കൃത്യം പറഞ്ഞാൽ കഴിഞ്ഞ മകരത്തിൽ ലൂക്കാച്ചനു് അറുപത്തി രണ്ടു വയസ്സു തികഞ്ഞു. ലൂക്ക് പൗലോസ് എന്നാണു് ഔദ്യോഗിക നാമമെങ്കിലും പയ്യനായിരുന്ന കാലങ്ങളിൽ ലൂക്കാപ്പി എന്നും മുതിർന്നപ്പോൾ ലൂക്കാച്ചൻ എന്നുമുള്ള വിളിപ്പേരുകളിൽ ആ മനുഷ്യൻ ആ നാട്ടിൽ അറിയപ്പെട്ടുപോന്നു. അറുപത്തി രണ്ടാണെങ്കിലും കാഴ്ച്ചയിൽ ഒരു അമ്പത്തിരണ്ടേ പറയൂ ലൂക്കാച്ചനു്. ചിലപ്പോൾ ആ മുഖത്തു് ഇരുപത്തിരണ്ടിന്റെ ഒരു മിന്നലൊളിയും കാണാൻ സാധിക്കും. കിഴക്കിന്റെ ഒരു മലയോര പ്രദേശമായ ആ ഗ്രാമത്തിലെ റബർ തോട്ടങ്ങളുടെ നടുവിലൂടെ വളവും തിരിവുമായി നീളത്തിൽ കിടക്കുന്ന വഴിയുടെ അങ്ങേയറ്റത്തു് തെക്കേമലയിൽ നിലകൊള്ളുന്ന പഴയ തയ്യക്കാരൻ റാഹേലാശാന്റെ പറമ്പിലോട്ടു് എൺപത്തിരണ്ടു മോഡൽ വെളുത്ത അംബാസിഡർ കാർ അമറിക്കരഞ്ഞുകൊണ്ടു് പുകയും മൺവഴിയിലെ പൊടിയും പറത്തി ഞരങ്ങി വലിഞ്ഞു കയറി പോകുന്ന ചില ദിവസങ്ങൾ ഓരോ വർഷങ്ങളിലും മൂന്നാലു് തവണ ഉണ്ടാകാറുണ്ടായിരുന്നു. ഓണം, ചങ്ക്രാന്തി, പള്ളിപ്പെരുന്നാൾ മാതാവിന്റെ തിരുന്നാൾ തുടങ്ങിയവയായിരുന്നു പൊതുവേ ആ ദിവസങ്ങൾ. ആ ദിനങ്ങളിൽ ആണു് അറുപത്തി രണ്ടുകാരൻ ലൂക്കാച്ചന്റെ കണ്ണിലും കവിളിലും ഇരുപത്തിരണ്ടിന്റെ ചെറുപ്പം മിന്നി തുടിച്ചിരുന്നതു്. തയ്യക്കാരൻ റാഹേലാശാൻ പത്തിരുപതു കൊല്ലം മുൻപൊരു ദിവസം മാതാവിന്റെ തിരുനാളിന്റെ തലേന്നു് കർത്താവിങ്കൽ നിദ്ര പ്രാപിച്ചു. പിന്നെ ആ വീട്ടിൽ കത്രീനാമ്മ മാത്രമായി. എൺപത്തിനാലു വയസ്സായ കത്രീനാമ്മയെ കാണാൻ പണ്ടു് കോട്ടയത്തേയ്ക്കു് കെട്ടിച്ചയച്ച മകൾ സുഷമ വരുന്ന ദിവസങ്ങളിലാണു് അംബാസിഡർ കാർ നാട്ടുവഴിയിൽ അങ്ങനെ പൊടിയും പുകയും പറത്തിയിരുന്നതു്. ആ ദിവസങ്ങളിലാണു് ലൂക്കാച്ചന്റെ ചെറുപ്പം അതിന്റെ പാരമ്യത്തിൽ എത്തുന്നതും. തന്റെ ചെറുപ്പത്തിന്റെ രഹസ്യം ലൂക്കാച്ചൻ ഒരാളോടു് മാത്രമേ പറഞ്ഞിരുന്നുള്ളൂ. അതു് കുര്യച്ചൻ വക്കീലിനോടു് മാത്രമായിരുന്നു. ലൂക്കാച്ചനെക്കാളും ഇരുപതു് വയസ്സു് ഇളപ്പമാണു് കുര്യച്ചൻ വക്കീൽ. കുര്യച്ചൻ വക്കീലിന്റെ അപ്പൻ അടമന ജോർജ് സാറാണു് ആദ്യമായി ഒരു തോട്ടം വെട്ടാൻ പയ്യനായിരുന്ന ലൂക്കാപ്പിയെ ഏൽപ്പിക്കുന്നതു്. തോട്ടം വെട്ടി ലൂക്കാപ്പി നടക്കുന്ന കാലത്തു് ലൂക്കാപ്പിയുടെ പിന്നാലെ മൂന്നാലു വയസു മുതൽ പറമ്പും ചാടി നടക്കാൻ തുടങ്ങിയതാണു് കുര്യച്ചൻ. അതൊക്കെ വർഷങ്ങൾക്കു് മുൻപാണു്. അന്നു് കുര്യച്ചൻ കുട്ടിയാണു്. റാഹേലാശാൻ തയ്ച്ചപ്പോൾ അരവണ്ണം കൂടിപ്പോയതു് കൊണ്ടു് ഓടികളിക്കുമ്പോൾ ഊരിപ്പോകാതെ ഇരിക്കാൻ നിക്കറേൽ വിരലിട്ടു് ചുരുട്ടി ഓടി നടന്ന ഒരു വികൃതി ചെക്കൻ. കുര്യച്ചന്റെ പറമ്പിന്റെ അതിരേ ഒഴുകുന്ന ചെറിയ തോട്ടിൽ ചാടാൻ നേരം മാത്രം അവനാ നിക്കർ കറക്കി എറിയുമായിരുന്നു. തൊട്ടിലോട്ടുള്ള ചാട്ടത്തിൽ കുര്യച്ചൻ കറക്കി എറിയുന്ന നിക്കർ ഏതെങ്കിലും പള്ളേൽ പോയി വീഴുകയോ മരക്കൊമ്പിൽ തൂങ്ങി ആടുകയോ ചെയ്യുമായിരുന്നു. മൂർഖൻ പാമ്പു് വിലസുന്ന കാട്ടുപള്ള നടന്നു കയറിയോ തോട്ടി കൊണ്ടു് തൂക്കിയോ എങ്ങനെ എങ്കിലും വെട്ടുക്കാരൻ ലൂക്കാച്ചൻ കുര്യച്ചനു് അവന്റെ നിക്കർ എന്നും ഒരു പരാതിയും കൂടാതെ എടുത്തു് കൊടുക്കുമായിരുന്നു. ഓർമ്മവച്ച നാൾ മുതൽ താൻ പറത്തി ആകാശത്തേക്കെറിയുന്ന നിക്കർ എടുത്തു തന്നിരുന്ന ലൂക്കാച്ചനെ തന്റെ ആശാനായി കുര്യച്ചൻ മനസ്സാ കരുതിയിരുന്നു.
അറുപത്തി രണ്ടു വയസ്സിൽ അൻപത്തി രണ്ടിന്റെ ലുക്കും മുപ്പത്തി രണ്ടിന്റെ ചുറുചുറുക്കും ഇരുപത്തി രണ്ടിന്റെ ആഘോഷവും. അതാണു് ലൂക്കാച്ചന്റെ മൊത്തത്തിൽ ഉള്ള ഒരു സെറ്റപ്പ്.
