സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-01-15-ൽ പ്രസിദ്ധീകരിച്ചതു്)

സമ്പത്തുള്ളവരെ ലോകം ബഹുമാനിക്കുന്നു; പേടിക്കുന്നു. കോടീശ്വരന്മാരാണു് ഗവണ്മെന്റുകളെ സൃഷ്ടിക്കുന്നതും തകർക്കുന്നതും.

ഡോക്ടർമാർ പലതും സഹിച്ചേ തീരൂ. ക്ഷമ കെടുമ്പോൾ അവർ ദേഷ്യപ്പെട്ടുവെന്നു വരാം. എങ്കിലും കഴിയുന്നിടത്തോളം അവർ ക്ഷമിക്കുന്നവരാണു്. താഴെച്ചേർക്കുന്ന സംഭാഷണം യഥാർത്ഥത്തിൽ നടന്നതല്ല. എങ്കിലും അതിനു തുല്യമായതു നടക്കാവുന്നതാണു്; നടക്കുന്നുണ്ടു താനും. രോഗി വളരെ നേരം കാത്തുനിന്നിട്ടു് ഡോക്ടറുടെ ‘കൺസൾട്ടിങ് റൂ’മിൽ കയറി. എന്താണു് കാര്യമെന്നമട്ടിൽ ഡോക്ടർ മൂകമായൊരു ചോദ്യമെറിഞ്ഞു.

രോഗി:
“എനിക്കു യൂറിനറി ഇൻഫെക്ഷനാണെന്നു മനസ്സിലാക്കിയയുടനെ ഞാൻ ‘ദി ഹൈഡ്രോക്ലോറൈഡ് ഒഫ് സെവൻ ക്ലോറോ-ഫോർ-ഡൈമെതലമിനോ-വൺ, ഫോർ, ഫോർ എ, ഫൈവ്, ഫൈവ് എ, സിക്സ്, ഇലവൻ, ടൊൽവ് എ-ഒക്ടഹൈഡ്രോ-ത്രീ, സിക്സ്, ടെൻ, ടൊൽവ്, ടൊൽവ് എ പെന്റ ഹൈഡ്രോക്സി-സിക്സ് ഓക്സോ-ടൂ-നഫ്ത്തസീൻ കാർബോക്സാമൈഡ്’ കഴിച്ചു. രോഗം കുറവില്ല”.

ഡോക്ടർക്കു് കാര്യം മനസ്സിലായെങ്കിലും അദ്ദേഹത്തിന്റെ കണ്ണു തള്ളിപ്പോയി. മുൻപു് പഠിച്ചതു് അദ്ദേഹം മറന്നിരിക്കാമെന്നു വിചാരിച്ചു് അടുത്തിരുന്ന മെഡിക്കൽ റെപ്രിസന്റേറ്റീവ് രോഗിയോടെന്ന വിധത്തിൽ പറഞ്ഞു:

“ക്ലോർടെട്രസൈക്ലിൻ ഹൈഡ്രോക്ലോറൈഡ് കഴിച്ചു അല്ലേ?”

ഡോക്ടർ രണ്ടും കേട്ടിട്ടും ക്ഷോഭിക്കാതെ “‘ഓറിയോമൈസിൻ’ കഴിച്ചിട്ടും കുറഞ്ഞില്ല അല്ലേ” എന്നു ചോദിച്ചു.

രോഗി വിടുന്ന ഭാവമില്ല. അയാൾ വീണ്ടും.

“ഇതൊരു ബ്രോഡ് സ്പെക്ട്രം ആന്റി ബയോട്ടിക്കല്ലേ ഡോക്ടർ? പെനിസിലിനു റെസിസ്റ്റന്റായ മൈക്രോ ഓർഗാനിസത്തെ നശിപ്പിക്കുന്നതാണിതെന്നു് എനിക്കറിയാം. എങ്കിലും… ”

ഡോക്ടർ കൈയുയർത്തി അയാളുടെ ആക്രമണത്തെ തടഞ്ഞു. രോഗിയെ പരിശോധിച്ചു് മരുന്നെഴുതിക്കൊടുത്തു. ഡോക്ടറെ കാണാൻ പോകുന്നതിനു മുൻപു് മെഡിക്കൽ ഗ്രന്ഥങ്ങൾ വായിച്ചു് ചിലതൊക്കെ മനസ്സിലാക്കിയിട്ടു് ഇത്തരത്തിൽ സംസാരിക്കുന്ന രോഗികൾ ഒരുപാടുണ്ടു് എവിടെയും; വിശേഷിച്ചു് കേരളത്തിൽ.

ഇനി വേറൊരു സംഭാഷണം. സാങ്കല്പികമാണു് അതെങ്കിലും സത്യത്തിൽ സത്യമാണു്.

രോഗി:
സാർ എനിക്കു വല്ലാത്ത തലവേദന. സഹിക്കാനാവാത്ത ക്ഷീണം. പനിയില്ലെങ്കിലും ഒരു തളർച്ച.
ഡോക്ടർ:
പനി എന്നു തുടങ്ങി?
രോഗി:
പനിയില്ല സാർ, പക്ഷേ, നിൽക്കാൻ വയ്യ.
ഡോക്ടർ:
ഓഹോ. നൂറ്റിമൂന്നു ഡിഗ്രി പനിയോ?

ഇങ്ങനെ ഡോക്ടർ സംസാരിക്കുമോ എന്നു സംശയം തോന്നാം, വായനക്കാർക്കു്. എങ്കിൽ ഏതാണ്ടു നാല്പതു കൊല്ലം മുൻപു് ഉണ്ടായ ഒരു സംഭാഷണം എഴുതാം. പെണ്ണുങ്ങളുടെ ആശുപത്രിയാണു്. മുറ്റത്തു നിന്നു് ജന്നലിൽക്കൂടി വേണം ലേഡീഡോക്ടറോടു് സംസാരിക്കാൻ.

ഞാൻ:
പേരു പദ്മം. വയസ്സു മൂന്നു്. കുഞ്ഞിനു ഇന്നലെ മുതൽ വയറിളകുന്നു.
ഡോക്ടർ:
ഗർഭമുണ്ടോ രോഗിക്കു്?

ഞാൻ പിറകോട്ടു് കാലെടുത്തുവച്ചു. മരുന്നു വാങ്ങാതെ തിരിച്ചു പോന്നു.

