഞു് അവളോടു് ചോദിച്ചു. ‘വാട്ട് വിൽ യു ഹാവ്?’

‘കോഫി.’

‘കോഫി.’ അയാൾ പറഞ്ഞു. ‘എനിക്കു കുറച്ചു് എഗ്ഗ് സാന്റ്വിച്ച് കൊണ്ടുവരൂ. അപർണ്ണ ഒന്നും കഴിക്കുന്നില്ലെന്നു് തീർച്ച?’

അവൾ ചുമൽ കുലുക്കി. എന്തിനാണു് തന്നെ ഫോൺ ചെയ്തിരുന്നതെന്നു് സുനിൽ ചോദിച്ചില്ല. അയാൾക്കറിയാവുന്ന കാര്യമാണതു്. ഫോൺ ചെയ്യുന്ന എല്ലാ പെൺകുട്ടികൾക്കും ഒന്നുതന്നെയാണാവശ്യം. അയാൾ സ്വമ്മിങ് പൂളിൽ നീന്തുന്ന ഒരു യൂറോപ്യൻ സ്ത്രീയെ ശ്രദ്ധിച്ചു. വെള്ളത്തിനടിയിൽ നീല പശ്ചാത്തലത്തിൽ അവരുടെ നിറം ഉദിച്ചുകണ്ടു. അവർ മലർന്നു കിടന്നു് നീന്തുകയാണു്. അയാൾ മുമ്പിലിരിക്കുന്ന പെൺകുട്ടിയെ ഒരു ബിക്നിയിൽ സങ്കല്പിച്ചു. അവളുടെ അവയവങ്ങൾക്കു് നല്ല ആകൃതിയുണ്ടു്. അവൾ തീർച്ചയായും ഈ മദാമ്മയേക്കാൾ ഭംഗിയുമുണ്ടു്. നിറവും ആ സ്ത്രീയുടെ ശുഭ്രനിറത്തേക്കൾ ആകർഷണീയമാണു്. ഇവൾ സിനിമയിൽ ഒരു വൻവിജയമായിരിക്കുമെന്നു് അയാൾക്കു തോന്നി. സുനിൽ ചോദിച്ചു.

‘എന്റെ നമ്പർ എങ്ങിനെയാണു് കിട്ടിയതു?’

അവൾ ചിരിച്ചു. ‘ഞാൻ കുറച്ചു റിസേർച്ച് നടത്തി. ഒന്നു രണ്ടു് ഫിലിം മാഗസിനുകളുടെ ഓഫീസുകൾ കയറിയിറങ്ങി.’

വലിയ സിനിമാതാരങ്ങളെ അനുകരിച്ചു് സുനിൽ മൽഹോത്രയും അയാളുടെ പേർ ടെലിഫോൺ ഡയറക്ടറിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

‘സുനിൽസാബിനു് ചൈനാനിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നു് കേട്ടതു് ശരിയാണോ?’

‘കാൾ മി സുനിൽ… നീ എന്താണു് ഉദ്ദേശിക്കുന്നതു?’

‘അല്ലാ, ഞാനുദ്ദേശിക്കുന്നതു്…’

അവൾ വാക്കുകൾ കിട്ടാതെ വിഷമിക്കുമ്പോൾ സുനിൽ അവളെ സഹായിച്ചു.

‘നിന്നെ പരിചയപ്പെടുത്തി, അദ്ദേഹത്തിന്റെ ഫിലിമിൽ ഒരവസരം മേടിച്ചുതരാൻ മാത്രം പരിചയമുണ്ടെന്നോ?’

അവൾ ഒന്നും പറഞ്ഞില്ല. അയാൾ സാന്റ്വിച്ച് രണ്ടു കൈ കൊണ്ടും പിടിച്ചു് കടിച്ചു തിന്നു.

‘ഷാലൈ മേക് കോഫി ഫോർ യു?’ അവൾ ചോദിച്ചു.

‘പ്ലീസ്…’

അപർണ്ണ രണ്ടു കപ്പുകളിൽ കാപ്പി കൂട്ടുന്നതയാൾ നോക്കി.

‘പഞ്ചസാര ഒരു ക്യൂബുകൂടി ഇടട്ടെ?’

‘യെസ് പ്ലീസ്.’

‘ചൈനാനിയുടെ യൂനിറ്റ് ഷൂട്ടിങ്ങിനു വന്നപ്പോൾ മുതൽ ഞാൻ കാത്തുനിൽക്കുകയായിരുന്നു. നിങ്ങളവിടെ വരുമെന്നു് ഞാനൂഹിച്ചു. അങ്ങിനെയാണു് ഇന്നു കാണാൻ പറ്റിയതു്.’

അവളുടെ മുഖത്തു് ധീരസാഹസികതയുണ്ടായിരുന്നു.

‘ഞാൻ ചൈനാനിയെ പരിചയപ്പെടുത്തിത്തരാം. നാളെ വീട്ടിലേയ്ക്കു വരൂ. ഇപ്പോൾ അയാളെ കാണാൻ വേണ്ടിത്തന്നെയാണു് ഞാൻ പോകുന്നതു്. നിന്റെ കാര്യം ഞാൻ സൂചിപ്പിക്കാം. നാളെ എനിക്കു് ഫോൺ ചെയ്ത ശേഷം വരൂ. എന്റെ അഡ്രസ്സ് അറിയില്ലേ?’

‘ങാ, അറിയാം. താങ്ക്യു വെരിമച്ചു്.’

പൂളിന്നരികിൽ നിവർത്തിയിട്ട കൗച്ചുകളിൽ കിടന്നു് സൺബാത്തെടുക്കുന്ന മദാമ്മമാർക്കു് സൺടാനുപകരം സൺബേൺ ആണു് കിട്ടുക എന്നയാൾ ഓർത്തു. വെറും കരിവാളിപ്പു മാത്രം.

‘അപർണ്ണ എവിടെയാണു് താമസിക്കുന്നതു?’

‘സാന്താക്രൂസിൽ.’

‘ഞാൻ ഡ്രോപ്പു ചെയ്യാം.’

‘വേണ്ട, നന്ദി ഞാൻ ടാക്സി പിടിച്ചു പൊയ്ക്കോളാം.’

രണ്ടു്

അപർണ്ണ എഴുന്നേറ്റു് തലമുടി കെട്ടിയ സ്കാർഫ് അഴിഞ്ഞു പോയതു് വീണ്ടും കെട്ടി ബാൽക്കണിയിലേയ്ക്കു് നടന്നു. ബാൽക്കണിയുടെ റെയിലിങ്ങിൽ ചാരിനിന്നുകൊണ്ടു് അവൾ മുമ്പിൽ കിടക്കുന്ന ചതുപ്പു നിലങ്ങളിലേയ്ക്കു നോക്കി. വിമൺസ് യൂനിവേഴ്സിറ്റിയുടെ നിർമ്മാണം അവിരാമമായി നടന്നുകൊണ്ടിരിക്കുന്നു. മുകളിൽ ഭയങ്കര ശബ്ദത്തോടു കൂടി ബോയിങ് 707 പറന്നു. അതിന്റെ ചക്രങ്ങൾ വിമാനത്തിന്റെ ഉള്ളിലേയ്ക്കു് വലിഞ്ഞുകയറി വാതിലടയുന്നതു് അവൾ നോക്കി. കടലിൽ നിന്നു വരുന്ന കാറ്റിനു് തണുപ്പുണ്ടായിരുന്നു. അതവളുടെ നേരിയ നൈറ്റിക്കുള്ളിൽ കടന്നുചെന്നു് കുളിരണിയിച്ചു. രാവിലെ കിടക്കയിൽ നിന്നെഴുന്നേറ്റ ആ നിമിഷങ്ങളിലേ ഇങ്ങിനെ ബാൽക്കണിയിൽ പോയി നിൽക്കാൻ അവൾക്കു് ധൈര്യം വരൂ. അപ്പോൾ അവൾക്കു് മേക്കപ്പ് വേണ്ട, ആരെങ്കിലും തന്നെ കാണുമെന്ന ഭയവുമില്ല. വെയിൽ മൂക്കുന്നതോടു കൂടി ഈ ആത്മധൈര്യത്തിനു് ഇളക്കം തട്ടുന്നു. അവൾ കണ്ണാടിയുടെ മുമ്പിലേയ്ക്കു് ഓടുന്നു, കാണുന്ന പ്രതിഛായ വളരെ മനോഹരമാണെങ്കിലും തനിക്കു് അംഗീകാരത്തിനു വേണ്ട ആ പ്ലസ് ഇല്ലെ എന്ന ഭയം. കണ്ണാടിയിൽ നോക്കിക്കൊണ്ടു് അവൾ മൃദുലമായ കവിളുകളിൽ തലോടി. ഇന്നു ചൈനാനിയുമായി ഇന്റർവ്യൂ ഉണ്ടെങ്കിൽ ഒരു ഫേഷ്യലും ഹെയർഡുവും വേണമെന്നവൾ തീർച്ചയാക്കി. നേരിയ നൈറ്റിയിൽക്കൂടി കാണുന്ന രൂപം അവൾ കണ്ണാടിയിൽ ദർശിച്ചു. നൈറ്റി മാറിനുതാഴെ കുറച്ചു വലിച്ചുപിടിച്ചു് അവൾ ഒരുവശം തിരിഞ്ഞുനിന്നു. കണ്ണാടിയിൽ കണ്ട രൂപം ആശാവഹമായിരുന്നു. തനിക്കൊരു പീറ്റർ പാനിന്റെ ആവശ്യമില്ലെന്നു് അവൾ അഹങ്കാരത്തോടെ ഓർത്തു. രേണു ചായട്രേയുമായി വന്നു. ചായ കൂട്ടുമ്പോൾ അവൾ പറഞ്ഞു.

‘ബ്രേയ്ക്ക് ഫാസ്റ്റിനു് സേട്ടിനെ കാക്കേണ്ടെന്നു പറഞ്ഞു.’

‘ഊം?’

‘ജുഹുവിൽ പോയിരിക്കയാണു്.’

‘ഈ അങ്കിൾ!’ അവൾ തലയിൽ കൈവച്ചു പറഞ്ഞു. ബ്രേയ്ക്ക് ഫാസ്റ്റുകൂടി കഴിക്കാതെ ഹരേകൃഷ്ണയിൽ എത്താനായിരുന്നു ധൃതി.

‘അങ്ക്ൾ എത്ര മണിക്കാണു് പോയതു?’

‘ഏഴര മണിക്കു്.’

‘ഏഴര മണി? അപ്പോൾ സമയമെത്രയായി ഇപ്പോൾ?’

‘എട്ടരയായി ദീദി…’ രേണു ചിരിച്ചുകൊണ്ടു് പറഞ്ഞു.

‘ഓ, ഞാനിന്നു വളരെ നേരം ഉറങ്ങി അല്ലെ?’

അവൾ സുനിൽ മൽഹോത്രയെ ഓർത്തു. അയാൾ ചൈനാനിയുമായി സംസാരിച്ചിട്ടുണ്ടാകും എന്നും ഇന്നു തന്നെ ഇന്റർവ്യൂ തരമാക്കുമെന്നും അവൾ ആശിച്ചു. അവൾ പറഞ്ഞു.

‘ഞാൻ താഴത്തു പോയി ഒന്നു ഫോൺ ചെയ്തു വരാം.’

അവൾ നൈറ്റി അഴിച്ചുവെച്ചു് മാക്സി എടുത്തിട്ടു. ചുവട്ടിൽ മിസ്സിസ്സ് പാണ്ഡെയാണു് വാതിൽ തുറന്നതു്…

‘ആന്റി ഒന്നു് ഫോൺ ചെയ്യണം.’

‘ആർക്കാണു് ഇത്ര രാവിലെത്തന്നെ?’

‘ഒരു ഫ്രണ്ടിനാണു് ആന്റി.’

അവൾ ഡയൽ ചെയ്തു. അപ്പുറത്തു് ടെലിഫോൺ എടുത്തതു് ഹസിം ആയിരുന്നു.

‘സാബ് ഹെ?’

‘സാബ് ഉറങ്ങുകയാണു്. കോനെ?’

‘അപർണ്ണ.’ അവൾ പറഞ്ഞു. ‘സുനിൽ ഇനിയും എണീറ്റില്ലെ?’

‘ഇല്ല.’

‘ഒന്നു വിളിക്കാമോ?’

‘ശ്രമിച്ചു നോക്കട്ടെ.’

‘ശരി.’ അവൾ ടെലിഫോൺ ചെവിയിലമർത്തി കാത്തു നിൽക്കുമ്പോൾ മിസ്സിസ്സ് പാണ്ഡേ അടുത്തുവന്നു.

‘ബേട്ടീ, ഇന്നു് ബ്രേയ്ക്ക്ഫാസ്റ്റിനു് നാളികേരച്ചട്ടിണി അരച്ചിട്ടുണ്ടോ?’

‘അറിയില്ല ആന്റീ.’

സുനിൽ ഫോണിൽ വരുമ്പോഴേയ്ക്കു് ആന്റിയെ അവിടെനിന്നു് ഒഴിവാക്കണമെന്നവൾ ആലോചിച്ചു. അവൾ പറഞ്ഞു. ‘അരച്ചിട്ടുണ്ടെങ്കിൽ രേണുവിന്റെ കയ്യിൽ കൊടുത്തയക്കാം.’

‘മറക്കരുതു് കെട്ടോ.’

ഫോണിൽ സുനിലിന്റെ ശബ്ദം കേട്ടു.

‘ഗുഡ് മോണിങ്. അപർണ്ണ ഹിയർ.’

‘മോണിങ് എന്നൊക്കെ പറയാൻമാത്രം നേരം പുലർന്നോ?’

‘സോറി, ഉറങ്ങുകയായിരുന്നു അല്ലെ?’

അപ്പുറത്തുനിന്നു് ഉറക്കച്ചടവു വിടാത്ത ശബ്ദം.

‘ഇന്നലെ നിതിന്റെ വീട്ടിൽ പാർട്ടിയുണ്ടായിരുന്നു. കാര്യം പറയൂ.’

അവളുടെ ആവേശം പെട്ടെന്നു തണുത്തു. അപ്പോൾ സുനിൽ തന്റെ കാര്യം ചൈനാനിയോടു് പറയാൻ മറന്നെന്നു തോന്നുന്നു. തന്റെ കാര്യം തന്നെ മറന്നെന്ന മട്ടാണു്. അവൾ നിരുന്മേഷയായി പറഞ്ഞു.

‘ചൈനാനിയുമായി സംസാരിക്കാൻ പറ്റിയില്ല അല്ലേ?’

‘തീർച്ചയായും. ഇന്നു വൈകുന്നേരം ചെല്ലാമെന്നു പറഞ്ഞിട്ടുണ്ടു്. ആറു മണിക്കു്. നിനക്കു് അഞ്ചര മണിക്കു് എന്റെ വീട്ടിൽ വരാമോ?’

‘വരാം. താങ്ക്യു വെരി മച്ച് സുനിൽ. ബൈ…’

അവൾ ഫോൺ വച്ചു് മിസ്സിസ്സ് പാണ്ഡെയോടു് നന്ദികൂടി പയറാൻ നിൽക്കാതെ പുറത്തു കടന്നു് കോണിപ്പടികൾ ചാടിക്കയറി ബെല്ലടിച്ചു.

രേണു വാതിൽ തുറന്നു.

‘രേണു എനിക്കു് ബ്രേയ്ക്ക് ഫാസ്റ്റ് വേഗം വേണം.’

‘കൊണ്ടുവരാം.’

അപർണ്ണ വാഷ്ബേസിനടുത്തുപോയി പല്ലു തേച്ചു വന്നു. തനിക്കു് വളരെ കുറച്ചു സമയത്തിനുള്ളിൽ കുറേയധികം കാര്യങ്ങൾ ചെയ്യാനുണ്ടെന്നു് ബ്രേയ്ക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ അവൾ ആലോചിച്ചു.

സാധാരണ മുറുമറുത്തു മാത്രം കഴിക്കുന്ന ബ്രെഡ്ടോസ്റ്റും ബുൾസൈയും ഇന്നവൾ വളരെ സ്വാദോടുകൂടി കഴിച്ചു.

ചൈനീസ് ബ്യൂട്ടിപാർലറിൽ അവൾക്കിഷ്ടമില്ലാത്ത നാറ്റമുണ്ടായിരുന്നു. ഒരു തടിച്ച സ്ത്രീയുടെ പുരികം ആകൃതിപ്പെടുത്തുകയായിരുന്ന വയസ്സായ ചൈനക്കാരി അവളെ നോക്കി ചിരിച്ചുകൊണ്ടു് ചോദിച്ചു.

‘ഹല്ലോ, വാട് ഡുയു വാണ്ട്?’

‘ഫേഷ്യൽ, ഹെയർഡൂ, പിന്നെ പുരികവും…’

‘ഒരു മിനുറ്റ്… തിരക്കുണ്ടെങ്കിൽ മുകളിൽ പൊയ്ക്കോളൂ, അവിടെ സാവ്റിൻ ഉണ്ടു്.’

അപർണ്ണയ്ക്കു് അവരുടെ അസിസ്റ്റന്റുകളെയൊന്നും ഇഷ്ടമായിരുന്നില്ല. മെസ്സാനിൻ ഫ്ളോറിലാണു് അവർ. നടക്കുമ്പോൾ തല മുട്ടുകയും ചെയ്യും. അതുകൊണ്ടു് ചൈനക്കാരി ആ സ്ത്രീയുടെ പുരികം ആകൃതിപ്പെടുത്തി കഴിയുന്നതുവരെ അവൾ ഒരു മാസികയും കയ്യിലെടുത്തു് കാത്തിരുന്നു.

സ്വന്തം തലമുടി ചെയ്തുകൊണ്ടിരിക്കെ അവൾക്കു് ചൈനക്കാരിയുടെ ചോദ്യങ്ങൾക്കു് ഉത്തരം പറയേണ്ടിവന്നു. അവർ സംസാരപ്രിയയായിരുന്നു.

‘യു ഗോട്ട് ലവ്ലി ഹെയർ… ഇന്നു് പാർട്ടിയുണ്ടോ?’

‘ഊം… താങ്കു് യു.’ അവർ പ്രശംസ ചൊരിയുന്നതിൽ ഒട്ടും പിശുക്കു കാണിച്ചിരുന്നില്ല.

‘എവിടെയാണു് പാർട്ടി?’

എന്തൊക്കെ അറിയണം ഇവർക്കു്? അവൾ മറുപടി പറഞ്ഞു. ‘ശിവജി പാർക്കിൽ ഒരു വെഡ്ഡിങ് പാർട്ടിയാണു്.’

എല്ലാം കഴിഞ്ഞു് തിരിച്ചു വീട്ടിൽ വന്നപ്പോൾ സമയം ഒരു മണിയായിട്ടേ ഉള്ളൂ. ഇനി ഭക്ഷണം കഴിഞ്ഞു് ഒരു സൗന്ദര്യ നിദ്രക്കുള്ള സമയം കൂടിയുണ്ടു്.

അവൾ മൂന്നു മണിക്കു് പുറപ്പെടാൻ തുടങ്ങി. രേണു ഒരു കോണിസ്സറല്ലാത്തതു കാരണം അപർണ്ണയ്ക്കു് വസ്ത്രത്തെപ്പറ്റി അഭിപ്രായവും തീരുമാനവും സ്വന്തം എടുക്കേണ്ടിവന്നു. അഞ്ചു മണിയായപ്പോഴേയ്ക്കും ഒരു വിധം ഒരുങ്ങിക്കഴിഞ്ഞു. കണ്ണാടിയിൽ നോക്കിയപ്പോൾ സ്വന്തം സൗന്ദര്യത്തെപ്പറ്റി തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.

അവൾ പുറത്തിറങ്ങുമ്പോൾ അങ്ക്ൾ ചോദിച്ചു.

‘എങ്ങോട്ടാണു്?’

‘ഇന്നു് പ്രൊഡ്യൂസറുടെ അടുത്തു് ഇന്റർവ്യൂ ഉണ്ടു് അങ്ക്ൾ.’

‘നിന്റെ പ്രാന്തു്.’ അയാൾ ചിരിച്ചു.

ടാക്സിയിൽ കയറി അവൾ ജുഹുവിലേയ്ക്കു കുതിച്ചു.

സുനിലിന്റെ വെള്ള ഹെരാൾഡ് വീട്ടിനുമുമ്പിൽ നിൽക്കുന്നു. അവൾക്കു് ആശ്വാസമായി. ഇരുപത്തൊന്നാം നമ്പർ ഫ്ളാറ്റ് ഏഴാം നിലയിലാണു്. ലിഫ്റ്റിൽനിന്നു പുറത്തു കടന്നു് ബെല്ലടിച്ചു അവൾ കാത്തുനിന്നു. വാതിൽ തുറന്നതു് ഒരു ഇരുപതു വയസ്സുകാരനായിരുന്നു. ഹസിം ആയിരിക്കുമെന്നവൾ ഊഹിച്ചു.

‘സുനിൽ ഹെ?’

അവൻ വാതിൽ മലർക്കെ തുറന്നു. തല കുമ്പിട്ടുകൊണ്ടു് എയർ ഇന്ത്യാ മഹാരാജാവിന്റെ കൈകൊണ്ടുള്ള ആംഗ്യം കാണിച്ചു കൊണ്ടു് പറഞ്ഞു. ‘ആയിയേജീ… ആയിയേ, തശ്രീഫ് രഖിയേ.’

അവൾ അകത്തു കടന്നിരുന്നു. മുറിക്കു നടുവിൽ ഇട്ട കാർപ്പറ്റ് ഭംഗിയുണ്ടായിരുന്നു. ഡിസ്റ്റമ്പർ തേച്ച ചുവരിൽ പ്രകൃതിദൃശ്യം കാണിക്കുന്ന വലിയ ചിത്രം. മുറിയിൽ രണ്ടു മൂലയിൽ വലിയ സ്പീക്കറുകൾ. നടുവിൽ വച്ച ഷോകേസിനു മീതെ സ്റ്റീരിയോ ആംപ്ലിഫൈർ, ടേപ് ഡെക്ക്, റെക്കോഡ് പ്ലെയർ മുതലായവ.

സുനിൽ വന്നു. അയാൾ ഒരു ടീഷർട്ടും ജീൻസുമാണു് ഇട്ടിരുന്നതു്. അവളെ കണ്ട ഉടനെ അയാൾ നിന്നു. ഒരു അവലോകനത്തിനുശേഷം അയാൾ പറഞ്ഞു.

‘നിതിൻ തീർച്ചയാക്കാൻ അധികം സമയമൊന്നും എടുക്കുമെന്നു് തോന്നുന്നില്ല.’

‘എങ്ങിനത്തെ ആളാണു് നിതിൻ?’ അവൾ ചോദിച്ചു.

സുനിൽ അവളുടെ മുമ്പിൽത്തന്നെ ഒരു തിരിയുന്ന സ്റ്റൂളിൽ സ്ഥലമുറപ്പിച്ചിരുന്നു.

‘എന്താണു് നീ ഉദ്ദേശിക്കുന്നതു?’

‘ഐ മീൻ… ഐ മീൻ വെഥർ ഹീയീസ് വെരി ഫസ്റ്റീഡിയസ്.’

സുനിൽ കണ്ണിറുക്കി.

‘നിതിൻ ചെറുപ്പക്കാരികളായ സുന്ദരികളെ ഇഷ്ടപ്പെടുന്നു. നിന്നെ ഒരു നായികയായി തെരഞ്ഞെടുക്കുമെന്നതിൽ ഒരു സംശയവുമില്ല എനിക്കു്.’

അവൾക്കാ സംസാരം ഇഷ്ടപ്പെട്ടു. പ്രൊഡ്യൂസർമാരെപ്പറ്റി അവൾ കേട്ടിട്ടുണ്ടു്. ഒരു നടിയാവണമെങ്കിൽ എന്തൊക്കെ സഹിക്കണമെന്നു് അവൾ കേട്ടറിഞ്ഞിട്ടുണ്ടു്. ചൈനാനിക്കു് സുന്ദരികളെ ഇഷ്ടമാണെന്ന വിവരം അവൾക്കറിയാത്തതുമല്ല. പക്ഷെ അതെത്ര മാത്രം തന്റെ വിജയത്തിനു് സഹായിക്കും എന്നു് അവൾക്കു് സുനിൽ പറഞ്ഞപ്പോൾ ബോധ്യമായി. അവളുടെ ചെറുപ്പത്തെപ്പറ്റി, സൗന്ദര്യത്തെപ്പറ്റി, പുരുഷന്മാരിൽ ആസക്തിയുണ്ടാക്കാനുള്ള കഴിവിനെപ്പറ്റി അവൾക്കു് നല്ല ബോധമുണ്ടായിരുന്നു. അവളുടെ അവയവങ്ങളുടെ ഓരോ ചലനവും അതു ലാക്കാക്കിയായിരുന്നു.

ഒരു കൈയിൽ ട്രേ ബാലൻസു ചെയ്തുകൊണ്ടു് ഹസിം വന്നു. അവന്റെ ചലനങ്ങളിൽ കോമാളിത്തമുണ്ടായിരുന്നു. സുനിൽ ചായ കൂട്ടുകയാണു്. അപർണ്ണ ചോദിച്ചു.

‘ചൈനാനി എന്നെ എടുക്കുമെന്നു് തോന്നുന്നുണ്ടോ?’

‘ഹൗ മച്ച് ഷുഗർ?’

‘വൺ സ്പൂൺ, താങ്ക്യു.’

‘നീ എന്താണു് ചോദിച്ചതു?’

‘നിതിനെപ്പറ്റി. ചൈനാനി എനിക്കൊരു ചാൻസു തരുമെന്നു് തോന്നുന്നുണ്ടോ?’

സുനിൽ നിവർന്നിരുന്നു. ചായ കുടിച്ചുകൊണ്ടു് അയാൾ പറഞ്ഞു. യുവാർ ദ റൈറ്റ് ഗേൾ ഫോർ നിതിൻ. നിന്നെപ്പോലെ ഒരു പെൺകുട്ടിയെ നോക്കിയിരിക്കയാണു് അയാളുടെ പുതിയ ചിത്രത്തിനു വേണ്ടി.’

അവളുടെ കണ്ണുകൾ വിടർന്നു. ചൈനാനിയുടെ ഓരോ ചിത്രവും ഓരോ സംഭവമാണു്. അതിലൊന്നിൽ നായികയായി അവസരം കിട്ടിയാൽ പിന്നെ മറ്റു പ്രൊഡ്യൂസർമാർ അവളുടെ പടിക്കൽ കാവൽ കിടക്കും.

‘നമുക്കു് പോകാം.’

ലിഫ്റ്റിൽ വച്ചു് അവർ സംസാരിച്ചില്ല. താഴെ എത്തിയപ്പോൾ ഒരു അദ്ഭുതം അവളെ പ്രതീക്ഷിച്ചു നിൽക്കുന്നു. ഹസിം ഹെരാൾഡു കാറുമായി തയ്യാറായി നിൽക്കുകയാണു്. അവൻ എപ്പോഴാണു് പൈജാമ മാറ്റി യൂനിഫോമിൽ കടന്നതെന്നോ, അവളുടെ കണ്ണുവെട്ടിച്ചു് എപ്പോഴാണു് താഴത്തിറങ്ങി വന്നതെന്നോ അവൾ അറിഞ്ഞില്ല. അവളുടെ അദ്ഭുതം കണ്ടപ്പോൾ സുനിൽ പറഞ്ഞു.

‘ഇതു് ഹസീമിന്റെ വേറൊരു ടാലന്റാണു്. അവനെ കൂടുതൽ അറിയുംതോറും അവന്റെ വിവിധ മുഖങ്ങൾ താനെ മനസ്സിലായിക്കോളും.’

ഹസിം വെള്ള യൂനിഫോമിൽ വെള്ള തൊപ്പിയുമായി കാറിന്റെ വാതിൽ തുറന്നുപിടിച്ചു് നിൽക്കുകയാണു്. അവൻ ഒരു വിദഗ്ദ ഡ്രൈവറായിരുന്നു. ഒരു ഹെരാൾഡിനു പകരം അവൻ ഓടിക്കേണ്ടിയിരുന്നതു് ഒരു റെനോൾട്ടോ, മെഴ്സിഡിസോ ആയിരുന്നെന്നു് അവൾക്കു തോന്നി.

ചൈനാനിയുടെ ഓഫീസിന്റെ ഗെയ്റ്റ് തുറക്കപ്പെട്ടു. ഒരു പടുകൂറ്റൻ കെട്ടിടം. ദർവാൻ സുനിലിനെ നോക്കി സലാം വെച്ചു. സുനിൽ അവളെ നോക്കി, തനിക്കിവിടെയെല്ലാം സ്വതന്ത്രമായ പ്രവേശനമുണ്ടു് എന്നഹങ്കരിക്കുന്ന മട്ടിൽ. അപർണ്ണയെ സംബന്ധിച്ചേടത്തോളം അതു വളരെ ആശ്വാസപ്രദമായിരുന്നു. തന്റെ വിജയം, സുനിൽ, ചൈനാനിയുടെ എത്രയടുത്താണെന്നതിനെ ആശ്രയിക്കുന്നു എന്നവൾക്കു തോന്നി.

മട്ടുപ്പാവിൽ കാർ നിർത്തിയപ്പോൾ വേറൊരു ദർവാൻ വന്നു് സലാം വച്ചു് കാറിന്റെ വാതിൽ തുറന്നു പിടിച്ചു. സുനിലും അപർണ്ണയും പുറത്തിറങ്ങി. സുനിൽ അകത്തേയ്ക്കു കടന്നു. എവിടെയും അയാൾക്കു മുന്നിൽ വാതിലുകൾ തുറക്കപ്പെട്ടു. ചുമർതൊട്ടു് ചുമർവരെ കാർപ്പെറ്റുകൾ. ചുമരുകളിൽ വലിയ കാൻവാസുകൾ. മൂലകളിൽ നഗ്നസ്ത്രീകളുടെ ലോഹശില്പങ്ങൾ. മങ്ങിയ ഇടനാഴിക അവസാനിക്കുന്നിടത്തു് സുനിൽ നിന്നു. വാതിലിന്മേൽ പിച്ചളകൊണ്ടു ള്ള സിംഹത്തല.

ഇടത്തുവശത്തെ കണ്ണാടിമുറിയിൽ ഇരിക്കുന്ന സുന്ദരി സുനിലിനെ നോക്കി ചിരിച്ചു.

‘ഗുഡ് മോണിങ്.’

‘ഗുഡ് മോണിങ് ഡാർലിങ്. പോകാമല്ലൊ?’

‘പൊയ്ക്കോളൂ, ചൈനാനി സാബ് കാത്തിരിക്കുന്നു.’

സുനിൽ അവളെ നോക്കി കണ്ണിറുക്കി. പിന്നെ വാതിലിന്മേൽ പതുക്കെ രണ്ടു തവണ മുട്ടി.

ഏതാനും സെക്കന്റുകൾക്കുള്ളിൽ അകത്തുനിന്നൊരു ശബ്ദം കേട്ടു.

കമിൻ, എന്നായിരിക്കണം അതു്. കാരണം സുനിൽ അകത്തു കടന്നു് അവൾക്കു വേണ്ടി വാതിൽ തുറന്നു പിടിച്ചു. അപർണ്ണ അകത്തു കടന്നു. ഇരുണ്ട ഇടനാഴികയിലൂടെയുള്ള നടത്തം കാരണം അവളുടെ കണ്ണുകൾ മുറിയിലെ മങ്ങിയ വെളിച്ചവുമായി പഴകാൻ താമസം വേണ്ടിവന്നില്ല. വിശാലമായ മുറിയുടെ മറു ഭാഗത്തു് ഇട്ട വലിയ മേശയ്ക്കു പിന്നിലെ റിവോൾവിങ് ചെയറിൽ നിന്നു് തലമുടി നരച്ച ഒരു മനുഷ്യൻ എഴുന്നേൽക്കുന്നതവൾ കണ്ടു. അയാൾ മേശ ചുറ്റി വന്നു് അവളുടെ കൈ പിടിച്ചു കുലുക്കി.

‘അപർണ്ണ.’

സുനിൽ പരിചയപ്പെടുത്തി. ‘മിസ്റ്റർ നിതിൻ ചൈനാനി.’

‘നൈസ് മീറ്റിങ് യു.’ വീണ്ടും ഒരിക്കൽക്കൂടി അവളുടെ കൈ പിടിച്ചു കുലുക്കിയ ശേഷം അയാൾ മേശക്കു മുമ്പിലുള്ള മൂന്നു കസേലകളിൽ നടുവിലത്തേതു് നീക്കി അവളോടു് ഇരിക്കാൻ ആവശ്യപ്പെട്ടു. ചൈനാനി തിരിച്ചു് മേശയ്ക്കു പിന്നിൽ ഇട്ട രാജകീയമായ റിവോൾവിങ് ചെയറിൽ ഇരുന്നു.

‘കുടിക്കാൻ എന്താണു് വേണ്ടതു? ടീ, കോഫി, ഓർ എനിതിങ് കോൾഡ്?’

‘തണുത്തതെന്തെങ്കിലും മതി.’ അവൾ പറഞ്ഞു.

‘വാട്ടെബൗട്ട് യു.’ ചൈനാനി സുനിലിനോടു് ചോദിച്ചു.

‘എനിക്കും അതു മതി.’

ചൈനാനി ഇന്റർകോമിന്റെ ബട്ടൻ അമർത്തി. ഇന്റർ കോമിന്റെ പാനലിൽ ചുവപ്പു വെളിച്ചം.

‘കുടിക്കാനെന്തെങ്കിലും തണുത്തതു് കൊണ്ടുവരൂ.’

അപർണ്ണ ചൈനാനിയെ പഠിക്കുകയായിരുന്നു. നരച്ച തലമുടി. ചെവിക്കു മുമ്പിലുള്ള സൈഡ് ബേൺ കട്ടിയിലുണ്ടു്. അതും മുഴുവൻ നരച്ചതാണു്. തിളങ്ങുന്ന കണ്ണുകൾ അതിന്റെ ഉടമസ്ഥന്റെ ബുദ്ധിശക്തി കാണിച്ചു. അയാളുടെ നോട്ടം വളരെ മൃദുവായിരുന്നു. തുളച്ചു കയറുന്ന നോട്ടമില്ല. മര്യാദയോടു കൂടിയ പെരുമാറ്റം. ഇദ്ദേഹം ഒരു സ്ത്രീ ലമ്പടനാണെന്നു് തോന്നുകയേ ഇല്ല. പത്രങ്ങൾ പ്രചരിപ്പിക്കുന്ന ഗോസ്സിപ്പുകളിൽ ഒന്നായിരിക്കണം അതു്. വളരെ കൂടുതൽ മര്യാദക്കാരൻ ആവുന്നതിലും തനിക്കു് അവസരങ്ങൾ കിട്ടുക ചൈനാനിക്കു് എന്തെങ്കിലും ദൗർബ്ബല്യങ്ങളുണ്ടെങ്കിലായിരിക്കും എന്നവൾ ഓർത്തു. സിനിമാലോകത്തെ ചില യാഥാർത്ഥ്യങ്ങളോടു് പൊരുത്തപ്പെടാൻ അപർണ്ണ സ്വന്തം മനസ്സിനെ ഒരുക്കിയിരുന്നു. അല്ലറചില്ലറ സൗജന്യങ്ങൾ, വിട്ടുവീഴ്ചകൾ. ഇതെല്ലാം സിനിമാ ലോകത്തു് എത്തുവാനും അവിടെ പിടിച്ചു നിൽക്കാനും ആവശ്യമാണെന്നവൾ മനസ്സിലാക്കിയിരുന്നു. പത്ര മാസികകൾ കൊടുക്കുന്ന ഗോസ്സിപ്പ് കോളങ്ങൾ അവളെ ഈ കാര്യത്തിൽ വളരെ സഹായിച്ചിരുന്നു.

‘സിനിമയിൽ വരുന്നതിനെപ്പറ്റി നല്ലവണ്ണം ആലോചിച്ചിട്ടുണ്ടോ?’ ചൈനാനി ചോദിച്ചു.

ഉവ്വെന്നു് അവൾ തലയാട്ടി.

‘സിനിമ എന്നതു് ഒരദ്ഭുതലോകമാണു്.’ ചൈനാനി തുടർന്നു. ‘അതിലേയ്ക്കു് കടന്നുവരിക എളുപ്പമല്ല. കടന്നു വന്നതുകൊണ്ടു മാത്രമായില്ല. ഉയർന്നുവരികയും വേണം. അതിനു് വളരെയധികം അധ്വാനം ആവശ്യമാണു്. വളരെയധികം ത്യാഗം സഹിക്കണം. മത്സര ബുദ്ധിക്കോ അഹന്തയ്ക്കോ ഇവിടെ സ്ഥാനമില്ല. അവസാനം എല്ലാവർക്കും അവരവർ അർഹിക്കുന്ന സ്ഥാനം കിട്ടും. ക്ഷമ വേണം. ഒരു ദിവസംകൊണ്ടു് ഒരു നായികയെ ഉണ്ടാക്കാൻ പറ്റില്ല.

ബോർഡറുള്ള പച്ചസിൽക്കുസാരിയും ബ്ലൗസും ധരിച്ച ഒരു പെൺകുട്ടി ട്രെയുമായി അകത്തു വന്നു് സ്റ്റ്രോ ഇട്ട ഗ്ലാസ്സുകൾ അവരുടെ മുമ്പിൽ വച്ചു. നല്ല ഭംഗിയുള്ള പെൺകുട്ടിയായിരുന്നു അവൾ. വെളുത്ത നിറം. സിൽക്കു പോലത്തെ ഇളംചെമ്പിച്ച മുടി പച്ച നിറത്തിലുള്ള സിൽക്ക് സ്കാർഫ് കൊണ്ടു് മറച്ചിരിക്കുന്നു.

