images/Die_alte_Wassermühle.jpg
Die alte Wasserm\”{u}hle, a painting by Friedrich Wilhelm Schreiner (1836–1922).
പച്ച എന്നു പേരുള്ള വീടു്
ജിസ ജോസ്

മതിലിനു പുറത്തെ വീട്ടുപേരായിരുന്നു ആദ്യം ശ്രദ്ധിച്ചതു്. പായൽ പടർന്നു പച്ചച്ച മതിലിൽ കറുത്ത അക്ഷരങ്ങളിൽ പച്ചയെന്ന പേരു്. മതിലിനകത്തെ ഇരുണ്ട പച്ചയിൽ മയങ്ങി നിൽക്കുമ്പോൾ അവരോടു് ആദ്യം ചോദിച്ചതും അതിനെപ്പറ്റിയായിരുന്നു. ഇങ്ങനൊരു പേരോ? നെടുനീളൻ കുടുംബപ്പേരുകളുടെ പ്രൗഢിയിൽ തലപൊക്കി നിക്കുന്ന ക്രിസ്ത്യൻ വീടുകളേ കണ്ടിട്ടുള്ളു. ഇതിപ്പോ ഈ തൊടിയ്ക്കും ഇവിടുത്തെ പച്ചപ്പിനും ചേരുന്ന ഓമനത്തമുള്ളൊരു പേരു്. അവർ പൊട്ടിച്ചിരിച്ചു.

“പച്ചയല്ല, പച്ചപ്പുന്നയ്ക്കൽ. പുന്നയ്ക്കൽ ഇളകിപ്പോയതാ. പണ്ടിവിടൊക്കെ ഇഷ്ടം പോലെ പുന്നമരങ്ങള് ഉണ്ടാരുന്നാരിക്കും”

അതു ശരി, ചെറിയൊരു ചമ്മൽ തോന്നിയതു് മറച്ചുവെക്കാനും കൂടി ഉറക്കെച്ചിരിച്ചു.

“ഞാനും വിചാരിച്ചു.”

“കൊച്ചങ്ങനെ വിചാരിച്ചേലും തെറ്റില്ല. വീട്ടുപേരൊക്കെ നിലനിർത്തേണ്ടതു് മക്കളല്ലേ. മക്കളൊന്നും ഇല്ലാത്തോർക്കു് എന്നാത്തിനാ കൃത്യമായൊരു വീട്ടു പേരു്?! ചത്തു കഴിഞ്ഞാ നാട്ടുകാർക്കു് ഒന്നു് ഐഡന്റിഫൈ ചെയ്യണം, ഇന്നടത്തെ ചേട്ടത്തി മരിച്ചുവെന്നു്, അതിനിപ്പോ പച്ചയായാലെന്നാ പുന്നയ്ക്കലായാലെന്നാ! ഈ പേരു് എനിക്കു് ശേഷം അങ്ങു മാഞ്ഞു പോവാനൊള്ളതു്. അതാ പിന്നെ ഞാനതു് ശരിയാക്കാൻ നോക്കാത്തേ.”

എന്റെ സംശയിച്ചുള്ള നോട്ടം കണ്ടിട്ടാവാം, അവർ പിന്നെയും പറഞ്ഞു:

“സാറൊറ്റ മകനാരുന്നു. സാറിന്റെ അപ്പനും അപ്പന്റപ്പനും ഒക്കെ ഒറ്റ ആമ്മക്കൾ. സാറിനാന്നേ മൂന്നാലു പെങ്ങന്മാരൊണ്ടു്, ഒക്കെ കെട്ടി വേറെ വേറെ കുടുമ്മത്തിലായില്ലേ. മിറാഷ് എളേ പെങ്ങടെ മോനാ. കാര്യം ഇവിടെത്തന്നാ വളർന്നതു്. അവൻ പക്ഷേ, പച്ചപ്പുന്നയ്ക്കലെയാവത്തില്ലല്ലോ.”

അവർ ഉറക്കെച്ചിരിച്ചു. വെളുത്തു ഭംഗിയുള്ള സിറാമിക് പല്ലുകൾ.

പറമ്പു നിറയെ മരങ്ങളായിരുന്നു. ഉയർന്നു പോയിട്ടു് നിലം പറ്റി താഴ്‌ന്ന ജാതിമരങ്ങളുടെ ചുവട്ടിൽ തണലിന്റെ ഇരുണ്ട കൂടാരങ്ങൾ. പേര, ചാമ്പ, മാവു്, പ്ലാവു്, പേരറിയാത്ത എന്തെല്ലാമോ മരങ്ങൾ. പശുത്തൊഴുത്തിന്റെ തറ ഉണങ്ങിക്കിടക്കുന്നു. അവിടെ വിറകും ഓലയുമൊക്കെ വലിച്ചുകൂട്ടിയിട്ടുണ്ടു്. ഇപ്പോൾ വിറകുപുരയായിട്ടായിരിക്കും ഉപയോഗിക്കുന്നതു്. തൊഴുത്തിന്റെ വശത്തു കൂടി കവുങ്ങുകൾ അതിരിട്ട വഴിയവസാനിക്കുന്നിടത്താവണം പുഴ. നനവു തോന്നിപ്പിക്കുന്ന കനത്ത പച്ച നിറമാണു് അവിടുത്തെ ചെടികൾക്കും മരങ്ങൾക്കും. പറമ്പിൽ നിന്നു് നേരെ പടവിറങ്ങിച്ചെല്ലുന്ന ആറിനെക്കുറിച്ചു മിറാഷ് ഒരുപാടു് പറഞ്ഞിട്ടുണ്ടു്.

“അവധി ദിവസമൊക്കെ ഞാൻ വെള്ളത്തിലാരിക്കും. കളിക്കാനൊള്ള രസം കൊണ്ടൊന്നുമല്ല, ആ വീട്ടിനാത്തു് ഇരിക്കാനൊള്ള ശ്വാസം മുട്ടലു കൊണ്ടു്. രാവിലെ വല്ലോം കഴിച്ചേച്ചു് വെള്ളത്തിൽ ചാടുന്നതാ. ഉച്ചക്കു് കേറി വരും, പിന്നേം ചാടും. രാത്രിയാവുമ്പഴും കണ്ടില്ലേലു് അമ്മായി വരും, കേറി വാടാന്നും പറഞ്ഞു്. അന്നേരം എന്റെ തൊലിയൊക്കെ വെള്ളത്തിൽ കിടന്നു് ചുളുങ്ങിക്കാണും. നാലഞ്ചു വർഷം, ഓ! എന്തൊരു കാലമായിരുന്നു അതു്!”

പുഴയില്ലാത്ത മലമ്പ്രദേശത്തു നിന്നു് അമ്മ വീട്ടിലേക്കു വരുന്നതു് ആദ്യമൊക്കെ അവനു വലിയ ആവേശമായിരുന്നു. ആറ്റിറമ്പിൽ വെള്ളത്തിലേക്കു ചാഞ്ഞു നിൽക്കുന്ന തടിച്ചുരുണ്ട വള്ളികളിൽ പിടിച്ചു കിടന്നു് കൈകാലിട്ടടിച്ചു് നീന്തുന്നതായി സങ്കല്പിക്കും. അമ്മായിയോ ജെന്നിചേച്ചിയോ വാഴത്തടയിട്ടു തന്നു നീന്താൻ പ്രേരിപ്പിക്കും. പേടി കൊണ്ടു് ആഴത്തിലേക്കിറങ്ങുകയേ ഇല്ല. പക്ഷേ, സ്ഥിരമായിങ്ങു വന്നപ്പോൾ തനിയെ നീന്താൻ പഠിച്ചു. അന്നേ മതിലും ഗേറ്റുമൊക്കെയുള്ള വലിയ വീടു്. അകത്തു കൂട്ടിൽ കടിക്കുന്ന പട്ടി. ഒറ്റപ്പിള്ളേരു് അങ്ങോട്ടു് കളിക്കാൻ വരില്ല. പുറത്തേക്കു പോകാൻ അനുവാദവുമില്ല. നീന്തിച്ചെന്നു് അപ്പുറത്തെ കടവിലെ പിള്ളേര്ടെ കൂടെ കളിച്ചിട്ടുണ്ടു്. ചിലപ്പോ പുഴ നീന്തിക്കയറി മറുകരേലും ചെന്നിട്ടുണ്ടു്. അമ്മാച്ചൻ അറിയരുതു് പക്ഷേ. അറിഞ്ഞാൽ അടി ഒറപ്പാ.

അവന്റെ ശബ്ദത്തിനു്, അന്നൊക്കെ ഈ വീടിനെക്കുറിച്ചെന്തു പറയുമ്പോഴും കരച്ചിലിന്റെ നേർത്ത ഈണമാകും.

അവരുടെ കൈയ്യിൽ പേരയ്ക്കകളുണ്ടായിരുന്നു. പഴുത്തു് മഞ്ഞനിറം പുരണ്ടതു്. പറമ്പിനാകെയൊരു പഴമണമാണെന്നു തോന്നി. നിലത്തു വീണടിഞ്ഞ മാമ്പഴത്തിന്റെ, ചക്കപ്പഴത്തിന്റെ, ചാമ്പക്കയുടെ.

“ഒന്നും തിന്നാൻ പറ്റത്തില്ലെന്നേ. പിന്നെ വെറുതെ പോകണ്ടല്ലോന്നു കരുതി പറ്റുന്നത്രേം പെറുക്കി വെക്കും. കുറെ കഴിയുമ്പം എടുത്തുകളയും. പണിക്കൊരു പെണ്ണു വരുന്നുണ്ടു്. അവളോടു് കൊണ്ടുപോവാൻ പറഞ്ഞാ അവക്കും വേണ്ട. എന്നാ കണ്ണു തെറ്റിയാ മരത്തേന്നു പറിച്ചോണ്ടു പോകുകേം ചെയ്യും. അതെനിക്കിഷ്ടമല്ല. നമ്മളെടുത്തു കൊടുത്തു് കൊണ്ടുപോണതല്ലേ അതിന്റൊരു മര്യാദ.”

അവർ പിന്നെയും ചിരിച്ചു.

“നിപ്പാവൈറസെന്നൊക്കെ കേട്ട കാലത്തു് ഈ മരമെല്ലാം മുറിച്ചുകളയണമെന്നു പറഞ്ഞു് എന്നാ ബെഹളമാരുന്നു അവള്. കാര്യം അപ്പടി വവ്വാലാ. എന്നു വെച്ചു് മരം മുറിക്കാനോ? അങ്ങനങ്ങു ചാകുവാണേലു് ചാകട്ടെടീന്നു ഞാനും. ഒന്നുമല്ലേലു് പഴം തിന്നിട്ടാണല്ലോ ചാവുന്നതു്. വവ്വാലു തിന്നതാണോ അല്ലേന്നൊന്നും ഞാൻ നോക്കുകേല. നല്ലപോലെ റണ്ണിങ് വാട്ടറിലു കഴുകും. വവ്വാലു ചപ്പിയതാണേലു് അവിടങ്ങു മുറിച്ചു കളയും. അല്ല പിന്നെ.”

ഭംഗിയായി ചിരിച്ചു കൊണ്ടു് അവർ തുടർന്നു.

“പണ്ടു് സാറാ ഈ പഴമരങ്ങളൊക്കെ വെച്ചുപിടിപ്പിച്ചേ, എവിടുന്നു കിട്ടിയാലും കൊണ്ടന്നു മുളപ്പിക്കുവാരുന്നു. ബട്ടർഫ്രൂട്ടും സ്ട്രോബറീം ആപ്പിളുമൊക്കെ ഉണ്ടാരുന്നു. ഓറഞ്ചും. ഇപ്പഴും ഉണ്ടു്. ചുമ്മാ മരമായിട്ടു്, കായ്ക്കത്തൊന്നുമില്ലെന്നേ. അതുങ്ങടെ കുറ്റമല്ല, പറ്റാത്തിടത്തു് കൊണ്ടന്നു കുഴിച്ചിട്ടാ ആ പാവങ്ങളെന്നാ ചെയ്യാനാ. ഓരോന്നിനും ഓരോ എടമുണ്ടല്ലോ.”

അവർ പൊട്ടിച്ചിരിച്ചു കൊണ്ടു് അകത്തേക്കു കേറുന്നതിനിടയിൽ പെട്ടെന്നു തിരിഞ്ഞു പറഞ്ഞു.

“കേറി വാ. എനിക്കു് ഈ സമയത്തു് വല്ലോം തിന്നണം. അല്ലേൽ ആകെയൊരു പരവേശമാ. പേരക്കയോ കപ്പളങ്ങയോ ഒക്കെ നല്ലോണം പഴുത്തു കഴിഞ്ഞതാണേൽ സ്പൂണോണ്ടു കോരിത്തിന്നാം. കടിച്ചു തിന്നാനൊന്നും പറ്റത്തില്ല.”

