സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-02-05-ൽ പ്രസിദ്ധീകരിച്ചതു്)

images/JeanCocteau.jpg
ഷാങ് കൊക്‍തോ

ഫ്രഞ്ച് സാഹിത്യകാരൻ ഷാങ് കൊക്‍തോ യുടെ (Jean Cocteau, 1889–1963) ഏതോ ഗ്രന്ഥത്തിൽ വായിച്ച ഒരു കൊച്ചു കഥ ഓർമ്മയിലെത്തുന്നു. യുവാവായ ഒരു ചൈനീസ് ചിത്രകാരൻ ഗ്രാമത്തിൽ അലഞ്ഞു തിരിയുമ്പോൾ ഒരു ചിത്രശലഭത്തെ കാണാനിടയായി. മനോഹരമായ ചിത്രശലഭം. അത്രയ്ക്കു സുന്ദരമായ മറ്റൊരു ചിത്രശലഭത്തെ അയാൾ മുൻപു കണ്ടിട്ടേയില്ല. ചിത്രകാരൻ വീട്ടിൽച്ചെന്നു് ഓർമ്മയിൽ നിന്നു് അതിനെ വരയ്ക്കാൻ തുടങ്ങി. സൂക്ഷ്മാംശങ്ങളിൽപ്പോലും തെറ്റു പറ്റരുതെന്നു കരുതി വരച്ചപ്പോൾ നൂറു വർഷം വേണ്ടിവന്നു ആ ചിത്രം പൂർണ്ണമാകാൻ. ഒടുവിൽ മരിക്കുന്നതിനു തൊട്ടു മുൻപു് അയാൾ അവസാനത്തെ മിനുക്കുപണി കൂടെ നടത്തി. ചിത്രശലഭം കടലാസ്സിൽ നിന്നു പറന്നു പോയി.

images/TheArtistoftheBeautiful.jpg

നതനീയൽ ഹോതോൺ (Nathaniel Hawthorne, 1804–64) എന്ന അമേരിക്കൻ സാഹിത്യകാരൻ എഴുതിയ The Artist of the Beautiful എന്ന ചെറുകഥ പ്രസിദ്ധമാണു്. ഒരു വാച്ച് നിർമ്മാതാവിന്റെ കൂടെ ജോലി ചെയ്യാൻ പ്രേരിപ്പിക്കപ്പെട്ട ഒരു യുവാവു് ഒരു ചിത്രശലഭത്തെ നിർമ്മിച്ചു് പേടകത്തിലാക്കി അയാളുടെ പൂർവ്വ കാമുകിയുടെ വീട്ടിൽ കൊണ്ടുചെന്നു. അതിനു ജീവനുണ്ടോ എന്നു് അവൾക്കു സംശയം. യന്ത്രത്തിനു ജീവനെങ്ങനെ വരും എന്നു് അവളുടെ ഭർത്താവു ചോദിച്ചു. അവൾ പേടകത്തിൽ തൊട്ടപ്പോഴാണെന്നാണു് എന്റെ ഓർമ്മ, ചിത്രശലഭം അതിനകത്തു നിന്നു പുറത്തേക്കു് ഇറങ്ങി ഉയർന്നു പൊങ്ങി. എല്ലാവരും അദ്ഭുതപ്പെട്ടു. അതു് കലാകാരന്റെ—നിർമ്മാതാവിന്റെ—അടുത്തേക്കു വന്നപ്പോൾ ‘നിനക്കു ഞാൻ ജീവൻ തന്നു കഴിഞ്ഞു. ഇനി നീ എന്റേതല്ല’ എന്നോ മറ്റോ അയാൾ പറഞ്ഞു. പൂർവ്വകാമുകിയുടെ മകൻ ചിത്രശലഭത്തെ പിടിച്ചു കൈക്കകത്തു വച്ചു ഞെരിച്ചു കളഞ്ഞു. അവന്റെ കൈ ആരോ തുറന്നു നോക്കിയപ്പോൾ ഏതാനും കാഞ്ചന രേണുക്കൾ മാത്രം.

ഈ രണ്ടു കഥകളിലും കലാകാരന്മാരുടെ സത്ത കലാസൃഷ്ടികളിലേക്കു പ്രവഹിക്കുന്നു എന്ന ആശയത്തിനാണു പ്രാധാന്യം. ഹോതോണിന്റെ കഥയിൽ മറ്റൊരാശയവുമുണ്ടു്. കലാകാരൻ കലാസൃഷ്ടിക്കു ജീവൻ നല്കി ബഹുജനത്തിന്റെ മുൻപിൽ സമർപ്പിച്ചു കഴിഞ്ഞാൽ അയാളുടെ ഉത്തരവാദിത്വം അതോടെ തീരുകയായി. വിമർശനം കൊണ്ടു് ആരെങ്കിലും അതിനെ നശിപ്പിച്ചാലും അയാൾക്കു പരാതിയില്ല. കലാകാരന്റെ ബുദ്ധിയും ഭാവനയും ഭാവസംദൃബ്ധതയും ഒക്കെ ചേർന്നതാണു് കലാസൃഷ്ടി. എങ്കിലും അതു മരിച്ചാലും അയാൾക്കു ദുഃഖമില്ല. മുൻകോപികളായ നമ്മുടെ കഥാകാരന്മാരും കവികളും ഹോതോൺ ഉപന്യസിക്കുന്ന സാരസ്വത രഹസ്യം മനസ്സിലാക്കിയെങ്കിൽ!