ഓറിയോമൈസിനെക്കുറിച്ചു സംസാരിച്ച രോഗി ഡോക്ടറെ ഇംപ്രസ്സ് ചെയ്യാൻ മെഡിക്കൽ എൻസൈക്ലോപീഡിയ നോക്കിക്കൊണ്ടു പോകുന്നു. രണ്ടാമതും മൂന്നാമതും പറഞ്ഞ ഡോക്ടർമാർ തങ്ങളുടെ പാവനമായ ‘പ്രൊഫഷനെ’ മലിനീകരിക്കുന്നു. മൂന്നു പേരും ഭാഷയെ ഹിംസിക്കുകയാണു്.

വർഷങ്ങൾക്കുമുൻപു് മന്നത്തു പദ്മനാഭൻ, പ്രശസ്തനായ ഒരു സംസ്കൃതം പ്രൊഫസർ ഇവരോടൊരുമിച്ചു് ഞാൻ ഒരു സമ്മേളനത്തിനു പോയി. മന്നവും പ്രൊഫസറും കാറിന്റെ പിറകിലത്തെ സീറ്റിൽ ഞാൻ മുൻപിൽ. മന്നം പ്രൊഫസറോടു ചോദിച്ചു:

“ശങ്കരാചാര്യനെ ‘പ്രച്ഛന്ന ബുദ്ധൻ’ എന്നു വിളിക്കുന്നതെന്തുകൊണ്ടു്?”

പ്രൊഫെസർ മറുപടി നൽകിയതു് ഇങ്ങനെയാണു്: “മീമാംസയ്ക്കു് പൂർവ്വമീമാംസയെന്നും ഉത്തരമീമാംസയെന്നും രണ്ടു വിഭാഗങ്ങളുണ്ടു്. കർമ്മമീമാംസയെന്നാണു് പൂർവ്വമീമാംസയുടെ വേറൊരു പേരു്. ഉത്തരമീമാംസയെ ബ്രഹ്മമീമാംസയെന്നും പറയും. ജൈമിനിയുടെ പൂർവ്വമീമാംസാസൂത്രത്തിൽ… ”

മന്നം പ്രൊഫസറെ തടഞ്ഞുകൊണ്ടു് പറഞ്ഞു: “ഞാനതല്ല ചോദിച്ചതു്”. പ്രൊഫസർ പിന്നെയും കാടുകയറ്റത്തിനു് ആരംഭിച്ചപ്പോൾ മന്നം എന്റെ നേർക്കു തിരിഞ്ഞു: “നിങ്ങൾക്കറിയാമോ ഞാൻ ചോദിച്ചതിനു് ഉത്തരം?”

ഞാൻ വിനയത്തോടെ പറഞ്ഞു: “പരമസത്യം എന്നതിനെ ലക്ഷ്യം വച്ചു നോക്കിയാൽ ഈ ലോകം പരമസത്യമല്ലെന്നും മായയാണെന്നും ശങ്കരാചാര്യർ അഭിപ്രായപ്പെട്ടു. ബുദ്ധനും നേരത്തെ അഭിപ്രായപ്പെട്ടതു് അതുതന്നെയാണു്. ഈ ലോകം വെറും ‘തോന്നലാണു്’ എന്നായിരുന്നു ബുദ്ധന്റെ മതം. ഇങ്ങനെ രണ്ടുപേരുടെയും അഭിപ്രായങ്ങൾ ഏതാണ്ടു് ഒരേ രീതിയിലാണു്. അതുകൊണ്ടാവണം ശങ്കരനെ പ്രച്ഛന്നബുദ്ധൻ എന്നുവിളിച്ചതു് ”. കൊട്ടാരക്കര എത്തി കാറൊന്നു നിറുത്തിയപ്പോൾ മന്നം പറഞ്ഞു: “കൃഷ്ണൻ നായർ ഇങ്ങോട്ടു പോരൂ”. ഞാൻ അദ്ദേഹത്തിന്റെ അടുത്തു് ഇരിപ്പായി. “കുമാരനാശാനെക്കാൾ വലിയ കവിയുണ്ടോ മലയാളത്തിൽ?” എന്നു് അദ്ദേഹം എന്നോടു് ചോദിച്ചു. ഞാൻ മറുപടി പറയുന്നതിനു മുൻപു് മന്നത്തിനു് മാലയും പൂച്ചെണ്ടുമായി ഒരു സംഘമാളുകൾ കാറിന്റെ ചുറ്റും കൂടി. യാത്ര തുടങ്ങിയപ്പോൾ എല്ലാവരും മൗനം അവലംബിച്ചു.

images/Marcelproust.jpg
പ്രൂസ്ത്

പ്രൊഫസറുടെ മറുപടി അജ്ഞതയെ മൂടിവെക്കാനുള്ള ഉപായമായിരുന്നു. പല സംസ്കൃതക്കാരിലും ഞാൻ ഈ ദോഷം കണ്ടിട്ടുണ്ടു്. “അന്താരാഷ്ട്രത്തിന്റെ സന്ധികാര്യം എങ്ങനെ?” എന്നു നമ്മുടെ ചോദ്യം. “രണ്ടു രേഫങ്ങൾ അടുത്തു വരുമ്പോൾ മുൻസ്വരം അ, ഇ, ഉ ഇവയിലൊന്നാണെങ്കിൽ ഒരു രേഫം ലോപിക്കുന്നു. മുൻവർണ്ണം ദീർഘിക്കുന്നു” എന്നാണു് ഇതിനുത്തരം പറയേണ്ടതു് (അന്തര്+രാഷ്ട്രം = അന്താരാഷ്ട്രം). ഇതു പറയാനറിഞ്ഞുകൂടെങ്കിൽ “എനിക്കറിഞ്ഞുകൂടാ” എന്നാണു് അയാൾ നമ്മെ അറിയിക്കേണ്ടതു്. എന്നാൽ അങ്ങനെ അതു് സമ്മതിച്ചു തരില്ല. പകരം പറയുന്നതു് ഇങ്ങനെയാവാം: ഖരാതി ഖരങ്ങൾ രേഫത്തിന്റെ പിന്നിൽ വന്നാൽ സകാരാദേശമാണെന്നും ‘ആ’ എന്നതിനു ശേഷം ഛകാരത്തിനു് ദ്വിത്വം വരുമെന്നും പാണിനി പറഞ്ഞിട്ടുണ്ടു്. ഇവിടെയും അജ്ഞതയെ മറയ്ക്കാനുള്ള ശ്രമമാണു്. ഇന്നത്തെ നിരൂപകർ മന്നത്തിനോടു് സംസാരിച്ച പ്രൊഫസറെപ്പോലെയാണു്. ഇപ്പോൾ പറഞ്ഞ സംസ്കൃതക്കാരെപ്പോലെയാണു്. കാര്യം മനസ്സിലാക്കാതെ അതുമിതും പറഞ്ഞു് ആളുകളെ പറ്റിക്കുന്നു അവർ. (ഇന്നത്തെ നിരൂപകരെന്നു് എഴുതിയതു് ആധുനികോത്തരന്മാരെയും അത്യാധുനികോത്തരന്മാരെയും ലക്ഷ്യം വച്ചല്ല. ഈ ഉത്തരന്മാരുടെ നോട്ടത്തിൽ അറുപഴഞ്ചന്മാരായ നിരൂപകരെയും മനസ്സിൽ കരുതിക്കൊണ്ടാണു്.)

