പുലർച്ചയ്ക്കു് എത്തുന്ന വണ്ടിയിൽ രാമുവിന്റെ മൃതദേഹം സ്വീകരിക്കാൻ റയിൽവേസ്റ്റേഷനിൽ രാത്രിയോടെത്തന്നെ എത്തിയതായിരുന്നു സാറ, അവളുടെ കൂടെ അച്ചുവും നിന്നു.
കൊല്ലപ്പെട്ടതിനു ശേഷം അവളുടെ കൂടെയുള്ള അച്ചുവിന്റെ രണ്ടാമത്തെ യാത്രയായിരുന്നു അതു്. അത്ര തണുപ്പു് ഇല്ലാതിരുന്നിട്ടും, അവൻ, വിറയ്ക്കുന്നുണ്ടായിരുന്നു. “നീ വല്ലാതെ വിറയ്ക്കുന്നുണ്ടല്ലോ” എന്നു് സാറ പറഞ്ഞപ്പോൾ അച്ചു തലയിലൂടെ ചുമലിലേക്കു് ഇട്ടിരുന്ന വെളുത്ത തുണി പുതപ്പുപോലെ ഒന്നുകൂടി വലിച്ചിട്ടു. “നല്ല തണുപ്പു് തോന്നുന്നു” എന്നു് പറഞ്ഞു. “അതു് നീ മരിച്ചതുകൊണ്ടാണു്”, സാറ അവനെ നോക്കി ചിരിച്ചു. “എന്നെ നോക്കു്, മരിച്ചിട്ടില്ല, തണുപ്പില്ല, വിറയ്ക്കുന്നുമില്ല”.

വാസ്തവത്തിൽ, റെയിൽവേ സ്റ്റേഷനിൽ പുഴുക്കമായിരുന്നു, കാറ്റു് കെട്ടികിടക്കുകയായിരുന്നു, എവിടേയ്ക്കും വീശാതെ.
“നമുക്കു് അവിടെ ബഞ്ചിൽ പോയി ഇരിക്കാം”, സാറ പറഞ്ഞു “വണ്ടി വരാൻ ഇനിയും സമയമുണ്ടു്”.
സാരിയുടെ തലപ്പുകൊണ്ടു് സാറ കഴുത്തു് അമർത്തിത്തുടച്ചു, മുഖത്തിനു നേരെ വീശി കാറ്റുണ്ടാക്കി, പിന്നെ ബഞ്ചിൽ ഇരുന്നു. അച്ചു അവളെ വിട്ടു് അൽപ്പം മാറി ഇരുന്നു. മരിച്ചവരുടെ അകലം പാലിക്കാൻ എന്ന പോലെ. സാറ അച്ചുവിനെ നോക്കി. അവസാനം എങ്ങനെയാണു് കണ്ടതു്, അതേപോലെ ഇരിക്കുന്നു, അവൾ വിചാരിച്ചു. ഒരുപക്ഷേ, നെഞ്ചിനൊ വയറിനൊ താഴെ വെടികൊണ്ടു മരിച്ചതിന്റെ അടയാളമായി ഇപ്പോഴും നനയുന്ന ഒരു തുളയുണ്ടാകും. ചിലപ്പോൾ അതു് കരിഞ്ഞിട്ടുമുണ്ടാകും.
“ഇതു് എന്റെകൂടെയുള്ള നിന്റെ രണ്ടാമത്തെ യാത്രയാണു്, അല്ലെ അച്ചു” സാറ ചോദിച്ചു.
“അതെ, രണ്ടാമത്തെ”, അച്ചു പറഞ്ഞു. “ആദ്യത്തേതു് നീ ഒരു പാർക്കിൽ ഒറ്റയ്ക്കു് ഇരിക്കുമ്പോഴായിരുന്നു. ഒരു സന്ധ്യക്കു് ”
സാറ അവനെ നോക്കി പുഞ്ചിരിച്ചു.
“എനിക്കു് ഓർമ്മയുണ്ടു്” സാറ പറഞ്ഞു.
വേറെ എന്തോ കൂടി അച്ചു പറഞ്ഞു. എന്നാൽ അതുവരെയും പ്ലാറ്റ്ഫോമിൽ കിടന്നിരുന്ന വണ്ടി പുറപ്പെടുകയായിരുന്നു, ആ ഒച്ചയിൽ, അച്ചു പറഞ്ഞതു് സാറ കേട്ടില്ല.
