ചെറിയ കുത്തുപോണിച്ചെരുവം എന്നു തോന്നുന്ന പിത്തള മൊന്തയിലാണു് അച്ഛൻ ചായ കുടിക്കാറു്. അതു് ബംഗാളി എന്നു് ആരോ പറഞ്ഞു. വംഗം എന്നു പറയണമെന്നു് വീട്ടിൽ വന്ന വലിയച്ഛൻ ഒരിക്കൽ പറഞ്ഞു. ചായ ഏറ്റവും ചൂടോടെ ഇരിക്കുക അതിലാണു് എന്നു് അനന്തൻ വിചാരിച്ചു.
അച്ഛൻ പുതിയ പാലുരുകി മണം വരുന്ന ചായ പല തവണ മൂക്കിനടുത്തു കൊണ്ടുവന്നു്, അങ്ങനെ നിറുത്തി, ഒടുവിൽ തീർത്തും സ്വാഭാവികമായി ഒരു നിമിഷം കൊണ്ടു് മൊന്തയുടെ അരികു് വായിൽ വെച്ച് ഒരിറക്കു് വലിച്ച് നാവിൽ അതു നിറുത്തിക്കൊണ്ടു് കണ്ണുകൾ അനക്കാതെ ഒരു നിമിഷം ശാന്തമായി ഇരുന്ന ശേഷം അടുത്ത വായ് വലിച്ചു കുടിക്കും. “അമ്മയുടെ മുല വലിച്ചു കുടിക്കുന്ന കൊച്ചു കുഞ്ഞിനെപ്പോലെ” എന്നു് അമ്മ മുണുമുണുക്കുന്നതു് അനന്തൻ കേട്ടിട്ടുണ്ടു്.
അച്ഛന്റെ പിന്നിൽ വന്നു നിന്നു് അമ്മ മെല്ലെ “ചായ എടുക്കട്ടാ?” എന്നു ചോദിച്ചു.
“വേണ്ട”
അമ്മ അനന്തനെ അത്ഭുതത്തോടെ ഒരു നിമിഷം നോക്കിയിട്ടു് അകത്തേക്കു ചെന്നു. അനന്തൻ അച്ഛൻ തന്നെ നോക്കാത്ത, എന്നാൽ താൻ നിൽക്കുന്നതറിയുന്ന അകലം പാലിച്ചു നിന്നു. അവന്റെ കൂടെ പഠിക്കുന്ന സരോജിനി, സാവിത്രി എന്നീ ഇരട്ടകളുടെ ചേച്ചിയുടെ കല്യാണം. രണ്ടു പേരും അവനെ വെവ്വേറെ വിളിച്ചിട്ടുണ്ടു്. കല്യാണം ദൂരെ മഞ്ചാലുമൂട്ടിൽ. പള്ളിക്കൂടത്തിലേക്കു തന്നെ എട്ടു കിലോമീറ്ററുണ്ടു്. അവിടന്നു പിന്നെയും എട്ടു കിലോമീറ്റർ പോകണം. വീട്ടിലറിയാതെ പോവുകയൊക്കെ ചെയ്യാം. പക്ഷേ കല്യാണത്തിനിടാൻ വെച്ച നല്ല ട്രൗസറും ഷർട്ടുമിട്ടു് അങ്ങനെയങ്ങൊരുങ്ങിപ്പോകാൻ കഴിയില്ല.
സരോജിനി, സാവിത്രിമാരുടെ അച്ഛൻ ചിന്നയ്യൻ പെരുവട്ടർ സ്വന്തമായി കാറുള്ള ആൾ. വെള്ള ടർക്കി ടവ്വൽ വിരിച്ച സീറ്റുകളുള്ള ആ കറുപ്പ് അമ്പാസിഡർ കരിമണി പോലെ പളപളാ മിന്നും. കറുത്ത വമ്പയർ മണി പോലെ. അനന്തൻ അതു നോക്കി നിന്നു് മുടി ചീകിയിട്ടുണ്ടു്. അതു് എവിടെ നിൽക്കുമ്പോഴും അതിൽ നോക്കി മുടി ചീകുന്നതു് ചെറുക്കന്മാർക്കൊരു കളിയാണു്. ‘പോവിനെടേ’ എന്നു അവരെ തുരത്തി വിട്ടു് വലിയവരും മുഖം നോക്കി മീശ പിരിക്കും.
അനന്തൻ സരോജിനിയോടും സാവിത്രിയോടും കല്യാണത്തിനു് ഉറപ്പായും വരാം എന്നു വാക്കു കൊടുത്തിട്ടുണ്ടു്. അതോ ഒരാളോടു തന്നെ രണ്ടു തവണ വാക്കു കൊടുത്തോ? അവരിരുവരിൽ ആരു സാവിത്രി, ആരു സരോജിനി എന്നു് കണ്ടു പിടിക്കാൻ അവനെക്കൊണ്ടു കഴിഞ്ഞിട്ടില്ല. അവർക്കുമതെ, ഒരാൾ മറ്റൊരാളായി മാറിക്കളിക്കുന്നതിൽ വാട്ടമൊന്നുമില്ല. ശരിക്കും അവർ ഇങ്ങനെ ഒരാൾ മറ്റൊരാളായി മാറിപ്പോകുന്നുണ്ടു്.
അനന്തൻ നാലു ദിവസമായി ആകാംക്ഷപ്പെട്ടതു പോലെത്തന്നെ അച്ഛന്റെ മേശമേൽ ആ കല്യാണക്കത്തു കണ്ടു. പതിവു മട്ടിൽ മഞ്ഞനിറമുള്ള ചട്ടയിൽ അച്ചടിച്ച കത്തല്ല അതു്. ചട്ടമേൽ റോസാപ്പൂച്ചിത്രം ഉണ്ടായിരുന്നു. താല്പര്യത്തോടെ അവനതെടുത്തു മറിച്ചു നോക്കി. “മഞ്ചാലുമൂടു മേക്കര വീട്ടിൽ ചിന്നയ്യൻനാടാർ (മേക്കര പെരുവട്ടർ) മകൾ സരസ്വതി എന്ന ചിന്നക്കുട്ടിയും…”
അവൻ പടപടപ്പോടെ വീണ്ടും നോക്കി. ശരിയാണു്. അവനു് കല്യാണക്കത്തു് കൊടുത്തിട്ടില്ല. വലിയവർക്കു മാത്രമേ കത്തുള്ളൂ. അച്ഛൻ പോകുമോ എന്തോ? അച്ഛനും മേക്കര പെരുവട്ടാർക്കും തമ്മിൽ അടുപ്പമുണ്ടാവാൻ ഒരു സാധ്യതയുമില്ല. എന്നാൽ മേക്കര പെരുവട്ടർ കൂടെക്കൂടെ രജിസ്ട്രാഫീസിൽ വരുന്നയാൾ. അദ്ദേഹത്തിനു് ഒട്ടു വളരെ ഭൂമി സ്വന്തമായുണ്ടു്. അവരുടെ കുടുംബം മാർത്താണ്ഡവർമ്മയുടെ കാലം തൊട്ടേ പുകഴ്പെറ്റതു്. എട്ടുവീട്ടുപ്പിള്ളമാരെ ഒടുക്കുന്നതിൽ അരചനു തുണനിന്നതു് മേക്കര ആശാന്റെ വംശം.
അച്ഛനില്ലാത്ത നേരത്തു് അവൻ ആ കല്യാണക്കത്തെടുത്തു് അച്ഛന്റെ കയ്യോ കണ്ണോ തട്ടുന്നിടത്തേക്കു വെച്ചു കൊണ്ടിരുന്നു. അച്ഛനതു നാലഞ്ചു തവണ എടുത്തു നോക്കുന്നതും ശ്രദ്ധിച്ചു. പക്ഷേ താല്പര്യമൊന്നും കാട്ടുന്നില്ല എന്നാൽ അതെടുത്തെറിഞ്ഞു കളയുന്നുമില്ല. അതിന്മേലുള്ള ചന്തമേറിയ റോസാപ്പൂ ചിത്രം അച്ഛനെ ആകർഷിച്ചിരിക്കാം.
ഇന്നലെ സന്ധ്യക്കു് പൂമുഖത്തിണ്ണയിലിരുന്നു മുറുക്കി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ യാദൃച്ഛികമായി കത്തു കയ്യിലെടുത്ത ടീക്കനാർ “ആരാ ആള്?” എന്നു ചോദിച്ചു.
“മേക്കര പെരുവട്ടർ… വല്യ പുളളിയാ… മാസത്തിലൊരു ഒത്തിയോ പാട്ടമോ ഒഴിപ്പിക്കലോ കാണും… വരാറുണ്ട് ”. അച്ഛൻ പറഞ്ഞു.
“ഒരു കത്തിന് ഒരു രൂപ വെലയുണ്ടാവും” അതു വാങ്ങി നോക്കിക്കൊണ്ടു ടീക്കനാർ പറഞ്ഞു.
അനന്തൻ ഇടക്കു കേറി “എന്റെ ക്ലാസിലാ അവരുടെ മക്കൾ പഠിക്കുന്ന്… എരട്ടപ്പെങ്കുട്ടികളാ…” എന്നു പറഞ്ഞു.
അച്ഛൻ തിരിഞ്ഞു് “അകത്തു പോയ് പഠിക്ക്” എന്നു ചീറി.
പെരുവട്ടർ ചിരിച്ചു. “മക്കാ, അവളുമാരടെ പേരെന്ത്?”
അവൻ ശബ്ദം താഴ്ത്തി. “സരോജിനി, സാവിത്രി”
“നല്ല കുട്ടികളാ?”
“നന്നായി പഠിക്കും”
“പഠിപ്പാർക്കു വേണം? കാണാൻ എങ്ങനെ?”
അനന്തനു ശ്വാസം തിക്കു മുട്ടി.
“പോടാ” അച്ഛൻ പറഞ്ഞു.
അവൻ ചുവരിനു പിന്നിൽ മറഞ്ഞു നിന്നു. “കല്യാണത്തിനു പോകണമല്യോ?” ടീക്കനാർ ചോദിച്ചു.
“ഛെ ഛെ, അത്രക്കും അടുപ്പമില്ല.അതിനായി അത്ര ദൂരം പോവുകാന്നു വെച്ചാ…”
“ഓരോ ക്ഷണക്കത്തും കുറഞ്ഞത് ഒരു രൂപാ ചെലവിൽ അടിച്ചതാണ്… പത്തു രൂപായെങ്കിലും അവിടെ സംഭാവന വയ്ക്കണ്ടേ?” പെരുവട്ടർ പറഞ്ഞു.
“പൈസ വേണ്ട… സംഭാവന കൊടുക്കേണ്ടാന്നു കീഴേ എഴുതീട്ടുണ്ട്” ടീക്കനാർ പറഞ്ഞു.
പെരുവട്ടർ അതു വായിച്ചു. “അതെയോ? അങ്ങനെ അടിച്ചിട്ടുണ്ടോ?”
അച്ഛൻ “അത്രേം സൊത്തുണ്ട് അവർക്ക്” എന്നു പറഞ്ഞു.
