images/Lena_in_an_interior.jpg
Lena in interior, a painting by Theo van Doesburg (1883–1931).
വേദിയിൽ മുഴങ്ങുന്ന വാക്കു്
എം. എൻ. കാരശ്ശേരി
images/Sukumar_azhikode1.jpg
സുകുമാർ അഴീക്കോട്

പ്രൊഫസർ സുകുമാർ അഴീക്കോടി ന്റെ ക്വാർട്ടേഴ്സിൽ നിന്നു് ടേപ്പ് റിക്കോർഡർ അടക്കമുള്ള കുറേ സാധനങ്ങൾ കളവുപോയി. 1981-ലാണു്. മിക്കപത്രങ്ങളിലും വാർത്തവന്നു. പിറ്റേന്നുതന്നെ ഉണ്ടായിരുന്നു, തൊണ്ടി സാധനങ്ങൾ സഹിതം കള്ളനെ പിടിച്ച വാർത്തയും. അഴീക്കോടിന്റെ കൂടെ അരിവെപ്പുകാരനായി പാർത്തിരുന്ന ഒരു ചെറുപ്പകാരനായിരുന്നു കേസ്സിലെ പ്രതി. അയാളെ പിടികൂടാൻ സഹായിച്ചതോ, അഴീക്കോടിന്റെ ഒരു സാഹിത്യപ്രസംഗവും!

കട്ടുകൊണ്ടുപോയ ടേപ്പ് റിക്കർഡറിന്റെ കൂടെ ചില കാസറ്റുകളും ഉണ്ടായിരുന്നു. സാധനങ്ങളുമായി അയാൾ ചെന്നു കയറിയതു് അൽപം അകലം മാത്രമുള്ള കാമുകിയുടെ വീട്ടിലാണു്. ഒരു കാസറ്റിൽ ‘സാറി’ന്റെ പ്രസംഗമുണ്ടെന്നറിയാം. ആ പ്രസംഗം അവളെക്കൂടി ഒന്നു കേൾപ്പിക്കണമെന്നു് കാമുകനു് ഒരു പൂതി! രണ്ടുപേരും രസിച്ചുകേട്ടു. പിറ്റേന്നു് പത്രം കണ്ടപ്പോഴാണു് കാമുകിയുടെ അയൽക്കാരിൽ ചിലർ തലേന്നു് ആ വീട്ടിൽനിന്നു് ടേപ്പ് റിക്കോർഡറിലൂടെ അഴീക്കോടിന്റെ പ്രസംഗം മുഴങ്ങിക്കേട്ട കാര്യം ഓർത്തതു്. സംഗതി പോലീസ് മണത്തറിഞ്ഞു. ഏതാനും മണിക്കൂറുകൊണ്ടു് ആ ‘സാഹിത്യപ്രസംഗപ്രണയി’ അകത്താവുകയും ചെയ്തു!

images/Kadaman.jpg
കടമ്മനിട്ട

സാഹിത്യപ്രസംഗങ്ങളെപ്പറ്റി ആലോചിക്കുന്നതിനിടയിൽ നുണയാൻ രസമുള്ള ഈ സംഭവം കൂടുതൽ ഗൗരവമുള്ള ഒരു പ്രശ്നം ഉന്നയിക്കുന്നുണ്ടു്. ഇത്തരത്തിൽ സാഹിത്യവുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ ഹരം പിടിപ്പിക്കുകയാണോ സാഹിത്യപ്രസംഗത്തിന്റെ പ്രയോജനം? സാഹിത്യവുമായി ബന്ധമുള്ളവർക്കുതന്നെയും എന്തു പ്രയോജനമാണു് അതുകൊണ്ടുള്ളതു്?

ഈ പ്രയോജനചിന്തതന്നെ അപ്രസക്തമാണെന്നു് തോന്നുംവിധം അത്ര വലിയ സ്ഥാനം സാഹിത്യസമ്മേളനങ്ങൾ നമ്മുടെ സമൂഹത്തിൽ നേടിക്കഴിഞ്ഞിട്ടുണ്ടു്. സാഹിത്യസമ്മേളനങ്ങൾ സംഘടിപ്പിക്കുവാൻ നാം ചെലവാക്കുന്ന സമയം, അദ്ധ്വാനം, ധനം എന്നിവ ചെറുതല്ല. ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും ഭാഗമാണു് സാഹിത്യസമ്മേളനവും സാഹിത്യപ്രസംഗവും. ജുബിലി ആഘോഷങ്ങൾ, വാർഷികപരിപാടികൾ, ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങിയ മേളങ്ങളുടെ ഭാഗമായി ഒരു സാഹിത്യസമ്മേളനമോ, ചുരുങ്ങിയപക്ഷം പ്രസംഗകർക്കിടയിൽ ഒരു സാഹിത്യകാരനോ കാണും. സാഹിത്യപരിഷത്തു് ചെയ്തിട്ടുള്ള പ്രധാന പ്രവൃത്തി വ്യാപകമായ തോതിൽ പ്രശസ്തമായ സാഹിത്യസമ്മേളനങ്ങൾ വിളിച്ചുകൂട്ടുകയാണു്.

images/Gshankarakurup.jpg
ജി. ശങ്കരക്കുറുപ്പു്

സാഹിത്യസമ്മേളനങ്ങളിൽ പങ്കെടുക്കുന്ന സദസ്യരിൽ നല്ലൊരു വിഭാഗം അക്കാര്യത്തിൽ നിഷ്ഠയുള്ളവരാണു്. സിനിമ, നാടകം, സംഗീതകച്ചേരികൾ, കായികകലകൾ തുടങ്ങിയ പരിപാടികൾ കൃത്യമായി ആസ്വദിക്കാനെത്തുന്ന കമ്പക്കാരെപ്പോലെ ഈ രംഗത്തും കുറേ കമ്പക്കാരുണ്ടു്. സാഹിത്യതാൽപര്യം മാത്രമല്ല അവരെ ആകർഷിക്കുന്നതു്. അഭിപ്രായവ്യത്യാസങ്ങളും വാക്കുതർക്കങ്ങളും കൊലവിളികളും കണ്ടും കേട്ടും രസിക്കുന്ന ഒരംശംകൂടി അതിലുണ്ടു്. ഗോദോയിൽ ഇടി കാണാൻപോകുന്ന താൽപര്യത്തോടെയാണു് പലരും സാഹിത്യപ്രസംഗം കേൾക്കാൻ പോകുന്നതു്.

‘ഗ്വാഗ്വാവിളി’ക്കാരെയാണു് ഈ ആസ്വാദകർ മിക്കപ്പോഴും ഓർക്കുന്നതു്. രംഗത്തു് കൂടുതൽ ശോഭിക്കാനിടയുള്ളതു് മണ്ഡനമല്ല, ഖണ്ഡനമാണു്. അതു കൊണ്ടാകാം, വിമർശകരൊക്കെ നല്ല സാഹിത്യപ്രസംഗകരുമാണു് എന്നൊരു ധാരണ നമ്മുടെ ഇടയിലുണ്ടു്. സൂക്ഷിച്ചുനോക്കിയാൽ ഈ ധാരണയ്ക്കു് അടിസ്ഥാനമില്ലെന്നും കാണാം. ഖണ്ഡനത്തിലും വിമർശനത്തിലും താൽപര്യമില്ലാതിരുന്ന ജി. ശങ്കരക്കുറുപ്പു് തിളക്കമുള്ള സാഹിത്യപ്രസംഗകനായിരുന്നു. മുന്തിയ വിമർശകനായിരുന്ന കുട്ടിക്കൃഷ്ണമാരാരു് കിണഞ്ഞു പരിശ്രമിച്ചിട്ടും പ്രസംഗകല അദ്ദേഹത്തിനു് വശപ്പെട്ടില്ല. കേരളത്തിലെ സാഹിത്യപ്രസംഗത്തിന്റെ എറ്റവും വലിയ മൂർത്തിയായിരുന്ന സ്വാമി ബ്രഹ്മവ്രതനാകട്ടെ, സാഹിത്യവിമർശകനായി അംഗീകാരം നേടിയിട്ടുമില്ല.

