സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1983-12-04-ൽ പ്രസിദ്ധീകരിച്ചതു്)

images/petro.jpg
പെട്രോമാക്സ് വിളക്കു്

ഞാൻ വടക്കേയിന്ത്യയിൽ ഒരു കൊടുങ്കാട്ടിൽ കുറെക്കാലം താമസിച്ചിരുന്നു. അപരിഷ്കൃതരായ ആളുകൾ കാട്ടിനു പുറത്തേയുള്ളു. കാട്ടിനകത്തു് കുറച്ചു മലയാളികളുണ്ടു്. വർഷത്തിലൊരിക്കൽ അവർ ഒരുമിച്ചു കൂടി നാടകം അഭിനയിക്കും, പാട്ടു പാടും, നൃത്തം ചെയ്യും. വൈദ്യുത ദീപങ്ങൾ കെട്ടുപോയാൽ ആഘോഷങ്ങൾ മുടങ്ങരുതല്ലോ. അതുകൊണ്ടു് വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഒരു ചെറുപ്പക്കാരൻ ഇരുപത്തഞ്ചു നാഴികയകലെയുള്ള ഒരു പട്ടണത്തിൽച്ചെന്നു് രണ്ടു പഴയ പെട്രോമാക്സ് വിളക്കു് വാടകയ്ക്കെടുത്തു് സൈക്കിളിന്റെ പിറകിൽ വച്ചുകെട്ടി കൊണ്ടുവന്നു. അയാൾ ഉത്സാഹത്തോടെ സൈക്കിൾ ചവിട്ടി വരുമ്പോൾ ഞാൻ റോഡിൽ നിൽക്കുകയായിരുന്നു. എന്തെങ്കിലും ചോദിക്കണമല്ലോ എന്നു കരുതി ഞാൻ ആ മനുഷ്യന്റെ നേർക്കു ഒരു ചോദ്യമെറിഞ്ഞു: “ആങ്ഹാ, വിളക്കു കിട്ടി അല്ലേ?” അയാൾ ചവിട്ടു വണ്ടി നിറുത്തി താഴെയിറങ്ങി. എന്നിട്ടു സംസാരം: “എന്തു പറയാൻ സാറേ, ഒരുത്തനും വിളക്കു തരൂല്ല. പിന്നെ ഞാൻ ബലാൽസംഗം ചെയ്തു് രണ്ടെണ്ണം എടുത്തുകൊണ്ടു പോന്നു”. ചിരിയടക്കാൻ വളരെ പാടുപെട്ടു ഞാൻ. ‘ബലാൽക്കാരമായി’ കൊണ്ടുപോന്നു എന്നു പറയേണ്ടതിനു പകരമായിട്ടാണു് ആ ബലാത്സംഗം അയാൾ നടത്തിയതു്. ‘ശരി’ എന്നു പറഞ്ഞു ഞാൻ നടന്നു.

ഈ മനുഷ്യൻ തന്നെ എന്നെയും എന്റെ സഹധർമ്മിണിയേയും ഊണു കഴിക്കാൻ ക്ഷണിച്ചു. ഞങ്ങൾ അയാളുടെ വീട്ടിലെത്തി. ഉണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ ചോദിച്ചു: “പൈപ്പ് വെള്ളം മുടങ്ങാതെ കിട്ടുന്നുണ്ടോ?” മറുപടി: ഉണ്ടു്. പിന്നെ നല്ല റമ്മുണ്ടു്. വേണമെങ്കിൽ സാറിനു് ഒന്നെടുക്കാം. “ഇതും തുടങ്ങിയോ?” എന്ന മട്ടിൽ ഭാര്യയുടെ നോട്ടം. ഞാൻ പറഞ്ഞു: “ഇല്ല ഞാൻ റം കുടിക്കാറില്ല. എന്നല്ല ഒരു മദ്യവും കടിക്കില്ല”. അതു കേട്ടു അയാൾ വീണ്ടും അറിയിച്ചു: “കുടിക്കാനുള്ള റമ്മല്ല സാറേ. വെള്ളം പിടിച്ചുവയ്ക്കാൻ ഇവിടെ രണ്ടു റം ഓർഡനർസ് ഫാക്ടറിയിൽ നിന്നു് ഞാൻ വാങ്ങിക്കൊണ്ടു വന്നിട്ടുണ്ടു്. അതാണു് പറഞ്ഞതു്”. അപ്പോഴാണു് എനിക്കു മനസ്സിലായതു് അയാളുടെ ‘റം’ ഡ്രമ്മാണെന്നതു്—ഇരുമ്പു വീപ്പയാണെന്നതു്.

