images/Sunflowers_Vincent.jpg
Sunflowers, a painting by Vincent van Gogh (1853–1890).
സൂര്യകാന്തിപ്പൂക്കൾ
ഇ. ഹരികുമാർ

ഇന്നലെ വൈകുന്നേരം ദില്ലിയിൽ നിന്നു് ബോംബെയ്ക്കുള്ള തീവണ്ടിയിലായിരുന്നു. ഇന്നു് ബോംബയിൽ നിന്നു് നാട്ടിലേക്കുള്ള വണ്ടിയിൽ. ബോംബെയിൽ കഷ്ടിച്ചൊരു പകൽ മാത്രം. ചെമ്പൂരിൽ പോയി പെൺകുട്ടിയെ കണ്ടു. ഇനി മറ്റന്നാൾ പുലർച്ചെ തൃശൂരിലെത്തും. ടാക്സി പിടിച്ചു് വീട്ടിലെത്തുമ്പോൾ ആറുമണിയാകും. അമ്മ രാത്രി ഉറങ്ങിയിട്ടുണ്ടാവില്ല. ഉറങ്ങിയാൽ പുലർച്ചെ ഉണരാൻ വൈകുമോ, മകൻ വന്നതറിയാതെ പോകുമോ എന്ന ഭയം. അയാൾ ആലോചിച്ചു. തന്നെക്കണ്ടാൽ എപ്പോഴും പറയാറുള്ള വാചകം തന്നെ വീണ്ടും പറയും.

നീ വല്ലാതെ ചടച്ചിട്ടുണ്ടല്ലോ.

എതിർവശത്തെ സീറ്റിൽ ഇരിക്കുന്നതു് കുറച്ചു് പ്രായം ചെന്ന ദമ്പതികളായിരുന്നു. അവർ അയാളെ നോക്കി ചിരിച്ചു. ഭർത്താവു് ചോദിച്ചു.

എവിടെയാണു് ഇറങ്ങുന്നതു്.

തൃശൂരിൽ. അയാൾ പറഞ്ഞു. നിങ്ങളോ?

ഞങ്ങൾക്കു് തിരുവനന്തപുരം വരെ പോണം.

അവർ അധികമൊന്നും സംസാരിക്കരുതേ എന്നയാൾ പ്രാർത്ഥിച്ചു. തീവണ്ടിയാത്രകളിൽ കഴിയുന്നത്ര ഏകാകിയാവാനാണയാൾക്കിഷ്ടം. മനോരാജ്യം കാണാം പഴയകാലത്തെ ഓർമ്മകൾ വീണ്ടും പുതുക്കാം. പഴയ വ്രണങ്ങളെ താലോലിക്കാം, വല്ലപ്പോഴും കണ്ടുകിട്ടിയ സന്തോഷത്തിന്റെ നിമിഷങ്ങളെ മുത്തു പോലെ പുറത്തെടുക്കാം. ഇതെല്ലാം യാത്രയിലെ പറ്റു.

അയാൾ രാവിലെ കണ്ട പെൺകുട്ടിയെപ്പറ്റി ആലോചിച്ചു. ഫെർട്ടിലൈസർ കോളനിയിലെ ഇരുനിലക്കെട്ടിടത്തിലൊന്നിലാണു് അവളുടെ ഫ്ളാറ്റ്. അമ്മയുടെ കത്തിൽനിന്നാണു് അവരുടെ വിലാസം കിട്ടിയതു്. അമ്മ എഴുതി. നീ നാട്ടിലേയ്ക്കു വരുമ്പോൾ ബോംബെ വഴി വന്നാൽ മതി. അവിടെ ഒരു പെൺകുട്ടിയുണ്ടു്. നീ അവളെ കണ്ടുനോക്കു്. ഇഷ്ടമായെങ്കിൽ നമുക്കു് ഈ പ്രാവശ്യം തന്നെ അതു നടത്താം. അവളുടെ അച്ഛനും അമ്മയും ഒക്കെ ഞങ്ങളുടെ നല്ല കൂട്ടായിരുന്നു. നീ എന്തായാലും കുട്ടിയെ കണ്ടു വരണം.

വടിവില്ലാത്ത അക്ഷരത്തിൽ ഇൻലന്റിന്റെ നാലതിരുകളിൽക്കൂടി തലങ്ങനെയും വിലങ്ങനെയും അമ്മയുടെ പരാതികൾ നിരന്തരം ഒഴുകിവന്നു. ഓരോ കത്തു കിട്ടുമ്പോഴും അയാൾ ചിരിക്കും. കത്തു് ഒരാവർത്തി കൂടി വായിക്കും പിന്നെ വിചാരിക്കുകയും ചെയ്യും. വരാം അമ്മെ വരാം. കുറച്ചുകൂടി കഴിയട്ടെ. പത്തുകൊല്ലം ജോലിയെടുത്ത ശേഷം, സ്വന്തമായി ഒരു ജീവിതം വേണമെന്നയാൾക്കു തോന്നിത്തുടങ്ങിയിരുന്നു. പക്ഷേ, അതിനിനി എല്ലാം ആദ്യം തുടങ്ങണം. പത്തുകൊല്ലം താൻ ഇഷ്ടമില്ലാത്ത ചില ബന്ധുക്കളെ സഹായിച്ചു് ജീവിതം നശിപ്പിച്ചു. ആലോചിക്കും തോറും അയാളുടെ മനസ്സു് കലുഷമായി. കടലാസ്സെടുത്തു് അമ്മയ്ക്കു് എഴുതാൻ തുടങ്ങുന്നു. നാലഞ്ചു പേജ് ധൃതിയിൽ എഴുതിയുണ്ടാക്കുന്നു.

അമ്മയുടെ ഏട്ടനും മക്കൾക്കുംവേണ്ടി ഞാൻ എന്റെ ജീവിതത്തിന്റെ നല്ല വർഷങ്ങൾ ചെലവിട്ടു. ഇനി എനിയ്ക്കു് സ്വന്തമായി ജീവിക്കണമെങ്കിൽ ആദ്യം വല്ലതും സമ്പാദിച്ചിട്ടു വേണം…

കത്തു് പോസ്റ്റ് ചെയ്യാതെ മേശവലിപ്പിലിടുന്നു. നാലഞ്ചുദിവസം നിത്യേന അതെടുത്തു വായിക്കുന്നു.

അരിശം കുറച്ചടങ്ങിയാൽ കത്തു കീറി വലിച്ചെറിയുന്നു, പിന്നെ ഒരു ഇൻലന്റ് എടുത്തു് എഴുതുന്നു.

കാര്യമൊക്കെ ശരി തന്നെ. എനിയ്ക്കു് കല്യാണം വേണം. പക്ഷേ, കുറച്ചുകൂടി ഒരുക്കാനുണ്ടു്. വല്ല പെൺകുട്ടികളും ഉണ്ടോ അമ്മയുടെ സ്റ്റോക്കിൽ? ഒന്നു രണ്ടു കൊല്ലത്തിനുള്ളിൽ എല്ലാം ശരിയാക്കാം. അമ്മ വേവലാതിപ്പെടാതിരിക്കൂ.