images/Chkanaran.jpg
സി. എച്ച്. കണാരൻ

സാഹിത്യപ്രസംഗത്തിൽ വളരെക്കാലം കേരളത്തിലങ്ങോളമിങ്ങോളം സ്വാമിബ്രഹ്മവ്രതൻ തന്റെ ആധിപത്യം നിലനിർത്തിയിരുന്നു. തർക്കം, പരിഹാസം, വിദഗ്ദ്ധമായ അവതരണശൈലി, അത്ഭുതകരമായ ഓർമ്മശക്തി, ഗംഭീരമായ ശബ്ദം തുടങ്ങിയ സന്നാഹങ്ങളോടെ അദ്ദേഹം നടത്തിയ ഏതു പോരാട്ടവും പ്രസംഗകമ്പക്കാർക്കു് രോമഹർഷണമായ കഥയാണു്. അദ്വൈതചിന്തയെ മുഖ്യാവലംബമാക്കി വാഗ്ഭടാനന്ദഗുരു സ്ഥാപിച്ച ആത്മവിദ്യാസംഘത്തിന്റെ സൃഷ്ടിയാണു് സ്വാമി ബ്രഹ്മവ്രതൻ. വിഗ്രഹാരാധന, ജാതിചിന്ത തുടങ്ങിയ കാര്യങ്ങളെ എതിർക്കുന്നതു് ജീവിതലക്ഷ്യമായി കരുതിയിരുന്ന വാഗ്ഭടാനന്ദൻ തന്റെ ആയുധമായി കണ്ടതു് വാക്കിനെയാണു്. ഗംഭീരമായ രൂപവും കറതീർന്ന പാണ്ഡിത്യവും മുഴങ്ങുന്ന മധുരശബ്ദവും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഏതു പ്രസംഗവും ഉദാത്തമായ ഒരനുഭവമായിരുന്നത്രെ. അദ്ദേഹത്തിന്റെ ശിഷ്യനായതോടെയാണു് ഓച്ചിറക്കാരൻ എസ്. കുട്ടൻനായർ സ്വാമി ബ്രഹ്മവ്രതനായതു്. ആത്മവിദ്യാസംഘത്തിന്റെ ഈ ദൗത്യപ്രചാരണയുദ്ധം സ്വാമി ബ്രഹ്മവ്രതൻ സാഹിത്യസമ്മേളനങ്ങളിൽ പ്രയോഗിക്കുന്നതോടെയാണു് നമ്മുടെ നാട്ടിൽ സാഹിത്യപ്രസംഗം ഒരു സംഭവമായി മാറുന്നതു്. നവരസങ്ങളും ആസ്വദിക്കാൻ കിട്ടുന്ന ഒരു കലാരൂപമായി അദ്ദേഹം അതു് രംഗത്തവതരിപ്പിച്ചു. ആത്മവിദ്യാസംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന എം. ടി. കുമാരൻമാസ്റ്റർ, കെ. ടി. ചന്തുനമ്പ്യാർ, സ്വാമി ആര്യഭടൻ, പി. അച്യുതാനന്ദൻ, കെ. എം. കെ. നായർ, കെ. ഗോപാലൻ, സി. എച്ച്. കണാരൻ, വിദ്വാൻ കാവിൽ പി. രാമപ്പണിക്കർ, കെ. വി. മാനൻ ഗുരുക്കൾ, വി. വി. കെ., കെ. പി. ഗോപാലൻ തുടങ്ങി നിരവധി പേർ അക്കാലത്തെ സാഹിത്യസമ്മേളനങ്ങളിലെ പ്രഗൽഭവാഗ്മികളായിരുന്നു. കേരളത്തിൽ പൊതുവേയും, മലബാറിൽ വിശേഷിച്ചും ഈ തരത്തിലുള്ള സാഹിത്യപ്രസംഗത്തിന്റെ ഒരു പാരമ്പര്യം തന്നെ സൃഷ്ടിക്കുവാൻ സംഘത്തിലെ വാഗ്മികൾക്കു് കഴിഞ്ഞു. ഈ പാരമ്പര്യത്തിന്റെ സജീവമായ ഉദാഹരണമാണു് പ്രൊഫ. അഴീക്കോടു്.

images/Vallathol-Narayana-Menon.jpg
വള്ളത്തോൾ

സ്വാതന്ത്ര്യസമരപ്രസ്ഥാനം, രാഷ്ട്രീയപ്രവർത്തനം, സാംസ്കാരിക പ്രസ്ഥാനങ്ങൾ തുടങ്ങിയവയിലൂടെ പ്രസംഗകരായിത്തീർന്ന ധാരാളംപേർ നമ്മുടെ സാഹിത്യരംഗത്തു് ഉണ്ടായിട്ടുണ്ടു്. വള്ളത്തോൾ, കേശവദേവ്, പള്ളത്തുരാമൻ, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, ജി. ശങ്കരക്കുറുപ്പു്, പി. കെ. ബാലകൃഷ്ണൻ, പ്രൊഫ. എം. കെ. സാനു, കൗമുദി ബാലകൃഷ്ണൻ, എൻ. ഗോപാലപിള്ള, സി. എൻ. ശ്രീകണ്ഠൻനായർ, പ്രൊഫ. എം. പി. മന്മഥൻ, പ്രൊഫ. എസ്. ഗുപ്തൻനായർ, കുറ്റിപ്പുഴ, പൂത്തേഴൻ, വി. കരുണാകരൻ നമ്പ്യാർ, തായാട്ടു് ശങ്കരൻ തുടങ്ങി ആ പട്ടികയും ഏറെ നീണ്ടതാണു്. പാണ്ഡിത്യം, വിമർശനശേഷി എന്നിവയാണു് ഇവരിൽ പലരുടെയും കൈയിലിരിപ്പു്. കഥ, കവിത, നാടകം തുടങ്ങിയവയുടെ രചനയിലുള്ള മിടുക്കുകൊണ്ടു മാത്രം സദസ്യർക്കു് അഭിലഷണീയരായിത്തീർന്ന പ്രസംഗകരാണു് കേരളത്തിലെ മിക്ക എഴുത്തുകാരും.

സാഹിത്യപ്രസംഗം പുരുഷന്മാരുടെ മാത്രം കുത്തകയല്ല എന്നു് ഡോ. എം. ലീലാവതി, പ്രൊഫ. സാറാജോസഫ് തുടങ്ങി അപൂർവ്വം ചിലർ കേരളീയരെ ഓർമ്മിപ്പിക്കുന്നു.

images/Dr_m_leelavathy.jpg
ഡോ. എം. ലീലാവതി

പൊതുവേ പറഞ്ഞാൽ നമ്മുടെ നാട്ടിൽ പേനയെടുത്തവരെല്ലാം പ്രസംഗിക്കും! പ്രസംഗത്തിനു വിളിക്കപ്പെടുക എന്നതു് ഒരംഗീകാരമായി എതാണ്ടെല്ലാ എഴുത്തുകാരും കരുതുന്നു. ഇത്തിരി പ്രശസ്തനായ ഒരാൾ ആഘോഷങ്ങൾക്കു് ഒരലങ്കാരമാണു് എന്ന സങ്കൽപ്പത്തിലാണു് സംഘാടകർ ഇവരെ ക്ഷണിക്കുന്നതു്. രാഷ്ട്രീയക്കാരെ വിളിച്ചാൽ പരിപാടിക്കു് ഒരു പ്രത്യേകനിറം വന്നുപോകും. സിനിമാതാരങ്ങളെ കിട്ടണമെങ്കിൽ ആകാശലോകത്തോളം പോകണം. അൽപം പ്രശസ്തിയും ഉണ്ടു്, കിട്ടാൻ ബുദ്ധിമുട്ടും ഇല്ല എന്ന നിലയിലുള്ളതു് സാഹിത്യകാരന്മാരാണു്. പ്രത്യേകിച്ചു് ഉപദ്രവമൊന്നുമില്ല; മിക്കവരും സദസ്സിനെ കാര്യമാക്കാതെ ശാകുന്തളവും സാർത്രും സന്ത്രാസവും ഖസാക്കും കടമ്മനിട്ട ക്കവിതയുമൊക്കെ പ്രസംഗിക്കും എന്നേയുള്ളൂ. ആ ‘അധികപ്രസംഗം’ സംഘാടകരും അത്ര കാര്യമാക്കാറില്ല. കലാപരിപാടികൾ തുടങ്ങുന്നതും കാത്തു കുത്തിയിരിക്കുന്ന പെണ്ണുങ്ങളും കുട്ടികളും അതും അതിലപ്പുറവും സഹിച്ചുകൊള്ളും!

images/Mundassery.jpg
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി

സാഹിത്യസമ്മേളനങ്ങളിലും സ്ഥിതി എറെയൊന്നും വ്യത്യസ്തമല്ല. നേരത്തെ എഴുതിയ ലേഖനങ്ങളിലെ വസ്തുതകൾതന്നെ വീണ്ടും വിരസമായി പറയാനാണു് പല എഴുത്തുകാരും പ്രസംഗിക്കുന്നതു്. അവനവനെ പ്രദർശിപ്പിക്കുക, സ്വന്തം നിലപാടു പ്രചരിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങൾ മാത്രമേ അവർക്കുള്ളൂ. അവരുടെ പ്രസംഗങ്ങളിൽ വളർച്ച കാണില്ല, ആവർത്തനമേ കാണൂ. ഒരു എഴുത്തുകാരൻ എന്തു്, എങ്ങനെ പറയുമെന്നു് ഈ നാട്ടിലെ മിക്ക കേൾവിക്കാർക്കും മുൻകൂട്ടി അറിയാം.