“എന്നാലും മഹാലക്ഷ്മിയെ വേണ്ടാന്നു വെയ്ക്കുമോ” ടീക്കനാർ പറഞ്ഞു.
“വരുന്നോരിൽ എവൻ പൈസാ കൊടുക്കുന്നോൻ എവൻ കൊടുക്കാത്തോൻ എന്ന് കണക്കു നോക്കാതെ ഇരിക്കുന്നതു തന്നെ നല്ലത്” അച്ഛൻ പറഞ്ഞു.
രാവിലെ അച്ഛൻ പതിവിലും നേരത്തേ എണീറ്റു് “എടീ ചൂടുവെള്ളം എടുക്ക്” എന്നു പറഞ്ഞപ്പോൾ അവനു് പെടപെടപ്പുണ്ടായി. ഒരു വേള കല്യാണത്തിനു് പോകുമായിരിക്കുമോ? കണ്ണിൽ പെടും വിധം തങ്ങിത്തങ്ങി നടന്നാൽ ചിലപ്പോൾ കൂട്ടികൊണ്ടുപോയേക്കും. അവൻ പൂമുഖത്തു നിന്നു മാറിയതേയില്ല.
അച്ഛൻ കുളി കഴിഞ്ഞു് ഇരുന്നപ്പോഴേക്കും പെരുവട്ടർ വന്നു. അവർ വെള്ളമുണ്ടും വെള്ള ഷർട്ടും അണിഞ്ഞിരുന്നു. തോളിൽ വെള്ള ടർക്കി ടവൽ. വന്നിരുന്നതും അച്ഛൻ വന്നു നോക്കി “ചായ എടുക്കട്ടോ?” എന്നു ചോദിച്ചു.
“ടീക്കനാരു വരട്ടെ”
കരുപ്പൻ “വൗ” എന്നു കുരച്ചു.
“ടീക്കനാരോ?” അച്ഛൻ ചോദിച്ചു.
വന്നതു് കരിങ്കുരങ്ങ്. അതു് മേൽക്കൂരയിൽ നിന്നു് ആടിത്തൂങ്ങി മുറ്റത്തിറങ്ങി തിണ്ണയിലേറി തൂണിൽ ചാഞ്ഞിരുന്നു് ക്ഷീണത്തോടെ കോട്ടുവാ വിട്ടു.
“ചുക്കിരി ഷീണിച്ചു പോയി” പെരുവട്ടർ പറഞ്ഞു.
“അവനിവിടെ ജോഡി ഇല്ലല്ലോ?” അച്ഛൻ പറഞ്ഞു.
“അപ്പം കാട്ടിലേക്കു പോയാലെന്താ?” പെരുവട്ടർ ചോദിച്ചു.
“കാട്ടിലതിന് കൂട്ടുകാരന്മാരായ് ആരിരിക്കിണു? ഇവടെ നമ്മളുണ്ട്”.
“നമുക്ക് ഇവനൊരു പെണ്ണു നോക്കി കെട്ടിക്കാൻ പറ്റുമോ?”
ചുക്കിരി എന്നു് അതിനു പേരിട്ടതു് ടീക്കനാരാണു്. അമ്മ അതിനെ സുഗ്രീവൻ എന്നു വിളിച്ചതിന്റെ ചുരുക്കം. അമ്മ അച്ഛനെ ബാലി എന്നും അതിനെ സുഗ്രീവൻ എന്നും വിളിച്ചു. രാവിലെ അച്ഛനെണീറ്റു കുളിക്കാൻ പോകുമ്പോൾ മരത്തിൽ നിന്നിറങ്ങി കൂടെ പോകും. അച്ഛൻ ചുടുവെള്ളമൊഴിച്ചു കുളിക്കുന്നതു് അപ്പുറമിരുന്നു് നോക്കിക്കൊണ്ടിരിക്കും. അച്ഛനോടൊപ്പം മാടിന്റെ ചെള്ളു പറിച്ചുകളയും. കരുപ്പനും ഇടയ്ക്കു് ചെള്ളു പറിച്ചു കൊടുക്കാറുണ്ടു്.
ടീക്കനാർ തിടുക്കപ്പെട്ടു വന്നു. അവരും വെള്ളമുണ്ടും വെള്ള ഷർട്ടും അണിഞ്ഞു തോളിൽ വെളുത്ത ടർക്കി ടവൽ ഇട്ടിരുന്നു.
ചുക്കിരി “ഇർർർ” എന്നു ശബ്ദമുണ്ടാക്കി.
“ഉറക്കം ശരിയായില്ല കേട്ടോ. ഇന്നലെ എരുമക്ക് എന്തോ മനസ്സു ശരിയല്ല… വിളിച്ചോണ്ടേ ഇരുന്നു. എന്താന്നു കേട്ടു മനസ്സിലാക്കി അതിനെ സമാധാനപ്പെടുത്തിയപ്പൊളേക്കും പള്ളിയില് മണിയടിച്ചു” ടീക്കനാർ വിശദീകരിച്ചു.
അമ്മ വന്നു “ചായ എടുക്കട്ടേ?” എന്നു ചോദിച്ചു.
“എടുപിള്ളേ” എന്ന മട്ടിൽ ടീക്കനാർ ഇരുന്നു.
“എരുമയ്ക്ക് എന്തു മനസ്സങ്കടം?” പെരുവട്ടർ ചോദിച്ചു.
“എന്തോ… അതിന്റെ മനസ്സ് നാമെന്തു കണ്ടു?”
“മഴ കാത്തുകാത്ത് മനസ്സു നൊന്തിരിക്കും… നല്ല എരിവെയിലു കാലമല്ലേ?” അച്ഛൻ പറഞ്ഞു.
“പുല്ലു കടിക്കുന്നില്ലേ?” പെരുവട്ടർ ചോദിച്ചു.
“ഇപ്പം നന്നായി വൈക്കോലു തിന്നുന്നുണ്ട്”
അമ്മ മൂന്നു കപ്പുകളിൽ ചായ കൊണ്ടുവന്നു വെച്ചു. ടീക്കനാർ ആ ക്ഷണക്കത്തെടുത്തു നോക്കി “ഇന്നല്ലിയോ ഈ കല്യാണം?” എന്നു ചോദിച്ചു. പിൻപുറം നോക്കി “എട്ടുമംഗലം നാരായണൻ നായര് അരിവെയ്പ്പ്… അതും എഴുതീട്ടുണ്ടല്ലേ? പന്തലുകാരന്റെ പേരും ചേർക്കേണ്ടതു തന്നെ?”
“ആര് ?” അച്ഛൻ ചോദിച്ചു. “നോക്കട്ടെ” അതു പിടിച്ചു വാങ്ങിച്ച് “തന്നെ, എട്ടു മംഗലം… ഏയ്, എട്ടു മംഗലം നാണുക്കുട്ടനെ അറിയൂലേ?”
“അരിവെയ്പ്പുകാരനാണോ?” ടീക്കനാർ ചോദിച്ചു.
“സാധാരണ അരിവെപ്പുകാരനല്ല. മഹാരാജാവിന്റെ കൈ കൊണ്ട് പട്ടും വളയും വാങ്ങിച്ചയാള്… അഭിനവ നളൻ എന്നു പേരെടുത്ത ആള്”
“മറ്റൊരാളും കൂടി ഉണ്ടല്ലോ, അല്ലേ?”
“അവര് ചമ്പക്കുന്നു കരുണാകരൻ. അഭിനവ ഭീമൻ. ഹേയ്, പാചകത്തിൽ ഭീമപാകം നള പാകംന്നു രണ്ടു തരമുണ്ട്… കൊറച്ചു കൊറച്ചായി വെയ്ക്കുന്നതു നളപാകം. അതായതു പൂവു കൊണ്ടു മാലകെട്ടും പോലെ. വലുതായിട്ടു വെയ്ക്കുന്നതു ഭീമപാകം. അതായതു പാറ കൊണ്ടുവന്നു കോവിൽ കെട്ടും പോലെ”.
“ഇവര് കല്യാണത്തിനു വെയ്ക്കുന്ന ആളല്ലേ?”
“മല മലയായി പൂവു കെട്ടി അങ്ങനെ മാലയാക്കാല്ലോ”.
ടീക്കനാർ ചായക്കപ്പ് എടുക്കേ അച്ഛൻ പറഞ്ഞു “ചായ കുടിക്കാൻ വരട്ടെ… നമുക്ക് മഞ്ചാലുമൂടു പോകാം”.
“ആനയെ കാണാൻ പാറശാലയ്ക്കല്ലിയോ പോകുന്നത്?”
“ആന അവിടെത്തന്നെ നിൽക്കും. കർപ്പൂരത്തിൽ ഉണ്ടാക്കിയതല്ലല്ലോ? അലിഞ്ഞു പോവൂല. നമുക്ക് അഭിനവ നളന്റെ കല്യാണ ശാപ്പാട് ഉണ്ണാൻ പോകാം”.
“അതിന് നിന്നെ മാത്രമല്ലിയോ വിളിച്ചിട്ടുള്ളൂ? ഞങ്ങൾ എങ്ങനെ വരും?”
“ഹേ, ഒരു നല്ല പാട്ട് ഒരുത്തൻ പാടിയാൽ നീ എന്തു ചെയ്യും? അവൻ വിളിച്ചു പറയണമോ വന്നു പാട്ടു കേൾക്കെന്ന് ? ഒരു കാറ്റടിക്കിണു. ഒരു പൂമണം വരിണു. എല്ലാം ദൈവത്തിന്റെ വിളിയാ… വരിനെടോ”
ടീക്കനാർ പെരുവട്ടാരോടു ചോദിച്ചു: “പോയാലോ?”
“പോകാം, ഇങ്ങനെ വിളിക്കുമ്പോ…”
അച്ഛൻ ചായ വേണ്ട എന്നു പറഞ്ഞു. “ചായ കുടിച്ചാ വയറ് അമർന്നു പോകും”
അനന്തൻ “എന്റെ ക്ലാസീ പഠിക്കിണ കുട്ടികളാ” എന്നു പറഞ്ഞു.
“അകത്തു പോ, ചെറുക്കൻ ഇങ്ങു കിടന്നു ചുറ്റുകാ” അച്ഛൻ പറഞ്ഞു.
അനന്തനു ബുദ്ധിയുണർന്നു. “അഭിനവ നളന്റെ വെപ്പാണെന്ന് സരോജിനി പറഞ്ഞു”
അച്ഛൻ തിരിഞ്ഞു് അവനെ സൂക്ഷിച്ചു നോക്കി. “ശരി അമ്മയോടു പോയിപ്പറഞ്ഞ് ഷർട്ടിട്ടു വാ”
അനന്തൻ പാഞ്ഞു് അകത്തേക്കോടി. “ഷർട്ട്… നൈലക്സ് ഷർട്ട്… നീല ഷർട്ട്!” എന്നു കൂവി.
“നൈലക്സാ? അതെന്തിന്?”
“അച്ഛൻ പറഞ്ഞു. നൈലക്സ് ഷർട്ട് ഇട്ടോടാ ന്നു പറഞ്ഞു”.