മനസ്സു് അലഞ്ഞുതിരിഞ്ഞു പോയതയാൾ കണ്ടു ഫെർട്ടിലൈസർ കോളനിയിൽ രാവിലെ പെണ്ണുകാണാൻ പോയതു് ഓർക്കാനാണു് ശ്രമിച്ചതു്. അതോടൊപ്പം ആ പെൺകുട്ടിയെപ്പറ്റി സ്വല്പം മനോരാജ്യം കാണാനും. പെൺകുട്ടി സുന്ദരിയായിരുന്നു. ഇരുനിറം. അധികം തടിയില്ല. സാരിയാണു് വേഷം. അവൾ തല കുനിച്ചു് വാതിൽക്കൽ നില്ക്കുകയായിരുന്നു.

മോളെ ഇവിടെ വന്നിരിക്കു്.

അവളുടെ അച്ഛൻ പറഞ്ഞു.

വേണ്ടച്ഛാ. ഞാൻ ഇവിടെ നിന്നോളാം.

നമ്മുടെ ഭാർഗ്ഗവിച്ചേച്ചീടെ മകനാണു് മോളെ. നിന്നെ കാണാൻ വന്നതാണു്.

അവൾ പതുക്കെ നടന്നു വന്നു് അയാൾ ഇരുന്നിരുന്ന സോഫയുടെ മറ്റേ അറ്റത്തു് വന്നിരുന്നു.

എന്താ കുട്ടീടെ പേരു്? അയാൾ ചോദിച്ചു.

നിർമ്മല.

പഠിക്കുകയാണോ?

അല്ല ബി. എ. കംപ്ലീറ്റ് ചെയ്തു.

പിന്നെ ഒന്നും ചോദിക്കാനില്ലെന്നു് അയാൾക്കു മനസ്സിലായി. വേണമെങ്കിൽ പലതും ചോദിക്കാം എന്താവാനാണു് ആഗ്രഹം? ഹോബി? വായനയുണ്ടോ? ഇഷ്ടപ്പെട്ട ഗ്രന്ഥകാരൻ? പക്ഷേ, അതെല്ലാം കൃത്രിമമാവും. ഒരു ചോദ്യാവലി മുമ്പിൽ വെക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല. അന്യോന്യം ഇഷ്ടമാവേണ്ടതു് ഒരു ചോദ്യാവലിയുടെ ഉത്തരങ്ങളുടെ സാദൃശ്യത്തിലല്ല, മറിച്ചു് മാനസികമായി അടുക്കാൻ പറ്റുമോ എന്ന കാര്യത്തിലാണെന്നു് അയാൾ വിശ്വസിച്ചു. ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ അരമണിക്കൂർ അടുത്തടുത്തിരുന്നാൽ രണ്ടുപേരും സംസാരിച്ചില്ലെങ്കിലും മാനസികമായ സംവേദനം നടക്കുമെന്നു് അയാൾക്കറിയാം.

ഭാർഗ്ഗവിയുടെ കത്തുണ്ടായിരുന്നു. നിർമ്മലയുടെ അച്ഛൻ പറഞ്ഞു. പക്ഷേ, ഞങ്ങൾ നിർമ്മലയോടു് ഒന്നും പറഞ്ഞിട്ടില്ല.

അയാളുടെ തല നരച്ചിരുന്നു. റിട്ടയർ ചെയ്യേണ്ട വയസ്സായി കാണും.

ദാസനെ ഞാൻ കുട്ടിക്കാലത്തു് കണ്ടതാണു് അന്നു് എത്രയായിട്ടുണ്ടാകും പ്രായം?

ആറു വയസ്സ്. നിർമ്മലയുടെ അമ്മ പറഞ്ഞു. ഭാർഗ്ഗവിച്ചേച്ചിയും കേശുവേട്ടനും ബോംബെ വിടുമ്പോൾ ഇവൻ ഒന്നാം ക്ലാസ്സ് കഴിഞ്ഞു് നില്ക്കുകയായിരുന്നു. നമ്മുടെ മോൾക്കു് ഒരു വയസ്സായിട്ടില്ല അന്നു് നല്ല കൗതുകമുള്ള കുട്ടിയായിരുന്നു ഇവൻ. തുടുത്ത കവിളുകളും തിളങ്ങുന്ന കണ്ണുകളുമായി അന്നു് നല്ല നിറവുമുണ്ടായിരുന്നു. കുഞ്ഞി ഷൂസുമിട്ടു് അവൻ വന്നു് മുട്ടിന്മേൽ കയ്യും വെച്ചു് കുമ്പിട്ടുനിന്നു് നിർമ്മല കിടന്നു കളിക്കുന്നതു് നോക്കി നില്ക്കും കുറെ നേരം.

നിർമ്മല ചിരിച്ചു.

ദാസനു് അതൊന്നും ഓർമ്മയില്ല. പോകുന്നതിനു മുമ്പു് നല്ല ഭംഗിയുള്ള ഒരു സ്ത്രീയുടെ വീട്ടിൽ പോയതു് ഓർമ്മയുണ്ടു്. നിറയെ പൂക്കളുള്ള ഒരു തോട്ടമുള്ള വീട്ടിൽ. ആ സ്ത്രീ ഇവരായിരുന്നുവോ?

മരത്തിന്റെ ഫ്രെയിമിൽ ചൂരൽമെടഞ്ഞ ഒരു സോഫ ഒരരുകിൽ എഴുതാനുള്ള മേശ, കസേര. ചുമരിൽ ഒരു വർണ്ണ ചിത്ര കലണ്ടർ. ഇത്രയും മാത്രം. വളരെ ലളിതമായിരുന്ന മുറി. അയാൾക്കു് അവരുടെ സാമീപ്യം ഇഷ്ടപ്പെട്ടു. മൂന്നുപേരും തനിയ്ക്കു് അന്യരല്ലെന്ന തോന്നൽ അയാൾക്കു് സാന്ത്വനമരുളി.

ഊണുകഴിഞ്ഞു് പോകാറാകുമ്പോൾ ദാസൻ പറഞ്ഞു.

എനിയ്ക്കു് നിർമ്മലയെ ഇഷ്ടമായി, അവൾക്കു് എന്നെ ഇഷ്ടമായോ എന്നു് അമ്മയ്ക്കെഴുതിയാൽ മതി.

അവരെ ഊഹത്തിനു വിട്ടുകൊടുത്തു ശിക്ഷിക്കുന്നതു് ശരിയല്ലെന്നയാൾക്കു തോന്നി.

ഇഷ്ടമാവാതെ എന്താ?

ഭവാനിയമ്മ പറഞ്ഞു.

തന്റെ സാമീപ്യത്തിൽ നിർമ്മലയും സ്വസ്ഥയായി കണ്ടു. പിന്നെ യാത്രചോദിച്ചപ്പോൾ അവളുടെ മുഖത്തു ണ്ടായ പ്രസന്ന ഭാവരസങ്ങളിൽ നിന്നു് അവൾക്കു് തന്നെ ഇഷ്ടമായെന്നയാൾക്കു മനസ്സിലായി.

ഇപ്പോൾ ട്രെയിനിൽ ഒറ്റയ്ക്കിരിയ്ക്കുമ്പോൾ ആ അറിവു് അയാളിൽ ആഹ്ലാദം പകർന്നു. നിർമ്മലയ്ക്കു് തന്നെ ഇഷ്ടമായോ എന്നറിഞ്ഞില്ലെങ്കിൽ തനിയ്ക്കൊരിക്കലും ഈ സമാധാനമുണ്ടാവില്ലായിരുന്നു. ഇപ്പോൾ ചെമ്പൂരിലെ ഫ്ളാറ്റുകളിലൊന്നിൽ താമസിക്കുന്ന ഇരുനിറമുള്ള മെലിഞ്ഞ പെൺകുട്ടി അയാളുടെ സ്വകാര്യ സ്വത്തായി മാറിയിരുന്നു.

