ഇതു് നിങ്ങളുടെയും അനുഭവമായിരിക്കും:
മനുഷ്യജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനം ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽനിന്നും—എന്തിനു്, മക്കളിൽ നിന്നുപോലും—നേരിടേണ്ടി വരുന്ന നന്ദികേടാണു്. എല്ലാ സംസ്കാരങ്ങളും നന്ദി എന്ന വികാരത്തെ ഒരു മൂല്യമായി കൊണ്ടാടുന്നു. ‘ദൈവത്തോടുള്ള നന്ദിപ്രകടനം’ എന്നാണു് മിക്ക മതങ്ങളും ഭക്തിയെ വിശേഷിപ്പിക്കുന്നതു്. ഐഹികമായ യാതൊന്നിലും താല്പര്യമില്ലാതിരുന്ന യേശുക്രിസ്തു താൻ ചികിത്സിച്ചു ഭേദപ്പെടുത്തിയ ഒരു രോഗി നന്ദി പറഞ്ഞപ്പോൾ അതിൽ ആഹ്ലാദിച്ചതായും നേരത്തേ തന്നെക്കൊണ്ടു് സുഖം കിട്ടിയ രണ്ടുപേർ നന്ദി പറയാതെ പോയതിൽ പരിഭവിച്ചതായും ബൈബിളിൽ കാണാം. ക്രിസ്തുവിന്റെ മനസ്സു് ഇതാണെങ്കിൽ, സാധാരണക്കാരുടെ മനസ്സു് നന്ദിയിൽ എത്രമാത്രം ആഹ്ലാദിക്കുമെന്നും നന്ദികേടിൽ എത്രമാത്രം വേദനിക്കുമെന്നും നമുക്കു് ഊഹിക്കാം.
അവനവനു് കിട്ടിയ ഉപകാരം ഓർമ്മിക്കുകയും അതു് ചെയ്തുതന്ന ആളോടു് എപ്പോഴും സന്മനോഭാവം പുലർത്തുകയും ചെയ്യുക എന്ന മനോഗുണമാണു് നന്ദി. ഒരാളുടെ സംസ്കാരത്തിന്റെ പ്രധാന സൂചകം ഈ മനോഗുണം തന്നെ.
ചെയ്തുകൊടുത്ത ഉപകാരത്തിനു് പ്രത്യുപകാരം കിട്ടണം എന്ന സ്വാർത്ഥമോ, ലാഭചിന്തയോ അല്ലേ ഇപ്പറയുന്ന നന്ദി എന്നു് നിങ്ങൾ ചോദിച്ചേയ്ക്കും. പ്രത്യുപകാരം കിട്ടണം എന്ന നിലപാടു് സ്വാർത്ഥമാവാം. ഞാൻ സംസാരിക്കുന്നതു് അതിനെപ്പറ്റിയല്ലതന്നെ. നിങ്ങളുടെ ഉപകർത്താവിനു് നിങ്ങളിൽനിന്നു് ഒരിക്കലും പ്രത്യുപകാരം ആവശ്യമില്ലെന്നോ, ഇനി ആവശ്യമുണ്ടെങ്കിൽ തന്നെ അതു ചെയ്യുവാൻ നിങ്ങൾക്കു് പ്രാപ്തിയില്ലെന്നോ വരാം. ഉദാഹരണം: ഒരു പണക്കാരൻ പണം കുറഞ്ഞ നിങ്ങളെ പണം തന്നു് സഹായിച്ചു എന്നിരിക്കട്ടെ. അയാൾക്കു് അക്കാര്യത്തിൽ നിങ്ങളുടെ പ്രത്യുപകാരം ആവശ്യമില്ലെന്നു് വരാം; ഇനി ആവശ്യമുണ്ടെങ്കിൽ തന്നെ അതു് നിർവ്വഹിക്കുവാൻ നിങ്ങളുടെ കയ്യിൽ പണം ഇല്ലെന്നും വരാം.