ലൂക്കാച്ചനു് ഇപ്പോഴും പണി റബ്ബർ വെട്ടാണു്. കൊച്ചു വെളുപ്പിനേ എണീറ്റു് കുഞ്ഞുവീടിന്റെ ഉമ്മറവാതിൽ തുറന്നു് മുറ്റത്തു് കെട്ടിയിരിക്കുന്ന കയ്യാലകെട്ടിന്റെ ഓരത്തു വന്നു നിന്നു് വലം കാലെടുത്തു് ഒരു കെട്ടുകല്ലിൽ വച്ചു് താഴത്തെ പറമ്പിലെ കല്ലൻവാഴയുടെ പരന്ന ഇലകളിലേക്കു് ശൂർർർർർന്നു് ഒന്നു് നീട്ടി മുള്ളി ഇലാസ്റ്റിക്കിന്റെ വള്ളിയുള്ള ടോർച്ച്ലൈറ്റും തലയിൽ ചുറ്റി ടാപ്പിംഗ് കത്തിയും ഒട്ടുപാലു് പറിച്ചിടാനുള്ള ഈറ്റക്കൂടയും എടുത്തു് ഒറ്റപ്പോക്കാണു് ലൂക്കാച്ചൻ. തെക്കേമലയിലെ തോട്ടത്തിൽ വെട്ടുമ്പോൾ, വെട്ടു പട്ടയിൽ നിന്നും തലേന്നു് ഒഴുകിയിറങ്ങി നീളത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന റബറിന്റെ വള്ളി പറിക്കുമ്പോളും ചിരട്ടയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന നല്ല മിനുസവും ടെമ്പറുമുള്ള ചണ്ടി പറിച്ചെടുക്കുമ്പോളും ആരുമറിയാതെ ഒരു നെടുനിശ്വാസം ഇപ്പോളും ലൂക്കാച്ചന്റെ മൂക്കിലൂടെ പുറപ്പെടും. ആ നിശ്വാസം മെല്ലെ പറന്നു് റബ്ബർ തോട്ടത്തിന്റെ അങ്ങേ അറ്റത്തെ റാഹേലാശാന്റെ പെരയുടെ അതിരേലെ മൺമതിലിൽചെന്നിടിച്ചു് വായുവിൽ ലയിച്ചു മാഞ്ഞു പോകും.
ഇപ്പോഴും പണി റബ്ബർ വെട്ടാണെങ്കിലും അതിനു മുൻപു് കുറച്ചുകാലം സ്വന്തമായി ഒരു ടാക്സി കാർ വാങ്ങി ഓടിച്ചിരുന്നു അയാൾ. ടാക്സി വാങ്ങുന്നതിനും മുൻപു് കുറേക്കാലം കാറ്ററിങ് ആയിരുന്നു പണി. കാറ്ററിങ്ങിനും മുൻപു് ഇപ്പൊ ചെയ്യുന്ന റബ്ബർ വെട്ടു് എന്ന തൊഴിൽ തന്നേ ആയിരുന്നു ആ മനുഷ്യന്റെ ഉപജീവനം.
ലഹരി മൂക്കുന്ന ചില സമയങ്ങളിൽ കുര്യച്ചനോടു് ചിലപ്പോ ഒരു ഫിലോസഫി പോലെ ലൂക്കാച്ചൻ പറയും
“ലൂക്കാപ്പീടെ ജീവിതം എന്നു് പറഞ്ഞാ ഒരു ചക്രം പോലാ മാന്നെ… റബ്ര് വെട്ടിൽ തുടങ്ങി റബ്രു വെട്ടിൽ തന്നേ എത്തി”
‘മോനേ’ എന്നതിനു് പകരം സ്നേഹം കൂടുമ്പോൾ ലൂക്കാച്ചൻ ‘മാന്നെ’ എന്നാണു് പൊതുവേ എല്ലാരേം വിളിക്കാറ്.
കാലം കടന്നു പോയി. ലൂക്കാച്ചനു് അറുപതു കഴിഞ്ഞു. കുര്യച്ചൻ പഠിച്ചു വക്കീലായി. ലൂക്കാച്ചൻ ടാക്സി ഓടിക്കുന്ന കാലത്തുണ്ടായ ഒരു ഉപഭോക്ത കോടതി കേസുമായി ബന്ധപ്പെട്ട ഒരു ചെറിയ സംഗതി ആണു് പറഞ്ഞു വരുന്നതു്. അതു പറയുന്നതിനു് മുൻപു് പത്താം ക്ലാസിൽ തോറ്റു് റബ്ബർ വെട്ടു കാലത്തെ പയ്യനായിരുന്ന ലൂക്കാപ്പിയുടെ പ്രേമകഥ കൂടെ പറയണം.
ലൂക്കാപ്പിക്കൊരു പ്രേമം. 1978–79 കാലഘട്ടം. കൊച്ചു വെളുപ്പിനേ വീട്ടിൽ നിന്നും ഇറങ്ങി ചൂട്ടും കത്തിച്ചു് വെട്ടാനുള്ള തോട്ടങ്ങളിൽ ചെന്നു ചുറു ചുറുക്കോടെ പത്തും നാന്നൂറും മരങ്ങൾ ഒറ്റയ്ക്കു് വെട്ടുന്ന തിളയ്ക്കുന്ന പ്രായം. അവസാനം വെട്ടുന്ന തെക്കേമലയിലെ പറമ്പിന്റെ അതിരേൽ ഓടിട്ട ഒരു കുഞ്ഞുവീടുണ്ടു്. അതാണു് നമ്മുടെ തയ്യക്കാരൻ റാഹേലാശാന്റെ വീടു്. ആശാനും കെട്ടിയവൾ കത്രീനക്കും കൂടെ ആകെ അരുമപ്പിറവി ഒരെണ്ണം. ‘സുഷമ’ എന്ന സുഷമ റാഹേൽ. അവൾ അടുത്തുള്ള ചെറിയ പട്ടണത്തിലെ ഏറ്റവും പ്രശസ്തമായിരുന്ന അഞ്ജലി കോളേജ് എന്ന പാരലൽ കോളേജിലെ രോമാഞ്ചം ആയി വിലസുന്നു. വെട്ടു കഴിഞ്ഞു തിരികെ പോകാൻ ലൂക്കാ തയ്യാറെടുക്കുന്ന നേരമാവും എന്നും അവൾ പറമ്പിന്റെ വരമ്പേ കൂടെ കോളേജിൽ പോകുന്നതു്. പത്താം ക്ലാസ്സിൽ ഒരുമിച്ചായിരുന്നു അവർ. ഒരു ക്ലാസ്സിൽ ഒരുമിച്ചു പഠിക്കുന്നവർ ആണെങ്കിലും ആണും പെണ്ണും പരസ്പരം മിണ്ടുന്ന കാലമല്ല അതു്. ഇഷ്ടമുള്ള പെണ്ണിന്റെ കണ്ണിൽ ഒന്നു് കണ്ണുടക്കിയാൽ സ്വർഗം കീഴടക്കിയ സൗഭാഗ്യം അനുഭവപ്പെടുമായിരുന്നു അന്നൊക്കെ എന്നു് പറമ്പിന്റെ ഇരട്ട കയ്യാലയുടെ മറവിൽ ഇരുന്നു് ബ്രാണ്ടി വെട്ടുഗ്ലാസിലേക്കു് ഒഴിക്കുമ്പോൾ ലൂക്കാച്ചൻ കുര്യച്ചനോടു് പറയുമായിരുന്നു.
പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പത്തു തോറ്റ ലൂക്കാപ്പിയെ പാരലൽ കോളേജിൽ പ്രീഡിഗ്രിക്കു് പഠിക്കുന്ന സുഷമ കുണ്ടി കൊണ്ടു പോലും തിരിഞ്ഞു നോക്കിയില്ല. കാഴ്ച്ചയിൽ ലൂക്കാപ്പിയോളം സുന്ദരൻ അന്നാ നാട്ടിൽ ഇല്ലാതിരുന്നിട്ടും ഒരു റബ്ബർ വെട്ടുകാരനെ പ്രണയിക്കുവാനോ കല്യാണം കഴിക്കുവാനോ അവൾ അക്കരയുള്ള പള്ളിയിലെ പെരുന്നാളിന്റെ അന്നു രാത്രി രാജാപ്പാട്ടു് വേഷമിട്ടു് ലൂക്ക് പൗലോസ് നാടകം കളിക്കുന്നതു് വരെ തയ്യാറും അല്ലായിരുന്നു. പക്ഷേ, പള്ളിയിലെ പെരുനാളിന്റന്നു നാടകത്തിനു തട്ടേക്കേറിയ ലൂക്കായുടെ ഒരു പെർഫോമൻസ് ഉണ്ടായിരുന്നു. ഇരുട്ടു നിറഞ്ഞ മൈതാനിയിൽ പല പല വർണ്ണ വെളിച്ചങ്ങൾ മിന്നി തെളിഞ്ഞു മങ്ങിതെളിഞ്ഞു വരുന്ന സ്റ്റേജിലേക്കു് നാട്ടുകാർ കണ്ണും കാതും കൂർപ്പിച്ചിരുന്ന രാത്രി. കാണികളുടെ മുൻ നിരയിൽ തന്നേ ഉണ്ടായിരുന്നു സുഷമ. അന്നു് കുര്യച്ചൻ ജനിച്ചിട്ടില്ല.
ആ കഥ ഇടയ്ക്കൊക്കെ ലൂക്കാച്ചൻ പറഞ്ഞവസാനിപ്പിക്കുന്നതു് ഇപ്രകാരമാണു്.
“അന്നു് മോൻ ജനിച്ചിട്ടില്ല… മോനന്നു് ആന്ധ്രായേൽ അരിക്കകത്തിരിക്കുവാ”
അരയിൽ തൂക്കിയ വാളുറയുടെ മേലേ നിന്ന വാൾപ്പിടിയിൽ വലം കൈ ചുറ്റി, ഇടം കൈ ആകാശത്തേക്കുയർത്തി ലൂക്കാ എന്ന റോമാ രാജകുമാരൻ കടന്നു വന്നു. തന്റെ മുന്നിൽ സ്റ്റേജിൽ സ്ത്രീ വേഷം കെട്ടി നിൽക്കുന്ന പുരുഷനായ അവറാച്ചന്റെ മുഖത്തു തറച്ചു നോക്കി പറയേണ്ട ഡയലോഗ് പക്ഷേ, ലൂക്കാ പറഞ്ഞതു് സുഷമയുടെ നീലിമയാർന്ന തിളങ്ങുന്ന കണ്ണുകളിൽ നോക്കിയായിരുന്നു. പ്രൗഡ ഗംഭീരമായ ശബ്ദത്തിൽ ലൂക്കാച്ചന്റെ റോമാ രാജകുമാരൻ നല്ല വടിവോടെയും സ്ഫുടമോടെയും മൈക്കിന്റെ മുന്നിൽ നിന്നും അലറി.
“ലൂസിയാ, നമുക്കു് സഹിക്കാൻ ആവുന്നില്ല, പാഞ്ഞു വരുന്ന ശത്രു സൈന്യത്തിന്റെ മർമ്മരമാണു് നാം കേൾക്കുന്നതു്… അതാ ആ അത്തി മരത്തണലിലേക്കു് നോക്കൂ, മനുഷ്യമാംസം കൊത്തി വലിക്കാൻ പാഞ്ഞടുക്കുന്ന കഴുകന്മാർ…, അവൻ രക്തദാഹിയാണു്. ലൂസിയാ, ഒരു നിമിഷമെങ്കിൽ ഒരു നിമിഷം നിന്റെ പ്രണയം നീയെനിക്കു നൽകൂ… നാളത്തെ യുദ്ധത്തിൽ മരണത്തിന്റെ കൂരമ്പുകൾ ഏറ്റു വാങ്ങേണ്ട എന്റെ നെഞ്ചം ഇന്നു നിന്റെ പ്രേമത്താൽ പ്രശോഭിതമാവട്ടെ… പറയൂ ലൂസിയാ പറയൂ…”
സുഷമയുടെ കണ്ണുകളിലെ ആഴങ്ങളുടെ ആഴങ്ങളിലേക്കു നോട്ടമിറക്കി ലൂക്കാ ഡയലോഗ് തുടർന്നു: “എന്നെ നീ പ്രണയിക്കുന്നുവെന്നു് പറയൂ ലൂഷിമാ”
ലൂഷിമാ!!! ലൂസിയയും സുഷമയും കൂടെ ചേർത്തരച്ചു് ലൂക്കാപ്പി സ്പോട്ടിൽ ഉണ്ടാക്കിയ ഒരു പുതിയ പേരായിരുന്നു അതു്… പെട്ടെന്നു് കേട്ടാൽ സുഷമ എന്നു് തോന്നണം… എന്നാൽ നാളെ ഒരു തർക്കം വന്നാൽ ലൂസിയ എന്നു് വാദിക്കുകയും വേണം.
വെളുത്തു തുടുത്ത ലൂക്കായുടെ മുഖത്തേയ്ക്കടിച്ച ചുമന്ന വെട്ടത്തിന്റെ ഒളിയിൽ സുഷമയുടെ മനസ്സിൽ അങ്ങനെ ആ റോമാ രാജകുമാരൻ കയറിപ്പറ്റി. പക്ഷേ, നാടകം എഴുതി സംവിധാനം ചെയ്ത കുട്ടൻ സാർ രണ്ടു കാര്യം നോട്ട് ചെയ്തു. ഒന്നു് തട്ടിൽ നിൽക്കുന്ന കഥാപാത്രത്തിന്റെ മുഖത്തു നോക്കി പറയേണ്ട ഡയലോഗ് സദസ്സിൽ നോക്കിയാണു് ലൂക്കാ പറയുന്നതു്. രണ്ടു്, അവസാന രണ്ടു ഡയലോഗുകൾ നാടകത്തിൽ ഉള്ളതല്ല. അതു് ലൂക്കാ സുഷമയ്ക്കു് വേണ്ടി കയ്യിൽ നിന്നിട്ടതായിരുന്നു. അടുത്ത വർഷത്തെ നാടകത്തിൽ നിന്നും ലൂക്കാപ്പി ഔട്ട്.
പെരുന്നാൾ കഴിഞ്ഞ നാളുകളിൽ പറമ്പിന്റെ വരമ്പിൽ വച്ചും മറ്റു പാതയോരങ്ങളിൽ വച്ചും ലൂക്കാപ്പിയ്ക്കു് സുഷമയുടെ കണക്കില്ലാത്ത കാടാക്ഷങ്ങൾ കിട്ടി. പെരുന്നാളിനും നാടകത്തിനും ശേഷം സുഷമയുടെ മാത്രമല്ല നാട്ടിലെ ഒരു മാതിരിപ്പെട്ട എല്ലാ പെൺകുട്ടികളും ആ റോമാ രാജകുമാരന്റെ ഒരു നോട്ടം തങ്ങളിൽ പതിഞ്ഞിരുന്നുവെങ്കിൽ എന്നാശിച്ചു നെടുവീർപ്പുകൾ വിട്ടു പോന്നു. ലൂക്കായുടെ മനം നിറയേ പക്ഷേ, സുഷമ മാത്രം ആയിരുന്നല്ലോ. പ്രണയത്തീ കത്തി പടർന്ന നാളുകളിൽ അവരെ രണ്ടു പേരെയും ചേർത്തു നാട്ടിൽ “ലൂ സൂ” എന്നൊരു പ്രയോഗം തന്നേ ഉണ്ടായി വന്നു.
