“ആസ്തികനായ ദൈവം” എന്ന എന്റെ ഈ പുസ്തകത്തിന്റെ രചനയ്ക്ക്, നാസ്തികനും എഴുത്തുകാരനും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അദ്ധ്യാപകനുമായ സി.രവിചന്ദ്രനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. റിച്ചാർഡ് ഡോക്കിൻസിന്റെ (Richard Dawkins) പ്രശസ്ത കൃതിയായ ‘ദൈവ വിഭ്രാന്തി’യെ (The God Delusion) ആസ്പദമാക്കി രവിചന്ദ്രൻ എഴുതിയ ‘നാസ്തികനായ ദൈവവും’, അദ്ദേഹത്തിന്റെ തന്നെ ഡോക്കിൻസിന്റെ ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം’ (The Great Show on Earth) എന്ന പുസ്തകത്തിന്റെ വിവർത്തനവും, 2013 ജൂലൈ ലക്കം ‘പച്ചക്കുതിര’യിൽ ഞാനും രവിചന്ദ്രനും തമ്മിലുണ്ടായ തർക്കവുമാണു് ഈ പുസ്തകത്തിനു് പ്രചോദനമായതു്.
ഞങ്ങൾ തമ്മിൽ നടന്ന സംവാദത്തിലെ വിഷയം ‘ദൈവാസ്തിത്വ’മായിരുന്നു. രവിചന്ദ്രൻ സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരനല്ലെന്നാണു് സംവാദത്തിൽ തെളിഞ്ഞു കണ്ടതു്. അദ്ദേഹം ബ്രിട്ടീഷ് പരിണാമശാസ്ത്രജ്ഞനും ശാസ്ത്രസാഹിത്യകാരനും ഓക്സ്ഫോർഡ് സർവകലാശാലയിലെ ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്ന റിച്ചാർഡ് ഡോക്കിൻസിന്റെ (1941) ആശയങ്ങളുടെ തടവറയിലാണെന്നാണു് എനിക്ക് ബോദ്ധ്യമായതു്. നാസ്തികരുടെ പോപ്പാണു് ഡോക്കിൻസ്. നാസ്തികതയെ ഒരു ചരക്കാക്കി കച്ചവടം ചെയ്തു് പണവും പ്രശസ്തിയും നേടിക്കൊണ്ടിരിക്കുകയാണു് അദ്ദേഹം. ക്രിസ്തുമതത്തിന്റെ ദൈവശാസ്ത്രവീക്ഷണങ്ങൾക്കെതിരാണു് അദ്ദേഹത്തിന്റെ കൃതികൾ. ആധുനികോത്തര ഭൗതികം, ന്യൂറോശാസ്ത്രം, മനശ്ശാസ്ത്രം എന്നിവയിലെ നൂതനപ്രവണതകളൊന്നും അദ്ദേഹം പഠനവിധേയമാക്കുന്നില്ല. ആധുനികശാസ്ത്രലോകം ഭാഗികമായി മാത്രം അംഗീകരിച്ചിട്ടുളള ക്ലാസിക്കൽ ഡാർവിനിസത്തിന്റെ ആരാധകനാണു് അദ്ദേഹം. പൗരസ്ത്യദർശനങ്ങളിൽ തികച്ചും അജ്ഞനാണു് ഡോക്കിൻസെന്നു് അദ്ദേഹത്തിന്റെ കൃതികൾ തന്നെ വെളിപ്പെടുത്തുന്നു. ആയുർവേദം പോലുളള ചികിത്സാസമ്പ്രദായങ്ങളെ അശാസ്ത്രീയം, കപടം എന്നൊക്കെയാണു് അദ്ദേഹം വിശേഷിപ്പിക്കുന്നതു്. അന്ധൻ അന്ധനെ നയിക്കുന്നതുപോലെയാണു് രവിചന്ദ്രൻ റിച്ചാർഡ് ഡോക്കിൻസിനെ മലയാളത്തിലേക്ക് ആനയിക്കുന്നതു്.
