images/Boy_reading_by_candlelight.jpg
Boy reading by candlelight, a painting by Matthias Stom (1615–1649).
നോവലുകൾ
എം. എൻ. കാരശ്ശേരി
I
images/Chanthumenon.jpg
ഒയ്യാരത്തു് ചന്തുമേനോൻ

കേരളത്തിൽ നോവൽ എന്ന സാഹിത്യരൂപം പിറന്നതുതന്നെ സാമൂഹ്യ നോവലായിട്ടാണു്. ‘ലക്ഷണമൊത്ത ആദ്യത്തെ മലയാളനോവലാ’യി സാഹിത്യചരിത്രകാരന്മാരും നിരൂപകന്മാരും കരുതുന്നതു് ഒയ്യാരത്തു് ചന്തുമേനോ (1847–1899) ന്റെ ഇന്ദുലേഖ (1889) യാണു്. മേനോന്റെ സമകാലികനായ സി. വി. രാമൻ പിള്ള (1858–1922) യുടെ ചരിത്രനോവലുകളെ മാറ്റി നിർത്തിപ്പറഞ്ഞാൽ ഇന്ദുലേഖയുടെ അനുകരണങ്ങളാണു് അക്കാലത്തു് മലയാളത്തിൽ അധികവും നോവലുകളായി പുറപ്പെട്ടതു്. രാഷ്ട്രീയപ്രബുദ്ധതയുടെയും സാമൂഹ്യനവോത്ഥാനത്തിന്റെയും ആശയങ്ങൾ ഉൾക്കൊണ്ടു് നോവൽരചന നടത്തുന്ന രണ്ടാംതലമുറ വന്നെത്തുന്നതോടുകൂടി പ്രാന്തസ്ഥാനത്തുള്ള ജീവിതം മുഖ്യധാരയിലേയ്ക്കു് ഇരച്ചുകയറുന്നതു് കാണാം. തകഴി ശിവശങ്കരപ്പിള്ള (1912–1999), പി. കേശവദേവ് (1904–1983), ബഷീർ തുടങ്ങിയ എഴുത്തുകാരാണു് ഈ മാറ്റത്തിന്റെ മുൻനിരക്കാരായിത്തീർന്നതു്.

images/Kesavadev.jpg
പി. കേശവദേവ്

സാഹിത്യജീവിതത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ബഷീർ നോവലെഴുതാൻ തുടങ്ങുന്നുണ്ടു്. 1939-ൽ ആദ്യത്തെ നോവൽ എഴുതി—ജീവിതനിഴൽപ്പാടുകൾ. തിരുവനന്തപുരത്തുനിന്നു് പുറപ്പെടുന്ന നവജീവൻ വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഈ നോവൽ 15 കൊല്ലം കഴിഞ്ഞാണു് പുസ്തകാകൃതിയിൽ പുറപ്പെട്ടതു് (1954). ബഷീറിന്റെ നോവൽ രചനയുടെ സിദ്ധികളെപ്പറ്റി പ്രതീക്ഷകളൊന്നും നൽകാൻ കഴിയാത്ത തരത്തിൽ പരിമിതികളുള്ള ചെറിയൊരു ആഖ്യാനകൃതി ആയതു കൊണ്ടാവാം, അതു് തീരെ ശ്രദ്ധിക്കപ്പെട്ടില്ല.

എങ്കിലും നിലവിലുള്ള സാമൂഹ്യവ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രമേയംകൊണ്ടു് പുതുമയാർന്ന കൃതി എന്ന നിലയിൽ ബഷീറിന്റെ സാഹിത്യവ്യക്തിത്വത്തെ പഠനവിധേയമാക്കുന്ന സന്ദർഭത്തിൽ അതു് പ്രസക്തമാണു്. പതിമൂന്നു് ചെറിയ അധ്യായങ്ങളുള്ള ഈ നോവലിലെ നായകൻ മുഹമ്മദ് അബ്ബാസ് ജോലി തേടി അലയുന്നതിനിടയിൽ വസന്തകുമാരി എന്ന ചെറുപ്പക്കാരിയെ പരിചയപ്പെട്ടു. അവൾ വേശ്യയാണു് എന്നറിഞ്ഞതോടെ അയാൾക്കു് അറപ്പായി. അവൾ അയാളോടു് വളരെ സ്നേഹം കാണിച്ചു. അയാൾ അവിടം വിട്ടുപോയി. ജോലികിട്ടി ജീവിതം മെച്ചപ്പെട്ടപ്പോൾ അയാൾക്കു് അവളുടെ കണ്ണുകൾ ഓർമ്മവന്നു. അവയിലെ സ്നേഹവും. സുഹൃത്തു് ജബ്ബാറിന്റെ സഹായത്തോടെ അയാൾ അവളെ കണ്ടെത്തി. വർഷങ്ങളായി അവൾ കാത്തിരിക്കുകയായിരുന്നു. അവർ ഒന്നിച്ചു.

ഈ ഇതിവൃത്തം മലയാളസാഹിത്യത്തെ സംബന്ധിച്ചു് ഇന്നുപോലും വിസ്ഫോടകമാണു്. ഇപ്പറഞ്ഞതിനു് രണ്ടു് അംശങ്ങളുണ്ടു്. ഒന്നു്: ഒരു ചെറുപ്പക്കാരൻ ലൈംഗികത്തൊഴിലാളിയെ കല്യാണം കഴിക്കുന്നു. രണ്ടു്: ഒരു മുസ്ലിംയുവാവ് ഹിന്ദുയുവതിയെ കല്യാണം കഴിക്കുന്നു. സ്ത്രീയുടെ നന്മ തിരിച്ചറിയുവാൻ പുരുഷൻ വൈകിപ്പോകുന്നു എന്നൊരു വിമർശനം ഇതിൽ ഒളിഞ്ഞിരിപ്പുണ്ടു്. ജാതിയും മതവും മാറി കല്യാണം കഴിക്കുന്നതിന്റെ ചിത്രീകരണത്തിനു് ഇന്നു് അംഗീകാരം കിട്ടാം; ലൈംഗികത്തൊഴിലാളിയെ കല്യാണം കഴിക്കുന്നതിനു് ഇന്നുപോലും സാമൂഹ്യാംഗീകാരം കിട്ടുകയില്ല. ബഷീറിന്റെ പല കൃതികളിലും കാണുന്ന നർമ്മം ഈ പുസ്തകത്തിൽ കാണാനില്ല.