പെയിന്റടർന്നും ചുവരു വിണ്ടും ആ വീടു് പഴയ പ്രതാപത്തിന്റെ ഓർമ്മയിൽ വിളറി നിൽക്കുന്നതു പോലെ തോന്നി. വളരെക്കാലമായി അറ്റകുറ്റപ്പണികളൊന്നും ചെയ്യിച്ചിട്ടുണ്ടാവില്ല. ജനാലയഴികൾ കറുത്തും പൊടിപിടിച്ചുമിരുന്നു. വാതിലിൽ എന്തെല്ലാമോ കൊത്തുപണികളുണ്ടു്. പക്ഷേ, പോളിഷു മാഞ്ഞു് എല്ലാത്തിനും മങ്ങിയ കറുപ്പുനിറം. ഓവൽഷെയിപ്പിലുള്ള ചവിട്ടുപടികളിലെ ചുവന്ന സിമന്റടർന്നിരിക്കുന്നു പലേടത്തും. ആ വീട്ടിലേക്കു് കേറിച്ചെല്ലാൻ മടി തോന്നി. കുറച്ചു ദിവസത്തെ കാര്യമല്ലേ അമ്മായിയുടെ വീട്ടിലു് താമസിക്കാമെന്നു മിറാഷ് പറഞ്ഞതു കേട്ടു് ഇറങ്ങിത്തിരിക്കേണ്ടിയിരുന്നില്ല. അവിടെ നിനക്കു് വേറൊരു താമസ സ്ഥലം കിട്ടാനൊക്കെ പ്രയാസമായിരിക്കുമെന്നവൻ പറഞ്ഞപ്പോൾ, നഗരത്തിൽ താമസിച്ചു് ഇത്രയും ദൂരെ ബസ്സ് കയറിയോ ടാക്സി പിടിച്ചോ വരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചു് സൂചിപ്പിച്ചപ്പോൾ സമ്മതിക്കുകയായിരുന്നു.

“പ്രത്യേകിച്ചു് നിന്റേതൊരു സീക്രട്ട് ഓപ്പറേഷനുമല്ലേ? ആരടേം ശ്രദ്ധയിൽ പെടാതെ വേണം അവിടെച്ചെല്ലാൻ.”

ലാപ് ടോപ്പിന്റെ സ്ക്രീനിൽ അവന്റെ മുഖം വല്ലാതെ ചീർത്തും വീർത്തും വൃത്തികേടായി തോന്നി. അതവനോടു പറയുമ്പോൾ അവൻ തിരിച്ചും അതു തന്നെ പറഞ്ഞു, രണ്ടു പേരും പൊട്ടിച്ചിരിച്ചു. പരസ്പരം കണ്ടിട്ടു് എത്ര വർഷങ്ങളായി! അടുത്ത അവധിക്കു് നാട്ടിൽ വരുന്നുണ്ടെന്നും വന്നിട്ടു് ഏറെക്കാലമായെന്നുമൊക്കെ പറയുന്ന കൂട്ടത്തിൽ അവൻ പിന്നെയും ഓർമ്മിപ്പിച്ചു, “നീ അമ്മായിയുടെ വീട്ടിൽത്തന്നെ നിന്നാൽ മതി, ഞാൻ വിളിച്ചു പറഞ്ഞുകൊള്ളും. ഞാനും ഒരുപാടു കാലമായി അവരെ കണ്ടിട്ടു്. കഴിഞ്ഞ വരവിനും അങ്ങു പോയില്ല, നീ ധൈര്യമായി ചെല്ലു്.”

അവൻ വീട്ടിലേക്കുള്ള വഴി മാർക്കു് ചെയ്തു് അയച്ചു തന്നു. ഒരു പ്രയാസോമില്ല, ബസ് സ്റ്റോപ്പിൽ നിന്നു് ഇടത്തോട്ടു് ഒരഞ്ചു മിനുട്ട്, പൂക്കളും വള്ളികളുമൊക്കെയുള്ള പഴയ മാതിരി ഗേറ്റ്.

കണ്ടുപിടിക്കാൻ ഒട്ടും പ്രയാസപ്പെട്ടതുമില്ല. പക്ഷേ, ഇപ്പോഴാണു് മടുപ്പു് തോന്നുന്നതു്. ഇത്രയും പഴക്കം മണക്കുന്ന ഒരു വീടു്. വീടു പോലെ തന്നെ പഴയ ഒരു സ്ത്രീയോടൊപ്പം. വേണ്ടായിരുന്നു.

“വാ”

അകത്തു കയറി.

ഇരുപ്പുമുറിയിലെ സെറ്റിയൊക്കെ നരച്ച തുണികൾ കൊണ്ടു മൂടിയിട്ടിരിക്കുന്നു. പൊടിയടിഞ്ഞിട്ടാവണം അതൊക്കെ ഇങ്ങനെ നരച്ച പോലെ തോന്നുന്നതു്.

ഇരിക്കാനൊരിടം തപ്പുന്നതിനിടയിൽ അവർ വാതിൽ കടന്നു് വെളിച്ചം കുറഞ്ഞ ഇടനാഴിയിലേക്കു നടന്നു. നടക്കുന്നതിനിടയിൽത്തന്നെ കൈയ്യെത്തിച്ചു ലൈറ്റുമിട്ടു. ഇടനാഴി ചെല്ലുന്നതു് കുറച്ചു വലുപ്പമുള്ള നടുമുറിയിലേക്കാണു്. അവിടെയും ഇരുട്ടാണു്, ജനാലകൾ തുറന്നിട്ടില്ല. മുറിയിലാകെ കെട്ട പഴങ്ങളുടെ മണം. ലൈറ്റിട്ടു് അവർ കസേര ചൂണ്ടിക്കാട്ടി.

“ഇരിക്കു് ”

“ഇവിടെ ഞാൻ കാപ്പീം ചായേമൊന്നും അങ്ങനെ പതിവില്ല. രാവിലെ നേർപ്പിച്ച പാലിലു് ഓട്സിട്ടു കാച്ചി കുടിക്കും. ഉച്ചയ്ക്കു് ഇത്തിരി ചോറും കൂട്ടാനും, പഴങ്ങളും. രാത്രി വല്ലോം സൂപ്പ്. പണ്ടു് ഇങ്ങനൊന്നുമല്ലായിരുന്നു. സാറൊള്ളപ്പം മീൻകാരൻ ഇവിടെ കേറീട്ടാ പോണേങ്കിൽ അപ്പറത്തൊള്ളോർക്കൊന്നും മീൻ കിട്ടത്തില്ലെന്നു് അവരു പരാതി പറയുമാരുന്നു. കഴിച്ചാലുമില്ലേലും പാത്രങ്ങളെല്ലാം നെറഞ്ഞിരിക്കണമെന്നാരുന്നു സാറിന്റെ നിർബന്ധം. ആരേലും ഓർക്കാപ്പുറത്തു കേറി വന്നാലും മൃഷ്ടാന്നം വിളമ്പണം, അതൊക്കെ ഒരു കാലം. ഇപ്പഴാണേൽ ഞാൻ വിചാരിക്കുന്നതെന്നാന്നറിയാവോ, ഒരു ദിവസം ആ പെണ്ണു വന്നില്ലേലും ഞാൻ പട്ടിണിയാവരുതു്. തന്നെ ഉണ്ടാക്കാൻ പറ്റുന്നതെന്നാന്നു വെച്ചാലു് അതു ശീലിക്കാൻ വയറിനേം പഠിപ്പിച്ചു, വായോടും അതു തന്നെ പറഞ്ഞു. ആദ്യമൊക്കെ ഇത്തിരി പിണങ്ങി. പിന്നതുങ്ങളതങ്ങു ശീലിച്ചു.”

അവർ പിന്നെയും ചിരിച്ചു.

ഇരിക്കാൻ മടിക്കുന്നതു കണ്ടു് ആട്ടമുള്ള ആ കറുത്ത കസേരയിൽ ഊരുറപ്പിച്ചിരിക്കാമോയെന്നു ഭയമുണ്ടെന്നു് അവർക്കു തോന്നിക്കാണും.

“പേടിക്കണ്ടാ, ഇത്തിരി ആട്ടമുണ്ടെന്നേയൊള്ളു. പണ്ടു് ആറ്റിറമ്പിലൊരു് ഊക്കൻ വീട്ടിയൊണ്ടാരുന്നു. ഈ വീട്ടിലെ ഫർണിച്ചറു മുക്കാലും അതുകൊണ്ടുണ്ടാക്കിയതാ, ഒരു വല്യവധി മുഴുവനും സാറും കൂടിയിരുന്നു് ചെയ്യിച്ചതാ. അത്രേം ഉറപ്പാ.”

ചിരിച്ചു കൊണ്ടു് അവർ മൂലയ്ക്കിരുന്ന പെയിന്റിളകിപ്പോയി കറുത്ത ഫ്രിഡ്ജു തുറന്നു. പണ്ടതിന്റെ നിറമെന്തായിരിക്കുമെന്നു് കണ്ടെത്താനുള്ള ഒരു സൂചനയുമതിനു പുറത്തുണ്ടായിരുന്നില്ല. പിന്നെയും പഴുപ്പധികമായ പഴങ്ങളുടെ മണം പരന്നു. ഫ്രിഡ്ജിനുള്ളിലും അവർ പഴങ്ങളായിരിക്കും സൂക്ഷിക്കുക. ഛർദ്ദിക്കാൻ വരുന്നതു പോലെ തോന്നി. പക്ഷേ, ഞൊടിയിടയിൽ അവർ കോഫിമേക്കറിൽ ഒരു കാപ്പി ഉണ്ടാക്കി മുന്നിൽ വെച്ചപ്പോൾ വളരെ ആശ്വാസമായി. കടുപ്പമുള്ള കാപ്പിമണം കെട്ട പഴ മണത്തെ കുറച്ചൊന്നകറ്റുന്നുണ്ടു്. പാത്രത്തിൽ കുറച്ചു ബിസ്കറ്റുകളും അവർ നിരത്തി.

“കഴിക്കു്. ബിസ്ക്കറ്റ് കൊറച്ചു് പഴകീതാ. വേണേലെടുത്താ മതി. ഇവിടൊണ്ടോ വല്ലോരും വരുന്നു. വാങ്ങി വെച്ചതൊക്കെ ചുമ്മാ ഇരുന്നു കനച്ചു കാറിപ്പോകും. പണ്ടാണേൽ ഇങ്ങനത്തെ കടപ്പലഹാരം വല്ലോം നമ്മളാർക്കേലും കൊടുക്കുവോ? സാറിനിത്രേം കലി!! എവിടേലും ചെന്നാ ഇങ്ങനത്തെ വല്ലോം തിന്നാൻ കൊണ്ടു വെച്ചാലു് മൂക്കിങ്ങനെ തുടുത്തു വരും. ദേഷ്യം വരുമ്പം അങ്ങനാ. പിന്നവിടുത്തെ പെണ്ണുങ്ങളെ ഗുണദോഷിക്കാൻ തുടങ്ങും. അതോണ്ടു് പണ്ടു് ഇവിടുത്തെ ഭരണീലൊക്കെ എപ്പഴും പലഹാരം കാണും. ചക്കവരട്ടിയതൊക്കെ മുന്നൂറ്ററുപത്തഞ്ചു ദിവസോം കാണും.”

images/jisajose-pacha-01.png

കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ അവർ അടുക്കളയിലേക്കാവണം അപ്പുറത്തെ കറുത്ത വാതിൽ കടന്നകത്തേക്കു പോയി, എന്തൊക്കെയോ വർത്തമാനങ്ങൾ കേട്ടു. തട്ടിക്കയറുന്നതു പോലെ വേറൊരു പെൺ ശബ്ദം. പക്ഷേ, ഇവരുടെ മൃദുവായ ശബ്ദത്തിന്റെ ഉറപ്പിൽ അതു് തട്ടിച്ചിലമ്പിപ്പോവുന്നു. മിറാഷ് പണ്ടു പറഞ്ഞിരുന്നു:

“അമ്മായി പള്ളീലു പാടുന്ന കേട്ടല്ലേ അമ്മാച്ചൻ കല്യാണമാലോചിച്ചേ. അങ്ങേരു കല്യാണമൊന്നും വേണ്ടാന്നു പറഞ്ഞു നിക്കുന്ന കാലം. പെങ്ങന്മാരെ കെട്ടിക്കാനൊക്കെ കഷ്ടപ്പെട്ടു് പ്രായവും കുറച്ചായി. അന്നേരവാ പത്തു പതിനാറു വയസ്സൊള്ള കൊച്ചിനെ. അമ്മായീടെ വീട്ടിലാണേ കഷ്ടപ്പാടും ദാരിദ്ര്യവും. പറയാൻ ഇവരെപ്പോലെ വല്യ കുടുംബമഹിമേമില്ല. അവരു സന്തോഷമായിട്ടു കെട്ടിച്ചു കൊടുത്തു. കല്യാണം കഴിഞ്ഞേപ്പിന്നെ അമ്മാച്ചനാ പത്താം ക്ലാസു പരീക്ഷയെഴുതിച്ചതും ട്രെയിനിങ്ങിനു വിട്ടതും സ്കൂളിലു ജോലി വാങ്ങിച്ചു കൊടുത്തതുമൊക്കെ.”

