ആംബുലൻസിൽ അമ്മയെ കയറ്റി ഗോപാലപിള്ളയുടെ ആശുപത്രിയിലേക്കു് കൊണ്ടുപോയി. ചെറുപ്പക്കാരനായ ഡോക്ടർ ആംബുലൻസിൽ തന്നെ കയറി. ഞാൻ മാണിക്യത്തിനോട് ‘ശരി കാണാം’ എന്നു പറഞ്ഞു.
‘ഞാനും വരാം സാർ. അവിടെ ഒരു റിപ്പോർട്ട് ചോദിക്കും.’
അയാളെ ഞാൻ കയറ്റി.
‘യൂറിൻ മുഴുവൻ പുറത്തെടുത്തു കഴിഞ്ഞു സാർ. കിഡ്നി വർക്കു ചെയ്യുന്നതായിട്ടേ തോന്നുന്നില്ല. ഒരുപാട് ദിവസം എവിടെയോ കടുത്ത പനിയോടെ കിടന്നിട്ടുണ്ടാകണം…’
ഞാൻ ഒരു സിഗരറ്റ് കത്തിച്ചു.
ആശുപത്രിയിൽ അമ്മയെ കയറ്റിയപ്പോഴാണു് ഞാൻ ശ്രദ്ധിച്ചതു് വയറ് നന്നേ ചെറുതായിട്ടുണ്ടായിരുന്നു. വെളുത്ത വസ്ത്രം ധരിച്ചിരുന്നു. അതിൽ ചോരയോ മലമോ മഞ്ഞനിറത്തിൽ നനഞ്ഞു കൊണ്ടിരുന്നു. ഡോക്ടർമാർ ഇറങ്ങി ഓടി അവിടെയുണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടറോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അമ്മയെ അവർ ഇന്‍റൻസീവ് കേറിലേക്കു് കൊണ്ടുപോയി. ഞാൻ റിസപ്ഷനിൽ കാത്തിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടർ ഇന്ദിര എന്നെ അവരുടെ മുറിയിലേക്കു് വിളിച്ചു.
ഞാൻ ഇരുന്നതും ‘സീ, ഞാൻ ഒന്നും പറയാനില്ല. മാണിക്യം പറഞ്ഞിട്ടുണ്ടാവും. ഒട്ടും പ്രതീക്ഷിക്കേണ്ട. അവർ ഏതാണ്ടു് മരിച്ചുകഴിഞ്ഞു’ എന്നു പറഞ്ഞു.
ഞാൻ തലകുലുക്കി.
‘നോക്കട്ടെ, ഒന്നു് ഓർമ തെളിഞ്ഞാൽ യോഗമുണ്ടെന്നു് അർഥം. അവർക്കു് മാനസികരോഗം ഉണ്ടായിരുന്നോ?’
ഞാൻ ‘അതെ’ എന്നു് തലകുലുക്കി.
‘ചിലപ്പോൾ ഒടുവിൽ കുറച്ചു് സമയം മാനസികഭ്രമങ്ങൾ തെളിയാറുണ്ടു്. നമുക്കു് നോക്കാം…’
രാത്രിയായി. ഞാൻ എഴുന്നേറ്റു.
‘ഇവിടെ ആരും വേണമെന്നില്ല, എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ ഫോൺചെയ്യാം’ ഡോക്ടർ പറഞ്ഞു.
ഞാൻ തലകുലുക്കി. പുറത്തു മാണിക്യം നിന്നിരുന്നു.
‘ഞാൻ സ്റ്റീഫനോട് ഇവിടെ നിൽക്കാൻ പറഞ്ഞു സാർ. അവൻ നോക്കിക്കൊള്ളും.’
‘ഇല്ല മാണിക്യം അയാൾ പോയ്ക്കോട്ടെ. ഇവിടെയുള്ളവർ തന്നെ നോക്കിക്കോളും’ ഞാൻ പറഞ്ഞു.
കാറിൽ കയറിയപ്പോഴാണു് കഴിഞ്ഞ മൂന്നു മണിക്കൂർ നേരമായിട്ട് ഞാൻ ചായപോലും കുടിച്ചില്ലാന്നു് ഓർത്തതു്. ഉടൻ തന്നെ വിശക്കാൻ തുടങ്ങി.
വീട്ടിൽ കാർ ഗറാഷിൽ നിർത്തിയിട്ട് അകത്തേക്കു പോയപ്പോൾ സുധ ‘എന്താ? വൈകുന്ന കാര്യം പറഞ്ഞതേയില്ല?’ എന്നു ചോദിച്ചുകൊണ്ടു് വന്നു. ഞാൻ ഒന്നും പറയാതെ സോഫയിലിരുന്നു് ബൂട്സുകൾ ഊരി.
‘ഊണു് കഴിക്കുന്നില്ലേ?’
‘ഇല്ല… കുളിച്ചിട്ടു വരാം.’
അവളോട് എങ്ങനെ പറഞ്ഞുതുടങ്ങുമെന്നു് ഒരു പിടിയുമില്ല. വസ്ത്രങ്ങൾ ഊരി അഴുക്കുപെട്ടിയിലിട്ടിട്ട് നേരെ കയറി ഷവറിന്റെ താഴെ നിന്നു. കാലത്തുമുതൽ കണ്ടുവന്ന അഴുക്കുകളിൽ നിന്നു വിട്ടുമാറുന്നതുപോലെ. അഴുക്കുകൾ ചർമമായി മാറിയിരിക്കുന്നു. വെള്ളംകൊണ്ടു് കഴുകിക്കഴുകി ഞാൻ എന്നെ വീണ്ടെടുക്കുന്നു. ഈറൻ തൂത്തു് കളഞ്ഞപ്പോൾ മനസ്സ് തെല്ല് ശാന്തമായി എന്നു തോന്നി.
തീൻമേശയിൽ സുധ പാത്രങ്ങൾ എടുത്തുവെച്ചു് കഴിഞ്ഞിരുന്നു.
‘നീ കഴിക്കുന്നില്ലേ’
‘ഇല്ല. കുട്ടി ഇത്രനേരം ഉണർന്നിരുന്നു. ഇപ്പഴാ അവൻ ഉറങ്ങിയതു്.’
ഞാനിരുന്നതും അവളും ഇരുന്നു. നാഗമ്മ ചൂടോടെ ചപ്പാത്തി കൊണ്ടുവന്നു വെച്ചു. ഞാൻ ഒന്നു മടിച്ചു് ‘സുധേ’ എന്നു് വിളിച്ചു. അവൾ ആ സ്വരമാറ്റം ശ്രദ്ധിച്ചു. ‘ഞാനിന്നു് അമ്മയെക്കണ്ടു.’
അവളുടെ കണ്ണുകൾ മീനിന്റെ കണ്ണുകൾ പോലെ ഇമയടക്കാതെ എന്നെ നോക്കി.
‘ഇവിടെ ഗവൺമെന്‍റാശുപത്രിയിൽ… ഭിക്ഷക്കാർക്കുള്ള ഷെഡ്ഡിൽ.’ അവളുടെ ചുണ്ടുകൾ മാത്രം ഒന്നനങ്ങി. ‘വളരെ മോശപ്പെട്ട സ്ഥിതിയിലാണു്. ഒരുപാട് ദിവസമായി എവിടെയോ കടുത്ത പനിയോടെ കിടന്നതാണു്. എല്ലാ ആന്തരിക അവയവങ്ങളും ചത്തുകൊണ്ടിരിക്കുന്നു.’
‘എവിടെ?’ അവൾ ചോദിച്ചു. ഞാൻ അവളുടെ നോട്ടത്തിൽ നിന്നും മാറി ‘ഗോപാലപ്പിള്ളയിൽ ചേർത്തിരിക്കുന്നു.’
അവൾ ഒന്നും മിണ്ടാതെ ചെരിഞ്ഞ നോട്ടത്തോടെ വെറുതെ ഇരുന്നു.
ഞാൻ എഴുന്നേറ്റു. ‘നാഗമ്മേ, സാറിനു പാല്.’
ഞാൻ ‘വേണ്ട’ എന്നു പറഞ്ഞു.
‘കഴിക്കൂ, കാലത്തു് അസിഡിറ്റി കൂടും.’ ഞാൻ ഒന്നും മിണ്ടാതെ കിടക്കമുറിയിലേക്കു പോയി. പകുതി മൂടി പ്രേം കിടന്നിരുന്നു. ഞാൻ അവന്റെ അടുത്തു കിടന്നു് അവന്റെ ചെറിയ കാലുകൾ പതുക്കെ തലോടിക്കൊണ്ടിരുന്നു.