വൈകാരികാവസ്ഥ

അവർ—സമ്പന്നരാണു് ഇനി പറയാൻ പോകുന്ന അവർ. സമ്പത്താണു് അവർക്കു തിളക്കമുണ്ടാക്കുന്നതു്. എപ്പോൾ സമ്പത്തു് ഇല്ലാതാവുമോ അപ്പോൾ തിളക്കവുമില്ലാതെയാകുന്നു. സന്ധ്യയ്ക്കു ശേഷം എല്ലാ പൂച്ചകൾക്കും ചാരനിറം എന്നു പറയുന്നതു പോലെ അവർക്കും ദരിദ്രന്മാർക്കും അപ്പോൾ ഒരു വ്യത്യാസവുമില്ല. തങ്ങളുടെ സൃഷ്ടിയെന്ന നിലയിൽ കവികൾക്കു സ്വന്തം കാവ്യങ്ങളോടും അച്ഛനമ്മമാർക്കു തങ്ങളുടെ കുഞ്ഞുങ്ങളോടും സ്നേഹം. പ്രയോജനത്തെയും ലാഭത്തെയും കരുതി വേറൊരു വിധത്തിലുള്ള സ്നേഹം ധനികർക്കു് സ്വത്തിനോടുള്ള ഈ രണ്ടുവിധത്തിലുള്ള സ്നേഹവുമുണ്ടു് (പ്ലേറ്റൊ യുടെ ‘റിപ്പബ്ലിക് ’ വായിച്ച ഓർമ്മയിൽ നിന്നു്). രണ്ടു സ്നേഹവും സ്വാർത്ഥാധിഷ്ഠിതമായതുകൊണ്ടു് അവർ സ്വത്തുപോയാൽ മരിക്കും. സ്വാർത്ഥതാല്പര്യമില്ലാത്ത ധനികന്മാർ ഉള്ളതെല്ലാം മറ്റുള്ളവർക്കു കൊടുത്തു് നിർദ്ധനരായി സ്വാഭാവികമരണത്തിൽ പൊതിഞ്ഞ ആത്മഹത്യകൾ നടത്തിയിട്ടുണ്ടു്. സമ്പത്തുള്ളവരെ ലോകം ബഹുമാനിക്കുന്നു; പേടിക്കുന്നു. കോടീശ്വരന്മാരാണു് ഗവണ്മെന്റുകളെ സൃഷ്ടിക്കുന്നതും തകർക്കുന്നതും. ഇന്ത്യയിലെ ശതകോടീശ്വരന്മാരെ ഒന്നു് എതിർത്തുനോക്കൂ. ഫലം അപ്പോഴറിയാം. ജവഹർലാൽ നെഹ്രു എതിർത്തു നോക്കി. അവർ നാട്ടിൽ Food riots ഉണ്ടാക്കി. നെഹ്രുവിനു തന്റെ യത്നത്തിൽ നിന്നു് പിന്മാറേണ്ടി വന്നു. അതുകൊണ്ടാണു് നെപ്പോളിയൻ പറഞ്ഞതു്: Every man who is worth thirty millions is not wedded to them is dangerous to Government. ക്രൂരമായ ഈ സമ്പദ്വ്യവസ്ഥയെ എം. സി. രാജനാരായണൻ “കുരുക്ഷേത്രങ്ങൾ” എന്ന കഥയിൽ ആവിഷ്കരിക്കുന്നു (കലാകൗമുദി ലക്കം 433). ആ വ്യവസ്ഥ സംഗരം നടത്തുന്ന ഒരു കുരുക്ഷേത്രം. ഭഗവദ്ഗീതയും ഉപനിഷത്തും കാണാപ്പാഠമാക്കിക്കൊണ്ടു് കൊലപാതകികളെ തൂക്കുകയറിൽ നിന്നു് രക്ഷിച്ചു് വീണ്ടും സമുദായ മദ്ധ്യത്തിലേക്കു് അയക്കുന്ന അഭിഭാഷകന്റെ കുരുക്ഷേത്രം വേറൊരിടത്തു്. രണ്ടും നല്ല ആശയങ്ങൾ. പക്ഷേ, രണ്ടും കുരുക്ഷേത്രങ്ങളാണെന്ന പ്രതീതി അനുവാചകനു് ഉണ്ടാകുന്നില്ല. ഇതൊന്നും താനുദ്ദേശിച്ചിട്ടില്ല എന്നു കഥാകാരൻ അഭിപ്രായപ്പെട്ടാലും കഥയ്ക്കു് മെച്ചമില്ല. കഥയെഴുതുന്ന കലാകാരന്റെ മനസ്സു് വൈകാരികമാണു് എപ്പോഴും. യുക്തിക്കു് അപ്പോൾ പ്രവേശമില്ല. വിലക്ഷണമായ ഒരു അലങ്കാരം പ്രയോഗിക്കാം. വലയിൽ വീണ പ്രാണിയെ ഹിംസിക്കുന്ന എട്ടുകാലിയെപ്പോലെയാണു് അയാൾ. ഒരു കുത്തു്. ദൂരെ ചെന്നിരുന്നു് വല അനക്കിക്കൊണ്ടിരിക്കും. പിന്നെയും വന്നു് ഒരു കുത്തു്. ഇങ്ങനെ പല തവണ കുത്തിക്കഴിയുമ്പോൾ പ്രാണി ചാകും. ചത്തു കഴിഞ്ഞാൽ വലകൊണ്ടു് പൊതിഞ്ഞു കെട്ടിയിടും. വികാരം കൊണ്ടു് പ്രതിപാദ്യവിഷയത്തെ ഇങ്ങനെ ദംശിക്കുമ്പോഴാണു് കഥയ്ക്കു കലയുടെ ഊർണ്ണനാഭജാലത്തിൽ (Spider’s web) സ്ഥാനം കിട്ടുന്നതു്. രാജനാരായണൻ യുക്തിയിൽ മുഴുകി ദൂരെ ഒരിടത്തു് ഇരിക്കുന്നതേയുള്ളൂ. ​​​​

