കക്കാട് എന്ന അയൽനാട്ടിലെ കൂട്ടുകാരോടു് കാരശ്ശേരിക്കാരായ ഞങ്ങൾക്കു് ഇഷ്ടമല്ല, ഈറയായിരുന്നു എന്നതാണു് കുട്ടിക്കാലത്തെ എന്റെ ഏറ്റവും പഴയ ഓർമ്മ. ‘കക്കാടമ്മക്കാർ’ എന്നു് ശകലം പുച്ഛത്തിലാണു് ഞങ്ങൾ പറഞ്ഞിരുന്നതു്. അങ്ങനെ പറയാൻ ഞങ്ങൾക്കു് ധാരാളം അവസരവും കിട്ടിയിരുന്നു. അവരുടെ നാട്ടിൽ എൽ. പി. സ്കൂളേയുള്ളു. നാലാം ക്ലാസ്സ് പാസ്സായാൽ പിന്നെ യു. പി.-യിൽ ചേരാൻ അവർക്കു് കാരശ്ശേരിയിൽ വരണം. പോസ്റ്റാപ്പീസ് കാരശ്ശേരിയിലേയുള്ളൂ. നല്ല നല്ല മസാലപ്പീടികകളും ചായമക്കാനികളും കാരശ്ശേരിയിലാണു്. ആ പീടികകളിലധികവും നടത്തിയിരുന്നതു് കക്കാടമ്മക്കാരാണു്. നെടുംകണ്ടത്തിൽ മാമുകാക്കയുടെ ചായമക്കാനിയും ടി. പി. സി. മുഹമ്മദിന്റെ മസാലപ്പീടികയുമായിരുന്നു അക്കൂട്ടത്തിൽ പ്രധാനം. നേരം അസറു് താന്നാൽ ചായകുടിക്കാനും സാധനം വാങ്ങാനും ഒക്കെയായി കക്കാടമ്മക്കാർ ഞങ്ങളുടെ നാട്ടിൽ വരും. ‘വിദേശി’കളായ കക്കാടമ്മകാർക്കു് ഈ വരവിനു് വടക്കോട്ടു് അഞ്ചുമിനുട്ടിൽ താഴെയേ നടക്കേണ്ടൂ… അത്ര അടുത്താണു് കക്കാടും കാരശ്ശേരിയും. കുന്നത്തെ മരപ്പാലം കടക്കുകയേ വേണ്ടൂ.
കക്കാടമ്മക്കാരിൽ ചിലർ വൈകുന്നേരം ചെലവഴിച്ചിരുന്നതു് തെക്കോട്ടു് നടന്നു് കോട്ടമ്മൽ അങ്ങാടിയിലാണു്. അവരെ ഞങ്ങൾ കണക്കിൽ കൂട്ടിയിരുന്നില്ല. അപ്പോൾ പിന്നെ എന്തിനും ഏതിനും ഞങ്ങളെ ആശ്രയിച്ചുകൂടുന്ന ഒരു കൂട്ടരാണു് കക്കാടമ്മക്കാർ എന്നു് വിചാരിച്ചതിൽ തെറ്റില്ലല്ലോ. ഇതു് ഞങ്ങൾക്കു് വലിയ അന്തസ്സല്ലേ?
ഈ കണക്കിലാണെന്നു് വിചാരിച്ചാൽ മതി, കുട്ടിക്കാലത്തു് ഞങ്ങൾ കടക്കാടമ്മക്കാരുമായി തല്ലുംപിടി ഉണ്ടാക്കിയിരുന്നു. കക്കാടും കാരശ്ശേരിയും തമ്മിൽ ഫുട്ബോൾ മാച്ചു് നടക്കുമ്പോഴോ, മുക്കത്തോ ചേന്ദമംഗല്ലൂരിലോ സൈക്കിൾ ചവിട്ടുന്നതു് പഠിക്കാൻ ഒത്തുകൂടേണ്ടി വരുമ്പോഴോ, പൂളാൻപാറയിലേയോ ചീപ്പാൻകുഴി കടവിലോ കുളിക്കുമ്പോഴോ ഒക്കെയാണിതു്. ആ ചെറുസംഘട്ടനങ്ങളിൽ ജയിച്ചുപോന്നതു് എപ്പോഴും ഞങ്ങളാണു് എന്നു് വിശേഷിച്ചു് പറയേണ്ടതില്ലല്ലോ!
ഈ ചൊറിച്ചിലിൽ ശകലം മതവും ഉണ്ടു്, കെട്ടോ. ഞങ്ങളുടെ നാട്ടുകാരെല്ലാം ശുദ്ധസുന്നികളാണു്. അതായതു് മരിച്ചുചെന്നാൽ നാളെ ആഖിറത്തിൽ സ്വർഗ്ഗപൂങ്കാവനം കിട്ടുന്ന വർഗ്ഗം. കക്കാടമ്മക്കാരിൽ കുറച്ചു് വഹാബികളുണ്ടു്. അതായതു് മരിക്കേണ്ട താമസം, നേരെ കുത്തനെ നരകത്തിലേക്കു് പോകുന്ന വർഗ്ഗം. നേരായ മാർഗ്ഗത്തിൽ നിന്നു് പിഴച്ചു് വഴികേടിലായിപ്പോയ കൂട്ടർ. അവരുടെ വലിയൊരു ആലിം ആയ ശൈഖ് മുഹമ്മദ് മൗലവിയുടെ നാടാണു് കക്കാട്. അപ്പോൾ പിന്നെ ഞങ്ങൾ അവരെ വിലവെയ്ക്കേണ്ട കാര്യമില്ല. ആഖിറത്തിൽ നരകാവകാശികളാണു്; എങ്കിൽ പിന്നെ ദുനിയാവിൽ കുറച്ചു് പരിഗണന കൊടുത്തു് കളയാം എന്ന സദ്ബുദ്ധി ഞങ്ങൾക്കു് പോയതുമില്ല.