“എവിടെ പോണു?”
“സരോജിനിയുടെ വീട്ടിലെ കല്യാണത്തിന്”
“കല്യാണത്തിനോ? പറഞ്ഞേ ഇല്ലല്ലോ?”
“ഇപ്പൊത്തീരുമാനിച്ച് എറങ്ങുന്നേയുള്ളൂ”
“നീയും പോണുണ്ടോ?”
“അച്ഛൻ വരാൻ പറഞ്ഞു”
“നൈലക്സ് എന്തിന്?”
“നൈലക്സ് ഷർട്ടുണ്ട് എന്നു ഞാൻ സരോജിനിയോടു പറഞ്ഞതാ”
“നൈലക്സൊന്നും വേണ്ട. വെയിലത്ത് എരിയും”
“നൈലക്സ് ഷർട്ട്! നൈലക്സ് ഷർട്ട്! നൈലക്സ് ഷർട്ട്!”
“ഒച്ചയിടാതെ… എടുത്തു തരാം”.
നൈലക്സ് സത്യത്തിൽ പെൺകുട്ടികൾക്കു കുപ്പായം തയ്ക്കാൻ പറ്റിയതാണു്. നീലനിറത്തിൽ ജിലുജിലുന്നനെയുണ്ടു്. ടൈലർ കുഞ്ഞൻ അച്ഛനോടു്, “നല്ല തുണിയാ, ചെറിയ കുട്ടിക്ക് ഒരു ഷർട്ടു തയ്ക്കാം പിള്ളേ, നന്നായിരിക്കും” എന്നു പറഞ്ഞു.
“തയ്യൽ നിക്കുമോടേ?” അച്ഛനു സംശയം.
“ഉള്ളിൽ തുണി വെച്ചു തയ്ക്കാം… നിക്കും”.
നൈലക്സ് ഷർട്ടിട്ടതും അനന്തനു് താനൊരു വലിയ മീൻകൊത്തിയാണെന്നു തോന്നി. പാഞ്ഞുചെന്നു മീൻ കൊത്തിയെടുത്തു് ചിറകുവിരിച്ച് മേശമേൽ കേറിയിരുന്നു.
“ടേയ് കീറിക്കൊണ്ടു വരാതെ”
“മയിലുമാതിരിയല്ലേ ഇരിക്കുന്ന്?” തങ്കമ്മ വായിൽ കൈവെച്ചു ആശ്ചര്യപ്പെട്ടു.
“മായി തത്ത! മായി തത്ത!” എന്നു കുട്ടി ചിണുങ്ങാൻ ആരംഭിച്ചപ്പോൾ അമ്മ അതിനെ എടുത്തു “ന്റെ കിലുക്കാംപെട്ടിക്കു മയില് കുപ്പായം തരാം ട്ടോ” എന്നു് അപ്പുറം കൊണ്ടുപോയി.
അച്ഛനും ടീക്കനാരും പെരുവട്ടരും അങ്ങനെത്തന്നെ വെച്ചിട്ടു പോയ മൂന്നു കപ്പു ചായയും ചുക്കിരി എടുത്തു കുടിച്ചു. നാക്കു ചുഴറ്റി കോപ്പ മറിച്ചിട്ടു് ഉള്ളിൽ ചായയുണ്ടോ എന്നു ശ്രദ്ധിച്ചു നോക്കി. കയ്യകത്തിട്ടു ചുഴറ്റിയും പരതി.
അവരിറങ്ങിയതും അതു് അനന്തനെ നോക്കി കണ്ണുകൾ ചിമ്മി. ഇനിയതു വീട്ടിനുള്ളിലേക്കു ചെന്നു് അടുക്കളയോടു് ഒട്ടിയിരുന്നു് ഇട്ലി വാങ്ങി ശാപ്പിട്ടു പോകും. ഒരു മുഴുവൻ ഇട്ലി വായിൽ പോക്കി വച്ചിട്ടുണ്ടാവും.
അച്ഛനും പെരുവട്ടരും ടീക്കനാരും മുന്നോട്ടു നടക്കേ അനന്തൻ ടീക്കനാരുടെ കൈ പിടിച്ചാണു പോയതു്. അച്ഛൻ നാണുക്കുട്ടൻ നായരെപ്പറ്റി പറഞ്ഞു കൊണ്ടേയിരുന്നു. നാണുക്കുട്ടൻ നായരുടെ അച്ഛൻ എട്ടുമംഗലം കേശവൻ നായരും വലിയ പാചകക്കാരൻ. അവരുടെ സദ്യ അച്ഛൻ ചെറുപ്പത്തിൽ പാറശാല ക്ഷേത്ര ഉത്സവത്തിൽ വച്ചാണു് ആദ്യം കഴിച്ചതു്. അതിൽ പിന്നെ രണ്ടു തവണ. പൊന്മന തലക്കെട്ടു വലിയനില അച്ചുതൻ തമ്പിയുടെ മകളുടെ കല്യാണത്തിനു്, തിരുവട്ടാർ അമ്മവീട്ടിലെ കുഞ്ഞി ലക്ഷ്മിക്കുട്ടിയമ്മയുടെ കല്യാണത്തിനു്.
“തിരുവട്ടാറില് അവരൊരു അവിയല് വെച്ചിട്ടൊണ്ടു്. അത് അവിയൽ… അവിയലെന്നാ അതാണ്. അവിയലില് ചേനയും ചേമ്പും തമ്മിൽ ഒരു സ്വരച്ചേർച്ച വരണം. അത് ചില്ലറക്കാരന്റെ കൈയ്ക്കു വരൂല്ല. അന്നത് നൂറു പെഴ്സൻറും വന്നു. അവിയലിനു മേലേ തൈരൊഴിക്കണം. അവിയല് ഇറക്കുന്നതിനു തൊട്ടു മുമ്പ്, ചേനക്കഷണത്തിന്റെ കറമണം പോയി തേങ്ങ വെന്തു മൂത്ത മണം വരുന്നതിനിടയിൽ കൊണ്ടന്നൊഴിയ്ക്കണം. ഇല്ലെന്നാ പോയി”
“ഇവരെങ്ങനെ?” ടീക്കനാർ ചോദിച്ചു.
“ഇവരും ഗജകില്ലാഡിയാ… പോയ വർഷം തിരുവട്ടാറിലെ അനന്തപത്മനാഭൻ നായരുടെ മകന്റെ കല്യാണത്തിനു് ഒരു കൂട്ടുകറി വച്ചു. ചുരങ്ങാക്കൂട്ടുകറി ഒരു എശക്കേടു പിടിച്ച ഐറ്റമാണ്. കറിയാ, പക്ഷേ സ്വല്പം മധുരം കാണും. മധുരം നിക്കേണ്ട എടത്ത് നിക്കണം. കെട്ടിയ പുരുഷന്റെ കൂടെ വീട്ടീത്തന്നെ നിക്കുന്ന മാതിരി. കൂടിപ്പോയാ വായിലേ വെയ്ക്കാൻ പറ്റൂല. കുറഞ്ഞാ രുചിയും കാണൂല… അതൊരു കല തന്നെ, അല്ലേ?” അച്ഛൻ പറഞ്ഞു.
“അതൊരു കൈപ്പുണ്യമാ” ടിക്കനാർ പറഞ്ഞു.
“ഇപ്പം സോപാനപ്പാട്ടിന് എടയ്ക്ക എങ്ങനിരിക്കും? പാട്ടു പോണ വഴിക്ക് എടയ്ക്ക വരണം. എന്നാ പാട്ടു കേക്കുമ്പോ എടയ്ക്ക മൊഴച്ചു നിക്കരുത്. പാട്ടിനുള്ളിൽ എടയ്ക്കടെ താളം വേഗത്തിൽ കലർന്നുവരണം…” അച്ഛൻ കൈ വീശി. “അതിനാണ് എടയ്ക്കക്ക് നല്ല കോല് വേണം ന്നു പറയിണത്. കിണ്കിണൂന്നൊന്നും കേക്കരുത്… മെത് മെത് ന്നും പാടൂല. മുറുകിയ ശബ്ദം വരണം. നല്ല കാതിന് അതറിയുമെടോ”
ആറുകടന്നു് മാറപ്പാടി കവലയിൽ പതിനാറു ജി ബസ്സു പിടിച്ചു. അതു് കുഴിത്തുറയ്ക്കു പോകുന്നതു്. മേൽപാലം കവലയിലിറങ്ങി അവിടെ നിന്നു് അടുത്ത ബസ്സിനു് മഞ്ചാലുമൂട്ടിലേക്കു്. വഴി നീളെ അച്ഛൻ പാചകത്തെപ്പറ്റിത്തന്നെ പറഞ്ഞു കൊണ്ടിരുന്നു. “നല്ല സദ്യയുണ്ടാ ഒരു ഗുണമൊണ്ടു്. എന്തൊക്കെയാ നമ്മള് കഴിക്കിണത് ? ചോറ് സാമ്പാറ് അവിയല് തോരൻ അതിനുമേൽ പ്രഥമൻ ബോളി. എന്നാ ഉണ്ടു കഴിഞ്ഞു് ഏമ്പക്കം വിടുമ്പം നമ്മള് അറിയാത്ത ഒരു പുതിയ ശാപ്പാടിന്റെ മണം വരണം…”
“അതെങ്ങനെ?” ടീക്കനാർ ചോദിച്ചു.
“ഏ, വെറ്റിലയും ചുണ്ണാമ്പും പാക്കും ചേർന്നാ താംബൂലമണം എങ്ങനെ വരിണു?”
ടീക്കനാർ “അതു ശരിയാ” എന്നു പറഞ്ഞു.
“അതേ മാതിരി അത്രയും ശാപ്പാടു ചേർന്ന് വയറ്റിൽ ഒന്നായിടണം. അതാണ് അന്ന ലക്ഷ്മി. നല്ല ദേഹണ്ണക്കാരൻ കയ്യുവെച്ചില്ലെങ്കീ പുളിച്ച ഏമ്പക്കം വരും… എരയെടുത്ത പാമ്പു മാതിരി ഞെളിയും. നന്നായി സദ്യയുണ്ടവൻ എരുമ മാതിരി കിടന്ന് അയവെട്ടി കണ്ണു കൂമ്പി ഇരിക്കണം”
മഞ്ചാലുമൂടു് ഭഗവതി ക്ഷേത്രത്തിനു മുന്നിൽ തന്നെ ഗംഭീരൻ അലങ്കാര കമാനം ഉണ്ടാക്കി വെച്ചിരുന്നു. അതിൽ ജമന്തിപ്പൂക്കൾ കൊണ്ടുള്ള അടുക്കുവളയങ്ങൾ തൂങ്ങി നിന്നു.
“ഒറ്റ വളയത്തിന് നൂറു രൂപയായിക്കാണും, അല്ലേടോ?” ടീക്കനാർ ചോദിച്ചു.
