അമ്മ മരിക്കാൻ കിടക്കുന്ന വിവരം വന്നറിയിച്ചതു് കുഞ്ഞൻ നായരായിരുന്നു. വൈകുന്നേരം ഓഫീസ് വിട്ടു പുറപ്പെടാനുള്ള തിരക്കിൽ ഫയലുകളിൽ ഒപ്പിട്ടു കൂട്ടുകയായിരുന്നു. മുന്നിൽ രമണി. ഒടുവിലത്തെ ഫയൽകൂടി രമണിയെ ഏൽപിച്ചിട്ടു് ‘രാമൻ പിള്ളയോടു് ഒരിക്കൽക്കൂടി നോക്കിയിട്ടയച്ചാൽ മതീന്നു് പറയൂ… ഇന്നുതന്നെ പോണം’ എന്നു പറഞ്ഞപ്പോഴാണു് ഇരട്ടക്കതകിന്നു് അപ്പുറത്തു് കുഞ്ഞൻ നായരുടെ തല പ്രത്യക്ഷപ്പെട്ടതു്.
“എന്താ കുഞ്ഞൻ നായരേ?” എന്നു ഞാൻ ചോദിച്ചു.
അയാൾ രമണിയെ കണ്ണു കാണിച്ചു. ഞാൻ രമണിയോടു പോകാൻ തലയാട്ടി. അവനെ അകത്തേക്കു വരാനും.
കുഞ്ഞൻ നായർ രമണി പോകുന്നതു ശ്രദ്ധിച്ചിട്ടു് രഹസ്യമായി, “സാറിനോടു് ഒരു കാര്യം പറയണം. എങ്ങനെയാ പറയേണ്ടതെന്നറിയില്ല. ഞാൻ കാലത്തു കേട്ടതാണു്. ഉച്ചയ്ക്കുതന്നെ സൈക്കിളുമായി ചെന്നു് കോട്ടാറ് ആശുപത്രിയിൽ നോക്കി. സംഗതി ഉള്ളതാണ്… ഞാൻ ആളെ കണ്ടു. ബോധമില്ല. തീരെ വയ്യാത്ത സ്ഥിതിയാണ്” എന്നു പറഞ്ഞു.
ഞാൻ ഊഹിച്ചുവെങ്കിലും എന്റെ വായ ‘ആര്?’ എന്നു ചോദിച്ചു.
“സാറിന്റെ അമ്മ തന്നെ… കോട്ടാറിൽ ഷെഡ്ഡിലാണിട്ടിരിക്കുന്നതു്. ഭിക്ഷക്കാരെ കിടത്തുന്ന ഷെഡ്ഡിൽ. വെറുംതറയിൽ ഒരു പായകൂടെയില്ലാതെയാ കിടപ്പ്. ഞാൻ ആറ്റിങ്ങൽ മുസ്തഫയോടു് ഒരു പുൽപ്പായ വാങ്ങി കെടത്താൻ പറഞ്ഞിട്ടു് വന്നു. കൈയില് ചക്കറം ഇല്ല. ഉണ്ടായിരുന്നെങ്കി ഒരു നല്ല തുണി വാങ്ങിക്കൊടുക്കാമായിരുന്നു.”
ഞാൻ ‘എവിടെ?’ എന്നു ചോദിച്ചുകൊണ്ടു് എഴുന്നേറ്റു.
“സാർ, കോട്ടാറ് വലിയ ആശുപത്രിയാ… എന്നുവച്ചാ ശരിക്കുള്ള ആശുപത്രിയിലല്ല. ഈ കഴുതച്ചന്തയ്ക്കടുത്തുള്ള പഴയ ആശുപത്രിയൊണ്ടല്ലോ. ഇടിഞ്ഞ നാലഞ്ചു ഷെഡ്ഡുകളാ… അതിൽ മൂന്നാമത്തെ ഷെഡ്ഡിലാണ്… വരാന്തയിൽ തന്നെ കെടപ്പുണ്ടു്. എന്റെ മച്ചിനൻ ഒരാൾ അതിന്‍റടുത്തു് ചായക്കട വച്ചിട്ടുണ്ടു്. അവനാ എടയ്ക് പറഞ്ഞത്…”
ഞാൻ പേന ഷർട്ടിൽ തിരുകി കണ്ണട എടുത്തു് കൂടിലിട്ടു് കീശയിലാക്കിയിട്ടു് പുറപ്പെട്ടു.
കുഞ്ഞൻ നായർ പുറകിൽ ഓടിവന്നു.
“അല്ല, സാറിപ്പം അങ്ങോട്ടു പോകണ്ട… വേണ്ട സാർ. അതത്ര നല്ലതല്ല… ഇപ്പം തന്നെ ഓരോരുത്തരും പറഞ്ഞു് വായ നാറ്റിക്കുന്നു. നമ്മളെന്തിനു് അവന്റെയൊക്കെ മുന്നിൽ ചെന്നു നിന്നുകൊടുക്കണം? ഇതുവരെ ഞാനൊരാളോടും ഒരക്ഷരം മിണ്ടിയിട്ടില്ല. എവന്റെയൊക്കെ നാക്കു് തീട്ടം കൊണ്ടു് ഉണ്ടാക്കിയതാ. സാറിടപെടണ്ട. ഞാൻ ഇരുചെവിയറിയാതെ സംഗതികൾ ശരിയാക്കാം. ഒള്ള കാശ് എന്റെ കൈയിൽ തന്നാ മതി സാർ. സാറ് വീട്ടിലേക്കു് പോ. ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട.”
‘നായര് വീട്ടിലേക്കു് പോയ്ക്കോ. ഞാൻ നോക്കിക്കൊള്ളാം’ എന്നു കർക്കശമായി പറഞ്ഞിട്ടു് പുറത്തേക്കു നടന്നു.
ഓഫീസിലൂടെ നടക്കുമ്പോൾ എന്റെ മുതുകത്തു് കണ്ണുകൾ തുറന്നു. എന്നു ഞാൻ വെള്ള ഷർട്ടിട്ടു തുടങ്ങിയോ അന്നു മുളച്ച കണ്ണുകളാണവ. ആ ഹാളിലുണ്ടായിരുന്ന എല്ലാവരും പരിഹാസത്തോടെ എന്നെ നോക്കിയിട്ടു പരസ്പരം നോക്കി. ചുണ്ടനങ്ങാതെ സംസാരിച്ചു. എന്റെ പിന്നിൽ വന്ന നായർ എന്തോ ആംഗ്യം കാട്ടിയപ്പോൾ രമണി വാപൊത്തി ചിരിച്ചു.
ഞാൻ കാറിൽ കയറി ഇരുന്നു. നായർ കുനിഞ്ഞു് “ഞാൻ വേണമെങ്കിൽ സൈക്കിളിൽ പുറകിൽ വരാം സാർ” എന്നു പറഞ്ഞു.
‘വേണ്ട’ എന്നു പറഞ്ഞു ഞാൻ പുറപ്പെട്ടു. അയാൾ മാഞ്ഞു് ഓഫീസും മായുന്നതുവരെ എന്റെ ദേഹത്തുണ്ടായിരുന്ന, മുറുക്കം അയഞ്ഞു. ചുമലുകൾ മെല്ലെ തളർന്നു. സ്റ്റിയറിംഗിൽ എന്റെ പിടി ഇളകി. ഒരു സിഗരറ്റ് വലിക്കാൻ എന്റെ ചുണ്ടും തൊണ്ടയും നെഞ്ചും മനസ്സും കൊതിച്ചു. പക്ഷെ, കാറിൽ, ഷർട്ടിൽ ഒരിടത്തും സിഗരറ്റ് ഉണ്ടാവില്ല. സുധയുടെ നിയന്ത്രണം.