നമ്മുടെ ഭാഷയിലെ സാഹിത്യപ്രസംഗത്തിന്റെ എടുത്തുപറയേണ്ട ഒരു പ്രത്യേകത, മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗങ്ങൾ വളരെ കുറവാണു് എന്നതത്രെ. മുന്നൊരുക്കമില്ലാത്ത തൽക്ഷണപ്രസംഗങ്ങളാണു് നമ്മുടെ പ്രസംഗകർക്കും കേൾവിക്കാർക്കും പത്ഥ്യം. തയ്യാറാക്കി എഴുതിക്കൊണ്ടുവരുന്ന പ്രസംഗങ്ങൾ മലയാളത്തിൽ ആകെ നടക്കുന്നതു യൂണിവേഴ്സിറ്റികൾ, അക്കാദമികൾ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന സെമിനാറുകളിലാണു്. അവിടെയും പ്രബന്ധങ്ങൾ വായിക്കുന്നതിനിടയിൽ അതു നിർത്തി. പലരും ‘നാലുവാചകം’ കാച്ചാറുണ്ടു്. പ്രസംഗശേഷി പ്രകടിപ്പിച്ചില്ലെന്നു വരരുതല്ലോ!

images/Winston_Churchill.jpg
വിൻസ്റ്റൺ ചർച്ചിൽ

പുറംനാടുകളിൽ സ്ഥിതി വളരെ ഭിന്നമാണെന്നാണു് അറിവു്. ഭരണം, രാഷ്ട്രീയം, യുദ്ധം തുടങ്ങിയ രംഗങ്ങളിൽ വിജയകരമായി പ്രവർത്തിക്കുകയും പ്രസംഗകലയുടെ എക്കാലത്തെയും ഉദാഹരണങ്ങളിലൊന്നായി വിളികൊള്ളുകയും ചെയ്ത വിൻസ്റ്റൺ ചർച്ചിൽ മുൻകൂട്ടി തയ്യാറാവാതെ ഒറ്റ പ്രസംഗവും ചെയ്തിട്ടില്ലത്രെ! എഴുതിപ്പഠിച്ച പ്രസംഗം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ നാടുകളിലെ സാഹിത്യപ്രസംഗത്തിന്റെ കഥ പിന്നെ പറയാനുണ്ടോ? മുന്നൊരുക്കത്തോടെ മാത്രം പ്രസംഗിക്കുന്ന അവിടത്തെ മിക്ക എഴുത്തുകാരുടെയും സാഹിത്യപ്രസംഗങ്ങൾ അപ്പോൾതന്നെയോ പിന്നീടോ അച്ചടിച്ചുവരും. അവ സംസ്കാരിക ചർച്ചാരംഗത്തെ ഇളക്കിവിടാറുണ്ടു്; പുതിയ ചിന്താപദ്ധതികൾക്കും ‘സ്കൂളുകൾ’ക്കും വഴിതുറക്കാറുമുണ്ടു്. സ്നോയുടെ പ്രസിദ്ധമായ ‘രണ്ടു സംസ്ക്കാരങ്ങൾ’ എന്ന ലേഖനംപോലും ഒരു പ്രസംഗമാണു്. ഇത്തരം അനുഭവങ്ങൾ നമ്മുടെ നാട്ടിൽ കമ്മിയാണു്.

images/MK_Sanu.jpg
എം. കെ. സാനു

പ്രാചീന യവനസംസ്കാരം പ്രസംഗകലയോടു കാണിച്ചിരുന്ന ആദരവിന്റെയും കമ്പത്തിന്റെയും ഒരംശം പ്രാകൃതമായിത്തന്നെ കേരളം നിലനിർത്തുന്നുണ്ടു്. തൽക്ഷണപ്രസംഗത്തോടു നമ്മുടെ സാധാരണക്കാരെപ്പോലെ പണ്ഡിതന്മാരും പ്രദർശിപ്പിക്കുന്ന താൽപര്യം ഇപ്പറഞ്ഞതിനു തെളിവു നൽകും. സത്യത്തിൽ മിക്ക തൽക്ഷണപ്രസംഗങ്ങളും കേട്ടിരിക്കുന്നവന്റെ നേരംകളയുക എന്നതിനപ്പുറം പ്രയോജനം ചെയ്യാത്തവയാണു്.

images/M_Govindan.jpg
എം. ഗോവിന്ദൻ

എല്ലാ അർത്ഥത്തിലും ‘പ്രസംഗം’ എന്നു വിളിക്കാൻ വയ്യെങ്കിലും മറ്റൊരു തരം സാഹിത്യപ്രസംഗവും നമ്മുടെ നാട്ടിലുണ്ടു്. ആളെണ്ണം കുറഞ്ഞ സദസ്സുകളിലെ ചർച്ചകളാണവ. പ്രസംഗത്തിന്റെ പകിട്ടും ഭംഗിയും ഇവയ്ക്കു കാണില്ല. അവ വലിയ സദസ്സിനെ ആകർഷിക്കാറുമില്ല. എം. ഗോവിന്ദൻ, എൻ. വി. കൃഷ്ണവാരിയർ, കെ. അയ്യപ്പപ്പണിക്കർ, ആർ. രാമചന്ദ്രൻ, എം. എൻ. വിജയൻ, ജി. എൻ. പിള്ള തുടങ്ങിയവർ നടത്താറുള്ള ഇത്തരം ‘ഡയലോഗുകൾ’ പ്രയോജനമുള്ളവയാണു്. പുതിയ കാലഘട്ടത്തിലെ ക്രിയാത്മക സാഹിത്യത്തെയും സാഹിത്യവിചിന്തനത്തെയും ഇത്തരം ചർച്ചാഗ്രൂപ്പുകൾ കാര്യമായി സ്വാധീനിച്ചിട്ടുണ്ടു്.

images/CnSreekantan_Nair.jpg
സി. എൻ. ശ്രീകണ്ഠൻനായർ

‘കോലായ’കളിലെ ഇത്തരം ഡയലോഗിന്റെ ആദിമരൂപം അവതരിപ്പിച്ചതു കേസരി ഏ. ബാലകൃഷ്ണപിള്ള യാണു്. വീട്ടിൽ തന്നെ വന്നുകാണുന്ന സുഹൃത്തുക്കളോടും സഹൃദയരോടും അദ്ദേഹം വർത്തമാനം പറഞ്ഞിരുന്നതാണല്ലോ ‘കേസരിസദസ്സു്’ എന്നു് അറിയപ്പെട്ടതു്. ‘കേസരിസദസ്സി’ന്റെ സൃഷ്ടികളായ തകഴി മുതൽപേർ നമ്മുടെ ഭാഷയെ എങ്ങനെയെല്ലാം സ്വാധീനിച്ചു എന്നതു പ്രശസ്തമാണു്.

images/MP_Manmadan.png
എം. പി. മന്മഥൻ

അവതരണഭംഗിയും പ്രസംഗകലയുടെ മറ്റു് സൗഭാഗ്യങ്ങളും ഒത്തിണങ്ങിയ തൽക്ഷണപ്രസംഗങ്ങൾ മറ്റൊരു പ്രയോജനം ചെയ്യുന്നുണ്ടു്—സാഹിത്യതാൽപര്യം ഉള്ളവരിൽ അതു വളർത്താനും ഇല്ലാത്തവരിൽ ആ താൽപര്യം ഉണ്ടാക്കാനും അവ ഉപകരിക്കും. കുറേ നേരം സാഹിത്യാന്തരീക്ഷത്തിൽ കഴിഞ്ഞുകൂടാൻ അതു സാമാന്യാസ്വാദകനെ സഹായിക്കുന്നു. കുറേക്കൂടി ജനകീയമാണതു്—സാധാരണക്കാരൻ വിമർശനവുമായി ബന്ധപ്പെടുന്നതു് ഈ വഴിക്കാണു്.