സുധ രാത്രിവസ്ത്രത്തോടെ വന്നു. കൈയിൽ പാലുണ്ടായിരുന്നു. ‘കുടിക്കൂ’ എന്നു് എന്‍റടുത്തു് ടീപോയിൽ ഗ്ലാസു വെച്ചു. കണ്ണാടിയുടെ മുന്നിൽ നിന്നു് തലമുടി ചീകി വലിയ കെട്ടായി ചുരുട്ടിക്കെട്ടി. ഞാൻ അവളുടെ നന്നേ വെളുത്ത പിൻകഴുത്തിലേക്കു് തന്നെ നോക്കുകയായിരുന്നു. ‘എന്തു്?’ എന്നവൾ ചോദിച്ചു. ഞാൻ ‘ഇല്ല’ എന്നു് തലയാട്ടിയതിനുശേഷം പാലു കുടിച്ചു. ബാത്ത്റൂമിലേക്കു ചെന്നു് വായ കഴുകി വന്നു. അവൾ എന്റെയടുത്തു് കിടന്നു് ഒന്നു് മറിഞ്ഞ്, ‘ഞാനും വരണോ?’ എന്നു ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ നോക്കി.
‘ഞാൻ വരണമെങ്കിൽ വരാം. പക്ഷെ, വരാൻ എനിക്കു് ഒരു താൽപര്യവും ഇല്ല.’
അവൾ എന്നും വളരെ പ്രായോഗിക ബുദ്ധിയോടെയേ സംസാരിച്ചിട്ടുള്ളൂ.
‘എനിക്കു് നാളെ രണ്ടു് മീറ്റിംഗുണ്ടു്. ഒന്നു് മിനിസ്റ്ററോടാണു്. വരേണ്ടതുണ്ടെങ്കിൽ വരാം.’
ഞാൻ മിണ്ടിയില്ല.
‘മിണ്ടാതെയിരുന്നാൽ എന്താണർഥം?’
ഞാൻ ‘എനിക്കൊന്നും തോന്നുന്നില്ല’ എന്നു പറഞ്ഞു.
‘നോക്ക്, ഇതൊരു വലിയ ഇഷ്യുവായിട്ട് മാറ്റിയാൽ നിങ്ങൾക്കു് തന്നെയാണു് പ്രശ്നം. എന്തായാലും അമ്മ ഇന്നോ നാളെയാ പോയേക്കും. അന്തസ്സായിട്ട് വേണ്ടതൊക്കെ ചെയ്തു് കാര്യങ്ങൾ തീർക്കാം. ഞാനും ഒപ്പം അങ്ങോട്ടു വന്നു് ഇതൊരു ഷോവാക്കുകയാണെങ്കിൽ പിന്നെ എല്ലാവർക്കും പ്രശ്നമാ. എല്ലാവരും വന്നു് അന്വേഷിച്ചു തുടങ്ങും…’
ഞാൻ ‘ശരി’ എന്നു പറഞ്ഞു.
‘എന്നാൽ ഉറങ്ങിക്കോളൂ… ഗുളിക വേണമങ്കിൽ തരാം. ഫോൺ വരികയാണെങ്കിൽ വിളിക്കാം…’
ഞാൻ ഗുളിക എടുത്തു് വിഴുങ്ങി കണ്ണടച്ചു് മലർന്നു കിടന്നു.
‘ഗുഡ്നൈറ്റ്’ എന്നു പറഞ്ഞു സുധ കിടന്നു.
ഞാൻ കണ്ണുതുറക്കാതെ ‘ചിലപ്പോൾ അമ്മയ്ക്കു് ഓർമ വന്നു് പ്രേമിനെ കാണണമെന്നു് പറഞ്ഞാലോ…’
സുധ ഉഗ്രമായ കോപത്തോടെ എഴുന്നേറ്റിരുന്നു. ‘നോൺസെൻസ്’ എന്നു പറഞ്ഞപ്പോൾ അവൾ കിതയ്ക്കുകയായിരുന്നു. ‘ലുക്ക്… അവൻ എന്റെ മോനാണു്. ആ പിച്ചക്കാരിയാണു് അവന്റെ മുത്തശ്ശി എന്നു് അവന്റെ മനസ്സിൽ കയറ്റുവാൻ ഞാനൊരിക്കലും സമ്മതിക്കില്ല.’
ഞാൻ ദേഷ്യത്തോടെ, ‘നീയെന്താ പറയുന്നതു്? അവൻ എന്റെയും മോനാണ്… ആ പിച്ചക്കാരി പെറ്റ കുട്ടിയാ ഞാനും.’
ഞാൻ കോപിച്ചു തുടങ്ങിയാൽ ഉടൻ സമനില വീണ്ടെടുക്കലാണു് സുധയുടെ സ്വഭാവം.
‘ഇപ്പഴ് പറഞ്ഞില്ലേ. ഇതാണു് നിങ്ങളുടെ പ്രശ്നം. ഇതൊരു മനോരോഗമാ. നിങ്ങൾക്കു് സ്വന്തം ജാതിയും ചെറുപ്പവും ഒഴിച്ചു് ചിന്തിക്കാനേ പറ്റില്ല. ആ ഇൻഫീരിയോരിറ്റി കോംപ്ലക്സാണു് നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കുന്നതു്. ആ കോംപ്ലക്സിനെ കുട്ടിയുടെ മനസ്സിലും കൂടി എന്തിനാണു കടത്തിവിടുന്നതു്?’
ഞാൻ തളർന്നു് നെടുവീർപ്പിട്ടു.
‘നോക്ക്… ഇപ്പോൾ പോലും നിങ്ങൾക്കു് ഒരു ചെയറിൽ നന്നായി ഇരിക്കുവാനറിയില്ല. നിങ്ങളുടെ പഠിത്തം, അറിവ്, പദവി ഒന്നുകൊണ്ടും ഒരു ഫലവും ഇല്ല. ഒരാളോടും ഉത്തരവിടാൻ പറ്റില്ല. ഒരാളെയും ശാസിക്കാൻ നാക്കു് പൊങ്ങില്ല. എല്ലാവരും എപ്പോഴും സ്വന്തം മുതുകിനു് പിന്നിൽ എന്തോ പറഞ്ഞു ചിരിക്കു കയാണെന്നാ വിചാരം. എന്റെ മോനെങ്കിലും ഇതിൽനിന്നൊക്കെ പുറത്തേക്കു വരട്ടെ… അവന്റെ തലമുറയെങ്കിലും മര്യാദയ്ക്കു് ജീവിക്കട്ടെ. പ്ലീസ്… സില്ലി സെന്‍റിമെന്‍റും പറഞ്ഞു് അവന്റെ ജീവിതം പാഴാക്കരുത്…’
ഞാൻ ഒന്നും മിണ്ടാതെ ഉത്തരത്തിലേക്കു നോക്കിക്കിടന്നു. പഴയകാലത്തെ കെട്ടിടമാണു്. തേക്കു് ഉത്തരങ്ങൾ. ചിലതിൽ വേട്ടാവളി കൂടുകെട്ടിയിട്ടുണ്ടായിരുന്നു.
‘പ്ലീസ് ലീവ് ഹിം അലോൺ’ സുധ പറഞ്ഞു.
പിന്നെ എന്റെ മാറിൽ കൈവെച്ചു് ‘പ്ലീസ് അണ്ടർസ്റ്റാന്‍റ്, ഞാൻ നിങ്ങളെ വ്രണപ്പെടുത്താൻ വേണ്ടി പറഞ്ഞതല്ല.’
ഞാൻ അവളുടെ കൈയുടെ മീതെ എന്റെ കൈ വെച്ചു. ‘അതെനിക്കറിയാം.’
അവൾ എന്റെ ദേഹത്തു് ഒന്നു് ചാഞ്ഞു് ‘അമ്മ നിങ്ങൾക്കും എനിക്കും വേണ്ടത്ര ചീത്തപ്പേര് ഉണ്ടാക്കിത്തന്നു കഴിഞ്ഞു. എല്ലാവരും വേണ്ടത്ര ചിരിച്ചു കഴിഞ്ഞു. ഇനിയെങ്കിലും നമുക്കു് അതൊക്കെയില്ലാതെ കഴിയാം…’
ഗുളിക പ്രവർത്തിച്ചു തുടങ്ങി. ഉറക്കം എന്റെ തലയിൽ കയറി ഇരുന്നു. ‘ശരി. ഓക്കെ’ എന്നു ഞാൻ പറയുന്നതു് ഞാൻ വളരെ അകലെനിന്നു കേട്ടു.