images/gitanjali.jpg

ഇതൊക്കെ അക്ഷരശൂന്യനായ ഒരുത്തന്റെ തെറ്റുകളാണു്. വിദ്യാസമ്പന്നരുടെ തെറ്റുകൾ ഇവയെക്കാൾ ഹാസ്യജനകങ്ങളാണു്. ആറ്റിങ്ങലിനടുത്തുള്ള ‘മെൻഡസ്’ എന്ന വ്യവസായസ്ഥാപനത്തിന്റെ മുന്നിൽക്കൂടി കാറിൽ കൊല്ലത്തൊരിടത്തു് മീറ്റിങ്ങിനു പോയിട്ടു് തിരിച്ചു മറ്റൊരു വഴിയിലൂടെ വരുമ്പോൾ എന്റെ കൂടെയുണ്ടായിരുന്ന ഒരു സംസ്കൃതം പ്രൊഫസർ അന്നു ചെറുപ്പക്കാരിയും സുന്ദരിയുമായിരുന്ന ഒരു “പ്രാസംഗിക”യോടു് മെൻഡസ് കഴിഞ്ഞോ എന്ന അർത്ഥത്തിൽ മെൻസസ് കഴിഞ്ഞോ എന്നു ചോദിച്ചതു് ഞാൻ അക്കാലത്തു് കെ. ബാലകൃഷ്ണന്റെ ‘കൗമുദി’വാരികയിൽ എഴുതിയിരുന്നു. ആ സമയത്തു് അവർ ഗർഭിണിയായിരുന്നു താനും. വേറൊരു സംസ്കൃതം പ്രൊഫസറോടു കൂടി ഞാൻ ചീഫ് സെക്രട്ടറിയായിരുന്ന കെ. ജി. മേനോനെ കാണാൻ പോയി. ഗ്രാന്റ്സ് കമ്മിഷന്റെ ശംബള സ്കെയിൽ ഇവിടത്തെ കോളേജദ്ധ്യാപകർക്കു കൂടി തരണമെന്നുള്ള അഭ്യർത്ഥനയായിരുന്നു ഞങ്ങളുടേതു്. ചീഫ് സെക്രട്ടറി പത്രഭാഷയിൽ ‘അനുഭാവപൂർവ്വം’ എല്ലാം കേട്ടു. അനുകൂലമായ മാനസിക നിലയാണു് അദ്ദേഹത്തിനുള്ളതെന്നു ഞങ്ങൾക്കു മനസ്സിലായി. അപ്പോൾ സംസ്കൃതം പ്രൊഫസർ ഒറ്റക്കാച്ചു്: “സാർ, ഉത്തരക്കടലാസു നോക്കുന്നതിനുള്ള പ്രതിഫലം ഗ്രാന്റ് കമ്മിഷൻ ശംബളം തന്നാലും ഇല്ലാതാക്കരുതു്”. ഒരിക്കലും ഞെട്ടാത്ത കെ. ജി. മേനോൻ ഗ്രാന്റ്സ് കമ്മിഷൻ ഗ്രാന്റ് കമ്മിഷനായതു കണ്ടു ഞെട്ടി. ആ ഞെട്ടൽ പുറത്തു കാണിക്കാതെ അദ്ദേഹം ചോദിച്ചു. “ഫാൾസ് നമ്പർ ഇട്ടാണോ ഉത്തരക്കടലാസ്സു് അയയ്ക്കുന്നതു് ഇപ്പോഴും?” പ്രൊഫസർ മറുപടി നൽകി: “അതേ, അതിനു പുറമേ ഉത്തരക്കടലാസ്സുകൾ യൂണിവേഴ്സിറ്റി അധികാരികൾ ‘ഷപ്പിൾ’ ചെയ്യും”. ഷഫ്ൾ (Shuffle) എന്ന വാക്കു്—കശക്കുക, കലക്കുക എന്ന അർത്ഥത്തിലുള്ള ആ ഇംഗ്ലീഷു് പദം-ഷപ്പിൾ ആയപ്പോൾ കെ. ജി. മേനോൻ ഇന്റർവ്യു മതിയാക്കിരിക്കുന്നു എന്ന അർത്ഥത്തിൽ തലയാട്ടി. ഞങ്ങൾ തിരിച്ചു പോരുകയും ചെയ്തു.

തെറ്റു് ആരുടെ നാക്കിൽ നിന്നു വീണാലും ഹാസ്യോൽപാദകമാണു്. ഒരു ‘എക്‍സെപ്ഷൻ’ മാത്രമേയുള്ളൂ ഇതിനു്. യുവാവു് പ്രേമഭാജനത്തെ ഇംഗ്ലീഷ് പഠിപ്പിക്കുകയാണു്. അവൾ തെറ്റു പറഞ്ഞാൽ, ഉച്ചാരണം തെറ്റിച്ചാൽ യുവാവിനു് ചിരിക്കാൻ തോന്നുകില്ല. അവളെ ചുംബിക്കാനേ തോന്നു.

കോളറ

ചുംബനം പല തരത്തിലാണെന്നു വാത്സ്യായനൻ പറഞ്ഞിട്ടുണ്ടു്. മഹർഷിയുടെ കാമസൂത്രം എന്റെ കൈയിലില്ലാത്തതുകൊണ്ടു് ഓർമ്മയിൽ നിന്നു് ഒരു വാക്യം ഉദ്ധരിക്കുന്നു: “ബലാത്കാരേണ നിയുക്താ മുഖേമുഖമാധത്തേ ന തു വിചേഷ്ടത ഇതിനിമിത്തകം” ഇതാണു് നിമിത്തകമെന്ന ചുംബനം, ബലാത്കാര രൂപത്തിലുള്ള ചുണ്ടമർത്തൽ. വല്ലച്ചിറ മാധവൻ “രാഗലോല” എന്ന ചെറുകഥയുടെ രചനയിലൂടെ അനുഷ്ഠിക്കുന്ന കൃത്യം ഇതിൽ നിന്നു വിഭിന്നമല്ല (ഞായറാഴ്ച വാരിക). അദ്ധ്യാപകൻ സുന്ദരിയായ വിദ്യാർത്ഥിനിയെ എപ്പോഴും തുറിച്ചു നോക്കുന്നു. അതു് അരുതെന്നു് അവൾ അയാളോടു പറയുന്നു. അതോടെ അദ്ധ്യാപകനു കടുത്ത നൈരാശ്യം. നൈരാശ്യം ഭ്രാന്തോളമെത്തുന്നു. അപ്പോഴേക്കും പെണ്ണിന്റെ ‘വിവാഹനിശ്ചയം’. അദ്ധ്യാപകൻ തൂങ്ങിച്ചത്തു എന്നു കഥാകാരൻ പറയുന്നില്ല. എങ്കിലും തൂങ്ങിയിരിക്കാൻ ഇടയുണ്ടു് എന്നു് എനിക്കു തോന്നുന്നു. പഞ്ചാരപുരട്ടിയ കുറെ വാക്കുകളും രജോദർശനമടുത്ത (രജോദർശനം = ആദ്യത്തെ ആർത്തവം) പെൺപിള്ളേരെ ഇക്കിളിപ്പെടുത്തുന്ന ചില അലങ്കാര പ്രയോഗങ്ങളുമല്ലാതെ ഈ രചനാ സാഹസത്തിൽ വേറൊന്നുമില്ല. എന്തൊരു സംസ്കാരലോപം! പ്രിയപ്പെട്ട വായനക്കാർ സൂക്ഷിച്ചിരിക്കണം. വല്ലച്ചിറ മാധവന്റെ കഥ ഏതു സന്ദർഭത്തിലും ഉണ്ടാകാം. കോളറയും ഏതു നിമിഷത്തിലും പൊട്ടിപ്പുറപ്പെടാം.