ദൂരെ ഒരിടത്തിരിക്കുന്നതു തത്ത്വചിന്തയുടെയും യുക്തിചിന്തയുടെയും പേരിലാണെങ്കിലും വൈകാരികത്വം കൊണ്ടേ കലാസൃഷ്ടികളുണ്ടാവൂ എന്നതിനു് നിദർശകങ്ങളാണു് ദസ്തയേവ്സ്കി യുടെയും പ്രൂസ്തി ന്റെയും നോവലുകൾ. സോഷ്യലിസത്തിനും റേഷനലിസത്തിനും എതിരായി റഷ്യൻ ക്രിസ്തുമതത്തിന്റെ മിസ്റ്റിസിസം നോവലുകളിലൂടെ ഉന്നയിച്ച കലാകാരനായിരുന്നു ദസ്തയേവ്സ്കി. എന്നിട്ടും നോവലുകൾ വായിക്കുമ്പോൾ നമ്മൾ ചലനം കൊള്ളുന്നു. പ്രൂസ്തിന്റെ നോവൽ ദാർശനികമാണു്. പക്ഷേ, ധീഷണതയുടെ സ്മരണയ്ക്കല്ല നോവലിൽ പ്രാധാന്യം; സംവേദനത്തിന്റെ ശക്തിക്കാണു്. ഈ ശക്തികൊണ്ടു് അദ്ദേഹം ക്ഷുദ്രങ്ങളായ ഭൂതകാലസംഭവങ്ങളെപ്പോലും വികാരോജ്ജ്വലങ്ങളാക്കുന്നു. വാങ്മയചിത്രമാകാതെ വെറും തത്ത്വചിന്തയായി കലാസൃഷ്ടികളിൽ പ്രത്യക്ഷപ്പെടുന്നവയ്ക്കു താൽക്കാലികജീവിതമേയുള്ളൂ. അതിനാൽ ബോർഹെസി ന്റെ കഥകൾക്കു ചിരന്തനമൂല്യമുണ്ടോ എന്നാണു് എന്റെ ഇപ്പോഴത്തെ സംശയം.

ശ്രീനാരായണൻ
images/ErnestRenan.jpg
ഏർണസ്റ്റ് റനാങ്

സംശയവാദിയായിരുന്നു ഫ്രഞ്ച് ചിന്തകൻ ഏർണസ്റ്റ് റനാങ്. “ഗലീലിയിലെ പുഷ്പങ്ങൾക്കിടയിൽ വളർന്നു വന്ന ആശാരിയുടെ മകനെ” ഭാവാത്മകമായ പശ്ചാത്തലത്തിൽ പ്രതിഷ്ഠിച്ചതിനു ശേഷം അദ്ദേഹത്തിനു് പ്രകൃത്യാതീത ശക്തിയൊന്നുമില്ലായിരുന്നുവെന്നു് Vie de Jesus എന്ന ഗ്രന്ഥത്തിലൂടെ സ്ഥാപിച്ച ഈ ചിന്തകൻ “ഈശ്വരനുണ്ടെങ്കിൽ ഈശ്വരാ, എനിക്കു് ആത്മാവുണ്ടെങ്കിൽ എന്റെ ആത്മാവിനെ രക്ഷിക്കേണമേ” എന്നു് ‘പ്രാർത്ഥിച്ചു’. റനാങിനെ ആശയവാദികൾ ആരാധിച്ചു. വിശ്വാസികൾ പുച്ഛിച്ചു. നാസ്തികരും ആസ്തികരും ഒരേ മട്ടിൽ ബഹുമാനിക്കുന്നു കേരളത്തിലെ ശ്രീനാരായണനെ. ഇതിനു കാരണമെന്താണെന്നു് ആലോചിക്കുമ്പോൾ നമ്മൾ അദ്ദേഹത്തിന്റെ മനുഷ്യപ്രേമാത്മകത്വത്തിൽ ചെന്നുചേരുന്നു. ആദ്ധ്യാത്മികതയുടെ ശക്തികൊണ്ടു് മനുഷ്യരെ ആദ്ധ്യാത്മികതയുടെ തലത്തിലേക്കു് ഉയർത്തിയ ആചാര്യന്മാരുണ്ടു് നമുക്കു്. പക്ഷേ, അവരിൽ പലരും സാമൂഹികജീവിയായ മനുഷ്യനെ കണ്ടില്ല. സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യനു് മറ്റൊരു മനുഷ്യന്റെ സഹായം കൂടാതെ കഴിഞ്ഞുകൂടാൻ വയ്യ. ഇതു കണ്ടറിഞ്ഞു് അവനെ ആ തലത്തിലേക്കും ഉയർത്തിയ ആചാര്യനാണു് ശ്രീനാരായണൻ. ഇക്കാര്യമാണു് ഇ. വി. ശ്രീധരൻ “ഇന്ത്യൻ ഹ്യൂമനിസത്തിനൊരു പാത” എന്ന ലേഖനത്തിലൂടെ വിശദീകരിച്ചിരിക്കുന്നതു് (കലാകൗമുദി, ലക്കം 433). റോമാച്ചക്രവർത്തി ഒഗസ്റ്റസി ന്റെ മരണത്തിനു് പത്തോ പന്ത്രണ്ടോ കൊല്ലം മുൻപുണ്ടായിരുന്ന സമൂഹത്തിന്റെ ദൃഢതയിൽ ആഘാതമേല്പിക്കാൻ സാധിച്ചു ക്രിസ്തു വിനു്. എണ്ണിയാലൊടുങ്ങാത്ത ആളുകൾ കുരിശിന്റെ ആരാധകരായി. ക്രിസ്തുവിന്റെ സന്ദേശമേല്പിച്ച ആഘാതം മനുഷ്യപ്രേമാത്മകത്വത്തിന്റേതുമായിരുന്നു. ശ്രീനാരായണനെ ഈ വിധത്തിൽ ശ്രീധരൻ ദർശിച്ചതിൽ ഉചിതജ്ഞതയുണ്ടു്. മഹാത്മാവായ ഗുരുദേവന്റെ ജനനത്തെക്കുറിച്ചു് എം. കെ. സാനു എഴുതിയ “ആ ജനനം” എന്ന പ്രബന്ധം ഹൃദയഹാരിയത്രേ.