കാലം കടന്നു പോയി. സുഷമ പ്രീ ഡിഗ്രിയും ഡിഗ്രിയും പാസായി. വെട്ടു പട്ടയിൽ ഒട്ടിപ്പിടിച്ച ഒട്ടുപാലു പോലെ ലൂക്കാച്ചനുമായുള്ള സുഷമയുടെ പ്രണയം ഒട്ടിപ്പിടിച്ചു തന്നേ നിന്നു. സുഷമയുമായുള്ള കല്യാണത്തിന്റെ മുന്നൊരുക്കങ്ങൾ എന്ന നിലയിൽ ലൂക്കാ തന്റെ കുഞ്ഞു വീടിനു തന്നാലാവുന്ന ചില മരാമത്തു് പണികൾ ഒക്കെ കടം വാങ്ങിയും മറ്റും തുടങ്ങി വച്ചതു തീർക്കാൻ പാടുപെടുന്ന സമയത്താണു് കോട്ടയം പട്ടണത്തിനടുത്തുള്ള ദേവലോകത്തു നിന്നും കൊള്ളാവുന്ന ഒരു കല്യാണലോചന സുഷമയ്ക്കു് വന്നതു്. ചെറുക്കനു് കാറ്ററിംങ് ബിസിനസ് ആണു് പണിയത്രേ. കാറും കോളും ഒക്കെയുള്ള ‘ബല്യ കുടുംബക്കാർ’. രണ്ടു നിലയുള്ള ബംഗ്ലാവ് വീടു്. വീട്ടിൽ അനേകം പണിക്കാർ. കിഴക്കു് തോട്ടങ്ങൾ. കോട്ടയത്തു നിന്നും കാഞ്ഞിരപ്പള്ളി വഴി പിണ്ണാക്കനാടുള്ള ജാതിമര തോട്ടത്തിലേക്കു പോയ ഒരു ദിവസം അഞ്ജലി കോളേജിന്റെ വാതിൽക്കൽ വച്ചു് പുത്തൻ അംബാസഡർ കാറിന്റെ ടയർ പഞ്ചർ ആയി നിൽക്കുമ്പോളാണത്രേ കോട്ടയംകാരൻ വർക്കിച്ചൻ ആദ്യമായി സുഷമയെ കണ്ടതു്. അഞ്ജലി കോളേജിന്റെ വാതിൽക്കൽ മുതൽ പേട്ടക്കവലയിലെ ബസ് സ്റ്റോപ്പിൽ അവൾ എത്തുന്നതു് വരെ വർക്കിച്ചൻ അവൾ കുണുങ്ങി കുണുങ്ങി പോകുന്നതു് നോക്കി നോക്കി നിന്നു. അങ്ങനെ പെണ്ണിനെ കണ്ടിഷ്ടമായി ഇങ്ങോട്ടു് വന്ന ആലോചനയാണു്.
ചെറുക്കനും കൂട്ടരും കല്യണ ആലോചനയും വേണ്ടി വന്നാൽ കല്യാണ ഉറപ്പീരും പദ്ധതിയിട്ടു് റാഹേലാശാന്റെ വീടിന്റെ കരി പിടിച്ച കുഞ്ഞു വരാന്തയിലെ പ്ലാസ്റ്റിക് നെയ്ത വട്ടക്കസേരയിൽ അമർന്നിരുന്നു.
ചെറുക്കനെ കാണാൻ സിൽമാ നടൻ ജയനെ പോലെ ഇരിക്കുന്നു എന്നു് അന്നു് ആരൊക്കെയോ അയൽവക്കക്കാർ പറഞ്ഞു. കുറ്റം പറയരുതല്ലോ… അവൾക്കും തോന്നി അങ്ങനെ തന്നെ. ഒരു തരി പൊന്നോ പത്തുനയാ പൈസയോ സ്ത്രീധനമായി വേണ്ടത്രേ. മാത്രമല്ല പത്തു പവൻ ഇങ്ങോട്ടു് ഇട്ടും തരും. കല്യാണ ചിലവിനുള്ളതു് വേറെയും. റാഹേലാശാനെ പോലെയുള്ള ഒരു സാധു ദരിദ്രനു് എളുപ്പത്തിൽ നിരസിക്കാൻ സാധിക്കുന്ന ഒരു ‘ഓഫർ’ ആയിരുന്നില്ല അതു്. എങ്കിലും ലൂക്കാച്ചനുമായിട്ടുള്ള മകളുടെ അടുപ്പം അറിയാമായിരുന്ന റാഹേലാശാൻ മകളെ അടുക്കള മൂലയിൽ മാറ്റി നിർത്തി ചോദിച്ചു.
“മോളേ, ഒറ്റ ജീവിതമേ നമുക്കുള്ളൂ… അതു നമ്മൾ ഇഷ്ടപ്പെടുന്നവരുടെ കൂടെ ജീവിക്കണം, സ്വത്തും പണവും പ്രമാണവും ഒക്കെ വിധിയുണ്ടേൽ കർത്താവു് തന്നോളും. ഞാൻ നീ പറയുന്ന പോലെ ചെയ്യാം. ഈ വന്നിരിക്കുന്നവരെ വേണേ ഇപ്പൊ തന്നേ പറഞ്ഞു വിടാം, അല്ലേൽ ഇതു് ഒറപ്പിക്കാം… എന്തായാലും നിന്റെ ഇഷ്ടം”
അതിനു് മറുപടി പറയാതെ അടുപ്പിലെ തീയിൽ തിളയ്ക്കുന്ന കട്ടൻകാപ്പിയുടെ ചെറിയ ചരുവത്തിലേക്കു നോക്കി നിൽക്കുന്ന മകളോടു് അയാൾ തുടർന്നു.
“നിന്നെ വെഷമിപ്പിച്ചിട്ടു് അപ്പനൊരു സന്തോഷോം ഇല്ല കൊച്ചേ, എന്നാ വേണം… നീ പറ… ലൂക്കാപ്പി നല്ലവനാ”
പറമ്പിന്റെ മൂലേൽ ഒരു പാറക്കല്ലിൽ സുഷമ വരുന്നതും നോക്കി ഒട്ടുപാലിന്റെ ഒരു നീളൻ വള്ളി വലിച്ചുനീട്ടിയും പിന്നെ ചുരുക്കി പൂർവസ്ഥിതിൽ ആക്കിയും നേരം പോക്കി ഇരിക്കുകയായിരുന്നു ലൂക്കാച്ചൻ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു് ലൂക്കാച്ചനുള്ള കപ്പയും കാന്താരിയും ഉണക്കമീൻ ചതച്ച ചമ്മന്തിയും കൊണ്ടു് നാലുമണിക്കു് എത്താം എന്നു് അവൾ അവനോടു് വാക്കു് പറഞ്ഞിരുന്നു. അവൾക്കുള്ള ചുമന്ന പഞ്ചാരമുട്ടായി പത്തെണ്ണം ഒരു പേപ്പറിൽ പൊതിഞ്ഞു മുണ്ടിന്റെ എളിയിൽ അവനും തിരുകിയിരുന്നു. സമയം നാലര ആയിട്ടും അവളെ കാണാഞ്ഞതിനാൽ അവളുടെ വീടിന്റെ മതിലരുകിൽ ഒന്നു് പോയി ഒളിഞ്ഞു നോക്കണോ എന്നൊക്കെ ആലോചിച്ചു് ലൂക്കാ ഇരിക്കുന്ന സമയത്താണു് റാഹേലാശാൻ ഈ ചോദ്യം മകളോടു് ചോദിച്ചതു്. ലൂക്കാച്ചന്റെ കയ്യിൽ ഇരിക്കുന്നതു് ഉരുക്കിൽ തീർത്ത റോമാ സാമ്രാജ്യത്തിന്റെ അധികാര ചിഹ്നമായ ഉടവാൾ അല്ലെന്നും റബ്ബർ വെട്ടുന്ന തുരുമ്പു പിടിച്ചു തുടങ്ങിയ ഇരുമ്പിന്റെ ടാപ്പിങ് കത്തിയാണെന്നും മനസ്സിലാക്കാനുഉള്ള സാമാന്യ ബോധവും അതിനനുസരിച്ചു ചിന്തിക്കുവാനും തീരുമാനം എടുക്കുവാനും ഉള്ള പ്രായോഗിക ജ്ഞാനവും അവൾക്കുണ്ടാകാൻ ചരുവത്തിൽ നിന്നും ചൂടുള്ള കട്ടൻകാപ്പി സ്റ്റീൽ ഗ്ലാസ്സിലേക്കു് ഒഴിക്കുന്ന സമയം പൂർണമായി വേണ്ടി വന്നില്ല.