പട്ടു പോലെ സ്വഭാവമുള്ള അമ്മായിയെയായിരുന്നു അവർക്കെല്ലാം കുട്ടിക്കാലത്തു് വല്യ ഇഷ്ടം. അമ്മാച്ചനെ പേടിയാണു്. ഒന്നാമതു് കണക്കുസാറു്. വീട്ടിലു് ഒച്ചയുണ്ടാക്കരുതു്, വികൃതി കാണിക്കാൻ പാടില്ല. എന്തു കുരുത്തക്കേടു കാണിച്ചാലും മുറ്റത്തെ ചരലിലു് മുട്ടുകുത്തിക്കലാണു് ശിക്ഷ. വെയിലായാലും മഴയായാലും അതിനൊരു നീക്കുപോക്കില്ല. ചാരുകസേരയിൽ കിടന്നോണ്ടു് ഇരിക്കുന്നുണ്ടോ കള്ളത്തരം കാട്ടുന്നുണ്ടോന്നു് തുറിച്ചു നോക്കും. തെറ്റിന്റെ കടുപ്പമനുസരിച്ചു് സമയം നീളും. ഒരു മണിക്കൂറു വരെയൊക്കെ അങ്ങനെ നിന്നിട്ടുണ്ടു്.

അമ്മാച്ചനില്ലേലു് വീടു സ്വർഗ്ഗമാണു്. ഇഷ്ടം പോലെ പലഹാരങ്ങൾ. അമ്മായിയുടെ പുന്നാരം. ചേച്ചിമാരും അമ്മായിയെ പൊതിഞ്ഞു നടക്കും. അമ്മായീടെ മുടിക്കെട്ടു്, കണ്ണെഴുത്തു്, ബ്ലൗസിന്റെ കൈ, വാച്ച്… എന്തെന്തു കൗതുകങ്ങളാണു്. നിറയെ മഞ്ഞപ്പൂക്കളുള്ള സാരി മുറിച്ചു് പാവാടയും ബ്ലൗസും തയ്ച്ചു കൊടുക്കാമെന്നു് സുനിചേച്ചിക്കു് വാക്കു കൊടുത്തിട്ടുണ്ടു്, ക്രിസ്മസ് അവധിക്കു വന്നപ്പോൾ. ലീനയെ പൂത്തുന്നലു പഠിപ്പിക്കാമെന്നും. സുനിയും ജെന്നി ചേച്ചിയുമാണു് കൂട്ടുകാർ. രണ്ടാളും ഒരേ പോലത്തെ പാവാടയൊക്കെയുടുത്തു് പാറി നടക്കും. കുളിക്കാൻ പോണതും പള്ളീൽ പോണതുമൊക്കെ ഒന്നിച്ചു്. അവരുടെ കൂടെങ്ങാനും ആറ്റിലേക്കു് ചെന്നാൽ അപ്പോൾ സുനിചേച്ചി ഓടിച്ചു വിടും.

“പോടാ, പെണ്ണുങ്ങളു കുളിക്കുന്നിടത്താണോ ചെറുക്കന്മാരു്.”

മുഖം വാടുമ്പോൾ ജെന്നി ചേച്ചി സമാധാനിപ്പിക്കും.

“പോടീ ഇവൻ കൊച്ചു ചെറുക്കനല്ലേ, വാ, ഞാൻ നീന്തിപ്പിക്കാം”

പക്ഷേ, ആ രസങ്ങളൊക്കെ പെട്ടെന്നു മാഞ്ഞുപോയി. നാലാം ക്ലാസിലെ വല്യ അവധിക്കു് ഒരു മാസം മുഴുവനും അമ്മവീട്ടിലായിരുന്നു. സുനി ചേച്ചിക്കു് പരീക്ഷ തീരാത്തതു കൊണ്ടു് അവളുമമ്മച്ചീം വന്നില്ല. ഇവിടെ വന്നപ്പോ ജെന്നിചേച്ചിക്കും പരീക്ഷ. എപ്പോഴും മുറിയടച്ചിരുന്നു പഠിത്തം. അമ്മായിക്കു പണ്ടത്തെ കളീം ചിരീമൊന്നുമില്ല. അമ്മാച്ചനും ഒരുമാതിരി. ലീന വായിച്ചോണ്ടിരുന്ന പുസ്തകം തട്ടിപ്പറിച്ചോടുന്നതിനിടയിൽ വാതിൽപ്പടിയിൽ തട്ടി വീണതുകണ്ടപ്പോൾ പോലും സൂക്ഷിച്ചു നടക്കെടാ എന്നല്ലാതെ ഒന്നു വഴക്കു പോലും പറഞ്ഞില്ല. ആകെപ്പാടെ ശ്വാസം മുട്ടിയാണു് ആ ദിവസങ്ങൾ തീർത്തെടുത്തതു്. കൂട്ടിക്കൊണ്ടുപോവാൻ ചാച്ചൻ വന്നപ്പോൾ ഒരാഴ്ച കൂടി, ഒരീസം കൂടിയെങ്കിലും എന്നു് കെഞ്ചാൻ പോയില്ല. അത്രയും ആശ്വാസമായിരുന്നു. ആ ജൂലായിലാണു്, നല്ല മഴ പെയ്ത ദിവസം വൈകുന്നേരം നനഞ്ഞു കുളിച്ചു കേറി വരുമ്പം അമ്മച്ചി വലിയ തിരക്കിലാണു്. പുറത്തു പോകുമ്പഴത്തെ വേഷം. പശൂന്റേം പന്നീടേമൊക്കെ കാര്യങ്ങൾ ഓരോരുത്തരെ ഏല്പിക്കുന്നു. സുനിചേച്ചി അമ്മച്ചീടെ പുറകെ നടക്കുന്നുണ്ടു്.

“ഞാനും വരുന്നു അമ്മച്ചീ, എനിക്കും കാണണം”

അമ്മച്ചിയുടെ കണ്ണുകൾ ചുവന്നു. പൊട്ടിത്തെറിച്ചു കൊണ്ടു് ചേച്ചിയുടെ പുറത്തു് ഒറ്റയടി. പടക്കം പൊട്ടുന്ന പോലത്തെ ഒച്ച. അതിലുമുച്ചത്തിൽ അമ്മച്ചി അലറി.

“പൊക്കോണം എന്റെ മുന്നീന്നു്. കൂട്ടും കൂടി നടന്നിട്ടു് ഒരുത്തി കാണിച്ചതു കണ്ടില്ലേ? നെനക്കറിയാൻ മേലാരുന്നോ ഇതൊക്കെ? അവളു നിനക്കു് എല്ലാ ആഴ്ചേലും എന്നാ മാങ്ങാത്തൊലിയാ എഴുതി അയച്ചോണ്ടിരുന്നേ? ഞാനിങ്ങു തിരിച്ചു വരട്ടെ. എല്ലാമെനിക്കൊന്നു കാണണം. പാവം നാത്തൂനെങ്ങനെ സഹിക്കുന്നോ ആവോ!”

ഒന്നും മനസ്സിലായില്ല. ചേച്ചി കട്ടിലേൽ പോയി കമിഴ്‌ന്നു കിടന്നു കരയാൻ തുടങ്ങി. ആറു മണിയുടെ ബസ്സിനു പോകാൻ ചാച്ചനുമമ്മച്ചിയുമിറങ്ങി. എന്നാലേ പുലർച്ചയ്ക്കു് അങ്ങെത്തൂ. സ്റ്റെപ്പിറങ്ങി അവരുടെ കുടകൾ കൺവെട്ടത്തു നിന്നു് മറഞ്ഞ ഉടനെ സുനിചേച്ചി ചാടിയെണീറ്റു് ട്രങ്കു പെട്ടി തുറന്നു് അടുക്കി വെച്ച പാവാടകൾക്കടിയിൽ നിന്നു് ഒരു കെട്ടു കത്തുകളെടുത്തു് ചായ്പ്പിൽ കൊണ്ടുവന്നു കൂട്ടി മണ്ണെണ്ണയൊഴിച്ചു കത്തിച്ചു.

ചേച്ചീ, ചേച്ചീ എന്നതാ കാട്ടുന്നേയെന്നു ബഹളം വെച്ചപ്പോൾ ലീന കൈത്തണ്ടയിലമർത്തിപ്പിടിച്ചു.

“ജെന്നി ചേച്ചീടെ കത്തുകളാ, അവൾടെ രഹസ്യമൊക്കെ ഇവക്കറിയാം. അമ്മച്ചി കാണാതിരിക്കാൻ കത്തിച്ചു കളയുവാ”

കോരിച്ചൊരിയുന്ന മഴയത്തു് ആ കത്തുകളൊക്കെ നീറി നീറിക്കത്തിത്തീർന്നു. ചാണകം മെഴുകിയ നിലം കരുവാളിച്ചു.

“നീ നല്ല പണിയാ കാട്ടിയേ. ചായ്പിലെ ഓലക്കെങ്ങാനും തീ പിടിച്ചാരുന്നെങ്കിലോ?”

ലീന സുനിചേച്ചിയോടു ചോദിച്ചു.

“പോടി.”

അവളലറി. അപ്പോഴും ഞങ്ങൾക്കു് അറിയില്ലായിരുന്നു ജെന്നി ചേച്ചി മരിച്ച കാര്യം. അസുഖമെന്തോ ആണെന്നു മാത്രമാണു് കരുതിയതു്. സുനിചേച്ചിക്കു് മനസ്സിലായിരുന്നോ അവൾ ഇനിയില്ലെന്നു്?

അതറിഞ്ഞതു് ചാച്ചൻ ഒറ്റക്കു് മൂന്നാംപക്കം തിരിച്ചു വന്നപ്പോഴാണു്. അമ്മച്ചി ഒരാഴ്ച കൂടി കഴിഞ്ഞേ വന്നുള്ളു. പിന്നെ കേട്ടു, പണിക്കു വരുന്നവരോടു്, വിരുന്നു വന്നവരോടു് ഒക്കെ അമ്മച്ചിയുടെ എണ്ണിപ്പറച്ചിൽ.

“എന്റെ കൊച്ചേലി, നാത്തൂന്റെ കണ്ണിലൂടെ ചോരയാ വരുന്നേ, കണ്ടാൽ പൊറുക്കുകേല, നെഞ്ചും തിരുമ്മി ശ്വാസം കിട്ടാതെ കിടന്നു പെടയ്ക്കുവല്ലേ. ഞങ്ങളു മണലു കിഴികെട്ടി നെഞ്ചത്തുവെക്കും, ചൂടുവെള്ളമനത്തിക്കൊടുക്കും. ഒന്നു സമാധാനാവും. ഒരര മണിക്കൂറു്. പിന്നേം തൊടങ്ങുവല്ലേ, ഒരിത്തിരി കണ്ണുപൂട്ടാൻ പോലും പറ്റാതെ.”

അമ്മായിയുടെ സഹനത്തിന്റെ ഉച്ചസ്ഥായിയിലുള്ള വർണ്ണനകൾ പലതും കേട്ടു, കേട്ടപ്പോഴൊക്കെ കണ്ണു നിറഞ്ഞു. പക്ഷേ, പിറ്റേക്കൊല്ലം അമ്മവീടിനടുത്തുള്ള സ്കൂളിലേക്കു മാറ്റിച്ചേർത്തതു പ്രതീക്ഷിക്കാത്ത അടിയായിരുന്നു.

“അവർക്കു് ആരുമില്ലല്ലോടാ. കൊച്ചുങ്ങളെക്കാണുമ്പം ഒരു മനസമാധാനം കിട്ടുവാണേൽ അത്രേമായില്ലേ? നീയാണേൽ നാത്തൂനു് പൊന്നു പോലെയാ. എന്റെ കൊച്ചു് ചെല്ലു്. ഓണത്തിനും ക്രിസ്മസിനും ഇങ്ങു വരാം. മുറ്റത്താ സ്കൂള്. ഇവിടുത്തെപ്പോലെ നടക്കുകേം വേണ്ട.”

പ്രലോഭനങ്ങളുടെ വലിയ പട്ടികയായിരുന്നു. ഒന്നിൽപ്പോലും മനസ്സുടക്കിയില്ല. എനിക്കു പോകണ്ട എന്നു മനസ്സു നിലവിളിച്ചു. പക്ഷേ, പോകാതെ വയ്യായിരുന്നു.

“നീ മരിച്ചവീടെന്നു കേട്ടിട്ടുണ്ടോ? ആരേലും മരിച്ച വീടല്ല. വീടു തന്നെ മരിച്ച പോലെ? ഒരു മോർച്ചറീന്നു് അപ്പോ പുറത്തു കൊണ്ടുവന്ന പോലത്തെ മരവിച്ച വീടു്. അല്ലേൽ വേണ്ട വെള്ളത്തിലാണ്ടുപോയിട്ടു് മൂന്നാംപക്കം പൊങ്ങി വന്ന പോലത്തെ ചീർത്തു വീർത്ത വീടു്? അതായിരുന്നു അന്നു് അമ്മായീടെ വീടു്. അതിനാത്തിരുന്നാൽ നമ്മളും ചത്തുപോവും. ചീയില്ല, മണക്കില്ല ആരുമറിയേമില്ല. പക്ഷേ, നമ്മളും ചത്തുപോവും.”