വണ്ടികളിൽ വന്നവർക്കു വണ്ടികൾ നിറുത്താൻ തൊട്ടടുത്ത തോട്ടത്തിൽ സ്ഥലം നീക്കി വെച്ചിരുന്നു. അവിടെ നൂറുകണക്കിനു വണ്ടിക്കാളകൾ വൈക്കോൽ തിന്നുന്ന കഴുത്തുമണിയൊച്ച. നൂറിലേറെ സൈക്കിളുകൾ. കാറുകൾ ഇരുപതെണ്ണം നിന്നിരുന്നു. ഒരു കാറു് വളരെ വലുത്.
“ബ്യൂക്ക് കാറാ” അനന്തൻ പറഞ്ഞു.
“ഇപ്പം എല്ലാരും വണ്ടിക്ക് ചോപ്പു കാളയാ കെട്ടുന്ന്… കാങ്കേയമാണ് വണ്ടിക്ക് ഐശ്വര്യം” അച്ഛൻ പറഞ്ഞു.
“അതു പതുക്കെയല്ലേ പോകൂ? ലോഡു വലിക്കാൻ അതാ നല്ലത്” ടീക്കനാർ പറഞ്ഞു.
“വേഗം പോയി ഏതു കോട്ട പിടിക്കാനാ? ഹേയ്, ഒരൈശ്വര്യം വേണ്ടയോ? ചെമപ്പു കാളേടെ മൂക്ക് നായയെപ്പോലല്ലിയോ ഇരിക്കുന്ന്?”
അവിടുന്നു പെരുവട്ടരുടെ വീടുവരെ ഇരുവശവും മുളനാട്ടി തോരണം പോലെ ജമന്തിപ്പൂമാലകൾ. തറ നിരപ്പാക്കി ആറ്റുമണൽ വിരിച്ചിട്ടുണ്ടു്. ചെറിയ കുട്ടികൾ ഓടിക്കളിച്ചുകൊണ്ടിരുന്നു. നാദസ്വര മേളം കേട്ടു.
ഏഴുനിലപ്പന്തൽ ഒരു വലിയ കോട്ട പോലെ കാണായി. “ഏഴുനിലപ്പന്തൽ കെട്ടിയവന്റെ പേരും ക്ഷണക്കത്തിലൊണ്ടാവും” പെരുവട്ടർ പറഞ്ഞു.
മുളങ്കാലു ചേർത്തു കെട്ടി ഉയർത്തിയ പന്തലിനു് രണ്ടു പന ഉയരം. അതിന്മേൽ പനയോലകളാൽ അലങ്കാരം. ഏഴു പന്തൽക്കൂർപ്പുകളിൽ കൊടികൾ പാറി. പന്തലിനകത്തു പോകാൻ ഏഴു വാതിലുകൾ. ആദ്യത്തെ വാതിലിലൂടെ അച്ഛനും ടീക്കനാരും പെരുവട്ടരും അകത്തുചെന്നു.
വാതുക്കൽ മേക്കര പെരുവട്ടർ നിന്നിരുന്നു. കൈ കൂപ്പി വണങ്ങി “വരൂ… വരൂ… കണ്ടിട്ട് കൊറേ നാളായി, അല്ലേ? സൗഖ്യം തന്നല്ലേ?” എന്നു പറഞ്ഞു കൊണ്ടിരുന്നു.
അച്ഛനെ കണ്ടതും “വരൂ… വരൂ… പിള്ളേ” എന്നു പറഞ്ഞു.
“ഇവമ്മാര് നമ്മടെ സ്നേഹിതരാ. ഇതു പെരുവട്ടർ. ഇതു ടീക്കൻ. നാണുക്കുട്ടൻ നായരാണ് അരിവെപ്പ് ന്നു ക്ഷണക്കത്തിൽ കണ്ടു. ഉടനെ വണ്ടി കേറി”. അച്ഛൻ പറഞ്ഞു.
മേക്കര പെരുവട്ടരുടെ മുഖം വിടർന്നു. “പിന്നേ! ആളു വെറും പുളളിയാ? വരൂല്ല, വേറെ സദ്യയൊണ്ട് എന്നു പറഞ്ഞു. വരൂല്ലെന്നാ എന്റെ മകൾക്കു കല്യാണോമില്ല എന്നും പറഞ്ഞു വാതിൽതിണ്ണയിലങ്ങിരുന്നു. അവര് വന്ന്, ശരി പോടേ, ഞാൻ വരാം എന്നു പറഞ്ഞശേഷമല്ലേ ഞാൻ എണീറ്റുള്ളൂ”
“ഭാഗ്യം തന്നെ” അച്ഛൻ പറഞ്ഞു. “കുട്ടി യോഗമുള്ളവളാ. നല്ല സദ്യയുണ്ടു കഴിഞ്ഞ് നാലാള് മനസു നെറഞ്ഞ് ഗംഭീരായീന്നു പറഞ്ഞാ അതാണ് ദൈവത്തിന്റെ ആശീർവാദം”
മേക്കര പെരുവട്ടർ കണ്ണു കലങ്ങി, “അതെ, നന്നായിരിക്കണം എന്റെ കുട്ടി” എന്നു പറഞ്ഞു.
പെരുവട്ടർ ചോദിച്ചു: “ഏഴുനെലപ്പന്തലല്ലേ… ആരാ പന്തൽപ്പണി?”
“വാകൈയടി അനന്തൻ നാടാര്. പേരുകേട്ട ആളു തന്നെ”
“കാണണം” പെരുവട്ടർ പറഞ്ഞു.
“വന്നിട്ടുണ്ട്… കാണാം… ഏയ് മുരുകാ, ഇവരെ കൂട്ടിപ്പോ”
പെരുവട്ടരുടെ അനന്തരവൻ മുരുകൻ വന്നു് അവരെ കൂട്ടിപ്പോയി. വലിയ പന്തൽ. മണ്ടക്കാട്ടു് കൊടയുത്സവത്തിനാണു് അനന്തൻ അത്ര വലിയ പന്തൽ കണ്ടിട്ടുള്ളതു്. മേലേ വെളുത്ത തുണികൊണ്ടു വിതാനമിട്ടിരുന്നു. ആയിരക്കണക്കിനു മുളന്തൂണുകൾ. അവയിലെല്ലാം ചുവന്ന തുണി ചുറ്റിയിരുന്നു. പന്തൽ മേൽക്കൂരയുടെ തുമ്പത്തു നിന്നു് പൂത്ത കൊന്ന പോലെ പട്ടുപ്പാവട്ടകളും തുണിത്തൂണുകളും തൂങ്ങുന്നു. പന്തലിന്റെ നടുക്കു് പന്ത്രണ്ടു പൂച്ചക്രത്തൊങ്ങലുകൾ.
പന്തലിനടുത്തു് ചെറിയൊരു ഒറ്റപ്പന്തൽ. അതിൽ മരപ്പലകയിട്ടുണ്ടാക്കിയ വേദിയിൽ നാദസ്വരസംഘം.
“നാദസ്വരം ആരാ?”
“തഞ്ചാവൂരു പാർട്ടി. തിരുവീഴിമല സ്വാമിനാഥപിള്ളയും ഉലകനാഥപിള്ളയും നാദസ്വരം. തവില് തലൈച്ചങ്കോട് സുബ്രമണ്യ പിള്ളയും അവരുടെ അനിയൻ ഗണേശ പിള്ളയും”. മുരുകൻ പറഞ്ഞു.
“നല്ല പാർട്ടിയാ. കൊച്ചു കുഞ്ഞിനെപ്പോലാ തവിലിനെ വെച്ചു കൊഞ്ചിക്കുക” അച്ഛൻ പറഞ്ഞു.
നാദസ്വരത്തിൽ എടുത്ത പാട്ടു് അനന്തനു് അറിയാവുന്നതാണു്. “നഗുമോ മു ഗനലേനി”
അച്ഛൻ തിരിഞ്ഞു നോക്കി മുഖം വിടർത്തി “ആഭേരിയാ” എന്നു പറഞ്ഞു.
അച്ഛനു് ഇഷ്ടപ്പെട്ട രാഗം അതാണെന്നു് അനന്തനറിയാം. ചില സമയം അതു കേട്ടു കരയാറുമുണ്ടു്.
“ദേവഗാന്ധാരം ന്നു വിചാരിച്ചു” ടീക്കനാർ പറഞ്ഞു.
“അതും ഇതും ഒന്നു തന്നെ. ഷെഹനായീല് ഭീംപലാസിൻ എന്നൊന്നു വായിക്കും. അതും ഒന്നു തന്നെ… അയ്യർമാരുക്കു തന്നെയേ അതിന്റെ വ്യത്യാസം അറിയൂ”. അച്ഛൻ പറഞ്ഞു.
നാദസ്വര സംഗീതത്തിനു് അച്ഛൻ തലയാട്ടിക്കൊണ്ടിരുന്നു. പെരുവട്ടർ അനന്തനോടു് “പന്തല് ഇങ്ങനെ നിക്കണമെന്നാ ആദ്യം കാറ്റിന്റെ കണക്കു് ശരിക്കു മനസ്സിലാക്കണം. സ്ഥലം മാറുമ്പോ സീസൺ മാറുമ്പോ കാറ്റും മാറും… അതൊരു ശാസ്ത്രമാ” എന്നു പറഞ്ഞു. “ആടാതെ ഇരുന്നാ പന്തലു വീഴും. ആട്ടം കൂടിയാലും ചെരിയും… മേലേ ആടണം. നാട്ടിയ മണ്ണിൽ തൂണ് ആടരുത്”.
പന്തൽ നിറഞ്ഞിരുന്നു. “ഏഴു ഊര് ചേർത്തു വിളിച്ചിട്ടൊണ്ട്” ടീക്കനാർ പറഞ്ഞു.
“നാടൊന്നിച്ച് ഉണ്ടാലാ വിരുന്നിനു രുചി” അച്ഛൻ പറഞ്ഞു. “കൂട്ടം കൂടി നോക്കി നോക്കിയല്ലേ ആനക്ക് അഴകുണ്ടാവുന്നത്?”
അനന്തൻ സരോജിനിയെ കണ്ടു. അച്ഛനോടു് ഒന്നിനു പോകുന്നതായി കൈകാണിച്ചു. അച്ഛൻ തലയാട്ടിയതും അവൻ പുറത്തു പോയി പന്തലു ചുറ്റിക്കൊണ്ടു മുൻവശത്തെത്തി.
“സരോജിനി ഞാൻ വന്ന്”
അവൾ അവനെ നോക്കി വായ് പൊത്തി ചിരിച്ചു.
“എന്താ ഈ ഷർട്ടിട്ടേ?”
“ഇതു മീങ്കൊത്തി ഷർട്ട്”. അനന്തൻ പറഞ്ഞു.
“ഞാമ്പറഞ്ഞില്ലേ? നൈലക്സ് ഷർട്ട്”
സാവിത്രി “നന്നായിട്ടുണ്ട്” എന്നു പറഞ്ഞു.
“എന്റച്ഛൻ വന്നിട്ടൊണ്ട്. നാദസ്വരം കേക്കുകാ”
“സാവിത്രീ എടീ” എന്നു വിളിച്ചു കൊണ്ടു് ഒരു പെണ്ണ് പട്ടുസാരി ചുറ്റി തല നിറയെ പൂവു വെച്ചു വന്നു. “ഇവിടെയാ നിക്കുന്നേ?”