വീട്ടിൽ ആരൊക്കെയുണ്ടു്?

എതിർവശത്തുനിന്നു ചോദ്യം. സ്ത്രീയുടേതാണു്

അമ്മ…

അയാൾ നിർത്തി.

അച്ഛൻ?

മരിച്ചു.

ഓ.

നാല്പത്തിയെട്ടാം വയസ്സിൽ. ഹാർട്ടറ്റാക്കായിരുന്നു.

അയാൾ അച്ഛനെപ്പറ്റി ഓർത്തു. തനിയ്ക്കു് പതിനഞ്ചുവയസ്സുള്ളപ്പോഴാണു് അച്ഛൻ മരിച്ചതു് ബോംബെയിൽ തുടങ്ങിയ ബിസിനസ്സിൽ കനത്ത നഷ്ടം വന്നപ്പോഴാണു് എല്ലാം വിറ്റ് നാട്ടിൽ വന്നു് താമസമാക്കാമെന്നു് വെച്ചതു്. ഫ്ളാറ്റു വിറ്റു, കടങ്ങളെല്ലാം വീട്ടി, ബാക്കി പണംകൊണ്ടു് ഒരു ചെറിയ കട തുടങ്ങുകയും ചെയ്തു. അതും വളരെ നഷ്ടത്തിൽ കലാശിച്ചു. അവസാനത്തെ ഒന്നു രണ്ടു കൊല്ലം വളരെ ബുദ്ധിമുട്ടായിരുന്നു. അച്ഛന്റെ മോശമായ ആരോഗ്യം, പെട്ടെന്നു ദേഷ്യംപിടിക്കുന്ന പ്രകൃതം, കടക്കാരുടെ ശല്യം. അച്ഛൻ തന്നോടു തന്നെ യല്ല വേറെ ആരോടെങ്കിലും ബഹളം കൂടിയാൽ കൂടി ദാസൻ അകത്തെവിടെയെങ്കിലും ഒറ്റയ്ക്കു പോയിരുന്നു് കരയാറുണ്ടു്, അച്ഛന്റെ കഷ്ടപ്പാടുകളോർത്തു്. ബോംബെയിൽ താൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ, അച്ഛൻ എത്ര സ്നേഹസമ്പന്നനും സ്വീകാര്യനുമായിരുന്നെന്നയാൾ ആലോചിക്കാറുണ്ടു്. ബിസിനസ്സിൽ തുടരെയുണ്ടായ നഷ്ടം അച്ഛനെ തളർത്തിയിരുന്നു, ഒരു വാശിക്കാരനും വെറിയനുമാക്കിയിരുന്നു.

അമ്മ ഒറ്റയ്ക്കാണോ താമസം?

വീണ്ടും എതിർവശത്തിരുന്ന സ്ത്രീ ചോദിച്ചു.

ദാസൻ ഒരു നിമിഷം സംശയിച്ചു; പിന്നെ തലയാട്ടി.

ഒറ്റയ്ക്കാണോ? അയാൾക്കതറിയില്ല. അമ്മാവന്റെ മകൾ രേണു അവിടെ വന്നു് താമസിക്കാറുണ്ടെന്നയാൾ അറിഞ്ഞിരുന്നു. അമ്മ പക്ഷേ, ഒരു കത്തിലും അവരെപ്പറ്റി എഴുതിയിരുന്നില്ല. മകന്റെ വിരോധബുദ്ധി അവർക്കറിയാമായിരുന്നു.

ദാസൻ അമ്മാവനെ ഓർത്തു. അമ്മാവനെ നിരന്തരം പിൻതുടർന്നിരുന്ന ദുർവിധിയെപ്പറ്റിയും അമ്മ പറയാറുണ്ടു്.

ചിലരെ ദുർവിധി കുറച്ചു കാലത്തേക്കു് ശല്യപ്പെടുത്തും. ചിലരെ ജീവിതകാലം മുഴുവൻ. ഏട്ടന്റെ കാര്യം അങ്ങിനെയാണു്. കുട്ടിക്കാലം മുതലേ മൂപ്പരൊരു ഗ്രഹപ്പിഴക്കാരനാണു്. തൊട്ട കാര്യങ്ങളൊന്നും ശരിയായിട്ടില്ല. സാധാരണ കുട്ടികൾ അനായാസേന ചെയ്യുന്ന കാര്യങ്ങൾ ഏട്ടൻ ചെയ്താൽ അബദ്ധമായി. കൈയ്യൊടിയുകയോ, തലയ്ക്കു മുറിവേൽക്കുകയോ ചെയ്യും. പരീക്ഷയിലെല്ലാം തോല്ക്കും. കാരണം പഠിച്ചതൊന്നുമല്ല പരീക്ഷക്കു വരുക. വലുതായിട്ടും ഈ ദൗർഭാഗ്യം ഏട്ടന്റെ ഒപ്പം തന്നെയുണ്ടായിരുന്നു. കല്യാണദിവസം കൂടി എനിക്കോർമ്മയുണ്ടു്, എന്നുമില്ലാത്ത കാറ്റും മഴയും. മരങ്ങളൊക്കെ കട പുഴകി വീണു. ബസ്സുണ്ടായിരുന്നില്ല എന്നിട്ടു് കല്യാണ വീട്ടിലേക്കു് മഴ നനഞ്ഞു് പതിനെട്ടു നാഴിക നടന്നിട്ടാണു് പോയതു്. അന്നു് മുഹൂർത്തം തെറ്റിയില്ലെന്നേയുള്ളു വിധി അങ്ങിനെയായാൽ എന്താ ഒരാള് ചെയ്യ്യാ? മൂന്നു പ്രാവശ്യം കച്ചവടം നടത്താൻ നോക്കി പൊളിഞ്ഞു.

അമ്മാവനു് ഒരിക്കലും സ്ഥിരമായ വരുമാനം ഉണ്ടായിരുന്നില്ലെന്നു് ദാസൻ ഓർത്തു. കുട്ടിക്കാലത്തു് അച്ഛൻ സഹായിച്ചിരുന്നതായി ഓർമ്മയുണ്ടു്. പിന്നെ അച്ഛന്റെയും ശനിദശ തുടങ്ങിയപ്പോൾ അവരെല്ലാം, അമ്മാവനും അമ്മായിയും രണ്ടു കുട്ടികളും എങ്ങനെയായിരുന്നു ജീവിച്ചിരുന്നതെന്നു് ദാസനു് അറിയില്ലായിരുന്നു. അച്ഛൻമരിച്ചു് രണ്ടു കൊല്ലത്തിനുള്ളിൽ താൻ ദില്ലിയിലേക്കു് ജോലിയന്വേഷിച്ചു പോകുകയും ചെയ്ത പ്പോഴാണു് തന്റെ കഷ്ടകാലം തുടങ്ങിയതു്.