‘ഈ കാരിയറിനു് രണ്ടു വശങ്ങളുണ്ടു്. ഞാൻ പറയാം.’ ചൈനാനി തുടർന്നു. ‘ചീത്ത വശം ഇതാണു്. നമുക്കു് പലതും സഹിക്കേണ്ടി വരും. ഓരോ മൂവികളിൽ ഓരോ നായകന്മാരുടെ കൈവലയത്തിൽ പ്രത്യക്ഷപ്പെടേണ്ട നായികയ്ക്കു് ചാരിത്രശുദ്ധിയുടെ ഇമേജൊന്നും അവകാശപ്പെടാൻ പറ്റില്ല. പിന്നീടു് വിവാഹാലോചന വരുമ്പോൾ അതൊക്കെ പ്രശ്നമായെന്നു വരും. അതെല്ലാം നമ്മൾ എങ്ങിനെ നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പിന്നെ വളരെ, വളരെയധികം അദ്ധ്വാനിക്കേണ്ടി വരും. രാവുപകലില്ലാത്ത ജോലി. രാത്രി പത്തുമണിക്കു് കാൾ ഷീറ്റ് കിട്ടുകയാണെങ്കിൽ അപ്പോൾ എനിക്കുറങ്ങേണ്ട സമയമാണു്, പറ്റില്ലെന്നു പറയാൻ കഴിയില്ല. ഇതൊരു ടീം വർക്കാണു്. അതിൽ ‘ഞാൻ’ ‘നീ’ എന്ന വാക്കുകളില്ല. ‘നമ്മൾ’ എന്നു മാത്രം. പിന്നെയുള്ളതു് പേരിന്റെ പ്രശ്നമാണു്. നല്ല പേരു കിട്ടാൻ സാധ്യതയുണ്ടു് ഈ കാരിയറിൽ. മറിച്ചുമാവാം. പേർ ചെളിക്കുണ്ടിലെത്തിയെന്നും വരാം. പലപ്പോഴും നല്ല പേരിന്റെ പിന്നിൽ നിറയെ ചെളിയായിരിക്കാനും സാധ്യതയുണ്ടു്.’

‘ഇനി നല്ല വശം. ധാരാളം പണമുണ്ടാക്കാം. നല്ല ബങ്ക്ളാവുകൾ വിലക്കെടുക്കാം. ഫോറിൻ കാറുകൾ വാങ്ങാം. വളരെ ആഢംബരമുള്ള ഒരു ജീവിതം നയിക്കാം. ഒരു പത്തുകൊല്ലം ജോലിയെടുത്താൽ നാലു തലമുറയ്ക്കു് കഴിയാനുള്ള പണമുണ്ടാക്കാം. നിങ്ങൾ ബുദ്ധിപൂർവ്വം പണം ഇൻവെസ്റ്റ് ചെയ്യണമെന്നു മാത്രം.’

ചൈനാനി നിവർന്നിരുന്നു. മേശമേൽനിന്നു് പഴച്ചാറിന്റെ ഗ്ലാസ്സെടുത്തു് സ്റ്റ്രോവിൽക്കൂടി വലിച്ചു കുടിക്കാൻ തുടങ്ങി, ഒപ്പം അവരോടും കുടിക്കാൻ ആംഗ്യം കാണിച്ചു.

അപർണ്ണ ഗ്ലാസ്സെടുത്തു് കുടിക്കാൻ തുടങ്ങി. കോക്ടെയിൽ ജ്യൂസാണു്. അവൾ ചൈനാനി പറഞ്ഞതിനെപ്പറ്റി ആലോചിക്കുകയായിരുന്നു. ഫിലിം കാരിയറിനെപ്പറ്റി ഇത്രയും വ്യക്തമായി വളരെ കുറച്ചു വാക്കുകളിൽ അയാൾ പറഞ്ഞതു് അവളെ അദ്ഭുതപ്പെടുത്തി. അവളുടെ മനസ്സിലുണ്ടായിരുന്ന ചിത്രത്തിനു് അയാൾ മിഴിവു കൂട്ടിയെന്നേയുള്ളൂ. ഇതെല്ലാം അവൾക്കു് അറിയാവുന്നതാണു്. ഇതിനെല്ലാം തയ്യാറായിട്ടാണു് അവൾ വന്നതു്. ഇനി ആലോചിക്കാനൊന്നുമില്ല. ഇതിനെല്ലാം പുറമെ ചൈനാനി പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം കൂടിയുണ്ടു്. അതു് കണക്കു കൂട്ടലുകളാണു്. ഏറ്റവും മുകളിലേയ്ക്കെത്താനുള്ള ഏണിപ്പടികളുടെ കണക്കുകൂട്ടലുകൾ. അതു് പിഴക്കാതിരുന്നാൽ മതി. അവൾ വീണ്ടുവിചാരമുള്ളവളായിരുന്നു. ഈയൊരു അവസരത്തിനുവേണ്ടി അവൾ ഒരു കൊല്ലം ആസൂത്രണം ചെയ്തതാണു്.

ചൈനാനി സുനിൽ മൽഹോത്രയുമായി സംസാരം തുടങ്ങി. പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തെപ്പറ്റിയാണു്.

സെറ്റുണ്ടാക്കുന്ന ഒരു കോൺട്രാക്ടറെപ്പറ്റിയാണു് ചൈനാനി പറഞ്ഞിരുന്നതു്. കേൾക്കുന്നില്ലെന്ന മട്ടിലിരുന്നെങ്കിലും അപർണ്ണ അവരുടെ സംഭാഷണം ശ്രദ്ധിക്കുകയായിരുന്നു. കത്തി നശിക്കാനുള്ള ഒരു കൊട്ടാരത്തിന്റെ മോക്കപ്പ് ഉണ്ടാക്കുന്ന കോൺട്രാക്ടർ ചൈനാനിയെ കബളിപ്പിച്ചതാണു് വിഷയം.

‘അയാൾക്കു് പ്രാരാബ്ദങ്ങളുണ്ടാവും. അതായിരിക്കണം അയാൾ പണവുംകൊണ്ടു് പോയതു്.’ ചൈനാനി പറഞ്ഞു. ‘അയാൾ എവിടെയാണെന്നെനിക്കറിയാം. എനിക്കു വേണമെങ്കിൽ അയാളെ പിടിക്കാം, പോലീസിലേൽപ്പിക്കാം, കാരണം ഞാൻ കൊടുത്ത അമ്പതിന്റെ രേഖകൾ ഉണ്ടു് എന്റെ കയ്യിൽ. അതുമല്ലെങ്കിൽ എനിക്കയാളെ നശിപ്പിക്കാം. പക്ഷേ, അതുകൊണ്ടു് എന്തു കാര്യം. ഒരു മനുഷ്യനെ നശിപ്പിക്കാൻ എളുപ്പം കഴിയും. അയാളെ അയാളാക്കാൻ എന്തു പാടുപെടണം? ഈ ചിത്രത്തിനു് എന്റെ ഒരു ദിവസത്തെ കലക്ഷൻ ഉണ്ടായില്ലെന്നു മാത്രം കരുതിയാൽ മതി. ഈ അമ്പതിനായിരമല്ല എന്നെ വിഷമിപ്പിക്കുന്നതു്. എന്റെ സമയം. ഒരു മാസം നഷ്ടമായി. അതെനിക്കു് തിരിച്ചുകിട്ടില്ല. അയാൾ വിഡ്ഢിത്തം കാട്ടിയതാണു്. ഒരു ലക്ഷത്തിന്റെ കോൺട്രാക്ടാണു്. അതിൽ ഞാൻ കണക്കാക്കിയിടത്തോളം മുപ്പതു് അയാളുടെ ലാഭമാണു്. അതുകൊണ്ടു് സംതൃപ്തിയടയേണ്ടതാണയാൾ. ഇപ്പോൾ കണ്ടില്ലേ ഒരു കള്ളനെ പ്പോലെ ഒളിച്ചുനടക്കേണ്ടി വരുന്നു. ഞാനിപ്പോഴും വിശ്വസിക്കുന്നു, അയാൾക്കെന്തെങ്കിലും പ്രശ്നങ്ങളുണ്ടാവും പാവം.

അപർണ്ണയുടെ മനസ്സിൽ ചൈനാനിയെപ്പറ്റിയുള്ള മതിപ്പു് കൂടിക്കൂടി വരികയായിരുന്നു. വെറും ഒരു മര്യാദക്കാരൻ മാത്രമല്ല അയാൾ. ഉദാര മനസ്കനുമാണു്. പത്രക്കാർ ഇദ്ദേഹത്തെപ്പറ്റി പറയുന്നതെല്ലാം ശുദ്ധ അസംബന്ധമാണു്.

ചൈനാനി അപർണ്ണയുടെ നേരെ തിരിഞ്ഞു.

‘അപ്പോൾ അതാണു് ഞാൻ പറഞ്ഞതു്. ജോലിയോടു് ആത്മാർത്ഥത പുലർത്താനും, മറ്റു പലതും സഹിക്കാനും തയ്യാറുണ്ടെങ്കിൽ നിങ്ങൾക്കു് ജോലിയെടുക്കാം. തുടക്കത്തിൽ വരുമാനത്തെപ്പറ്റി അധികം ആലോചിക്കരുതു്. ഞാൻ മാസം രണ്ടായിരം വീതം ശമ്പളം തരാം. ഇതൊരു അലവൻസായി കണക്കാക്കിയാൽ മതി. നമ്മൾ ഷോബിസിനസ്സിലാണു്. അതുകൊണ്ടു് നാം മറ്റുള്ളവരിൽനിന്നു് വ്യത്യസ്ഥമായി ജീവിക്കണം, വ്യത്യസ്ഥമായി വസ്ത്രധാരണം ചെയ്യണം. മനസ്സിലായോ. സമ്മതമാണെങ്കിൽ ദേവിനോടു് സ്ക്രീൻ ടെസ്റ്റെടുക്കാൻ പറയാം.’

‘ഞാൻ റെഡിയാണു്.’ മനസ്സിലുള്ള ആഹ്ലാദത്തള്ളിച്ച കഴിവതും പുറത്തു കാണാതിരിക്കാൻ പണിപ്പെട്ടുകൊണ്ടാണു് അപർണ്ണ അതു പറഞ്ഞതു്. പറഞ്ഞ ഉടനെ അതു പറയേണ്ടിയിരുന്നില്ലാ എന്നു തോന്നി. ആലോചിച്ചു പറയാമെന്നോ മറ്റോ പറയാമായിരുന്നു. തന്റെ തിടുക്കം ചൈനാനി മനസ്സിലാക്കിയോ ആവോ?

‘ഗുഡ്’ പതുക്കെ പറഞ്ഞുകൊണ്ടു് ചൈനാനി എഴുന്നേറ്റു.

സുനിലും എഴുന്നേറ്റു. അപർണ്ണ എഴുന്നേറ്റു സാരി നേരെയാക്കി. ചൈനാനി മേശ ചുറ്റിവന്നു് വാതിൽ തുറന്നു പിടിച്ചു. അപർണ്ണയുടെ കൈപിടിച്ചു കുലുക്കി കുറച്ചു കുനിഞ്ഞുകൊണ്ടു് പറഞ്ഞു.

‘ആൾ ദ ബെസ്റ്റ്.’

സുനിലിനും അതുപോലെ കൈകൊടുത്തു. അവർ പുറത്തു കടന്നപ്പോൾ വാതിൽ പതുക്കെ അടഞ്ഞു.

വീണ്ടും മൃദുവായ പരവതാനികൾ വിരിച്ച ഇടനാഴികകളിലൂടെ പുറത്തേയ്ക്കു നടക്കുമ്പോൾ അവൾ വിചാരിച്ചു. എന്തൊരു നല്ല മനുഷ്യൻ!

മൂന്നു്

ഓരോ അണുവിലും ചൈനാനി ഒരു മാന്യനായിരുന്നു. അയാളുടെ പെരുമാറ്റവും പ്രവർത്തികളും കുറ്റമറ്റവയാണു്. വളരെയധികം മിനുക്കപ്പെട്ടവയാണു്. ഏറ്റവും താഴ്‌ന്ന ജോലിക്കാരോടുകൂടി അയാൾ നിങ്ങൾ എന്നേ പറയാറുള്ളു. ആപ് എന്നു മാത്രം. തൂ, അല്ലെങ്കിൽ തും എന്ന വാക്കുകൾ ചൈനാനിയുടെ നിഘണ്ടുവിലില്ല. അതുപോലെ ഏറ്റവും നികൃഷ്ടമായ ഒരു കാര്യം ചെയ്യുകയാണെങ്കിൽപ്പോലും അതു വളരെ മയപ്പെടുത്തിയോ, അല്ലെങ്കിൽ തികച്ചും ആകസ്മികമായ ഒന്നാക്കിയോ ആണു് ചെയ്യുക. തനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന മട്ടിൽ. അഞ്ചു കൊല്ലത്തെ പരിചയംകൊണ്ടു് സുനന്ദയ്ക്കു് അതറിയാമായിരുന്നു. അതു കൊണ്ടു് അവൾ ചൈനാനിയോടു് അതേമട്ടിൽ മാന്യമായി പെരുമാറി. അത്ര മാന്യമല്ലാത്ത നിമിഷങ്ങൾ പങ്കിടുമ്പോൾ അതു് താനും ചൈനാനിയുമല്ല, വേറെ രണ്ടുപേരാണെന്നവൾ സങ്കല്പിച്ചു. അഞ്ചു കൊല്ലത്തിനുള്ളിൽ പത്തു സൂപ്പർ മൂവിയുടെ നായികയായി അവൾ. എല്ലാം ചൈനാനി ഫിലിംസിന്റെ ബാനറിലുള്ളവ. മറ്റു പ്രൊഡ്യൂസർമാരുടെ ഓഫറുകൾ അവൾ കാറ്റിൽ പറത്തി. ചൈനാനി കൊടുക്കുന്ന പ്രതിഫലം കൊടുക്കുവാൻ മറ്റൊരു പ്രൊഡ്യൂസർക്കും കഴിയില്ല. അതായിരുന്നു ചൈനാനിയുടെ വിജയരഹസ്യം. ഒരാളെ ജോലിക്കു വയ്ക്കുമ്പോൾ അയാൾക്കു് മറ്റൊരിടത്തും കിട്ടാൻ സാധ്യതയില്ലാത്ത വലിയ ശമ്പളം കൊടുക്കുക കാരണം എല്ലാ തുറകളിലും ഏറ്റവും വൈദഗ്ദ്യമുള്ള ആളുകളെ ചൈനാനിക്കു കിട്ടി. ഏറ്റവും നല്ല സംവിധായകൻ, ഏറ്റവും നല്ല നടീനടന്മാർ, എറ്റവും നല്ല കാമറാമാൻ. മറ്റു കമ്പനികളിൽനിന്നു് ടാലന്റുകൾ ചൈനാനിയിലേയ്ക്കു് ഒഴുകി. മറ്റു പ്രൊഡ്യൂസർമാരുടെ നഷ്ടം ചൈനാനിയുടെ നേട്ടമായിരുന്നു.

ഇതെല്ലാം സുനന്ദയ്ക്കറിയാം. അതുകൊണ്ടുതന്നെ ഏറ്റവും അധികം പ്രതിഫലം കിട്ടുന്ന നടി എന്ന ഗർവ്വുണ്ടെങ്കിലും, ചൈനാനിയുടെ അടുത്തു് അവൾ വളരെ മര്യാദക്കാരിയായി. പരിതസ്ഥിതികൾ പെട്ടെന്നു് മാറിയേക്കാമെന്നു് അവൾക്കറിയാം. രാവിലെ ഡ്രസ്സിങ് ടേബ്ളിലെ നീലക്കണ്ണാടിയിൽ നോക്കുമ്പോൾ അവൾക്കു മനസ്സിലാവുന്നുണ്ടു്, അഞ്ചു കൊല്ലം മുമ്പു് സിനിമയിൽ കടക്കുമ്പോഴുണ്ടായിരുന്ന ദേഹമല്ല ഇപ്പോൾ. കൂടുതൽ മാംസളമായിരിക്കുന്നു. യുവത്വം തോന്നിക്കുന്ന ദേഹത്തിന്റെ ആകാരവടിവിനെ പുതുതായി താമസം തുടങ്ങിയ അമിതഭാരം ഭീഷണിപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. തന്റെ മൂവികൾ വന്നാൽ ആളുകൾ ഇപ്പോഴും ഹാളിൽ ഇരച്ചു കയറുന്നു. ചൈനാനിയുടെ ഖജനാവിൽ നാണ്യങ്ങൾ കിലുകിലെ വീഴുന്നു. അതെല്ലാം ശരി. ഇനി എത്ര കാലം തനിക്കു് പിടിച്ചുനിൽക്കാൻ പറ്റും.

പോരാത്തതിനു് രാവിലെ ഫോണിൽ കിട്ടിയ വാർത്തയും തീരെ സുഖമുള്ളതായിരുന്നില്ല. ചൈനാനി ഒരു പുതിയ പെൺകുട്ടിയെ നിയമിച്ചിട്ടുണ്ടു്. ഇന്നാണു് സ്ക്രീൻ ടെസ്റ്റ്.

ചൈനാനിയുടെ ഉദ്ദേശ്യം പുതിയ പ്രൊഡക്ഷനിൽ ഇടാനാണെന്നു് അവൾക്കറിയാം. അതിന്റെ ജോലി നടന്നു കൊണ്ടിരിക്കുന്നു. ആ വിചാരം വളരെ അസ്വാസ്ഥ്യജനകമാണു്. മൾട്ടിസ്റ്റാറർ മൂവികളിലും തനിക്കു് മിഴിവുള്ള റോളുകൾ തന്നു് തന്നെ ഉയർത്തിക്കാട്ടുകയേ ചൈനാനി ചെയ്തിട്ടുള്ളു. പക്ഷേ, അവയിലെല്ലാം മറ്റു നായികമാർ സ്ഥിരം രണ്ടാം തരം, അല്ലെങ്കിൽ ഒന്നാംതരം തന്നെ പടങ്ങളിലഭിനയിക്കുന്ന നായികമാരാണു്. പക്ഷേ, ഈ പെൺകുട്ടി ചൈനാനിയുടെതന്നെ കണ്ടുപിടുത്തമാണു്. അതുകൊണ്ടു് സൂക്ഷിക്കണം.

ഫോൺ ശബ്ദിച്ചു.

‘ഹല്ലോ…’

‘സുനന്ദയല്ലേ?’ ചൈനാനിയുടെ ശബ്ദം.

‘അതേ നിതിൻജി.’

‘ഇപ്പോൾ സ്റ്റുഡിയോവിലേയ്ക്കു വരാൻ പറ്റുമോ? വരാൻ സൗകര്യമാണെങ്കിൽ ഞാൻ അരമണിക്കൂറിനുള്ളിൽ കാർ കൊടുത്തയക്കാം.’

ചൈനാനി എപ്പോഴും അങ്ങിനെയാണു്. സൗകര്യമെങ്കിൽ ഒന്നു് വരാമോ. അത്രമാത്രം. ഒരു നിർബ്ബന്ധവും കാണിക്കില്ല. അധികാരത്തിന്റെ സ്വരമില്ല. പക്ഷേ, ചൈനാനിയുടെ ഓരോ വാക്കുകളും മാനിക്കപ്പെട്ടു. ഒരു ആജ്ഞപോലെ.

‘വേണ്ട നിതിൻജി ഞാൻ എന്റെ കാറിൽ വന്നുകൊള്ളാം.’

‘ശരി താങ്ക്സ്.’

സ്റ്റുഡിയോവിൽ ചൈനാനിയുടെ ഓഫീസ് പ്രധാന കെട്ടിടത്തിൽ ഒന്നാം നിലയിലായിരുന്നു. തന്റെ ചാരനിറത്തിലുള്ള റെനോൾട്ട് കാർ സുനന്ദ പോർച്ചിൽ നിർത്തി. യൂനിഫോമിട്ട വാച്ച്മാൻ വന്നു് വാതിൽ തുറന്നു. അവൾ ഹാന്റ് ബാഗുമെടുത്തു് പുറത്തിറങ്ങി. വാച്ച്മാൻ കാറിൽക്കയറി കാർ സ്റ്റാർട്ടാക്കി പാർക്കിങ് ലോട്ടിലേയ്ക്കു കൊണ്ടുപോയി.

തുറന്നുപിടിച്ച വാതിലിലൂടെ സുനന്ദ അകത്തെ തണുപ്പിലേയ്ക്കു കടന്നു. ചവുട്ടിയാൽ പതുങ്ങിപ്പോകുന്ന പരവതാനികൾ ഒന്നാം നിലയിൽ ലിഫ്റ്റിനു മുമ്പിൽനിന്നു തുടങ്ങുന്നു. റിസപ്ഷനിലെത്തിയപ്പോൾ ഇളം പച്ച സാരിയുടുത്ത റിസപ്ഷനിസ്റ്റ് എഴുന്നേറ്റു നിന്നു.

‘നമസ്തെ സുനന്ദാജി. ചൈനാനി സാബ് കാത്തിരിക്കുന്നുണ്ടു്.’

‘നമസ്തെ.’ സുനന്ദ നിൽക്കാതെ നടന്നുനീങ്ങി. കൊത്തുപണികളുള്ള വാതിലിൽ അവൾ പതുക്കെ മുട്ടി.

‘കമിൻ.’

വാതിൽ തുറന്നപ്പോൾ ചൈനാനി മേശ ചുറ്റി വന്നു് അവളുടെ കൈപിടിച്ചു കുലുക്കി, കസേല നീക്കി അവളോടു് ഇരിക്കാൻ പറഞ്ഞ ശേഷം തിരിച്ചു് മേശയ്ക്കു പിന്നിൽ കസേലയിൽ ഇരുന്നു.

മുറി താരതമ്യേന ഇരുണ്ടിട്ടായിരുന്നു. ഒന്നുരണ്ടു കൊച്ചു സ്പോട്ലൈറ്റുകളല്ലാതെ മറ്റു വിളക്കുകളൊന്നും കൊളുത്തിയിട്ടുണ്ടായിരുന്നില്ല. പുറത്തേയ്ക്കുള്ള ജനലാകട്ടെ കർട്ടൻകൊണ്ടു് മറച്ചിട്ടുമുണ്ടു്. ചൈനാനി വളരെ തെളിഞ്ഞ വെളിച്ചം ഇഷ്ടപ്പെട്ടിരുന്നില്ല. തീക്ഷ്ണമായതൊന്നും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. സംഗീതം പോലും അദ്ദേഹം ആസ്വദിച്ചിരുന്നതു് വളരെ താഴ്‌ന്ന ശബ്ദത്തിലായിരുന്നു. മുറിയിലിരുന്നു് കുറച്ചു കഴിഞ്ഞാലേ സംഗീതമുണ്ടെന്നു് മനസ്സിലാവുക തന്നെയുള്ളൂ. ഒരിക്കൽ മനസ്സിലായി അതു നമ്മുടെ മനസ്സിനു് ഒരു താളം കൊടുത്തുകഴിഞ്ഞാൽ അതു വളരെ ആനന്ദപ്രദമാണു്.

സ്റ്റീരിയോവിന്റെ മറച്ചുവച്ച സ്പീക്കറുകളിൽക്കൂടി കേൾക്കുന്നതു് ഒരു ഇൻസ്റ്റ്രുമെന്റലാണു്. വയലിന്റേയും ചെല്ലോവിന്റെയും ശബ്ദം ശ്രദ്ധിച്ചു കൊണ്ടു് സുനന്ദ ചോദിച്ചു. ‘ഹെൻറി മാൻസീനി?’

‘റൈറ്റ് ഗെസ്സ്.’ ചൈനാനി ചിരിച്ചുകൊണ്ടു് പറഞ്ഞു. ഊഹം ശരിയായതിനു് ഒരു പൂച്ചെണ്ടു്.’

‘ഒരു ഊഹംകൂടി പറയാം. ഇപ്പോൾ പ്ലേ ചെയ്യുന്നതു് ഡോക്ടർ ഷിവാഗോവിലെ തീം മ്യൂസിക്കാണു്. സംവേർ മൈ ലവ്.’

‘യു ആർ ഗ്രെയ്റ്റ്.’ ചെനാനി അദ്ഭുതത്തോടെ അവളെ നോക്കി. അയാൾ എഴുന്നേറ്റു് ഇടത്തു വശത്തുവച്ച ഷോകേസിലെ പൂച്ചെണ്ടുകളിൽ നല്ലതൊരെണ്ണം തെരഞ്ഞെടുത്തു് സുനന്ദയ്ക്കു കൊടുത്തു.

‘റോസാപ്പൂക്കൾ.’ വാസനിച്ചുകൊണ്ടു് സുനന്ദ പറഞ്ഞു.

‘താങ്ക്യു നിതിൻജി, എത്ര ഭംഗിയുള്ള പൂക്കൾ.’

‘വെൽക്കം.’

‘പുതിയ പ്രൊഡക്ഷന്റെ ജോലി ഏതു വരെയായി?’

ചൈനാനി ചാരിയിരുന്നു റിവോൾവിങ് ചെയർ പതുക്കെ ആട്ടിക്കൊണ്ടു് പറഞ്ഞു.

‘ഒരുകെട്ടു കടലാസ്സിനുള്ളിൽ ഒരു വലിയ കഥ, അത്ര മാത്രം.’ മേശമേൽ ഒരരുകിൽ വച്ച കടലാസ്സു കെട്ടു് അയാൾ ചൂണ്ടിക്കാട്ടി. ‘വളരെയേറെ കഥാപാത്രങ്ങൾ, വളരെ ബൃഹത്തായ കഥ, കൂറ്റൻ സെറ്റിങ്ങുകൾ വേണം. ഇതിന്റെ ഒക്കെക്കൂടി വില ഒരു കോടിയിലധികം. എവിടെനിന്നാണു് ഞാൻ ഇത്രയും പണം ഉണ്ടാക്കേണ്ടതു? ഞാൻ അത്ര പണക്കാരനൊന്നുമല്ല.’

‘ഹൗ സാഡ്.’ സുനന്ദ ചിരിച്ചുകൊണ്ടു് പറഞ്ഞു.

‘ഭാഗ്യത്തിനു് ഒരു നായികയേ ഉള്ളൂ. മൂന്നു് നായകന്മാരും.’

മനസ്സു് പ്രക്ഷുബ്ധമാകുന്നതു് സുനന്ദ അറിഞ്ഞു. ഒരു നായികയേ ഉള്ളൂ. പെട്ടെന്നു് അവൾക്കു് ആത്മവിശ്വാസം നശിച്ചതുപോലെ തോന്നി. ഒരു സാധാരണക്കാരിയെ പെട്ടെന്നു് ഒരു ദിവസം നായികയാക്കാനുള്ള ടെക്നിക് ചൈനാനിയുടെയും അയാളുടെ പെറ്റ് ഡയറക്ടർ വിനോദ് ചന്ദാനിയുടെയും കൈയ്യിലുണ്ടു്. പുതുതായി വന്ന പെൺകുട്ടി തനിക്കൊരു ഭീഷണിയാണു് എന്നോർത്തപ്പോൾ അവൾ പെട്ടെന്നു് തളർന്നു.

‘എന്താണു് കുടിക്കുന്നതു?’

‘നിതിൻജി പറഞ്ഞാൽ മതി.’

‘ഡ്രൈമാർട്ടിനിയായാലോ?’

‘ശരി.’

അയാൾ മുറിയുടെ മൂലയിൽ പ്രതിഷ്ഠിച്ച ബാറിലേയ്ക്കു നടന്നു. രണ്ടു ഗ്ലാസ്സുകളിൽ ജിൻ പകർന്നു, ഏതാനും തുള്ളി വെർമോത്ത് ഒഴിച്ചു. ഗ്ലാസ്സിന്റെ വക്കിൽ ഒരു നാരങ്ങ വട്ടത്തിൽ ചെത്തിയതു് കോർത്തുവച്ചു് കൊണ്ടുവന്നു. ബാറിൽ കോക്ടെയിലുകൾ കൂട്ടുന്നതു് ചൈനാനി ഇഷ്ടപ്പെട്ടു. താനൊരു ബാർമാൻ ആവേണ്ടതായിരുന്നെന്നു് അയാൾ പറയാറുണ്ടു്.

സുനന്ദ നിശ്ശബ്ദയായി ആലോചിക്കുകയായിരുന്നു. തന്റെ ബുദ്ധി ഉപയോഗിക്കേണ്ട ഒരു സന്ദർഭം വന്നുചേർന്നിരിക്കുന്നു. ചൈനാനിയുടെ മനസ്സിൽ എന്താണെന്നറിയില്ല. ഏതെങ്കിലും ജോലിക്കാർ അയാളുടെ അപ്രീതിയ്ക്കു പാത്രമായാൽ അയാളെ തട്ടാൻ വളരെ നവീനമായ മാർഗ്ഗങ്ങളാണു് ചൈനാനി സ്വീകരിക്കാറ്. ഒന്നുകിൽ ആ ഉദ്യോഗസ്ഥനു് ജോലി നിയോഗിക്കുന്നതു് ഒരു ദിവസം നിർത്തും. ജോലിയെല്ലാം അയാളുടെ കീഴുദ്യോഗസ്ഥന്മാർക്കു നേരിട്ടു കൊടുക്കും. ആ ഉദ്യോഗസ്ഥൻ ജോലിയില്ലാതെ അയാളുടെ വലിയ കാബിനിൽ വെറുതെയിരിക്കും. പതുക്കെ പതുക്കെ അയാളുടെ ഓരോ സൗകര്യങ്ങൾ അപ്രത്യക്ഷമാകും. കാബിനിലെ ഷെൽഫുകൾ, അലമാറ, ഫയലുകൾ. ഒടുക്കം അയാളും മേശയും കസേലകളും മാത്രമാകും. വരുന്ന സന്ദർശകരെയെല്ലാം സ്വീകരിക്കുക താഴ്‌ന്ന ഉദ്യോഗസ്ഥന്മാരോ, അല്ലെങ്കിൽ അതിനായി നിയമിച്ച വേറെ വല്ലവരും ആകും. അവസാനമായി പോകുന്നതു് എയർ കണ്ടീഷണറാണു്. ഫാനില്ലാത്ത മുറിയിൽ അയാൾ കുറച്ചു കാലം കൂടി അപമാനവും വിയർപ്പും സഹിച്ച് തൂങ്ങിയിരിക്കും. ശമ്പളം മാത്രം നിർത്തില്ല. അങ്ങിനെയിരിക്കെ ഒരു പ്രഭാതത്തിൽ അയാൾ ഓഫീസിൽ വരവു നിർത്തും.

അത്രയും ക്രൂരമല്ലാത്ത വേറൊരു മാർഗ്ഗവുമുണ്ടു് ചൈനാനിക്കു്. ഒരു ഉദ്യോഗസ്ഥൻ അയാളുടെ കണ്ണിൽ ചീത്തയായാൽ അയാളുടെ ഫേയർവെൽ പാർട്ടിയെന്ന പേരിൽ ഒരു പാർട്ടി ഒരുക്കും. ഗംഭീര പാർട്ടി. അതിൽ വച്ചു് ആ ഉദ്യോഗസ്ഥൻ വേറെ നല്ല ജോലി കിട്ടി പോകുന്നതിൽ തനിക്കുള്ള സന്തോഷത്തെപ്പറ്റിയും ഇത്രയും നല്ല ഒരുദ്യോഗസ്ഥൻ നഷ്ടപ്പെടുന്നതിൽ തനിക്കുള്ള ഖേദത്തെപ്പറ്റിയും ചൈനാനി പ്രസംഗിക്കും. പാവം ആ ഉദ്യാഗസ്ഥനു മാത്രമേ ചിലപ്പോൾ സത്യാവസ്ഥ അറിയൂ. മാനമായി ഒഴിവാവണമെങ്കിൽ വായ തുറക്കാതിരിക്കുകയും വേണം.

തന്നെയും അങ്ങിനെ ആചാരപൂർവ്വം നായിക സ്ഥാനത്തു നിന്നു് ഒഴിവാക്കാനുള്ള ശ്രമമാണോ?

ചൈനാനി ഗ്ലാസ്സ് ഉയർത്തിക്കാട്ടി. ‘ചീയേഴ്സ്.’

ചൈനാനി മേശയുടെ വലിപ്പുതുറന്നു് ഏതാനും ഫോട്ടോഗ്രാഫുകൾ എടുത്തു് സുനന്ദയുടെ മുമ്പിലേയ്ക്കിട്ടു കൊണ്ടു് പറഞ്ഞു.

‘എങ്ങിനെയുണ്ടെന്നു പറയൂ.’

കാബിനറ്റ് സൈസിലുള്ള ചിത്രങ്ങൾ. അപ്പോൾ ഡവലപ്പ് ചെയ്തിട്ടേയുള്ളുവെന്നു തോന്നുന്നു. അവൾ വിറക്കുന്ന കൈ കൊണ്ടു് അവയെടുത്തു നോക്കി. ഒരു സുന്ദരിയായ പെൺകുട്ടിയുടെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ. സുനന്ദ ചോദ്യത്തോടെ ചൈനാനിയെ നോക്കി.

‘ഇതാണെന്റെ പുതിയ റിക്രൂട്ട്. അപർണ്ണ.’

അപ്പോൾ ഇതാണല്ലെ തനിക്കു് ഭീഷണിയായി വന്ന ബ്യൂട്ടി ക്വീൻ. അവൾ ഗ്ലാസ്സിൽ നിന്നു് ഒരു വലിയ കവിൾ കുടിച്ചു വീണ്ടും ആ ഫോട്ടോകൾ നോക്കി. മുഖത്തു് അസ്വാസ്ഥ്യമോ ആശങ്കയോ നിഴലിച്ചു കാണാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. ചൈനാനിയുടെ കണ്ണുകൾ അവളുടെ മുഖത്താണെന്നറിയാം. ആവുന്നത്ര ധൈര്യം സംഭരിച്ചു് മുഖമുയർത്തിക്കൊണ്ടു് അവൾ പറഞ്ഞു.

‘നല്ല കുട്ടി.’ അവൾ വീണ്ടും ഗ്ലാസ്സെടുത്തു് ഒരു കവിൾ കുടിച്ചു, പിന്നെ ഗ്ലാസ്സ് കൈവിടാൻ മടിച്ചുകൊണ്ടു് കൈയ്യിൽത്തന്നെ വച്ചു.

‘എല്ലാം അവൾക്കു് എത്രത്തോളം അഭിനയിക്കാൻ കഴിയുമെന്നതിനെ ആശ്രയിക്കും. സൗന്ദര്യം പകുതി മാത്രമേ ആകുന്നുള്ളു, ബാക്കി പകുതി കഴിവാണു്.’

‘ഈ കുട്ടിയ്ക്കു് പുതിയ പ്രൊഡക്ഷനിൽ അവസരം കൊടുക്കുന്നുണ്ടോ?’ തന്റെ ശബ്ദത്തിൽ അല്പം വിറയലുണ്ടായോ?

‘കൊടുക്കണോ?’ ചൈനാനി മറുചോദ്യം ചോദിക്കയാണു്.

നാലു്

സുനിൽ അപർണ്ണയെ വീണ്ടും വീണ്ടും അദ്ഭുതപ്പെടുത്തി. ചൈനാനിയുടെ സ്റ്റുഡിയോവിൽ സ്ക്രീൻടെസ്റ്റിനു പോയപ്പോൾ സുനിൽ വളരെ ഉപകരിച്ചു. സ്റ്റുഡിയോവിൽ എല്ലാവരേയും സുനിലിനു് പരിചയമാണു്. അതും പ്രതീക്ഷിച്ചതാണു്. എല്ലാവരുടെയും തോളിൽ കൈയ്യിട്ടു സംസാരിക്കുന്നു. സ്റ്റിൽ ഫോട്ടോഗ്രാഫർ ദേവ് സ്റ്റുഡിയോവിൽ എത്തിയപ്പോൾ അയാൾ പരിചയപ്പെടുത്തി.

‘ഇതാണു് അപർണ്ണ. ചൈനാനി പുതുതായി എടുത്ത കുട്ടിയാണു്. ഒരുപക്ഷേ, അടുത്ത ചിത്രത്തിലെ നായികയാവാനും മതി. നല്ല ഒരു ടെസ്റ്റെടുക്കു.’

അയാൾ കണ്ണിറുക്കിക്കാട്ടി. അതിൽ ദുരുദ്ദേശ്യമൊന്നുമില്ല. വെറും സൗഹാർദ്ദം മാത്രം. അവളെ സഹായിക്കാനുള്ള ഉത്സാഹവും. അതു് അപർണ്ണക്കു മനസ്സിലായി.

‘ഇതു് ദേവേന്ദ്ര ഭട്ടചാര്യ. ചൈനാനിയുടെ ഫേവറിറ്റ് ബോയ്. ഒരു പക്ഷേ, ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കാമറാമാൻ. പാരീസിൽ ഒരു ഇന്റർനാഷനൽ അവാർഡെല്ലാം കിട്ടിയിട്ടുണ്ടു്.’

‘വരൂ.’ ദേവ് അവളെ സ്റ്റുഡിയോവിലേയ്ക്കു നയിച്ചു. അയാളുടെ പെരുമാറ്റം വളരെ പതമുള്ളതായിരുന്നു. സ്നേഹവും മാന്യതയുമുള്ളതായിരുന്നു. അധികം ഉയരമില്ലാതെ മെലിഞ്ഞ ഒരു മനുഷ്യനായിരുന്നു ദേവ്. ഒരു ഫ്രെഞ്ച്താടി അയാളുടെ മുഖത്തിനു നീളംകൂട്ടി.

‘എത്ര സമയം എടുക്കും?’

‘ഏകദേശം ഒരു മണിക്കൂർ.’ ദേവ് പറഞ്ഞു.

‘ഞാനൊന്നു് ചുറ്റി വരാം. കുറച്ചു് അത്യാവശ്യകാര്യങ്ങൾ. അപർണ്ണാ, ഐ വിൽ പിക്യു അപ് അറ്റ് ട്വൽവ്വ്.’

‘ഓകെ, താങ്ക്സ്.’ അവൾ തലയാട്ടി.

സുനിൽ വാതിൽ കടന്നു് പോയി. അവളോടു് വിവിധ പോസുകളിൽ നിൽക്കാൻ പറഞ്ഞശേഷം ദേവ് കാമറയ്ക്കു പിന്നിൽ പോയി. വിളക്കുകൾ തെളിഞ്ഞു. കാമറയുടെ ക്ലിക് ശബ്ദം ഫ്ളാഷുകൾ. ദേവ് ഇടയ്ക്കു വന്നു് അവളുടെ പോസുകളിൽ മാറ്റം വരുത്തി. വളരെ വികലമെന്നു് തോന്നുന്ന പോസുകൾ. അയാളുടെ പെരുമാറ്റം വളരെ മാന്യമായിരുന്നു. അനാവശ്യമായി ഒരു സ്പർശം പോലുമുണ്ടായില്ല. അത്യാവശ്യം പോസുകൾ മാറ്റുമ്പോൾ അയാൾ അവളുടെ കൈകളിൽ വളരെ മൃദുവായി തൊടുക മാത്രം ചെയ്തു. അയാളുടെ കണ്ണുകൾ അവളെ ഒരു കലാവസ്തുവെപ്പോലെ ആരാധനാഭാവത്തോടെ നോക്കി.

ഒരുപക്ഷേ, താൻ സിനിമാലോകത്തെപ്പറ്റി കേട്ടതെല്ലാം തെറ്റായിരിക്കാം. അപർണ്ണ വിചാരിച്ചു. ഇതുവരെ പരിചയപ്പെട്ടവരെല്ലാം വളരെ മര്യാദക്കാർതന്നെ. സുനിൽ, ചൈനാനി, ദേവ്. ആരും അവളെ മര്യാദയില്ലാതെ നോക്കുക പോലും ചെയ്തിട്ടില്ല. ഒരു പക്ഷേ, തനിക്കു് മര്യാദയോടും മാനത്തോടും കൂടി സിനിമാലോകത്തിൽ കടന്നുകൂടാനും ജോലിയെടുക്കാനും കഴിഞ്ഞേക്കും.