കാലത്തു് എന്റെ മനസ്സ് നിശ്ചലമായിരുന്നു. പക്ഷെ, പിന്നീട് ആശുപത്രിയിലേക്കു് ഫോൺ ചെയ്തു് സംസാരിച്ചപ്പോൾ പിന്നെയും തിരകളടിച്ചു തുടങ്ങി. അമ്മയുടെ സ്ഥിതിയിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ഞാൻ ഒമ്പതുമണിക്കു് അങ്ങോട്ടു തിരിച്ചു. എന്റെ കൈകൾ സ്റ്റിയറിംഗിൽ വഴുതി. കാലുകൾ വിറച്ചുകൊണ്ടിരുന്നു. സുന്ദരരാമസ്വാമിയുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ അകത്തു കടന്നു് കുറേ സമയം സംസാരിക്കണമെന്നു തോന്നി. ഒന്നിനും സമനില തെറ്റാത്ത മട്ടും ഭാവവുമാണു് സുന്ദരരാമസ്വാമിക്കു്. അദ്ദേഹം വീടിന്റെ മുന്നിലുള്ള മുറിയിൽ വന്നിരുന്നു് സ്വന്തം സദസ്സിനോട് സംസാരിച്ചിരിക്കുന്ന നേരം. എന്നും ഏഴെട്ടാളുകളെങ്കിലും ഉണ്ടാവും, സാഹിത്യം, ചരിത്രം, സിനിമ… മറ്റൊരാളുടെ സംഭാഷണം ശ്രദ്ധിക്കുന്നതിൽ സുന്ദരരാമസ്വാമിക്കു് സമാനമായി മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. ആരൊക്കെയോ തേടിവന്നു് എന്തൊക്കെയോ പരിദേവനങ്ങൾ നടത്തിയിട്ടും അതു് ഒട്ടും കുറഞ്ഞിട്ടില്ല.
സുന്ദരരാമസ്വാമിയുടെ വീടിന്റെ ഉള്ളിൽ നിന്നും അദ്ദേഹത്തിന്റെ ശിഷ്യനായ യുവസാഹിത്യകാരൻ മടക്കിക്കുത്തിക്കൊണ്ടു് പുറത്തേക്കു വന്നു് ഗേറ്റ് പകുതി തുറന്നിട്ടിട്ട് പാതയിലേക്കിറങ്ങുന്നതു കണ്ടു. എന്നെപ്പോലെ തന്നെ ജന്മനാ മലയാളിയായ തമിഴൻ. വടക്കു് കാസർകോട്ടാണു് പണി. ഇന്നു് സുന്ദരരാമസ്വാമിയുടെ മച്ചിലാണു് താമസമെന്നു തോന്നുന്നു. ഇടയ്ക്കിടയ്ക്കു് അവൻ വന്നു് താമസിക്കാറുണ്ടു്. ഞാൻ സുന്ദരരാമസ്വാമിയോട് സംസാരിച്ചിരിക്കുമ്പോൾ അവനും വന്നുചേർന്നിട്ടുണ്ടു്. സംസാരിച്ചു തുടങ്ങിയാൽ നിർത്താനറിയാത്തവനാണു്. എഴുത്തു് തീർന്നാലേ അവന്റെ സംഭാഷണവും തീരുകയുള്ളൂ.
ഞാൻ വിചാരിച്ചിട്ടും എന്റെ കാർ നിന്നില്ല. ഗോപാലപിള്ളയുടെ ആശുപത്രിക്കു മുന്നിൽ ഡോ. ഇന്ദിരയുടെ കാർ നിൽക്കുന്നതു കണ്ടു. ഇന്ദിര റൗണ്ട്സിലായിരുന്നു. ചെറുപ്പക്കാരനായ ഡോക്ടർ വന്നു വണങ്ങി.
‘എങ്ങനെയുണ്ട്?’ ഞാൻ ചോദിച്ചു.
‘മാറ്റമൊന്നും ഇല്ല സാർ.’
‘തന്റെ പേരല്ലെ സ്റ്റീഫൻ?’
‘അതെ സാർ.’
അമ്മയുടെ മുറിയിൽ നിന്നും കുഞ്ഞൻ നായർ പെരുച്ചാഴി വരുന്നതുപോലെ കുനിഞ്ഞു് വേഗത്തിൽ ഓടിവന്നു.
‘ഞാൻ കാലത്തുതന്നെ വന്നു സാർ. അമ്മയ്ക്കു് ഇപ്പം കുറച്ചു കൊള്ളാം. മൂത്രം എടുത്തതിനുശേഷം മുഖത്തൊരു ഐശ്വര്യം വന്നിട്ടുണ്ടു്.’
ഞാൻ നായരോട് ‘താൻ ഓഫീസിലേക്കു ചെന്നു് ഞാൻ ട്രേയിൽ എടുത്തുവച്ചിട്ടുള്ള ഫയലുകൾ മുഴുവൻ എടുത്തു് നാരായണപിള്ളയുടെ കൈയിൽ കൊടുക്ക്’ എന്നു പറഞ്ഞു.
‘ഇവിടെ?’ നായർ ചോദിച്ചു.
‘ഇവിടെ ഞാനുണ്ടാവും.’
നായർ പരുങ്ങി. ‘ഞാനും വേണമെങ്കിൽ…’ എന്നു തുടങ്ങിയപ്പോൾ ‘വേണ്ട’ എന്നു ഞാൻ കർക്കശമായി പറഞ്ഞു. നായർ തൊഴുതു് ‘ഓ’ എന്നു പറഞ്ഞു.
മുറിക്കുള്ളിലേക്കു പോയി. അമ്മ അതേപോലെ കിടപ്പായിരു ന്നു. ഏതാണ്ടു് ശവം. സലൈൻ ഇറങ്ങുകയായിരുന്നു. മറ്റൊരുവശത്തു് തുള്ളിതുള്ളിയായിട്ട് മൂത്രം. ഞാൻ കസേര വലിച്ചിട്ട് അമ്മയുടെ അടുത്തിരുന്നു് അമ്മയെത്തന്നെ നോക്കി. നെറ്റിയിലും കവിളുകളിലും കഴുത്തിലുമൊക്കെ വ്രണങ്ങൾ കരിഞ്ഞ തിളങ്ങുന്ന പാടുകൾ. ചില പാടുകൾ വളരെ ആഴത്തിലുള്ളവ. നെറ്റിയിൽ ഒരു വലിയ പാടുകണ്ടപ്പം തലയോട്ടി തന്നെ പൊട്ടിയിട്ടുണ്ടാവും എന്നു തോന്നി. ഒരിക്കൽപോലും ആശുപത്രിയിലേക്കു പോയിട്ടുണ്ടാവില്ല. വ്രണങ്ങൾ ചീഞ്ഞു പഴുത്തു് പുഴുവരിച്ചു് സ്വയം ഭേദപ്പെടണം. പട്ടികളോടും മറ്റ് മനുഷ്യരോടും കലഹിച്ച വ്രണങ്ങൾ. ആരൊക്കെയോ കല്ലുകൊണ്ടും കമ്പുകൊണ്ടും അടിച്ച വ്രണങ്ങൾ. ചായക്കടകളിൽ ചൂടുവെള്ളം കോരിയൊഴിച്ചിട്ടുണ്ടായവ.
ഞാൻ സുധയെ പ്രേമിക്കുന്ന നാളുകളിൽ ഒരിക്കൽ യാദൃച്ഛികമായി ഷർട്ടൂരിയപ്പോൾ അവൾ ഞെട്ടിപ്പോയി.
‘മൈ ഗുഡ്നസ്സ്… ഇതെന്താ ഇത്ര പാടുകൾ?’
ഞാൻ ഉണങ്ങിയ ചിരിയോടെ ‘കുട്ടിക്കാലത്തിന്റെ ഓർമകളാ. ഞാൻ പുണ്ണില്ലാതെ ഇരുന്നിട്ടേയില്ല’ എന്നു പറഞ്ഞു.
അവൾ എന്റെ പുറത്തുണ്ടായിരുന്ന നീളംകൂടിയ പാടിലൂടെ വിരലോടിച്ചു.
‘പുറംതിരിഞ്ഞോടിയപ്പം കൊണ്ടതാ.’
അവൾ തേങ്ങിക്കൊണ്ടു് എന്നെ കെട്ടിപ്പിടിച്ചു. എന്റെ തോളിലും കൈകളിലും കഴുത്തിലും ഉണ്ടായിരുന്ന പാടുകളിൽ കണ്ണീരോടെ ചുംബിച്ചു.