images/S-guptan-nair.jpg
എസ്. ഗുപ്തൻനായർ

ദ്വിതീയാക്ഷരപ്രാസവാദകാലത്തും പുരോഗമനസാഹിത്യ പ്രസ്ഥാനകാലത്തും സാഹിത്യപ്രസംഗം അതിന്റെ പ്രസക്തിയും പ്രാധാന്യവും വെളിപ്പെടുത്തി രംഗത്തുവരികയുണ്ടായി. അറുപതുകളുടെ ഒടുവിൽ ‘ആധുനിക സാഹിത്യപ്രസ്ഥാന’കാലം ആരംഭിച്ചപ്പോൾ വീണ്ടും സാഹിത്യപ്രസംഗത്തിനു ചൊടിവന്നു. സാമാന്യമായി പറഞ്ഞാൽ ഈ കലാരൂപം അതിന്റെ ശക്തി സംഭരിക്കുന്നതു് ഇത്തരം ഏതെങ്കിലും സാഹചര്യത്തിൽനിന്നാണു്—ഏതെങ്കിലും ‘യുദ്ധകാലപരിതഃസ്ഥിതി’യിൽനിന്നു്. പ്രസംഗകലയ്ക്കു് ജീവിതത്തിലെ ചില സവിശേഷസാഹചര്യങ്ങളിലേ പ്രസക്തിയുള്ളൂ എന്ന കാര്യത്തിലേക്കാവാം, ഇതു് ചൂണ്ടുന്നതു്.

images/kuttipuzha.png
കുറ്റിപ്പുഴ

പ്രസംഗവും എഴുത്തും തമ്മിൽ അഭേദ്യമായ ഏതോ ബന്ധമുള്ളതായി കേരളീയർ തെറ്റിദ്ധരിച്ചതുപോലെ തോന്നും. പ്രസംഗകലയ്ക്കു വലിയ പ്രാധാന്യം കൽപിച്ചിരുന്ന യവനചിന്ത, പ്രസംഗകല(റെട്ടറിക്സ്)യും കാവ്യകല(പോയറ്റിക്സ്)യും വേറിട്ടു മനസ്സിലാക്കിയിരുന്നുവെങ്കിലും നമ്മൾ അതിന്റെ വ്യത്യാസം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്നു് എം. പി. ശങ്കുണ്ണിനായർ ഒരിക്കൽ ചൂണ്ടിക്കാട്ടുകയുണ്ടായി. അതുകൊണ്ടായിരിക്കുമോ, നമ്മുടെ നാട്ടിൽ എഴുത്തുകാരെല്ലാം നാലുദിവസംകൊണ്ടു് പ്രസംഗകരും ആയിത്തീരുന്നതു്?

images/S_K_Pottekkatt.jpg
എസ്. കെ. പൊറ്റക്കാട്ട്

പ്രസംഗംകൊണ്ടു് പ്രസംഗകനു് അത്ര വളരെ പ്രയോജനമുണ്ടോ? പ്രസംഗം കൊണ്ടു് ആളെ ആകർഷിക്കുന്ന എഴുത്തുകാരിൽ മുമ്പനായ സുകുമാർ അഴീക്കോടു് പൊതുതെരഞ്ഞെടുപ്പിനു നിന്നു് തോറ്റുപോയിട്ടുണ്ടു്. അതും പ്രസംഗത്തിൽ തീരെ ശോഭിക്കാത്ത എസ്. കെ. പൊറ്റക്കാട്ടി നോടു്—1962-ൽ തലശ്ശേരി ലോക്സഭാമണ്ഡലത്തിലായിരുന്നു മത്സരം. നിയമസഭാതെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട തായാട്ടു് ശങ്കരൻ, പി. കെ. ബാലകൃഷ്ണൻ എന്നീ എഴുത്തുകാരുടെ പ്രസംഗങ്ങളും മുന്തിയവതന്നെ. ഇത്തരം രംഗങ്ങളിൽ പ്രസംഗം നിർണ്ണായകശക്തിയാണെന്നു് തോന്നാമെങ്കിലും രാഷ്ട്രീയ കക്ഷികളുടെ സംഘടനാശക്തിയാണു് അവിടത്തെ നിർണ്ണായക ബിന്ദു.

images/Sankaran_Thayat.jpg
തായാട്ടു് ശങ്കരൻ

പ്രസംഗം എഴുത്തിനു് തടസ്സമാണു് എന്നു വിചാരിക്കുന്ന എഴുത്തുകാരുണ്ടു്. സാഹിത്യചരിത്രരചനയിൽ ഏർപ്പെട്ടിരിക്കുന്ന കാലത്തു്, തന്നെ പ്രസംഗത്തിനു് ക്ഷണിക്കാൻ വരരുതു് എന്നു് ഉള്ളൂർ പരസ്യംചെയ്തിരുന്നുവത്രെ. യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ ഇളംകുളത്തിനു് തീരെ താൽപര്യമുണ്ടായിരുന്നില്ല എന്നു കേട്ടിട്ടുണ്ടു്. ഇപ്പോഴത്തെ എഴുത്തുകാരിൽ എം. പി. ശങ്കുണ്ണിനായർ, ആർ. രാമചന്ദ്രൻ, ജി. എൻ. പിള്ള തുടങ്ങി ചുരുക്കം ചിലർക്കേ പൊതുയോഗങ്ങളോടു് അലർജ്ജിയുള്ളൂ.

images/Ulloor_S_Parameswara_Iyer.jpg
ഉള്ളൂർ

വാക്കുപയോഗിക്കുന്നതിൽ പിശുക്കനായതുകൊണ്ടാവണം വൈക്കം മുഹമ്മദ് ബഷീർ ധാരാളമായി പ്രസംഗിക്കാൻ പോവാറില്ല. താൻ പഠിച്ച സ്ക്കൂളിലെ സാഹിത്യസമാജം ഉദ്ഘാടനം ചെയ്യാമെന്നു് ഒരു ദുർബ്ബലനിമിഷത്തിൽ ഗുരുനാഥനോടു് ഏറ്റുപോയ ബഷീർ പരിപാടിയുടെ തലേന്നു് രാത്രി നാടുവിട്ടുപോയെന്നും പിന്നെ ആറേഴുകൊല്ലം കഴിഞ്ഞാണു് നാട്ടിലേക്കു തിരിച്ചുവന്നതെന്നും ഒരു കഥ കേട്ടിട്ടുണ്ടു്!

images/N_V_Krishna_Warrier.jpg
എൻ. വി. കൃഷ്ണവാരിയർ

പ്രസംഗിക്കാൻ പോവാത്തതിന്റെ കാരണം ചോദിച്ചപ്പോൾ ഒരിക്കൽ ബഷീർ പറഞ്ഞു. “ഓ… കൈയിൽ വിൽപ്പനച്ചരക്കുകളൊന്നുമില്ല. എനിക്കു് അത്യാവശ്യത്തിനു വേണ്ട ബുദ്ധിയെയുള്ളൂ. നാട്ടുകാരെ ഉപദേശിക്കാൻ മാത്രമൊന്നുമില്ല. പിന്നെ ഞാനെന്തിനാ പ്രസംഗിക്കുന്നതു്?”

പ്രസംഗത്തിനു് ക്ഷണിക്കാൻ ആളുവരാറില്ലേ?

“ഓഹോ! ധാരാളം. പ്രസംഗവും അവതാരികയെഴുത്തും ഞാൻ വേണ്ടെന്നു വെച്ചിരിക്കുകയാണു്. അതിനു വരുന്നവരെയൊക്കെ ഞാൻ നല്ലവാക്കു പറഞ്ഞു് മടക്കിയയയ്ക്കും. തീരെ നിവൃത്തിയില്ലാതെ വരുമ്പോൾ കത്തുംകൊടുത്തു് മറ്റു വല്ല സാഹിത്യകാരന്മാരുടെയും അടുത്തേക്കയയ്ക്കും. ഇതൊന്നും കൂട്ടാക്കത്തവരോടു് ബഡാവമ്പൻ ഫീസു ചോദിക്കും. ഫാറൂഖ് കോളേജിൽനിന്നു് കുട്ടികൾ വന്നു. ഇപ്പറഞ്ഞതൊന്നും അവർക്കു മനസ്സിലായില്ല. ഞാൻ പറഞ്ഞു: വരാം. എനിക്കു് ഒരു പ്രസംഗത്തിനു് ഒരു ലക്ഷം രൂപയാണു് ഫീസ്! പിന്നെ ആ പിള്ളേരുടെ പൊടിപോലും കണ്ടിട്ടില്ല.”

