കാലത്തു് ഞാൻ ഓഫീസിലെത്തി കെട്ടിക്കിടന്ന ഫയലുകൾ മുഴുവൻ ഒപ്പിട്ടു കൊടുത്തിട്ട് പത്തുമണിക്കു് ശേഷമാണു് ആശുപത്രിയിലേക്കു് പോയതു്. ഇടയ്ക്കു ഫോൺ ചെയ്തു് ചോദിച്ചപ്പോൾ അമ്മയുടെ സ്ഥിതിയിൽ ഒരു മാറ്റവും ഇല്ല എന്നാണു് പറഞ്ഞതു്. ഞാൻ അകത്തു പോകുമ്പോൾ വാതുക്കൽ ഡോ. മാണിക്യം നിൽക്കുന്നതു കണ്ടു. എന്റെയുള്ളിൽ ഉരുണ്ടുകൂടിയ അസ്വസ്ഥത മാണിക്യം അടുത്തുവന്നു നമസ്തേ പറഞ്ഞപ്പോൾ കൂടി.
‘പറയൂ മാണിക്യം’ ഞാൻ പറഞ്ഞു.
‘ഞാൻ പറഞ്ഞതൊന്നും സാറിനു് വിശ്വാസമായില്ലെന്നാ തോന്നുന്നതു്.’
മാണിക്യത്തിന്റെ തൊണ്ടമുഴ കയറിയിറങ്ങുന്നതു് ഞാൻ ശ്രദ്ധിച്ചു. ശബ്ദം ഇടറുകയായിരുന്നു.
‘ഞാൻ എന്നും ദൈവത്തിനെ ഭയന്നു മാത്രമാണു് സാർ പ്രവർത്തിച്ചിട്ടുള്ളതു്. ആ തീട്ടക്കുഴിയിൽ എന്നാലാവുന്നതു് മുഴുവൻ ഞാൻ ചെയ്തിട്ടുണ്ടു് സാർ. കാലത്തു് എട്ടുമണിക്കു് വന്നാൽ വീട്ടിലേക്കു് പോകാൻ ചിലപ്പോൾ രാത്രി ഒൻപതും പത്തുമൊക്കെയാവും. മറ്റു ഡോക്ടർമാരെപ്പോലെ എനിക്കു് പ്രൈവറ്റ് പ്രാക്ടീസൊന്നും തന്നെ ഇല്ല.’ അയാളുടെ ശബ്ദം പൊങ്ങി. ‘അവിടെ ഞാൻ വേറെ എന്താണു് സാർ ചെയ്യേണ്ടതു്? പുണ്ണുവച്ചുകെട്ടാനുള്ള തുണിപോലും തരില്ല. മരുന്നില്ല സാർ, ഞാൻ പറഞ്ഞാൽ സാർ വിശ്വസിക്കില്ലാന്നറിയാം. പക്ഷെ എനിക്കിതു് പറഞ്ഞേ പറ്റൂ. തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ നിന്നു് ആന്‍റിബയോട്ടിക്കുകളും മറ്റും വാങ്ങിക്കൊണ്ടു വന്നാണു് സാർ ഞാൻ ഇവറ്റകൾക്കു ചികിത്സ കൊടുക്കുന്നതു്. ഞായറാഴ്ച തൊട്ടടുത്തുള്ള വീടുകളിലേക്കു് ആളയച്ചു് പഴയ തുണികൾ വാങ്ങിക്കൊണ്ടു വന്നു് അലക്കിയിട്ടാണു് പുണ്ണു് വച്ചുകെട്ടുന്നതു്. ഒരു പത്തുദിവസം ഞാൻ മനസ്സറിഞ്ഞു ലീവിട്ടിട്ടില്ല…’
ഞാൻ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.
‘മാണിക്യം, ഞാൻ നിങ്ങളെയല്ല കുറ്റം പറഞ്ഞതു്. അവിടെയുള്ള സ്ഥിതി എന്താണെന്നു് ഞാനൊരു റിപ്പോർട്ടു കൊടുത്തു. അതെന്റെ കടമയല്ലേ?’
മാണിക്യം കണ്ണുനീർ തൂത്തുകളഞ്ഞു. ‘സാർ ചെയ്തതു് ശരിയാണു്. സാറിനെ ഞാൻ കുറ്റം പറയുന്നില്ല. പക്ഷെ…’
കൂടുതൽ സംസാരിക്കേണ്ടതില്ല എന്നു് എനിക്കു തോന്നി. ‘I am sorry’ എന്നു പറഞ്ഞു് ഞാൻ കാറിൽ നിന്നിറങ്ങി ആശുപത്രിയുടെ ഉള്ളിലേക്കു നടന്നു.
