ഞാൻ ഓഫീസിലെത്തിയപ്പോൾ നാലര മണിയായി. മുറിയിൽ ചെന്നിരുന്നു് കുഞ്ഞൻ നായരോട് പലഹാരം വാങ്ങി വരാൻ പറഞ്ഞു കഴിച്ചു. ഞാൻ എന്താണിവിടെ ചെയ്യുന്നതു്? എന്റെ കുറവുകൾക്കും ബലഹീനതകൾക്കും കാരണങ്ങൾ അന്വേഷിക്കുകയാണോ? സുധ പറയുന്നതു് അതാണു്. ഞാൻ എന്തുകൊണ്ടാണു് ഒന്നും ചെയ്യാത്തതു്? ‘നീ പറയുന്ന കാരണങ്ങൾ മുഴുവൻ നിന്റെ അപകർഷതാബോധം കൊണ്ടു് ഉണ്ടാക്കുന്ന ഭാവനകൾ മാത്രം. നീ എന്താണു ചെയ്യേണ്ടതു് എന്നു നിനക്കറിയാം. നീയതു് ഒരിക്കലും ചെയ്യുന്നില്ല…’
ചെയ്യേണ്ടതു് എന്നാൽ ഒന്നു മാത്രം. ഞാൻ എന്നെപ്പോലുള്ളവരുടെ ശബ്ദമായും കൈയായും ഈ ഗവൺമെന്‍റിനുള്ളിൽ പ്രവർത്തിക്കണം. എന്നെപ്പോലുള്ളവർ എന്നാൽ തോട്ടികൾ വാരിയെടുത്തു് ഷെഡ്ഡുകളിൽ കൊണ്ടു ചെന്നിടുന്ന മനുഷ്യചവറുകൾ തന്നെ. പൊതു ആരോഗ്യത്തിനായി കോടികൾ ഒഴുക്കുന്ന ഒരു സർക്കാർ അവർക്കായി ഏതാനും ആയിരങ്ങൾ ചെലവഴിച്ചാലെന്തു്? കഴിയില്ലെങ്കിൽ അതു പറയുക. അതു് എഴുതി വയ്ക്കുക.
ഞാൻ എഴുതിത്തുടങ്ങി. എന്റെ കൈകൾ വിറച്ചു. അരുതാത്തതു് എന്തോ ചെയ്യുന്നതുപോലെ ചെറിയ ശബ്ദങ്ങൾ കേട്ടപ്പോഴൊക്കെ ഞാൻ ഞെട്ടി. എന്റെ റിപ്പോർട്ട് പൂർണമാക്കിയപ്പോൾ രാത്രിയായിക്കഴിഞ്ഞിരുന്നു. കഴുതച്ചന്ത ഷെഡ്ഡുകളിൽ ഞാൻ കണ്ടതുമുഴുവൻ വിശദമായി എഴുതി. ഉടൻതന്നെ നടപടി വേണമെന്നു് അഭ്യർഥിച്ചു.
എന്തു നടപടിയാണു് എടുക്കുന്നതു് എന്നു് എനിക്കു് മൂന്നു ദിവസത്തിനകം എഴുതി അറിയിക്കണം. ഇല്ലെങ്കിൽ എന്റെ സ്വന്തം അധികാരം ഉപയോഗിച്ചു് ഞാൻ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറുടെ മീതെ കടുത്ത നടപടി എടുക്കേണ്ടി വരും. ഡി. എം. ഒ.-യ്ക്കും കത്തിന്റെ പകർപ്പുകൾ അയയ്ക്കണമെന്നു് ഉത്തരവിട്ടു. നിറവോടെ ഒരു സിഗററ്റ് കത്തിച്ചു.
