മുത്തശ്ശന്റെ സായാഹ്ന പലഹാരങ്ങളിൽ അവശേഷിക്കുന്നവ നക്കി തുടക്കുന്ന ഒരുപറ്റം കുഞ്ഞനുറുമ്പുകളുടെ മുകളിലായി ഇടുത്തീ കണക്കെ വാക്കിംഗ്ഷൂ പതിഞ്ഞു. ഷൂ ലൈസ് ഊരാക്കുടുക്കിട്ടു് തിരിയുമ്പോഴാണു് മൂട്ത്തൂറ്റി നിലംപതിഞ്ഞ ഉറുമ്പുകളെ കണ്ണിൽപ്പെട്ടതു്. ഉടനെ അക്രമം പൊറുക്കാത്ത മനസ്സു വിതുമ്പി. ദൈവമേ അറിയാ പാപം പൊറുക്കണേ… സായാഹ്ന സൂര്യന്റെ ഇലകൾക്കിടയിലൂടെയുള്ള കുഴൽ പ്രകാശം സ്വർണ്ണ നിലാ വട്ടങ്ങൾ സൃഷ്ടിച്ച വീട്ടു മുറ്റത്തേക്കു് ഇറങ്ങി പതിയെ നടക്കാൻ തുടങ്ങി. രാവിലെ കസർത്തിനു സാധിച്ചില്ല. കാരണം ചില തണുത്ത പ്രഭാതങ്ങളിൽ ഉറക്കം പോലും തണുത്തുറക്കും. ഇപ്പോൾ കുറച്ചായി ഇടവിട്ട പ്രഭാതങ്ങളിൽ കാലത്തു് എഴുന്നേൽക്കാറില്ല. പകരം സായാഹ്നങ്ങളിൽ നടക്കാൻ തുടങ്ങി. അതും സ്ഥിരം പരിചിതമല്ലാത്ത വഴികളിലൂടെ. എങ്കിലേ മടുപ്പു് അനുഭവിക്കാതെ നടക്കാനൊക്കൂ. പൂക്കാനൊരുങ്ങിയ മാവിൽ നിന്നു് അടർന്നുവീണ പച്ചിലകൾ റോഡിൽ ചിതറി കിടക്കുന്നുണ്ടു്. ശക്തിയായി നടക്കുമ്പോൾ പച്ചിലകൾക്കിടയിലെ കരിയിലകൾ മൊരിയുന്നതു് കേൾക്കാൻ ഒരു ഇമ്പമാണു്. ഒരു താളമാണു്… മാവിൻ ചില്ല ചൂടിയ വഴിയോരം തീരുവോളം താളവും പിടിച്ചങ്ങനെ നടന്നു. അപൂർവ്വമായുള്ള ഇത്തരം സായാഹ്ന സവാരിക്കിടെ കാണാറുള്ള വിവിധ വർണ്ണങ്ങൾ ചാലിച്ചുള്ള ഉടുപ്പുകളണിഞ്ഞ ചെറുകിടാങ്ങൾ വഴിയോരത്തായി കളിക്കുന്നുണ്ടു്. ദൂരെനിന്നു് കണ്ടതും ഭയപ്പാടോടെ കുട്ടികൾ എന്നത്തേയും പോലെ നിരീക്ഷിക്കാൻ തുടങ്ങി. പഠനം മുഴുക്കെ ഹോസ്റ്റലിൽ കഴിച്ചുകൂട്ടിയതിനാൽ ഇവിടെയുള്ള മരങ്ങൾക്കുപോലും ഞാനപരിചിതനാണു്. അതുകൊണ്ടു് തന്നെ കറുത്ത ടീഷർട്ടും, ചാരനിറമുള്ള ട്രാക്സ്സ ്യൂട്ടും, വാക്കിംഗ് ഷൂവും പോരാത്തത്തിനു് മുഖംപാതി മറക്കുന്ന തൊപ്പിയും ധരിച്ച ഒരു അപരിചിതനെ കണ്ടമാത്രയിൽ കുഞ്ഞുങ്ങൾ അമ്പരക്കുന്നതിൽ വിശേഷിച്ചു് ഒന്നുമില്ല. ഞാൻ അടുക്കാറായപ്പോഴേക്കും സർവ്വം ചിതറിയോടി. വഴിയോരത്തെ കുറ്റിച്ചോലക്കരികിലായുള്ള ഇരുനില വീട്ടിലെ മുകളിലത്തെ ബാൽക്കണിയോടു് ചാരിയുള്ള ജനൽപാളി അന്നേരം പൊടുന്നനെ തുറക്കപ്പെട്ടു. പാതി മുഖം ദുപ്പട്ടകൊണ്ടു് മൂടിയ ഒരു സ്ത്രീ ജന്മം മുഖത്തോട്ടു് നോക്കികൊണ്ടു് ഫോണിൽ പിറുപിറുക്കുന്നതു് സൂക്ഷ്മ ദൃഷ്ടിയിൽ പതിഞ്ഞതും എന്തെന്നറിയില്ല… അകതാരിൽ ഒരു ആവേശം…!
