images/Ten_Prized_Dogs.jpg
Picture of Banjinbiao, a Chinese greyhound, from Ten Prized Dogs Album, a painting by Giuseppe Castiglione (1688–1766).
images/orurula.png

ആശുപത്രിയിൽ രണ്ടാം നിലയിൽ വയസ്സൻ മരണത്തോടു് മല്ലിടുകയായിരുന്നു. രണ്ടുദിവസം ഇന്റൻസീവ് കെയർ യൂണിറ്റിൽ, പിന്നെ രണ്ടാം നിലയിൽത്തന്നെയുള്ള മുറിയിൽ. മല്ലിടുക എന്നു പറയുന്നതു് വാസ്തവമാവില്ല. അതിനുള്ള ശേഷിയൊന്നും ആ മെലിഞ്ഞു ക്ഷീണിച്ച ദേഹത്തിനുണ്ടായിരുന്നില്ല. ആ സാധു മനുഷ്യൻ മരണത്തോടു് നിശ്ശബ്ദമായി യാചിച്ചു. ദയവു ചെയ്തു് പോവൂ. എനിക്കു് വരാറായിട്ടില്ല.

മകന്റെ കല്യാണം കഴിഞ്ഞിട്ടു് ആറു മാസമേ ആയിട്ടുള്ളൂ. അവർ ഒപ്പം താമസിക്കുകയാണു്. നല്ല കുട്ടി. അവൾ വന്നതിനു ശേഷം സുഭദ്രക്കു് അല്പം സ്വസ്ഥത കിട്ടിയിരിക്കുന്നു. അടുക്കള മുഴുവൻ അവൾ ഏറ്റെടുത്തു. ഭർത്താവിനും അച്ഛനും അമ്മയ്ക്കും വേണ്ടതെല്ലാം അവൾ അതാതുസമയത്തു ചെയ്തു കൊടുത്തു. ആർക്കും ആവലാതിപ്പെടേണ്ടി വന്നിട്ടില്ല. ഒതുക്കമുള്ള കുട്ടി.

മകൾ ബോംബെയിലാണു്. അവൾ ഭർത്താവും മകളുമായി കൊല്ലത്തിലൊരിക്കൽ നാട്ടിൽ വരും. ഇരുപത്താറു ദിവസം അവിടെ ഒരു കൊച്ചുസ്വർഗ്ഗമുണ്ടാകും, പിന്നെ വീടു് ഇരുട്ടാക്കിക്കൊണ്ടു് തിരിച്ചു പോവുകയും ചെയ്യും. ആ ഇരുപത്താറു ദിവസങ്ങൾ പിന്നീടുള്ള പതിനൊന്നുമാസം ജീവിക്കാനുള്ള ഉത്തേജനം തരുന്നു.

കിടക്കക്കരുകിലിട്ട സ്റ്റൂളിൽ ഇരുന്നു് രാഘവൻ അമ്മായിയപ്പനെ നോക്കി. അഞ്ചുമിനിറ്റ് മുമ്പു് രാജിയെപ്പറ്റി ചോദിച്ചതേയുള്ളൂ.

images/harikumar-choru-03.png

“മോള് എപ്പഴാ വര്വാ?”

“അഞ്ചുമണിക്കു്.”

“ഇപ്പൊ സമയം എത്ര്യായി?”

“നാലര.”

അരമണിക്കൂറിനുള്ളിൽ പേരക്കുട്ടിയെ കാണാനാവുമെന്ന ആശ്വാസത്തിലാണു് മുത്തച്ഛൻ. രാഘവൻ തന്നെ ഉറ്റുനോക്കിയിരിക്കയാണെന്നറിഞ്ഞപ്പോൾ വയസ്സൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

“എന്തേ?”

അപ്പോഴാണു് രാഘവൻ കണ്ടതു്. പ്രതീക്ഷാനിർഭരമായ ആ ക്ഷീണിച്ച മുഖത്തു് കുണ്ടിലാഴ്‌ന്നിറങ്ങിയ കണ്ണുകളിൽ പ്രതീക്ഷയുടെ മാധുര്യത്തിൽ നിഴൽ വീഴ്ത്തിയ ഭയത്തെ.

“എന്തിനാണു് മരണത്തെ ഇത്രയും ഭയപ്പെടുന്നതു? രാഘവൻ ചിരിച്ചുകൊണ്ടു് ചോദിച്ചു. എന്തായാലും ഒരു ദിവസം പോണം.”