പ്രസംഗം കേൾക്കാനും പോവാറില്ലേ?

“എന്താ പ്രയോജനം? പറഞ്ഞില്ലേ, അത്യാവശ്യത്തിനു വേണ്ട ബുദ്ധി എനിക്കുണ്ടു്. അതുവെച്ചു് അൽപസ്വല്പം ആലോചിക്കും. കുറച്ചൊക്കെ വായിക്കും. ജീവിതാനുഭവങ്ങളും കുറേയുണ്ടു്. ഞാൻ അതൊക്കെ മതി എന്നുവെച്ചിരിക്കുകയാണു്.”

ഈ സാഹിത്യസമ്മേളനങ്ങൾ കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ലെന്നാണോ?

“ങ് ആ… ഒരു രസമാണു്. നേരം പോയിക്കിട്ടും. അങ്ങനെ കൊണ്ടുചെന്നു കളയാൻ എന്റെ കൈയിൽ നേരമില്ല. കുട്ടിയായിരുന്നപ്പോൾ ഉമ്മയുടെ കൂടെ പള്ളിയിലെ വഅള് എന്നു പറയുന്ന രാപ്രസംഗത്തിനു പോവുമായിരുന്നു. അന്നു് അതിൽ നിന്നൊക്കെ ചിലതു് മനസ്സിലാക്കിയിട്ടുണ്ടാവാം. മുതിർന്നതിൽപ്പിന്നെ പ്രസംഗം കേൾക്കാൻ പോവാറില്ല.”

മുതിർന്നതിൽപ്പിന്നെ ഒറ്റ പ്രസംഗവും കേട്ടിട്ടില്ലേ?

“മൂന്നു പ്രസംഗം കേട്ടിട്ടുണ്ടു്. ഒന്നു് മുണ്ടശ്ശേരി യുടെ, ഒന്നു മഹാത്മാഗാന്ധി യുടെ, പിന്നെ ഒന്നു് സുകുമാർ അഴീക്കോടിന്റെ.”

ഇതിലേതാണു് മെച്ചം?

“അഴീക്കോടിന്റേതു്. ബഹുത്ത് ജോർ!”

എന്താണതിന്റെ പ്രത്യേകത?

“ഘനഗംഭീരമായ സാഗരഗർജ്ജനമാണതു്!”

അതിൽനിന്നു് എന്തു പഠിച്ചു?

“ഓ, ഞാനൊന്നും പഠിച്ചില്ല. കേട്ടപ്പോൾ ഹരം തോന്നി. നല്ല സ്റ്റൈലിൽ കേട്ടിരുന്നു. ഞാൻ പറഞ്ഞില്ലേ, സാഗരഗർജ്ജനമാണതു്. സാഗരഗർജ്ജനത്തിൽനിന്നു് എന്താണു പഠിക്കുക? പത്രം നിവർത്തിയാൽ എന്നും ഏതെങ്കിലും പേജിൽ അഴീക്കോടിന്റെ സാഗരഗർജ്ജനമുണ്ടാവും. എവിടെയെങ്കിലും പ്രസംഗിച്ചതിന്റെ മൂന്നു കോളം റിപ്പോർട്ട്. പിന്നെ ഞാൻ പത്രം വായിക്കുകയില്ല. തീപ്പെട്ടിക്കൊള്ളി ഉരസി അതിനു് തീകൊടുക്കും. എന്നിട്ടു് ഒരു കാർഡ് വാങ്ങി അഴീക്കോടിനു് എഴുതും. താങ്കളുടെ സാഗരഗർജ്ജനം ഇന്നും പത്രത്തിലുണ്ടായിരുന്നു. ഇന്നത്തെ പത്രത്തിനും ഞാൻ തീകൊടുത്തു.”

അഴീക്കോടിന്റെ സാഹിത്യപ്രസംഗത്തെ പലരും വാഴ്ത്തിപ്പറയാറുണ്ടെങ്കിലും അത്തരം പ്രസംഗത്തിലൂടെ ആശയ സംവാദം നടത്തനാവുമോ എന്നു് ചിലർ സംശയം ഉന്നയിക്കാറുണ്ടു്. ഈ സംശയത്തിനു് പ്രൊഫ. അഴീക്കോട് സമാധാനം പറഞ്ഞു:

images/Ayyapapanicker.jpg
കെ. അയ്യപ്പപ്പണിക്കർ

“പ്രസംഗത്തിൽ നടക്കുന്നതു് ആശയസംവാദമോ ആശയ പ്രചാരണമോ മാത്രമാണെന്ന തെറ്റിദ്ധാരണയിൽനിന്നാണു് ഈ സംശയം വരുന്നതു്. യഥാർത്ഥ പ്രസംഗത്തിൽ സംഭവിക്കുന്നതു് വ്യക്തിത്വസംപ്രേക്ഷണം (പെർസനാലിറ്റി ട്രാൻസ്മിഷൻ) ആണു്. ആത്മാവിഷ്ക്കാരം നടത്തുന്ന കലാകാരന്റെ ആത്മാർത്ഥതയാണു് അവിടത്തെ പ്രശ്നം. ആ ആത്മാർത്ഥതയുടെ ശബ്ദം പോലും ഒരു വലിയ അനുഭവമായി മാറുന്നു. രാഷ്ട്രീയക്കാരനും യഥാർത്ഥപ്രസംഗകനും തമ്മിലുള്ള വ്യത്യാസം ഇവിടെയാണു്. രാഷ്ട്രീയക്കാരന്റെ ശബ്ദത്തിനു് ആത്മാർത്ഥതയില്ല. അതുകൊണ്ടു് അവനു് കാര്യങ്ങൾ പറയാൻ ഒച്ചയെടുക്കേണ്ടി വരുന്നു. അവൻ പറയുന്ന ആശയങ്ങൾ കൊള്ളാഞ്ഞിട്ടല്ല ആളുകൾ അതു ശ്രദ്ധിക്കാത്തതു്; അതു പറയാൻ അവനെ കൊള്ളാഞ്ഞിട്ടാണു്. സാഹിത്യപ്രസംഗകർക്കിടയിൽ ഇപ്പറഞ്ഞതിനു് ഉദാഹരണമാണു് സ്വാമി ബ്രഹ്മവ്രതൻ. ഒന്നാം തരം പ്രസംഗകനായിരുന്നു അദ്ദേഹം. കഥാകാലക്ഷേപത്തിലേക്കു കടന്നു് പിൽക്കാലത്തു് അദ്ദേഹം അതു വില്പനച്ചരക്കാക്കി. ജീവിതത്തിലെ പല വഴിമാറ്റങ്ങളും ഇപ്പറഞ്ഞ ആത്മാർത്ഥതയിൽ നിന്നു് അദ്ദേഹത്തെ അകറ്റിക്കൊണ്ടുപോയി. അതോടെ ഉജ്ജ്വലപ്രസംഗകന്റെ നില അദ്ദേഹത്തിനു നഷ്ടപ്പെട്ടു.”

“പ്രൊഫ. മുണ്ടശ്ശേരി നമ്മുടെ നാട്ടിലെ ഉജ്ജ്വലവാഗ്മികളിൽ ഒരാളായതിന്റെ പിന്നിലും ഈ വ്യക്തിത്വവും ആത്മാർത്ഥതയുമാണു് ഉള്ളതെന്നു് ഞാൻ വിചാരിക്കുന്നു. പ്രസംഗത്തിനു വേണ്ടതായ നേരിയ നർമ്മരസം മുണ്ടശ്ശേരിയിൽ കാണില്ല. ഗദ്യമോ പദ്യമോ ഉദ്ധരിക്കുവാൻ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. ഭാവനയുടെ അംശംപോലും മുണ്ടശ്ശേരിയുടെ പ്രസംഗത്തിൽ ഉണ്ടാവാറില്ല. ഇതൊക്കെയായിട്ടും പ്രസംഗവേദികളിൽ അദ്ദേഹം അധൃഷ്യനായി നിന്നു. പേമാരിപോലെ ആ വാഗ്ദ്ധോരണി കോരിച്ചൊരിയുകയായിരുന്നു. അതിനു പിന്നിലെ ശക്തി ഇപ്പറഞ്ഞ ആത്മാർത്ഥത മാത്രമാണു്.”

പ്രസംഗകന്റെ ചിന്തയും ആശയവും ശ്രോതാവു പിന്തുടരണം എന്നതു് പ്രധാനമല്ലേ?