ഏഴു വയസ്സുവരെ പൂർണനഗ്നനായി തിരുവനന്തപുരം നഗരത്തിൽ അമ്മയുടെ ഒപ്പം അലഞ്ഞുതിരിഞ്ഞ നാളുകളിൽ എന്റെ ദേഹം മുഴുവൻ പറ്റംപറ്റമായി ചൊറിയും ചിരങ്ങും വ്രണങ്ങളും നിറഞ്ഞിരിക്കും. വിരലുകൾ തമ്മിൽ ഒട്ടിയിരിക്കും. കണ്ണിന്റെ ഇമകളിൽ ചിരങ്ങ് കയറി കണ്ണടച്ചാൽ തുറക്കാൻ സമയം പിടിക്കുമായിരുന്നു. ഏതു നേരവും വിശപ്പാണു്. കയ്യിൽ കിട്ടുന്ന എന്തും അപ്പോൾ തന്നെ തിന്നും. കണ്ണിൽപ്പെടുന്ന എന്തും തിന്നാനാവുമോ എന്നു് വായിൽ വെച്ചു് നോക്കും. ആരോ ഒരാൾ ചോറ് കൊടുക്കുന്നുണ്ടു് എന്നു കേട്ട് കരമനയാറ്റിന്റെ കരയിലുണ്ടായിരുന്ന പ്രജാനന്ദസ്വാമിയുടെ ആശ്രമത്തിലേക്കു പോയി.
മുൻപുതന്നെ അവിടെ ധാരാളം തെരുവുകുട്ടികളുണ്ടായിരുന്നു, കരമനയാറ്റിൽ ഇറങ്ങി കുളിക്കണം. അവർ തരുന്ന വസ്ത്രം ധരിക്കണം. അവിടെയുണ്ടായിരുന്ന ഒരു ഓലഷെഡ്ഡിൽ കയറി ഇരുന്നു് കൈകൂപ്പിക്കൊണ്ടു് ദൈവമേ കാത്തുകൊൾകങ്ങ്, കൈവിടാതിങ്ങ് ഞങ്ങളെ’ എന്നു പാടണം. അതിനുശേഷമാണു് ചോറു തരിക. മറ്റു കുട്ടികൾ പുഴയിലിറങ്ങി മണലു വാരി മേത്തു തേച്ചു കുളിക്കുന്നതു കണ്ടു. കാവിമുണ്ടു് മടക്കിക്കുത്തി പുഴയിൽ നിന്ന ചെറുപ്പക്കാരനായ സന്ന്യാസി ‘ടാ… ആ കറുപ്പിനെ പിടിക്ക്… അവൻ മേല് തേച്ചില്ല… ടാ’ എന്നു ശബ്ദിച്ചുകൊണ്ടിരുന്നു.
വെള്ളം കണ്ടപ്പോൾത്തന്നെ ഞാൻ മടിച്ചുനിന്നു. ആ സന്ന്യാസി എന്നെ നോക്കിയപ്പോൾ ഞാൻ നിലവിളിച്ചുകൊണ്ടോടി. ‘അവനെ പിടിക്കെടേ’ എന്നു് സന്ന്യാസി പറഞ്ഞപ്പോൾ നാലഞ്ചു പയ്യന്മാർ എന്നെ തുരത്തിവന്നു. എന്നെ പിടിച്ചു് മണ്ണിലിട്ട് വലിച്ചിഴച്ചു് അവർ പുഴയിലേക്കു് കൊണ്ടുവന്നിട്ടു. സ്വാമി എന്നെ പൊക്കി കരമനയാറ്റിലെ വെള്ളത്തിലിട്ടു. മീനുകൾ വന്നു് എന്നെ കൊത്താൻ തുടങ്ങി. ഞാൻ നിലവിളിച്ചുകൊണ്ടു് പിടഞ്ഞു. സ്വാമി എന്നെ തൂക്കി കല്ലിൽ ഇരുത്തി ചകിരികൊണ്ടു് ദേഹം മുഴുവൻ തേച്ചു. ഞാൻ അലറിക്കൊണ്ടു് അദ്ദേഹത്തിന്റെ കൈ കടിച്ചുമുറിച്ചു. അദ്ദേഹം അതു കാര്യമാക്കിയില്ല.
ദേഹം മുഴുവൻ ചോരയോടെ നിന്ന എന്നെ പിടിവിടാതെതന്നെ വലിച്ചിഴച്ചു് കൊണ്ടുചെന്നു ഷെഡ്ഡിലേക്കു് എത്തിച്ചു. നീലനിറത്തിലുള്ള എന്തോ മരുന്നു് എന്റെ ദേഹത്തു പുരട്ടി. ആദ്യത്തെ ക്ഷണം അതു തണുത്തു. പിന്നെ തീപ്പെട്ടതുപോലെ നീറി. ഞാൻ ഉറക്കെ നിലവിളിച്ചുകൊണ്ടു് വട്ടം കറങ്ങി ഓടി. ഒരു ക്ഷണത്തിൽ അദ്ദേഹത്തിന്റെ പിടി അയഞ്ഞു. ഞാൻ പുറത്തേക്കോടി. അദ്ദേഹം എന്റെ പിന്നിൽ വന്നു് ‘ഓടിയാ ചോറില്ല, ഓടിയാ ചോറില്ല’ എന്നു വിളിച്ചു പറഞ്ഞു. ഞാൻ ഞെട്ടിത്തരിച്ചു് നിന്നു. മുൻപോട്ടു കാലെടുത്തുവയ്ക്കാൻ എനിക്കു പറ്റിയില്ല. ‘കാപ്പയ്ക്കു് ചോറു വേണമേ… ചോറേ’ എന്നു് വിളിച്ചു പറഞ്ഞു് ഞാൻ നിലവിളിച്ചു് കരഞ്ഞു. സങ്കടം സഹിക്കാനാവാതെ നെഞ്ചത്തടിച്ചു. പക്ഷെ, സ്വാമി അകത്തേയ്ക്കു് പോയി. ‘കാപ്പയ്ക്കു് ചോറേ… കാപ്പയ്ക്കു് ചോറേ…’ എന്നു് കരഞ്ഞു കൊണ്ടു് ഞാൻ നിന്നു. ദേഹത്തു് നീറ്റൽ കുറഞ്ഞു തുടങ്ങി. പല സ്ഥലങ്ങളിൽ നിന്നും മടിച്ചും പതുക്കെ ഞാൻ ആശ്രമത്തിന്റെ വാതുക്കൽ എത്തി.
സ്വാമി ചിരിച്ചുകൊണ്ടു് പുറത്തേക്കു വന്നു് എന്നെ പിടിച്ചു തൂക്കിയെടുത്തു കൊണ്ടുപോയി. ഉള്ളിൽ ഒരു മുറിയിൽ ചാണകം മെഴുകിയ നിലത്തു് ഇരുത്തി. എന്റെ മുന്നിൽ ഞാൻ കിടക്കാവുന്നത്ര വലിയ തൂശനില വിരിച്ചിട്ടു. അതിൽ വലിയ തവികൊണ്ടു് ചോറ് വാരി വെച്ചു. ഞാൻ കൈനീട്ടി ‘ഇന്നും’ എന്നു പറഞ്ഞു. സ്വാമി പിന്നെയും ചോറ് വിളമ്പി. ഞാൻ ‘ഇന്നും’ എന്നു പറഞ്ഞു. പാത്രത്തിൽ ബാക്കിയുണ്ടായിരുന്ന ചോറ് മാത്രമായിരുന്നു എന്റെ കണ്ണിൽ. ‘തിന്നെടാ’ എന്നു പറഞ്ഞു് സ്വാമി ഒരുപാട് ചോറ് കോരി വെച്ചു. ഞാൻ ‘ഇന്നും’ എന്നു പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടു് ആദ്യം ഇതു തിന്നെടാ തീക്കൊള്ളി. വേണമെങ്കിൽ പിന്നെയും തരാം’ എന്നു് സ്വാമി പറഞ്ഞു.
ഞാൻ ഇലയോടെ ചോറ് കൈയിലെടുത്തു് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എന്റെ തലയിൽ മെല്ലെ ഒന്നു തട്ടി ‘ഇരുന്നു തിന്നെടാ’ എന്നു പറഞ്ഞു. അവിടെയിരുന്നു് ചോറുവാരി ഉണ്ടു തുടങ്ങി. ചോറ് വായിൽ വയ്ക്കുമ്പോൾ കേൾക്കാവുന്ന തെറിക്കുവേണ്ടി എന്റെ ശരീരം മുഴുവൻ കാതോർത്തു. ആദ്യത്തെ ഉരുള ഉണ്ടിട്ട് ഞാൻ എഴുന്നേൽക്കാൻ പോയപ്പോൾ സ്വാമി ‘തിന്നെടാ’ എന്നു പിന്നെയും എന്നെ ശാസിച്ചു. ഞാൻ പതുക്കെ ചോറിൽ സ്വയം മറന്നു. ഉരുളകൾ ഉരുട്ടി വായിലിട്ടുകൊണ്ടേയിരുന്നു.