വൃദ്ധൻ ചിരിച്ചു. വല്ലാത്തൊരു ചിരി. താൻ അതു പറയേണ്ടിയിരുന്നില്ലെന്നു് രാഘവനു തോന്നി. രാവിലെ ഏഴു മണിക്കാണു് അച്ഛൻ ആശുപത്രിയിലാണെന്നു് ഫോൺ വന്നതു്. അപ്പോൾത്തന്നെ പുറപ്പെട്ടു. മാനേജരെ ഫോൺ വഴി അറിയിച്ചു. ലീവ് ലെറ്റർ ഓഫീസിൽ എത്തിക്കാൻ ഏല്പിച്ചു. ബസ്സിലും തീവണ്ടിയിലുമായി പിറ്റേന്നു് വൈകുന്നേരം വീട്ടിലെത്തി. നളിനി വല്ലാതെ പരിഭ്രമിച്ചിരുന്നു അച്ഛനെ ജീവനോടെ കാണുമെന്നവൾ പ്രതീക്ഷിച്ചിരുന്നില്ല. അതങ്ങിനെയാണു്. മരിച്ചു കഴിഞ്ഞാലും ദൂരത്തുള്ളവരെ അറിയിക്കുമ്പോൾ ‘സീരിയസ്’ എന്നേ പറയൂ. വന്നു കണ്ടപ്പോൾ അച്ഛൻ ജീവനോടെയുണ്ടെന്നു കണ്ടപ്പോൾ അവൾക്കു സമാധാനമായി.

രാഘവൻ അയാളുടെ നെഞ്ചിൽ പതുക്കെ തലോടിക്കൊണ്ടു പറഞ്ഞു.

“അച്ഛൻ അടുത്തൊന്നും മരിക്കാൻ പോണില്ല്യ. സമാധാനായിട്ടു് കിടന്നോളു. രാജീടെ കല്ല്യാണം ഒക്കെ കഴിഞ്ഞിട്ടേ അതൊക്കെണ്ടാവൂ.”

വൃദ്ധൻ വീണ്ടും ചിരിച്ചു. രാജി മോളുടെ കല്ല്യാണം. ഇപ്പോൾ രണ്ടു വയസ്സാണു്. ഇനിയും പത്തു പതിനെട്ടു കൊല്ലം. ആശയ്ക്കു വഴിയില്ലെന്നു കണ്ട ആ മനുഷ്യൻ ദീർഘശ്വാസമിട്ടുകൊണ്ടു പറഞ്ഞു.

അത്രയൊന്നും വേണ്ട. ഒരു നാലഞ്ചുകൊല്ലംകൂടി… നളിനിയുടെ കൈ പിടിച്ചുകൊണ്ടു് രാജി വന്നു. അവൾ ഓടി കട്ടിലിന്നടുത്തു വന്നു.

“മുത്തച്ഛാ മുത്തച്ഛന്റെ സൂക്കേടു് മാറീല്ലേ?”

“മാറി മോളെ.” അയാൾ അവളുടെ കവിളിലും തലയിലും തടവികൊണ്ടു് പറഞ്ഞു. “മാറിട്ടോ. ഇനി നമുക്കു് വീട്ടിലു് പോണം.”

“ഇന്നു് പോവാ?”

“ഇന്നു് പറ്റില്ല മോളെ. ഡോക്ടറമ്മാവൻ വന്നാൽ ചോദിക്കണം എന്നാ പോവാൻ പറ്റ്വാന്നു്.”

“അച്ഛൻ അധികം സംസാരിക്കണ്ട.” നളിനി പറഞ്ഞു.

“എന്റെ അസുഖമൊക്കെ മാറി മോളെ.”

അയാൾ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു. “ഇനി വീട്ടിൽ പോയാൽ ഒക്കെ ശരിയാവും.”