ആന്റി സോഷ്യൽ…

മനസ്സിലാക്കിയെങ്കിൽ വിജയം രവി “ഡോക്ടർ വിരൂപാക്ഷൻ” എന്ന വിരൂപമായ “ഹാസ്യകഥ” എഴുതുകില്ലായിരുന്നു (മനോരമ, ലക്കം 49). മരുന്നു്, കഴിക്കാൻ കൊടുത്തും അതു് ശരീരത്തിൽ കുത്തിവച്ചും ഒരുത്തന്റെ പണം പിടുങ്ങുന്ന ഡോക്ടർ ഒരാളെ ജാമ്യത്തിലിറക്കാൻ പൊലീസ് സ്റ്റേഷനിൽ പോയിരിക്കുന്നുവെന്നറിഞ്ഞു് അയാൾ അവിടെ ചെല്ലുന്നു. സ്റ്റേഷനകത്തിരിക്കുന്ന ഡോക്ടറെ കാണാൻ വേണ്ടി താൻ മെഡിക്കൽ റെപ്രിസെന്റേറ്റീവ് ആണെന്നു കള്ളം പറയുന്നു. പൊലീസുകാർ വ്യാജ ഡോക്ടറെയും അയാൾക്കു മരുന്നു കൊണ്ടു കൊടുക്കുന്നവനെന്നു കരുതി അയാളെയും ഇരുമ്പഴികൾക്കുള്ളിലാക്കുന്നു. രചനയിൽ വേളൂർ കൃഷ്ണൻകുട്ടി യെ അനുകരിക്കുന്ന വിജയം രവി ആ വ്യാജ ഡോക്ടറെപ്പോലെ വ്യാജ സാഹിത്യകാരനാണു്. ഫ്രസ്ട്രേഷന്റെ—തകർച്ചയുടെ—ഫലമാണു് ഹാസ്യം എന്നു് പറയാറുണ്ടു്. തന്നെ അടിച്ചമർത്താൻ ആരെങ്കിലും ശ്രമിച്ചാൽ അയാൾ ഹാസ്യസാഹിത്യകാരനാവും എന്നു് മനഃശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. വിദേശാധിപത്യത്തിലമർന്ന രാജ്യങ്ങളിൽ ഹാസ്യസാഹിത്യകാരന്മാർ ധാരാളമുണ്ടാകുന്നതിന്റെ ഹേതു അതാണു്. സ്വതന്ത്രരായ ഇംഗ്ലീഷുകാരുടെ ഇടയിൽ അത്രയധികം ഹാസ്യസാഹിത്യകാരന്മാരില്ല എന്നതും ഓർമ്മിക്കത്തക്കതാണു്. ഏതോ തകർച്ചയുടെ നേർക്കുള്ള ആത്മരക്ഷണമായി വിജയം രവിയുടെ ‘ഹാസ്യ’ രചനയെ പരിഗണിക്കാൻ എനിക്കു വൈഷമ്യമില്ല. പക്ഷേ, അദ്ദേഹത്തിന്റെ ഈ പ്രവൃത്തി ‘ഒരാന്റി സോഷ്യൽ’ പ്രവർത്തനമാണു്. അന്യനു് ശാരീരികമോ മാനസികമോ ആയ നാശം ഉണ്ടാക്കുന്നതു് സമൂഹവിരുദ്ധപ്രവർത്തനം. അതു് കരുതിക്കൂട്ടിയാവാം; അല്ലാതെയാവാം. അന്യന്റെ വീട്ടിൽ ചെല്ലുന്ന കുട്ടികൾ അയാളുടെ ഷോക്കേസിലെ കൗതുകവസ്തുക്കൾ വലിച്ചിട്ടു പൊട്ടിക്കുന്നതു് സമൂഹവിരുദ്ധ പ്രവർത്തനമാണെങ്കിലും കരുതിക്കൂട്ടിയുള്ള പ്രവർത്തനമല്ല. അതിഥി വന്നു സംസാരിക്കുമ്പോൾ റേഡിയൊയോ ടെലിവിഷൻ സെറ്റോ ഉച്ചത്തിൽ ശബ്ദിപ്പിക്കുന്നതു് കരുതിക്കൂട്ടിയുള്ള ‘ആന്റി സോഷ്യൽ ബിഹേവിയർ’. വിജയം രവിക്കു് ആരെയും ഉപദ്രവിക്കണമെന്നു് ഉദ്ദേശ്യമില്ല. അദ്ദേഹം ഷോക്കേസിലെ ഭംഗിയാർന്ന വസ്തുക്കൾ വലിച്ചിട്ടു പൊട്ടിക്കുന്നതു് അബോധാത്മകമായിട്ടാണു്. അതു് ആന്റിസോഷ്യലാണെങ്കിലും ക്ഷന്തവ്യം.

റഷ്യാക്കാരാണു് ഫലിതം നല്ലപോലെ ആസ്വദിക്കുന്നതെന്നു് ജൂതന്മാർ പറയുന്നു. മൂന്നു തവണയാണു് റഷ്യാക്കാരന്റെ ചിരിച്ചു കൊണ്ടുള്ള ആസ്വാദനം. ഒന്നു്: നേരമ്പോക്കു കേൾക്കുമ്പോൾ. രണ്ടു്: അതു് അയാൾക്കു വിശദീകരിച്ചു കൊടുക്കുമ്പോൾ. മൂന്നു്: റഷ്യാക്കാരൻ അതു മനസ്സിലാക്കുമ്പോൾ. റഷ്യാക്കാർ ജൂതന്മാരെ ഉപദ്രവിക്കുന്നുണ്ടോ?

ഭർത്തൃഹരി പറഞ്ഞ സത്യം

ഉപദ്രവമില്ലെങ്കിലും സീനത്തിന്റെ “അനുരാഗനാടകം” (മനോരാജ്യം, ലക്കം 7) ഫലിതമല്ല, സാഹിത്യമല്ല. ഡ്രായിങ് മാസ്റ്റർ കൃഷ്ണൻ നായർ സുന്ദരനല്ലെങ്കിലും പെണ്ണുങ്ങൾ ഇഷ്ടപ്പെടുന്നവനാണു്. എന്നാൽ സുന്ദരനായ ഡ്രിൽ മാസ്റ്ററോടു് ഒരു പെണ്ണും സംസാരിക്കാൻ പോകുന്നില്ല. ഒരിക്കൽ അയാൾ ഒരു ടീച്ചറിനോടു സംസാരിക്കാൻ ശ്രമിച്ചു. പിള്ളേർ അതു കണ്ടു ബഹളം കൂട്ടി. ‘ഒരുപാടു പ്രേമം നടത്തി പൊളിഞ്ഞ പുള്ളിയാണത്രേ’ ഡ്രിൽ മാസ്റ്റർ. അതുകൊണ്ടാണത്രേ സ്ത്രീകൾ അടുക്കാത്തതു്. ഇതിലെ ‘സൈക്കോളജി’ അത്രകണ്ടു ശരിയല്ല. ‘മോറൽ റെക്കു’കളെ—സാന്മാർഗ്ഗികമായി അധഃപതിച്ചവരെ—പെണ്ണുങ്ങൾക്കു് സീനത്തു വിചാരിക്കുന്നതുപോലെ അത്ര വെറുപ്പൊന്നുമില്ല. ഇല്ലെന്നു മാത്രമല്ല ഇഷ്ടമാണു താനും. പിന്നെ വർത്തമാനം പറയുന്നതിനെക്കുറിച്ചു്. തങ്ങൾക്കു് ഇഷ്ടമില്ലാത്തവരോടു വാതോരാതെ സംസാരിക്കുകയും ഇഷ്ടമുള്ളവരെ കണ്ടില്ലെന്നു ഭാവിച്ചു പോകുകയും ചെയ്യുന്നതു് സ്ത്രീകളുടെ സ്വഭാവമാണു്. ഭർത്തൃഹരി പറഞ്ഞതു കേട്ടാലും:

“ജല്പന്തി സാർദ്ധമന്യേന പശ്യന്ത്യന്യം സവിദ്രമാഃ

ഹൃദ്ഗതം ചിന്തയന്ത്യന്യം പ്രിയഃ

കോ നാമ യോഷിതാം.”