വണ്ടി സ്റ്റേഷൻ വിടാൻ തുടങ്ങിയപ്പോൾ എന്തിനെന്നറിയാതെ സാറ, പെട്ടെന്നു്, എഴുന്നേറ്റു. വണ്ടിയിൽ അവർ മൂന്നു പേരിൽ, രാമുവോ അച്ചുവൊ താനോ യാത്ര ചെയ്യുന്നില്ലെങ്കിലും, അവരിൽ ആരോ ഒരാൾ യാത്ര ചെയ്യുന്നു എന്നു് തോന്നി. സാറയുടെ കണ്ണുകൾ നനഞ്ഞു. കുറച്ചുനേരം കൂടി വണ്ടി പോകുന്നതു് നോക്കി നിന്നു, പിന്നെ അവിടെത്തന്നെ ഇരുന്നു.
അവരുടെ സൗഹൃദത്തിൽ രാമുവിനെ എല്ലാവരും വിളിച്ചിരുന്നതു് ബൂർഷ്വാ സ്നേഹിതൻ എന്നായിരുന്നു. അതേ പേരുള്ള പ്രശസ്തമായ ഒരു കഥയുടെ ഓർമ്മയിൽ. അച്ചുവാണു്, പക്ഷേ, ആ പേരു് പറഞ്ഞു് സാറയ്ക്കു് രാമുവിനെ പരിചയപ്പെടുത്തിയതു്.
“രാമു, ഞങ്ങളുടെ ബൂർഷ്വാ സ്നേഹിതൻ, ചിലപ്പോൾ ഞങ്ങളുടെ പ്രസ്ഥാനത്തിനും, പലപ്പോഴും എനിക്കും പണം നൽകി സഹായിക്കുന്ന ബൂർഷ്വാസി. കോളേജിൽ പഠിപ്പിയ്ക്കുന്നു”.
രാമു അച്ചുവിനെ നോക്കി പുഞ്ചിരിച്ചു. അതുതന്നെയാണു് തന്റെ പേരു് എന്നപോലെ. അല്ലെങ്കിൽ ആ പേരു് തനിക്കു് ചേർന്നതാണു് എന്നു് സമ്മതിക്കുന്നപോലെ.
എന്നാൽ, രാമുവിനെ ആദ്യമായി കണ്ടപ്പോഴും പിന്നെയും കണ്ട സമയങ്ങളിലും സാറ ഓർക്കുക ഇയാളായിരുന്നു തന്നെ കല്യാണം കഴിച്ചിരുന്നതെങ്കിൽ ജീവിതം എങ്ങനെയായിരിക്കും എന്നായിരുന്നു. പാതി തമാശയായും പാതി കാര്യമായും. ഒരിക്കൽ അവൾ അതു് അച്ചുവിനോടും പറഞ്ഞു. പിന്നൊരിക്കൽ രാമുവിനോടും.
അച്ചു പൊട്ടിച്ചിരിച്ചു.
“തീർച്ചയായും എന്റെ ഭാര്യയായി കഴിയുന്നപോലെ ആവില്ല. അവൻ നിന്നെ ഒരു കാമുകിയെപ്പോലെ കൂടെ നിർത്തും, വളർത്തും, സുന്ദരിയായ വൃദ്ധയാക്കും”.
അന്നു് അവരുടെ മൂന്നാമത്തെ വീടുമാറ്റത്തിന്റെ സമയത്തായിരുന്നു. ആ ഒറ്റമുറി ഫ്ലാറ്റ് കിട്ടാൻ ഡിപ്പോസിറ്റിനുള്ള പണം സാറയുടെ പേരിൽ രാമു അയച്ചുകൊടുത്തിരുന്നു. കടമായിട്ടു് തന്നാൽ മതി, അവൾ ഫോണിൽ രാമുവിനോടു് പറഞ്ഞപ്പോൾ “അങ്ങനെയാവട്ടെ” എന്നു് പറഞ്ഞതു് ഇപ്പോൾ അവൾ ഒരിക്കൽക്കൂടി, അതിലും ഒച്ച കുറഞ്ഞു്, കേട്ടു.