ചെട്ടിക്കുളം ജംഗ്ഷനിൽ കാർ നിർത്തി ഇറങ്ങാതെ തന്നെ ഒരു പാക്കറ്റ് വിൽസ് ഗോൾഡ് വാങ്ങി. പുക ഊതിയപ്പോൾ എന്റെ വെപ്രാളവും ഒപ്പം പുറത്തേക്കു് ഒഴുകുന്നതായി തോന്നി. ജംഗ്ഷനിൽ നിന്നിരുന്ന പോലീസുകാരൻ എന്നെ കണ്ടപ്പോൾ ഉണർന്നു് സല്യൂട്ട് അടിച്ചു. കാർ ഇറക്കമിറങ്ങി കോട്ടാറിലെ ആശുപത്രി നടയിലെത്തി. അതിനപ്പുറത്താണു് കഴുതച്ചന്ത ആശുപത്രി എന്നു കേട്ടിട്ടുണ്ടു്.
ആശുപത്രി വാതുക്കൽ എന്റെ കാർ നിന്നപ്പോൾ മുൻവശത്തു നിന്ന പണിക്കാർ മുഴുവൻ ഉള്ളിലേക്കോടി. ആൾക്കൂട്ടത്തിനെ നിയന്ത്രിക്കുന്ന ശബ്ദങ്ങൾ; പലതരം കാൽപ്പെരുമാറ്റങ്ങൾ. അകത്തൊരു പാത്രം വലിയ ഒച്ചയോടെ വീണു. രണ്ടാളുകൾ എന്റെ കാറിന്റെ നേർക്കു് ഓടിയെത്തി.
ഇടത്തരം പ്രായമുള്ളയാൾ ‘ഗുഡ്മോണിങ് സാർ’ എന്നു പറഞ്ഞു. ചെറുപ്പക്കാരനായ മറ്റേയാൾ ‘ഗുഡീവിനിങ് സർ’ എന്നും പറഞ്ഞു.
‘ഞാൻ ഇവിടെ ഒരു പേഷ്യന്‍റിനെ നോക്കാനാ വന്നത്’ എന്നു പറഞ്ഞപ്പോൾ രണ്ടാളും ഞെട്ടി.
‘ഇവിടെയാണോ സാർ?’
‘അതെ ഇവിടെത്തന്നെ…’
ഇടത്തരം പ്രായക്കാരൻ ‘അല്ല സാർ, ഇവിടെയല്ല… ഇത്…’ എന്നു പറഞ്ഞു തുടങ്ങിയപ്പോൾ ‘ഇവിടെത്തന്നെ… ഇതല്ലേ ഭിക്ഷക്കാരെ ചികിത്സിക്കുന്ന സ്ഥലം?’ എന്നു ഞാൻ ചോദിച്ചു.
‘സാർ, ഇവിടെയുള്ളവരൊക്കെ അനാഥരാ… മുനിസിപ്പാലിറ്റിക്കാര് കൊണ്ടുവന്നിടുന്ന ഭ്രാന്തന്മാരും കിഴട്ടു് പിച്ചക്കാരുമാണിവിടെ’.
‘മൂന്നാമത്തെ ഷഡ്ഡ് എവിടെയാണു്?’ ഞാൻ ചോദിച്ചു.
‘കാട്ടാം സാർ…’ എന്നു പറഞ്ഞു് രണ്ടാളും എന്നെ വിളിച്ചുകൊണ്ടുപോയി.
ഡോക്ടർമാരാണു്. സീനിയർ ഒന്നു മടിച്ചു് ‘ഒക്കെ ചാവാറായ കേസാണു് സാർ. ചികിത്സയൊന്നും ചെയ്യാൻ പറ്റൂല്ല. ജനറൽ ആന്‍റിബയോട്ടികു് കൊടുക്കും. റൊട്ടിയും വെള്ളവും കൊടുക്കും. പൊതുവെ ഒന്നും രക്ഷപ്പെടാറില്ല’.
ചെറുപ്പക്കാരൻ ‘ഫണ്ടൊക്കെ കമ്മിയാ. സ്റ്റാഫും ഇല്ല. തോട്ടിമാരൊഴിച്ചു് മറ്റുള്ളവർ ഇതുങ്ങളെ തൊടൂല്ല’ എന്നു് പറഞ്ഞു.
ഞാൻ മിണ്ടാതെ നടന്നു.
“ഇപ്പം വലിയ തെരക്കാ സാർ. മഴക്കാലമാ. ഈറനിൽ കെടന്നു പനിയും സന്നിയും വന്നു് റോട്ടിക്കെടക്കുമ്പം മുനിസിപ്പാലിറ്റീന്നു് വണ്ടിയിലെടുത്തിട്ടു് ഇവിടെ കൊണ്ടുവരും… ഇതൊക്കെ മൃഗങ്ങളെ മാതിരിയാ… ഒരെണ്ണം ചാകാൻ കെടന്നാ മറ്റൊരാൾ നോക്കൂല്ല.” ഡോക്ടർ എന്റെ പിന്നിൽ നടന്നു വന്നു.
ആ ഷെഡ്ഡ് മുഴുവൻ തെരുവ് നായകളാണു് കൂടുതൽ. മഴക്കാലമായതുകൊണ്ടു് പുറത്തുള്ള നായകൾ മുഴുവൻ അകത്തു കടന്നതായിരുന്നു. പുണ്ണും ചെള്ളും പിടിച്ച നായ്ക്കൾ.
ഷെഡ്ഡ് മുഴുവൻ രോഗികൾ. പണ്ടു് എപ്പോഴോ എന്തിനോ ഉണ്ടാക്കിയ ഷെഡ്ഡാണു്. ഓടുകൾ പൊളിഞ്ഞു് വെളിച്ചം അകത്തിറങ്ങിയിട്ടുണ്ടു്. അതിന്റെ താഴെ ഷെഡ്ഡിനുള്ളിൽ തന്നെ പുല്ലും കളയും മുളച്ചിരുന്നു. വെറും നിലത്തും കീറിയ ചാക്കുകളിലും പഴയ പനംപായകളിലുമായി ചവറ്റുകൂനകൾ പോലെ ആളുകൾ കിടക്കുകയായിരുന്നു. ദ്രവിച്ചു് തുടങ്ങിയ മനുഷ്യർ. അധികവും വൃദ്ധർ. മിക്കവാറും ആളുകൾക്കു് ബോധമില്ല. ചിലർ എന്തോ പുലമ്പിക്കൊണ്ടിരുന്നു. ചിലർ കൈയോ കാലോ ആട്ടിക്കൊണ്ടു് പതിഞ്ഞ സ്വരത്തിൽ നിലവിളിച്ചുകൊണ്ടിരുന്നു. ചീഞ്ഞ മാംസത്തിന്റെയും ദ്രവിച്ച തുണികളുടെയും ഛർദിയുടെയും ഗന്ധം. നടക്കുമ്പോൾ ഈച്ചകൾ ‘ഹം’ എന്ന ഒച്ചയോടെ എഴുന്നേറ്റ് പറന്നു് പിന്നെയും ഇരുന്നു.
ഞാൻ കർച്ചീഫ് കൊണ്ടു് മൂക്കു പൊത്തി നടന്നു.
‘ഒക്കെ ഭ്രാന്തു് പിടിച്ചവരാ സാർ. കിടന്ന സ്ഥലത്തുതന്നെ ഒന്നും രണ്ടുമൊക്കെ പോകും. ഒന്നും ചെയ്യാൻ പറ്റൂല്ല’
അവിടെയെങ്ങും ഒരു പണിക്കാരും ഉണ്ടായിരുന്നില്ല.
‘തോട്ടികൾ കാലത്തുതന്നെ വന്നു് വൃത്തിയാക്കിയിട്ടു് പോകും… പിന്നെ ആരും വരൂല്ല… വൈകുന്നേരം അവരെ വിളിക്കാൻ പറ്റില്ല.’