ഡിസ്ചാർജ് ചെയ്തപ്പോൾ അയാൾ വളരെ ഉന്മേഷവാനായിരുന്നു. രക്ഷപ്പെട്ടതിലുള്ള ആശ്വാസം. രാഘവൻ ഓർത്തു. ആശുപത്രിയിൽ നിന്നു് അച്ഛനെ വീൽചെയറിൽ പുറത്തേക്കു കൊണ്ടുവരികയായിരുന്നു. ടാക്സിക്കാരൻ ഗെയ്റ്റ് കടന്നു് ഉള്ളിലേക്കു വരികയാണു്. വീൽ ചെയർ വരാന്തയിൽ നിർത്താൻ പറഞ്ഞു് താൻ ടാക്സിക്കാരനോടു് അടുത്തുവരാൻ പറയാൻ മുറ്റത്തേക്കു നടന്നു. നളിനി അച്ഛന്റെ അടുത്തുതന്നെ നിന്നു. ടാക്സിക്കാരനോടു് വരാൻ ആംഗ്യം കാണിച്ചു് നിൽക്കുമ്പോഴാണു് ഒരു സ്ട്രെച്ചർ ആശുപത്രിയിൽനിന്നു് പുറത്തേക്കു് വന്നതു്. അതിൽ മൂടിപ്പുതപ്പിച്ച ദേഹം. മുറ്റത്തു പാർക്കുചെയ്ത തുറന്ന ആംബുലൻസിന്റെ വാതിലിനുള്ളിലേക്കു് സ്ട്രെച്ചർ കടത്തി വെച്ചു. തിരിച്ചു നടക്കുന്ന വാർഡ്ബോയിയോടു് രാഘവൻ ചോദിച്ചു.

“എന്തുപറ്റി?”

“ഹാർട്ട് അറ്റാക്ക്.” അയാൾ മറുപടി പറഞ്ഞു. “ഇന്നലെ രാത്രി അഡ്മിറ്റ് ചെയ്തതാ. രാവിലത്തോടെ പണി കഴിഞ്ഞു.”

മരിച്ച ആളുകളുടെ ബന്ധുക്കൾ ചുറ്റും നിന്നിരുന്നു. അവർ ഓരോരുത്തരായി ആംബുലൻസിൽ കയറുകയാണു്.

വീൽചെയറിൽനിന്നു് ടാക്സിയിലേക്കു് കയറാൻ അയാൾ അച്ഛനെ സഹായിച്ചു. ഒരു വശത്തു് അയാളും മറുവശത്തു് നളിനിയും ഇരുന്നു. ടാക്സി നീങ്ങിയപ്പോൾ വൃദ്ധൻ ചോദിച്ചു.

“എന്തായിരുന്നു അയാൾക്കസുഖം?”

“ഹാർട്ട് അറ്റാക്ക്.” രാഘവൻ പറഞ്ഞു.

“പണികഴിഞ്ഞു എന്തായാലും.” വൃദ്ധൻ പറഞ്ഞു.

രാഘവൻ ഞെട്ടി. ആ വാക്കുകളിലെ കാർക്കശ്യം, ആഹ്ലാദം കലർന്ന ഒരു ആശ്വാസം. അതു് രാഘവനെ അത്ഭുതപ്പെടുത്തി. അയാൾ അച്ഛനെ നോക്കി. മുഖത്തു് ഒരാഴ്ചത്തെ വളർച്ചയുള്ള നരകയറിയ കുറ്റി രോമങ്ങൾ. കണ്ണുകളിൽ കണ്ടില്ലേ, ഞാൻ ജീവിച്ചിരിക്കുന്നു എന്ന ഭാവം. അയാൾ എന്തുകൊണ്ടോ തന്റെ ശ്വശുരനെ ആ നിമിഷത്തിൽ വെറുത്തു.

വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിൽ കിടക്കുന്ന മെലിഞ്ഞ രൂപം നോക്കിനിന്നപ്പോൾ രാഘവൻ ഓർത്തു. എന്തിനാണു് മനുഷ്യൻ ജീവിതത്തോടു് ഇങ്ങനെ അള്ളിപ്പിടിച്ചു നിൽക്കുന്നതു? നളിനിയുടെ അച്ഛനു് അറുപത്തെട്ടു വയസ്സായി. ഒരു മുഴുവൻ ജീവിതവും ജീവിച്ചു എന്നു പറയാം. മക്കൾ രണ്ടുപേരും ഓരോ വഴിക്കായി. മകനു് നാട്ടിൽത്തന്നെ നാലായിരം രൂപ ശമ്പളത്തിൽ ജോലി. കല്ല്യാണം കഴിഞ്ഞു. മകളെ കല്ല്യാണം കഴിച്ചതു് ബോംബെയിലെ ഒരു വലിയ ഉദ്യോഗസ്ഥൻ. സ്വന്തം ഭാര്യയ്ക്കു് ആര്യോഗ്യമുണ്ടു്. അവരാകട്ടെ മകന്റെ അടുത്തു് സുരക്ഷിതയുമാണു്. എന്നിട്ടും…

