നമ്മുടെ ദുരിതങ്ങളിൽ പ്രധാനം മറ്റുള്ളവരുമായുള്ള ഇടപഴക്കമാണു്—വീട്ടിലും റോട്ടിലും ജോലിസ്ഥലത്തുമെല്ലാം സ്ഥിതി ഒന്നു തന്നെ. തമ്മിലൊക്കുന്നില്ല എന്ന ദുരന്തം. ഭാര്യയും ഭർത്താവും തമ്മിൽ, ആങ്ങളയും പെങ്ങളും തമ്മിൽ, പിതാവും മക്കളും തമ്മിൽ, അമ്മായിയമ്മയും മരുമകളും തമ്മിൽ, മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനും തമ്മിൽ… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാഹചര്യങ്ങളിൽ ഈ ഒക്കായ്മ തലകാണിക്കുന്നു. എന്തിനു്, ബസ്സിൽ കയറിയാൽ കണ്ടക്ടറുമായി പെരുമാറുന്നതുപോലും ‘ടെൻഷനാണു് ’. പരിചയമില്ലാത്തവരോടു് പെരുമാറാൻ പ്രയാസം! പരിചയമുള്ളവരോടു് പെരുമാറാൻ അതിലേറെ പ്രയാസം!!
ഇണക്കത്തെക്കാൾ അധികം പിണക്കം. ഇതെങ്ങനെ വന്നുകൂടുന്നു? എന്താണിതിന്നു പരിഹാരം? ഒറ്റയടിക്കു മറുപടി പറയാൻ പ്രയാസം. ആളുകളുടെ സ്വഭാവം പല വഴിക്കാണു്—‘ഭിന്നവിചിത്രമാർഗം’. എങ്ങനെയാണു് മറ്റുള്ളവരുടെയെല്ലാം സ്വഭാവം കാണാപ്പാഠം പഠിച്ചുവെച്ചു പെരുമാറുക? സ്വഭാവം പഠിക്കുന്ന പണി, പരിചയമുള്ളവരുടെ കാര്യത്തിലേ നടക്കൂ. പരിചയമില്ലാത്തവരുടെ സ്വഭാവം എന്താണെന്നു് എങ്ങനെ പഠിക്കും?
ഈ പ്രശ്നത്തിനു് ഞാൻ ഒരെളുപ്പവഴി പറയാം: നമ്മൾ അവനവന്റെ സ്വഭാവം പഠിച്ചറിയാൻ ശ്രമിക്കുക; അതു മാറ്റിപ്പണിയാനും പരിഷ്കരിക്കുവാനും ശ്രമിക്കുക. ഇതും അത്ര എളുപ്പമല്ല എന്നു് നമുക്കറിയാം. എങ്കിലും നാട്ടുകാരുടെയെല്ലാം സ്വഭാവം പഠിക്കാൻ നടക്കുന്നതിനെക്കാൾ പ്രയാസം കുറഞ്ഞ പണി തന്നെയാണിതു്.
നമ്മുടെ സ്വഭാവം എത്ര നേരെയാക്കിയിട്ടെന്താ മറ്റുള്ളവർ മോശമായി പെരുമാറിയാൽ എന്തു ചെയ്യും എന്നു നിങ്ങൾക്കു ചോദിക്കാം. എന്റെ മറുചോദ്യം: ഒരാൾ നിങ്ങളോടു് എങ്ങനെ പെരുമാറണം എന്നു് തീരുമാനിക്കുന്നതു് നിങ്ങളാണോ, അയാളാണോ? സത്യത്തിൽ അതു തീരുമാനിക്കുന്നതു് നിങ്ങളാണു്. നിങ്ങൾ അയാളോടു് എങ്ങനെ പെരുമാറുന്നു, നിങ്ങൾ നിങ്ങളെപ്പറ്റിയും അയാളെപ്പറ്റിയും എന്തു ഭാവിക്കുന്നു എന്നതിനെല്ലാം അനുസരിച്ചാണു് അയാൾ നിങ്ങളോടു പെരുമാറുന്നതു്.
ഇപ്പറഞ്ഞതിനു് ചെറിയൊരു ഉദാഹരണം പറയാം: നിങ്ങൾ സമയം പാലിക്കുന്നതിൽ നിഷ്ഠയുള്ള ആളാണെങ്കിൽ മറ്റുളളവർ മിക്കപ്പോഴും അതു നിങ്ങളോടും പാലിക്കും. വൈകുന്നേരം 4 മണിക്കു് എത്താം എന്നു നിങ്ങൾ പറഞ്ഞിട്ടു എത്തിയില്ല എങ്കിൽ അതിനർഥം നിങ്ങൾ സ്വന്തം വാക്കിനെ വിലവെച്ചില്ല എന്നാണു്. നിങ്ങളുടെ വാക്കിനെ നിങ്ങൾ വിലവെച്ചില്ലെങ്കിൽ പിന്നെ ആരു് അതിനെ വിലവെക്കും? സ്വന്തം വാക്കിനോടു് നിങ്ങൾ പെരുമാറുന്ന വിധത്തിൽ മറ്റുള്ളവർ അതിനോടു് പെരുമാറിയാൽ പോരേ?