മൂന്നാമത്തെ ഷെഡ്ഡിൽ ഒരു ദ്രവിച്ച തൂണിന്റെ താഴെ അമ്മ കിടക്കുന്നതു് ഞാൻ കണ്ടു. ഒരു പായയിൽ മലർന്നു കിടക്കുന്നു. മിക്കവാറും നഗ്നയായി. കറുത്ത വയറ് വലിയൊരു തുകൽച്ചാക്കു് മാതിരി പൊന്തിനിന്നു. മുലകൾ അഴുക്കു് സഞ്ചികൾ പോലെ രണ്ടുവശത്തേക്കും വീണിരുന്നു. കൈയും കാലും നീരുവെച്ചു് ചുളിവുകൾ നിവർന്നു് തിളങ്ങുകയായിരുന്നു. വായ തുറന്നു് കറുത്ത ഒറ്റപ്പല്ലും അട്ടപോലെ കറുത്ത ഊനും കാണാനായി. തലമുടി ചാണകംപോലെ നിലത്തു കിടന്നു.
‘എന്താ ഇവർക്ക്?’ ഞാൻ ചോദിച്ചു.
‘ആക്ച്വലി… ഞാൻ നോക്കിയില്ല സാർ. വയസ്സ് എഴുപതോ മറ്റോ ഉണ്ടാവും.’
എന്റെ നോട്ടത്തിൽ നിന്നു് മാറി ‘ഓർമയുള്ളവർക്കു് മാത്രമാ വല്ല ഗുളികയും കൊടുക്കാറുള്ളത്’ എന്നു ഡോക്ടർ പറഞ്ഞു.
ഞാൻ അമ്മയെത്തന്നെ നോക്കുകയായിരുന്നു. ആറടിപ്പൊക്കം. ചെറുപ്പത്തിൽ കറുത്ത വട്ടമുഖത്തു് നിറയെ വെളുത്ത പല്ലും, പനങ്കായകൾ മാതിരി ഉറച്ച മുലകളും വലിയ കൈയും കാലുമായി ശ്രീവൈകുണ്ഠക്ഷേത്രത്തിലെ കുറത്തി ശില്പം പോലെയിരിക്കും. ലോഹത്തിൽ അടിക്കുന്ന ഒച്ചയിൽ സംസാരിക്കും. അമ്മ തെരുവിൽ വരുന്നതു കണ്ടാൽ കുട്ടികൾ കരഞ്ഞുകൊണ്ടു് വീട്ടിലേക്കോടും.
ഒരിക്കൽ അമ്മ പിടാരി കോവിലിന്റെ പുറകുവശത്തു് തോട്ടിൽ കുളിച്ചിട്ടു് മുല കുലുക്കിക്കൊണ്ടു് നടന്നുവരികയായിരുന്നു. ഞാൻ പിന്നിലുണ്ടു്. സന്ധ്യാനേരം. എതിരിൽ വന്നുപെട്ട കോരൻ വൈദ്യർ രണ്ടു് കൈയും കൂപ്പി ‘അമ്മേ ദേവീ’ എന്നു് നിലവിളിച്ചുകൊണ്ടു് നിന്നു പോയി. അന്നു് അമ്മ എന്തോ വാരിവലിച്ചു് തിന്നുന്നുണ്ടായിരുന്നു. അവർ ഒന്നും ശ്രദ്ധിക്കാതെ കാല് പൊക്കി വച്ചു് നടന്നുപോയി.
‘കേസോ മറ്റോ ആണോ സാർ?’ ഡോക്ടർ ചോദിച്ചു.
എന്റെ ചുണ്ടുകൾ പെട്ടെന്നു് കല്ലായി മാറി. ചിന്തയിലെ ജീവൻ ചുണ്ടിൽ ചെന്നെത്തിയില്ല. ഒന്നുരണ്ടു് സെക്കന്‍റ് നേരം ഞാൻ ചുണ്ടിലേക്കു് എത്താൻ ശ്രമിച്ചു. പിന്നെ ചുണ്ടനക്കി ‘വേണ്ടപ്പെട്ട ഒരാളാ’ എന്നു പറഞ്ഞു.
‘വേണമെങ്കിൽ വലിയ ആശുപത്രിയിലേക്കു കൊണ്ടുപോകാം സാർ. ബസ്റ്റാന്‍റിൽ നിന്നു തോട്ടികൾ കൊണ്ടു വന്നിട്ടതാണു്.’ അയാൾ കുന്തിച്ചിരുന്നു് അമ്മയുടെ വയറ് ഞെക്കിനോക്കി.
‘നാലഞ്ചു ദിവസമായി യൂറിൻ പോകുന്നില്ല എന്നു തോന്നുന്നു. ഇന്നർ ഓർഗൻസ് ഓരോന്നായി നിന്നുപോവുന്നു. വലുതായിട്ടു് ഒന്നും ചെയ്യാൻ പറ്റൂല്ല. പക്ഷെ, യൂറിൻ പുറത്തുപോയാ രക്തത്തിൽ അമോണിയ കുറയും… അപ്പോൾ ചിലപ്പോൾ ഓർമ മടങ്ങിവരാൻ സാധ്യതയുണ്ടു്. വല്ലതും ചോദിക്കണമെങ്കിൽ ചോദിക്കാം.’
ഞാൻ ‘മിസ്റ്റർ മാണിക്യം’ എന്നു വിളിച്ചു. മാണിക്യം ആ സ്വരംമാറ്റം മനസ്സിലാക്കാതെ ‘സാർ’ എന്നു പറഞ്ഞു.
‘മിസ്റ്റർ മാണിക്യം ഇത്…’ കത്തികൊണ്ടു് നെഞ്ചിൽ കുത്തിയിറക്കുന്നതുപോലെ ഞാൻ പറഞ്ഞു. ‘ഇതെന്റെ അമ്മയാ.’
ഡോക്ടർക്കു് ആദ്യം മനസ്സിലായില്ല. ‘സാർ?’ എന്നു പറഞ്ഞു വായതുറന്നു.
‘ഇതെന്റെ സ്വന്തം അമ്മയാ…’
ഡോക്ടർ പിന്നെയും മനസ്സിലാവാതെ ‘സാർ?’ എന്നു പറഞ്ഞു.
‘ഇതാണെന്റെ അമ്മ. ലേശം മാനസിക പ്രശ്നമുണ്ടായിരുന്നു. വീട്ടിന്നു് പോയിട്ടു് കുറേ കാലമായി.’
ഡോക്ടർ എന്നെയും അമ്മയെയും മാറിമാറി നോക്കി. പെട്ടെന്നു് അയാൾക്കു് മനസ്സിലായി.
‘ഐയാം സോറി സാർ… ആക്ച്വലി…’ എന്തോ പറയാൻ വാ തുറന്നു.
‘സാരമില്ല. ഇപ്പോൾ ഒരു കാര്യം ചെയ്യുക. ഉടൻ തന്നെ ഇവരുടെ വസ്ത്രമൊക്കെ മാറ്റി വേണ്ട ട്രീറ്റ്മെന്‍റ് കൊടുത്തു് റെഡിയാക്കൂ. ഞാൻ ഇവരെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്കു് കൊണ്ടു പോവുകയാ… ഒരു ആംബുലൻസിനും പറയു…’
‘ഷുവർ സാർ’ ഡോക്ടർ പറഞ്ഞു.
ഞാൻ എന്റെ പേഴ്സ് പുറത്തെടുത്തു.
‘സാർ പ്ലീസ്, ഞങ്ങൾ നോക്കിക്കോളാം… എന്റെ സ്ഥിതി സാർ ഒന്നു മനസ്സിലാക്കണം. ഈ സിസ്റ്റത്തിൽ എനിക്കെന്തു് ചെയ്യാൻ പറ്റുമോ അതു ഞാൻ ചെയ്യുകയാണ്…’
ഞാൻ ഓകെ എന്നു പറഞ്ഞു് കാറിന്റെ അടുത്തേക്കു നടന്നു.
