images/Sin_labor.jpg
Sin labor, a painting by Francisco Maura y Montaner (1857–1931).
വടക്കുനിന്നൊരു സ്ത്രീ
ഇ. ഹരികുമാർ

ചിങ്ങപ്പിറവിയിലൊരുനാൾ പാടത്തെ വരമ്പിൽ കൂടി രണ്ടു സ്ത്രീകൾ നടന്നുവന്നു. മൂത്ത സ്ത്രീക്കു് മുപ്പതു് മുപ്പത്തിരണ്ടു് വയസ്സായിട്ടുണ്ടാവും, ചെറുപ്പക്കാരിക്കു് പതിനാറോ പതിനേഴോ വയസ്സ്. മൂത്ത സ്ത്രീ മുണ്ടും വേഷ്ടിയുമാണു് ഉടുത്തിരുന്നതു് ബ്ലൗസിടാതെ മാറു മറച്ചിരുന്നതു് മേൽമുണ്ടു കൊണ്ടാണു്. ചെറുപ്പക്കാരി ചുവന്ന ദാവണിയും വളരെ പഴഞ്ചൻ ഫാഷനിൽ തുന്നിയ ബ്ലൗസുമാണിട്ടിരുന്നതു്. ബ്ലൗസിന്റെ കയ്യിൽ ഞൊറികൾ. കതിരിട്ട നെൽച്ചെടികൾ കാറ്റിൽ ഉലയുന്ന പാടത്തു് തെളിവെള്ളം. അവയിൽ മഴക്കാലത്തു് കവിഞ്ഞൊഴുകിയ കുളങ്ങളിൽ നിന്നും തോടുകളിൽനിന്നും ചാടി രക്ഷപ്പെട്ട മീനുകൾ നീന്തിക്കളിച്ചു. പാടം വിരിച്ചുകൊടുത്ത പച്ചപ്പരവതാനിയിലൂടെ ഏതോ ഗതകാലത്തിൽനിന്നു വന്ന ആ സ്ത്രീകൾ നടന്നു. എതിരെ വന്നവർ അവരെ അത്ഭുതത്തോടെ നോക്കി. ഇന്നാട്ടുകാരല്ലാ അവർ എന്നു് പെട്ടെന്നു് മനസ്സിലായി. അവരുടെ വസ്ത്രധാരണവും അന്നാട്ടുകാരെ വിസ്മയത്തിലാഴ്ത്തി. അതുകൊണ്ടു് ആ സ്ത്രീകൾ കടന്നുപോയിട്ടും അവർ വരമ്പിന്റെ അരുകിൽ വഴിമാറിക്കൊടുത്തപാടു് നോക്കി നിന്നു.

പാടത്തിന്നറ്റത്തു് രണ്ടരുകിലും പൂക്കൈതകൾ തഴച്ചു വളരുന്ന തോടിന്നപ്പുറത്തെത്തിയപ്പോൾ അവർ നടത്തം പതുക്കെയാക്കി. തോടിനപ്പുറത്തും കണ്ണെത്താദൂരത്തു് പാടങ്ങൾ തന്നെയാണു്. പാടങ്ങളുടെ ഇരുകരയിലും മുള്ളുവേലികൾക്കുള്ളിൽ മരങ്ങൾ തഴച്ചു വളരുന്ന പറമ്പുകൾ. അവയ്ക്കു നടുവിൽ ഓടിട്ട വീടുകൾ, മരംകൊണ്ടോ ഇരുമ്പുകൊണ്ടൊ ഉള്ള പടി വാതിലുകൾ. ഇടയ്ക്കു് ഒന്നു രണ്ടു പടിപ്പുര. വെള്ള വലിച്ച ചുമരുകളുള്ള ഒരു പടിപ്പുരയ്ക്കു മുമ്പിൽ ആ സ്ത്രീകൾ സംശയിച്ചുനിന്നു, ഓർമ്മയുടെ കവാടത്തിൽ അവർ ഒരു നിമിഷം പകച്ചുനിന്നു. അപ്രതീക്ഷിതമായ എന്തോ കണ്ടപോലെ. അവർ ആ പടിപ്പുരയും അതിന്റെ തുറന്ന വാതിലിലൂടെ കാണുന്ന മുറ്റവും വീടിന്റെ പൂമുഖത്തിന്റെ മുൻവശവും നോക്കി നിന്നു. മുറ്റത്തിന്റെ അതിരുകളിൽ ചുവന്ന വലിയ ചെമ്പരത്തിപ്പൂക്കൾ വിരിഞ്ഞുനിന്നു. പടിപ്പുര പടിഞ്ഞാട്ടു് തിരിഞ്ഞാണു് നിന്നിരുന്നതു്. സമയം ഏകദേശം മൂന്നു മണിയായിട്ടുണ്ടാകും. വെയിൽ പടിപ്പുരയുടെ ചുമരിൽ തട്ടി ആ സ്ത്രീകളുടെ മുഖം പ്രകാശിപ്പിച്ചു. അവർ പടിപ്പുരയുടെ തേഞ്ഞ മരപ്പടി കവച്ചു കടന്നു് മുറ്റത്തേക്കുള്ള വഴിയിലൂടെ നടന്നു.