ഇതിനിടയിലാണു് ഒരു ഞെട്ടിക്കുന്ന സത്യം ഞങ്ങൾ തിരിച്ചറിഞ്ഞതു്. മുക്കം, കൊടിയത്തൂർ, ചേന്ദമംഗല്ലൂർ, ചെറുവാടി, പന്നിക്കോട് തുടങ്ങിയ ‘വിദേശ’ങ്ങളിൽ ഞങ്ങളേയും ‘കക്കാടമ്മക്കാർ’ എന്നാണു് പറയുന്നതു്. ഞങ്ങൾ വളരെ അന്തസ്സു് കൂടിയ കാരശ്ശേരിക്കാരാണു്. അതാരും വിലവെയ്ക്കുന്നില്ല. അവരേയും ഞങ്ങളേയും കൂട്ടിയാണു് ‘കക്കാടമ്മക്കാർ’ എന്ന പറച്ചിൽ.
ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണു് രണ്ടു പ്രധാന സംഗതികൾ എന്റെ ശ്രദ്ധയിൽ വന്നതു്. ഒന്നു്: എത്രയോ കാലമായി ഞങ്ങൾ കക്കാട് മഹല്ലിലാണു് ജീവിച്ചതു്. അതായതു് കാരശ്ശേരിക്കാർ വളരെക്കാലം കക്കാട്ടിലെ കുന്നത്തു് പള്ളിയിലാണു് വെള്ളിയാഴ്ച ജുമുഅക്കു് പോയിരുന്നതു്. സ്വാഭാവികമായും മൺമറഞ്ഞുപോയ ഞങ്ങളുടെ ബാപ്പ ഉപ്പാപ്പമാരേയും കാക്ക കാരണവന്മാരേയും ഖബറടക്കിയിരുന്നതു് മനോഹരമായ മിമ്പറുള്ള ആ പള്ളിക്കു ചുറ്റുമാണു്. രണ്ടു്: ഞങ്ങൾ കക്കാട് വില്ലേജുകാരാണു്. അതായതു് ഞങ്ങളുടെ മേൽവിലാസം കക്കാട് അംശം, കാരശ്ശേരി ദേശം എന്നാണു്. കുറേക്കാലം പന്നിക്കോട് പഞ്ചായത്തിലും പിന്നീടു് കൊടിയത്തൂർ പഞ്ചായത്തിലും ഉൾപ്പെട്ട അംശം. ഈ ചരിത്രരഹസ്യങ്ങൾ വെളിപ്പെട്ടതോടെ ഞങ്ങളുടെ അന്തസ്സിന്റെ കൊടി ശകലം താഴ്‌ന്നു. എങ്കിലും അതു് പുറമേയ്ക്കു് ഭാവിച്ചില്ല. അങ്ങനെ വിട്ടുകൊടുത്താൽ നന്നോ?
ഇതിലും വലിയ സംഗതികൾ വേറെ കിടപ്പുണ്ടായിരുന്നു. കാരശ്ശേരി പുതിയ പള്ളിയിലെ ഖാസി കക്കാടമ്മക്കാരനായ ബിച്ചുണ്ണി മുസ്ല്യാരാണു്. കറകളഞ്ഞ സുന്നി. മൂപ്പരുടെ മക്കൾ അബ്ദുൽഅസീസ് മൗലവിയ്ക്കും മമ്മദ് മൗലവിയ്ക്കുമൊക്കെ ശകലം വഹാബിച്ചുവയുണ്ടെന്നു് കേട്ടിട്ടുണ്ടു്. പക്ഷേ, പെരുന്നാളിനു് ബാപ്പയുടെ പ്രതിനിധിയായി ഖുതുബ ഓതാൻ വരുന്ന മമ്മദ് മൗലവി അതൊന്നും ഭാവിക്കാറില്ല. അദ്ദേഹം ഭക്തിഭാവം കിനിയുന്ന മനോഹര ശബ്ദത്തിൽ കിത്താബു് നോക്കി ഖുതുബ ഓതും. കാരശ്ശേരി ജുമുഅത്തു് പള്ളിയിൽ ഖബറടക്കത്തിനു് തലഖീൻ ഓതിയിരുന്നതു് കക്കാടമ്മക്കാരനായ മഞ്ചറ മൊല്ലാക്കയാണു്. ഖബറിൽ ചോദ്യം ചോദിക്കാൻവേണ്ടി വന്നെത്താനിരിക്കുന്ന മുൻകർ, നകീർ എന്നീ മലക്കുകളോടു് മറുപടി പറയാൻ ആരെങ്കിലും തലഖീൻ ചൊല്ലിത്തരേണ്ടേ? അതില്ലാതെ എങ്ങനെയാണു് ആഖിറം വെളിച്ചമാവുന്നതു്? അതിനും ഞങ്ങൾക്കു് കക്കാടമ്മക്കാരൻ വേണം.