പത്തുനിമിഷത്തിൽ ഡോക്ടർ ഓടിവന്നു. ‘ക്ലീൻ ചെയ്യുകയാണു് സാർ. ഇൻജക്ഷൻ ചെയ്തു് യൂറിൻ പുറത്തെടുക്കുന്നുണ്ടു്. ഹോപ്പൊന്നും വേണ്ട.’
‘ഓക്കെ, ഓക്കെ’ എന്നു പറഞ്ഞു് ഞാൻ സിഗരറ്റ് കത്തിച്ചു.
കാറിന്റെ പുറത്തുനിന്ന ഡോക്ടർ നന്നായി കുനിഞ്ഞു് പതിഞ്ഞ സ്വരത്തിൽ ‘സാർ’ എന്നു വിളിച്ചു.
‘യെസ്?’ ഞാൻ പറഞ്ഞു.
‘എന്റെ മീതെ തെറ്റൊന്നും ഇല്ല എന്നു് ഞാൻ പറയില്ല സാർ. എന്നെക്കൊണ്ടു് ആവുന്നതു് ഞാൻ ചെയ്യുന്നു. മുനിസിപ്പൽ ചവറ്റുപറമ്പിലേക്കു് ചവറ് കൊണ്ടുചെന്നു് തട്ടുന്നതുമാതിരിയാണു് ഇവിടെ ഇവരെ കൊണ്ടുവരുന്നതു്.’
ഞാൻ ‘ഓക്കെ… ചെന്നു് പണി നോക്കൂ’ എന്നു പറഞ്ഞു. എന്റെ സ്വരത്തിൽ ഞാനുദ്ദേശിക്കാത്ത കാഠിന്യം വന്നു. എന്നോടു് എനിക്കു തന്നെ തോന്നിയ അറപ്പുകൊണ്ടാവാം. പക്ഷെ, ഡോക്ടറുടെ ശബ്ദം മാറി.
‘സാർ ഞാൻ എസ്. സി. ക്വാട്ടയിൽ വന്നവനാ. എന്നെപ്പോലുള്ള ആളുകൾക്കു് ഇവിടെ ഒരു സ്ഥാനവും ഇല്ല. വൃത്തികെട്ട ഏതോ ഒരു പ്രാണിയെ നോക്കുന്നതുമാതിരിയാണു് എന്നെ ഇവര് നോക്കുന്നതു്. ഞാൻ സർവീസിൽ കയറി ഇപ്പോൾ പതിനെട്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു. സീനിയറാണു് സാർ. പക്ഷെ, ഇന്നുവരെ അന്തസ്സായിട്ടു് ചെയറിലിരുന്നു് രോഗികളെ നോക്കിയിട്ടില്ല. സർവീസു മുഴുവൻ പോസ്റ്റുമോർട്ടം ചെയ്യാനും ഇതുപോലുള്ള സ്ഥലങ്ങളിൽ പണിയെടുക്കാനുമാ സാർ എന്റെ യോഗം. ഇവിടെ വലിയ ജാതിയിലുള്ള ഒരൊറ്റ ആളില്ല. ഈ ചെറിയ ഡോക്ടറും എന്റെ ജാതിയാ… ഞങ്ങൾ രണ്ടാളെയും…’ തുടർന്നു് സംസാരിക്കാനാവാതെ അയാൾക്കു് തൊണ്ടയടച്ചു.
ഇറങ്ങി അയാളെ തള്ളിയിട്ടു് ചവിട്ടി, അരച്ച്, മെതിച്ചു് ചെളിയാക്കി മാറ്റി, മണ്ണോടുമണ്ണാക്കണമെന്നു തോന്നി. എന്റെ കൈയും കാലുമൊക്കെ വൈദ്യുതി ഏറ്റതുപോലെ പിടഞ്ഞു. ശ്വാസം മുട്ടിയപ്പോൾ എന്റെ കൈയിലെ സിഗററ്റ് വിറച്ചു് ചാരം മടിയിൽ വീണു.
അയാൾ കണ്ണുകൾ തൂത്തുകളഞ്ഞിട്ടു് ‘വൃത്തികെട്ട ജീവിതമാ സാർ. ക്ലിനിക്കു് വെച്ചാൽ ഉയർന്ന ജാതിക്കാരൻ വരില്ല. നമ്മുടെ ആളുകളിൽ കാശുള്ളവനും വരില്ല. എനിക്കു് നാട്ടിൽ തോട്ടി ഡോക്ടർ എന്നാ പേര്. പഠിച്ച പഠിത്തത്തിനു് വേറെ എവിടെപ്പോയാലും അന്തസ്സായിട്ടു് ജീവിക്കാമായിരുന്നു. ഒരു ഡോക്ടറാകണമെന്നു് സ്വപ്നം കണ്ടു് രാവും പകലും ഇരുന്നു് പഠിച്ചു. പട്ടിണി കിടന്നു് പഠിച്ചവനാ സാർ… ഇതാ തോട്ടികളുടെ ഒപ്പം തോട്ടി ഡോക്ടറായി എന്നെ ഇരുത്തിയിരിക്കുന്നു.’
ഞാൻ നെടുവീർപ്പിട്ടു. എന്റെ മുഖത്തിലെ പേശികളെ മെല്ലെ അയച്ചു.
‘മാണിക്യം…’ ഞാൻ വിളിച്ചു.
‘വേറെ പണിക്കു് പോയാലും ഇതുതന്നെയാ ഗതി. സിവിൽ സർവീസ് എഴുതി എന്നെപ്പോലെ ആയാലും വേറെ മാർഗം ഇല്ല… ഞാൻ സിവിൽ സർവീസിലെ തോട്ടിയാ…”
ഡോക്ടറുടെ വായ തുറന്നുതന്നെ നിന്നു. ഞാൻ വാക്കുകളെ കടിച്ചുനിർത്താൻ ശ്രമിച്ചു. പക്ഷെ, വ്രണത്തിലെ ചലം പോലെ അവ ചീറ്റിയടിച്ചു.
“ഈ ശരീരം കണ്ടോ? ഇതിൽ ഓടുന്ന ചോര മുഴുവൻ പിച്ചയെടുത്തു് ഉണ്ട ചോറിൽ ഊറിയതാ. അതു് എനിക്കു മറക്കാനാവില്ല. ഞാൻ മറന്നാലും എനിക്കു് പിച്ചയിട്ട ഒരാളും അതു് മറക്കില്ല. മറക്കണമെങ്കിൽ മുഴുവൻ ചോരയും കീറി പുറത്തെടുക്കണം. വേറെ വല്ല നല്ല രക്തവും കുത്തിക്കേറ്റണം. പുലി, നായ, കഴുത അങ്ങനെ വല്ല അന്തസ്സുള്ള ജീവിയുടെയും രക്തം… അത്…” വാക്കുകളില്ലാതെ ഞാൻ വിക്കി. പിന്നെ ‘പോയ്ക്കോളൂ… പോയി അമ്മയെ റെഡിയാക്കൂ…’ എന്നു പറഞ്ഞു. ആ ഉച്ചത്തിലുള്ള സ്വരം എന്റെ കാതുകളിൽ വീണപ്പോൾ എന്റെ ദേഹം ലജ്ജകൊണ്ടു് ചുരുങ്ങി.
ഞെട്ടിപ്പോയി നിന്ന ഡോക്ടർ സ്വപ്നത്തിലെന്നപോലെ കടന്നു പോയി.
