images/Marianne_von_Werefkin.jpg
Women in Black, a painting by Marianne von Werefkin (1860–1938).
കറുത്ത തമ്പ്രാട്ടി
ഇ. ഹരികുമാർ

അമ്മയെ കൂട്ടിക്കൊണ്ടുവരാമെന്നു പറഞ്ഞു് അപ്പ ഇറങ്ങുമ്പോൾ സുലു പൊട്ടിപ്പൊളിഞ്ഞ ഇരുത്തിമേൽ ഇരിക്കുകയായിരുന്നു. അപ്പയുടെ തല ഇടവഴിയിൽ, വേലിക്കപ്പുറത്തു് മറഞ്ഞപ്പോൾ അവൾ ഇരുത്തിമേൽ കിടന്നുകൊണ്ടു് രാത്രി കണ്ട സ്വപ്നത്തെപ്പറ്റി ആലോചിച്ചു. അമ്മ വന്നു് അവളെ കെട്ടിപ്പിടിക്കുകയാണു്. ഇപ്പോൾ ഇടക്കിടക്കു് ഈ സ്വപ്നം കാണുന്നുണ്ടു്. അമ്മയുടെ മുഖം ഓർമ്മയിൽ വരുന്നില്ല. അമ്മയുടെ തലോടൽ മാത്രം, അമ്മയുടെ സാമീപ്യം മാത്രം അവളുടെ സ്വപ്നങ്ങളിൽ കടന്നുവന്നു് അവളെ സന്തോഷിപ്പിച്ചു. രാവിലെ എഴുന്നേറ്റാൽ അവൾ പറയും, ‘അപ്പാ, ഞാങ്കണ്ടു സ്വപ്നം.’ എന്തു സ്വപ്നമാണെന്നു് താമി ചോദിക്കില്ല. അയാൾക്കറിയാം. ഇരുത്തിമേൽ കിടന്നുകൊണ്ടു് അവൾ സ്വപ്നത്തിൽ മാത്രം വരുന്ന അമ്മയെ കാത്തിരിക്കാൻ തുടങ്ങി. ഇനി പകൽ മുഴുവൻ അവൾ ഒറ്റയ്ക്കായിരിക്കും. അപ്പ പണിക്കുപോയി തിരിച്ചെത്തുമ്പോൾ ഇരുട്ടിയിരിക്കും. കുടിലിൽ ആ നാലു വയസ്സുകാരി ഒറ്റക്കിരുന്നു, ഒറ്റക്കു കളിച്ചു. വിശക്കുമ്പോൾ കലത്തിൽനിന്നു് കഞ്ഞിയെടുത്തു് കുടിച്ചു.

താമി മാളികയുടെ മുറ്റത്തു് ചുറ്റിപ്പറ്റി നിന്നു. അയാളുടെ തലയ്ക്കുമുകളിൽ മൊട്ട വെയിലാണു്. പറമ്പിലുള്ള മരങ്ങൾ അയാളെ മാടിവിളിച്ചു. അവിടെ തണലാണു്, തണുപ്പാണു്. പക്ഷേ, അയാൾക്കു് അനങ്ങാൻ പറ്റിയില്ല. തമ്പ്രാൻ പുറത്തു വരാതിരിക്കില്ല. ‘ഇനി നിക്കണ്ട താമി നീ പോയ്ക്കോ’ എന്നാണു് തമ്പ്രാൻ പറഞ്ഞതു്. അര മണിക്കൂർ നേരത്തെ യാചനയ്ക്കു് ഫലമൊന്നുമുണ്ടായില്ല. അങ്ങിനെയങ്ങു പോവാൻ പറ്റണ കാര്യമാണോ?

ഏല്പിക്കുമ്പോൾ പറഞ്ഞതു്, ‘പണം കൊണ്ടന്നാൽ എന്നു വേണങ്കിലും വന്നു കൊണ്ടുപൊയ്ക്കോ’ എന്നാണു്. ഇന്നു് പണണ്ടാക്കിക്കൊണ്ടുവന്നിട്ടൊന്നുല്യ. എവിടന്നുണ്ടാക്കാനാണു് രണ്ടായിരം രൂപ. പലിശ എത്രയായിട്ടുണ്ടാവും എന്നറിയില്ല. എന്നാലും ചോദിക്കുകയാണു്, ഒരാഴ്ചത്തേക്കെങ്കിലും കൊണ്ടുപൊയ്ക്കോട്ടെ എന്നു്. വയ്യ, ഇനിയും ഇങ്ങിനെയൊരു ജീവിതം വയ്യ.

തുറന്നു കിടക്കുന്ന വടക്കേ വാതിലിനുള്ളിൽ പുറത്തുനിന്നു നോക്കുമ്പോൾ ഇരുട്ടാണു്. അതുകൊണ്ടു് തമ്പ്രാട്ടി വാതിലിനു പുറത്തു കടന്നിട്ടേ താമി കണ്ടുള്ളൂ.

‘എന്താ താമി ഇങ്ങനെ നിക്കണതു?’

‘ഒന്നുംല്ല്യമ്പ്രാട്ടി.’

‘നന്ദിനിപ്പശു പെറ്റൂന്നല്ലേ കഴിഞ്ഞ ആഴ്ച നീ പറഞ്ഞതു? എന്നാ അതിനെ കൊണ്ടരണതു?’