തീവണ്ടി പശ്ചിമഘട്ടങ്ങളിലേയ്ക്കു് പ്രവേശിച്ചുതുടങ്ങി. വണ്ടിയുടെ താളം പതുക്കെയായി. ഇനി മല നിരകളും തുരങ്കങ്ങളും വരും. അയാൾക്കു് നേരിയ ഓർമ്മയുണ്ടു്. ഇരുപത്തൊന്നു കൊല്ലം മുമ്പു് ഇതേ വഴി യാത്ര ചെയ്തതു്. അന്നു് ആറു വയസ്സുള്ളപ്പോൾ അമ്മയുടെയും അച്ഛന്റെയും ഒപ്പം യാത്ര ചെയ്തതാണു്. യാത്രക്കിടയിൽ തുരങ്കങ്ങൾ വന്നു് ബാഹ്യലോകം പെട്ടെന്നു് അപ്രത്യക്ഷമാകുന്നതു് അവൻ അത്ഭുതം വിടർന്ന കണ്ണുകളോടെ നോക്കിയിരുന്നു. അങ്ങിനെ ബാഹ്യലോകം പെട്ടെന്നു് ഇരുളാനുള്ള കാരണം വളരെ പിന്നീടാണു് അവനു മനസ്സിലായതു്.

ജാലകത്തിന്നരുകിൽ ആകെ പ്രക്ഷുബ്ധനായിരുന്ന ആറുവയസ്സുകാരനെ അയാൾ ഓർത്തു. സ്വന്തം കുട്ടിക്കാലം ഒരു കണ്ണാടിയിലെന്നപോലെ അയാൾ നോക്കിക്കണ്ടു. അവൻ പ്രക്ഷുബ്ധനായിരുന്നു, കാരണം അവന്റെ കയ്യിൽ മുറുകെപ്പിടിച്ച കടലാസു പൊതിയിൽ സൂര്യകാന്തിപ്പൂവിന്റെ വിത്തുകളായിരുന്നു. അവനതു് നാട്ടിലെ തോട്ടത്തിൽ വെച്ചു പിടിപ്പിക്കണം. വളരെ ഉത്തരവാദിത്വമുള്ള ഒരു ജോലിയായിരുന്നു. അവൻ കടലാസു പൊതി മുറുകെപ്പിടിച്ചു.

നാട്ടിലേക്കു പുറപ്പെടുന്നതിനു മുമ്പു് വിട പറയാൻ പോയതായിരുന്നു, ഒരു വീട്ടിൽ. അവിടെ സൂര്യകാന്തി പ്പൂക്കൾ വിടർന്നു നിൽക്കുന്നതു കണ്ടപ്പോൾ അതിന്റെ വിത്തു വേണമെന്നു ദാസൻ പറഞ്ഞു. പൂക്കളുള്ള സാരിയുടുത്ത ഭംഗിയുള്ള ഒരു സ്ത്രീ ആ ചെടിയുടെ വിത്തുകൾ എടുത്തു് ഭദ്രമായി പൊതിഞ്ഞു് അവന്റെ കൊച്ചു കയ്യിൽ കൊടുത്തതു് ദാസനു് ഓർമ്മയുണ്ടു്. അവൻ അതു പിന്നെ കൈവിട്ടില്ല. കുളിക്കുമ്പോഴുള്ള കുറച്ചു സമയം മാത്രമേ അതു നിലത്തു വെച്ചുള്ളൂ. ഉറങ്ങുമ്പോൾ കൂടി ആ വിത്തു് ഒരു വിലപിടിച്ച വസ്തുവെപ്പോലേ കൈയ്യിൽ മുറുകെ പിടിച്ചു. പിറ്റേന്നു് തീവണ്ടിയിൽ യാത്ര തിരിക്കുമ്പോഴും, അവന്റെ കളിപ്പാട്ടങ്ങളേക്കാൾ കരുതലോടെ അവൻ മുറുകെ പിടിച്ചതു് ആ പൊതിയായിരുന്നു.

തീവണ്ടി പർവ്വതനിരകളിലേക്കു് കടന്നു. ഒരു വശത്തു് മലനിരകൾ, ഒരു വശത്തു് അഗാധമായ കൊല്ലികൾ. അതിനിടയ്ക്കു് ഇരുട്ടു നിറയ്ക്കുന്ന തുരങ്കങ്ങൾ. അയാൾ വീണ്ടും ആറാം വയസ്സിൽ അച്ഛനമ്മമാരുടെ ഒപ്പം ചെയ്ത യാത്ര ഓർമ്മിച്ചു. ജനലിനടുത്തിരുന്നു് പുറത്തു കണ്ട മായാലോകത്തിൽ മുഴുകിയിരിക്കയായിരുന്നു. അവൻ ബോംബെയിൽ നിന്നു പുറപ്പെട്ടപ്പോൾ ചൂടായിരുന്നു. മലനിരകളിൽ എത്തിയപ്പോൾ തണുത്ത കാറ്റു വീശാൻ തുടങ്ങി അതവന്റെ കണ്ണുകളെ തലോടി. തീവണ്ടിയുടെ പതിഞ്ഞ ശബ്ദം ഒരു താരാട്ടായി വന്നു് അവന്റെ കണ്ണുകളെ അടപ്പിച്ചു. അവൻ ഒരു നിമിഷം മയങ്ങിപ്പോയി. ജാഗ്രതയുടെ ചങ്ങലയിൽ ദുർബ്ബലമായ ഒരു കണ്ണിയായി ആ ഉറക്കത്തിന്റെ നിമിഷം ഭവിച്ചു. വിത്തുകൾ ഉള്ളപൊതി ജാലകത്തിലൂടെ പുറത്തിട്ട കയ്യിൽ നിന്നു് വഴുതി വീണു.

താൻ പെട്ടെന്നു് ഉണർന്നു് കരയാൻ തുടങ്ങിയതു് ദാസൻ ഓർമ്മിച്ചു. തന്നെ സംബന്ധിച്ചിടത്തോളം എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. മാത്രമല്ല തനിക്കു വിത്തുകളോടുണ്ടായിരുന്ന ഉത്തവാദിത്വം, അതായതു് അവയെ നാട്ടിലെ മണ്ണിൽ വളർത്തിയെടുക്കാമെന്ന മൗനവാഗ്ദാനം തെറ്റിച്ചിരിക്കുന്നു. കമ്പാർട്ടുമെന്റിലെ എല്ലാവരും തിങ്ങിക്കൂടി, എന്താണുണ്ടായതെന്നറിയാൻ. ഒരു പൊതി വിത്തുകൾ മാത്രമാണു് പോയതെന്നറിഞ്ഞപ്പോൾ ആൾക്കാർ തിരിച്ചുപോയി. പലരും അവനെ ആശ്വസിപ്പിച്ചു. അവനു് പക്ഷേ, ആശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നെ നാട്ടിലെത്തി കുറെക്കാലം കഴിഞ്ഞിട്ടും നഷ്ടപ്പെട്ട ആ സൂര്യകാന്തി വിത്തുകളുടെ ഓർമ്മ അവന്റെ കണ്ണുകളെ നനച്ചു.