“അല്ല. ‘വാക്കു് സമുദ്രമാണു്’ എന്നു് ഐതരേയബ്രാഹ്മണത്തിൽ പറയുന്നുണ്ടു്. വാക്കിന്റെ ശക്തി അതിലടങ്ങിയ അർത്ഥത്തിന്റെ ശക്തി മാത്രമല്ല, ആ വാക്കു് ഉച്ചരിക്കപ്പെടുന്ന ശബ്ദത്തിന്റേതും കൂടിയാണു്. എന്നെ സംബന്ധിച്ചു് അതു ചലനശക്തിയാണു്. ആ അനുഭവം പകർന്നുകൊടുത്തു ശ്രോതാവിനെ പ്രചോദിപ്പിക്കുവാനാണു് ഞാൻ ശ്രമിക്കുന്നതു്. അല്ലാതെ എന്റെ ആശയം ഊതിനിറയ്ക്കാനുള്ള ബലൂണായി അയാളെ ഉപയോഗിക്കാനല്ല.”

images/Sartre.jpg
സാർത്ര്

“ചിന്തകൊണ്ടു് ആളെ നന്നാക്കുകയല്ല പ്രസംഗകന്റെ പണി; സ്വന്തം വ്യക്തിത്വംകൊണ്ടും ശബ്ദരൂപേണയുള്ള അതിന്റെ ആവിഷ്കാരംകൊണ്ടും മുമ്പിലുള്ളവനെ ഉയർത്തുകയാണു്. മഹത്ത്വം ചൂണ്ടിക്കാണിച്ചുകൊടുക്കുമ്പോൾ ഏതു മനുഷ്യനും ഉയരും. പ്രസംഗത്തിൽ ഞാനതാണു് ചെയ്യുന്നതു്. ‘വലുതാണു് ഈശ്വരൻ; വലുതിനെ പൂജിക്കുക’ എന്ന വാക്യമാണു് ഉപനിഷത്തിൽ എന്നെ ഏറ്റവും ആകർഷിച്ചതു്. വലുതിനെപ്പറ്റി എനിക്കു് ചില സങ്കൽപ്പങ്ങളുണ്ടു്. ജാജ്ജ്വല്യമാനമായ ആ പ്രപഞ്ചത്തെക്കുറിച്ചാണു് ഞാൻ പ്രസംഗിക്കുന്നതു്. അതിലൂടെ ആളുകളുടെ ആത്മാവിന്റെ ആഴത്തിലേക്കു ഇറങ്ങാൻ കഴിയും. എന്നാണു് എന്റെ അനുഭവം. വാക്കിന്റെ മികച്ച പ്രയോഗം സാഹിത്യമല്ല, പ്രസംഗമാണു്.”

“മൂല്യങ്ങളെപ്പറ്റിയും ജീവിതത്തെപ്പറ്റിയും എനിക്കുള്ള ദർശനം അവതരിപ്പിക്കുകയാണു് ഞാൻ. സാഹിത്യപ്രസംഗം എന്നു് അതിനെ വിളിക്കുന്നതു ശരിയായിരിക്കില്ല. പ്രസംഗകനെ സംബന്ധിച്ചിടത്തോളം ചിന്തയും ആശയവും സർവ്വപ്രധാനമാണെന്നു് ഞാൻ വിചാരിക്കുന്നില്ല. മുൻകൂട്ടി ആലോചിച്ചിട്ടല്ല ഞാൻ പ്രസംഗിക്കാറു്. എന്റെ പ്രസംഗത്തിന്റെ വിഷയം പ്രസംഗം കേട്ടശേഷം തീരുമാനിച്ചാൽ മതി.”

വലിയ സദസ്സുകളിൽ ചെയ്യുന്ന സാഹിത്യപ്രസംഗത്തേക്കാൾ ചെറിയ ചർച്ചാസദസ്സുകളിലെ സംസ്ക്കാരങ്ങൾക്കു് കൂടുതൽ പ്രസക്തിയില്ലേ? ആശയപരമായി സാഹിത്യാസ്വാദകനെ കൂടുതൽ സ്വാധീനിക്കുന്നതു് അത്തരം സംവാദങ്ങളല്ലേ?

images/M_N_Vijayan.jpg
എം. എൻ. വിജയൻ

“എന്നാരു പറഞ്ഞു? ഈ ചർച്ചാഗ്രൂപ്പുകളിൽ വാസ്തവത്തിൽ വല്ല ചർച്ചയും നടക്കുന്നുണ്ടോ? ദേശാഭിമാനി സ്റ്റഡിസർക്കിളോ സാഹിത്യസമിതിയോ ആധുനികതയുടെ ചർച്ചാവേദികളോ എന്നെ പ്രസംഗിക്കാൻ വിളിക്കാറില്ല. എതിരാളികളെ കഴിയുന്നത്ര അകലെ നിർത്തിയാണു് ഇവരുടെ ചർച്ച! ഒരു ഗുരുവും നാൽപതു ശിഷ്യന്മാരും! ഗ്രൂപ്പിസം വളർത്തലാണോ സാഹിത്യസംവാദം? ശത്രുക്കളോടും അജ്ഞരോടും സംസാരിക്കുവാനാണു് മനുഷ്യനു് ശക്തിവേണ്ടതു്. ശങ്കരാചാര്യരോടു എനിക്കാകപ്പാടെ വിയോജിപ്പുള്ളതു് ഈ ഒരു കാര്യത്തിലാണു്: പണ്ഡിതന്മാരോടും ശിഷ്യന്മാരോടും മാത്രമേ അദ്ദേഹം സംസാരിച്ചിരുന്നുള്ളൂ. എതിരാളികളോടു് ആ ആചാര്യൻ തർക്കിക്കുകയാണു് ചെയ്തതു്. ക്രിസ്തു അങ്ങനെയല്ല. ബുദ്ധനോ ഗാന്ധിജിയോ മുഹമ്മദോ അങ്ങനെയല്ല. അവർ മുക്കുവരോടും അക്രമികളോടും അജ്ഞരോടും സംസാരിച്ചു. അതാണു് യഥാർത്ഥ പ്രസംഗകന്റെ നില. അതു വാതിലടച്ചു നടത്തുന്ന ഒരേർപ്പാടല്ല. അതിന്റെ വാതിലുകളും വാതായനങ്ങളും ഈ മഹാപ്രപഞ്ചംപോലെ തുറന്നതും വിശാലവും പ്രകാശപൂർണ്ണവുമാണു്.”

എല്ലാവർക്കും ഇതൊക്കെ ഇപ്പറയുന്നമട്ടിൽ മനസ്സിലാവുമോ?

“മനസ്സിലാവാതെയെന്താ? ആനന്ദകുമാരസ്വാമി ചൂണ്ടിക്കാട്ടിയതുപോലെ കലാകാരൻ ഒരു പ്രത്യേക മനുഷ്യനല്ല. എല്ലാ മനുഷ്യനിലും കലയുടെ അംശമുണ്ടു്. ഈ അംശംകൊണ്ടാണു് ഒരു ജനത ജീവിക്കുന്നതു്; അല്ലാതെ നാലു കലാകാരന്മാരെക്കൊണ്ടു് മാത്രമല്ല. ഏതു മനുഷ്യനോടും ഏതു വിഷയത്തെപ്പറ്റിയും ഞാൻ പ്രസംഗിക്കാം; അയാൾ കേട്ടിരിക്കും.”

images/Kesavadev.jpg
കേശവദേവ്

പ്രൊഫ. അഴീക്കോടിന്റെ പ്രസംഗം ‘മധുരമനോഹരവും വിവിധതലസ്പർശിയുമായ ഒരു കലയാണു്’ എന്നുപറയുന്ന കെ. ഏ. കൊടുങ്ങല്ലൂർ പക്ഷേ, ആ മട്ടിലുള്ള സാഹിത്യപ്രസംഗത്തേക്കാൾ ചർച്ചാഗ്രൂപ്പുകളിലെ സാഹിത്യസംവാദങ്ങൾക്കാണു് പ്രസക്തി എന്നു് വിശ്വസിക്കുന്നു. എഴുത്തു നിർത്തി പ്രസംഗം മാത്രം തുടരുന്ന ഒരെഴുത്തുകാരൻ (!) എന്നു് സ്വയം വിശേഷിപ്പിക്കുന്ന ഒരാളുടെ അഭിപ്രായം എന്ന നിലയിൽ ഇതിനു് പ്രാധാന്യമുണ്ടു്. കഴിഞ്ഞ മുപ്പതിലേറെക്കൊല്ലമായി, കൊടുങ്ങല്ലൂർ കാര്യമായി ഒന്നും എഴുതിയിട്ടില്ല. കോഴിക്കോട്ടും പരിസരത്തുമുള്ള ഏതു വേദിയിലും അദ്ദേഹം സ്ഥിരക്കാരനാണുതാനും. അദ്ദേഹം പറയുന്നു.