ഞാൻ മറ്റൊരു സിഗരറ്റ് കത്തിച്ചു. ഈ അന്യനോടു് ഞാനെന്തിനാണു് പിച്ചയെടുത്തു് തിന്ന കാര്യമൊക്കെ പറഞ്ഞതു്? ഇവന്റെ മനസ്സിൽ എന്നെപ്പറ്റി എന്തു് ചിത്രമാ ഉണ്ടാവുക? തീർച്ചയായും എല്ലാ മതിപ്പും പോയിട്ടുണ്ടാവും. അയാൾക്കു് തന്നെപ്പറ്റി ഒരു മതിപ്പും ഇല്ല. ഇപ്പോൾ എന്നെ അയാൾ തന്നെപ്പോലെ ഒരാളായി കരുതിയിട്ടുണ്ടാവും.
സിഗററ്റ് വായിലിരുന്നു് കയ്പ്പുണ്ടാക്കി. അതു് വലിച്ചെറിഞ്ഞിട്ടു് കാർക്കിച്ചു തുപ്പി. എന്റെ ജീവിതത്തിൽ ഇത്രയും സിഗററ്റ് ഞാൻ വലിച്ചിട്ടില്ല. ഞാനിവിടെ എന്താണു് ചെയ്തുകൊണ്ടിരിക്കുന്നതു് എന്നു് ഒരു ക്ഷണം ഞെട്ടലോടെ ഓർത്തു. എന്റെ കാർ ഇവിടെ നിൽക്കുന്നതു് ഇതിനകം നൂറുകണക്കിനാളുകൾ കണ്ടുകഴിഞ്ഞിട്ടുണ്ടാകും. നൂറുകണക്കിനാളുകൾ പരിഹാസച്ചിരിയോടെ മറ്റുള്ളവരെ നോക്കിയിട്ടുണ്ടാകും.
സിവിൽ സർവീസിനുള്ള ഇന്‍റർവ്യൂവിൽ ഞാനിരുന്നപ്പോൾ ആദ്യത്തെ ചോദ്യം തന്നെ എന്റെ ജാതിയെപ്പറ്റിയായിരുന്നു. അതു് ഞാൻ പ്രതീക്ഷിച്ചതുമായിരുന്നു. വിയർത്ത കൈപ്പത്തികളെ മേശപ്പുറത്തു് പരന്നിരുന്ന കണ്ണാടിയിൽ ഉരസിക്കൊണ്ടു്, ഹൃദയമിടിപ്പു കേട്ടുകൊണ്ടു്, ഞാൻ കാത്തിരുന്നു. എ. സി.-യുടെ ‘ർർ’ ശബ്ദം. കടലാസുകൾ മറിയുന്ന ശബ്ദം. കടലാസുകൾ മറിയുന്നതുപോലെ അധികാരത്തെ ഓർമിപ്പിക്കുന്ന മറ്റൊരു ശബ്ദമില്ല. വളരെ പതിഞ്ഞ ശബ്ദം. മർമരം. പക്ഷെ, അതിനെ നമ്മുടെ ആത്മാവ് കേൾക്കും. ഒരാൾ അനങ്ങിയപ്പോൾ കറങ്ങുന്ന കസേര ശബ്ദിച്ചു. അയാൾ വീണ്ടും എന്റെ കടലാസുകൾ നോക്കിയിട്ടു് ‘നിങ്ങളുടെ ജാതി…മ്മ്’ എന്നു് സ്വയം പറഞ്ഞു് ‘ഗോത്രവർഗത്തിൽ നായാടി’ എന്നു വായിച്ചു് നിവർന്നു് ‘വെൽ’ എന്നു പറഞ്ഞു.
ഞാൻ വിറങ്ങലിച്ചു് കുത്തിയിരുന്നു.
‘നിങ്ങൾ മലയിൽ ജീവിക്കുന്നവരാണോ?’
ഞാൻ ‘അല്ല’ എന്നു പറഞ്ഞു.
‘എന്താണു് നിങ്ങളുടെ പ്രത്യേകത?’
ഞാൻ തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലിൽ എന്റെ ജാതിയെപ്പറ്റി പറഞ്ഞിട്ടുള്ള ഭാഗം മനപ്പാഠമായിട്ടു് പറഞ്ഞു. ‘നായാടികൾ അലഞ്ഞുതിരിയുന്ന കുറവരാണു്. ഇവരെ കണ്ടാൽത്തന്നെ അയിത്തമാണു് എന്നായിരുന്നു വിശ്വാസം. അതുകൊണ്ടു് പകൽവെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശം ഇവർക്കില്ലായിരുന്നു. ഇവരെ നേർക്കുനേർ കണ്ടാൽ ഉടൻതന്നെ ഉയർന്ന ജാതിക്കാർ ഒച്ചയും ബഹളവും ഉണ്ടാക്കി ആളെക്കൂട്ടി ചുറ്റിവളച്ചു് കല്ലെടുത്തെറിഞ്ഞു് കൊല്ലുകയാണു് പതിവ്. അതുകൊണ്ടു് ഇവർ പകൽ മുഴുവൻ കാടിന്റെയുള്ളിൽ ചെടികളുടെ ഇടയ്ക്കു് കുഴിതോണ്ടി അതിൽ കുഞ്ഞുകുട്ടികളോടെ പന്നികളെപ്പോലെ ഒളിച്ചിരിക്കുകയാണു് പതിവ്. രാത്രി പുറത്തേക്കിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. ഇവർ മൂധേവിയുടെ അംശമുള്ളവരാണെന്ന വിശ്വാസം ഉള്ളതുകൊണ്ടു് ഇവർക്കു് തവിട്, എച്ചിൽ ഭക്ഷണം, ചീഞ്ഞ വസ്തുക്കൾ തുടങ്ങിയവ ചിലർ വീട്ടിന്നു് വളരെ അകലെ കൊണ്ടുവയ്ക്കുന്ന പതിവുണ്ടു്. ഇവർ കയ്യിൽ കിട്ടുന്ന എന്തും തിന്നും. പുഴുക്കൾ, എലികൾ, ചത്തുപോയ ജീവികൾ എല്ലാം ചുട്ടുതിന്നും. മിക്കവാറും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പച്ചയായിത്തന്നെ കഴിക്കും. പൊതുവെ ഇവർ കുറിയ കറുത്ത മനുഷ്യരാണു്. നീളമുള്ള വെളുത്ത പല്ലുകളും വലിയ വെളുത്ത കണ്ണുകളും ഉള്ളവർ. ഇവരുടെ ഭാഷ പഴന്തമിഴാണു്. ഇവർക്കു് ഒരു കൈത്തൊഴിലും അറിയില്ല. ഇവരുടെ കൈയിൽ സ്വന്തമായി യാതൊരു വസ്തുക്കളും ഉണ്ടായിരിക്കില്ല. ഇവർക്കു് സ്ഥിരമായ പാർപ്പിടം ഇല്ല എന്നതുകൊണ്ടുതന്നെ ഇവരെ ഒരിടത്തും സ്ഥിരമായി കാണാൻ കഴിയുകയില്ല. തിരുവിതാംകൂറിൽ ഇവർ എത്ര പേരാണു് ഉള്ളതു് എന്നു് കൃത്യമായി പറയാൻ കഴിയില്ല. ഇവരെക്കൊണ്ടു് സർക്കാരിനു് യാതൊരു വരുമാനവും ഇല്ല.’
മറ്റൊരാൾ എന്നെ ശ്രദ്ധിച്ചുനോക്കി. ‘നിങ്ങളുടെ ജാതി ഇപ്പോൾ എങ്ങനെയുണ്ട്? മുന്നോട്ടു വന്നിട്ടുണ്ടോ?’ എന്നു ചോദിച്ചു.
‘ഇല്ല. മിക്കവാറും എല്ലാവരുംതന്നെ ഇപ്പോഴും ഭിക്ഷയെടുത്താണു് കഴിയുന്നതു്. തെരുവിലാണു് ജീവിക്കുന്നത്… നഗരങ്ങൾ ഉണ്ടായപ്പോൾ അവർ നഗരത്തിലെത്തി അവിടെയുള്ള തെരുവു ജീവികളിൽ ലയിക്കുകയാണുണ്ടായതു്. മിക്കവാറുമാളുകൾ ഇന്നു തമിഴ്‌നാട്ടിലാണു്.’