പിന്നെ കക്കാടമ്മക്കാരായ കക്കാടി ഹാജി, കമ്മുണ്ണി ഹാജി തുടങ്ങിയ കാരണവന്മാർ ഞങ്ങളുടെ നാട്ടിലും സ്ഥാനവും മാനവുമുള്ള മധ്യസ്ഥന്മാരും ന്യായസ്ഥന്മാരുമായിരുന്നു. കാരശ്ശേരിയിലെ സ്കൂൾ കൊണ്ടു നടത്തുന്നതിൽ കക്കാട് സ്വദേശി പാറക്കൽ ആലിക്കുട്ടിക്കാക്ക വലിയ പങ്കു വഹിച്ചിരുന്നതായി തലമുതിർന്നവർ പറഞ്ഞുകേട്ടിട്ടുണ്ടു്.
കക്കാടിലേക്കുള്ള എന്റെ ആദ്യകാല യാത്രകൾ അധികവും ബിച്ചുണ്ണി മുസ്ല്യാരെ തേടിയാണു്. ഉമ്മ പറഞ്ഞിട്ടാണു് ഞാൻ പോവുന്നതു്. പൈക്കു് കൊളമ്പു് ദീനം അല്ലെങ്കിൽ പൈക്കു് പാലു് കുറവു്, അതുമല്ലെങ്കിൽ വീട്ടിൽ വേലക്കു് നിന്നിരുന്ന ആയ്ച്ചാത്തക്കു് പനി തുടങ്ങി എന്തെങ്കിലും കേസുകൾ. ചികിത്സാകാരിയായ മുസ്ല്യാർ നൂലോ വെള്ളമോ മന്ത്രിച്ചുതരും. അതു് വീട്ടിലെത്തിക്കുന്നതോടെ എല്ലാ മുസീബത്തും തീരും. ഒരിക്കൽ എനിക്കൊരു വിട്ടുമാറാത്ത തലവേദന. ഉമ്മയുടെ ഉപദേശപ്രകാരം ഞാൻ ചെന്നു് മുസ്ല്യാരോടു് സങ്കടം പറഞ്ഞു. സംഗതി ഇത്തിരി കടുപ്പമാണെന്നു് മൂപ്പർക്കും തോന്നി. നൂലു് കൊണ്ടും വെള്ളം കൊണ്ടും നില്ക്കുന്ന ജാതിയല്ല. മൂപ്പരു് ഒരു ഇരുമ്പാണിയെടുത്തു് അതിന്റെ കൂർപ്പു് എന്റെ ഇടത്തേ ചെന്നിയിൽ തൊട്ടുവെച്ചുകൊണ്ടു് കണ്ണടച്ചു് ‘ഖുൽഹുവല്ലാഹു’ ഓതി. ഏഴുവട്ടമായപ്പോൾ കണ്ണു് തുറന്നു് ആണി എടുത്തു് തൊട്ടടുത്തുള്ള ജനലിൽ തറച്ചു. ആ നിമിഷം തലവേദന നിന്നു!
നിൽക്കാതെവിടെപ്പോവാനാണു്? ഉമ്മ പറഞ്ഞു് ഞാൻ കേട്ടിട്ടുണ്ടു്—ഖിലാഫത്തിനു് വെള്ളപ്പട്ടാളം വന്നു് വെടിവച്ചിട്ടു് മുസ്ല്യാരുടെ ബാപ്പക്കു് പറ്റിയിട്ടില്ല. എന്തുപറ്റിയെന്നോ? മൂപ്പരു് തോളത്തിടുന്ന മുണ്ടെടുത്തു് ഒന്നു കുടഞ്ഞു. അതോടെ ഉണ്ടകളെല്ലാം നാലുപാടും ചിതറി. മൂപ്പരു് കൈയും വീശി നടന്നു പോകുന്നതു കണ്ടു് വെള്ളപ്പട്ടാളം കുന്തം വിഴുങ്ങിയ മാതിരി നിന്നുപോയി. ആ ബാപ്പയുടെ മോനാണു്! വെറുതെയാണോ, കക്കാട്-കാരശ്ശേരി നാട്ടിലെങ്ങുമുള്ള വീട്ടുകാർ പയ്യിന്റെ ആദ്യത്തെ കറവ മുസ്ല്യാരകത്തേക്കു് കൊടുത്തയക്കുന്നതു്? അവർക്കൊക്കെ ബിച്ചുണ്ണി മുസ്ല്യാരെ അത്ര വിശ്വാസമാണു്.
പിന്നെയല്ലേ എനിക്കു് ഗുട്ടൻസ് പിടികിട്ടിയതു്! കക്കാടും കാരശ്ശേരിയും വേറെ വേറെ ‘രാജ്യ’ങ്ങളാണെന്നു് ഞങ്ങൾ കുറച്ചു് സ്കൂൾ കുട്ടികളല്ലാതെ ആരും വിചാരിക്കുന്നില്ല. കുടുംബബന്ധം, കെട്ടുബന്ധം, ചങ്ങാത്തം ഒക്കെയായി ഇവ രണ്ടും കൂടിക്കലർന്നാണു് കിടപ്പു്. അക്കരക്കാരും ഇക്കരക്കാരും പറയുമ്പോഴും അങ്ങനെയാണു്—“ഈ കക്കാട്-കാരശ്ശേരി നാട്ടിൽ” എന്നാണു് പ്രയോഗം. കാരശ്ശേരിക്കാർ പറയുമ്പോഴും ഇതേപോലെ കക്കാടിനെ മുന്തിച്ചാണു് പറയുക.