പെട്ടെന്നു് ദേവ് കാമറ നിർത്തി. മേശമേലുള്ള സ്വിച്ചുകളമർത്തി ഫ്ളഡ് ലൈറ്റുകൾ കെടുത്തി. മുറി ചൂടായിരുന്നു.

‘ഇനി നമുക്കു് ബിക്നിയിൽ കുറച്ചു ഫോട്ടോകൾ എടുക്കണം.’ ദേവ് പറഞ്ഞു അയാൾ മേശവലിപ്പിൽനിന്നു് ഒരു പ്ലാസ്റ്റിക് സഞ്ചിയെടുത്തു് അവൾക്കു കൊടുത്തു. വലത്തു വശത്തുള്ള ചുമരിലെ വാതിലിലേയ്ക്കു ചൂണ്ടിക്കാട്ടി പറഞ്ഞു. ‘അതു് ഡ്രസ്സിങ്റൂമാണു്. വിഷമമാവില്ലെങ്കിൽ ഈ ബിക്നിയിലേയ്ക്കു് മാറി വരൂ.’

അപർണ്ണ സഞ്ചി തുറന്നു നോക്കി. അതിലൊരു പുതിയ ടൂപീസ് ബിക്നിയുണ്ടായിരുന്നു. അവൾ മടിക്കാതെ ഡ്രെസ്സിങ്റൂമിലേയ്ക്കു നടന്നു.

ഡ്രസ്സിങ് റൂമിന്റെ വലുപ്പം അവളെ അദ്ഭുതപ്പെടുത്തി. പത്തടിയോളം നീളവും അത്രതന്നെ വീതിയുമുണ്ടാവും. നിലത്തു് പരവതാനി. അതിലെ ചിത്രം സ്റ്റുഡിയോവിലെ പരവതാനിയിൽ നിന്നു് വ്യത്യസ്ഥമാണു്. നിലം തൊട്ടു് മുകളിൽ ഫാൾസ്സീലിങ് വരെ വിലപിടിച്ച കണ്ണാടി. കറുത്ത ഗ്ലാസ്സുകളാണു്. ഫാൾസ് സീലിങ്ങിൽ നിന്നു വരുന്ന വെളിച്ചം മുറിയെ അതി ദീപ്തമാക്കിയിരുന്നു. ചൈനാനി ചെയ്യുന്നതിലെല്ലാം ഒരു ക്ലാസ്സുണ്ടെന്നു് അവൾക്കു സമ്മതിക്കേണ്ടി വന്നു.

അവൾ ടോപ്പിന്റെ ഹുക്കുകളഴിക്കാൻ തുടങ്ങി. കണ്ണാടിയിൽ അവളുടെ രൂപം നേരെയും എതിരായും നിരന്നു കിടക്കുന്നു. ഒരു വലിയ അമ്പലത്തിലെ ശ്രീകോവിലിലേയ്ക്കുള്ള നട പോലെ അതു് അനന്തമായി നീണ്ടു കിടക്കുകയാണു്. അവൾ വസ്ത്രങ്ങൾ ഓരോന്നോരോന്നായി അഴിച്ചു മാറ്റി. ഒരു കർമ്മം അനുഷ്ഠിക്കുന്ന പോലെ, സാവധാനത്തിൽ, അഴിച്ചു കളയുന്ന മേനിഭാഗത്തെ നഗ്നത സ്വയം ആസ്വദിച്ചു കൊണ്ടു്.

പെട്ടെന്നവൾ ഓർത്തു. താൻ നിൽക്കുന്ന മുറി എത്രത്തോളം സ്വകാര്യമാണു്? ആർക്കെങ്കിലും കണ്ണാടിയിലൂടെ കാണാൻ കഴിയുമോ? ഇല്ലായിരിക്കാം, ഉണ്ടായിരിക്കാം. അവൾ പെട്ടെന്നു് ബിക്നിയെടുത്തുടുത്തു. ബിക്നി വളരെ വീതി കുറഞ്ഞതായിരുന്നു. പക്ഷേ, അവൾ കൂസിയില്ല. ക്ലബ്ബിലെ സ്വിമ്മിങ് പൂളിൽ ബിക്നി ധരിച്ചു് അവൾ നീന്താറുണ്ടു്. അതു പക്ഷേ, വൺപീസ് ബിക്നിയാണു് അവളുടെ മുൻഭാഗം മുഴുവനും പിൻഭാഗം മുക്കാലും മറയ്ക്കാറുണ്ടു്. ഇപ്പോൾ ഇട്ടിരിക്കുന്നതു് ശരിക്കും ചെറുതു തന്നെയാണു്. അവളുടെ മാറിടം അസാധാരണ വലുപ്പം തോന്നിച്ചു. കണ്ണാടിയിൽ അവൾ വളരെ സെക്സിയായി തോന്നി. നല്ലതു്. എത്രത്തോളം സെക്സിയാവുന്നുവോ അത്രയും സിനിമയിൽ കടന്നു കൂടാനുള്ള അവസരവും കൂടിവരുന്നു.

അവൾ പുറത്തുകടന്നു.

ദേവ് മേശമേൽ ചാരിനിന്നു് സിഗരറ്റ് വലിക്കുകയാണു്. എയർ കണ്ടീഷൻ ചെയ്ത സ്റ്റുഡിയോവിൽ സിഗരറ്റിന്റെ മണം ചൂഴ്‌ന്നുനിന്നു. അയാൾ ജീൻസാണു് ഇട്ടിരിക്കുന്നതെന്നു് അവൾ അപ്പോഴെ ശ്രദ്ധിച്ചുള്ളൂ. ഖദറിന്റെ ഒരു കുർത്തയും. അപർണ്ണയെ കണ്ടപ്പോൾ അയാൾ സിഗരറ്റ് കുത്തിക്കെടുത്തി. ഫ്ളഡ് ലൈറ്റുകൾ കത്തി. ക്യാമറ ഫോക്കസ് ചെയ്തു. വീണ്ടും പോസുകൾ. കൈകൾ ഉയർത്തു. അതെ അങ്ങിനെ, കാലുകൾ മടക്കി, അല്പം കുമ്പിട്ടു്…

ദേവ് യാന്ത്രികമായി പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ മുഖം നിർവ്വികാരമായിരുന്നു. അതവളെ അദ്ഭുതപ്പെടുത്തി. തന്റെ ദേഹത്തിൻെ നഗ്നഭാഗങ്ങൾ അയാളിൽ യാതൊരു വികാരവും ഉണർത്തുന്നില്ലെന്നതു് ആശ്വാസജനകവും അതേ സമയം നിരാശാവഹവുമായിരുന്നു.

ഇപ്പോൾ അയാൾ ഒരു മൂവി കാമറയിൽ അവളുടെ ചലനങ്ങൾ പകർത്തുകയായിരുന്നു. പെട്ടെന്നയാൾ നിർത്തി. കാമറ മാറ്റി വച്ചു് അയാൾ അവളെ നോക്കി. അവൾ എഴുന്നേറ്റുനിന്നു, ചോദ്യപൂർവ്വം അയാളെ നോക്കി.

‘നിങ്ങളുടെ മുഖത്തുനിന്നു് ചിരി തീരെ മാഞ്ഞു പോയിരിക്കുന്നു.’

തന്റെ മുഖത്തു കുറച്ചുനേരമായി പടർന്നുവന്ന നീരസവും ടെൻഷനും അവൾ അപ്പോഴാണു് മനസ്സിലാക്കുന്നതു്. അവൾ ചിരിച്ചു.

ദേവ് ഒരു സിഗരറ്റ് കൊളുത്തി.

‘ഞാനൊരു പരമബോറനാണല്ലേ?’ അയാൾ ചോദിച്ചു.

അവൾക്കു് കുറ്റബോധം തോന്നി.

‘അതല്ല…’ അവൾ ക്ഷമാപണത്തോടെ പറഞ്ഞു. ‘ഞാൻ പെട്ടെന്നു് എന്നിലേയ്ക്കുതന്നെ തിരിച്ചു പോയി.’

‘ഒമി ജാനീ.’ എനിക്കറിയാം. ദേവ് പറഞ്ഞു. ‘നമ്മുടെ ഉള്ളിലെ വൈരുദ്ധ്യങ്ങളിലേയ്ക്കു് ഒരു തീർത്ഥയാത്ര, അല്ലെ? ഞാനും ചെയ്യാറുണ്ടതു്. ജീവിതം ഒരു വലിയ പ്രശ്നം തന്നെയാണല്ലേ? അപർണ്ണാജി ആലോചിക്കുന്നതെന്താണു് എന്നെനിക്കറിയാം. ടെസ്റ്റിന്റെ ഫലത്തെക്കുറിച്ചു്. അതു കഴിഞ്ഞാൽ സിനിമയിൽ ഒരു നല്ല റോൾ കിട്ടുന്നതിനെക്കുറിച്ചു്. ആദ്യത്തെ മൂവി ഹിറ്റാവുന്നതിനെപ്പറ്റി, പരാജയഭീതി. ഇതെല്ലാം ഭയാശങ്കകൾ ഉണ്ടാക്കുന്നതാണു്.’

അപർണ്ണ ഒന്നും പറഞ്ഞില്ല. എന്താണു് പറയാനുള്ളതു? ദേവിനോടു് കുറച്ചുകൂടി സ്നേഹപൂർവ്വം പെരുമാറാമായിരുന്നു. ഇംഗ്ലീഷിനു പകരം ബംഗാളിയിൽ സംസാരിക്കാമായിരുന്നു. എന്തോ, അയാളുടെ നിർവ്വികാരത അവളുടെ മനസ്സിനെ ബാധിക്കുകയാണു് ഉണ്ടായതു്. അയാൾ തന്റെ സൗന്ദര്യം ആദരവോടെ നോക്കിയിരുന്നെങ്കിൽ ഈ നിർവ്വികാരത ഉണ്ടാവില്ലായിരുന്നു. അയാൾ കാമത്തോടെ, അല്പം അശ്ലീലമായെങ്കിലും തന്നെ നോക്കിയിരുന്നെങ്കിൽ പോലും താൻ പ്രശംസിക്കപ്പെടുമായിരുന്നു. ഇപ്പോൾ തനിക്കുണ്ടായതു് തിരസ്കാരത്തിന്റെ ചുവയായിരുന്നുവെന്നു് അവൾ മനസ്സിലാക്കി. പക്ഷേ, അയാളതു് ഉദ്ദേശിച്ചിട്ടില്ലെന്നു വ്യക്തം.

‘ആവശ്യമുള്ളത്ര ഷോട്ടുകൾ കിട്ടിയിട്ടുണ്ടു് നമുക്കു് നിർത്താം. എന്താണു് കുടിക്കാൻ വേണ്ടതു?’ ദേവ് ചോദിച്ചു.

‘എനിക്കു് തണുത്തതെന്തെങ്കിലും മതി.’

‘ശരി ഞാൻ ഓർഡർ ചെയ്യാം. അപർണ്ണാജി ഡ്രസ്സു ചെയ്തു കൊള്ളൂ.’

അവൾ ഡ്രസ്സിങ്റൂമിലേയ്ക്കു നടന്നു. വാതിലിന്റെ പിടിയിൽ കൈ വച്ചു തിരിഞ്ഞു നിന്നു.

‘എന്നെ അപർണ്ണാജിയെന്നൊന്നും വിളിക്കേണ്ട.’

അയാൾ ചിരിച്ചു.

അവളുടെ മുഖത്തെ നീരസം അപ്പോഴും പോയിട്ടില്ലെന്നു് ഡ്രസ്സിങ് റൂമിലെ കണ്ണാടി നോക്കിയപ്പോഴാണു് അവൾക്കു മനസ്സിലായതു്. അവൾ കണ്ണാടി നോക്കി ചിരിക്കാൻ ശ്രമിച്ചു. ചിരിക്കാനുള്ള ശ്രമം ഇനി മറ്റൊരവസരത്തിലാകാം. അവൾ ഗൗരവമുള്ള മുഖത്തോടെ സ്വയം പറഞ്ഞു.

അവൾ ബിക്നി അഴിച്ചുമാറ്റി.

തിരിച്ചു പുറത്തു കടന്നപ്പോൾ ദേവ് അപ്രത്യക്ഷനായിരുന്നു. അവൾ ഒരു ചൂരൽ കസേലയിലിരുന്നു. വാതിൽ തുറന്നു് സിൽക് സാരിയുടുത്ത ഒരു പെൺകുട്ടി ട്രേയിൽ തമ്പ്സപ്പ് കൊണ്ടുവന്നു. അവ ഗ്ലാസ്സുകളിൽ ഒഴിച്ചു് ഒരു ഗ്ലാസ്സ് അപർണ്ണയ്ക്കു കൊടുത്ത ശേഷം മറ്റെ ഗ്ലാസ്സ് ട്രേയോടു കൂടി മേശമേൽ വച്ചു…

‘ദേവ് സാബിന്റെ ഗ്ലാസ്സ് ഇവിടെ വച്ചിട്ടുണ്ടു്.’

തമ്പ്സപ്പിന്റെ കുപ്പികളുമായി ആ പെൺകുട്ടി പോയി. വാതിലടഞ്ഞു. അപർണ്ണ ആലോചിച്ചു. പച്ച സിൽക്കു സാരിയും ബ്ലൗസും തലയിൽ സിൽക്ക് സ്കാർഫും ചൈനാനിയുടെ ജോലിക്കാരികളുടെ യൂനിഫോം ആണു്. ഗ്ലാസ്സിലെ സ്റ്റ്രോ എടുത്തുകളഞ്ഞു് നേരിട്ടു് കുടിച്ചു കൊണ്ടിരിക്കെ ദേവ് പ്രത്യക്ഷപ്പെട്ടു. അയാൾ അവൾക്കെതിരെയുള്ള ചൂരൽ കസേലയിൽ വന്നിരുന്നു ഗ്ലാസ്സെടുത്തു് മൊത്തി തിരിച്ചുവച്ചു, ഒരു സിഗരറ്റെടുത്തു് കൊളുത്തി.

‘അല്പം ക്ഷമിക്കാമെങ്കിൽ സ്റ്റിൽസിന്റെ പ്രിന്റുകൾ കാണാം.’ ദേവ് പറഞ്ഞു. ‘സുനിൽ പന്ത്രണ്ടിനു വരാമെന്നല്ലേ പറഞ്ഞിരിക്കുന്നതു?’

‘അതെ’.

പിന്നെ ഡയലോഗൊന്നുമില്ല. അവൾ തണുത്ത പാനീയം കുടിച്ചു കൊണ്ടിരിക്കെ അയാൾ സിഗരറ്റു വലിച്ചു പുക വിട്ടു. പെട്ടെന്നയാൾ സിഗരറ്റിലെ ചാരം പകുതി കുടിച്ചുവച്ച ഗ്ലാസ്സിനു മുകളിലേയ്ക്കു കൊണ്ടുപോകുന്നതു് അവൾ കുറച്ചൊരു പരിഭ്രമത്തോടെ നോക്കി നിന്നു. അവളുടെ നോട്ടം കണ്ടപ്പോഴാണു് അയാളും ശ്രദ്ധിച്ചതു്. പക്ഷേ, അപ്പോഴേയ്ക്കു് വൈകിയിരുന്നു. സിഗരറ്റിന്റെ ചാരം ഗ്ലാസ്സിൽ വീണു.

‘ഓ! അയാം സോറി. ഞാൻ കുറച്ചു് അശ്രദ്ധനായി.’

ചാരം ഗ്ലാസ്സിനടിയിൽ വീണുകിടക്കുന്നതവൾ നോക്കി. അതിന്മേൽ കുമിളകൾ കനത്തു കൂടുന്നു.

‘ഞാനിപ്പോൾ വരാം…’ ദേവ് ഒരു വശത്തുള്ള വാതിൽ കടന്നു് അകത്തുപോയി. അകത്തു് ചുവന്ന വെളിച്ച മുണ്ടായിരുന്നു. ദേവ് വാതിലടച്ചു. അപർണ്ണ മേശമേൽ ചിതിറക്കിടക്കുന്ന ഫിലിം മാഗസിനുകൾ ഓരോന്നെടുത്തു് വായിച്ചു തുടങ്ങി.

സമയം കുറേയായിട്ടുണ്ടാകും. ദേവ് വാതിൽ തുറന്നിട്ടു. അയാൾ ഒരു വെളുത്ത ട്രെയിൽനിന്നു് വെള്ളമിറ്റുവീഴുന്ന ചിത്രങ്ങൾ ഒരു ചരടിൽ തൂക്കിയിടുന്നതു് പകുതി തുറന്ന വാതിലിലൂടെ അവൾ കണ്ടു. അയാൾ മുറിയിൽ ലൈറ്റിട്ടു് അവളെ വിളിച്ചു. വിവിധ പോസുകളിലുള്ള ചിത്രങ്ങൾ വളരെ തെളിമയോടെ കാബിനറ്റ് സൈസിൽ വലുതാക്കി എടുത്തിരിക്കുന്നു. നിരവധി ചിത്രങ്ങൾ. താൻ വളരെ അർത്ഥശൂന്യമെന്നു കരുതിയിരുന്ന പല പോസുകളും വളരെ മിഴിവുറ്റതായി വന്നിരിക്കുന്നു.

‘നിങ്ങൾ രക്ഷപ്പെട്ടു, നിങ്ങൾ ഫോട്ടോജെനിക്കാണു്.’ ദേവ് പറഞ്ഞു. ‘ഇനി ഒന്നും പേടിക്കാനില്ല.’

വാതിൽക്കൽ ഒരു ചെറിയ മുട്ടു്. വാതിൽ തുറന്നു് സുനിൽ മൽഹോത്ര അകത്തു കടന്നു.

‘ദേവ്, എങ്ങിനെയുണ്ടു് അപർണ്ണയുടെ ചിത്രങ്ങൾ?’

‘അതിഗംഭീരം.’ ദേവ് പറഞ്ഞു. അയാൾ അപ്പോഴും ബാക്കി ഫോട്ടോകൾ തൂക്കിയിടുന്ന തിരക്കിലായിരുന്നു. സുനിൽ അടുത്തു വന്നു് ചിത്രങ്ങൾ നോക്കി.

‘റിയലി എക്സലന്റ്.’ സുനിൽ അഭിപ്രായപ്പെട്ടു. ‘അപർണ്ണാ യുവാർ ഹൈർഡ്. ഞാൻ ഇപ്പോൾത്തന്നെ ഭാവനയിൽ കാണുന്നു, നിന്റെ ചിത്രം വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്നതു്. യു വിൽബി എ ഗ്രേയ്റ്റ് ഹിറ്റ് ഓൺ ദ ബിഗ് സ്ക്രീൻ.’

അപർണ്ണ അതുതന്നെയായിരുന്നു ഭാവനയിൽ കണ്ടിരുന്നതു്. നായകന്റെ മാറിൽ തല ചായ്ച്ചു് വികാരാവേശത്തോടെ കണ്ണു പാതിയടച്ചു് നിൽക്കുന്ന നായിക.

സുനിൽ ഇന്റർകോമെടുത്തു് ബട്ടനുകൾ അമർത്തി.

‘ചൈനാനിസാബ് ഫ്രീയാണോ എന്നു നോക്കാമോ?’

‘ബിസിയാണോ? ശരി ഡാർലിങ്. പിന്നെ നീ പറഞ്ഞ കാര്യം എന്റെ മനസ്സിലുണ്ടു്. ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. നീ ഉദ്ദേശിച്ച നിറം കിട്ടാനാണു് വിഷമം… നോ നോ, നിനക്കു വേണ്ടി അതും അതിലപ്പുറവും ഞാൻ ചെയ്യില്ലേ ഡാർലിങ്…’

സുനിൽ ഇന്റർകോമിന്റെ റിസീവർ താഴെ വെച്ചു.

‘എന്താണു് മേംസാബിനു് വേണ്ടതു?’ ദേവ് ചോദിച്ചു.

‘മേംസാബിനു് വേണ്ടതു് ഒരു സ്കാർഫാണു്. സിൽക് സ്കാർഫ്. അതിന്റെ നിറം മഴവില്ലിൽക്കൂടിയില്ലാത്തതാണു്. ഒരു സാമ്പ്ൾ പീസും കൊണ്ടു് ഞാൻ നടക്കുകയാണു്.’

‘നിതിന്റെ പി. എ. ആണു്.’ സുനിൽ അപർണ്ണയോടു പറഞ്ഞു. ‘എ നൈസ് ഗേൾ.’

കാർ പാർക്കു ചെയ്തിടത്തേയ്ക്കു് വെയിൽ വന്നിരുന്നു.

ദക്ഷിണായനമാണു്. അപർണ്ണ മനസ്സിൽ കരുതി. പന്ത്രണ്ടര മണിയായിട്ടും സൂര്യരശ്മികൾ ചെരിഞ്ഞാണു് വീണിരുന്നതു്. ഇവിടെ ബോംബെയിൽ ഇത്രയേ വരൂ. കൽക്കത്തയിൽ ഇനിയും നീളുന്ന നിഴലുകൾ ഹിമാലയസാനുക്കളിൽ നിന്നു് തണുപ്പു് കൊണ്ടുവരുന്നു. നട്ടുച്ചയ്ക്കും വെയിലിനു് ചൂടുണ്ടാവില്ല. തണുപ്പുകാലം. അവൾ ഗൃഹാതുരയോടെ ഓർത്തു.

അഞ്ചു്

മുമ്പിൽ ചിതറിക്കിടക്കുന്ന ഫോട്ടോകൾ ഒരിക്കൽക്കൂടി സുനന്ദ നോക്കി. പുതിയ പെൺകുട്ടിയുടെ ശരീരം വടിവൊത്തതായിരുന്നു. ബിക്നിയിലുള്ള ചിത്രങ്ങൾ അതു് വിളിച്ചുപറഞ്ഞു. തന്റെ ദേഹത്തേക്കാൾ മെച്ചപ്പെട്ടതാണു് ആ ഇളം ശരീരമെന്നു് അവൾ കണ്ടു. തന്റെ മാറിടം കുറേക്കൂടി കനത്തതാണു്. പക്ഷേ, ദേഹത്തെ മറ്റു ഭാഗങ്ങളും അനുപാതം തെറ്റി വലുതായിരിക്കുന്നു. യോഗാസനങ്ങൾക്കും മറ്റു് കസർത്തുകൾക്കും ആ വളർച്ചയെ ചെറുത്തു നിൽക്കാൻ ആവുന്നില്ല. പെൺകുട്ടിയുടെ മുഖവും ഷെറൂബിക് എന്നു പറയുന്ന തരത്തിൽ നിഷ്കളങ്കമാണു്. ഒരു നായികയ്ക്കു് അത്യാവശ്യം വേണ്ട ഗുണം.

ചൈനാനി തനിക്കു് ഒരു ഭീഷണി കാണിച്ചുതരികയാണോ? തന്റെ വില കുറയ്ക്കാൻ വേണ്ടി? തന്നെ സാവധാനത്തിൽ തമസ്കരിക്കുമെന്നു് തന്റേതായ രീതിയിൽ ചൈനാനി അറിയിക്കുകയാണോ?

ചൈനാനി തന്റെ പിന്നിൽ വന്നു നിന്നതു് അവൾ അറിഞ്ഞില്ല. അതുകൊണ്ടു് അയാൾ ചുമലിൽ കൈവച്ചപ്പോൾ അവൾ ഞെട്ടി.

‘നീ എന്താണു് ഞെട്ടിയതു?’ ചൈനാനി ചോദിച്ചു. അവൾ ഒന്നും പറയാതെ ചുമൽ കുലുക്കുക മാത്രം ചെയ്തു. അവളുടെ ഗ്ലാസ്സ് ഒഴിഞ്ഞിരുന്നു.

‘ഞാൻ കുറച്ചു സ്കോച്ച് എടുക്കട്ടെ?’

അവൾ തലയാട്ടി. തനിക്കതു് ആവശ്യമാണു്. ഇപ്പോൾ പ്രത്യേകിച്ചും. ജിൻ അവൾക്കു് ഒരു അയവും കൊടുത്തില്ല. വിസ്കി എടുക്കട്ടെ എന്ന ചോദ്യത്തിനു പിന്നിലെ ഉദ്ദേശ്യം അവൾക്കു് വ്യക്തമായിരുന്നു. എപ്പോഴും അങ്ങിനെയാണു്. സുനന്ദയുടെ ദൗർബ്ബല്യം ചൈനാനിക്കറിയാം. തന്റെ ഇഷ്ടപ്രകാരം അവളെ കിട്ടണമെങ്കിൽ രണ്ടു പെഗ്ഗ് വിസ്കി കൊടുക്കുകയാണു് നല്ലതെന്നു് അയാൾ മനസ്സിലാക്കിയിരുന്നു. വിസ്കി കഴിക്കാനുള്ള അവളുടെ കഴിവു് അയാളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടു്. മയക്കത്തിനോടടുത്ത ഒരു ലഹരി സുനന്ദയെ സുനന്ദയല്ലാതാക്കുന്നു. പിന്നെ ചൈനാനി എന്ന ബോസ്സ് ഇല്ല, പകരം തനിക്കൊപ്പം നിൽക്കുന്ന ഒരു പങ്കാളി മാത്രം. അയാളുടെ ഇഷ്ടാനിഷ്ടങ്ങൾ മാത്രം ശ്രദ്ധിച്ചു് കിടക്ക പങ്കിടുന്ന ചെറുപ്പക്കാരി.

ഒഴിഞ്ഞ ഗ്ലാസ്സുകളെടുത്തു് ചൈനാനി ബാറിലേയ്ക്കു നടന്നു. ഗ്ലാസ്സുകൾ മാറ്റിവച്ചു് ഷെൽഫിൽ നിന്നു് പുതിയവ എടുത്തു. റാക്കിൽ നിന്നു് ഹെയ്ഗിന്റെ പുതിയ കുപ്പി തുറന്നു് രണ്ടു ഗ്ലാസ്സുകളിൽ ഒഴിച്ചു. ഫ്രിജ്ജിൽ നിന്നു് ഐസ് ക്യൂബുകൾ എടുത്തിട്ടു.

‘സോഡ?’

‘യെസ് പ്ലീസ്, ഫിൽ ദ ഗ്ലാസ്സ്.’

ഓൺ ദ റോക്ക് തട്ടി കുടൽ കരിക്കാൻ സുനന്ദയെ കിട്ടില്ല. ധാരാളം സോഡ ചേർത്തു് അല്ലെങ്കിൽ വെള്ളം ചേർത്തു മാത്രം. അതും വളരെ സാവധാനത്തിൽ, ഓരോ ഇറക്കിലും ലഹരിയുടെ ആരോഹണസ്പന്ദനങ്ങൾ അനുഭവിച്ചറിഞ്ഞു്. ചൈനാനി അങ്ങിനെയല്ല. സോഡയില്ല, വെറും ഐസ്ക്യൂബുകൾ മാത്രം. അവ സാവധാനത്തിൽ അലിഞ്ഞുണ്ടാകുന്ന ദ്രവീകരണം മാത്രം. അതിനപ്പുറത്തൊരു മായം ചേർക്കൽ അദ്ദേഹത്തിനു് ഇഷ്ടമല്ല.

‘ചീയേഴ്സ്.’

‘ചീയേഴ്സ്.’

അവർ ഗ്ലാസ്സുമെടുത്തു് ചൈനാനിയുടെ വിശ്രമമുറിയിലേയ്ക്കു കടന്നു. വിശ്രമമുറിയിലേയ്ക്കുള്ള വാതിൽ തിരിച്ചറിയാൻ പറ്റാത്ത വിധമാണു് ഉണ്ടാക്കിയിരിക്കുന്നതു്. നിരവധി കമാനങ്ങളിലൊന്നു് വാതിലാണു്. വാതിൽ തുറന്നടച്ചാൽ അതു വീണ്ടും ഒരു കമാനം മാത്രമാകുന്നു. ചൈനാനി ഇരിക്കുന്ന മുറിയുടെ വാതിലിനു പുറത്തു് ചുവപ്പു വെളിച്ചം കത്തിനിൽക്കുന്നിടത്തോളം ആർക്കും പ്രവേശിക്കാൻ പറ്റില്ല. ഇതെല്ലാം സുനന്ദയ്ക്കറിയാം. അതുകൊണ്ടു് അവൾക്കു് യാതൊരു വിധത്തിലുള്ള ആശങ്കയുമില്ല, പ്രത്യേകിച്ചു് അകത്തെ വിശ്രമമുറിയിലേയ്ക്കു കടന്നാൽ. പക്ഷേ, അവളുടെ മനസ്സു് പ്രക്ഷുബ്ധമായിരുന്നു. വിശാലമായ മുറിയിൽ ഒരു ചെറിയ സ്വർഗ്ഗം സൃഷ്ടിച്ചിരിക്കയാണു് ചൈനാനി. കഷ്മീരിൽ നിന്നു വരുത്തിയ പരവതാനി നഗ്നമായ കാൽപാദങ്ങളെ ഒരു പോമറേനിയന്റെ കൊച്ചുനാവുപോലെ നക്കുന്നു. വിലപിടിച്ച പെർഫ്യൂമിന്റെ വാസന അന്തരീക്ഷത്തിൽ. നടുവിലിട്ട കട്ടിലിൽ പതുപതുത്ത കിടക്ക. ചുവരിൽ ഒരുവശത്തു് മുഴുവൻ നിലം തൊടുന്ന കർട്ടൻ. മറ്റു ചുവരുകളിൽ വലിയ കാൻവാസ്സുകളിൽ ഒറിജിനൽ പെയ്ന്റിങ്ങുകൾ. മറ്റേ മുറിയിലുണ്ടായിരുന്ന സംഗീതം ഈ മുറിയിലുമുണ്ടായിരുന്നു. കുറച്ചുനേരമായി അവൾ അതു ശ്രദ്ധിച്ചിരുന്നില്ല.

അവൾ ഒരൊറ്റ വായയ്ക്കു് പകുതി ഗ്ലാസ്സും കുടിച്ചു തീർത്തു.

ചൈനാനി അവളെ അദ്ഭുതത്തോടെ നോക്കുകയായിരുന്നു. ‘ഇന്നു് നിനക്കെന്തു പറ്റീ?’

അവൾക്കു് ഉറക്കെ കരയണമെന്നു തോന്നി. ഒരുപക്ഷേ, താൻ കരുതുന്നപോലെ ഒന്നുമായിരിക്കില്ല കാര്യങ്ങൾ. ചൈനാനിയ്ക്കു് തന്നെ ഒഴിവാക്കാനുള്ള ഉദ്ദേശ്യമൊന്നുമുണ്ടാവില്ല. പക്ഷേ, അവൾക്കു് ഒരുറപ്പു് വേണം. അതാകട്ടെ ചൈനാനിയിൽനിന്നു് വരുന്നുമില്ല. ചൈനാനി അങ്ങിനെയാണു് പെട്ടെന്നൊന്നും ഉരുകുകയില്ല. അയാൾ അവളുടെ അരക്കെട്ടിലൂടെ പിടിച്ചു് അടുപ്പിച്ചു. ‘ഇന്നു് നിനക്കു് എന്തോ പറ്റിയിട്ടുണ്ടു്.’

അവൾ വീണ്ടും കുടിക്കുകയാണു്. ഗ്ലാസ്സ് തീരാറായി. അവൾ ഒരു വലിക്കു് ഗ്ലാസ്സ് കാലിയാക്കി ഒരു ടീപോയിമേൽ വച്ചു് ചൈനാനിയുടെ തോളിലൂടെ രണ്ടു കൈയ്യുമിട്ടു. താൻ ചെയ്യുന്നതിന്റെ അർത്ഥ ശൂന്യത ഒരു നിമിഷം അവളെ ഗ്രസിച്ചു. തന്റെ ഏതെങ്കിലും ഒരു സിനിമയിലെ രംഗമാണതെന്നവൾ കരുതി. ഡയറക്ടർ കട്ട് പറയുന്ന നിമിഷം അവൾ കാത്തിരുന്നു. ഫ്ളഡ് ലൈറ്റുകളില്ല, കാമറയില്ല, പിന്നിൽ കട്ട് പറയാൻ ഡയറക്ടറുമില്ല. അവൾ ഒറ്റയ്ക്കു്. ചുറ്റും തണുത്തുറയുന്ന ഏകാന്തത മാത്രം.

ചൈനാനി അവളെ കിടയ്ക്കയിലേയ്ക്കു നയിച്ചു.

ആറു്

അയനങ്ങളെപ്പറ്റിത്തന്നെയാണു് ഡയറക്ടർ വിനോദ് ചന്ദാനിയും പറഞ്ഞിരുന്നതു്. അയാൾ കാറിൽ കയറി ഇടത്തു വശത്തെ ഡോർ അപർണ്ണയ്ക്കു കയറാൻ തുറന്നുകൊടുത്തു. പിന്നെ കാർ സ്റ്റാർട്ടാക്കി ഗെയ്റ്റു കടക്കുമ്പോൾ പറഞ്ഞു.

‘അപർണ്ണ സൂര്യന്റെ അയനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മാസങ്ങൾ മാറുന്നതിനനുസരിച്ചു് വഴിമാറി നടക്കുന്ന സൂര്യന്റെ പഥം?’ ദക്ഷിണായനമാണിപ്പോൾ. എന്തോ മറന്നു വച്ച പോലെയാണു് സൂര്യൻ.’

അപർണ്ണ വിനോദിനെ ശ്രദ്ധിച്ചു. ഇത്രയും നന്നായി സംസാരിക്കുന്ന ഒരാളെ നടാടെയാണവൾ കാണുന്നതു്. വിനോദ് ഒരു കവിയാവേണ്ടതായിരുന്നു. ഒരുപക്ഷേ, അയാൾ അഭ്രത്തിൽ കവിത രചിക്കുകയായിരിക്കും. സൂര്യന്റെ ഗതിവ്യത്യാസങ്ങൾ അവൾ ശ്രദ്ധിക്കാറുണ്ടു്, പ്രത്യേകിച്ചും കൽക്കത്തയിലായിരുന്നപ്പോൾ. കൽക്കത്തയിൽ ഋതുഭേദങ്ങൾ വളരെ പ്രകടമായിരുന്നു. ഓരോ ഋതുക്കൾക്കും അതിന്റേതായ ഗന്ധങ്ങളുണ്ടായിരുന്നു, നിറങ്ങളുണ്ടായിരുന്നു. ഇവിടെ ബോംബെയിൽ അങ്ങിനെയൊന്നുമില്ല.

വിനോദിന്റെ ഒപ്പം നടക്കാൻ അവൾ ഇഷ്ടപ്പെട്ടതും അയാളുടെ സംസാരം കാരണമായിരുന്നു. താൻ ചൈനാനിയുടെ ജോലിയിലാണു്. പക്ഷേ, എന്താണു് തന്റെ ജോലിയെന്നു് അവൾക്കിതുവരെ മനസ്സിലായിട്ടില്ല. പുതിയ ഫിലിമിന്റെ ഷൂട്ടിങ് എന്നാണു് തുടങ്ങുകയെന്നു് ആർക്കും അറിയില്ല. സുനിലിനു പോലും. പക്ഷേ, എല്ലാവരും അതിനെപ്പറ്റി തന്നെയാണു് സംസാരിക്കുന്നതു്. മാധ്യമങ്ങൾ സ്കൂപ്പുകൾ എഴുതിയുണ്ടാക്കുന്നു. അതിലെ നായകന്മാരെപ്പറ്റി, നായികയാരാണെന്നതിനെപ്പറ്റി. ഒരു മാസം മുമ്പു വരെ നായിക ആരായിരിക്കുമെന്നതിനെപ്പറ്റി സംശയമേയുണ്ടായിരുന്നില്ല. സുനന്ദ ഒരു സ്വീകരിക്കപ്പെട്ട യാഥാർത്ഥ്യമായിരുന്നു. പക്ഷേ, ഇന്നു് പത്രങ്ങൾ അപർണ്ണയുടെ പേർ കൂടി ഒപ്പം ചേർക്കുന്നു. അവളുമായി ഇന്റർവ്യൂ നടത്തുന്നു. ചിലപ്പോൾ അവൾക്കു തോന്നാറുണ്ടു് തന്നെ പെട്ടെന്നൊരു ദിവസം നായികയാക്കാൻ ചൈനാനി തയ്യാറെടുക്കുകയാണെന്നു്. പത്രങ്ങളിലുള്ള വാർത്തകളും അഭിമുഖങ്ങളും എല്ലാം അദ്ദേഹം പണം ചെലവാക്കി ചെയ്യിക്കുന്നതാണെന്നു്. ഒരു ദിവസം കൊണ്ടു് ഒരു നായികയെ സൃഷ്ടിക്കാൻ കഴിവുള്ള ആളാണു് നിതിൻ ചൈനാനി.

‘നമുക്കു് എന്തെങ്കിലും കഴിച്ചാലോ?’ വിനോദ് ചോദിച്ചു.

‘ശരി’. അവൾ പറഞ്ഞു. അവൾക്കു ശരിക്കും വിശക്കുന്നുണ്ടായിരുന്നു. ഷൂട്ടിങ് സമയത്തു മുഴുവൻ അവൾ അയാളെ കാത്തുനിൽക്കുകയായിരുന്നു. സുനന്ദ ഉണ്ടായിരുന്നില്ല. സുനന്ദയുടെ ഷൂട്ടിങ് നാളെയാണു്. ജുഹു ബീച്ചിൽ. എന്തായാലും പോകണം. അവരുമായി ഒരു നേരിടൽ ഇതുവരെ ഉണ്ടായിട്ടില്ല. ദൂരെനിന്നു കാണും. അവർ വളരെ തിരക്കു പിടിച്ച നടിയാണു്. പോരാത്തതിനു് സുനന്ദ, തന്നെ ഒഴിവാക്കാൻ ശ്രമിക്കയാണെന്നു് അവൾക്കു തോന്നുകയും ചെയ്തിരുന്നു. പത്രങ്ങളാണു് ഉത്തരവാദികൾ. തന്റെയും സുനന്ദയുടെയും പേരുകൾ ചേർത്തു് സ്കൂപ്പുണ്ടാക്കുന്നവർ. ചൈനാനിയുടെ പുതിയ പെൺകുട്ടിയെന്ന പദവി അവരാണു് തനിക്കു നൽകിയതു്.

വിനോദ് കാർ നിർത്തി. ലിങ്ക് റോഡിലെ റെസ്റ്റോറണ്ടിൽ തിരക്കു കുറവായിരുന്നു.