രാത്രി ഊണു കഴിക്കാൻ നേരത്തു് അമ്മ ഭക്ഷണവുമായി അച്ഛൻ കിടക്കുന്നിടത്തേക്കു ചെന്നു. ആശുപത്രിയിൽ ചെയ്യാറുള്ള മാതിരി കിടക്കയിൽ ഇരുന്നു കൊണ്ടു് ഭക്ഷണം കൊടുക്കാമെന്നു കരുതിയതാണു്. അച്ഛൻ പറഞ്ഞു.

“എനിയ്ക്കെല്ലാം ഭേദായി. ഞാനങ്ങോട്ടു വരാം.”

“നല്ല കാര്യം.” രാഘവൻ പറഞ്ഞു. അയാൾ അച്ഛന്റെ കൈ പിടിച്ചു് ഊണു് മുറിയിലേയ്ക്കു നയിച്ചു. വൃദ്ധൻ നല്ല രുചിയോടെ ഭക്ഷിച്ചു. എല്ലാവരുടെയും ഭക്ഷണം കഴിഞ്ഞു. അപ്പോഴാണു് രാഘവൻ ശ്രദ്ധിച്ചതു്. അച്ഛന്റെ പ്ലേയ്റ്റിൽ കുറച്ചു് മീൻകറിയും ചോറും ബാക്കി.

“ഇതെന്താണു് ബാക്കിയിട്ടിരിക്കുന്നതു?” രാഘവൻ ചോദിച്ചു. “രുചിയില്ലേ?”

“അതു് കുഞ്ചുവിനാണു്.” നളിനി ഒഴികെ എല്ലാവരും ഒന്നിച്ചു പറഞ്ഞു.

എവിടെനിന്നോ അഭയാർത്ഥിയായി വന്ന തെണ്ടി നായയായിരുന്നു കുഞ്ചു. ആ പേരിട്ടതു് അച്ഛൻ തന്നെയാണു്. എന്നും ഊണു കഴിഞ്ഞാൽ ഒരു ഉരുള കയ്യിൽ കൊണ്ടുപോകും. അവൻ പിന്നാലെ മുറ്റത്തു് തയ്യാറായി നിൽക്കുന്നുണ്ടാകും. ഇനി അവിടെ ഇല്ലെങ്കിൽത്തന്നെ അച്ഛൻ കണ്ഠശുദ്ധി വരുത്തുന്ന ശബ്ദം കേട്ടാൽ അതു് എവിടെയായാലും ഓടിവരും. കഴിഞ്ഞ ആറുമാസമായുള്ള പതിവാണതു്.

രാത്രി അവൻ മുറ്റത്തു് ചുരുണ്ടുകൂടിക്കൊള്ളും. അച്ഛൻ പറഞ്ഞു. ആരും അത്ര പെട്ടെന്നു് കക്കാൻ വരില്ല.

അച്ഛനെ കണ്ടപ്പോൾ കുഞ്ചു കുരച്ചു, വാലാട്ടി. കുറെ ദിവസമായി കാണാതിരുന്നതിലുള്ള ആർത്തി അവൻ പ്രദർശിപ്പിച്ചു. പക്ഷേ, എല്ലാം മുറ്റത്തുനിന്നു കൊണ്ടു തന്നെ.

“എന്താടാ കുഞ്ചു?” അച്ഛൻ ചോദിച്ചു.

അവൻ വീണ്ടും കുരച്ചു, വാലാട്ടി. പിന്നെ അച്ഛൻ താഴേക്കിട്ടുകൊടുത്ത ഉരുള കപ്പിത്തിന്നുവാൻ തുടങ്ങി.