താൻ ഏകദേശം ആ സ്ഥലത്തെത്തിയെന്നു ദാസൻ മനസ്സിലാക്കി. ഇടതുവശത്തു് കണ്ട ഒരു വെള്ളച്ചാട്ടം അയാൾക്കു് ഓർമ്മയുണ്ടു്. അതിനടുത്തു തന്നെയാണു് വിത്തുകൾ നഷ്ടപ്പെട്ടതു്. അയാൾ പുറത്തേക്കു നോക്കി അത്ഭുതം കൊണ്ടും ആഹ്ലാദംകൊണ്ടും അയാൾ എഴുന്നേറ്റു് ഓടി കമ്പാർട്ടുമെന്റിന്റെ വാതിൽ തുറന്നു് പുറത്തേക്കു് ഏന്തിനിന്നു നോക്കി അവിടെ കുന്നിന്റെ ചായ്വിൽ താഴ്‌വരയിൽ ഒരു വലിയ സൂര്യകാന്തി ത്തോട്ടം ഉണ്ടായിരിക്കുന്നു. ആയിരക്കണക്കിനു് പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. മഞ്ഞയുടെ ഒരു പരവതാനി വിരിച്ചിട്ട പോലെ കാഴ്ച മനോഹരമായിരുന്നു. അയാൾ വാതിലിനു പുറത്തേയ്ക്കു് ഏന്തിനോക്കി. കാറ്റടിക്കുമ്പോൾ പൂക്കളുടെ പരവതാനിയിൽ ഓളങ്ങളുണ്ടാക്കുന്നതയാൾ കണ്ടു. ആ കാഴ്ച മറയരുതേ എന്നയാൾ പ്രാർത്ഥിച്ചു. പക്ഷേ, അടുത്ത നിമിഷത്തിൽ വണ്ടി ഒരു തുരങ്കത്തിലേക്കു പ്രവേശിക്കുകയും ആ കാഴ്ച അയാളിൽ നിന്നു് ക്രൂരമായി അപഹരിക്കുകയും ചെയ്തു. പിന്നെ തുരങ്കം കഴിഞ്ഞു് വീണ്ടും നോക്കിയപ്പോൾ മലയുടെ ഒരു ഭാഗം മറ്റെ താഴ്‌വരയെ മറച്ചു നിന്നു. അയാൾ പോയി സീറ്റിൽ ഇരുന്നു.

അതേസ്ഥലത്താണു് തന്റെ കയ്യിലുണ്ടായിരുന്ന വിത്തുകൾ നഷ്ടപ്പെട്ടതെന്നു് അയാൾക്കുറപ്പാണു്. ഒരു വികൃതിക്കാറ്റു് ആ വിത്തുകളെ പൊതിയിൽനിന്നഴിച്ചു് താഴ്‌വരയിൽ വിതറി. വെയിൽ ആ വിത്തുകളെ ഉണക്കിയെടുത്തു. മണ്ണു് ആ വിത്തുകളെ അരുമയോടെ തന്റെ മാറിൽ മഴക്കാലം വരുന്നതു് വരെ സൂക്ഷിച്ചു. മഴ വന്നപ്പോൾ അവയെ ഉണർത്തി അവയുടെ കൊച്ചു കണ്ണുകൾ മിഴിപ്പിച്ചു. ചെടികൾ വളർന്നു് പൂവും കായുമായി. വീണ്ടും വേനലിൽ വിത്തുകൾ മണ്ണിന്റെ മാറിൽ ഒളിക്കപ്പെട്ടു. അടുത്ത വർഷക്കാലംവരെ. വർഷം വന്നപ്പോൾ ഇതാവർത്തിച്ചു. ഇരുപത്തൊന്നു വർഷം മുറ തെറ്റാതെ പ്രകൃതിയുടെ സർഗ്ഗാത്മകപ്രക്രിയ ആവർത്തിച്ചു. എല്ലാ വർഷവും തീവണ്ടിയിൽ യാത്ര ചെയ്യുന്ന ആയിരങ്ങൾ ഈ അത്ഭുതകാഴ്ച കണ്ടു് സ്തബ്ധരായി ആഹ്ലാദഭരിതരായി നിന്നിട്ടുണ്ടാകണം. തന്റെ തോട്ടത്തിലായിരുന്നെങ്കിൽ പൂക്കളുടെ നിഷ്കാമ സേവനത്തിനു് പരിമിതികളുണ്ടായേനെ.

വെയിൽ മങ്ങി ക്രമേണ മലനിരകൾ അവ്യക്തതയിലേക്കു് മറഞ്ഞു.

നിങ്ങൾ എത്രപേരാണു് അമ്മയ്ക്കു്?

മറുവശത്തിരുന്നവർ ചോദിച്ചു.

ഞാൻ മാത്രം. ദാസൻ പറഞ്ഞു. പിന്നെ ഓർത്തു, പക്ഷേ, താൻ രണ്ടുപേരെക്കൂടി തലയിലേറ്റി നടക്കുകയുണ്ടായി.

എതിർവശത്തിരുന്ന യാത്രക്കാരുടെ ചോദ്യങ്ങൾ മലക്കു മുകളിൽ നിന്നു തട്ടിയിട്ട ചെറിയ കല്ലുകൾ പോലെയാണു്. അവ ഒന്നൊന്നായി കൂട്ടിമുട്ടി താഴ്‌വരയിലെത്തുമ്പോളേയ്ക്കു് കല്ലുകളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ടാക്കുന്നു. അവരുടെ ഓരോ ചോദ്യവും തന്റെ മനസ്സിന്റെ താഴ്‌വരയിൽ ഓർമ്മകളുടെ ഒരു വലിയ ഹിമപാതം തന്നെയുണ്ടാക്കുന്നു.

പതിനേഴാം വയസ്സിൽ ജോലി തുടങ്ങിയതാണു്. തന്റെ അമ്മയെ നോക്കി പുലർത്താൻ വേണ്ടി. പക്ഷേ, അതിന്റെ ഗുണം മുഴുവൻ എടുത്തിരുന്നതു് അമ്മാവനും, അമ്മായിയും രണ്ടുമക്കളുമായിരുന്നു. അമ്മയ്ക്കെന്നു പറഞ്ഞു് അയച്ചിരുന്ന പണം അവസാനം എത്തിയിരുന്നതു് അമ്മാവനും മക്കൾക്കുമായിരുന്നു. അതയാൾ വളരെ കഴിഞ്ഞിട്ടാണു് മനസ്സിലാക്കിയതു്.

ഉച്ചയ്ക്കു് ഭക്ഷണം കഴിക്കാൻ പണമില്ലാതെ പല ദിവസങ്ങളിലും കൊണോട്ട് പ്ലേസിൽ റെസ്റ്റോറണ്ടുകളുടെ മുമ്പിൽ, കയറാൻ ധൈര്യമില്ലാതെ കീശയിലുള്ള ചില്ലറ കൈകൊണ്ടു പരതി, നടന്ന ദിവസങ്ങൾ അയാൾ ഓർത്തു.

പതിനേഴു വയസ്സിൽ ജോലിചെയ്യുന്ന ഒരു കുട്ടിയ്ക്കു് ഉച്ചയ്ക്കു് വിശന്നു നടക്കേണ്ടി വരുക എന്ന ഗതികേടു് വരുത്തുന്നതു് പാപമാണു്.

അയാൾ അമ്മയോടു് പിന്നീടൊരിക്കൽ കയർത്തു.

ഒന്നും രണ്ടും ദിവസങ്ങളല്ല. പല ദിവസങ്ങൾ ഞാനവിടെ സുഭിക്ഷമായി കഴിഞ്ഞു് ബാക്കിയുള്ള പണം അയച്ചു തരുകയാണെന്നു കരുതിയോ? നൂറ്റമ്പതുറുപ്പിക കിട്ടിയതിൽനിന്നു് അമ്പതുറുപ്പികയാണു് അയക്കു ന്നതു് ബാക്കി നൂറുറുപ്പികകൊണ്ടു് ഞാൻ എങ്ങിനെയാണു് ആ നഗരത്തിൽ ജീവിയ്ക്കുന്നതെന്നു് അമ്മയ്ക്കറിയാമോ? സ്നേഹിതന്മാർ റെസ്റ്റോറണ്ടുകളിലും സിനിമയ്ക്കും പോകുമ്പോൾ ഞാൻ കള്ളം പറഞ്ഞൊഴിവാവുന്നതു്, കീറിയ സോക്സും അടിതേഞ്ഞു് ഓട്ടയായ ഷൂസും മറ്റുള്ളവരെ കാണിക്കാതെ നടക്കാൻ കഷ്ടപ്പെടുന്നതു്, ഇതൊന്നും അമ്മയ്ക്കു് മനസ്സിലാവില്ല.