പക്ഷേ, അയാളോടു് നിങ്ങൾക്കു് എപ്പോഴും സന്മനോഭാവം കാണിക്കാം. ഈ വികാരം മാത്രമാണു് യഥാർത്ഥമായ നന്ദി. നന്ദിപ്രകടനത്തിന്റെ പല രൂപങ്ങളിൽ ഒന്നു് പ്രത്യുപകാരം ആകാമെങ്കിലും പ്രത്യുപകാരം എന്നതു് എപ്പോഴും നന്ദിയുടെ പര്യായപദം ആയിക്കൊള്ളണമെന്നില്ല. പ്രത്യുപകാരം ചെയ്ത ഒരാൾ നന്ദികെട്ടവനാണു് എന്നും വരാം: കിട്ടിയ ഉപകാരത്തിനു് കഴിയും വേഗം പ്രത്യുപകാരം ചെയ്തു് “കടം തീർത്തു്” അയാൾ നന്ദിയിൽ നിന്നു് രക്ഷപ്പെട്ടിരിക്കാം. അയാളുടെ ഉള്ളിൽ ആ കടം വാങ്ങിയല്ലോ എന്ന കയ്പു് അപ്പോഴും ബാക്കി കാണും!
‘നന്ദി’ എന്ന പദത്തിന്റെ ഒരർത്ഥം സന്തോഷം എന്നാണു്. ഉപകാരം ചെയ്തവനോടു് നിങ്ങൾക്കു് തോന്നുന്ന സന്തോഷത്തെയാണു് ഞാൻ നന്ദി എന്നു വിളിക്കുന്നതു്. പ്രത്യുപകാരം ചെയ്യാൻ പറ്റിയാൽ നന്നു്. സാഹചര്യവശാൽ അതു് പറ്റിയില്ല എന്നതുകൊണ്ടു് നിങ്ങൾ നന്ദികെട്ടവനായിത്തീരുന്നില്ല.
ആരിൽനിന്നെങ്കിലും എന്തെങ്കിലും ഉപകാരം കിട്ടിയാൽ പല ആളുകൾക്കും അതു വലിയ ഭാരമായിത്തോന്നും. ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം അങ്ങോട്ടു ചെയ്യാൻ മടിയുള്ള സ്വാർത്ഥികൾക്കാണു് ഇതധികവും. അതൊരു കടമായും അതിന്റെ ഭാരം കടപ്പാടായും അവരുടെ തോളിൽ തൂങ്ങുന്നു. കഷ്ടം, ഉപകർത്താവിനെ കാണുമ്പോഴെല്ലാം ഈ ഭാരം മാത്രമാണു് അവർക്കു് അനുഭവപ്പെടുക!
ഉപകാരം കൊണ്ടും കൊടുത്തും ആണു് മനുഷ്യജീവിതം മുന്നേറുന്നതു് എന്ന യാഥാർത്ഥ്യബോധമുള്ള ഒരാൾക്കും ഈ ഭാരം തോന്നുകയില്ല, തോന്നേണ്ടതില്ല; ആർക്കും ഉപകാരം ചെയ്യാൻ തയ്യാറുള്ള ഒരാൾക്കു് ആരിൽ നിന്നും ഉപകാരം സ്വീകരിക്കാം.
നന്ദി കെട്ടവൻ സ്വയം നശിപ്പിക്കുന്നു; ഉപകർത്താവിനെയും നശിപ്പിക്കുന്നു. നന്ദികേടു് കാണുന്ന ഉപകർത്താവു് ഇങ്ങനെയൊരു ഉപകാരം ചെയ്തുപോയല്ലോ എന്നു് ഖേദിച്ചു പോയേയ്ക്കും. കഷ്ടം, താൻ ചെയ്ത ചീത്ത കാര്യത്തെപ്പറ്റിയല്ല, താൻ ചെയ്ത ഒരു നല്ല കാര്യത്തെപ്പറ്റിയാണു് അയാൾ അപ്പോൾ ഖേദിക്കുന്നതു്! അയാളുടെ നന്മ അല്പമൊന്നു് കുറഞ്ഞു കഴിഞ്ഞു: ഇനി ആർക്കു് ഉപകാരം ചെയ്യുമ്പോഴും ഇതു് വേണമോ എന്നു് അയാൾ പത്തുവട്ടം ആലോചിച്ചുപോവും. ചിലപ്പോൾ അതിൽനിന്നു് പിന്തിരിഞ്ഞു കളഞ്ഞേയ്ക്കും. നന്മയില്ലാത്തവൻ മറ്റൊരുത്തന്റെ ഉള്ള നന്മകൂടി നശിപ്പിച്ചുകളയുന്നു!