എന്റെ ലോകവീക്ഷണം പോലെയല്ല മറ്റൊരാളിൻറേതു്. ഓരോരുത്തർക്കും അവരവരുടെ വിശ്വാസത്തിന്റെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ വ്യത്യസ്തവീക്ഷണങ്ങളുണ്ടായിരിക്കും. അവരവരുടെ വീക്ഷണം യഥാർത്ഥമാണെന്നു് ഓരോരുത്തരും കരുതുന്നു. വ്യക്തികൾക്കെന്നപോലെ ഓരോ ജനസമൂഹത്തിനും വ്യത്യസ്തമായ വിശ്വാസങ്ങളും അചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ബൈബിളിലെ പഴയ നിയമത്തിൽ മൃഗബലി ദൈവകോപത്തെ ശമിപ്പിക്കുന്നു. മൃഗബലി ഇന്നും ദേവപ്രീതിക്ക് നല്ലതാണെന്നു് വിശ്വസിക്കുന്നവരുണ്ട്. പുരാതന ഭാരതീയർക്കും ഗ്രീക്കുകാർക്കും റോമാക്കാർക്കും അഗ്നി, വായു, സമുദ്രം, കാമം, സൗന്ദര്യം എന്നിവയെ പ്രതിനിധീകരിക്കുന്ന ദേവീദേവന്മാരുണ്ടായിരുന്നു. ഭാരത്തിലെ പുണ്യനദികളായ ഗംഗയും യമുനയും ദേവിമാരാണ്. ഭൂമി ദേവിയാണ്. നദീപൂജയും ഭൂമി പൂജയും ഇന്നും എല്ലായിടത്തും വ്യാപകമാണ്.
വ്യക്തികളുടെയും സമൂഹത്തിന്റെയും ലോകവീക്ഷണങ്ങൾ തമ്മിൽ എക്കാലത്തും ഏറ്റുമുട്ടിയിട്ടുണ്ട്. ഭാരതത്തിൽ വൈദികകാലത്തെ വിശ്വാസപ്രമാണങ്ങളെ നിഷേധിച്ച് ശ്രീബുദ്ധൻ ബുദ്ധമതവും മഹാവീരൻ ജൈനമതവും സ്ഥാപിച്ചു. ഭാരതീയ ആസ്തികദർശനങ്ങൾക്കെതിരെ പ്രതിഷേധശബ്ദം ഉയർത്തിയവരായിരുന്നു ചാർവ്വാകൻമാർ. ക്രിസ്തുവും മുഹമ്മദ് നബിയും അവരവരുടെ കാലത്തെ വ്യവസ്ഥാപിതചിന്തകൾക്കെതിരെ കലഹിച്ചവരായിരുന്നു. സ്വന്തം വിശ്വാസം ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച മഹാനായ ഗ്രീക്ക് തത്ത്വജ്ഞാനിയായിരുന്നു സോക്രട്ടീസ് (ക്രി. മു. 399). അദ്ദേഹം അഥീനിയക്കാരുടെ ദൈവങ്ങളെ അംഗീകരിക്കുന്നില്ലെന്നും ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നുവെന്നുമുളള ആരോപണങ്ങൾ മൂന്നു് അഥീനിയൻ പൗരന്മാർ ഭരണാധികാരികളുടെ മുന്നിൽ അവതരിപ്പിച്ചു. അക്കാലത്തു് ഗ്രീക്കുകാരുടെ ദൈവങ്ങളെ ആരാധിക്കാതിരിക്കുന്നതിനുളള ശിക്ഷ മരണമായിരുന്നു. വിചാരണയ്ക്കിടയിൽ സോക്രട്ടീസ് അദ്ദേഹത്തിന്റെ വീക്ഷണം മാറ്റാൻ തയ്യാറായില്ല. അദ്ദേഹത്തിനു് മരണശിക്ഷ വിധിക്കപ്പെട്ടു. സോക്രട്ടീസിന്റെ ശിഷ്യനായിരുന്ന പ്ലേറ്റോ തന്റെ ഗുരുവിനു നൽകിയ ശിക്ഷയിൽ പ്രതിഷേധിച്ചുകൊണ്ട് പറഞ്ഞു. “എന്റെ അവസാനശ്വാസം വരെ ഞാൻ എന്റെ ഗുരുനാഥന്റെ തത്ത്വചിന്തയുമായി മുന്നോട്ടുപോകും”.