ചോറിന്റെ മലകൾ, ചോറിന്റെ മണൽപ്പരപ്പ്, ചോറിന്റെ വെള്ളപ്പൊക്കം, ചോറിന്റെ ആന, ചോറിന്റെ കടൽ… ചോറും ഞാനും മാത്രമായിരുന്നു അപ്പോൾ. ഒരു ഘട്ടത്തിൽ എനിക്കു് ഉണ്ണാൻ കഴിയാതെയായി. അതു് ഞാനൊരിക്കലും അറിഞ്ഞിരുന്നില്ല. എന്തു കൊണ്ടാണു് ചോറുണ്ണാൻ കഴിയാത്തതു് എന്നു മനസ്സിലാകാതെ ഞാൻ ചോറു വാരി പിന്നെയും വായിലേക്കു് നിറച്ചു. ഓക്കാനിച്ചു ഞാൻ വിറകൊണ്ടു. എങ്കിലും എനിക്കു് നിറുത്താൻ കഴിഞ്ഞില്ല. എന്റെ ദേഹം മുഴുവൻ ചോറു നിറഞ്ഞിരിക്കുന്നതുപോലെ. എന്റെ വയറ് വലിയൊരു കലം പോലെ ഉരുണ്ടു തിളങ്ങി.
ഒരു മീശക്കാരൻ ‘ടാ താളി, നിന്റെ വയറു നിറഞ്ഞല്ലോടാ… വയറ്റില് പേനു് വെച്ചു് കൊല്ലാമെന്നാണല്ലോ തോന്നുന്നത്’ എന്നു പറഞ്ഞു.
അയാളെന്നെ തല്ലാൻ പോകുന്നു എന്നു കരുതി ഞാൻ ഒഴിഞ്ഞുമാറി.
‘ടാ ഇരിക്ക്… നിന്നെ ആരും ഇവിടെ ഒന്നും ചെയ്യില്ല. നിനക്കിനിയും ചോറു വേണോ?’
വേണമെന്നു് ഞാൻ തലയാട്ടി.
‘ഇനിയും ചോറുണ്ടാൽ നീ ഇലവങ്കായ മാതിരി പൊട്ടി ചോറ് പഞ്ഞിയായി പുറത്തേക്കു് വരും… നാളെ വാ… വരുമോടാ?’
ഞാൻ അതെ എന്നു തലയാട്ടി.
‘നാളെ വാ… ഇവിടെ വന്നു് സ്വാമി പഠിപ്പിക്കുന്ന പാട്ടും അക്ഷരവും പഠിച്ചാൽ നെറച്ചു് ചോറു കിട്ടും.’
അങ്ങനെയാണു് ഞാൻ പ്രജാനന്ദന്റെ ആശ്രമത്തിലേക്കു് സ്ഥിരമായി പോയിത്തുടങ്ങിയതു്. അവിടെയപ്പോൾ ഏതാണ്ടു് മുപ്പതു് കുട്ടികൾ പഠിച്ചുകൊണ്ടിരുന്നു. കുട്ടികളെ ചേർക്കാനാണു് ചോറു കൊടുത്തുകൊണ്ടിരുന്നതു്. ചോറിൽ ആകൃഷ്ടരായി വരുന്ന കുട്ടികളെയും സന്ന്യാസിയായ ബോധാനന്ദൻ സ്കൂളിലേക്കു് കൊണ്ടുചെന്നു് ചേർക്കും. പ്രജാനന്ദൻ തുടങ്ങിയ ആശ്രമത്തിലെ പള്ളിക്കൂടം നടത്തിയിരുന്നതു് ബോധാനന്ദനായിരുന്നു. കറുത്തു നീണ്ട താടിയും സ്ത്രീകളെപ്പോലെ തലമുടിയുമുള്ള പൊക്കം കുറഞ്ഞ ബലിഷ്ഠനായ മനുഷ്യൻ.
ആ പ്രായത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതു് ബോധാനന്ദന്റെ കൈകളെയാണു്. എന്നെ പുഴയിൽ കുളിപ്പിച്ചതിനുശേഷം അദ്ദേഹം എന്നെ തൂക്കിയെടുക്കുന്നതിനായി ഞാൻ ദാഹിച്ചു. അദ്ദേഹത്തിന്റെ അടുത്തുചെന്നു് നോക്കിക്കൊണ്ടു് നിൽക്കും. അദ്ദേഹം എന്നെ ശ്രദ്ധിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ പൂച്ചക്കുട്ടി പോലെ പതുക്കെ ഉരുമ്മും. അദ്ദേഹം പെട്ടെന്നു് ചിരിച്ചുകൊണ്ടു് എന്നെ പിടിച്ചു് മുകളിലേക്കു് പൊക്കി ആകാശത്തിലേക്കു് എറിഞ്ഞു് പിടിക്കും. പക്ഷിയെപ്പോലെ ഞാൻ കാറ്റിൽ പറന്നെഴുന്നേറ്റ് താഴേക്കു് വരും. ചിരിച്ചുകൊണ്ടു് ‘ഇന്നും ഇന്നും’ എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹത്തിന്റെ പിന്നിൽ ഓടും. ‘ഇന്നും’ എന്നായിരുന്നു ഞാൻ എന്തിനും പ്രതികരിച്ചിരുന്നതു്.
ബോധാനന്ദന്റെ പള്ളിക്കൂടത്തിൽ ചെന്നു് ഞാൻ പഠിച്ചുതുടങ്ങി. പൂജയ്ക്കു് പ്രജാനന്ദസ്വാമി വന്നിരിക്കും. അന്നുതന്നെ അദ്ദേഹത്തിന്റെ താടി നരച്ചുതുടങ്ങിയിരുന്നു. ചെറിയ ശരീരവും സ്ത്രീകളുടെ ശബ്ദവും ഉള്ള വെളുത്ത മനുഷ്യൻ. ഒരുപാടുനേരം അദ്ദേഹം കണ്ണടച്ചു് വെറുതെയിരിക്കുന്നതു ഞാൻ കൗതുകത്തോടെ നോക്കിയിരിക്കും.
പ്രജാനന്ദന്റെ ആശ്രമം വിജയമോ പരാജയമോ എന്നു് എനിക്കിന്നു് പറയാനാവില്ല. അവിടെ എപ്പോഴും പത്തിരുപതു് കുട്ടികളെങ്കിലും ഉണ്ടായിരുന്നു. ദിവസവും നൂറാളുകളെങ്കിലും അവിടെ ഭക്ഷണം കഴിച്ചു. പക്ഷെ, പത്തു കുട്ടികൾ പോലും അവിടെ തുടർച്ചയായി പഠിച്ചിരുന്നില്ല. ഇടയ്ക്കിടെ കുട്ടികളുടെ അച്ഛനമ്മമാർ വന്നു് ബോധാനന്ദനെ ചീത്ത പറഞ്ഞു് കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടുപോയി. കുറേ ദിവസം അവിടെ കഴിഞ്ഞതിനുശേഷം കുട്ടികൾ തന്നെ മടുത്തു് ഓടിപ്പോയി. കുറേനാൾ കഴിഞ്ഞു് അവർ ചൊറിയും ചിരങ്ങും നിറഞ്ഞ്, അഴുക്കും നാറ്റവുമായി കരഞ്ഞു കൊണ്ടു് വന്നു് വാതുക്കൽ നിന്നു. ബോധാനന്ദനു് അതൊന്നും കാര്യമല്ലായിരുന്നു. അദ്ദേഹം എന്നും ഉത്സാഹവാനായിരുന്നു.
ഞാനവിടെ താമസിച്ചു തുടങ്ങിയ നാലാം ദിവസം തന്നെ എന്റെ അമ്മ വന്നു് എന്നെ കൂട്ടിക്കൊണ്ടുപോയി. ഞാൻ നഗരത്തിലെങ്ങും അവരോടൊപ്പം അലഞ്ഞു. അന്നൊക്കെ തിരുവനന്തപുരം നഗരത്തിൽ എല്ലാ തെരുവുകൾക്കും സമാന്തരമായി പിന്നിൽ വളരെ ഇടുങ്ങിയ ഒരു വഴിയുണ്ടായിരുന്നു. തോട്ടികൾക്കു സഞ്ചരിക്കാനുള്ള പാത അന്നു് എല്ലായിടത്തും ചെന്നെത്തുമായിരുന്നു. അന്നൊക്കെ കക്കൂസിലെ മലം തോട്ടികൾ വന്നു് വാരി എടുത്തുകൊണ്ടു പോവുകയാണു് പതിവ്. ഏതെങ്കിലും അഴുക്കുചാലിൽ നിന്നു തുടങ്ങുന്ന ആ പാതയിലൂടെ നഗരം മുഴുവൻ സഞ്ചരിക്കാനാവും. ഞങ്ങളുടെ ആളുകൾ അതിലൂടെയാണു് നടക്കുന്നതു്. അവിടെയാണു് ഞങ്ങൾക്കു് ഭക്ഷണം കിട്ടിയിരുന്നതു്. മലം കിടക്കുന്ന കക്കൂസിന്റെ അടുത്തുതന്നെയാവും ചവറ്റുകുഴി. ചിലപ്പോൾ രണ്ടും ഒന്നുതന്നെയായിരിക്കും.
