ബഷീർവിമർശനത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടതു് ആ ലേഖനമായിരിക്കാം. അഞ്ചാറുകൊല്ലം മുമ്പു് നമ്മുടെ കഥാകൃത്തു് എൻ. എസ്. മാധവൻ എഴുതിയ ‘ബഷീർ സാഹിത്യത്തിലെ കറുത്ത ഗർത്തങ്ങൾ’ (പച്ചക്കുതിര: ജനുവരി 2002) എന്ന ലേഖനത്തിന്റെ അലകൾ ഇപ്പോഴും പൂർണമായി അടങ്ങിയിട്ടില്ല. നമ്മുടെ ഭാഷയിൽ വന്ന പ്രധാനപ്പെട്ട ‘ബഷീർ വിരുദ്ധലേഖനം’ അതാണെന്നു് ചിലർക്കു വിചാരമുണ്ടു്.
ബഷീർവിരുദ്ധമായി സംസാരിക്കുവാൻ ആർക്കും സ്വാതന്ത്ര്യമുണ്ടു്. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അപകടകരമായ പോരാട്ടത്തിനു യൗവനം ചെലവിട്ട ബഷീറിന്റെ പേരിൽ അഭിപ്രായഭേദത്തെ നിന്ദിക്കുന്നതു് വിശേഷിച്ചും നീതികേടാണു്. സ്വാതന്ത്ര്യം എന്നതു് യോജിക്കുവാനെന്നപോലെ വിയോജിക്കുവാനും ഉള്ള അവകാശമാണു്. ബഷീറിന്റെ വ്യക്തിത്വമോ സാഹിത്യമോ വിമർശനാതീതമാണു് എന്നു വിചാരിക്കുന്നതു് കലാസ്വാദനത്തെ തരംകെടുത്തുന്ന ജീർണതയാണു്. ആ കുപ്പക്കുഴിയിൽ ബഷീറിനെ തള്ളിയിടാതെ കാക്കുകയാണു് യഥാർത്ഥ വായനക്കാർ വേണ്ടതു്.
ആ സുദീർഘലേഖനം എഴുതുമ്പോൾ മാധവനു വല്ല ദുരുദ്ദേശ്യവും ഉണ്ടായിരുന്നു എന്നു് ഞാൻ വിചാരിക്കുന്നില്ല. അതിലെ ചില കണ്ടെത്തലുകൾ നോക്കൂ:
- “ബഷീറിനെ മഹാനായ എഴുത്തുകാരനാക്കുന്നതു് അദ്ദേഹത്തിനു് അട്ടിമറികൾ സഹജമായിരുന്നതുകൊണ്ടാണു്…”
- “ബഷീർ എഴുത്തിൽ തന്റേതായ സത്യം പുലർത്തി.”
- “ശില്പത്തിനുമേൽ ബഷീറിനു് അസാധാരണമായ നിയന്ത്രണമുണ്ടായിരുന്നു.”
- “ജീവചരിത്രം ബഷീറിന്റെ എഴുത്തുമായി കൂടിക്കലരുമ്പോൾ അദ്ദേഹത്തിന്റെ സാഹിത്യം ഒരു സങ്കീർണമായ പാഠം ആകുന്നു.”
- “ആ വഴിക്കു് ബഷീർപാരായണം വികലമാകുന്നു. എങ്ങനെയെന്നാൽ ബഷീർ വായനയിൽനിന്നു് ധ്യാനം അപ്രത്യക്ഷമായി. എഴുതുന്ന ആൾ എഴുത്തുകാരനെ ഗ്രസിച്ചപ്പോൾ വായിക്കുന്നതെല്ലാം എഴുതാപ്പുറങ്ങളായി. അതീവ ശ്രദ്ധയോടെ വായിക്കേണ്ട ഒരെഴുത്തുകാരനാണു് ഇതു സംഭവിച്ചതു്.”