ശരിയാണുമോനെ, ബാബുവും രേണുവും നിന്നേക്കാൾ ചെറിയ കുട്ടികളല്ലെ? അവർ ഏട്ടന്റെ മക്കളല്ലെ? എന്റെ മകനും ഏട്ടന്റെ മക്കളും തമ്മിൽ എന്താണു് വ്യത്യാസം? രണ്ടും എന്റെ മക്കളെപ്പോലെയല്ലെ? അവരെ വളർത്തേണ്ടതു് നിന്റെയും ചുമതലയല്ലെ? അവർ വിശന്നു കരയുമ്പോഴോ?

അമ്മയുടെ ന്യായം അയാൾക്കു തീരെ തൃപ്തികരമായിതോന്നിയില്ല ഫലമോ? ഓരോ പ്രാവശ്യം നാട്ടിൽ പോയാലും വൃത്തികെട്ട മനസ്സുമായി തിരിച്ചുവരേണ്ടി വരുന്നു.

എന്നെങ്കിലും നിന്റെ മനസ്സുമാറും. അതുപോലെ നിന്റെ കഷ്ടകാലത്തിനൊരറുതി വരുകയും ചെയ്യും. അമ്മ പറയും. അതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ടു്.

എന്തായാലും ഒന്നാം തീയ്യതിയായാൽ വീണ്ടും തനിക്കു് അയക്കാൻ പറ്റുന്നതിൽ കൂടുതൽ പണം അമ്മക്കയയ്ക്കുന്നു. വീണ്ടും വിശന്നു നടക്കേണ്ടി വന്ന ഭക്ഷണവേളകൾ. മനസ്സിൽ അമർഷം ബാക്കിനില്ക്കുന്നു.

തനിയ്ക്കു് സ്വപ്നം കാണാനുള്ള അവകാശംകൂടി നഷ്ടപ്പെട്ടിരിക്കുന്നു. ദാസൻ വിചാരിച്ചു തന്റെ ഭാര്യയാവാൻ പോകുന്ന പെൺകുട്ടിയെപ്പറ്റി മനോരാജ്യം കാണാനായിരുന്നു വിചാരിച്ചതു് കലുഷമായ മനസ്സിനു് അതിനുള്ള അവകാശമില്ല.

പകൽ, റെയിൽ പാതയ്ക്കിരുവശത്തുമുള്ള വിജനത, ചൂടു്, ഒന്നും ആലോചിക്കാതിരിക്കാൻ അയാൾ ശ്രമിച്ചു. ഓർമ്മകൾ ക്ഷണിക്കാത്തിടത്തു കടന്നുചെല്ലുന്ന അതിഥികളെപ്പോലെയാണു്. നാം മുഖം തിരിച്ചിട്ടും കാര്യമില്ല. അവർ അവിടെത്തന്നെയുണ്ടാകും.

അമ്മയുടെ കത്തു്. രേണുവിന്റെ കല്യാണം തീർച്ചയാക്കിയിരിക്കുന്നു. അടുത്ത മാസം 20-ാം തീയതി. വരനു് ബാംഗ്ലൂരിലാണു് ജോലി. തരക്കേടില്ലെന്നു തോന്നുന്നു. ഏട്ടന്റെ കയ്യിൽ ഒട്ടും പണമില്ല. ഏട്ടൻ ആകെ വിഷമിച്ചിരിക്കയാണു്. നീ തന്നെയാണു് ഒരു വഴി. കടമെടുത്തെങ്കിലും ചുരുങ്ങിയതു് അയ്യായിരം അയക്കണം. പിന്നെ മാസം കുറേശ്ശെയായി വീട്ടാമല്ലൊ. ഇനി കുറേക്കാലം നീ എനിയ്ക്കു് പണമൊന്നും അയക്കണ്ട.

പണം അയച്ചില്ലെങ്കിൽ അമ്മ എങ്ങനെ കഴിയും? ദാസൻ ആലോചിച്ചു.

അയാൾ ഉടനെ മറുപടി അയച്ചു. പറ്റില്ല. പണമുണ്ടാക്കാൻ കഴിയില്ല.

അമ്മയുടെ കത്തു് വീണ്ടും.

നിന്റെ കത്തിനെപ്പറ്റി ഞാൻ ഏട്ടനോടു് പറഞ്ഞിട്ടില്ല. നീ പണമയക്കുമെന്ന പ്രതീക്ഷയിലാണു് മൂപ്പരിരിക്കുന്നതു്. എനിയ്ക്കും ആ പ്രതീക്ഷയുണ്ടു്. കഴിയുന്നതും വേഗം പണമയക്കു. കല്യാണത്തിനിനി ഒരു മാസം കൂടിയില്ല.

ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്നു് അയ്യായിരം ഉറുപ്പിക കടമെടുത്തു് അയച്ചു കൊടുത്തപ്പോൾ അയാൾ സ്വയം പറഞ്ഞു.

ഞാൻ വീണ്ടും തോറ്റിരിക്കുന്നു.

അവസാനത്തെ ഇൻസ്റ്റാൾമെന്റ് അടച്ചു് കടം മുഴുവൻ വീട്ടിയതു് കഴിഞ്ഞ മാസമാണെന്നയാൾ ഓർത്തു. ഇനി സ്വന്തം കല്യാണത്തിനു് വീണ്ടും കടമെടുക്കേണ്ടി വരും.

പ്രതീക്ഷിച്ചപോലെ തന്നെ. അമ്മ രാത്രി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. ടാക്സി ഗെയ്റ്റിൽ നിന്നപ്പോഴേയ്ക്കു് അമ്മ എത്തിയിട്ടുണ്ടായിരുന്നു.

നീ തടിച്ചിട്ടൊന്നുമില്ല. കത്തിലൊക്കെ എഴുതിയിരുന്നതു് തടിച്ചിട്ടുണ്ടു്, കണ്ടാൽ മനസ്സിലാവില്ലാ എന്നൊക്കെയാണല്ലോ.

അതൊക്കെ അമ്മയെ സന്തോഷിപ്പിക്കാൻ എഴുതിയതല്ലെ?

ആട്ടെ നീ നിർമ്മലയെ കണ്ടുവോ?

കണ്ടു.

ഇഷ്ടപ്പെട്ടുവോ?

ഒരു കറുത്തുമെലിഞ്ഞ പെണ്ണു്! അയാൾ പറഞ്ഞു.

അവൾ കറുത്തിട്ടൊന്നുമല്ല. നിന്നേക്കാൾ നിറമുണ്ടു്. തടി, അവൾ കല്യാണമൊക്കെ കഴിഞ്ഞാൽ തടിച്ചോളും ആട്ടെ നിനക്കിഷ്ടപ്പെട്ടുവോ?

ഇഷ്ടപ്പെട്ടു.