അക്കാലത്തു് തിരുവിതാംകൂറിലെ നായാടികളിൽ പകുതിയും തിരുവനന്തപുരത്തായിരുന്നു. ബാക്കിയുള്ളവർ തിരുനെൽവേലിയിലും നാഗർകോവിലിലും ചെന്നു് കുടിയേറി. നാട്ടിൻപുറത്തിലുള്ളതുപോലെ നഗരത്തിലാരും നായാടികളെ കണ്ടുപിടിക്കാറില്ല. അടിച്ചുകൊല്ലാറുമില്ല. അവർക്കു് നഗരത്തിൽ അങ്ങനെ ഒരു മനുഷ്യപ്പറ്റം ഉള്ള കാര്യം തന്നെ അറിയില്ല. സത്യത്തിൽ നായാടികളെപ്പറ്റിയുള്ള എല്ലാ കണക്കുകളും തെറ്റാണു്. തിരുവിതാംകൂർ മാന്വലുകൾ എഴുതിയവരാരും ഒറ്റ നായാടിയെയെങ്കിലും കണ്ണുകൾകൊണ്ടു് കണ്ടിട്ടുണ്ടാവില്ല. തഹസിൽദാർ പറയുന്ന കണക്കുകൾ മറ്റുള്ളവർ പറഞ്ഞതു് കൂട്ടിപ്പറഞ്ഞു. നായാടികൾ അദൃശ്യരായിരുന്നു. അവർക്കുപോലും അവരെ കാണാൻ കഴിഞ്ഞിരുന്നില്ല.
ആയിരത്തി എണ്ണൂറ്റി എഴുപതുകളിലെ പഞ്ഞത്തിൽ തെക്കേയിന്ത്യയിൽ മാത്രം മൂന്നു കോടിയാളുകളാണു് പട്ടിണികിടന്നു ചത്തതു്. അതിൽ നായാടികൾ മിക്കവാറും ചത്തു് മുടിഞ്ഞിരിക്കാനാണു സാധ്യത. കല്ലിന്റെയുള്ളിൽ കഴിയുന്ന തവളപോലെ അവർ ജീവിച്ചിരുന്നതും ആരുമറിയില്ല, ചത്തതും അറിഞ്ഞിരിക്കില്ല. പക്ഷെ, അതും തറപ്പിച്ചു പറയാനാവില്ല. ചവറും അഴുക്കും തിന്നാൻ ശീലിച്ചവരാണു് നായാടികൾ. അവർ അതുമാത്രം തിന്നു് നഗരങ്ങളിൽ ജീവിച്ചിരിക്കാനും ഇടയുണ്ടു്. നഗരങ്ങൾ വളർന്നപ്പോൾ ചവറ്റുകൂനകൾ വളർന്നു. അവയിൽ ജീവിക്കുന്ന ഒരുകൂട്ടമാളുകൾ ഉണ്ടായി. അവരിലധികവും നായാടികളായിരിക്കാം.
കുറേക്കഴിഞ്ഞപ്പോൾ ചോറിന്റെ ഓർമ വന്നു് ഞാൻ മടങ്ങിവന്നു. ബോധാനന്ദൻ എന്നെ പിന്നെയും കരമനയാറ്റിൽ കുളിപ്പിച്ചു് ഇലയിട്ട് ചോറ് വിളമ്പിത്തന്നു. ഏതാനും ദിവസങ്ങൾക്കകം ഞാൻ അദ്ദേഹത്തിന്റെ പ്രിയപുത്രനായി മാറി. കാരണം ഞാൻ പാട്ടുകൾ വളരെ വേഗം കാണാപ്പാഠമാക്കി. എനിക്കു് പ്രജാനന്ദസ്വാമി ധർമപാലൻ എന്നു പേരിട്ടു. പ്രാർഥനായോഗത്തിൽ പ്രജാനന്ദസ്വാമി വന്നു് ഇരുന്നതും ബോധാനന്ദൻ എന്നോട് ‘ധർമാ പാടിക്കോ’ എന്നു പറയും. ഞാൻ അത്യുച്ചത്തിൽ ‘ദൈവമേ കാത്തുകൊൾകങ്ങ്, കൈവിടാതിങ്ങ് ഞങ്ങളെ’ എന്നു പാടിത്തുടങ്ങും.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മ എന്നെ അന്വേഷിച്ചു വന്നു. എന്നെ ബലമായി പിടിച്ചുകൊണ്ടുപോയി. ഇത്തവണ ഞാൻ വേഗം മടങ്ങിയെത്തി. ഇടയ്ക്കിടെ അമ്മ വന്നു് എന്നെ കൂട്ടിക്കൊണ്ടുപോയിത്തുടങ്ങിയപ്പോൾ ബോധാനന്ദൻ തടഞ്ഞു. അമ്മ തൊഴുതുകൊണ്ടു് ‘സാമി, പുള്ള കുടു സാമീ!’ എന്നു നിലവിളിച്ചുകൊണ്ടു് ആശ്രമത്തിന്റെ പുറത്തു് പറമ്പിൽ ഇരിക്കും. എന്തു പറഞ്ഞാലും അമ്മയ്ക്കു മനസ്സിലാവില്ല. ചോറു കൊടുത്താലും അടുത്തേക്കു വരില്ല. ദിവസങ്ങളോളം തൊഴുകൈയോടെ പറമ്പിൽ ഇരിക്കും. ആ ഭാഗത്തു് ആര് നടന്നാലും ‘സാമി പുള്ളയെ കുടു സാമീ’ എന്നു കരഞ്ഞു വിളിക്കും. അമ്മയ്ക്കു് ഒരുപാടു കുട്ടികൾ ജനിച്ചിട്ടുണ്ടു്. എല്ലാ കുട്ടികളും മരിച്ചു. ശേഷിച്ച കുട്ടി ഞാൻ മാത്രമാണു്.
അമ്മയറിയാതെ എന്നെ പാലക്കാട്ട് ഒരു സ്കൂളിലയച്ചു. അവിടെനിന്നു ഞാൻ ആലുവയിലേക്കു പോയി. ഏതാനും കൊല്ലം കൊണ്ടു് ഞാൻ മാറി. എന്റെ കയ്യും കാലും ഉറച്ചു. ചുരുണ്ട മുടിയും വലിയ പല്ലുകളും പരന്ന മൂക്കും ഉള്ള ബലിഷ്ഠനായ കുള്ളനായ ചെറുപ്പക്കാരനായി ഞാൻ വളർന്നു. എന്നും എന്റെ ഒപ്പം ഉണ്ടായിരുന്ന വിശപ്പ് മാറി. വിശപ്പു മുഴുവൻ പഠിത്തത്തിലായി. എത്ര പഠിച്ചാലും എനിക്കു് മതിവരില്ല. ‘ഇന്നും ഇന്നും’ എന്നു് എന്റെയുള്ളിലെ കുട്ടി പുസ്തകങ്ങൾക്കായി കൈ നീട്ടിക്കൊണ്ടേയിരുന്നു. സംഭാഷണം തീരെയില്ലാതായി. സ്കൂളിൽ എന്റെ പേര് മൂങ്ങ എന്നായിരുന്നു. കണ്ണു തുറന്നു് പിടിച്ചു് ക്ലാസ്സിൽ നിശ്ശബ്ദമായി കുത്തിയിരിക്കുന്ന കറുത്ത സത്വമായിരുന്നു അവർക്കു ഞാൻ.