വൈകുന്നേരം വീണ്ടും ഒരിക്കൽക്കൂടി ആശുപത്രിയിലേക്കു പോകാൻ ഉദ്ദേശിച്ചതാണു്. പോയില്ല. വീട്ടിലെത്തി ഭക്ഷണം കഴിച്ചിട്ട് ഉടൻതന്നെ കിടന്നുറങ്ങി. സുധ എന്നോട് എന്തൊക്കെയോ സംസാരിക്കാൻ ആഗ്രഹിച്ചു. പക്ഷെ ഞാൻ അപ്പോൾ വാക്കുകൾ കേൾക്കാനുള്ള സ്ഥിതിയിലായിരുന്നില്ല. ഒരു മണിക്കൂർ ഉറങ്ങിയിട്ടുണ്ടാവും, ഞാൻ ഉണർന്നു. സുധ ഉറക്കമായിരുന്നു. എസിയുടെ രാഗവും ക്ലോക്കിന്റെ താളവും. പുറത്തുചെന്നു് സിഗരറ്റ് കത്തിച്ചു. സിഗററ്റ് കൂടിയതുകൊണ്ടാണോ ഉറക്കം ഇല്ലാതാവുന്നതു്? നാളെ പുലർന്നതും തന്നെ ഡിഎംഒയെ ഞാൻ വിളിച്ചു സംസാരിച്ചാലോ? വേണ്ട ഒരു ദിവസം ക്ഷമിക്കാം. പത്രക്കാരെയും കൂട്ടിക്കൊണ്ടു് ഒരു ആശുപത്രി വിസിറ്റ് ചെയ്യാം. എല്ലാവരെയും ഒന്നു് സഹിക്കാം.
അവർ എന്തു പറയും എന്നു് എനിക്കു് നന്നായിട്ടറിയാം. കഴിഞ്ഞ ഒന്നരക്കൊല്ലത്തിനിടയ്ക്കു് ഞാൻ കാണാത്തവ കുറവാണു്. അന്തസ്സ്, അഭിമാനം തുടങ്ങിയ വാക്കുകളുടെ പൊരുൾ തന്നെ എന്റെ ജീവിതത്തിൽ ഇല്ലാതായി. അമ്മ അവയുടെ അവസാനത്തെ തടങ്ങളും മായിച്ചിട്ടാണു് പോയതു്. മധുരയിൽ താമസിച്ചിരുന്ന അമ്മ ഒരുദിവസം പ്രേമിനെയും കൊണ്ടു് അപ്രത്യക്ഷയായി. സുധ ബോധം കെട്ടു വീണു. ഞാൻ എസ്. പി.-യെ വിളിച്ചു പറഞ്ഞു. നഗരം മുഴുവൻ പോലീസ് പരക്കം പാഞ്ഞു. മുക്കാൽ മണിക്കൂറിൽ അമ്മയെ അവർ പിടിച്ചു. നഗരത്തിലെ പ്രധാനപ്പെട്ട ഒരു ഹോട്ടലിന്റെ പിന്നിലുള്ള എച്ചിൽ കൂനയിൽ മേയുകയായിരുന്നു അമ്മ. കയ്യിൽ കിട്ടിയ അഴുക്കു മുഴുവൻ പ്രേമിനു കൊടുത്തു കഴിഞ്ഞിരുന്നു.
സുധ ഉണ്ടയേറ്റ മൃഗം പോലെ പാഞ്ഞുവന്നു് കുട്ടിയെ പിടിച്ചു വാങ്ങി. അവന്റെ വായിലും മാറിലും ഒക്കെ ചീഞ്ഞ ഭക്ഷണമായിരുന്നു. അവനെ കെട്ടിപ്പിടിച്ചു് ചുംബിച്ചുകൊണ്ടു് അവൾ അവിടെത്തന്നെ കിടന്നുപോയി. ഞാൻ ഒന്നും ചെയ്യാനാവാതെ, ഒറ്റ ചിന്തപോലുമില്ലാതെ നിന്നു. ജീപ്പിൽ നിന്നിറങ്ങി ‘ഏലേ കാപ്പാ!’ എന്നു നിലവിളിച്ചു കൊണ്ടു വന്ന അമ്മയെക്കണ്ടപ്പോൾ എന്റെയുള്ളിൽ നിന്നു് എന്തോ പൊന്തിവന്നു. താഴെക്കിടന്ന ഒരു ഹോസ്പൈപ്പിന്റെ തുണ്ടു് കൈയിലെടുത്തു് ഞാൻ പറഞ്ഞു.