‘രണ്ടീസം കഴിയട്ടെ തമ്പ്രാട്ടി, അയിനു് കൊടുക്കാൻ ഒരു മരുന്നു് പറഞ്ഞിട്ട്ണ്ടു് വേലായുധൻ വൈദ്യരു്.’

‘വേഗം കൊണ്ടരണം കെട്ടോ, ഇവിടെ പാലിനു് ആവശ്യക്കാരു് കൂടിവര്വാണു്.’

‘ശരിമ്പ്രാട്ടി.’

‘അപ്പോ നീയെന്തിനാ കാത്തു് നിക്കണത്ന്നു് പറഞ്ഞില്ലല്ലോ?’

താമി ഒന്നും പറയാതെ തല ചൊറിഞ്ഞുനിന്നു.

‘എന്താച്ചാ പറഞ്ഞോ.’

‘അടിയൻ ലച്മീടെ കാര്യം തമ്പ്രാനോടു് പറഞ്ഞിര്ന്നു്.’

തമ്പ്രാട്ടിയുടെ മുഖഭാവം പെട്ടെന്നു മാറി. അവർ പെട്ടെന്നു് ഒന്നും പറയാതെ തിരിഞ്ഞു് അകത്തേയ്ക്കു പോയി. അകത്തെ ഇരുട്ടിൽ താമിയുടെ കണ്ണുകൾ ഒരു നിമിഷം പരതി നടന്നു. സാധാരണ ദിവസങ്ങളിൽ അടുക്കള ഭാഗത്തു വിളിച്ചു് എന്തെങ്കിലും ഭക്ഷണം കഴിപ്പിച്ചേ വിടാറുള്ളു. ഒപ്പംതന്നെ വീട്ടിൽ കാത്തിരിക്കുന്ന മകൾക്കു് കൊടുക്കാൻ എന്തെങ്കിലും പലഹാരം പൊതിഞ്ഞു് തരികയും ചെയ്യും. ഇന്നു് അതൊന്നുമുണ്ടായില്ല. ഇനി തിരിച്ചുപോകാം, വീട്ടിലെത്തിയാൽ മകളുടെ ചോദ്യത്തിനു് ‘മോടെ അമ്മ ഞ്ഞിയൊരീസം വരാംന്നു് പറഞ്ഞ്’ എന്നു് മറുപടി കൊടുക്കാം. അയാൾ തിരിഞ്ഞു നടന്നു.

മുകളിലെ വരാന്തയിൽ നിന്നു് ഉറ്റുനോക്കിയിരുന്ന രണ്ടു കണ്ണുകൾ താമി പടികടന്നു് മരങ്ങൾക്കിടയിൽ മറഞ്ഞപ്പോൾ പിൻവലിഞ്ഞു. അവൾ ധൃതിയിൽ താഴേയ്ക്കു കോണിയിറങ്ങി. തമ്പ്രാൻ ഊണു കഴിഞ്ഞു് വരേണ്ട സമയമായിരിക്കുന്നു. ഇടനാഴികയിൽനിന്നു് നരിച്ചീറുകൾ തൂങ്ങിക്കിടക്കുന്ന മച്ചിനകത്തേയ്ക്കു് ലക്ഷ്മി കടന്നു. രാവിലെ അടുക്കളമുറ്റത്തെ പുളിമാവിൽ പടർത്തിയ വള്ളിയിൽ നിന്നു് പറിച്ചെടുത്ത തളിർവെറ്റിലയുടെ ഒപ്പം വാസനചുണ്ണാമ്പും അടക്കയും പുളിയിട്ടു തേച്ചു മിനുക്കിയ പിച്ചളത്താലത്തിൽ നിറച്ചു. ചുമരിലെ കരയാമ്പുവിന്റെ മണമുള്ള കൊച്ചലമാറിയിൽ ഒളിപ്പിച്ചുവച്ച പനിനീർ ദേഹത്തു തളിച്ചു് അവൾ താലവുമെടുത്തു് മുകളിലേയ്ക്കു നടന്നു. തേക്കിന്റെ, വണ്ണമുള്ള ചതുരൻ അഴികളുള്ള വലിയ ജനലുകളിൽക്കൂടി പറമ്പിൽനിന്നു് മരച്ചില്ലകളെ തൊട്ടുതലോടിയ കാറ്റു് ഒഴുകിവന്നു. അവൾ കിടക്കയിലെ വിരിയെടുത്തു കുടഞ്ഞു് ചുളിവില്ലാതെ വിരിച്ചിട്ടു. തലയിണയെടുത്തു് പതംവരുത്തി. ഇനി തമ്പ്രാൻ വരുന്നതുവരെ അവൾക്കൊന്നും ചെയ്യാനില്ല. ലക്ഷ്മി ജനലിന്നടുത്തു പോയി കാവിതേച്ചു മിനുപ്പിച്ച നിലത്തു് ഇരുന്നു. പുറത്തു് മരങ്ങൾക്കപ്പുറം വയലാണു്. തന്റെ കെട്ടിയോൻ ഇപ്പോൾ വീട്ടിലെത്തിയിരിക്കുമെന്നവൾ ഊഹിച്ചു. നാലു വയസ്സുള്ള മകൾ അവളെപ്പറ്റി ചോദിക്കുന്നുണ്ടാവും. അച്ഛൻ മറുപടി പറയുന്നുമുണ്ടാവും. അടുത്തു് തന്നെ അമ്മ വരുംട്ടോ മോളെ. സുലുമോള് എന്തായിരിക്കും മറുപടി പറഞ്ഞിട്ടുണ്ടാവുക?