നന്ദി എന്ന ഭാവം സംസ്കൃതിയുടെ ഭാഗമായി മനുഷ്യജീവികൾ കണ്ടുപിടിച്ചതല്ല എന്നും മറിച്ചു് ഈ വികാരം പ്രകൃതിയിൽ തന്നെ ഉള്ളതാണു് എന്നും വിചാരിക്കാനാണു് യുക്തി കാണുന്നതു്. കാരണം നമുക്കു് അടുത്തു പരിചയപ്പെടാൻ ഇടയാവുന്ന പട്ടി, ആന തുടങ്ങിയ ജീവികൾ അവർക്കു കിട്ടുന്ന ഉദാരതയ്ക്കും ഭക്ഷണത്തിനും നന്ദി കാണിക്കുന്നതായി നാം മിക്കപ്പോഴും കാണുന്നു. മനുഷ്യർ പറഞ്ഞു വരുന്ന കഥകളിൽ ജീവികളുടെ നന്ദിപ്രകടനത്തിന്റെ ആവിഷ്കാരത്തിൽ അതിശയോക്തി കലർന്നിരിക്കാമെങ്കിലും അവയ്ക്കു് അങ്ങനെയൊന്നുണ്ടു് എന്നതു നമ്മുടെ അനുഭവമാണു്. നന്ദിയില്ലാത്തവരെ നിന്ദിക്കുമ്പോൾ ആളുകൾ പറയുന്നതു കേട്ടിട്ടുണ്ടു്: ‘നായയാണെങ്കിൽ ഒന്നു വാലാട്ടുകയെങ്കിലും ചെയ്യുമായിരുന്നു!” നന്ദികെട്ടവരെ നിന്ദിക്കുവാൻ സാധാരണ പറയാറുള്ള ഒരു തെറി ‘നന്ദിയില്ലാത്ത നായ’ എന്നാണു്. ഓർക്കണേ: നന്ദിയില്ലാത്ത ഒരു നായയുമില്ല. നന്ദികെട്ട മനുഷ്യരുണ്ടാവാം, നായയുണ്ടാവില്ല. മൃഗങ്ങളെപ്പറ്റി നമുക്കുള്ള അന്യായമായ അവജ്ഞ കാരണം മറ്റു പലപ്പോഴും എന്നപോലെ ഈ സന്ദർഭത്തിലും മനുഷ്യഭാഷ നായയെ പുച്ഛിക്കുന്നു എന്നേയുള്ളൂ.
അപ്പോൾ വന്നുകൂടുന്നതു് ഇതാണു്: നന്ദി എന്ന വികാരം പ്രകൃത്യാ തന്നെ നമുക്കു് ലഭിച്ചിട്ടുണ്ടു്. പഠിപ്പും പത്രാസും അടക്കമുള്ള നമ്മുടെ സംസ്കാരം (ഈ സംസ്കാരശൂന്യതയെയും വിളിക്കുന്നതു് ‘സംസ്കാരം’ എന്നാണു്!) കൊണ്ടു് അതു് നശിപ്പിച്ചിട്ടാണു് നാം നന്ദികേടു് കാണിക്കുന്നതു്.