മിറാഷ് കരച്ചിലുണങ്ങിപ്പിടിച്ച ഒച്ചയിൽ പറയുന്നതോർത്തു.

“ഇച്ചിരേ കൂടി കോഫി?”

സന്തോഷത്തോടെ കപ്പു നീട്ടി. നല്ല കോഫിയെന്നു് പറയുകയും ചെയ്തു.

പാലു പോലെ വെളുത്തു വെളുത്ത ഒരു മെലിഞ്ഞ സ്ത്രീ ചൂലും ബക്കറ്റുമായി ഇടനാഴിയിലേക്കു് കടന്നു പോയി.

“ഇഷ്ടമായിട്ടില്ല, മുറിയൊക്കെ വൃത്തിയാക്കാൻ പറഞ്ഞതു്.”

അവർ ശബ്ദം താഴ്ത്തി ചിരിച്ചു കൊണ്ടു പറഞ്ഞു.

“ഉച്ചയ്ക്കത്തേനു് വല്ലതുമുണ്ടാക്കി വെച്ചിട്ടുണ്ടോ, വായിലു വെക്കാൻ കൊള്ളുമോ ഒന്നിനും ഒരു ഗാരന്റീമില്ല കേട്ടോ.”

കാപ്പി കുടിച്ചു കഴിഞ്ഞതോടെ മുറിയിലെ കാപ്പി മണവും മാഞ്ഞു. പിന്നെയും പഴങ്ങളുടെ അഴുകിയ മണം പരക്കാൻ തുടങ്ങി. ഇവർക്കതു തിരിച്ചറിയാനാവുന്നില്ലേ? എന്താണിനി ചെയ്യേണ്ടതെന്നു മനസ്സിലായില്ല. ഒരു മുറിയോ മറ്റോ കാട്ടിത്തന്നാൽ ഒന്നു പോയി കിടക്കാമായിരുന്നു. പക്ഷേ, അവർ ഒന്നും പറഞ്ഞില്ല, ഒരു പേരയ്ക്ക മുറിച്ചു സ്പൂൺ കൊണ്ടു് ആസ്വദിച്ചു കഴിച്ചു തുടങ്ങി. അപ്പോൾത്തന്നെ ഒരു കാൾ വന്നതു് ഭാഗ്യമായി. ഇടനാഴിയിലൂടെ തിരിച്ചു നടന്നു. വെളിച്ചത്തിന്റെ ദ്വാരം മുന്നിൽക്കണ്ടപ്പോൾ ആശ്വാസം തോന്നി. മുറ്റത്തേക്കിറങ്ങി ഫോൺ ചെയ്തു കൊണ്ടു് കുറച്ചധികനേരം പറമ്പിൽ ചുറ്റിത്തിരിഞ്ഞു. ആറിന്റെ തീരത്തെത്തി. പടവുകളൊന്നും കാണാനില്ല. ഒക്കെ ഇടിഞ്ഞു തൂർന്നു പോയിരിക്കും. പറമ്പിന്റെ തിട്ട ആറ്റിലേക്കു് ഇടിഞ്ഞിടിഞ്ഞു വീഴുന്നുണ്ടു്. വെള്ളം അതിന്റെ നനഞ്ഞ നാവുകൊണ്ടു് സ്പർശിച്ചുണർത്തുന്നതു പോലെ ചുവന്ന മണ്ണു് നനഞ്ഞു കുതിർന്നും അലിഞ്ഞും.

“എവിടെപ്പോയെന്നു വിചാരിച്ചു.”

പെട്ടെന്നു് പിന്നിൽ അവരുടെ കിതപ്പാർന്ന ശബ്ദം. ഞെട്ടിത്തിരിഞ്ഞു നോക്കി. ഇപ്പോഴും അവരുടെ കൈയ്യിൽ മഞ്ഞപ്പേരക്കകൾ.

“ഇപ്പോ ആരും ആറ്റിലൊന്നും കുളിക്കത്തില്ലല്ലോ, ഒക്കെ ഇടിഞ്ഞു പോയി. ഇവിടെ 13 പടവൊണ്ടാരുന്നൂന്നു് പറഞ്ഞാൽ വിശ്വസിക്കുമോ? പാത്രം മെഴുക്കാനും മീൻ കഴുകാനുമൊക്കെ ഇവിടാരുന്നു വരുന്നേ. വൈകിട്ടു് എന്നാ ബഹളമായിരിക്കും. കുളി, അലക്കു്, നീന്തൽ. വരുന്ന കാലത്തു് എനിക്കുണ്ടോ നീന്തലറിയുന്നു! ഞങ്ങളങ്ങു് കിഴക്കോട്ടല്ലേ, അവിടെ നല്ല മഴക്കാലത്തു് പറമ്പിലൂടെ വരളികളൊഴുകും. ചെറിയ അരുവിയേ. അതിലു മുങ്ങാൻ പോലും വെള്ളം കാണൂല്ല. അതല്ലേ ഞാൻ കണ്ടിട്ടൊള്ളൂ. പക്ഷേ, കെട്ടി വന്നേന്റെ ഏഴാം പക്കമാവുമ്പഴത്തേനു് ഈ ആറു് മുറിച്ചു നീന്താൻ പഠിച്ചു ഞാൻ. അങ്ങനായിരുന്നു സാറിന്റെ പഠിപ്പീരു്. വെള്ളത്തിലോട്ടു് ഉന്തിവീഴ്ത്തും. പിന്നെ നമ്മക്കു് നീന്താതെ രക്ഷയില്ല, മുങ്ങിപ്പോവാതിരിക്കണേൽ നീന്തിക്കയറണം. ഒത്തിരി വെള്ളം കുടിച്ചിട്ടൊണ്ടു് എന്നാലും മുങ്ങിപ്പോയിട്ടില്ല, പോവില്ല.”

അവർ ആറ്റിറമ്പിലൂടെ ഒരു ചാലു് നടന്നു നോക്കി.

“നീന്തണോ? താഴേക്കിറങ്ങാൻ ഇതിലെ വഴിയില്ല. ഇവിടിപ്പോ ആഴവും കൂടുതലായിരിക്കും. അപ്പുറത്തെ കടവിലു ചെന്നാലിറങ്ങാം. പക്ഷേ, അവിടേം ഇപ്പോ മണലുലോറികളാ പുഴയിലിറങ്ങുന്നേ. ചിലപ്പോ എനിക്കും കൊതി തോന്നും ഒന്നു നീന്തിക്കേറാൻ. വെള്ളത്തിന്റെ ഒരു തൊടലുണ്ടു്, മുകളിലത്തെ വെള്ളമല്ല, അതിനൊരു വികാരോമില്ല, ചുമ്മാ ഒഴുക്കു വെള്ളം. പക്ഷേ, കുറച്ചാഴത്തിലെ തണുപ്പും ഇളം ചൂടുമുള്ള വെള്ളം. ഹോ കണ്ടോ ഇപ്പഴും എന്റെ രോമങ്ങളെഴുന്നു നിക്കുന്നേ?”

അവർ പേരയ്ക്ക കൈകൾ നീട്ടിക്കാണിച്ചു കൊണ്ടു് ചിരിച്ചു.

“ഇവിടേക്കു് പിന്നാരും വരാതായി. അതാ ഇങ്ങനെ ഇടിഞ്ഞുതൂർന്നേ.”

ചിരി വറ്റിപ്പോയ വരണ്ടൊരൊച്ചയിൽ പെട്ടന്നവർ കൂട്ടിച്ചേർത്തു.

“പത്തുനാപ്പതു വർഷമായി, ഞാനീ വെള്ളത്തിലിറങ്ങീട്ടില്ല. സാറ് അതിനു കുറെക്കാലം മുന്നേ ഇങ്ങു വരാറുമില്ല. മിറാഷാണു് പിന്നെ ഇവിടെ വന്നോണ്ടിരുന്നേ. അവനും പോയേപ്പിന്നെ ആരും വരാണ്ടു് വരാണ്ടു്.”

ചിരി കലരാത്ത ഒച്ചയിലുള്ള അവരുടെ വർത്തമാനം അപരിചിതമായിത്തോന്നി. ഉച്ചവെയിൽ വെള്ളത്തിൽ വീണു ചിതറിപ്പരക്കുന്നു.

“വാ, ചോറുണ്ണാം. നേരം കുറെയായി.”

അവർക്കു പിന്നാലെ വീട്ടിലേക്കു തിരിഞ്ഞു നടന്നു.

“ഉച്ചനേരത്തു് വെള്ളത്തിലു് കിടക്കാൻ നല്ല രസമാ. പക്ഷേ, വേഗം മേലെല്ലാം കരുവാളിക്കും. രാത്രീം നല്ലതാ. നിലാവു വേണം. കൂടെ കൂട്ടും വേണം. പക്ഷേ, പുലർച്ചയ്ക്കു് എപ്പഴേലും ആറ്റിലു പോയിട്ടുണ്ടോ? അതാണു് പെർഫക്ട് ടൈം. വെള്ളമിങ്ങനെ തണുത്തുറങ്ങിക്കിടക്കുവാരിക്കും. ഒച്ചയുണ്ടാക്കാതിറങ്ങണം. കൈവിരലുകളു കൊണ്ടു് മെല്ലെ മെല്ലെ തൊട്ടു തൊട്ടുണർത്തണം. വെള്ളമങ്ങു ഞെട്ടിപ്പിടഞ്ഞെണീക്കുന്നതു് നമുക്കറിയാൻ പറ്റും. ഒണർന്നാൽ പിന്നെ പിടിച്ചാ കിട്ടൂല്ല. നൂറു കൈകളുകൊണ്ടു് പിടിച്ചു താഴ്ത്തും, അമർത്തി ഞെരിക്കും, ശ്വാസം മുട്ടിക്കും, രക്ഷപ്പെടാൻ നമ്മളാദ്യം കിടന്നു കുതറും, പിടയും. പിന്നതങ്ങു രസമാകാൻ തുടങ്ങും. മതി വരാണ്ടാവും. അതൊരു വല്ലാത്ത ഫീലാ. ഒറ്റയ്ക്കു വരണം. എപ്പഴേലും പുലർച്ചക്കു് ആറ്റിലിറങ്ങീട്ടുണ്ടോ? ഇല്ലേൽ നാളെ ഒന്നു് ട്രൈ ചെയ്യു്.”

അവർ ഉറക്കെച്ചിരിച്ചു.

“ചുമ്മാ പറഞ്ഞതാ കേട്ടോ. പരിചയമില്ലാത്ത വെള്ളത്തിലിറങ്ങരുതു്. വെള്ളം ചതിക്കുന്നതല്ല. നമ്മുടെ അറിവുകേടാ, അതിനു് വെള്ളത്തെപ്പഴിച്ചിട്ടു കാര്യമില്ല. പണ്ടു് പൊലർച്ചക്കും വീട്ടിലു് കുരിശുവരയൊണ്ടു്. അതും കഴിഞ്ഞു് ഏഴര വെളുപ്പിനു് ഒറ്റയ്ക്കു വന്നു് ഞാൻ അക്കരെയിക്കരെ നീന്തും, അന്നത്തെ ദിവസം മുഴുവനുമോടാനുള്ള എനർജി വെള്ളം തരുമായിരുന്നു, അന്നേരത്തേനും സാറിനു വാതത്തിന്റെ അസ്കിതയായാരുന്നു. ചൂടുവെള്ളത്തിലേ കുളിക്കാനൊക്കത്തുള്ളു. ആറ്റിറമ്പിലു വന്നു കാറ്റു കൊണ്ടാപ്പോലും കാലു കോച്ചി വലിക്കും.”

images/jisajose-pacha-02.png

പറഞ്ഞു കൊണ്ടിരിക്കേ വീണ്ടും ആ ചുവന്ന പടികളിലെത്തി. “വീടെല്ലാം ആകെ ചീത്തയായി. പണ്ടൊക്കെ എല്ലാ വർഷോം പെയിന്റടിച്ചു കൊണ്ടു നടന്നതാ. ഈ നാട്ടിലെ തന്നെ ആദ്യത്തെ കോൺക്രീറ്റു വീടല്ലാരുന്നോ? ഇപ്പം നാട്ടിലെ ഏറ്റവും പന്ന കോൺക്രീറ്റു വീടായി.”

പൊട്ടിച്ചിരിക്കിടയിൽ അവർ പൂർത്തിയാക്കി.

