സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1983-12-11-ൽ പ്രസിദ്ധീകരിച്ചതു്)

images/HGWells.jpg
എച്ച്. ജി. വെൽസ്

ജപ്പാനിലുണ്ടാക്കിയ ഒരു ‘റ്റൈംപീസ്’ എന്റെ മേശയുടെ പുറത്തു് ഇരിക്കുന്നുണ്ടു്. വേണ്ട സമയത്തു് ചുറ്റു കമ്പി മുറുക്കി വയ്ക്കാത്തതുകൊണ്ടു് അതു കൂടെക്കൂടെ നിന്നു പോകും. ഇന്നലെ എന്റെ പേരക്കുട്ടി അതു കൈയിലെടുത്തു് സൂചികൾ തിരിക്കാൻ തുടങ്ങി. സൂചി തിരിക്കാനുള്ള പിരിക്കട്ടയ്ക്ക് മുറുക്കം അല്പം കൂടുതലാണു്. അതുകൊണ്ടു് പത്തു്, പതിനൊന്നു് എന്ന മട്ടിൽ സൂചി കൊണ്ടുപോകാൻ പ്രയാസം. പിറകോട്ടാണു് തിരിക്കുന്നതെങ്കിൽ ആ പ്രയാസമൊട്ടില്ല താനും. ചത്തിരിക്കുന്ന റ്റൈംപീസിന്റെ സൂചികൾ പിറകോട്ടു നീങ്ങി. “അതു് ചീത്തയാക്കാതെ മേശപ്പുറത്തു വയ്ക്കു്” എന്നു ഞാൻ കുട്ടിയെ ശാസിച്ചെങ്കിലും അവൾ കാലത്തിലൂടെ പിറകോട്ടു സഞ്ചരിക്കുകയാണെന്നു് എനിക്കു തോന്നി. എച്ച്. ജി. വെൽസിന്റെറ്റൈം മെഷീൻ ” എന്ന നോവലിലെ കാലയാത്രികൻ യന്ത്രത്തിൽ കയറി എ. ഡി. 802 701-ൽ ചെന്നു ചേർന്നു. അയാൾ ഭൂതകാലത്തിലേക്കു സഞ്ചരിച്ചില്ല. പേരക്കുട്ടി ജപ്പാനീസ് റ്റൈംപീസിന്റെ സൂചികൾ തിരിച്ചു് കഴിഞ്ഞ കാലത്തെത്തുകയാണു്. നമ്മുടെ സാഹിത്യകാരന്മാരും ഭൂതകാല പഥികരാണു്. മേഘസന്ദേശത്തിന്റെ സൗന്ദര്യം കണ്ടു് കണ്ണഞ്ചിയ ഇവിടത്തെ കവിമാനികൾ എത്രയെത്ര സന്ദേശകാവ്യങ്ങളാണു് പടച്ചുവിട്ടതു്. “വേലയും തൊഴിലു”മില്ലാത്ത കുറെപ്പേർ അവയിലൊരു കാവ്യത്തിലെ നായിക കറുമ്പിയാണോ വെളുമ്പിയാണോ എന്നു് പര്യാലോചന ചെയ്തു കൊണ്ടിരിക്കുന്നു. ‘മാർജ്ജാരസന്ദേശം’ വരെയുണ്ടായി മലയാള ഭാഷയിൽ. വാലിന്റെ കീഴിൽ കൊച്ചു കിഴിയുമായി കണ്ടൻ പൂച്ച വന്നു കയറുന്നതുവരെ ഒരുത്തൻ വർണ്ണിച്ചു വച്ചു. നവീനന്മാരും ഭൂതകാല പഥികരാണു്. റഷ്യയിൽ മാർക്സിം ഗോർക്കി ഉദ്ഘാടനം ചെയ്ത സോഷ്യലിസ്റ്റ് റീയലിസം എത്രയോ സംവത്സരങ്ങൾ കഴിഞ്ഞിട്ടാണു് കേരളത്തിലെത്തിയതു്. അതിനും മുൻപു്, ഫ്ലോബറി ന്റെ റീയലിസം ഇവിടെയെത്താൻ എഴുപത്തഞ്ചു കൊല്ലം വേണ്ടിവന്നു, ഫ്രാൻസിലുണ്ടായ അസ്തിത്വവാദം മരിച്ചു കഴിഞ്ഞിട്ടു് വർഷങ്ങൾ കുറെയായി. ഇവിടെ അതു് കൊടികുത്തി വാഴുകയാണു് ഇപ്പോൾ. എക്സിസ്റ്റെൻസ്, എസ്സെൻസ്, ഡ്രെഡ് എന്നൊക്കെ ചിലർ ഇവിടെ പറയുന്നതു കേട്ടാൽ ഇന്നു കാലത്തു് സൂപ്പർ ജെറ്റിൽ വന്നിറങ്ങിയ സാധനങ്ങളാണു് അവയെന്നു തോന്നും. മാർകേസി ന്റെ മാജിക്കൽ റീയലിസവും, കാർവറു ടെ ഡേർട്ടി റീയലിസവും യഥാക്രമം ലാറ്റിനമേരിക്കയിലും അമേരിക്കയിലും മരിച്ചു കഴിയുമ്പോൾ, മരണത്തിനു ശേഷം കുറഞ്ഞതു് ഇരുപത്തഞ്ചു വർഷം കഴിയുമ്പോൾ ഇവിടെ എത്താതിരിക്കില്ല.