മുറ്റത്തേക്കു് ഇറങ്ങുന്ന ഒതുക്കുകൾക്കിരുവശവും പഗോഡച്ചെടികൾ പൂത്തു നിന്നു. അവയ്ക്കരുകിൽ ആ അമ്മയും മകളും സംശയിച്ചു നിന്നു. പ്രതീക്ഷിച്ചതൊന്നുമല്ല കണ്ടതെന്നു് അവരുടെ മുഖം വിളിച്ചുപറഞ്ഞു. കടഞ്ഞെടുത്ത ചെറിയ അഴികളുള്ള ഇരുത്തിയ്ക്കു പിന്നിൽ ചുവന്ന സിമന്റിട്ട പൂമുഖത്തു് ചാരുകസേരയിൽ ഇരുന്നു് നാണു നായർ സ്വർണ്ണ ഫ്രെയ്മിട്ട കണ്ണട അല്പം താഴ്ത്തി കണ്ണടയ്ക്കു മുകളിലൂടെ അവരെ നോക്കിപ്പഠിച്ചു. പിന്നെ കുറച്ചുറക്കെ ചോദിച്ചു.

ആരാ?

മറുപടിയൊന്നുമുണ്ടായില്ല, അദ്ദേഹം അകായിലേക്കു നോക്കി വിളിച്ചു.

കല്യാണി.

അകത്തു് ഇടനാഴിയിലെവിടേയൊ നിന്നു് ഒരു മറുപടിയുണ്ടായി.

മിറ്റത്തു് ആരോ വന്നിട്ടുണ്ടു്, ഒന്നു് നോക്കു. പരിചയമില്ലാത്തോരാ തോന്നുണു.

പിന്നെ തിരിഞ്ഞു് മുറ്റത്തേക്കു നോക്കി വിളിച്ചു പറഞ്ഞു.

ഇങ്ങോട്ടു് കേറി വന്നോളു.

ആ സ്ത്രീകൾ പിന്നെയും സംശയിച്ചു നിന്നു. അപ്പോഴേയ്ക്കു് കല്യാണിയമ്മ അകത്തുനിന്നു് വന്നു് പൂമുഖത്തു് ഇറയത്തേക്കിറങ്ങി നിന്നു.

ആരാ? ആര്യാ കാണണ്ടതു?

ആ സ്ത്രീകൾ ചെത്തുകല്ലിന്റെ ഒതുക്കുകൾ ഇറങ്ങി ചരൽ പാകിയ മുറ്റത്തേക്കിറങ്ങി, തുളസിത്തറയുടെ അരികിലൂടെ നടന്നുവന്നു.

അമ്മയാണു് സംസാരിച്ചതു്. അവർ മേൽമുണ്ടു് ഒന്നുകൂടി ഒതുക്കിപ്പിടിച്ചു് പൂമുഖത്തിനെതിരെ പറമ്പിലേയ്ക്കു് ചൂണ്ടിക്കാട്ടി ചോദിച്ചു.

ഇവിടെ ഒരു നാലുകെട്ടുണ്ടായിരുന്നുവല്ലൊ.

നാണുനായർ പറഞ്ഞു.

ഇങ്ങട് കടന്നിരിക്യാ വന്ന കാല്മ്മല് നിൽക്കണ്ട. സ്ത്രീകൾ പൂമുഖത്തേക്കു കയറി, ഇരുത്തിമേൽ സ്ഥലം പിടിച്ചു.

നാണുനായർ കണ്ണടയ്ക്കു മുകളിലൂടെ അവരെ നോക്കി.

അപ്പൊ എവിടുന്നാ വരവ്?

ഞങ്ങള് കുറ്റിയാടീന്നാ.

ഓ അങ്ങ് വടക്ക്ന്നാണല്ലെ? ആര്യാ കാണണ്ടതു?

അതിനു മറുപടി പറയാതെ അവർ തെക്കെ പറമ്പിലേക്കു് നോക്കി.

ഇവിടെ… ഒരു നാല് കെട്ട്ണ്ടായിരുന്നൂലൊ?