ഗീതാഞ്ജലി

പൊട്ടിപ്പുറപ്പെടുന്നതു് വിഷൂചിക മാത്രമല്ല, സർഗ്ഗാത്മകത്വത്തിനും ആ സ്വഭാവമുണ്ടു്. പതിനാറാമത്തെ വയസ്സിൽ ക്യാൻസർ വന്നു മരിച്ച ഗീതാഞ്ജലി എന്ന പെൺകുട്ടിയുടെ ചില കാവ്യങ്ങൾ നവംബർ 6–12-ലെ Illustrated Weekly-യിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. എഴുതിക്കഴിഞ്ഞതിനു ശേഷം പുസ്തകങ്ങൾക്കിടയിലും തലയണയുറയ്ക്കകത്തും പായുടെ അടിയിലും കളിപ്പാട്ടങ്ങളുടെ താഴെയും ഗീതാഞ്ജലി ഒളിച്ചു വച്ച ഈ കാവ്യരത്നങ്ങൾ പ്രശസ്തനായ കവി പ്രീത്യഷ് നന്ദി യുടെ സഹായത്തോടെ വെളിച്ചം കണ്ടിരിക്കുന്നു. അവയൊന്നു വായിച്ചു നോക്കു. മിന്നൽ പ്രവാഹം പോലെ, പ്രഥമദർശനഫലമായ പ്രേമം പോലെ സർഗ്ഗാത്മകത്വം പൊട്ടിപ്പുറപ്പെടുമെന്നു നമ്മൾ മനസ്സിലാക്കുന്നു.

മരണത്തെ മുന്നിൽ കണ്ടുകൊണ്ടു് ശൈശവത്തിൽ നിന്നു പൂർണ്ണമായ മോചനം നേടാത്ത ഗീതാഞ്ജലി അതിനോടു് അപേക്ഷിക്കുന്നു:

Death

Who are you?

Where do you come from?

Where will you take me?

Is the way long?

Is it too dark?

I do claim to be brave

And yet am afraid

For I know not

What’s beyond

Death

I do sometimes

Expect you

And at times hope

You’d never come

If you must take me

Do be merciful

Take me where no one can hurt me

Or cause me pain

And I have an appeal

Do please be kind

And let me sleep…

As in my childhood I did.

തലതാഴ്, ‘കരയൂ’ എന്നാരോ എന്നോടു് അനുശാസിക്കുന്നതു പോലെ തോന്നുന്നു. തലതാഴ്ത്തി, കരഞ്ഞു. വീണ്ടും തലയുയർത്തി നോക്കുമ്പോൾ കാണുന്നതു് കാവ്യശോഭ: ഒരു കൊച്ചു കുട്ടിയുടെ ആത്മധൈര്യം. രാത്രിയുടെ അന്ധകാരത്തിൽ, നിലാവിന്റെ ശൈത്യത്തിൽ, മൂങ്ങയുടെ മൂളലിൽ, കാറ്റിന്റെ സീൽക്കാരത്തിൽ, ഭവനത്തിന്റെ സുഷുപ്തിയിൽ ഞാൻ മരണത്തിന്റെ മുഖം കണ്ടിട്ടുണ്ടു്. ആ മുഖം എന്നെ പേടിപ്പിച്ചിട്ടുണ്ടു്. ഗീതാഞ്ജലിയുടെ കാവ്യങ്ങളിലും ഞാൻ മരണത്തിന്റെ മുഖം കാണുന്നു. എന്നാൽ അതു് എന്നെ പേടിപ്പിക്കുന്നില്ല. ഗീതാഞ്ജലി ഏതു ധൈര്യത്തോടെ മരണത്തിനു് അഭിമുഖീഭവിച്ചു നിന്നുവോ ആ ധൈര്യത്തോടെ ഞാനും നിൽക്കുന്നു. മരണത്തെക്കാൾ ശക്തമായ കവിതയാണു് ഗീതാഞ്ജലിയുടെ കവിത. ബാലികേ നീ ഇന്നു ഞങ്ങളുടെ കൂടെ ഇല്ലല്ലോ.

ഇല്ലാത്ത ഗീതാഞ്ജലി ഉളവാക്കുന്ന ദുഃഖം, അതു ജനിപ്പിക്കുന്ന ഏകാന്തത ഇവ എന്റെ മാത്രം ദുഃഖമല്ല; ഏകാന്തതയുമല്ല. കവിത വായിച്ചാൽ രസമനുഭവിക്കുന്ന ഏതു സഹൃദയന്റെയും ദുഃഖവും ഏകാന്തതയുമാണു്. എന്നാൽ യേശുദേവനെ ചതിച്ച ജൂഡാസിന്റെ ഏകാന്തത അവന്റെ ഏകാന്തത മാത്രമാണു്. സീസറിനെ ചതിച്ച ബ്രൂട്ടസിന്റെ ഏകാന്തത അവന്റെ ഏകാന്തത മാത്രമാണു്. കലയുടെ സാർവ്വ ജനീന സ്വഭാവം ഇവിടെ വ്യക്തമാകുന്നു.