- “ഐതിഹ്യനിർമാതാക്കളിൽനിന്നു്—ബഷീറിൽ നിന്നും—അദ്ദേഹത്തിന്റെ ജീവിതത്തെ മോചിപ്പിച്ചാൽ ഒരുപക്ഷേ, പാരായണത്തിനു വ്യതിയാനം ഉണ്ടായേക്കാം.”
- കാര്യം: “അദ്ദേഹത്തിനു വേണം, പുതിയ വായന.”
ബഷീറിന്റെ ജീവചരിത്രം വളരെ കുഴമാന്തരം പിടിച്ച ഒരു സാമാനമാണെന്നു് ആ ലേഖനം ഉദാഹരണസഹിതം സമർഥിക്കുന്നു. ആ ജീവിതകഥയിലേയ്ക്കു സൂക്ഷിച്ചുനോക്കുന്ന ആർക്കും എളുപ്പത്തിൽ തിരിയുന്ന കാര്യമാണിതു്. പലജാതി സംഭവങ്ങളിൽനിന്നു് ആ ജീവിതയാത്രയുടെ വഴികൾ കണ്ടെത്തുവാനാണു് ലേഖകന്റെ ശ്രമം. അതു നേരെയാക്കുന്നതു് ബഷീർകൃതികളുടെ വായനയിൽ വളരെ പ്രധാനമാണു് എന്നു് ലേഖകനു വാദമുണ്ടു്. കാരണം: “ബഷീറിന്റെ ജീവചരിത്രക്കുറിപ്പിലെ അബദ്ധങ്ങൾ ആകസ്മികമല്ല. മറിച്ചു്, അവയിൽ ആവൃതമായ രാഷ്ട്രീയം ബഷീറിനെ സാഹിത്യത്തിലേക്കു പ്രവേശിക്കുവാനും നിലനില്ക്കുവാനും ചിലപ്പോൾ പ്രതിരോധിക്കുവാനും സഹായിച്ചു.”
ബഷീറും വിമർശകരും ആരാധകരും ചേർന്നു സൃഷ്ടിച്ച ജീവചരിത്രത്തിന്റെ വിമർശനത്തിലൂടെ ലേഖകൻ എത്തിച്ചേരുന്ന നിഗമനം ബഷീർ രണ്ടുകൊല്ലം മാത്രമേ യാത്ര ചെയ്തിട്ടുള്ളുവെന്നതാണു്. പത്തുകൊല്ലം അലഞ്ഞുവെന്നു പറയുന്നതു വെറുതെ. കൃത്യമായിപ്പറഞ്ഞാൽ ‘കുറച്ചു മാസങ്ങൾ നീണ്ട ഓട്ടപ്രദക്ഷിണം’ മാത്രമാണതു്.
ഈ അടിസ്ഥാനനിഗമനത്തിൽനിന്നാണു് മറ്റെല്ലാം പൊട്ടിമുളച്ചതു്. ചില ഉദാഹരണങ്ങൾ:
- “വീടുവിടുമ്പോൾ വയസ്സു് 22. മൂക്കിൽ പല്ലു മുളച്ച പ്രായം. പഠിക്കുന്നതോ വെറും ഒൻപതാം ക്ലാസ്സിൽ.”
- “ഫിഫ്ത്തുഫോമിൽ പഠിക്കുമ്പോഴാണു് പഠിത്തം ഉപേക്ഷിച്ചു് ബഷീർ ഉപ്പുസത്യാഗ്രഹത്തിൽ ചേരുവാൻ വീടുവിട്ടു് ഒളിച്ചോടിപ്പോകുന്നതു്.”