നാലുകെട്ടോ?

അതെ.

ഇല്ലല്ലൊ.

നാണുനായർ പറഞ്ഞു. നിങ്ങൾക്കു് സ്ഥലം തെറ്റീതായിരിക്കും.

അല്ല, ഇവിടേത്തന്ന്യാ, ആ സ്ത്രീ പറഞ്ഞു. അവരുടെ സ്വരം വളരെ അസ്വാഭാവികമായിരുന്നു. മധുരമാണു്, പക്ഷേ, എന്തോ അസാധാരണത്വം ഉണ്ടതിനു്. അതു് കാലങ്ങളെ അതിജീവിച്ചു വന്ന സംഗീതത്തിന്റെ പ്രാചീനമായ സ്രോതസ്സുകളെ ഓർമ്മിപ്പിച്ചു.

എനിക്കു് ഓർമ്മണ്ടു്. അവർ തുടർന്നു. എന്റെ മുമ്പിലു് കാണുന്നപോലെ ഓർമ്മണ്ടു്. ഇതാ മുമ്പിലു് തുളസിത്തറണ്ടായിരുന്നു. നെറയെ മുല്ലവള്ളി പടർന്നുകയറിയ തുളസിത്തറ. അത്മ്മലു് ശ്രീകൃഷ്ണന്റെ വെണ്ണക്കല്ലുകൊണ്ടുള്ള വിഗ്രഹംണ്ടായിരുന്നു. അതിനു മുമ്പിലു് എന്നും സന്ധ്യയ്ക്കു് തിരിവെയ്ക്കാറുണ്ടു്. ഒരു തിരി കൃഷ്ണനു്, പിന്നെ തെക്കോട്ടു് രണ്ടു തിരി പിതൃക്കൾക്കു്, വടക്കോട്ടു് ഒരു തിരി പരമശിവനു്, പടിഞ്ഞാട്ടു് ഒരു തിരി സൂര്യഭഗവാനു്, പിന്നെ താലത്തിൽ മുല്ലപ്പൂക്കളും തുളസിപ്പൂവും എടുക്കും ശ്രീഭഗവതിക്കു് വെക്കാൻ.

നാണുനായർ കുഴങ്ങി. ഈ സ്ത്രീകൾ വഴിതെറ്റിവന്നതാണെന്നു തീർച്ച. ആ പറമ്പിൽ ഒരു നാലുകെട്ടുണ്ടായിരുന്നു. പക്ഷേ, അതു് പൊളിച്ചു കളഞ്ഞിട്ടു് പത്തമ്പതു് വർഷമായി. തന്റെ കുട്ടിക്കാലത്താണതു്. എട്ടോ പത്തോ വയസ്സു് പ്രായമുള്ളപ്പോൾ. ഇപ്പോൾ ഒന്നും ഓർമ്മയില്ല പറഞ്ഞുകേട്ട അറിവേയുള്ളു.

നിങ്ങള് ഉദ്ദേശിക്കുന്ന വീടു് ഇതല്ലാട്ടോ.

നാണുനായർ ചാരുകസേരയിൽ നിന്നെഴുന്നേറ്റു. ഉതിർന്നുവീണ തോർത്തുമുണ്ടു് വാരി ചുമലിലിട്ടു് അദ്ദേഹം സ്ത്രീകളുടെ അടുത്തുചെന്നു.

ഇവടെ അടുത്തൊന്നും നാലുകെട്ടില്ലല്ലോ. ഇവിടിന്നു് നാലു പറമ്പപ്പുറത്തു് കാരപ്പുറത്ത്കാര്ടെ വീട്ണ്ട്. നടുമുറ്റം ഒക്കെണ്ട്. പക്ഷേ, നാലുകെട്ട്ന്ന് പറയാൻ വയ്യ. നിങ്ങൾക്ക് സ്ഥലം തെറ്റിയത് തന്ന്യായിരിക്കും.

അല്ലല്ല എനിയ്ക്കു് നല്ല നിശ്ശണ്ട്.

അവരുടെ സംസാരത്തിൽ വടക്കൻ ചുവയുണ്ടു്.