ചരുവത്തിൽ പഞ്ചാര ചൊരിഞ്ഞു് ഒരു തവികൊണ്ടിളക്കിക്കൊണ്ടു് അവൾ അപ്പനെ സമാധാനിപ്പിച്ചു. “ലൂക്കാച്ചനെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം അപ്പാ, അപ്പന്റെ സന്തോഷം നടക്കട്ടെ…ഇതങ്ങൊറപ്പീര്”
അന്നു് രാത്രി ചാത്തൻ പ്ലാപ്പള്ളി മലയിലെ പാറമുകളിൽ ഒരു കുപ്പി നാടൻ വാറ്റുമായി ഇരുന്നു് ലൂക്കാച്ചൻ കരഞ്ഞു. അന്നാണു് ജീവിതത്തിൽ ആദ്യമായി ലൂക്കാച്ചൻ കാറ്ററിംഗ് എന്ന വാക്കു കേൾക്കുന്നതു്. അപ്പൻ കെട്ടിതൂങ്ങി ചാകും എന്നൊക്കെ പറഞ്ഞാൽ ഏതു മകളും ഇതു തന്നെയേ ചെയ്യൂ എന്നവൻ സമാധാനിക്കാൻ ശ്രമിച്ചു. പോകാൻ നേരം ലൂക്കാച്ചനു് സുഷമ ഫ്രീ ആയിട്ടൊരു ഉപദേശവും കൊടുത്തു.
“ഈ റബ്ര് വെട്ടി നടന്നാ എങ്ങനെ ഒരു കുടുംബം പുലരും ലൂക്കച്ചായാ. ഭാര്യയും കുട്ടികളും ഒക്കെ ആയാപ്പിന്നെ എന്നും ദാരിദ്ര്യം തന്നേ ആയിരിക്കും. ലൂക്കച്ചായൻ എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങണം. എന്നിട്ടെന്നേലും നല്ലൊരു പെണ്ണിനെ കെട്ടണം. ലൂക്കച്ചായൻ നന്നായി ജീവിക്കുന്നതു് എനിക്കു് കാണണം. അതു മാത്രം മതി എനിക്ക്”
ആദി കാലം മുതൽ നിലനിന്നിരുന്ന പരമ്പരാഗതമായ ഈ തേപ്പു് ഡയലോഗോടും കുടുകുടാ ഒഴുക്കിയ കണ്ണീരോടും കൂടി വെട്ടിത്തിരിഞ്ഞു് ഒറ്റ ഓട്ടത്തിൽ അവൾ ആ രംഗം വിട്ടു.
പാവം പെണ്ണു്. ചങ്കു് കലങ്ങി ആണു് അവൾ വെട്ടിത്തിരിഞ്ഞു് ഓടി പോയതു്. തന്റെ നന്മ ആഗ്രഹിച്ച അവൾക്കും നന്മ വരട്ടേ എന്നു് ആഗ്രഹിച്ചു പ്രാർത്ഥിച്ചു് ലൂക്കാച്ചൻ അന്നു് രാത്രി ആ കാടിനു നടുവിലെ വലിയ ഉരുളൻ പാറമലയിൽ നിലാവിൽ തെളിഞ്ഞ മാനത്തിലെ നക്ഷത്രങ്ങളെ നോക്കി നോക്കി അവിടെ തന്നേ കിടന്നുറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുന്നേ തന്നേ കയ്യിൽ ഉണ്ടായിരുന്ന കുപ്പി ലൂക്കാ നക്കി വടിച്ചിരുന്നു.
കാലം കുറേ കടന്നു പോയി. നാട്ടുകാരുടെ പരിഹാസവും മനസ്സിലെ പ്രയാസവും കുറഞ്ഞു തുടങ്ങിയ കാലം ലൂക്കാച്ചനും തുടങ്ങി ഒരു ബിസിനസ്. ഒരു ചെറിയ കാറ്ററിങ്ങ് സർവീസ്. കുറേ വർഷങ്ങൾ സുമശാല കാറ്ററിംങ് എന്ന ആ സ്ഥാപനം നടത്തി പോന്നെങ്കിലും, ലൂക്കാച്ചൻ ഉണ്ടാക്കിയ ഭക്ഷണത്തോളം രുചി മറ്റൊരുടെയും സദ്യകൾക്കില്ലായിരുന്നുവെങ്കിലും കാര്യമായ ഒരു പുരോഗതി ആ സ്ഥാപനത്തിനുണ്ടായില്ല. ഒരു തരത്തിലും നടത്തിക്കൊണ്ടു് പോകുവാൻ പറ്റാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തിയപ്പോൾ ഉള്ളതെല്ലാം വിറ്റു് പെറുക്കി നില നിൽപ്പിനുള്ള അവസാന ശ്രമം എന്ന നിലയിൽ ലൂക്കാച്ചൻ ഒരു ടാക്സി കാർ വാങ്ങി. ലാഭവും മെച്ചവും ഒന്നും ഇല്ലായിരുന്നുവെങ്കിലും കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമ എന്ന ടൈറ്റിലിൽ ലൂക്കാച്ചൻ രഹസ്യമായ ഒരു വലിയ അഭിമാനം കൊണ്ടു നടന്നിരുന്നു. സുഷമയുടെ കെട്ടിയവന്റെ അതേ സ്റ്റാറ്റസ് താനും പുലർത്തുന്നു എന്നൊരു തോന്നലായിരുന്നു അയാൾക്കു്.
കാർ വാങ്ങിയ കാലത്തു് ലൂക്കാച്ചനു് ഏതാണ്ടു് പ്രായം അമ്പതി ആറു്. അടമന ജോസ് സാറിന്റെ മകൻ കുര്യച്ചൻ പഠിച്ചു വക്കീലായി കോട്ടയത്തു് കേസും കാര്യവും ഒക്കെ ആയി നടക്കുന്ന ഒരു ദിവസം ലൂക്കാച്ചൻ വന്നു് ഒരു വെഷമം പറഞ്ഞു.
“മാന്നെ കഴിഞ്ഞ മാസം വണ്ടിക്കൊരു പണി വന്നു, വണ്ടി പണിയാൻ സർവീസ് സെന്ററേ കൊടുത്തു. രണ്ടു ദിവസം കൊണ്ടു് ശരിയാക്കിത്തരാം എന്നു് പറഞ്ഞിട്ടു് നാൽപ്പത്തി ആറു് ദിവസം കഴിഞ്ഞിട്ടാണു് അവന്മാര് വണ്ടി തന്നതു്. ഒന്നര മാസം ഓട്ടം മുടങ്ങി. സിസി അടക്കാൻ പൈസ ഇല്ല. വീട്ടിൽ പട്ടിണിയും. എനിക്കാകെ കുഞ്ഞേയുള്ളൂ. കുഞ്ഞു് കേസ് കൊടുത്തു് എനിക്കൊരു നഷ്ടപരിഹാരം വാങ്ങിത്തരണം. അതിനുള്ള ഏതാണ്ടൊരു കോടതി ഇല്ലേ മാന്നെ?”
അങ്ങനെ കേസ് ഉപഭോക്തൃ കോടതിയിൽ എത്തി. കേസ് വിസ്ത്തരിക്കുന്നതിന്റെ തലേ ദിവസം കോടതിയിൽ പറയേണ്ടതു് എന്തെന്നു് പറഞ്ഞു പഠിപ്പിക്കാൻ കുര്യച്ചൻ ഒരു കുപ്പിയുമായി നാട്ടിൽ എത്തി. കുപ്പി പൊട്ടിക്കുന്നതിനു മുൻപു് തന്നേ നല്ല വൃത്തിയിൽ കുര്യച്ചൻ ലൂക്കാച്ചനെ കൂട്ടിൽ കയറി നിന്നു് പറയേണ്ട കാര്യം പഠിപ്പിച്ചു. പത്തു തവണ ലൂക്കാച്ചന്റെ വായീന്നു് അതു് പറഞ്ഞു പറഞ്ഞു കേട്ടു ബോധ്യപ്പെട്ടു.