ദൈവം മിഥ്യയോ സത്യമോ? എന്ന ചോദ്യത്തിനു് ഉത്തരം തേടാനുളള എളിയ ശ്രമമാണു് ഞാൻ ഈ പുസ്തകത്തിൽ നടത്തുന്നതു്. ആസ്തികതയും നാസ്തികതയും തമ്മിലുളള തർക്കങ്ങൾ ഇതിൽ പ്രതിപാദ്യവിഷയമായിട്ടുണ്ട്. ആത്മീയതയും ശാസ്ത്രവും തമ്മിലുളള യോജിപ്പും വിയോജിപ്പും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു. ആധിനുകഭൗതികത്തിലെ പുതിയ സിദ്ധാന്തങ്ങളിൽനിന്നും രൂപം കൊണ്ട ചിന്തകൾ ദ്രവ്യത്തിന്റെ (Matter) അസ്തിത്വത്തെ നിഷേധിക്കുന്നു. ഭൗതികവാദവും നാസ്തികതയും ദുർബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ യുക്തിവാദത്തിന്റെ പരിമിതി ശാസ്ത്രലോകത്തിനു് ബോദ്ധ്യപ്പെട്ടുതുടങ്ങിയിരുന്നു. ഭൗതികവാദമനുസരിച്ച് നമുക്ക് ചുറ്റുമുളള എല്ലാ വസ്തുക്കളും പ്രതിഭാസങ്ങളും ഭൗതികമാണ്. ഭൗതികവാദിക്ക് പ്രപഞ്ചം, സൂര്യൻ, ഭൂമി, വിവിധ ജൈവ-ഭൗതിക - സാമൂഹികപ്രതിഭാസങ്ങൾ തുടങ്ങിയവ ഭൗതികമാണ്. ഇതെല്ലാം വസ്തുനിഷ്ഠമായി അയാളുടെ ബോധത്തെ ആശ്രയിക്കാതെ നിലകൊളളുന്നു. ദ്രവ്യം കൊണ്ടാണു് പദാർത്ഥങ്ങൾ നിർമ്മിച്ചിരിക്കുന്നതു്. പദാർത്ഥങ്ങൾ കൊണ്ടുണ്ടായതാണു് വസ്തുക്കൾ. ഭൗതികവാദിക്ക് ദ്രവ്യം ശാശ്വതമാണ്. അതു് സൃഷ്ടിക്കപ്പെട്ടതോ മറ്റേതെങ്കിലും ശക്തിയിൽ നിന്നും രൂപം കൊണ്ടതോ അല്ല. ബോധം ദ്രവ്യത്തിന്റെ സവിശേഷഗുണമാണ്. അവർക്ക് പ്രപഞ്ചത്തിൽ ദ്രവ്യമല്ലാതെ മറ്റൊന്നുമില്ല. അതാണു് പരമയാഥാർത്ഥ്യം. പ്രപഞ്ചം അനന്തമാണ്. ഈ കാഴ്ചപ്പാട് പ്രാചീനഭൗതികവാദത്തിന്റെയും യൂറോപ്യൻ ക്ലാസിക്കൽ ഭൗതികവാദത്തിന്റെയും തുടർച്ചയാണ്.
ഈ പുസ്തകത്തിന്റെ അന്തർധാര വേദാന്തദർശനമാണ്. തത്ത്വശാസ്ത്രം എന്ന പദം പാശ്ചാത്യമാണ്. ഭാരതത്തിൽ ‘ദർശനം’ എന്ന വാക്കാണു് ഉപയോഗിക്കുന്നതു്. നേരിട്ടനുഭവിക്കുക എന്നാണതിന്റെ അർത്ഥം. നേരിട്ടനുഭവിക്കുകയെന്നു വച്ചാൽ ഇന്ദ്രീയങ്ങളിലൂടെയോ മനസ്സിലൂടെയോ, ബുദ്ധിയിലൂടെയോ ഉളള അനുഭവമല്ല. അവയുടെയെല്ലാം പരിധിക്കപ്പുറമുളളതാണതു്. പാശ്ചാത്യതത്ത്വചിന്ത ബൗദ്ധികപ്രവർത്തനവും; ദർശനം ബുദ്ധിക്കതീതമായ അനുഭവവുമാണ്. ഭാരതീയദർശനത്തെ തത്ത്വശാസ്ത്രമായി കാണുന്നതു് ചരിത്രപരമായും സിദ്ധാന്തപരമായും തെറ്റാണ്. ഭാരതീയ ഋഷിവര്യന്മാരെ സോക്രട്ടീസിനെയോ കാൻറിനെയോ ഹെഗലിനെയോ മാർക്സിനെയോ പോലുളള തത്ത്വചിന്തകൻമാരായി കാണുന്നതു് ശരിയല്ല. പാശ്ചാത്യതത്ത്വശാസ്ത്രത്തിലെ ആത്മീയവാദം - ഭൗതികവാദം എന്ന യുഗ്മം ഭാരതീയദർശനത്തിലില്ല. അവരുടെ വസ്തുനിഷ്ഠതയും ആത്മനിഷ്ഠതയും ഭാരതീയർക്കില്ല.