ബഷീർ ചരിത്രത്തിലെ പ്രധാനപ്പെട്ട ചില കണ്ണികൾ വിട്ടുപോയതാണു് പ്രശ്നം:
- വൈക്കം സത്യാഗ്രഹത്തിന്റെ പന്തലിൽ പലവട്ടം ചെന്നിരുന്നതിനാൽ ആ വിദ്യാർത്ഥി സ്കൂളിൽ നിന്നു് പുറത്താക്കപ്പെട്ടു. (1925)
- ഇക്കാലത്തൊരു പ്രണയപരാജയം. (1926)
- പതിനെട്ടാമത്തെ വയസ്സിൽ വീടുവിട്ടു. (1926)
- വീട്ടിൽ മടങ്ങിയെത്തിയ ബഷീർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നതിനുവേണ്ടി നാടുവിട്ടു. (1930)
- ആദ്യം വീടുവിട്ട കാലത്തു് വിദൂരദേശസഞ്ചാരമൊന്നും നടത്തിയിരുന്നില്ലെങ്കിലും രണ്ടാമതും വീടുവിട്ടതു് അതിവിദൂരങ്ങളിലേക്കുള്ള ദേശാടനമായി പടർന്നു.
മാധവന്റെ കണക്കിൽ ആദ്യത്തെ യാത്രകൾ വന്നില്ല എന്നതാണു് കാര്യം.
ബഷീർ ചരിത്രത്തിലെ ‘ആദ്യത്തെ കറുത്തഗർത്ത’മായി ചൂണ്ടിക്കാണിക്കപ്പെട്ട കെ. ആർ. നാരായണപരാമർശം മാധവന്റെ ഗവേഷണത്തിന്റെ സൂക്ഷ്മതക്കുറവിനു് ഉദാഹരണമാണു്. മുൻ രാഷ്ട്രപതി കെ. ആർ. നാരായണനെ (ജനനം: 1920) അല്ല, അയൽക്കാരനായ എസ്. എൻ. ഡി. പി. നേതാവു് കെ. ആർ. നാരായണനെയാണു് (ജനനം: 1902) ബഷീർ ഓർമിക്കുന്നതു് എന്നു തിരിച്ചറിയുന്നതോടെ ആ ഗർത്തം തൂർന്നുപോകുന്നു.
ബഷീറിന്റെ അത്രയേറെ അറിയപ്പെടാത്ത ആദ്യകാലകഥ ഇങ്ങനെ ചുരുക്കിപ്പറയാം:
എട്ടാം വയസ്സിലാണു് ബഷീറിനെ സ്കൂളിൽ ചേർക്കുന്നതു്—തലയോലപ്പറമ്പു് എൽ. പി. സ്കൂളിൽ. പിന്നെ വൈക്കം ഇംഗ്ലീഷ് ഹൈസ്കൂളിൽ ചേർന്നു. അവിടെ ഫിഫ്ത്തുഫോമിൽ പഠിക്കുമ്പോഴാണു് വൈക്കം സത്യാഗ്രഹം. ഗാന്ധിജി യുടെ ആശയാദർശങ്ങളിൽ ആകൃഷ്ടനായി ഖദർ ധരിച്ചു നടക്കുന്നതിനും എന്നും സത്യഗ്രഹപ്പന്തലിൽ ചെന്നിരിക്കുന്നതിനും യാഥാസ്ഥിതികനും രാജഭക്തനുമായ ഹെഡ്മാസ്റ്റർ ആ വിദ്യാർത്ഥിയെ ശാസിക്കുന്നുണ്ടു്. അടിക്കുന്നുണ്ടു്. ‘ഇനിയും ആ പന്തലിൽപ്പോയാൽ നിന്നെ സ്കൂളിൽനിന്നു് പുറത്താക്കും’ എന്നു് താക്കീതു ചെയ്യുന്നുണ്ടു്. ബഷീർ പിറ്റേന്നും പോയെന്നു് ‘അമ്മ’ എന്ന കഥയിൽ കാണാം. എന്നിട്ടു് എന്തുണ്ടായി എന്നതിന്റെ വിവരണം വർഷങ്ങൾ കഴിഞ്ഞെഴുതിയ (1938) ആ കഥയിലില്ല.