“എമ്മാന്നെ, ഞാനൊരു പാവം ടാക്സി ഡ്രൈവർ ആണു്. ആകെയുള്ള വരുമാനം ഈ വണ്ടി ഓട്ടിച്ചു കിട്ടുന്നതാണു്. വീട്ടിലാകെ പ്രാരാബ്ദം ആണു്. എനിക്കും കെട്ടിയവൾക്കും ഒരുപാടു് രോഗങ്ങൾ ഉണ്ടു്. മരുന്നു വാങ്ങണം. കറന്റ് ബില്ല്, ഗ്യാസ്, പത്രം, പാലു്, പലചരക്കു് തുടങ്ങി എല്ലാം വാങ്ങണം. ഇതെല്ലാം ആ വണ്ടി ഓട്ടിച്ചു കിട്ടുന്ന പൈസക്കാണു് ചെയ്യണ്ടതു്. വണ്ടീടെ സിസിയും അടക്കണം. ഇതൊക്കെ അവരോടു് പറഞ്ഞിട്ടാ ഞാൻ വണ്ടി പണിയാൻ കൊടുത്തതു്. രണ്ടു ദിവസം കൊണ്ടു് തരാം എന്നു് പറഞ്ഞിട്ടു് നാൽപ്പത്തി ആറു് ദിവസം കൊണ്ടാണു് ഇവരെനിക്കു് വണ്ടി തന്നതു്. ഇത്ര നാളും കൊണ്ടു് കൊറഞ്ഞതു് ഒരു എഴുപത്തി അയ്യായിരം രൂപ ഓടി മിച്ചം ഉണ്ടാവേണ്ടതാ. അതെനിക്കു് വേണ്ട. ഒരു അമ്പതിനായിരം അനുവദിപ്പിച്ചു തരണം”
പണ്ടു് നാടകവുമായി അനേകം തട്ടേൽ കയറിയ പരിചയമുള്ള ലൂക്കാച്ചനു് കുര്യച്ചൻ പഠിപ്പിച്ച നാലു വരി മോണോലോഗ് തറ പറ എന്നു് പറയുമ്പോലെ നിസ്സാരമായിരുന്നു.
എന്നാലും പിന്നേം ഒരു പതിനാലു തവണ കൂടെ കുര്യച്ചൻ ലൂക്കാച്ചനെക്കൊണ്ടു് ഇതേ വാക്യങ്ങൾ റിപ്പീറ്റ് അടുപ്പിച്ചു.
ഇലകൾ പൊഴിഞ്ഞു തുടങ്ങിയ ചെറിയ തോട്ടത്തിലെ തോട്ടുവക്കിൽ ഇരുന്നു് അറുപതു് മില്ലി വച്ചു് വെട്ടുഗ്ലാസിനു നാലെണ്ണം ഒഴിച്ചടിച്ചിട്ടു് ലൂക്കാച്ചന്റെ നാക്കു് കുഴഞ്ഞു തുടങ്ങിയപ്പോൾ കുര്യച്ചൻ വീണ്ടും മൊഴി പറയാൻ ആവശ്യപ്പെട്ടു. നാക്കു കുഴയാതെ അക്ഷരം പ്രതി തെറ്റാതെ ലൂക്കാച്ചൻ ഇതാവർത്തിച്ചു. കുര്യച്ചൻ വക്കീലിനു് ആശ്വസമായി. ഈ കേസെങ്കിലും താൻ ജയിക്കും. തനിക്കൊരു ജയം ഇപ്പോൾ അനിവാര്യമാണു്. കുറേ നാളായി താൻ വാദിക്കുന്ന ഒരു കേസ് ജയിച്ചിട്ടു്. ഇതു് പൊളിക്കും. ഇത്രയും പറഞ്ഞാൽ വിധി നൂറു് ശതമാനവും അനുകൂലമായിരിക്കും. അങ്ങനെ നാളെ രാവിലേ കോടതിയിൽ കാണാം എന്നു് പറഞ്ഞിട്ടു് അവർ പിരിഞ്ഞു.
രാവിലേ കോടതി വരാന്തയിൽ വച്ചു് ലൂക്കാച്ചനും കുര്യച്ചനും വീണ്ടും കണ്ടു.
“ഒന്നൂടെ പറഞ്ഞേ”
കുര്യച്ചൻ വക്കീൽ ഒരവസാന റിവിഷൻ എന്ന വണ്ണം വീണ്ടും ഡയലോഗ് പറയിപ്പിച്ചു. തത്ത പറയുന്നപോലെ മണി മണിയായി ലൂക്കാച്ചൻ പഠിച്ചതു് വീണ്ടും പറഞ്ഞു. കുര്യച്ചൻ വക്കീലിനു് ആശ്വാസമായി. പെർഫെക്ട്.
കോടതി നടപടികളിലേക്കു് കടന്നു.
കേസിന്റെ ആവശ്യത്തിനു് വന്ന ഒരുപാടാളുകൾ സ്ത്രീകളും പുരുഷന്മാരും വക്കീലന്മാരും ഒക്കെയായി മുറിയിൽ നിറഞ്ഞിരുന്നു.
ലൂക്കാച്ചന്റെ കേസ് വിളിച്ചു.
ലൂക്കാച്ചൻ കൂട്ടിൽ കയറി നിന്നു.
പ്രതിഭാഗം വക്കീൽ അടുത്തു വന്നു് ലൂക്കാച്ചനോടു് ചോദിച്ചു.
“എന്താ പേരു്”
“ലൂക്ക് പൗലോസ്”
“എന്താ പണി”
“ഞാനൊരു കാറ്ററിംഗ് സർവീസ് നടത്തുവാ സാറേ”
കുര്യച്ചൻ വക്കീൽ ഞെട്ടിയതിലും കൂടുതൽ പ്രതിഭാഗം വക്കീൽ ഞെട്ടി.
“മാസം എത്ര വരുമാനം ഉണ്ടു്”
“ചിലവല്ലാം കഴിഞ്ഞു മിച്ചം ആണോ സാറ് ചോദിക്കുന്നതു്”
“അതേ”
“ഒരു ഒന്നു് ഒന്നര ലക്ഷം കാണും”
പ്രതിഭാഗം വക്കീൽ ജഡ്ജസ് പാനലിനെ നോക്കി ഒന്നു് താണു വണങ്ങി:
“യുവർ ഓണർ ഇനി എനിക്കൊന്നും ചോദിക്കാൻ ഇല്ല”
കേസ് പൊളിഞ്ഞു.
ലൂക്കാച്ചൻ സ്വന്തം കേസ്സ് അട്ടിമറിച്ചിരിക്കുന്നു…
കോടതിയുടെ പുറത്തെ പെട്ടിക്കടയുടെ മൂലയിൽ നിന്നു് സിഗരറ്റ് വലിക്കുകയായിരുന്നു ലൂക്കാച്ചൻ അങ്ങോട്ടു് ചെല്ലുമ്പോൾ കുര്യച്ചൻ വക്കീൽ. വിടർന്ന ചിരിയും തെളിഞ്ഞ മുഖവും ഈ ലോകത്തിലെ ഏറ്റവും വലിയ കോടതി കേസ് ജയിച്ചതുമായ സന്തോഷ ഭാവത്തോടെ അടുത്തേയ്ക്കു് നടന്നു വരുന്ന ലൂക്കാച്ചനെ കണ്ടപ്പോൾ അപ്പുറത്തു് കൂടെ ഒഴുകുന്ന ചളി നിറഞ്ഞ കാനയിലേക്കു് ഉന്തിത്തള്ളി ഇടാനാണു് കുര്യച്ചനു് തോന്നിയതു്. ചെറുപ്പം മുതലേ എടുത്തോണ്ടു് നടന്ന മനുഷ്യനാണു്. പത്തു പതിനഞ്ചു വയസ്സിൽ ആശാനായി മനസ്സാ വരിച്ചതാണു്. ഇരുപത്തി അഞ്ചു വയസ്സു് മുതൽ കള്ളുകുടിക്കുള്ള പ്രധാന കമ്പനിക്കാരൻ ആണു്. അതു കൊണ്ടൊക്കെ അഞ്ചു പൈസ ഫീസ് വാങ്ങാതെ ആണു് ഇവിടം വരെ കൊണ്ടെ എത്തിച്ചതു്. അമ്പതിനായിരം രൂപാ അനുവദിച്ചു കിട്ടിയാൽ അതിൽ നിന്നൊരു അയ്യായിരം വാങ്ങാം എന്നു് കരുതി, കുടുംബവും കുട്ടികളുമൊക്കെയായി ഒരുപാടു് ചിലവുകൾ ഉള്ളതാണു്. കുറേ നാളുകൾ കൂടി ഒരു കേസും ജയിക്കാമായിരുന്നു. എല്ലാം തൊലച്ചിട്ടു് ഇളിച്ചോണ്ടു് വരുന്നു.