അമ്മയുടെ കണ്ണിലെ തിളക്കം ദാസൻ ശ്രദ്ധിച്ചു. ഈ സ്ത്രീയോടു് തനിയ്ക്കൊരിക്കലും ജയിക്കാൻ കഴിയില്ലെന്നു് അയാൾ ഓർത്തു.

കിടപ്പുമുറിയിലേക്കുള്ള വാതിൽ ചാരിയിട്ടിരിക്കയായിരുന്നു. അതു തുറന്നു് ഒരു സ്ത്രീ പുറത്തു വന്നു. അതു് രേണുവാണെന്നു മനസ്സിലായപ്പോൾ അയാൾ നിശബ്ദനായി.

ദാസേട്ടന്റെ ടാക്സിയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ഉണർന്നു. അവൾ തലമുടി കെട്ടിക്കൊണ്ടാണതു് പറഞ്ഞതു്. അയാൾ ചിരിച്ചുവെന്നു് വരുത്തി.

രേണു മൂന്നു മാസമായി ഇവിടെ തന്ന്യാണു്.

എനിയ്ക്കു് കാലിനു് അസുഖം ആയേപ്പിന്നെ അവളും കുട്ടികളും വന്നതാ. എന്റെ സഹായത്തിനു്. അവളുടെ ഭർത്താവു് ബാംഗ്ലൂരിൽ ഒറ്റക്കാണു്.

അമ്മയ്ക്കോ? കാലിനോ? എന്താണസുഖം?

അച്ഛൻപെങ്ങള് വീണു. കാലിന്റെ എല്ലു് പൊട്ടി. പ്ലാസ്റ്ററിലായിരുന്നു. രണ്ടു മാസം. രേണു പറഞ്ഞു. നടക്കാനൊന്നും പറ്റിയിരുന്നില്ല. കഴിഞ്ഞ മാസാണു് പ്ലാസ്റ്റർ വെട്ടിയതു്.

അമ്മയുടെ നടത്തത്തിൽ അല്പം പിശകുണ്ടെന്നു് അയാൾക്കു് തോന്നിയിരുന്നു. അപ്പോൾ അമ്മ ആ കാര്യം തന്നെ അറിയിക്കാതെ കഴിച്ചുകൂട്ടി.

അത്ര അധികമൊന്നുമുണ്ടായിരുന്നില്ല അമ്മ പറഞ്ഞു. എഴുതിയാൽ നീ ധൃതി പിടിച്ചുവരും. ഏതായാലും രണ്ടു മാസം കഴിഞ്ഞാൽ ലീവിൽ വരുന്നുണ്ടല്ലൊ. അപ്പോൾ അറിഞ്ഞാൽ മതീന്നു വെച്ചു.

പുറത്തൊരു കാൽപെരുമാറ്റം. അമ്മാവനായിരുന്നു. പറ്റെ വെട്ടിയ മുടിയും, നിറം മങ്ങിയ ഷർട്ടും മുണ്ടുമായി, അയാൾ വാതിലിനു പുറത്തു നിന്നു.

സ്റ്റേഷനിൽ വരണമെന്നു വിചാരിച്ചതായിരുന്നു. പറ്റീല്ല്യ. ഈ വാതക്കടച്ചിലു് കാരണം എണീക്കാൻ പറ്റിയില്ല്യ.

അമ്മാവൻ മുഖത്തു നോക്കാതെയാണു് സംസാരിക്കാറ്. തല അല്പം താഴ്‌ന്നു് മുഖം കുറച്ചു് ഇടത്തോട്ടു് ചരിച്ചുവെച്ചു്. വർഷങ്ങളായുള്ള പരാജയങ്ങൾ ആ മനുഷ്യന്റെ ആത്മധൈര്യം തീരെ കെടുത്തിയിരുന്നു.

വരാത്തതു നന്നായി, ദാസൻ വിചാരിച്ചു. ഒരു പക്ഷേ, വേണമെന്നു വെച്ചു് വരാതിരുന്നതായിരിക്കും. സ്റ്റേഷനിൽ വെച്ചു് താൻ ഒരു സീൻ ഉണ്ടാക്കുമെന്ന ഭയമുണ്ടാവും. താൻ അമ്മാവനോടു് വളരെ വൃത്തികേടായിട്ടാണു് പെരുമാറിയിരുന്നതു്. ദാസൻ വിചാരിച്ചു. തന്റെ വികാരങ്ങൾ അത്രയധികം വ്രണപ്പെട്ടിരിക്കുന്നു.

അഞ്ചുകൊല്ലം മുമ്പാണു്. നാട്ടിൽ വന്നപ്പോൾ സ്റ്റേഷനിൽ അമ്മാവനുണ്ടായിരുന്നു. അങ്ങിനെ പതിവില്ലാത്തതാണു്. ടാക്സി നിന്നതു് അമ്മാവന്റെ ചെറിയ വീട്ടിലായിരുന്നു. ദാസൻ ഒരു ചോദ്യഭാവത്തോടെ അമ്മാവനെ നോക്കി.

ഭാർഗ്ഗവി ഇപ്പൊ ഇവിട്യാണു് താമസം.

ഒറ്റയ്ക്കു താമസിക്കാനുള്ള വിഷമം കാരണം. അമ്മ ഏട്ടന്റെ കൂടെ താമസിക്കുകയാണെന്നാണു് കരുതിയതു്. കാര്യങ്ങളുടെ കിടപ്പു് അങ്ങിനെയൊന്നുമല്ലെന്നു് അകത്തു കടന്നപ്പോൾ മനസ്സിലായി. അമ്മ സ്വന്തം ഇരുനില കെട്ടിടം ഏട്ടന്റെ രണ്ടുമുറി വീടുമായി കൈമാറ്റം നടത്തിയിരിക്കുന്നു.

നമുക്കെന്തിനാ ഇത്ര വലിയ വീടൊക്കെ? ഏട്ടനാണെങ്കിൽ ഒരു പെൺകുട്ടിയുണ്ടു്. അവളുടെ കല്യാണത്തിനു് സമയൊക്കെ ആയിരിക്കുന്നു. ഈ ചെറിയ വീട്ടിൽ വെച്ചു് കല്യാണമൊക്കെ ശരിയാവുമോ? ആരെങ്കിലും അന്വേഷിച്ചു വരുമ്പോൾ തന്നെ വീടു നന്നല്ലെങ്കിൽ ഒരു തൃപ്തിയാവില്ല. ഏട്ടൻ സമ്മതിച്ചതൊന്നുമില്ല. പിന്നെ ഞാൻ നിർബ്ബന്ധിക്ക്യേ.

ദാസൻ സ്തബ്ധനായി നിന്നു. അഞ്ചു മുറികളുള്ള ഓടിട്ട ഇരുനിലക്കെട്ടിടം അതിന്റെ പത്തിലൊന്നു വില പോലുമില്ലാത്ത ഒരു കൂരപ്പെരക്കു വേണ്ടി കൈമാറിയിരിക്കുന്നു. അമ്മയുടെ ഏട്ടൻ സ്നേഹം വളരെയധികം അതിരു കവിഞ്ഞു പോയിരിക്കുന്നു.

നമുക്കു് ഇതിലും വലിയ വീടൊക്കെ ഉണ്ടാക്കാം. നിനക്കതിനുള്ള കഴിവുണ്ടു്. രേണു നിന്റെ അനുജത്തിയല്ലെ? അവളുടെ കല്യാണമൊക്കെ നന്നായി നടത്താൻ തന്നെയല്ലെ നിനക്കിഷ്ടമുണ്ടാവുക.