പിന്നെ, ഒരാളോടു് ഏതളവിൽ സ്വാതന്ത്ര്യം എടുക്കണം; ഒരാൾക്കു് ഏതളവിൽ സ്വാതന്ത്ര്യം കൊടുക്കണം എന്നെല്ലാം തീരുമാനിക്കുന്നതു നിങ്ങളാണു്. നിങ്ങൾ സ്നേഹം കൊടുത്താലേ നിങ്ങൾക്കു് സ്നേഹം കിട്ടൂ; നിങ്ങൾ ബഹുമാനം കൊടുത്താലേ നിങ്ങൾക്കു് ബഹുമാനം കിട്ടൂ.
പ്രായം കൂടിയവരിൽ നിന്നു് നിങ്ങൾക്കു് സ്നേഹം കിട്ടണമെങ്കിൽ നിങ്ങൾ അവർക്കു് ബഹുമാനം കൊടുക്കണം. പ്രായം കുറഞ്ഞവരിൽ നിന്നു് നിങ്ങൾക്കു് ബഹുമാനം കിട്ടണമെങ്കിൽ നിങ്ങൾ അവർക്കു് സ്നേഹം കൊടുക്കണം.
കണ്ടോ, കണ്ടോ: എല്ലാം നിങ്ങളെത്തന്നെ ആശ്രയിച്ചാണു്. നിങ്ങൾക്കു് ചുറ്റുമുള്ള ലോകം നിങ്ങൾ തന്നെ സൃഷ്ടിക്കുന്നതാണു്. ആരോടു് കൂടുതൽ അടുക്കാം; ആരോടു് കൂടുതൽ അടുത്തുകൂടാ എന്നു് തീരുമാനിക്കേണ്ടതും നിങ്ങൾ തന്നെയാണു്.
മറ്റൊരാളുമായുള്ള പിണക്കവും കലഹവും കൂടാതെ കഴിക്കണം എന്നു് നമ്മൾ ആഗ്രഹിക്കുമ്പോൾ സാധാരണ നിലയ്ക്കു് നമ്മൾ ആലോചിക്കുന്നതു് അതിന്നുവേണ്ടി മറ്റേയാൾ എന്തു ചെയ്യണം എന്നാണു്. യഥാർഥത്തിൽ വേണ്ടതു് അതിനുവേണ്ടി നമ്മൾ എന്തു ചെയ്യണം എന്നു് ആലോചിക്കുകയാണു്.
ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ ഒഴിവാക്കാൻ ഭാര്യ എന്തു വേണമെന്നു് ഭർത്താവോ, ഭർത്താവു് എന്തു വേണമെന്നു് ഭാര്യയോ ആലോചിക്കുന്നതിൽ കഥയില്ല. മറിച്ചു് ഭാര്യ എന്തുവേണമെന്നു് ഭാര്യയും ഭർത്താവു് എന്തുവേണമെന്നു് ഭർത്താവും ആലോചിക്കണം. അതനുസരിച്ചു് പ്രവർത്തിക്കണം. കാര്യം: നമുക്കു് മറ്റൊരാളെ മാറ്റാൻ കഴിയില്ല. പകരം നമ്മളെ സ്വയം മറ്റാം. ആ മാറ്റം മറ്റേയാളെ മാറ്റിയേക്കാം. അതു കൊണ്ടേ വല്ല പ്രയോജനവും ഉണ്ടാവൂ. മറ്റേയാൾ എങ്ങനെയൊക്കെ മാറണമെന്നു് കണ്ടുപിടിക്കുകയും നമ്മൾ മാറാതെ നില്ക്കുകയും ചെയ്തിട്ടെന്തു കിട്ടാനാണു്?
അവനവനെ മാറ്റിപ്പണിയണമെങ്കിൽ വിനയം വേണം, യാഥാർഥ്യ ബോധം വേണം, അവനവനു് തെറ്റുപറ്റി എന്നു സമ്മതിക്കണം, അതു തിരുത്തുവാനുള്ള മര്യാദവേണം—ഇത്രയൊക്കെ ഉണ്ടെങ്കിൽ ലോകം എന്തൊക്കെയായാലും, എങ്ങനെയൊക്കെ പെരുമാറിയാലും ഒരു പരിധിയിലധികം അതു നമ്മളെ ബാധിക്കില്ല. മറ്റുള്ളവർ എങ്ങനെ പെരുമാറിയാലും നമ്മൾ നമ്മൾക്കനുസരിച്ചേ പെരുമാറൂ എന്നു് വെച്ചാൽ വലിയൊരു ശതമാനം അസ്വാസ്ഥ്യം ഒഴിവാക്കാം എന്നു തന്നെയാണു് എന്റെ ബോധ്യം.
മറ്റൊരാൾ നമ്മളോടു പെരുമാറുമ്പോൾ നമ്മൾ നമ്മളെത്തന്നെ കണ്ണാടിയിലെന്ന പോലെ കാണുകയാണു്. മറ്റേയാൾ നമ്മുടെ മുമ്പിലെ കണ്ണാടി മാത്രമാണു്. ആ കാണുന്നതിൽ വല്ല പിശകും ഉണ്ടെങ്കിൽ മാറ്റം വേണ്ടതു് കണ്ണാടിക്കല്ല, നമുക്കാണു്.
വർത്തമാനം ദിനപത്രം: 8 ജൂലൈ 2005.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.