ഇതെനിക്കു് വീട്ടിലും അനുഭവപ്പെട്ടു. എല്ലാ കക്കാടമ്മക്കാരും ബാപ്പയുടെ ചങ്ങാതിമാരാണു്. കാരശ്ശേരിമുക്കിലെ അങ്ങാടിയിൽ വരുമ്പോഴോ മുക്കത്തേക്കു് പോവുമ്പോഴോ അവരിൽ പലരും വീട്ടിൽ കയറും. മഞ്ചറ അഹമ്മദുകുട്ടിക്കാക്ക, പാറക്കൽ ആലിക്കുട്ടി കാക്ക, കമ്മുണ്ണി ഹാജി, മഞ്ചറ അബു മാസ്റ്റർ, മഞ്ചറ ഹുസ്സയിനാക്ക തുടങ്ങി പലരും ബാപ്പയുടെ അടുത്ത ലോഹ്യക്കാരായിരുന്നു. അവർക്കൊക്കെ ആ വകയിൽ എന്നോടും വലിയ വാത്സല്യമായിരുന്നു. അങ്ങനെ സ്കൂൾ കാലം തൊട്ടേ ഞാൻ കക്കാടുകാർക്കു് വേണ്ടപ്പെട്ടവനായി.
കക്കാടിലെ പുതിയേടത്തു് ജബ്ബാർ അഞ്ചാം ക്ലാസ്സിൽ എന്റെ സഹപാഠിയായിരുന്നു. സ്നേഹശീലനായിരുന്ന ആ കൂട്ടുകാരൻ പേപ്പട്ടി കടിച്ചു് പേയിളകി മരിച്ചതു് കക്കാടിനെയും കാരശ്ശേരിയെയും ഒരുപോലെ പിടിച്ചു കുലുക്കി. ഞങ്ങൾ ആദ്യമായി പേയിളകി മരിച്ചതു് കാണുകയായിരുന്നു.
ആ മരണം മറ്റൊരു ബർമത നാട്ടിലുണ്ടാക്കി. ആ പട്ടി തൊട്ടു എന്നോ, മണത്തു എന്നോ, കടിച്ചു എന്നോ സംശയിച്ചു് പേടിച്ചവരൊക്കെ പന്നിക്കോട്ടെ നമ്പൂതിരിയുടെ പച്ചമരുന്നിന്റെ ഗുളിക കുടിച്ചു. ഇതു് കുടിച്ചാൽ പിന്നെ 24 മണിക്കൂർ നേരം ജലപാനം പാടില്ല. സമയം കഴിഞ്ഞാൽ കക്ഷികളെ പുഴക്കടവിൽ കൊണ്ടുവന്നിരുത്തി നാട്ടുകാർ 101 പാനി വെള്ളം ഒഴിക്കും. 101-ാമത്തെ പാനി കമഴ്ത്തുമ്പോൾ ആളു് വിറക്കും. വിറച്ചാൽ പിന്നെ പേയിളകില്ല. ചീപ്പാൻകുഴിക്കടവിലും പൂളാൻപാറയിലുമൊക്കെ ഇങ്ങനെ എത്രയോ പേർ വിറച്ചു! നായയെ തൊടുന്നതു് ഹറാമു് തന്നെ എന്നു് അന്നു് എല്ലാവർക്കും ബോധ്യമായി. ജബ്ബാർ ഒരു ദുഃഖസ്മരണയായി നിലകൊണ്ടു.
ഇതിനിടയിൽ മറ്റൊരു ചരിത്രസംഭവം കൂടിയുണ്ടായി—പൊന്നാനിയിലെ പുത്തൻപള്ളി ജാറത്തിൽ മറപെട്ടുകിടക്കുന്ന ശൈഖ് കക്കാടമ്മക്കാരനാണു് എന്ന സിർറ് എങ്ങനെയോ വെളിപ്പെട്ടു. സുന്നികളായ ഞങ്ങളുടെ വിശുദ്ധകേന്ദ്രങ്ങളിലൊന്നാണു് ആ ജാറം. ഭ്രാന്തടക്കമുള്ള ഏതു രോഗവും ശിഫയാക്കുന്ന ജാറത്തിന്റെ അത്ഭുതസിദ്ധികളിൽ വഹാബികൾക്കു് വിശ്വാസമില്ലെങ്കിലും ഞങ്ങൾക്കു് വിശ്വാസമാണു്. വിശ്വാസമില്ലാത്തവർക്കു് വേണമെങ്കിൽ ആ ശൈഖിന്റെ പോരിശ വിവരിക്കുന്ന ‘പുത്തൻപള്ളിമാല’ പാടിപ്പഠിക്കാം.