നമ്മുടെ ജവുളിക്കടകളിൽ ‘പഴങ്കോടി’കളായ ബ്ലൗസ് തുണികൾ മുറിച്ചു തരുന്നതു പോലെയാണു് കേരളത്തിലെ സാഹിത്യകാരന്മാരുടെ പ്രവർത്തനം. ഓരോ തുണിയിലും അഞ്ചു കൊല്ലത്തെ പഴക്കം പതുങ്ങിയിരിക്കുന്നു. അതറിയാതെ തുണി വാങ്ങുന്നവൻ ആകർഷകമായ കവറിൽ വച്ചു് അതു് വീട്ടിലേക്കു കൊണ്ടു വരുന്നു. ഭാര്യയുടെയോ മക്കളുടെയോ മുൻപിൽ അതു് അഭിമാനത്തോടെ വയ്ക്കുന്നു. പുതിയ തുണി എന്നു വിചാരിച്ചു് അവർ ആഹ്ലാദിക്കുന്നു. പഴങ്കോടിയാണു് അതെന്നു് തുണി നിർമ്മിച്ചവനും അതു മുറിച്ചു കൊടുത്തവനും അറിയാം. പ്രതിഭാശാലികൾ ക്രാന്തദർശികളാണു്. മാർകേസും റേമണ്ട് കാർവറും കൂറ്റ്സേ യും ഏതൻ ഫൂഗാർഡും നക്ഷത്രത്തിൽനിന്നു നക്ഷത്രത്തിലേക്കു കാലെടുത്തുവച്ചു് എ.ഡി. 802 701-ഉം കഴിഞ്ഞു പോകുമ്പോൾ നമ്മുടെ സാഹിത്യകാരന്മാർ പഴന്തുണിക്കെട്ടു് ജവുളിക്കടയിൽ നിന്നു വാങ്ങിച്ചു് കക്ഷത്തിടുക്കിക്കൊണ്ടു് നടക്കുന്നു. ആരെ പറ്റിക്കാൻ?

ഇതു വൃശ്ചികമാസം, വൃശ്ചികവും ധനുവും ഹേമന്തകാലം. മകരവും കുംഭവും ശിശിരകാലം. മീനവും മേടവും വസന്തം. ഇടവവും മിഥുനവും ഗ്രീഷ്മം. കർക്കടകവും ചിങ്ങവും വർഷകാലം. കന്നിയും തുലാമാസവും ശരൽക്കാലം. അങ്ങനെ ആറു് ഋതുക്കൾ. ഇവ ആവർത്തിച്ചു കൊണ്ടിരിക്കും; ദിനങ്ങൾ ആവർത്തിച്ചുവരുന്നതു പോലെ, വർഷങ്ങൾ ആവർത്തിച്ചു വരുന്നതു പോലെ. ഇതിൽ നിന്നാണു് ഭാരതീയന്റെ ചാക്രിക കാലസങ്കല്പം ഉണ്ടായതു്. പാശ്ചാത്യന്റെ കാലസങ്കല്പം രേഖാരൂപമാണു്. അതു് വരയിലൂടെ, രേഖയിലൂടെ മുന്നോട്ടു പോകുന്നു. ക്രിസ്തു ജനിച്ചു, മരിച്ചു, ഉയിർത്തെഴുന്നേറ്റു. ‘ജഡ്ജ്മെന്റ് ഡേ’ വരെ അതു നീളം. ദോഷം പറയരുതല്ലോ. മലയാള സാഹിത്യകാരന്റെ കാലസങ്കല്പം ചാക്രികമാണു്. മേഘസന്ദേശവും മാർജ്ജാരസന്ദേശവും ഒരു ചക്രത്തിലിരിക്കുന്നു. സാർത്രും ഇവിടെയുള്ള നവീന സാഹിത്യകാരനും ഒരു ചക്രത്തിൽ വർത്തിക്കുന്നു. പിന്നെ എന്തിനാണു് അവരെ കുറ്റപ്പെടുത്തുന്നതു്?

വിഷാലുത
images/RichardAdams.jpg
Richard Adams

കൊതുകും പാമ്പും വെയിലു കൊള്ളുന്തോറും കൂടുതൽ വിഷമുള്ളതായിത്തീരുന്നു. വാരികയുടെ വെള്ളക്കടലാസ്സിൽ വരുന്തോറും കലാഭാസങ്ങളുടെ വിഷാലുത കൂടിക്കൂടിവരും. ബാലകൃഷ്ണൻ മാങ്ങാടു് ‘വനിതാ’ മാസികയിലെഴുതിയ “പകൽ മൗനങ്ങൾ” എന്ന കഥ ഈ സാമാന്യ നിയമത്തിനു് അപവാദമല്ല. തള്ള മുയലും തന്ത മുയലും രണ്ടു കുട്ടി മുയലുകളും, ഗൃഹനായികയുടെ ബന്ധുക്കൾ അതിഥികളായി എത്തിയപ്പോൾ ഇറച്ചിക്കറിയുണ്ടാക്കാൻ രണ്ടു കുട്ടി മുയലുകളെയും വേലക്കാരി കൊല്ലുന്നു. തള്ള മുയൽ ദുഃഖം സഹിക്കാനാവാതെ മരിക്കുന്നു. എന്നാൽ തന്ത മുയലിനു് ദുഃഖമില്ല താനും. കുഞ്ഞുങ്ങളുടെ തോലു പൊളിക്കുമ്പോഴും അവൻ ‘ഫർതർ’ സന്തത്യുല്പാദനത്തിനു വേണ്ടി ഭാര്യാ മുയലിനെ സമീപിക്കുകയാണു്. വനിതാ മാസികയിലെ ഈ “പുരുഷോപാലംഭം” വനിതകൾക്കു ഹൃദ്യമായിരിക്കും. എങ്കിലും ഒരു കഥയുമില്ലാത്ത കഥ. (ശ്ലേഷാർത്ഥത്തിലല്ല ഈ പ്രയോഗം. ‘അന്തസ്സാരമില്ലാത്ത’ എന്ന അർത്ഥത്തിൽ മാത്രം). ഇത്തരം വിഷയങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നു മനസ്സിലാക്കാൻ ബാലകൃഷ്ണനു് കൗതുകമുണ്ടെങ്കിൽ അദ്ദേഹം Richard Adams എഴുതിയ Water Ship Down എന്ന മനോഹരമായ നോവൽ വായിച്ചു നോക്കണം. “ഹൃദയവിപഞ്ചികയിലെ അഗാധതന്ത്രികളെ” സ്പർശിക്കുന്നു ആ കലാശില്പം. കുറെ മുയലുകൾ താമസിക്കുന്ന സ്ഥലം ഭവന നിർമ്മാണപദ്ധതിക്കു വേണ്ടി ബുൾഡോസർ കൊണ്ടു് ഇടിച്ചു നിരത്താൻ പോകുന്നു. മുയലുകൾ അതറിയുന്നു. അവർ കൂടിയാലോചന നടത്തി അവിടം വിട്ടുപോകുന്നു. മറ്റൊരിടത്തു് ആശ്രയം കണ്ടെത്തുന്നു. ടെക്‍നോളജിയുടെ വികാസത്താൽ ഭയങ്കരത്വമാവഹിക്കുന്ന പ്രദേശമായി രൂപാന്തരപ്പെട്ടിടത്തു നിന്നു് നിഷ്കളങ്കത ഓടി മറയുന്നതിന്റെ ചിത്രമാണു് ഈ നോവൽ നൽകുന്നതു്. വായനക്കാരന്റെ ഹൃദയത്തെ പിടിച്ചു കുലുക്കുകയും അവനെ വിഷാദത്തിലേക്കു് എറിയുകയും ചെയ്യുന്ന ഈ നോവലിനു് എന്തെന്നില്ലാത്ത ആർദ്രീകരണ ശക്തിയുണ്ടു്. റിച്ചേഡ് ആഡംസിന്റെ മറ്റു നോവലുകളും ഞാൻ വായിച്ചിട്ടുണ്ടു്. എല്ലാം മനോഹരങ്ങൾ Water Ship Down വായിക്കുമ്പോൾ നമുക്കു മാനസികോന്നമനം ഉണ്ടാകുന്നു. ഈ ഉയർച്ച ഉളവാക്കാത്ത രചനകൾ വ്യർത്ഥ രചനകളാണു്. തേളും വെയിലത്തു കിടന്നാൽ അതിന്റെ വിഷം കൂടും.