കോണിമേൽ കനത്ത കാലടി പതിയുന്ന ശബ്ദം കേട്ടപ്പോൾ ലക്ഷ്മി എഴുന്നേറ്റു. കാലടി ശബ്ദം ഇടനാഴിയിൽക്കൂടി അടുത്തു വന്നു. തുറന്നിട്ട വാതിലിലൂടെ തമ്പ്രാൻ അകത്തുകടന്നു വാതിലടച്ചു ഓടാമ്പലിട്ടു. ചുമലിലിട്ട വേഷ്ടി ചുവരിൽ ഘടിപ്പിച്ച മരത്തിന്റെ അയലിൽ തൂക്കിയിട്ടു് തമ്പ്രാൻ നേരെ കുളിമുറിയിലേയ്ക്കു് പോയി. ലക്ഷ്മി കട്ടിലിന്റെ ഒരറ്റത്തിരുന്നു് മുറുക്കാനുള്ളതു് കൂട്ടുവാൻ തുടങ്ങി.

തമ്പ്രാൻ തോർത്തുകൊണ്ടു് നരച്ച രോമങ്ങളുള്ള മാറിൽ തോർത്തി കുളിമുറിയിൽനിന്നു് പുറത്തു കടന്നു. കട്ടിലിൽ ഇരുന്നു് തലഭാഗത്തു് കയറ്റിവച്ച തലയിണയിൽ ചാരിയിരുന്നു് ലക്ഷ്മിയെ നോക്കി. അയാൾ അവളുടെ ഭാവമെന്താണെന്നു് പഠിക്കുകയായിരുന്നു. അവൾ ഒന്നും പറയാതെ മുറുക്കാൻ ചുരുട്ടിയതു് അയാളുടെ കയ്യിൽ കൊടുത്തു് അടുത്തിരുന്നു. അതു വായിലിട്ട ശേഷം അയാൾ സംസാരിക്കാൻ തുടങ്ങി.

‘താമി വന്നിരുന്നു.’

ലക്ഷ്മി ഒന്നും പറഞ്ഞില്ല.

‘എന്തിനാ വന്നത്ന്നു് നിശ്ശണ്ടോ?’

‘ഉം.’

‘നെന്നെ അങ്ങനെയങ്ങട്ടു് പറഞ്ഞയക്കും ഞാൻന്നു് തോന്ന്ണ്ണ്ടോ?’

അവൾ ഒന്നും പറയാതെ അയാളുടെ മാറിൽ കൈയ്യോടിച്ചു. അവളുടെ കറുത്ത വിരലുകൾ അയാളുടെ വെളുത്ത മാറിലെ രോമങ്ങളിൽ പരതി നടന്നു. അയാൾ അവളുടെ ബ്ലൗസിന്റെ കുടുക്കുകൾ അഴിക്കുകയാണു്. അവൾ ബ്ലൗസഴിച്ചുമാറ്റി. അയാൾ നീങ്ങിയിരുന്നു് അവൾക്കു് സ്ഥലമുണ്ടാക്കിക്കൊടുത്തു.

വെറ്റിലയുടെ രൂക്ഷഗന്ധം അവൾക്കിഷ്ടമായിരുന്നു. തമ്പ്രാന്റെ ദേഹത്തിന്റെ ഗന്ധത്തോടു ചേരുമ്പോൾ അതു് തടുക്കാനാവാത്ത ആകർഷണം കൊണ്ടവളെ വീർപ്പുമുട്ടിക്കുന്നു. അയാൾ വലതുകൈ കൊണ്ടവളെ വരിഞ്ഞു് ഇടതു കൈകൊണ്ടു് അവളുടെ മുണ്ടിന്റെ കുത്തു് അഴിക്കുകയാണു്. അയാളുടെ കൈകൾ അവളുടെ മിനുത്ത, ഉറപ്പുള്ള അടിവയറിന്മേൽ അമർന്നു.

വായിലുള്ള വെറ്റിലനീരു് പകുതി ഇറക്കിയശേഷം തമ്പ്രാൻ പറഞ്ഞു.

‘ഞാനേയ് രണ്ടായിരം ഉറുപ്പിക എണ്ണിക്കൊടുത്തതാണു് താമിക്കു്, നിശ്ശണ്ടോ?’

അവൾ മൂളി. മൂളാതിരിക്കുന്നതു് തമ്പ്രാനിഷ്ടമല്ല.

‘അപ്പോ താമി എന്താ പറഞ്ഞതു? ഓർമ്മണ്ടോ?’

അവൾ മൂളാൻ മറന്നു. തന്നെ മുമ്പിൽവച്ചുകൊണ്ടാണു് താമി സമ്മതിച്ചതു്. താമി മുറ്റത്തിനു നടുക്കു നിൽക്കുകയായിരുന്നു. അവൾ അയാളുടെ പിന്നിൽ പരിഭ്രമിച്ചു നിൽക്കുകയും. തമ്പ്രാൻ മാളികമുകളിൽ നിന്നു് താഴത്തേയ്ക്കിറങ്ങിവന്നതവളോർത്തു.

‘പറഞ്ഞതൊക്കെ ഓർമ്മണ്ടല്ലോ താമീ?’

തമ്പ്രാൻ ചോദിച്ചു.

‘ഓ.’