“എന്റെ ക്ലാസിൽ പഠിക്കിണ കൂട്ടുകാരനാ… അനന്തൻ”. സരോജിനി പറഞ്ഞു.
“ആ നായരു പയ്യനാ? നിന്റെ അച്ഛൻ വന്നിട്ടുണ്ടോ?”
“അവിടിരുന്നു പാട്ടു കേക്കുന്നു”
“നീ ഇങ്ങു വാ”
അവർ അവനെ വിളിച്ചു കൊണ്ടുപോയി. ഒരു ചെറിയ അറ തുറന്നു് ഒരു ലഡു എടുത്തു കൊണ്ടുവന്നു് അനന്തനു കൊടുത്തു. “ഇതു തിന്ന്… അച്ഛന് ഇതു കൊടുക്കണം”.
“എന്താ ഇത്” അനന്തൻ ചോദിച്ചു.
“ഇതു തഞ്ചാവൂരു ചീന്തുപാക്ക് … ഞാൻ തന്നൂന്ന് പറയു”
“ആര് ?”
“മഹാലക്ഷ്മീന്നു പറയൂ”
“ശരി”
അനന്തൻ മടങ്ങി വന്നു അച്ഛന്റെ കയ്യിൽ പാക്കു കൊടുത്തു് “മഹാലക്ഷ്മീന്ന് ഒരു മാമി തന്നതാ” എന്നു പറഞ്ഞു.
“ഏയ്, മഹാലക്ഷ്മി, ടോ” ടീക്കനാർ പറഞ്ഞു.
“അപ്പഴേ ഞാൻ കണ്ടു. പട്ടും പത്രാസുമായിട്ട്… നമ്മളെ കണ്ടില്ലെന്നാ കരുതിയേ. കണ്ടു, അല്ലേ” പെരുവട്ടർ പറഞ്ഞു.
അച്ഛൻ പാക്കു ചീവിയതു് വാങ്ങി കുറച്ചെടുത്തു വായിലിട്ടു. മുഖം വിടർന്നു”. തഞ്ചാവൂരു നാദസ്വരം കേക്കുമ്പോ തഞ്ചാവൂരു ചീവല് കൊറിക്കണം. അതു രുചിയറിഞ്ഞ പെണ്ണിനറിയാം”.
“മഹാലക്ഷ്മിക്ക് നിന്റെ രുചി അറിയാതിരിക്കുമോ, ഹേ”
നാദസ്വരത്തിന്റെ ശ്രുതിയും ഗതിയും മാറി. ആൾക്കൂട്ടത്തിന്റെ ബഹളം ഒന്നടങ്ങി. കല്യാണച്ചടങ്ങുകൾ തുടങ്ങി. കുടുംബത്തിലുള്ള മൂത്ത നാടാരാണു് കല്യാണച്ചടങ്ങു നടത്തിക്കൊടുക്കുക. വിവാഹവേദിയിൽ പുതുനെല്ലു നിറച്ച മരക്കാലുകളിൽ തെങ്ങിൻ പൂക്കുലകൾ. സ്വർണ്ണനിറമുള്ള നീർക്കുടങ്ങൾ. കുത്തുവിളക്കുകൾ. താലങ്ങളിൽ പഴങ്ങൾ, കായ്കൾ, പൂക്കൾ. ഒരു താലത്തിൽ പൊന്നും പട്ടും. ഒരു പുതിയ പനയോലച്ചെരുവത്തിൽ മണ്ണു്.
മന്ത്രമൊന്നുമില്ല. മൂത്ത നാടാർ നിർദ്ദേശങ്ങൾ മാത്രം നൽകി. മേക്കര പെരുവട്ടർ പട്ടുവസ്ത്രമുടുത്തു്, തലയിൽ വലിയ പട്ടു തലപ്പാവു വെച്ച്, പട്ടു മേൽവസ്ത്രം പിരിച്ചു മുറുക്കി ശരീരത്തിനു കുറുകേ പൂണൂൽ പോലെ അണിഞ്ഞു് ഇടുപ്പിൽ കെട്ടിയ കച്ചയിൽ കുത്തുവാൾ തിരുകി വന്നു് വേദിയിൽ നിന്നു. പയ്യന്റെ അച്ഛനും അതേപോലെ തലപ്പാവും ഉടവാളുമായി വന്നു നിന്നു.
അനന്തൻ എഴുന്നേറ്റു നിന്നു നോക്കിക്കണ്ടു. നായർ കല്യാണങ്ങളേക്കാൾ ചടങ്ങുകൾ കൂടുതലായിരുന്നു. പയ്യൻ ചെരുവത്തിൽ വെച്ചിരുന്ന മണ്ണിൽ നവധാന്യങ്ങൾ വിതച്ചു വെള്ളം നനച്ചു. ഓരോരുത്തരെയായി വണങ്ങി. പിന്നീടു് പെണ്ണിനെ കൂട്ടിക്കൊണ്ടുവന്നു. ഒരു വലിയ പൂമാലക്കൂമ്പാരം പോലെ അവൾ നടന്നു വന്നു. കയ്യിൽ വെള്ളം നിറച്ച വെങ്കലക്കുടവുമായി വേദിയിലേക്കു കയറി. അനന്തൻ മെല്ലെ നീങ്ങി ആളുകളെ നോക്കാൻ തുടങ്ങി. ആണുങ്ങൾ മടുപ്പോടെ അങ്ങുമിങ്ങും നോട്ടം പായിച്ചു കൊണ്ടിരുന്നു. പെണ്ണുങ്ങൾ കണ്ണെടുക്കാതെ വിവാഹ വേദിയിലേക്കുറ്റു നോക്കി. അവരുടെ മുഖങ്ങളിൽ ഗൗരവം കനത്തിരുന്നു.
ഉച്ചത്തിൽ നാദസ്വര ശബ്ദം. ചടങ്ങു നടത്തിയ മൂത്ത നാടാർ “പട്ടു കൊടുക്കൂ” എന്നു പറഞ്ഞു. കല്യാണച്ചെറുക്കൻ പെണ്ണിനു പട്ടുകൊടുത്തു. “പെണ്ണ് സാരി മാറ്റി വരട്ടെ” പെണ്ണു ചെന്നു് പട്ടുസാരി മാറ്റിയുടുത്തു വന്നു. “മാല അങ്ങോട്ടുമിങ്ങോട്ടും ഇടൂ” മാല മാറ്റിയതും താലികെട്ടു കഴിഞ്ഞു. അനന്തന്റെ തലക്കുമേൽ മലരും അക്ഷതവും മഴ പോലെ പൊഴിഞ്ഞപ്പോൾ അവൻ മുടിയിൽ തട്ടി അതുതിർത്തു. എല്ലാവരുടെ തലയിലും മലരും അരിയും തങ്ങി നിന്നിരുന്നു.
വധുവരന്മാർ ഓരോരുത്തരുടെയായി കാലിൽ വീണു് ആശിർവാദം വാങ്ങി. വയസ്സായവരെ കൈത്താങ്ങോടെ വേദിയിലേക്കു കൊണ്ടുവന്നു. അവരുടെ കാൽക്കൽ വധൂവരന്മാർ നമസ്കരിച്ചപ്പോൾ വയസ്സരിൽ ചിലർ കരഞ്ഞു. ഓരോരുത്തരായി ചെന്നു് വധൂവരന്മാരെ ആശംസകൾ അറിയിച്ചു. അനന്തൻ സരോജിനിയേയോ സാവിത്രിയേയോ കാണാനുണ്ടോ എന്നു നോക്കി. സരോജിനി അതുവഴിയേ പാവാടയും ഒതുക്കിപ്പിടിച്ചു കൊണ്ടു് ഓടുന്നതു കണ്ടു. “സരോ സരോ” അവൻ വിളിച്ചു. അവൾ കേൾക്കുന്നില്ല.
അച്ഛനും ടീക്കനാരും പെരുവട്ടരും വേദിയിലേക്കു ചെന്നു ആശംസകൾ നൽകിപ്പോന്നു. അച്ഛൻ തിരികെ വന്നിരുന്നു് അവനെ വിളിച്ചു. “പിള്ളേടടുത്തു പോയി ചക്കനി രാജമാർഗ്ഗമു വായിക്കണംന്നു പറയെടാ”
അവൻ നാദസ്വരം വായിക്കുന്നവരുടെ അടുത്തു ചെന്നു. “അച്ഛമ്പറഞ്ഞു ചക്കനിരാജ വായിക്കണംന്ന്”
അവർ തിരിഞ്ഞു് അച്ഛനെ നോക്കി പുഞ്ചിരിച്ചു തലതാഴ്ത്തിയ ശേഷം വായിക്കാൻ ആരംഭിച്ചു. അച്ഛൻ തലയാട്ടി പുഞ്ചിരിച്ചു.
മേക്കര പെരുവട്ടർ കുമ്പിട്ടു കൊണ്ടു് അടുത്തു വന്നു. “ആദ്യത്തെ പന്തി ഇരുന്നു. പിള്ളയും പെരുവട്ടരും ടീക്കനാരും വന്നു സദ്യയുണ്ട് എന്റെ കുട്ടിയെ അനുഗ്രഹിക്കണം”.
“ഈ രാഗം തീർന്നിട്ടാവാം. നല്ല ഇമ്പത്തിൽ വായിക്കിണു”
“തഞ്ചാവൂരുപ്പോയി വിളിച്ചോണ്ടു വന്നതാണേയ്. മധുരക്കിപ്പുറം അങ്ങനെ വരാറില്ല”. മേക്കര പെരുവട്ടർ പറഞ്ഞു.
“ഗന്ധർവന്മാർ തന്നെ!” അച്ഛൻ പറഞ്ഞു.
മേക്കര പെരുവട്ടർ കൈകൂപ്പി. “അപ്പം രണ്ടാം പന്തിക്കിരിക്കൂ”
അവർ പോയതും അച്ഛൻ പറഞ്ഞു: “ആദ്യത്തെപ്പന്തി എന്തായാലും ചെറുക്കൻ വീട്ടുകാർക്കാ. മരിയാദ കൊണ്ടു വിളിച്ചതാ! നമ്മളിരിക്കാമ്പാടൂല്ല”.
ചക്കനിരാജ തീർന്നതും രണ്ടാം പന്തിക്കുള്ള നേരമായി. അച്ഛൻ ചെന്നു് നാദസ്വരവും തവിലും വായിച്ചവരെ കൈകൂപ്പി വണങ്ങി ആളു വീതം രണ്ടു രൂപ കൊടുത്തു. അവരതു വാങ്ങി കണ്ണോടു ചേർത്തു് മടിയിൽ വെച്ചു.
അച്ഛൻ തിരിച്ചു വന്നു. “എന്തരോ മഹാനുഭാവലു വായിക്കാൻ പറഞ്ഞിട്ടൊണ്ട്… ഉണ്ണുന്നേടത്തും കേക്കുമല്ലോ”
“രൂപ കൊടുക്കണോ?” അനന്തൻ ചോദിച്ചു.