നിർമ്മൽ വർമ്മ
images/WatershipDown.jpg

കുശാഗ്രബുദ്ധി എന്നു പറയാറുണ്ടല്ലോ. ദർഭപ്പുല്ലിന്റെ അഗ്രം പോലെ കൂർത്ത ബുദ്ധി എന്നു് അർത്ഥം. ഈ ബുദ്ധി വിശേഷത്താൽ അനുഗൃഹീതരായവർ പുതിയ പുതിയ ആശയങ്ങൾ ലോകത്തിനു നൽകുന്നു. സാമാന്യ ബുദ്ധിയുള്ളവർക്കു് നിലവിലിരിക്കുന്ന ആശയങ്ങളെ കൈകാര്യം ചെയ്യാനേ കഴിയൂ. ജർമ്മൻ സാഹിത്യകാരനായ തോമസ് മന്നിന്റെ കൃതികൾ വായിക്കുക. അദ്ദേഹം കുശാഗ്രബുദ്ധിയുള്ള എഴുത്തുകാരനാണെന്നു മനസ്സിലാക്കാം. നേരെ മറിച്ചാണു് ഹെൻട്രി മില്ലർ എന്ന അമേരിക്കൻ സാഹിത്യകാരന്റെ സ്ഥിതി. അദ്ദേഹം നിലവിലുള്ള ആശയങ്ങളെ മാറ്റിയും മറിച്ചും പ്രതിപാദിച്ചതേയുള്ളൂ. സാമാന്യ ബുദ്ധിയുള്ളവർക്കു് കുശാഗ്രീയ ബുദ്ധിയുള്ളവരെ കണ്ണിനു കണ്ടുകൂടാ. മില്ലർ തോമസ് മന്നിനെ skilful fabricator—വിദഗ്ദ്ധനായ കെട്ടിച്ചമയ്പുകാരൻ എന്നും brickmaker—ചുടുകട്ടയുണ്ടാക്കുന്നവൻ എന്നും Inspired jackass—പ്രചോദനമാർന്ന കഴുതയെന്നും വിളിച്ചതിനു ഹേതു അതുതന്നെയാണു്. തോമസ് മന്നിന്റെ “മാജിക് മൗണ്ടൻ ” എന്ന നോവലിനു മരണമില്ല. മില്ലറുടെ കൃതികൾ അദ്ദേഹത്തിന്റെ കാലത്തു തന്നെ മരിച്ചു.

images/PritishNandy.jpg
പ്രീതിഷ് നന്ദി

കുശാഗ്രബുദ്ധിയുള്ള പ്രീതിഷ് നന്ദി Illustrated weekly-ടെ പത്രാധിപരായതിനുശേഷം അതിനു ഉയർച്ച ഉണ്ടായിട്ടുണ്ടു്. അടുത്ത കാലത്തു് സത്യജിത്ത് റേയി യുടെയും ഋത്വിൿ ഘട്ടക്കി ന്റെയും ചെറുകഥകൾ ആ വാരികയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. രണ്ടു കഥകളും മനോഹരങ്ങൾ. ഋത്വിക്‍ ഘട്ടക്കിന്റെ ചെറുകഥയ്ക്കു് ഭംഗി കൂടും. നവംബർ 6–12-ന്റെ ലക്കത്തിൽ നിർമ്മൽ വർമ്മ യുടെ A Night in London എന്ന കഥയുടെ തർജ്ജമ കാണാം. ഇംഗ്ലണ്ടിൽ 1960-ൽ ഉണ്ടായതും ഇന്നും നിലവിലിരിക്കുന്നതുമായ വർണ്ണവിവേചനത്തിന്റെ ദുരന്തസ്വഭാവത്തെ കലാത്മകമായി ചിത്രീകരിക്കുന്ന കഥയാണിതു്. മൂന്നു വിദേശീയരായ തൊഴിലാളികളെ ‘അവർ’ (ഇംഗ്ലീഷ് മർദ്ദകരെ അവരെന്നേ കഥയിൽ പരാമർശിക്കുന്നുള്ളൂ) എങ്ങനെ നീചമായി മർദ്ദിച്ചുവെന്നു നിർമ്മൽ വർമ്മ സ്പഷ്ടമാക്കുന്നു. നിസ്സംഗതയോടെയാണു് കഥ പറഞ്ഞിട്ടുള്ളതു്. പക്ഷേ, അതിന്റെ ശക്തിവിശേഷം നമ്മളിൽ വല്ലാത്ത ആഘാതമുളവാക്കുന്നു. കഥകൾ വായിക്കുമ്പോൾ പൊടുന്നനവേ ജീവിതാവബോധം വായനക്കാരനു് ഉളവാകാം; വീണ്ടുമുള്ള പാരായണത്തിനു ശേഷം അല്ലെങ്കിൽ കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവബോധമുണ്ടാകാം. പൊടുന്നനവേയുള്ള അവബോധം നൽകി വായനക്കാരെ അനുദ്ധ്യാനത്തിലേക്കു നയിക്കുന്നു നിർമ്മൽ വർമ്മ. ഭാവനയുടേതു് ഒരു മാന്ത്രികവിളക്കാണു്. അതു കൈവശമുള്ളവർ അതും കൊണ്ടു സഞ്ചരിക്കട്ടെ. ഇല്ലാത്തവർ മനുഷ്യനെ മെനക്കെടുത്തരുതു്.

