പലരും കടന്നതിന്റെ ബാക്കിയില്ലാതെ
ഏതു് കടൽ?
പലരും പോയതിന്റെ ബാക്കിയല്ലാതെ
ഏതു് യാത്ര?
പലരും കണ്ടതിന്റെ
ബാക്കിയല്ലാതെ
ഏതു് കാഴ്ച?
പലരും പറഞ്ഞതിന്റെ ബാക്കിയല്ലാതെ
ഏതു ഭാഷ? കഥ?
പലരും കേട്ടതിന്റെ ബാക്കിയല്ലാതെ
ഏതു രാഗം? ശകാരം?
പലരും ദഹിച്ചതിന്റെ ബാക്കിയല്ലാതെ
ഏതു് പ്രേമം?
പലരും രുചിച്ചതിന്റെ ബാക്കിയല്ലാതെ
ഏതു് സൗന്ദര്യം? സുഖം? വിഷം?
പലരും മരിച്ചതിന്റെ ബാക്കിയല്ലാതെ
ഏതു് മരണം?
ബാക്കികൾ നെയ്ത പരവതാനിയോ
ജീവിതം? പുതുമ? പ്രപഞ്ചം?
കടലിലെ സാഹസികവർഷങ്ങൾ കഴിഞ്ഞു്
കട്ടിലിലടിഞ്ഞപ്പോൾ വൃദ്ധൻ സാന്ദിയാഗോ
മയക്കത്തിലാണ്ട വലിയൊരെല്ലിൻകൂടു്;
ആർക്കൊക്കെയോ തീനായതിന്റെ ബാക്കി.
വൃദ്ധനുതോന്നി: മയക്കം അപാരത.
വെള്ളത്തിമിംഗലമായ്
മേഘം മേയും കയം കാണിക്കും
കടൽവെയിലിനേക്കാൾ,
കടൽപ്പാടി പാടി മായും
കടൽനിലാവിനേക്കാൾ,
തോണി പോലെ ബോധം
നോക്കെത്താ മറവിൽ മറയും
മറയലിനേക്കാൾ,
ഈ മയക്കം ധ്യാനം, അപാരത.
വൃദ്ധനുതോന്നി: മയക്കത്തിൽ
വന്ന് നിൽക്കുന്നെന്റെ ചുറ്റും
ഞാനറിഞ്ഞവയും എന്നെയറിഞ്ഞവയും
ഞാനുപേക്ഷിച്ചവയും എന്നെയുപേക്ഷിച്ചവയും.
ബുദ്ധന്‍, ക്രിസ്തു, മുഹമ്മദ്, ഗലീലിയോ,
മാര്‍ക്സ്, ഗാന്ധി, ഫ്രോയ്ഡ്,
കൊളംബസ്, മാര്‍ക്കോപോളോ, ഇബ്നുബത്തൂത്ത…
പുരാതന നാവികരും കടല്‍മണവും
കാടും കിളിപ്പാട്ടും സിംഹമൗനവും
വംശനാശം വന്ന ചിന്തകളും
ഭൂതഗണങ്ങളും.
ഇല്ല, ഞാന്‍ കാത്തിരിക്കുന്ന മരണം
ഈ മിത്രഗണത്തില്‍.
കാണും, ആര് വരുമ്പൊഴും
കൂടെ വരും മരണം.
ഉറപ്പു്.
മൂന്ന് മിത്രങ്ങളില്‍ ഒരാള്‍ മൃത്യു.
മിത്രങ്ങളേ,
കടലുകള്‍ താണ്ടിയോരേ,
കണ്ടുപിടിച്ചെന്നു് നിങ്ങള്‍
കൊണ്ടാടുന്ന ഭൂഖണ്ഡം
എന്തിന്റെ അസ്ഥികൂടം?
ആരൊക്കെ മേഞ്ഞതിന്റെ ബാക്കി?
[1] ഹെമിങ്വേയുടെ ‘കിഴവനും കടലും’ എന്ന നോവലിലെ കഥാപാത്രം.
ഗോർക്കിയെക്കൊണ്ടു് പൊറുതി മുട്ടിയപ്പോൾ
ലെനിൻ പറഞ്ഞു:
ഒരു വാക്കു്, ഒരൊപ്പു്…
അവരെ വിടൂ ഇവരെ വിടൂ…
എന്നും പറഞ്ഞിങ്ങനെ നീ
ഓടിയോടി വരരുതു് ഗോർക്കീ.
ശത്രുവിന്റെ ശവശരീരത്തിനു്
തീരാസുഗന്ധം തോന്നുന്ന രാഷ്ട്രീയമൂക്കു്
പോരാ ലെനിൻ, അധികാരത്തിനു്.
തർക്കിക്കുമ്പോൾ ഗോർക്കീ, നീ,
റഷ്യൻ നേരിന്റെ പെരുക്കം.
ക്ഷോഭിക്കുമ്പോൾ പ്രളയം,
പാർട്ടിപ്പാപം ഓരോ മുറ്റത്തും
നിരത്തും കലക്കം.
ജീവനേതും പ്രിയമെന്നു് പറയുമ്പോൾ
ജൈവനീതി ഓർമ്മിപ്പിക്കുമ്പോൾ നീ
പുരാതന റഷ്യൻ ഋഷി.
ശരി വിധിക്കുമ്പോൾ നീ
പഴയ നിയമം.
വർഗ്ഗവിരുദ്ധം, ഗോർക്കീ, നിന്റെ
ആവിഷ്കാരസ്വാതന്ത്ര്യവാദം;
അഹിംസാവാദം.
പോയിരുന്നു് കഥയെഴുതൂ;
രക്ഷിക്കൂ സ്വന്തം ജീവൻ,
ക്ഷയത്തിന്റെ സൈബീരിയയിൽ
നരകിച്ചൊടുങ്ങാതെ.
എതിർമൊഴി കൊന്നൊടുക്കാമെന്നതു്
ഭീകരതയുടെ മതം.
ഭീകരമതക്കാരിൽ നിന്നു്
ജീവൻ രക്ഷിക്കുന്നതിലും നല്ല കഥ
ഇന്നെഴുതാനില്ലെനിക്കു്, വ്ലാഡിമർ.
വിശ്വാസം വിതച്ചു് സ്വാതന്ത്ര്യം കൊയ്യുന്നില്ല നാം,
അന്യോന്യം സംശയിക്കുന്നോർ
ഭയക്കുന്നോർ
മെരുക്കുന്നോർ.
ആര് മാറ്റിയെഴുതും നമ്മുടെ ക്രൂരകഥ?
ആ മാറ്റിയെഴുത്തിലും നല്ല
ക്ഷയമുക്തിയില്ല സഖാവേ.
സ്തുതിവാക്കിലാടുന്ന വാലല്ല
എതിർവാക്കിലാളുന്ന നീതി, കല.
ആരോഗ്യരക്ഷയുടെ കൂട്ടിൽ മോസ്കോ
ഗോർക്കിയെ ഇറ്റലിയിലടച്ചു.
മലയാള കവി.
ചിത്രങ്ങൾ: വി. മോഹനൻ