ആയിടക്കാണു് ഞാൻ കക്കാടുകാരനായ കെ. പി. ആറിനെ കുറിച്ചു കേട്ടതു്. മുഴുവൻ പേരു് അബൂബക്കർ എന്നാണു്. വലിയ പണക്കാരൻ. നേരത്തെ പറഞ്ഞ ജബ്ബാറിന്റെ ഇക്കാക്ക. ദൂരെ ദൂരെ ഏതോ നാട്ടിൽ മരക്കച്ചവടം. പ്രമാണിയാണു്. വളരെ ഉദാരൻ. കയ്യയച്ചു് കൂട്ടുകാരെയും നാട്ടുകാരെയും സഹായിക്കും. പരിഷ്കാരിയാണു്. അന്നത്തെ കാലത്തെ വില കൂടിയ ടെറിലിൻ ഷർട്ടേ ഇടൂ. കാൽസറായി എന്നു് അന്നു് നാട്ടുകാർ പറഞ്ഞിരുന്ന പാന്റ്സ് ആണു് സാധാരണ ഉടുക്കുന്നതു്. കാറിലാണു് നടത്തം. കത്തിരിമാർക്കു് സിഗരറ്റ് വലിക്കുന്ന നാട്ടിലെ ഒരേയൊരാൾ. കേട്ടുകേട്ടു് ഞാൻ ആളെ കാണാൻ മോഹിച്ചുപോയി. അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ കണ്ടു. വലിയൊരു പെട്ടിയും ചുമന്നു് മുമ്പിൽ ഒരു കൂലിക്കാരൻ. വെള്ള ടെറിലിൻ ഷർട്ടും കടുത്ത ബ്രൗൺ നിറമുള്ള കാൽസറായിയും ചുണ്ടിൽ പുകയുന്ന കത്തിരിമാർക്കുമായി പിറകിൽ കെ. പി. ആർ.! അതിനു പിന്നിൽ കൂട്ടുകാരുടെ ചെറിയൊരു സംഘം. എന്റെ വീടിനു മുമ്പിലൂടെ നാട്ടിലേക്കു് നടന്നു പോവുകയാണു്. മൂപ്പരു് പടിക്കൽ നിൽക്കുന്ന എന്നെനോക്കി ഒന്നു ചിരിച്ചു. എനിക്കു് വലിയ അന്തസ്സു തോന്നി.
അക്കാലത്തു് കക്കാടമ്മൽ നിന്നു് കാരശ്ശേരിയിൽ വന്നുപൊയ്ക്കൊണ്ടിരുന്ന ഗോശാല അഹമ്മദ്, പാറക്കൽ വീച്ചിണ്ണി തുടങ്ങിയവരുമായി ഉണ്ടായിരുന്ന ചങ്ങാത്തം കാരണം കെ. പി. ആറിന്റെ പൊടിപ്പും തൊങ്ങലും വെച്ച കഥകളും ഞാൻ കേട്ടിരുന്നു. കാരശ്ശേരിയിൽ ഒരു വീട്ടിലും അന്നു് റേഡിയോ ഇല്ല. വായനശാലയിൽ ഒരു പഞ്ചായത്തു് റേഡിയോ ഉണ്ടു്. അതാണെങ്കിൽ ഒരു പോത്തേക്കൻ സാധനമാണു്. കെ. പി. ആറാണു് ഞങ്ങളുടെ നാട്ടിൽ ആദ്യമായി കയ്യിൽ കൊണ്ടുനടക്കാവുന്ന ഒരു റേഡിയോ വാങ്ങിയതു്. കാരശ്ശേരിയിൽ പുതിയെടവൻ ആലിക്കുട്ടിയുടെ കല്യാണത്തിനു് അതുമായി കെ. പി. ആർ. വന്നതു് വലിയ സംഭവമാണു്. വലിച്ചു നീട്ടാവുന്നതും ചുരുക്കാവുന്നതുമായ ഏരിയലിന്റെ വെള്ളിത്തിളക്കം കണ്ടും ‘വിദേശ’ങ്ങളിൽ നിന്നു് മനുഷ്യൻ പാടുന്നതും പറയുന്നതും ഒക്കെ അപ്പപ്പോൾ കേട്ടും കാരശ്ശേരിക്കാർ അജബായിപ്പോയി. ആ ഏരിയൽ സൂത്രത്തിലൊന്നു് തൊട്ടുനോക്കിയപ്പോൾ തങ്ങിയ മിനുസം ഇപ്പോഴും എന്റെ വിരലിൽ ഉണ്ടു്. കാരശ്ശേരിയിലെ കമ്മുണ്ണി കാക്കയുടെ ചായമക്കാനിയിൽ നിന്നു് കുറിക്കല്യാണത്തിനു് വീണപ്പെട്ടിയുടെ പാട്ടുകേട്ടു് ഞങ്ങൾക്കു് ശീലമുണ്ടു്. പെട്ടിപ്പാട്ടിനു് റിക്കാർഡ് വെയ്ക്കണം. ഈ റേഡിയോവിനു് അതും കൂടി വേണ്ട. ചെവിയൊന്നു് പിടിച്ചു തിരിച്ചാൽ മതി! പിന്നെ കുറച്ചുകാലം ഞങ്ങൾക്കു് കളി അതായി: ആരെങ്കിലും ഒരുത്തന്റെ ചെവി പിടിച്ചുതിരിക്കും. അവൻ ഉടനെ പാട്ടു തുടങ്ങും.
പാട്ടിന്റെ കാര്യം പറഞ്ഞപ്പോഴാണു് ഓർത്തതു്. ഞങ്ങളുടെ വീടിനു മുമ്പിലുള്ള മുക്കിലെ പീടികയിലെ കച്ചവടക്കാരും ബീഡി തെരുപ്പുകാരുമായ കെ. സി. വി. കോയക്കക്കുട്ടികാക്കയും സഖാവു് കുട്ടിഹസ്സനാക്കയും ആണു് ഞാൻ ആദ്യം അടുത്തു പരിചയിച്ച കക്കാടമ്മക്കാർ. രണ്ടുപേരും മാപ്പിളപ്പാട്ടു് കമ്പക്കാരാണു്. ബീഡി തെരക്കുമ്പോഴും അല്ലാത്തപ്പോഴും അവർക്കു് മൂളിപ്പാട്ടുണ്ടു്. ഒരിക്കൽ അവരുടെ കൂടി ഉത്സാഹത്തിൽ മുക്കിലെ പീടികയിൽ രാത്രി ബദർപാട്ടു് പാടിപ്പറയുന്ന ഒരു പരിപാടിയുണ്ടായി. ഒരാഴ്ച മോയിൻകുട്ടി വൈദ്യരു ടെ പാട്ടാണു് പാടിയതു്. കുറ്റിപ്പുറത്തു് അബുവും മറ്റും പാടി ഒറുവിങ്ങൽ ബിച്ചിക്കോയ ഹാജി വിസ്തരിച്ചു് മഅ്ന പറഞ്ഞു. ഇടക്കിടെ എറക്കോടൻ കോയാൻട്ടിക്കാക്ക തർക്കം പറഞ്ഞുകൊണ്ടിരുന്നു.