മൂന്നുകൊല്ലം കഴിഞ്ഞു് തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവുകാരനായിരിക്കെ സഹതടവുകാർക്കു് വായിക്കാൻ വേണ്ടി എഴുതിയ ‘തമാശക്കഥ’യാണു് ബഷീറിന്റെ രണ്ടാമത്തെ നോവൽ—പ്രേമലേഖനം. പുസ്തകാകൃതിയിൽ പുറത്തുവന്ന (1943) പ്പോൾത്തന്നെ അതു് ശ്രദ്ധിക്കപ്പെട്ടു. നായകൻ കേശവൻ നായർ എന്ന ഹിന്ദുയുവാവു് സാറാമ്മ എന്ന ക്രിസ്ത്യൻ യുവതിയെ കല്യാണം കഴിക്കുന്നതാണു് കഥയുടെ കേന്ദ്രബിന്ദു. സാറാമ്മയുടെ അപ്പച്ചന്റെ വാടകക്കെട്ടിടത്തിലെ താമസക്കാരനും ബാങ്ക് ഉദ്യോഗസ്ഥനുമായ കേശവൻനായർ സാറാമ്മയോടു നടത്തുന്ന പ്രണയാഭ്യാർത്ഥനകളെല്ലാം കഥാന്ത്യം വരെ പരിഹസിച്ചുതള്ളുകയാണു് നായിക. അവസാനമാണു് അവൾ സ്വന്തം പ്രണയം വെളിപ്പെടുത്തുന്നതു്. അവൾ അയാളെ വല്ലാതെ കളിയാക്കുന്നുണ്ടു്. ഒരു തവണ തലകുത്തി നിർത്തുന്നുപോലുമുണ്ടു്. ഇതെല്ലാം നായർസമുദായത്തിന്നു് അപമാനമാണെന്നു് പറഞ്ഞു് ‘നായർ സർവ്വീസ് സൊസൈറ്റി’ രംഗത്തുവന്നു. തിരുവിതാംകൂർ ഗവണ്മെന്റ് പുസ്തകം നിരോധിച്ചു. നായർ സമുദായത്തോടു് തനിക്കു് യാതൊരു പുച്ഛവുമില്ല എന്നു കാണിച്ചു് നോട്ടീസ് ഇറക്കാനും ബഷീറിന്നു് ഇടയായി. ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായ അസുലഭ കാലഘട്ടത്തിന്റെ കഥയാണിതു്. ഒരു യുവാവിന്റെ പ്രണയചാപല്യങ്ങളുടെയും പ്രണയം ഒളിച്ചുവെക്കുന്ന യുവതിയുടെ സാമർത്ഥ്യത്തിന്റെയും കഥ. വിനോദം ജീവിതത്തിന്റെ സൗരഭ്യമാണു് എന്നാണു് അവളുടെ തത്വശാസ്ത്രം. സ്ഥലം മാറിപ്പോകുന്ന കേശവൻനായരുടെ കൂടെ അയാൾക്കു് പോലും യാതൊരു മുന്നറിയിപ്പും കൊടുക്കാതെ അവൾ ഒളിച്ചോടുകയാണു്.

സാറാമ്മക്കു് ജോലിവേണം എന്നു് പറഞ്ഞപ്പോൾ കേശവൻ നായർ എളുപ്പത്തിൽ അവൾക്കൊരു ജോലി സംഘടിപ്പിച്ചുകൊടുത്തു—അയാളെ പ്രേമിക്കുക. മാസം 20 രൂപ ശമ്പളം. അവൾ അതു് അംഗീകരിച്ചു. ഒരിക്കൽ കേശവൻനായർക്കു് സാറാമ്മയെ കെട്ടിപ്പിടിച്ചു് തെരുതെരെ ഒരു ലക്ഷത്തിഒമ്പതു ഉമ്മ വെക്കാൻ തോന്നി. അയാൾ ചുംബിക്കാനായി അടുത്തു.

സാറാമ്മ പറഞ്ഞു: “ഒരു നാലടി അകന്നു നിന്നാൽ മതി”

“എനിക്കു് ഒന്നു ചുംബിക്കണം.”

“എന്നെയോ?”

“ഹതെ.”

“അതു കൊള്ളാം! ഈ ചുംബനക്കാര്യം നമ്മുടെ കരാറിലില്ലല്ലോ.” (മൂന്നാം അധ്യായം)

ഇതാണു് തരം. സ്ത്രീധനത്തിന്റെ കെടുതി, ചിറ്റമ്മയുടെ പോരു് തുടങ്ങിയ പ്രശ്നങ്ങൾ അങ്ങിങ്ങായി കടന്നുവരുന്നുണ്ടു്. പുരുഷേനേക്കാൾ ബുദ്ധിയും സാമർത്ഥ്യവും നർമ്മബോധവും സ്ത്രീക്കുണ്ടു് എന്നു് ഈ തമാശപുരാണത്തിൽ അമർത്തിപ്പറഞ്ഞിട്ടുണ്ടു്.

II
images/Balyakalasakhi.jpg

1944-ൽ പുറത്തിറങ്ങിയ ബാല്യകാലസഖി യാണു് ബഷീറിന്നു് മലയാളസാഹിത്യത്തിൽ പ്രതിഷ്ഠ നൽകിയതു്. അദ്ദേഹത്തിന്റെ കൃതികൾക്കിടയിൽ ഏറ്റവും പ്രശസ്തമായിത്തീർന്ന ഈ നോവലാണു് മലയാളസാഹിത്യത്തിൽ മുസ്ലീം സാമൂഹ്യജീവിതം ആദ്യമായി അവതരിപ്പിക്കുന്നതു്.

അഭിമുഖസംഭാഷണങ്ങളിലും ലേഖനങ്ങളിലും ചങ്ങാതിമാരോടുള്ള വർത്തമാനത്തിലുമെല്ലാം ഈ കഥാകൃത്തു് ആവർത്തിച്ചുപറയുന്ന ഒരു കാര്യമുണ്ടു്: കുട്ടിക്കാലത്തു് വായിക്കാൻ കിട്ടിയ മലയാള കഥാപുസ്തകങ്ങളിലെല്ലാം ചീത്ത കഥാപാത്രങ്ങൾ മുസ്ലീംകളായിരുന്നു. കള്ളന്മാരും പിടിച്ചുപറിക്കാരും റൗഡികളും പെൺപിടിയന്മാരും തട്ടിപ്പുകാരുമായി വന്ന ദുഷ്ടകഥാപാത്രങ്ങളെല്ലാം മുസ്ലിംകൾ! ഞാൻ അത്ഭുതപ്പെട്ടുപോയി. എന്റെ കുടുംബത്തിലോ പരിചയത്തിലോ പെട്ട മുസ്ലിംകളാരും ഇങ്ങനെയല്ല. നല്ലതും ചീത്തയും എല്ലാ സമുദായത്തിലും ഉണ്ടു്. ചീത്ത ആളുകളെല്ലം ഒരു സമുദായക്കാർ മാത്രമാണു് എന്നു് പറയുന്നതു് ശരിയല്ല. മുതിർന്ന ശേഷം എഴുത്തുകാരനാവണമെന്നും മുസ്ലിംകൾക്കിടയിലെ നല്ലവരെക്കുറിച്ചു് കഥ എഴുതണമെന്നും ഞാൻ അന്നേ തീരുമാനിച്ചു.

ബഷീറിനെ എഴുത്തുകാരനാക്കിയ പ്രചോദനങ്ങളിൽ ഒന്നു് ഈ പരിതഃസ്ഥിതിയാണു്. താൻ എഴുതിയപ്പോഴാകട്ടെ, ദുഷ്ടകഥാപാത്രങ്ങൾ കുറഞ്ഞ ഒരു ലോകമാണദ്ദേഹം സൃഷ്ടിച്ചതു്. അവിടെ നന്മയും തിന്മയും ഏതെങ്കിലും സമുദായത്തിനു് മാത്രമായി പകുത്തുകൊടുത്തിട്ടില്ല. നന്മയും സ്നേഹവും ത്യാഗബോധവും പൊങ്ങച്ചവും സ്വാർത്ഥവും കുടിലതയും സ്നേഹശൂന്യതയും ഉള്ള നാനാജാതി മതസ്ഥരായ മനുഷ്യർ അവിടെ ഉയിർക്കൊണ്ടു.