“അവർ നാലു പേരും പണക്കാരാകും. തഞ്ചാവൂരീന്നു കാറിലാ വന്നിട്ടുള്ളത്. നമ്മുടെ പണം കൊണ്ട് അവർക്കൊന്നും ആവൂല്ല. പക്ഷേ നമ്മളു സരസ്വതിക്കു കാണിക്ക കൊടുക്കണം. അതു് അവർക്കു കൊടുക്കണതല്ല. അവൾക്കുള്ളതാ. അതവർക്കുമറിയാം” അച്ഛൻ പറഞ്ഞു.
“നീ പണം കൊടുക്കുമ്പോ അവരുടെ മുഖമങ്ങു വിടർന്നേ” ടീക്കനാർ പറഞ്ഞു.
പന്തിവാതുക്കൽ നിന്നവർ വന്നു കുമ്പിട്ടു് “വരൂ… സ്ഥലമുണ്ട്” എന്നു പറഞ്ഞു.
അച്ഛൻ അകത്തു കടന്നു് കൈ കഴുകിയ ശേഷം പന്തിക്കാരൻ വിളിച്ച് ഇരിക്കാൻ പറഞ്ഞ ഇലക്കു പിന്നിൽ പന്തിപ്പായിൽ കാൽ മടക്കി ഇരുന്നു. അപ്പുറം ടീക്കനാരും പെരുവട്ടരും ഇരുന്നു. ഇപ്പുറത്തു് അനന്തനും.
ഇലയിൽ കറികൾ വിളമ്പിയിരുന്നു. ഉപ്പ് ഇടത്തേ അറ്റത്തു് ഒരു തരി. അതിനടുത്തു് മാങ്ങ, കിടാരങ്ങ (വടുകപ്പുളി), നെല്ലിക്ക, ഇഞ്ചിപ്പുളി അച്ചാറുകൾ. അവക്കു പിന്നിൽ ഇഞ്ചി, നാർത്തങ്കായ്, മുളകു് എരികറികൾ. വറുത്തരച്ച് അല്പം വെല്ലമിട്ടുണ്ടാക്കിയ എരികറികൾ അരക്കു പോലെ, തേൻ മെഴുക്കു പോലെ ഇരുന്നു. വലതുഭാഗത്തു് ആദ്യം പെരുമ്പയറിട്ട ചുരങ്ങാ കൂട്ടുകറി. തുവരൻപരിപ്പു വേവിച്ചു കുനുകുനാ ചിരവിയിട്ട വെള്ളരിക്കാ കൊണ്ടുണ്ടാക്കിയ പരിപ്പുക്കൂട്ടു്. പെരുമ്പയറു വേവിച്ച് ഉപ്പിട്ടു താളിച്ചു വെച്ച പയറുക്കൂട്ടു്. അതോടൊട്ടി തയിർ ഉരുകി നെയ് ഊറിപ്പടർന്ന അവിയൽ. അതിൽ എഴുന്നു നിന്ന ചെറുവിരൽ വണ്ണത്തിലുള്ള വാഴയ്ക്കാത്തുണ്ടുകൾ. കുഴയാതെ എന്നാൽ പാകത്തിനു് അരഞ്ഞ തേങ്ങാപ്പീര്.
അതിനു പിറകേ മയക്കുകറികൾ. തേങ്ങ ചിരവിയിട്ടു കടഞ്ഞു് എള്ളിട്ടു താളിച്ച കാച്ചിൽക്കിഴങ്ങ്, വെള്ളനിറത്തിൽ കുഴഞ്ഞ ചെറുകിഴങ്ങ്, നാവിൽ ചെറിയ മധുരം തരുന്ന പൊൻനിറമുള്ള നനക്കിഴങ്ങ്. അതിനു പിന്നിൽ വറുത്തരച്ച ഉരുളക്കിഴങ്ങു കൂട്ടു്. തൊട്ടടുത്തായി പൊന്തൻ വാഴക്കാ മസാലക്കൂട്ടു്. പെരുഞ്ചീരകമിട്ടു വെച്ച ചേപ്പക്കിഴങ്ങുക്കൂട്ടു്. പെരുമ്പയറു് പൊങ്ങിക്കിടക്കുന്ന പടവലങ്ങാക്കൂട്ടു്. ഇളം പച്ച നിറമുള്ള പീച്ചിങ്ങാക്കൂട്ടു്. അതുകഴിഞ്ഞു് എണ്ണയിൽ വറുത്തെടുത്ത പൊരിയലുകൾ. ചെറുതുണ്ടുകളായി നുറുക്കി തേങ്ങാപ്പീര് ഇട്ടു താളിച്ചെടുത്ത പിഞ്ചുപ്പയറു്, കടുകു താളിച്ച് ഉലത്തിയ വെണ്ടക്കാ, നെയ് മണമുള്ള കത്തരിക്ക.
പിന്നെ തോരനുകൾ. കൊത്തമരക്ക, അമരക്ക, കോവക്ക, വഴുതനങ്ങ, നേന്ത്രക്കായ, ചേന എന്നിവ കൊണ്ടുള്ള മെഴുക്കുപുരട്ടികൾ. പിന്നെ പച്ചമുളകും തേങ്ങയും ചേർത്തരച്ച് ഊറ്റിയെടുത്ത വെള്ളരിക്ക, പച്ചത്തക്കാളി, പൊണ്ണൻ കായ് പച്ചടികൾ. അതിനു പിറകേ കൈതച്ചക്ക, പുളിച്ചിക്കായ്, പച്ച അയനിക്ക എന്നിവ പച്ചമുളകു ചേർത്തുണ്ടാക്കിയ പുളിക്കും കിച്ചടികൾ മൂന്നു തരം. പിന്നെ പെരുമ്പയറിട്ടു ചെയ്ത ഓലൻ. തേങ്ങാപ്പാലൊഴിച്ചു ചേനക്കഷണമിട്ടു വെച്ച ചേനക്കാളൻ. ‘കാളൻ വെച്ചാ പാലിനു കിട നിൽക്കും’ എന്നു് അച്ഛൻ പറയാറുണ്ടു്. വാഴപ്പഴമിട്ടു വെച്ച പഴങ്കാളൻ.
തുടർന്നു് വെല്ലമിട്ടു വെച്ച മധുരപ്പച്ചടി, പഞ്ചാരയിട്ടുണ്ടാക്കിയ പുളിപ്പുപ്പച്ചടി. മാമ്പഴം തുണ്ടുകളാക്കി ഉപ്പിട്ടു വെച്ച മാമ്പഴപ്പച്ചടി. ചതുരത്തിൽ ചെറുതായി ചീവി നുറുക്കി ഉപ്പിട്ടു വറുത്തെടുത്ത ചേന. പൊന്തൻ വാഴക്കായ ചീവി വറുത്ത വാഴക്കാ ഉപ്പുവരട്ടി. ശർക്കര പുരട്ടി എടുത്ത പേയൻ വാഴയ്ക്കാ ശർക്കരവരട്ടി. അതിനരുകിൽ കട്ടിയുള്ള പച്ചത്തോലുള്ള ചിങ്ങൻ വാഴപ്പഴങ്ങൾ രണ്ടു്. മാമ്പഴപ്പൂളു രണ്ടു്. വരിക്കച്ചക്കച്ചുള മൂന്നു്. ഒരു ചെറു കിണ്ണത്തിൽ തേൻ. മറ്റൊരു കിണ്ണത്തിൽ വെണ്മ കലർന്ന പൊൻ നിറമുള്ള പശുവിൻ നെയ്.
“കറി നാല്, ഉപ്പു നാല്, വറവു നാല്, പൊരിവു നാല്, ഉപദംശം നാല്, മധുരം നാല് എന്നാ കുറഞ്ഞ കണക്ക്”. അച്ഛൻ പറഞ്ഞു. “ലക്ഷ്മി കടാക്ഷമുണ്ടെങ്കില് മേലേ എത്ര വേണമെങ്കിലും പോകാം”
“എണ്ണി നോക്കണോ?”
“എണ്ണണ്ട. ശരിയായിരിക്കും”.
“ഉപദംശമെന്നാ?”
“തൊടുകറി”.
“ഞാനും തിന്നു തിന്നു നോക്കട്ടെ… നാവു പഴകുന്നു. പക്ഷേ, പേര് മനസിലു നിൽക്കുന്നില്ല” ടീക്കനാർ പറഞ്ഞു.
“നീ എന്താ അരിവെപ്പു പഠിക്കാൻ പോകുന്നോ?”
അങ്ങേത്തലക്കൽ നിന്നു് ഒരാൾ ആനയുടെ നെറ്റിപ്പട്ടം പോലെ പൊള്ളങ്ങളുള്ള പൊൻനിറപ്പപ്പടം വിളമ്പിക്കൊണ്ടുവന്നു. പിറകേ ഒരാൾ കരിങ്ങാലിയിട്ടു തിളപ്പിച്ച ഇരുണ്ടു ചുവന്ന നിറമുള്ള കുടി വെള്ളം ഗ്ലാസുകളിൽ ഒഴിച്ചു കൊണ്ടുവന്നു.
പിന്നാലെ ചോറു വരാൻ തുടങ്ങി. ചെമന്ന നിറത്തിൽ നീളമുള്ള വലിയ അരി കൊണ്ടുള്ള ചമ്പാച്ചോറു്. പിന്നാലെ ആദ്യം ചെറുപയറു പരിപ്പുകൊണ്ടുള്ള കറി വന്നു. മഞ്ഞകലർന്ന തളർപ്പച്ചനിറമുള്ളതു്. അതിൽ നെയ്യൊഴിച്ചു പപ്പടം ഉടച്ചു ചേർത്തുകൊണ്ടു് ഉണ്ണാൻ തുടങ്ങി. പരിപ്പുകറിക്കൊപ്പം പൊരിയലുകളും തോരനുകളും മാത്രമാണു് തൊട്ടുകൂട്ടേണ്ടതു്. അവിയലോ കൂട്ടോ എടുക്കരുതു്. പച്ചടികളും കിച്ചടികളും തൊടരുതു്. ഉപ്പിലിട്ടതിൽ കൈവെച്ചാൽ അതു സദ്യയെ പഴിക്കലാണ്.
അനന്തൻ അച്ഛനെ നോക്കി നോക്കി ഊണു കഴിച്ചു. അച്ഛൻ എന്തെടുക്കുന്നോ അതെടുത്തു. അച്ഛനെപ്പോഴും വിരൽ മടക്കിനു മേലേക്കു് ചോറു പറ്റാതെയാണു് ഉണ്ണുക. വിരൽ വായിലാവുകയുമില്ല. ചുണ്ടടച്ചാണു് ചവക്കുക. സംസാരിക്കില്ല. തുമ്മലോ ഉറുമ്മലോ ചിനപ്പോ ഇല്ല. ചവക്കുന്ന ശബ്ദമേ കേൾക്കില്ല. ഇലയിൽ എല്ലാം കലർത്തി കുഴമ്പാക്കി വക്കുകയില്ല. വേണ്ടാത്തവ ഒരു വശത്തേക്കു് ഒതുക്കി വെയ്ക്കുമ്പോഴും അവ അടുക്കി വച്ച പോലിരിക്കും. എന്തു വേണമെങ്കിലും കയ്യാംഗ്യം കൊണ്ടു തന്നെ ചോദിക്കും.