എനിയ്ക്കു് നല്ല ഓർമ്മണ്ടു്. പൂമുഖത്തിന്റെ നിലം കറുപ്പായിരുന്നു. ചുമരിലു് തളത്തിലേക്കുള്ള വാതിലിന്റെ ഇടത്തുവശത്തായി ഒരു കിളിവാതിലുണ്ടു് ചിത്രപ്പണീള്ള വാതിലു്. വാതിലിനു് മൊകളിലു് ഒരു കലമാനിൻ കൊമ്പു് തൂക്കീട്ട്ണ്ടു്. തളത്തിലെ നെലം ചൊമപ്പായിരുന്നു. നടുമിറ്റത്തിനു ചുറ്റും തിണ്ണയുണ്ടായിരുന്നു. തിണ്ണേമ്മലു് തെക്കോറത്തു് ചന്ദനം അരയ്ക്കാൻ വട്ടത്തിലു് ഒരു ചാണ ഒറപ്പിച്ചിരുന്നു. അതിനടുത്തു് ഒരു ഓട്ടുകിണ്ടീലു് എപ്പൊഴും വെള്ളം വെച്ചിട്ടുണ്ടാവും. അതിനു് മോളിലു് കഴുക്കോലിന്മേൽ തേക്കുകൊട്ടേടെ ആകൃതീലു് ഭസ്മത്തിന്റെ പാത്രം തൂക്കിയിട്ടുണ്ടു്. അതിനു് എതിർവശത്തെ ചൊമരിമ്മ്ലാണു് ശ്രീഭഗവതീടെ കൂടു്. അടുത്തു് തന്നെ പൂജാമുറി. എനിക്കെല്ലാം നല്ല ഓർമ്മണ്ടു്.

നിങ്ങൾക്കു് എന്തോ തെറ്റ് പറ്റീട്ട്ണ്ടു്. ഇവിടെ അടുത്തൊന്നും അങ്ങിനെ ഒരു വീടില്ല.

പെൺകുട്ടി അക്ഷമയായി എന്നു തോന്നുന്നു. അവൾ അമ്മയോടു് പറഞ്ഞു.

അമ്മേ നമുക്കു് പോവാം.

നാണുനായർ അവളെ നോക്കി. കൗതുകമുള്ള മുഖം. വലിയ കണ്ണുകൾ. നെറ്റിമേൽ ചുവന്ന ചാന്തു്.

എന്താ മോളടെ പേരു്?

ശ്രീദേവി

അമ്മയാണു് പറഞ്ഞതു്.

നാണുനായർ കുറച്ചുനേരം ആലോചിച്ചു. പകച്ചുനില്ക്കുന്ന ഭാര്യയെ നോക്കി. പിന്നെ നടന്നു് മുമ്പിലിട്ട കയ്യുള്ള ഒരു കേസരയിൽ കയറിയിരുന്നു. കുറ്റിരോമമുള്ള തല ആകെയൊന്നുഴിഞ്ഞു പറഞ്ഞു,

ആട്ടെ നിങ്ങള് ഏതു തറവാട്ടുകാരുടെ കാര്യാ പറയണതു?

പുത്തംമഠത്തിലെ തറവാടു്.

നാണുനായർ ശരിക്കും ഞെട്ടി. അദ്ദേഹം മുണ്ടും വേഷ്ടിയുമായി ശാന്തമായി ഇരിക്കുന്ന സ്ത്രീയെ നോക്കി. വട്ടമുഖം കാതിൽ ചുവന്ന കല്ലുള്ള വലിയ കമ്മൽ. കറുത്തു നീണ്ട തലമുടി.

ഇതു് തന്ന്യാ പുത്തംമഠത്തിലെ തറവാടു്, ആട്ടെ നിങ്ങള് എവിട്ന്നാ വരണതു്.

കുറ്റ്യാടി.

ആ, നിങ്ങള് ആദ്യം പറഞ്ഞൂലോ, ആരെ കാണാനാവന്നതു?

കൃഷ്ണൻകുട്ടിയാരു്.

ആ സ്ത്രീയുടെ മറുപടി എപ്പോഴും പെട്ടെന്നായിരുന്നു. അവർക്കു് ആലോചിക്കാൻ സമയം ആവശ്യമായിരുന്നില്ല.

കൃഷ്ണൻകുട്ട്യാരോ?

അതെ.

അദ്ദേഹം ന്റെ അമ്മാവനാ. ഇപ്പൊ കെടപ്പാ. ഒരു ഭാഗം തളർന്നിരിക്കുന്നു. വയസ്സും തൊണ്ണൂറു കഴിഞ്ഞില്ലെ. ആട്ടെ നിങ്ങള് അമ്മാവന്റെ ആരാ?

ഒന്നു് കാണാൻ പറ്റ്വോ?

ഉവ്വു് നമുക്കങ്ങോട്ടു് പോവാം.

തിരിഞ്ഞു് ഭാര്യയോടു് പറയുകയും ചെയ്തു.