കേരളീയമുസ്ലിംകൾ മാതൃഭാഷയായി മലയാളത്തെത്തന്നെ സ്വീകരിച്ചവരാണു്. അവരുടെ പാരമ്പര്യത്തിൽ ഉറുദു ഇല്ല. മതഭാഷയായി അറബിയെ അംഗീകരിക്കുമ്പോഴും നിത്യവ്യവഹാരത്തിന്നു് മലയാളം തന്നെ അവർ ഉപയോഗിച്ചു. ഏറെക്കാലം പരിഷ്ക്കരിച്ച ഒരിനം അറബി ലിപിയിലാണു് അവരുടെ വരമൊഴി ആവിഷ്ക്കാരം കൊണ്ടതു്. ഈ ലിപിമാലക്കു് ‘അറബിമലയാളം’ എന്നു പേരു്. ചുരുങ്ങിയതു് 500 കൊല്ലത്തിന്റെ ചരിത്രമുള്ള ഈ ലിപിയിൽ രേഖപ്പെട്ടുകിടക്കുന്ന ഗദ്യപദ്യകൃതികൾ അനേകമുണ്ടു്. ഈ ശാഖയെ ‘അറബിമലയാളസാഹിത്യം’ എന്നു് വിളിക്കുന്നു. ഇതിലെ പദ്യശാഖയാണു് പരക്കെ ‘മാപ്പിളപ്പാട്ടു്’ എന്നറിയപ്പെടുന്നതു്. ഈ സാഹിത്യം, ലിപിയുടെ പ്രത്യേകതകൊണ്ടു് കേരളീയസാഹിത്യത്തിന്റെ മുഖ്യധാരയിൽ വന്നില്ല. സ്വാഭാവികമായും അവയിൽ രേഖപ്പെട്ടു കിടക്കുന്ന കേരളീയമുസ്ലിംജീവിതത്തിന്റെ തുടിപ്പുകളൊന്നും പുറമേയ്ക്കു് അറിയാനിടയായില്ല. കേരളത്തിലെ ആദ്യത്തെ മുസ്ലീം സാമൂഹ്യപരിഷ്കർത്താവു് സയ്യിദ് സനാഉല്ലാ മക്തിത്തങ്ങൾ (1847–1912) ആണു് മലയാളലിപിയിൽ പുസ്തകമെഴുതുന്ന ആദ്യത്തെ കേരളീയമുസ്ലിം. തങ്ങൾ പണ്ഡിതനും ചിന്തകനും പരിഷ്കർത്താവും ആയിരുന്നു; സർഗസാഹിത്യകാരനായിരുന്നില്ല. കേരളത്തിലെ മുസ്ലിംകൾക്കിടയിൽ മലയാളലിപിയിൽ എഴുതിത്തുടങ്ങുന്ന ആദ്യത്തെ സർഗസാഹിത്യകാരനാണു് മുഹമ്മദ് ബഷീർ.

അയൽക്കാരായ മജീദിന്റെയും സുഹ്റയുടെയും കഥയാണു് ബാല്യകാലസഖി. പണക്കാരന്റെ മകനാണു് മജീദ്; സുഹ്റ പാവപ്പെട്ട അടക്കാകച്ചവടക്കാരന്റെയും. അവർ സ്കൂളിൽ പോകുന്നതും പഠിക്കുന്നതും കളിക്കുന്നതും എല്ലാം ഒന്നിച്ചാണു്. മജീദ് പഠിക്കാൻ മോശമാണു്. ഒന്നും ഒന്നും കൂട്ടിയാൽ എത്ര? എന്ന അധ്യാപകന്റെ ചോദ്യത്തിന്നു് ഉമ്മിണി ബല്യ ഒന്നു് എന്നു് മറുപടി പറയാൻ മാത്രം മണ്ടനാണവൻ. സുഹ്റ പഠിക്കാൻ മിടുക്കിയായിരുന്നു. സ്വപ്നജീവിയായിട്ടാണു് മജീദ് വളർന്നതു്. മുതിരുന്നതിനനുസരിച്ചു് അവർ തമ്മിലുള്ള ബന്ധം ഗാഢമായിത്തീർന്നു.

ബാപ്പയുടെ മരണം കാരണം വന്നുചേർന്ന ദാരിദ്രത്താൽ സുഹ്റക്കു് തുടർന്നുപഠിക്കാൻ സാധിച്ചില്ല. ഒരു ദിവസം ബാപ്പ തല്ലിയതു കാരണം മജീദ് നാടുവിട്ടുപോയി. പലനാടുകളിൽ ചുറ്റിയലഞ്ഞു. ഇക്കാലത്തൊന്നും നാട്ടിലേയ്ക്കു് ഒരു കത്തുപോലും അയച്ചില്ല.

ആറേഴുകൊല്ലം കഴിഞ്ഞു് വെറും കയ്യോടെ മജീദ് മടങ്ങിയെത്തി; കുടുംബം സാമ്പത്തികമായി തകർന്നിരിക്കുന്നു; സുഹ്റയെ കെട്ടിച്ചിരിക്കുന്നു! ഒരറവുകാരന്റെ രണ്ടാം ഭാര്യയാണവൾ. മജീദ് വന്നെന്നറിഞ്ഞു് സുഹ്റ ഓടിയെത്തി. അവൾക്കു് തന്നെ ഉപദ്രവിക്കുന്ന ഭർത്താവിന്റെ വീട്ടിലേക്കു് മടങ്ങിപ്പോവാൻ മനസ്സുണ്ടായിരുന്നില്ല. അവളെ വിവാഹം ചെയ്യാൻ മജീദ് തയാറായിരുന്നു. അതിനു മുമ്പെ മജീദിന്നു് പുരനിറഞ്ഞുനിൽക്കുന്ന സഹോദരിമാരെ കെട്ടിച്ചയക്കണം. സാമ്പത്തികമായി തകർന്നു കിടക്കുന്ന കുടുംബം നേരെയാക്കണം. ജോലി അന്വേഷിച്ചു് അയാൾ വീണ്ടും നാടുവിട്ടു.

ഒരു കമ്പനിയുടെ ഏജന്റായി അയാൾക്കു ജോലി കിട്ടി. സൈക്കിളിൽ ജോലിക്കു പോകുന്നതിനിടെ അപകടം പറ്റി അയാളുടെ വലതുകാൽ മുറിച്ചു കളയേണ്ടിവന്നു. ഒന്നരക്കാലനായ അയാൾക്കു് കിട്ടിയതു് ഹോട്ടലിൽ പാത്രം മോറുന്ന പണിയാണു്. ആ പണിചെയ്തുകൊണ്ടിരിക്കെയാണു് ദീനം വന്നു് കിടപ്പിലായിരുന്ന സുഹ്റ മരിച്ചുപോയി എന്ന നടുക്കുന്ന വിവരം ഉമ്മയുടെ കത്തിലൂടെ അറിയുന്നതു്.

നായികാനായകന്മാരുടെ കുട്ടിക്കാലത്തെ കളിതമാശകളുടെ പ്രസാദമധുരമായ വെളിച്ചത്തിൽ തുടങ്ങിയ കഥ ശോകസങ്കുലതയുടെ കാളിമയിൽ അവസാനിച്ചുപോകുന്നു. എങ്കിലും നിരാശയിലേക്കു് അതു് വീണുപോകുന്നില്ല. വിവരമറിഞ്ഞു് പ്രപഞ്ചം നിശ്ശബ്ദശൂന്യമായതുപോലെ തോന്നിയെങ്കിലും ചുറ്റുപാടിന്റെ പ്രകാശവും ചലനവും മജീദ് തിരിച്ചറിയുന്നുണ്ടു്. മധുരിക്കുന്ന ഓർമ്മകളിലേക്കു് തിരിയുകയാണു് മനസ്സു്. തന്നെ യാത്രയാക്കുമ്പോൾ ചെമ്പരത്തിയിൽ പിടിച്ചുകൊണ്ടു് പൂന്തോട്ടത്തിൽ നിൽക്കുന്ന സുഹ്റയുടെ ദൃശ്യമാണു് അയാളുടെ മുമ്പിൽ.