ബോധാനന്ദൻ കോഴിക്കോട്ട് കടപ്പുറത്തു് കോളറ പരന്നപ്പോൾ സേവനമനുഷ്ഠിക്കാൻ ചെന്നു് കോളറ വന്നു മരിച്ചു. പ്രജാനന്ദന്റെ ആശ്രമം പതുക്കെ ചുരുങ്ങി വെറുമൊരു താമസസ്ഥലമായി മാറി. പ്രജാനന്ദന്റെ ട്രസ്റ്റിൽ നിന്നും മാസംതോറും എനിക്കു് ചെറിയൊരു തുക വരുമായിരുന്നു. ഞാൻ പഠിച്ചുകൊണ്ടേയിരുന്നു. ഞങ്ങളുടെ ഹോസ്റ്റലിലുണ്ടായിരുന്ന ആദിവാസിക്കുട്ടികൾ എല്ലാവരും എന്തെങ്കിലും പഠിച്ചുകൊണ്ടിരുന്നു. പഠിത്തം നിർത്തിയാൽ ഹോസ്റ്റലിൽ നിൽക്കാൻ പറ്റില്ല. ഹോസ്റ്റലില്ലെങ്കിൽ അവർക്കു് പോകാനൊരിടമുണ്ടായിരുന്നില്ല.
ഹോസ്റ്റലിലും ഞാൻ ഒറ്റയ്ക്കായിരുന്നു. ഹോസ്റ്റലിൽ ഉണ്ടായിരുന്ന ഏക നായാടി ഞാനായിരുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ പിച്ചക്കാരനല്ലാത്ത മറ്റൊരു നായാടിയെ കണ്ടിട്ടില്ല. ഹോസ്റ്റലിൽ എന്നോടൊപ്പം മുറി പങ്കിടാൻ ഒരു ആദിവാസിയും മുൻപോട്ടു വന്നില്ല. എനിക്കു് കക്കൂസ് ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു. വെളുപ്പാൻ കാലത്തു് തീവണ്ടിപ്പാളത്തിനടുത്തു് ചെന്നിരുന്നു് വേണം വെളിക്കിറങ്ങാൻ. മൂത്രമൊഴിക്കണമെങ്കിൽ പോലും പുറത്തുള്ള ചവറ്റുകൂനയിലേക്കു പോകണം. എന്നോടു സംസാരിക്കുമ്പോൾ ആർക്കും ഒരുതരം അധികാരത്തിന്റെ സ്വരം ഉണ്ടായി വരും. അധികാരത്തിന്റെ മുന്നിൽ ഞാൻ എപ്പോഴും നിശ്ശബ്ദനായിരുന്നു.
ആ നാളുകളിൽ ഞാൻ അമ്മയെ കണ്ടിട്ടേയില്ല. അമ്മയെപ്പറ്റി ഒരുദിവസം പോലും ഓർത്തിട്ടുമില്ല. ഞാൻ ഒരു കറുത്ത ചെറിയ എലിയാണു്. എലിയുടെ ദേഹത്തിലും നോട്ടത്തിലും ചലനങ്ങളിലും ശബ്ദത്തിലും ഒക്കെ ഒരു ക്ഷമാപണം ഉണ്ടു്. ‘ഒന്നു് ജീവിച്ചോട്ടേ’ എന്ന മട്ടുണ്ടു്. കാലുകൾക്കു് താഴെയാണു് അതിന്റെ ലോകം. ചവറുകളിലാണു് അതിന്റെ ജീവിതം. എലിയുടെ നട്ടെല്ല് ഞാൻ എപ്പോഴും ശ്രദ്ധിക്കും. നട്ടെല്ലു വളയ്ക്കേണ്ട കാര്യമില്ല. വളച്ചുതന്നെയാണു് ദൈവം കൊടുത്തിട്ടുള്ളതു്.
ഞാൻ എം. എ. ഇക്കണോമിക്സ് പൂർത്തിയാക്കിയപ്പോൾ പ്രജാനന്ദൻ എന്നെ കാണണമെന്നു പറഞ്ഞയച്ചു. ഞാൻ തിരുവന്തപുരത്തേക്കു് പോയി. അന്നു് അദ്ദേഹം ഏതാണ്ടു് ഒറ്റയ്ക്കാണു്. ഈഴവർക്കു മനസ്സിലാവുന്ന നാരായണഗുരുവല്ലായിരുന്നു അദ്ദേഹം പറഞ്ഞിരുന്ന നാരായണഗുരു. ആശ്രമത്തിൽ ഒന്നുരണ്ടാളുകളേയുള്ളൂ. രണ്ടുമൂന്നു സായിപ്പന്മാരുണ്ടായിരുന്നു. ഞാൻ പ്രജാനന്ദനെ കാണുന്നതു് ഒരുപാടു കാലം കഴിഞ്ഞായിരുന്നു. അദ്ദേഹം നന്നേ വയസ്സായി തളർന്നിരുന്നു. കയ്യും കാലും മെലിഞ്ഞു് മാംസം തൂങ്ങിക്കിടന്നു. ഒരു സായിപ്പ് അദ്ദേഹത്തെ തൂക്കിയെടുത്തുകൊണ്ടു വന്നു് കസേരയിൽ ഇരുത്തി. അദ്ദേഹത്തിന്റെ തല വിറച്ചുകൊണ്ടിരുന്നു. മുടി പൂർണമായും പൊഴിഞ്ഞുപോയിരുന്നു. ശരീരം കൂനിയതുകൊണ്ടു് മുഖം മുൻപോട്ടു തള്ളിനിന്നു. മൂക്കു് വായിലേക്കു മടങ്ങി, ചുണ്ടുകൾ അകത്തേക്കു് പതിഞ്ഞു് അദ്ദേഹത്തിന്റെ വായ തീരെ കാണാനില്ലായിരുന്നു.
‘വളർന്നുപോയി അല്ലേ?’ പ്രജാനന്ദൻ ചോദിച്ചു.
നന്നായി തമിഴു ഭാഷ അറിയാം എന്നൊരു ചിന്ത അദ്ദേഹത്തിനുണ്ടു്. മിക്കവാറും തിരുവനന്തപുരത്തുകാർക്കുള്ള വിശ്വാസമാണതു്. എല്ലാവരെയും പോലെ അദ്ദേഹം പറഞ്ഞതു് ഒന്നു രണ്ടു തമിഴ് വാക്കുകൾ ഉള്ള ഒരു മലയാളമായിരുന്നു. എന്നെ ഒരു തമിഴനായി അദ്ദേഹം ഭാവിച്ചിട്ടുണ്ടാകാം. ഞാനും എന്നെ പൂർണമായും കേരളത്തിൽ നിന്നും, മലയാളത്തിൽ നിന്നും വേർപെടുത്തിക്കഴിഞ്ഞിരുന്നു. എന്റെ നിറവും ഉച്ചാരണവും എന്നെ തമിഴിനോടാണു് കൂടുതൽ അടുപ്പിച്ചതു്.
പ്രജാനന്ദന്റെ കയ്യും തലയും വിറച്ചുകൊണ്ടിരുന്നു.
‘ഡിഗ്രി എപ്പോൾ കയ്യിൽ കിട്ടും?’ അദ്ദേഹം ചോദിച്ചു.
ഞാൻ ‘ജൂണിൽ കിട്ടും’ എന്നു പറഞ്ഞു
‘എന്തു ചെയ്യാനാണു് ഉദ്ദേശ്യം?’
ഞാൻ ഒന്നും മിണ്ടാതെ നിന്നു. എനിക്കു് ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല.
‘നീ സിവിൽ സർവീസിലേക്കു പോവുക’ എന്നു സ്വാമി പറഞ്ഞു. അദ്ദേഹം കൈ പൊക്കിയപ്പോൾ സന്നിബാധ വന്നതുപോലെ കൈ ആടി. ഞാൻ സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും വാക്കുകൾ വന്നില്ല.
‘ക്ഷമിക്കണം ഗുരു’ ഞാൻ പറഞ്ഞു.
‘നിന്റെ നാവിൽ ഇംഗ്ലീഷ് വരുന്നില്ല. പിന്നെ നീ എന്താണു് പഠിച്ചതു്? നല്ല ഇംഗ്ലീഷ് പറയാത്തവൻ ആധുനിക മനുഷ്യനല്ല. ഇംഗ്ലീഷ് പറയാത്തോളം കാലം നീ വെറുമൊരു നായാടിയാണു്.’ അദ്ദേഹം ശബ്ദമുയർത്തിയപ്പോൾ ശ്വാസം മുട്ടി. ‘നാരായണ ഗുരുദേവൻ എല്ലാവരോടും ഇംഗ്ലീഷ് പഠിക്കാൻ പറഞ്ഞതു് വെറുതെയല്ല.’
ഞാൻ വെറുതെ ഒന്നു വണങ്ങി.
‘ഇംഗ്ലീഷ് പഠിക്കുക. കഴിയുമെങ്കിൽ നാൽപ്പതു വയസ്സ് കഴിഞ്ഞതിനുശേഷം സംസ്കൃതവും പഠിക്കുക…’
സംസാരിച്ചതിന്റെ തളർച്ചയിൽ അദ്ദേഹം പുറകിലേക്കു ചാഞ്ഞു. കൈകളുടെ വിറയൽ വല്ലാതെ കൂടി. രണ്ടു കൈകളെയും അദ്ദേഹം തുടയുടെ താഴെ വച്ചു. അപ്പോൾ രണ്ടു് കൈമുട്ടുകളും വിറച്ചു.