‘ഓടെടീ… ഓടെടീ നായെ… ഇനി ഈ വീട്ടിൽ കാലുകുത്തരുത്… ഓട് ഓട്’ എന്നു പുലമ്പിക്കൊണ്ടു് അമ്മയെ മാറിമാറി അടിച്ചു. അമ്മ നിലത്തുകിടന്നു് പുളഞ്ഞു് നിലവിളിച്ചു. ഞാനവരെ ചവിട്ടി.
എന്നെ എസ്. ഐ. പിടിച്ചു തടഞ്ഞു. അമ്മ എഴുന്നേറ്റോടി. തെരുവിൽ നിന്നു് ‘ലേ കാപ്പാ നീ നാശമാ പോവേ… ചങ്കടച്ചു് ചാവേ. വെള്ളപ്പന്നി നിന്റെ രക്തം കുടിച്ചു് നീ ചത്ത്പോവേ’ എന്ന ശാപമിട്ടുകൊണ്ടു് മാറിലും വയറ്റിലും അടിച്ചു് കരഞ്ഞു. അരയിലെ വസ്ത്രം ഊരി എന്റെ മുന്നിൽ എറിഞ്ഞിട്ട് നഗ്നയായി നിന്നു് കൊഞ്ഞണം കാട്ടി. വൃത്തികെട്ട പലതരം ആംഗ്യങ്ങൾ കാട്ടി പുലഭ്യം പറഞ്ഞു.
‘സാർ അകത്തേയ്ക്കു പോയ്ക്കോളൂ’ എസ് ഐ പറഞ്ഞു.
ഞാൻ മുറിയിലേക്കു പോയതും ആദ്യം ചിന്തിച്ചതു് ഫാനിൽ കുരുക്കിട്ട് തൂങ്ങിച്ചാവുന്നതിനെപ്പറ്റിയായിരുന്നു. പലതരത്തിൽ പല സ്ഥലങ്ങളിൽ ഞാൻ ആത്മഹത്യ ചെയ്തുകൊണ്ടേയിരുന്നു.
അമ്മയെ പിടിച്ചു ജീപ്പിൽ കയറ്റി നഗരത്തിലെ പ്രധാന ക്രിസ്ത്യൻ ആശ്രമത്തിൽ കൊണ്ടാക്കി. അവിടുന്നു് ഒരു വൃദ്ധസദനത്തിലേക്കു കൊണ്ടുപോയി. ഞാൻ വേണ്ട കാശു കൊടുത്തയച്ചു. അമ്മയെ പിന്നെ കാണാനുള്ള ധൈര്യം എനിക്കുണ്ടായില്ല. എന്റെയുള്ളിൽ ഓരോ ക്ഷണവും തീ കത്തിയെരിയുകയായിരുന്നു. എന്റെ ചോരമുഴുവൻ അമ്ലമായി മാറിയതുപോലെ. ഉള്ളിലെ അവയവങ്ങൾ മുഴുവൻ വെന്തുരുകി വയറ്റിൽ വീണു കറങ്ങി പിറ്റേ ദിവസം മുതൽ പ്രേമിനു് വയറ്റിളക്കവും ഛർദിയും തുടങ്ങി. കടുത്ത പനി. പന്ത്രണ്ടു ദിവസം അവൻ ആശുപത്രിയിലായിരുന്നു. രണ്ടു തവണ ആപത്ഘട്ടത്തിലെത്തി.