നന്ദികേടു് കാണിക്കുവാൻ ആളുകളെ പ്രേരിപ്പിക്കുന്നതു് അവരുടെ അഹങ്കാരം മാത്രമാണു്. വിനയമുള്ള ഒരാൾക്കും തനിക്കു് കിട്ടിയ ഉപകാരം മറന്നുകളയുവാൻ പറ്റില്ല. അഹങ്കാരി സ്വാർത്ഥം നേടുവാനുള്ള സാമർത്ഥ്യത്തിന്റെ ഭാഗമായി വിനയം അഭിനയിച്ചാവും, പലപ്പോഴും ഉപകാരം കൈക്കലാക്കുന്നതു്. അതു കിട്ടിക്കഴിഞ്ഞാൽ അഹങ്കാരത്തിന്റെ, അല്പത്തരത്തിന്റെ, സ്നേഹശൂന്യതയുടെ കയ്പു് നന്ദികേടിന്റെ കോലത്തിൽ പുറപ്പെടുകയായി.
വേറൊരു വഴിക്കു് ആലോചിച്ചാൽ നന്ദികേടു് അവനവന്റെ സ്വാർത്ഥത്തിനുതന്നെയും ദോഷമാണു്: നന്ദികേടു് കാണിച്ച ഒരാൾക്കു് പഴയ ഉപകർത്താവു് പിന്നെയൊരു ഉപകാരവും ചെയ്യാനിടയില്ല. ആ നന്ദികേടിനെപ്പറ്റി മനസ്സിലാക്കിയാൽ മറ്റുള്ളവരും അയാൾക്കു് ഉപകാരം ചെയ്യില്ല. അങ്ങനെ ഉപകാരം ചെയ്തുപോകരുതു് എന്ന താക്കീതാണു് “ഉളുപ്പില്ലാത്തവന്റെ മുതൽ നന്ദിയില്ലാത്തവൻ തിന്നും” എന്ന മലയാളമൊഴിയിൽ രേഖപ്പെട്ടു കിടക്കുന്നതു്—നന്ദികെട്ടവന്നു് ഉപകാരം ചെയ്യുന്നവൻ ഉളുപ്പില്ലാത്തവനാണു് എന്നർത്ഥം.
ഒരു വ്യക്തി നല്ല ആളാണോ, ചീത്ത ആളാണോ എന്നറിയാൻ ലളിതമായ ഒരു പരീക്ഷ ഇതാ: അയാൾ നന്ദിയുള്ളവനാണോ എന്നു് സൂക്ഷ്മമായി നിരീക്ഷിക്കുക. അയാളുടെ വാക്കിലും മുഖഭാവത്തിലും പെരുമാറ്റത്തിലും നന്ദി പ്രകാശിതമാകുന്നുണ്ടെങ്കിൽ ആൾ നല്ലവനാണു്; മറിച്ചാണെങ്കിൽ ചീത്തയും. കാരണം സ്നേഹവും വിനയവും അടക്കമുള്ള സംസ്കാരത്തിന്റെ സദ്ഭാവങ്ങൾ ഉള്ള ഒരാൾക്കു് മാത്രമേ നന്ദി ഭാരമാകാതിരിക്കൂ; അയാൾക്കു് മാത്രമേ നന്മയെ വിലമതിക്കാനും നന്മ തിരിച്ചുകൊടുക്കുവാനുമുള്ള മനോഗുണം ഉണ്ടായിരിക്കൂ. അത്തരക്കാരുമായി ഇടപഴകിയാലേ സ്നേഹം കൊണ്ടും കൊടുത്തും അവനവന്റെ വ്യക്തിത്വത്തെ ശുദ്ധീകരിക്കാൻ സാധിക്കൂ.
എല്ലാ ബന്ധവും സ്നേഹത്തിലൂടെ പരസ്പരം ശുദ്ധീകരിക്കുന്നു. ആ ശുദ്ധിയാണു് വാസ്തവത്തിൽ ആത്മീയത. ഈ വഴിക്കാണു് മനുഷ്യ വ്യക്തികൾ തമ്മിലുള്ള ബന്ധം ആത്മീയതലത്തിലേയ്ക്കു് ഉയരുന്നതു്.
മലയാളം ന്യൂസ് ദിനപത്രം: ജനുവരി 2001.

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.