‘പണം പലിശ്യോടുകൂടി എന്നു കൊണ്ടരാൻ പറ്റ്വോ, അന്നു് നെന്റെ കെട്ട്യോളെ കൊണ്ടുപൊയ്ക്കൊ. മനസ്സിലായോ?’

‘ഓ.’ തോളത്തിട്ട തോർത്തുമുണ്ടിന്റെ ഒരറ്റം കൂട്ടിപ്പിടിച്ച കൈയ്യാൽ വായ പകുതി പൊത്തിക്കൊണ്ടു് താമി പറഞ്ഞു.

‘ന്നാ അങ്ങനെയാവട്ടെ.’ പിന്നെ തമ്പ്രാൻ തന്റെ നേരെ നോക്കി പറഞ്ഞു. ‘എന്താ നെന്റെ പേരു്?’

‘ലക്ഷ്മി.’

‘ലക്ഷ്മി വടക്കോറത്തേയ്ക്കു് പൊയ്ക്കൊ. അവടെ തമ്പ്രാട്ടിണ്ടാവും.’

വടക്കോറം അവളെ എതിരേറ്റതു് സമ്മിശ്രവികാരങ്ങളോടെയായിരുന്നു. ഉരൽപ്പുരയിൽ നെല്ലുകുത്തുന്ന സ്ത്രീകൾ അവളെ അവഗണനയോടെ നോക്കി. പലരും അവൾക്കു് പരിചയമുള്ളവരായിരുന്നു. പക്ഷേ, നെല്ലുകുത്തുപുരയിൽ അവൾ അന്യയായി. ഉലക്ക ഉണങ്ങിയ നെല്ലിൽ വീഴുമ്പോഴുള്ള കനത്തശബ്ദം സ്ത്രീകളുടെ ശ്വാസത്തിനു് അകമ്പടി സേവിച്ചു. മുറത്തിൽ അരി ചേറുമ്പോഴുണ്ടാവുന്ന ശബ്ദം അതിനോടു ചേർന്നു് ഒരു സദിരായി മാറി.

ഉച്ചയ്ക്കവൾ മറ്റു സ്ത്രീകളുടെ ഒപ്പം പയർ വേവിച്ചതുകൂട്ടി കഞ്ഞികുടിച്ചു. വൈകുന്നേരം മറ്റു സ്ത്രീകൾ വല്ലി വാങ്ങി പോയപ്പോൾ അവൾ ഒറ്റയ്ക്കായി. അവൾ മകളെ ഓർത്തു, ഭർത്താവിനെ ഓർത്തു. ചുറ്റും പരക്കുന്ന ഇരുട്ടിനോടൊപ്പം വളർന്നുവന്ന വേദന സഹിക്കാതായപ്പോൾ അവൾ കരയാൻ തുടങ്ങി.

രാത്രി എന്താണു് ചെയ്യേണ്ടതെന്നവൾക്കറിയില്ലായിരുന്നു. തമ്പ്രാട്ടി ഒട്ടും ദാക്ഷിണ്യമില്ലാതെയാണു് പെരുമാറിയതു്. അവർ അവളെ ഒരു നികൃഷ്ടജന്തുവിനെപ്പോലെ അവഗണിക്കുകയായിരുന്നു. അടുക്കളയിൽ അവരും മറ്റൊരു ജോലിക്കാരിയുംകൂടി സംസാരിക്കുന്നതു് അവൾക്കു കേൾക്കാം. ജോലിക്കാരിയുടെ പേരു് മാധവിയെന്നാണെന്നു് അവൾക്കു മനസ്സിലായി. കത്തിച്ചുവച്ച വിളക്കിന്റെ പ്രകാശത്തിൽ ചൂട്ടഴിയിലൂടെ തമ്പ്രാട്ടിയും മാധവിയും ഭക്ഷണം പാകം ചെയ്തുകൊണ്ടു് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു് അവൾക്കു കാണാൻ കഴിഞ്ഞു.

ഒരു റാന്തലിന്റെ വെളിച്ചം പടിഞ്ഞാറെ മുറ്റത്തുകൂടെ അരിച്ചുവന്നു. നേരിട്ടു പോയിരുന്ന വെളിച്ചം അവളെ കണ്ടപ്പോൾ വഴിമാറി അടുത്തേയ്ക്കു വന്നു. റാന്തൽ മുഖത്തിനുനേരെ ഉയർത്തപ്പെട്ടു. തമ്പ്രാന്റെ മുഖം ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു. ഒരക്ഷരം ഉരിയാടലുണ്ടായില്ല. റാന്തലിന്റെ വെളിച്ചം അകന്നുപോയി. ഒരഞ്ചു മിനിറ്റിനുള്ളിൽ അടുക്കളയിൽനിന്നു് ജോലിക്കാരിയും തമ്പ്രാട്ടിയും പുറത്തേയ്ക്കു വന്നു. എണ്ണക്കിണ്ണത്തിൽ എണ്ണ, വാസനസോപ്പ്, തോർത്തു്, വെളുത്തേടൻ അലക്കിത്തേച്ച മുണ്ടു്, രണ്ടാം മുണ്ടു് മുതലായവ ഏറ്റിയ ജോലിക്കാരിയോടൊപ്പം അവൾ കുളത്തിലേയ്ക്കു് ആനയിക്കപ്പെട്ടു. കുളികഴിഞ്ഞു് കൂറഗുളികയുടെ വാസനയുള്ള മുണ്ടുടുത്തു് അവൾ ജോലിക്കാരിയുടെ ഒപ്പം തിരിച്ചുവന്നു. അടുക്കളയിൽ അവൾക്കായി പ്രത്യേകം ചോറു വിളമ്പപ്പെട്ടു. ജോലിക്കാരിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിരുന്നു. ഉച്ചയ്ക്കു് മറ്റു ജോലിക്കാരികളുടെ ഒപ്പമിരിക്കുമ്പോൾ കഞ്ഞി വിളമ്പിത്തരുമ്പോൾ മുഖത്തുണ്ടായിരുന്ന ധാർഷ്ട്യം മയപ്പെട്ടിരുന്നു. തമ്പ്രാട്ടിയും അവളോടു് ദയാപൂർവ്വം പെരുമാറി.