കല്പനാഭാസം
images/lastsupper.jpg

ഈ സാർവ്വജനീന സ്വഭാവം വരാതെ വർണ്ണനകൾ തികച്ചും വ്യക്തി നിഷ്ഠങ്ങളാവുമ്പോഴാണു് അവ കല്പനാഭാസങ്ങളായി തരംതാഴുന്നതു്. ആ വിധത്തിൽ തരം താണ വർണ്ണനകളാണു് എം. ആർ. ബി.-യുടേതു്. ചെണ്ടകൊട്ടലിൽ വിദഗ്ദ്ധനായ അച്ചുണ്ണി പൊതുവാളിനെക്കുറിച്ചു് എഴുതണം എം. ആർ. ബി.-ക്കു്. ഉടനെ അതിനു് ഒരു പൂർവ്വപീഠിക നിർമ്മിക്കുകയായി: “ഉണങ്ങിയ പാഴ്ച്ചെടികൾ കൊണ്ടു് ഇരുവർക്കും തവിട്ടുകരയിട്ട പാതയിലൂടെ ഞാൻ നടന്നു. വിളർത്ത, ചൂടുകുറഞ്ഞ വെയിൽ! പാതയുടെ ഇരുഭാഗത്തും മന്ദസ്മിതം മറന്ന മരച്ചില്ലകൾ വിളർത്ത വെയിലിൽ മങ്ങിക്കിടന്നു. കാട്ടുതാളു് ഒരു നാടത്തിയെപ്പോലെ കൈക്കുമ്പിളുമായി നിൽക്കുന്നു. ആകാശമെറിഞ്ഞ മഴത്തുള്ളികളുടെ പളുങ്കു മണികൾ ആ കൈക്കുമ്പിളിൽ തിളങ്ങിക്കണ്ടു”. (കുങ്കുമം വാരിക.) അച്ചുണ്ണി പൊതുവാളിന്റെ ചെണ്ടവായനയോടോ ലേഖനത്തിൽ വിവരിക്കുന്ന വിവാഹത്തിനോടോ ഒരു ബന്ധവുമില്ലാത്ത ഈ വർണ്ണന കൃത്രിമമാണു്; നാട്യമാണു്. ഇംഗ്ലീഷിൽ പറഞ്ഞാൽ, Forced ആണു്. ഇത്തരം ‘കൺസീറ്റു’കൾ കണ്ടു കണ്ടു് കേരളീയർ മടുത്തു കഴിഞ്ഞു.

എം. ആർ. ബി. എഴുതുന്നതുപോലെ എഴുതാൻ ഒരു പ്രയാസവുമില്ല. സിഗററ്റ് തീർന്നു പോയി. ശാസ്തമംഗലത്തെ നാലും കൂടുന്ന വഴിയിൽ ചെന്നാൽ സിഗററ്റ് വാങ്ങാം. ഞാൻ സിഗററ്റ് വാങ്ങുന്നതിന്റെ പൂർവ്വ പീഠിക.

വിജനമായ തെരുവു്. ഒരു മിൽക്ക് ബൂത്തു് മാത്രം തുറന്നിരിക്കുന്നു. അതിന്റെ തട്ടിൽ പാലു നിറച്ച ഏതാനും കുപ്പികൾ, ശുഭ്രവസ്ത്രമണിഞ്ഞ കന്യാസ്ത്രീകളെപ്പോലെ. കുപ്പികളുടെ പിറകിൽ കറുത്തു മെലിഞ്ഞ ഒരാൾ, ക്രയവിക്രയാസക്തിയുടെ നീലരേഖപോലെ. ഒരു വെള്ളപ്രാവു് മുകളിൽ പറക്കുന്നു. അതിന്റെ വെണ്മ പാലിന്റെ വെണ്മയെ പിളർക്കുന്നു. ഞാൻ നടക്കുകയാണു്. എന്നോടൊപ്പം കന്നുകാലികളും നടക്കുന്നു. ഹെഡ്മാസ്റ്റർ അറിയാതെ സ്കൂളിൽ നിന്നു് ഒളിച്ചിറങ്ങുന്ന പള്ളിക്കള്ളന്മാരാണു് ഈ മൃഗങ്ങൾ. ഒരു വീട്ടിന്റെ കന്മതിലിന്റെ മുകളിൽകൂടി എത്തിനോക്കുന്ന ഒരു വെളുത്ത പനിനീർപ്പൂവു് എനിക്കൊരു പുഞ്ചിരി എറിഞ്ഞു തന്നു. ഞാൻ വാങ്ങാൻ പോകുന്ന സിഗററ്റിന്റെ വെൺമ പോലെ വെൺമയാർന്ന പുഞ്ചിരി.

കലയുടെ വെൺമയാർന്ന പുഞ്ചിരിയില്ലെങ്കിലും ധിഷണയെ ആഹ്ലാദിപ്പിക്കാൻ പോന്ന ചാരുതയുണ്ടു് എം. സി. രാജനാരായണന്റെ ‘ക്രിയവിക്രയം’ എന്ന കഥയ്ക്കു് (കഥാ മാസിക). മനുഷ്യന്റെ മോഹഭംഗങ്ങളും നിരാശതകളും സ്വപ്നങ്ങളും വാങ്ങാൻ ഒരുത്തൻ എത്തുന്നു. അവൻ പലരുമായി കച്ചവടം നടത്തി. വന്നവൻ മരണമാണെന്നു മനസ്സിലാക്കിയപ്പോൾ കഥ പറയുന്ന ആൾ എഴുന്നേറ്റു് ഓടി. അലിഗറിയാണു് രാജനാരായണൻ രചിച്ചിട്ടുള്ളതു്. നല്ല അലിഗറി ധിഷണയെ ആഹ്ലാദിപ്പിക്കും.