വണ്ടി പോയിക്കഴിഞ്ഞപ്പോൾ റയിൽവേ സ്റ്റേഷൻ വിജനമായതുപോലെയായി. അവരുടെ തലയ്ക്കു മുകളിൽ വളരെ ഉയരത്തിൽ തിരിയുന്ന പങ്കയുടെ ഒച്ച ഇപ്പോൾ കുറേക്കൂടി വ്യക്തമായി കേൾക്കാൻ തുടങ്ങിയിരുന്നു. കുറച്ചു ദൂരെ അതുവരെയും നിന്നിരുന്ന ഒരാൾ റയിൽവേ ട്രാക്കിലേക്കു് ഉരസിയിറങ്ങി ട്രാക്കിലൂടെത്തന്നെ നടക്കാൻ തുടങ്ങിയതു് കണ്ടപ്പോൾ സാറ മുഖം പിൻവലിച്ചു. അച്ചുവിനെ നോക്കി. “അച്ചൂ, കുറച്ചുകൂടി അടുത്തേയ്ക്കു് നീങ്ങി ഇരിക്കു്”, എന്നു് പറഞ്ഞു.
“ഒന്നുമല്ലെങ്കിലും ഒരിക്കൽ ഈ ഭൂമിയിൽ ഞാൻ നിന്റെ ഭാര്യയായി കഴിഞ്ഞതല്ലെ”.
അച്ചു അവളുടെ അരികിലേക്കു് നീങ്ങി ഇരുന്നു. അപ്പോഴും അവൻ അകലം പാലിച്ചു. അപ്പോഴും അവൻ വിറയ്ക്കുന്നുണ്ടായിരുന്നു. ചെറിയ ഒരു ഇലയുടെ മീതെ തന്റെ മരണം ഇപ്പോഴും തങ്ങികിടക്കുകയാണു് എന്നപോലെ.

അച്ചു മരിച്ചുപോയി എന്നതിന്റെ അടയാളമായി ഒരു തീയതിയും ആ വിവരം അറിഞ്ഞ സമയവും മാത്രമായിരുന്നു സാറ ഓർത്തിരുന്നതു്. ആ ദിവസമാകട്ടെ, പലപ്പോഴായി അവളുടെ ഉള്ളംകൈകൾ വിയർത്തുമിരുന്നു. പിന്നെ എല്ലാ വർഷവും ആ ദിവസം വരുമ്പോൾ, അന്നു് വാർത്ത കേട്ട അതേ നേരത്തു് ഉണ്ടായപോലെ അവളുടെ ഉള്ളംകൈകൾ വിയർത്തു.
ഇപ്പോൾ ഒരു നിമിഷം അവളുടെ ഉടൽ ചെറുതായി വിറച്ചു. അതിനും അടുത്ത നിമിഷം രണ്ടുകൈകളും ഉടുത്ത വസ്ത്രത്തിൽ അമർത്തിത്തുടച്ചു് സാറ ഇളകിയിരുന്നു.
തൊട്ടു മുമ്പു് റെയിൽവെ ട്രാക്കിലേക്കു് ഇറങ്ങിയ ആൾ ഇപ്പോൾ തിരിച്ചു നടക്കുന്നുണ്ടായിരുന്നു.
അച്ചു കൊല്ലപ്പെട്ട ദിവസം അവന്റെ ഒരു ഫോട്ടോ കിട്ടുമോ എന്നു് അന്വേഷിച്ചു്, സാറയുടെ ചെങ്ങാതിയും പത്രപ്രവർത്തകയുമായ സൂസൻ തോമസ് അവളെ വിളിച്ചിരുന്നു.
“എനിക്കറിയാം കുറച്ചു വർഷമായി നിങ്ങൾ തമ്മിൽ കണ്ടിട്ടു് എന്നു്” സൂസൻ ഫോണിൽ അവളോടു് ഒച്ച താഴ്ത്തിക്കൊണ്ടു പറഞ്ഞു.
“ഒൻപതു വർഷം”, സാറ പറഞ്ഞു. “പക്ഷേ, ഇപ്പോൾ എനിക്കു് ഒരു പ്രാവശ്യമെങ്കിലും കാണാൻ തോന്നുന്നു”. സാറ കരഞ്ഞു.