images/harikumar-choru-01.png

രാഘവനു് എന്തോ വിഷമം തോന്നി. സാധാരണ ഒരു നായയും യജമാനനും തമ്മിലുള്ള ബന്ധമായിരുന്നില്ല ഇതു്. ഒരു തെണ്ടിപ്പട്ടിയും സമ്പന്നനായ യജമാനനും തമ്മിലുള്ള ബന്ധം. യജമാനൻ ഭക്ഷണം കൊടുക്കുന്നു, അതിനുള്ള കൂറു് അവൻ കാട്ടുമെന്നു് പ്രതീക്ഷിക്കുന്നു. അവൻ അധഃകൃതനാണെന്നു് അവനുതന്നെ അറിയാം. അതുകൊണ്ടു് അവൻ കോലായിലേക്കു കയറുകയോ യജമാനന്റെ മേൽ പാഞ്ഞു കയറുകയോ കാൽ നക്കി സ്നേഹം കാണിക്കുകയോ ചെയ്യുന്നില്ല. അവനറിയാം, എവിടെയാണു് നിൽക്കേണ്ടതെന്നു്. ആ ദൃശ്യം ഹൃദയ സ്പർശിയായിരുന്നു.

വീണ്ടും ദിവസങ്ങൾ പഴയ മട്ടിലായി. രാഘവൻ തിരിച്ചു പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ശനിയാഴ്ചക്കു്. തിങ്കളാഴ്ച രാവിലെ ബോംബയിലെത്തും. അന്നു തന്നെ ഓഫീസിൽ ചേരാമല്ലോ.

വെള്ളിയാഴ്ച രാത്രിയാണതുണ്ടായതു്. എട്ടരമണിയോടെ ഊണു കഴിക്കാനുള്ള ശ്രമങ്ങൾ നടത്തി. അച്ഛനു് രാത്രി കഞ്ഞി മതിയെന്നു് വൈകുന്നേരമേ പറഞ്ഞിരുന്നു.

“നല്ല സുഖം തോന്നുന്നില്ല.” അച്ഛൻ പറഞ്ഞു. “രാത്രി കഞ്ഞി ആയ്ക്കോട്ടെ.”

രാത്രി മേശയ്ക്കു ചുറ്റുമിരുന്നു് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അവരെ വലയം ചെയ്ത മൂകത രാഘവൻ ശ്രദ്ധിച്ചു.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽത്തന്നെ ആ ശബ്ദം അതിന്റെ ഉത്ഭവസ്ഥാനത്തു തന്നെ പ്രതികരണമില്ലാതെ കെട്ടടങ്ങി. എല്ലാവരും വിഷമിച്ചു കണ്ടു. അമ്മ ഇടയ്ക്കിടെ ചോദിച്ചു.

“ഇപ്പൊ വെഷമൊന്നുംല്ല്യല്ലോ.”

ഇല്ലെന്നു് അച്ഛൻ തലയാട്ടി.

അല്പസമയം കഴിഞ്ഞാൽ വീണ്ടും അമ്മ ചോദിക്കും.

“നെഞ്ഞുവേദനയൊന്നും ഇല്ലല്ലോ.”

“ഇല്ല, ക്ഷീണം മാത്രം.”

ഭക്ഷണം കഴിച്ചു കൈ കഴുകാൻ വാഷ്ബേസിന്റെ അടുത്തു് നിൽക്കുമ്പോൾ രാഘവൻ ഓർത്തു. കുഞ്ചുവിനെ കാണാനില്ലല്ലോ. ഇന്നു് യജമാനന്റെ ഊണു കിട്ടില്ലെന്നു് ഏതോ അത്ഭുതകരമായ അതീന്ദ്രിയ ജ്ഞാനത്തിലൂടെ അവൻ മനസ്സിലാക്കിയിട്ടുണ്ടാകണം.

രാത്രി അമ്മയുടെ വിളികേട്ടാണു് രാഘവൻ ഉണർന്നതു്. അവർ കോണിയുടെ താഴെനിന്നു് വിളിക്കുകയാണു്. വല്ലാതെ പരിഭ്രമിച്ചിട്ടുള്ള വിളി. രാഘവൻ നളിനിയെ വിളിച്ചുണർത്തി. അടുത്ത മുറിയിൽ കിടന്നുറങ്ങുന്ന അളിയനേയും വിളിച്ചുണർത്തി.