“ഇനി എന്നാത്തിനാന്നോർത്തിട്ടാ ഞാൻ മെയിന്റനൻസൊന്നും ചെയ്യിക്കാത്തെ. ആരും കേറി വരാനില്ല, വരുന്ന ദിവസം ഞാനതൊട്ടറിയാനും പോണില്ല. കൂടി വന്നാൽ ഒരു മണിക്കൂറു് കുറെപ്പേരു് വന്നു ചുറ്റിപ്പൊതിഞ്ഞു നിക്കും. അതിനു വേണ്ടീട്ടിപ്പം അത്രേം കാശു മുടക്കുന്നതെന്തിനാന്നേ”

ഇരുപ്പുമുറിയിലെ ഒരു സെറ്റിയിലെ മാത്രം വിരിപ്പു മാറ്റിയിട്ടുണ്ടു്. ബാഗ് അകത്തെ മുറിയിൽ വെച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോൾ തലയാട്ടി. ഊണുമേശയിൽ ചോറും എന്തെല്ലാമോ കറികളും. പഴങ്ങളുടെ കെട്ട മണം ഇപ്പോഴില്ല. പ്രത്യേകിച്ചൊരു രുചിയും തോന്നിയില്ലെങ്കിലും വാരിത്തിന്നു, വിശപ്പുണ്ടായിരുന്നുവെന്നു മനസ്സിലായതുമപ്പോഴാണു്. ഉണ്ണുമ്പോൾ അവരൊന്നും പറയുന്നില്ലായിരുന്നു. കാര്യമായൊന്നും കഴിക്കുന്നതും കണ്ടില്ല. കഴിച്ചു് കൈ കഴുകിത്തിരിഞ്ഞപ്പോൾ മുറി കാണിച്ചു തരാൻ കൂടെ വന്നു. ഇടനാഴിയിൽ നിന്നു് വേറൊരിടനാഴി, അതിന്ററ്റത്തു് വലിയൊരു മുറി. അവർ അകത്തു കയറി ജനാലകൾ തുറന്നിട്ടു. ആറ്റിലേക്കാണു് പിന്നിലത്തെ ജനാല തുറക്കുന്നതു്. തണുത്ത കാറ്റു് മിണ്ടാതെ കേറി വന്നു ചുറ്റിത്തിരിഞ്ഞു. മേക്കട്ടിയുള്ള വലിയ കട്ടിലിൽ പുതിയ വിരിപ്പു വിരിച്ചിരിക്കുന്നു. സൈഡിലെ മുറ്റത്തേക്കു് തുറക്കുന്ന വേറൊരു വാതിലുമുണ്ടു്.

“സാറിന്റെ മുറിയാരുന്നു. പണ്ടു് ഞങ്ങൾടെ കിടപ്പുമുറീം. കണ്ടോ വാതിലു്. ഇതിലൂടാ ഞങ്ങള് രാത്രീം പകലുമൊക്കെ വേറാരുമറിയാണ്ടു് പുറത്തുചാടിക്കൊണ്ടിരുന്നേ. വേറെങ്ങോട്ടുമല്ല കേട്ടോ, ആറ്റിലോട്ടു്, കെട്ടിക്കേറി വന്ന രാത്രീലു പോലും. ആദ്യരാത്രി വെള്ളത്തിലാരുന്നെന്നു പറഞ്ഞു് കൂട്ടുകാരത്തികളു കളിയാക്കിക്കൊന്നിട്ടൊണ്ടു്.”

എന്താണു മറുപടി പറയേണ്ടതെന്നു മനസ്സിലായില്ല. അവരൊരു നിശ്വാസത്തോടെ തിരിഞ്ഞു.

“കൊറച്ചു നേരം റെസ്റ്റെടുക്കു്.”

വാതിൽ ചാരി തിരിച്ചു പോയതും ആശ്വാസത്തോടെ കിടക്കയിലേക്കൊന്നു ചാഞ്ഞു. ആ കിടപ്പിലെപ്പോഴോ ഉറങ്ങിയും പോയി. ഉണരുമ്പോൾ അരണ്ട മഞ്ഞ വെളിച്ചമേയുള്ളു മുറിയിൽ. നേരം വെളുത്തതാണെന്നാണു് പെട്ടെന്നു് തോന്നിപ്പോയതു്. സന്ധ്യയായതാണെന്നു് തിരിച്ചറിയാൻ സമയമെടുത്തു. ഇത്ര നേരം ഉറങ്ങിക്കളഞ്ഞോ? തലയ്ക്കു നല്ല ഭാരം. കടുപ്പമുള്ള ഒരു ചായയാണിപ്പോൾ വേണ്ടതു്. വൈകുന്നേരം പുറത്തിറങ്ങണമെന്നും അവന്റെ വീടു് തപ്പിക്കണ്ടു പിടിക്കണമെന്നും ഉറപ്പിച്ചിരുന്നതാണു്. അധികദിവസങ്ങൾ ഇവിടെ കളയാനില്ലതാനും. കറുത്തു മെലിഞ്ഞു് നീളൻ തലമുടി പിന്നോട്ടു കോതി റബർ ബാൻഡിട്ട ഒരുത്തൻ ഇവിടെങ്ങാനുമുണ്ടു്. അവന്റെ ശരിക്കുള്ള പേരു് പോലുമറിയില്ല. അവളതു പറഞ്ഞില്ല. വാശിയോടെ പല്ലിറുമ്മിക്കൊണ്ടു പറഞ്ഞു.

“ഞാൻ വിളിക്കുന്നതു് അക്കുവെന്നാണു്. അതന്യാണു് എനിക്കവന്റെ പേരു്.”

അത്ഭുതപ്പെട്ടു. എങ്ങനെയാണു് ഒരാളുടെ ഹൃദയത്തിൽ നിന്നു്, നാവിൽ നിന്നു് മറ്റൊരാളെ പുറത്തേക്കു വലിച്ചിടുന്നതു്. കുറഞ്ഞതു് അയാളുടെ പേരെങ്കിലും? ഒന്നും ചെയ്യാനില്ല, ഒരു വഴിയുമില്ല. ആ മറ്റൊരാൾ നൂറായിരം വേരുകളാഴ്ത്തി ഹൃദയത്തിൽ അള്ളിപ്പിടിച്ചിരിക്കുകയാണെങ്കിൽ.

നിസ്സഹായതയോടെ അവൾക്കു മുന്നിൽ നിൽക്കുമ്പോൾ വൈരാഗ്യം ഏറിയേറി വന്നു. പല്ലുകടിച്ചു.

“ഞാൻ കാണിച്ചു തരാം”

അങ്ങനെ പുറപ്പെട്ടതാണു്. അവന്റെ വീടെങ്കിലും ഇന്നു കണ്ടുപിടിക്കേണ്ടതായിരുന്നു. പക്ഷേ, ഉറങ്ങിക്കളഞ്ഞു.

ഇരിപ്പുമുറിയിൽ വോൾട്ടേജ് കുറഞ്ഞ ബൾബ് പ്രകാശിക്കുന്നു. അവർ ഒരു കസേരയിലിരിക്കുന്നു. പിന്നോട്ടുന്തി അശ്ലീലമായൊരാകൃതിയുള്ള പഴയ ടിവിയിൽ എന്തോ കാണുകയാണു്. അതൊരു കുക്കറി ഷോ ആണെന്നു കണ്ടപ്പോൾ കൗതുകം തോന്നി.

“ആ! എണീറ്റോ? ചുമ്മാ സമയം കളയാൻ ടീവീടെ മുന്നിലിരുന്നതാ. എന്നും കാണുന്ന ഷോ ആണു്. മാസ്റ്റർ ഷെഫ്. എന്തു ക്യൂട്ടാന്നു നോക്കിയേ? ഫുഡ് മാത്രമല്ല, അതു ഗാർണിഷ് ചെയ്യുന്നതു്, സേർവ് ചെയ്യുന്നതു്, ടേസ്റ്റ് ചെയ്യുന്നതു്. കണ്ടാൽത്തന്നെ വയറു നിറയും”

വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ടു് വിരിപ്പു മാറ്റിയ സെറ്റിയിലിരുന്നു. കുറെ അത്ഭുത ശബ്ദങ്ങൾ, രുചിയുടെ സീൽക്കാരങ്ങൾ മുറിയിൽ നിറഞ്ഞു. റെയിൻബോ കേക്ക് മുറിച്ചു് രുചിക്കുന്ന കേക്കുപോലെ തുടുത്ത മദാമ്മ. കോട്ടിട്ട രണ്ടു പുരുഷന്മാർ. പെട്ടെന്നു മടുത്തു. അവരാണെങ്കിൽ രസിച്ചു കാണുന്നു. മുറിയിലെങ്ങും ഒരു പത്രക്കടലാസു പോലുമില്ല, ഒന്നു മറിച്ചു നോക്കാൻ. ഒരു കപ്പ് ചായ, ഒരു ബ്ലാക്ക് കോഫിയെങ്കിലും കിട്ടിയിരുന്നെങ്കിൽ.

ഒന്നുമുണ്ടായില്ല. ഷോ തീരുന്നതുവരെ അവരനങ്ങിയതുപോലുമില്ല. പിന്നെ എഴുന്നേറ്റു തിരിഞ്ഞുനോക്കി പറഞ്ഞു.

“ഞാനൊന്നു കുരിശു വരച്ചേച്ചു വരാം. എന്നിട്ടു് അത്താഴം കുടിക്കാം. ടിവി കാണണേ കണ്ടോണ്ടിരിക്കൂ. റിമോട്ട് ഒന്നും ഇല്ല. അടുത്തുചെന്നു് മാറ്റണ്ടി വരും. ഞാൻ ചില ദിവസം ശാലോം ടിവി വെച്ചിട്ടു് ഇവിടെത്തന്നങ്ങു മുട്ടുകുത്തും. അതിലു് കൊന്തനമസ്കാരം കാണും. പിന്നെന്നാത്തിനാ നമ്മളു കഷ്ടപ്പെടുന്നേ,”

“വെച്ചോളൂ. ഞാനിരിക്കുന്നതു കൊണ്ടു് എഴുന്നേറ്റു പോകണ്ട.”

സെറ്റിയിൽ നിന്നെണീക്കാൻ ശ്രമിച്ചപ്പോൾ അവർ കൈയ്യുയർത്തി തടഞ്ഞു.

“കൊച്ചു് ഇവിടിരിക്കൂ. സന്ധ്യക്കും പൊലർച്ചയ്ക്കും കുരിശുവര സാറിനു നിർബന്ധമായിരുന്നു. ആ ശീലവാ. ഇന്നു ഞാൻ രൂപക്കൂടിനു മുന്നിലാ പ്രാർത്ഥിക്കുന്നതു്.”

ചായ കിട്ടില്ലെന്നു് ഉറപ്പായി. ടിവി ചാനൽ മാറ്റാനുള്ള ശ്രമവും വിജയിച്ചില്ല. ഇവർ ഇംഗ്ലീഷ് ചാനലുകൾ മാത്രമാണോ കാണുന്നതു? മടുപ്പോടെ അവിടെത്തന്നെയിരുന്നു. അകത്തുനിന്നു് നേർത്തൊരു ശബ്ദത്തിൽ പാട്ടൊഴുകി വന്നു. വാതിൽക്കലേക്കു് ചെന്നു് ശ്രദ്ധിച്ചപ്പോൾ ആ ഒച്ചയ്ക്കു് വല്ലാത്ത യൗവ്വനം. ആകെയൊരു ഭയം തോന്നി. പുറത്തേക്കുള്ള വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അതു പൂട്ടിയിരിക്കുന്നു. കുത്തനെ ഇരുമ്പു പട്ടകളും തലങ്ങും വിലങ്ങുമുണ്ടു്. അതിൽ പിടിച്ചു നോക്കുമ്പോൾ ഞെട്ടിച്ചു കൊണ്ടു് പിറകിൽ കിതപ്പുള്ള ശബ്ദം.

“രാത്രി ഒറ്റയ്ക്കല്ലേ. ആരും എളുപ്പത്തിലു കേറി വരണ്ടാന്നു കരുതി പിടിപ്പിച്ചതാ. കുറച്ചപ്പുറത്തു് കള്ളൻ കേറീന്നു കേട്ടപ്പോ ഒന്നു്. അങ്ങാടീലു് കള്ളൻ ആരാണ്ടെ അടിച്ചുവീഴ്ത്തി സ്വർണോം കാശും തട്ടിയെടുത്തെന്നു കേട്ടപ്പോ ഒന്നു്, പള്ളിമേടേടെ പൂട്ടു പൊളിച്ചെന്നു കേട്ടപ്പോൾ വേറൊന്നു്. അങ്ങനെ വാതിലു് മുഴുവൻ പട്ടകളായി. ഇനി വല്ലതും കേട്ടാൽ പിടിപ്പിക്കാൻ സ്ഥലവുമില്ല. എന്നാലോ കേറാൻ ഒരുത്തൻ വിചാരിച്ചാൽ സുഖമായിട്ടവൻ കേറുകേം ചെയ്യും. പിന്നെ നമ്മുടെ ഒരു മനസമാധാനത്തിനു്, അത്രേയുള്ളു. വാ, അത്താഴം കഴിക്കാം. എനിക്കു് എട്ടു മണിക്കു മുമ്പേ കഴിക്കണം, വൈകാൻ പാടില്ല, മരുന്നൊക്കെയുള്ളതല്ലേ”

മേശപ്പുറത്തു് ഒന്നോ രണ്ടോ പാത്രങ്ങളേയുള്ളൂ, പ്ലേറ്റിൽ മൂടി വെച്ച ചോറും കറികളും വല്ലാതെ തണുത്തിരിക്കുന്നു. അവർ ഒരു ബൗളിൽ സൂപ്പായിരിക്കും കോരിക്കുടിക്കുന്നു. അതിത്തിരി കിട്ടിയാൽ മതിയായിരുന്നു. ചൂടുള്ളതെന്തെങ്കിലും കുടിക്കാനാണു് തോന്നുന്നതു്.