‘നിൽക്കണം സാർ. ഇതും കൂടി കേട്ടിട്ടു പോണം. സാറും എന്നെപ്പോലെയല്ലേ? സാർ, എനിക്കു് ഏഴുകൊല്ലമായി പ്രമോഷൻ കിട്ടാതെ നിർത്തിവച്ചിരിക്കുകയായിരുന്നു. എന്തൊക്കെയോ കുറ്റവും കാരണവും പറഞ്ഞു് കാരണത്തിനുമേൽ കാരണം ചോദിച്ചു് എന്നെ വലയ്ക്കുകയായിരുന്നു. ഞാൻ ട്രിബ്യൂണലിലേക്കു തന്നെ പോയി. അവിടെ ഉത്തരവു വാങ്ങി. കഴിഞ്ഞയാഴ്ചയായിരുന്നു ഉത്തരവ് കയ്യിൽ കിട്ടിയതു്. ഞാൻ സീനിയറാണു സാർ. ഇപ്പോഴിതാ സാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്നെ സസ്പെൻഡ് ചെയ്തിരിക്കുന്നു. ഇനി ഞാൻ റിട്ടയറാവുന്നതുവരെ ഒന്നും നടക്കില്ല… ഞാൻ വരട്ടെ സാർ.’
ഞാൻ എന്തോ പറയുന്നതിനു് മുമ്പ് അയാൾ നടന്നുപോയി. പക്ഷെ, അയാൾ ഓടി. വേഗം പുറത്തെത്തി അവിടെ നിന്ന ബൈക്കിൽ കയറി ഓടിച്ചുപോയി. അല്ലെങ്കിലും ഞാൻ എന്താണു് അയാളോട് പറയുക? ഒന്നേ പറയാൻ പറ്റുകയുള്ളൂ. ‘I am sorry’. എനിക്കും അയാൾക്കും അതു് പുതിയ വാക്കുകളുമല്ല. ഞാൻ ചെന്നു് ഹാളിൽ ഇരുന്നു. ഇതല്ലാതെ എന്താണു് പ്രതീക്ഷിക്കാൻ. മറ്റെന്തു് നടന്നാലും അത്ഭുതം തന്നെ. ഞാൻ എന്താണു് അതു് ചെയ്തതു്? ആർക്കു് തെളിയിക്കാനാണു്? എനിക്കു് ഛർദിക്കണം പോലെ തോന്നി. ഉറക്കമിളച്ചതിന്റെ പിത്തമാണു്. അല്ലെങ്കിൽ സിഗററ്റിന്റെ കയ്പ്.
നഴ്സ് വന്നു് ‘സാർ’ എന്നു വിളിച്ചപ്പോൾ ഞാൻ എഴുന്നേറ്റു
‘അവർ ഉണർന്നു.’
ഞാൻ ചെറിയൊരു പരിഭ്രമത്തോടെയാണു് അമ്മയുടെ മുറിയിലേക്കു് പോയതു്. നല്ലതൊന്നും പ്രതീക്ഷിക്കാത്തവനായി ഞാൻ മാറിക്കഴിഞ്ഞു. അമ്മ കണ്ണുതുറന്നു എണീറ്റിരിക്കാൻ ശ്രമിച്ചു. കയ്യിലുണ്ടായിരുന്ന ഗ്ലൂക്കോസ് കുഴലിന്റെ സൂചി വലിച്ചൂരാൻ ശ്രമിച്ചു. ‘അയ്യോ എടുക്കരുത്’ എന്നു് നഴ്സ് പറയുന്നതിനുമുമ്പ് വലിച്ചൂരിക്കഴിഞ്ഞു. മുറിവിലൂടെ ചോര ഒഴുകി. അമ്മയുടെ കണ്ണുകൾ നാലു പാടും പരതിയപ്പോൾ എന്നെ പലതവണ കടന്നുപോയി. അമ്മ ‘കാപ്പാ ലേ കാപ്പാ’ എന്നു വിളിച്ചുകൊണ്ടു് എണീക്കാൻ നോക്കി.
‘അമ്മേ, ഇതാ കാപ്പനാണു്. ഞാനാണ്’ ഞാൻ പറഞ്ഞു.
അമ്മയ്ക്കു് എന്റെ അടയാളം കാണാൻ കഴിഞ്ഞില്ല.