താഴെ അച്ഛന്റെ സ്ഥിതി വളരെ മോശമായിരുന്നു. അദ്ദേഹം ശ്വാസം കിട്ടാൻ വിഷമമുള്ളതുപോലെ കനത്തു ശ്വസിച്ചു. നെഞ്ചുവേദനയുണ്ടായിരുന്നു. കാണെക്കാണെ സ്ഥിതി വഷളാവുകയായിരുന്നു. അളിയൻ വാതിൽ തുറന്നു് ഡോക്ടറെ വിളിക്കാൻ പോയി. രാഘവൻ കട്ടിലിലിരുന്നു് അച്ഛന്റെ നെഞ്ചിൽ തലോടി.

“സാരമില്ല.” അയാൾ പറഞ്ഞു. “എല്ലാം ശരിയാവും.”

ഡോക്ടർ വന്നു് ഇഞ്ചക്ഷൻ കൊടുത്തു. വലിയ വ്യത്യാസമൊന്നുമുള്ളതായി തോന്നിയില്ല. ആ മനുഷ്യൻ മരിക്കാൻ പോകുകയാണെന്നു് രാഘവനു് തോന്നി. ശ്വാസം കഴിക്കാൻ അപ്പോഴും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

“നമുക്കു് ആശുപത്രിയിൽ കൊണ്ടു പോകാം.” ഡോക്ടർ പറഞ്ഞു. “എന്റെ കാറിൽ കൊണ്ടുപോകാം. ആംബുലൻസ് വരുത്താനൊന്നും സമയമില്ല.”

രാഘവനും അളിയനും ഡോക്ടറും കൂടി അച്ഛനെ താങ്ങിപ്പിടിച്ചു് കാറിന്റെ പിൻസീറ്റിൽ കിടത്തി. ഓരോരുത്തരായി ധൃതിയിൽ കയറി.

നളിനി പറഞ്ഞു. “നിങ്ങൾ ഇവിടെ നിൽക്കു. മോൾ ഉറങ്ങ്വാണു്. എനിക്കാണെങ്കിൽ ഒറ്റയ്ക്കു് ഇവിടെ ഇരിക്കാനും പറ്റില്ല.”

“ശരി പൊയ്ക്കോളൂ.” രാഘവൻ പറഞ്ഞു.

കാർ പോയിക്കഴിഞ്ഞു ഗെയ്റ്റടച്ചു് അകത്തു കടന്നു വാതിലടച്ചു. ക്ലോക്കിൽ സമയം രണ്ടുമണി. അയാൾ വിളക്കണച്ചു് കോണി കയറി. രാജി നല്ല ഉറക്കമാണു്. അയാൾക്കു് കിടക്കാൻ തോന്നിയില്ല. അച്ഛന്റെ അസുഖം മാത്രമായിരുന്നില്ല കാരണം. അതിനുമുപരിയായി എന്തോ ഒന്നു് അയാളെ അലോസരപ്പെടുത്തിയിരുന്നു; അസ്വസ്ഥനാക്കിയിരുന്നു. അയാൾ ജനലിന്നടുത്തേക്കു നടന്നു. പുറത്തെ ഇരുട്ടിൽ നിന്നു് തണുത്ത കാറ്റു് അകത്തേക്കു കടക്കുന്നുണ്ടു്. പെട്ടെന്നാണയാൾ ശ്രദ്ധിച്ചതു്. വേദനയുടെ സ്വരം. അതു് അലകളായി എവിടെനിന്നോ ഒഴുകി വരുന്നു. താൻ അതു് കുറച്ചു നേരമായി കേൾക്കുകയായിരുന്നെന്നു് അയാൾ ഓർത്തു. ബഹളത്തിനിടയിൽ ശ്രദ്ധിച്ചില്ലെന്നു മാത്രം. ഒരു നായയുടെ രോദനം. വേദനയുടെ ആ സ്വരം ഒരു ശ്രുതിയായി, താളനിബഡമായി ഒഴുകി വരുന്നതയാൾ കുറെനേരം ശ്രദ്ധിച്ചു. രാത്രിയുടെ നിശ്ശബ്ദതയിൽ എവിടെയോ ആ സ്വരം നഷ്ടപ്പെടുന്നവരെ.

രാഘവൻ കിടന്നു.

നളിനി വന്നപ്പോൾ ഏഴരമണിയായിരുന്നു. അവൾ ഗെയ്റ്റ് കടന്നുവരുന്നതു കണ്ടപ്പോൾ രാഘവനു് ആശ്വാസമായി. കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.