മഹാപ്രതിഭ
images/JMCoetzee.jpg
കൂറ്റ്സേ

ധിഷണയ്ക്കും ഹൃദയത്തിനും ഒരേ രീതിയിൽ ആഹ്ലാദമരുളുന്ന നോവലുകളാണു് ദക്ഷിണാഫ്രിക്കക്കാരനായ ജെ. എം. കൂറ്റ്സേ യുടേതു് (J. M. Coetzee). തികച്ചും യാദൃച്ഛികമായിട്ടാണു് അദ്ദേഹത്തിന്റെ “Waiting for the Barbarians ” എന്ന ഉജ്ജ്വല കലാശില്പം എനിക്കു കിട്ടിയതു്. അതിനെക്കുറിച്ചു് ഞാൻ കലാകൗമുദിയിൽ എഴുതിയിരുന്നു. ആ ലേഖനത്തിന്റെ ഇംഗ്ലീഷ് തർജ്ജമ ഞാൻ കൂറ്റ്സേക്കു് അയച്ചു കൊടുത്തു. അദ്ദേഹം നൽകിയ മറുപടിയിൽ ഇങ്ങനെയൊരു വാക്യം: “I am particularly glad to know that the book has struck a chord in India, since I tried hard in writing the book to purge it of Eurocentrism and to make the Magistrate a man who could as well be Asian as European”. കൂറ്റ്സേയുടെ അടുത്ത നോവലായ Life and Times of Michael K എന്നതിനു് സമ്മാനം കിട്ടിയതായി കൗമുദി സർവീസ് ലേഖകൻ നമ്മെ അറിയിച്ചിരുന്നല്ലോ. ഈ നോവൽ ഒരു “haunting tale” ആയിരിക്കും എന്നു് ന്യൂസ് വീക്ക് വിശേഷിപ്പിക്കുന്നു (14 ലക്കം). കൂറ്റ്സേയുടെ നോവൽ വിലയിരുത്തിയിട്ടു് ‘A vision that transcends borders’ എന്നു് ന്യൂസ് വീക്ക് രേഖപ്പെടുത്തിയിരിക്കുന്നു. കൂറ്റ്സേ എനിക്കെഴുതിയ കത്തിലെ ആശയം തന്നെയാണു് ന്യൂസ് വീക്കിലെ വാക്യത്തിലും ഭംഗ്യന്തരേണ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളതു്. മഹാനായ കലാകാരനാണു് ഈ ദക്ഷിണാഫ്രിക്കാക്കാരൻ. അതിരുകളെ ലംഘിക്കുന്ന കാഴ്ചപ്പാടുള്ള ഈ സാഹിത്യകാരൻ നോബൽ സമ്മാനത്തിനു തന്നെ അർഹനാണെന്നു് ഇതെഴുതുന്ന ആൾ വിചാരിക്കുന്നു. പക്ഷേ, സമാധാനത്തിനുള്ള സമ്മാനം വലേസയ്ക്കും സാഹിത്യത്തിനുള്ള സമ്മാനം ഗോൾഡിങ്ങിനും കൊടുക്കുന്ന അക്കാഡമി കൂറ്റ്സേക്കു് അതു കൊടുക്കുമോ?

images/Trutovsky.jpg
ദസ്തേയേവിസ്കി

അക്കാഡമി സമ്മാനം കൊടുക്കട്ടെ, കൊടുക്കാതിരിക്കട്ടെ. മാസ്റ്റർപീസുകളുടെ—പ്രകൃഷ്ടകൃതികളുടെ—മേന്മയറിയാൻ പ്രയാസമൊന്നുമില്ല. തെളിവുകൾ വേണോ? അവയിലതുണ്ടാകും. തെളിവുകൾ വേണ്ടേ? വേണ്ടെങ്കിലും മാസ്റ്റർപീസുകളാണെന്നു് സാമാന്യ വായനക്കാരനു് ബോധ്യപ്പെടും. ക്രിസ്തു ഉയിർത്തെഴുന്നേറ്റു വന്നപ്പോൾ തോമസിനു സംശയം. സംശയം പരിഹരിക്കാൻ വേണ്ടി യേശു ദേവൻ ശരീരത്തിലെ മുറിവുകൾ കാണിച്ചു കൊടുത്തു. വിശ്വാസികൾക്കു് അദ്ദേഹം അവ കാണിച്ചു കൊടുത്തില്ല താനും. “ധർമ്മരാജാ”യ്ക്കും “കാരമാസോവു് സഹോദരന്മാർ ”ക്കും സാദൃശ്യം കല്പിക്കുന്നവരെക്കൊണ്ടു് പടിഞ്ഞാറൻ മാസ്റ്റർപീസുകൾ വായിപ്പിച്ചാലോ? അവിടെ ഇപ്പറഞ്ഞ സാമാന്യനിയമം പരാജയപ്പെടും. ഇഷ്ടാനിഷ്ടങ്ങളും ദുരഭിപ്രായങ്ങളുമാണു് അത്തരം പ്രസ്താവങ്ങൾക്കു കാരണങ്ങളാവുന്നതു്. ദസ്തേയേവിസ്കി ക്കും സി. വി. രാമൻ പിള്ള യ്ക്കും സാദൃശ്യം കല്പിക്കുന്നവർ ഇവോ ആൻഡ്രീച്ചി നും ജെ. എം. കൂറ്റ്സേക്കും അധമസ്ഥാനമേ നൽകുകയുള്ളൂ.