“ഞാൻ ഇതാ അവിടേക്കു് വരുന്നു” എന്നു് പറഞ്ഞു് സൂസൻ തോമസ് ഫോൺ വെച്ചു.
അച്ചുവിനെ ആദ്യമായി കാണുമ്പോഴും അച്ചുവിനെ വിവാഹം കഴിക്കുമ്പോഴും അച്ചുവുമായി വേർ പിരിയുന്ന ദിവസവും രാമുവും അവരുടെ കൂടെ ഉണ്ടായിരുന്നു. ആദ്യമായി രാമുവിനെ കാണുമ്പോൾ ഇതാണു് ഞങ്ങളുടെ ബൂർഷ്വാ സ്നേഹിതൻ എന്നു് സാറയ്ക്കു് അവനെ പരിചയപ്പെടുത്തി, അവളെ വിവാഹം കഴിക്കുമ്പോൾ രജിസ്റ്റർ ഓഫീസിൽ അച്ചുവിന്റെ കൂടെ രാമുവും ഉണ്ടായിരുന്നു, നമ്മുടെ ബൂർഷ്വാ സ്നേഹിതനാണു് ഇതിനു സാക്ഷി എന്നു് പറഞ്ഞു. സാക്ഷിയായി ഒപ്പിട്ടതിനു താഴെ രാമു അവന്റെ പേരു് എഴുതുമ്പോൾ ആ പേരു് അച്ചു ബൂർഷ്വാ സ്നേഹിതൻ എന്നു് വായിച്ചപ്പോൾ അന്നു് സാറയ്ക്കു് ചിരി പൊട്ടി.
അവർ തമ്മിൽ വേർപിരിയുന്ന ദിവസം നിനക്കു് എന്തെങ്കിലും ആവശ്യം വരുമ്പോൾ ഇതാ നമ്മുടെ ബൂർഷ്വാ സ്നേഹിതനോടു പറയണം എന്നു് നിർബന്ധമായും രാമു സാറയോടു് ആവശ്യപ്പെട്ടു.
ആദ്യത്തെയും രണ്ടാമത്തെയും സന്ദർഭങ്ങളിൽ രാമു അവരെ രണ്ടു പേരയും നോക്കി പുഞ്ചിരിച്ചു. മൂന്നാമത്തെ സന്ദർഭത്തിൽ രാമു അച്ചുവിനെ മാത്രം നോക്കി നിന്നു. അന്നു് അച്ചുവിനൊപ്പം പോയി.
പിന്നെ ഒരു ദിവസം, വളരെ കാലം കഴിഞ്ഞു്, രാമു അതേ പട്ടണത്തിൽ വന്നപ്പോൾ സാറ ജോലി ചെയ്യുന്ന ബാങ്കിൽ അവളെ കാണാൻ വന്നു. അതും അവളുടെ കൌണ്ടറിനു മുമ്പിൽ നിൽക്കുന്ന ക്യൂവിൽ, ഒരാളായിട്ടു്.
അവളുടെ കൌണ്ടറിനു മുമ്പിൽ വന്നു നിന്ന രാമുവിനെ കണ്ടു് സാറ ഞെട്ടി എഴുന്നേറ്റു. “എന്താ ഇവിടെ?” എന്നു് ചോദിച്ചു. “അത്ഭുതമായിരിക്കുന്നു”
“വെറുതെ, തന്നെ കാണണം എന്നു് തോന്നി”, രാമു പുഞ്ചിരിച്ചുകൊണ്ടു് പറഞ്ഞു. “നിങ്ങൾ ഉള്ള ഈ പട്ടണവും”.
ആ സമയം സാറ അച്ചുവിനെയും ഓർത്തു.
അന്നു് വൈകുന്നേരം രാമു അവളുടെ ഫ്ലാറ്റിൽ വന്നു. താൻ വളണ്ടറി റിട്ടയർമെന്റ് എടുത്ത കാര്യം രാമു അവളോടു് പറഞ്ഞു. ദില്ലിയിലെ അതേ താമസസ്ഥലത്തു് അതേപോലെ ബൂർഷ്വാസിയായി, ഒറ്റയ്ക്കു്, തുടർന്നും ജീവിക്കാൻ പോകുന്നുവല്ലെ എന്നു് സാറ കളി പറഞ്ഞപ്പോൾ അവളെ നോക്കി രാമു പുഞ്ചിരിച്ചു.