“വളരെ കൂടുതലായി അച്ഛനു്. നളിനി പറഞ്ഞു. ഇപ്രാവശ്യം പോയീന്നു് തന്നെ കരുതി. രണ്ടുപ്രാവശ്യം ഹൃദയം നിന്നൂത്രെ.”

“ഇപ്പൊ എങ്ങിനെണ്ടു്?”

“ഇപ്പോഴും സീരിയസ്സ് തന്ന്യാത്രെ. ഈ ഒരു ദിവസം കടന്നുകിട്ടിയാലേ രക്ഷയുള്ളൂന്നു്.”

“അച്ഛനെ കാണാൻ പറ്റുമോ?”

“ഇല്ല. ഇന്റൻസീവ് കെയർ യൂണിറ്റിലാണു്. നിങ്ങൾ ചായ കുടിച്ചുവോ?”

“കുടിച്ചു. ഞാൻ വേണമെങ്കിൽ നിനക്കുണ്ടാക്കിത്തരാം.”

“ശരി.”

രാഘവൻ അടുക്കളയിൽ കടന്നു് ചായക്കു വെള്ളംവെച്ചു.

പിന്നിലെ വരാന്തയിൽ നിന്നു് നളിനിയുടെ വിളി കേട്ടു.

“ഒന്ന്ങ്ങ്ട്ടു വരു.”

വിളിയിൽ കുറച്ചൊരു ധൃതിയുണ്ടായിരുന്നു. രാഘൻ ചെന്നു. നളിനി മുറ്റത്തേക്കു നോക്കി നിൽക്കുകയാണു്. അവിടെ കുഞ്ചു ഒരുവശം ചെരിഞ്ഞു് വെറങ്ങലിച്ചു് കിടന്നിരുന്നു. ഭക്ഷണം കാത്തു് യജമാനന്റെ കാലൊച്ചക്കായി കാതോർത്തു് കിടന്നിരുന്ന അതേ സ്ഥലത്തു് ഒരുരുള ചോറു് എന്നതിനുപരിയായി സ്നേഹത്തിന്റെ മടിശ്ശീല തുറന്നിട്ടില്ലാത്ത യജമാനനു വേണ്ടി ഒരു നായക്കുമാത്രം ചെയ്യാൻ കഴിയാവുന്ന ത്യാഗം ആ സാധുമൃഗം അനുഷ്ഠിച്ചു.

ഒരാഴ്ച കഴിഞ്ഞു് അച്ഛൻ വീട്ടിലെത്തിയപ്പോൾ എല്ലാവരും പറഞ്ഞു. ഇതു് രണ്ടാം ജന്മമാണു്. രക്ഷപ്പെടുമെന്നു് ആരും കരുതിയിരുന്നില്ല. ഡോക്ടർമാർ പോലും.

തിരിച്ചു് ബോംബെയ്ക്കു് പോകുന്നതിനു മുമ്പു് രാഘവൻ അച്ഛനോടു് പറഞ്ഞു.

“ഞാൻ പറഞ്ഞില്ലേ, അച്ഛന്റെ വിളക്കിൽ ഇനിയും എണ്ണയുണ്ടെന്നു്. രാജി മോൾക്കു് ഒരു ചെക്കനെ അന്വേഷിച്ചു തുടങ്ങിക്കോളൂ. പത്തുപതിനെട്ടുകൊല്ലം ഇതാന്നു് പറയുമ്പോഴേക്കു് കഴിയും.”

അച്ഛൻ ചിരിച്ചു.

“ഞങ്ങൾ ഇനി ഓണത്തിനു് വരാം.”

“അപ്പോഴേയ്ക്കു് ഞാൻ ബാക്കിയാവുമോ എന്നു് കണ്ടറിയണം.”

“സെപ്റ്റംബറിൽ ലീവിൽ വന്നപ്പോൾ അച്ഛൻ ബാക്കിയുണ്ടായിരുന്നെന്നു മാത്രമല്ല നല്ല ഉന്മേഷവാനുമായിരുന്നു. ആര്യോഗ്യനില നന്നായിരുന്നു.”

“ആ രണ്ടു് അറ്റാക്കിലു് നല്ല പേടി പിടിച്ചിട്ടുണ്ടു്.” അമ്മ പറഞ്ഞു. “ഇപ്പൊ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടു്. രാവിലെ നടക്കാനിറങ്ങും. ബീഡിവലി തീരെ നിർത്തി. അനാവശ്യമായി ചായ കുടിയില്ല.”