അപരിചിതരുടെ ദൃഷ്ടി പതിയുന്നു എന്നറിഞ്ഞ മനസ്സിന്റെ സ്വതസിദ്ധമായ ഒരാവേശം. ഊക്കോടെ നടക്കാൻ തുടങ്ങിയതും വായുമർദ്ദം മൂലം വിരൽ തെല്ലുകൾ ഇക്കിളിപ്പെടുത്തുന്ന നോവുണ്ടാക്കാൻ തുടങ്ങി. ശ്വസനത്തിനു് ഒരു പ്രത്യേക സ്വരതാളം കൈവന്നു. ചെരുപ്പടി നാദം കനത്തു.
കൺദൂരത്തിലായി ഒരു ചെറിയ വളവുണ്ടു്. അതുവരെ വിജനതയാണു്. ചെറു റോഡിനിരുവശവും നിറഞ്ഞ പൊന്തക്കാടുകൾ. ആന പതുങ്ങിയാൽ അറിയാത്ത പൊന്ത…! സന്ധ്യാനേരത്തിലേക്കുള്ള ഉണർത്തുപാട്ടായി രണ്ടു ചെമ്പോത്തുകൾ പൊന്തയിൽ നിന്നു് എക്കട്ടിടുന്നുണ്ടു്. വഴി വക്കണകൾ ഓരോന്നായി പാദങ്ങളിൽ ഉരുമ്മി ആശീർവദിക്കുന്നു. ധൃതിയിൽ മൂന്നു് ബൈക്കുകൾ വളവും കഴിഞ്ഞുപോയി. മൂന്നുപേരും സ്കൂട്ടറിലെകണ്ണാടി വട്ടത്തിൽ എന്നെ ദർശിക്കുന്നതു് മനസ്സിലാക്കിയപ്പോൾ വീണ്ടും ഉൾബലം പെരുത്തു. വളവു തിരിഞ്ഞു് ഓരത്തായി ഒരു ചെറു പീടികയുമുണ്ടു്. മനുഷ്യസാമീപ്യം കൂടുതലായ വഴിയോരങ്ങളിൽ ഇരയെ നോക്കി തന്ത്രം മെനഞ്ഞു് പറക്കുന്ന അങ്ങാടി കാക്കകളെ പോലെ ഒരുപറ്റം ജനങ്ങൾ പീടിക കോലായിൽ തലതാഴ്ത്തി ഉലാത്തുന്നു. ആരും ശ്രദ്ധിക്കാത്തതിനാൽ ആവേശം തോന്നിയില്ല. കടയും കടന്നു് പാതി വളർന്ന നെൽപ്പാടത്തിനരികു് കാണുംവരെ നിർവികാരനായിത്തന്നെ നടന്നു. അരിപ്പുല്ലുകളുടെ ഏകോപനം മനോഹരമാണു്. ഒരേ ഉയരത്തിൽ അരയ്ക്കു വരെ മടങ്ങികൂപ്പുന്ന നീണ്ട പുൽനാമ്പുകൾ. നീളം കൂടിയ ഇതളുകളുള്ള ഒരുപറ്റം പൂക്കൾ വിരിഞ്ഞിരിക്കും പോലെ തോന്നിക്കും. പച്ചുടുപ്പിട്ട കലാലയ പിള്ളേരുടെ അസംബ്ലി പോലെ ചിട്ടയോടെയാണു് അവകളുടെ നിൽപ്പു്. റോഡ് മാറി വരമ്പിലേറിയതോടെ നടത്തത്തിന്റെ ശൈലി മാറി. ഒരു ഭാഗത്തേക്കു് ചെരിഞ്ഞു ചാഞ്ഞും തല വിറച്ചുമായി പിന്നീടുള്ള