അയാൾ കണ്ണുകൾ എന്നിൽ തറപ്പിച്ചു് ‘താങ്കൾ വന്നിട്ടുണ്ടല്ലോ?’ എന്നു ചോദിച്ചു. ‘താങ്കൾ സിവിൽ സർവീസ് എഴുതി ജയിച്ചിരിക്കുന്നു’. അയാൾ എന്നെ നോക്കി ‘നിങ്ങൾ ഇതാ ഇവിടെ വന്നു് ഇരിക്കുകയും ചെയ്യുന്നു’
ഞാൻ ചലനമില്ലാത്ത മുഖത്തോടെ, ‘എനിക്കൊരു വലിയ മനുഷ്യന്റെ സഹായം കിട്ടി’ എന്നു പറഞ്ഞു.
അയാൾ പുഞ്ചിരിയോടെ ‘അംബേദ്കറിനു് കിട്ടിയതുപോലോ?’ എന്നു ചോദിച്ചു.
ഞാൻ തറപ്പിച്ചു പറഞ്ഞു. ‘അതെ സാർ, അംബേദ്കറിനു് കിട്ടിയതുപോലെ തന്നെ.’
ഏതാനും സെക്കന്‍റുകൾ നിശ്ശബ്ദത. മൂന്നാമത്തെയാൾ എന്നോടു് ‘ഇനിയൊരു ഊഹച്ചോദ്യം. നിങ്ങൾ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്തു് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്തു് ന്യായവും മറുഭാഗത്തു് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്തു തീരുമാനമാണു് എടുക്കുക?’
എന്റെ ചോര മുഴുവൻ തലയ്ക്കകത്തേക്കു കയറി. കണ്ണുകളിൽ കാതുകളിൽ വിരൽത്തുമ്പുകളിൽ ഒക്കെ ചൂടുള്ള ചോര ഇരച്ചു പാഞ്ഞു. മറ്റുള്ളവരും ആ ചോദ്യം കൊണ്ടു് വല്ലാതെ ഉന്മേഷവാന്മാരായി എന്നു കസേരകൾ അനങ്ങിയതിലൂടെ ഞാൻ മനസ്സിലാക്കി. ഞാൻ പറയേണ്ട ഉത്തരമേതാണു് എന്നു് എനിക്കു് നന്നായി അറിയാം. പക്ഷെ, ഞാനിപ്പോൾ ഓർത്തതു് സ്വാമി പ്രജാനന്ദയെയാണു്.
ഉറച്ച ശബ്ദത്തിൽ ‘സർ, ന്യായം എന്നുവെച്ചാലെന്താണു്?’ എന്നു ഞാൻ പറഞ്ഞു. ‘വെറും നിയമങ്ങളും സമ്പ്രദായങ്ങളുമാണോ ന്യായത്തെ തീരുമാനിക്കേണ്ടതു്? ന്യായം എന്നു പറഞ്ഞാൽ അതിന്റെ കാതലായി ഒരു ധർമം ഉണ്ടായിരിക്കണം. ധർമങ്ങളിൽ ഏറ്റവും വലുതു് സമത്വം തന്നെ. അതാണു് ഏറ്റവും വിശുദ്ധമായതു്. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടുവശത്തും നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണു്.’
ശരീരങ്ങൾ അയഞ്ഞപ്പോൾ കസേരകൾ പിന്നെയും ശബ്ദിച്ചു. ചോദിച്ചയാൾ ഒന്നു മുന്നോട്ടാഞ്ഞു.
‘അതു് കൊലപാതകമാണെങ്കിലോ? മിസ്റ്റർ ധർമപാലൻ, കൊലപാതകമാണെങ്കിൽ നിങ്ങൾ എന്തു പറയും?’
എനിക്കു് അപ്പോളതു് പറയാതിരിക്കാനായില്ല.
‘സർ, കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണു് നിരപരാധി… അവനോടു തന്നെയാണു് അനീതി കാട്ടിയിട്ടുള്ളതു്.’
ഏതാണ്ടു് അഞ്ചു് നിമിഷത്തോളം മുറിയിൽ നിശ്ശബ്ദതയായിരുന്നു. കടലാസുകൾ മറിയുന്ന ശബ്ദം. പിന്നെ ചെറിയൊരു നെടുവീർപ്പോടെ ആദ്യം ചോദ്യങ്ങൾ ചോദിച്ചയാൾ ഒന്നുരണ്ടു് പൊതുവായ ചോദ്യങ്ങൾ ഉന്നയിച്ചു. ഇന്‍റർവ്യൂ തീർന്നു. എന്റെ വിധി എഴുതപ്പെട്ടു കഴിഞ്ഞു എന്നാണു് ഞാൻ കരുതിയതു്. പക്ഷെ, മനസ്സിന്റെയുള്ളിൽ ഒരു നിറവിന്റെ ഭാരമുണ്ടായിരുന്നു. താഴത്തേക്കു പോയി മൂത്രമൊഴിച്ചപ്പോൾ ശരീരത്തിന്റെയുള്ളിൽ നുരച്ചു പതഞ്ഞ അമ്ലം തന്നെ ഒഴുകിയിറങ്ങുകയാണെന്നു തോന്നി. കൈയും കാലും മുഖവും മെല്ലെ തണുത്തു. ഞാൻ കണ്ണാടി നോക്കി മുഖം കഴുകി തല ചീകി. എന്റെ മുഖം കണ്ടപ്പോൾ അതിലുണ്ടായിരുന്ന വെപ്രാളത്തെക്കണ്ടു് എനിക്കുതന്നെ ചിരിവന്നു.
നേരേ കാന്‍റീനിലേക്കു് ചെന്നു് ഒരു കോഫി വാങ്ങി എടുത്തുകൊണ്ടു് കണ്ണാടി ജനാലയുടെ അടുത്തുള്ള മേശയിൽ ചെന്നിരുന്നു് പതുക്കെ മൊത്തിക്കുടിച്ചു. താഴെ കാറുകൾ കൂറകൾപോലെ ഓടി. മനുഷ്യർ ചെറിയ ചുവന്ന പ്രാണികൾ പോലെ നടന്നു. മനുഷ്യൻ നടക്കുന്നതു കണ്ടാൽ തോന്നിപ്പോകും, എത്ര അറപ്പുണ്ടാക്കുന്ന ചലനമാണു് ഈ മൃഗത്തിനു് എന്നു്. നായും കാളയും പൂച്ചയുമൊക്കെ എത്ര ഗാംഭീര്യമുള്ള നടത്തമുള്ളവ. റോഡിൽ പോയ ഒരു കാറിന്റെ കണ്ണാടിയുടെ പ്രതിഫലനം എന്റെ കണ്ണുകളെ വാളുപോലെ വെട്ടിമറഞ്ഞു. എന്റെ മുന്നിൽ ഒരാൾ വന്നിരുന്നു. ആദ്യം ഞാനയാളെ മനസ്സിലാക്കിയില്ല. അതു് എന്നെ ഇന്‍റർവ്യൂ ചെയ്ത ആളായിരുന്നു.
‘അയാം സെൻഗുപ്ത’ അയാൾ പറഞ്ഞു.
ചായക്കോപ്പ ഒന്നു ചുഴറ്റിയിട്ടു് കുടിക്കുന്നതു് ബംഗാളികളുടെ ശീലമാണു്.
‘വൈകുന്നേരം വരെ ഇന്‍റർവ്യൂ ഉണ്ടു്. ഒരു ചെറിയ ഇടവേള’
ഞാൻ അയാളെ നോക്കി. എന്താണു് അയാളുടെ ഉദ്ദേശ്യം?