ഇപ്പോൾ തമ്പ്രാന്റെ കിടക്കയിൽ, തമ്പ്രാന്റെ കൈകളിൽ കിടക്കുമ്പോൾ താൻ കടന്നുവന്ന വഴികളെപ്പറ്റി അവൾ ആലോചിച്ചു. ഉരപ്പുരയിൽനിന്നു് അടുക്കളയിലേയ്ക്കു്, അടുക്കളയിൽനിന്നു് ഇടനാഴികയിലൂടെ കോണിമുറിയിൽക്കൂടി, മാളികമോളിലേയ്ക്കു്, കിടപ്പറയിലേയ്ക്കു്, ദിവസങ്ങളുടെ, മാസങ്ങളുടെ സാവകാശത്തിൽ അവൾ സ്വയമറിയാതെ എത്തപ്പെട്ടു. കാലത്തിന്റെ കൈവിരുതു് എല്ലാം സ്വാഭാവികമാക്കി. താൻ എന്താണു് ചെയ്യുന്നതെന്ന അറിവുപോലും യാഥാർത്ഥ്യത്തിന്റെ എരിവെയിലിൽ മറഞ്ഞില്ലാതായി. ഇടയ്ക്കു് തന്റെ കുടിലിൽ കാത്തിരിക്കുന്ന ഭർത്താവിനേയും മകളേയും ഓർമ്മ വരുമ്പോൾ അവൾ ആലോചിക്കും, എന്താണു് ഇതിനൊക്കെ അർത്ഥം?

‘എന്താ ഒന്നും മിണ്ടാത്തതു്. താമി എന്താ പറഞ്ഞത്ന്നു് ഓർമ്മ ഇല്ലേ?’ തമ്പ്രാൻ വീണ്ടും ചോദിച്ചു.

‘ഉം.’ അവൾ മൂളി. ‘ന്നാലും എനിക്കു് ന്റെ മോളെ ഒന്നു് കാണണംന്ന്ണ്ടു്.’

തമ്പ്രാൻ ഒന്നമർത്തി മൂളി.

പിറ്റേന്നു് അടുക്കളയിൽ തമ്പ്രാനു വേണ്ടി ചായ കൂട്ടുമ്പോൾ തമ്പ്രാട്ടി ചോദിച്ചു.

‘ഇന്നല്ലെ നെന്റെ മോളെ കൊണ്ടരാൻ പറഞ്ഞിട്ടുള്ളതു?’

‘അത്യോ?’ അവൾ ചോദിച്ചു.

‘നെന്നോടൊന്നും പറഞ്ഞില്ലേ?’

‘തമ്പ്രാൻ ഒന്നും പറഞ്ഞില്ലാ.’

‘താമിടെ അടുത്തേയ്ക്കു് ആളയച്ചിട്ട്ണ്ടു്.’

‘എത്ര കാലായി മോളെ കണ്ടിട്ടു്?’

രണ്ടു കൊല്ലം, അല്ലെങ്കിൽ മൂന്നു കൊല്ലം. വർഷങ്ങളുടെ കണക്കു് അവൾക്കു് നഷ്ടപ്പെട്ടിരുന്നു. മോൾ വലുതായിട്ടുണ്ടാവും. അവൾ ചായയുമെടുത്തു് മാളികപ്പുറത്തേയ്ക്കു നടന്നു. തമ്പ്രാൻ എഴുന്നേറ്റു് അവളെ കാത്തിരിക്കയാണു്. കട്ടിലിന്റെ തലയ്ക്കൽ ചാരിയിരുന്നു് തമ്പ്രാൻ ചായ കുടിക്കുമ്പോൾ അവൾ കട്ടിലിന്റെ കാൽക്കൽ ഭാഗത്തു് ഇരുന്നു.

‘മോളെ കൊണ്ടരാൻ പറഞ്ഞിട്ട്ണ്ടു് അല്ലേ?’ അവളുടെ സ്വരത്തിൽ കൃതജ്ഞതയുണ്ടു്.

‘ഉം,’ അയാൾ കനത്തിൽ മൂളി. ‘രാവിലെ വന്നിട്ടു് ഉച്ചതിരിഞ്ഞു് പൊയ്ക്കോട്ടെ.’

‘ശരി.’

‘നെന്റെ മോൾക്കു് കൊടുക്കാൻ രണ്ടുടുപ്പു് വാങ്ങാൻ കണാരനെ ഏൽപ്പിച്ചിട്ട്ണ്ടു്.’

‘അത്യോ?’ അവളുടെ മുഖം വികസിക്കുന്നതു് സംതൃപ്തിയോടെ തമ്പ്രാൻ നോക്കിയിരുന്നു.