നടത്തം. കുറച്ചു ദൂരെ കണ്ണിലേക്കു് തന്നെ നോക്കി ഒരു കറുത്ത പോത്തു് മുരണ്ടിരിക്കുന്നുണ്ടു്. അതു് തല കുലുക്കുമ്പോൾ രണ്ടു ചെവികളും തൊലിയിലുരസി ശബ്ദമുണ്ടാവുന്നു. ചെറുപ്പകാലത്തു് ‘ഇട്ടാ പൊട്ടി’ കൊണ്ടു് നിലത്തെറിഞ്ഞു ശബ്ദമുണ്ടാക്കും പോലെ. അതിവ്യത്യസ്തമായി നടത്തത്തിൽ ഒട്ടും അനുഭവിക്കാത്ത ഒരു കുളിർതെന്നൽ പാടവരമ്പത്തു നിന്നു് ശരീരത്തിലൂടെ കടന്നുപോയി. പാടം വാങ്ങി വീടു് വെക്കാം… കൂടെ ഈ കുളിർ തെന്നലും പണം കൊടുത്താൽ കിട്ടിയിരുന്നെങ്കിൽ…!
വരമ്പിനപ്പുറം എത്തിയതും പാടം മുഴുക്കെ കാണുന്നതിനായി ഒന്നു് തിരിഞ്ഞു നോക്കി. വരമ്പു് തുടങ്ങുന്നിടത്തുനിന്നു് ഒന്നു രണ്ടു പേരു് ധൃതിയിൽ റോഡിലേക്കു് തന്നെ തിരിച്ചു പോകുന്നുണ്ടു്. പാടവക്കിലെ ആ പോത്തു് കണ്ണിലേക്കു തന്നെ നോക്കി തലകുലുക്കി കൊണ്ടിരിക്കുകയാണു്. വരമ്പു മാറി മെയിൻ റോഡിലെ വെള്ളച്ച വരക്കു ചാരെ വീണ്ടും നടക്കാൻ തുടങ്ങി. ഒരു പാരമ്പര്യ കൊല്ലൻ ഉലയിൽ ഊതികൊണ്ടിരിക്കുന്നു.
കരിവാളിച്ച മുഖവും, കരിഞ്ഞു തൂങ്ങിയ പിരികക്കുരുവും, വെള്ളച്ചുവിണ്ട മുഖവരകളും അയാളുടെ കൊല്ലവേലയുടെ പാരമ്പര്യത്തെ അറിയിക്കുന്നുണ്ടു്. മണ്ണു തേഞ്ഞ പീടിക തറയിൽ പടിഞ്ഞിരുന്നു് ഇരുമ്പിനെ അയാൾ കൊല്ലാക്കൊല ചെയ്യുകയാണു്. ഉടനെ എതിർവശത്തായി ഒരുകൂട്ടം ജനങ്ങൾ എന്നെ കണ്ടില്ലെന്നു് നടിച്ചു് വരമ്പത്തേക്കായി അകന്നു. നിരപ്പുള്ള ഓട്ടോറിക്ഷകളിലെ ഡ്രൈവർമാരെല്ലാം കൂട്ടംകൂടി പത്രം വായിക്കുന്നുണ്ടു്. അവരിലെ ചില ഇടം കണ്ണുകൾ പരിഗണിക്കുന്നുണ്ടോ എന്നു് സംശയം തോന്നിയെങ്കിലും വിശേഷിച്ചു് ആവേശം ഒന്നുമുണ്ടായില്ല. കാരണം തെല്ലിട നോട്ടത്തിൽ അങ്ങ് ദൂരെയായി ഇലക്ട്രിക് പോസ്റ്റിനു