ഇതിന്റെയെല്ലാം മധുരം നുണഞ്ഞുകൊണ്ടു് ഞാൻ നടക്കുന്ന കാലത്താണു് പഞ്ചായത്തു തെരഞ്ഞെടുപ്പു് വന്നതു്. കെ. പി. ആർ. കക്കാട്ടിൽ ലീഗ് സ്ഥാനാർത്ഥിയാണു്. മൂപ്പരു് മുസ്ലീം ലീഗുകാരനാണെന്നു് ഞാൻ അങ്ങനെയാണു് മനസ്സിലാക്കുന്നതു്. ഞങ്ങളുടെ കക്കാട്-കാരശ്ശേരി നാട്ടിൽ അന്നൊക്കെ പാവപ്പെട്ടവർ അധികവും ലീഗുകാരാണു്. ആ വകയിൽ ലീഗിനോടു് എനിക്കു് അനുഭാവം തോന്നിയിരുന്നു. അതിനേക്കാളൊക്കെ വലിയ കാര്യം: എന്റെ ‘ഹീറോ’ ആയ കെ. പി. ആർ. ജയിക്കണം! ഏഴാം ക്ലാസുകാരനായ ഞാൻ ഇടക്കും തലക്കുമൊക്കെ കക്കാടിൽ ചെന്നുനോക്കി—പ്രവർത്തനങ്ങളൊക്കെ ഉഷാറായി നടക്കുന്നില്ലേ?
ആ പോക്കിലാണു് കക്കാടിൽ ‘കെ. പി. സ്പോർട്സ് ആന്റ് ആർട്സ് ക്ലബ്ബ്’ എന്ന പേരിൽ ഒരു വായനശാലയും നലൊരു ഗ്രന്ഥശാലയും ഉണ്ടെന്നു് ഞാൻ കണ്ടുപിടിച്ചതു്. എന്തുമാത്രം പുസ്തകങ്ങൾ! അന്വേഷിച്ചപ്പോഴല്ലേ അറിയുന്നതു്—കെ. പി. ആർ. സ്ഥാപിച്ചതാണു്! ക്ലബ്ബിനു് സ്വന്തം പേരിട്ടതു് നന്നായില്ല എന്നു് ഞാൻ പറഞ്ഞപ്പോൾ പാറക്കൽ വീച്ചിണ്ണി പറഞ്ഞു തന്നു: കെ. പി. എന്നാൽ കക്കാട് പ്രദേശ്; അല്ലാതെ കെ. പി. ആറിന്റെ ഉൽപ്പന്നമല്ല.
ഞങ്ങളുടെ കാരശ്ശേരിയിൽ അന്നു് പേരിനൊരു വായനശാലയും ഗ്രന്ഥശാലയും ഉണ്ടു്—സർവ്വോദയ. ചന്ദ്രിക പത്രവുമുണ്ടാവും. പുസ്തകം മാത്രമില്ല. കക്കാടിലെ സ്ഥിതി അതല്ല. ധാരാളം ധാരാളം പുസ്തകങ്ങൾ! വായനക്കു് മോഹിച്ചു നടക്കുന്ന എനിക്കു് നിധി കിട്ടിയപോലെയായി. എടുത്തുതരാനും തിരിച്ചു വാങ്ങാനും അവിടെ ആളില്ല. ചെന്നിരുന്നു് വായിക്കാം. മതി, എനിക്കതുമതി. അവിടുത്തെ പുസ്തകങ്ങളൊക്കെ ഞാൻ വായിച്ചുതീർത്തു. ചങ്ങമ്പുഴയുടെ ‘രമണൻ’ വായിക്കുംമുമ്പേ അതിനു് പാരഡിയായി മിസ്സിസ് സുന്ദരം ബി. എ. എഴുതിയ ‘രമണി’ ഞാൻ വായിച്ചതു് അവിടെ വച്ചാണു്. ‘രമണി’യിലൂടെയാണു് ‘രമണൻ’ എന്നൊരു പുസ്തകമുണ്ടെന്നു് ഞാനറിഞ്ഞതു്. വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലും അവിടെ സ്ഥിരക്കാരനായ എന്നെ നോക്കി ഒരിക്കൽ മഞ്ചറ അബു മാസ്റ്റർ പറഞ്ഞു. “എടോ, വൈകുന്നേരായാ ഞങ്ങൾ കക്കാടമ്മക്കാരൊക്കെ കാരശ്ശേരീലാ, നീ കാരശ്ശേരീന്നു് കക്കാടമ്മലേക്കാ.”
സാഹിത്യത്തോടുള്ള എന്റെ ഭ്രമം തെഴുപ്പിച്ചതു് കക്കാടാണു്. എന്നെ ഒരു വായനക്കാരനാക്കിയതു് അവിടത്തെ ഗ്രന്ഥശാലയാണു്.