പ്രതികരണം
images/Ivo.jpg
ഇവോ ആൻഡ്രീച്ച്

അധമത്വം പലവിധത്തിലാണു് നമ്മൾ കാണുക. ചില പട്ടണങ്ങളിൽ ടാക്സിക്കാറുകൾ നിരത്തിയിട്ടിരിക്കുന്നതു് കണ്ടിട്ടില്ലേ? ആ കാറുകളുടെ അടുത്തുകൂടെ കാണാൻ ഭേദപ്പെട്ട ചെറുപ്പക്കാരി പോയാൽ മതി. അവളൊന്നു തിരിഞ്ഞു നോക്കാൻവേണ്ടി ചില ഡ്രൈവർമാർ ഇലക്ട്രിക് ഹോൺ ശബ്ദിപ്പിക്കും. ‘റിഫ്ലെക്സ് ആക്ഷൻ’ എന്ന മട്ടിൽ യുവതി ശബ്ദം കേട്ട സ്ഥലത്തേക്കു തിരിഞ്ഞു നോക്കുകയും ചെയ്യും. പെണ്ണിന്റെ കൂടെ പുരുഷനുണ്ടെങ്കിൽ ഡ്രൈവർ ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന മട്ടു് അഭിനയിക്കും. ആൺപിറന്നവൻ ഇല്ലെങ്കിൽ ഒരാഭാസപ്പുഞ്ചിരിയെങ്കിലും അയാൾ അവൾക്കു സമ്മാനിക്കും. ഈ ഡ്രൈവർമാർക്കു സൈക്കോളജി അറിഞ്ഞുകൂടാ. അതുകൊണ്ടാണു് അവർ ബാറ്ററിയുടെ ‘ചാർജ്ജി’നു് ഹാനിവരുത്തുന്നതു്. ആരു തിരിഞ്ഞുനോക്കണോ ആ ആളിന്റെ മുതുകിൽ സൂക്ഷിച്ചു കുറച്ചുനേരം നോക്കിയാൽ മതി തീർച്ചയായും അയാൾ—അവൾ—മുതുകിൽ അടിയേറ്റതു പോലെ തിരിഞ്ഞു നോക്കും. മനോരാജ്യം വാരികയിൽ “നർമ്മഭാവന” എന്ന തലക്കെട്ടിനു താഴെ “ആളെറങ്ങണം” എന്ന ഹാസ്യ (?) ലേഖനം എഴുതിയ വേളൂർ പി. കെ. രാമചന്ദ്രൻ അങ്ങു ദൂരെ വേളൂരെവിടെയോ പുറം തിരിഞ്ഞിരിപ്പാണു്. എങ്കിലും മൂന്നു മിനിട്ടു നേരം ഞാനൊന്നു നോക്കട്ടെ. നോക്കി. അതാ രാമചന്ദ്രൻ തിരിഞ്ഞു് എന്നെ നോക്കുന്നു. ഞാൻ പറയുന്നു: “സുഹൃത്തേ ഈ ലോകത്തുള്ള ഏതിനും പ്രവർത്തനവും പ്രതിപ്രവർത്തനവുമുണ്ടു്. പ്രതികരണത്തിനു ശക്തിയുണ്ടു്. സോഡിയവും ക്ലോറിനും ചേർന്നാൽ സോഡിയം ക്ലോറൈഡ് ഉണ്ടാകും. അതൊരു പ്രതികരണമാണു്. ഇ. വി. കൃഷ്ണപിള്ളയുടെ ഹാസ്യലേഖനം, വായിച്ചാൽ വായിക്കുന്നവൻ ചിരിക്കും. ചിരി പ്രതികരണമാണു്. താങ്കളുടെ ഹാസ്യലേഖനം വായിച്ചപ്പോൾ എനിക്കു ഛർദ്ദിക്കണമെന്നുതോന്നി. വമനേച്ഛ ഒരു പ്രതികരണം. അല്ല, ഒരേയൊരു പ്രതികരണം.

അധികാരമെന്ന മൂർഖൻ പാമ്പു്

ഒരേ രീതിയിലുള്ള പ്രതികരണമല്ല ജനാധിപത്യത്തിലുള്ള നേതൃത്വവും ഡിക്ടേറ്റർ ഷിപ്പിലുള്ള നേതൃത്വവും ഉളവാക്കുന്നതു്. ബഹുജനത്തിന്റെ സഹകരണമാണു് ജനാധിപത്യത്തിലെ നേതൃത്വത്തിന്റെ അടിസ്ഥാന ഘടകം. ഡിക്ടേറ്റർ പൊതുജനത്തെ പേടിപ്പിച്ചു ഭരിക്കുന്നു. എന്നാൽ ജനസംഖ്യയുടെ വർദ്ധനയാലും സാമ്പത്തിക വിഭവങ്ങളുടെ ദൗർലഭ്യത്താലും രാജ്യത്തിൽ അക്രമങ്ങൾ ഉണ്ടാകുമ്പോൾ ജനാധിപത്യത്തിലെ നേതാവു് ക്രമേണ ഡിക്ടേറ്ററായി മാറുന്നു. ഈ ഡിക്ടേറ്റർ പാമ്പാട്ടിയാണെന്നാണു് ദേശാഭിമാനി വാരികയിൽ ‘കാണികൾ’ എന്ന കഥയെഴുതിയ റസാക്ക് കുറ്റിക്കകത്തിന്റെ അഭിപ്രായം. അയാൾ പാലൂട്ടി വളർത്തുന്ന അധികാരമെന്ന മൂർഖൻ പാമ്പു് അയാളെത്തന്നെ കൊത്തുന്നു; കാഴ്ചക്കാരായ ബഹുജനത്തെ കൊത്താൻ ഓടിക്കുന്നു. സമകാലിക പ്രാധാന്യമുള്ള ഒരു വിഷയം കഥാകാരൻ ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു.