‘കാപ്പാ ലേ കളസം വേണ്ട ലേ… തമ്പ്രാൻ കശേരയില് ഇരിയാതെലേ’ എന്നു് അമ്മ വിളിച്ചുകൂവി. അമ്മയുടെ കണ്ണിനു് എന്നെ നോക്കാനേ കഴിഞ്ഞില്ല. പെട്ടെന്നു് ചെറിയൊരു വലിവ് അനുഭവപ്പെട്ടു. കയ്യും കാലും കോച്ചി. അമ്മ കട്ടിലിലേക്കു തന്നെ മലർന്നു വീണു.
നേഴ്സ് ‘ഞാൻ ഡോക്ടറെ വിളിക്കാം’ എന്നു പറഞ്ഞു് പുറത്തേക്കോടി.
ഞാൻ അമ്മയുടെ കൈകൾ പിടിച്ചു് മാറത്തു വച്ചു. അവ ബലം പിടിച്ചതുപോലെ ഉറച്ചിരുന്നു. പിന്നെ അവ തളർന്നു.
ഞാൻ കാത്തിരുന്നു. ഡോ. ഇന്ദിര വന്ന്, ‘ഡയാലിസിസ് ചെയ്താൽ മാത്രമേ എന്തെങ്കിലും ഫലമുണ്ടാവുകയുള്ളൂ. പക്ഷെ, അതിനൊന്നും ശരീരത്തിൽ ബലമില്ല. നോക്കട്ടെ’ എന്നു പറഞ്ഞു അകത്തേക്കു പോയി.
ഞാൻ നെടുവീർപ്പിട്ടു. അകത്തു് എന്തൊക്കെയോ ശബ്ദങ്ങൾ. ഞാൻ വാച്ചു് ഊരി കെട്ടി. സിഗരറ്റ് തീർന്നുപോയിരുന്നു. അപ്പോഴാണു് സുധയുടെ ഫോൺ വന്നതു്. ഞാൻ ഫോൺ കയ്യിലെടുത്തു. അവളുടെ ഓഫീസിൽ നിന്നായിരുന്നു.
‘എങ്ങനെയുണ്ട്?’
ഞാൻ ‘രക്ഷയുണ്ടാവില്ല’ എന്നു പറഞ്ഞു.
‘ഇന്ദിര പറഞ്ഞു. ഞാൻ അങ്ങോട്ടു വരാം.’
അവൾ ഫോൺ വയ്ക്കുന്ന ക്ലികു് ശബ്ദം എന്റെ കാതിൽ കേട്ടപ്പോൾ ഞാൻ ഒരു തീരുമാനമെടുത്തു.
അതെ പ്രജാനന്ദൻ പറഞ്ഞതും അതു തന്നെ. അമ്മയ്ക്കു ഞാൻ ചെയ്യേണ്ട പ്രായശ്ചിത്തം ഇതാണു്. ഇതു ഞാൻ ചെയ്യില്ല എന്നു പ്രജാനന്ദൻ ധരിച്ചിരുന്നോ? എനിക്കതിനുള്ള ധൈര്യം ഉണ്ടാവില്ലെന്നായിരുന്നോ അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ? ഞാൻ എഴുന്നേറ്റ് ചെന്നു് അമ്മയെ നോക്കി. നേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെയും ഗ്ലൂക്കോസും മൂത്രവും അകത്തും പുറത്തുമായി ഇറ്റിറ്റ് വീണു തുടങ്ങിയിരുന്നു.
‘ഓർമ വന്നോ?’ ഞാൻ ചോദിച്ചു.
‘ഇല്ല.’