കല്യാണി ഇവരു് അമ്മായീടെ വീട്ട്വാരായിരിക്കും. അമ്മാവന്റെ സംബന്ധം കുറ്റിയാട്യായിരുന്നു. ഒക്കെ പഴേ കാര്യങ്ങളല്ലെ.

നാണുനായർ മുമ്പിലും അമ്മയും മകളും പിന്നിലും, ഏറ്റവും പിന്നിലായി കല്യാണിയമ്മയും നടന്നു. തളത്തിലേക്കു്. തളത്തിൽനിന്നു് നരിച്ചീറുകളുടെ ഗന്ധമുള്ള ഇടനാഴിയിലേയ്ക്കു്. ഇടനാഴിയിലെ തട്ടിന്റെ വളകളിൽ വെള്ളരിയ്ക്ക തൂക്കിയിട്ടിരുന്നു. മച്ചിന്റെ അടഞ്ഞ വാതിലിന്മേൽ നിറപറ നടത്തി കതിർകുല ഒട്ടിച്ചുവെച്ചിരുന്നു. ഇടനാഴിയുടെ അറ്റത്തുള്ള ചാരിയ വാതിലിനു മുമ്പിൽ നാണുനായർ നിന്നു.

ഇവിടെ നിൽക്കൂ. ഞാൻ പറഞ്ഞുവരാം.

സ്ത്രീകൾ വാതിലിനു പുറത്തു കാത്തുനില്ക്കെ നാണുനായർ അകത്തു പോയി. അമ്മാവൻ ഉണർന്നു കിടക്കുകയായിരുന്നു. നാണുനായർ മരത്തിന്റെ ചതുരൻ അഴികളുള്ള ജനലിന്റെ പാളികൾ തുറന്നിട്ടു. സായാഹ്ന സൂര്യന്റെ ഒരു കഷ്ണം കാവിതേച്ച നിലത്തു പതിച്ചു.

അമ്മാവനെ കാണാൻ രണ്ടു സ്ത്രീകൾ വന്നിട്ടുണ്ടു്. ഒരമ്മയും മോളുമാണു്.

കട്ടിലിൽ അനങ്ങാതെ കിടക്കുന്ന വൃദ്ധന്റെ പുതപ്പു് ശരിയാക്കിക്കൊണ്ടു് നാണു നായർ പറഞ്ഞു.

എനിക്കറിയാം. വൃദ്ധൻ മന്ത്രിച്ചു. അകത്തു വരാൻ പറയൂ.

സ്ത്രീകൾ അകത്തു കടന്നു. മുതിർന്ന സ്ത്രീ കട്ടിലിൽ ഇരുന്നു. മകൾ കട്ടിലിന്നരികിൽ നിന്നു.

ഞങ്ങൾ വന്നു.

എന്തേത്ര വൈകിയേ?

വൃദ്ധന്റെ സ്വരം പരിക്ഷീണമെങ്കിലും വ്യക്തമായിരുന്നു. നാണുനായർ ഭാര്യയെ നോക്കി. ഭാര്യ അത്ഭുതം കൂറുന്ന കണ്ണുമായി ഈ കൂടികാഴ്ച നോക്കിനില്ക്കുകയായിരുന്നു.

നിങ്ങൾ പൊയ്ക്കോളു. വൃദ്ധൻ നാണു നായരോടു് പറഞ്ഞു.

നാണുനായർ ഭാര്യയേയും കൂട്ടി പുറത്തു കടന്നു. വാതിൽ ചാരി ഇടനാഴിയിലൂടെ തളത്തിലേക്കും, ഉമ്മറത്തേക്കും നടന്നു. ഉമ്മറത്തു് തെക്കേതിലെ മാധവിയമ്മ നില്ക്കുന്നുണ്ടായിരുന്നു. അവർ ചോദിച്ചു.

ഏതാ രണ്ടു് സ്ത്രീകള് വര്ണ കണ്ടതു? ഒരമ്മയും മോളും പോലെ.

നാണുനായർ തലയാട്ടിക്കൊണ്ടു് ചാരു കസേരയിലേയ്ക്കു് താഴ്‌ന്നു. പിന്നെ സാവധാനത്തിൽ ഗൗരവത്തോടെ പറഞ്ഞു.

അത്ന്ന്യാ ഞാനും ആലോചിക്കണതു്.

അദ്ദേഹം നിലത്തുവെച്ച ചെല്ലപ്പെട്ടി എടുത്തു് മടിയിൽ വെച്ചു. വെറ്റിലയെടുത്തു് ഞെട്ടി കളഞ്ഞു് ഞരമ്പു് ഞെരടിക്കളയാൻ തുടങ്ങി.