എന്തായിരുന്നു അന്നു് ഒടുവിലായി സുഹ്റ പറയാൻ തുടങ്ങിയതു്? എന്ന മജീദിന്റെ ആലോചനയിലാണു് നോവൽ അവസാനിക്കുന്നതു്.

images/MP_Paul.jpg
എം. പി. പോൾ

അവതാരികയിൽ പ്രശസ്ത നിരൂപകൻ എം. പി. പോൾ (1904–1952) ഇന്ദുലേഖയ്ക്കു ശേഷം മലയാളത്തിൽ വന്ന പ്രധാനപ്പെട്ട നോവൽ എന്നു് ബാല്യകാലസഖിയെ വിശേഷിപ്പിച്ചതു് പരക്കെ അംഗീകാരം നേടി. വാമൊഴി എന്നു് പോലും വിളിക്കാവുന്ന അളവിൽ ലളിതവും യഥാതഥവുമായ ഭാഷയിൽ അങ്ങേ അറ്റം ഉള്ളിൽ തട്ടുന്ന വിധം ചിത്രീകരിച്ച ആ പ്രണയദുരന്തം പണ്ഡിതപാമരഭേദമില്ലാതെ മലയാളികളെ വിശദീകരിച്ചു. കേരളീയ സമൂഹം ഏറ്റവുമധികം കൊണ്ടാടിയ പ്രണയകഥ രമണനാ ണു് (1936). നാടൻ പാട്ടിന്റെ ഈണത്തിൽ ലളിതകോമളകാന്തപദാവലി കൊണ്ടു് ചങ്ങമ്പുഴ കൃഷ്ണപിള്ള (1911–1948) രചിച്ച ആ പ്രണയകാവ്യം സംഗീതമാധുരികൊണ്ടും പ്രണയദുരന്തത്തിന്റെ ശോകാവിലത കൊണ്ടും മലയാളമനസ്സിനെ കീഴടക്കുകയുണ്ടായി. ഗദ്യത്തിൽ അത്തരമൊന്നു് കേരളീയ ജീവിതത്തിലേക്കു വരുന്നതു് ബാല്യകാലസഖിയാണു്. ചങ്ങമ്പുഴയുടെ ചങ്ങാതിയായ ബഷീർ രചിച്ച ബാല്യകാലസഖിയിലെ മജീദും സുഹറയും പ്രണയത്തിന്റെ ഉദാഹരണമായിത്തീർന്നു് ജനപ്രീതിനേടി. ഈ അളവിൽ ജനസ്വാധീനമുള്ള മറ്റൊരു പ്രണയ കഥ കേൾക്കുവാൻ മലയാളികൾ തകഴി ശിവശങ്കരപിള്ള ‘ചെമ്മീനെ’ഴുതുന്ന കാലത്തോളം (1956) കാത്തിരിക്കേണ്ടിവന്നു.

മലയാളിസമൂഹത്തെ ചവിട്ടി ഉണർത്താൻ പോന്ന നോവലാണു് പിന്നീടു് പുറത്തു് വന്ന ബഷീറിന്റെ ശബ്ദങ്ങൾ (1947). മുൻ പട്ടാളക്കാരനും സാഹിത്യകാരനും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിൽ എഴുതപ്പെട്ട ഈ ചെറുനോവൽ എല്ലാ ഭാഗത്തുനിന്നും എതിർപ്പുകൾ ഏറ്റുവാങ്ങി. അച്ഛനാരെന്നോ അമ്മയാരെന്നോ അറിഞ്ഞുകൂടാത്ത ഒരു യുവാവിന്റെ ആത്മകഥ സംഭാഷണരൂപത്തിൽ വാർന്നുവീഴുകയാണു്. കള്ളന്മാരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തെരുവുതെണ്ടികളുടെയും ജീവിതത്തിന്റെ ദാരുണവും ഭീകരവുമായ രംഗങ്ങൾ ആ വർത്തമാനത്തിൽ കടന്നുവരുന്നുണ്ടു്. ആണുങ്ങളുടെ സ്വവർഗ്ഗരതി ഈ കൃതിയിലാണു് ആദ്യമായി മലയാളത്തിൽ ആവിഷ്കരിക്കപ്പെടുന്നതു്. ‘ആൺവേശ്യ’ എന്നു് ഇതിലെ ഒരധ്യായത്തിന്നു് തലക്കെട്ടു് കൊടുത്തിരിക്കുന്നു. മൂല്യങ്ങളുടെ തൂണിന്മേൽ ഉയർത്തിയിരിക്കുന്ന സംസ്ക്കാരത്തിന്റെ മേൽപ്പുരകൾ ഇടിഞ്ഞുപൊളിഞ്ഞുവീഴുന്ന ശബ്ദങ്ങളാണു് ഇവിടെ കേൾക്കുന്നതു്. അസഹനീയമായ ആ ശബ്ദങ്ങൾ കേട്ടു് നിരൂപകന്മാരും പണ്ഡിതന്മാരും ബഷീറിനെ ‘ജീർണ്ണതയുടെ സാഹിത്യകാരൻ’ എന്നു് വിളിച്ചു. അദ്ദേഹം ‘അശ്ശീലസാഹിത്യകാരനാ’യി മുദ്രകുത്തപ്പെട്ടു.

പ്രശസ്ത നോവലിസ്റ്റും കാർട്ടൂണിസ്റ്റുമായ ഒ. വി. വിജയൻ (1931–2005) ജീർണ്ണതയുടെ കാപട്യത്തെ തോലുപൊളിക്കുന്നതിനു് വേണ്ടി പില്ക്കാലത്തു് എഴുതിയ ധർമ്മപുരാണം (1985) ശബ്ദങ്ങളുടെ വഴിക്കു് വരുന്ന രചനയാണു്.

മുസ്ലിം സാമൂഹ്യജീവിതത്തിന്റെയും പ്രേമത്തിന്റെയും അതിമനോഹരമായ ചിത്രീകരണം കൊണ്ടു് കേരളീയരുടെ ലാളനാപാത്രമായിത്തീർന്ന രചനയാണു് ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു! (1951). ഈ നോവലിലെ നായിക കുഞ്ഞുപാത്തുമ്മ മനോഗുണം മുറ്റിയ നാടൻ മനസ്സിന്റെ ചാരുതകൊണ്ടു് വായനക്കാരുടെ മനസ്സിൽ ഇടം തേടി. നിരക്ഷരയും നിഷ്ക്കളങ്കയും ആയ ആ നാടൻ പെൺകിടാവും നഗരവാസിയും വിദ്യാസമ്പന്നനുമായ നിസാർ അഹമ്മദും തമ്മിലുള്ള പ്രണയകഥയാണു് ഇതിവൃത്തം. ശുഭപര്യവസായി ആയിത്തീരുന്ന ആ പ്രണയകഥയല്ല, സാമൂഹ്യപരിഷ്കരണമാണു് നോവലിലെ മുഖ്യപ്രതിപാദ്യം.

കുഞ്ഞുപാത്തുമ്മയുടെ സമ്പന്നമായ കുട്ടിക്കാലത്തിന്റെ പൊലിമ കാണിച്ചു കൊണ്ടാണു് കഥ തുടങ്ങുന്നതു്. പണക്കാരനായ ബാപ്പ വട്ടനടിമയും ഉമ്മ കുഞ്ഞുതാച്ചുമ്മയും ധൂർത്തിലും പൊങ്ങച്ചത്തിലും യാഥാസ്ഥിതികതയിലും മദിച്ചുപുളയ്ക്കുന്നതെങ്ങനെ എന്നു് ധർമ്മമധുരമായി കാണിച്ചു കൊണ്ടാണു് കഥനം മുന്നേറുന്നതു്. മുസ്ലിം പുരാവൃത്തങ്ങളുടെ ആവിഷ്ക്കാരമായും വിശ്വാസങ്ങളുടെ ചിത്രീകരണമായും ആണു് ഇതു് വെളിപ്പെടുന്നതു്.