അതിഥിമര്യാദ

ഹൃദയഹാരിയായി വാഴ്ത്തപ്പെടുന്ന നോവൽ “മിഡ്നൈറ്റ്സ് ചിൽഡ്രന്റെ ” (സൽമാർ റുഷ്ദി യുടേതു്) ലിസ്റ്റ് (ലോയസ്റ്റ്) കോമൺ ഡിനോമിനേറ്റർ ശ്രീമതി ഇന്ദിരാ ഗാന്ധി യോടുള്ള വെറുപ്പാണു്. ‘ദാറ്റ് വിഡോ വിത്ത് ദി നൈഫ്’ എന്നു് ഇന്ത്യൻ പ്രധാനമന്ത്രിയെ റഷ്ദി ഒന്നുരണ്ടിടത്തു്. ഇന്ത്യയിൽ ആരെയും വിമർശിക്കാം. റഷ്ദി രാഷ്ട്രീയപ്രവർത്തകനായോ സമൂഹ പരിഷ്കർത്താവായോ ഇന്ദിരാ ഗാന്ധിയെ വിമർശിച്ചാൽ അദ്ദേഹത്തോടു് എനിക്കു് വഴക്കിനു ചെല്ലേണ്ട കാര്യമില്ല. എന്നാൽ നോവലിസ്റ്റ് എന്ന നിലയിൽ റഷ്ദി ഇന്ത്യയോടും ഇന്ത്യയുടെ പ്രധാനമന്ത്രിയോടും വിദ്വേഷം കാണിക്കുമ്പോൾ അതു ശരിയല്ലെന്നു പറയേണ്ടിവരും. കാരണം നോവലിൽ നിന്നു നമ്മൾ പ്രതീക്ഷിക്കുന്നതു് വിശേഷവ്യക്ത്യുദ്ദേശകങ്ങളായ ശകാരങ്ങളല്ല; രസാനുഭൂതിയാണു്. നമ്മുടെ ജീവിതാവബോധത്തെ തീക്ഷ്ണമാക്കലാണു് കലാകാരന്റെ കർത്തവ്യം. കൃത്രിമങ്ങളായ ഇമേജുകളുടെ ധാരാളിത്തത്തോടുകൂടി ലോറൻസ് സ്റ്റേണി നെയും ഗ്യുന്തർ ഗ്രസ്സി നെയും അനുകരിച്ചെഴുതിയ “മിഡ്നൈറ്റ് ചിൽഡ്രൺ” ഒരു പകപോക്കൽ മാത്രമാണു്. “കലാപരമായ” ഒരു പരാജയമാണതു് (artistic failure എന്നതിന്റെ വിലക്ഷണമായ ഭാഷാന്തരീകരണമാണു് ‘കലാപരമായ പരാജയം’ എന്നതു്).

ഇന്ത്യൻ പ്രധാനമന്ത്രിയെ അവഹേളിച്ച സൽമാൻ റഷ്ദിയെ അവരുടെ സാന്നിദ്ധ്യത്തിൽ ഇംഗ്ലണ്ടിലെ പ്രധാനമന്ത്രി മാർഗററ്റ് താച്ചർ പ്രശംസ കൊണ്ടു് അഭിഷേകം ചെയ്തുവെന്നു് നമ്മൾ Illustrated Weekly-യിൽ നിന്നു് മനസ്സിലാക്കുന്നു (ഡിസംബർ 18, ലക്കം 24, പുറം 35). ഇന്ദിരാ ഗാന്ധി അതുകേട്ടു് “ശിലാമയമുഖ”ത്തോടു് ഇരുന്നു പോലും. (And a stony-faced Mrs Gandhi heard her out). ക്ഷണിച്ചു വരുത്തി അപമാനിക്കുമ്പോൾ പിന്നെ എങ്ങനെയിരിക്കണം? അതിഥിമര്യാദ ഭാരതീയർക്കുള്ളതുപോലെ മദാമ്മമാർക്കില്ല. (ഈ ലേഖകൻ കോൺഗ്രസ്സുകാരനല്ല; കോൺഗ്രസ്-ഐയുമല്ല) hear out എന്നാൽ അവസാനം വരെ കേൾക്കുക എന്നാണർത്ഥം. റിപ്പോർട്ട് എഴുതിയ ആളിന്റെ ഹർഷോന്മാദം നോക്കണേ.

