ഞാനിന്നലെ
ഉറക്കത്തിന്റെ
‘ലാ’ വെട്ടത്തിലൊരു
കവിത കണ്ടു.
ഒറ്റമരത്തിന്റെ തലപ്പു്
ചെറിയ ഇലകൾ
രണ്ടു മിന്നാമിനുങ്ങുകൾ
മാറി മാറി
ഓരോ ഇലകളിലും ഇരുന്നു്
മരം
വിളക്കുമരമാകുന്ന
കിനാവെഴുതുന്നു.
വെള്ളം കുടിച്ചു്
ഉറങ്ങാൻ ചെന്നപ്പോൾ
മുറിക്കുമുന്നിൽ
ഒരരണ
കണ്ണുകൾ വിടർത്തിത്തുറന്നു്
ധ്യാനത്തിലാണു് കക്ഷി
വാലു്
കാലുകൾക്കിടയിലൂടെ മുന്നോട്ടിട്ടു്
കഴുത്തുയർത്തി
സഗൗരവം നിർമ്മമം
പൂച്ചകളോടിനടക്കുന്നതാണു്
കാലമർത്തി രണ്ടു ചവിട്ടു് ചുറ്റും ചവുട്ടി
അനുസരണക്കേടു്
അനങ്ങാപ്പാറ
ന്നാ പോട്ടു് പുല്ലു്
കതകടച്ചു കിടന്നു
പിന്നെപ്പോഴോ
മൂത്രമൊഴിക്കാൻ എഴുന്നേറ്റു
കതകുതുറന്നപ്പോൾ
കാലുകൾ അകത്തി
കൈകൾ വിരിച്ചു്
കമിഴ്‌ന്നു കിടന്നു്
ഉറുമ്പരിക്കുന്നു
മുറ്റത്തിറങ്ങി
ജീവൻ
ഒഴിച്ചു കളഞ്ഞു
പറ്റിനിന്ന ബാക്കി
തട്ടിത്തെറിപ്പിച്ചു
കതകടച്ചു കിടന്നു
ഉറുമ്പരിച്ചു.
കിളിഞാവലിന്റെ
ചാറുകൊണ്ടു്
കടൽ നിറമുള്ള പേപ്പറിൽ
പെണ്ണു്
ശംബൂകനു കൂട്ടിരുന്നവൾ
അറിവിന്റെ കറുപ്പുള്ളവൾ
കിളികൾ
സത്യമമ്പേറ്റു വീണപ്പോൾ
പേടിച്ചു്
പറന്നകന്നവർ
പെണ്ണു്
കാലാതീത കാലംമുതൽ
ക്രൂശിക്കപ്പെടുന്നവൾ
മുൾക്കിരീടമണിഞ്ഞവൾ
കിളികൾ
കുരിശിനുവെട്ടിയ മരത്തിൽ
പാർത്തിരുന്നവർ
പലായനം ചെയ്തവർ
നീണ്ട കഴുത്തിനുമേൽ
തലയുയർത്തി
അളന്നുനോക്കുന്നവൾ
അവൾക്കുചുറ്റും കാടു്
ചാരത്തിൽ മുളച്ച വള്ളിപ്പടർപ്പുകൾ
കിളികളവളെ
പകർത്തിയെടുക്കുന്നു
ഭയമകറ്റുന്നു
മുൾക്കിരീടമവളുടെ
ചോരയിൽ വേരാഴ്ത്തി
പൂത്തിരിക്കുന്നു
പലായനം ചെയ്ത കിളികൾ
കൂടണഞ്ഞിരിക്കുന്നു
ചിത്രകാരിക്കു്
സ്തുതിയായിരിക്കട്ടെ
കടുംനീല
സ്വാതന്ത്ര്യത്തിന്റെ നിറമാണു്
വരച്ച വിരലുകൾക്കു്
മുലപ്പാലിന്റെ ഒഴുക്കാണു്
ഉറപ്പായും
കിളിഞാവലിന്റെ
പാപക്കനികൾക്കു്
പ്രേമത്തിന്റെ രുചിയായിരിക്കണം
(കിളിഞാവൽപ്പഴത്തിന്റെ ചാറുകൊണ്ടു് അമലു ചേച്ചി വരച്ച ചിത്രമാണു് ഈ കവിതയ്ക്കു് പ്രചോദനമായതു്, പ്രസ്തുത ചിത്രം താഴെ കൊടുക്കുന്നു.)