images/NirmalVerma.jpg
നിർമ്മൽ വർമ്മ

ഇന്നലെ ഒരു ബ്രാഹ്മണന്റെ വീട്ടിൽച്ചെന്നപ്പോൾ എനിക്കു അടപ്പായസം തന്നു. ഞാൻ മധുരപ്രിയനല്ല. എങ്കിലും ഞാനതു കുടിച്ചു. കാരണം എനിക്കു കിട്ടിയ പായസത്തിൽ അടയെക്കാളധികം കശു അണ്ടിപ്പരിപ്പു് പൊങ്ങിക്കിടന്നു എന്നതാണു്. അതോരോന്നും ചവയ്ക്കും തോറും സ്വാദു് കൂടിക്കൂടി വന്നു. പരിപ്പുകളെ കൂട്ടിയിണക്കുന്ന വേണ്ടാത്ത ഘടകമാണു് അതിലെ ശർക്കര കലർന്ന നീരമെന്നു് എനിക്കു തോന്നി. പണ്ടൊരിക്കൽ എൻ. ശ്രീകണ്ഠൻ നായരുടെ വീട്ടിൽ പോയപ്പോൾ അമ്പലപ്പുഴ പാൽപ്പായസം തന്നു. അതിൽ പരിപ്പുപോലെ ഒന്നുമില്ല. ആകെ മാധുര്യം തന്നെ ചങ്ങമ്പുഴ ക്കവിത പാല്പായസം പോലെയാണു്. ഇടശ്ശേരി ഗോവിന്ദൻ നായരുടെ കവിത കശു അണ്ടിപ്പരിപ്പിട്ട അടപ്പായസമാണു്. ചവയ്ക്കാൻ ആശയമാകുന്ന പരിപ്പില്ലെങ്കിൽ കുടിക്കാൻ തോന്നുകയില്ല.

കമ്മേഴ്സ്യൽ
images/Maupassant.jpg
മോപസാങ്ങ്

സാങ്കല്പികങ്ങളായ സംഭവങ്ങളിലൂടെയും സാങ്കല്പികങ്ങളായ കഥാപാത്രങ്ങളിലൂടെയും മാത്രം നമുക്കു് അനുഭവിക്കാൻ കഴിയുന്ന ജീവിതാനുഭവങ്ങളെ ഏതു സാഹിത്യകാരനു് ആവിഷ്കരിക്കാൻ കഴിയുമോ അയാളാണു് പ്രതിഭാശാലി. ഒരുദാഹരണം മോപസാങ്ങി ന്റെ “നിഷ്പ്രയോജനമായ സൗന്ദര്യം” എന്ന കഥ. അതിസുന്ദരിയായ ഭാര്യയെ വർഷം തോറും ഗർഭിണിയാക്കുന്നു ഭർത്താവു്. പ്രസവിച്ചു മടുത്ത അവൾ അയാളെ അകറ്റി നിറുത്താൻ വേണ്ടി ഒരു കള്ളം പറയുന്നു; താൻ പെറ്റ കുഞ്ഞുങ്ങളിൽ ഒന്നു് അയാളുടേതല്ലെന്നു്. കുറെ വർഷം തീവ്രവേദനയിൽപ്പെട്ടു് അയാൾ പുളയുന്നതു കാണുമ്പോൾ അവൾക്കു് കാരുണ്യം തോന്നുന്നു. ഭർത്താവിനെ മാറ്റി നിറുത്താൻ വേണ്ടി താൻ കള്ളം പറഞ്ഞതാണെന്നും എല്ലാ കുഞ്ഞുങ്ങളും അയാളുടേതു തന്നെയാണെന്നും അവൾ അറിയിക്കുന്നു. അതോടെ അയാൾ വേദനയിൽ നിന്നു വിമുക്തനാകുന്നു. സംഗ്രഹിച്ചു പറയുമ്പോൾ ഇതിലെന്തു് സവിശേഷതയിരിക്കുന്നു എന്ന ചോദ്യമുണ്ടാകാം. ആ ചോദ്യം ചോദിക്കുന്നവർ കഥ തന്നെ വായിക്കണം. അപ്പോൾ ഈ ഖണ്ഡികയുടെ ആരംഭത്തിൽ പറഞ്ഞതു് സത്യമാണെന്നു ഗ്രഹിക്കാൻ കഴിയും.