കുടുംബവഴക്കിലും കേസിലും പെട്ടു് ദരിദ്രമായിത്തീർന്ന സ്വന്തം കുടുംബം കൊച്ചു വാടകവീട്ടിൽ എത്തുമ്പോഴാണു് കുഞ്ഞുപാത്തുമ്മ കാറ്റും വെളിച്ചവും അനുഭവിക്കുന്നതു്. ഒരിക്കൽ കുളിക്കാൻ പോകുമ്പോൾ കുരുവികളുടെ കലഹത്തിൽ ഇടപെടുന്നതിനിടയിൽ അവൾ ഒരു ആൺപിറന്നവനെ കണ്ടുമുട്ടാനിടയായി. ഏറെ ചെല്ലും മുമ്പേ അയാളുടെ കുടുംബം അയൽപക്കത്തു് പാർക്കാനെത്തി. വൃത്തിയുടെയും പരിഷ്ക്കാരത്തിന്റെയും പേരിൽ തുടക്കത്തിൽ ആ കുടുംബങ്ങൾ തമ്മിൽ പിണങ്ങുന്നുണ്ടു്. ചെറുപ്പക്കാരന്റെ സഹോദരി ആയിഷ കുഞ്ഞുപാത്തുമ്മയെ എഴുത്തു പഠിപ്പിക്കുന്നു; പുതുമാതിരികൾ പരിശീലിപ്പിക്കുന്നു. ആ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദം ഇവരുടെ കല്യാണം കൊണ്ടു് ഒന്നു കൂടി തെഴുക്കുന്നു.

യാഥാസ്ഥിതികതയുടെ പ്രതിരൂപമായ കുഞ്ഞുതാച്ചുമ്മയുടെ പരിപൂർണപരാജയം അടയാളപ്പെടുത്തിക്കൊണ്ടാണു് നോവൽ സമാപിക്കുന്നതു്. സമൃദ്ധിയുടെ കളിത്തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുപാത്തുമ്മയുടെ മുഖത്തെ മറുകു് ഭാഗ്യത്തിന്റെ സൂചകമാണെന്നും അതിനു് അവളുടെ ഉപ്പുപ്പായുടെ കൊമ്പനാനയുടെ നിറമാണെന്നും സ്ഥാപിക്കുന്ന രംഗം കൊണ്ടു തുടങ്ങിയ ഈ രചന കഷ്ടകാലത്തിന്റെ നടുവിൽ പരിഷ്ക്കാരിയായ ഒരു ചെറുപ്പക്കാരൻ അവളെ നിക്കാഹ് കഴിക്കുന്നതോടെയാണു് അവസാനിക്കുന്നതു്. അപ്പോഴും കുഞ്ഞുപാത്തുമ്മയുടെ ഉപ്പുപ്പാക്കുണ്ടായിരുന്ന കൊമ്പനാനയെപ്പറ്റി അവളുടെ ഉമ്മ ഓർമ്മിപ്പിക്കുന്നുണ്ടു്. അപ്പോൾ ഒരു കുട്ടിയാണു് അവരെ പറഞ്ഞുമനസ്സിലാക്കുന്നതു്: അതൊരു കുഴിയാനയായിരുന്നു!

നിസാർ അഹമ്മദിന്റെയും കുഞ്ഞുപാത്തുമ്മയുടെയും കുടുംബങ്ങൾ സമൂഹത്തിലെ രണ്ടു് ധാരണകളുടെ പ്രതിനിധാനങ്ങളാണു്—നിസാറിന്റെ കുടുംബം പുതുമയുടേതും കുഞ്ഞുപാത്തുമ്മയുടെ കുടുംബം പഴമയുടേതും.

ആധുനികതയ്ക്കു വേണ്ടിയുള്ള ബഷീറിന്റെ ആഹ്വാനമാണു് ന്റുപ്പുപ്പാക്കൊരൊനേണ്ടാർന്നു! പ്രണയോപഹാരമായി കാമുകൻ കാമുകിക്കു് വൃത്തിയുള്ളൊരു കക്കൂസ് ഉണ്ടാക്കിക്കൊടുക്കുന്നതു് അതിന്റെ സൂചകം ആകുന്നു. ഗൃഹനിർമ്മാണം, ഭക്ഷണം, വേഷം, ഭാഷ തുടങ്ങി എല്ലാ കാര്യങ്ങളിലും ആധുനികമായ പരിഷ്ക്കാരങ്ങൾ ഉൾക്കൊണ്ടു് മുസ്ലിംകൾ മുന്നേറണമെന്ന സന്ദേശം നോവൽ മുന്നോട്ടു വേക്കുന്നു. ബഷീറിന്റെ കഥാപാത്രങ്ങൾക്കിടയിൽ കണ്ടു കിട്ടുന്ന ഒരേ ഒരു മാതൃകാപുരുഷനായ നിസാർ അഹമ്മദ് ഈ പരിഷ്ക്കരണബോധത്തിന്റെ പ്രതിപുരുഷനാകുന്നു.

കേരളത്തിലെ മുസ്ലിം സമൂഹം സാഹിത്യത്തിന്റെ മേഖലയിൽ നിന്നു് നേരിട്ട ഏറ്റവും വലിയ വിമർശനം ഈ നോവലിലേതാണു്. മാധ്യമം തമാശയായതുകൊണ്ട് അതത്ര പ്രകോപനം ഉണ്ടാക്കിയില്ല. പരിഹാസനിഷ്ഠമായ ഇത്തരം കടുത്ത വിമർശനം പിന്നീടു് മുസ്ലീം സമൂഹം നേരിടുന്നതു് കെ. ടി. മുഹമ്മദി (ജനനം 1926) ന്റെ ഇതു് ഭൂമിയാണു് (1953) എന്ന നാടകത്തിലൂടെയാണു്.

എടുത്തുപറയാൻ മാത്രം കഥയോ കഥാപാത്രങ്ങളോ സംഭവങ്ങളോ ഇല്ലാത്ത ചെറിയ നോവലാണു് മരണത്തിന്റെ നിഴലിൽ (1951). ബഷീർ തന്നെയാണു് മുഖ്യകഥാപാത്രം. ഒറ്റയ്ക്കുള്ള താമസം, ദാരിദ്ര്യം, സമൂഹത്തിൽ നിന്നു് അന്യമായ അവസ്ഥ, ഇടയ്ക്കു വന്നെത്തുന്ന സുഹൃത്തുക്കൾ—ബഷീർ അവരോടു് വർത്തമാനം പറയുകയാണു്. ആ വഴിക്കു് സ്വാഭാവികമായും വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പലതരം സങ്കടങ്ങളും വിങ്ങലുകളും വരുന്നു. ഈ ലഘു ഭാഷണങ്ങളുടെയും കൊച്ചുകൊച്ചു സംഭവങ്ങളുടെയും പശ്ചാത്തലമായിക്കിടക്കുന്നതു് രണ്ടാം ലോകമഹായുദ്ധമാണു്. പൂങ്കാവനമായിത്തീരേണ്ട ഈ ഭൂഗോളത്തെ എങ്ങനെയാണു് ഹിംസാമനോഭാവം കുരുതിക്കളമാക്കിത്തീർക്കുന്നതു് എന്ന ആധി പുസ്തകത്തിൽ എവിടെയും ഉണ്ടു്.