‘നീ സിവിൽ സർവീസ് എഴുതിക്കോ… വെറുതെയങ്ങ് ജയിച്ചാൽ പോരാ. റാങ്കു വേണം. നിന്റെ ഉത്തരക്കടലാസിലേക്കു് ഒരാളും സാധാരണയായി കുനിഞ്ഞുനോക്കാൻ പാടില്ല.’
ഞാൻ ‘ശരി’ എന്നു മാത്രം പറഞ്ഞു.
‘ഞാൻ ജയിംസിനോട് പറഞ്ഞിട്ടുണ്ടു്, ട്രസ്റ്റിൽ നിന്നു നിനക്കു് നാലു കൊല്ലം ചെറിയൊരു തുക തരും…’
ഞാൻ ഉറച്ച ശബ്ദത്തിൽ ‘നാലു കൊല്ലം വേണ്ട, രണ്ടു കൊല്ലം മതി’ എന്നു പറഞ്ഞു.
ഞാൻ പറഞ്ഞതു മനസ്സിലാക്കി സ്വാമി ചെറുതായൊന്നു പുഞ്ചിരിച്ചു. അതെയെന്നു തലയാട്ടിയതിനുശേഷം അടുത്തേക്കു് വരൂ എന്നതുപോലെ അദ്ദേഹം വിളിച്ചു. ഞാൻ അടുത്തേക്കു ചെന്നപ്പോൾ മെലിഞ്ഞ കൈനീട്ടി എന്നെ കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന്റെ കൈ ഒരു മുതിർന്ന പക്ഷിയുടെ തൂവൽ പൊഴിഞ്ഞ ചിറകു മാതിരി എന്റെ തോളിലിരുന്നു് നടുങ്ങി. എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു് തോളോട് ചേർത്തു് അദ്ദേഹം ‘നന്നായി വരട്ടെ’ എന്നു പറഞ്ഞു. ഞാൻ മുട്ടിൽ ഇരുന്നു് അദ്ദേഹത്തിന്റെ മടിയിൽ തലവെച്ചു. എനിക്കു് കരയണം പോലെ തോന്നി. വിറയ്ക്കുന്ന ശബ്ദത്തിൽ സ്വാമി പറഞ്ഞു.
‘ധൈര്യം വേണം. ഒടുങ്ങാത്ത ധൈര്യം വേണം… ഒരുപാട് കൊല്ലം ഓടിയതല്ലേ? ഇനിയൊന്നു് ഇരിക്കണം…’
ഞാൻ കരഞ്ഞു തുടങ്ങി. അദ്ദേഹത്തിന്റെ മടിയിൽ എന്റെ കണ്ണുനീർത്തുള്ളികൾ പൊഴിഞ്ഞു.
അദ്ദേഹം കൈകൊണ്ടു് എന്റെ കാതുകൾ ഒന്നു പിടിച്ചു വലിച്ചു. ചെറിയ കുട്ടിയായിരിക്കുമ്പോൾ പലപ്പോഴും അദ്ദേഹം എന്നോട് അദ്ദേഹം അങ്ങനെ കളിച്ചിട്ടുണ്ടു്.
‘അമ്മയെ വിടരുതു് കേട്ടോ… അവളെ ഒപ്പം കൂട്ടിക്കോ… എന്തുവന്നാലും അവളെ വിട്ടുകളയരുതു്. അവൾക്കു് നാം രണ്ടാളും ഇതുവരെ ചെയ്തതു് മുഴുവൻ കൊടിയ പാപമാണു്. അവൾ ഒന്നുമറിയാത്ത കാട്ടുമൃഗം പോലെയാണു്. മൃഗങ്ങളുടെ ദുഃഖത്തെ നമുക്കു് പറഞ്ഞുതീർക്കാൻ പറ്റില്ല. അതിന്റെ ആഴം അഗാധമാണു്. നീ അമ്മയോട് പ്രായശ്ചിത്തം ചെയ്യണം.’
ഞാൻ നെടുവീർപ്പിട്ട് കണ്ണുകൾ തൂത്തു.
‘ഞാൻ അധികമുണ്ടാവില്ല. ഗുരുപാദം ചേരാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ.’
ഞാൻ ഞെട്ടി അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി. ഒരു വികാരവുമില്ല. അപ്പോൾത്തന്നെ അദ്ദേഹം ഒരു ശിലയായി മാറിക്കഴിഞ്ഞു എന്നെനിക്കു തോന്നി.
അന്നു മുഴുവൻ അമ്മയെത്തേടി തിരുവനന്തപുരം നഗരത്തിൽ ഞാൻ അലഞ്ഞുതിരിഞ്ഞു. അമ്മയെ എളുപ്പം കണ്ടുപിടിക്കാം, ഏതെങ്കിലും ഒരു നായാടിയോടു ചോദിച്ചാൽ മതി. പക്ഷെ, കണ്ടു പിടിച്ചു് എന്തു ചെയ്യും എന്നും തോന്നിപ്പോയി. മനസ്സ് കുതിര പോലെ പാഞ്ഞു് ഓടിക്കൊണ്ടിരുന്നു. അതുകൊണ്ടു് എനിക്കു് നിൽക്കാനോ ഇരിക്കാനോ കഴിഞ്ഞില്ല. രാത്രി മുഴുവൻ ഞാൻ നഗരത്തിൽ നടന്നുകൊണ്ടിരുന്നു. ഇരുട്ടിൽ ചെറിയ അനക്കമായി കണ്ണിൽപ്പെട്ട ഓരോ ശരീരവും എന്നെ ഞെട്ടിച്ചു. കൈക്കുഞ്ഞുമായി ഒരുത്തി തമ്പാനൂരിന്റെ ഒത്ത നടുക്കു് അഴുക്കുചാലിന്റെ ഉള്ളിലെ ഈർപ്പമില്ലാത്ത സ്ഥലത്തു കിടക്കുകയായിരുന്നു. കുട്ടി നിവർന്നു മിന്നുന്ന കണ്ണുകൾകൊണ്ടു് എന്നെ നോക്കി. ഞാൻ അതിന്റെ കണ്ണുകളിലേക്കു് ഹൃദയമിടിപ്പോടെ നോക്കി.
പുലർന്നതിനുശേഷം ഞാൻ പാലക്കാട്ടേക്കു പോയി. അവിടുന്നു ചെന്നൈ. പരീക്ഷ കഴിഞ്ഞു് കാത്തിരിക്കുന്ന ദിവസങ്ങളിലൊന്നിൽ പെട്ടെന്നു് സ്വാമി പറഞ്ഞ വാക്കുകൾ മലവെള്ളം പോലെ വന്നു് എന്നെ മുട്ടി. ഒറ്റ വാക്കിനും എനിക്കു് അർഥമറിയില്ല എന്നു തോന്നിപ്പോയി. അമ്മയ്ക്കു് ഞാൻ എന്തു പ്രായശ്ചിത്തമാണു് ചെയ്യുക? അമ്മ ദിവസം തോറും, മാസക്കണക്കിൽ, കൊല്ലങ്ങളോളം ആശ്രമത്തിന്റെ വാതുക്കൽ കുറ്റിക്കാട്ടിനുള്ളിൽ വന്നു് ഇരുന്നു് കരഞ്ഞിട്ടുണ്ടാവും. ‘ചാമി പുള്ളയെ താ ചാമീ… ചാമി ചെത്തിരുവേൻ ചാമീ…’ എന്നു പറഞ്ഞു കൊണ്ടേയിരിക്കും. ഒരിക്കലും അണയാത്ത ദുഃഖത്തോടെ ഇപ്പോഴും തിരയുന്നുണ്ടാവും. ഇടയ്ക്കിടയ്ക്കു് എവിടെയെങ്കിലും ഇരുന്നു തല മുടിയഴിച്ചിട്ട് ‘എനക്കു മോനേ കാപ്പാ… മക്കാ… കാപ്പാ…’ എന്നു പറഞ്ഞു കരയുന്നുണ്ടാവും. ഒരാൾക്കും അമ്മയോട് ഒന്നും അങ്ങോട്ട് പറയാനാവില്ല. പക്ഷെ, എനിക്കെന്താണു് ചെയ്യാനാവുക? എത്ര വലിയ ഭാരമാണു് എന്റെ മീതെ സ്വാമി പൊക്കിവച്ചിരിക്കുന്നത്!