ചെമ്മീൻ കട്ലറ്റും കാപ്പിയും ഓർഡർ ചെയ്തു് വിനോദ് ചാഞ്ഞിരുന്നു.

‘ഒരു തിരക്കുമില്ല.’ അയാൾ പറഞ്ഞു. ‘എനിക്കീ സ്ഥലമിഷ്ടമാവാൻ കാരണമതാണു്. ഒരു പെൺകുട്ടിയെ കൊണ്ടു വരാൻ പറ്റിയ സ്ഥലം.’

‘ശരിയാണു്.’ അവൾ പറഞ്ഞു. പക്ഷേ, അവൾ ആലോചിക്കുകയായിരുന്നു. ഒരു സാധാരണക്കാരനു് പക്ഷേ, ബില്ല് കൊടുക്കണമെങ്കിൽ പെൺകുട്ടിയെ അവിടെ വിൽക്കേണ്ടിവരും. കഴുത്തറക്കുന്ന സ്ഥലം.

‘ഞാനൊന്നു് ചോദിക്കട്ടെ?’

ചോദിച്ചുകൊള്ളൂ എന്ന മട്ടിൽ വിനോദ് ഇരുന്നു. അയാൾ സിഗരറ്റ് വലിക്കില്ലെന്നതു് ആശ്വാസകരമായി തോന്നി അവൾക്കു്. ഫോട്ടോഗ്രാഫറുടെ ഒപ്പം സ്റ്റുഡിയോവിൽ ഒരു മണിക്കൂർ ചെലവാക്കിയതിനു് അവൾ ഒരാഴ്ച കഷ്ടപ്പെട്ടിരുന്നു. തൊണ്ട വേദനയും പനിയും. സുനിൽ വല്ലപ്പോഴുമേ സിഗരറ്റു വലിക്കാറുള്ളൂ.

‘ചൈനാനിയുടെ പുതിയ പ്രൊഡക്ഷനിൽ എത്ര നായികമാരുണ്ടു്?’

‘നായികമാരോ? നിതിൻ എന്നോടു് പുതിയ പ്രൊഡക്ഷന്റെ കാര്യം ഡിസ്ക്കസ്സ് ചെയ്തിട്ടേയില്ല.’

നുണ. അപർണ്ണ മനസ്സിൽ കരുതി. വിനോദിനോടു് സംസാരിക്കാതെ ചൈനാനി സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യില്ല. ഇയ്യാൾ ഒരു കട്ടിയാണു്. എന്തെങ്കിലും കാര്യങ്ങൾ അയാളിൽനിന്നു് കിട്ടണമെങ്കിൽ കുറച്ചദ്ധ്വാനിക്കണം.

‘അപ്പോൾ പത്രങ്ങൾ എഴുതിക്കൂട്ടുന്നതോ? എവിടുന്നാണു് അവർക്കു് ഈ വിവരങ്ങൾ കിട്ടുന്നതു?’

‘പത്രങ്ങൾക്കു് എന്തൊക്കെയാണു് എഴുതാൻ വയ്യാത്തതു?’

ശരിയാണു്. പത്രങ്ങൾ എഴുതുന്നതൊക്കെ ശരിയാണെങ്കിൽ സിനിമാ ലോകം കാൽകുത്താൻ കൊള്ളാത്ത ഒരിടമാകണം. അങ്ങിനെയല്ല എന്നാണവളുടെ ഇതുവരെയുള്ള അനുഭവം.

ചെമ്മീൻ കട്ലറ്റ് നന്നായിരുന്നു. നല്ല സാധനങ്ങൾക്കു് നല്ല വിലയും കൊടുക്കണം. അവൾ കരുതി. പക്ഷേ, ഗുണമേന്മയും വിലയുമായി അവശ്യം വേണ്ട അനുപാതമല്ലാ ഈ റസ്റ്റോറണ്ടിൽ. കാപ്പി കുടിച്ചു കൊണ്ടിരിക്കെ വിനോദ് ചോദിച്ചു.

‘ആർ യു ഫ്രീ ദിസ് വീക്കെന്റ്?’

‘ഈ ശനിയാഴ്ചയോ?’

‘അതെ…’

‘അങ്ക്ൾ എന്തെങ്കിലും പ്ലാൻ ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽത്തന്നെ അതു മാറ്റാം. അങ്ക്ൾ വളരെ ഫ്ളെക്സിബ്ൾ ആണു്… എന്തേ?’

‘നമുക്കു് ടാജിൽ ഡിന്നറിനു പോകാം.’

‘ടാജിൽ?’ പെട്ടെന്നവളുടെ ശബ്ദം ഉയർന്നതു് അവളെത്തന്നെ വിഷമിപ്പിച്ചു. അതവൾ പ്രതീക്ഷിച്ചതല്ല. സിനിമാ ലോകത്തു് അദ്ഭുതങ്ങളൊന്നുമില്ലെന്നും അതുകൊണ്ടു് എന്തുതന്നെ കണ്ടാലും കേട്ടാലും അദ്ഭുതം നടിക്കരുതെന്നും അവൾ മനസ്സിലാക്കിയിരുന്നു. ഒരുപക്ഷേ, തന്റെ ശബ്ദത്തിലെ ഉത്തേജനം വിനോദ് മനസ്സിലാക്കിയിരിക്കണം. അയാൾ പറഞ്ഞു.

‘അതെ, ടാജിൽത്തന്നെ.’

‘എനിക്കൊന്നു് ആലോചിക്കണം.’ അവൾ പറഞ്ഞു.

‘ശരി പത്തു സെക്കന്റു തന്നിരിക്കുന്നു.’ വിനോദ് വാച്ചു നോക്കിക്കൊണ്ടു് പറഞ്ഞു. അയാൾ ധരിച്ചിരിക്കുന്നതു് ഒരു റാഡോ വാച്ചായിരുന്നു.

‘യു ഹാവെ റാഡോ ഓൺ യുവർ റിസ്റ്റ്.’

വിനോദ് ചിരിച്ചു. അയാൾ എണ്ണുകയായിരുന്നു. ‘നാലു്, മൂന്നു്, രണ്ടു്…’

അവൾ ചിരിച്ചുകൊണ്ടു് പറഞ്ഞു. ‘ശരി, സമ്മതിച്ചു.’

‘ഞാൻ നിന്നെ വീട്ടിൽനിന്നു് ഏഴുമണിക്കു് പിക്കപ്പു ചെയ്യാം.’

അയാൾ കൈയ്യുയർത്തി വെയ്റ്ററെ വിളിച്ചുകൊണ്ടു് പറഞ്ഞു. ‘ചെക്…’

അയാൾ ഒരു നൂറിന്റെ നോട്ട് ബില്ലിന്റെ ഒപ്പം വെച്ചുകൊണ്ടു് എഴുന്നേറ്റു. ‘കീപു് ദ ചേയ്ഞ്ച്.’

ഏഴു്

ചൈനാനിയെ കാണണമെന്ന സന്ദേശം കിട്ടിയപ്പോൾ അപർണ്ണ പരിഭ്രമിച്ചു. അദ്ദേഹം നേരിട്ടു് വിളിക്കുകയല്ല ചെയ്തതു്. അദ്ദേഹത്തിന്റെ പി. എ. ആണു് വിളിച്ചതു്. ‘ചൈനാനി സാബിനെ നാളെ രാവിലെ കാണണമെന്നു പറഞ്ഞു. കൃത്യം പത്തു മണിക്കു്.’

തന്നെ ജോലിക്കു നിയമിച്ചശേഷം ആദ്യമായാണു് ചൈനാനി വിളിക്കുന്നതു്. അവൾ രണ്ടുതവണ ഓഫീസിൽ പോയെങ്കിലും അദ്ദേഹത്തെ കാണാൻ പറ്റിയില്ല. പുതിയ പ്രൊഡക്ഷന്റെ ജോലി തുടങ്ങിയാൽ വിളിക്കാമെന്നും, അതുടനെത്തന്നെ ഉണ്ടാവുമെന്നും പറഞ്ഞു. അതിനിടയ്ക്കു് ഷൂട്ടിങ് നടക്കുന്നിടത്തു് പോയി ഒരു പരിചയമുണ്ടാക്കുവാനും നിർദ്ദേശം തന്നു. അങ്ങിനെയാണു് ഡയറക്ടർ വിനോദിനെ പരിചയപ്പെടുന്നതു്. പരിചയപ്പെടുത്തിയതു് സുനിൽതന്നെയായിരുന്നു. അതു നന്നായെന്നു് അവൾ ഓർത്തു. ഇപ്പോൾ ഷൂട്ടിങ്ങിന്റെ പ്രശ്നങ്ങളെന്തെല്ലാമാണെന്നു് അവൾക്കറിയാം. ഒരവസരം കിട്ടുമ്പോൾ വിഷമമില്ലാതെ തുടങ്ങുകയും ചെയ്യാം.

ടാക്സി ഡ്രൈവറോടു് കാത്തുനിൽക്കാൻ പറഞ്ഞു് അപർണ്ണ ഓഫീസിലേയ്ക്കു നടന്നു. അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. ചൈനാനിയുടെ മുറിയുടെ വാതിലിന്റെ ഇടത്തു വശത്തുള്ള ചില്ലിട്ട മുറിയിൽ അദ്ദേഹത്തിന്റെ പി. എ. ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചു വയസ്സായിട്ടുണ്ടാകുമെങ്കിലും സുന്ദരിയാണു് അവർ. നാല്പതു് നാൽപത്തഞ്ചു വയസ്സു പ്രായമായിട്ടുണ്ടാവും. ചൈനാനിയുടെ സ്വകാര്യ ജീവിതത്തിന്റെ സൂക്ഷിപ്പുകാരിയാണെന്നാണു് അവരെപ്പറ്റി പറയാറെന്നു് സുനിൽ സൂചിപ്പിച്ചിരുന്നു. അപർണ്ണയെ കണ്ടപ്പോൾ അവൾ എഴുന്നേറ്റു.

‘അപർണ്ണാജീ, ഒരു മിനിറ്റ് ഇരിക്കു, ഞാൻ നിതിൻ സാബിനെ അറിയിക്കാം.’

എതിർവശത്തിട്ട സോഫയിൽ അപർണ്ണ ഇരുന്നു. റിസപ്ഷ്നിസ്റ്റ് ഇന്റർകോമിൽ ചൈനാനിയുമായി സംസാരിക്കുകയാണു്. ഫോൺ വച്ചു് അവൾ അപർണ്ണയോടു് പറഞ്ഞു.

‘അപർണ്ണാജി, നിതിൻ സാബ് കാത്തിരിക്കുന്നുണ്ടു്.’

അപർണ്ണ എഴുന്നേറ്റു പുറത്തു കടന്നു, നേരെ പോയി ചൈനാനിയുടെ വാതിലിന്മേൽ മുട്ടി.

‘കമിൻ.’

മുറിയുടെ വാതിലിന്റെ ഉരുണ്ട പിടിയിൽ അമർത്തുന്ന കൈ വിറയ്ക്കുന്നുന്നതവൾ അറിഞ്ഞു.

ചൈനാനി എഴുന്നേറ്റു വന്നു അവൾക്കു് കൈകൊടുത്തു, ഇരിക്കാനുള്ള കസേല നീക്കിയിട്ടു.

‘ഇരിക്കൂ.’

അവൾ ഇരുന്നു് അവളുടെ ഹാന്റബാഗ് അടുത്ത കസേലയിൽ വച്ചു.

‘സിനിമയെടുക്കുന്നതിനെപ്പറ്റി ഒരു ഏകദേശരൂപം കിട്ടിയോ?’

‘ഞാൻ ഷൂട്ടിങ്ങിനു് പോകാറുണ്ടു്. ഇറ്റീസ് വെരി ഇന്ററസ്റ്റിങ്.’

‘ഞാൻ ഒരു കാര്യം പറയാനാണു് വിളിച്ചതു്. സിനിമയിൽ അതു് വളരെ പ്രധാനമാണു്. നിന്റെ കാരിയറിനെ സംബന്ധിക്കുന്നതാണു്. നിനക്കു് സിനിമാലോകത്തു് ഉയർന്നൊരു സ്ഥാനമാണു് കിട്ടേണ്ടതെങ്കിൽ അതു് പെട്ടെന്നുണ്ടാക്കുകയാണു് വേണ്ടതു്. സ്റ്റാർട്ട് വിഥെ ബിഗ് ബാങ്. അതിനുള്ള കാര്യങ്ങൾ ഞാൻ നോക്കുന്നുണ്ടു്. പിന്നെ നീ നാലു സിനിമാ മാസികകൾക്കു് ഇന്റർവ്യൂ കൊടുത്തതായി അറിയുന്നു. അതു വേണ്ട. ഇന്റർവ്യൂവിന്റെ കാര്യങ്ങളെല്ലാം നോക്കാൻ എനിക്കൊരു പബ്ലിക് റിലേഷൻസ് ഓഫീസർ ഉണ്ടു്. മദൻ സിങ്ങ്.’

ചൈനാനി ഇന്റർകോം അമർത്തി.

‘ആസ്ക് മദൻ ടു മീറ്റ് മി.’

‘യെസ്സേർ…’ ഇന്റർകോമിൽ റിസപ്ഷനിസ്റ്റിന്റെ പതിഞ്ഞ ശബ്ദം കേട്ടു.

ഈ കാര്യത്തിൽ മദൻ നിന്നെ സഹായിക്കും. അയാൾ പറയുന്ന റിപ്പോർട്ടർമാർക്കുമാത്രം ഇന്റർവ്യൂ കൊടുത്താൽ മതി. സംസാരിക്കേണ്ട കാര്യങ്ങളും മദൻ പറഞ്ഞുതരും. ഒരു കാര്യം നീ മനസ്സിലാക്കണം, ഇതെല്ലാം പബ്ലിസിറ്റിയുടെ ഭാഗമാണു്. നീ എന്തു പറയുന്നു, എന്തു ചെയ്യുന്നു എന്നതെല്ലാം വളരെ പ്രധാനപ്പെട്ടതാണു്. ഒരു താരത്തെ ഉണ്ടാക്കിയെടുക്കുകയാണു്. അതിന്റെ ഭാഗമാണു് ഇതെല്ലാം.

വാതിൽക്കൽ മുട്ടു്.

‘കമിൻ.’

ഒരു മധ്യവയസ്കൻ അകത്തു കടന്നു. അവൾ ഒരു സർദാറിനെയാണു് പ്രതീക്ഷിച്ചതു്. താടിയില്ലാത്തതുകൊണ്ടു് അയാൾ യു. പി.-ക്കാരനായിരിക്കുമെന്നവൾ കരുതി.

‘മോർണിങ് നിതിൻജി.’

‘മോണിങ് മദൻ. ഇരിക്കു. ഇതു് അപർണ്ണ. പുതിയ നടിയാണു്. നമ്മുടെ പുതിയ മെഗാപ്രൊഡക്ഷനിലേയ്ക്കു് എടുത്തതാണു്. പബ്ലിസിറ്റിയുടെ കാര്യം നോക്കണം. നാലഞ്ചു് സ്കൂപ്പുകൾ വന്നു കഴിഞ്ഞു. ഇനി സൂക്ഷിക്കണം. പരിചയമില്ലാത്ത കുട്ടിയാണു്.’

‘യെസ്സേർ.’

‘ഇവളോടു് വിനോദിനോടൊപ്പം നിന്നു് കാര്യങ്ങൾ പഠിക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ടു്. പുതിയ പ്രൊഡക്ഷന്റെ വർക്ക് തുടങ്ങാൻ കുറച്ചു കൂടി താമസമുണ്ടെന്നറിയാമല്ലൊ.’

‘ശരി സർ.’

‘ശരി, പൊയ്ക്കോളൂ.’

മദൻ സിങ്ങ് എഴുന്നേറ്റു പോയി.

‘അപർണ്ണയ്ക്കു് ഡ്രൈവിങ് അറിയാമോ?’ ചൈനാനി ചോദിച്ചു.

‘അറിയാം സർ.’

‘ഞാൻ ഒരു ഫിയാറ്റ് കാർ ഏർപ്പാടാക്കാം. സ്വന്തം കാർ വാങ്ങാറാകുന്നവരെ അതുപയോഗിക്കാം. ഇന്റർവ്യൂവിലൂടെയും സിനിമയിലൂടെയുമല്ലാത്ത എക്സ്പോഷർ കഴിയുന്നതും കുറക്കുക. നിങ്ങൾ ഒരു ചോസൻ വൺ ആണെന്ന പ്രതീതിയുണ്ടാക്കണം. മനസ്സിലായോ.’

‘മനസ്സിലായി.’

‘ശരി, പൊയ്ക്കോളു.’

തിരിച്ചു് ടാക്സിയിൽ മടങ്ങുമ്പോൾ ടാക്സിക്കാരൻ പറഞ്ഞു.

‘ചൈനാനി സാബിന്റെ പുതിയ പടം വരുന്നുണ്ടു്. രണ്ടു കോടിയാണത്രെ ചെലവ്. മൂന്നു ഹീറോവും. ചൈനാനി സാബിന്റെ പടം ഹിറ്റാവും.’

നോക്കിക്കോ. അപർണ്ണ വിചാരിച്ചു. പടം പുറത്തിറങ്ങുമ്പോൾ മൂന്നു് നായകന്മാരുടെ ഒപ്പം നായികയായി അഭിനയിക്കുന്നതു് ഒരു ദിവസം നിന്റെ ടാക്സിയിൽ സാന്താക്രൂസിൽനിന്നു് വില്ലെ പാർലെ എയ്ത്ത് റോഡിലേയ്ക്കു് യാത്ര ചെയ്ത അപർണ്ണയെന്ന പെൺകുട്ടിയായിരിക്കും. അപ്പോൾ അയാൾ ഓർക്കുമോ ആവോ.

എട്ടു്

ചൈനാനിയോടു് സംസാരിക്കാൻതന്നെ സുനന്ദ തീർച്ചയാക്കി. മാധ്യമങ്ങളിലെ കഥകൾ വളരെ വീർപ്പുമുട്ടിക്കുന്ന താണു്. അപമാനകരമാണു്. ഒന്നുകിൽ അയാൾ കാര്യം വ്യക്തമാക്കണം, അല്ലെങ്കിൽ മാധ്യമങ്ങളിൽ വേണ്ട തിരുത്തലുകൾ കൊടുക്കണം. അവൾ ചൈനാനിയുടെ നേരിട്ടുള്ള നമ്പർ ഡയൽ ചെയ്തു. സുനന്ദയടക്കം വളരെ കുറച്ചുപേരുടെ കയ്യിലേ ഈ നമ്പറുള്ളൂ.

‘നിതിൻജി, ഇതു ഞാനാണു് സുനന്ദ.’

‘എനിക്കു മനസ്സിലായി ഇത്ര മധുരമായ ശബ്ദം വേറെ ആർക്കാണുള്ളതു?’

‘താങ്ക്സ് ഫോർ ദ കോംപ്ലിമെന്റ്സ്. എനിക്കൊന്നു കാണണമെന്നുണ്ടായിരുന്നു.’

‘ശരിയാണു്.’ ചൈനാനി പറഞ്ഞു. ‘നമ്മൾ കണ്ടിട്ടു് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയല്ലേ നീ വന്നതു്. ശരിക്കും ഒരാഴ്ച. കാണേണ്ടതു് എന്റേയും ആവശ്യമാണു്. ഇപ്പോൾ വരൂ.’

‘തിരക്കിലാണോ?’

‘സുനന്ദയ്ക്കുവേണ്ടി മാറ്റിവയ്ക്കാൻ പറ്റാത്ത തിരക്കു് എന്താണുള്ളതു?’

‘നിങ്ങളെന്നെ പ്രശംസകൊണ്ടു് ശ്വാസം മുട്ടിക്കുന്നു.’

‘പ്രശംസ മാത്രം. ബാക്കിയുള്ള കാര്യങ്ങൾ നേരിൽ.’

ഈ മനുഷ്യൻ എന്തോ വലിയ കളിയിലാണു്. ഫോൺ താഴെ വച്ചു കൊണ്ടു് സുനന്ദ വിചാരിച്ചു. അഭിനന്ദനങ്ങളും പ്രശംസയും പതിവാണു്. പക്ഷേ, ഈ നിലയിൽ പതിവില്ലാത്തതാണു്. അപ്പോൾ എന്തെങ്കിലും കാണും. അവൾ പുറപ്പെടാൻ തുടങ്ങി.

റിസപ്ഷനിസ്റ്റ് സുനന്ദയെ കണ്ടപ്പോൾ എഴുന്നേറ്റു്, ചിരിച്ചുകൊണ്ടു് പറഞ്ഞു.

‘ചൈനാനി സാബ് സുനന്ദാജിയെ കാത്തിരിക്കുന്നു.’

‘താങ്ക്സ്, രഞ്ജിനി.’

ചൈനാനി സാധാരണമട്ടിലോ അതിലധികമോ തന്നോടു് സ്നേഹപൂർവ്വം പെരുമാറുന്നു. വാതിൽ കടന്ന ഉടനെ കസേലയിൽ നിന്നു് എഴുന്നേറ്റു വന്നു് ചൈനാനി അവളെ അരക്കെട്ടിലൂടെ പിടിച്ചടുപ്പിച്ചു് ചുംബിച്ചു. അദ്ദേഹത്തിനു് ചുംബനത്തിന്റെ അവസ്ഥയിൽ എത്തണമെങ്കിൽ സാധാരണ നിലയിൽത്തന്നെ രണ്ടു പെഗ്ഗെങ്കിലും അകത്തു ചെല്ലണം. അദ്ദേഹത്തെ വിസ്കിയുടെ മണമുണ്ടായിരുന്നില്ല.

‘എന്തു പറ്റീ ഇന്നു്?’ സുനന്ദ അമ്പരപ്പോടെ അന്വേഷിച്ചു.

‘ഇന്നു ഞാൻ സുനന്ദയെ അദ്ഭുതപ്പെടുത്തുവാൻ പോകുന്നു. എ ലിൽ ബിറ്റോഫ് സസ്പ്പെൻസ്.’

കസേലയിൽ ഇരുന്നു കഴിഞ്ഞപ്പോൾ സുനന്ദ തന്റെ കൈസഞ്ചി തുറന്നു് ഏതാനും പേപ്പർ കട്ടിങ്ങുകൾ പുറത്തെടുത്തു് ചൈനാനിയ്ക്കു നീട്ടി.

‘ഇതിനെക്കുറിച്ചൊക്കെ എന്താണഭിപ്രായം?’

ചൈനാനി ആ കട്ടിങ്ങുകൾ വാങ്ങി ഒന്നോടിച്ചു നോക്കി അവ അവളുടെ മുമ്പിലേയ്ക്കുതന്നെ ഇട്ടു.

‘ട്രാഷ്.’

‘എന്നുവച്ചാൽ…?’

‘അവ വെറും ട്രാഷാണെന്നുതന്നെ. പുതുതായി നിയമിച്ച ഒരു പെൺകുട്ടിയല്ല കമ്പനിയുടെ പോളിസികളും പ്ലാൻസും നിർണ്ണയിക്കുന്നതു്. പത്രക്കാർക്കു് അവളെക്കൊണ്ടു് എന്തും പറയിക്കാം.’

‘ഇതിനൊരറുതി വേണമെന്നു് നിതിൻജിക്കു് തോന്നുന്നില്ലെ?’

‘ഉണ്ടു്, ഉണ്ടാവുകയും ചെയ്യും. അപർണ്ണയോടു പറഞ്ഞിട്ടുണ്ടു്, ഇനി മുതൽ പത്രക്കാർക്കു് ഇന്റർവ്യൂ കൊടുക്കരുതെന്നു്. കൊടുക്കുകയാണെങ്കിൽത്തന്നെ അതു് മദൻ പറയുന്ന റിപ്പോർട്ടർക്കു മാത്രം. ഞാൻ മദനോടും പറഞ്ഞിട്ടുണ്ടു്. ഞാനിതു് നേരത്തെ പറയേണ്ടതായിരുന്നു. പക്ഷേ, അവൾ ഇത്ര പെട്ടെന്നു് ഇതിനൊക്കെ പോകുമെന്നു് ഊഹിച്ചില്ല. അവളുടെ ഉത്സാഹം കാരണമാവാം, അല്ലെങ്കിൽ പത്രക്കാരുടെ വൾഗറായിട്ടുള്ള വഴികളുണ്ടല്ലോ സ്കൂപ്പുകളുണ്ടാക്കാൻ. അതാവാം.’

‘ചിലതെല്ലാം എനിക്കു് വളരെ ഡാമേജിങ് ആണു്.’

‘എനിക്കറിയാം, ഐ ആം സോറി ഡിയർ. നീ എന്താണു് കുടിക്കുന്നതു്. അല്ലെങ്കിൽ നമുക്കു് ലഞ്ചിനു് പുറത്തു പോവാം. ഞാൻ ഇന്നു് നിനക്കു വേണ്ടി ഫ്രീയാണു്.’

‘ശരി.’

‘നമുക്കു് ഓരോ ബിയർ അകത്താക്കി പുറത്തിറങ്ങാം.’

‘ഓകെ.’

ചൈനാനി ഇന്റർകോമിന്റെ ബട്ടൻ അമർത്തി.

‘രഞ്ജിനി, രണ്ടു ബീയർ കൊണ്ടുവരാൻ പറയൂ.’

‘ശരി, സർ.’

അഞ്ചു മിനുറ്റിനുള്ളിൽ ഒരു ട്രെയിൽ രണ്ടു ബീയറും രണ്ടു മഗ്ഗും ഒരു പ്ലെയ്റ്റിൽ വറുത്ത കശുവണ്ടിയുമായി യൂനിഫോമിട്ട പെൺകുട്ടി എത്തി. ബീയർ മഗ്ഗുകളിൽ ഒഴിച്ചു് അവരുടെ മുമ്പിൽ വച്ചു് അവൾ ഭവ്യതയോടെ മുറി വിട്ടു.

‘ചീയേഴ്സ്…’

‘ചീയേഴ്സ്.’

ബീയർ കുടിച്ചുകൊണ്ടിരിക്കേ പുതിയ പ്രൊഡക്ഷന്റെ കാര്യങ്ങൾ ചൈനാനി പറഞ്ഞുതുടങ്ങി. ഒരു മാസത്തിനകം ഷൂട്ടിങ് തുടങ്ങണം. വളരെ വലിയ സെറ്റുകൾ. നൂറോളം കഥാപാത്രങ്ങളുണ്ടു്. ‘ചിലപ്പോൾ ഞാൻ ആലോചിക്കും, എന്തിനാണു് ഇത്ര വലിയ കാൻവാസ് തെരഞ്ഞെടുക്കുന്നതെന്നു്.’ ചൈനാനി തുടർന്നു. ‘പക്ഷേ, ഇതു മറ്റാർക്കും ചെയ്യാൻ കഴിയാത്തതാണു്. ഒരു നിയോഗമാണു്. ഞാൻ തന്നെ ചെയ്യണം.’

ബീയർ കഴിഞ്ഞപ്പോൾ ചൈനാനി പറഞ്ഞു. ‘വരൂ.’

ചൈനാനിയുടെ സ്വകാര്യ മുറിയിൽ വീണ്ടും സുനന്ദയുടെ ഭയാശങ്കകൾ ഇല്ലാതായി. പക്ഷേ, നൂറു ശതമാനവും ഇല്ലാതാക്കുന്ന പ്രകൃതക്കാരനുമല്ല ചൈനാനി. ഒരു പത്തു ശതമാനം അയാൾ വില പേശലിനു വേണ്ടി, ചുറ്റുപാടുകൾ തനിക്കനുകൂലമാക്കുന്നതിനു വേണ്ടി മാറ്റിവയ്ക്കാറുണ്ടു്. പക്ഷേ, വളരെക്കാലത്തിനുശേഷം അവൾ തന്റെ വഴിക്കു്, തനിക്കു് വേണ്ടുന്ന വിധം ചൈനാനിയുമായുള്ള ലൈംഗികബന്ധം നേടിയെടുത്തു.

കിടക്കയിൽ അന്യോന്യം കരവലയത്തിൽ കിടക്കുമ്പോൾ ചൈനാനി പറഞ്ഞു.

‘സുനന്ദ വീട്ടിൽ പോയി പുറപ്പെടു. പന്ത്രണ്ടു മണിക്കു് ഞാൻ വന്നു് പിക്കപ്പ് ചെയ്യാം. നമുക്കു് ഷെറട്ടനിൽ ലഞ്ച്. യു ഷുഡ് ഡ്രെസ്സ് ടു കിൽ.’

ഷെറട്ടനു മുമ്പിൽ കാറിൽനിന്നിറങ്ങി ചൈനാനിയുടെ കൈയ്യിലൂടെ തന്റെ കൈ കോർത്തു് നടക്കുമ്പോൾ പെട്ടെന്നു് ഫ്ളാഷുകൾ മിന്നി. നിറയെ കാമറകൾ. ചൈനാനി കൈവീശി, സുനന്ദയും. അപ്പോൾ അതിനാണല്ലെ കൊല്ലാനായി വസ്ത്രം ധരിക്കണമെന്നു പറഞ്ഞതു്. ചൈനാനി ഇതെല്ലാം പ്ലാൻ ചെയ്തിരിക്കുന്നു. താഴത്തെ നിലയിലെ റസ്റ്റോറണ്ടിൽ എത്തിയപ്പോഴാണു് ചൈനാനിയുടെ പ്ലാനിങ്ങിന്റെ ഗൗരവം ശരിക്കും മനസ്സിലായതു്. റസ്റ്റോറണ്ടിൽ എല്ലാവരും എഴുന്നേറ്റു് കൈയ്യടിച്ചു് അവരെ സ്വീകരിച്ചു. ഫ്ളാഷുകൾ മിന്നിക്കൊണ്ടിരുന്നു. വീഡിയോഗ്രാഫർമാർ കാമറയുമായി ഓടുന്നു. ഒരു പ്രസ്സ് കോൺഫറൻസായിരുന്നു അതു്. മദൻസിങ്ങ് റിപ്പോർട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ടു് സംസാരിച്ചു. പിന്നെ ചൈനാനി സുനന്ദയുടെ അരക്കെട്ടിലൂടെ കൈയ്യിട്ടു് അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തി. മൂന്നു നായകന്മാരുള്ള ഒരു മെഗാമൂവിയിൽ നായികയായി സുനന്ദ അഭിനയിക്കുന്നു. കൈയ്യടികൾ, ഫ്ളാഷുകൾ. ചൈനാനി കുനിഞ്ഞു് സുനന്ദയുടെ കവിളിൽ ചുംബിച്ചു.

ഒമ്പതു്

‘അങ്ക്ൾ, ഇന്നെനിക്കു് ഒരു ഡിന്നറുണ്ടു്.’ അപർണ്ണ പറഞ്ഞു.

തരുൺ ബാനർജിക്കു് അഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. തന്റെ അഭിപ്രായപ്രകാരമല്ല മരുമകൾ നടക്കുന്നതെന്നു് അയാൾക്കറിയാം. അവളെ തന്നെപ്പോലെ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റാക്കണം എന്നായിരുന്നു അദ്ദേഹത്തിന്നാഗ്രഹം. അതിന്നായി അവളെ ബികോം കോഴ്സിനു് ചേർത്തു. പക്ഷേ, അവൾക്കൊരു താല്പര്യവുമുണ്ടായിരുന്നില്ല. അക്കങ്ങൾ അവളെ വെറിപിടിപ്പിച്ചു. എങ്ങിനെയെങ്കിലും ഒരു ഡിഗ്രിയെടുത്തു് പഠിത്തം അവസാനിപ്പിക്കണമെന്നാണു് അവൾക്കു്. അളിയൻ മരിച്ചപ്പോൾ അപർണ്ണയ്ക്കു് തന്റെ ഒപ്പം താമസിച്ചു് പഠിക്കാമെന്നു് ബാനർജി തന്നെയാണു് പെങ്ങളോടു് പറഞ്ഞതു്. ഇപ്പോൾ അതു വേണ്ടിയിരുന്നില്ലാ എന്നായിരിക്കുന്നു. പണം അയച്ചുകൊടുത്തു് കൽക്കത്തയിൽത്തന്നെ പഠിപ്പിച്ചാൽ മതിയായിരുന്നു.

പത്രങ്ങളിൽ വരുന്ന റിപ്പോർട്ടുകളിൽ മരുമകൾ നിറഞ്ഞു നിൽക്കുന്നതു് അദ്ദേഹത്തിൽ അഭിമാനമുണ്ടാക്കിയില്ല. നിറയെ ചതിക്കുഴികളുള്ള മേഖലയാണു് സിനിമ. ദൈവം കാക്കട്ടെ.

‘എവിടെയാണു് ഡിന്നർ?’

‘കൊളാബയിലെവിടേയോ ആണു്. എനിക്കറിയില്ല. വിനോദ് കൊണ്ടു പോകും.’ ടാജ് ഹോട്ടലിലെ റാന്റവൂവിൽ ആണെന്നു പറയാൻ അവൾ മടിച്ചു. അങ്ക്ൾ അന്വേഷിച്ചു വരില്ലായിരിക്കാം. എങ്കിലും…

‘ഞാൻ വൈകിയാൽ അന്വേഷിച്ചു് ഇറങ്ങുകയൊന്നും വേണ്ട കെട്ടോ.’ അവൾ പറഞ്ഞു. ‘വല്ലാതെ വൈകിയാൽ ഞാൻ എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോകാം.’

‘ഏതു് ഫ്രണ്ട് ?’

‘കൊളാബയിൽ ഡെയ്സി താമസിക്കുന്നുണ്ടു്.’

‘ശരി.’

അവൾ മുൻകൂർ ജാമ്യമെടുത്തതാണു്. അഥവാ അവൾക്കു തിരിച്ചു വരാൻ പറ്റിയില്ലെങ്കിൽ…

വിനോദ് ആറു മണിക്കുതന്നെ എത്തി. അയാളുടെ ഫോക്സ് വാഗൺ വരുന്നതവൾ ബാൽക്കണിയിൽനിന്നു തന്നെ കണ്ടിരുന്നു. അവൾ കൈ വീശിക്കാണിച്ചു. ധൃതിയിൽ കോണിപ്പടികൾ ചാടിയിറങ്ങി.

‘ബോംബെയെ സംബന്ധിച്ചേടത്തോളം ഞാൻ ഇഷ്ടപ്പെടുന്ന കാര്യം എന്താണെന്നോ?’ വിനോദ് പറഞ്ഞു. അവർ ബാന്ദ്ര കോസ്വേയിലൂടെ പോകുകയായിരുന്നു. ഇടതുവശത്തു് വീതി കൂടിയ കനാൽ, മറുവശത്തു് കനാൽ കടലിലേയ്ക്കു യാത്രയാകുന്നു. ദൂരെ കടൽ ഒരു ഇംപ്രഷനിസ്സ് പെയിന്റിങ് പോലെ കാണാം.

‘കടലിന്റെ നിരന്തരമായ ഇടപെടൽ. കടൽ നിങ്ങളോടൊപ്പമുണ്ടെന്ന തോന്നലുണ്ടാക്കുന്നു. അതു് ജുഹുവിലായാലും ശരി, ബാന്ദ്രയിലായാലും ശരി, ശിവജി പാർക്കിലായാലും, മറീൻ ഡ്രൈവിലായാലും ശരി. ഒരുത്തമ സ്നേഹിതനെപ്പോലെ അതു് നിങ്ങളോടൊപ്പം വരുന്നു.’

അപർണ്ണയ്ക്കും അതു പലപ്പോഴും തോന്നിയിട്ടുള്ളതാണു്. പക്ഷേ, ഇത്രയും ഭംഗിയായി അതു പറയാൻ കഴിഞ്ഞിട്ടില്ലെന്നു മാത്രം. കൽക്കത്തയിൽ ഈ കാഴ്ച ഒരിക്കലുമില്ല. കടൽ വളരെയകലെയാണു്. പിന്നെയുള്ളതു് ഹുഗ്ലിനദിയാണു്. ഹൗറാപ്പാലം കഴിഞ്ഞാൽ സ്റ്റ്രാന്റ് റോഡിലുള്ള ഗോഡൗണുകൾ നദിയെ നമ്മിൽനിന്നു് മറയ്ക്കുന്നു. പിന്നെ വളരെ ചുരുക്കമായേ നദിതന്നെ കാണൂ.

ടാജിലെ റൂഫ്ടോപ് റെസ്റ്റോറണ്ടിൽ തിരക്കു തുടങ്ങുന്നേയുള്ളു.

‘നമ്മൾ നേരത്തെയാണു്.’ വിനോദ് പറഞ്ഞു. ‘ഒരു എട്ടു മണി കഴിഞ്ഞാലാണു് ഇവിടെ തിരക്കു തുടങ്ങുക.’

ജനലിനടുത്തുള്ള മേശ തെരഞ്ഞെടുത്തു് അവർ ഇരുന്നു.

‘ഗുഡ് ഈവനിങ് സർ.’ കട്ടിയുള്ള മെന്യൂപുസ്തകം രണ്ടു പേരുടെയും മുമ്പിൽ വച്ചുകൊണ്ടു് സൂട്ടിട്ട സ്റ്റുവാർഡ് പറഞ്ഞു.

‘ഗുഡ് ഈവനിങ്.’ വിനോദ് പറഞ്ഞു. സ്റ്റുവാർഡ് പോയി.

‘ഇന്നു് നിന്റെ ദിവസമാണു്. വിശുദ്ധപുസ്തകത്തിലൂടെ സഞ്ചരിച്ചാലും, നിനക്കിഷ്ടമുള്ളവ ഓർഡർ ചെയ്താലും. ചോദ്യമില്ല, നിയന്ത്രണങ്ങളൊന്നുമില്ല.’

അവൾ ചിരിച്ചുകൊണ്ടു് മെന്യു തുറന്നു. ഓരോ വിഭവങ്ങൾക്കും എതിരെയെഴുതിയ വിലകൾ കണ്ടപ്പോൾ അവളുടെ ചിരി പെട്ടെന്നു മാഞ്ഞു. പക്ഷേ, പെട്ടെന്നുതന്നെ അവൾ സ്വയം വീണ്ടെടുത്തു. ഇതെല്ലാം തന്നെ സംബന്ധിച്ചേടത്തോളം വളരെ സാധാരണമാണു് എന്ന മട്ടിൽ അവൾ വായിക്കാൻ തുടങ്ങി. തന്റെ അങ്കിളിനു് ഒരിക്കൽപ്പോലും തന്നെ ഇങ്ങിനത്തെ റസ്റ്റോറണ്ടിൽ കൊണ്ടുപോകാൻ കഴിയില്ലെന്നു് അവൾക്കു മനസ്സിലായി. അദ്ദേഹം ഒരു ചെറിയ സ്വകാര്യകമ്പനിയിൽ അക്കൗണ്ടണ്ടായി ജോലി നോക്കുകയാണു്.