“അങ്ങനെയാണെന്നു് തോന്നുന്നു”, രാമു അവളെ നോക്കി പറഞ്ഞു.
പുലർച്ചെയാവുകയായിരുന്നു, ഇപ്പോൾ രാമു വരുന്ന വണ്ടിയുടെ അറിയിപ്പു് കേട്ടു്, സാറ വാച്ചിൽ നോക്കി. അരമണിക്കൂർ വൈകിയിരിക്കുന്നു. താനാകട്ടെ എത്രയോ നേരത്തെയും എത്തിയിരിക്കുന്നു. ഒരു ദിവസം മുഴുവൻ അവിടെത്തന്നെ താൻ ഇരിക്കുകയായിരുന്നു എന്നു് തോന്നി.
“വണ്ടി വരുന്നുണ്ടു്”, സാറ അച്ചുവിനോടു് പറഞ്ഞു.
അവളോടൊപ്പം അച്ചുവും എഴുന്നേറ്റു. അവൾ തനിക്കു് ഫോണിൽ വന്ന മെസ്സേജ് ഒന്നുകൂടി വായിച്ചു. മൃതശരീരത്തിനൊപ്പം യാത്ര ചെയ്യുന്ന ആളുടെ പേർ ഒന്നുകൂടി മനസ്സിൽ ഉറപ്പിച്ചു.
അയാൾ തന്നെയാണു് രാമു മരിച്ച വിവരവും അവളോടു് ഫോണിൽ പറഞ്ഞതു്.
“മേം, നിങ്ങൾ പാർക്കുന്ന പട്ടണത്തിലെ ശ്മശാനത്തിൽ വേണം തന്നെ സംസ്കരിക്കേണ്ടതു് എന്നു് സാർ എഴുതി വെച്ചിരുന്നു. മേമിന്റെ പേരും വിലാസവും നമ്പരും എഴുതിയിരുന്നു”…
ഇപ്പോഴും സാറയുടെ ഉള്ളംകൈകൾ വിയർത്തു. ഒപ്പം, ഇനിമുതൽ വരാനിരിക്കുന്ന രണ്ടു ചരമദിനങ്ങൾ, രണ്ടുതരം തണുപ്പുകൾ, അവൾ സങ്കൽപ്പിച്ചു.
“ഞാൻ കാത്തിരിക്കുന്നു” എന്നു് മാത്രം അവൾ അയാളോടു് മറുപടി പറഞ്ഞു.
പിന്നെയും രണ്ടോ മൂന്നോ തവണകൂടി അയാൾ വിളിച്ചു. അവിടെ ചെയതു് തീർക്കേണ്ടുന്ന ചില പേപ്പർ വർക്കുകളെപ്പറ്റി പറഞ്ഞു. മൂന്നാമാത്തെ തവണ വിളിച്ചപ്പോൾ അവളുടെ പട്ടണത്തിൽ എത്തുന്ന സമയവും വണ്ടിയുടെ പേരും പറഞ്ഞു.
“അവിടത്തെ കാര്യങ്ങളും ഞങ്ങൾ പറഞ്ഞു വെച്ചിട്ടുണ്ടു്, മേം” അയാൾ അവളോടു് പറഞ്ഞു.
വാക്കുകൊടുത്തപോലെ, ആ രാത്രി സ്റ്റേഷനിലേക്കു് പുറപ്പെടുമ്പോൾ, ടാക്സിയിൽ ഇരിക്കുമ്പോൾ, സാറ രാമുവിനെ ഓർത്തതിനേക്കാൾ അച്ചുവിനെ ഓർത്തു. രാമുവിന്റെ വേർപാടിനെക്കാൾ അച്ചുവിന്റെ രണ്ടു വേർപാടുകൾ ഓർത്തു.
എന്നാൽ, അവളെ ഒട്ടും അത്ഭുതപ്പെടുത്താതെ, അച്ചു, അവൾക്കും മുമ്പേ റെയിൽവേ സ്റ്റേഷനിൽ സാറയെ കാത്തു് നിന്നു. പ്ലാറ്റ്ഫോമിൽ, മങ്ങിയ പ്രകാശമുള്ള വൈദ്യുത വിളക്കിനു താഴെ ഒന്നിലധികം ഏകാന്തതയുള്ള ഒരാളെപ്പോലെ, തന്റെതന്നെ നിഴലിനോടു് ചേർന്നു്.