ഞാനും സുധയും ആശുപത്രിയിൽ തന്നെയായിരുന്നു. സുധ രാവും പകലും അഴിഞ്ഞ തലയും ഉലഞ്ഞ വസ്ത്രങ്ങളുമായി അവന്റെ കാൽക്കൽ ഇരുന്നു. അവളോട് ഒറ്റ വാക്കുപോലും ഞാൻ മിണ്ടിയില്ല. മിണ്ടിയാൽ അവൾ ചാടിവന്നു് എന്റെ ചങ്കു് കടിച്ചു തുപ്പിക്കളയും എന്നു തോന്നി. പ്രേമിന്റെ പനി തിളച്ച ചെറിയ വെളുത്ത മുഖത്തു നോക്കിക്കൊണ്ടു് ഞാൻ ഇരുമ്പു കസേരയിൽ രാത്രി മുഴുവൻ ഇരിക്കുകയായിരുന്നു. കൈരണ്ടും വിരിച്ചു് വെളുത്ത മാറ് കയറി ഇറങ്ങി അവൻ കിടന്നു. നാലഞ്ചു ദിവസം കൊണ്ടുതന്നെ എല്ലുകൾ ഉന്തി. ചർമം വരണ്ടു. മറ്റേതോ കുട്ടിയാണു് അവിടെ കിടക്കുന്നതു് എന്നു് ചിലപ്പോൾ തോന്നിപ്പോയി. മരണം അവനെ വന്നു് തൊട്ടിട്ട് പോയിരിക്കുന്നു. അപ്പോഴും മുറിക്കുള്ളിൽ അതുണ്ടു്. അതിനെ തടയാനാണു് ഭ്രാന്തെടുത്ത ഏതോ വനദേവത മാതിരി അവന്റെ അമ്മ കാൽക്കൽ ഇരിക്കുന്നതു്.
അവനെ നോക്കിയപ്പോൾ തണുത്ത ഒരു വാൾ എന്റെ വയറ്റിൽ കയറിയിറങ്ങുന്നതായി തോന്നി. ആ വേദന എനിക്കു വേണ്ടായിരുന്നു അപ്പോൾ. ആർക്കൊക്കെയോ ഞാൻ കണക്കു കൊടുക്കുകയായിരുന്നു അതിലൂടെ. രാത്രിയുടെ അന്ത്യത്തിൽ സുധയും ഒന്നുറങ്ങിക്കഴിഞ്ഞപ്പോൾ എന്റെയുള്ളിൽ നിന്നു് മറ്റൊരാൾ പുറത്തുവന്നു് കുട്ടിയെ നോക്കി. ഞാൻ ഇവന്റെ പ്രായത്തിൽ ഇതാണല്ലോ തിന്നതു്. എങ്ങനെയോ ഞാൻ മരിക്കാതെ വളർന്നു. എന്നെപ്പോലെ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. മിക്കവാറും കുട്ടികൾ മഴക്കാലം കഴിയുമ്പോൾ മരിക്കും. എന്റെയമ്മ എങ്ങനെയായാലും പത്തു കുട്ടികളെയെങ്കിലും പെറ്റിട്ടുണ്ടാവും. ചത്ത കുട്ടികളെ കാലിൽ പിടിച്ചു് പൊക്കിയെടുത്തു് ചുഴറ്റി കരമനയാറ്റിൽ എറിയും. വെള്ളം നുരച്ചൊഴുകുന്ന ആറ്റിന്റെ ചുവന്ന വായ തുറന്നു് കുട്ടികളെ വാങ്ങി വിഴുങ്ങുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. ആറ്റിൽ എറിയുന്നതിനു് മുമ്പ് നഗ്നയായി ഇലകളുടെ മീതെ മഴ നനഞ്ഞു് കിടന്ന എന്റെ അനുജത്തിയെ ഞാൻ കണ്ടിട്ടുണ്ടു്. ചെറിയ കറുത്ത മുഖത്തു് ചെറിയ വായ. അതിൽ ഒറ്റപ്പല്ല്. ‘ത്തിന്ന! ത്തിന്ന!’ എന്നു ചോദിക്കും ആരെക്കണ്ടാലും. ആ ഒറ്റ വാക്കേ അവൾക്കു പറയാനുണ്ടായിരുന്നുള്ളൂ. ആ വാക്കു് കുറേ പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ പണി കഴിഞ്ഞു എന്നു കരുതി പുഴ അവളെ വിളിക്കുകയായിരുന്നു. ആ ഒറ്റവാക്കു് അപ്പോഴും അവളുടെ ചുണ്ടുകളിൽ നിലച്ചിരിക്കുന്നതു ഞാൻ കണ്ടു. ‘തിന്നാൻ.’