കഥാപാത്രങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും പ്രഗൽഭമായി കഥാകാരൻ അപഗ്രഥിക്കുമ്പോഴാണു് നമ്മൾ അന്നുവരെ കണ്ടിട്ടില്ലാത്ത സത്യം കാണുന്നതു്. ഇരുളടഞ്ഞ ഭവനത്തിൽ ആദ്യമായി ചെന്നു് ടോർച്ച് ലൈറ്റ് പ്രകാശിപ്പിക്കുമ്പോൾ അവിടെയുള്ള വസ്തുക്കൾ നമ്മൾ കാണുന്നതിനു തുല്യമാണതു്. അല്ലെങ്കിൽ തികച്ചും അപരിചിതമായ ഒരു വീട്ടിൽ നമ്മൾ രാത്രിയിലെത്തിയെന്നു വിചാരിക്കുക. ഒരു മുറിയിൽ കിടന്നുറങ്ങുകയാണു് നാം. നേരം വെളുത്തു് ജന്നൽ തുറക്കുമ്പോൾ അന്നുവരെ നമ്മൾ കണ്ടിട്ടില്ലാത്ത ഭൂവിഭാഗം കണ്ണിൽ വന്നു വീഴുന്നതു പോലെയാണതു്. ഈ നൂതനാനുഭൂതി ഉളവാക്കാത്ത കഥകൾ കഥകളല്ലെന്നു ഞാൻ പറയുന്നില്ല. എന്നാൽ അവയ്ക്കു രൂപം നൽകിയതു് പ്രതിഭയാണെന്നു് എനിക്കു എഴുതാൻ സാധിക്കില്ല. കലാകാരനായ ഭർത്താവിന്റെ ശില്പങ്ങൾ വാങ്ങുന്ന സുധീറുമായി അവൾക്കു് ലൈംഗികബന്ധം. ഒരുദിവസം ഒരു വൃദ്ധനാണു് ശില്പങ്ങൾ വാങ്ങാനെത്തിയതു്. അയാൾ കാമാഗ്നി ജ്വലിപ്പിച്ചുകൊണ്ടു് അവളെ നോക്കി. തന്റെ മകൻ സുധീർ ഏതാനും മാസം മുമ്പു് മരിച്ചു പോയിയെന്നു് വൃദ്ധനു വഴങ്ങാത്തതുകൊണ്ടു് അവൾക്കും ഭർത്താവിനും ശില്പങ്ങൾ തിരിച്ചുകൊണ്ടു പോകേണ്ടതായി വന്നു. എൻ. സി. നായർ ജനയുഗം വാരികയിലെഴുതിയ “കച്ചവടം” എന്ന ഈ കഥയിൽ നമ്മുടെ ചുറ്റുപാടുമുള്ള വസ്തുതകളുടെ ചിത്രീകരണമേയുള്ളൂ. ആ ചിത്രീകരണത്തിൽ ന്യൂനതയില്ലാത്തതുകൊണ്ടും കഥാകാരൻ ആഖ്യാനപാടവം പ്രദർശിപ്പിക്കുന്നതുകൊണ്ടും ഇതൊരു ഭേദപ്പെട്ട കമ്മേഴ്സ്യൽ കഥയാണെന്നേ പറയാനുള്ളൂ. അപരിചിതമായ സ്ഥലത്തു് ആദ്യമായി ചെല്ലുമ്പോഴുണ്ടാകുന്ന അസുലഭാനുഭൂതിയില്ല.

images/MauriceMaeterlinck.jpg
മോറീസ് മാതേർലങ്ക്

മോറീസ് മാതേർലങ്ക് (Maurice Maeterlinck), ഫ്രഞ്ച് ഭാഷയിൽ കൃതികൾ രചിച്ച ബൽജിയൻ നാടകകാരൻ. The Blue Bird എന്ന നാടകം. രണ്ടു കുട്ടികളോടു് ഒരു ദേവത പറയുന്നു അവർ യാത്ര ചെയ്തു് സ്മരണയുടെ നാട്ടിലെത്തുമെന്നു്; അങ്ങനെ എത്തിക്കഴിയുമ്പോൾ ഒരു കുട്ടിയുടെ കൈയിലുള്ള മാന്ത്രികരത്നം തിരിച്ചാൽ മരിച്ചു പോയവരെയെല്ലാം കാണാൻ കഴിയുമെന്നു്. അതുകേട്ടു് കുട്ടി ചോദിച്ചു: “മരിച്ചവരെ എങ്ങനെ കാണാൻ കഴിയും?” ദേവത തിരിച്ചു ചോദിച്ചു: “അവർ നിങ്ങളുടെ സ്മരണയിൽ ജീവിക്കുമ്പോൾ മരിച്ചവരാകുന്നതെങ്ങനെ?” ലൂജി പീരാന്തെല്ലോ യുടെ The Fly, ഒർറ്റൂർ ഷ്നിറ്റ്സ്ലരു ടെ The Flowers, യാൽമാർ സോയ്ഡർ ബർയയു ടെ (Hjalmar Soderberg) The Burning City എന്നീ ചെറുകഥകൾ എന്റെ സ്മൃതിമണ്ഡലത്തിൽ ജീവിക്കുന്നു. ഞാൻ മരിച്ചാലും മറ്റുള്ളവരുടെ സ്മരണയിൽ അവ ജീവിക്കും. അവയ്ക്കു മരണമില്ല.

ത്യാഗം
images/NVKrishnavaryar.jpg
എൻ. വി. കൃഷ്ണവാരിയർ

ഇതെഴുതുന്ന ആൾ വീട്ടിൽ വരുത്തുന്ന രണ്ടു ദിനപത്രങ്ങൾ കേരള കൗമുദിയും … യുമാണു്. ഇവിടെ പേരെഴുതാത്ത പത്രം ഞാൻ തുറന്നു നോക്കാറില്ല. ഒരുകാലത്തു തുറന്നു നോക്കിയിരുന്നു. വായിച്ചിരുന്നു. പക്ഷേ, അതൊരു പരസ്യപ്പലക മാത്രമാണെന്നു കണ്ടു് ഞാൻ വായന നിറുത്തി. എങ്കിലും രണ്ടാമത്തെ പത്രം വേണ്ടെന്നു വയ്ക്കുന്നില്ല. ഒന്നാം തീയതി തോറും കേരള കൗമുദിയുടെ വരിസംഖ്യ കൊടുക്കുന്നതോടൊപ്പം അതിന്റെ വരിസംഖ്യയായ പതിനാറര രൂപയും കൊടുക്കുന്നു. “ഇതെന്തൊരു കിറുക്കു്? വായിക്കാത്ത പത്രം വരുത്തുന്നതെന്തിനു്?” എന്നു ബന്ധുക്കൾ ചോദിക്കാറുണ്ടു്. അവരോടു മറുപടി പറഞ്ഞിട്ടില്ല. പ്രിയപ്പെട്ട വായനക്കാരോടു് പറയാം. കാലത്തു് ഉണർന്നെഴുന്നേറ്റു് ‘കേരള കൗമുദി’ കാത്തിരിക്കുമ്പോൾ പത്രമിടുന്ന ആൾ സൈക്കിൾ ചവിട്ടി വരികയാണു്. മഴയാണെങ്കിൽ മഴ, മഞ്ഞാണെങ്കിൽ മഞ്ഞു്, വെയിലാണെങ്കിൽ വെയിലു്, ഇവയേറ്റു്, കയിലി ഉടുത്തു്, ബനിയനിട്ടു്, ആ പാവപ്പെട്ട മനുഷ്യൻ വയൽവരമ്പിലൂടെ സൈക്കിൾ ആഞ്ഞുചവിട്ടിവരുന്നതു കാണുമ്പോൾ “കേരളകൗമുദി മാത്രംമതി, മറ്റേപ്പത്രം വേണ്ട” എന്നു് എനിക്കു പറയാൻ തോന്നുകില്ല. ആ പത്രത്തിനുവേണ്ടി ഞാൻ കൊടുക്കുന്ന പതിനാറര രൂപയിൽ നിന്നു് ആ മനുഷ്യനു് എന്തു കിട്ടും? തീരെ തുച്ഛമായ ആ തുക ഇല്ലാതായാൽ അയാൾ ദുഃഖിച്ചെന്നു വരും. ആ പാവത്തിനു് വൈഷമ്യം ഉണ്ടാകാതിരിക്കാൻ വേണ്ടി ഞാൻ വായിക്കാത്ത പത്രം വരുത്തുന്നു. മറ്റുള്ളവർക്കു വേണ്ടി നമ്മളൊക്കെ ഇമ്മട്ടിലുള്ള കൊച്ചു കൊച്ചു ത്യാഗങ്ങൾ ചെയ്യാറുണ്ടു്.