കുറുകേയുള്ള കിലോമീറ്റർ തണ്ടു് നിറംമങ്ങി നിൽക്കുന്നതു് ഞാൻ ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ രണ്ടു തവണയും അവിടെ വച്ചാണു് മുന്നോട്ടുള്ള നടത്തം അവസാനിപ്പിച്ചു് തിരികെ നടന്നതു്. റോഡുവക്കിലെ കോൺക്രീറ്റ് കട്ടയിൽ മുട്ടിൽ കൈ താങ്ങി അൽപനേരം കുനിഞ്ഞിരുന്നു് തിരികെ നടക്കാൻ തുടങ്ങി. ആ ചെറുനേരം ഒരായുസ്സിന്റെ വിശ്രമവും സമാധാനവും ഏകി… തിരിഞ്ഞുള്ള നടത്തത്തിൽ അല്പം മുന്നേ കാഴ്ചയിൽപ്പെട്ട ഓട്ടോ ഡ്രൈവർമാരുടെ കൂട്ടംത്തന്നെ അപ്രത്യക്ഷമായിരിക്കുന്നു. ആലയിലെ ഇരിപ്പു പല ശൂന്യമായി കിടക്കുന്നു. എവിടെ ആ പുകയരിച്ച വൃദ്ധൻ…? എല്ലാം ഒരു സ്വപ്നം പോലെ…! വരമ്പത്തേറിയതും ഒരുപറ്റം പൂത്താങ്കിരികൾ ചില്ലയേറുന്ന കലപിലാരവം മുഴങ്ങി. സൂര്യൻ സന്ധ്യയിൽ സന്ധിക്കാറായിരിക്കുന്നു. ഇരുൾ വലയിലൂടെ പ്രകാശം അല്പാല്പമായി തുറിച്ചിരിപ്പുള്ളതിനാൽ നേരിയ രീതിയിൽ കണ്ണു കാണാം. എന്റെ കണ്ണുകളിലേക്കു് നോക്കി തല കുലുക്കിയ പോത്തിന്റെ ചുരുൾവട്ടത്തിലുള്ള രണ്ടു ചാണകങ്ങൾ മാത്രം അവശേഷിപ്പുണ്ടു്. പരിഗണിക്കാൻ ഒരു പോത്തുപോലും ഇല്ല. ധൃതിയിൽ വരമ്പു് കടന്നു് വീണ്ടും റോഡിലേക്കിറങ്ങി. ഇനി കുറഞ്ഞ ദൂരമേ അവശേഷിക്കുന്നുള്ളൂ. ആളുകൾ റോന്തുചുറ്റിയിരുന്ന വളവിലെ ചെറു പീടിക പാതി അടഞ്ഞമട്ടിൽ ജീവ ശൂന്യമായിരിക്കുന്നു. ഈ കടയൊക്കെ സന്ധ്യാനേരമാകുമ്പോഴേക്കു് അടക്കുവോ…!?
വിജനമായ പൊന്തക്കാടിനു് നടുവിലൂടെ നടക്കാൻ തുടങ്ങിയതും അത്ഭുതകരമാംവിധം നിശബ്ദത അവിടെ തളം കെട്ടി കിടക്കുന്നു. ചീവീടുകൾ പോലും ചിലക്കുന്നില്ല. കാട്ടുജീവികൾ എന്തിനു് ഭയന്നൊളിക്കുന്നു…? കിടാങ്ങളെപ്പോലെ വേഷഭൂഷാദികൾ അവയെയും പേടിപ്പിക്കുന്നുണ്ടോ…?