പിന്നെ അഞ്ചുകൊല്ലത്തേക്കയാൾ നാട്ടിലേക്കു വന്നില്ല. നാലുകൊല്ലം മുമ്പു് രേണുവിന്റെ കല്യാണം കഴിഞ്ഞു.

രേണു തടിച്ചിട്ടുണ്ടെന്നു് അയാൾ കണ്ടു. അഞ്ചുകൊല്ലം മുമ്പു് താൻ കാണുമ്പോൾ അവൾ മെലിഞ്ഞിട്ടായിരുന്നു. അഞ്ചു കൊല്ലവും, രണ്ടു പ്രസവവും അവളെ ഒരു വലിയ സ്ത്രീയാക്കി മാറ്റിയിരിക്കുന്നു.

ദാസേട്ടൻ ചായ കുടിക്കൂ. അവൾ ചായ കൊണ്ടുവന്നു.

ഞാൻ പോണു. അമ്മാവൻ പറഞ്ഞു.

കുളിമുറി പുറത്തായിരുന്നു. അയാൾ കുളി കഴിഞ്ഞു് തിരിച്ചു വന്നപ്പോൾ അമ്മ പറഞ്ഞു.

നീ രേണുവിനോടു് കുറച്ചു കൂടിയൊക്കെ സ്നേഹത്തിലു് പെരുമാറണം. അവൾക്കു് നിന്നെ എന്തു സ്നേഹമാണെന്നറിയ്യ്വോ? എപ്പോഴും നിന്റെ കാര്യം മാത്രമേ പറയാറുള്ളൂ. കുട്ടിക്കാലത്തു് ഒപ്പം കളിച്ചതും എല്ലാം. എന്റെ കാലൊടിഞ്ഞു് കിടന്നപ്പോഴും അവളാണു് എല്ലാം നോക്കിയിരുന്നതു്. പിന്നെ ബാബു പഠിക്കാൻ നല്ല മിടുക്കനാണു്. എപ്പോഴും ഫസ്റ്റ് ക്ലാസ്സാണു്. അവനെപ്പോഴും പറയും എനിയ്ക്കു് ജോലി കിട്ടിയിട്ടു വേണം ദാസേട്ടനെ സഹായിക്കാൻ.

കുട്ടിക്കാലത്തു് എത്ര വിഷമങ്ങളുണ്ടായാലും സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും കുറേക്കൂടി എളുപ്പമായിരുന്നു.

കിടപ്പു മുറിയിൽ നിലത്തു വിരിച്ചിട്ട കിടക്കയിലാണു് രേണുവിന്റെ കുട്ടികൾ കിടന്നിരുന്നതു്. മൂത്തവൻ എഴുന്നേറ്റിരുന്നു് കണ്ണുകൾ തിരുമ്മി. ദാസനെകണ്ടപ്പോൾ അവൻ എഴുന്നേറ്റു് വന്നു. അയാളിരിക്കുന്ന കസേരയുടെ അടുത്തു് വന്നു് മുഖമുയർത്തി പറഞ്ഞു.

ഞാൻ ഒറങ്ങുമ്പൊ മാമൻ വന്നു?

അവന്റെ കണ്ണുകളിൽ അത്ഭുതമുണ്ടായിരുന്നു. അടുപ്പവും. അപ്പോഴാണു് അയാൾ കണ്ടതു്. രേണുവിന്റെ മോൾ മുട്ടുകുത്തിവരുന്നു. അവൾ കസേരയുടെ കാൽ പിടിച്ചു നിന്നു് കൈ നീട്ടി,അവളെ എടുക്കാൻ. അയാൾ അവളെ വാരിയെടുത്തു. താഴത്തെ തൊണ്ണിൽ മുളച്ചുവരുന്ന രണ്ടു കുഞ്ഞിപ്പല്ലുകൾ കാട്ടി അവൾ അയാളെ നോക്കി ചിരിച്ചു, എന്നിട്ടയാളെ അത്ഭുതപ്പെടുത്തുമാറ് അയാളുടെ കുറ്റിരോമങ്ങൾ വളർന്ന കവിളിൽ ഉമ്മവെച്ചു.

ജോലിക്കായി ദില്ലിയിൽ പോയി ആദ്യത്തെ പ്രാവശ്യം ലീവിൽ വന്നപ്പോഴുണ്ടായ ഒരു സംഭവം ദാസൻ ഓർത്തു. അയാൾ ഉമ്മറത്തിരിക്കയായിരുന്നു. അപ്പോഴാണു് രേണു പടി കടന്നു വരുന്നതു കണ്ടതു്, ഒറ്റയ്ക്കാണു്. അന്നവൾക്കു് ആറോ ഏഴോ വയസ്സ് പ്രായമുണ്ടാകും. കുറച്ചു വലിയ ഫ്രോക്കാണു് ഇട്ടിരുന്നതു്. നഗ്നമായ കാലുകളിൽ ഒരു കിലോമീറ്റർ ദൂരം നടന്നുവന്ന പൊടി. അവൾ നേരെ വന്നു് അയാളിരിക്കുന്ന കസേരയുടെ അടുത്തു വന്നു. തോളിൽക്കൂടി കയ്യിട്ടു് അയാളുടെ മുഖം കുനിച്ചു പിടിച്ചു്, കവിളിൽ ഒരുമ്മ തന്നു. അതേ പോലെ തിരിച്ചു പോകയും ചെയ്തു. താൻ വന്നുവെന്നറിഞ്ഞപ്പോൾ അച്ഛനെയും അമ്മയേയും കൂടി കാക്കാതെ അവൾ തന്നെ കാണാനും തനിയ്ക്കു് ഒരുമ്മ തരാനും ഒറ്റയ്ക്കു് ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു ഒരു കിലോ മീറ്റർ ദൂരം.

കൗതുകമുള്ള രണ്ടു കൊച്ചുമുഖങ്ങൾ അയാൾ മാറി മാറി നോക്കി. രേണുവിന്റെ കുട്ടിക്കാലത്തെ ഛായ തന്നെയാണു്.

മോളെ ഇങ്ങട്ടു് തന്നോളു, എണീറ്റു വന്നപടിയാണു്. ഏട്ടന്റെ മേൽ അവൾ മൂത്രമൊഴിക്കും.

അടുക്കളയിൽ നിന്നു വന്ന രേണു പറഞ്ഞു.

സാരമില്ല ദാസൻ പറഞ്ഞു. സ്നേഹസന്ദേശവുമായി തന്റെ അടുത്തെത്തിയ പഞ്ഞിക്കെട്ടു പോലെ മൃദുവായ ആ കുട്ടിയെ വിട്ടുകൊടുക്കാൻ അയാൾ തയ്യാറായില്ല. അയാൾ അവളെ ചേർത്തു പിടിച്ചു.

തീവണ്ടിയിൽ വരുമ്പോൾ സഹ്യന്റെ താഴ്‌വരയിൽ സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിൽക്കുന്നതു കണ്ടതയാൾ ഓർത്തു.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Sooryakanthipookkal (ml: സൂര്യകാന്തിപ്പൂക്കൾ).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Short Story, E Harikumar, Sooryakanthipookkal, ഇ ഹരികുമാർ, സൂര്യകാന്തിപ്പൂക്കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: July 16, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sunflowers, a painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.