“എഴുത്തിലൂടെ മനുഷ്യനെ സ്പർശിക്കുന്നതിനെപ്പറ്റി എനിക്കു മതിപ്പില്ല. വരമൊഴിയില്ലാത്ത കാലത്തെ സാഹിത്യം തിരിച്ചുവന്നാലേ ഞാൻ സാഹിത്യകാരനാവൂ. സാധാരണഗതിയിൽ സംവാദം സാധ്യമല്ലാത്ത ഒരു ‘അസമൂഹമനസ്സു് ’ ആണു് എന്റേതു്. ഞാൻ സമൂഹത്തോടു സംവദിക്കുന്നതു് പ്രസംഗത്തിലൂടെയാണു്. ചുറ്റുമുള്ള മനുഷ്യരോടു് എനിക്കുള്ള ബാദ്ധ്യത നിറവേറ്റുന്നതും പ്രസംഗത്തിലൂടെയാണു്.”

images/MP_Paul.jpg
എം. പി. പോൾ

“സാഹിത്യപ്രസംഗത്തിനുവേണ്ടതു് വലിയ സദസ്സല്ല; ചെറിയ ഗ്രൂപ്പാണു്. അഴീക്കോടിന്റെ പ്രസംഗത്തിനു പല നല്ല ഗുണങ്ങളുമുണ്ടു്. പക്ഷേ, ആശയപരമായ ചലനങ്ങളുണ്ടാക്കുവാൻ ആ തരം പ്രസംഗത്തിനു കഴിയില്ല എന്നാണെന്റെ വിശ്വാസം. ഞാനുദ്ദേശിക്കുന്ന മട്ടിലുള്ള ചലനങ്ങൾ ഉണ്ടാക്കിയതു് സാഹിത്യപ്രസംഗകരോ ചർച്ചാഗ്രൂപ്പുകൾ പോലുമോ അല്ല. കേസരി ബാലകൃഷ്ണപിള്ള പതുക്കെ സംസാരിച്ചപ്പോൾ ഉണ്ടായ ചലനം വലിയ പ്രസംഗകർ ഉറക്കെ സംസാരിച്ചപ്പോൾ ഉണ്ടായതിനെക്കാൾ വലുതാണു്. വൈക്കം മുഹമ്മദ് ബഷീർ, എം. പി. പോൾ, സി. ജെ. തോമസ്, ആർ. രാമചന്ദ്രൻ, എം. ഗോവിന്ദൻ, എൻ. വി. കൃഷ്ണവാരിയർ,അയ്യപ്പപ്പണിക്കർ തുടങ്ങിയവർ സ്വന്തം ‘കോലായ’കളിൽവെച്ചു നടത്തിയ വർത്തമാനങ്ങൾ നമ്മുടെ സംസ്ക്കാരത്തിനു് പുതിയ ഉന്മേഷം നൽകിയിട്ടുണ്ടു്. ഇത്തരം ഉണർവ്വു് മിക്കപ്പോഴും വൻസദസ്സുകളിലെ പ്രസംഗങ്ങൾക്കു് ഉണ്ടാക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ അവയേക്കാൾ ഭേദമാണു് ചർച്ചാഗ്രൂപ്പുകൾ.”

സാഹിത്യപ്രസംഗംകൊണ്ടു് സാഹിത്യകാരനു് വമ്പിച്ച പ്രതിഫലം കിട്ടുന്ന സമ്പ്രദായം ഇവിടെയില്ല. എഴുത്തിനുതന്നെ നമ്മുടെ നാട്ടിൽ കിട്ടുന്ന പ്രതിഫലം താരതമ്യേന തുച്ഛമാണല്ലോ. വള്ളത്തോളിനെ പ്രസംഗിക്കാൻ കൊണ്ടുപോവുന്നതു് ഭാരിച്ച ചെലവായിരുന്നു എന്നു കേട്ടിട്ടുണ്ടു്. അത്യാവശ്യം വേണ്ട യാത്രാസൗകര്യങ്ങൾ, ഭക്ഷണക്രമം, തേച്ചുകുളിക്കു് ആവശ്യമായ സാധനങ്ങൾ തുടങ്ങിയവയുടെ പട്ടിക അദ്ദേഹം നേരത്തെ സംഘാടകർക്കു് അയച്ചുകൊടുക്കുമായിരുന്നുവത്രെ. വള്ളത്തോളും പ്രസംഗത്തിനു് പ്രതിഫലം വാങ്ങിയിരുന്നില്ല. ടിക്കറ്റ് വെച്ചു സി. ജെ. സ്മാരകസിമ്പോസിയം പോലെ ചില സാഹിത്യ സിമ്പോസിയങ്ങൾ വിജയകരമായി നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ടെങ്കിലും സാധാരണയായി യാത്രപ്പടിക്കപ്പുറം യാതൊന്നും നമ്മുടെ വലിയ പ്രസംഗകർപോലും വാങ്ങാറില്ല. ആകപ്പാടെയുള്ള പ്രതിഫലം പ്രസംഗംകൊണ്ടുള്ള ‘തിളക്ക’മാണു്. നമ്മുടെ നാട്ടിൽ സാഹിത്യകാരനെ താരമാക്കുന്നതു് മുഖ്യമായും എഴുത്തല്ല, പ്രസംഗമാണു്.

ഏതായാലും സാഹിത്യകാരന്റെ താരപദവി കുറഞ്ഞുവരികയാണു്. കെ. പി. സി. സി. പ്രസിഡണ്ടിന്റെ പ്രസംഗം റിപ്പോർട്ടുചെയ്യുന്ന അതേ പ്രാധാന്യത്തോടെ സഹിത്യപരിഷദദ്ധ്യക്ഷന്റെ പ്രസംഗവും റിപ്പോർട്ടുചെയ്യുന്ന ഒരു കാലം മാതൃഭൂമിക്കുണ്ടായിരുന്നു! രാഷ്ട്രീയക്കാർ, സിനിമാതാരങ്ങൾ, മതപുരോഹിതന്മാർ, കച്ചവടക്കാർ തുടങ്ങി പലരും കഴിഞ്ഞേ ഇന്നു് പത്രങ്ങൾ എഴുത്തുകാർക്കു് സ്ഥലം അനുവദിക്കൂ. പൊതു ജീവിതത്തിൽ ഇന്നു് രാഷ്ട്രീയം കടന്നുകയറിയതോടെ പാർട്ടിയുടെ ജില്ലാഘടകത്തിന്റെ അദ്ധ്യക്ഷനുള്ള പ്രാധാന്യംപോലും പല വലിയ സാഹിത്യകാരന്മാർക്കും കിട്ടുന്നില്ല. സിനിമയുടെയും സാമുദായികതയുടെയും കയ്യേറ്റം സാംസ്കാരിക ജീവിതത്തിൽ സാഹിത്യകാരനെ നിഷ്പ്രഭനാക്കിക്കൊണ്ടിരിക്കുന്നു. സിനിമയ്ക്കു വേണ്ടി എഴുതുകയോ സാമുദായികതയ്ക്കു വേണ്ടി വാദിക്കുകയോ ചെയ്യുന്ന എഴുത്തുകാർക്കേ രക്ഷയുള്ളൂ എന്നിടത്തേക്കാണു് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നതു്. വല്ല സമ്മാനവും കിട്ടുമ്പോഴാണു് പല പത്രക്കാരും സാഹിത്യകാരന്മാരെ അറിയുന്നതു തന്നെ.