ആത്മീയം ഭൗതികം എന്ന വേർതിരിവുകൾ ഭാരതീയദർശനത്തിനില്ല. അവ തമ്മിൽ വിഭജിതവുമല്ല. ദ്രവ്യത്തിന്റെ അതിസൂക്ഷ്മരൂപമാണു് ആത്മാവ്. ആത്മാവിന്റെ സ്ഥൂലരൂപമാണു് ദ്രവ്യം. ശരീരവും ആത്മാവും വ്യതിരിക്തങ്ങളല്ല. അവ ഒരേ വിശേഷത്തിന്റെ രണ്ടു ധ്രുവങ്ങളാണ്. ആത്മാവിന്റെ ദൃശ്യമായ ഭാഗം ശരീരം എന്നറിയപ്പെടുന്നു. ശരീരത്തിന്റെ അദൃശ്യമായ ഭാഗത്തെ ആത്മാവ് എന്നു് വിളിക്കപ്പെടുന്നു. ദൈവവും പ്രകൃതിയും വ്യതിരിക്തമായ ഉണ്‍മകളല്ല. ദൈവവും പ്രകൃതിയും തമ്മിൽ യാതൊരു സംഘർഷവുമില്ല. പ്രകൃതി ദൈവത്തിന്റെ സ്ഥൂലവശമാണ്. ദൈവം പ്രകൃതിയുടെ സൂക്ഷ്മവശവും. പ്രകൃതി തന്നെയാണു് അതിന്റെ വിലയനത്തിൽ ഒരു സൂക്ഷ്മപ്രക്രിയയിലൂടെ ദൈവമായി തീരുന്നതു്. ദൈവം തന്നെയാണു് അവന്റെ അഭിവ്യക്തമാകലിന്റെ ഒരു സൂക്ഷ്മപ്രക്രിയയിലൂടെ പ്രകൃതിയായി തീരുന്നതു്. പ്രകൃതി അഭിവ്യക്തമായ ദൈവമാകുന്നു. ദൈവം അനഭിവ്യക്തമായ പ്രകൃതിയാകുന്നു. രണ്ടാമതൊന്നില്ലാത്ത ഒന്നു് എന്ന തത്ത്വത്തിന്റെ അർത്ഥം അതാണ്. ഇതാണു് ഭാരതീയന്റെ ഉദാത്തമായ അദ്വൈതദർശനം. ഇതാണു് ഭാരതീയന്റെ ആത്മീയത. മനുഷ്യനും പ്രകൃതിയും ദൈവവും ഒന്നാണെന്ന അവബോധം വൃഷ്ടിയും, സമഷ്ടിയും ഒന്നാണെന്ന ദർശനം. ഇതാണു് ‘ആസ്തികനായ ദൈവ’ത്തിന്റെ ദർശനവും. 1 ശാസ്ത്രമെന്ന പദം കൊണ്ട് നാം അർത്ഥമാക്കുന്നതു് പ്രപഞ്ചത്തെ കുറിച്ചുളള വ്യവസ്ഥാപിതമായ അറിവ് എന്നാണ്. ശാസ്ത്രജ്ഞൻമാർ ദൂരദർശിനികൾ, സൂക്ഷ്മദർശിനികൾ, സ്പെക്ടോസ്കോപ്പുകൾ, കണികാത്വരകങ്ങൾ, കമ്പ്യൂട്ടറുകൾ എന്നീ ശാസ്ത്രസാങ്കേതികോപകരണങ്ങൾ ഉപയോഗിച്ച് അറിവു നേടുന്നു. ഇങ്ങനെ നേടുന്ന അറിവുകളെ ഗണിതസൂത്രങ്ങളിലൂടെ സിദ്ധാന്തങ്ങളായി അവതരിപ്പിക്കുന്നു. ശാസ്ത്രത്തിന്റെ അന്വേഷണം ബാഹ്യപ്രപഞ്ചത്തിലാണ്. കണം മുതൽ പ്രപഞ്ചം വരെയുളളതെല്ലാം അതിന്റെ അന്വേഷണപരിധിയിൽ വരുന്നു. ഇതെല്ലാം ഇന്ദ്രിയപരിധിയിലുളളതാണ്. എന്നാൽ ഇന്നു് ഇന്ദ്രിയാതീതമായ കാര്യങ്ങളെ കുറിച്ചും അന്വേഷിക്കാൻ ശാസ്ത്രം നിർബന്ധിതമായിരിക്കുന്നു. ക്വാണ്ടം ബലതന്ത്രത്തിൽ നിരീക്ഷകനും നിരീക്ഷിതവസ്തുവും