കുറ്റിയാടീന്നാന്നാ പറഞ്ഞതു്. അമ്മാവൻ കല്യാണം കഴിച്ചിരിക്കുന്നതു് കുറ്റ്യാടിന്നാ. അമ്മാവൻ ഇരുപത്തിനാലു് വയസ്സിലോ മറ്റൊ കല്യാണം കഴിച്ചിരുന്നു. അന്നു് അമ്മായീടെ കുടുംബക്കാരു് ഇവിടെ അടുത്തെവിട്യോ വന്നു് താമസിക്കായിരുന്നു. കണ്ടു് ഇഷ്ടായിട്ടു് കല്യാണം കഴിച്ചതാ. നല്ല ഭംഗീള്ള സ്ത്രീയായിരുന്നത്രെ. ഞാൻ കുട്ടിക്കാലത്തു് കണ്ടിട്ടുണ്ടാവും. ഓർമ്മല്ല്യ.

നാണുനായർ വെറ്റിലയിൽ നൂറു തേച്ചു അടയ്ക്കക്കഷ്ണങ്ങൾ നിരത്തിവെച്ചു. വെറ്റില ചുരുട്ടി വായ്ക്കകത്താക്കി. പേനക്കത്തിയെടുത്തു് പുകയിലയുടെ ഒരു ചെറിയ കഷ്ണം അരിഞ്ഞെടുത്തു് വായിലിട്ടു. പിന്നെ വളരെ സാവധാനത്തിൽ തുടർന്നു.

അവര്ടെ വല്ല ബന്ധുക്കളും ആവും. അവരു് വളരെ ചെറുപ്പത്തിലു് മരിച്ചു. ഒരു പെൺകുട്ട്യേണ്ടായിരുന്നുള്ളു. അവൾക്കു് പതിനാറോ പതിനേഴോ വയസ്സുള്ളപ്പഴാ മരിച്ചതു്. രണ്ടു പേരും ഒപ്പം. എന്തോ അപകടമരണമായിരുന്നു. മരിച്ചേന്റെ മൂന്നാം ദിവസാ അമ്മാവനു് വിവരം കിട്ടണതു്. പോയപ്പോഴേയ്ക്കു് ശവദാഹവും കഴിഞ്ഞിരിക്കുന്നു. എന്തൊക്ക്യോ കഥകള് കേട്ടിരുന്നു. അന്നൊക്കെ വടക്കു് കുറ്റിയാടീലു് എത്തിക്കിട്ട്വ എളുപ്പല്ല. അമ്മാമൻ പിന്നെ ജീവിച്ചില്ല്യാന്നു തന്നെ പറയാം. അത്രഷ്ടായിരുന്നു. ഒന്നു രണ്ടു പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചു.

ഇപ്പോന്താ ബന്ധുക്കള് വന്നിരിക്കണതു? കല്യാണിയമ്മ തളത്തിലേക്കു് നോക്കിക്കൊണ്ടു് പതുക്കെ പറഞ്ഞു. വല്ല ഭാഗോം ചോദിക്കാനായിരിക്ക്യോ.

നാണുനായർ എഴുന്നേറ്റു് ജനലിലൂടെ നീട്ടിത്തുപ്പി, തിരിച്ചു വന്നു് ചാരുകസേരയിൽത്തന്നെ ഇരുന്നു.

ഏയ്, അതിനൊന്നും ആയിരിക്കില്ല. ഒന്നു് കാണാച്ചിട്ടു് വന്നതായിരിക്കും. മനുഷ്യ ബന്ധങ്ങള് അങ്ങിന്യാണല്ലൊ. കർമ്മപാശം മൂക്കുകയറ് മാതിര്യാണു്. വലിക്കുംതോറും മുറുക്വേള്ളു.

അപ്പൊ അവരെന്തേ ഒരു നാലുകെട്ടിന്റെ കാര്യം പറഞ്ഞതു?

എന്തെങ്കിലും ഓർമ്മപ്പിശകാവും. അവർക്കു് പത്തു് മുപ്പത്തഞ്ചു് വയസ്സല്ലെ ആയിട്ടുണ്ടാവു. ഇവിടുത്തെ നാലു കെട്ടു് പൊളിച്ചു കളഞ്ഞതു് ആയിരത്തി ഒരുനൂറ്റിപ്പത്തിനു മുമ്പാണു്. അതായതു് അമ്പത്തഞ്ചു കൊല്ലം മുമ്പെ. അപ്പൊ അവരൊന്നും ജനിച്ചിരിക്കാൻ തന്നെ വഴിയില്ല.