സാഹിത്യകാരന്റെ ‘തിളക്കം’ കുറഞ്ഞുവരുന്നതിനനുസരിച്ചു സാഹിത്യപ്രസംഗത്തിന്റെ തിളക്കവും കുറഞ്ഞുവരികയാണു്. വള്ളത്തോളിനെപ്പോലെയോ മുണ്ടശ്ശേരിയെപ്പോലെയോ ജനക്കൂട്ടത്തെ ആകർഷിക്കുന്ന വ്യക്തിത്വങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. പ്രസംഗകലയിൽ വാസനയും അഭിരുചിയും ഉള്ളവർ എഴുത്തുകാർക്കിടയിൽ ദുർല്ലഭമായി വരികയാണു്. ഉള്ളവർക്കു തന്നെ ആഴത്തിലും പരപ്പിലും വായിക്കുവാനും ഓർമ്മിക്കുവാനും നിരന്തരമായി അഭ്യാസം നടത്തുവാനുമുള്ള ക്ഷമ കാണുന്നില്ല. പ്രസംഗത്തോടു കമ്പമുള്ള യുവാക്കളെ ആകർഷിക്കുന്ന രംഗം നമ്മുടെ നാട്ടിൽ രാഷ്ട്രീയമായി മാറിയിട്ടു് വർഷങ്ങളായല്ലോ.

images/Vagbhadanandan.jpg
വാഗ്ഭടാനന്ദഗുരു

ഇടക്കാലത്തു് സാഹിത്യസമ്മേളനങ്ങളിൽ പ്രസംഗങ്ങളേക്കാൾ കവിയരങ്ങു്, ചൊൽക്കാഴ്ച തുടങ്ങിയ പരിപാടികൾക്കു് പ്രാധാന്യം കിട്ടി. കടമ്മനിട്ട രാമകൃഷ്ണന്റെ യും കൂട്ടുകാരുടെയും കവിതാപാരായണം സാഹിത്യസമ്മേളനങ്ങൾക്കു് പുതിയൊരു മാനം നൽകാൻ ശ്രമിച്ചിരുന്നു. അതൊരു ഹരമായി പടർന്നുപിടിക്കുവാനും ഏറെക്കാലം വേണ്ടിവന്നില്ല. കടമ്മനിട്ടയെ കിട്ടാതെവന്നാൽ ആ കവിതകൾ മുഴുവൻ അദ്ദേഹത്തെ അനുകരിച്ചു് അവതരിപ്പിക്കുന്ന ചില ചെറുപ്പക്കാരും ഉണ്ടായിവന്നു. ഒരു തരം മിമിക്രി. കോഴിക്കോട്ടു പ്രദേശത്തു് ഇത്തരം ഡ്യൂപ്ലിക്കേറ്റ് രാമകൃഷ്ണന്മാരിൽ ഒരാൾക്കു് ഒരു പരിപാടിക്കു് നൂറു് ഉറുപ്പികയായിരുന്നു ഫീസ്! സാക്ഷാൽ രാമകൃഷ്ണനു് എന്തു ഫീസ് കിട്ടാനാണു്? പിന്നെപ്പിന്നെ കവിയരങ്ങും ഫാഷനല്ലാതായിത്തീർന്നു.

‘എഴുത്തിനു് പ്രതിഫലം കൊടുക്കരുതു്, വാങ്ങരുതു്’ എന്നൊരു ചിന്താഗതി കുറേക്കാലം നമ്മുടെ നാട്ടിലുണ്ടായിരുന്നുവല്ലോ. “കവനത്തിനു് കാശുകിട്ടണംപോൽ! ശിവനേ, സാഹിതി തേവടിശ്ശിയോ?” എന്നു് നിലവിളിക്കാനും ഇവിടെ ആളുണ്ടായി. സാഹിത്യപ്രസംഗത്തിന്റെ നില ഇന്നും ഈ നിലവിളിയുടെ ആന്ധ്യത്തിൽത്തന്നെ. അതു് പ്രതിഫലം കിട്ടേണ്ടതും കൊടുക്കേണ്ടതുമായ ഒരേർപ്പാടാണെന്നു വരണം. എഴുത്തിന്റെ പ്രതിഫലനത്തിനുവേണ്ടി ദേവ്, ബഷീർ, കുട്ടിക്കൃഷ്ണമാരാരു് തുടങ്ങി എത്രയോ പേർ നിരന്തരം ബഹളം വെച്ചതിന്റെ ഫലമാണു് ഇന്നത്തെ എഴുത്തുകാർ അനുഭവിച്ചു കൊണ്ടിരിക്കുന്നതു്. ബഷീർ എഴുതിയ ഏക നാടകമായ ‘കഥാബീജ’(1954)ത്തിലെ ഇതിവൃത്തത്തിന്റെ പ്രധാനഭാഗം എഴുത്തിന്റെ പ്രതിഫലമാണു്.

images/Sara_Joseph.jpg
സാറാജോസഫ്

ഇവിടെ ഓർത്തുരസിക്കാവുന്ന ഒരു തമാശ: സാഹിത്യപ്രസംഗകർ സാമാന്യേന പ്രതിഫലം വാങ്ങാത്ത നമ്മുടെ നാട്ടിൽ മിക്ക മതങ്ങളിലെയും ആദ്ധ്യാത്മികപ്രസംഗകർ കാശു വാങ്ങും! ‘നാളത്തെ’ കാര്യം പറഞ്ഞു സദുപദേശം നൽകുന്ന പ്രസംഗകർക്കു് പ്രതിഫലം! മലബാറിൽ ഇപ്പോൾ എനിക്കു് നേരിട്ടറിവുള്ള കാര്യം പറയാം: ഒരു മാതിരി ഭേദമായി പ്രസംഗിക്കുന്ന സുന്നി മുസ്ലീം പണ്ഡിതന്റെ ഒരു ദിവസത്തെ കുറഞ്ഞ ചാർജ്ജ് 100 ക.-യാണു്. ഇക്കൂട്ടത്തിൽ ദിവസം 500 ക. ഫീസ് വാങ്ങുന്ന ഒരു പണ്ഡിതനുണ്ടു്. അദ്ദേഹം പള്ളിയിലെ ഇമാംസ്ഥാനവും മതപാഠശാലയിലെ അദ്ധ്യാപകന്റെ ജോലിയും രാജിവെച്ചു് ഇപ്പോൾ ‘മുഴുനേരപ്രസംഗകനാ’യിരിക്കുകയാണു്. ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു ദിവസത്തെ പരിപാടി കിട്ടണമെങ്കിൽ മൂന്നു മാസം മുമ്പേ ബുക്ക് ചെയ്യണം!

സാഹിത്യപ്രസംഗകർ ഇതൊക്കെ കണക്കിലെടുത്തു് പ്രതിഫലത്തിന്റെ വഴിക്കു് ആലോചിക്കുന്നതു കൊള്ളാം. പ്രസംഗത്തിന്റെ ഗുണനിലാവാരവും പ്രയോജനവും ഉറപ്പുവരുത്തുവാനുള്ള ഒരു വഴി അതാണു്. അപ്പോൾ നിലവാരം കുറഞ്ഞവനു് പ്രസംഗിക്കാൻ അവസരം ലഭിക്കാതെ വരും; കാശുകൊടുത്തു കേൾക്കുന്ന പ്രസംഗത്തിന്റെ നിലവാരത്തെപ്പറ്റി ശ്രോതാക്കളും ആലോചിച്ചു തുടങ്ങും. മെച്ചപ്പെട്ട പ്രസംഗകർക്കു് നല്ല ശ്രോതാക്കളെ കിട്ടും. എണ്ണം കുറയുന്നതുകൊണ്ടു് അവരുടെ പ്രകടനങ്ങൾക്കു് ഗുണനിലവാരം കൂടും. അത്തരം പ്രസംഗങ്ങൾ പിന്നീടു് അച്ചടിച്ചു പ്രസിദ്ധീകരിക്കാൻ കൊള്ളുന്നവയുമാവും; ആ വഴിക്കു് അതൊരു സാഹിത്യസേവനമായിത്തീരുകയും ചെയ്യും. നേരംപോക്കിൽനിന്നു് സാഹിത്യപ്രസംഗത്തെ വീണ്ടെടുക്കുവാനുള്ള ഇത്തരം മാർഗ്ഗങ്ങളെപ്പറ്റി പ്രസംഗകർ തന്നെ ആലോചിച്ചില്ലെങ്കിൽ ആ സാംസ്കാരികരൂപം ഈ നാട്ടിൽ കുറ്റിയറ്റുപോവാൻ ഏറെക്കാലം വേണ്ടിവരില്ല.

എം. എൻ. കാരശ്ശേരി
images/MN_Karasseri.jpg

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.

പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.

Colophon

Title: Vediyil Muzhangunna Vaakku (ml: വേദിയിൽ മുഴങ്ങുന്ന വാക്കു്).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Vediyil Muzhangunna Vaakku, എം. എൻ. കാരശ്ശേരി, വേദിയിൽ മുഴങ്ങുന്ന വാക്കു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Lena in interior, a painting by Theo van Doesburg (1883–1931). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.