കായം ചേർത്ത തവിട്ടു നിറമുള്ള സാമ്പാർ വന്നു. പിഞ്ചു കത്തരിക്കകൾ മുഴുനീളത്തിൽ കീറി അതിലിട്ടിരുന്നു. വെള്ളരിക്കയും പൊണ്ണൻ കായും കഷണങ്ങളായി സാമ്പാറിൽ അലിയാതെ കിടന്നു. സാമ്പാറിനു് എല്ലാ കറികളും കൂട്ടിക്കുഴച്ചുണ്ണാം. അതിനു ശേഷം കുഴമ്പുകൾ കൂട്ടിയുണ്ണാൻ അല്പം ചോറു്. വറുത്തരച്ച വെണ്ടക്കാക്കുഴമ്പ്. പച്ചത്തേങ്ങയരച്ച വെള്ളരിക്കാക്കുഴമ്പ്. കൂട്ടിക്കഴിക്കാൻ പച്ചടികളും കിച്ചടികളും. പിന്നാലെ പുളിശേരികൾ വന്നു. മോരൊഴിച്ചു വെച്ച മാങ്ങാപ്പുളിശേരി, പച്ചമുളകു മണമുള്ള കൈതച്ചക്കാപ്പുളിശേരി. ചെറുനാരങ്ങാപ്പുളിശേരി. എരിയും പുളിയുമുള്ള എല്ലാ തൊടുകറികളും അവക്കൊപ്പം കൂട്ടാം.
വടിച്ചുണ്ടു് ഇലകൾ വൃത്തിയായി. പ്രഥമനുകൾ വരാൻ തുടങ്ങി. ആദ്യം അടപ്രഥമൻ. അതു് ഇരുമ്പു നിറത്തിലിരുന്നു. കറുത്ത വെല്ലം തേങ്ങാപ്പാലും ചേർത്തു തിളപ്പിച്ചു വറ്റിച്ചുണ്ടാക്കിയതു്. അതിൽ അടനുറുക്കുകൾ ഒന്നൊന്നായി വഴുക്കിയിരുന്നു. അണ്ടിപ്പരിപ്പും മുന്തിരിയും പൊങ്ങിക്കിടന്നു. പിന്നാലെ പരിപ്പു പ്രഥമൻ. അതിനു് ഇരുണ്ട തവിട്ടു നിറം. തുടർന്നു് കടലപ്രഥമൻ. പയറുപ്രഥമൻ പൊൻ നിറത്തിലിരുന്നു. മധുരം തികട്ടാൻ തുടങ്ങിയപ്പോൾ അരച്ചട്ടുകം ചോറു വിളമ്പി രസമൊഴിച്ചു കഴിച്ചു. അച്ഛൻ ചെറിയ കിണ്ണത്തിൽ രസം വാങ്ങിക്കുടിച്ചു. ആദ്യം പുളിച്ചക്കായ് ഇട്ട രസം. പിന്നെ ചെറുനാരങ്ങ രസം. ഒടുവിൽ മുളകു രസം.
വീണ്ടും പായസങ്ങൾ വരാൻ തുടങ്ങി. വരിക്കച്ചക്കച്ചുളയിട്ടു തേങ്ങാപ്പാൽ ചേർത്തുണ്ടാക്കിയ ചക്കപ്രഥമൻ, വരിക്ക മാമ്പഴത്തുണ്ടുകൾ ഉടച്ചു പച്ചരിയിട്ടുണ്ടാക്കിയ മാമ്പഴപ്പായസം, കദളിപ്പഴത്തുണ്ടുകൾ ചേർത്തു സേമിയ ഇട്ടു വെച്ച പഴപ്പായസം. അതിനു ശേഷം തൊടുകറികൾ തുടച്ചു കഴിച്ച് ഒരിടവേള. സദ്യപ്പന്തൽ മുഴുവനും ഉണ്ടു തളർന്ന ശരീരചലനങ്ങളോടെ മന്ദതയിലായി. പരിപ്പു ബോളികൾ വിളമ്പിക്കൊണ്ടു് ഒരാൾ വന്നു. അതിനു മേൽ ബൂന്തി വിളമ്പി മറ്റൊരാൾ. പച്ചരിയും പഞ്ചസാരയുമിട്ടുണ്ടാക്കിയ പാൽപ്പായസം അതിനു മേലേ വിളമ്പി, അവസാനമായി. അവ കുഴച്ചുണ്ടശേഷം കാച്ചിയ മോരും മോരിനു ചോറും വരാൻ തുടങ്ങി.
അച്ഛൻ മോരു കുടിച്ചു. വാഴപ്പഴവും ചക്കച്ചുളയും മാങ്ങയും തിന്നു. ഒടുവിൽ ചക്കരവരട്ടി വായിലിട്ടു. എല്ലാവരും പന്തിയുടെ അറ്റത്തു് ഇരുന്നിരുന്ന മുതിർന്നവരെ നോക്കി. അവർ ഏമ്പക്കം വിട്ടു് എഴുന്നേറ്റു് ഒരേപോലെ കൈ തൂക്കിക്കൊണ്ടു് ധൃതികൂട്ടാതെ ഇട വിട്ടു നടന്നു് പുറത്തേക്കു ചെന്നു. കൈ കഴുകിയ ശേഷം മറുഭാഗം വഴി പുറത്തു കടന്നു് മുറ്റത്തു വിരിച്ചിട്ടിരുന്ന പായകളിൽ ഇരുന്നു. ചാഞ്ഞിരിക്കാൻ തലയണകളും വെച്ചിരുന്നു.
അച്ഛൻ അതിലൊന്നിൽ ഇരുന്നു. ടീക്കനാരും അരികിലിരുന്നു. പെരുവട്ടർ അപ്പുറം ചെന്നു് വെറ്റിലച്ചുരുളുകൾ എടുത്തു വന്നു. അച്ഛൻ അതിലൊന്നു വാങ്ങി വായിലിട്ടു ചവച്ചു. ചവച്ചു കൊണ്ടു് മെല്ലെ കണ്ണടച്ചു.
അനന്തൻ എഴുന്നേറ്റു ചെന്നു് ഒരു വെറ്റിലച്ചുരുൾ എടുത്താലെന്തെന്നാലോചിച്ചു. മൂവരും കണ്ണുപൂട്ടിക്കിടപ്പാണു്. എന്നാൽ അതിൽ അപകടമുണ്ടു്. അച്ഛൻ ഉറങ്ങുകയില്ല.
അവൻ അവിടെ അങ്ങിങ്ങു കിടന്നിരുന്നവരെ നോക്കിക്കൊണ്ടിരുന്നു. ഒരു മന്ത്രവാദി മാന്ത്രികവടി ചുഴറ്റി എല്ലാവരേയും വീഴ്ത്തിയിരിക്കുകയാണ്.
അച്ഛൻ കുടഞ്ഞെഴുന്നേറ്റു. “ടീക്കനാരേ, ഹേയ്, പോകാം”
“പോകേണ്ടതു തന്നെ… യേശുവേ” ടീക്കനാർ പറഞ്ഞു.
മൂവരും എഴുന്നേറ്റു മുണ്ടു മുറുക്കിയുടുത്തു. “ദേഹണ്ണപ്പുരയിൽ പോയി നാണു നായരോട് ഒരു കാര്യം പറഞ്ഞിട്ടു വരാം” അച്ഛൻ പറഞ്ഞു.
“അതെ, അതു വേണ്ടതാ” പെരുവട്ടർ പറഞ്ഞു.
അവർ നടന്നു. അച്ഛൻ പറഞ്ഞു: “ഒരു പച്ചടി വച്ചിരുന്നതു ടീക്കനാരു നോക്കിയോ? ഇഞ്ചിയും മുളകുമിട്ട്?”
“ഇല്ല… എന്തെല്ലാമോ ഉണ്ടാരുന്നു” പെരുവട്ടർ പറഞ്ഞു. “എണ്ണി നോക്കീട്ടു തിന്നാൻ പറ്റുമോ?”
“അത് ഒരു പച്ചടി… ഇന്നു പിറന്ന കുഞ്ഞു മാതിരി. മുന്നേ രുചിച്ചിട്ടില്ല… അങ്ങനൊരു മണം…”
അനന്തനു് പരിഭ്രമമായി. അച്ഛൻ മണ്ടത്തരത്തിനു് പച്ചടിയെപ്പറ്റി നാണുക്കുട്ടൻ നായരോടു് എന്തോ മോശമായി സംസാരിക്കാൻ പോവുകയാണു്. നാണക്കേടാകും.
“അച്ഛാ, അടപ്രഥമൻ ഒന്നാന്തരമായിരുന്നു”
“അതു പിന്നെ ആശാന്റെ കയ്യല്ലിയോ? പെരുന്തച്ചൻ തൊട്ട മരം ശില്പം. അതാണ് രീതി”. അച്ഛൻ പറഞ്ഞു. “ആ പച്ചടിയിൽ എന്തോ ഒരു എലയോ കായോ ഇട്ടിട്ടൊണ്ട്… എന്താന്ന് അറിയുന്നില്ല”
അനന്തനു് പിന്നെയും പരിഭ്രമമായി. “അച്ഛാ എല്ലാം നന്നായിട്ട്ണ്ട്. അവിയലു കൂടി”.
“അതെല്ലാം ആശാമ്മാര് അങ്ങനെ കൈ ചൊഴറ്റിയാ വന്നൂടും. മേൽപ്പുറം ചക്രപാണി വലിയ ചിത്രകാരൻ… ചുമ്മാ തറയില് കമ്പുകൊണ്ടൊരു കീറു കീറിയാ അത് പടമായിടും. ബ്രഹ്മാവ് ആലോചിച്ചാലോചിച്ചു കണക്കിട്ടു് ഉണ്ടാക്കിയതാണു ഭൂമിയെ എന്നാണോ കരുതിയേ? ഒരു നിമിഷം, ഒരു സെക്കന്റ്… ലോകം ഉണ്ടായി. അതാണ് ആശാന്റെ കയ്യ്.
അനന്തൻ ദീർഘശ്വാസം വിട്ടു. അച്ഛൻ അതു പറയാൻ തന്നെ പോവുകയാണു്.
പന്തലിനു പിന്നിൽ വലിയ കൊട്ടക കെട്ടിയുണ്ടാക്കിയിട്ടുണ്ടു്. എല്ലാ ഭാഗത്തും തുറന്ന കൊട്ടക. അതിനു മേൽ രണ്ടു് അടുക്കുകൂര. രണ്ടടുക്കുകൾക്കുമിടയിലുള്ള വിടവിലൂടെ പുക പോകും. ദേഹണ്ണപ്പുരയിൽ നിന്നു സദ്യപ്പന്തലിലേക്കു വരാൻ മേൽക്കൂരയുള്ള നടപ്പാത.