അകത്തു് വൃദ്ധൻ കണ്ണീരൊഴുക്കി.

നിങ്ങള് ഒരു ദിവസം വരുംന്നറിയായിരുന്നു. എന്തേത്ര വൈകീതു?

ആ സ്ത്രീ വൃദ്ധന്റെ കൈയെടുത്തു മടിയിൽ വെച്ചു തലോടി.

ഞങ്ങള് വന്നൂലോ.

വൃദ്ധന്റെ കണ്ണുകൾ ക്രമേണപ്രകാശ പൂർണ്ണായി. വർഷങ്ങളായി നഷ്ടപ്പെട്ട ചൈതന്യം മുഖത്തു് തിരിച്ചു കിട്ടി. ഒരു വില്ലടിച്ചാൻ പാട്ടിന്റെ ഈണം കാതുകൾ ഏറ്റുവാങ്ങി. ഓർമ്മകൾ സമയത്തിന്റെ കാന്തവീചികളിലൂടെ പിന്നോക്കം കുതിച്ചു. ജീവിതം ആനന്ദപൂർണ്ണവും അർത്ഥഗർഭവുമായിരുന്ന ഒരു കാലത്തെത്തി ഉറച്ചുനിന്നു. കാവുകളിൽ ഉത്സവം കൊടിയേറി. താലപ്പൊലിയിൽ താലമെടുത്ത മാറുമറയ്ക്കാത്ത പെൺകുട്ടികളിലൊരുവളുടെ കണ്ണുകൾ ക്ഷണിക്കുന്നതായിരുന്നു.

വൃദ്ധൻ തിരിച്ചു വന്നു; കാത്തിരിക്കുന്ന അമ്മയേയും മകളേയും നോക്കി ചോദിച്ചു.

എന്തേ ഉണ്ടായതു?

സ്ത്രീയുടെ മുഖഭാവം മാറി. ഒരു കാളരാത്രിയുടെ ഭയം മുഴുവൻ അവരുടെ മുഖത്തു് കണ്ടു.

അവർ തീവെട്ടിയും ആയുധങ്ങളുമായാണു് വന്നതു്. അവർ വരുമ്പോൾ വീട്ടിൽ ആണുങ്ങളാരുമുണ്ടായിരുന്നില്ല…

അമ്മയും മകളും തളത്തിലൂടെ നടന്നു വരുന്നതു കണ്ടപ്പോൾ നാണുനായർ സംസാരം നിർത്തി. അവർ ഉമ്മറത്തേക്കു കടന്നുകൊണ്ടു പറഞ്ഞു.

ഇനി ഞങ്ങള് ഇറങ്ങട്ടെ.

അയ്യോ ചായ കുടിക്ക്യാത്യോ. കല്യാണിയമ്മ പറഞ്ഞു. ഞാൻ ചായ വെക്കാൻ പറഞ്ഞിട്ടുണ്ടു്.

അയ്യോ അതിനൊന്നും നേരല്ല്യ. സാരല്ല്യ, ഇനി ഒരിക്കൽ വരാം. ഇപ്പൊ പോട്ടെ.

അവർ ഒതുക്കു കല്ലിറങ്ങി മുറ്റത്തെത്തിയിരിക്കുന്നു. അവർ ഒരു നിമിഷം തെക്കെപ്പറമ്പിലേക്കു നോക്കിനിന്നു, എന്തോ കാഴ്ച കാണുന്നപോലെ. പിന്നെ മകളേയും കൂട്ടി പടിയ്ക്കലേക്കു നടന്നു. പോക്കുവെയിൽ അവരുടെ ദേഹം സ്വർണ്ണമയമാക്കുന്നതു് നാണു നായരും ഭാര്യയും മാധവിയമ്മയും നോക്കിനിന്നു.

വളരെ അത്ഭുതായിരിക്കുണു.

നാണുനായർ പറഞ്ഞു. അദ്ദേഹം തിരിച്ചു് ചാരുകസേരയിൽ താണിറങ്ങി. അപ്പോഴാണു് പണിക്കാരി സ്ത്രീ ഓടിക്കൊണ്ടു വന്നതു്.

അമ്മേ ഒന്നിവിടം വരെ വരൂ.

കല്യാണിയമ്മ അകത്തേക്കു പോയി. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അവരും ഓടിക്കൊണ്ടു വന്നു.

നോക്കൂ ഒന്നിങ്ങോട്ടു വരു. അമ്മാവൻ…

നാണുനായർ എഴുന്നേറ്റില്ല. ഒരു ഭാവഭേദവും കാണിച്ചതുമില്ല. ഒരു നിമിഷം ആലോചിച്ച ശേഷം അദ്ദേഹം പറഞ്ഞു.