തർജ്ജമ

ഭംഗിയാർന്ന ഭാഷാന്തരീകരണം അത്ര എളുപ്പമല്ല. തർജ്ജമയെക്കുറിച്ചുള്ള നേരമ്പോക്കുകൾ പലതാണു്. എം. പി. മന്മഥൻ എന്നോടു പറഞ്ഞ ഒരു സംഭവം. “പ്രധാനമന്ത്രിക്കു് മറ്റു മന്ത്രിമാരെ നിയമിക്കാനും പിരിച്ചു വിടാനും അധികാരമുണ്ടു്”. ഈ വാക്യം ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യാൻ മന്മഥൻ സാറ് മഹാത്മാ ഗാന്ധി കോളേജിലെ അക്കാലത്തെ ഒരു വിദ്യാർത്ഥിയോടു് ആവശ്യപ്പെട്ടു. കുട്ടി തർജ്ജമ നൽകി: The prime minister has powers to appoint and disappoint the other ministers.

കേരളത്തിൽ വിമോചന സമരം നടക്കുന്ന കാലം. ആ സമരത്തെ അനുകൂലിച്ചു പ്രസംഗിക്കാൻ വടക്കേയിന്ത്യയിൽ നിന്നു് പ്രശസ്തനായ നേതാവു് വന്നു. അദ്ദേഹം ഇംഗ്ലീഷിൽ പ്രസംഗിച്ചു: In regard to the question of insecurity you can approach it in two ways. തർജ്ജമക്കാരനായ കോൺഗ്രസ്സുകാരൻ (സി. പി. രാമസ്വാമി അയ്യരുടെ കാലത്തു് സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡൻറായിരുന്നു അദ്ദേഹം കുറെക്കാലം) പറഞ്ഞു: “തിരുവനന്തപുരത്തു് അരക്ഷിതാവസ്ഥയുണ്ടു്, കൊല്ലത്തും ആറ്റിങ്ങലും അരക്ഷിതാവസ്ഥയുണ്ടു്. ചുരുക്കത്തിൽ അരക്ഷിതാവസ്ഥയില്ലാത്ത സ്ഥലമേയില്ല”.

സി. പി. രാമസ്വാമി അയ്യർ പത്തു കൊല്ലം മുൻപു് തിരുവനന്തപുരത്തു് പ്രസംഗിച്ച സന്ദർഭത്തിൽ തർജ്ജമക്കാരൻ ഒരു മലയാളം പ്രൊഫസറായിരുന്നു. സി.പി. “Siva was born as a Harijan” എന്നു പറഞ്ഞപ്പോൾ പ്രൊഫസർ “ഹരിജൻ ശിവനായി അവതരിച്ചു” എന്നു തർജ്ജമ ചെയ്തു. “ഞാനങ്ങനെയല്ല പറഞ്ഞതു്” എന്നു സി. പി. മലയാളത്തിൽ അറിയിച്ചു.

ഈ നേരമ്പോക്കുകൾ (എല്ലാം യഥാർത്ഥ സംഭവങ്ങൾ) പോകട്ടെ. വരമൊഴിയുടെ തർജ്ജമ തന്നെ ദുഷ്കരകൃത്യം. വാമൊഴിയുടെ കാര്യം പിന്നെ പറയാനുമില്ല. ഇന്ത്യൻ പ്രസിഡന്റിന്റെ ഹിന്ദി പ്രസംഗം, വളരെക്കാലമായി ഹിന്ദി കൈകാര്യം ചെയ്യാത്ത ഒരാൾ തർജ്ജമ ചെയ്തപ്പോൾ തെറ്റുപറ്റിയെങ്കിൽ അതു ക്ഷന്തവ്യമാണു്. പാണ്ഡിത്യമെന്നതു് ഇടവിടാതെയുള്ള ഗ്രന്ഥപരിചയവും കൈകാര്യം ചെയ്യലുമാണു്. എപ്പോൾ പുസ്തകമടച്ചുവയ്ക്കുന്നുവോ അപ്പോൾ പാണ്ഡിത്യവും അപ്രത്യക്ഷമാകും. ഞാൻ എം. എ. ക്ലാസ്സിൽ വ്യാകരണം പഠിപ്പിച്ചിരുന്നു. ഇപ്പോൾ വർഷങ്ങളായി ഞാൻ വ്യാകരണ ഗ്രന്ഥങ്ങൾ തൊടാറില്ല. എനിക്കു് ഇപ്പോൾ വ്യാകരണമറിഞ്ഞുകൂടാ. ഇത്രയുമെഴുതിയതു് കാർട്ടൂണിസ്റ്റെന്ന നിലയിൽ എനിക്കു് അഭിമതനായ രാജൂ നായർ പ്രസിഡന്റിന്റെ പ്രഭാഷണം തർജ്ജമ ചെയ്ത മാന്യനെ ദീപിക വാരികയിലെ ഒരു ഹാസ്യചിത്രത്തിലൂടെ പരിഹസിച്ചിരിക്കുന്നതു് കണ്ടതിനാലാണു്. വ്യക്തികളെ വിമർശിച്ചു് പത്രാധിപർക്ക് ‘മുഖപ്രസംഗം’ എഴുതാം, അതു സമുദായത്തിന്റെ ഭദ്രതയ്ക്കു വേണ്ടതാണെന്നു തോന്നിയാൽ. കലയിലൂടെ വ്യക്തിവിദ്വേഷ പ്രകടനം പാടില്ല. വിശേഷവ്യക്ത്യുദ്ദേശകങ്ങളായ (Personal) വിമർശനങ്ങൾ പാടില്ല. അതു കലയ്ക്കു ജീർണ്ണതവരുത്തും.