images/MidnightsChildren.jpg

ഹർഷോന്മാദം പലവിധത്തിലുണ്ടാകും. രാജാക്കന്മാർ തത്ത്വചിന്തകരോ തത്ത്വചിന്തകർ രാജാക്കന്മാരോ ആയിരുന്നാൽ ‘എനിക്കെന്തു് ഹർഷോന്മാദം!’ എന്നു പ്ലേറ്റോ. ഗ്രീക്ക് കവി ആർക്കിലക്കസി ന്റെ (Archilochus) മതം ശത്രുക്കൾ ആക്രമിക്കാൻ വന്നാൽ വാളും പരിചയും ദൂരെയെറിഞ്ഞിട്ടു് ഓടണമെന്നായിരുന്നു. അഥീനിയൻ രാജ്യതന്ത്രജ്ഞനും വാഗ്മിയുമായിരുന്ന ഡിമോസ്തനീസ് യുദ്ധത്തിനു പോയിട്ടുള്ളപ്പോഴെല്ലാം പേടിച്ചു് ഓടിയിട്ടുണ്ടു്. തിരിച്ചു് വീട്ടിൽ വന്നിരിക്കുമ്പോൾ ആർക്കലക്കസ്സിനെ ഓർമ്മിച്ചു് അദ്ദേഹം ഹർഷോന്മാദത്തിനു് വിധേയനാകുമായിരുന്നു. പ്രൂസ്തിന്റെ പ്രഖ്യാതമായ നോവലിലെ ഒരു സ്ത്രീ കഥാപാത്രം (പേരോർമ്മിക്കുന്നില്ല) അച്ഛന്റെ പടം മേശപ്പുറത്തു വച്ചുകൊണ്ടു് വേറൊരുത്തിയുമായി രതിലീലകളാടി. അതായിരുന്നു അവൾക്കു ഹർഷോന്മാദമരുളിയതു്. വൈസ്രോയിയുമായി ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ചു് മഹാത്മാ ഗാന്ധി ചർച്ച നടത്തിക്കൊണ്ടിരിക്കുമ്പോൾ ഗാന്ധിജിയുടെ മകൻ കുടിച്ചു ലക്കില്ലാതെ അവിടെ കടന്നുചെന്നു് അച്ഛനെ അപമാനിക്കും. അതിലായിരുന്നു അയാളുടെ ഹർഷോന്മാദം. ഞാൻ വായിച്ചിട്ടുള്ള ലൈംഗികഗ്രന്ഥങ്ങളിൽ കള്ളങ്ങൾ ഏറ്റവും അധികം എഴുതിക്കൂട്ടിയിട്ടുള്ളതു് Xaviera Hollander എന്ന സ്ത്രീയുടെ പേരിൽ വന്നിട്ടുള്ള പുസ്തകങ്ങളിലാണു്. അതുകഴിഞ്ഞു് നാൻസിയുടെ പേരിൽ പ്രസാധനം ചെയ്തിട്ടുള്ളവയിലും. തികച്ചും ശാസ്ത്രീയമെന്ന മട്ടിൽ ഡേവിഡ് റൂബിൻ (David Reuben) എഴുതിയ “How to get more out of sex”, “Every thing you always wanted to know about sex”, “Any woman can” എന്നീ ഗ്രന്ഥങ്ങളിലും കള്ളമാണധികവും. എന്നാൽ അവ വായിക്കുമ്പോഴറിയാം മൂന്നു പേർക്കും എന്തൊരു ഹർഷോന്മാദമെന്നു്. കഴുത വീണയുടെ അടുത്തു നിൽക്കുമ്പോൾ അതിനും (കഴുതയ്ക്ക്) ഹർഷോന്മാദം. നിത്യജീവിതാനുഭവങ്ങളോ ഗ്രന്ഥപാരായണാനുഭവങ്ങളോ ഇല്ലാത്ത മൈനർ പിള്ളേർ മഹാകവികളെക്കുറിച്ചെഴുതുമ്പോൾ അവർക്കുണ്ടാകുന്ന ഹർഷാന്മാദം പോലെയാണതു്. ലോകഗതി!

ബഹുകാര്യ ചർച്ചാശീലൻ

ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനാരു്? കേരള സാഹിത്യ അക്കാദമിയുടെ ഭരണസാരഥ്യം വഹിക്കുന്ന പവനൻ തന്നെയാണതു്. ആ തീരുമാനത്തിലെത്താൻ ഞാൻ നിർബന്ധിതനായതു് “ഞായറാഴ്ച” വാരികയിൽ അദ്ദേഹമെഴുതിയ “എന്റെ ഞായറാഴ്ചകൾ” എന്ന ലേഖനം വായിച്ചതുകൊണ്ടു മാത്രമത്രേ. പവനൻ എഴുതുന്നു:

“എന്തുകൊണ്ടാണെന്നു് അറിയുന്നില്ല. ഡയറികൾ തയ്യാറാക്കുന്നവർ ഞായറാഴ്ചയ്ക്കു് അനുവദിച്ച സ്ഥലം വളരെ കുറവാണു്. ബഹുഭൂരിപക്ഷത്തിന്റെ സ്ഥിതി ആലോചിച്ചുകൊണ്ടായിരിക്കണം ഡയറി തയ്യാറാക്കുന്നവർ അങ്ങനെ ചെയ്യുന്നതു് എന്നു കരുതുകയേ നിവൃത്തിയുള്ളൂ. എന്നാൽ ഡയറി എഴുതുന്നവരധികവും ഞായറാഴ്ച തിരക്കുള്ളവരായിരിക്കും എന്നാണു് ഞാൻ കരുതുന്നതു്. സാധാരണയായി പൊതുകാര്യ പ്രസക്തന്മാർക്കാണല്ലോ ഡയറിയുടെ ആവശ്യം കൂടുതലുള്ളതു്. എന്നെ സംബന്ധിച്ചിടത്തോളം ഡയറിയിലെ ഞായറാഴ്ചകൾ, ആ ദിവസങ്ങളിലെ ‘എൻഗേജ്മെന്റുകൾ’ കുറിച്ചിടാൻ പോലും മതിയാവുകയില്ല”.

പുളിമൂട്ടിൽ ഭാസ്കരൻ നായരുടെ കടയിലും ആയുർവേദ കോളേജിനടുത്തുള്ള സ്വാമി ബുക്ക് ഡിപ്പോയിലും അതിനു തൊട്ടടുത്തുള്ള പൈ ആൻഡ് കമ്പനിയിലും 1934-ലെ ഡയറികൾ വില്പനയ്ക്കു് വച്ചിരിക്കുന്നതു കണ്ടു. ഓരോന്നും എടുത്തു തുറന്നു നോക്കി. ഞായറാഴ്ചകൾക്കു് ആ ഡയറികളിൽ സ്ഥലം വളരെക്കുറച്ചേയുള്ളൂ. പവനൻ തൃശൂരു് ബഹുകാര്യചർച്ചാശീലനായി വസിക്കുന്നുവെന്നു് ഈ ഡയറി നിർമ്മാതാക്കൾ എന്തേ ഓർമ്മിച്ചില്ല! അടുത്ത വർഷത്തെ ഡയറി അച്ചടിക്കുമ്പോൾ ഇവർ പവനനു് എൻഗേജ്മെന്റുകൾ കുറിച്ചിടാൻ ഞായറാഴ്ചയുടെ താഴെയായി പത്തു പേജെങ്കിലും ഇടണമെന്നു് ഞാൻ വിനയത്തോടെ നിർദ്ദേശിക്കട്ടോ?