വടക്കേലു് മോഹനൻ ഡോക്ടറ് ആശുപത്രീന്നു് തിരിച്ചുവന്നിട്ടുണ്ടാവും. നീ മാളുനെ പറഞ്ഞയച്ചിട്ടു് അദ്ദേഹത്തോടു് ഒന്നിവിടം വരെ വരാൻ പറയൂ,

മാളു ഓടിപ്പോയി. അഞ്ചുമിനിറ്റിനകം ഡോക്ടർ വന്നു, അദ്ദേഹം നേരെ അമ്മാവൻ കിടക്കുന്ന മുറിയിലേക്കു ചെന്നു. പിന്നാലെ നാണുനായരും, അമ്മാവൻ കണ്ണടച്ചു കിടന്നിരുന്നു, അടച്ച കണ്ണുകൾക്കുമീതെ രണ്ടു തുളസിയിലകൾ!

ഡോക്ടർ പൾസ് നോക്കി മെലിഞ്ഞു വെറുങ്ങലിച്ച കൈ കിടക്കമേൽ വെച്ചു് സ്റ്റെത്ത് മടക്കി കയ്യിൽവെച്ചു് ഡോക്ടർ എഴുന്നേറ്റു,

ഒന്നു രണ്ടു മണിക്കൂർ മുമ്പെങ്കിലും മരിച്ചിട്ടുണ്ടാകണം.

നാണുനായർ ഒന്നും പറഞ്ഞില്ല, പതിനഞ്ചു മിനിറ്റ് മുമ്പു് താൻ അമ്മാവനുമായി സംസാരിച്ചുവെന്നു പറയാൻ ഓങ്ങി. പക്ഷേ, അതിനിടയിൽ സ്ഥലകാലദുരൂഹതയുടെ ഇരുണ്ട നരിച്ചീർ ഗന്ധമുള്ള ഇടനാഴികകളിൽനിന്നു് എഴുന്നേറ്റു വന്ന ഒരു ചെറുപ്പക്കാരി അമ്മയേയും മകളേയും അയാൾക്കു് ഓർമ്മ വന്നു. അകാലത്തിൽ സ്നേഹം തട്ടിപ്പറിക്കപ്പെട്ടതിന്റെ ഓർമ്മയിൽ ഉരുകിക്കഴിഞ്ഞ ഒരു വൃദ്ധനേയും.

ഇ. ഹരികുമാർ
images/EHarikumar.jpg

1943 ജൂലൈ 13-നു് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ചു് ബി. എ. പാസ്സായി. 1972-ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണു് (ഭാര്യ: ശുഭ). കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983-ൽ കേരളത്തിലേയ്ക്ക് തിരിച്ചു വന്നു. 1962 തൊട്ടു് ചെറുകഥകളെഴുതി തുടങ്ങി. ആദ്യത്തെ കഥാസമാഹാരം ‘കൂറകൾ’ 72-ൽ പ്രസിദ്ധപ്പെടുത്തി. പതിനഞ്ചു കഥാസമാഹാരങ്ങളും ഒമ്പതു് നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

പുരസ്കാരങ്ങൾ
  • 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘ദിനോസറിന്റെ കുട്ടി’ എന്ന കഥാസമാഹാരത്തിനു്.
  • 1997-ലെ പത്മരാജൻ പുരസ്കാരം ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്കു്.
  • 1998-ലെ നാലപ്പാടൻ പുരസ്കാരം ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്ന കഥാസമാഹാരത്തിനു്.
  • 2006-ലെ കഥാപീഠം പുരസ്കാരം ‘അനിതയുടെ വീടു്’ എന്ന കഥാസമാഹാരത്തിനു്.
  • 2012-ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് ‘ശ്രീപാർവ്വതിയുടെ പാദം’ എന്ന കഥയ്ക്കു്.

ആഡിയോ റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ, പുസ്തകപ്രസിദ്ധീകരണം എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടു്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

Colophon

Title: Vadakkuninnoru Sthree (ml: വടക്കുനിന്നൊരു സ്ത്രീ).

Author(s): E Harikumar.

First publication details: http://e-harikumar.com;; 2013.

Deafult language: ml, Malayalam.

Keywords: Short Story, E Harikumar, Vadakkuninnoru Sthree, ഇ ഹരികുമാർ, വടക്കുനിന്നൊരു സ്ത്രീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; River Valley Campus, Malayinkeezh,; Trivandrum 695571; India.

Date: August 14, 2026.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sin labor, a painting by Francisco Maura y Montaner (1857–1931). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.