അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണു് ഗാന്ധിജി യുടെ ആത്മകഥയിലെ ആ ഭാഗം ഞാൻ പഠിച്ചതു്. ലണ്ടനിൽ പഠിക്കുന്ന കാലത്തു് തരംകിട്ടുമ്പോഴൊക്കെ അദ്ദേഹം നടക്കുമായിരുന്നു. ഇതുകൊണ്ടു് രണ്ടു് പ്രയോജനമുണ്ടു്. ഒന്നു്—വ്യായാമം, രണ്ടു്—ചെലവുകുറവു്.
വ്യായാമത്തിനു വേണ്ടി കൂട്ടുകാർ കളിച്ചിരുന്ന കളികളൊന്നും കളിക്കുവാൻ എനിക്കു് ആരോഗ്യമില്ല. കുട്ടിക്കാലത്തേ ഞാൻ രോഗിയാണു്. പിന്നെ എനിക്കു് കളിയിൽ ഒട്ടും മിടുക്കില്ല. അതുകൊണ്ടു് ഒരു ടീമിലും എന്നെ എടുക്കില്ല. അപ്പോൾ ഞാൻ വായനയിലേക്കു തിരിഞ്ഞു. വ്യായാമത്തിനു് ഗാന്ധിജി പഠിപ്പിച്ചുതന്ന നടത്തം ഉണ്ടല്ലോ. അതിനു് ആരെയും കാത്തുനില്ക്കേണ്ട, ആരും കൂട്ടത്തിൽ കൂട്ടിയില്ല എന്നും വേണ്ട.
ഞാൻ നടത്തം തുടങ്ങി. വെളുപ്പിനു് അഞ്ചുമണിക്കു് എഴുന്നേറ്റു് നടക്കും. ചുരുങ്ങിയതു് ഒരു മണിക്കൂർ. വൈകുന്നേരം ഏഴുമണിക്കും നടക്കും. ചുരുങ്ങിയതു് ഒരു മണിക്കൂർ. ഇതൊക്കെക്കഴിഞ്ഞു് രാത്രിയിലും നടക്കും. അങ്ങനെയാണു് ഞാനൊരു ‘തെണ്ടിമജിസ്ട്രേറ്റ്’ ആയതു്.
ആലോചനയും ബുദ്ധിയും ഓർമയും ഒക്കെ ഉണർന്നു പ്രവർത്തിക്കുന്നതു് നടക്കുമ്പോഴാണു് എന്നാണു് എന്റെ അനുഭവം. ആളുകൾ കാര്യമായി വല്ലതും ആലോചിക്കുമ്പോൾ, അസ്വസ്ഥരാവുമ്പോൾ എഴുന്നേറ്റു് നടക്കുന്നതു് കണ്ടിട്ടില്ലേ? ഇരുന്നു് സംസാരിക്കുന്നതിനെക്കാൾ നടന്നു് സംസാരിക്കുവാനാണു് എനിക്കിഷ്ടം. തർക്കവും ചർച്ചയുമൊക്കെ നടത്തത്തിൽ പൊടിപൊടിക്കും.
ആദ്യകാലത്തു് എന്റെ നാട്ടിലാർക്കും ഞാൻ എന്താണു് ചെയ്യുന്നതു് എന്നു മനസ്സിലായിരുന്നില്ല. ബസ്സിലോ വണ്ടിയിലോ കയറാതെ നടന്നു മാത്രം പോകുവാൻ ഇഷ്ടമുള്ള നാടന്മാർ അവിടെ അക്കാലത്തു് ഒരുപാടുണ്ടായിരുന്നു. പക്ഷേ, ഞാൻ ചെയ്യുംപോലെ ‘നടക്കാൻ പോവുക’ എന്ന പണി അവരാരും എടുത്തിരുന്നില്ല. അവർ വല്ലേടത്തും പോവുമ്പോൾ നടന്നു, ഞാൻ നടക്കാൻ വേണ്ടി വല്ലേടത്തും പോയി!
എന്റെ പലതരം പിരാന്തുകളിൽ ഒന്നായി നാട്ടുകാർ ഇതവഗണിച്ചു. പിന്നെ ബസ്സിലോ ഓട്ടോറിക്ഷയിലോ നിവൃത്തിയുണ്ടെങ്കിൽ കയറാത്ത പിശുക്കൻ എന്നൊരു പേരും എനിക്കു വീണു.