‘നിങ്ങൾ എന്താണു് കഴിക്കുന്നതു?’ അവൾ ചോദിച്ചു.

‘എനിക്കു് എന്റേതായി ചില ഫേവറിറ്റ് വിഭവങ്ങളുണ്ടു്. അവ ഓർഡർ ചെയ്യാം. നീ നിന്റെ സെലക്ഷനും. അപ്പോൾ രണ്ടു പേർക്കും രണ്ടു പേരുടെ ടേയ്സ്റ്റിനെപ്പറ്റി അറിയാമല്ലൊ. ഞാൻ ഓർഡർ ചെയ്യുന്നതു് ചിക്കൻ സൂപ്പ് വിഥ് അസ്പാരഗസ്, നീ എന്തു സൂപ്പാണു് കഴിക്കുന്നതു?’

‘എനിക്കും അതു മതി.’

‘ഓക്കെ, നാം തമ്മിൽ വൈകാരിക ഐക്യമുണ്ടു്. ഇനി? ചൈനീസ് ഓർ കോണ്ടിനെന്റൽ ഓർ മുഗ്ലായ്. നമുക്കു് എല്ലാം ട്രൈ ചെയ്യാം അല്ലെ? നോക്കട്ടെ… പോംഫ്രെറ്റ് ഫിലെ വിഥ് മയോനീസ്. ഓക്കെ, ഇനി?…’

വിനോദുതന്നെ എല്ലാം ഓർഡർ ചെയ്യുകയാണെന്നു് ആശ്വാസത്തോടെ അവൾ മനസ്സിലാക്കി. ഒന്നുകിൽ അവളുടെ വിഷമം അയാൾ മനസ്സിലാക്കിയിട്ടുണ്ടാവും. അല്ലെങ്കിൽ തനിക്കിഷ്ടമുള്ള വിഭവങ്ങൾ അവളെക്കൊണ്ടു് കഴിപ്പിക്കണമെന്നു വെച്ചിട്ടായിരിക്കാം. എന്തായാലും നന്നായി. മെന്യു അവളെ സംബന്ധിച്ചേടത്തോളം ഗ്രീക്കായിരുന്നു.

സൂപ്പ് കുടിച്ചുകൊണ്ടിരിക്കെ അവൾ പറഞ്ഞു. ‘ഇപ്പോൾ ഓർഡർ ചെയ്തതെല്ലാം വെറുതെ ഒന്നു് ടേയ്സ്റ്റ് നോക്കിയാൽത്തന്നെ മതി ഞാൻ രണ്ടു കിലോ കൂടാൻ. ഇക്കണക്കിനു പോയാൽ ആറു മാസം കൊണ്ടു് ഞാൻ സുനന്ദാജിയുടെ ഇരട്ടിയാവും.’

‘സുനന്ദാജി അടുത്ത കാലത്തായി തടി വെച്ചിട്ടുണ്ടു്.’ വിനോദ് പറഞ്ഞു. ‘ഞാൻ ഇന്നു് അവരെ കണ്ടിരുന്നു.’

‘ഇന്നു് അവരുടെ ഷൂട്ടിങ്ങുണ്ടായിരുന്നോ?’

‘ഇല്ല, നാളെയാണു് ഷൂട്ടിങ്. ഇന്നു് ഷെരട്ടനിൽ പാർട്ടിയുണ്ടായിരുന്നു.’

‘എന്തു പാർട്ടി?’

വിനോദ് ഒന്നും പറഞ്ഞില്ല. വിഷയം മാറ്റാനായി അയാൾ ചോദിച്ചു. ‘സൂപ്പ് എങ്ങിനെയുണ്ടു്?’

‘നന്നായിട്ടുണ്ടു്.’ അവൾ പറഞ്ഞു. ആദ്യത്തെ സ്പൂൺ പക്ഷേ, അവളുടെ നാവു പൊള്ളിച്ച കാര്യം അവൾ പറഞ്ഞില്ല.

‘അപ്പോൾ ഇനി വരുന്ന വിഭവങ്ങളും നിനക്കു് ഇഷ്ടമാവും.’

റസ്റ്റോറണ്ടിൽ തിരക്കു വർദ്ധിച്ചു തുടങ്ങി. അധികവും ഓഫീസ് എക്സിക്യൂട്ടീവുകളാണു്. ചിലർ വിദേശികളുടെ ഒപ്പം വന്നു.

ശരിയാണു്. വിനോദിന്റെ തെരഞ്ഞെടുപ്പു് അവൾക്കിഷ്ടമായി. വിനോദു തന്നെ ഡെസ്സർട്ടും ഓർഡർ ചെയ്തു. അതുകൂടി കഴിക്കാൻ അവളുടെ വയറ്റിൽ സ്ഥലമുണ്ടായിരുന്നില്ല.

‘നമുക്കു് പോകാം.’ വിനോദ് പറഞ്ഞു.

‘സമയമെത്രയായി?’ അവൾ ചോദിച്ചു.

‘ഒമ്പതു്.’ വിനോദ് പറഞ്ഞു. ‘നിനക്കിന്നു് വീട്ടിൽ പോകണമെന്നു് നിർബ്ബന്ധമുണ്ടോ?’

അവൾ ഒന്നും പറഞ്ഞില്ല. അങ്കിളിനോടു് നേരം വൈകിയാൽ ഡേയ്സിയുടെ വീട്ടിൽ പോകുമെന്നു് പറഞ്ഞതോർത്തു. ഡേയ്സിയുടെ വീടു് അടുത്തുതന്നെയാണു്. കൊളാബയിൽ. വേണമെങ്കിൽ പോകാം.

‘നിർബ്ബന്ധമില്ലെങ്കിൽ എന്റെ വീട്ടിൽ പോകാം.’

‘വിനോദ് എവിടെയാണു് താമസിക്കുന്നതു?’

‘ഞാൻ മലബാർ ഹില്ലിൽ. അവിടെ എട്ടാം നിലയിൽ ഒരു ഫ്ളാറ്റിൽ.’

‘ആരൊക്കെയുണ്ടു്?’

‘ഞാനും എന്റെ ഏകാന്തതയും മാത്രം.’

‘ഞാൻ വന്നാൽ നിങ്ങളുടെ റൂംമേയ്റ്റ് ഒഴിഞ്ഞുപോവില്ലെ?’

‘റൂംമേയ്റ്റോ?’

‘അതെ, മിസ്സ് സോളിറ്റിയൂഡ്?’

വിനോദ് പൊട്ടിച്ചിരിച്ചു. അവർ എഴുന്നേറ്റു.

ലിഫ്റ്റിൽവച്ചു് അവൾക്കു വീണ്ടുവിചാരമുണ്ടായി. താൻ എന്താണു് ചെയ്യുന്നതു? പറ്റില്ലെന്നു് പറയാതിരുന്ന സ്ഥിതിയ്ക്കു് വിനോദിന്റെ ഒപ്പം പോവാൻ തയ്യാറാണെന്നു സമ്മതിക്കുകയല്ലേ ചെയ്തതു്. അതു ശരിയായോ? ഒരു ഹാർഡ് ടു ഗെറ്റ് ഗെയിംകൂടിയില്ലാതെ!

താഴെ പാർക്കിങ് ലോട്ടിലെത്തിയപ്പോൾ അപർണ്ണ പറഞ്ഞു.

‘എന്നെ എവിടെയെങ്കിലും ഡ്രോപ് ചെയ്താൽ മതി. ഞാൻ ടാക്സി പിടിച്ചു പോയ്ക്കോളാം.’

‘ഇനി അതുണ്ടായതുതന്നെ.’ കാർ സ്റ്റാർട്ടാക്കുമ്പോൾ വിനോദ് ചിരിച്ചുകൊണ്ടു് പറഞ്ഞു. ‘ഒരിക്കൽ ഈ കാറിൽ കയറിയാൽ അവസാനിക്കുന്നതു് എന്റെ ഫ്ളാറ്റിൽ, എന്റെ കിടപ്പറയിൽ.’

അപർണ്ണ നിശ്ശബ്ദയായി. ഇതെല്ലാം അവൾ മുൻകൂട്ടി അറിഞ്ഞതു തന്നെയാണു്. തന്റെ യാത്രകൾ അത്ര എളുപ്പമായിരിക്കില്ലെന്നു് അവൾ മുൻകൂട്ടി അറിഞ്ഞിരുന്നതല്ലെ. ചൈനാനിയെയാണു് അവൾക്കു പേടിയുണ്ടായിരുന്നതു്. പക്ഷേ, അദ്ദേഹം ഇതുവരെ അങ്ങിനെയൊരു മുന്നേറ്റത്തിനു് ഒരുമ്പെട്ടിട്ടില്ല. അതുപോലെത്തന്നെ സുനിലും. സുനിലിനു് എത്രയോ അവസരങ്ങളുണ്ടായിരുന്നു. അയാളും അനാവശ്യമായി തന്നെ ഒന്നു് തൊട്ടിട്ടുപോലുമില്ല. എ പെർഫെക്ട് ജെന്റിൽമാൻ. ഇപ്പോൾ വിനോദാണു് ആദ്യമായി വില കൊടുക്കാൻ പറയുന്നതു്. വേണമെങ്കിൽ ഇതിൽ നിന്നു് ഒഴിവായിപ്പോകാം. പക്ഷേ, അതെത്രത്തോളം ആശാസ്യമാണു്. ഒരു ടാലന്റുമില്ലാത്ത പെൺകുട്ടിയെപ്പോലും ഒരു ദിവസംകൊണ്ടു് സൂപ്പർസ്റ്റാറാക്കാനുള്ള വിനോദിന്റെ കഴിവിനെപ്പറ്റി അവൾക്കു് ബോധ്യമാണു്. താനാകട്ടെ ചൈനാനിയുടെ ഏറ്റവും പുതിയ മെഗാമൂവിയിലെ നായികയായി അവരോധിക്കപ്പെട്ടിരിക്കുകയുമാണു്. വിനോദ് ഒരു വാക്കു് ചൈനാനിയുടെ അടുത്തു് പറഞ്ഞാൽ മതി. തന്റെ ഭാവി ബോംബെയിലെ ഗട്ടറുകളിലായിരിക്കും. എല്ലാറ്റിനുമുപരിയായി അവൾക്കു് വിനോദിനെ ഇഷ്ടമായിരുന്നു. വിനോദിന്റെ ഉള്ളിലെ കവിയെ.

മലബാർ ഹില്ലിലേയ്ക്കുള്ള കയറ്റമാണു്. ഇരുവശത്തുമുള്ള അംബര ചുംബികളെനോക്കി ഒരു സ്വപ്നത്തിലെന്ന പോലെ അവൾ സീറ്റിൽ ചാരിയിരുന്നു.

പത്തു്

രാവിലെ വീട്ടിലെത്തിയപ്പോൾ 8 മണിയായി. വിനോദ് അപർണ്ണയെ ഡ്രോപ്ചെയ്തിരുന്നു. കെട്ടിടത്തിനു മുമ്പിൽ ഒരു ഫിയാറ്റ് കാറിന്നരികെ വെള്ള യൂനിഫോമിട്ട ഒരു ചെറുപ്പക്കാരൻ നിന്നിരുന്നു. അപർണ്ണയെ കണ്ടപ്പോൾ അയാൾ അടുത്തേയ്ക്കു വന്നു.

‘മേംസാബ്, കാറു കൊണ്ടുവന്നിട്ടുണ്ടു്.’ അയാൾ താക്കോൽ നീട്ടി.

അപർണ്ണയുടെ മുഖം വികസിച്ചു. ചൈനാനി, പറഞ്ഞതുപോലെ ചെയ്തിട്ടുണ്ടു്.

‘സർവ്വീസിങ് കഴിഞ്ഞ ശേഷം കൊണ്ടുവരാമെന്നു കരുതിയാണു് ഇന്നലെ കൊണ്ടുവരാതിരുന്നതു്. ആർ. സി. ബുക്കു് ഇതാ. ടാക്സ് ഈ ക്വാർട്ടർവരെ അടച്ചിട്ടുണ്ടു്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഓഫീസിൽ പറഞ്ഞാൽ മതി.’

‘താങ്ക്യു…’ താക്കോലും ആർ. സി. ബുക്കും വാങ്ങിക്കൊണ്ടു് അവൾ പറഞ്ഞു.

‘ഞാൻ പോട്ടെ മേംസാബ്?’

‘ശരി.’

അവളുടെ കാലുകൾ നിലം തൊട്ടിരുന്നില്ല. അവൾ മുകളിലേയ്ക്കു്, അവളുടെ രണ്ടാം നിലയിലെ ഫ്ളാറ്റിലേയ്ക്കു് ഒഴുകുകയാണു്. അങ്ക്ൾ മേശക്കരികെ ഇരുന്നുകൊണ്ടു് പ്രാതൽ കഴിക്കുന്നു. അവൾ പിന്നിലൂടെ ചെന്നു് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.

‘കീ ഹോലോ കി… എന്റെ മോൾക്കു് ഇന്നു് എന്തു പറ്റി?’

അവൾ കാറിന്റെ താക്കോലും ആർ. സി. ബുക്കും അങ്കിളിന്റെ മുമ്പിൽ ഉയർത്തിക്കാണിച്ചു.

‘ഞാൻ പറഞ്ഞില്ലേ എനിക്കു കാറ് കിട്ടുമെന്നു്?’

‘നിന്റെ ഭാഗ്യം, അല്ലാതെന്തു പറയാനാണു്?’

മുപ്പതു കൊല്ലമായി ജോലിയെടുക്കുന്ന മനുഷ്യനാണു്. ഇനിയും ഒരു സ്കൂട്ടർകൂടി സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെയിതാ മരുമകൾ രണ്ടാഴ്ചകൊണ്ടു് ഫിയാറ്റ് കാറുമായി നടക്കുന്നു. അവൾക്കു നല്ലതു വരട്ടെ.

കാറുംകൊണ്ടു് എവിടെയൊക്കെ പോകണമെന്നു് പരിപാടിയിടുകയായിരുന്നു അപർണ്ണ. ഡെയ്സിയുടെ വീട്ടിൽ പോകണം. ഇന്നു് ഞായറാഴ്ചയായതുകൊണ്ടു് അവൾ വീട്ടിലുണ്ടാവും. മറ്റു സ്നേഹിതകളുടെ അടുത്തു് കാറും കൊണ്ടു് ധാടി കാണിക്കാൻ പോകാൻ അവൾക്കു തോന്നിയില്ല. അവരെല്ലാം അവളെക്കാൾ താഴ്‌ന്ന സ്ഥിതിയിലുള്ളവരാണു്. താൻ ചെയ്യുന്നതു് ശരിയല്ല. മാത്രമല്ല ചൈനാനിയുടെ ജോലി കിട്ടിയശേഷം അപർണ്ണ അവരെയെല്ലാം ഒഴിവാക്കുകയും ചെയ്തിരുന്നു. ഒരു തരം സ്റ്റാറ്റസ് കോൺഷസ് ആയിരിക്കുന്നു അവൾ. ചൈനാനിയും സൂചിപ്പിച്ചതു് അതുതന്നെയായിരുന്നു. ഡെയ്സിയുടെ വീട്ടിൽ നിന്നു് ഷൂട്ടിങ് നടക്കുന്നിടത്തു പോകണം. ഇന്നു് ജുഹുബീച്ചിൽ ത്തന്നെയാണു് ഷൂട്ടിങ്. കുറേ സ്റ്റണ്ട് സീനുകളാണെന്നു് വിനോദ് പറഞ്ഞിരുന്നു. അതെങ്കിൽ അതു്. ചൈനാനിയുടെ ടീമുമായി അടുത്ത ബന്ധമുണ്ടെന്നു കാണിക്കുന്നതു് തനിക്കു നല്ലതുതന്നെയാണു്. തന്റെ ഇമേജിനെ അനുകൂലമായി ബാധിക്കുന്നതാണതു്.

അവൾ ഫോൺ ചെയ്യാനായി താഴേയ്ക്കു പോയി. ഡെയ്സി വീട്ടിലില്ല. അവളുടെ അമ്മയാണു് ഫോണെടുത്തതു്. മോൾ ഒരു കല്ല്യാണത്തിൽ പങ്കുകൊള്ളാനായി പോയിരിക്കയാണു്. ഇനി വൈകീട്ടേ തിരിച്ചെത്തൂ. തന്റെ ആദ്യത്തെ പരിപാടി നടക്കില്ല. അവൾക്കു് അല്പം നിരാശത തോന്നി. കാറും കൊണ്ടു് ആദ്യമായി പോകാൻ പറ്റിയ സ്ഥലമായിരുന്നു. പോട്ടെ സാരമില്ല. ഇനി ജുഹു ബീച്ചിലേയ്ക്കു പോകാം. അവൾ വിനോദിന്റെ നമ്പർ കറക്കി. ഒരുപക്ഷേ, തന്നെ ഡ്രോപ് ചെയ്തശേഷം വിനോദ് പോയതു് ഷൂട്ടിങ്ങിനായിരിക്കും. അങ്ങിനെ എന്തോ പറഞ്ഞ ഒരോർമ്മ. വിനോദ് എന്താണു് പറഞ്ഞതെന്നു് ശ്രദ്ധിക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിലായിരുന്നില്ല അപർണ്ണ. തലേന്നു രാത്രിയിൽ ഉണ്ടായ സംഭവങ്ങൾ അവളുടെ മനസ്സിനെ മറ്റൊന്നും ചിന്തിക്കാനാവാത്തവിധം കീഴ്പ്പെടുത്തിയിരുന്നു. വിനോദ് നല്ലൊരു കാമുകനായിരുന്നു. അപർണ്ണയുടെ ആദ്യത്തെ കാമുകൻ.

ചെറിയൊരു അപാർട്മെന്റ്. ഒരു സിറ്റിങ്റൂം, അതിൽ ഒരു ത്രീപീസ് സോഫ. ഒരരുകിൽ ഉയരം നന്നെ കുറഞ്ഞ ദിവാൻ. ദിവാനും സോഫയ്ക്കുമിടയിൽ കടും ചുവപ്പിൽ മഞ്ഞയും പച്ചയും നെയ്തു പിടിപ്പിച്ച ഭംഗിയുള്ള പരവതാനി. സിറ്റിങ് റൂം അവസാനിക്കുന്നതു് ചെറിയൊരു അടുക്കളയിൽ. സിറ്റിങ് റൂമിനും അടുക്കളയ്ക്കുമിടയിൽ മൂന്നടി പൊക്കമുള്ള ഒരു തിണ്ണ മാത്രം. മറ്റൊരു വാതിൽ നയിക്കുന്നതു് കിടപ്പറയിലേയ്ക്കാണു്. കിടപ്പറയിലെ ചുവരുകളിൽ മങ്ങിക്കത്തുന്ന ചിത്രവിളക്കുകൾ, അവയ്ക്കിടയിൽ തെളിമയുള്ള വലിയ പ്രിന്റുകൾ. അവയിൽ അങ്ഗ്രെയുടെ ടർക്കിഷ് ബാത്തുണ്ടു്, റെനുവറുടെ ബാത്തർ ഉണ്ടു്, ബൗഷെയുടെ അവൾക്കു് പേരറിയാത്ത നഗ്നചിത്രമുണ്ടു്. ഓ. മർഫിയാണോ? നല്ല അഭിരുചിയുള്ള മനുഷ്യൻ. അല്പം നഗ്നത ഇഷ്ടപ്പെടുന്നുവെന്നു മാത്രം. പക്ഷേ, കിടപ്പറയിൽ അല്പം നഗ്നതയായാൽത്തന്നെ എന്താണു് കുഴപ്പം?

വിനോദ് ഒരു ധൃതിയും കാണിച്ചില്ല. ചെന്ന ഉടനെ അയാൾ തന്റെ സ്റ്റീരിയോ ഓണാക്കി. ചൈനാനിയെപ്പോലെ വിനോദും ചെറിയ ശബ്ദത്തിൽ സംഗീതം ആസ്വദിക്കുന്നതിഷ്ടപ്പെട്ടു. അപർണ്ണയ്ക്കറിയാത്ത പാട്ടുകളായിരുന്നു അവ. അപർണ്ണ പാശ്ചാത്യഗാനങ്ങൾ അധികം കേട്ടിരുന്നില്ല. ഇനി കേട്ടു തുടങ്ങണമെന്നു് അവൾ തീരുമാനിച്ചു. താൻ സമുദായത്തിന്റെ മേൽത്തട്ടിലേയ്ക്കു് കുതിച്ചു കയറുകയാണു്. അപ്പോൾ അതിനനുസരിച്ചു് തന്റെ അഭിരുചികളിലും മാറ്റമുണ്ടാവണം.

‘കുടിക്കാൻ?…’ അയാൾ ചോദിച്ചു.

ഒന്നും വേണ്ടെന്നു് അവൾ തലയാട്ടി. പക്ഷേ, അഞ്ചു മിനിറ്റിനുള്ളിൽ വിനോദ് രണ്ടു ഗ്ലാസ്സുമായി വന്നു. അവൾ അല്പം കുടിച്ചു നോക്കി. നേരിയ മധുരമുണ്ടു്.

‘വൈൻ?’

‘അല്ല ജിൻടോണിക്ക്.’ വിനോദ് പറഞ്ഞു. ‘നല്ലതാണു് കുടിച്ചു നോക്കു. ചീയേഴ്സ്.’

അവൾ ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചു.

വിനോദ് സംസാരിക്കുകയാണു്. പിന്നെപ്പിന്നെ അയാൾ അവളുടെ കൈപിടിച്ചു സംസാരിക്കാൻ തുടങ്ങി. വളരെ സാവധാനത്തിൽ അയാൾ പുരോഗമിച്ചു. എന്തുകൊണ്ടോ തന്റെ അതിഥിയായി വന്ന പെൺകുട്ടി തീരെ അനുഭവ സമ്പന്നയല്ലെന്നു് അയാൾക്കു് തോന്നിയിരുന്നു. സ്വന്തം പരിചയക്കേടു് അയാളിൽ നിന്നു് മറച്ചു വെയ്ക്കാനുള്ള അവളുടെ ശ്രമങ്ങളും അയാൾ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു് അയാൾ പരമാവധി ദയാപൂർവ്വം അവളോടു് പെരുമാറി.

അയാൾ നല്ലൊരു കാമുകനായിരുന്നു.

അപർണ്ണ ഒരുറക്കം കഴിഞ്ഞു് എഴുന്നേറ്റപ്പോഴും ഹാളിൽ സംഗീതമുണ്ടായിരുന്നു. ‘സംതിങ്ങീസ് ഹാപ്പെനിങ് ടു മി…’ വിനോദ് തൊട്ടടുത്തുതന്നെ കിടക്കുകയാണു്. തന്റെ വസ്ത്രങ്ങൾ എവിടെപ്പോയി എന്നു് അവൾ അദ്ഭുതപ്പെട്ടു. എപ്പോൾ, എങ്ങിനെയാണവ നഷ്ടപ്പെട്ടതു? വിനോദും ഒട്ടും മെച്ചമല്ലാത്ത അവസ്ഥയിലായിരുന്നു.

ഓർമ്മയിൽ അപർണ്ണ ചിരിച്ചു. വിനോദിനെ ഫോൺ ചെയ്തിട്ടു് കാര്യമില്ലെന്നു് അവൾ തീർച്ചയാക്കി. നേരിട്ടു് പോവാം. ബീച്ചിൽ ഹോട്ടൽ ഹൊറൈസന്റെ മുമ്പിലാണു് ഷൂട്ടിങ് എന്നാണു് പറഞ്ഞതു്. അവൾ വീട്ടിൽ പോയി കാറിന്റെ താക്കോലെടുത്തു് താഴേയ്ക്കിറങ്ങി.

കാർ നല്ല കണ്ടിഷനിലായിരുന്നു. അധികം പഴക്കമില്ല. ഏറിയാൽ രണ്ടു വർഷം. എഴുപത്തൊന്നോ എഴുപത്തി രണ്ടോ മോഡലാണു്. അവൾ ജുഹുവിലേയ്ക്കു തിരിച്ചു. ജുഹു ബീച്ചെത്തിയപ്പോൾത്തന്നെ അവൾ ദൂരെ തിരക്കു കണ്ടു. അവൾ നിർത്തിയില്ല. ഹൊറൈസനിൽ കാറ് പാർക്ക് ചെയ്തു് ഹോട്ടലിലൂടെ ബീച്ചിലേയ്ക്കിറങ്ങാം.

ഷൂട്ടിങ് ശരിക്കും ഹൊറൈസന്റെ പിന്നിൽത്തന്നെ ആയിരുന്നു. അവൾ സ്വിമ്മിങ്പൂളിനരുകിലൂടെ നടന്നു് പടികൾ ഇറങ്ങി ബീച്ചിലെ മണലിലൂടെ നടന്നു. ഒരു ഹെലിക്കോപ്ടർ മുകളിൽ കറങ്ങുന്നുണ്ടു്. വിനോദ് നടന്നുകൊണ്ടു് ഹെലിക്കോപ്ടർ നോക്കി എന്തോ ആംഗ്യം കാണിക്കുന്നു. ഒരു മോട്ടോർ ബോട്ട് കരയിൽനിന്നു് അതിവേഗത്തിൽ പായാൻ തുടങ്ങി. പിന്നാലെ കാമറയുമായി മറ്റൊരു ബോട്ടും. മുമ്പിൽ പോയ ബോട്ടിൽ ഒരു സംഘട്ടനം നടക്കുകയാണു്. അപർണ്ണ വരുന്നതു് വിനോദ് കണ്ടു. അയാൾ കൈവീശി, ഉടനെ തിരിഞ്ഞു് നിർദ്ദേശങ്ങൾ കൊടുക്കുന്ന ജോലിയിലേർപ്പെടുകയും ചെയ്തു. മുകളിൽ കറങ്ങിയിരുന്ന ഹെലിക്കോപ്ടർ ഇപ്പോൾ വളരെ താഴെയാണു്. അതിൽനിന്നു് ഒരാൾ താഴേയ്ക്കു ചാടാനായി ഒരുങ്ങുന്നു. ബോട്ട് ഏകദേശം അടുത്തെത്തിയിരുന്നു. പെട്ടെന്നാണതുണ്ടായതു്. എന്തോ കാരണം കൊണ്ടു് ഹെലിക്കോപ്ടർ പൊന്തുകയും ഏകദേശം അമ്പതടി ഉയരത്തിലെത്തിയപ്പോൾ ചാടാനുദ്ദേശിച്ച ആൾ പിടുത്തം വിട്ടു് വീഴുകയും ചെയ്തു. അയാൾ കുത്തനെ താഴേയ്ക്കു് വീഴുകതന്നെയാണു്. സിനിമയിൽ ഉദ്ദേശിച്ച മാതിരിയല്ല സംഭവം നടന്നതെന്നു് സ്പഷ്ടം. വിനോദ് തലയിൽ കൈവെയ്ക്കുന്നതു് അപർണ്ണ കണ്ടു. കരയിൽനിന്നവർ ഒന്നായി ആർക്കുകയായിരുന്നു. ബോട്ടുകൾ പെട്ടെന്നു് തിരിച്ചു് അയാൾ വീണ സ്ഥലത്തേയ്ക്കു കുതിച്ചു. എന്താണു് സംഭവിക്കുന്നതെന്നു വ്യക്തമല്ല.

വിനോദ് ക്ഷോഭിക്കുകയായിരുന്നു. അയാൾ ജോലിയിൽ വേണ്ടത്ര ശ്രദ്ധിക്കാതെ അപകടമുണ്ടാക്കിയതിൽ. അയാൾ കാരണം ഷൂട്ടിങ് നിർത്തേണ്ടി വന്നതിൽ. ‘ഒരു ഞായറാഴ്ചത്തെ വിശ്രമം കളഞ്ഞാണു് ഞാൻ വന്നതു്. അതിങ്ങനെ നശിപ്പിക്കാനാണു്…’

ബോട്ട് ഇപ്പോൾ അയാളെയുമെടുത്തു് കരക്കെത്തിയിരുന്നു. ആൾക്കാർ കൂട്ടം കൂടുകയാണു്. അയാൾക്കു് ബോധമുണ്ടായിരുന്നില്ല. ആരൊക്കെയോകൂടി അയാളെ പൊക്കിയെടുത്തു് കരയിലേയ്ക്കു കൊണ്ടു പോകുകയാണു്. വിനോദ് അനങ്ങുന്നില്ല. അപർണ്ണ അയാളുടെ അടുത്തു ചെന്നു. അയാൾ അപ്പോഴും ശാപവചനങ്ങൾ പൊഴിക്കുകയാണു്. അവൾ അയാളെ നോക്കിക്കൊണ്ടു നിന്നു. എന്തുകൊണ്ടോ അവിടെ നിന്നു് പോകാനാണു് അപർണ്ണയ്ക്കു് തോന്നിയതു്.

കാർ സ്റ്റാർട്ടാക്കിയപ്പോൾ എങ്ങോട്ടു പോകണമെന്നു് അവൾക്കു ധാരണയുണ്ടായിരുന്നില്ല. അവൾക്കു് ഒരല്പം ആശ്വാസം കിട്ടണം. തന്റെ കൺമുമ്പിൽവച്ചു് ഒരു വലിയ അപകടമുണ്ടായിരിക്കുന്നു. നിസ്സഹായനായ ഒരു മനുഷ്യൻ ഇപ്പോൾ മരണത്തോടു് മല്ലിടുകയാണു്. അവൾ പെട്ടെന്നു് സുനിലിനെ ഓർത്തു. അയാൾ അടുത്തു തന്നെയാണു് താമസിക്കുന്നതു്. അവൾ കാർ ഇടത്തോട്ടു് തിരിച്ചു.

സുനിൽ മൽഹോത്ര വീട്ടിൽത്തന്നെയുണ്ടായിരുന്നു. അപർണ്ണയെ കണ്ടപ്പോൾ പെട്ടെന്നു് അയാളുടെ മുഖത്തു് പരിഭ്രമമായി. അയാൾ വാതിൽ പിടിച്ചുകൊണ്ടു് നിൽക്കുകയാണു്.

‘മേ ഐ കമിൻ?’

‘ഓ ഷുവർ…’ സുനിൽ ചിരിച്ചുകൊണ്ടു് പറഞ്ഞു. ഞാൻ വേറെ എന്തോ ആലോചിക്കുകയായിരുന്നു. ‘എന്തൊക്കെയാണു് വിശേഷങ്ങൾ?’

കുറച്ചു നേരത്തെയുണ്ടായ അപകടത്തെപ്പറ്റി അവൾ സുനിലിനോടു് പറഞ്ഞു. അയാൾ പെട്ടെന്നു് എഴുന്നേറ്റു കൊണ്ടു് പറഞ്ഞു.

‘വരൂ നമുക്കു് പോകാം.’

‘എവിടേയ്ക്കാണയാളെ കൊണ്ടുപോയതെന്നറിയില്ല.’

‘നാനാവതിയിലേക്കായിരിക്കും. വരൂ.’

അവർ താഴത്തിറങ്ങി.

‘ഇതാണു് നിന്റെ വണ്ടി, അല്ലെ?’

‘അതെ.’ കാറിന്റെ വാതിൽ തുറന്നുകൊണ്ടു് അവൾ പറഞ്ഞു.

‘നിതിൻ എന്നോടു് പറഞ്ഞിരുന്നു.’ വാതിൽ തുറന്നു് മുമ്പിൽ കയറിയിരിക്കുമ്പോൾ സുനിൽ പറഞ്ഞു. അവൾക്കു് സുനിലിന്റെ ഭാരം അറിയുന്നുണ്ടായിരുന്നു. വിനോദ് അടുത്തിരിക്കുമ്പോൾ അറിയുകയേ ഇല്ല. അയാൾ 5–8 ഉയരം, കവിഞ്ഞാൽ 60 കിലോ ഉണ്ടാവും. സുനിൽ അയാളുടെ ആറടി ഒരിഞ്ച് ഉയരത്തിനനുസരിച്ചുള്ള തടി നോക്കിയാൽ 90 കിലോയെങ്കിലും കാണും.

നാനാവതിയിലെ കാഷ്വൽറ്റിയിൽ ഒരു സ്റ്റ്രെച്ചറിൽ അയാളുടെ ശവശരീരം കിടത്തിയിരുന്നു. സുനിൽ അയാളെ മൂടിയ തുണി മാറ്റിനോക്കി. ഉടനെ മൂടുകയും ചെയ്തു.

‘പാവം.’

കുറച്ചപ്പുറത്തായി മരിച്ച നടന്റെ ബന്ധുക്കൾ വിങ്ങിപ്പൊട്ടിക്കൊണ്ടു് നിൽക്കുന്നുണ്ടായിരുന്നു. ചുമരിന്നരികിൽ ഒരു മെലിഞ്ഞ സ്ത്രീ കിടന്നിരുന്നു. സുനിൽ അവരുടെ അടുത്തേയ്ക്കു് ചെന്നു.

‘വ്യസനമുണ്ടു്. എന്താ ചെയ്യ്വാ. ഇങ്ങിനെയൊന്നും വരുമെന്നു് ആരും കരുതീട്ടില്ലല്ലോ. സാബിനോടു് പറഞ്ഞു് വേണ്ടതെല്ലാം ചെയ്യാം.’

അയാൾ പോക്കറ്റിൽ നിന്നു് രണ്ടോ മൂന്നോ നൂറിന്റെ നോട്ടുകൾ എടുത്തു് അതിലൊരാൾക്കു കൊടുത്തു.

‘ഇപ്പോൾ വേണ്ടതെല്ലാം ചെയ്യൂ.’

തിരിച്ചു് കാറിൽ കയറിയപ്പോൾ സുനിൽ പറഞ്ഞു.

‘എന്താണു് ചെയ്യുക, പാവം. ഒരു കുടുംബം വഴിയാധാരമായി.’

അപർണ്ണ വിനോദിനെ ഓർത്തു. അയാളുടെ മനോഭാവത്തെപ്പറ്റി സുനിലിനോടു് പറഞ്ഞാലോ എന്നു് ഓർത്തു. പക്ഷേ, സുനിലിനു് നല്ലവണ്ണം അറിയുന്നതുതന്നെയായിരിക്കണം അതു്. അവൾ ഒന്നും പറഞ്ഞില്ല.

അപർണ്ണ വീട്ടിലെത്തിയപ്പോൾ പന്ത്രണ്ടു മണി കഴിഞ്ഞു. അവൾ തളർന്നിരുന്നു. രാവിലെയുണ്ടായ സംഭവം മനസ്സിൽനിന്നു് എടുത്തു മാറ്റാൻ തോന്നുന്നില്ല. ഈ അഭ്യാസികളെല്ലാം ഡ്യൂപ്പുകളായി അഭിനയിക്കുന്നവരാണു്. നായകനും മറ്റു പ്രധാനപ്പെട്ട നടന്മാർക്കും വേണ്ടി സാഹസികമായ കാര്യങ്ങൾ ചെയ്യുക. അവരുടെ മുഖമോ, പേരോ വെള്ളിത്തിരയിൽ വരുന്നില്ല. അവരെ ആരും അറിയുന്നുമില്ല. അവർക്കു കിട്ടുന്നതു് ദിവസക്കൂലിയാണു്, അല്ലെങ്കിൽ ഒരു കരാർ തുക. അതു കഴിഞ്ഞാൽ കഴിഞ്ഞു.

അവൾ കുളിച്ചു് ഊണുകഴിക്കാനിരുന്നു. ഒന്നും കഴിക്കാൻ തോന്നുന്നില്ല. അങ്ക്ൾ ഓരോന്നു് ചോദിക്കുന്നുണ്ടായിരുന്നു. അവൾ അപകടത്തെപ്പറ്റി പറഞ്ഞു.

‘സാരമില്ല മോളെ, അങ്ങിനെയൊക്കെയുണ്ടാവും. നീ വേവലാതിപ്പെട്ടിട്ടു് എന്തു കാര്യം?’

അവൾ ഊണു കഴിച്ചെന്നു വരുത്തി പോയി കിടന്നു.

ഉറക്കമെഴുന്നേറ്റപ്പോൾ നാലു മണി. അങ്ക്ൾ ഹരേകൃഷ്ണ ക്ഷേത്രത്തിലേയ്ക്കു പോയിരുന്നു. ചായ കുടിച്ചു കൊണ്ടു് അവൾ അന്നത്തെ വർത്തമാനപത്രം നോക്കി. അന്നു് പത്രം കണ്ടിട്ടേയില്ല. രണ്ടാമത്തെ പേജ് തുറന്നതും അവൾ വാ പൊളിച്ചുകൊണ്ടു് ഇരുന്നുപോയി. മുകളിൽ കൊടുത്ത ചിത്രത്തിനു താഴെ കൊടുത്ത റിപ്പോർട്ടു വായിച്ചുകൊണ്ടിരിക്കേ അവളുടെ മുഖത്തെ ചോരയോട്ടം നിന്നതായി തോന്നി. തലയുടെ പിന്നിൽനിന്നു് ശൈത്യം കയറി മുഖത്തേയ്ക്കു പടരുന്നപോലെ. അവൾ വീണ്ടും ചിത്രം നോക്കി. പത്രം വലിച്ചെറിഞ്ഞു് അവൾ മേശമേൽ തലവെച്ചു് കരയാൻ തുടങ്ങി.

പതിനൊന്നു്

രേണു പുറത്തേയ്ക്കു പോയതായിരുന്നു. അവൾ വന്നപ്പോഴേയ്ക്കും അപർണ്ണ ഒരുമാതിരി മനസ്വാസ്ഥ്യം വീണ്ടെടുത്തു. വലിച്ചെറിഞ്ഞ പത്രം വീണ്ടുമെടുത്തു് ചിത്രം ഒരിക്കൽക്കൂടി സൂക്ഷ്മമായി നോക്കി. ചൈനാനിയുടെ കൈകൾ സുനന്ദയുടെ അരക്കെട്ടിലാണു്. തൊട്ടടുത്തു് നിൽക്കുന്നതു് ഡയറക്ടർ വിനോദ് ചന്ദാനി, അതിനുമപ്പുറത്തു് സുനിൽ മൽഹോത്ര. ചൈനാനിയുടെ ഇടത്തു വശത്തായി പി. ആർ. ഓ. മദൻ സിങ്ങ്, പിന്നിലായി ചൈനാനിയുടെ പേഴ്സനൽ അസിസ്റ്റന്റ് രഞ്ജിനി. താഴെ വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു. ചൈനാനിയുടെ മൾട്ടിസ്റ്റാറർ മെഗമൂവിയിൽ നായിക സുനന്ദ തന്നെ.