‘നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടു്. ഒരാളൊഴിച്ചു് മറ്റുള്ളവർ മുഴുവൻ നല്ല മാർക്കാണു് തന്നിട്ടുള്ളത്’
ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എങ്ങനെയാണു് പ്രതികരിക്കുന്നതു് എന്നറിയാതെ വെറുതെ മിഴിച്ചുനോക്കി.
‘ഇതിപ്പോൾ സർക്കാർ രഹസ്യമാണു്. നിങ്ങളെ കണ്ടതുകൊണ്ടു പറഞ്ഞുപോയതാണു്.’
ഞാൻ ‘നന്ദി സാർ’ എന്നു പറഞ്ഞു.
‘സാരമില്ല, ഞാൻ ആ ചോദ്യം ചോദിച്ചതു് വെറുമൊരു കുസൃതികൊണ്ടു് മാത്രമാണു്. അത്തരം ചോദ്യങ്ങളാണു് എല്ലാവരോടും ഉണ്ടാവുക. അതിനുള്ള ഉത്തരവും എല്ലാവർക്കും അറിയാം. സത്യം, ധർമം, സേവനം, രാഷ്ട്രനന്മ… എല്ലാ ചവറും നമുക്കു് വേണമല്ലോ…’ അയാൾ ചായ കുടിച്ചു.
‘നിങ്ങൾ പറഞ്ഞ ഉത്തരം മാനേജ്മെന്‍റ് എതിക്സ് വെച്ചു് നോക്കിയാൽ വളരെ തെറ്റാണു്. പക്ഷെ, നിങ്ങളതു് വളരെ ആത്മാർഥമായിട്ടാ പറഞ്ഞതു്. വളരെ നല്ല വാക്കുകളിൽ പ്രകടിപ്പിക്കുകയും ചെയ്തു.’ അയാൾ പുഞ്ചിരിച്ചു. ‘ഞാനൊഴിച്ചു് മറ്റൊരാളും നല്ല മാർക്കിടില്ല എന്നാണു് ഞാൻ കരുതിയതു്. പക്ഷെ, ഒരാളൊഴിച്ചു് എല്ലാവരും നല്ല മാർക്കിട്ടിരുന്നു. പെട്ടെന്നയാൾ പൊട്ടിച്ചിരിച്ചു. ‘ഞാൻ നല്ല മാർക്കിട്ടതിന്റെ അതേ കാരണം കൊണ്ടു തന്നെ എന്നു തോന്നുന്നു.’
എന്താണു് എന്നു് ഞാൻ നോക്കി. എന്നെപ്പറ്റി ഒരു ചിത്രം ഉണ്ടാക്കാൻ തന്നെ. എന്നെ ഒരു മനുഷ്യസ്നേഹിയായിട്ടും പുരോഗമനവാദിയായിട്ടും ആധുനിക മനുഷ്യൻ എന്നും അവർ വിചാരിക്കണമെന്നല്ലേ എനിക്കു ചിന്തിക്കാൻ പറ്റൂ… ഞാനെന്തുകൊണ്ടു് മതചിഹ്നങ്ങൾ ധരിക്കുന്നില്ല? എന്തുകൊണ്ടു് മാടിന്റെ മാംസം തിന്നു് മദ്യം കഴിക്കുന്നു? ഒക്കെ ഇതിനുവേണ്ടി തന്നെ. ബംഗാളിക്കും പഞ്ചാബിക്കും ഇതൊക്കെ കൂടിയേ തീരൂ. പക്ഷെ, യാദവിനു് ഒരു പ്രശ്നവുമില്ല. യാതൊരു ചമ്മലും കൂടാതെ അയാൾക്കു് പിന്തിരിപ്പൻ വർഗീയവാദിയായി തുടരാനാവും…’ ശേഷിച്ച ചായ കുടിച്ചിട്ടു് ‘ഓകെ’ എന്നു പറഞ്ഞു് സെൻഗുപ്ത എഴുന്നേറ്റു. ഞാൻ നന്ദി’ എന്നു പറഞ്ഞു.
‘നിങ്ങൾക്കു് എന്തു പ്രശ്നമുണ്ടെങ്കിലും എന്നെ ബന്ധപ്പെടുക. ഞാനും കഴിയുന്നത്ര പുരോഗമനവാദിയായിത്തന്നെ കഴിയാനാ ഉദ്ദേശിക്കുന്നതു്.’ പെട്ടെന്നു് പൊട്ടിച്ചിരിച്ചു് ‘എന്നു വച്ചാ നിങ്ങൾ വന്നു് എന്റെ മോളെ പെണ്ണുചോദിക്കുന്ന ഘട്ടത്തിനു് മുൻപു വരെ.’ ഞാനും ചിരിച്ചുപോയി.
സെൻഗുപ്ത കനത്ത കഴുത്തും കൊഴുത്ത കവിളുകളും ഉള്ള തുടുത്ത മനുഷ്യൻ. മലേഷ്യക്കാരനാണോ എന്നു തോന്നിപ്പോകും.
‘ചെറുപ്പക്കാരാ നീ ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഈ പണിക്കു് വന്നതിൽ നീ ചിലപ്പോൾ ദുഃഖിക്കും. എങ്കിലും അഭിവാദ്യങ്ങൾ. അനുമോദനങ്ങൾ.’
പോകുന്ന വഴിക്കു് തിരിഞ്ഞു് ‘നിന്നെ ആരാണു് പഠിപ്പിച്ചതു്?’ എന്നു ചോദിച്ചു.
‘സ്വാമി പ്രജാനന്ദൻ. നാരായണഗുരുവിന്റെ ശിഷ്യനാണ്…’
സെൻഗുപ്ത കണ്ണുകൾ ചുരുക്കി ‘നേർ ശിഷ്യനാണോ?’ എന്നു ചോദിച്ചു.
‘അല്ല, നാരായണഗുരുവിന്റെ ശിഷ്യനായ ഏണസ്റ്റ് ക്ലേർക്കിന്റെ ശിഷ്യനാണു്.’
സെൻഗുപ്ത മടങ്ങിവന്നു. ‘ഏണസ്റ്റ് ക്ലേർക്ക്… സായിപ്പാണോ?’
ഞാൻ ‘അതെ’ എന്നു പറഞ്ഞു. ‘ബ്രിട്ടീഷുകാരനാണു്. തിയോസഫിക്കൽ സൊസൈറ്റിയിലായിരുന്നു. പിന്നെ വർക്കലയിലേക്കു് വന്നു് നാരായണഗുരുവിന്റെ ശിഷ്യനായി. ഗുരു സമാധിയായതിനുശേഷം തിരുവനന്തപുരത്തു് നാരായണ മന്ദിർ എന്നൊരു സ്ഥാപനം നടത്തിയിരുന്നു. വേദാന്തത്തിനുവേണ്ടി ‘ലൈഫ്’ എന്നൊരു പ്രസിദ്ധീകരണവും കൊണ്ടുവന്നിരുന്നു… 1942ൽ കോയമ്പത്തൂരിലേക്കു പോയി അവിടെ നാരായണഗുരുവിന്റെ പേരിൽ ഒരു ആശ്രമം നടത്തി. പിന്നെ വാർത്തയൊന്നും ഇല്ല.’
സെൻഗുപ്ത ‘എനിക്കു് വേദാന്തത്തിൽ ചെറിയ ഒരു താൽപര്യം ഉണ്ടു്. വിവേകാനന്ദൻ എന്റെ സ്വന്തം ഗ്രാമത്തിലാണു് ജനിച്ചത്’ എന്നു പറഞ്ഞു.