വേറിട്ടതല്ല. ഭാരതീയ ആത്മീയതയുടെ കാഴ്ചപ്പാടിലും ദൃക്കും ദൃശ്യവും ഒന്നാണ്. ദ്രവ്യത്തിന്റെ അസ്തിത്വത്തെ ക്വാണ്ടം ബലതന്ത്രം ചോദ്യം ചെയ്യുന്നു. പ്രപഞ്ചത്തിലെ എല്ലാ കണങ്ങളും പാരസ്പരബന്ധമാണെന്നാണു് ക്വാണ്ടം കെട്ടുപിണയൽ (quantum entaglement) എന്ന പ്രതിഭാസം തെളിയിക്കുന്നതു്. പ്രപഞ്ചത്തിലെ എല്ലാറ്റിനും ആധാരമായ ഒരു അദൃശ്യയാഥാർത്ഥ്യം ഉണ്ടെന്നാണു് ഇതു് വ്യക്തമാക്കിയതു്. ക്വാണ്ടം ഭൗതികജ്ഞനായ ഡോ. ഡേവിഡ് ബോം പറഞ്ഞു. “സ്ഥലകാലത്തിൽ സംഭവിക്കുന്നതെല്ലാം സ്ഥലകാലാതീതമായ അസ്ഥാനീയ യാഥാർത്ഥ്യത്തിൽ നിന്നുളളതാണ്.” ജ്യോതി ഭൗതികജ്ഞനായിരുന്ന ജെയിംസ് ജീൻസ് എഴുതി. “പ്രപഞ്ചത്തെ ഒരു മഹായന്ത്രമായിട്ടല്ല ഒരു മഹാചിന്തയായിട്ടാണു് കാണേണ്ടതു്.” ആധുനികോത്തര ശാസ്ത്രചിന്തകളും ആത്മീയതയും തമ്മിൽ വൈരുദ്ധ്യമില്ല. ക്വാണ്ടം നാണയത്തിന്റെ രണ്ടുവശങ്ങളാണു് ആത്മീയതയും ശാസ്ത്രവും. 1 പ്രപഞ്ചം, ജീവൻ, മനസ്സ് എന്നീ മൂന്നു ഭാഗങ്ങളുണ്ട് ഈ പുസ്തകത്തിന്. ഞാൻ ഇവയുടെ രഹസ്യം ആധുനികോത്തരശാസ്ത്രദർശനങ്ങളുടെയും ഭാരതീയദർശനങ്ങളുടെയും വെളിച്ചത്തിൽ തേടുകയാണ.് പ്രപഞ്ചം എന്ന ഭാഗത്തു്. അതു് എവിടെനിന്നു വന്നു, അതിന്റെ സ്വഭാവം എന്തു്. അതു് പരിണമിച്ചതാണോ, കാലം എന്താണു് എന്നീ കാര്യങ്ങളാണു് പരിശോധിക്കുന്നതു്. ജീവൻ എന്ന ഭാഗത്തു് ജൈവപരിണാമം, ജനിതകം, ജീവോത്പത്തി എന്നിവ പഠനവിധേയമാക്കുന്നു. മൂന്നാം ഭാഗമായ മനസ്സിലേക്ക് പ്രകാശം ചൊരിയുന്നതു് നവമനഃശാസ്ത്രവും ന്യൂറോശാസ്ത്രവുമാണ്. ദൈവം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നതു് സ്വർഗ്ഗസ്ഥനായ ഒരു പ്രപഞ്ചനാഥനെയല്ല. അതു് പ്രപഞ്ചത്തിലും അതിനപ്പുറവുമുളള ദിവ്യചേതനയാണു്, ചൈതന്യമാണു്, ശുദ്ധബോധമാണ്. അതിനെ ‘ഉപനിഷത്തുക്കൾ’ ‘പ്രജ്ഞാനം ബ്രഹ്മ’ എന്നും ‘സർവം ഖല്വിദം ബ്രഹ്മ’ എന്നും ‘സച്ചിദാനന്ദം ബ്രഹ്മ’ എന്നും നിർവചിച്ചിരിക്കുന്നു. ഈ മഹാവാക്യങ്ങളെ നവശാസ്ത്രചിന്തകളുടെയും ഉപനിഷദ് ദർശനങ്ങളുടെയും അടിസ്ഥാനത്തിൽ മനനം ചെയ്താൽ ദൈവം ആസ്തികനാണെന്നു് നമുക്ക് ബോദ്ധ്യമാകും.