കുഞ്ഞമ്മ എന്നൊരു എട്ടുവയസ്സുകാരിയാണു് ബഷീറിനു് പാലു് കൊടുക്കുന്നതു്. പശുവിനു് കൊടുക്കുന്ന പുല്ലിനു് വില കേറി എന്നു് ആ കുട്ടിക്കറിയാം. യുദ്ധം കൊണ്ടാണു് വില കേറിയതു് എന്ന് സ്വന്തം വീട്ടുകാർ പറഞ്ഞു അവൾ കേട്ടിട്ടുണ്ടു്. അവൾ ബഷീറിനോടു് ചോദിക്കുകയാണു്:

“യുദ്ധത്തിനെന്തിനാ പുല്ലു്?”

ഉത്തരമില്ല.

എന്തിനാ യുദ്ധം? എന്നു് കുറേക്കൂടി പ്രധാനപ്പെട്ട ചോദ്യത്തിനും ആർക്കും ഉത്തരമില്ല.

ജീവിതത്തിന്റെ അർത്ഥം എന്താണു്, അസ്തിത്വത്തിന്റെ പ്രസക്തി എന്താണു് തുടങ്ങിയ ആഴമേറിയ പ്രശ്നങ്ങൾ തമാശയായും ചർച്ചയായും ഇതിൽ കടന്നുവരുന്നുണ്ടു്.

ശബ്ദങ്ങളുടെ ബാക്കിപത്രം എന്നു് ഈ കൃതിയെ വിളിക്കാം. ഇതിലെ അന്തരീക്ഷം കൂടുതൽ പ്രസാദപൂർണ്ണമാണു്. ശബ്ദങ്ങളിൽ ധാർമ്മികരോഷം അഗ്നിയായി കത്തിപ്പടരുകയാണെങ്കിൽ ഇവിടെ അതു് നർമ്മത്തിന്റെ നിലാവായി ഒഴുകിപ്പരക്കുകയാണു്.

III
images/Pathumayude_aadu_cover.jpg

ബഷീർസാഹിത്യത്തിൽ മാത്രമല്ല മലയാളനോവൽചരിത്രത്തിൽ തന്നെയും പല നിലക്കു് ഒറ്റ തിരിഞ്ഞു നിൽക്കുന്ന നോവലാണു് പാത്തുമ്മയുടെ ആടു് (1959). നോവലിന്റെ രൂപഭാവങ്ങളൊന്നുമില്ലാത്ത ഈ കൃതി ഭ്രാന്താശുപത്രിയിൽ ചികിത്സ കഴിഞ്ഞു് വിശ്രമിക്കുമ്പോൾ പറഞ്ഞുകൊടുത്തുഎഴുതിച്ചതാണു്.

ഈ നോവലിൽ കഥയില്ല. നായകനോ നായികയോ വില്ലനോ ഇല്ല. പ്രണയമില്ല. കലഹമില്ല. മത്സരമില്ല. കഥയില്ലാത്തതു് കൊണ്ടു് തന്നെ അതു് വളരുന്നില്ല; അതെവിടെയും ചെന്നു് അവസാനിക്കുന്നുമില്ല.

കുടുംബത്തിൽ ഏതാനും ആഴ്ചകളിൽ നടക്കുന്ന കുറെ സംഭവങ്ങളുടെ വിവരണം മാത്രം. കഥാപാത്രങ്ങൾ: ഉമ്മ, സഹോദരീസഹോദരന്മാർ, മറ്റു് കുടുംബാംഗങ്ങൾ. ഇവരോളം തന്നെ പ്രാധാന്യത്തിൽ വീട്ടിലെ ആടുകളും കോഴികളും പൂച്ചകളും. പിന്നെ, പറമ്പിലെ അണ്ണാറക്കണ്ണനും ചാമ്പമരവും.

ഏതോ വിദൂരദേശത്തു് നിന്നു് ബഷീർ വീട്ടിൽ മടങ്ങി എത്തുന്നതോടെയാണു് ‘കഥ’ ആരംഭിക്കുന്നതു്. പാത്തുമ്മയുടെ ആടു് പെറുന്നതോടെ അതവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ആ കുടുംബത്തിനകത്തു് നടക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ—ആളുകളുടെ സ്വാർത്ഥം, ഇണക്കം, പിണക്കം, കുശുമ്പു്, ഏഷണി—എല്ലാം തമാശ ചാലിച്ചെഴുതിയിരിക്കുകയാണു്. ദാരിദ്ര്യവും കഷ്ടപ്പാടും സ്ത്രീകൾ എങ്ങനെയാണു് നേരിടുന്നതു് എന്നു് ഈ പുസ്തകം സൂക്ഷിച്ചു നോക്കിയാൽ കാണാം. അരി വാർത്തു് വെച്ചു് ചോറു മുഴുവൻ ആണുങ്ങൾക്കു കൊടുക്കുകയും കഞ്ഞിവെള്ളം കൊണ്ടു് പെണ്ണുങ്ങൾ തൃപ്തിപ്പെടുകയും ചെയ്യുന്നതുപോലുള്ള അനേകം രംഗങ്ങൾ. ബഷീർ സ്വയം കളിയാക്കുന്ന രംഗങ്ങൾക്കും ഇവിടെ ക്ഷാമമില്ല.

ആ ആടു് സ്ത്രീത്വത്തിന്റെ പ്രതിച്ഛായയാണു്—നിശ്ശബ്ദമായി എല്ലാം സഹിക്കുകയും പല മട്ടിലുള്ള ചൂഷണത്തിനു് വിധേയമാവുകയും ചെയ്യുന്ന സ്ത്രീത്വം.

സമൂഹവും കുടുംബവും സൃഷ്ടിക്കുന്ന ‘ബലിയാടുകളെ’പ്പറ്റി നിരന്തരം സൂചിപ്പിച്ചു കൊണ്ടാണു് കഥനം മുന്നേറുന്നതു്. ആടുകളെയും കോഴികളെയും പൂച്ചകളെയും കുടുംബത്തിലെ വ്യക്തികളെപ്പോലെ ബഷീർ പരിഗണിക്കുന്നുണ്ടു്. പൂവൻകോഴിയെപ്പറ്റി പറയുമ്പോൾ ആ വീട്ടിലെ പിടകൾ എന്നല്ല ‘അവന്റെ പതിനേഴ് ഭാര്യമാർ’ എന്നാണു് പ്രയോഗം. ഇവിടെ കാക്കയും പൂച്ചയും തമ്മിലുള്ള പോരു് ഒരു കുടുംബവഴക്കു് പോലെയാണു്. അവർ ഒരു കുടുംബമാണു് എന്നു് വ്യംഗ്യം.

ഈ ജന്തുക്കളോടും പറവകളോടുമൊക്കെ മനുഷ്യരോടെന്നപോലെ ബഷീർ വർത്തമാനം പറയുന്നുണ്ടു്. അവർക്കുംകൂടി അവകാശപ്പെട്ടതാണു് തന്റെ മലയാളം എന്നു ഭാവം. ആടു് തന്റെ പുസ്തകം തിന്നുന്നതു് കരുണയോടെ നോക്കി നിന്ന ബഷീർ അതു് തന്റെ പുതപ്പു് തിന്നാൻ ഒരുങ്ങുമ്പോൾ സ്നേഹത്തോടെ പറയുകയാണു്: ഹേ, അജസുന്ദരീ! ദയവായി ആ പുതപ്പു് തിന്നരുതു്. അതിന്റെ കോപ്പി വേറെ ഇല്ല. മനുഷ്യരും ജന്തുക്കളും പറവകളും ഇഴജാതികളും സസ്യലതാദികളും ഉൾപ്പെടുന്ന ഒരു വലിയ കുടുംബമാണു് ഈ ദുൻയാവു് എന്ന ഭാവത്തിലാണു് നോവലിന്റെ പരിസമാപ്തി.