അവളെ കണ്ടപ്പോൾ അച്ചു അടുത്തേയ്ക്കു് വന്നു.
സാറ അവനെ നോക്കി പുഞ്ചിരിച്ചു. മരിച്ചവരുമായുള്ള കൂടിക്കാഴ്ച്ചയെ പറ്റി എന്തോ പറയാൻ മനസ്സിൽ വന്നു. പക്ഷേ, അച്ചുവിന്റെ തണുത്തു വിറച്ചുള്ള നിൽപ്പു് കണ്ടപ്പോൾ അതും വേണ്ടാ എന്നു് വെച്ചു.
വണ്ടിയുടെ ഏറ്റവും പിറകിലെ ഒരു ബോഗിയിൽ നിന്നും രണ്ടു പേർ ഇറക്കി വെയ്ക്കുന്ന ശവപ്പെട്ടി കണ്ടപ്പോൾ സാറ അവിടേക്കു് ഓടി. അവളുടെ പിറകെ എത്താൻ അച്ചുവും ഓടി. ആൾത്തിരക്കിലൂടെ, ആളുകൾക്കു് വഴി കൊടുത്തു്, ഇപ്പോൾ ഓടുന്ന ഈ ഓട്ടമായിരിക്കും തന്റെ ഉള്ളംകൈകളിലെ വിയർപ്പിനൊപ്പം ഇനി ഓർക്കുന്ന മറ്റൊന്നു് എന്നു് സാറയ്ക്കു് അപ്പോൾത്തന്നെ തോന്നി. രണ്ടു മരണങ്ങൾക്കു് ഒപ്പമുള്ള ആ ഓട്ടം, ജീവിക്കുന്നവരെ തൊടാതെയുള്ള ആ ഓട്ടം, അത്രയും ചെറിയ നേരത്തിൽ, അവൾ പല തവണ കണ്ടു.
സാറ തന്റെ നേരെ കൈ കൂപ്പി നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടു അവനെ നോക്കി അവളും കൈ കൂപ്പി.
“മേം ഞാനാണു് ഫോണിൽ വിളിച്ചതു്” ചെറുപ്പക്കാരൻ പറഞ്ഞു. പിന്നെ തന്റെകൂടെ നിൽക്കുന്ന ആളെ പരിചയപ്പെടുത്തി. “ഇതു് എന്റെ അച്ഛനാണു്, രാമു സാറിന്റെ സുഹൃത്തു്”…
സാറ അയാളെ നോക്കി കൈ കൂപ്പി. ഒന്നുകൂടി അയാളെ നോക്കി ശവപ്പെട്ടിയിൽ കിടക്കുന്ന രാമുവിന്റെ പ്രായം ഊഹിച്ചു. പിന്നെ തനിക്കു് ഒപ്പം നിൽക്കുന്ന അച്ചുവിനെ അവർക്കു് പരിചയപ്പെടുത്തി.
“അച്ചു. രാമുവിന്റെയും എന്റെയും ചെങ്ങാതി, വിവരം അറിഞ്ഞു് എത്തിയതാണു്”.
അച്ചു അവളുടെ അരികിലേക്കു് കുറച്ചുകൂടി നീങ്ങി നിന്നു.
പിറ്റേന്നു് രാവിലെ, ശവസംസ്കാരം കഴിഞ്ഞു്, തന്റെ ഫ്ലാറ്റിലേക്കു് മടങ്ങുമ്പോൾ സാറ, രാമു മരിച്ചതു് അന്നു് ആദ്യം ഫോണിൽ ചെറുപ്പക്കാരൻ പറഞ്ഞതും, കുറച്ചു മുമ്പേ അയാളുടെ അച്ഛൻ പറഞ്ഞതും അതേപോലെ മനസ്സിൽ ചിത്രീകരിക്കാൻ ശ്രമിച്ചു.