പെട്ടെന്നു് എന്റെയുള്ളിൽ പൊന്തിവന്ന ക്രോധത്തെ ഞാനൊരിക്കലും മറക്കുകയില്ല. ഈ വെളുത്ത കുട്ടി ആ തീറ്റയിൽ ഒരു വായ കഴിച്ചതിന്റെ പേരിൽ ചാവുകയാണെങ്കിൽ ചാകട്ടെ. അവിടെ മുകളിൽ ഇതിന്റെ ബന്ധുക്കൾ ഇതിനെക്കാത്തു് ഇരിപ്പുണ്ടാവും. അവർക്കു് ഇതിനോട് പകയോ സ്നേഹമോ ഉണ്ടാവും. അടുത്ത ക്ഷണം ആ ചിന്തയ്ക്കായി ഞാൻ സ്വയം ശപിച്ചു. എന്റെ തലയിൽ ഞാൻ കൈകൊണ്ടു് മാറിമാറി അടിച്ചു. മുട്ടിലിരുന്നു് എന്റെ കൺമണിയുടെ പിഞ്ചു കാലുകളിൽ ചുംബിച്ചു് കണ്ണീരൊഴുക്കി കരഞ്ഞു.
അമ്മ രണ്ടു ദിവസം പോലും ആശ്രമത്തിലുണ്ടായിരുന്നില്ല. അവരുടെ കണ്ണുവെട്ടിച്ചു് അവർ രക്ഷപ്പെട്ട കാര്യം എന്നോടു വളരെ മടിച്ചു മടിച്ചാണു് വന്നു പറഞ്ഞതു്. ഞാനതു് അത്ര കാര്യമാക്കിയില്ല. അന്നു മുതൽ എന്റെ വ്യക്തിത്വത്തിൽ ഒരു മാറ്റമുണ്ടായി. ഞാൻ ക്രൂരനായി മാറി. ക്ഷമിക്കാത്തവനായി. ഏതു നേരവും കയ്പ് നിറഞ്ഞ മനസ്സുള്ളവനായിത്തീർന്നു. ദിവസവും ഞാനെന്റെ കീഴുദ്യോഗസ്ഥർക്കു് ശിക്ഷ കൊടുത്തു. ശാസിച്ചു. അവർ വളരെ എളുപ്പം എനിക്കു് മുകളിൽ പോയി അതു് റദ്ദു ചെയ്യുകയായിരുന്നു. എന്റെ മുന്നിൽ അവർ പരിഹാസം നിറഞ്ഞ ചിരിയുമായി വന്നു. എന്റെ പിന്നിൽ എന്നെപ്പറ്റി പരിഹസിച്ചു ചിരിച്ചു.
കുറേ ദിവസമായപ്പോൾ എന്റെ ഓഫീസിലെ ചുമരുകളിൽ എനിക്കെതിരായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അവയിൽ എന്റെ അമ്മ കയ്യിലൊരു തകരപ്പാട്ടയുമായി ഭിക്ഷ കാത്തു് കുത്തിയിരിക്കുന്നു. പെറ്റ അമ്മയെ തെരുവിൽ ഭിക്ഷയെടുക്കാൻ വിട്ടിട്ട് അധികാരത്തിന്റെ സുഖമനുഭവിക്കുന്ന ക്രൂരനാണോ നമ്മുടെ ജില്ല ഭരിക്കേണ്ടതു്? ഞാൻ ഓഫീസിൽ കയറുമ്പോൾ തന്നെ ആ പോസ്റ്റർ കണ്ടു. മതിൽ മുഴുവൻ ഒട്ടിച്ചിരുന്നു. ആദ്യം ഞാൻ ഉദാസീനമായിട്ടാണു് വായിച്ചതു്. കാര്യം മനസ്സിലായപ്പോൾ എന്റെ കൈയും കാലും തളർന്നു. കാറ് നിർത്തിയിട്ട് എന്റെ മുറിയിലേക്കു് ഞാൻ ഓടുകയായിരുന്നു. ഞാൻ വാതിലടച്ചപ്പോൾ പുറത്തു് ഉണ്ടായ ചെറിയ ചിരിയുടെ നുര എന്റെ കാതിലെത്തി.