“അതു നന്നായി.” രാഘവൻ പറഞ്ഞു. “ഒരു ചിട്ടയുണ്ടാകുന്നതു് നല്ലതാണു്.”

ഉച്ചഭക്ഷണം ഗംഭീരമായിരുന്നു. ഓണസ്സദ്യ നാലുദിവസം മുമ്പേ തുടങ്ങിയെന്നു തോന്നുന്നു. അല്ലെങ്കിൽ മകളും ഭർത്താവും പേരക്കുട്ടിയും വന്ന ആഘോഷമായിരിക്കും. അച്ഛൻ ഭക്ഷണം കുറച്ചിട്ടുണ്ടെന്നു മനസ്സിലായി. പാവം, പായസം ഒന്നു സ്വാദു നോക്കിയതേയുള്ളൂ. ഇലയുടെ അറ്റത്തു് കുറച്ചു് ചോറു് ബാക്കിയിട്ടിരുന്നു. ഭക്ഷണം ചുരുക്കിയതു തന്നെയാണു്. പക്ഷേ, അമ്മയ്ക്കു് അത്ര കുറച്ചു് വിളമ്പിയാൽ മതിയായിരുന്നില്ലേ? ഭക്ഷണം കളയുന്നതു് രാഘവനു് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. ഓരോ ഉരുള കളയുന്നതു് കാണുമ്പോഴും, അയാൾ ഒട്ടിയ കവിളും മെലിഞ്ഞ കാലുകളുമായി റെയിൽവെ കമ്പാർട്ടുമെന്റുകളിൽ ഭക്ഷണത്തിനായി ഇരന്നു നടക്കുന്ന കുട്ടികളെ ഓർക്കും. നമ്മൾ കളയുന്ന ഓരോ ഉരുളയും അവർക്കൊരു സദ്യയായിരിക്കും. രാഘവൻ എഴുന്നേറ്റു.

വാഷ്ബേസിനിൽ കൈകഴുകി തിരിഞ്ഞപ്പോൾ കണ്ടു, അച്ഛന്റെ കയ്യിൽ ഒരുരുള. അച്ഛൻ മുരടനക്കി. അപ്പോൾ എവിടെനിന്നോ എന്നറിഞ്ഞില്ല ഒരു നായ ഓടിവന്നു. തവിട്ടു നിറത്തിൽ വെള്ള പാണ്ടുകളുള്ള നായ. കുഞ്ചുവിന്റെ അതേ ഛായ.

images/harikumar-choru-02.png

അച്ഛൻ ഉരുള താഴേക്കിട്ടുകൊടുത്തു.

രാഘവനു് ഒരു നിമിഷം സംശയമായി. ഇനി കുഞ്ചു മരിച്ചിട്ടില്ലെന്നുണ്ടോ? അതോ താൻ കണ്ട സ്വപ്നം മാത്രമായിരുന്നോ അതു്?

അവ്യക്തതകളുടെ പ്രഭാതമായിരുന്നു അതു്. രാത്രി മുഴുവൻ വേദനയുടെ ശബ്ദം കേട്ടുകൊണ്ടു് ഉറങ്ങാതിരിക്കയായിരുന്നു. അയാൾക്കു് തീർച്ചയാക്കാൻ പറ്റിയില്ല. രാഘവൻ ചോദ്യപൂർവ്വം അച്ഛനെ നോക്കി.

“കുഞ്ചുവിന്റെ മകനാണു്. കുഞ്ചു ചത്തതിനുശേഷം ഒരു ദിവസം വന്നതാണു്.”

രാഘവൻ അർത്ഥഗർഭമായി അച്ഛനെ നോക്കി. അച്ഛനതു മനസ്സിലായെന്നു തോന്നുന്നു. അദ്ദേഹം മുഖം തിരിച്ചു.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

കലിഗ്രഫി: എൻ. ഭട്ടതിരി

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Oru Urula Choru (ml: ഒരു ഉരുള ചോറു്).

Author(s): E. Harikumar.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-19.

Deafult language: ml, Malayalam.

Keywords: Short story, E. Harikumar, Oru Urula Choru, ഇ. ഹരികുമാർ, ഒരു ഉരുള ചോറു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Picture of Banjinbiao, a Chinese greyhound, from Ten Prized Dogs Album, a painting by Giuseppe Castiglione (1688–1766). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.