അടുത്തെത്തിയപടി ലൂക്കാച്ചൻ കൈനീട്ടി.
“ഒരു പൊക താ മാന്നെ”
“പൊക…കു… നിങ്ങക്കൊരു മൈ… എന്നെക്കൊണ്ടു് ഒന്നും പറയിപ്പിക്കരുതു്, എന്നാ പുളുത്താനാടോ കെളവാ തന്നെ ഇന്നലെ പഠിപ്പിച്ചു് കൂട്ടീ കേറ്റിയെ”
“അതു മാന്നെ, രാവിലേ ഇത്രേം ആള് കൂടി നിൽക്കുന്ന സ്ഥലത്തു് മാന്യനായ ജാഡ്ജീടെ മുഖത്തു നോക്കി എങ്ങനാ ദാരിദ്ര്യം പറയുന്നേ എന്നോർത്തപ്പോ… നമുക്കൊരു അന്തസ്സില്ലേ മാന്നെ. മാൻ എന്നോടു് ക്ഷമി.”
കുര്യച്ചൻ ദേഷ്യം കൊണ്ടു് വിറച്ചു. എന്നാലും ഇയാളോടു് എന്തു് പറയാൻ ആണു്.
“തൊലച്ചില്ലേ രൂപാ അമ്പതിനായിരം”
“കാശ് പോട്ടെ മാന്നെ, പണം ഇന്നു് വരും നാളെ പോകും. നമുക്കു് വലുതു് അഭിമാനമല്ലെ”
“പിന്നെ എന്നാ ഓർത്തോണ്ടാ അന്നു് കേസ് കൊടുക്കാൻ പറഞ്ഞതു്”
“ഒരു തെറ്റു് ആർക്കാ മാന്നെ പറ്റാത്തതു്, ക്ഷമിക്കാനല്ലേ യേശു പറഞ്ഞേക്കുന്നെ. മാൻ എനിക്കൊരു പൊക താ”
“യേശു ചാട്ടവാറും എടുത്തിട്ടുണ്ടു്. തനിക്കു കാശിനു വെലയില്ലേ വേണ്ട. എനിക്കൊരു അയ്യായിരം കിട്ടേണ്ടതായിരുന്നു, അതും മൂ… മൂ…”
ദേഷ്യം തീർന്നില്ലെങ്കിലും ഇതും പറഞ്ഞു കുറ്റി അടുക്കാറായ സിഗരറ്റ് കുര്യച്ചൻ ലൂക്കാച്ചനു് നീട്ടി.
സിഗരറ്റ് വാങ്ങി ഒരു പുക ഊതി വിട്ടുകൊണ്ടു് ലൂക്കാച്ചൻ ആകാശം നോക്കി പറഞ്ഞു.
“ഒരു നൂറു് രൂപാ വണ്ടിക്കൂലി കിട്ടിയിരുന്നെങ്കിൽ വീട്ടീ പോകാമായിരുന്നു”
“ഒരു കാണയും ഇല്ലാതെയാണോ രാവിലേ എറങ്ങീരിക്കുന്നെ?”
“എന്റേൽ എവിടുന്നാ മാന്നെ, ഞാൻ വിചാരിച്ചു കേസ് ജയിച്ചു് അമ്പതിനായിരം കൊണ്ടു് തിരിച്ചു വരാമെന്നു്.”
ലൂക്കാച്ചന്റെ കിളി പറന്നോ എന്നൊരു നേരിയ സംശയം കുര്യച്ചണ്ടായി. എന്തായാലും വണ്ടിക്കൂലി കൊടുത്തു് കുര്യച്ചൻ ലൂക്കാച്ചനെ മടക്കി അയച്ചു.
അതിനു ശേഷം ആറു് മാസങ്ങൾ കഴിഞ്ഞു് കുര്യച്ചൻ വക്കീൽ നാട്ടിൽ വന്ന ഒരു ദിവസം. വക്കീൽ പഴയ വീടിന്റെ ഉമ്മറത്തിരുന്നു് ചൂടു് കട്ടൻ ഊതി ഊതി കുടിക്കുകയായിരുന്നു. വക്കീൽ എത്തിയ വിവരം അറിഞ്ഞു പറമ്പു ചാടി വന്ന ലൂക്കാച്ചൻ അപ്പുറത്തെ കയ്യാലക്കൽ ഒരു കള്ളനെ പോലെ പാത്തും പതുങ്ങിയും നിന്നിട്ടു് ഇടം കൈ കാട്ടി വക്കീലിനെ വിളിച്ചു. വലത്തേ കയ്യിൽ പേപ്പറിൽ ചുരുട്ടി എന്തോ കക്ഷത്തിൽ ചേർത്തു പിടിച്ചിട്ടുണ്ടു്. കുപ്പിയാണു്. താൻ എത്തിയ വിവരം അറിഞ്ഞു ഒരു മിലിട്ടറി റം ഒപ്പിച്ചു വന്നതാണു് കക്ഷി. വീടിനു് പിന്നിലുള്ള തോട്ടിൻകരയിൽ ആരും കാണാതെ പാത്തിരുന്നു് രണ്ടെണ്ണം ഊറ്റി അടിക്കാനുള്ള പദ്ധതിയാണു്. ഈ പ്രായത്തിൽ ഇനി രണ്ടെണ്ണം അടിക്കുന്നതു് ആരെങ്കിലും കണ്ടാലും വലിയ കുഴപ്പം ഉണ്ടായിട്ടല്ല. 18-ആം വയസ്സിൽ വീട്ടുകാരും നാട്ടുകാരുമറിയാതെ ഒളിച്ചും പാത്തും കയ്യാലക്കലും തോട്ടിൻകരയിലും ഇരുന്നു ലൂക്കാച്ചന്റെ കൂടെ തുടങ്ങിയ ശീലം ഒരു മുറ പോലെ ഇന്നും തുടരുന്നു എന്നേയുള്ളൂ. അതൊരു നൊസ്റ്റാൾജിയ ആണു്. നഗരത്തിൽ നിന്നും തിരക്കൊഴിഞ്ഞു് നാട്ടിൽ എത്തുമ്പോൾ മാത്രം കിട്ടുന്ന ഒരു നൊസ്റ്റാൾജിയ. പഴയ പാതകളും പാഞ്ഞ പറമ്പുകളും പണ്ടത്തെ കൂട്ടുകാരും ഒക്കെയായി ചെറിയ ചെറിയ രസങ്ങളിൽ വലിയ വലിയ സന്തോഷങ്ങൾ കണ്ടെത്തുന്ന ഒരു ‘ഇതു്’.
ലൂക്കാച്ചൻ പറമ്പു വളഞ്ഞു ചുറ്റി തോട്ടിൻ കരയിൽ എത്തി. കുര്യച്ചൻ വീടിന്റെ പിന്നാമ്പുറത്തു കൂടെയും.