കാശില്ലാഞ്ഞിട്ടാണെങ്കിലും ഒമ്പതിൽ പഠിക്കുമ്പോൾ ഞാൻ കോഴിക്കോട്ടുനിന്നു് മുക്കത്തേക്കു് (30 കി. മീ.) നടന്നിട്ടുണ്ടു്. നിലാവത്തു് കൂട്ടുകാരോടൊപ്പം നടന്നു് ഞാൻ നേരം വെളുപ്പിച്ചിട്ടുണ്ടു്.
രോഗങ്ങളിലും അപകടങ്ങളിലും ഞാൻ പലതവണ വീണിട്ടുണ്ടു്. അതിനെപ്പറ്റിയൊന്നും എനിക്കു് പരിധിയിൽ കവിഞ്ഞ സങ്കടമോ പരാതിയോ തോന്നിയിട്ടില്ല.
അഞ്ചാറുകൊല്ലം മുമ്പു് ഞാൻ കോഴിക്കോട്ടുവെച്ചു് വലിയൊരു കാറപകടത്തിൽ പെട്ടു. കൂടെയുണ്ടായിരുന്ന എന്റെ സ്നേഹിതൻ ‘പൈങ്കിളി വേലായുധൻ’ അതിൽ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജുകാർ എന്റെ ഇടത്തേ കാലു് മുറിക്കണം എന്നു വിധിച്ചപ്പോൾ ഞാൻ ഞെട്ടി. എന്റെ നടത്തം എങ്ങനെ നടക്കും? എന്റെ സുഹൃത്തുക്കളായ ഡോ. ആർ. കൃഷ്ണനും ഡോ. എം. എം. ബഷീറും കൂടി എന്നെ അവർക്കു് വിട്ടുകൊടുക്കാതെ മറ്റൊരാശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെനിന്നു് കോയമ്പത്തൂർ ഗംഗാ ഹോസ്പിറ്റലിലെത്തിയതുകൊണ്ടാണു് ചെറിയൊരു ഞൊണ്ടലോടെ ഇടംകാൽ രക്ഷപ്പെട്ടതു്.
അക്കാലത്തു വൈകുന്നേരം കോയമ്പത്തൂർ ആശുപത്രിയിലെ റൂമിന്റെ വാതിൽ തുറന്നിടാൻ ഞാൻ ഭാര്യയോടു പറയും. എന്തിനെന്നോ? ആളുകൾ രണ്ടു കാലിൽ നടന്നു പോകുന്നതു് കാണാൻ. എനിക്കതു വലിയ സന്തോഷമായിരുന്നു; ആശ്വാസമായിരുന്നു. എനിക്കിനി നടക്കാൻ സാധിക്കില്ല, മറ്റുള്ളവർ നടക്കുന്നതു് കാണാമല്ലോ! ഒടുക്കം എല്ലു് നേരെയായി ആദ്യത്തെ അടിവെച്ചപ്പോൾ ഞാൻ കരഞ്ഞു. വേദനകൊണ്ടാവും എന്നു പരിഭ്രമിച്ച ഡോക്ടറോടു് ഞാൻ പറഞ്ഞു:
“അല്ല ഡോക്ടർ, സന്തോഷം കൊണ്ടാണു് ഞാൻ കരയുന്നതു്. ഈ സന്തോഷത്തിൽ വേദനയൊന്നും ഒരു വിഷയമല്ല.”
മഹാഭാഗ്യം. ഞാൻ വളരെ വേഗം നടത്തത്തിലേക്കു മടങ്ങിയെത്തി. അവിടത്തെ ഡോ. രാജശേഖരൻ പറഞ്ഞതു് എല്ലാം—അദ്ദേഹം പറഞ്ഞതിലധികം—ഞാൻ ചെയ്തു. ആറാം മാസം ഞൊണ്ടലോടെയാണെങ്കിലും നീണ്ടുനിവർന്നു നടന്നുതുടങ്ങിയ എന്നെക്കണ്ടു് ഡോ. രാജശേഖരൻ പോലും അമ്പരന്നു. അന്നു് അദ്ദേഹം പറഞ്ഞു; “പ്രഫസർ, നിങ്ങൾ വളരെ സാഹസികനാണു്. ഈ കാലുംവെച്ചു് ഓടരുതേ.” ഞാൻ പറഞ്ഞു: “ഇല്ല, ഡോക്ടർ. നടക്കാറായല്ലോ, എനിക്കതു മതി.”