ബഷീറിന്റെ അനുജൻ അബൂബക്കർ അന്നു് ഇക്കാക്കയെ സ്കൂളിൽനിന്നു് പുറത്താക്കിയെന്നും ഏറെ വൈകാതെ വീടു് ഉപേക്ഷിച്ചു് പോയെന്നും സാക്ഷ്യപ്പെടുത്തുന്നു. പതിനെട്ടാം വയസ്സിൽ ഇക്കാക്ക വീടു വിട്ടുപോയി എന്നു് കുട്ടിക്കാലത്തേ പറഞ്ഞുകേട്ട കാര്യം അബൂബക്കറിനു നല്ല ഓർമയുണ്ടു്. ബഷീർ വീടുവിട്ടതു് 1926-ലാണു്.
‘മരണത്തിന്റെ നിഴലിൽ’ എന്ന നോവലിന്റെ തുടക്കത്തിൽ തന്നെ ബഷീർ ഈ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടു്: “പതിനെട്ടാമത്തെ വയസ്സിൽ കൈയിൽ ഒരു പേനയുമായി, ജനിച്ചുവളർന്ന വീട്ടിൽ നിന്നും ഇറങ്ങി എന്നു മാത്രം. എങ്ങോട്ടാണു് ഇറങ്ങിയതു്? എനിക്കു പരിചയമില്ലാത്ത അത്ഭുതകരവും സുന്ദരവും ഭീകരവുമായ ഈ മഹാലോകത്തിലേയ്ക്കു്.”
1925-ൽ സ്കൂളിൽനിന്നു പുറത്താക്കപ്പെട്ട കാലത്തേ ബഷീറിന്റെ അലച്ചിൽ ആരംഭിച്ചിരിക്കണം. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുന്നതിനു് 1930-ൽ കോഴിക്കോട്ടെത്തുന്നതു വരെയുള്ള അഞ്ചുകൊല്ലക്കാലം ബഷീറിന്റെ ചരിത്രത്തിൽ എവിടെയും കാണാനില്ല. ഈ കാലത്തു് എന്തു ചെയ്തിരിക്കാം?
ഒരു സ്വകാര്യ സംഭാഷണത്തിൽ ബഷീർ എന്നോടു പറഞ്ഞ ഒരു ദുഃഖകഥ ഇവിടെ ചേർത്തുവെച്ചു് വായിക്കേണ്ടതുണ്ടു്. അമ്മാവന്റെ മകളും സുന്ദരിയുമായ ആ പെൺകിടാവിനോടു് ബഷീറിനു വളരെ ഇഷ്ടം തോന്നിയിരുന്നു. അവരുടെ ബന്ധം ഗാഢപ്രണയമായി മൂപ്പെത്തുംമുമ്പേ അവൾക്കു ചില ആലോചനകൾ വന്നു. ഈ സമയത്തു് ബഷീറിന്റെ താത്പര്യപ്രകാരം ഉമ്മ ചെന്നു് പെണ്ണു് ചോദിച്ചു. താരതമ്യേന കൂടിയ സാമ്പത്തികസ്ഥിതി ഉണ്ടായിരുന്ന ആ വീട്ടുകാർ അതനുവദിച്ചില്ല. ഒട്ടും വൈകാതെ ഒരു സമ്പന്നഗൃഹത്തിലെ യുവാവിനു് അവളെ നിക്കാഹു് ചെയ്തുകൊടുക്കുകയും ഉണ്ടായി. ജീവിതത്തിൽ ബഷീർ ആദ്യമായി ഒരു ആഘാതം നേരിടുകയായിരുന്നു—വേദനയും അപമാനവും ഉൾച്ചേർന്ന അനുഭവം; നാടും വീടും ഒരുപോലെ കയ്ച്ചുപോകുന്ന ദുരന്താനുഭവം. വീടുവിടാനുള്ള പ്രധാന പ്രേരണ ഈ വ്യസനമാവാം.