‘ഒക്കെ ഞാൻ എന്തിനാ ചെയ്യണതന്നറിയ്യോ?’

‘ഉം.’

‘എന്തിനാ?’

‘ന്നോട്ള്ള ഇഷ്ടം കൊണ്ടു്.’

‘മനസ്സിലായല്ലോ, അതുപോലെയൊക്കെ പെരുമാറ്വാ.’

‘ഉം.’

അവൾ വെറുതെ നടക്കുകയാണു്. ഇടനാഴികയിലൂടെ, ഓരോ മുറികളിലൂടെ, അടുക്കളയിലൂടെ. അവളുടെ നോട്ടം പടിക്കലേയ്ക്കായിരുന്നു. അതിനുമപ്പുറത്തായിരുന്നു. വെയിൽ ഓളമടിക്കുന്ന വയലുകളിൽ, പിന്നെ അതിനുമപ്പുറത്തു് അവളുടെ മനസ്സിനു മാത്രം കാണാൻ കഴിയുന്ന പ്രദേശങ്ങളിൽ, ഒരു കൊച്ചു കുട്ടിയുടെ പാദങ്ങൾ ഇപ്പോൾ നടന്നുവരുന്നുണ്ടാകുന്ന വഴികളിൽ. പറമ്പിലേയ്ക്കിറങ്ങി വേലിക്കടുത്തു് വയലുകൾ തുടങ്ങുന്ന സ്ഥലത്തേയ്ക്കു് കണ്ണും നട്ടു് നിൽക്കാൻ അവൾക്കു് കൊതിതോന്നി. പക്ഷേ, അതെല്ലാം അവൾക്കു് വിലക്കപ്പെട്ട മേഖലകളാണു്. തമ്പ്രാൻ പറഞ്ഞിട്ടുണ്ടു്.

‘കുളിക്കാൻ കുളത്തിലേയ്ക്കല്ലാതെ പുറത്തു് ഇറങ്ങാൻ പാടില്ല. മുറ്റത്തേയ്ക്കുകൂടി ഇറങ്ങരുതു്. അതുപോലെ താമി വന്നാൽ നിന്നെ കാണുകയുമരുതു്. മനസ്സിലാവുന്നുണ്ടോ?’

അതിനു ശേഷം പലപ്പോഴും താമി വന്നു് പറമ്പിൽ ജോലി ചെയ്യുന്നതു് അവൾ കാണാറുണ്ടു്. ഒരിക്കലും അയാളുടെ കണ്ണിൽ പെടാതിരിക്കാൻ അവൾ ശ്രമിച്ചു. ഇടയ്ക്കു് കിളച്ചുകൊണ്ടിരിക്കുന്ന കൈക്കോട്ടു് നിലത്തുവച്ചു് താമി മാളികയുടെ നേരെ നോക്കും. മുകളിലേതെങ്കിലും ജനലിനടുത്തു് അയാളെ നോക്കിക്കൊണ്ടിരിക്കുന്ന ലക്ഷ്മി പെട്ടെന്നു് ഉള്ളിലേയ്ക്കു വലിയും. അവൾക്കു് തമ്പ്രാനെ പേടിയായിരുന്നു. പേടി മാത്രമല്ല എന്താണെന്നു പറയാൻ കഴിയാത്ത ഒരു വികാരം. തമ്പ്രാനെപ്പറ്റി അവൾ പുറത്തു കേട്ടിട്ടുള്ള കഥകൾ വളരെ മോശമായിരുന്നു. എല്ലാവർക്കും അയാളെ പേടിയായിരുന്നു. പക്ഷേ, അവളെ സംബന്ധിച്ചേടത്തോളം അയാൾ മറ്റൊന്നായിരുന്നു. മനസ്സിലാക്കാൻ പറ്റാത്ത എന്തോരൂട്ടം. എന്നെങ്കിലും താമി കൊടുക്കാനുള്ള രണ്ടായിരം രൂപ പലിശയടക്കം കൊണ്ടുവന്നു കൊടുക്കുമെന്നും അവൾക്കു് പോകേണ്ടിവരുമെന്നും ഓർത്തപ്പോൾ അവൾക്കുണ്ടായതു് വിഷമമാണെന്നവൾ കണ്ടു. അപ്പോൾത്തന്നെ തമ്പ്രാൻ പറഞ്ഞതുമോർത്തു. ‘നെന്നെ അങ്ങനെയങ്ങട്ടു് പറഞ്ഞയക്കും ഞാൻന്നു് തോന്ന്ണ്ണ്ടോ?’ അതു് എന്തർത്ഥത്തിലാണു് തമ്പ്രാൻ പറഞ്ഞതെന്നു് അവൾക്കറിയില്ലായിരുന്നു. തരാനുള്ള പണം തരാതെ പറഞ്ഞയക്കില്ലെന്നായിരിക്കുമോ. അപ്പോ തരാനുള്ള പണം താമി കൊണ്ടുവന്നാൽ തന്നെ പറഞ്ഞയക്കുമോ? അങ്ങിനെയാവരുതെന്നവൾക്കു തോന്നും. പെട്ടെന്നു തന്നെ മകളുടെ ഓമനമുഖവും ഓർമ്മ വരും. താൻ അങ്ങിനെയൊക്കെ ആലോചിച്ചതിൽ പ്രയാസവും തോന്നും.