അടുക്കും ചിട്ടയുമില്ലാതെ വഴിയരികിൽ പരന്നുകിടക്കുന്ന പൊന്തക്കാടിനെ നിരീക്ഷിച്ചു് പതിയെ വീണ്ടും നടന്നു. പൊന്തയുടെ നടുവിലെത്തിയതും പൊന്ത ഇളകാൻ തുടങ്ങി. ഒരു നിമിഷത്തെ സ്തോഭാവസ്ഥയ്ക്കു ശേഷം തിരിഞ്ഞോടാൻ തക്കം ഒരുങ്ങി നിന്നു. പുകയരിച്ച കൊല്ലൻ റോഡിലേക്കു് ചാടി തുറിച്ചുനോക്കുന്നു… ആ വൃദ്ധന്റെ കണ്ണിൽ ചോരതിളക്കുന്നതായി തോന്നി. പിന്നീടു് പൊന്ത കൂട്ടങ്ങൾ അങ്ങിങ്ങായി ഇളകാൻ തുടങ്ങി. ഓട്ടോ ഡ്രൈവർമാരുടെ ഒരുകൂട്ടം പിന്നിലായി നിരന്നു നിന്നു. ആകാശത്തു് ഇടിമുഴക്കം തുടങ്ങി. മനസ്സിലൂടെ ആദി പാഞ്ഞു. ഇടം കണ്ണുകൾ നേർ കണ്ണുകളായി വളഞ്ഞു നോക്കി. കടയിൽ റോന്തു ചുറ്റിയവർ കൊല്ലന്റെ പിന്നിലായി നിരന്നു. ചിലർ കൊഴിഞ്ഞ ഓലമടൽ തറയിൽ കുത്തി ചാരി നിൽക്കുന്നു. ചിലർ പേരറിയാത്ത നീണ്ട മരക്കഷണങ്ങൾ കയ്യിൽ പിടിച്ചു് അതുകൊണ്ടു് മറുകയ്യിന്റെ പള്ളയിൽ അടിച്ചുകൊണ്ടിരിക്കുന്നു. പിന്നോട്ടു് ഓടാൻ ശ്രമിച്ചപ്പോഴാണു് പുറകിലെ കോളറിൽ ഒരു ഇരുണ്ടു് കൊഴുത്ത കൈവിരലിൻ സാന്നിധ്യം മനസ്സിലായതു്. ഉടനെ കൂട്ടങ്ങൾ ആർത്തുകൊണ്ടോടി അടുക്കാൻ തുടങ്ങി. ഇളകിയ തേനീച്ച പറ്റം വീണ്ടും അതിന്റെ കൂടു് പൊതിയും പോലെ… ‘എടാ പെരും കള്ളാ… കുറച്ചു ദിവസം മുന്നേ ഇവിടെ ആകമാനം നീ നടന്നു… അന്നു് രാത്രി തന്നെ പല വീട്ടിലും കക്കാൻ കയറി… ഇനി അതു് നടക്കില്ല ഡാ… ഞങ്ങൾ മണ്ടന്മാരല്ല…’
ആരുടെ അധരങ്ങളാണു് അട്ടഹസിച്ചതെന്നറിയില്ല. ആരുടെയൊക്കെയോ കൈപ്പത്തികൾ വീശി ഓർമ്മകെടുത്തി. യത്നിച്ചു നേടിയ മസിൽ തുടിപ്പുകളിൽ മടൽപടർപ്പുകൾ ഒന്നിനുമുകളിലൊന്നായി പതിഞ്ഞു കൊണ്ടിരുന്നു. വാനത്തു് കൂടണയാനോടുന്ന പിറാക്കളെ ഇമവെട്ടാതെ കണ്ണുകൾ മാത്രം ആവോളം കണ്ടു. പക്ഷേ, അകക്കണ്ണിലെല്ലാം വെളിച്ചമില്ലാത്ത രാവാനങ്ങളായിരുന്നു.
മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം സ്വദേശി. കാളികാവു് പിജി ക്യാമ്പസ് വിദ്യാർത്ഥി. ആനുകാലികങ്ങളിൽ നിരന്തരമായി എഴുതുന്നു. മൈസൂർ യാത്ര വിവരണം “ഡിസ്ക്റൈറ്റ്” പ്രധാന കൃതി.
ചിത്രീകരണം: വി. പി. സുനിൽകുമാർ