രാത്രിയിലാണു്
അപ്പാപ്പൻ
പാഷൻ ഫ്രൂട്ടു്
പറിക്കാനിറങ്ങുക.
കുഞ്ഞുങ്ങളെപ്പോലെ
തെരുതെരാ
ഭിത്തീലെറിഞ്ഞു്പൊട്ടിച്ചു്
വെരലുമുക്കിയീമ്പും.
തൊണ്ടു്
തോട്ടുകടവിൽ
കളിയോടമാകും.
കൈയേലൂടൊലിച്ചിറങ്ങും
പഴച്ചാറുപോലെ
രാത്രി
അറിയാതെ വറ്റിപ്പോകും.
മരിച്ചതിൽപ്പിന്നെയാണു്
അപ്പാപ്പനിങ്ങനെ.
ഫ്ലാഷ് ബാക്കിൽ അപ്പാപ്പൻ,
നേരംവെളുത്താ വയ്യോളം
ഒരേയിരുപ്പാണു്
മുറ്റത്തെ
പാഷൻ ഫ്രൂട്ട്
പന്തലിലേക്കും നോക്കി.
വികൃതികൾ
തല്ലിക്കൊഴിച്ച
പാഷൻ ഫ്രൂട്ട് വള്ളികണക്കു്
തിണ്ണയിൽ.
എല്ലാ പകലും
ഒരുപിടി പച്ച
അപഹരിക്കും.
“ഇന്നാടാ
സമാധാനായി കഴിച്ചേച്ചും
സുഖായിട്ടൊറങ്ങിക്കോ
മനക്കണക്കും കവിതേം പിന്നാകാം”
ഇന്നത്തെ പങ്കും തന്നു്
അപ്പാപ്പൻ പോയി.
1. പ്രേതം
ആഞ്ഞിലിക്കൊമ്പത്തിരുന്നു്
വാർക്കയ്ക്കടിയിലൂടെ
പല കോണിൽ ടോർച്ചടിച്ചു്
ആഞ്ഞിലിക്കുരു
ചവച്ചുതുപ്പി
ഹാളിലെ സ്റ്റെയറിറങ്ങി
അടുക്കളപ്പടിവരെ വന്നുമാഞ്ഞു്
അരികുമിന്നണ
സീൽക്കാരത്തോടെ
എവിടോ കിടന്ന
പഴയ സ്റ്റിച്ചുപന്തു്
ചൊമരേലിട്ടു് ക്യാച്ചെടുത്തു്
എന്റെ
ഞാൻമാത്രമാകലിനെ
പ്രലോഭിപ്പിച്ചു് പേടിപ്പിക്കും
പ്രേതം.
അപ്പൊ,
പൊത്തിപ്പിടിക്കാനൊരു
പാതിമനസ്സു് വേണമെന്ന
പൂതി പൂത്തു്
പൊറുതിമുട്ടും.
2. പ്രേമം
കള്ളടിച്ച
ക്രിസ്മസ് രാത്രിപോലെ
അവൻ
മഞ്ഞുവിരിച്ചു തണുക്കുമ്പോ
അടിവയറ്റിലെ
രോമമൊന്നു്
വേദനിപ്പിക്കാതെ കടിച്ചെടുത്തു്
ഇടത്തേ കാലിന്റെ
വിരൽത്തള്ളയിൽ
മോതിരം കെട്ടും.
പേടി മാറും.
രാത്രിക്കുരാത്രി
വയറ്റിലൊണ്ടാവും.
3. പ്രാന്തു്
പകലുപൊട്ടുമ്പോ
കൊച്ചിനെ
മുക്കിത്തൂറി ഫ്ലഷടിക്കും.
പിന്നെ
മൊലകളഴിച്ചു്
അവന്റെ
നെഞ്ചത്തു് കെട്ടും.