അപ്പോൾ…അപ്പോൾ വിനോദ് ഇന്നലെത്തന്നെ അറിഞ്ഞിരിക്കുന്നു. തന്റെ ഒപ്പം ഡിന്നർ കഴിക്കുമ്പോഴും, പിന്നെ അയാളുടെ ഫ്ളാറ്റിൽ വച്ചു് തന്റെ ഒപ്പം കിടക്കുമ്പോഴും ഒക്കെ വിനോദിന്റെ കൈയ്യിൽ ഈ അറിവു്, തന്നെ തിരസ്കരിച്ച വിവരം ഉണ്ടായിരുന്നു. എന്തുകൊണ്ടയാൾ അതു് തന്നോടു് പറഞ്ഞില്ല. അതുപോലെ സുനിലും അതെ, രാവിലെ കണ്ടപ്പോൾ തന്നോടു് ഒന്നും പറഞ്ഞില്ല. ഇതു് തന്നെ എത്രത്തോളം ബാധിക്കുന്ന കാര്യമാണെന്നു് ആരെക്കാളും നന്നായി അറിയുന്ന ആളാണു് സുനിൽ മൽഹോത്ര. ഒരുപക്ഷേ, രാവിലെയുണ്ടായ അപകടം കാരണം അയാൾ സംസാരിക്കാനുള്ള അവസ്ഥയിലായിരുന്നില്ല. സുനിലിനെ കുറ്റക്കാരനാക്കാൻ അവൾക്കു് തോന്നുന്നില്ല. മറിച്ചാണു് വിനോദിന്റെ സ്ഥിതി. അയാൾക്കു് പറയാമായിരുന്നു.

അതുപോലെ ചൈനാനിക്കും തന്നെ വിളിച്ചു് സംസാരിക്കാമായിരുന്നു. എന്തെങ്കിലും കാരണം പറഞ്ഞു്, അതു കൊണ്ടു് താൻ സുനന്ദയെത്തന്നെ നായികയാക്കുകയാണെന്നു് പറഞ്ഞാൽ മതിയായിരുന്നു. അങ്ങിനെയായിരുന്നെങ്കിൽ തനിക്കു് ഇപ്പോഴത്തെ അത്ര വിഷമമുണ്ടാവില്ലായിരുന്നു. ഇപ്പോൾ താൻ ശരിക്കും തഴയപ്പെട്ടപോലെ തോന്നുകയാണു്.

അവൾ പുറത്തേയ്ക്കിറങ്ങി. ഫോൺ ചെയ്യണം. മിസ്സിസ്സ് പാണ്ഡേയുടെ വീട്ടിൽ നിന്നു് ഈവക കാര്യങ്ങൾ സംസാരിക്കാൻ വയ്യ. ഏതെങ്കിലും ബൂത്തിൽത്തന്നെ പോകണം. അങ്ക്ൾ ബുക്കു ചെയ്ത ഫോൺ എപ്പോഴാണാവോ കിട്ടാൻ പോകുന്നതു്.

വിനോദ് വീട്ടിലുണ്ടായിരുന്നു. അപർണ്ണയുടെ പ്രശ്നങ്ങൾ അയാൾക്കു് മനസ്സിലാവുന്നില്ല. അയാളെ ബാധിക്കുന്നില്ലെന്നു പറയുകയാവും ഭംഗി. അവൾ ചോദിച്ചു.

‘എന്തുകൊണ്ടതു് തലേന്നു പറഞ്ഞില്ല?’

‘എന്തിനു് നല്ലൊരു സായാഹ്നം നശിപ്പിക്കണം.’ അയാൾ മറുപടി പറഞ്ഞു. അപർണ്ണ നിശ്ശബ്ദയായി.

പുതിയ സിനിമയിൽ നായികയാവുമെന്നൊക്കെ താൻ പറഞ്ഞതു് കേട്ടു തലകുലുക്കിയപ്പോഴെല്ലാം അയാൾക്കു് അറിയാമായിരുന്നു അന്നു് ഉച്ചയ്ക്കുതന്നെ ഈ പെണ്ണിന്റെ വിധി നിർണ്ണയിക്കപ്പെട്ടു എന്നു്. അയാൾ ഉള്ളിന്റെ ഉള്ളിൽ ചിരിച്ചിട്ടുണ്ടാവും. അപർണ്ണ അമർഷത്തോടെ വിചാരിച്ചു.

‘ഇനി എപ്പോഴാണു് കാണുന്നതു? നാളെ ബീച്ചിൽത്തന്നെയാണു് ഷൂട്ടിങ്. വരുന്നോ?’

‘ഇല്ല.’ അവൾ ഫോൺ വെച്ചു.

അവൾ സുനിലിന്റെ നമ്പർ കറക്കി. ഭാഗ്യത്തിനു് അയാൾ വീട്ടിലുണ്ടായിരുന്നു.

‘ഇതു ഞാനാണു് അപർണ്ണ.’

‘അപർണ്ണാ, എന്തു വിശേഷം, പറയൂ.’

‘എന്തു വിശേഷം. നിങ്ങളൊക്കെക്കൂടി എന്നെ തഴഞ്ഞു അല്ലെ?.’

സുനിൽ നിശ്ശബ്ദനായി. അവൾ തുടങ്ങി. തുടങ്ങിയെന്നു പറയുന്നതു് വളരെ സൗമ്യമായ വാക്കായിരുന്നു. ഒരുതരം ബോംബാക്രമണമായിരുന്നു അതു്. സുനിൽ എല്ലാം കേട്ടിരുന്നു. ഒരക്ഷരം ഉരിയാടലുണ്ടായില്ല. കുറേ നേരം പറഞ്ഞു കഴിഞ്ഞപ്പോൾ തന്റെ ആയുധങ്ങളെല്ലാം തീർന്നെന്നു് അപർണ്ണയ്ക്കു മനസ്സിലായി. അവൾ നിർത്തി.

‘എല്ലാം പറഞ്ഞു കഴിഞ്ഞോ.’ സുനിൽ ശാന്തനായി ചോദിച്ചു. അപർണ്ണ ഒന്നും പറയാതെ റിസീവർ പിടിച്ചുകൊണ്ടു് നിന്നു. അവളുടെ കവിളിൽക്കൂടി കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.

‘ഒരു കാര്യം അപർണ്ണ മനസ്സിലാക്കണം. എനിക്കു് നിന്നെ ഇഷ്ടമാണു്. ഈ വക ശകാരങ്ങളൊന്നും ആ സ്നേഹത്തെ ബാധിക്കില്ല. ഞാനിന്നലെ രണ്ടു വട്ടം നിന്നെ വിളിക്കാൻ ശ്രമിച്ചു. നീ ഡിന്നറിനു പോയതാണെന്നു പറഞ്ഞു. പിന്നെ ഇന്നു രാവിലെയും വിളിച്ചു. അപ്പോഴും നീ ഉണ്ടായിരുന്നില്ല. പിന്നെ നീ അറിഞ്ഞിട്ടുണ്ടാവുമെന്നു് കരുതി. കാരണം ഇന്നത്തെ പേപ്പറിൽ, ഒരുമാതിരി എല്ലാ പേപ്പറിലും ഈ വാർത്ത വളരെ വലുതായി വന്നിരുന്നു. നീ എന്റെ വീട്ടിൽ വന്നപ്പോൾ ബീച്ചിലെ അപകടമല്ലാതെ മറ്റൊരു വിഷമവും നിന്റെ മുഖത്തു് കണ്ടില്ല. അപ്പോൾ നീ സംഗതികളുമായി പൊരുത്തപ്പെട്ടിട്ടുണ്ടാവുമെന്നു് ഞാൻ കരുതി.’

അപർണ്ണ ഒന്നും പറയാതെ ഫോൺ പിടിച്ചു കൊണ്ടു് നിൽക്കുക തന്നെയാണു്. സുനിൽ തുടർന്നു.

‘ഇനി നീ പറയൂ, എന്റെ തെറ്റെന്താണെന്നു്.’

ഒരു ദീർഘനിശ്വാസത്തിനുശേഷം അവൾ സംസാരിച്ചു.

‘എന്താണു് ഇങ്ങിനെയൊക്കെ വരാൻ?’

‘ആ ശവം ഇല്ലേ, സുനന്ദ, അതിന്റെ പണിയാണു്. ദാറ്റ് ബിച്ച്…’

‘ഐയാം സോറി സുനിൽ.’

‘നെവർ മൈന്റ് ഡിയർ. എല്ലാം വഴിയേ ശരിയാവും. നീ ഒരു സൂപ്പർ സ്റ്റാറാകും…’ കുറച്ചു നേരത്തെ മൗനത്തിനു ശേഷം അയാൾ തുടർന്നു. ‘നിന്നെ ഞാനൊരു സൂപ്പർസ്റ്റാറാക്കും.’

‘ഞാനൊന്നു് ചൈനാനി സാബിനെ കണ്ടാലോ?’

‘നിതിനെ ഇടയ്ക്കിടക്കു് കാണുന്നതു് നല്ലതാണു്. നിതിനു് അതിഷ്ടമാണു്.’

‘ഞാൻ ഒറ്റയ്ക്കു പോയാൽ മതിയോ?’ പെട്ടെന്നവൾക്കു് ധൈര്യക്ഷയമുണ്ടായി. ഇന്നലെവരെ താൻ ലോകത്തിന്റെ മുകളിലാണെന്നവൾക്കു തോന്നിയിരുന്നു. ഇന്നു് പെട്ടെന്നു് വീഴ്ച സംഭവിച്ചിരിക്കയാണു്. ആ അറിവുമായി അവൾക്കു് പൊരുത്തപ്പെടാൻ കഴിയുന്നില്ല.

‘മതി.’ സുനിൽ പറഞ്ഞു.

പന്ത്രണ്ടു്

ചൈനാനി തിരക്കിലായതുകൊണ്ടു് അപർണ്ണയ്ക്കു് കാത്തു നിൽക്കേണ്ടി വന്നു. രാവിലെ പത്തു മണി കഴിഞ്ഞു് ചെല്ലാനാണു് ചൈനാനിയുടെ പി. എ.-യായ രഞ്ജിനി ഫോണിൽ പറഞ്ഞിരുന്നതു്. പക്ഷേ, ഇപ്പോൾ പത്തേപത്തായിരിക്കുന്നു.

‘തിരക്കിലാണു്, ഇരിക്കൂ.’ അവൾക്കിരിക്കാനായി മുറിയിലിട്ട സോഫ ചൂണ്ടിക്കാട്ടി രഞ്ജിനി പറഞ്ഞു. ഒരു പത്തു മിനുറ്റ് അങ്ങിനെ ഇരുന്നപ്പോഴാണു് അപർണ്ണയ്ക്കു് ചൈനാനിയുടെ പി. എ. ആവുകയെന്നതിന്റെ വ്യാപ്തി മനസ്സിലായതു്. ഒരു സെക്കന്റ് അവർക്കു് വെറുതെയിരിക്കാൻ പറ്റുന്നില്ല. ഒന്നുകിൽ വരുന്ന ഫോൺ സന്ദേശങ്ങൾ, അല്ലെങ്കിൽ അവൾ ഫോൺ കറക്കിക്കൊണ്ടിരിക്കും. സംസാരിക്കുന്നതു മുഴുവൻ ചൈനാനിയുടെ പരിപാടികളെപ്പറ്റി. അതിനിടയ്ക്കു് തിരിഞ്ഞിരുന്നു് ഇലക്ട്രിക് ടൈപ് റൈറ്ററിൽ ടൈപ്പു ചെയ്യുന്നു. അല്ലെങ്കിൽ ടെലിപ്രിന്ററിൽ സന്ദേശങ്ങൾ അയയ്ക്കുന്നു, സ്വീകരിക്കുന്നു. ഇടയ്ക്കു് ആരെങ്കിലും വന്നാൽ ഒരു ചിരിയോടെ അവരെ അഭിമുഖീകരിക്കുന്നു. വളരെ വിനയമുള്ള പെരുമാറ്റം. അപർണ്ണയ്ക്കു് ബഹുമാനം തോന്നി.

ചൈനാനിയുടെ വാതിൽ തുറന്നു് സുനന്ദ പുറത്തു വന്നു. പെട്ടെന്നു് അപർണ്ണയുടെ മുഖത്തേയ്ക്കു് ചോരയിരച്ചു കയറി. തലയുടെ പിന്നിൽ നിന്നു് ശൈത്യം മുഖത്തേയ്ക്കു് യാത്ര തുടങ്ങുന്നു. സുനന്ദ നേരെ പോകുമെന്നാണു് അവൾ കരുതിയതു്. പക്ഷേ, അവർ വലത്തോട്ടു തിരിഞ്ഞു് പി. എ.-യുടെ മുറിയിലേയ്ക്കു് കടന്നു.

രഞ്ജിനി എഴുന്നേറ്റു നിന്നു.

‘നമസ്തെ സുനന്ദാജീ, ക്യാ ഹാൽ ഹെ?’

‘സബ് ഠീക് ഹെ.’

‘തശ്രീഫ് രഖിയേ…’ മുമ്പിലുള്ള കസേല ചൂണ്ടിക്കാട്ടി രഞ്ജിനി പറഞ്ഞു. പെട്ടെന്നു് ഇന്റർകോം അടിച്ചു. ചൈനാനിയുടെ ശബ്ദം പതിഞ്ഞു കേട്ടു. അവൾ എന്തോ മറുപടി പറഞ്ഞു. പിന്നെ തിരിഞ്ഞു് അപർണ്ണയോടു് പറഞ്ഞു.

‘ചൈനാനി സാബ് വിളിക്കുന്നു.’

അപ്പോഴാണു് സോഫയിൽ ഇരിക്കുന്ന പെൺകുട്ടിയെ സുനന്ദ കാണുന്നതു്. അവർ പറഞ്ഞു.

‘ഹല്ലോ, ഇതല്ലെ നമ്മുടെ പുതിയ ഹീറോയിൻ?’

അപർണ്ണ എന്തോ മറുപടി കൊടുക്കാനായി ഓങ്ങി. പിന്നെ ഓർത്തു. വേണ്ട, ഇപ്പോൾ ശരിയാവില്ല. അവൾ എഴുന്നേറ്റു ചൈനാനിയുടെ മുറിയുടെ വാതിൽക്കൽ മുട്ടി. സുനന്ദയുടെ കണ്ണുകൾ തന്നെ പിൻതുടരുന്നുണ്ടെന്നു് അവൾക്കറിയാമായിരുന്നു.

ചൈനാനി സാധാരണപോലെ സ്നേഹത്തിൽ തന്നെയായിരുന്നു. മേശചുറ്റിവന്നു് അവൾക്കു് കൈ കൊടുത്തു് ഇരിക്കാനുള്ള കസേല നീക്കിയിട്ടു.

‘വാട്ട് ഹാപ്പെൻഡ്… നീ ഒരു പ്രേതത്തെ കണ്ടപോലെ ഉണ്ടല്ലോ.’

പ്രേതത്തെയല്ല ചെകുത്താനെയാണു് കണ്ടതെന്നു് പറയണമെന്നു വിചാരിച്ചു. അവൾ വെറുതെ ചിരിച്ചു.

‘എന്താണു് നിന്റെ പ്രശ്നം?’

‘സർ…’ അവൾ വാക്കുകൾക്കു വേണ്ടി പരതുകയായിരുന്നു.

‘പറയൂ.’

‘സർ, പുതിയ സിനിമയിൽ എനിക്കു് ചാൻസ് തരുമെന്നല്ലെ പറഞ്ഞതു്. എന്നെ അതിനായിട്ടല്ലേ എടുത്തതും. പക്ഷേ, ഇന്നത്തെ പേപ്പറിൽ…’

‘ഞാൻ നിന്നെ പുതിയ പ്രോജക്ടിൽ എടുക്കില്ലെന്നൊന്നും എഴുതിയിട്ടില്ലല്ലോ.’

‘അങ്ങിനെയല്ല.’

‘പിന്നെ?’

അവൾ ഒന്നും പറഞ്ഞില്ല. എങ്ങിനെയാണു് അതു പറയുക. നായികയായി എടുക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ, എല്ലാവരും പറഞ്ഞിരുന്നതും അതുതന്നെയായിരുന്നു, എന്നൊക്കെ എങ്ങിനെയാണു് പറയുക. ചൈനാനി ഒരിക്കലും അതു പറഞ്ഞിട്ടില്ല. മാധ്യമങ്ങളിൽ വന്നതു കണ്ടും മറ്റുള്ളവർ പറയുന്നതു കേട്ടും എങ്ങിനെയാണു് ഈ മനുഷ്യനെ അധിക്ഷേപിക്കുക.

ചൈനാനി ഇന്റർകോമിന്റെ ബട്ടനമർത്തി.

‘അപർണ്ണയ്ക്കു് എന്തെങ്കിലും തണുത്തതു് കൊടുത്തയക്കൂ. ഒരു മിനുറ്റ്…’ അദ്ദേഹം അപർണ്ണയ്ക്കു നേരെ ചോദ്യത്തോടെ നോക്കി. അവൾ തലയാട്ടി. ചൈനാനി തുടർന്നു. ‘ശരി, തണുത്തതെന്തെങ്കിലും.’

‘നിനക്കു് കാർ കിട്ടിയില്ലേ?’

‘കിട്ടി, താങ്ക്സ് സാർ.’

‘അതു് നിനക്കു് ആവശ്യമാകുംവരെ ഉപയോഗിക്കാം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഓഫീസിലറിയിച്ചാൽ മതി. പെട്രോളിനുള്ള കൂപ്പൺ ഓഫീസിൽനിന്നു് നിനക്കെത്തിച്ചുതരും. ഹാവെ നൈസ് ടൈം.’

അപർണ്ണയുടെ നാവു് ചലിക്കാതെയായി. കാറു കിട്ടിയ ഉടനെ ചൈനാനിയെ വിളിച്ചു് നന്ദി പറയേണ്ട മര്യാദകൂടി താൻ കാണിച്ചില്ല. അവൾക്കിനി ഒന്നും പറയാനില്ല.

ചൈനാനി ചാഞ്ഞിരുന്നു് അവളെ പഠിക്കുകയായിരുന്നു. ഏകദേശം രണ്ടു മിനുറ്റ് നീണ്ടുനിന്ന അവലോകനത്തിനു ശേഷം അദ്ദേഹം സംസാരിക്കാൻ തുടങ്ങി.

‘എന്റെ പുതിയ പ്രൊഡക്ഷന്റെ ചിലവ് എന്തു വരുമെന്നു് അറിയാമോ?’

അറിയില്ലെന്നു് അവൾ തലയാട്ടി. നീണ്ട ഗ്ലാസ്സിൽ പഴച്ചാറ് കൊണ്ടുവന്നു. അതു കുടിക്കാൻ ആംഗ്യം കാട്ടിക്കൊണ്ടു് ചൈനാനി തുടർന്നു.

‘ഒന്നര കോടി. മൂന്നു് നായകന്മാരാണു് ഉള്ളതു്. ആരൊക്കെയാണെന്നു് നിനക്കറിയാമല്ലെ. അതിൽ ധീരേന്ദ്രയ്ക്കു് മറ്റുള്ളവരുടെ ഒപ്പം അഭിനയിക്കണമെങ്കിൽ ഇപ്പോൾ കൊടുക്കന്നതിന്റെ ഇരട്ടി കൊടുക്കണം. അദ്ദേഹത്തിന്റെ റേറ്റ് രഹസ്യമല്ല. ഷൂട്ടിങ്ങിനു വേണം എട്ടു മാസം. ഇത്രയും വലിയ ഒരു സിനിമയെടുത്തു് അതിനു് മുതലിറക്കിയ തുക കിട്ടണമെങ്കിൽത്തന്നെ ബോംബെയിലെ നാൽപ്പത്തഞ്ചു് സിനിമാ ഹാളുകൾ മൂന്നു മാസം തുടർച്ചയായി ഹൗസ്ഫുള്ളായി ഈ സിനിമ കാണിക്കണം. എങ്കിലേ വേണ്ടത്ര കലക്ഷനുണ്ടാവൂ. അങ്ങിനെയൊരു പ്രോജക്ടിൽ വിജയിക്കുമെന്നു് ഉറപ്പുള്ള ഒരാളെ നായികയാക്കണോ, അതോ ഒരു പുതുമുഖത്തെവച്ചു് ട്രൈ ചെയ്യണോ? എനിക്കു് നഷ്ടപ്പെടാനുള്ളതു് എന്താണെന്നറിയില്ലേ?’

അപർണ്ണയ്ക്കു് വാക്കുകൾ നഷ്ടപ്പെട്ടിരിക്കുന്നു. നഷ്ടമുണ്ടാവില്ലെന്നും മറിച്ചു് ലാഭമുണ്ടാവുമെന്നും ചൈനാനിക്കു് ഉറപ്പുകൊടുക്കാൻ തനിക്കാകുമോ. അങ്ങിനെ ഉറപ്പു കൊടുക്കുകയാണെങ്കിൽത്തന്നെ ലക്ഷങ്ങളുടെയും കോടികളുടെയും കളികൾക്കിടയിൽ വെറുമൊരു പുതുമുഖമായ തന്റെ വാക്കുകൾക്കു് വല്ല പ്രസക്തിയുമുണ്ടോ.

‘യു വിൽ ബി വെരിമച്ച് ഇൻ ദ ന്യൂ വെഞ്ചർ. അത്രതന്നെ അപ്രധാനമല്ലാത്ത ഒരു റോളിൽ. നിനക്കു് മികവു് കാട്ടാൻ പറ്റിയ ഒരു റോൾ. യു കേൻ ഷോ യുവർ മെറ്റ്ൽ. ഇറ്റീസ് അപ് ടു യു.’

അവൾ പുറത്തു കടന്നപ്പോഴും സുനന്ദ രഞ്ജിനിയുടെ മുറിയിലുണ്ടായിരുന്നു. അവൾ രഞ്ജിനിയ്ക്കു കൈവീശി നടന്നുനീങ്ങി. സുനന്ദ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

കാർ സ്റ്റാർട്ടാക്കി ഗെയ്റ്റ് കടക്കുമ്പോൾ അപർണ്ണ ആലോചിച്ചു. തനിക്കു് കളിക്കാനിനി കരുക്കളൊന്നും ബാക്കിയില്ല. പക്ഷേ, അടിയറവു പറയാൻ അവളുടെ അഭിമാനം സമ്മതിക്കുന്നില്ല.

പതിമൂന്നു്

ആരോടാണു് ഒന്നു് ഉള്ളുതുറന്നു് സംസാരിക്കുക. ആരുടെ മുമ്പിലാണു് തനിക്കൊന്നു് പൊട്ടിക്കരയാൻ സാധിക്കുക. ഒരു കാര്യം തീർച്ചയായിരിക്കുന്നു. പുതിയ മൂവി തന്നെപ്പോലെ നൂറുകണക്കിനു് പെൺകുട്ടികളെ വിഴുങ്ങാൻ വലുപ്പമുള്ളതാണു്. അങ്ങിനെയുള്ള സിനിമകളിൽ നായിക കഴിഞ്ഞാൽ പിന്നെയുള്ള സ്ഥാനം വളരെ ചുവട്ടിലായിരിക്കും. സുനന്ദയെ അവൾക്കു് ഇപ്പോൾ മുഴുവൻ മനസ്സിലായിരിക്കുന്നു. താൻ ഉയർന്നു വരാൻ അവർ സമ്മതിക്കില്ല. താൻ ഒരു ഭീഷണിയാണെന്നു് അവർ മനസ്സിലാക്കിക്കഴിഞ്ഞു. അവർക്കു് ചൈനാനിയുടെ മേലുള്ള പിടി കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യും. ചൈനാനി കനിഞ്ഞു് ഒരുമാതിരി നല്ല റോൾ തനിക്കു തരികയാണെങ്കിൽത്തന്നെ അതു തന്നിൽനിന്നു് തട്ടിപ്പറിച്ചു് മറ്റേതെങ്കിലും നടിക്കു് കൊടുത്തുവെന്നു വരും. രണ്ടാം നിരയിൽ നടികൾക്കു് പഞ്ഞമൊന്നുമില്ല. ഇങ്ങിനെയൊരു മെഗാമൂവിയിൽ ഒന്നാം തരം നടികൾതന്നെ രണ്ടാംതരം റോൾ എടുക്കാൻ തയ്യാറാവും. കാരണം അവർക്കു് ഒരു സാധാരണ മൂവിയിൽ നായികയായി അഭിനയിച്ചാൽ കിട്ടുന്നതിനേക്കാൾ പ്രതിഫലം ഇതിൽനിന്നു് കിട്ടും.

താൻ എന്താണു് ചെയ്യേണ്ടതു? ഇങ്ങിനെയൊരു നിസ്സഹായത ജീവിതത്തിലുണ്ടായിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടാവുമ്പോഴെല്ലാം ആരെങ്കിലും ആശ്വസിപ്പിക്കാൻ വന്നിരുന്നു. ഇപ്പോൾ താൻ അവരിൽനിന്നെല്ലാം അകന്നിരിക്കയാണു്. ഈ പ്രശ്നവും കൊണ്ടു് അവരുടെയാരുടെ അടുത്തും ചെല്ലാൻ അവൾ തയ്യാറുമല്ല. തന്റെ പ്രതിച്ഛായ വളരെ പ്രധാനമാണു്. ഈ പ്രശ്നം പരിഹരിച്ചാലും തനിക്കൊരു ഭാവിയുണ്ടു്. അന്നു് അവരാരും പറയരുതു്. ‘കണ്ടില്ലേ…’

ഒരു മാതിരി വിജനമായ തെരുവുകളിലൂടെ അവൾ കാറോടിച്ചു കൊണ്ടു് പോയി. ഇടയ്ക്കിടക്കു് മുമ്പിൽ വന്നുപെടുന്ന കടൽ അവളെ ആശ്വസിപ്പിച്ചില്ല. കടലിനെപ്പറ്റി വിനോദ് ചന്ദാനി പറഞ്ഞതു് അവൾ ഓർത്തു. അവൾ എന്തുകൊണ്ടോ വിനോദിനെ വെറുത്തു. തന്നെ സഹായിക്കാൻ, താൻ വീണു കിടക്കുമ്പോൾ എഴുന്നേൽപ്പിക്കാൻ അയാളുണ്ടാവില്ലെന്നു് അവൾക്കു് ഉറപ്പായി. അയാൾ തന്നെ ഉപയോഗിക്കുക മാത്രമാണു് ചെയ്തതു്. സിനിമയിൽ കടന്നു കൂടാനുള്ള തന്റെ വ്യഗ്രതയെ വൃത്തികെട്ട നിലയിൽ ചൂഷണം ചെയ്യുക. അതുകഴിഞ്ഞു് തന്റെ ഒപ്പം നിൽക്കുകയാണെങ്കിൽ ശരി. അങ്ങിനെയല്ല സംഭവിക്കുന്നതു്. അര മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം അവൾ എത്തിയതു് സുനിൽ താമസിക്കുന്ന എട്ടുനില കെട്ടിടത്തിന്റെ പാർക്കിങ് ലോട്ടിലാണെന്നതു് അവളെ അദ്ഭുതപ്പെടുത്തിയില്ല. അവളുടെ മനസ്സിലെവിടേയോ ഒരഭയകേന്ദ്രമായി ആ കെട്ടിടവും ഏഴാം നിലയിലെ ഫ്ളാറ്റുമുണ്ടായിരുന്നു.

ഹസിം ആണു് വാതിൽ തുറന്നതു്. അയാൾ സാധാരണമട്ടിൽ അതിഭവ്യതയോടെ അവളെ സീകരണമുറിയിലേയ്ക്കു് ആനയിച്ചു. ‘ആയിയേ അപർണ്ണാജീ… ചാ പീയേഗാ, നാ കുച്ച് ടണ്ടാ…’

‘ഒന്നും വേണ്ട.’

സുനിൽ പുറത്തുവന്നു. അയാൾ ഉറങ്ങുകയായിരുന്നു. അല്ലെങ്കിൽ വെറുതെ കിടക്കുകമാത്രം. അയാളുടെ മുഖം തീരെ പ്രസന്നമല്ല. അപർണ്ണയിരിക്കുന്ന സോഫയുടെ മറ്റെ അറ്റത്തു് വന്നിരുന്നു് അയാൾ അവളെ നോക്കി.

‘നിന്നെ ഞാൻ ഇപ്പോൾ പ്രതീക്ഷിച്ചില്ല.’ സുനിൽ പറഞ്ഞു. ‘എന്താണു് ഫോൺ ചെയ്യാതിരുന്നതു?’

‘ഞാൻ ചൈനാനിയെ കണ്ടിരുന്നു…’ അപർണ്ണ പറഞ്ഞു.

‘നിതിൻ എന്തു പറഞ്ഞു?’

അവൾ പറയാൻ തുടങ്ങി. സുനന്ദയെ ചൈനാനിയുടെ ഓഫീസിൽ വച്ചു് കണ്ടതു തൊട്ടു് അവൾ പറഞ്ഞു. ഒന്നും ചോർന്നു പോകാതെ, വാക്കുകളിൽ ഒട്ടും ക്ഷോഭം പ്രകടമാകാതെ ശ്രമിച്ചു കൊണ്ടു് അവൾ പറഞ്ഞുകൊണ്ടിരുന്നു. അതിനിടയ്ക്കു് ഹസിം രണ്ടു ഗ്ലാസ്സുകളിൽ തണുത്ത വെള്ളം കൊണ്ടു വന്നു് വെച്ചു.

‘സാബ് ഞാൻ മാർക്കറ്റിൽ പോക്വാണു്. കാറെടുക്കട്ടെ?’

സുനിൽ തലയാട്ടി. ഹസിം ഷോകേസിന്മേൽ വച്ച താക്കോലെടുത്തു് പുറത്തേയ്ക്കു പോയി. വാതിലടഞ്ഞപ്പോൾ സുനിൽ ചോദിച്ചു.

‘എന്നിട്ടു്?…’

അപർണ്ണ ഗ്ലാസ്സിലെ വെള്ളമെടുത്തു് കുടിച്ചു. അവളുടെ തൊണ്ട വികാരക്ഷോഭംമൂലം വരണ്ടു പോയിരുന്നു.

‘ഞാനിനി എന്താണു് ചെയ്യേണ്ടതു?’ അവൾ ചോദിച്ചു.

‘തൽക്കാലം ഒന്നും ചെയ്യേണ്ട. കാര്യങ്ങൾ എങ്ങിനെ നീങ്ങുന്നുവെന്നു് നോക്കാം.’ സുനിൽ പറഞ്ഞു. ‘ചൈനാനി പുതിയ മൂവിയിൽ നിനക്കു് ചാൻസ് തരുമെന്നതു് ഉറപ്പാണു്. ചൈനാനി അറിയാതെ സുനന്ദയെ കൈകാര്യം ചെയ്യേണ്ടതെങ്ങിനെയാണെന്നു് നുമുക്കു് നോക്കാം. എന്തായാലും ഇനിതൊട്ടു് നീ പത്രങ്ങൾക്കൊന്നും ഇന്റർവ്യൂ കൊടുക്കണ്ട. ആരോടും ഇതിനെപ്പറ്റി സംസാരിക്കുകയും വേണ്ട. സമാധാനമായി പോകൂ.’

അവൾ എഴുന്നേറ്റു. സുനിൽ എഴുന്നേറ്റു് വന്നു് അവളുടെ കൈകൾ ഗ്രഹിച്ചുകൊണ്ടു് വീണ്ടും പറഞ്ഞു.

‘സമാധാനമായി പോകൂ.’

പതിനാലു്

സിക്സ്ത്ത് റോഡിന്റെ തിരിവിൽ വച്ചാണു് ഒരു അംബാസ്സഡർ കാർ അവൾക്കെതിരായി വന്നതു്. അവൾ പെട്ടെന്നു് വെട്ടിച്ചതു കൊണ്ടു് അപകടം ഒഴിവായി. അവൾ ബ്രേയ്ക്കിട്ടു നിർത്തി. അംബാസ്സഡർ കാറും നിർത്തി അതിൽ നിന്നു് രണ്ടു ചെറുപ്പക്കാർ ഇറങ്ങിവന്നു.

‘ങാ ഇതു് അപർണ്ണാജിയല്ലേ?’ അവരിലൊരാൾ പറഞ്ഞു. ‘സോ സോറി.’

‘ഞങ്ങൾ അപർണ്ണാജിയെ അന്വേഷിച്ചു വരികയായിരുന്നു.’ മറ്റെയാൾ പറഞ്ഞു.

‘എന്തിനു്?’

‘ചൈനാനി സാബ് കാണണമെന്നു പറഞ്ഞു. ഞങ്ങൾ വീട്ടിൽ പോയി. അവിടെയില്ലെന്നു കണ്ടപ്പോഴാണു് ഇങ്ങോട്ടു വന്നതു്.’

‘ഞാൻ പൊയ്ക്കോളാം.’ അപർണ്ണ പറഞ്ഞു.

‘അപർണ്ണാജിയ്ക്കു് സ്റ്റുഡിയോ എവിടെയാണെന്നറിയാമോ?’

‘അറിയാം, ഓഫീസിന്റെ അടുത്ത ഗെയ്റ്റല്ലെ?’

‘അവിടെയല്ല. സാബിന്റെ ഓപനെയർ സ്റ്റുഡിയോ ഉണ്ടു് അന്തേരിയിൽ.’

‘എനിക്കറിയില്ല.’

‘ഞങ്ങളുടെ പിന്നാലെ വന്നാൽ മതി.’

‘ശരി.’

അവർ കാറിൽ കയറി ഓടിക്കാൻ തുടങ്ങി. ഒരു വെളുത്ത അംബാസഡർ. അവൾ അതിന്റെ നമ്പർ ഹൃദിസ്ഥമാക്കി. അഥവാ പെട്ടെന്നു് കാറുകൾക്കിടയിൽ നഷ്ടപ്പെട്ടുപോയാലോ. എന്താണു് ചൈനാനി പെട്ടെന്നു് തന്നെ വിളിപ്പിക്കാൻ കാരണമെന്നായിരുന്നു അവൾ ആലോചിച്ചു കൊണ്ടിരുന്നതു്. അദ്ദേഹത്തിനു് മനംമാറ്റമുണ്ടായോ. എല്ലാം കഴിഞ്ഞു് തനിക്കുതന്നെ നായികസ്ഥാനം തരുവാൻ തീർച്ചയാക്കിയോ? മുമ്പിലെ കാറിൽ യാത്രചെയ്യുന്നവരെ അവൾ ഇതുവരെ കണ്ടിട്ടില്ല. അഥവാ ഷൂട്ടിങ്ങിന്റെ സമയത്തു് കണ്ടിട്ടുണ്ടെങ്കിൽത്തന്നെ ശ്രദ്ധിച്ചിട്ടില്ല. പക്ഷേ, അവർക്കു് തന്നെ പരിചയമാണെന്നു വന്നല്ലോ.

അപർണ്ണയ്ക്കു് സ്റ്റുഡിയോവിലെത്താൻ ധൃതിയായി. മുമ്പിൽപ്പോകുന്ന കാറിനെ മാത്രം ശ്രദ്ധിച്ചു് അവൾ കാറോടിച്ചു. മുമ്പിലെ കാർ ഒരു ഇടനിരത്തിലേയ്ക്കു് തിരിഞ്ഞു പിന്നാലെ അവളും. ഒരു ഫാക്ടറിയുടേതെന്നു തോന്നിക്കുന്ന കെട്ടിടത്തിന്റെ മുമ്പിൽ അവർ കാർ നിർത്തി. അവളും കാർ നിർത്തി തല പുറത്തേയ്ക്കിട്ടു് അവരെ നോക്കി. അവർ കാറിൽ നിന്നിറങ്ങി അവളുടെ അടുത്തേയ്ക്കു വന്നു.

‘അപർണ്ണാജി, ഈ ഗെയ്റ്റിൽക്കൂടി പോയാൽ എളുപ്പമാണു്. മറ്റതു് വളരെ ചുറ്റണം. ഒരു രണ്ടു മിനുറ്റ് നടത്തം മാത്രം.’

അവൾക്കു് പെട്ടെന്നു് എന്തോ വിശ്വാസക്കേടു് തോന്നി. ഒരു ചെറിയ ഗെയ്റ്റ്. ഇതു ചൈനാനിയുടെ സ്റ്റുഡിയോവിലേയ്ക്കുള്ള വഴിയാവാൻ വയ്യ. എളുപ്പവഴിയെന്നല്ലേ പറഞ്ഞതു്. എന്തായാലും പോയി നോക്കാം. അവൾ പുറത്തു കടന്നു് കാറിന്റെ വാതിലടച്ചു് ലോക്ക് ചെയ്തു അവരുടെ ഒപ്പം നടന്നു. അവർ ഗെയ്റ്റു കടക്കുമ്പോൾ മറ്റൊരു കാർ അവളുടെ കാറിന്റെ പിന്നിൽ നിർത്തുന്നതവൾ കണ്ടു. അതിലും രണ്ടുപേരുണ്ടായിരുന്നു. അവരും സ്റ്റുഡിയോവിലേയ്ക്കു് എളുപ്പവഴിക്കു് വന്നതായിരിക്കണം. അവൾ വേഗം നടന്നു.

കെട്ടിടത്തിന്റെ മുമ്പിലെത്തിയപ്പോഴാണു് അവരുടെ സ്വഭാവം മാറിയതു്. അവർ അവളുടെ വളരെ അടുത്തുവന്നു് പറഞ്ഞു.

‘വരൂ നമുക്കകത്തേയ്ക്കു പോകാം.’

‘ഇതാണോ സ്റ്റുഡിയോ?’ ഉപയോഗിക്കാതെ ഉപേക്ഷിച്ചിട്ട ഒരു ഫാക്ടറി കെട്ടിടം. നിറയെ പൊടി, മുറ്റത്തും വരാന്തയിലും ചുറ്റുമുള്ള മരങ്ങളുടെ ഇലകൾ അടിഞ്ഞുകൂടിയിരിക്കുന്നു.

‘അതെ ഇതുതന്നെ.’ അവളുടെ കൈപിടിച്ചുകൊണ്ടു് അതിലൊരുത്തൻ പറഞ്ഞു. അവൾ കുതറി രക്ഷപ്പെടാൻ നോക്കി. പക്ഷേ, രണ്ടുപേരും കൂടി അവളെ മുറുകെ പിടിച്ചിരുന്നു. ഒരുത്തൻ അവളുടെ വാ പൊത്തുകയും ചെയ്തു. പിന്നിലുള്ള കാറിലെ രണ്ടുപേരും അടുത്തെത്തിയിരുന്നു. നാലുപേർ കൂടി അവളെ താങ്ങിയെടുത്തു് ഒരു വശത്തുള്ള മുറിയിലേയ്ക്കു് പൊക്കിക്കൊണ്ടു പോയി.

പതിനഞ്ചു്

ബോധം വന്നപ്പോൾ അവൾ ഒരാശുപത്രി മുറിയിലായിരുന്നു. എന്താണുണ്ടായതെന്നു് മനസ്സിലാവാൻ അവൾക്കു് ഏതാനും നിമിഷങ്ങൾ എടുത്തു. പെട്ടെന്നവൾ ഭയന്നു നിലവിളിക്കാൻ തുടങ്ങി. ഒരു നഴ്സ് അകത്തേയ്ക്കു വന്നു. അവൾ അപർണ്ണയുടെ നെറ്റി തലോടി.