ആ വൈകുന്നേരത്തോടെ വംശീയ ലഹള പൊട്ടിപുറപ്പെട്ട തെരുവിൽ നിന്നും മരണഭീതിയോടെ ഓടി രക്ഷപ്പെട്ടു് എത്തിയ ഒരു യുവാവു് തന്റെ വീട്ടുവാതിൽക്കൽ വന്നു നിൽക്കുന്നതു് അൽപ്പം മാത്രം തുറന്ന ജനലിലൂടെ രാമു കണ്ടതു്, ആ കാഴ്ച്ച രാമു തന്റെ സുഹൃത്തിനോടു് ആ രാത്രിവളരെ വൈകി ഫോണിൽ പറഞ്ഞതു്, ഇപ്പോൾ സാറ, ഒരു കഥയിലെ വരികൾ വായിക്കുന്ന പോലെ മന്ത്രിച്ചു:
അൽപ്പം മാത്രം തുറന്ന ജനലിലൂടെ, തന്നെ മറച്ചു പിടിച്ചു്, രാമു, യുവാവിനെ കുറച്ചു നേരം നോക്കി. അതിനേക്കാൾ കൂടുതൽ നേരം അവനുവേണ്ടി വാതിൽ തുറക്കണോ എന്നു് ആലോചിച്ചു. എന്നാൽ, അതിനെക്കാൾ വേഗത്തിൽ, അവനെ നാലോ അഞ്ചോ പേർ ഒരാർപ്പോടെ പിടിച്ചുകൊണ്ടുപോകുന്നതു് കണ്ടു. രാമു കണ്ടുനിൽക്കുമ്പോൾത്തന്നെ അവരിൽ ഒരാൾ അവന്റെ പാന്റ് വലിച്ചൂരി. രാമു കണ്ടുനിൽക്കുമ്പോൾത്തന്നെ, തെരുവിൽ എത്തിയതും, അവരിൽ ഒരാൾ അവന്റെ വയറിലേക്കു് വെടി വെച്ചു…
രാമു, അവിടെ ജനലിനു താഴെയ്ക്കു് കുഴഞ്ഞു വീണു. അവിടെത്തന്നെ ഇരുന്നു.
ഭയങ്കരമായ പേടിയോടെ. പിറകെ വന്ന ഭയങ്കരമായ ഏകാന്തതയോടെ…
കുറച്ചു് കഴിഞ്ഞു്, തന്റെ സ്നേഹിതനെ ഫോണിൽ വിളിച്ചു് താൻ കണ്ടതും താൻ ചെയ്യാതിരുന്നതുമായ കാര്യങ്ങൾ പറഞ്ഞു് ഫോണിൽ രാമു തേങ്ങിക്കരഞ്ഞു. അയാൾ രാമുവിനെ സമാധാനിപ്പിച്ചു. വാതിലും ജനലുകളും അടച്ചു് ഇരിക്കാൻ പറഞ്ഞു.
“നമുക്കു് ഒന്നും ചെയ്യാൻ ഇല്ല രാമു,” സ്നേഹിതൻ പറഞ്ഞു “എന്തായാലും രാവിലെതന്നെ ഞാൻ നിന്നെ വന്നു കാണാം”…
“താങ്കൾ വരണം”, രാമു ഇടറിയ ഒച്ചയോടെ പറഞ്ഞു. “രാവിലെത്തന്നെ വരണം. ഞാൻ ഇവിടെത്തന്നെയുണ്ടാകും”.
പുലർച്ചയോടെ തനിക്കു് പ്രിയപ്പെട്ട സുഹൃത്തിന്റെ പേരും വിലാസവും ഫോൺ നമ്പറും എഴുതി, അതിനു താഴെ തന്റെ ഒരേയൊരു ആശയെഴുതി, ആ കടലാസു് രാമുകീശയിൽ വെച്ചു. പിന്നെ പഴയൊരു ന്യൂസ് പേപ്പറിന്റെ ഒരു പേജ് കീറി എടുത്തു് അതിൽ താൻ മരിക്കാൻ ആഗ്രഹിക്കുന്നു എന്നു് എഴുതി, അതിനു താഴെ ഇത്രയും മതി ഇത്രയും മതി എന്നു് നാലോ അഞ്ചോ തവണ എഴുതി, അതിനു താഴെ, രാമു എന്നു് എഴുതി, ഒപ്പുവെച്ചു, തീയതി എഴുതി, സമയം എഴുതി… പിന്നെ ഫ്ലാറ്റിന്റെ എല്ലാ ജനാലകളും തുറന്നിട്ടു. വാതിൽ തുറന്നിട്ടു. ഇരിപ്പുമുറിയിലെ പങ്കയിൽ കിടക്ക വിരിയെടുത്തു് കെട്ടി തൂങ്ങി മരിച്ചു…
സെമിത്തേരിയിൽ നിന്നുതന്നെ രാമുവിന്റെ സുഹൃത്തും മകനും മടങ്ങിയിരുന്നു.