പവനൻ വീണ്ടും എഴുതുന്നു:

“കൊല്ലത്തിൽ രണ്ടോ മൂന്നോ ഞായറാഴ്ചകൾ (അതും മഴക്കാലങ്ങളിൽ) ഒഴിവായി കിട്ടിയെന്നുവരും. അത്തരം ഞായറാഴ്ചകളിൽ വളരെ സന്തോഷത്തോടെ ലേഖനമെഴുത്തിന്നോ, മാറ്റിവച്ച വായനയ്ക്കോ വേണ്ടി മേശയ്ക്കു മുമ്പാകെ ചെന്നിരിക്കും. ഗൃഹനായിക ഇതുതന്നെ തരമെന്നു കരുതി പരാതികളുടെ ഭാണ്ഡവുമായി വരുന്നതു് അപ്പോഴായിരിക്കും. പക്ഷേ, അവൾക്കും ആ ഭാണ്ഡക്കെട്ടു മുഴുവൻ അഴിച്ചു വയ്ക്കാൻ പറ്റുകയില്ല. അപ്പോഴത്തേക്കും ചാരത്തു നിന്നോ, ദൂരത്തു നിന്നോ ഉള്ള സന്ദർശകരുടെ വരവായി”.

ഇതാണു് ഞാൻ നേരത്തെ പറഞ്ഞതു് പവനൻ സൗഭാഗ്യവാനാണെന്നു്. ശ്രീയുക്തനാണെന്നു്. നമ്മളെ ആരെയെങ്കിലും ചാരത്തുനിന്നോ ദൂരത്തുനിന്നോ ആരെങ്കിലും കാണാൻ വരുന്നുണ്ടോ? ഇല്ലേയില്ല. ഞാൻ കാലത്തെഴുന്നേറ്റു് കസേരയിൽ ഒടിഞ്ഞു മടങ്ങിയിരിക്കും. വല്ലവനും വരുമെന്നു് കരുതി. ഒരുത്തനുമില്ല. പിന്നെ ഇസ്പീഡ് ഗുലാനെപ്പോലെ വരാന്തയിൽ നില്ക്കും വളരെ നേരം. വീട്ടിനടുത്തേക്കു വരുന്നവർ എന്നെ പ്രസംഗിക്കാൻ ക്ഷണിക്കാനായി വരികയാണെന്നു വിചാരിച്ചു ഞാൻ സന്തോഷിക്കും. ഇല്ല. അവർ വീട്ടിനു സമീപമെത്തി തിരിഞ്ഞങ്ങു പോകുകയാണു്, തൊട്ടപ്പുറത്തുള്ള ബാങ്കിലേക്കു്. ഉച്ചയ്ക്കുശേഷം ഞാനുറങ്ങുന്നു. വൈകുന്നേരം കുറെ നടക്കുന്നു. ഒരുത്തനും സംസാരിക്കുന്നില്ല എന്നോടു്; എന്നല്ല നോക്കുക പോലും ചെയ്യുന്നില്ല. ഞാൻ നിരാശനായി പാങ്ങോട്ടുള്ള അമ്പലത്തിൽച്ചെന്നു പ്രാർത്ഥിക്കുന്നു: “ഭഗവാനേ അടുത്ത ജന്മത്തിലെങ്കിലും ഞാൻ കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി ജനിക്കേണമേ”.

ആന്ദ്രോപ്പോവി നെ വെളിയിൽ കാണാനില്ല പോലും. സുഖക്കേടാണു് അദ്ദേഹത്തിനെന്നു് അമേരിക്കൻ ‘റ്റൈമും’ ‘ന്യൂസ് വീക്കും’ പറയുന്നു. സിറിയൻ ഭരണാധികാരിയെ വെളിയിൽ കാണാനില്ലത്രേ. അദ്ദേഹത്തിനും രോഗമാണു പോലും. കാസ്ട്രോ യും അപ്പോൾ അങ്ങനെ സമ്മേളനങ്ങൾക്കു വരാറില്ല എന്നു് അമേരിക്കൻ പത്രങ്ങൾ പറയുന്നു. അദ്ദേഹത്തിനും സുഖക്കേടാണത്രേ. പച്ചക്കള്ളം. ഇവർ മൂന്നു പേരും ജോലിയില്ലാതെ വീട്ടിലിരിക്കുകയാണു്. ഞായറാഴ്ചയ്ക്കു വേണ്ടി അരയിഞ്ച് മാത്രം ‘സ്പേസി’ട്ട ഡയറിയെടുത്തു നോക്കി ഇവിടെ ഒരു എൻഗേജ്മെന്റും (പവനന്റെ ഭാഷയനുസരിച്ചു് എൻഗേജ്മെണ്ട്) എഴുതാനില്ലല്ലോ എന്നു വിചാരിച്ചു് അവർ ദീർഘശ്വാസം വിട്ടു് ചുമ്മാ ഇരിക്കുകയാണു്. ആന്ദ്രോപ്പോവിനെയും ആസാദി നെയും കാസ്ട്രോയെയും കേരളസാഹിത്യ അക്കാദമിയിൽ മാറിമാറി സെക്രട്ടറിയായി നിയമിച്ചുകൂടേ? അങ്ങനെ ചെയ്താൽ ജോലിയില്ലാത്ത അവർക്കു് ജോലിയായേനേ. നിയമനം നൽകുന്നവർ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. അവർക്കു നൽകുന്ന ഡയറികളിൽ എൻഗേജ്മെണ്ടുകൾ എഴുതാൻ ഞായറാഴ്ച എന്നു് അച്ചടിച്ചതിനു ശേഷം പത്തു പുറമെങ്കിലും ‘ബ്ലാങ്കാ’യി ഇടണം.