മലയാളത്തിലെ എന്നല്ല, ഇന്ത്യൻ സാഹിത്യത്തിലെ തന്നെ അപൂർവ്വപ്രണയകഥകളിൽ ഒന്നാണു് മതിലുകൾ (1965). ബഷീർ തന്നെയാണു് ഇതിലെയും നായകൻ.

സാഹിത്യരചനയുടെ പേരിൽ രാജ്യദ്രോഹക്കുറ്റത്തിനു് ബഷീർ തിരുവനന്തപുരത്തു് ആൺജയിലിൽ തടവു് അനുഭവിക്കുകയാണു്. മതിലിനപ്പുറത്തു് പെൺജയിൽ. സ്വാതന്ത്ര്യസമരപ്പോരാളികളും കുറ്റവാളികളും അടങ്ങുന്ന ആ ആൺസമൂഹത്തിന്റെ ദാഹമോഹങ്ങളും കഷ്ടപ്പാടുകളും പല തലങ്ങളിൽ നോവൽ രേഖപ്പെടുത്തുന്നുണ്ടു്. ഒടുക്കം ബഷീർ ജയിൽ ചാടാൻ തീരുമാനിച്ചു. അതിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണു് ജയിൽവളപ്പിൽ മതിലിനരികെ നടക്കുമ്പോൾ പെൺജയിലിന്റെ ഭാഗത്തു് നിന്നു് ഒരു പെണ്ണിന്റെ ചിരി കേൾക്കുന്നതു്. തടവറയിലേക്കു് വന്ന ദിവസം അജ്ഞാതമായ ഏതോ ഭാഗത്തു് നിന്നു് തന്നെത്തേടി സ്ത്രീയുടെ ഗന്ധം വന്നെത്തിയ കഥ അപ്പോൾ ഓർമ്മയായി.

നേരം കളയാതെ ബഷീർ ആ ശബ്ദവുമായി പരിചയപ്പെട്ടു. ആ തടവുകാരിയുടെ പേരു് നാരായണി. പ്രഥമശ്രവണത്തിൽതന്നെ ശബ്ദത്തിന്റെ ഉടമകൾ അനുരാഗബദ്ധരായി. മതിലിനപ്പുറവും ഇപ്പുറവും നിന്നു്, കമ്പു് ആകാശത്തേക്കു് എറിഞ്ഞു് അടയാളം കാണിച്ചു് അവർ സാമീപ്യം അറിയിച്ചു; പ്രണയസല്ലാപം നടത്തി. പൂക്കളും ചെടികളും അച്ചാറും പലഹാരങ്ങളും പ്രണയോപഹാരങ്ങളായി മതിലിനു് മുകളിലൂടെ പോയി; വന്നു. ഉപഹാരം എറിഞ്ഞെറിഞ്ഞു് കൈവേദനിക്കുന്നു എന്നു് അപ്പുറത്തു് നിന്നു് നാരായണി പറഞ്ഞപ്പോൾ ഇപ്പുറത്തു് നിന്നു് ബഷീർ പറഞ്ഞു: മതിലിൽ ചേർത്തു് വെക്കു്, ഞാൻ തടവിത്തരാം. അവർ അങ്ങനെ ചെയ്തു. പിന്നെ അപ്പുറത്തു കിട്ടാൻവേണ്ടി മതിലിൽ ഉമ്മ വെച്ചു. മതിലിനു് ജീവൻ വെച്ചതുപോലെ.

പ്രകൃതിക്കു് ഭംഗി ഏറി. ജീവിതത്തിനു് മധുരം കൂടി. തടവു ചാടാനുള്ള ആഗ്രഹം എവിടെയോ പോയ്മറഞ്ഞു. എല്ലാ ജീവിതസാഹചര്യങ്ങളും സ്നേഹത്തിന്റെ സാന്നിദ്ധ്യം ഒന്നു കൊണ്ടു മാത്രം മാറി മറിഞ്ഞു. ആ തടവിൽ അവരിരുവരും സ്നേഹത്തിനു് മാത്രം നല്കാൻ കഴിയുന്ന സ്വാതന്ത്ര്യം അനുഭവിച്ചു.

ഒടുക്കം തടവുകാർക്കു് വേണ്ടിയുള്ള ആശുപത്രിയിൽ സന്ധിക്കാമെന്നു് അവർ സങ്കേതം ഉറപ്പിച്ചു. ആദ്യമായി തമ്മിൽ കാണാൻ പോകുകയാണു്. തിരിച്ചറിയാനുള്ള അടയാളമായി തന്റെ കൈയിൽ ഒരു ചുവന്ന റോസാപ്പൂ കാണും എന്നു് അദ്ദേഹം കാമുകിയോടു് പറഞ്ഞു. ആ ദിവസം വന്നെത്തി. വിധിവൈപരീത്യം! ബഷീറിനെ അന്നു രാവിലെ ജയിലിൽ നിന്നു് വിട്ടു.

ആ സന്തോഷവാർത്ത കേട്ടു് അന്ധാളിച്ചുപോയ കാമുകൻ ജയിലറോടു് ചോദിച്ചു: വൈ ഷുഡ് ഐ ബി ഫ്രീ? ഹു വാൺഡ്സ് ഫ്രീഡം? വലിയ ശബ്ദത്തോടെ അടഞ്ഞ ഇരുമ്പുഗേറ്റിനു മുന്നിൽ ചുവന്ന റോസാപ്പൂവും പിടിച്ചു് ബഷീർ ഏറെ നേരം നിന്നു.

ഇങ്ങനെയൊരു അനുഭവം ബഷീറിനു ഉണ്ടായിട്ടുണ്ടോ? സംശയമാണു്. പിൽക്കാലത്തെപ്പോഴെങ്കിലും അദ്ദേഹം ഈ തടവുകാരിയെയോ ഈ തടവുകാരി അദ്ദേഹത്തെയോ അന്വേഷിച്ചുചെന്നതായി കേട്ടിട്ടില്ല. ഇതു് ആത്മകഥയിലെ ഒരദ്ധ്യായമായിക്കൊള്ളണമെന്നില്ല. പകരം തടവറയിലെ ഏകാന്തതയിൽ ബഷീറിന്റെ കാല്പനിക മനസ്സു് ഉത്പാദിപ്പിച്ച സാങ്കല്പികസ്വർഗ്ഗം മാത്രമാവാം; പരുപരുത്ത യാഥാർത്ഥ്യങ്ങളെ മിനുമിനുത്ത ഭാവന കൊണ്ടു് മാറ്റിപ്പണിഞ്ഞതാവാം.