ജീവനൊള്ളടത്തോളം
മൊലപ്പാലു് കുടിക്കാൻ
വരം തന്ന തള്ളക്കു്
തിരിതെളിച്ചൊരു
താരാട്ടു് പാടും.
പാലം കേറുമ്പോ
പഴയൊരു
പച്ച
റാലി സൈക്കിൾ
തന്നത്താൻ
വേച്ചുവേച്ചു്
നടക്കുന്നതു് കണ്ടാൽ
നിങ്ങളതിനെ
പിടിച്ചുനിർത്തി
കാര്യമന്വേഷിക്കാമ്പോകരുതു്.
കൈവരിയിൽ
ചാരിനിർത്തി
പുഴയിൽ ചാടിയ
ഉടമസ്ഥൻ
ഇനിയും തിരിച്ചുവരാത്ത
സങ്കടത്തിലാണതു്.
പാലത്തേലാളേക്കണ്ടാൽ
ഡൈനാമോ കത്തിക്കും.
അടിമുടി പരതും.
കളഞ്ഞുപോയൊരൂരു്.
കരയിലേക്കെടുത്തെറിയപ്പെട്ട
ചെകിളപ്പൂക്കളുടെ പെടപ്പു്.
ഉളുമ്പു് നാറ്റം.
ഒരു
മീങ്കാരൻ
സൈക്കിളിന്റെ
പ്രാരാബ്ധ ചെതുമ്പലുകളൊക്കെ
അപ്പോൾ
എഴുന്നുനിന്നേക്കാം.
പാവംതോന്നി
ആശ്വസിപ്പിക്കാനും ചെല്ലണ്ട.
അതുചിലപ്പോ
ഓർത്തോർത്തു്
വിതുമ്പിയേക്കും.
ചുരുങ്ങിയ പരിചയകാലത്തിനുള്ളിൽ എന്റെ ചെറിയ കവിതകൾക്കു നൽകിയ ചെറുതല്ലാത്ത സ്നേഹത്തിനു്, ശ്രീജിത് സാറിനു് (ഡോ. ശ്രീജിത് ജി.)
1.
ഞായറുച്ചയുടെ ആലസ്യത്തിൽ
വെറുതെ അല്പനേരം കിടക്കാനൊരുങ്ങവെ
വെയിലിലുണ്ടോ കുഞ്ഞുപൂച്ചപോലൊരു കവിതയെന്നു്
ഉള്ളു് പരതുകയായിരുന്നു.
മയക്കംവിട്ടുണരവെ
കഴുത്തിലുരുമ്മി
ചെവിയിലിക്കിളികൂട്ടി
മൂക്കിലുമ്മവെച്ചു്
കുഞ്ഞുപൂച്ച ചോദിച്ചു:
“എന്നോടു് കൂട്ടാകാമോ…”
ഞാനെഴുന്നേറ്റു.
എടുത്തുമടിയിലിരുത്തി.
മതിവരുവോളം ലാളിച്ചു.
പാട്ടുമൂളിക്കൊടുത്തു.
2.
വീണ്ടുമൊരു
രാവഞ്ചി തുഴഞ്ഞു കടവിലടുത്തു.
തിരക്കിട്ടുണർന്നപ്പോൾ
മുറിയിലാകെ വീണുകിടക്കുന്നു
കറുപ്പു് ചാർത്തിയ മഞ്ഞനിറം.
മൂലയ്ക്കിരുപ്പുണ്ടു്
ഇന്നലത്തെ പൂച്ച.
പുലിയായ് മുതിർന്നിരിക്കുന്നു.
എനിക്കൊപ്പം മൂരിനിവർത്തി
സൗമ്യമായി സുപ്രഭാതം ആശംസിച്ചു്
വേദനയോടെ ചോദിച്ചു:
“എനിക്കു് ഭക്ഷണമാകാമോ…”
കവി. ലേഖകൻ. ഗവേഷകൻ.
കവിതാസമാഹാരങ്ങൾ: ഡിഫറാൻസ്, പ്രതിഭാഷ ബ്ലോഗ് കവിതകൾ (എഡി.), മണ്ണൊരുക്കം.