‘പ്രജാനന്ദസ്വാമി ക്ലേർക്കിന്റെ ഒപ്പം തിരുവനന്തപുരം ആശ്രമത്തിലുണ്ടായിരുന്നു. ക്ലേർക്കു് കോയമ്പത്തൂരിലേക്കു പോയതിനു ശേഷം കുറേ ദിവസം അദ്ദേഹം ആ സ്ഥാപനത്തെ നടത്തി’യെന്നു ഞാനും.
‘പ്രജാനന്ദൻ ഇപ്പോഴുണ്ടോ?’ സെൻഗുപ്ത ചോദിച്ചു.
‘ഇല്ല, സമാധിയായി. 1892’.
സെൻഗുപ്ത ‘ഓ’ എന്നു പറഞ്ഞു.
‘അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് കേശവപ്പണിക്കർ എന്നാണു്. ഏണസ്റ്റ് ക്ലേർക്കാണു് അദ്ദേഹത്തിനു കാഷായം കൊടുത്തു് പ്രജാനന്ദനാക്കിയതു്.’
സെൻഗുപ്ത ‘ക്ലേർക്കു് സന്ന്യാസിയായിരുന്നോ?’ എന്നു ചോദിച്ചു.
‘അതെ, നാരായണഗുരുവിന്റെ ഏക അന്യനാട്ടു ശിഷ്യൻ അദ്ദേഹമാ… പലരുടെയും പേരുമാറ്റിയ ഗുരു ക്ലേർക്കിന്റെ പേരുമാത്രം മാറ്റിയില്ല.’
‘അതൊരു ആശ്ചര്യം തന്നെ’ സെൻഗുപ്ത പറഞ്ഞു.
‘നാരായണഗുരുവിനെപ്പറ്റി ഞാൻ ധാരാളം വായിച്ചിട്ടുണ്ടു്.’ സെൻഗുപ്ത പറഞ്ഞു. ‘ശരി, എന്നാൽ കാണാം.’ എന്നു് ഒന്നു നടന്നിട്ടു് മടിച്ചുനിന്നു് ‘പക്ഷെ…’ എന്നു പറഞ്ഞു.
‘സാർ?’ ഞാൻ ചോദിച്ചു.
‘അല്ല… ഒക്കെ.’
‘പറയൂ സാർ’
‘അല്ല, എനിക്കു് നിന്നെ വിഷമിപ്പിക്കാൻ താൽപര്യമില്ല.’
‘ഇല്ല സാർ, പറയൂ…’
‘അല്ല നിനക്കു് ഒരു നല്ല അധ്യാപകനാവാമായിരുന്നു. നല്ല ഡോക്ടറാവാമായിരുന്നു. നല്ല രാഷ്ട്രീയക്കാരൻപോലും ആകാമായിരുന്നു. ഇതു നല്ല രംഗമാണോ എന്നു് എനിക്കു് സംശയമുണ്ടു്. നീ വിചാരിക്കുന്നതുപോലൊന്നുമല്ല ഇതു്. എന്നാൽ കാണാം.’ പെട്ടെന്നു എന്റെ കൈ പിടിച്ചു കുലുക്കിയിട്ടു് നേരെ ലിഫ്റ്റിലേക്കു് നടന്നുപോയി അയാൾ.
സെൻഗുപ്ത എന്താണു് പറഞ്ഞതു് എന്നു് ഞാൻ അതിനുശേഷം ഓരോ ദിവസവും അറിയുകയായിരുന്നു. എങ്ങും എപ്പോഴും ഞാൻ വെളിയിൽ നിർത്തപ്പെട്ടു. ഐ. എ. എസ്. ട്രെയിനിംഗ് എന്നതു് ഒരു സാധാരണ മനുഷ്യനു് ‘ഞാൻ ഭരിക്കാൻ വേണ്ടി ജനിച്ചവൻ’ എന്ന മിഥ്യാധാരണയെ ഉണ്ടാക്കാനുള്ളതു മാത്രമാണു്. പക്ഷെ, എന്നോട് ആരും അതു പറഞ്ഞില്ല. എന്നോടു പറഞ്ഞ ഓരോ വാക്കിനും ‘നീ അതല്ല’ എന്നു മാത്രമായിരുന്നു പൊരുൾ. ഞങ്ങളുടെ കരുണകൊണ്ടു്, ഞങ്ങളുടെ നീതിബോധംകൊണ്ടു്, നീ ഇവിടെ വന്നു ഞങ്ങളുടെ ഒപ്പം ഇരിക്കുന്നു. അതിനാൽ നീ ഞങ്ങൾക്കു് ആശ്രിതനായിരുന്നു കൊള്ളുക. ഞങ്ങളോടു നന്ദിയോടിരിക്കുക…
ഞാൻ തമിഴ്‌നാട്ടിലേക്കു നിയമിക്കപ്പെട്ടു. ആദ്യത്തെ ദിവസം തന്നെ ഞാൻ ആരാണെന്നു് അവരെന്നോടു പറഞ്ഞു. തലേന്നാൾ ഞാൻ എന്റെ മേലധികാരിയെക്കണ്ടു് സംസാരിച്ചിട്ടു മടങ്ങുമ്പോൾ എന്റെ മുറി കണ്ടിരുന്നു. പിറ്റേദിവസം ഞാൻ എന്റെ മുറിയിലേക്കു് കടക്കുമ്പോൾ പുതിയ കസേരയാണു കണ്ടതു്. മുൻപ് അവിടെയുണ്ടായിരുന്ന പൊക്കം കൂടിയ സിംഹാസനം പോലുള്ള കസേര നീക്കം ചെയ്യപ്പെട്ടിരുന്നു. ഒരു പഴയ കസേരയായിരുന്നു ഉണ്ടായിരുന്നതു്. പലർ ഇരുന്നു തളർന്ന ചൂരൽക്കസേരയിൽ ഇരിക്കുമ്പോൾ എന്റെ ദേഹം വിറയ്ക്കുകയായിരുന്നു. ആ പഴയ കസേരയെപ്പറ്റി ചോദിക്കാൻ വെമ്പിയ നാവിൽ ഞാൻ എന്റെ മുഴുവൻ മനഃശക്തിയെയും ചെലുത്തി അടക്കിപ്പിടിച്ചു.
അൽപസമയം കഴിഞ്ഞു് അകത്തേക്കു് വന്നു് എനിക്കു നമസ്കാരം പറഞ്ഞ ഓരോരുത്തരുടെ കണ്ണിലും ഞാൻ കണ്ടതു് ഒറ്റ വാക്കാണു്.
‘നീ അതാണു്.
എനിക്കു് എന്റെ കസേരയ്ക്കായി പൊരുതാമായിരുന്നു. അതവർ എന്റെ അൽപത്തരമായി വ്യാഖ്യാനിക്കും. ഞാൻ അതു കണ്ടില്ലെന്നു നടിച്ചു. അതിനെ അവർ എന്റെ ബലഹീനതയായിട്ടു് മനസ്സിലാക്കി. ഞാൻ പെൻഡുലം പോലെനിന്നു് ഊഞ്ഞാലിലാടി. പിന്നെ അതിനെപ്പറ്റി ചോദിക്കാൻ തീരുമാനിച്ചു ഹെഡ്ക്ലാർക്കിനെ എന്റെ മുറിയിലേക്കു് വരുത്തി. അയാളുടെ കണ്ണുകൾ കണ്ടപ്പോൾത്തന്നെ ഞാനറിഞ്ഞു. അതയാളെടുത്ത തീരുമാനമല്ല. അയാൾ ഒരു വ്യക്തിയല്ല. ആ ചെറിയ കണ്ണുകളിൽ ഒരു ചെറിയ ചിരി മിന്നിമാഞ്ഞുവോ അതോ അതെന്റെ ഭാവനയായിരുന്നോ? പക്ഷെ, പിന്നീടു് എന്റെ ജീവിതത്തിലൊരിക്കലും അതിൽ നിന്നു് ഞാൻ മോചിതനായില്ല.