“ഒരു ഓവനുണ്ടായിരുന്നതു് പണ്ടേ കേടായി. അല്ലേൽ ചൂടാക്കിത്തരായിരുന്നു. അവളു പോയില്ലേ, വല്ലതും ചപ്പാത്തിയോ കറിയോ ഒണ്ടാക്കി വെച്ചേച്ചു പോകാൻ ഞാൻ പറഞ്ഞതാ. ആരു കേക്കാൻ. അവളാണു തീരുമാനിക്കുക, എന്തു വെക്കണമെന്നും എപ്പോ തിന്നണമെന്നുമൊക്കെ. ഒന്നും തിന്നണ്ടാന്നവളു തീരുമാനിച്ചാലു് പട്ടിണി തന്നെ.”

അവരെ സമാധാനിപ്പിക്കാൻ തിന്നുന്നതു പോലെ ഭാവിച്ചു. കുഴപ്പമില്ല എന്നു പറയുകയും ചെയ്തു. ഊണുകഴിച്ച പാത്രങ്ങൾ അവിടെത്തന്നെ മൂടിവെച്ചു കൊള്ളാൻ പറഞ്ഞു് അവർ പെട്ടെന്നെഴുന്നേറ്റു.

“ഇനീപ്പോന്താ? ഞാൻ പോയി കിടക്കും. അരക്കിലോ ഗുളികയൊണ്ടു തിന്നാൻ. ഇല്ലാത്ത സൂക്കേടൊന്നുമില്ല. ചിലപ്പോ എനിക്കു തന്നെ തോന്നും ഈ ശരീരത്തിനാത്തു് ഇത്രേം രോഗത്തിനിടമുണ്ടോന്നു്. പക്ഷേ, സൂക്കേടിനങ്ങനെ തോന്നുന്നൂമില്ല. നല്ല വളക്കൂറുള്ള മണ്ണു പോലെ പിന്നേം പിന്നേം വന്നു കൂടുകാ. ഈ തള്ളയ്ക്കു് എന്തെങ്കിലുമൊന്നു വേണ്ടേ കൂടാനെന്നു് അതിനു തോന്നിക്കാണും അല്ലേ?”

അവർ ഒട്ടും സങ്കടമില്ലാതെയാണു ചിരിച്ചതു്.

ലൈറ്റുകളണച്ചു് ഇടനാഴിയിലേക്കു് കടന്നപ്പോൾ പുറകെ ചെന്നു.

“ഗുഡ് നൈറ്റ്. ടിവി കാണണമെങ്കിൽ കണ്ടോളൂ. ഞാൻ കിടക്കട്ടെ. ഉറക്കമൊന്നും പെട്ടെന്നു വരില്ല. എന്നാലും കിടന്നു് കിടന്നു് അതിനെത്തന്നെ ധ്യാനിച്ചോണ്ടിരുന്നാൽ ഒടുവിൽ ഉറക്കത്തിനു് നാണമാവും, ഇതിനെക്കൊണ്ടു് രക്ഷയില്ലല്ലോ എന്നു്. അങ്ങനെ മെല്ലെ വന്നൊന്നെത്തി നോക്കും. അതൊക്കെ പോലും ഈ പ്രായത്തിൽ ഭാഗ്യമാ.”

ഏതോ മുറിയിലേക്കവരപ്രത്യക്ഷയായി.

പരന്നും പടർന്നും കിടക്കുന്ന ആ വലിയ പഴയ വീടു് പെട്ടെന്നു ഭയപ്പെടുത്താൻ തുടങ്ങി. മിറാഷ് പറഞ്ഞ പോലെ ചത്തു മലർന്ന ഒരു വീടു്. ഒച്ചയനക്കങ്ങളില്ല.

ശവപ്പെട്ടികൾ മൂടിയിട്ടതു പോലെ തുണി വിരിച്ച ഇരുപ്പുമുറിയിൽ വീണ്ടും ചെന്നു് ടിവിയിൽ ചാനലുകൾ പരതുന്നതു് അസഹ്യമായിത്തോന്നി. പകലിത്രയും ഉറങ്ങിയിട്ടിനി ഈ നേരത്തു് ഉറക്കമെന്നതു് ആലോചിക്കുകയേ വേണ്ട. ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടു് മുറിയിലേക്കു തന്നെ പോയി. ചില കോളുകൾ, മിറാഷിനെ വിളിച്ചിട്ടു കിട്ടിയതുമില്ല. കുറച്ചു നേരം എഫ്ബിയിലൂടെയലഞ്ഞു. വാട്സ്ആപ്പിൽ മെസേജുകൾക്കു് മറുപടി കൊടുത്തു. എല്ലാം കഴിഞ്ഞു നോക്കുമ്പോഴും 10 മണി പോലുമായിട്ടില്ല. മുറിയിലെ ജനാലകളൊക്കെ അടച്ചു കുറ്റിയിട്ടിരിക്കുന്നു. ഇതെപ്പോഴാണു്? അവർ കുരിശു വരച്ചേച്ചു വരാമെന്നു പറഞ്ഞു് അകത്തേക്കു വന്നപ്പോഴോ? എഴുന്നേറ്റു് ആറ്റിന്റെ വശത്തുള്ള ജനാല തുറക്കാൻ ശ്രമിച്ചു. പാളികൾ വല്ലാത്ത ഒച്ചയിൽ പിണങ്ങിപ്പിണങ്ങിയാണു് തുറന്നു വന്നതു്. ഉച്ചക്കു് അവർ എത്ര എളുപ്പത്തിലായിരുന്നു അതു് തുറന്നതെന്നു് ഞെട്ടലോടെ ഓർത്തു. ചുവരിലെ രണ്ടു ചിത്രങ്ങൾക്കു മുന്നിലിപ്പോൾ ചുവന്ന ലൈറ്റു കത്തുന്നുണ്ടു്. അതും മുമ്പു ശ്രദ്ധിച്ചിരുന്നില്ല. കട്ടി മീശയും കണ്ണടയുമുള്ള ഒരു മധ്യവയസ്കൻ.

മിറാഷിന്റെ അമ്മാച്ചനായിരിക്കുമതു്. അടുത്ത ചിത്രത്തിൽ നീളൻ മുടി രണ്ടായി മെടഞ്ഞിട്ട ദാവണിക്കാരി. തെളിച്ചമുള്ള കണ്ണുകൾ. ചുണ്ടിൽ നേർത്തൊരു പുഞ്ചിരി. ജെന്നിചേച്ചിയെന്നു് അവൻ പറയാറുള്ള പെൺകുട്ടി! രണ്ടു മരിച്ചവരുടെയിടയിൽ രാത്രി കഴിച്ചുകൂട്ടണമെന്നു ഭയം തോന്നി. ആ ചുവപ്പു വെളിച്ചം കെടുത്താനുള്ള സ്വിച്ചൊന്നും മുറിയിലെങ്ങും കാണുന്നില്ല. ഒരു ചുവരലമാരയല്ലാതെ. കൊത്തുപണികളുള്ള അലമാരയുടെ വാതിൽ മെല്ലെ തുറക്കാൻ നോക്കി, പൂട്ടിയിട്ടുണ്ടാവുമെന്നാണു് കരുതിയതു്, പക്ഷേ, ഒരു പ്രതിഷേധവുമില്ലാതെ പെട്ടെന്നു തുറന്നു വന്നു. അകത്തു് തുണിയിൽ പൊതിഞ്ഞു കെട്ടിവെച്ചിരിക്കുന്നതു് ആൽബങ്ങളായിരിക്കും. പാചകപുസ്തകങ്ങളും, പാട്ടുപുസ്തകങ്ങളുമൊക്കെയായി മൂന്നാലെണ്ണം. വിമൻസ് എറയുടെ പഴയ ലക്കങ്ങൾ. എല്ലാം പഴകി മഞ്ഞച്ചിരിക്കുന്നു. എംബ്രോയിഡറി റിങ്ങും പാതി തുന്നിയുപേക്ഷിച്ച പൂക്കളുള്ള തുണിയും. പല നിറ നൂലുകളും, തുരുമ്പുപിടിച്ച സൂചികളുമിട്ടു വെച്ച ഒരു വലിയ ചോക്കലേറ്റ് ബോക്സ്. ആൽബങ്ങളിലൊന്നു് കെട്ടഴിച്ചു് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും തുമ്മിത്തുമ്മി മൂക്കു തുടുത്തതോടെ ശ്രമമുപേക്ഷിച്ചു. നിറങ്ങളും സന്തോഷങ്ങളുമുണ്ടായിരുന്ന ഏതോ കാലത്തിന്റെ ശേഷിപ്പുകൾ. അതിനുള്ളിൽ തള്ളിയതിനു ശേഷം ഒന്നും പിന്നെ പുറത്തെടുത്തിട്ടില്ലെന്നു തോന്നുന്നു.

കൈയ്യിലാകെ പൊടിയും അഴുക്കുമായി. കുളിമുറിയിൽ പോകണമെങ്കിൽ മുറിക്കു പുറത്തു കടക്കണം. അലമാരയുടെ വാതിലടക്കാൻ ശ്രമിക്കുമ്പോഴാണു് പെട്ടെന്നാ പ്ലാസ്റ്റിക് കവർ കണ്ണിൽ പെട്ടതു്. എടുത്തു നോക്കി, കവറിനുള്ളിൽ കറുത്തു തലമുടി പോലെ നീളത്തിലെന്തോ പുറത്തു നിന്നു തന്നെ കാണാം. ആ കവറിനു പുറത്തു മാത്രം പൊടിയില്ല, പുതിയ കവറുമാണു്. ആരോ എപ്പോഴുമെടുത്തു തുടച്ചു മിനുക്കി വെയ്ക്കുന്നതുപോലെ. മുടിയാണെങ്കിൽ ആരുടെ മുടിയായിരിക്കും? അവർക്കിപ്പോഴും തല നിറച്ചു് മുടിയുണ്ടല്ലോ. ഒടിവുകളൊന്നുമില്ലാതെ നീളത്തിൽ സിൽക്കു പോലത്തെ തലമുടിയാണു് കവറിനുള്ളിൽ. നേരിയ ഭയത്തോടെ ചുവരിലെ ഫോട്ടോയിലേക്കു നോക്കി. ഫോട്ടോഫ്രയിമിന്റെ അറ്റം വരെയും ആ നീളൻ മുടിപ്പിന്നൽ കാണാം. കവർ തിരിച്ചു വെക്കാൻ തുനിയുമ്പോഴാണു് അവരുടെ ശബ്ദം തൊട്ടു പിന്നിൽ ശരിക്കു ഭയപ്പെടുത്തിയതു്.

“അതവിടെ വെച്ചേക്കൂ. മറ്റുള്ളവരുടെ സാധനങ്ങൾ അവരറിയാതെ ഇങ്ങനെ എടുത്തു നോക്കരുതു്. പേഴ്സണൽ ബിലോങ്ങിങ്സ്. അതിനോടുള്ള, അതുമായുള്ള ഇമോഷൻസ് എന്താണെന്നു് പുറത്തു നിക്കുന്ന ആൾക്കു് മനസ്സിലാവുകേമില്ല.”