(ഒരാളോടു സംസാരിക്കുന്നു. വിഭ്രമങ്ങളോടുകൂടി (രതിജന്യമായ ചേഷ്ടാവിശേഷങ്ങളോടുകൂടി) വേറൊരുത്തനെ നോക്കുന്നു. മറ്റൊരുത്തനെ മനസ്സിൽ വിചാരിക്കുന്നു. സ്ത്രീകൾക്കു് ആരിലാണു് സ്ഥിരമായ രാഗം?)

images/Kaniyapuram.jpg
കണിയാപുരം രാമചന്ദ്രൻ

സ്ഥിരമായ രാഗം ആപത്താണെന്നു തകഴി തെളിയിച്ചതായി കണിയാപുരം രാമചന്ദ്രൻ പറയുന്നു. “ഒരാളിന്റെ കഥ മൂന്നു തരത്തിൽ എഴുതാമെന്നു തെളിയിച്ചതിനു (തകഴിക്കു്) നോബൽ സമ്മാനം ലഭിക്കും.” എന്നാണു് അദ്ദേഹം ദീർഘദർശനം ചെയ്യുന്നതു് (കലാകൗമുദി, ലക്കം 436). ഈ വാക്യത്തിലടങ്ങുന്ന തീക്ഷ്ണമായ ഹാസ്യം തകഴിയേയും രസിപ്പിക്കുമെന്നാണു് എന്റെ വിചാരം. ആരെ ഉദ്ദേശിച്ചു് ഹാസ്യം പ്രയോഗിക്കുന്നുവോ അതു് ആ ആളിനേയും രസിപ്പിക്കുമ്പോൾ അതു് ഉത്തമഹാസ്യമായി ഭവിക്കുന്നുവെന്നു കുട്ടിക്കൃഷ്ണമാരാർ പറഞ്ഞിട്ടുണ്ടു്. ആ നിലയിൽ കണിയാപുരം രാമചന്ദ്രന്റെ ഹാസ്യം ഉത്തമം തന്നെ.

ഞാൻ തകഴിയെ ലക്ഷ്യമാക്കി പറയുകയല്ല. ഇത്രയും എഴുതിയപ്പോൾ ഉണ്ടായ വിചാരം ഇവിടെ ആവിഷ്കരിക്കുകയാണു്. സന്ദർഭത്തോടു യോജിക്കുന്നില്ല എന്നു മനസ്സിലാക്കിക്കൊണ്ടു തന്നെ. ഈ നാട്ടിൽ ‘പൊരുതുന്ന’ സാഹിത്യകാരന്മാർ ഏറെയുണ്ടു്. കഷ്ടപ്പെടുന്നവർക്കു വേണ്ടി തൂലിക ചലിപ്പിക്കുന്നവരാണു് അവർ. എന്നാൽ അവരുടെ ‘പൊരുതൽ’ രചനകളിലേയുള്ളു. താമസിക്കാൻ രണ്ടു നില മാളിക, സഞ്ചരിക്കാൻ പുതിയ കാറ്, സായാഹ്നങ്ങളിൽ കണ്ടു രസിക്കാൻ ‘കളർ ടെലിവിഷൻ’, ഉന്നതന്മാരോടു സംസാരിച്ചു രസിക്കാൻ കളർ ടെലിഫോൺ, ഭാര്യയുടെ മൂക്കിൽ പുക കയറാതിരിക്കാൻവേണ്ടി അടുക്കളയിൽ വിദ്യുച്ഛക്തി കൊണ്ടു പ്രവർത്തിക്കുന്ന അടുപ്പു്, സ്വിച്ചോൺ ചെയ്താൽ ചൂടു വെള്ളം കിട്ടുന്ന കുളിമുറി, ഐസ്ക്രീമും ഫ്രൂട്ട്സാലഡും ശരിപ്പെടുത്തിയെടുക്കാൻ ഫ്രിജ്ജ്, എന്നെപ്പോലുള്ള സുയോധനന്മാർക്കു സ്ഥലജലവിഭ്രമം ഉളവാക്കാൻ മൊസൈക് പാകിയ തറ. ഇവർ തൂലികയെടുത്തു് ‘മുതലാളിയുടെ രക്തം കുടിക്കണം’ എന്നു് അലറുന്നു. ബൂർഷ്വാ മൂല്യങ്ങളെ താലോലിച്ചുകൊണ്ടു് പ്രോലിറ്റേറിയൻ മൂല്യങ്ങളെ വാഴ്ത്തുന്നു. അവർ കാറിൽ പോകുമ്പോൾ തൊഴിലാളികൾ നടക്കുന്നു. എന്തൊരന്തരം! ബഹുജനത്തിനു് ഈ പൊരുതുന്ന സാഹിത്യകാരന്മാരെയാണു് ഇഷ്ടം, ബഹുമാനം, അതിലുമുണ്ടു് ഒരു ‘സൈക്കൊളോജിക്കൽ ട്രൂത്ത്’. നെറ്റിപ്പട്ടം കെട്ടി ഉത്സവസ്ഥലത്തു് മന്ദമന്ദം നീങ്ങുന്ന ആന ബഹുമാനം നേടും, പ്രേക്ഷകരുടെ നെറ്റിപ്പട്ടമില്ലാതെ മദംപൊട്ടി ഓടുന്ന ആനയെ “വെടിവച്ചു കൊല്ലു്” എന്നേ ആളുകൾ ആക്രോശിക്കു. നെറ്റിപ്പട്ടം കെട്ടിയവനെങ്കിലും സ്വയം നിയന്ത്രിച്ചവനാണു് ആ ഗജവീരൻ. എന്നാൽ അവൻ എല്ലാം ഗ്രഹിച്ചവനുമാണു്. തക്ക സമയത്തു് അവൻ ചിന്നം വിളിക്കും. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരായ നമ്മുടെ വിപ്ലവ സാഹിത്യകാരന്മാർ ജയിക്കട്ടെ.