തോട്ടിൻ കരയിൽ ഇരുന്നടിക്കുമ്പോൾ മറ്റു് അനുസാരികകൾ ഒന്നും കൊണ്ടുപോകേണ്ട ആവശ്യം ഇല്ല. കുപ്പിമാത്രമായി പോയാൽ മതി. തോട്ടിലേക്കുള്ള കുത്തു കല്ലു് കെട്ടിയ കയ്യാലയിലെ ഒരു കല്ലിളക്കി അതിനുള്ളിൽ ഒരു വെട്ടു് ഗ്ലാസ് പണ്ടേ അവർ ഒളിപ്പിച്ചു വച്ചിട്ടുണ്ടു്. തോടിലൂടെ ഒഴുകി വരുന്ന പവിത്ര ജലമുണ്ടു്. ഒന്നു് തൊട്ടു നക്കണമെങ്കിൽ നല്ല ചിലുമ്പി പുളി ഇറമ്പിലേക്കു് ചാഞ്ഞു നിൽപ്പുണ്ടു്.
അടിച്ചടിച്ചു കുപ്പി തീരാറായപ്പോ മുണ്ടും ഉടുപ്പും ഊരി അണ്ടർ വെയർ ഇട്ടു കൊണ്ടു് ലൂക്കാച്ചൻ വെള്ളത്തിലേക്കിറങ്ങി. മലമുകളിൽ നിന്നും ഒഴുകി ഇറങ്ങി വരുന്ന തെളിനീർ ജലത്തിനു നല്ല തണുപ്പും കുളിരും ഉണ്ടായിരുന്നു. തലേന്നു് പെയ്ത മഴയുടെ ഈർപ്പം റബ്ബർ മരങ്ങളിലും പുല്ലിലും പാറകളിലും പറ്റിപ്പിടിച്ചു നിൽപ്പുണ്ടായിരുന്നു.
കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിന്നിട്ടു് കുര്യച്ചനെ നോക്കി ലൂക്കാച്ചൻ പറഞ്ഞു.
“മാന്നെ, ഞാനെന്നാ അന്നു് കോടതീ അങ്ങനെ പറഞ്ഞതെന്നറിയാവോ”
കുര്യച്ചനിൽ പെട്ടന്നു് ആകാംക്ഷയും ജിജ്ഞാസയും ഉളവായി… ആറു് മാസങ്ങൾക്കു് ശേഷം ആ കഥയ്ക്കൊരു ട്വിസ്റ്റോ…??
“മാൻ എന്റെ സുഷമയെ കണ്ടിട്ടുണ്ടോ”
“ചെറുപ്പത്തീ”
കുറച്ചു നേരം റബ്ബറിലകളുടെ മേലേ കൂടെ പിഞ്ഞി പിഞ്ഞി കാണുന്ന ആകാശത്തിലേക്കു് നോക്കി ഇരുന്നിട്ടു് ലൂക്കാച്ചൻ തുടർന്നു.
“അന്നാ കോടതീലെ ആൾക്കൂട്ടത്തിലു് അവളും ഇരുപ്പൊണ്ടായിരുന്നു. എന്നാ കേസിനാണെന്നു് എനിക്കറിയാമ്മേല. വർഷങ്ങൾ നാൽപ്പതു് കഴിഞ്ഞെങ്കിലും ഞാൻ ഇനീം ഗതിപിടിച്ചിട്ടില്ല എന്നവള് അറിയേണ്ട എന്നു് കരുതി. അതൊരു തോൽവി അല്ലെ മാന്നെ.”
ലൂക്കാച്ചന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
കുര്യച്ചൻ അതു കാണാതെ ഇരിക്കുവാൻ അയാൾ കൈകുമ്പിളിൽ നിറയെ വെള്ളം കോരി എടുത്തു് തല വഴി ഒഴിച്ചു. ലൂക്കാച്ചന്റെ മുഖത്തു കൂടെ ഒഴുകി ഇറങ്ങിയ ജലം അയാളുടെ കണ്ണുകളിൽ തുളുമ്പി നിന്ന കണ്ണുനീരു് കൂടെ ആ പോക്കിൽ അങ്ങു് കൊണ്ടു പോയി.
“മാന്നെ, എന്റെ ഉടുപ്പിന്റെ പോക്കെറ്റീ ഒരു പൊതിയുണ്ടു് എടുത്തേ”
കുര്യച്ചൻ പാറപ്പുറത്തു് മടക്കി വച്ചിരുന്ന ഉടുപ്പെടുത്തു് നിവർത്തി. അതിന്റെ പോക്കറ്റിൽ ഒരു കടലാസ് പൊതി. തുറന്നു നോക്കിയപ്പോൾ അഞ്ഞൂറിന്റെ കുറച്ചു നോട്ടുകൾ.
“കുഞ്ഞെന്നെ ചീത്ത വിളിക്കരുതു്. അയ്യായിരം രൂപയൊണ്ടു്… അതു് മോൻ എടുത്തോ. എന്റെ ഒരു മനഃസമാധാനത്തിനു്”
ഒരു നിമിഷം ലൂക്കാച്ചനെ രൂക്ഷമായി തുറിച്ചു നോക്കിയിട്ടു് കുര്യച്ചൻ പറഞ്ഞു.
“ലൂക്കാച്ചാ, അതു് നാലായിട്ടു മടക്കി ലൂക്കാച്ചന്റെ കോ… അവിടെ വച്ചാ മതി. എന്നെക്കൊണ്ടു് ഒന്നും പറയിപ്പിക്കല്ലു്”
ഇരുന്ന പാറപ്പുറത്തു നിന്നു് എണീറ്റു് കയ്യിൽ ഇരുന്ന വെട്ടു ഗ്ലാസ്സിൽ ഒരു ബോട്ടംസപ്പ് എടുത്തു് ഗ്ലാസ് താഴെ വച്ചു് കൈലിയും ഷർട്ടും ഊരി നാൽപ്പത്തി മൂന്നുകാരൻ കുര്യച്ചൻ ബ്ലും എന്നു് പറഞ്ഞു് അറുപത്തി രണ്ടുകാരൻ ലൂക്കാച്ചന്റെ മുന്നിലേക്കു് ഒറ്റചാട്ടം.
ചാടിയ വഴി കുര്യച്ചൻ കറക്കി എറിഞ്ഞ ഷഡ്ഢി തോട്ടിറമ്പിലേക്കു് ചാഞ്ഞു നിന്ന ഒരു തൈ റബറിന്റെ തളിർ കൊമ്പിൽ മെല്ലെ ഇളകി ആടിക്കൊണ്ടിരുന്നു.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ മുൻ എം എൽ എ മുസ്തഫ കമാലിന്റെയും ജമീല ബീഗത്തിന്റെയും ഏഴുമക്കളിൽ ഏഴാമനായി ജനനം.
കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്കൂൾ, അരുവിത്തുറ സെയ്ന്റ് ജോർജ് കോളേജ്, എന്നിവിടങ്ങളിൽ നിന്നു് പ്രാഥമിക വിദ്യാഭ്യാസം. കാഞ്ഞിരപ്പളളി സെയ്ന്റ് ഡോമിനിക്സ് കോളേജിൽ നിന്നു് ബിരുദവും കോഴിക്കോട് ഗവ: ലോ കോളേജിൽ നിന്നു് നിയമ ബിരുദവും നേടി.
കറന്റ് ബുക്സ് തൃശൂർ പ്രസിദ്ധീകരിച്ച ഇളങ്കാട്ടിലെ കുട്ടിപ്പാപ്പൻ എന്ന നോവലിന്റെ രചയിതാവു്.
‘ദി സസ്പെക്ട് ലിസ്റ്റ്’ എന്ന മലയാള സിനിമയുടെ തിരക്കഥാ–സംവിധാനം എന്നിവ നിർവ്വഹിച്ചു. ഭാര്യ ജിഷ. മക്കൾ അനാർക്കലി, അയാൻ.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.