കണാരൻ അടുക്കളയുടെ വാതിൽക്കൽ വന്നു് അവളെ വിളിച്ചു് ഒരു പൊതി ഏൽപ്പിച്ചു. അവൾ പൊതി തുറന്നു. രണ്ടു് ഭംഗിയുള്ള ഉടുപ്പുകൾ. നീലയിൽ ചുവപ്പു പൂക്കളും, മഞ്ഞയിൽ പച്ച ചിത്രങ്ങളുമുള്ള ഉടുപ്പുകൾ. രണ്ടു ഷെഡ്ഡികൾ. ഇതു് അവൾക്കിട്ടാൽ നല്ല ഭംഗിയായിരിക്കും. അവൾക്കിതുവരെ ഇത്രയും നല്ല ഉടുപ്പുകൾ കിട്ടിയിട്ടില്ല.

താമി മോളെ വടക്കോറത്തു് എത്തിച്ചപ്പോൾ മാധവിയാണു് അവളെ അകത്തേയ്ക്കു കൊണ്ടുവന്നതു്. അടുക്കളയിൽ നിന്നു് ഭക്ഷണമുറിയിലേയ്ക്കു് മാധവിയുടെ കൈ പിടിച്ചു വരുന്ന മോളെ കണ്ടപ്പോൾ ലക്ഷ്മിക്കുണ്ടായതു് ഒരു തേങ്ങലായിരുന്നു. അവളുടെ മുഖഛായകൂടി താൻ മറന്നുതുടങ്ങിയെന്നതവൾക്കു വിഷമമുണ്ടാക്കി. അവൾ അമ്മയെ അദ്ഭുതത്തോടെ നോക്കുകയായിരുന്നു. മനസ്സിലായ ലക്ഷണമൊന്നുമില്ല. അവൾ ചുറ്റും നോക്കുകയാണു്. ആർക്കോവേണ്ടി പരതുകയാണു്.

‘മോളെ ഇവിടെ വാ.’ അവൾ ഇരുന്നുകൊണ്ടു് സുലുവിനെ അടുപ്പിച്ചു പിടിച്ചു. തന്നെ ഇത്ര സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്ന ഈ സ്ത്രീ ആരാണെന്ന മട്ടിൽ അവൾ നോക്കി. അവരെ കാച്ചിയ എണ്ണയുടെയും സോപ്പിന്റെയും വാസനയുണ്ടായിരുന്നു. അവർ ഭംഗിയുള്ള ബ്ലൗസും മുണ്ടും ആണുടുത്തിരിക്കുന്നതു്. ഇത്രയും നന്നായി വസ്ത്രം ധരിച്ച ആരെയും അവൾ കണ്ടിട്ടുണ്ടായിരുന്നില്ല.

അകത്തുനിന്നു് മറ്റൊരു തമ്പ്രാട്ടി വന്നു് അവളുടെ മുമ്പിൽ നിന്നു.

‘ലക്ഷ്മിയുടെ മോള് വന്ന്വോ?’ അവൾ ചോദിച്ചു.

സുലു പകച്ചു നിൽക്കുക തന്നെയാണു്. അവൾക്കു് അവളുടെ അമ്മയെയാണു് കാണേണ്ടതു്.

നിലത്തു പ്ലേയ്റ്റിൽ വച്ചുകൊടുത്ത പലഹാരങ്ങൾ ആർത്തിയോടെ തിന്നുമ്പോഴും അവൾ ആലോചിച്ചു. ആരൊക്കെയാണിവർ?

ഭക്ഷണത്തിനുശേഷം ലക്ഷ്മി അവളെ എണ്ണതേപ്പിച്ചു നല്ല വാസനയുള്ള സോപ്പുകൊണ്ടു് കുളിപ്പിച്ചു. കുളികഴിഞ്ഞശേഷം അവൾ അഴിച്ചുവച്ച ഉടുപ്പുതന്നെ ഇടാൻ ഭാവിച്ചപ്പോൾ ലക്ഷ്മി പറഞ്ഞു. ‘മോളെ അമ്മ മോൾക്കു് പുത്യ ഉടുപ്പു് വാങ്ങീട്ട്ണ്ടു്.’

സുലുവിനു് സന്തോഷമായി. പുതിയ ഉടുപ്പു് കിട്ടിയെന്നതു മാത്രമായിരുന്നില്ല അവൾക്കു് സന്തോഷമുണ്ടാക്കിയതു്. അമ്മയാണതു് വാങ്ങിയതു് എന്നതുകൂടി അവളെ സന്തോഷിപ്പിച്ചു. അകത്തു കൊണ്ടുപോയി ഉടുപ്പിടുവിക്കുമ്പോഴും സുലു ചുറ്റും ആർക്കോ വേണ്ടി തിരയുകയായിരുന്നു. പക്ഷേ, ഒന്നും ചോദിക്കാൻ ധൈര്യമില്ലാതെ അവൾ നിന്നു.