വൻ ഭൂരിപക്ഷത്തിനു് കെ. പി. ആർ. ജയിച്ചതു് എനിക്കൊരു ആഘോഷമായിരുന്നു. മൂപ്പർ വഹാബിയാണു് എന്ന ചരിത്രസത്യം ആ തിരക്കിനിടയിൽ ഞങ്ങൾക്കു് ഓർമ്മ വിട്ടുപോയിരുന്നു.
ചേന്ദമംഗല്ലൂർ ഹൈസ്കൂൾ തുടങ്ങിയ കൊല്ലം (1964) അവിടെ ചെന്നു് ചേർന്നതൊടെയാണു് കക്കാടിന്റെ സ്വഭാവം എനിക്കു് നേരിട്ടു് രുചിക്കാൻ കിട്ടിയതു്. ഞങ്ങൾ ‘ണ്ണി’ എന്നു് വിളിച്ചിരുന്ന മഞ്ചറ മുഹമ്മദ് ആയിരുന്നു എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ. സ്കൂളിലേക്കു് പോകുന്നതും മടങ്ങി വരുന്നതും ഒരുമിച്ചാണു്. ചീപ്പാൻകുഴിക്കടവു് കടന്നു് മംഗലശ്ശേരി കാട്ടിലൂടെയാണു് ആദ്യമൊക്കെ യാത്ര. പിന്നെ കണ്ടുംകടവത്തു് ആമിനാച്ചിയുടെ കടവു് കടന്നായി പോക്കു്. പഠിപ്പിലും കളിയിലും ഞങ്ങൾ എപ്പോഴും ഒന്നിച്ചായിരുന്നു. ഇണപിരിയാത്ത ഞങ്ങൾ സന്ധ്യാസമയത്തു് കക്കാടിലെ കണ്ടോളിപ്പാറയുടെ ഇളംചൂടിൽ മലർന്നു് കിടന്നു്, വിശാലമായ ആകാശത്തിലെ നക്ഷത്രങ്ങൾ നോക്കിയും ഇളംകാറ്റിന്റെ ആശ്ലേഷം അനുഭവിച്ചും യൗവ്വനാരംഭത്തിലെ സ്വപ്നങ്ങൾ കൂട്ടിക്കെട്ടി. പാറ അബ്ദുറഹിമാൻ, ടി. പി. സി. ഹുസൈൻ, തോട്ടത്തിൽ അഹമ്മദ്, മഞ്ചറ അഹമ്മദ് കുട്ടി, ചിങ്കിടി, ടി. പി. അബ്ദുറഹിമാൻ തുടങ്ങി കക്കാടുകാരായ കൂട്ടുകാർ ഒരുപാടുണ്ടായിരുന്നു. ഞങ്ങളുടെ വീടിനടുത്തു് കക്കാടമ്മക്കാരനായ കൊയലാക്ക ചായപ്പീടിക തുടങ്ങിയതു് ആ നാടിന്റെ മറ്റൊരു മുഖം എനിക്കു് കാണിച്ചു തന്നു. മൂപ്പരുടെ മകൻ ‘അഞ്ചു’ മൊട്ടത്തലയും കുപ്പായം എന്നൊന്നു് അറിഞ്ഞിട്ടുകൂടിയില്ലാത്ത മാറുമായി ഇളം പ്രായത്തിൽ നിർത്താതെ ജോലി ചെയ്തിരുന്നതു് എന്റെ ആദ്യകാല സ്മരണകളിൽ ചൂടാറാതെ കിടക്കുന്നു. അവരുടെ സ്നേഹത്തിലൂടെയാണു് ഞാൻ കക്കാടിനെ അറിഞ്ഞതു്.
ആ നാട്ടുകാരെപ്പറ്റി എനിക്കു് ശകലം ഈറ തോന്നിയതു് കക്കാട് പള്ളിത്തർക്കം മൂത്തപ്പോഴാണു്. പള്ളിയിൽ കൂട്ടത്തല്ലുണ്ടായി. സുന്നി-മുജാഹിദ് തർക്കം. പൊലീസ് വന്നാലേ ജുമുഅ നടത്താൻ പറ്റൂ എന്നായി. എത്രയോ കൊല്ലം മദ്രസ്സ പൂട്ടിക്കിടന്നു. റോട്ടിലെവിടെ നിന്നും അനേകസമയം ‘പ്രസംഗിക്കുന്ന’ ഉമ്മക്കയ്യ എന്ന സ്ത്രീ മാത്രമേ അതിനെപ്പറ്റി വാസ്തവത്തിൽ ബേജാറായിരുന്നുള്ളു. മുഷിഞ്ഞ മുഖമക്കനയും കള്ളിത്തുണിയും മാറത്തടുക്കിയ ഭാണ്ഡവും വെറ്റിലക്കറ ചോരുന്ന ചുണ്ടുകളുമായി പ്രായാധിക്യത്തിന്റെയും ഭ്രാന്തിന്റെയും മണ്ണിൽ നിന്നുകൊണ്ടു് വിരലുചൂണ്ടി അവർ പ്രസംഗിച്ചുകൊണ്ടേയിരുന്നു. ധാർമ്മികരോഷത്തിന്റെ ഉടലെടുത്ത രൂപം പോലെ പീടികക്കോലായകളിലും നിരത്തിലും കത്തിക്കാളിയിരുന്ന ആ സ്ത്രീരൂപത്തിൽ നിന്നു് പുറത്തേക്കു് വന്ന വ്യക്തിത്വം രൂപം പൂണ്ടതെങ്ങനെയെന്നു് എത്ര ആലോചിച്ചിട്ടും എനിക്കു് ഇന്നും പിടികിട്ടുന്നില്ല. ഞാനേറെ ശ്രദ്ധിച്ചിരുന്ന കക്കാടമ്മക്കാരത്തി എന്നും അവരായിരുന്നു. അവർക്കു് കുട്ടികളോടു വലിയ സ്നേഹമായിരുന്നു. മിഠായിയുമായി പിൽക്കാലത്തു് അവർ എന്റെ മക്കളെത്തേടിവന്നു. അവളെ ‘ചെറിയാള്വോ’ എന്നു് അരുമയോടെ വിളിച്ചു. ‘പിരാന്തൻ ചാച്ചിയെ’ കാണുന്നതു് എന്റെ മകൾക്കും വലിയ ഇഷ്ടമായിരുന്നു.