ശരീരം കൊണ്ടു് അധ്വാനിക്കുന്നതിന്റെ ആനന്ദമാണു് മനുഷ്യജീവിയുടെ ശരിയായ ആനന്ദം എന്നാണു് എന്റെ വിശ്വാസം. വലിയ കായികാധ്വാനത്തിനു് ശേഷിയുള്ള ശരീരമല്ല, എന്റേതു്. എന്റെ തൊഴിലിലും അതു് കുറവാണു്. എങ്കിലും നടന്നു് നടന്നു് ഞാൻ ആ വലിയ പാഠം പഠിച്ചു.
ഒരു കൊല്ലം മുമ്പു് രക്തത്തിൽ പഞ്ചസാര കൂടിയപ്പോൾ എന്റെ സുഹൃത്തുക്കളായ ഡോ. കെ. സുഗതനും ഡോ. നാണു നെല്ലിയോറയും ശകലം അമ്പരപ്പോടെ ചോദിച്ചു: “ഇത്രയും നടക്കുന്ന നിങ്ങൾക്കെങ്ങനെ ഈ രോഗം വന്നു? മകളുടെ കല്യാണത്തിന്റെ ടെൻഷൻ കൊണ്ടു് വന്നതാവും. സാരമില്ല. നടത്തം ഒന്നു കൂട്ടിക്കോളൂ.”
ആ ചികിത്സ എനിക്കു് സന്തോഷമായിരുന്നു. ഞാൻ നടത്തം കൂട്ടി. ദിവസം ചുരുങ്ങിയതു് 5 കിലോമീറ്റർ. പഞ്ചസാര പോയ വഴി കണ്ടില്ല.
നടത്തം ശരീരത്തിനു് സുഖം നല്കുന്ന പോലെ മനസ്സിനും സുഖം നല്കും. അസ്വസ്ഥതകളും ആധികളും ഉണ്ടാവുമ്പോൾ നടക്കുക എന്നതാണു് എന്റെ ശീലം.
എന്റെ ഏറ്റവും വലിയ കൂട്ടുകാരൻ എന്റെ നടത്തം ആണു്; എന്റെ ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും ഉന്മേഷപൂർണമാക്കുന്ന കൂട്ടുകാരൻ. നടക്കാൻ പറ്റാതെ കിടന്നുപോയാൽ എന്റെ കഥയെന്താ? കഷ്ടം, എന്റെ നാട്ടുകാരിലും കൂട്ടുകാരിലും വീട്ടുകാരിലും പെട്ട പലരും യാതൊരു കുഴപ്പവും ഇല്ലാഞ്ഞിട്ടും ആ ഇരിപ്പും കിടപ്പും ആണു്!
നടത്തം എന്നതു് മനുഷ്യജീവിയുടെ പ്രധാനപ്പെട്ട ആവിഷ്കാരങ്ങളിലൊന്നാണു്. മറ്റു ഭാഷകളുടെ സ്ഥിതി എനിക്കറിഞ്ഞുകൂടാ, മലയാളത്തിൽ ആ പദം ജീവജാലങ്ങളുടെ സഞ്ചാരത്തിനു് എന്നപോലെ എല്ലാ തരത്തിലുമുള്ള കാര്യനിർവഹണത്തെ സൂചിപ്പിക്കുവാനും ഉപയോഗിക്കുന്നുണ്ടു്—അതു് നടക്കുമോ? എന്ന ചോദ്യം ഓർത്തു നോക്കുക. നടത്തിപ്പു്, നടത്തിപ്പുകാരൻ തുടങ്ങിയ പദങ്ങൾ ഓർത്തുനോക്കുക. ഇംഗ്ലീഷിൽ ഇതു് ഇത്തരത്തിൽ പറയാൻ കഴിയില്ല എന്നതുകൊണ്ടാവാം, മലയാളികൾക്കു് That will not walk here (അതിവിടെ നടക്കുകയില്ല!) എന്നൊരു തമാശയ്ക്കു് രൂപം കൊടുക്കുവാൻ കഴിഞ്ഞതു്.