മുണ്ടിയാൻ പാടത്തു് നിഴൽ വീണു. അതിനുമപ്പുറത്തു് കാരക്കുന്നിൻചരുവിലെ മരങ്ങളിൽ ചേക്കേറിയ ഇരുട്ടിൽനിന്നു് പുറത്തു കടക്കുന്ന നെല്ലുകുത്തുകാരികൾ വരമ്പുകളുടെ അറ്റങ്ങളിൽ അലിഞ്ഞില്ലാതായി. വയലുകളുടെ അരുകിൽ ഒറ്റപ്പെട്ടുകിടക്കുന്ന കുടിലുകളിൽ ഓരോന്നിലായി വെളിച്ചം വീണു. പറമ്പിൽ അടിച്ചുകൂട്ടിയ ചവറുകൾ വാരിക്കത്തിച്ചു് കഞ്ഞിയുണ്ടാക്കുകയാവും. ഇരുട്ടിന്റെ ഒരു കൊച്ചുസങ്കേതത്തിൽ മകളേയും കാത്തു് താമി നിന്നു. സുലുവിനുവേണ്ടി തമ്പുരാൻ ഉടുപ്പു വാങ്ങിവച്ചിട്ടുണ്ടെന്നു് കണാരൻ അയാളോടു് പറഞ്ഞിരുന്നു. ‘നെന്റെ പെമ്പ്രന്നോരു് ഭാഗ്യം ചെയ്തോളാ’, കണാരൻ പറഞ്ഞു. ‘ഇനി താൻ അതിന്റെ അന്നം മൊടക്കണ്ട. ഓള് വഴിക്കു് നെന്റെ മോളും ഒരു പാട്ടിലായ്ക്കോളും.’

താമി കണാരനോടു് ഒന്നും പറഞ്ഞില്ല. എന്തു പറയാനാണു്. രണ്ടായിരം രൂപ പലിശയോടുകൂടി കൊടുക്കാൻ തനിക്കു് എന്നാണു് പറ്റുക? അതൊരിക്കലും കൊടുക്കലുണ്ടാവില്ല. ലക്ഷ്മി ഒരിക്കലും തന്റെ കുടിലിൽ മടങ്ങി വരികയുമുണ്ടാവില്ല.

പാടത്തിന്റെ നടുവിലൂടെ നടന്നുവരുന്ന നെല്ലുകുത്തുകാരികളുടെ ഇടയിൽ താമി സുലുവിനെ തിരിച്ചറിഞ്ഞു. അവൾ ഉറക്കെ സംസാരിക്കുകയായിരുന്നു. ഇടവഴിയിൽ നിന്നു് കയറിയ മകളെ താമി എടുത്തു. ഒപ്പം വന്ന പെണ്ണുങ്ങൾ അവളുടെ ഉടുപ്പുകളുള്ള സഞ്ചി അയാളുടെ കയ്യിൽ കൊടുത്തു. ‘മോക്കു് രണ്ടുടുപ്പു് കിട്ടീട്ട്ണ്ടു്.’ അവർ ധൃതിയിൽ നടന്നുപോകുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.

അയാൾ ആർത്തിയോടെ അവളെ ഉമ്മവച്ചു.

‘അമ്മേ കണ്ടാ?’ അയാൾ ചോദിച്ചു.

‘അമ്മ്യോ?’ അവൾ അദ്ഭുതത്തോടെ ചോദിച്ചു. ‘ഞാങ്കണ്ടില്ല അമ്മേനെ.’

‘പിന്നെ ആരാണവ്ടെണ്ടായിര്ന്നതു്, മോളെ?’

‘അതോ, അവ്ടെ ഒരു വെളുത്ത തമ്പ്രാട്ടിണ്ടു് ഒരു കറുത്ത തമ്പ്രാട്ടിംണ്ടു്.’ അവൾ ഒന്നു നിർത്തികൊണ്ടു് തുടർന്നു. ‘ആ കറുത്ത തമ്പ്രാട്ടിയാ എന്നെ കുളിപ്പിച്ചതു്, ഈ ഉടുപ്പു് ഇടീച്ചുതന്നതു്. നല്ല തമ്പ്രാട്ടി.’

‘അതു് മോള്ടെ അമ്മ്യല്ലെ?’

‘അല്ലപ്പാ, അതവ്ടത്തെ തമ്പ്രാട്ട്യാ, കറുത്ത തമ്പ്രാട്ടി.’

അവൾ പെട്ടെന്നു് സംസാരം നിർത്തി. അവൾ ആലോചിക്കുകയായിരുന്നു. താമി മുട്ടവിളക്കു കത്തിച്ചു. അതിന്റെ വെട്ടത്തിൽ എണ്ണമയമുള്ള ആ കൊച്ചുമുഖം അയാൾ നോക്കിക്കണ്ടു. അവൾ അപ്പോഴും ആലോചിക്കുകയായിരുന്നു. പിടികിട്ടാത്ത ഒരുപാടു കാര്യങ്ങൾ ആ കൊച്ചുമനസ്സിൽക്കൂടി കടന്നു പോകുകയായിരുന്നു. ആരാണാ കറുത്ത തമ്പ്രാട്ടി? എന്തിനാണവർ തന്നോടു് സ്നേഹത്തോടെ പെരുമാറിയതു? ഉടുപ്പു വാങ്ങിത്തന്നതു? ആലോചന ഒരിടത്തും ചേക്കേറുന്നില്ലെന്നു മനസ്സിലായപ്പോൾ അവൾ ചോദിച്ചു.

‘അപ്പാ…’

‘എന്തമ്മൂ?’

‘ന്റമ്മ എപ്പഴാ വര്വാ?’

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Karuththa Thambratti (ml: കറുത്ത തമ്പ്രാട്ടി).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Short Story, E Harikumar, Karuththa Thambratti, ഇ ഹരികുമാർ, കറുത്ത തമ്പ്രാട്ടി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: November 2, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Women in Black, a painting by Marianne von Werefkin (1860–1938). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.