മുഹമ്മ രമണൻ എന്ന എഴുത്തുകാരൻ കുങ്കുമം വാരികയിൽ എഴുതാറുള്ള കഥകൾ ഞാൻ വായിക്കുന്നതു് ഇതേ മാനസികനിലയോടെയാണു്. ആകെ ഒരു കഥ. ഉത്കൃഷ്ടമായ വാരിക. പത്രാധിപർ ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എൻ. വി. കൃഷ്ണവാരിയർ, മഹാവ്യക്തി. അദ്ദേഹത്തിന്റെ ആധിപത്യത്തിൽ പ്രസാധനം ചെയ്യുന്ന വാരികയെ സാഹിത്യവാരഫലത്തിൽ നിന്നു വിട്ടുകളയുന്നതെങ്ങനെ? ഞാൻ മുഹമ്മ രമണന്റെ കഥ വായിക്കുന്നു. സരസ്വതീദേവി ലജ്ജിക്കുന്നതോടൊപ്പം ഞാനും ലജ്ജിക്കുന്നു. ഇതു് എന്റെ ത്യാഗമനോഭാവമായി ബഹുമാനപ്പെട്ട വായനക്കാർ കരുതണമെന്നു് ഒരഭ്യർത്ഥനയുണ്ടെനിക്കു്. രമണൻ കുങ്കുമം വാരികയിലെഴുതിയ “ലീനയുടെ ദിവാസ്വപ്നങ്ങൾ” എന്ന കഥ ഞാൻ വായിച്ചു. കലാഭാസത്തിന്റെ ചെളിക്കുളത്തിൽ മുങ്ങുന്ന രമണനോടൊപ്പം ഞാനും അതിൽ മുങ്ങുന്നു എന്നു പറയുകയല്ലാതെ കഥയുടെ സംഗ്രഹം നൽകുന്നില്ല. ഒരു ‘കമന്റും’ നടത്തുന്നില്ല.

വിഷമാലങ്കാരം

സഹാനുഭൂതി അല്ലെങ്കിൽ കാരുണ്യം അതിന്റെ ലൗകികാംശം തീരെ തേച്ചുമാച്ചു കളഞ്ഞു് ശുദ്ധമായ ഭാവമായി പരിണമിക്കുമ്പോൾ അതിനു ശക്തിലഭിക്കും. ആ ശക്തി ഉൾക്കൊള്ളുന്ന സാഹിത്യം സമുദായത്തിനു പരിവർത്തനം വരുത്താൻ സഹായിക്കും.

കലയിലെ സഹാനുഭൂതി അല്ലെങ്കിൽ കാരുണ്യം അനുവാചകന്റെ കണ്ണീരു് ഒലിപ്പിക്കാൻ പാടില്ല. കണ്ണീരൊലിച്ചാൽ അതു രസാനുഭൂതിയുടെ കണ്ണീരായിരിക്കണം; ലൗകിക ശോകത്തിന്റേതു് ആകരുതു്. കാരൂർ നീലകണ്ഠപ്പിള്ള യുടെ ‘അഞ്ചു കടലാസ്സു്’ എന്ന കഥ സിനിമയാക്കിയപ്പോൾ അതു കണ്ടു് ഏങ്ങിയേങ്ങിക്കരഞ്ഞ പെണ്ണുങ്ങളുണ്ടു്. ആ കരച്ചിലിലും കലാസ്വാദനത്തിനും തമ്മിൽ ഒരു ബന്ധവുമില്ല. സഹാനുഭൂതി അല്ലെങ്കിൽ കാരുണ്യം അതിന്റെ ലൗകികാംശം തീരെ തേച്ചുമാച്ചു കളഞ്ഞു് ശുദ്ധമായ ഭാവമായി പരിണമിക്കുമ്പോൾ അതിനു ശക്തിലഭിക്കും. ആ ശക്തി ഉൾക്കൊള്ളുന്ന സാഹിത്യം സമുദായത്തിനു പരിവർത്തനം വരുത്താൻ സഹായിക്കും. വിപ്ലവകലയുടെ ഈ അടിസ്ഥാനതത്ത്വം നമ്മുടെ പല എഴുത്തുകാർക്കും അറിഞ്ഞുകൂടാ. അറിഞ്ഞുകൂടാ എന്നതിനു ഒരു തെളിവു് എൻ. സേതു മാധവൻ ദേശാഭിമാനി വാരികയിലെഴുതിയ “പോസ്റ്റ്മേൻ” എന്ന കഥയാണു്. കഥയിലെ പോസ്റ്റ്മാൻ (സേതുമാധവന്റെ പ്രയോഗമനുസരിച്ചു് ‘മേൻ’) താൽക്കാലിക നിയമനം കിട്ടിയ ആളാണു്. അയാളുടെ കഷ്ടപ്പാടുകളെ എണ്ണിയെണ്ണി പറഞ്ഞിട്ടു് അയാൾക്കു ജോലി നഷ്ടപ്പെടുന്നതായി കഥാകാരൻ പറയുന്നു. ഈ കഥ വായിക്കുന്ന വിവരംകെട്ട പെണ്ണുങ്ങളും കുട്ടികളും “കഷ്ടം! കഷ്ടം!” എന്നു പറഞ്ഞേക്കും. സാമൂഹിക പ്രവർത്തനത്തിനു് വായനക്കാരെ ഉത്തേജിപ്പിക്കുന്ന സുശക്തവും സത്യസന്ധവുമായ വിപ്ലവ സാഹിത്യമെവിടെ? വായനക്കാരേയും കലയേയും നോക്കി കൊഞ്ഞനം കാണിക്കുന്ന ഈ കഥാഭാസമെവിടെ?