ശ്രീനാരായണൻ
images/KMTharakan.jpg
കെ. എം. തരകൻ

ജയിക്കുന്നവർ ആചാര്യന്മാരാണെന്നും മഹാന്മാരാണെന്നും പലരും വിചാരിക്കുന്നു. ശരിയല്ല അതു്. ശ്രീരാമകൃഷ്ണ പരമഹംസ നെയോ വിവേകാനന്ദനെ യോ രമണ മഹർഷി യെയോ നാരായണ ഗുരുസ്വാമി യെയോ നമ്മൾ വാഴ്ത്തുമ്പോൾ നമ്മളാണു് ജയിക്കുന്നതു്. കാരണമുണ്ടു്. മഹാന്മാർക്കു നമ്മുടെ സ്തുതിവചനങ്ങൾ ആവശ്യമില്ല. അവരെ വാഴ്ത്തുമ്പോൾ നമ്മൾക്കു മാനസികമായ ഔന്നത്യം ഉണ്ടാകുന്നതേയുള്ളൂ. പ്രൊഫസർ കെ. എം. തരകൻ ശ്രീനാരായണനെക്കുറിച്ചു് എഴുതുന്നു:

“ഹായോഗ പരിശീലനം കൊണ്ടുമാത്രമല്ല, നിസ്സംഗത്വംകൊണ്ടും ജീവമുക്തനായ യോഗീന്ദ്രൻ, മർദ്ദിതജനതയുടെ ആത്മവീര്യത്തെ വിജ്രംഭിപ്പിച്ച വിപ്ലവകാരി, സഹജീവികളെ സേവിച്ച പതിതകാരുണികനായ ലോകസേവകൻ, കവി, ദാർശനികൻ, ഭാരതീയ നവോത്ഥാനത്തിന്റെ മഹാശില്പി എന്നീ നിലകളിൽ ശ്രീനാരായണഗുരു ലോകത്തിലെ മഹാപുരുഷന്മാരിൽ ഒരാളായി വിരാജിക്കുന്നുവെന്ന സത്യത്തെ ശിവഗിരി തീർത്ഥാടന/ കനകജൂബിലി വിളംബരം ചെയ്യുന്നു”. (മനോരമ)

ഇതെഴുതിയപ്പോൾ കെ. എം. തരകനുണ്ടായ മാനസികോന്നമനം വായനക്കാരനായ എനിക്കും ഉണ്ടാകുന്നു. മനുഷ്യൻ എങ്ങനെയാണു് അമരത്വം വരിക്കുന്നതു്. ആത്മനിയന്ത്രണം കൊണ്ടും തന്നെ ഉന്നമിപ്പിക്കുന്നതു കൊണ്ടും. ഞാൻ സാധാരണ മനുഷ്യനാണു്, എന്റെ വികാരങ്ങളേയും ചിന്തകളേയും നിയന്ത്രിക്കാൻ എനിക്കു കഴിയുന്നില്ല, എന്നെപ്പോലുള്ളവരാണു് മറ്റുള്ളവരും. സുദൃഢമായ ഒരു ‘പേഴ്സനാലിറ്റി’ രൂപവത്കരിക്കുന്നതിനു മുൻപു് ഞാൻ അന്തരിച്ചു പോകും. ആചാര്യന്മാർ അങ്ങനെയല്ല. അവർ കുട്ടിക്കാലം തൊട്ടുതന്നെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിച്ചു് സ്വത്വം ദൃഢമാക്കുന്നു. അങ്ങനെ ദാർഢ്യമാർന്ന സ്വത്വം ഉള്ളവരെ കണ്ടാലുടനെ അറിയാം. നാരായണ ഗുരുസ്സ്വാമിയെ ഞാൻ കണ്ടിട്ടില്ല. പി. കേശവദേവും കൈനിക്കര പദ്മനാഭപിള്ള യും അദ്ദേഹത്തെ കണ്ടിട്ടുണ്ടു്, സംസാരിച്ചിട്ടുണ്ടു് എന്നു് അവർ എന്നോടു പറഞ്ഞു. അദ്ദേഹമെങ്ങനെ എന്നു് ഞാൻ രണ്ടു പേരോടും പ്രത്യേകം പ്രത്യേകം ചോദിച്ചപ്പോൾ അവർ അറിയിച്ചതു് “അസാധാരണമായ തേജസ്സാർന്ന മഹാൻ” എന്നാണു്. ഈ തേജസ്സു് സ്വത്വത്തിന്റെ—പേഴ്സനാലിറ്റിയുടെ-–ഫലമാണു്. ഇങ്ങനെ തേജസ്സു് ആവഹിക്കുന്നതിനെ തന്നെയാണു് ‘ഡിവിനിറ്റി’ എന്നു വിളിക്കുന്നതു് ദൈവികത്വമാർജ്ജിച്ചു് അമരത്വം കൈവരിച്ച ആചാര്യനാണു് ശ്രീനാരായണൻ. “ഭൂമിയിൽ സ്വർഗ്ഗമുണ്ടു്; ഓരോ കുറ്റിക്കാടും ഈശ്വരശക്തിയാൽ ജ്വലിക്കുന്നു” എന്നൊരു കവി. ഈ സ്വർഗ്ഗത്തേയും അഗ്നിയേയും സാക്ഷാത്കരിച്ച മഹാന്മാരെക്കുറിച്ചു് എഴുതുന്നതു് ഉചിതജ്ഞതയുള്ള പ്രവൃത്തിതന്നെ.

images/Socrates.jpg
സോക്രട്ടീസ്

ഉചിതജ്ഞതയാർന്ന പ്രവൃത്തികളിൽ താല്പര്യമില്ലാത്തവരാണു് നമ്മുടെ നിരൂപകർ. സോക്രട്ടീസ് ചോദിച്ചു: “റൊട്ടി വിലകൂടിയ ഭക്ഷണസാധനമായും വിലകൂടിയ ഭക്ഷണസാധനത്തെ റൊട്ടിയായും കരുതി ഭക്ഷിക്കുന്നതു് ആരു്?” സോക്രട്ടീസിന്റെ ശിഷ്യൻ അതിനു മറുപടി നല്കിയില്ല. കേരളത്തിലെ ഒരു ശിഷ്യൻ മറുപടി പറയുന്നു: “കേരളത്തിലെ നിരൂപകർ”.