ബ്ലാങ്കാണു് പലരുടെയും മനസ്സു്; എന്റെ മനസ്സു പോലെ. ചിലരുടെ മനസ്സാകട്ടെ കർമ്മോദ്യുക്തവും. കർമ്മോദ്യുക്തമായ മനസ്സായതുകൊണ്ടു് അവർ സാമാന്യബുദ്ധിയുള്ളവരാണെന്നു വിചാരിക്കരുതു്. എം. കെ. ത്യാഗരാജ ഭാഗവതരും, എസ്. ഡി. സുബ്ബുലക്ഷ്മി യും കൂടി അഭിനയിച്ച ‘ശാരംഗധരൻ’ എന്ന സിനിമ ഉത്കൃഷ്ടമാണെന്നു വാദിച്ച ഒരു സ്നേഹിതൻ എനിക്കുണ്ടായിരുന്നു. അദ്ദേഹമാണു് രാത്രി നന്ദാവനത്തിൽ പോയതു് (433 ലക്കം കലാകൗമുദി നോക്കിയാലും). കഴുത കരയുന്നതു കേട്ടു് രാജമയ്യങ്കാർ ‘ക്ഷീരസാഗരശയന’ പാടുകയാണെന്നു് വിചാരിക്കുന്നവരുണ്ടോ? ഉണ്ടെങ്കിൽ അവരുടെ മനസ്സു് കർമ്മോദ്യുക്തമായതുകൊണ്ടു് എന്തു പ്രയോജനം? അപ്രകൃതമായതിൽ അഭിരമിക്കുകയാണു് ആളുകൾ.

കഥകൾ

അപ്രകൃതവും ആഗന്തുകവുമായ തെളിവുകൾകൊണ്ടു് (Circumstantial evidence) ശിക്ഷ വാങ്ങി ജയിലിൽ പോകുന്ന ഒരു സർക്കാർ ജീവനക്കാരന്റെ കഥയാണു് സുകുമാർ കൂർക്കഞ്ചേരി പറയുന്നതു് (ദേശാഭിമാനി വാരിക, ‘പ്രതി’ എന്നതു് കഥയുടെ പേരു്). വർഗ്ഗരഹിതസമുദായത്തിന്റെ സംസ്കാരം ആവിർഭവിച്ചാൽ കൈക്കൂലി എന്ന കുത്സികത്വം ഉണ്ടാവുകയില്ലെന്നു് കഥാകാരൻ ധ്വനിപ്പിക്കുന്നു. വായനക്കാരനു് ‘സോഷ്യൽ കോൺഷസ്നെസ്’ നൽകുന്ന കഥ.

images/NarayanaGuru.jpg
ശ്രീനാരായണഗുരു

മുതലാളിയെ കൊല്ലാൻ തൊഴിലാളികൾ സംഖ്യാബലമാർന്നു വരുമ്പോൾ അയാളുടെ ഭാര്യയേയും കുഞ്ഞിനേയും കണ്ടു് അവർ ശാന്തരായി മാറി തങ്ങൾ കൊളുത്തിയ ഫാക്ടറിയെ അഗ്നിയിൽ നിന്നു് രക്ഷിക്കാൻ ഓടുന്നു. ഇതാണു് എൻ. സി. നായർ കുങ്കുമം വാരികയിലെഴുതിയ “മണ്ണിന്റെ മക്കൾ” എന്ന കഥയുടെ സാരം. ഏതു വെള്ളരിക്കാപ്പട്ടണത്തിലാണോ ഇത്തരം സംഭവങ്ങൾ? രാഷ്ട്രീയനേതാവിനു കൈയടി കിട്ടുന്തോറും താൻ കേമനാണെന്നു വിചാരിച്ചു് കൂടുതൽ കൂടുതൽ ഞെളിയുന്നു. വൃദ്ധൻ വടിയൂന്നി നടന്നു് വടിയുടെ ശക്തി തന്റെ ശക്തിയാണെന്നു ധരിക്കുന്നു. ധനികൻ സേഫിനകത്തു് പണം വച്ചുപൂട്ടി പൂട്ടിന്റെ ബലം തന്റെ ബലമാണെന്നു് വിചാരിക്കുന്നു. കഥകൾ വാരികകളിൽ അച്ചടിച്ചു വരുന്തോറും താൻ വിദഗ്ദ്ധനായ കഥാകാരനാണെന്നു് അവിദഗ്ദ്ധൻ വിചാരിക്കുന്നു. മതിവിഭ്രമങ്ങൾ എവിടെയും. പാറപ്പുറത്തു് ചിരട്ടയിട്ടു് ഉരച്ചാൽ എങ്ങനെയിരിക്കും? അതുപോലെ അനുവാചകന്റെ ‘സെൻസിബിലിറ്റി’യിൽ കഥ കൊണ്ടുരച്ചു് അസഹനീയമായ ശബ്ദം കേൾപ്പിക്കുന്നു ജോസ് പനച്ചിപ്പുറം (മാതൃഭൂമിയിലെ ‘ആകസ്മികം’ എന്ന കഥ). ടിക്കറ്റില്ലാതെ യാത്ര ചെയ്തവൻ ടിക്കറ്റ് എക്സാമിനറുടെ ഉപദ്രവം സഹിക്കാൻ വയ്യാതായപ്പോൾ ഓടുന്ന തീവണ്ടിയിൽ നിന്നു് ഏടുത്തുചാടി പോലും. എന്തെങ്കിലും ‘ഷോക്കിങ്ങാ’യിപ്പറഞ്ഞാൽ കഥയാവുകയില്ല. നിരീക്ഷണം, അതിന്റെ ഫലമായ ചിന്തനം, ചിന്തനത്തിൽ നിന്നുണ്ടാകുന്ന പ്രശാന്തത ഇതിനൊക്കെ കിരീടം ചാർത്തിക്കൊടുക്കുന്ന കലാകാരന്റെ മനസ്സിനുള്ള സവിശേഷത ഇതെല്ലാം നമ്മുടെ ചെറുകഥകളിൽ എന്നു കാണാനാണു്?

പകലെത്തുന്നതുപോലെ രാത്രിയും വന്നുചേരും. രണ്ടിനോടും വരരുതു് എന്നു ആജ്ഞാപിക്കാൻ നമുക്കു് അധികാരമില്ല. രാത്രി എത്തുമ്പോൾ ഇരുട്ടത്തിരിക്കാൻ പേടിയുണ്ടെങ്കിൽ വിളക്കുകത്തിച്ചുകൊള്ളണം. മലയാളസാഹിത്യത്തിൽ കുമാരനാശാനും വള്ളത്തോളും ജി. ശങ്കരക്കുറുപ്പും ചങ്ങമ്പുഴ യും ഇടപ്പള്ളി രാഘവൻ പിള്ള യും കാവ്യങ്ങൾ രചിച്ചിരുന്ന കാലത്തു് പകലായിരുന്നു. ഇപ്പോൾ രാത്രിയാണെന്നാണു് എന്റെ വിചാരം. ഏതു വിളക്കാണു് ഞാൻ കത്തിക്കേണ്ടതു്?

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-01-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 4, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.