‘സാരമില്ല. ഇപ്പോൾ ആരുമില്ല. സമാധാനമായി കിടക്കു…’

‘ഞാനെവിടെയാണു്?’

‘ഒരു നഴ്സിങ്ഹോമാണു്. നിങ്ങളുടെ ആൾക്കാരെ വിവരമറിയിച്ചിട്ടില്ല. ഫോൺ നമ്പർ തന്നാൽ വിളിച്ചുപറയാം. അല്ലെങ്കിൽ നിങ്ങൾക്കുതന്നെ സംസാരിക്കാം.’

‘ആരാണെന്നെ ഇങ്ങോട്ടു കൊണ്ടുവന്നതു?’

‘ഒരു വാച്ച്മാനാണു്. നിങ്ങളുടെ നിലവിളി കേട്ടു് ഓടിച്ചെന്നതാണു്. യുവാർ ആൾറൈറ്റ് നൗ.’

ഒരു കാക്കിക്കുപ്പായക്കാരൻ ഓടിവരുന്നതു കണ്ടിരുന്നു. അതോടെ നാലുപേരും സ്ഥലം വിടുകയും ചെയ്തു. അപ്പോഴേയ്ക്കും അവൾ അബോധാവസ്ഥയിലെത്തിയിരുന്നു.

‘എനിക്കൊരു ഫോൺ തരാമോ. ഞാൻ വിളിക്കാം.’

‘ശരി.’ നഴ്സ് പുറത്തേയ്ക്കുപോയി, ഉടനെത്തന്നെ ഒരു ഫോണുമായി തിരിച്ചുവന്നു. പ്ലഗ്ഗ് ചുമരിലെ സോക്കറ്റിൽ കുത്തിയശേഷം അവൾ ഫോൺ അപർണ്ണയ്ക്കു കൊടുത്തു.

ആരെ വിളിക്കും. അങ്ക്ളിനെ വിളിക്കാൻ വയ്യ. പിന്നെ ആരാണുള്ളതു്. ആരുമില്ല. ആരെയും അറിയിക്കേണ്ട. ഈ നാണക്കേടു് തന്നിൽത്തന്നെ ഒടുങ്ങട്ടെ. പക്ഷേ, നഴ്സിങ്ഹോമിൽ നിന്നു പുറത്തു കടക്കണമെങ്കിൽ അവരുടെ ബിൽ കൊടുക്കേണ്ടിവരും. തനിക്കു് ആരെയെങ്കിലും അറിയിക്കാതെ നിവൃത്തിയില്ല. അവൾ ഡയൽ ചെയ്യാൻ തുടങ്ങി.

ഫോണിന്റെ മറുവശത്തുനിന്നു് സുനിലിന്റെ ശബ്ദം കേട്ടു. അപർണ്ണയ്ക്കു് സംസാരിക്കാൻ കഴിഞ്ഞില്ല. അവൾ തേങ്ങിത്തേങ്ങിക്കരയുകയാണു്.

‘എന്തുപറ്റി മോളെ, എന്താണുണ്ടായതു? വല്ല അപകടവുമുണ്ടായോ? നീയെവിടെയാണു്…’

‘ഞാനിവിടെ ഒരു നഴ്സിങ്ഹോമിലാണു്. ഒന്നു് വരൂ, ഉടനെ… പേരോ? ഒരു മിനിറ്റ്.’ അവൾ നഴ്സിനോടു് ചോദിച്ച ശേഷം തുടർന്നു. ‘ചോപ്രാ നഴ്സിങ് ഹോം. അന്തേരിയിലാണു്. ഒന്നു് വേഗം വരൂ. എന്നെ സഹായിക്കൂ.’

‘നീയൊന്നു് പരിഭ്രമിക്കാതിരിക്കൂ. എനിക്കറിയാം. ഡോ. അരുൺ ചോപ്രയുടെതാണു്. ഞാൻ അടുത്തറിയുന്ന ആളാണു്. ഞാനിപ്പോൾത്തന്നെ അവിടെ എത്താം.’

സുനിൽ വന്നതു് ഡോ. ചോപ്രയുടെ ഒപ്പമാണു്. അയാൾ അടുത്തു് വന്നു് അവളുടെ തലമുടി തടവി.

‘സാരമില്ല മോളെ. സബ്ബ് ഠീക് ഹോജായെഗാ.’ തിരിഞ്ഞു് ഡോക്ടറോടു് അയാൾ പറഞ്ഞു. ‘ഞാൻ ഒറ്റയ്ക്കു് ഇവളോടു് സംസാരിക്കട്ടെ.’

‘ഷീയീസ് സ്റ്റിൽ ഇൻ ട്രോമ.’ ഡോക്ടർ പറഞ്ഞു. ‘ബീ കേർഫുൾ.’

ഡോക്ടർ പോയി. സുനിൽ നഴ്സിനെ നോക്കി. അവരും പോയി. അയാൾ കട്ടിലിന്നടുത്തിട്ട കസേലയിൽ ഇരുന്നു. അപർണ്ണയുടെ കണ്ണു് നിറഞ്ഞൊഴുകുകയായിരുന്നു. സുനിൽ അവളുടെ കൈപിടിച്ചു് വാത്സല്യത്തോടെ തടവി. ‘കമോൺ അപർണ്ണ, നിനക്കു് ഇതിലധികം ധൈര്യമുണ്ടു്.

സാവധാനത്തിൽ, വളരെ സാവധാനത്തിൽ അയാൾ എന്താണു് നടന്നതെന്നു് അപർണ്ണയോടു് ചോദിച്ചു മനസ്സിലാക്കി. അംബാസിഡർ കാറിന്റെ നമ്പർ അവൾക്കു് ഓർമ്മയുണ്ടായിരുന്നു. അവളെ ഉപദ്രവിച്ച നാലു പേരുടെ മുഖഛായയും. സുനിലിന്റെ മുഖം ഭീകരമാകുന്നതു് അപർണ്ണ കണ്ടു.

‘ദേ വിൽ പേ ഫോറിറ്റ്.’ അയാൾ പല്ലു കടിച്ചുകൊണ്ടു് പറഞ്ഞു.

‘നമുക്കു് നാളെ പോകാം.’ സുനിൽ പറഞ്ഞു. ‘നാളേയ്ക്കേ നീ നോർമലാവൂ എന്നാണു് ഡോക്ടർ പറയുന്നതു്. പിന്നെ ഒരു കാര്യം നമ്മൾ ഇതൊന്നും പുറത്താക്കുന്നില്ല. എന്തോ ഭാഗ്യത്തിനാണു് നിന്നെ ഇവിടെത്തന്നെ കൊണ്ടുവന്നതു്. നിന്നെ ഉപദ്രവിച്ചവരുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം.’

അയാൾ എഴുന്നേറ്റു, കുമ്പിട്ടുകൊണ്ടു് അവളുടെ നെറ്റിമേൽ ചുംബിച്ചു.

‘ഞാൻ നാളെ വരാം.’

അയാൾ പോയി. അങ്കിളിനോടു് എന്താണു് പറയുകയെന്നു് അവൾ ആലോചിച്ചു. രണ്ടു ദിവസം മുമ്പുമാത്രം ഒരു രാത്രി വീട്ടിൽ നിന്നു് വിട്ടുനിന്നു. ഇപ്പോൾ ഇതാ വീണ്ടും. അങ്ങിനെയൊരു കീഴ്‌വഴക്കമുണ്ടാക്കിയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. അതുകൊണ്ടു് രാത്രിക്കുള്ളിൽത്തന്നെ അവൾക്കു് വീട്ടിൽ തിരിച്ചെത്തണമെന്നുണ്ടു്. അവൾ സുനിലിനെ തിരിച്ചുവിളിച്ചു.

‘ഞാൻ ഇന്നു വൈകുന്നേരംതന്നെ വീട്ടിൽ പോട്ടെ? നാളെ വരാം.’

സുനിൽ ഒരു നിമിഷം ആലോചിച്ചു. ‘ശരി, ഞാൻ ഡോക്ടറോടു് ചോദിക്കട്ടെ. പിന്നെ കാറിന്റെ താക്കോൽ തരൂ. ഞാനതു് നഴ്സിങ് ഹോമിലേയ്ക്കു കൊണ്ടുവരാം.’

സുനിൽ മേശപ്പുറത്തിരിക്കുന്ന ഹാന്റ്ബാഗ് തുറന്നു താക്കോലെടുത്തു പുറത്തുപോയി.

അഞ്ചു മിനിറ്റുകഴിഞ്ഞു് തിരിച്ചു വന്നു് അയാൾ പറഞ്ഞു. ‘ശരി. നമുക്കു് വൈകുന്നേരം പോകാം. ഞാൻ ഒരു ആറു മണിക്കു് വരാം.’

അവൾ ആശ്വസിച്ചു. സുനിലിനോടു് എങ്ങിനെയാണു് നന്ദി പറയേണ്ടതെന്നു് അവൾക്കറിയില്ലായിരുന്നു. ആ മനുഷ്യൻ എന്തിനാണു് തനിക്കു വേണ്ടി കഷ്ടപ്പെടുന്നതു്. ഡോക്ടർ ഉറങ്ങാനുള്ള മരുന്നു് തന്നിട്ടുണ്ടെന്നു തോന്നുന്നു. അവൾ മയക്കത്തിലായി.

വാച്ച്മാൻ ഗെയ്റ്റിന്നരികെ നിൽക്കുന്നുണ്ടായിരുന്നു. സുനിൽ തന്റെ ഹെരാൾഡ് അപർണ്ണയുടെ കാറിനു പിന്നിൽ നിർത്തി, അയാൾക്കു നേരെ നടന്നു. വാച്ച്മാൻ കുറച്ചു പരിഭ്രമിച്ചതായി തോന്നി.

‘സാബ് ?…’

‘നിങ്ങളാണോ ആ പെൺകുട്ടിയെ രക്ഷിച്ചതു?’

‘അതേ സാബ്…’ അയാൾ സംശയിച്ചുകൊണ്ടു് പറഞ്ഞു.

‘നല്ല കാര്യമാണു് ചെയ്തതു്. അവൾ എന്റെ കുട്ടിയാണു്. അവർ പിന്നീടു് വന്നുവോ?’

‘ഇല്ല സാബ്. അവർ വരുമെന്നു് തോന്നുന്നില്ല.’

‘ശരി, എന്തായാലും ഇതിരിക്കട്ടെ.’ സുനിൽ കീശയിൽനിന്നു് നൂറിന്റെ രണ്ടു നോട്ടുകൾ എടുത്തു് അയാളുടെ കൈയിൽ വച്ചു കൊടുത്തു. ‘മറ്റൊരു കാര്യം. ഇങ്ങിനെയൊരു സംഭവം ഇവിടെ നടന്നിട്ടില്ല. മനസ്സിലായോ?’

‘ശരി സാബ്.’

‘നിങ്ങൾക്കു് ഡ്രൈവിങ് അറിയാമോ?’

‘അറിയാം സാബ്.’

‘എങ്കിൽ ഈ കാറ് നഴ്സിങ്ഹോമിന്റെ പാർക്കിങ് ലോട്ടിൽ കൊണ്ടു പോയി ഇടണം. ഞാൻ ഒപ്പം വരാം.’ അയാൾ കാറിന്റെ താക്കോൽ വാച്ച്മാനു് കൊടുത്തു.

ഫ്ളാറ്റിലെത്തിയ ഉടനെ സുനിൽ ചെയ്തതു് ഹസീമിനെ ബീയർ വാങ്ങാനായി പറഞ്ഞയക്കുകയായിരുന്നു. പിന്നെ ഫോണെടുത്തു കറക്കി. ഒന്നു് കുളിക്കണം. രണ്ടു കുപ്പി ബീയർ കുടിച്ചു് ഭക്ഷണം കഴിച്ചു് നന്നായി ഉറങ്ങണം. അതുകഴിഞ്ഞു് വൈകുന്നേരം അപർണ്ണയെ കൂട്ടാൻ അന്തേരിക്കു് പോകണം.

‘ഹലോ… ഇതു് സുനിലാണു്. അതെ, നിന്നെ ഒന്നു് കാണണം… അതെ അത്യാവശ്യമാണു്. ഒരു കാര്യം പറയാനാണു്… എനിക്കു് വളരെ വേണ്ടപ്പെട്ട ഒരു കുട്ടിയെ നാലുപേർ കൂടി നശിപ്പിച്ചു. ആരൊക്കെയാണെന്നു മനസ്സിലായോ… അതെ അവർ തന്നെ. ഞാനങ്ങോട്ടു് വരാം. അല്ലെങ്കിൽ വേറെ എവിടെയെങ്കിലും വച്ചു്… എവിടെ?… മൈ ഗുഡ്നെസ്സ്, അവിടെയോ? ഞാനൊരു ടാക്സിയിൽ വരാം… കാറെടുക്കുന്നില്ല… രാത്രി എട്ടിനു്…’

സുനിൽ ഫോൺ വച്ചു് കുളിക്കാനായി ബാത്ത്റൂമിൽ കയറി.

പതിനാറു്

രണ്ടു ദിവസത്തിനുള്ളിൽ എന്തൊക്കെയാണു് സംഭവിച്ചതു? അപർണ്ണ ആലോചിച്ചു. ഒരു നൂറ്റിരുപതു കിലോമീറ്റർ വേഗത്തിൽ കാറോടിക്കുന്ന പോലെ. ഇതു് ഭ്രാന്തു പിടിപ്പിക്കുന്ന വേഗമാണു്. എവിടെയൊക്കെ പോയി ഇടിക്കുമെന്നറിയില്ല. രാവിലെയുണ്ടായതു് അതിന്റെ ഒരു മുന്നോടി മാത്രമാണെന്നവൾക്കു തോന്നി. ഇനി ട്രാൻക്വിലൈസർ ഒന്നും തരേണ്ടെന്നു് അവൾ ഡോക്ടറോടു് പറഞ്ഞു. വൈകുന്നേരമാകുമ്പോഴേയ്ക്കു് സാധാരണ മട്ടിലാവണം. മുഖത്തു് പറ്റിയ പോറൽ എന്തെങ്കിലും പറഞ്ഞു് അങ്കിളിനെ ബോധ്യപ്പെടുത്താം. പെട്ടെന്നു് ബ്രേയ്ക്കിടേണ്ടിവന്നുവെന്നൊ മറ്റോ. മനസ്സിലുള്ള പോറലിനോ. അതും വഴിയേ മാറിക്കൊള്ളും. സുനിലിന്റെ മുഖത്തു കണ്ട കടുത്ത ഭാവം അവളെ ഭയപ്പെടുത്തിയിരുന്നു. അയാൾ എന്തെങ്കിലും ചെയ്യുമെന്ന ഭയം. ചെയ്തിട്ടെന്താണു്. രാവിലെയുണ്ടായ സംഭവങ്ങൾ ഓർക്കുമ്പോൾത്തന്നെ അവൾക്കു ഭയം തോന്നുന്നു. മനുഷ്യർ ഇത്ര നീചമായി പെരുമാറുമോ. എല്ലാം നല്ല സുന്ദരന്മാർ. കല്യാണം കഴിക്കുമോ എന്നു ചോദിച്ചാൽ രണ്ടാമതൊന്നു് ആലോചിക്കാതെ മൂളാൻ പറ്റുന്നത്ര ഭംഗിയുള്ളവർ. പക്ഷേ, അവരുടെ മനസ്സിൽ ഇതൊക്കെയല്ലെ.

തന്റെ ഭ്രാന്താണു് ഇതിനൊക്കെ കാരണം. ചൈനാനി തനിയ്ക്കു് അവസരം തരുമെന്ന മോഹത്തിലാണു് അവരുടെ പിന്നാലെ പോയതു്. സാധാരണ നിലയിലാണെങ്കിൽ അവൾ ഒന്നു് ആലോചിച്ചേനെ. വഴിയിൽ വച്ചു് കണ്ട രണ്ടുപേർ ചൈനാനി കാണാൻ ആവശ്യപ്പെടുന്നുണ്ടെന്നു പറയുമ്പോൾ അതു് വിശ്വസിക്കുമായിരുന്നില്ല. വിശ്വസിച്ചാൽത്തന്നെ എവിടെയെങ്കിലും കയറി ഫോൺ ചെയ്തു് നിജസ്ഥിതി മനസ്സിലാക്കിയേനെ. അവർ സിനിമാലോകവുമായി വളരെ അടുത്ത ബന്ധമുള്ളവരായിരിക്കണം. എന്തായാലും ഇനി താൻ ശ്രദ്ധവെയ്ക്കും.

സുനിൽ ആറു മണിയ്ക്കു് എത്തി. അവൾ കഴിയുന്നതും സാധാരണ മട്ടിലാണെന്നു കാണിക്കാൻ ശ്രമം നടത്തി.

‘നീ ഇപ്പോൾ നോർമലായിരിക്കുന്നുവല്ലോ.’ സുനിൽ പറഞ്ഞു.

‘യെസ്, ഷീയീസ്, പെർഫെക്ട്ലി ആൾറൈറ്റ്.’ ഡോക്ടർ പറഞ്ഞു. ‘ഷി ക്യാൻ ഗോ ഹോം. നാളെ ഡ്രസ്സിങ്ങ് വേണം. ഒന്നു് വന്നു പൊയ്ക്കോട്ടെ. രണ്ടാഴ്ച കഴിഞ്ഞു് ടെസ്റ്റുകൾക്കു് വരണമെന്നു മാത്രം. അതു നിർബ്ബന്ധമാണു്. വരാതിരിക്കരുതു്.’ അദ്ദേഹം തിരിഞ്ഞു് നഴ്സിനു് നിർദ്ദേശങ്ങൾ കൊടുത്തു.

പുറത്തു് സുനിലിന്റെ കാറു കണ്ടില്ല. അവൾ ചോദ്യത്തോടെ സുനിലിനെ നോക്കി.

‘ഞാൻ ടാക്സിയിലാണു് വന്നതു്. നിനക്കു് കാറോടിക്കാൻ മാത്രം ശക്തി കിട്ടിയോ എന്നറിയില്ലല്ലോ.’

അയാൾ താക്കോലെടുത്തു് അവളുടെ കയ്യിൽ വച്ചുകൊടുത്തു, പിന്നെ മറുവശത്തുപോയി, അപർണ്ണ വാതിൽ തുറക്കുന്നതും കാത്തുനിന്നു.

കാർ സ്റ്റാർട്ടാക്കി നീങ്ങിയപ്പോൾ അവൾ ചോദിച്ചു.

‘ഇവിടെ ബിൽ എത്ര വന്നു? ഞാൻ തരാം.’

‘നീ അതൊന്നും അറിയണ്ട ആവശ്യമില്ല.’

അവൾ ഭംഗിയായി കാറോടിക്കുന്നതു കണ്ടപ്പോൾ സുനിൽ പറഞ്ഞു.

‘നിനക്കു് പ്രശ്നമൊന്നുമില്ലല്ലോ.’

അവൾ ചോദ്യപൂർവ്വം അയാളെ നോക്കി.

‘എന്നെ പാർളെ സ്റ്റേഷനിൽ വിട്ടാൽ മതി. എനിക്കൊരിടത്തു പോകാനുണ്ടു്. നീ ഒറ്റയ്ക്കു പൊയ്ക്കൊള്ളുമെന്നു് ഉറപ്പല്ലേ.’

‘യെസ് സേർ.’

സമയം ഏഴുമണിയായിട്ടേയുള്ളു. എട്ടു മണിയ്ക്കേ ബൈഖലയിൽ എത്തേണ്ടു. ധാരാളം സമയമുണ്ടു്. പിന്നെ ടാക്സിയിൽ പോകുന്നതെല്ലാം ഓരോ തെളിവുകളായിരിക്കും. ജാക്സനെ കാണാൻ പോകുമ്പോൾ അങ്ങിനെ ചില മുൻകരുതലുകൾ ആവശ്യമാണു്.

‘എന്നെ ഇവിടെ വിട്ടാൽ മതി. നീ നേരെ പൊയ്ക്കോ.’ അയാൾ പറഞ്ഞു. അപർണ്ണ കാർ നിർത്തി. സുനിൽ അവളുടെ കൈപിടിച്ചമർത്തി. ‘എല്ലാം ശരിയാവും, എല്ലാം.’ അയാൾ കാറിൽനിന്നിറങ്ങി.

പാർളെ സ്റ്റേഷനിലേയ്ക്കു നടക്കുമ്പോൾ അയാൾ ആലോചിച്ചു. താൻ വിചാരിച്ചതിലും നേരത്തെ അപർണ്ണ വീണ്ടെടുത്തിരിക്കുന്നു. അവളുടെ ഇച്ഛാശക്തിയെയാണതു് കാണിക്കുന്നതു്.

അയാൾ വില്ലെ പാർളെയിൽ നിന്നു് ട്രെയിനിൽ ബാന്ദ്രയിലെത്തി. അവിടെനിന്നു് ഹാർബർ ലൈനിലേയ്ക്കു് മാറി. ഹാർബർ ട്രെയ്ൻ പോകാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.

വീതി കൂടിയ നിരത്തിൽനിന്നു് വീതി കുറഞ്ഞ നിരത്തിലേയ്ക്കു്, വീണ്ടും വീതി കുറഞ്ഞ നിരത്തു്. വീണ്ടും ഇടവഴികൾ, ഒരു സ്കൂട്ടറിനു പോലും പോകാൻ പറ്റാത്ത വഴികൾ. ഒരുത്തൻ അടുത്തുവന്നു കൊണ്ടു് ചോദിച്ചു. ‘സാബ്, അച്ചാ മാൽ ഹെ.’

എന്തു മാൽ? മാൽ എന്നു പറഞ്ഞാൽ എന്തുമാകാം. പട്ടച്ചാരായം, കഞ്ചാവു്, പൊടി, അതുമല്ലെങ്കിൽ വേശ്യകൾ. അയാൾ പറഞ്ഞു. ‘ഞാൻ വേറൊരു കാര്യത്തിനു് വന്നതാണു്. ശുക്രിയാ.’ നന്ദി പറഞ്ഞു കൊണ്ടു് ഒഴിവാകുകയാണു് നല്ലതു്. സ്ഥലം മഹാ പിശകാണു്. ഒന്നു് ഉരഞ്ഞു് പറഞ്ഞാൽ മതി പിന്നെ കത്തികൊണ്ടുള്ള കളിയാവും. അവന്റെ ആൾക്കാരായിരിക്കും ചുറ്റുവട്ടവും. വല്ലാത്തൊരു സ്ഥലം.

ജാക്സൻ ജോയന്റിൽത്തന്നെയുണ്ടായിരുന്നു. സുനിലിനെ കണ്ടപ്പോൾ അയാൾ കുടി നിർത്തി മുറിക്കു പുറത്തേയ്ക്കു വന്നു. ജീൻസും നീല ഡെനിംതുണിയുടെ ജാക്കറ്റും വേഷം. മുകളിലെ രണ്ടു ബട്ടൺ തുറന്നിട്ടതിലൂടെ അയാളുടെ രോമനിബിഢമായ മാറും കഴുത്തിൽ തൂങ്ങിക്കിടക്കുന്ന സ്വർണ്ണമാലയും കാണാനുണ്ടു്.

‘ടെൽ മി, വാട്സ് യുവർ പ്രോബ്ലം?’

അയാൾ ഒരു ഗോവനായിരുന്നു. ജാക്സൻ ഡിസൂസ. മുപ്പത്തഞ്ചു വയസ്സു പ്രായം തോന്നും. കട്ടി മീശ, ഫ്രഞ്ചുതാടി.

‘നമുക്കൊരു കാര്യം ചെയ്യാം ജാക്സൻ.’ സുനിൽ പറഞ്ഞു. ‘ഏതെങ്കിലും റെസ്റ്റോറണ്ടിൽ പോയിരുന്നു് സംസാരിക്കാം, അല്ലെങ്കിൽ ബാറിൽ.’

‘ചലോ… റെസ്റ്റോറണ്ട് മേൻ ജായെഗാ.’

റെസ്റ്റോറണ്ടിൽ മേശക്കിരുവശത്തുമിരുന്നു് അവർ സംസാരിച്ചു.

‘നിനക്കു് മനസ്സിലായോ ആരാണു് കക്ഷിയെന്നു്?’

‘മനസ്സിലായെന്നോ? അവന്റെ പേരു് ഇവിടെ പറഞ്ഞു പോവരുതു്. കഴിഞ്ഞ പ്രാവശ്യം അവനെ വെറുതെ വിട്ടതു് നിങ്ങൾ പറഞ്ഞിട്ടാണു്. ഓർക്കുന്നുണ്ടോ.’

‘ഓർക്കുന്നുണ്ടു് ജാക്സൻ. എന്റെ തെറ്റാണു്. അപ്പോൾതന്നെ കൊടുക്കേണ്ടതായിരുന്നു.’

ഒരു പാവപ്പെട്ട മറാത്തി കുടുംബത്തിന്റെ താങ്ങായിരുന്നു അവൾ. ജാക്സനാണു് സുനിലിനോടു് അവൾക്കു് എന്തെങ്കിലും ജോലി കൊടുക്കാൻ പറഞ്ഞതു്. സിനിമയിൽ ഒരു എക്സ്റ്റ്രയാക്കുകയും ചെയ്തു. വലിയ കുഴപ്പമില്ലാതെ പൊയ്ക്കൊണ്ടിരുന്നപ്പോഴാണു് അവർ…

അന്നു് ജാക്സനെ തണുപ്പിക്കാൻ വളരെ പാടുപെട്ടു. ഇനിയും ഇതു തുടരാൻ അനുവദിച്ചുകൂടാ.

‘ഞാൻ എന്താണു് ചെയ്യേണ്ടതു്. കാച്ചിക്കളയട്ടെ? കതം കർദൂം?’

‘രണ്ടുപേരെ കാച്ചിക്കോ. മറ്റു രണ്ടുപേരെ ഇനി അതു ചെയ്യാൻ പറ്റില്ലാത്ത വിധത്തിലാക്കിക്കോ.’

ജാക്സൻ ഒരു വഴുതിനങ്ങ നുറുക്കുന്നപോലെ ആംഗ്യം കാട്ടി. ‘ഇതോ?’

‘അതെ. ഇനിയവർ മറ്റൊരു പെൺകുട്ടിയെ നശിപ്പിക്കരുതു്.’ സുനിൽ പറഞ്ഞു. ‘ആട്ടെ എത്ര ചെലവു വരും?’

‘സുനിൽ സാബ്…’ സുനിലിന്റെ കൈയ്യിൽ അമർത്തിപ്പിടിച്ചു കൊണ്ടു് ജാക്സൻ പറഞ്ഞു. ‘അവനെ തട്ടാൻ എനിക്കു് പണം വേണ്ട. പക്ഷേ, എന്റെ പിള്ളാർക്കു് എന്തെങ്കിലും കൊടുക്കണം. അവരുടെ ബിസിനസ്സാണിതു്. ഒരു പത്തു് കരുതിക്കോ. എല്ലാം കഴിഞ്ഞിട്ടു കൊടുത്താൽ മതി.’

‘ഞാനിനി രംഗത്തില്ല.’ സുനിൽ പറഞ്ഞു.

‘വേണ്ട, പോയ്ക്കോ. ഞാൻ ബിൽ കൊടുത്തു് പൊയ്ക്കോളാം.’

സുനിൽ എഴുന്നേറ്റു.

പതിനേഴു്

രാവിലെ എഴുന്നേറ്റപ്പോൾ അപർണ്ണയ്ക്കു് ഉണർവ്വു തോന്നി. കാലുകൾക്കിടയിലെ വേദന അപ്പോഴുമുണ്ടായിരുന്നു. രാവിലെ നഴ്സിങ് ഹോമിൽ പോകണമെന്നു് അതവളെ ഓർമ്മിപ്പിച്ചു. ഇന്നു് ഷൂട്ടിങ്ങിനു പോകാൻ തോന്നിയില്ല. ബീച്ചിൽ മൂന്നാം ദിവസവും ഷൂട്ടിങ്ങുണ്ടാവുമെന്നു് അവൾക്കറിയാം. പെട്ടെന്നു് അവൾ ആ ഹെലിക്കോപ്ടർ അപകടം ഓർത്തു. പത്രത്തിൽ അതിന്റെ വിശദ വിവരങ്ങൾ ഉണ്ടായിരുന്നു. ബോട്ട് അടുത്തെത്തുമ്പോൾ ചാടാനായി തയ്യാറെടുത്തു നിന്ന നടനു് ഹെലിക്കോപ്ടർ പെട്ടെന്നു് പൊന്തിയതു കാരണം പിടുത്തം വിടുകയാണുണ്ടായതു്. അയാൾ മുറുകെ പിടിക്കാൻ ശ്രമിച്ചു. അതു് കൂടുതൽ കുഴപ്പമുണ്ടാക്കി. അപ്പോൾത്തന്നെ പിടി വിട്ടിരുന്നെങ്കിൽ അധികം ഉയരമില്ലാത്തിടത്തു നിന്നു തന്നെ വീണേനെ. അതത്ര അപകടമുണ്ടാക്കില്ലായിരുന്നു, കാരണം അടുത്തെത്തിയ ബോട്ടിലെ ആൾക്കാർക്കു് അയാളെ രക്ഷിക്കാൻ പറ്റുമായിരുന്നു. സാധു മനുഷ്യൻ. ദയനീയമായിട്ടുള്ളതു് അയാളുടെ കുടുംബമാണു്. സ്റ്റ്രെച്ചറിൽ ഭർത്താവിന്റെ മൃതദേഹത്തിന്നെതിരെയുള്ള ചുവരിന്നരികിൽ അയാളുടെ ഭാര്യ വീണുകിടന്നിരുന്നു. ആ പാവം സ്ത്രീ കരഞ്ഞുതളർന്നു് കിടക്കുകയായിരുന്നു.

എന്തൊരു ജീവിതം! സിനിമാലോകത്തേയ്ക്കു പ്രവേശിക്കുന്നതിനെപ്പറ്റി അപർണ്ണയ്ക്കു ആദ്യമായി വീണ്ടു വിചാരമുണ്ടായി. അതിനു മാത്രമൊക്കെയുണ്ടോ വെള്ളിത്തിരയിലെ ജീവിതം?

അവൾ പത്രമെടുത്തു് ആദ്യംതൊട്ടു് അവസാനംവരെ വായിച്ചു. തനിക്കു പറ്റിയ അപകടത്തെപ്പറ്റി എങ്ങിനെയെങ്കിലും വാർത്ത പുറത്തു വന്നിട്ടുണ്ടോ എന്നറിയാൻ. ഇല്ല, ഒന്നും വന്നിട്ടില്ല. എന്തോ ഭാഗ്യത്തിനു് അവളെ ആ നഴ്സിങ് ഹോമിൽ ആക്കി. എന്തൊക്കെയോ നന്മകൾ ഈ കലുഷാവസ്ഥയിലും തനിക്കനുകൂലമായി വർത്തിക്കുന്നുണ്ടു്. അതിൽ ഒന്നാമത്തേതാണു് സുനിൽ മൽഹോത്ര.

‘ഫോണുണ്ടു്… അപർണ്ണയ്ക്കു് ഫോണുണ്ടു്.’ ചുവട്ടിലെ നിലയിൽ നിന്നു് മിസ്സിസ്സ് പാണ്ഡേ വിളിച്ചു പറഞ്ഞു.

സുനിലായിരുന്നു.

‘എങ്ങിനെയുണ്ടു് അപർണ്ണാ ഇപ്പോൾ?’

‘കുഴപ്പമില്ല.’

‘ഇന്നു് നഴ്സിങ്ഹോമിൽ പോകണം. ഞാൻ ഒമ്പതു മണിക്കു് അവിടെ വരാം.’

‘ഞാൻ ഒറ്റയ്ക്കു് പോയാൽപ്പോരെ?’

‘എന്താ ഞാൻ വരുന്നതുകൊണ്ടു് വല്ല കുഴപ്പവുമുണ്ടോ?’

‘അല്ലാ, ഞാൻ സുനിലിനെ കുറേ ബുദ്ധിമുട്ടിക്കുന്നുണ്ടു്.’

‘പെണ്ണെ തമാശ പറയാതെ തയ്യാറായി നിന്നോ. കൃത്യം ഒമ്പതു മണിക്കു് ഞാൻ അവിടെ എത്തും. ഹോണടിക്കാനൊന്നും ഇടയാക്കണ്ട.’

‘ശരി സർ.’

അവൾ പോകാനായി വാതിൽവരെ എത്തിയപ്പോൾ മിസ്സിസ്സ് പാണ്ഡേ ഓടി വന്നു.

‘അപർണ്ണാ, ആജ് നാരിയേൽക്കാ ചട്ടിണി ബനായാ?’

‘അറിയില്ല ആന്റി. ഉണ്ടെങ്കിൽ രേണുവിന്റെ കൈയിൽ കൊടുത്തയക്കാം.’

കോണി കയറുമ്പോൾ അവൾ ആലോചിച്ചു, താൻ ചെയ്യുന്ന ഫോണുകളുടെ ചാർജ് അവർ ഈടാക്കുന്നതു് നാളികേരച്ചട്ടിണി ചോദിച്ചു വാങ്ങിയിട്ടാണെന്നു് തോന്നുന്നു.

അവൾ കുളിച്ചു പുറപ്പെടാൻ തുടങ്ങി.

ഹെരാൾഡിൽ യാത്ര ചെയ്യുന്നതു് ഒരു വിചിത്രാനുഭവമാണു്. നിങ്ങൾ ഒരു ബൈക്കിലാണു് പോകുന്നതെന്ന പ്രതീതിയുണ്ടാവും. ഇടയ്ക്കു് വല്ല കുഴിയിലും ചാടി തല മുകളിലടിക്കുമ്പോഴാണു് കാറിലാണെന്നു മനസ്സിലാവുക. അപർണ്ണ പറഞ്ഞു.

‘സുനിലിനു് ഒരു നല്ല കാർ വാങ്ങിക്കൂടെ?’

അയാൾ അവളെ നോക്കി ചിരിച്ചു.

‘നിനക്കൊരു കാര്യം അറിയാമോ?’

‘ങും?’

‘എനിക്കു് ചെയ്യാമായിരുന്ന കാര്യങ്ങൾ എന്തൊക്കെയുണ്ടായിരുന്നു. അതൊന്നും ചെയ്തില്ല. എനിക്കു വയസ്സു് മുപ്പത്തിരണ്ടായി. കല്യാണം കഴിച്ചില്ല. ഞാനൊരു നടനാണു്. പക്ഷേ, ഇതുവരെ ഒരു സിനിമയിൽ നായകന്റെ വേഷ മണിഞ്ഞിട്ടില്ല. എന്റെ കയ്യിൽക്കൂടി ലക്ഷങ്ങൾ കടന്നു പോയിട്ടുണ്ടു്. വില്ലെ പാർളെയിൽ ഒരു ബങ്ക്ളാവ് വാങ്ങുന്നതിനെപ്പറ്റി ഞാൻ ആലോചിച്ചിട്ടില്ല. നഷ്ടപ്പെടുത്തിയ അവസരങ്ങളുടെ ഒരു ആൽബമാണു് എന്റെ ജീവിതം. അല്ലെങ്കിൽ ഇതിലൊക്കെ എന്തിരിക്കുന്നു.’

‘നിങ്ങൾ ഒരദ്ഭുതമനുഷ്യനാണു്.’ അപർണ്ണ പറഞ്ഞു.

അവർ നഴ്സിങ്ഹോമിലെത്തിയിരുന്നു. ഡോക്ടറുണ്ടായിരുന്നില്ല. നഴ്സ് അവളെ ഉള്ളിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. അയാൾ പോക്കറ്റിൽ നിന്നു് ഒരു സിഗരറ്റെടുത്തു് ചുണ്ടിൽവച്ചു, പിന്നെ അതു വേണ്ടെന്നു തീരുമാനിച്ചു് തിരിച്ചു് കൂട്ടിൽത്തന്നെയിട്ടു.

നഴ്സ് വന്നു് അയാളോടു പറഞ്ഞു. ‘രണ്ടാഴ്ച കഴിഞ്ഞു് വരണം. ഒന്നുരണ്ടു് ടെസ്റ്റുകൾ നടത്തണം. അതു് ഇപ്പോൾ നടത്തിയതു കൊണ്ടു് കാര്യമില്ല.’

‘എന്തു ടെസ്റ്റ് ?’

‘ഇങ്ങിനെയുള്ള കേസുകളിൽ അതാവശ്യമാണു്.’

സുനിലിനു മനസ്സിലായി. ആറു മാസം മുമ്പു് അയാൾക്കു് ഒരനുഭവമുണ്ടായിട്ടുണ്ടു്. ആ മറാത്തി കുട്ടിയുടെ കാര്യ ത്തിൽ. പക്ഷേ, ടെസ്റ്റുകൾ നടത്തേണ്ടി വന്നില്ല. അതിനുമുമ്പു് അവൾ എന്നെന്നേയ്ക്കുമായി യാത്രയായി. മോർച്ചറിയിൽ അവളുടെ ശവശരീരം കിടക്കുന്നതു് ഓർമ്മ വന്നപ്പോൾ അയാൾ പല്ലിറുമ്മി.

കാറിൽ കയറുമ്പോൾ അയാൾ ചോദിച്ചു. ‘എന്താണു് നിന്റെ പരിപാടി?’

‘ഇന്നോ?’

‘അതെ. വേറെ പരിപാടിയൊന്നും ഇട്ടിട്ടില്ലെങ്കിൽ നമുക്കു് ലഞ്ചിനു പോകാം. നിനക്കു് കുറച്ചൊരു റിലാക്സേഷൻ കിട്ടും.’

‘അതു് എവിടേയ്ക്കു് ക്ഷണിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.’

‘എന്താണു് വേണ്ടതു? ചൈനീസ് ഓർ കോൺടിനെന്റൽ.’

‘ചൈനീസ് മതി.’

‘എങ്കിൽ നമുക്കു് ഫ്ളോറയിൽ പോകാം.’

അവൾ ഫ്ളോറയിൽ പോയിട്ടുണ്ടായിരുന്നില്ല. അവൾ പറഞ്ഞു.

‘ശരി.’

ഫ്ളോറ വർളിയിലായിരുന്നു. അയാൾ കാർ സ്റ്റാർട്ടാക്കി.