എം. എൻ. ഗോവിന്ദൻ നായർ
images/MNGovindanNair.jpg
എം. എൻ. ഗോവിന്ദൻ നായർ

നിരൂപകർക്കു പോലും കുറ്റം പറയാൻ വയ്യാത്ത വിധത്തിൽ ശുദ്ധമായ രാഷ്ട്രീയജീവിതം നയിക്കുന്ന വ്യക്തിയാണു് എം. എൻ. ഗോവിന്ദൻ നായർ. അദ്ദേഹം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കാലത്തു് ഞാൻ ഒരിക്കൽ റോഡിൽ വച്ചു കണ്ടു അദ്ദേഹത്തെ. ഞാൻ കമ്മ്യൂണിസ്റ്റല്ല. എങ്കിലും വിമലാത്മതയ്ക്കു പരാജയം വരുന്നതു് എനിക്കിഷ്ടമല്ല. അതുകൊണ്ടു് ഞാൻ തെല്ലൊരു ദുഃഖത്തോടെ അദ്ദേഹത്തോടു ചോദിച്ചു: “സാറും സാറിനെപ്പോലുള്ളവരും തിരഞ്ഞെടുപ്പിൽ തോല്ക്കുന്നതു കഷ്ടമല്ലേ?” എം. എൻ. ഗോവിന്ദൻ നായർ ചിരിച്ചതേയുള്ളു. മറുപടി ഒന്നും പറഞ്ഞില്ല. ഞാൻ തുടർന്നു പറഞ്ഞു: “ഞാൻ ആദ്യമായി സെക്രിട്ടേറിയറ്റിൽ ജോലി നോക്കിയിരുന്നു. അന്നു് സാറിനെ സംബന്ധിച്ച ഫയൽ ‘ഡീല് ’ ചെയ്തിരുന്നതു് ഞാനാണു്. നാഗർകോവിലിലെ ആശുപത്രിയിൽ നിന്നു് സാറ് ഓടിപ്പോയ വിവരം പൊലീസ് ഇൻസ്പെക്ടർ ജനറൽ റിപ്പോർട്ട് ചെയ്തപ്പോൾ ദിവാൻ സർ സി. പി. “Arrest him within twenty four hours” എന്നു് ഓർഡറിട്ടു. പക്ഷേ, സാറിനെ പിടികൂടാൻ കഴിഞ്ഞില്ല” അതു കേട്ടപ്പോഴും എം. എൻ. ഹൃദ്യമായി ചിരിച്ചു. എന്നിട്ടു പറഞ്ഞു: “അതേ, അങ്ങനെയുള്ള സന്ദർഭങ്ങളൊക്കെ തരണം ചെയ്തല്ലേ ഞാനിവിടെ എത്തിയതു്. ജനങ്ങൾക്കു് അതറിയാമല്ലോ. അതുമതി”. സംസ്കാരഭദ്രമായ ഈ മറുപടി കേട്ടു് ഞാൻ ആഹ്ലാദിച്ചു. അതേ സംസ്കാര സൗരഭ്യം അദ്ദേഹത്തിന്റെ ആത്മകഥയിലുമുണ്ടു്. അതിന്റെ ഒരു ഭാഗം ജനയുഗം വാരികയിൽ കാണാം (ലക്കം 29). രാഷ്ട്ര വ്യവഹാരത്തിൽ (Politics) ഒരു നേതാവിനും അഭിപ്രായം ഇരുമ്പുലക്ക ആയിരുന്നു കൂടെന്നു സിസറോ പറഞ്ഞിട്ടുണ്ടു്. അഭിപ്രായം ഇരുമ്പുലക്ക തന്നെ എന്നു ജീവിതം കൊണ്ടു തെളയിച്ച നേതാവാണു് എം. എൻ. ഗോവിന്ദൻ നായർ. വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിൽക്കൂടി നേരേ കാറോടിക്കാൻ പറ്റുമോ എന്ന ചോദ്യമുണ്ടാകാം. രാഷ്ട്ര വ്യവഹാരത്തിന്റെ വക്രമാർഗ്ഗത്തിലും അതിനു സാദ്ധ്യതയുണ്ടു്. നെഹ്റു ആവിധത്തിലൊരു മഹാനാണു്. രാജഗോപാലാചാരി അങ്ങനെയായിരുന്നില്ലതാനും.

രാജഗോപാലാചാരിയാണു് താൻ കണ്ട മൂന്നു മഹാന്മാരിലൊരാൾ എന്നു് അമേരിക്കൻ പ്രസിഡന്റായിരുന്ന നിക്സൻ ആത്മകഥയിൽ എഴുതിയിരിക്കുന്നു. നെഹ്റുവിനെക്കുറിച്ചു് പ്രശംസിച്ചു് അതിൽ ഒന്നുമില്ല. അദ്ദേഹം (നെഹ്റു) കാശ്മീരിനെക്കുറിച്ചു് “ഒബ്സെസ്സീവാ”യി സംസാരിച്ചുകൊണ്ടിരുന്നു എന്നാണു് നിക്സൺ കുറ്റപ്പെടുത്തുന്നതു്. ഐസനോവർ ഈശ്വര വിശ്വാസിയാണോ എന്നേ രാജഗോപാലാചാരിക്കു ചോദിക്കാനുണ്ടായിരുന്നുള്ളൂ. എന്നാൽ ഭാരതത്തെ സ്നേഹിച്ച നെഹ്റു അതിന്റെ ഒരു ഭാഗം മറ്റുള്ളവർ കൈയ്യടക്കുന്നതിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു. രണ്ടുപേരുടെയും മാനസിക നില ഇതു വ്യക്തമാക്കും. സായ്പിനു് നെഹ്റുവിന്റെ ആവർത്തിച്ചുള്ള പ്രസ്താവം ഇഷ്ടപ്പെട്ടില്ലെങ്കിൽത്തന്നെ എന്തു്?