അവർക്കു് പിറകെ അതേ തെരുവിലേക്കു് അച്ചുവും മടങ്ങി.
അച്ചു നടന്നുപോകുമ്പോൾ ആ ദൂരം അളക്കാൻ എന്നപോലെ നിന്ന നാലോ അഞ്ചോ ഇലക്ട്രിക് പോസ്റ്റുകൾ സാറ എണ്ണി. പിന്നെ, ഒരു ടാക്സിയിൽ തന്റെ ഫ്ലാറ്റിലേക്കു് മടങ്ങി.
ഫ്ലാറ്റിന്റെ വാതിൽ തുറക്കുമ്പോൾ സാറ തന്റെ പിറകെ നിൽക്കുന്ന രാമുവിനോടു്, “ഇയാളാണു് എന്നെ കല്ല്യാണം കഴിച്ചിരുന്നതെങ്കിൽ എങ്ങനെയായിരുന്നിരിക്കും ജീവിതം എന്നാണു് ഞാൻ രാമുവിനെ കാണുമ്പോൾ ഓർക്കുന്ന ഒരു സംഗതി” എന്നു് പറഞ്ഞു.

“ഇതാ ഇപ്പോഴും അതാണു് ഓർത്തതു്”.
വാതിൽ തുറന്നു്, രാമുവിന്റെ മുഖം കാണാൻ സാറ തിരിഞ്ഞു നോക്കി.
രാമു പുഞ്ചിരിച്ചുകൊണ്ടു്, തല കുനിച്ചു്, നിൽക്കുകയായിരുന്നു. മുമ്പൊരിക്കൽ ഇതേപോലെ ചോദിച്ചപ്പോൾ കണ്ടതുപോലെത്തന്നെ.
സാറയ്ക്കു് ചിരി വന്നു.

കഥാകൃത്തു്, നോവലിസ്റ്റ്, കവി, നാടകകൃത്തു്. പാലക്കാടു് ജില്ലയിലെ പട്ടാമ്പി സ്വദേശി. പ്രസിദ്ധീകരിച്ച കൃതികൾ മകരത്തിൽ പറഞ്ഞതു് (കഥകൾ – പാഠഭേദം), കൊച്ചിയിലെ നല്ല സ്ത്രീ (കഥകൾ – സൈൻ ബുക്സ്), പായക്കപ്പൽ, (കഥകൾ – ഡി. സി. ബുക്സ്) ഏകാന്തതയെ കുറിച്ചു പറഞ്ഞു കേട്ടിട്ടല്ലേ ഉള്ളു (കഥകൾ – ഡി. സി. ബുക്സ്) അതികുപിതനായ കുറ്റാന്വേഷകനും മറ്റു് കഥകളും (കഥകൾ – ഡി. സി. ബുക്സ്), പരസ്യജീവിതം (നോവൽ – ഡി. സി. ബുക്സ്), ബൈസിക്കിൾ തീഫ് (നോവൽ – മാതൃഭൂമി ബുക്സ്), യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും (നോവൽ – ഡി. സി. ബുക്സ്), യുവാവായിരുന്ന ഒൻപതു വർഷം (നോവൽ – ഡി. സി. ബുക്സ്), യക്ഷിയും സൈക്കിൾ യാത്രക്കാരനും (കവിതകൾ – ഗ്രീൻ ബുക്സ്) ഉടൽ എന്ന മോഹം (ലേഖനങ്ങൾ – ലോഗോ ബുക്സ്). “യുവാവായിരുന്ന ഒൻപതു വർഷം” എന്ന നോവലിനു് ഹൈദരാബാദിലെ നവീന കലാസാംസ്കാരിക കേന്ദ്രത്തിന്റെ “ഒ. വി. വിജയൻ പുരസ്കാരം” ലഭിച്ചു. കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
ചിത്രീകരണം: വി. പി. സുനിൽകുമാർ