എം. എ.-യ്ക്കു് പഠിക്കുന്ന കാലത്താണു് കക്കാടിന്റെ സ്നേഹം മറ്റൊരു കോലത്തിൽ എന്നെത്തേടിവന്നതു്. ഞങ്ങളുടെ പ്രൊഫസർ, അഴീക്കോട് മാസ്റ്റർ ഒരു ദിവസം എന്നെ റൂമിലേക്കു് വിളിപ്പിച്ചു. അവിടെയിരിക്കുന്നു ഓറിയന്റൽ സ്റ്റഡീസിന്റെ ഡീൻ ആയ കക്കാടമ്മക്കാരൻ ശൈഖ് മുഹമ്മദ് മൗലവി! തന്റെ ചങ്ങാതിയുടെ മകൻ എം. എ.-ക്കു് ചേർന്നു എന്നതിന്റെ സന്തോഷത്തിൽ അദ്ദേഹം എന്നെ കാണാൻ വന്നിരിക്കുകയാണു്!!
കക്കാടമ്മക്കാരുമായി ഞങ്ങൾ ശരിക്കും ഇടഞ്ഞതു് ആശുപത്രി പ്രശ്നത്തിലാണു്. സർക്കാർ അനുവദിച്ച ആശുപത്രി കാരശ്ശേരിയിൽ വേണമെന്നു് ഞങ്ങൾ. കൊടിയത്തൂരിൽ വേണമെന്നു് അവിടത്തുകാർ. കക്കാടമ്മക്കാരിൽ ഒരുവിഭാഗം കൊടിയത്തൂർ അനുകൂലികൾ. ആ പ്രശ്നത്തിൽ ഞങ്ങൾ തോറ്റു. പക്ഷേ, ആ തർക്കത്തിന്റെ ഫലമായിട്ടാണു് കൊടിയത്തൂർ പഞ്ചായത്തു് വിഭജിച്ചു് കാരശ്ശേരി പഞ്ചായത്തു് ഉണ്ടായതു്. കക്കാട് വാർഡ് കാരശ്ശേരി പഞ്ചായത്തിലായി. ആദ്യത്തെ പ്രസിഡണ്ട് കെ. പി. ആർ! സാഹചര്യവശാൽ ഏതാനും മണിക്കൂർ നേരമേ മൂപ്പർക്കു് ആ കസേരയിൽ ഇരിക്കാൻ പറ്റിയുള്ളൂ—രാഷ്ട്രീയക്കളികളുടെ ഫലം.
കാലമെത്ര കഴിഞ്ഞുപോയി… എന്തെല്ലാം നടന്നു… ഇണക്കത്തിന്റെയും പിണക്കത്തിന്റെയും കിസ്സകൾ. നല്ലതും ചീത്തയുമായ അനേകം അനേകം കഥകൾ. കെ. പി. ആർ. സാമ്പത്തികമായി തകർന്നടിയുന്നതും ഞങ്ങൾ വേദനയോടെ കണ്ടുനിന്നു. മതവും രാഷ്ട്രീയവും ഗൾഫും എല്ലാം മറ്റനേകം പ്രദേശങ്ങളെ എന്നപോലെ കക്കാടിനേയും ആമ്പലം മറിച്ചുകളഞ്ഞു…
ഇന്നു് തിരിഞ്ഞു നോക്കുമ്പോൾ എനിക്കു് വ്യക്തമാകുന്നു: എന്നെ രൂപപ്പെടുത്തിയതിൽ കാരശ്ശേരിക്കെന്നപോലെ കക്കാടിനും പങ്കുണ്ടു്. കക്കാടമ്മക്കാരൻ എന്നു് എന്നെ വിളിച്ചിരുന്നതു് ശരി മാത്രമായിരുന്നു. ഭൂതകാലത്തിന്റെ വെളിയടയ്ക്കപ്പുറത്തു് സുവ്യക്തവും അവ്യക്തവുമായ സ്മരണകളിലൂടെ ഊറിക്കൂടുന്ന എന്റെ കുട്ടിക്കാലം കൂടുതൽ നുണയാനാഗ്രഹിക്കുന്നതു് കക്കാടിന്റെ മുലപ്പാലാവാം.
ദക്ഷിണ: കക്കാട് ജി. എൽ. പി. സ്കൂൾ 47-ാം വാർഷിക യു. എ. ഇ. സപ്ലിമെന്റ്, 8 ഏപ്രിൽ 2004.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.