ശാസ്ത്രവും കലയും

ജീർണ്ണതയില്ലാത്ത ഒരു മണ്ഡലമുണ്ടു്; ശാസ്ത്രം, ക്വാണ്ടം സിദ്ധാന്തം ആവിർഭവിച്ചതോടു കൂടി പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങൾക്കു മാറ്റം വന്നു കഴിഞ്ഞു. നമ്മൾ എന്തു മനസ്സിൽ ചിത്രീകരിക്കുന്നുവോ അതാണത്രേ നമ്മൾ കാണുന്നതു്. എന്റെ മേശയുടെ പുറത്തിരിക്കുന്ന ഈ വെള്ളക്കടലാസ്സു് പരമാണുക്കളുടെ സമാഹാരമല്ല. നമ്മൾ നോക്കുന്നതു വരെ പരമാണുക്കൾ ഇല്ല പോലും. ഈ ശാസ്ത്രീയ സങ്കല്പത്തിനു യോജിച്ചിരിക്കുന്നു മുണ്ടൂർ സേതുമാധവന്റെ “സീത പറയുമായിരുന്നു” എന്ന മനസ്സിലാകാത്ത കഥ. നോക്കുന്നതു വരെ അതു മാതൃഭൂമി വാരികയിലില്ല. നോക്കുമ്പോൾ നമ്മൾ നേരത്തെ എന്തു സങ്കല്പിച്ചുവോ അതു കാണുകയും ചെയ്യുന്നു. ഐൻസ്റ്റൈന്റെ സങ്കല്പമനുസരിച്ചു് പ്രകാശം ‘പാർട്ടിക്കി’ളാണു്—കണമാണു്. വേറൊരു ശാസ്ത്രജ്ഞന്റെ മതമനുസരിച്ചു് അതു് തരംഗമാണു്. പ്രകാശത്തെ തരംഗമായും കണമായും കാണാം. പരീക്ഷണങ്ങൾക്കു വ്യത്യാസം വരുത്തിയാൽ മതി. സേതുമാധവന്റെ കഥ ഉപന്യാസമാണോ? അതേ ആഖ്യാനത്തിന്റെ സങ്കീർണ്ണതയാൽ ശുദ്ധമായ നോൺസെൻസാണോ? അതേ, ഏതു രീതിയിലും കാണാം. ശാസ്ത്രവും കലയും യോജിക്കുകയാണിവിടെ.

രാജ്യതന്ത്രജ്ഞനോ? അതോ…
images/che.jpg
ഏർണ്ണസ്റ്റോ ഗേവാരാ

ഷ്റൂൾ റേഷീസ് ദബ്രേ ഫ്രഞ്ച് ജർണ്ണലിസ്റ്റാണു്. കാസ്ട്രോയുമായി പരിചയപ്പെട്ടതിനു ശേഷം അദ്ദേഹം Revolution in the Revolution എന്ന പുസ്തകമെഴുതി. ഗറില്ല യുദ്ധമുറകളെക്കുറിച്ചാണു് ആ ഗ്രന്ഥം. ക്യൂബൻ വിപ്ലവകാരി ഏർണ്ണസ്റ്റോ ഗേവാരായുടെ (Ernesto Guevara) കൂട്ടുകാരനും സഹപ്രവർത്തകനുമായിരുന്ന ദബ്രേ, അദ്ദേഹം (ഗേവാരാ) വധിക്കപ്പെട്ടതിനു ശേഷം ബന്ധനസ്ഥനായി. മുപ്പതു വർഷത്തെ കാരാഗൃഹവാസമാണു് ശത്രുക്കൾ അദ്ദേഹത്തിനു നൽകിയതു്. ഷാങ് പോൾ സാർത്രും ആങ്ദ്രേ മൽറോയും മറ്റും ഇടപെട്ടതിന്റെ ഫലമായി ദബ്രേക്ക് തടവറയിൽ നിന്നു മോചനം ലഭിച്ചു. ഇപ്പോൾ അദ്ദേഹം ഫ്രാങ്സ്വ മോറീസ് മീതേറാങ്ങി ന്റെ ഉപദേശകനാണു്. ഈ വിപ്ലവകാരിക്കു് വന്ന അധഃപതനത്തെക്കുറിച്ചു് കൗമുദി ന്യൂസ് സർവ്വീസ് ലേഖകൻ ഉപന്യസിക്കുന്നു. വിജയം കൈവരിച്ച വിപ്ലവകാരി രാജ്യതന്ത്രജ്ഞൻ; പരാജയപ്പെട്ട വിപ്ലവകാരി ‘ക്രിമിനൽ’ (കുറ്റവാളി) എന്നു് എറിക് ഫ്രം എവിടെയോ എഴുതിയിട്ടുണ്ടു്. ദബ്രേക്ക് അറിയാമായിരിക്കും ഫ്രം എവിടെയാണു് അതെഴുതിയതെന്നു്.

തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ ചങ്ങമ്പുഴ താമസിക്കുന്ന കാലം. നിത്യ സന്ദർശകനായ ഞാൻ അവിടെ ഇരിക്കുമ്പോൾ ഒരു സുന്ദരി കവിത തിരുത്താൻ വന്നു. ‘ഈ പ്രയോഗം ശരിയാണോ’ എന്നു ചോദിച്ചുകൊണ്ടു് അവൾ ചുവന്ന ‘നെയ്ൽ പോളി’ഷിട്ട ചൂണ്ടു വിരൽ വെള്ളക്കടലാസ്സിൽ അമർത്തി. കടലാസ്സിൽ പനിനീർപ്പൂക്കൾ വീണു. എന്തൊരു ചേതോഹരമായ ദൃശ്യം എന്നു ഞാൻ മനസ്സിൽ പറഞ്ഞു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1983-12-04.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 7, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.