ഗാന്ധിയനും ദേശീയപ്രസ്ഥാനത്തിലെ പോരാളിയും ആയ ബഷീറിനെ ഇന്ത്യാവിഭജനം ആഴത്തിൽ മുറിപ്പെടുത്തുകയുണ്ടായി. വിഭജനത്തിന്റെ വ്രണങ്ങളിൽ നിന്നു് പിന്നെയും പിന്നെയും കിനിഞ്ഞു കൊണ്ടിരിക്കുന്ന ചോരയിൽ സ്വന്തം കണ്ണീരു ചാലിച്ചാണു് മതിലുകൾ എഴുതിയതു് എന്നു് ഞാൻ വിചാരിക്കുന്നു. ബഷീറിനും നാരായണിക്കുമിടയിൽ ഉയർന്നു നിൽക്കുന്ന മതിലുകൾ ഏതാണെന്നു് ആർക്കും എളുപ്പം തെളിഞ്ഞുകിട്ടും. എന്റെ നോട്ടത്തിൽ ഇന്ത്യാ വിഭജനത്തിന്റെ കഥയാണു് മതിലുകൾ. അങ്ങനെയാണു് ആ വ്രണിതകാമുകന്റെ ഞാനെന്തിനു് സ്വതന്ത്രനാവണം? ആർക്കു വേണം സ്വാതന്ത്ര്യം? എന്ന ചോദ്യം അർത്ഥപൂർണ്ണമായിത്തീരുന്നതു്.

images/Kahlil_Gibran.jpg
ഖലീൽ ജിബ്രാൻ

ലാളിത്യം കൊണ്ടു് സ്വന്തം ആഴങ്ങൾ മറച്ചു പിടിക്കുന്ന പുസ്തകമാണു് മതിലുകൾ—സ്നേഹദാഹത്തിന്റെ കൊടി മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉയർന്നു പറക്കുന്നു എന്നു് കാണിച്ചു തരുന്ന കൃതി. ലെബനാൻകാരനായ ഖലീൽ ജിബ്രാൻ (1883–1931) താൻ ജീവിതത്തിലൊരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഈജിപ്തുകാരി മേസിയാദയെ ഗാഢമായി പ്രേമിച്ച ചരിത്രാനുഭവത്തെ ഓർമ്മപ്പെടുത്തുന്ന പുസ്തകം. എല്ലാ മതിലുകളും എല്ലാ വിഭജനങ്ങളും ആകാവുന്നതിലേറെ അർത്ഥശൂന്യമാണെന്നു് ശോകസാന്ദ്രമായ ഏതോ വിഷാദനാദത്തിൽ മന്ത്രിക്കുന്ന വളരെച്ചെറിയൊരു പുസ്തകം. ബഷീറിന്റെ ഏറ്റവും മഹത്തായ രചന ഇതാണെന്നു് ഞാൻ വിചാരിക്കുന്നു.

IV

ബേപ്പൂരിലെ പൊറുതിയുടെ കഥയാണു് മാന്ത്രികപ്പൂച്ച (1968). ഭാര്യ, മകൾ, സന്യാസിസുഹൃത്തു്, അയൽക്കാർ തുടങ്ങിയവരാണു് കഥാപാത്രങ്ങൾ. ആ വീട്ടിലും ചുറ്റുപാടിലുമുള്ള കൊച്ചു കൊച്ചു സംഭവങ്ങളാണു് ഇതിവൃത്തം.

സ്ത്രീകളുടെ പൊങ്ങച്ചത്തെയും ആണുങ്ങളുടെ കൊള്ളരുതായ്മയെയും നിരന്തരം പരിഹസിക്കുന്നുണ്ടു്. സുഖമായി വായിച്ചു പോവാമെന്നതിനപ്പുറം ഇതിൽ കാര്യമൊന്നുമില്ല. പാത്തുമ്മയുടെ ആടിന്റെ അനുകരണമാണു് മാന്ത്രികപ്പൂച്ച.

താരാസ്പെഷൽസിൽ (1968) വ്യക്തിത്വമുള്ള കഥാപാത്രങ്ങളോ മനസ്സിൽ തട്ടുന്ന ജീവിതസന്ദർഭങ്ങളോ ഒന്നുമില്ല. യുവാക്കളുടെ മദ്യപാനം, ധൂർത്തു്, ആലോചനക്കുറവു്, തീറ്റക്കൊതി മുതലായവയെപ്പറ്റി സരസമായി ചിലതു് പറഞ്ഞിരിക്കുന്നു എന്നു മാത്രം.

ബഷീറിന്റെ ആത്മകഥാംശം ഏറ്റവും അധികമുള്ള രചന എന്ന നിലയിൽ സഹൃദയശ്രദ്ധ നേടിയ അനുരാഗത്തിന്റെ ദിനങ്ങൾ(1983)ക്കു് ‘കാമുകന്റെ ഡയറി’ എന്നായിരുന്നു ആദ്യത്തെ പേരു്. നോവലിന്റെ മുഖ്യഭാഗം ബഷീറിന്റെ ഡയറിയാണു്. പ്രതിപാദ്യം തൃശൂരിലെ താമസത്തിനിടയ്ക്കു് പരിചയപ്പെട്ട ‘ദേവി’യുമായുള്ള ബന്ധം പ്രണയമായിത്തീരുന്നതാണു്. പിന്നെ കാമുകിയുടെ സാമീപ്യത്തിന്റെയും സല്ലാപത്തിന്റെയും കിസ്സകൾ. എല്ലാം നാളും തീയതിയും ഇട്ടു് കുറിച്ചു വെച്ചിരിക്കുന്നു. ഇടക്കു് അങ്ങോട്ടുമിങ്ങോട്ടും അയക്കുന്ന കത്തുകളുടെ പകർപ്പുകൾ, പിണക്കങ്ങൾ, തർക്കങ്ങൾ, സാഹിത്യചർച്ചകൾ. ഒടുക്കം അന്യമതക്കാരനായ ബഷീറിനെ കല്യാണംകഴിച്ചാൽ അവളുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്യും എന്നൊരു ഘട്ടമെത്തിയപ്പോൾ ബഷീർ പിൻവാങ്ങി. വീട്ടുകാർ കൊണ്ടുവന്ന ആലോചന അംഗീകരിക്കണമെന്നും അവരെ സങ്കടപ്പെടുത്തരുതെന്നും പറഞ്ഞ ആ കാമുകൻ കാമുകിയെ തലയിൽ കൈവെച്ചു് അനുഗ്രഹിച്ചു് യാത്രയാക്കി:

ദീർഘസുമംഗലീ ഭവ.

അവസാനത്തെ നോവൽ പ്രേംപാറ്റ (2000) ആഴമേതുമില്ലാത്ത വെറും വെടിപറച്ചിലാണു്. ബീന എന്ന സ്നേഹിതയോടും മറ്റും പ്രേമത്തെപ്പറ്റി കഥാകാരൻ ബഡായി പറയുന്നു. അതിൽ പ്രേമത്തിനുവേണ്ടി കാതുമുറിച്ച ചിത്രകാരൻ വാൻഗോഗും മറ്റും വരുന്നുണ്ടു്; പ്രേമലേഖനത്തിൽ കാമുകി ഇരുപത്തിനാലു് വ്യാകരണപ്പിഴകൾ കണ്ടുപിടിച്ചതുമാതിരിയുള്ള തമാശകളും.

ബഷീറിന്റെ നോവലുകൾ പ്രമേയം, ആഖ്യാനഭാഷ, പാത്രസൃഷ്ടി, രൂപഘടന തുടങ്ങി രചനയുടെ മേഖലകളിൽ പരീക്ഷണാത്മകമായ പുതുമകൾ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ മുഖ്യനോവലുകൾ പല വഴിക്കു് മലയാള സാഹിത്യത്തെ സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നു.

എം. എൻ. കാരശ്ശേരി
images/MN_Karasseri.jpg

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.

പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.

Colophon

Title: Novelukal (ml: നോവലുകൾ).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Novelukal, എം. എൻ. കാരശ്ശേരി, നോവലുകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 5, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Boy reading by candlelight, a painting by Matthias Stom (1615–1649). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.