രണ്ടു ദിവസം കഴിഞ്ഞു് ആരോ അമ്മയെ ഞങ്ങളുടെ ഓഫീസിലേക്കു തന്നെ കൊണ്ടു വന്നു. അമ്മ എന്റെ ഓഫീസിനു മുന്നിലെ കൊന്നമരത്തിന്റെ താഴെ ഇരുന്നു് എന്റെ കീഴുദ്യോഗസ്ഥർ കൊണ്ടു വന്നിട്ട എച്ചിൽ ചോറ് ഒരു പ്ലാസ്റ്റികു് കടലാസിൽ കുമിച്ചിട്ട് വാരി വാരിത്തിന്നു. മുറിയിലൂടെ ഞാൻ നോക്കാവുന്ന വിധത്തിലായിരുന്നു അവളെ അവർ ഇരുത്തിയിരുന്നതു്. ഉണ്ടതിനുശേഷം വാഷ്ബേസിനിലേക്കു കൈ കഴുകാൻ പോയപ്പോഴാണു് ഞാൻ അമ്മയെ കണ്ടതു്. ഏതാനും സെക്കൻഡ് നേരം ഞാൻ എവിടെയായിരുന്നു, എന്തു ചെയ്യുകയായിരുന്നു എന്നുപോലും എനിക്കറിയില്ലായിരുന്നു. അവിടുന്നു് ഇറങ്ങി കാറിലേക്കു് ഓടി. താക്കോലെടുത്തിരുന്നില്ല. അതുകൊണ്ടു് ഞാൻ തെരുവിലൂടെ നടന്നു. കുറേക്കഴിഞ്ഞപ്പോൾ ഞാനറിഞ്ഞു; ഞാൻ ഓടുകയായിരുന്നു.
പിന്നെ ഞാൻ പണിയെടുത്ത സ്ഥലങ്ങളിൽ മുഴുവൻ അമ്മയുടെ വാർത്തയും ഒപ്പമെത്തുമായിരുന്നു. ഞാൻ നാഗർകോവിലിലേക്കു വന്നപ്പോൾ ആദ്യം കാണാൻ പോയതു് സുന്ദരരാമസ്വാമിയെയായിരു ന്നു. രാമസ്വാമിയുടെ വീടിന്റെ മുന്നിലും ഉണ്ടായിരുന്നു ഒരു പോസ്റ്റർ. രാമസ്വാമി എന്നോട് ഒന്നും ചോദിച്ചില്ല. എന്തും ആർക്കും പറയാവുന്നയാളാണു് രാമസ്വാമി എന്നു് ഞാൻ പിന്നെയാണു് അറിഞ്ഞതു്. മറ്റൊരവസരത്തിൽ ഞാൻ പറഞ്ഞപ്പോൾ രാമസ്വാമി നിർവികാരനായി കേട്ടിരുന്നു. അപ്പോൾ ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ശിഷ്യൻ ആവേശത്തോടെ സംസാരിച്ചു തുടങ്ങി. എല്ലാം അടിച്ചു തകർക്കുന്നതിനെപ്പറ്റി. സമൂലമാറ്റത്തെപ്പറ്റി. രാമസ്വാമി ഒടുവിൽ ഏതാനും വാക്കുകൾ പറഞ്ഞു. ചരിത്രമെന്ന യന്ത്രത്തിൽ ബന്ധിക്കപ്പെട്ടവരാണു് നമ്മളെല്ലാരും. പ്രശ്നങ്ങൾ ഓരോരുത്തർക്കും ഓരോന്നാണു്. നമ്മുടെ മുൻപിലുള്ള വെല്ലുവിളി ചരിത്രത്തിന്റെ നിയമങ്ങളും നിയമഭേദങ്ങളും നമ്മെ നയിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണു്. നമ്മുടെ ധർമങ്ങൾ മാത്രമാണു് നമ്മെ നയിക്കേണ്ടതു്. നാം ചരിത്രത്തിൽ ഒഴുകാൻ പാടില്ല. ചരിത്രം നമ്മിലൂടെ കടന്നുപോട്ടെ. പക്ഷെ, നാം ചരിത്രത്തിന്റെ അടിമകളാവരുതു്.