മലയാളികൾ ‘നടത്തം’ എന്നതിന്റെ താൽപര്യം മാത്രം എടുത്തു് ആ വാക്കു് പ്രയോഗിക്കുന്നതിന്റെ തമാശ കണ്ടിട്ടുണ്ടോ—“അയാൾ ഇപ്പോൾ കാറിലാണു് നടത്തം” എന്നു പറയും. “തേരിലേറി നടകൊണ്ടാൻ” എന്നു നമ്മുടെ കവി!
കാൽനടയാത്രക്കാരൻ ദരിദ്രനോ പിശുക്കനോ ആണെന്നു് ആളുകൾക്കു് ഒരു ധാരണയുണ്ടു്. അയാൾ മോശക്കാരനാണെന്നു്! “എന്താ നടന്നു പോകുന്നതു്” എന്ന ചോദ്യം ഒരു സഹതാപപ്രകടനമാണു്. ഇംഗ്ലീഷ് ഭാഷയിൽ pedestrain (കാൽനടയാത്രക്കാരൻ) എന്നു പറഞ്ഞാൽ നടന്നുപോകുന്നവൻ എന്നതിലധികം നിലവാരം കുറഞ്ഞവൻ എന്നാണർഥം!! ഈ മാനക്കേടു് ഓർത്തിട്ടും കൂടിയാണു് ആളുകൾക്കു് നടത്തം നടക്കാത്തതു്. നിങ്ങളുടെ മൂല്യം നിർണയിക്കുന്നതു് കയറി ‘നടക്കുന്ന’ വാഹനമാണു്.
ഞാൻ ചികിത്സാരിയല്ല; രോഗിയാണു്. ഇക്കഴിഞ്ഞ കാലത്തിനിടയ്ക്കു് ഞാൻ അനവധി രോഗങ്ങളുടെ ഇരയായിട്ടുണ്ടു്. ചികിത്സയുമായി എന്റെ ബന്ധം രോഗി എന്ന നിലയിലുള്ളതാണു്. അനുഭവമുണ്ടെന്നർഥം. ചികിത്സയുടെ ഒരു പ്രമാണവും എന്റെ ആലോചനകൾക്കു് പിൻബലം നല്കുന്നില്ല. പക്ഷേ, അനുഭവത്തിനു് പ്രമാണത്തെ പേടിക്കേണ്ട. ആ ബലത്തിലാണു് ഞാൻ പറയുന്നതു്: രോഗിക്കെന്നപോലെ ആരോഗ്യവാനും, ആരോഗ്യവാനെന്നപോലെ രോഗിക്കും നടത്തം നല്ലതാണു്. നടത്തം കൊണ്ടു എന്തു നടക്കും എന്നു് ചോദിച്ചാൽ എല്ലാം നടക്കും എന്നു ഞാൻ പറയും.
ഗാന്ധിജിയിൽനിന്നു് പഠിക്കാൻ ഒരുപാടു്, ഒരുപാടു് സംഗതികളുണ്ടു്. എന്റെ വ്യക്തിജീവിതത്തിന്റെയും വ്യക്തിത്വത്തിന്റെയും പരിമിതികൾ കാരണം അവയിൽ മിക്കതും പഠിക്കാൻ എനിക്കു് സാധിച്ചിട്ടില്ല. ഒന്നു ഞാൻ പഠിച്ചെടുത്തു—നടത്തം.
ഈയിടെ കോഴിക്കോട്ടെ ഒരാശുപത്രിയിൽ ഒരു ബോർഡുകണ്ടു—Whereever you are, whenever you can: WALK (നിങ്ങൾ എവിടെയാണെങ്കിലും, എപ്പോൾ സാധിക്കുമെങ്കിലും: നടക്കൂ) എനിക്കു് ആ നിർദ്ദേശം വളരെ സമ്മതമായി.
കൈയും വീശി രണ്ടുകാലിൽ നടന്നുപോകുന്ന കോലത്തിലുള്ളതാണു് മനുഷ്യരുടെ ഏറ്റവും മനോഹരമായ ദൃശ്യം. അതുപോലെ അവർ ഉണർന്നു്, ഉന്മേഷവാന്മാരായിരിക്കുന്ന ദൃശ്യം വേറെയില്ല; അതുപോലെ അവരെ സ്വതന്ത്രരായി കാണുന്ന ദൃശ്യം വേറെയില്ല.
വർത്തമാനം ദിനപത്രം: 1 ജുലായ് 2005.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.