രണ്ടുരത്നങ്ങൾ
images/Kazantzakis.jpg
കാസാൻദ്സാക്കീസ്

ഇഷ്ടപ്പെട്ടതു് എന്തെല്ലാം ഈ ലോകത്തുണ്ടു്. അതു് എല്ലാം പറഞ്ഞു തീർക്കാനാവുമോ? സാഹിത്യഗ്രന്ഥങ്ങളിലെ ഒന്നോ രണ്ടോ ഭാഗങ്ങളെക്കുറിച്ചു മാത്രം പറയാം. കാസാൻദ്സാക്കീസി ന്റെ Zorba the Greek എന്ന നോവലിൽ വസന്തം ആഗമിക്കുന്നതു് സോർബ കാണുന്നതിന്റെ വർണ്ണനയുണ്ടു്. അയാൾ (സോർബ) ചോദിച്ചു: “അതെന്താണു്. അതാ അവിടെക്കാണുന്ന അദ്ഭുതം. ചലനം കൊള്ളുന്ന ആ നീലനിറം. എന്താണതിന്റെ പേരു്? കടലോ? കടലോ? പൂക്കളുള്ള പച്ചനിറമാർന്ന ആ ആച്ഛാദനമെന്താണു്? (apron) ഭൂമിയോ? അതു നിർമ്മിച്ച കലാകാരനാരു്? ഞാൻ സത്യം ചെയ്യാം. ആദ്യമായിട്ടാണു് ഞാനിതു കാണുന്നതു്”.

ഞാൻ ഉറക്കെച്ചോദിച്ചു: ‘സോർബ, നിനക്കു കിറുക്കോ?’

“അങ്ങു് എന്താണു ആക്ഷേപിക്കുന്നതു്? അതാ കാണുന്നില്ലേ. അതിന്റെ പിറകിലെല്ലാം മാജിക് ഉണ്ടു്”.

സോർബയ്ക്കുണ്ടായ ഹർഷോന്മാദം വായനക്കാർക്കു് ഉണ്ടാകുന്നില്ലെങ്കിൽ അതിനു ഹേതു എന്റെ അവിദഗ്ദ്ധമായ ഭാഷാന്തരീകരണമാണു്.

എന്നെ എന്തെന്നില്ലാതെ ആകർഷിച്ച ഒരു നാടകമാണു് എദ്മോങ് റോസ്താങ്ങി ന്റെ (Edmond Rostand, 1868–1918) സീറാനോ ദ ബർഷറക് (Cyrano de Bergerac). നാടകത്തിലെ നായികയെ സീറാനോ സ്നേഹിക്കുന്നു. തന്റെ നാസികയ്ക്കു നീളം കൂടുതലായതു കൊണ്ടു് അവൾ തന്നെ സ്നേഹിക്കുകയില്ലെന്നു് അദ്ദേഹം കരുതുന്നു. അവളെ സ്നേഹിക്കുന്ന മറ്റൊരു യുവാവിനു് പ്രേമലേഖനമെഴുതാനുള്ള പ്രാഗൽഭ്യമില്ല. അവ അയാൾക്കു് എഴുതിക്കൊടുക്കുന്നതു് സീറാനോയാണു്. യുവാവും യുവതിയും ദമ്പതികളായി. അയാളുടെ എഴുത്തുകളാണു് തന്റെ പ്രേമത്തെ ഉദ്ദീപിപ്പിച്ചതെന്നു് അവൾ പറഞ്ഞു. എഴുത്തുകൾ സീറാനോ എഴുതിയതാണെന്നു പറയാൻ യുവാവു് അദ്ദേഹത്തെ നിർബ്ബന്ധിച്ചെങ്കിലും അദ്ദേഹം അക്കാര്യം രഹസ്യമായി സൂക്ഷിച്ചതേയുള്ളു. യുദ്ധത്തിൽ യുവാവു മരിച്ചു. മരിച്ച ഭർത്താവിന്റെ അവസാനത്തെ എഴുത്തു വായിച്ചു കേൾപ്പിക്കാൻ യുവതി സീറാനോയോടു് അപേക്ഷിച്ചു. രാത്രി സീറാനോയ്ക്കോ യുവതിക്കോ എഴുത്തു വായിക്കാൻ വയ്യ. അത്രയ്ക്കു് ഇരുട്ടാണു്. എങ്കിലും താൻ എഴുതിയ എഴുത്തു് സീറാനോ നിഷ്പ്രയാസം വായിച്ചു. അപ്പോഴാണു് അവൾക്കു മനസ്സിലായതു് തനിക്കു കിട്ടിയ എല്ലാക്കത്തുകളും സീറാനോയാണു് എഴുതിയതെന്നു്. കഴിഞ്ഞ പതിനഞ്ചു വർഷമായി താൻ അദ്ദേഹത്തിന്റെ ആത്മാവിനെ ആ എഴുത്തുകളിലൂടെ സ്നേഹിക്കുകയായിരുന്നുവെന്നു് അവൾക്കു് അപ്പോൾ മനസ്സിലായി. ഭർത്താവിനെയല്ല, തന്നെയാണു് അവൾ സ്നേഹിച്ചിരുന്നതെന്നു് ഗ്രഹിച്ചുകൊണ്ടു് സീറാനോ മരിക്കുന്നു. അവൾ അദ്ദേഹത്തിന്റെ നെറ്റിയിൽ ചുംബിക്കുന്നു. സീറാനോ കണ്ണു തുറന്നു് അവളെ നോക്കി പുഞ്ചിരി പൊഴിക്കുന്നു. എന്തൊരു മനോഹരമായ സങ്കല്പം!

സെക്സും നക്ഷത്രവും

മനോഹരമായ സങ്കല്പമല്ലെങ്കിലും പാരായണയോഗ്യമായ കഥയാണു് കുങ്കുമത്തിൽ (ലക്കം 19) പി. കെ. നന്ദനവർമ്മ എഴുതിയ “ഓർമ്മിക്കുവാൻ ഒരു നിമിഷം” എന്നതു്. സെക്സാണു് അതിന്റെ അടിത്തറ. ക്ലാസ്സിലിരുന്നു് ഉറക്കം തൂങ്ങിയതിനു് ലില്ലിട്ടീച്ചർ ഒരു കുട്ടിയെ ശാസിച്ചു. എന്നിട്ടു് അവൾ വെയ്റ്റിങ് റൂമിൽ വന്നിരുന്നു് ഉറക്കപ്പിച്ചു പറഞ്ഞു തുടങ്ങി. ദൂരെ എവിടെയോ ജോലിയുള്ള ഭർത്താവു് തലേ ദിവസമാണു് വീട്ടിലെത്തിയതു്. അയാൾ ലില്ലിയെ ഉറങ്ങാൻ സമ്മതിച്ചില്ലത്രേ. ടീച്ചറിന്റെ പിച്ചുകേട്ടു് കൂട്ടുകാരികൾ ചിരിക്കുമ്പോൾ കഥ അവസാനിക്കുന്നു.