ഷു ആൻ ദ്സൂങ് (Hsuan Tsung) എട്ടാം ശതാബ്ദത്തിൽ ചൈനയിലെ ചക്രവർത്തിയായിരുന്നു. അദ്ദേഹത്തിന്റെ വെപ്പാട്ടിയായിരുന്നു യാങ് ഗ്വയീ ഫേ (Yang Kuei-Fei). അവളെക്കുറിച്ചു് The most famous beauty of China എന്നൊരു പുസ്തകം തന്നെയുണ്ടായിട്ടുണ്ടു്. ചൈനയിൽ ബ്രാസയർ (മാറുമറയ്ക്കുന്നചട്ട) പ്രചാരത്തിൽ വരുത്തിയതു് ഈ അതിസുന്ദരിയാണു്. പക്ഷേ, ഇന്നത്തെപ്പോലെ എറുമ്പുകൂനയിൽ നിന്നു് ഹിമാലയം ഉണ്ടാക്കാനായിരുന്നില്ല യാങ് ഗ്വയീ ഫേ ബ്രാസയർ ധരിച്ചതു്. അവൾക്കു് അതിന്റെ ആവശ്യകത ഇല്ലായിരുന്നു. ജാരന്മാർ ദന്തക്ഷതമേല്പിക്കാതിരിക്കാൻ വേണ്ടിയാണു് അവൾ അതു് ധരിച്ചതു്. മറ്റുള്ള സ്ത്രീകൾ “ചക്രവർത്തിനി”യെക്കണ്ടു് അതു് ധരിക്കാൻ പഠിച്ചിരിക്കും. കല കഞ്ചുകമണിയാതെ നിൽക്കുന്ന കഥാംഗനയുടെ വക്ഷസ്സിലാകെ ദന്തക്ഷതങ്ങൾ.

മൈദസ് രാജാവു്
images/ThomasMann.jpg
തോമസ് മന്ന്

കിഴക്കോട്ടു പോകു. ചന്ദനമരങ്ങളുടെയും ഏലാവല്ലികളുടെയും കാട്ടുപൂക്കളുടെയും പരിമളം നിങ്ങളെ തഴുകും.[1] തെക്കേയാഫ്രിക്കയിലേക്കാണോ നിങ്ങൾക്കു പോകാൻ കൗതുകം? ലോഹങ്ങളുടെ രാജാവായ സ്വർണ്ണത്തിന്റെ പീതകാന്തി കണ്ണഞ്ചിക്കും.[2] അവിടെ നിന്നു് വടക്കോട്ടു സഞ്ചരിക്കൂ, സഹാറാ മണൽക്കാടു കടന്നു് ഈജിപ്റ്റിലെത്തി വീണ്ടും വടക്കു കിഴക്കോട്ടു തിരിയൂ. നിങ്ങൾ നിൽക്കുന്നതു ലബനോണിലാണു്. പട്ടണത്തിൽ തങ്ങരുതു്. ചോരപ്പുഴകൾ ഒഴുകുകയാണവിടെ. പടിഞ്ഞാറോട്ടു നടക്കൂ. ദേവദാരുക്കളുടെ കാടാണു് കാണുന്നതു്. സോളമനു പോലും ആ വൃക്ഷങ്ങളിൽ കൗതുകമുണ്ടായി. ഈശ്വരചൈതന്യമുണ്ടു പോലും ആ വൃക്ഷങ്ങൾക്കു്.[3] അവയുടെ സൗരഭ്യം നിങ്ങൾക്കു ഹർഷം പകരും. യൂറോപ്പിലാകെ, ഇംഗ്ലണ്ടിലാകെ, അമേരിക്കയിലാകെ സഞ്ചരിക്കൂ. എന്തെന്തു് മഹാദ്ഭുതങ്ങൾ.[4] ലാറ്റിനമേരിക്കയിൽ ചെന്നാലോ? മഹാദ്ഭുതങ്ങളിൽ മഹാദ്ഭുതം.[5] ഈ രാജ്യങ്ങളിലെല്ലാം അനായാസമായി സഞ്ചരിച്ചു് അവിടങ്ങളിലെ പരിമളവും ഭംഗിയും നമ്മെ അനുഭവിപ്പിക്കാൻ കഴിയുന്ന ഒരാളുണ്ടു്. മലയാള സാഹിത്യത്തിൽ, എൻ. വി. കൃഷ്ണവാരിയർ. ഫ്രിജിയൻ രാജാവു് മൈദസിനെപ്പോലെ അദ്ദേഹം തൊടുന്നതൊക്കെ സ്വർണ്ണമാക്കി മാറ്റുന്നു. ഇത്തവണ അദ്ദേഹം തൊട്ടതു്, തവളക്കാലിലാണു്. അതു സ്വർണ്ണമായിമാറി ‘കുമാരി’ വാരികയുടെ മൂന്നാം പുറത്തു കിടക്കുന്നു.

കുറിപ്പുകൾ

[1] നമ്മുടെ സാഹിത്യം.

[2] ഏതൽ ഫുഗാർഡ്, ജെ. എം. കൂറ്റ്സേ, ഏത്യേൻ ലറു, ഇവരുടെ സാഹിത്യം.

[3] ജിബ്രാന്റെ കാവ്യങ്ങൾ.

[4] ഇവോ ആൻഡ്രീച്ച്, തോമസ് മാൻ, കുന്ദേര, ഇവരുടെ സാഹിത്യം.