അച്ഛൻ അവിടെ നിന്നിരുന്ന പാചകക്കാരോടു് “നാണുനായരുണ്ടോ?” എന്നു ചോദിച്ചു.
“അപ്പുറത്ത് ഇരിപ്പുണ്ട്. വെള്ളത്തുണിയിട്ടു മറച്ചിട്ടില്ലേ അവിടെ”
“എട്ടാം പന്തി കഴിഞ്ഞു. ഇനിയും നാലു പന്തിക്കാളുണ്ട്” ടീക്കനാർ പറഞ്ഞു.
തുണി മറക്കപ്പുറം ഒരു ബഞ്ചിൽ നാണുക്കുട്ടൻ നായർ കണ്ണടച്ചു കിടപ്പാണു്. കയ്യിലുള്ള പനയോല വിശറി താഴെ വീണിട്ടുണ്ടു്.
അച്ഛൻ തൊണ്ടയനക്കി. നായർ കണ്ണു തുറന്നു. മുഖം വിടർത്തി എഴുന്നേറ്റു. “വരണം വരണം പിള്ളേ… ഇപ്പ വിചാരിച്ചേയുള്ളൂ… ഈ നാട്ടിലേക്കു വന്നു… പിള്ള വരുമ്പോലെ തോന്നുണു ന്ന്”
“പേരുകേട്ടാ പിന്നെ വരൂല്ലേ… ഇവര് ടീക്കൻ, ഇവര് പെരുവട്ടൻ, കൂട്ടുകാരന്മാരാണ്”.
“പേരുകേട്ടയുടനെ ഇങ്ങോട്ടിറങ്ങി…” പെരുവട്ടർ പറഞ്ഞു. “ഈശ്വരൻ നേരിൽ വന്ന് അനുഗ്രഹിച്ച മാതിരിയുണ്ട്…”
“മനുഷന് നാക്കും മണ്ണിനു വിളവും കൊടുത്ത ദൈവമാ നായരുടെ കൈയിൽ നിൽക്കുന്നത്” ടീക്കനാർ പറഞ്ഞു.
“എഴുജന്മം അന്നമിട്ടു യാഗം ചെയ്തവരേ ഇങ്ങനൊരു കൈയ്യോടെ പിറക്കൂ ന്നു തോന്നിണു” പെരുവട്ടർ വീണ്ടും.
“സന്തോഷം, വളരെ വളരെ സന്തോഷം” നാണുക്കുട്ടൻ നായർ പറഞ്ഞു.
“ആ പച്ചടി… അവനാ രാജകുമാരൻ… ഇപ്പ പ്രത്യക്ഷപ്പെട്ട ദൈവം തന്നെ” അച്ഛൻ പറഞ്ഞു.
അനന്തൻ പടപടപ്പോടെ നാണുക്കുട്ടൻ നായരെ നോക്കി. അവരുടെ മുഖം മുഴുവനേ വിടർന്നിരുന്നു. ചിരിക്കുമ്പോൾ കണ്ണു് ഇടുങ്ങി. വായ മുഴുക്കെത്തുറന്നു് അഹ് അഹ് അഹ് എന്നു ചിരിച്ചപ്പോൾ ശരീരം കുലുങ്ങി.
“ഞാൻ വിചാരിച്ചു, പിള്ള വന്നിട്ടുണ്ടെങ്കീ കൈ പോയി നേരെ മർമ്മത്തീ തന്നെ തൊട്ടിരിക്കുമെന്ന്… ഈശ്വരനാണേ സത്യം, വച്ചു വിളമ്പണതിന് ഒരേയൊരാള് വന്നു പറഞ്ഞാമതി… അധികം ആളു വേണ്ട. ഒരുത്തൻ മതി… ദൈവമാണേ സത്യം ഒരുത്തൻ വന്നു പറഞ്ഞാ മതി… ഇനി ഒന്നും വേണ്ട”
അച്ഛൻ ചിരിച്ചു. “അത് അമൃതം തന്നെ”
“അതില് എന്താ പുതുതായി ചേർത്തിട്ടുള്ളത്, പറയാമോ?” നാണുക്കുട്ടൻ നായർ ചോദിച്ചു.
“ഒരു തരി കടുക്ക ഉണ്ടോ?”
“ആഹ് ആഹ് ആഹ്” എന്നു നാണുക്കുട്ടൻ നായർ ചിരിച്ചു. “അതെ, കടുക്ക തന്നെ… നെല്ലിക്കയ്ക്കു പകരം കടുക്ക… എന്നാല് എണ്ണിയിടണം… ഒരു തരി നഞ്ഞ് അന്നത്തെ അമൃതാക്കും. ഒരല്പം കയപ്പ് എല്ലാം മധുരിപ്പിക്കും”
“ഇന്ന് ആദ്യായിട്ട് ചെയ്തതാ?”
“ഇന്നു രാവിലെ ചെയ്തതാടോ… ഇവിടെ വന്നപ്പോ തോന്നി ചെയ്തത്”.
“ഈശ്വരാനുഗ്രഹം” അച്ഛൻ പറഞ്ഞു.
“നന്നായിരിക്കട്ടെ. എന്റെ കയ്യിലിരിക്കുന്ന ലക്ഷ്മി തന്നെ നിന്റെ നാക്കിലുമിരിക്കുന്നത്. ഇവനാര് മകനാ?”
“അതെ”
“ലക്ഷ്മീ കടാക്ഷം ഉണ്ടോ?”
“ഏയ്, എന്നാ അമ്മയെപ്പോലെ കവിത വായന യുണ്ട്…”
“ലക്ഷ്മിയും സരസ്വതിയും ഒന്നന്നെ” നാണുക്കുട്ടൻ നായർ പറഞ്ഞു.
“കുമ്പിട് ” അച്ഛൻ പറഞ്ഞു.
അനന്തൻ ചെന്നു് അവരുടെ കാലു തൊട്ടു കുമ്പിട്ടു. “രുചി ഉണ്ടായിരിക്കട്ടെ… എല്ലാ രുചിയും ഈശ്വരന്റെ രുചിയാ” നാണുക്കുട്ടൻ നായർ പറഞ്ഞു. “രുചിയാൽ തന്നെയേ ദൈവത്തിന് മനുഷ്യനു മുന്നിൽ വരാനൊക്കൂ… അതിന് വേറെ വഴിയില്ല”.
അച്ഛൻ ഒരു രൂപയെടുത്തു് നാണുക്കുട്ടൻ നായരുടെ കൈയ്യിൽ കൊടുത്തു. “അനുഗ്രഹിക്കണം”
അവർ “നല്ലത് നല്ലത്” എന്നു് അതു വാങ്ങി കണ്ണിൽ ചേർത്തുകൊണ്ട് മടിയിൽ വെച്ചു.
“വരട്ടെ…” അച്ഛൻ പറഞ്ഞു.
“വരട്ടെ നായരേ, ഇന്നിനി ദൈവദർശനം വേറെ വേണ്ട” പെരുവട്ടർ പറഞ്ഞു.
“യേശുവേ” ടീക്കനാർ കുമ്പിട്ടു.
തിരിച്ചു പോരുമ്പോൾ പെരുവട്ടർ “ഹേയ്, നമുക്കു പോയി ആ പന്തലുകാരനെക്കൂടി ചെന്നു കാണാം” എന്നു പറഞ്ഞു.
“അതെ, ഞാനും ഇപ്പൊഴതു വിചാരിച്ചേയുള്ളൂ” അച്ഛൻ പറഞ്ഞു.
ചിത്രീകരണം: അരവിന്ദ് സേനൻ
കന്യാകുമാരി ജില്ലയിലെ തിരുവരമ്പിൽ 1962 ഏപ്രിൽ 4-നു് ജനിച്ചു. അച്ഛൻ ബാഹുലേയൻ പിളള, അമ്മ വിശാലാക്ഷിയമ്മ. കോമേഴ്സിൽ ബിരുദമെടുത്തിട്ടുണ്ടു്. നാല് നോവലുകളും മൂന്നു് ചെറുകഥാ സമാഹാരങ്ങളും മൂന്നു് നിരൂപണ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. എം. ഗോവിന്ദൻ മുതൽ ബാലചന്ദ്രൻ ചുളളിക്കാട് വരെയുളള ആധുനിക മലയാള കവികളുടെ കവിതകൾ ‘തർക്കാല മലയാള കവിതകൾ’ എന്ന പേരിൽ തമിഴിൽ പുസ്തകമാക്കിയിട്ടുണ്ടു്. മലയാളത്തിലെ അഞ്ച് യുവകവികളുടെ കവിതകൾ ‘ഇൻറൈയ മലയാളകവിതകൾ’ എന്ന പേരിൽ തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1991-ലെ ചെറുകഥയ്ക്കുളള കഥാപുരസ്കാരം, 1992-ലെ സംസ്കൃതി സമ്മാൻ പുരസ്കാരം എന്നിവ ലഭിച്ചു. ‘ചൊൽപുതിത്’ എന്ന സാഹിത്യ ത്രൈമാസികയുടെ സ്ഥാപകനും കൺവീനറുമാണു്. ‘ഗുരുനിത്യാ ആയ്വരങ്കം’ എന്ന പേരിൽ പ്രവർത്തിക്കുന്ന സ്റ്റഡിസർക്കിളിന്റെ കൺവീനറും. തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ നിരവധി ചലച്ചിത്രങ്ങൾക്കു് തിരക്കഥ എഴുതിയിട്ടുണ്ടു്.
ഭാര്യ: എസ്. അരുണമൊഴിനാങ്കൈ
- വിഷ്ണുപുരം
- ഇരവ്
- റബ്ബർ
- പിൻ തൊടരും നഴലിൻ കുറൽ
- കൊറ്റവൈ
- കാട്
- നവീന തമിഴ് ഇലക്കിയ അറിമുഖം
- ‘നൂറുസിംഹാസനങ്ങൾ’ (മലയാള നോവൽ)
- വെൺമുരശ്
- ആനഡോക്ടർ നോവൽ
- അഖിലൻ സ്മൃതി പുരസ്കാരം (1990)
- കഥാ സമ്മാൻ (1992)
- സംസ്കൃതി സമ്മാൻ (1994)
- പാവലർ വരദരാജൻ അവാർഡ് (2008)
- കന്നട ഇലക്കിയ തോട്ടം അവാർഡ് (2010)
ജയമോഹൻ ഈ ലോക് ഡൗൺ കാലത്ത് എഴുതി തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച 69 ചെറുകഥകളിൽ ഒന്നാണ് ഇത്. ദിവസവും ഒരു കഥ വീതം ജയമോഹൻ ഇക്കഴിഞ്ഞ ദിവസം വരെയും വെബ്സൈറ്റിലൂടെ പ്രകാശിപ്പിച്ചിരുന്നു.
(വിവരങ്ങൾക്കും ചിത്രത്തിനും വിക്കിപ്പീഡിയയോട് കടപ്പാടു്.)