ഇത്തരം വൈകാരികക്ഷോഭങ്ങളിൽ ആണ്ടു് നിരാശയുടെ ഗുഹകളിലേയ്ക്കു് പിൻവാങ്ങുന്ന തരമല്ല ബഷീർ. സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള ആ മനസ്സിന്റെ പിടച്ചിൽ നേരത്തെ വെളിപ്പെട്ടതാണു്. പിൽക്കാലത്തു് കോൺഗ്രസ് നേതാവു് എന്ന നിലയിൽ പ്രശസ്തനായിത്തീർന്ന എ. ജെ. ജോൺ (1893–1957), എസ്. എൻ. ഡി. പി. നേതാവു് എന്ന നിലയിൽ പ്രശസ്തനായിത്തീർന്ന കെ. ആർ. നാരായണൻ (1902–1972) എന്നിവർ ബഷീറിന്റെ നാട്ടുകാരും സമകാലികരുമാണു്. നാരായണൻ തൊട്ട വീട്ടുകാരനാണു്. ഇവരുടെ പ്രവർത്തനമേഖലയുടെ കേന്ദ്രമായ വൈക്കത്തു തന്നെയാണു് ബഷീറും ഉള്ളതു്. സ്കൂളിൽനിന്നു് പുറത്താക്കപ്പെട്ടവനും പ്രണയനൈരാശ്യം നേരിട്ടവനും പണിയില്ലാത്തവനും രാഷ്ട്രീയപ്രബുദ്ധതയുള്ളവനുമായ ആ യുവാവു് അവരുടെ പ്രവർത്തനങ്ങളോടു് സഹകരിച്ചിരിക്കാം.
മേല്പറഞ്ഞ പ്രണയകഥ തീർത്തും വേഷംമാറിയാണു് ബഷീർ സാഹിത്യത്തിൽ പ്രത്യക്ഷപ്പെട്ടതു്. എല്ലാ മനോഗുണങ്ങളും തികഞ്ഞ നിഷ്കളങ്കയായ ആ ആദ്യകാമുകിയാണു് ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’ എന്ന നോവലിലെ (1951) നായിക കുഞ്ഞുപാത്തുമ്മ. ഈ പ്രണയകഥയെപ്പറ്റിയും പേരുമാറിയ കുഞ്ഞുപാത്തുമ്മയെപ്പറ്റിയും പിൽക്കാലത്തു് ഞാനന്വേഷിക്കുകയുണ്ടായി. അനുജൻ അബൂബക്കർ അതു സത്യമാണു് എന്നു് ഏറ്റുപറഞ്ഞു.
വീടുവിട്ട ബഷീർ 1930-ൽ മടങ്ങിയെത്തി. അക്കൊല്ലം തന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നതിനു കോഴിക്കോട്ടുപോയി. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു് അറസ്റ്റുവരിച്ചു. കോഴിക്കോടു് സബ്ജയിലിൽ തടവുകാരനായി. പിന്നീടു് കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ഗാന്ധി–ഇൻവിൻ സന്ധി അനുസരിച്ചു് കാലാവധി തീരുംമുമ്പു് വിട്ടയച്ചു (1931). അക്കൊല്ലം തലയോലപ്പറമ്പിൽ മടങ്ങിയെത്തി. 1931 മുതൽ കൊച്ചിയിൽ. ഭീകരപ്രവർത്തനത്തിന്റെ പേരിലുള്ള അറസ്റ്റ് ഒഴിവാക്കാൻ 1932-ൽ നാടുവിട്ടു. 1936-ൽ മടങ്ങിയെത്തി.
1926 മുതൽ 1936 വരെയുള്ള ഈ യാത്രകളാണു് ‘പത്തുകൊല്ലം’ എന്ന കിസ്സയുടെ അടിയാധാരം. (അനുബന്ധം കാണുക).