വിളറിപ്പോയി. ഇവരെങ്ങനെ ഒച്ചയുണ്ടാക്കാതെ അകത്തു വന്നുവെന്നല്ല അന്നേരമോർത്തതു്. പണ്ടു് മിറാഷ് പറഞ്ഞതാണോർമ്മ വന്നതു്. അതു് ജെന്നിയുടെ മരണവുമായി ബന്ധപ്പെട്ടതായിരുന്നു. കാണാതായി മൂന്നാമത്തെ ദിവസം അവളുടെ ദേഹം അവരുടെ പറമ്പിലെ കടവിൽത്തന്നെ കൈതത്തലപ്പുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായിട്ടു കാണുകയായിരുന്നു. അതുവരെ എല്ലാവരും കരുതിയതു് അവൾ അവന്റെ കൂടെ പോയതാണെന്നു തന്നെയാണു്. അത്രയും ശാപവാക്കുകൾ അവരെല്ലാവരും അവൾക്കു മേലെ ചൊരിഞ്ഞു കഴിഞ്ഞിരുന്നു. പെലക്രിസ്ത്യാനീടെ കൂടെ ചാടിപ്പോയവളുടെ മുന്നിൽ വെച്ചു് അവനെ അരിഞ്ഞിടണമെന്നു് പലരും വീറുകൂട്ടി. മൂന്നാം ദിവസം അവളുടെ ചീർത്ത ശവം കാണുമ്പോൾ അതിലൊട്ടും തലമുടിയുണ്ടായിരുന്നില്ലത്രേ. തലയോട്ടിയിൽ നിന്നു് മുടിയപ്പാടെ ഇളകിപ്പോയ പോലെ. പിന്നെ ഒരുക്കുന്ന സമയത്തു് മഠത്തിലെ കന്യാസ്ത്രീകളു വെപ്പുമുടി കൊണ്ടുവന്നു് തലയിലു പശവെച്ചു പിടിപ്പിക്കുകയായിരുന്നു. എല്ലാവരും പറഞ്ഞു. “ഉറങ്ങിക്കിടക്കുന്ന പോലെ. എന്തൊരു ശേലു്.”

മിറാഷിനും ഇതൊക്കെ കേട്ടുകേൾവി മാത്രമാണു്. അറിയാതെ കൈവിറച്ചു.

തിരക്കിട്ടു് കവർ തിരികെ വെക്കാൻ ശ്രമിച്ചപ്പോൾ അതു താഴെ വീണു. കുനിഞ്ഞെടുക്കും മുമ്പുതന്നെ അവരതു കൈക്കലാക്കി. കണ്ണുകൾ ജ്വലിച്ചു.

“അയാം സോറി. റിയലി സോറി. വായിക്കാൻ വല്ലതും കിട്ടുമോന്നറിയാനായിരുന്നു, സോറി.”

“ഇവിടെന്തു കിട്ടാൻ? പത്തു നാപ്പതു വർഷം മുമ്പു് നിലച്ചുപോയൊരു വീടാ ഇതു്. അതിനു മുമ്പൊള്ളെതൊക്കെ കാണും. അതിനു ശേഷമൊള്ളതൊന്നുമില്ല.”

അവർ പിന്നെയും നേർത്ത ശബ്ദത്തിൽ കൂട്ടിച്ചേർത്തു.

“ബാറ്ററി തീർന്നു് ക്ലോക്ക് സമയം തെറ്റിക്കാണിക്കാൻ തുടങ്ങിയാലും സെക്കൻഡ് സൂചി കുറെ നേരം കൂടി വലിഞ്ഞിഴഞ്ഞു് മുന്നോട്ടു പോകില്ലേ, അതെ പോലെ നിന്നു നിന്നില്ലാന്ന മട്ടിൽ ഞാൻ മാത്രം.”

എന്താണു് പറയേണ്ടതെന്നു മനസ്സിലായില്ല. സോറി സോറിയെന്നു് പിന്നെയും അർത്ഥമില്ലാതെ പുലമ്പി. അവർ ആ കവർ നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുന്നു. വല്ലാതെ കല്ലിച്ചൊരു ഭാവവുമായി മരവിച്ച പോലെ ഒരേ നില്പു്. ഒറ്റക്കാര്യം മാത്രം മനസ്സിലുറപ്പിച്ചു, നാളെ രാവിലെത്തന്നെ ഇവിടന്നു മാറണം. മിറാഷിനോടു് എന്തെങ്കിലും പറയാം.

ഇവരിപ്പോഴിവിടുന്നൊന്നു് പോയിക്കിട്ടിയാൽ മാത്രം മതി. ഉറങ്ങാനൊന്നും ധൈര്യമില്ല. എങ്ങനെയും ഈ രാത്രിയൊന്നു് കഴിച്ചുകൂട്ടണം.

അവർ മെല്ലെ കട്ടിലിനടുത്തുള്ള കസേരയിലേക്കിരിക്കുകയാണു് ചെയ്തതു്. കൈ കൊണ്ടാംഗ്യം കാട്ടി.

“ഇരിക്കു് ”

അറിയാതെ കിടക്കയിലിരുന്നു പോയി.

“പേടിക്കണ്ട. ഞാൻ പറഞ്ഞതു് ഹർട്ട് ചെയ്തോ? ശരിക്കും ഈ മുറി കൊച്ചിനു ഞാൻ തരരുതായിരുന്നു. വേറൊരു മുറി വൃത്തിയാക്കിയെടുക്കാൻ അവളോടു പറയാൻ വയ്യാഞ്ഞിട്ടാ. ഈ അലമാര ഞാൻ പൂട്ടിയെങ്കിലുമിടണ്ടതായിരുന്നു. അതും ചെയ്തില്ല”

ആകെ അപമാനം കൊണ്ടു ചൂളിയിരുന്നു. ഒരു കള്ളനെപ്പോലെ. ചെയ്യരുതാത്തതു് ചെയ്തു പോയവനെപ്പോലെ.

“സാരമില്ല. പോട്ടെ.”

അവർ സ്വയം ആശ്വസിപ്പിക്കുന്നതു പോലെയാണു് പറഞ്ഞതു്. അതു കൊണ്ടാവും ഒട്ടും ആശ്വാസം തോന്നിയില്ല. കവർ തുറന്നു് അവരതു പുറത്തെടുത്തു. അത്രയും കരുതലോടെ, ജീവനുള്ള എന്തിനെയോ എടുക്കുന്നതുപോലെ. നീളൻമുടി മടിയിൽ വെച്ചു് മെല്ലെ മൃദുവായി തലോടിക്കൊണ്ടിരുന്നു. കാണുംതോറും അറപ്പു തോന്നി. മരിച്ച ഒരാളുടെ മുടിയായിരിക്കുമെന്നോർത്തപ്പോൾ ഛർദ്ദിക്കാനുള്ള തോന്നൽ തൊണ്ട വരെയെത്തി. വായിൽ ഉപ്പുവെള്ളം നിറഞ്ഞു.

“മരിക്കുമ്പോ അവൾടെ തലേലു് മുടിയില്ല. പക്ഷേ, ആ നീളൻ മുടി മുഴുവനും കൈതക്കാട്ടിനുള്ളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നുമുണ്ടായിരുന്നു. പിറ്റേന്നു് പൊലർച്ചക്കു് ഞാനൊറ്റക്കു് ആറ്റിലു പോയതു കണ്ടു പിടിച്ചു. ആരുമറിയാണ്ടു്. ആരേലും കണ്ടാ സമ്മതിക്കുമോ? വല്ല കടുങ്കൈയും കാട്ടാൻ പോകുവാന്നല്ലേ കരുതൂ. പക്ഷേ, എനിക്കറിയാരുന്നു എന്തേലും എന്റെ കൊച്ചു് എനിക്കു വേണ്ടി ബാക്കി വെച്ചേക്കുമെന്നു്. പിന്നേം എനിക്കു് ജീവിക്കണ്ടതല്ലേ, എന്റെ കൊച്ചതോർക്കാതിരിക്കുവോ?”

അവർ പെട്ടെന്നു് ആ മുടിയിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു. പുറമുലഞ്ഞുയർന്നു പൊങ്ങി. എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്തതുകൊണ്ടു് നിശ്ചലനായി നോക്കിയിരുന്നു. കൈകൾ തണുത്തു, നെറ്റിയിൽ വിയർപ്പുരുണ്ടു കൂടി. എങ്ങനെയെങ്കിലും രക്ഷപ്പെടണം. ഇരുമ്പുപട്ടകളടിച്ച പുറംവാതിലുകളെക്കുറിച്ചോർത്തു. ഈ പഴയ പ്രേതഭവനത്തിൽ താൻ കുടുങ്ങിയതാണോ? എങ്ങനെയാണു് പുറത്തു കടക്കുക?

അവർ കരച്ചിൽ നിർത്തി ഉടുപ്പിന്റെ തുമ്പിൽ മുഖം തുടച്ചു പ്രസന്നവതിയാകാൻ ശ്രമിച്ചു.

“സോറി കേട്ടോ ചിലപ്പോൾ നിയന്ത്രണം വിട്ടു പോവും. കൊച്ചിന്റെ ഉറക്കം ഞാൻ കളയുന്നില്ല, ഇതു ഞാനങ്ങെടുത്തേക്കുകാ, എന്റെ മുറീലു് വെക്കാം തൽക്കാലം.”

അവരതിനെ പിന്നെയും ഓമനിച്ചു. വാസനിച്ചു നോക്കി,

“കണ്ടോ മുല്ലപ്പൂവിന്റെ മണാ. അവക്കു പൂ ചൂടാൻ വല്യ ഇഷ്ടമാരുന്നു. സാറിനാന്നേ ദേഷ്യം വരും. വാലത്തിപ്പെണ്ണുങ്ങളാ പൂ ചൂടി മൂക്കും കുത്തി ചമഞ്ഞു നടക്കുന്നേന്നു പറയും. കുടുംബത്തിപ്പിറന്ന നല്ല പെമ്പിള്ളേരു് അങ്ങനൊന്നും ചെയ്യരുതെന്നു്. സാററിയാണ്ടു് അവളു പൂ ചൂടും, മുല്ലപ്പൂവൊള്ള കാലത്തു് അതു്. അല്ലാത്തപ്പോ റോസാപ്പൂ, ഞാനാ രണ്ടായിട്ടു പിന്നി പൂ വെച്ചു കെട്ടിക്കൊടുക്കുന്നേ. നോക്കിയേ, ഇന്നവളു മുല്ലപ്പൂവാ ചൂടിയേക്കുന്നേ. അതാ ഈ മണം”

അവർ കൈ നീട്ടി അതു് മുഖത്തേക്കടുപ്പിച്ചു. ഞെട്ടലോടെ മുഖം വെട്ടിത്തിരിച്ചു് ഒച്ചയുണ്ടാക്കിക്കൊണ്ടു് ചാടിയെഴുന്നേറ്റു പോയി. അവരും ഒരു മാത്ര നടുങ്ങി നിന്നു.

“സോറി. ഞാനോർക്കാതെ, സോറി”

അവരതു് കവറിലേക്കു് ഭദ്രമായി തിരികെ വെച്ചു. അതേ കരുതലോടെ, വാത്സല്യത്തോടെ. പിന്നതു് നെഞ്ചോടു് ചേർത്തു പിടിച്ചു് മെല്ലെ വിരലുകൾ കൊണ്ടു് തട്ടി താളം പിടിച്ചു. ശരിക്കുമൊരു കുഞ്ഞിനെയുറക്കുന്നതുപോലെ.

“കൊച്ചിരിക്കു്, ഞാൻ പോവാം. ഉറങ്ങിക്കൊള്ളൂ”

ആശ്വാസം തോന്നി. പക്ഷേ, ഇരുന്നില്ല. അവർ എഴുന്നേറ്റതുമില്ല. പോയിക്കഴിഞ്ഞാൽ വാതിലടച്ചു കുറ്റിയിടണം. ചുവരിൽ തൂങ്ങിക്കിടക്കുന്ന മരിച്ചവരെ അത്ര ഭയപ്പെടേണ്ട. പക്ഷേ, ഇവരെ. ശരിക്കും അവർ ജീവിച്ചിരിപ്പുണ്ടോ? ഇന്നു പകലും രാത്രിയും കണ്ട ഈ സ്ത്രീയും മരിച്ചതായിരിക്കുമോ? മിറാഷ് അതറിഞ്ഞിട്ടുണ്ടാവില്ല. ഇവിടേക്കു വന്നിട്ടു് വർഷങ്ങളായെന്നാണല്ലോ അവൻ പറഞ്ഞതും. ഒരു യുക്തിയുമില്ലെങ്കിലും അത്തരം ചിന്തകളിൽ ഹൃദയം വിറപൂണ്ടു.

“പേടിക്കണ്ട, എനിക്കൊരു കുഴപ്പവുമില്ല. ചിലപ്പോ ഒരു സിക്സ്ത് സെൻസാ, ഇപ്പോ അവളെന്താന്നൊക്കെ അങ്ങു തോന്നിപ്പോവും. വാ. ഒരു കോഫി കുടിച്ചാലോ, ഇനി പെട്ടന്നൊന്നും ഉറക്കം വരില്ല”

അവരെങ്ങനെ മനസ്സിലുള്ളതുകൂടി അറിയുന്നുവെന്ന ഭീതിയോടെ വേറൊന്നും ചെയ്യാനില്ലെന്ന തിരിച്ചറിവിൽ ഊണുമുറിയിലേക്കു് പിന്തുടർന്നു. വീണ്ടും ആ കെട്ടപഴ മണമുള്ള മുറിയിൽ ഇവർക്കൊപ്പമിരിക്കുന്നതോർത്തു് രോമങ്ങളെഴുന്നു നിന്നു. മുറിക്കുള്ളിലിപ്പോൾ പക്ഷേ, ആ ചീഞ്ഞ ഗന്ധമില്ല. പകരം നേർത്ത മുല്ലപ്പൂ മണമാണോ?