[5] മാർകേസ്, ബോർഹസ്, ഇവരുടെ സാഹിത്യം.

ലേയോക്കൂൺ
images/Lessing.jpg
ഏഫ്രായിം ലെസിങ്

കലാകൗമുദിയുടെ 429-ആം ലക്കത്തിന്റെ കവർ പേജ് നോക്കൂ. എജസേൻഡർ, ഏതിനോ ഡോറസ്, പോളിഡോറസ് എന്നീ മൂന്നു പ്രതിമാ നിർമ്മാതാക്കൾ ചേർന്നു നിർമ്മിച്ച ‘ലേയോക്കൂൺ’ പ്രതിമയുടെ ചിത്രം അവിടെ കാണാം. അപ്പോളോയുടെ പുരോഹിതനായിരുന്നു ലേയോക്കൂൺ. ഗ്രീസുകാരുണ്ടാക്കിയ മരക്കുതിരയെ തൊടരുതെന്നു് അദ്ദേഹം ട്രോയി നിവാസികൾക്കു മുന്നറിയിപ്പു നൽകി. ലേയോക്കൂണും അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരും കൂടി കടൽക്കരയിലിരിക്കുമ്പോൾ രണ്ടു ഭയങ്കരങ്ങളായ സർപ്പങ്ങൾ സമുദ്രത്തിൽ നീന്തിത്തുടിച്ചു കരയ്ക്കെത്തി. അവ ലേയോക്കൂണിനെയും പുത്രന്മാരെയും വരിഞ്ഞു മുറുക്കിക്കൊന്നു. മരക്കുതിരയെ തൊടരുതെന്നു് ലേയോക്കൂൺ പറഞ്ഞതിൽ ഈശ്വരനുള്ള പ്രതിഷേധമാണു് ആ വധത്തിലൂടെ കണ്ടതെന്നു് കരുതി ട്രോയി നിവാസികൾ അതിനെ (മരക്കുതിരയെ) പട്ടണത്തിൽ കൊണ്ടുവന്നു. രാത്രിയായപ്പോൾ കുതിരയ്ക്കകത്തു് ഒളിച്ചിരുന്ന ഗ്രീക്കുഭടന്മാർ ട്രോയി നിവാസികളെ നിഗ്രഹിച്ചു. ലേയോക്കൂണിന്റെയും പുത്രന്മാരുടെയും മരണവും അതിനോടു ബന്ധപ്പെട്ട യാതനയും ചിത്രീകരിക്കുന്ന ഈ പ്രതിമ ഒരുജ്ജ്വല കലാശില്പമാണു്. ബി. സി. രണ്ടാം ശതാബ്ദത്തിൽ നിർമ്മിക്കപ്പെട്ട ഈ പ്രതിമ ഇന്നു റോമിലെ വത്തിക്കാൻ കാഴ്ചബംഗ്ലാവിലിരിക്കുന്നു. ഈ പ്രതിമയുടെ ആവിർഭാവം ഗ്രീസിലെ കലയിൽ ഒരു വ്യതിയാനം കുറിച്ചു. ലേയോക്കൂൺ പ്രതിമ ഉണ്ടാകുന്നതുവരെ സമഷ്ടിഗതങ്ങളായ വികാരങ്ങളെയാണു് പ്രതിമാ നിർമ്മാതാക്കൾ ആവിഷ്കരിച്ചിരുന്നതു്. അതു ശരിയല്ല. “ചിരിക്കൂ ലോകം നിങ്ങളോടൊപ്പം ചിരിക്കും; കരയൂ നിങ്ങൾ മാത്രമേ കരയാനുണ്ടാകൂ” എന്ന തത്ത്വം അവർ അംഗീകരിച്ചു. തീവ്രവേദനയിൽപ്പെട്ടു കരയുന്ന ലേയോക്കൂണിനെ ഇവിടെ നമ്മൾ കാണുന്നു. ജർമ്മൻ നാടകകർത്താവും നിരൂപകനുമായ ഗോൾട്ട് ഹോൾറ്റ് ഏഫ്രായിം ലെസിങ് (Gotthold Ephraim Lessing, 1729–81) എഴുതിയ Laocoon എന്ന പ്രബന്ധം വായിച്ചാൽ ഈ വിഷയത്തെക്കുറിച്ചു് അറിയേണ്ടതെല്ലാം അറിയാം. വിമർശനത്തിലെ ഒരു മാസ്റ്റർപീസായി അതു് അംഗീകരിക്കപ്പെട്ടിരിക്കുന്നു. സർപ്പങ്ങൾ ലേയോക്കൂണിന്റെയും പുത്രന്മാരുടെയും കഴുത്തും മുഖവും ഒഴിച്ചുള്ള ശരീരഭാഗങ്ങളിലാണു് ചുറ്റുന്നതു്. മുഖത്തെ ഭാവപ്രകടനത്തെ ലക്ഷ്യമാക്കിയാണു് പ്രതിമ ആ വിധത്തിൽ നിർമ്മിക്കപ്പെട്ടതെന്നു് ലെസ്സിങ് അഭിപ്രായപ്പെടുന്നു.

images/Laocoon.jpg

ഞാൻ ജോലി ചെയ്തിരുന്ന ഒരു കലാലയത്തിൽ ഒരു സുന്ദരിയായ ലക്ചറർ ഉണ്ടായിരുന്നു. അവർ സമ്മേളനങ്ങൾ നടക്കുന്ന സന്ദർഭങ്ങളിൽ അവ തുടങ്ങിക്കഴിഞ്ഞതിനു ശേഷമേ വരൂ. സ്വന്തം സാന്നിദ്ധ്യം മറ്റുള്ളവരെ അറിയിക്കാനുള്ള വിദ്യയായിരുന്നു അതു്. നോട്ടത്തിൽ, ഭാവപ്രകടനത്തിൽ, വേഷത്തിൽ നടത്തത്തിൽ ഒക്കെ അവർ സാന്നിദ്ധ്യം മറ്റാളുകളെ അറിയിച്ചിരുന്നു. ഫലം? ഞങ്ങൾക്കു് അവരോടു് പുച്ഛം. ഈ പ്രകടനാത്മകത നവീന സാഹിത്യത്തിനുമുണ്ടു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1983-12-11.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 4, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.