സെക്സ് എങ്ങനെയാണു് അനുവാചകനെ രസിപ്പിക്കുന്നതെന്നു് വ്യക്തമാക്കാൻ എനിക്കറിഞ്ഞുകൂടാ. നമ്മുടെ മാനസിക നിലയ്ക്കു് അതു് മാറ്റം വരുത്തുമായിരിക്കും. ആ മാറ്റം സുഖദായകമാകുമെന്നു തോന്നുന്നു. മുക്കുറ്റിപ്പൂവിൽ നക്ഷത്രത്തിന്റെ പ്രകാശം വീഴുമ്പോൾ അതും “സ്വയമുദ്യോതിക്കും നക്ഷത്രമായി” മാറുമല്ലോ. അതുപോലെ സെക്സിന്റെ പ്രതിപാദനം വായനക്കാരനെ നക്ഷത്രമായി മാറ്റുമായിരിക്കും. ഇങ്ങനെ അനുവാചകരെ നക്ഷത്രങ്ങളാക്കുന്ന ചില നോവലുകളുടെ പേരു പറയൂ. ബതായീ യുടെ (Bataille) The story of the Eye, നാബോക്കോഫി ന്റെ Lolita (ലോലീറ്റ), ഷാങ് ഷെനെ യുടെ The Thief’s Journal, കാസാനോവാ യുടെ Memoirs. (ഇതു നോവലല്ല. ലൈംഗികത്വം കലർന്ന ഓർമ്മക്കുറിപ്പുകൾ മാത്രം.)

മോപസാങ്ങിന്റെ പ്രേതം

ലൈംഗികത്വത്തിൽ, വ്യാപകമായി പറഞ്ഞാൽ വേശ്യാത്വത്തിൽ അധിഷ്ഠിതമാണു് ഗുലാം അബ്ബാസി ന്റെ ‘ആനന്ദി’ എന്ന കഥയും (ഇലസ്ട്രേറ്റഡ് വീക്ക്ലി, ജനുവരി 8–14). ഗുലാം അബ്ബാസ് ഈ വർഷം ആദ്യം മരിച്ചു. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ പാകിസ്ഥാനിലേക്കു പോയ ആളാണു് അദ്ദേഹം. അബ്ബാസ് ഉറുദുവിലെഴുതിയ ഇക്കഥ ജയ് രത്തൻ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തു. Fascinating എന്ന വിശേഷണം നല്കി പ്രീതിഷ് നന്ദി അതു് വീക്ക്ലിയിൽ പരസ്യപ്പെടുത്തിയിരിക്കുന്നു.

ഒരു സ്ഥലത്തു് ഏറെ വേശ്യകളുണ്ടു്. ആ പ്രദേശത്തിന്റെ പാവനത്വത്തെ ഇല്ലാതാക്കുന്ന അവരെ അവിടെ നിന്നു് നൂറു നാഴിക ദൂരെ മാറ്റിപ്പാർപ്പിക്കാൻ മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചു. എല്ലാ വേശ്യകളും മാറിപ്പോവുകയില്ല. കുറേപ്പേർ പോയി. വേശ്യകൾ അവിടെച്ചെന്നു താമസമായി എന്ന കാരണത്താൽ ആ പ്രദേശം ക്രമേണ സമ്പന്നമായി. അവിടെ വിദ്യുച്ഛക്തി വന്നു. സിനിമാശാലകൾ വന്നു. സൗധങ്ങൾ ഉയർന്നു. അങ്ങനെ അവിടം പട്ടണമായി മാറി; ആനന്ദി എന്ന പേരുള്ള പട്ടണം. അങ്ങനെയിരിക്കുമ്പോൾ ആനന്ദി നഗരത്തിലെ മുനിസിപ്പൽ കമ്മിറ്റി യോഗം ചെർന്നു. ഒരംഗം പോലും യോഗത്തിനു വരാതിരുന്നില്ല. ഒരു പ്രഭാഷകൻ സദസ്സിനെ നോക്കി “പൊട്ടിത്തെറിച്ചു”. “പ്രാചീനവും ചരിത്രപ്രസിദ്ധവും ആയ ഈ പട്ടണത്തിൽ അവിശുദ്ധമായ ഈ സമൂഹത്തെ കഴിഞ്ഞു കൂടാൻ ജനങ്ങൾ അനുവദിക്കുന്നതു് ഏതു പരിഗണനയാലാണു്?” അത്തവണ പന്ത്രണ്ടു നാഴിക അകലെയുള്ള ഒരു സ്ഥലത്താണു് അവർ വേശ്യകളെ മാറ്റിപ്പാർപ്പിച്ചതു്.