കോഫി മേക്കറിലുണ്ടാക്കിയ കടും മണമുള്ള കാപ്പി മുന്നിൽ വെക്കുമ്പോൾ ഇടംകണ്ണിട്ടു ശ്രദ്ധിച്ചു. ആ കവറിപ്പോൾ അവരുടെ കൈയ്യിലില്ല. എപ്പോഴാണതു മാറ്റി വെച്ചതു്? അതും എവിടെ?

കാപ്പി രുചികരമായിരുന്നു. മുല്ലപ്പൂ മണവും ഇപ്പോഴില്ല, തോന്നലായിരുന്നിരിക്കണം. അവരൊന്നും പറയുന്നില്ല, യാന്ത്രികമായി കാപ്പി മറ്റൊരു കപ്പിലേക്കൊഴിച്ചു് ആറ്റിക്കൊണ്ടിരിക്കുന്നു. അതു കുടിക്കാനുള്ള യാതൊരുദ്ദേശ്യവുമില്ലാത്ത പോലെ.

“കാപ്പി കുടിക്കുന്നില്ലേ?”

വെറുതെ ചോദിച്ചു.

“കുടിക്കാം. ഉണ്ടാക്കിക്കഴിഞ്ഞല്ലോ, ഇനി കുടിക്കാം. എപ്പോ വേണേലും കുടിക്കാം”

അവർ പക്ഷേ, കാപ്പി ആറ്റൽ തുടർന്നു. പിന്നെ ചുണ്ടത്തൊന്നു മുട്ടിച്ചിട്ടു് വല്ലാതെ തണുത്തു പോയെന്നു് പറഞ്ഞു കപ്പു് തള്ളിമാറ്റി.

“കല്യാണം കഴിഞ്ഞു് കൊറെ വർഷം കഴിഞ്ഞാ അവളൊണ്ടായതു്. എന്തോരം നേർച്ചക്കാഴ്ചകൾ. രണ്ടാമതൊന്നുണ്ടാവില്ലാന്നും ഉറപ്പായിരുന്നു. വലുതായപ്പം ഇങ്ങനേം. കരച്ചിലും പിഴിച്ചിലും തല്ലും പ്രാക്കുമൊന്നും സഹിക്കാണ്ടായപ്പോ ഞാൻ തന്നെയാ അവളോടു് പറഞ്ഞേ, അവനു ധൈര്യവൊണ്ടേൽ എവിടേലും പോയി ജീവിക്കെന്നു്. ഞാൻ തന്നെ സാററിയാതെ, ആരുവറിയാതെ വാതിലും തൊറന്നു കൊടുത്തു. അന്നൊന്നും സാറിനു് രാത്രി ഒറക്കമില്ല, സംശയവാ, അവൻ വരുമോന്നു്. എന്തൊച്ച കേട്ടാലും ഞെട്ടിപ്പിടഞ്ഞെണീക്കും, അതു ഞാനോർത്തില്ല.”

അവർ നീക്കിവെച്ച കാപ്പിക്കപ്പിലേക്കു മാത്രം തുറിച്ചുനോക്കിക്കൊണ്ടു് പറയാൻ തുടങ്ങി.

“പോയി രക്ഷപെട്ടൂന്നല്ലേ ഞാൻ കരുതുന്നേ, പക്ഷേ, തോമാശ്ലീഹ മാർക്കം കൂട്ടിയ കുടുംബത്തീന്നൊരുത്തി അങ്ങനങ്ങു പുത്തൻ ക്രിസ്ത്യാനീടെ കൂടെ ചാടിപ്പോകാൻ നോക്കിയാൽ സാറ് നോക്കിയിരിക്കുവോ? അന്നു രാത്രി തന്നെ മുക്കിക്കൊന്നതാരിക്കും എന്റെ കുഞ്ഞിനെ, തലമുടീലു കൂട്ടിപ്പിടിച്ചു വെള്ളത്തിലു മുക്കുമ്പോ തൊലിയോടെ ഇളകിപ്പോന്നതാരിക്കും അവടെ മുടി. അവനെന്തു പറ്റിയോ ആവോ! ചവിട്ടിത്താത്തിയോ, ഓടി രക്ഷപെട്ടോ ഒന്നുമറിയത്തില്ല.”

images/jisajose-pacha-04.png

അവർ ദീർഘനിശ്വാസത്തോടെ പറഞ്ഞു കൊണ്ടിരുന്നു. കണ്ണുകൾ കാപ്പിക്കപ്പിൽ നിന്നിളകിയിട്ടില്ല.

“വെള്ളത്തിലു് കൊറെനേരം നിന്നിട്ടാരിക്കും പിറ്റേന്നു് സാറിനപ്പടി കാലു വേദനയാ. നെലത്തു ചവിട്ടാൻ മേല. ഒന്നുമറിയാണ്ടു് ഞാൻ ചൂടുപിടിച്ചു, കൊഴമ്പിട്ടു തിരുമ്മിക്കൊടുത്തു. വീട്ടിലു് അവളെക്കാണാനില്ലെന്നറിഞ്ഞു് നെറച്ചാളുണ്ടു്, പെങ്ങന്മാരും കുടുമ്മക്കാരുമൊക്കെയായി, അവളു സേഫായ എവിടേലും എത്തിക്കാണണേന്നു ഞാൻ മനസ്സുനീറി പ്രാർത്ഥിച്ചോണ്ടിരിക്കുവാ.”

ഒരു ദീർഘനിശ്വാസത്തിന്റെ ഇടവേളയ്ക്കു ശേഷം അവർ തുടർന്നു.

“അവടെ മുടി കിട്ടിയേപ്പിന്നെ ഞാൻ സാറിനോടു മിണ്ടീട്ടില്ല. മിണ്ടാൻ തോന്നീട്ടില്ല. അതു കൊണ്ടു് എന്താ എന്റെ കൊച്ചിനെ ചെയ്തേന്നു ചോദിക്കാനും പറ്റിയില്ല. പറയുമ്പോ പിന്നേം പത്തിരുപതു് വർഷം ഞങ്ങളൊന്നിച്ചു് ഈ വീട്ടിലു് ജീവിച്ചു, ഒന്നിച്ചു് പള്ളീലു് പോയി, കല്യാണത്തിനും ശവമടക്കലിനും പോയി. പക്ഷേ, വാതിലടച്ചു കഴിഞ്ഞാൽ രണ്ടു ശവങ്ങളെപ്പോലെ ഇതിനാത്തു് ഞങ്ങളു ജീവിച്ചു. അവസാനത്തെ രണ്ടു വർഷം സാറ് തീരെ കെടപ്പിലാരുന്നു, വർത്തമാനമൊന്നും തിരിയത്തില്ല, ബെഡ് പാൻ മാറ്റിക്കൊടുക്കാനും തുടച്ചു കൊടുക്കാനുമൊക്കെ അടുത്തുചെല്ലുമ്പം ഏതാണ്ടു് പറയാൻ വിമ്മിട്ടം കാട്ടും. മിണ്ടിപ്പോവരുതെന്നു് ഞാനലറുമ്പോ പാവം പേടിച്ചു ചൂളും. എനിക്കു് കേക്കണ്ട, അറിയണ്ട ഒന്നും. അന്നേരവാ ഞാനാ കവറെടുത്തു് ആ അലമാരേലു് വെച്ചതു്. കാണട്ടെ. കണ്ണു നെറയെ കാണട്ടെ. ഒരു മനുഷ്യനങ്ങനെ ഉരുകിയുരുകി ഇല്ലാതാവുന്നതു് നോക്കി നിക്കാൻ എന്നാ രസമാരുന്നെന്നറിയാവോ?”

അവരുടെ കണ്ണുകൾ തിളങ്ങി. ചുണ്ടിൽ വിടർന്ന ഭാവത്തെ ചിരിയെന്നു വിളിക്കാൻ പേടി തോന്നി. കൈ നീട്ടി കാപ്പിക്കപ്പെടുത്തു് അവർ ഊതിക്കുടിക്കാൻ തുടങ്ങി.

“ഇപ്പോ ചൂടുണ്ടു്, നല്ല ചൂടു്.”

പിന്നെയും ഉള്ളു വിറച്ചു. ഇവർ?

“നാളെത്തന്നെ ഇവിടുന്നു് പോണമെന്നല്ലേ മനസ്സിലു കരുതുന്നതു്. പോണം. ഈ നാട്ടീന്നു തന്നെ പോണം. എന്തിനാ വന്നതെന്നൊക്കെ ഏതാണ്ടു് മിറാഷ് സൂചിപ്പിച്ചാരുന്നു. ഒരുത്തനെ അന്വേഷിച്ചു വന്നതാണല്ലോ, ഞാനൊന്നു് ചോദിക്കട്ടെ അവനെ കണ്ടു പിടിച്ചു് പേടിപ്പിച്ചാലോ തട്ടിക്കളഞ്ഞാൽത്തന്നെയോ നിങ്ങടെ കൊച്ചിനെ നിങ്ങക്കു പഴയ പോലെ തിരിച്ചു കിട്ടുവോ? പോട്ടെ, പിന്നെപ്പഴേലും നിങ്ങൾക്കു പഴയ പോലാവാൻ പറ്റുവോ?”

അവർ മേശയിലമർത്തിപ്പിടിച്ചു കൊണ്ടെണീറ്റു.

“പോയിക്കെടന്നു നോക്കു്. ഉറങ്ങാൻ പറ്റുവോന്നു്. രാവിലെ ആദ്യത്തെ ബസ്സിനു തന്നെ തിരിച്ചു പോയ്ക്കോ. അവളു വന്നു് വല്ലോം ഒണ്ടാക്കിത്തന്നു തിന്നിട്ടു പോകാൻ നിന്നാ ഒമ്പതു മണിയേലുമാവും, ഞാനെന്നായാലും കെടക്കാൻ പോകുവാ.”

അവർ ലൈറ്റണച്ചു മുന്നോട്ടു നടന്നപ്പോൾ പുറകെ പോകുകയല്ലാതെ വഴിയില്ലായിരുന്നു.

ഏതോ തിരിവിൽ അവരെക്കാണാതായി, വെളിച്ചവും കെട്ടു. തപ്പിത്തടഞ്ഞു് മുറിക്കകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു തിരിയുമ്പോൾ മേശമേൽ വീണ്ടും ആ കവർ. പേടിയും അറപ്പുമില്ലാതെ അതെടുത്തു് ഭദ്രമായി അലമാരയിൽ വെച്ചു് ആറ്റിലേക്കുള്ള ജനൽപ്പാളികൾ നന്നായി തുറന്നിട്ടു.

ലൈറ്റോഫ് ചെയ്തു് കിടക്കാൻ തുടങ്ങും മുമ്പു് ചുവരിലെ ഫോട്ടോയിലേക്കൊന്നു നോക്കി. ചുവന്ന ബൾബിന്റെ വെളിച്ചത്തിൽ ആ പെൺകുട്ടിയുടെ കണ്ണുകളിലെ നീർത്തിളക്കം വേറിട്ടറിയാനാവുന്നുവല്ലോയെന്നു് ഭയലേശമില്ലാതെയോർത്തു.

ജിസ ജോസ്
images/jisajose.jpg

ഡോ. ജിസ ജോസ്, കോട്ടയം ജില്ലയിൽ ജനിച്ചു. കോഴിക്കോടു് സർവ്വകലാശാലയിൽ നിന്നു് മലയാളത്തിൽ പിഎച്ച് ഡി ബിരുദം നേടി. ഇപ്പോൾ ബ്രണ്ണൻ കോളേജ് മലയാള വിഭാഗം മേധാവി, നിരൂപണങ്ങളും കഥകളും എഴുതുന്നു. ഇരുപതാം നിലയിൽ ഒരു പുഴ, സർവ്വമനുഷ്യരുടെയും രക്ഷയ്ക്കു വേണ്ടിയുള്ള കൃപ എന്ന രണ്ടു് കഥാസമാഹാരങ്ങളും, സ്ത്രീവാദ സൗന്ദര്യശാസ്ത്രം പ്രയോഗവും പ്രതിനിധാനവും, പുതിയ ഇടങ്ങൾ, സ്ത്രീവാദ സാഹിത്യം മലയാളത്തിൽ, പുതുനോവൽ വായനകൾ (എഡി) എന്നീ പഠന ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

ചിത്രീകരണം: വി. പി. സുനിൽകുമാർ

Colophon

Title: Pacha Ennu Perulla Veedu (ml: പച്ച എന്നു പേരുള്ള വീടു്).

Author(s): Jissa Jose.

First publication details: Sayahna Foundation; Trivandrum, Kerala; 2020-12-18.

Deafult language: ml, Malayalam.

Keywords: Short Story, Jissa Jose, Pacha Ennu Perulla Veedu, ജിസ ജോസ്, പച്ച എന്നു പേരുള്ള വീടു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Die alte Wasserm\”{u}hle, a painting by Friedrich Wilhelm Schreiner (1836–1922). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.