ഇത്തരം ഒരു പഠനത്തിനു ചേരാത്തവിധം ചിലേടത്തു് മാധവന്റെ ഭാഷ പ്രകോപനപരമായിപ്പോയി. ഒരുദാഹരണം: “1957-ൽ തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ കോഴിക്കോട്ടുകാരി ഫാത്തിമാബിയെ കല്യാണം കഴിച്ചു.” (പു. 71). കല്യാണം നടന്നതു് 1958 ഡിസംബർ 18-ാം തിയ്യതി ആണു്. 1957 എന്നു് എഴുതിയതു് പിഴ. വധുവിനു പ്രായം വളരെ കുറവായിരുന്നു എന്നതു് സത്യം.
ആ പ്രായവ്യത്യാസത്തെപ്പറ്റി വല്ല വിമർശനവും ഉണ്ടായിരുന്നെങ്കിൽ മറുപടി പറയാൻ ആളു് ജീവിച്ചിരിക്കെ പറയണമായിരുന്നു. കല്യാണം കഴിഞ്ഞു് നാല്പത്തിനാലുകൊല്ലം കഴിഞ്ഞാണു്, ബഷീർ മരിച്ചു് എട്ടുകൊല്ലം കഴിഞ്ഞാണു്, മാധവന്റെ വിമർശനം!
മറ്റൊരുദാഹരണം: സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണു് ബഷീർ നാടുവിട്ടതും കോഴിക്കോട്ടെത്തിയതും. ഇതിനെപ്പറ്റി മാധവൻ നടത്തുന്ന ഊഹം: “ജോലി തേടുക എന്ന ഉദ്ദേശ്യത്തിലായിരിക്കാം ബഷീർ നാടുവിട്ടതു്”. ഈ ആരോപണത്തിനു് ആകെയുള്ള പിൻബലം കോഴിക്കോട്ടു തന്നെ തിരഞ്ഞെത്തിയ ബാപ്പയെ താനൊരു ജോലി നോക്കുകയാണു് എന്നുപറഞ്ഞു മടക്കി അയച്ചതാണു്. സ്വാതന്ത്ര്യസമരക്കാരുടെ ‘അൽ അമീൻ’ ലോഡ്ജിൽ തങ്ങാനുള്ള ഉപായം മാത്രമാണതു് എന്നാർക്കും മനസ്സിലാവും. കാര്യം: ജോലി തേടി നടക്കുന്ന ആൾ ബഷീർ ചെയ്തപോലെ മുഹമ്മദ് അബ്ദുറഹിമാനെ ചെന്നു് കാണുകയില്ല. അബ്ദുറഹിമാനെ കണ്ടാൽ ജോലിയല്ല, ജയിലാണു് കിട്ടുക. ആ നാടുവിടൽ രാഷ്ട്രീയപ്രേരിതമായിരുന്നു എന്നു വിചാരിക്കാവുന്ന ഭൂതകാലമാണു് ആ ചെറുപ്പക്കാരനു് ഉണ്ടായിരുന്നതു്.
ഇതുപോലെ എണ്ണിപ്പറയാൻ വേറെയും കാണും. അതിലൊന്നും വലിയ കഥയില്ല.
സാഹിത്യം വിട്ടു് സാഹിത്യകാരനിൽ കേന്ദ്രീകരിക്കുന്ന ആസ്വാദനത്തിന്റെ ആന്ധ്യങ്ങൾക്കെതിരെയാണു് ആ ലേഖനത്തിലെ ക്ഷോഭം. അതിനു ശരവ്യനാകുവാൻ തിരഞ്ഞെടുക്കുമ്പോൾ എൻ. എസ്. മാധവൻ ബഷീറിനെ നിന്ദിക്കുകയല്ല, വന്ദിക്കുകയാണു്.
മാതൃഭൂമി വാരാന്തപ്പതിപ്പു്: 2 നവംബർ 2008.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.