പതിനെട്ടു്

നഗരത്തിൽ കൊലപാതകങ്ങൾ കൂടിയിട്ടുണ്ടെന്നതു് അങ്കിളിന്റെ സ്ഥിരം ആവലാതിയാണു്. രാവിലെ ആദ്യത്തെ ചായയുടെ ഒപ്പം അദ്ദേഹം പത്രം വായിക്കുന്നു. ഒരു ട്രെയിൽ ചായകൂട്ടാനുള്ള കെറ്റിലും, പാലും പഞ്ചസാരയുമുള്ള പാത്രങ്ങളും ഒരു കപ്പും സോസറുമായി രേണു ബാൽക്കണിയിൽ കൊണ്ടുപോയി വയ്ക്കുന്നു. അങ്ക്ൾ സ്വന്തം ഇഷ്ടത്തിനനുസരിച്ചു് ചായകൂട്ടി കുടിക്കുന്നു. ഒരു മൂന്നു കപ്പു് ചായ അകത്താക്കുമ്പോഴേയ്ക്കു് പത്രം മുഴുവൻ വായിച്ചു തീർന്നിട്ടുണ്ടാകും.

‘അപർണ്ണാ…’ അദ്ദേഹം വിളിച്ചു.

അവൾക്കു് ഉറക്കച്ചടവു മാറിയിരുന്നില്ല. ചായകുടി നിർത്തി അവൾ ബാൽക്കണിയിലേയ്ക്കു് പോയി.

‘എന്താണു് അങ്ക്ൾ?’

സാധാരണ അങ്ങിനെ വിളിക്കാറുണ്ടു്. അപ്പോഴാണു് അവളുടെ അന്നത്തെ പരിപാടിയെക്കുറിച്ചൊക്കെ അദ്ദേഹം ചോദിക്കാറുള്ളതു്.

‘നിന്റെ പ്രൊഡ്യൂസർ ഒരു സിന്ധിയല്ലേ?’ അവൾ തലയാട്ടിയപ്പോൾ അദ്ദേഹം തുടർന്നു. ‘ചൈനാനി?’ അവൾ വീണ്ടും തലയാട്ടി.

‘അയാളുടെ മകൻ മരിച്ചു.’

‘എങ്ങിനെ?’ അവൾ പേപ്പർ തട്ടിപ്പറിച്ചു.

ഒന്നാമത്തെ പേജിൽത്തന്നെ വലിയ അക്ഷരത്തിൽ വാർത്ത കൊടുത്തിരിക്കുന്നു. ഫിലിം പ്രൊഡ്യൂസർ ചൈനാനിയുടെ മകനും സ്നേഹിതനും വെടിയേറ്റു് മരിച്ചു. അവൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു. ചൈനാനിയ്ക്കു് രണ്ടു മക്കളുണ്ടായിരുന്നുവെന്നറിയാം. മൂത്തവൻ രണ്ടു വർഷം മുമ്പു് മരിച്ചുവെന്നും. അവൾ വായിക്കാൻ തുടങ്ങി. ചൈനാനിയുടെ മകൻ രാകേഷും സ്നേഹിതൻ മഹേഷും അക്രമികളുടെ വെടിയേറ്റു് മരിച്ചു. ഖാറിലെ ലിങ്ക് റോഡിൽ വച്ചാണു് സംഭവം. കാറിൽ വരികയായിരുന്ന രണ്ടു പേരേയും എതിർ വശത്തുനിന്നു കാറിൽ വന്ന രണ്ടുപേർ കാർ നിർത്തി നിറയൊഴിക്കുകയായിരുന്നു. രണ്ടുപേരും ഉടനെ മരിച്ചു. അക്രമികൾ വന്ന കാറിൽത്തന്നെ രക്ഷപ്പെട്ടു

താഴെ കൊടുത്ത ചിത്രത്തിൽ ഒരു വെള്ള അംബാസഡർ കാറിനുള്ളിൽ തല കുനിച്ച മട്ടിൽ രണ്ടുപേരുടെ ശവശരീരം. അപർണ്ണയുടെ കാലുകൾക്കു് ബലക്ഷയം പോലെ തോന്നി. അവൾ ആദ്യം ആലോചിച്ചതു് അവളുടെ വിധിയെപ്പറ്റിയായിരുന്നു. തനിക്കു് ചെറിയതെങ്കിൽ ചെറിയ ഒരു ചാൻസ് സിനിമയിൽ കിട്ടുമെന്നായപ്പോൾ ഇങ്ങനെയും ഒരു കുഴപ്പം. ഇനി ചൈനാനി അദ്ദേഹത്തിന്റെ പ്ലാനുകൾ മാറ്റുമോയെന്നു് ആരു കണ്ടൂ. അവളുടെ കണ്ണുകൾ അപ്പോഴാണു് ആ രണ്ടു ഫോട്ടോകളിലേയ്ക്കു പതിഞ്ഞതു്. അടുത്ത കോളത്തിൽ മരിച്ച രണ്ടു ചെറുപ്പക്കാരുടെ ഫോട്ടോകൾ കൊടുത്തിരുന്നു. പെട്ടെന്നു് അവൾക്കു് തല കറങ്ങുന്നതായി തോന്നി. ഒരു നിമിഷത്തിനുള്ളിൽ അവൾ ബോധം കെട്ടു് നിലത്തു വീണു.

ബോധം വന്നപ്പോൾ അവൾ കട്ടിലിൽ കിടക്കുകയായിരുന്നു. അങ്ക്ൾ അടുത്തുതന്നെ ഇരിക്കുന്നുണ്ടു്.

‘കീ ഹോലോ കീ?’ അദ്ദേഹം ചോദിച്ചു.

എന്താണുണ്ടായതു? അവൾക്കു് വീണ്ടും ബോധക്ഷയം വരുന്ന പോലെ തോന്നി. അങ്ക്ൾ വീണ്ടും കുറച്ചു് വെള്ളമെടുത്തു് അവളുടെ മുഖം തുടച്ചു.

‘ഛി, ഛി, ഒരു വാർത്ത കണ്ടു് ഇങ്ങിനെയായാലോ? ഇതൊക്കെ ഈ നഗരത്തിൽ എന്നും സംഭവിക്കണതല്ലെ? നിനക്കു് ഇത്രയും ധൈര്യമില്ലാതായോ.’

ചിത്രത്തിൽ കണ്ട രണ്ടുപേർ അംബാസഡർ കാറിൽ വന്നു് അവളെ ഉപദ്രവിച്ചവരായിരുന്നു. അയാൾ ചൈനാനിയുടെ മകനോ? അവരെ ആർ എങ്ങിനെ…

‘കുഴപ്പമില്ല അങ്ക്ൾ. ഇപ്പോൾ ശരിയായി.’

‘എനിക്കു് മനസ്സിലായി മോളെ.’ അയാൾ പറഞ്ഞു. ‘സാരംല്ല്യ. എഴുന്നേൽക്കു.’

അങ്കിളിനു് ഒന്നും മനസ്സിലായിട്ടില്ലെന്നു് അവൾ ഓർത്തു. എന്തു കൊണ്ടോ അവൾക്കു് ഓർമ്മ വന്നതു് സുനിലിന്റെ വാക്കുകളാണു്. ‘ദേ വിൽ പേ ഫോറിറ്റ്.’ അവർ വില കൊടുത്തു കഴിഞ്ഞു. പക്ഷേ, എന്തു വില! ആരാണതു ചെയ്തിട്ടുണ്ടാവുക? അവൾക്കു് സുനിലുമായി സംസാരിക്കണമെന്നു് തോന്നി. ചൈനാനിയോടും സംസാരിക്കണം. അവൾ കുളിച്ചു് പുറത്തുപോകാൻ തയ്യാറെടുത്തു.

സാധാരണ വിളിക്കാറുള്ള ബൂത്തിൽ നിന്നു വിളിക്കാതെ അല്പം അകലെയുള്ള ബൂത്തിൽ നിന്നാണു് അവൾ വിളിച്ചതു്.

‘ചൈനാനി ഫിലിംസ്.’ രഞ്ജിനിയുടെ ശബ്ദം കേട്ടു.

‘ചൈനാനി സാബുണ്ടോ.’

‘ഇല്ല, ആരാണു് സംസാരിക്കുന്നതു്. ഇന്നു് സാബുണ്ടാവില്ല.’

‘ഇതു് ഞാനാണു് അപർണ്ണ.’

‘ഓ, അപർണ്ണാജി വിവരമറിഞ്ഞില്ലേ.’

‘അറിഞ്ഞു.’

പത്തു മണിക്കു് വന്നോളു. കൺഡോലൻസ് പുസ്തകം ഇവിടെ വച്ചിട്ടുണ്ടു്. ഒപ്പിട്ടുപോകാം.’

‘ചൈനാനി സാബിനെ കാണാൻ പറ്റില്ലേ?’

‘ഇന്നു പറ്റില്ല.’

‘ശരി.’

അവൾ സുനിലിന്റെ നമ്പർ വിളിച്ചു. അയാൾ അവിടെയുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. പക്ഷേ, രണ്ടാമത്തെ റിങ്ങിൽത്തന്നെ സുനിൽ ഫോണെടുത്തു.

‘ഹലോ, സുനിൽ ഹിയർ.’

‘ഇതു് ഞാനാണു് അപർണ്ണ.’

‘ബോലോ അപർണ്ണ, ക്യാ ഹാൽ ഹെ.’

അവൾ ഒരു മിനുറ്റ് നിശ്ശബ്ദയായി. പിന്നെ ചോദിച്ചു. ‘നിങ്ങൾ പ്രവാചകനാണോ?’

‘നീ ചൈനാനിയെ വിളിച്ചോ.’

‘വിളിച്ചു, കിട്ടിയില്ല. പത്തു മണിക്കു് ചെന്നാൽ കൺഡോലൻസ് ബുക്കിൽ ഒപ്പിടാമെന്നു് പറഞ്ഞു രഞ്ജിനി.’

‘ഞാൻ നിതിന്റെ വീട്ടിലായിരുന്നു രാത്രി മുഴുവൻ. ഇപ്പോൾ തിരിച്ചെത്തിയിട്ടേ ഉള്ളൂ. ഹീയീസെ ടോട്ടൽ റെക്ക്. ആദ്യത്തെ മകൻ രണ്ടു കൊല്ലം മുമ്പാണു് പോയതു്. അതൊരു ആക്സിഡണ്ടായിരുന്നു. ഇപ്പോഴിതാ രണ്ടാമത്തേതും.’

‘സുനിലിനു മനസ്സിലായോ ആരായിരുന്നു എന്നെ…’ അവൾ മുഴുവൻ പറഞ്ഞു.

‘എനിക്കറിയാം. ബിഗ് ബ്രദർ നോസ് എവിരിതിങ്. നീ ഇങ്ങോട്ടു വരൂ. നമുക്കൊപ്പം ചൈനാനിയുടെ ഓഫീസിൽ പോകാം.’

‘ശരി ഞാൻ പത്തു മണിയ്ക്കു് വരാം.’

‘ഞാൻ അപ്പോഴേയ്ക്കും ഒന്നു് കുളിച്ചു തയ്യാറാവാം.’

തിരിച്ചു് വീട്ടിലേയ്ക്കു നടക്കുമ്പോൾ അവൾ ആലോചിച്ചു. സംഭവങ്ങൾ വളരെ വേഗത്തിലാണു് നടക്കുന്നതു്. തനിക്കതുൾക്കൊള്ളാൻ കഴിയുന്നില്ല. ഒരു സംഭവം തന്റെ ഉള്ളിൽ ഒരു ആഘാതമുണ്ടാക്കി അതിൽനിന്നു് എഴുന്നേൽക്കുന്നതിനു മുമ്പുതന്നെ മറ്റൊന്നുണ്ടാവുന്നു. ഇങ്ങിനെ പോയാൽ എവിടെ എത്തും? ഇതാണോ താൻ ഉദ്ദേശിച്ച ജീവിതം? ജീവിതത്തെപ്പറ്റി അവൾ ആദ്യമായി ചിന്തിക്കാൻ തുടങ്ങി. അതിന്റെ നിരർത്ഥകതയെപ്പറ്റി. എന്താണു് സംഭവിക്കുക. തനിക്കു് ചൈനാനി ഒരു ചാൻസു തന്നു. അടുത്ത സിനിമയിൽ നായികസ്ഥാനം തന്നെ തന്നുവെന്നിരിക്കട്ടെ. താൻ ഒരു ഹിറ്റാവുന്നു. കൂടുതൽ പ്രൊഡ്യൂസർമാർ തന്നെ അന്വേഷിച്ചു വരുന്നു. കോൺട്രാക്ടുകൾ ഒപ്പിടുന്നു. കാൾ ഷീറ്റുകൾ. ഒന്നിനും സമയമില്ലാതെ ഒരു സെറ്റിൽനിന്നു് വേറൊരു സെറ്റിലേയ്ക്കു് ഓട്ടം. പണം വാരുന്നു. അതിനിടയ്ക്കു് തനിക്കു് രണ്ടു ദിവസം മുമ്പു് സംഭവിച്ചതുപോലെ അപകടങ്ങൾ. ദുരൂഹമായ ഈ തിരക്കഥയിൽ ജീവിതമെന്ന കഥാപാത്രത്തിനു് എവിടെ സ്ഥാനം.

പാർകിങ് ലോട്ടിൽ വാച്ച്മാൻ ചൂണ്ടിക്കാട്ടിയ സ്ഥലത്തു് കാർ പാർക്ക് ചെയ്തു അപർണ്ണ ഇറങ്ങി. കാർ പൂട്ടിയിട്ടില്ലേ എന്നു് പരിശോധിച്ചു് അവൾ നടന്നു. ചൈനാനിയുടെ ഓഫീസിലേയ്ക്കു് യാത്ര സുനിലിന്റെ കാറിലായിരിക്കണം. ലിഫ്റ്റിൽ സംഗീതമുണ്ടായിരുന്നു. അവൾക്കു് അപ്പോൾ അതു് കുറച്ചു് അനവസരത്തിലുള്ളതായി തോന്നി. ഏഴാം നിലയിൽ ലിഫ്റ്റ് നിന്നു. അവൾ പുറത്തിറങ്ങി. സമയം, സിനിമയിൽ സ്ലോമോഷനിൽ കാണിക്കും പോലെ നീളുന്നതായി അവൾക്കു തോന്നി. ലിഫ്റ്റിൽനിന്നു് സുനിലിന്റെ വാതിൽക്കലെത്താൻ ഇത്രയധികം സമയമോ?

ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നതു് സുനിൽ തന്നെയായിരുന്നു. അയാൾ അകത്തേയ്ക്കു നോക്കി ഹസീമിനോടു് എന്തോ വിളിച്ചു പറഞ്ഞു് അവളുടെ ഒപ്പം ലിഫ്റ്റിലേയ്ക്കുതന്നെ നടന്നു.

ചൈനാനിയുടെ ഓഫീസിനു മുമ്പിലെ തിരക്കു് അവൾ പ്രതീക്ഷിച്ചില്ലായിരുന്നു. നിറയെ ആൾക്കാർ, ഓഫീസ് കോമ്പൗണ്ടിന്നകത്തും പുറത്തും. അകത്തും പുറത്തും നിറയെ കാറുകൾ. കാമറയുടെ ഫ്ളാഷുകൾ. അവർ അകത്തേയ്ക്കു കയറി. ഫ്ളാഷുകൾ മിന്നി. സ്വീകരണമുറിയിൽത്തന്നെ രാകേഷിന്റെ ഒരു വലിയ ഫോട്ടോയ്ക്കു മീതെ പുഷ്പഹാരം. ഒരു വലിയ താലത്തിൽ പൂക്കൾ നിറച്ചിരുന്നു. വരുന്നവരെല്ലാം അതിൽനിന്നു് പുക്കളെടുത്തു് ഫോട്ടോവിനു താഴെ അർപ്പിച്ചു. സുനിലും ഒരു കുടന്ന പൂക്കളെടുത്തു് ഫോട്ടോവിലേയ്ക്കു് ഇട്ടു് കൈകൂപ്പി. ഫ്ളാഷുകൾ മിന്നുന്നുണ്ടായിരുന്നു. അപർണ്ണ കുനിഞ്ഞു് പൂക്കളെടുത്തു ഫോട്ടോവിലേയ്ക്കു നോക്കി. ഈ മനുഷ്യനാണു് രണ്ടു ദിവസം മുമ്പു് തന്നെ കൊല്ലാൻ ശ്രമിച്ചതു്. നാലുപേരുടെയും ഊഴം കഴിഞ്ഞപ്പോൾ അയാളാണു് പറഞ്ഞതു്. ‘കതം കർദോ; നാതോ ഗുൽമാൽ ഹോജായഗാ.’

പിന്നീടുണ്ടായേക്കാവുന്ന കുലുമാലുകൾ ഒഴിവാക്കാൻ അവളെ കൊല്ലാൻ. ഉടനെ മറ്റൊരുത്തൻ അവളുടെ കഴുത്തിൽ പിടിക്കുകയും ചെയ്തു. അവൾ ഉച്ചത്തിൽ അലറുന്നുണ്ടായിരുന്നു. ഭാഗ്യത്തിനാണു് വാച്ച്മാൻ വന്നതും അവർ നാലുപേരും ഓടി രക്ഷപ്പെട്ടതും. അവൾ സുനിലിന്റെ നേരെ നോക്കി. അയാൾ ഒന്നും പറയാതെ അവളെ ശ്രദ്ധിച്ചു നോക്കുകയാണു്. ഫ്ളാഷുകൾ മിന്നുന്നുണ്ടായിരുന്നു. അവൾ പൂക്കൾ ഫോട്ടോവിനു മുമ്പിൽ ഇട്ടു് തിരിഞ്ഞു നടന്നു.

അവർ അപ്പോൾത്തന്നെ മടങ്ങി.

‘വല്ലാത്തൊരു യോഗമാണു് എന്റേതു്.’ അപർണ്ണ പറഞ്ഞു. സുനിൽ അവളെ ഒരു ചോദ്യത്തോടെ നോക്കി. അവർ എയ്ത്ത് റോഡിൽനിന്നു് മെയിൻ റോഡിലേയ്ക്കു കടക്കുകയാണു്.

‘എന്നെ ബലാൽസംഗം ചെയ്തശേഷം കൊല്ലുവാനുള്ള ഓർഡറും കൊടുത്ത ഒരു മനുഷ്യന്റെ ഫോട്ടോവിനു മുമ്പിൽ പുഷ്പമർപ്പിക്കുക. ലോകത്തു് ഒരു പെൺകുട്ടിയ്ക്കും ഈ ഗതികേടു് ഉണ്ടായിട്ടുണ്ടാവില്ല.’

‘ശരിയാണു്.’ സുനിൽ പറഞ്ഞു.

‘ഞാൻ ഒരു കാര്യം ചോദിക്കട്ടെ. രാകേഷിന്റെ മരണവും ദേ വിൽ പേ ഫോറിറ്റ് എന്ന സുനിലിന്റെ പ്രവചനവുമായി വല്ല ബന്ധവുമുണ്ടോ?’

‘നിനക്കെന്താണു് തോന്നുന്നതു?’

‘ഞാനാകെ ആശയക്കുഴപ്പത്തിലാണു്. എനിക്കു് എന്തൊക്കെയോ സംഭവിച്ചുകൊണ്ടിരിക്കയാണു്. ചുറ്റും നടക്കുന്നതെല്ലാം ശരിക്കുള്ളതാണോ അതോ സ്വപ്നം കാണുന്നതാണോ എന്നുകൂടി സംശയമാകും വിധം ഞാൻ ആശയക്കുഴപ്പത്തിലാണു്.’

‘ഞാനൊരു ദൈവവിശ്വാസിയാണു്.’ സുനിൽ പറഞ്ഞു. ‘ഞാൻ അമ്പലങ്ങളിൽ പോകും പള്ളികളിൽ പോകും, ഗുരുദ്വാരകളിൽ പോകും. പ്രാർത്ഥിക്കും. അനീതികൾ എനിക്കു് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണു്. അനീതികൾക്കെതിരായി നടപടിയെടുക്കാൻ ഞാൻ ദൈവത്തിനു് ഒന്നല്ല പല അവസരവും കൊടുക്കും. ഒന്നും നടക്കുന്നില്ലെന്നു കണ്ടാൽ നീതിയ്ക്കായി ഞാൻ മറ്റു് ദൈവങ്ങളെ ആശ്രയിക്കുന്നു. അവർ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല.’

‘ഏതാണാ ദൈവങ്ങൾ.’

സുനിൽ ഗെയ്റ്റു കടന്നു. അയാൾ പറഞ്ഞു. ‘ഇറങ്ങിക്കോളൂ.’ അവൾ ഇറങ്ങി.

‘പിന്നെ…’ സുനിൽ അവളോടു പറഞ്ഞു. ‘ഇന്നത്തെ പേപ്പറിൽ അഞ്ചാമത്തെ പേജിൽ മറ്റൊരു ന്യൂസുണ്ടു്. അതു കൂടി വായിക്കണം.’

അയാൾ കാർ, പാർകിങ് ലോട്ടിലേയ്ക്കെടുത്തു. അപർണ്ണ ഒരു നിമിഷം അവിടെ നിന്നു. സുനിൽ വന്നു അവളുടെ കൈ പിടിച്ചു കുലുക്കി. ‘ശരി ഇനി കാണാം. ഞാൻ പോട്ടെ, കുറച്ചു തിരക്കുണ്ടു്.’

‘ശരി.’

പത്തൊമ്പതു്

വീട്ടിലെത്തിയ ഉടനെ അവൾ നോക്കിയതു് അന്നത്തെ പത്രമായിരുന്നു. അഞ്ചാം പേജിൽ അവൾ പരതി. ചെറിയ ചെറിയ വാർത്തകൾക്കിടയിൽ അവൾ അതു കണ്ടു പിടിച്ചു. രണ്ടു ചെറുപ്പക്കാർ സന്നിഗ്ദാവസ്ഥയിൽ ആശുപത്രിയിൽ. ബീച്ചിൽ രണ്ടു ചെറുപ്പക്കാരെ ചോര വാർന്ന നിലയിൽ കണ്ടെത്തി. അവരുടെ സ്വകാര്യ അവയവങ്ങൾ ഛേദിച്ച മട്ടിലായിരുന്നു. അവയവങ്ങൾ വീണ്ടുകിട്ടിയിട്ടില്ല. അവർ ഇപ്പോഴും സന്നിഗ്ദാവസ്ഥയിൽ തുടരുന്നു. അതിജീവിക്കാനുള്ള സാധ്യത കുറവു്.

അപർണ്ണ തളർന്നു. രണ്ടു പേജുകളിൽ വെവ്വേറെ കിടക്കുന്ന സംഭവങ്ങൾ തമ്മിലുള്ള ബന്ധം അവൾക്കു മനസ്സിലായിത്തുടങ്ങിയിരുന്നു. സ്വന്തം അതിജീവനംതന്നെ ഒരു പ്രശ്നമായി അവൾക്കു തോന്നി. എന്തിനാണു് ഇതൊക്കെ? എന്താണു് ഇതുകൊണ്ടൊക്കെ നേടുന്നതു?

അവൾ രാത്രി ഉറങ്ങുന്നതിനുമുമ്പു് അങ്ക്ളിന്റെ മരുന്നുപെട്ടി പരതി ഒരു ഉറക്കുഗുളിക മോഷ്ടിച്ചു. ഇന്നു് ഉറക്കം വരണമെങ്കിൽ അതുമാത്രമേ ശരണമുള്ളൂ. അവൾ രാത്രി സുഖമായി ഉറങ്ങി.

രാവിലെ എഴുന്നേറ്റപ്പോൾ അവൾ ആലോചിച്ചതു് ഇതാണു്. ഇന്നു് എന്താണു് ചെയ്യുക. ഒന്നും ചെയ്യാനില്ലാത്ത ഒരവസ്ഥയാണു്. കുറേ ദിവസത്തേയ്ക്കു് ഷൂട്ടിങ് ഉണ്ടാകുമെന്നു് തോന്നുന്നില്ല. വിനോദിന്റെ അടുത്തു പോകാൻ അവൾക്കു് യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. സുനിലാകട്ടെ ഇന്നലെത്തന്നെ അവളെ ഒഴിവാക്കുന്ന മട്ടിലാണു് സംസാരിച്ചതു്. സാധാരണ അയാൾ അവളെ വീട്ടിലേയ്ക്കു ക്ഷണിക്കാറുണ്ടു്. ഇന്നലെ അതുണ്ടായില്ല. ഒരുപക്ഷേ, അയാൾ തിരക്കിലായിരിക്കും. അല്ലെങ്കിൽ സംസാരിക്കാനുള്ള മൂഡിലായിരിക്കില്ല. അവൾ മറ്റുള്ളവർക്കു് സംശയത്തിന്റെ ആനുകൂല്യം കൊടുത്തു.

ഒമ്പതു മണിക്കാണു് മിസ്സിസ്സ് പാണ്ഡേ വിളിച്ചു പറഞ്ഞതു്.

‘അപർണ്ണാ, ഫോൺ…’

അവൾ താഴേയ്ക്കു പോയി. സുനിലായിരുന്നു.

‘ഒരു ചീത്ത വാർത്ത തരാനാണു് വിളിച്ചതു്.’

ഇപ്പോൾ നടന്ന കാര്യങ്ങളെക്കാൾ ചീത്തയായി എന്താണുണ്ടാവുക? അവൾ ചോദിച്ചു. ‘എന്തേ?’

‘ചൈനാനി പുതിയ മൂവി ഡ്രോപ്പു ചെയ്തിരിക്കുന്നു. അതിനു വേണ്ടി കൊടുത്ത കോൺട്രാക്ടുകളെല്ലാം കാൻസൽ ചെയ്യുകയാണു്.’

അപർണ്ണ ഒന്നും പറയാനാകാതെ ഫോണും പിടിച്ചു നിന്നു. വിശ്വസിക്കാൻ പ്രയാസം. താൻ സ്വപ്നം കാണുകയാണോ? ഇതു പകലാണോ, അതോ രാത്രിയോ.

‘പിന്നെ കാണാം. ഞാൻ ഇതു പറയാൻ വിളിച്ചതാണു്.’

‘ശരി’ അവൾ ഫോൺ വെച്ചു.

അവൾ ഒരു മയക്കത്തിലെന്നപോലെ മുകളിലേയ്ക്കു പോയി. അങ്ക്ൾ ഓഫീസിലേയ്ക്കു പോയിരുന്നു. രേണു പച്ചക്കറി വാങ്ങാൻ പോവുകയാണു്. വാതിലടച്ചു് കുറ്റിയിട്ടു് അവൾ കിടക്കയിൽ പോയി വീണു. എല്ലാ സ്വപ്നങ്ങളും തകർന്നുവെന്നു് അവൾക്കു മനസ്സിലായി. താൻ കഴിഞ്ഞ ഏതാനും മാസങ്ങളായി നട്ടു വളർത്തിയ സ്വപ്നം വേരു പിടിക്കുന്നതിനു മുമ്പുതന്നെ വാടിക്കരിഞ്ഞിരിക്കുന്നു. ഇനി അപർണ്ണ എന്ന നായിക ഇല്ല. വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന തന്റെ സ്വപ്നമാണു് ഒരു നിമിഷം കൊണ്ടു് ഇല്ലാതായിരിക്കുന്നതു്. ഇനി ജീവിച്ചിരുന്നിട്ടെന്തു കാര്യം.

അവൾ എഴുന്നേറ്റു് അങ്ക്ളിന്റെ മുറിയിലേയ്ക്കു പോയി. മരുന്നുപെട്ടി പുറത്തുതന്നെയുണ്ടായിരുന്നു. അവൾ അതു തുറന്നു. രണ്ടു സ്റ്റ്രിപ്പ് ഉറക്കുഗുളികകൾ. ഇന്നലെ പുതുതായി വാങ്ങിയതായിരിക്കണം. അവൾ അതുമെടുത്തു് അടുക്കളയിലേയ്ക്കു നടന്നു.

എപ്പോഴോ വാതിൽക്കൽ മുട്ടുന്ന ശബ്ദം കേട്ടിരുന്നു. പിന്നെ ചുറ്റും അതിവേഗം വളർന്നു വന്ന തമോഗർത്തത്തിൽ ആ ശബ്ദം ഇല്ലാതായി. അവൾ ഒരു ആഴമുള്ള കുഴിയിലേയ്ക്കു് തലകുത്തി വീഴുകയാണു്. കരയാനുള്ള ഒരു ശ്രമം തുടക്കത്തിലേ പരാജയപ്പെട്ടു.

ഇരുപതു്

മൂന്നുപേർ തന്നെ അമർത്തിപ്പിടിച്ചിരിക്കയാണു്. അവൾ കുതറുന്നു. നാലാമത്തവൻ തന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റുകയാണു്. അവൾ ഉറക്കെ ശബ്ദമുണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ, ശബ്ദം തൊണ്ടയിലെവിടേയോ ഉടക്കി നിൽക്കുന്നു. അവൾ വീണ്ടും കുതറാൻ ശ്രമിച്ചു. പെട്ടെന്നവൾ കണ്ണു തുറന്നു. ഉണർന്നപ്പോൾ ആദ്യം കണ്ടതു് അങ്കിളിനെയായിരുന്നു. പിന്നിൽ സുനിലും രേണുവും. ആശുപത്രിയിലാണു്. കാര്യങ്ങളുടെ സ്ഥിതി മനസ്സിലാക്കാൻ അവൾക്കു് കുറച്ചു സമയമെടുത്തു. അവളുടെ കവിളിൽക്കൂടി കണ്ണീരൊലിച്ചിറങ്ങി.

‘എന്തിനാ മോള് ഇങ്ങിനെയൊക്കെ ചെയ്തതു?’ അങ്ക്ൾ ചോദിച്ചു. ‘എന്തോ ഭാഗ്യത്തിനു് രേണു പണമെടുക്കാൻ മറന്നു. അവൾ തിരിച്ചു വന്നപ്പോൾ വാതിൽ തുറക്ക്ണില്ല്യാന്നു കണ്ടപ്പോൾ മിസ്സിസ്സ് പാണ്ഡേയുടെ അടുത്തു പോയി ബഹളമുണ്ടാക്കി. അതുകൊണ്ടു് എന്റെ മോള് രക്ഷപ്പെട്ടു.

‘ഇപ്പോൾ എങ്ങിനെയുണ്ടു്?’ സുനിൽ ചോദിച്ചു. അയാൾ അവളുടെ തലമുടിയിൽ തലോടി. ‘ഇങ്ങിനെയൊന്നും ചെയ്യാൻ പാടില്ല മോളെ. ഇതൊക്കെ ഒരു സിനിമാതാരമായി വിജയിച്ചു് വർഷങ്ങൾ കഴിഞ്ഞു് ചെയ്യേണ്ട കാര്യമാണു്. തുടങ്ങുന്നതിനു മുമ്പുതന്നെ വേണ്ടതല്ല. കാര്യങ്ങൾക്കൊക്കെ അതിന്റേതായ ഒരു ക്രമമില്ലെ. അതു തെറ്റിക്കാൻ പാടില്ല.’

സുനിലിന്റെ മുഖത്തു് ചിരിയൊന്നുമില്ല. എന്തുകൊണ്ടോ താൻ ജീവിച്ചിരിക്കുന്നു എന്നതിൽ അവൾക്കു് ആശ്വാസം തോന്നി. അവൾ അയാളുടെ കൈ പിടിച്ചമർത്തി.

ഇരുപത്തിയൊന്നു്

സൺ ഏന്റ് സാന്റിലെ സ്വിമ്മിങ്പൂളിന്റെ കരയിലിട്ട വെളുത്ത മേശകളിലൊന്നിൽ അവർ അഭിമുഖമായി ഇരുന്നു. കടലിൽ നിന്നുള്ള കാറ്റു് വളരെ സുഖകരമായിരുന്നു. സ്വിമ്മിങ്പൂളിൽ ആളുകൾ കുറവാണു്. ഒരു സായ്വും മദാമ്മയും മാത്രം. അവർ ഭാര്യാഭർത്താക്കന്മാരോ കാമുകരോ ആണു്. ഓരോ വട്ടം നീന്തിക്കഴിഞ്ഞാലും അവർ കോണിമേൽ തൂങ്ങിനിന്നു് ചുംബിക്കുകയും വീണ്ടും നീന്താൻ തുടങ്ങുകയും ചെയ്യും. വീണ്ടും തിരിച്ചുവന്നു് കണിശമായി… സുനിലിനു് ദേഷ്യം പിടിച്ചു.

‘ഗുഡ് മോർണിങ് മിസ്റ്റർ മൽഹോത്ര.’ ഒരു സ്റ്റുവാഡ് അടുത്തു വന്നു. ‘മോണിങ് മേം.’

‘ഗുഡ് മോണിങ്.’

അയാൾ രണ്ടു് മെന്യു കാർഡുകൾ അവരുടെ മുമ്പിൽ വച്ചു് തിരിച്ചു പോയി.

‘നീ എന്താണു് കഴിക്കുന്നതു?’

‘നോക്കട്ടെ.’ അവൾ മെനു തുറന്നു.

‘നീ കാർ തിരിച്ചു കൊടുത്തതു് നന്നായി.’ സുനിൽ പറഞ്ഞു. ‘ഇനി നിതിനു് എന്തെങ്കിലും പ്ലാനുകളുണ്ടെങ്കിൽ അയാൾ നിന്നെ വിളിക്കും. അതുവരെ ഹോളിഡേ.’

അയാൾ മെനു തുറന്നു് ഒന്നോടിച്ചുനോക്കിയ ശേഷം അടച്ചു വച്ചു. അയാൾ അപർണ്ണയെ നോക്കി. അവൾ ഗൗരവമായി മെനു പഠിക്കുകയാണു്. പെട്ടെന്നു് അയാളുടെ ഉള്ളു് സ്നേഹം കൊണ്ടു് നിറഞ്ഞു. അയാൾ പറഞ്ഞു. ‘നോക്കു് അപർണ്ണ, അതിനിടയ്ക്കു് നമുക്കും ചിലതെല്ലാം പ്ലാൻ ചെയ്യാം. എന്തുകൊണ്ടു് നമുക്കു് സ്വന്തമായി ഒരു സിനിമ എടുത്തുകൂടാ.’

‘നമുക്കോ, സ്വന്തമായോ?’ അവൾ അദ്ഭുതത്തോടെ സുനിലിനെ നോക്കി.

‘വൈ നോട്ട് ? വലിയ ബജറ്റ് സിനിമകളൊന്നും പറ്റില്ല. എന്റെ ഒരു സ്നേഹിതന്റെ കയ്യിൽ ഒരു സ്ക്രിപ്റ്റുണ്ടു്. വലിയ ചെലവില്ലാതെ ഉണ്ടാക്കാൻ പറ്റുന്ന ഒരെണ്ണം. വലിയ സെറ്റിങ്ങുകളൊന്നുമില്ല.’

‘അങ്ങിനത്തെ സിനിമകളാണു് നല്ലതു്.’ അപർണ്ണ പറഞ്ഞു. ‘കഴിയുന്നത്ര ഔട്ഡോർ ഷൂട്ടിങ് മതി. സ്റ്റുഡിയോവിൽ വച്ചാവുമ്പോൾ വാടകയും മറ്റും കൊടുത്തു് മുടിയും.’

സുനിൽ അവളെ ആദരവോടെ നോക്കി. ‘നീ ഇപ്പോൾത്തന്നെ ഒരു വിദഗ്ദയായിട്ടുണ്ടല്ലോ. നിന്റെ തലയിലൊന്നുമില്ലെന്നാണു് ഞാൻ കരുതിയതു്.’

‘ഒന്നുരണ്ടു് അവാർഡുകൾ തരമാക്കാൻ എനിക്കാവും.’ സുനിൽ തുടർന്നു. ‘അതിൽത്തന്നെ ചെലവു് കഴിയും. ഒന്നുകിൽ ഞാൻ ഹീറോ. അതു ശരിയാവില്ലെന്നു തോന്ന്വാണെങ്കിൽ നമുക്കു് മറ്റാരെയെങ്കിലും വിളിക്കാം. പ്രതിഫലത്തിനു് വല്ലാതെ ആർത്തിയില്ലാത്ത ഒന്നുരണ്ടു പേരെ എനിക്കറിയാം. നീ നായിക.’

സ്റ്റുവാഡ് ഓർഡറെടുക്കാൻ വന്നു.

‘കുറച്ചു കഴിയട്ടെ, തീർച്ചയാക്കിയിട്ടില്ല.’

‘ശരി സർ.’ അയാൾ പോയി.

‘ഹീറോ ആയി മറ്റാരും വേണ്ട. സുനിലിനെന്താണു് കുറവു്?’

‘പടം ഓടുകയും വേണം. കാരണം ഞാൻതന്നെയാണു് പണമിറക്കുന്നതു്.’

‘ഓടാതെന്താണു്? കുറച്ചൊക്കെ മസാല ചേർക്കണം.’

‘അല്പം സെക്സും സ്റ്റണ്ടും അല്ലേ?’

‘അതെ.’

കടലിൽ നിന്നു് വരുന്ന കാറ്റിനു് തണുപ്പു്. ഒരു ക്ലോക്കിന്റെ കണിശത്തോടെ ചുംബിക്കുന്ന ദമ്പതിമാർ സ്വമ്മിങ് പൂളിൽനിന്നു് അപ്രത്യക്ഷരായിരിക്കുന്നു. വേറെ മൂന്നുപേർ ആണു് ഇപ്പോൾ. രണ്ടു സ്ത്രീകളും ഒരു പുരുഷനും. അയാൾ വീണ്ടും വെറുതെ മെന്യുകാർഡ് തുറന്നു മറിച്ചു കൊണ്ടിരുന്നു.

അപർണ്ണ മെന്യു അടച്ചു വെച്ചു.

‘സുനിൽ, ഞാനൊരു കാര്യം പറയട്ടെ?’

അയാൾ ചോദ്യത്തോടെ മുഖമുയർത്തി.

‘നിങ്ങൾ ക്ലാർക് ഗേബിളിനെപ്പോലെയുണ്ടു്.’

‘അതെന്റെ…’ അയാൾ നിർത്തി, അവളെ നോക്കി ചിരിച്ചു. അവളുടെ ചുണ്ടുകൾ നേരിയതാണു്. ഭംഗിയുള്ള നീണ്ട മൂക്കു്. തലമുടി നാലു ഭാഗത്തുനിന്നും മുകളിലേയ്ക്കു കയറ്റി നെറുകയിൽ കെട്ടിവച്ചകാരണം വെളുത്ത നിറമുള്ള നീണ്ട കഴുത്തു് മുഴുവൻ കാണാനുണ്ടു്. കഴുത്തിനു പിന്നിലുള്ള നേരിയ ചെമ്പിച്ച രോമങ്ങൾ കാറ്റിലിളകുന്നു. അയാൾ പറഞ്ഞു.

‘നിനക്കറിയാമോ, നീ അതിസുന്ദരിയാണു്.’

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Ayanangal (ml: അയനങ്ങൾ).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Novel, E Harikumar, Ayanangal, ഇ ഹരികുമാർ, അയനങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 19, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Loneliness, a painting by Felix Nussbaum (1904–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.