അമ്മ ഉണരണം എന്നു ഞാൻ അപ്പോൾ ആഗ്രഹിച്ചു. പ്രാർഥന ചെയ്യാൻ തലയ്ക്കു മുകളിൽ ഒരു സാന്നിധ്യത്തെയും ഞാൻ ഒരിക്കലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ആ സന്ദർഭത്തോട്, ആ മുറിയിൽ നിറഞ്ഞിരുന്ന ലോഷൻ നാറ്റം നിറഞ്ഞ കാറ്റിനോട്, ചാഞ്ഞു് അകത്തെത്തിയ ജനാലയിലെ വെട്ടത്തിനോട്, അവിടെ തുള്ളിതുള്ളിയായി ഇറ്റിറ്റുവീണ കാലത്തോട് ഞാൻ പ്രാർഥിച്ചു. അമ്മ ഉണരണം. ഒരു നിമിഷത്തേക്കെങ്കിലും. അവളുടെ അടുത്തു് ഇരുന്ന്, അവളുടെ കൈകൾ എന്റെ കൈകളിലെടുത്ത്, കണ്ണുകളിലേക്കു് നോക്കി, പറയണം. ജീവിതകാലം മുഴുവൻ അമ്മ എന്നോടു കരഞ്ഞു യാചിച്ചതിനുള്ള ഉത്തരം ‘അമ്മേ ഞാൻ കാപ്പനാ. ഞാൻ കളസവും ചട്ടയും ഊരാൻ പോവുകയാണു്. തമ്പ്രാക്കളുടെ കശേരയിൽ ഇനി ഞാൻ ഇരിക്കില്ല. ഞാൻ എണീൽക്കാം… അമ്മേ ഞാൻ അമ്മയുടെ കാപ്പനാണു്.’
പക്ഷെ, അമ്മയുടെ മുഖം കൂടുതൽ കൂടുതൽ മെഴുകുപോലെ മാറിക്കൊണ്ടിരുന്നു. ഒരു നഴ്സ് വന്നു് അമ്മയുടെ വസ്ത്രം ശരിയാക്കിയപ്പോൾ മൃതശരീരംപോലെ അമ്മ അനങ്ങി. ഒരു മൃതശരീരത്തെയെന്നപോലെയാണു് അവൾ അമ്മയെ കൈകാര്യം ചെയ്തതു്. സമയം ഓടിക്കൊണ്ടിരുന്നു. ഒരു മണിക്കൂറായിട്ടും സുധയെ കണ്ടില്ല. ഉച്ചയ്ക്കു് കയ്യിലൊരു വയർകൂടയുമായി കുഞ്ഞൻ നായർ വന്നു. ഞാൻ മുറിയിൽ നിന്നു പുറത്തേക്കു പോയി അവനെ കണ്ടു.
‘നമസ്കാരം സാർ… ഓഫീസിൽ പോയിരുന്നു. അവിടെ പിള്ള സാർ എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞു. ഈ കുറിപ്പ് തന്നയച്ചു.’
ഞാൻ അതു വാങ്ങി വായിക്കാതെ കീശയിൽ വച്ചു. കുഞ്ഞൻ നായർ എന്നോടു കൂടുതൽ സ്വാതന്ത്ര്യം എടുത്തതു് ഞാൻ ശ്രദ്ധിച്ചു. എന്റെ വൃത്തികെട്ട ഒരു രഹസ്യത്തിൽ പങ്കാളിയായിട്ടാണു് അവൻ ഇപ്പോൾ സ്വയം കാണുന്നതു്.
അപ്പോഴാണു് അമ്മ ‘കാപ്പാ’ എന്നു വിളിച്ചതു്. ഞാൻ അകത്തേക്കു് കയറുന്നതിനു മുൻപ് കുഞ്ഞൻ നായർ അകത്തേക്കു കടന്നു. അവനെക്കണ്ടപ്പോൾ അമ്മ പെട്ടെന്നു ഞെട്ടി വിറച്ചു് എഴുന്നേൽക്കാൻ നോക്കി.
കല്ലു കണ്ട തെരുവുപട്ടിയെപ്പോലെ ശരീരം മുഴുവൻ വളച്ച്, കുറുകി, രണ്ടു കൈയും കൂപ്പി ‘തമ്പ്രാ…കഞ്ചി താ തമ്പ്രാ… പശിക്കുതു് തമ്പ്രാ’ എന്നു് ഇരന്നു. ഒരു കാൽ ഒറ്റയ്ക്കു് കിടന്നു പിടഞ്ഞു. മുഖം ഒരു ഭാഗത്തേക്കു കോടി. പിന്നെ അവളിലേക്കു് ഒരു നിശ്ചലത മെല്ലെ കടന്നുവന്നു നിറഞ്ഞു മൂടി.
അതേ; പ്രജാന്ദൻ പറഞ്ഞതു് ഇതുതന്നെയായിരിക്കണം. ഈ ഭിക്ഷക്കാരിത്തള്ളയെ കുഴിച്ചിട്ട്, ഇവളുടെ ഹൃദയം അതിന്റെ എല്ലാ വിശപ്പുകളും ശമിച്ചു് ദ്രവിച്ചു് മണ്ണായി മാറണമെങ്കിൽ എനിക്കിനിയും നൂറ് സിംഹാസനങ്ങൾ വേണം. ●