മോപസാങ്ങി നെ മഹാശയസ്കനാക്കിയ ബൂൽ ദ സ്വേഫ് (Boule de Suif) എന്ന മനോഹരമായ ചെറുകഥയുടെ അന്തസ്സാരശൂന്യമായ ഒരനുകരണം മാത്രമാണിതു്. പ്രഷൻ (Prussian) ആക്രമണം ഭയന്നു് കുറെ ഫ്രഞ്ച് ശരണാർത്ഥികൾ കുതിരവണ്ടിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുകയാണു്. അവരുടെ കൂട്ടത്തിൽ ഒരു വേശ്യയുമുണ്ടു്. എല്ലാവർക്കും അവളോടു ദേഷ്യം, പുച്ഛം, വേശ്യ മാത്രമേ ആഹാരം കൊണ്ടുവന്നിട്ടുള്ളു. ദയയുള്ള അവൾ അതു് അവർക്കും കൂടി പങ്കുവച്ചു കൊടുത്തു. വേശ്യ കൊള്ളുകില്ലെങ്കിലും അവൾ കൊടുത്ത ആഹാരം കൊള്ളാം. അവരതു കഴിച്ചു സുഖമായി ഇരുന്നു. മാർഗ്ഗമദ്ധ്യേ അപ്രതീക്ഷിതമായതു സംഭവിച്ചു. ഒരു ജർമ്മൻ ഉദ്യോഗസ്ഥൻ വണ്ടി തടഞ്ഞു. വേശ്യ ആ രാത്രി അയാളോടൊത്തു ശയിച്ചാൽ അടുത്ത ദിവസം അവരെ പോകാൻ അയാൾ അനുവദിക്കും. സ്വദേശ സ്നേഹമുള്ള ആ ഫ്രഞ്ചുകാരി ജർമ്മൻകാരനോടു വേഴ്ചയ്ക്കു സന്നദ്ധയല്ല. മാന്യരായ യാത്രക്കാർ അവളെ നിർബ്ബന്ധിച്ചു, പേടിപ്പിച്ചു; കൈക്കൂലി കൊടുക്കാൻ പോലും അവർ ഒരുങ്ങി. ഒരു പാതിരി അവളോടു പറഞ്ഞു മറ്റുള്ളവർക്കുവേണ്ടി ത്യാഗമനുഷ്ഠിക്കുക എന്നതു് അവളുടെ ആദ്ധ്യാത്മികമായ ചുമതലയാണെന്നു്. എങ്കിലേ ശത്രുക്കൾ വരുന്നതിനു മുൻപു് അവർക്കു രക്ഷ നേടാൻ കഴിയൂ. വേശ്യ വഴങ്ങി. അടുത്ത ദിവസം യാത്ര തുടർന്നപ്പോൾ യാത്രക്കാർക്കു ഭക്ഷണമുണ്ടു്. അവർ അതു കഴിച്ചു. പക്ഷേ, തലേ ദിവസം അവർക്കു് ആഹാരം നല്കിയ അവൾക്കു് അവരൊന്നും കൊടുക്കില്ല. വേശ്യ കരഞ്ഞുകൊണ്ടു വണ്ടിയിലിരുന്നു. ബൂർഷ്വാസിയുടെ കാപട്യം, ഈശ്വരന്റെ പ്രതിപുരുഷനായി ഭാവിക്കുന്ന പാതിരിയുടെ കാപട്യം, വേശ്യയുടെ ദയനീയാവസ്ഥ ഇവയെല്ലാം ഇതിൽ കലാസുന്ദരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. മോപസാങ്ങിന്റെ കഥയുടെ ചൈതന്യത്തെ മറ്റൊരു രീതിയിൽ സ്ഫുടീകരിച്ചിരിക്കുകയാണു് ഗുലാം അബ്ബാസ് അതിനു് ‘ഫാസിനേറ്റിങ്’ എന്നൊരു പ്രശംസാപത്രവും.

സി. എം. സ്റ്റീഫൻ
images/Cmstephen.jpg
സി. എം. സ്റ്റീഫൻ

ഞാൻ ഇതെഴുതുന്നതു് 17-ആം തീയതി രാത്രിയാണു്. ഇന്നുകാലത്തു് വടക്കൊരിടത്തു പോകേണ്ടതായിവന്നു എനിക്കു്. ഞാൻ സഞ്ചരിച്ചിരുന്ന കാറ് അടൂരടുക്കാറായപ്പോൾ പൊലീസ് കൈ കാണിച്ചു് അതു നിറുത്തി. പൊടുന്നനവേ വളവുതിരിഞ്ഞു് ആ വാഹനം വന്നു. സി. എം. സ്റ്റീഫന്റെ ജീവൻ ചോർന്നു പോയ ശരീരം ഞാനതിനകത്തു് കണ്ടു. തലമുടി കാറ്റിൽ പാറിപ്പറക്കുന്നു. കണ്ണുകൾ മുദ്രിതങ്ങൾ അദ്ദേഹം ഉറങ്ങുകയാണെന്നേ തോന്നൂ. ആ അവസാനിക്കാത്ത നിദ്രയിലും പ്രശാന്തത കളിയാടുന്നു അദ്ദേഹത്തിന്റെ മുഖത്തു്. ഊറ്റമാർന്ന പ്രഹരമേറ്റതു പോലെ ഞാൻ കാറിനകത്തു തന്നെ ഇരുന്നുപോയി. എന്റെ കാലുകൾ ചലിച്ചില്ല. പക്ഷേ, എന്റെ കൈകൾ കൂപ്പുകൈയായി മാറി. ആ മൃതദേഹത്തെ ഞാൻ വളരെനേരം തൊഴുതു. കാറിൽ നിന്നിറങ്ങി നിന്നിട്ടുവേണം ഞാനതു ചെയ്യേണ്ടിയിരുന്നതു്. ആ സന്ദർഭത്തിൽ ഞാൻ ചേതനയറ്റു് ഇരുന്നു പോയതുകൊണ്ടാണു് അതിനു കഴിയാതെ വന്നതു്. വാഹനത്തിലിരുന്ന ചെറിയാൻ ഫിലിപ്പും പിറകെ വന്ന മറ്റു പലരും എന്റെ പരിചയക്കാരാണു്. അവർ തെറ്റിദ്ധരിക്കരുതെന്നു് ഞാൻ അപേക്ഷിക്കുന്നു. മൃത്യുവിന്റെ ക്രൗര്യം കണ്ടു് ഞാൻ പരവശനായിപ്പോയതുമാത്രമാണു് ഹേതു. “ഹാ, വിജിഗീഷുമൃത്യുവിന്നാമോ ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താൻ?” എന്നു കവി ചോദിക്കുന്നു. സ്റ്റീഫൻ തിരുവനന്തപുരത്തു ഉള്ള കാലം മുതല്ക്കേ എനിക്കദ്ദേഹത്തെ അറിയാം. അദ്ദേഹം ഉയർത്തിയ ജീവിതപതാക ഒരിക്കലും താഴാതെ പാറിക്കളിച്ചുകൊണ്ടിരിക്കട്ടെ.

കഥകൾ

ജന്തുശാസ്ത്രം പഠിക്കുന്നവരും ചിത്രശലഭങ്ങളെ പിടിച്ചെടുത്തു ശേഖരിക്കുന്നവരും അതിന്റെ ഒത്തനടുവിൽ മൊട്ടുസൂചി കത്തിയിറക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. ക്രൂരകൃത്യം. ആ വിധത്തിലൊരു ‘ലെപിഡോപ്റ്റെറിസ്റ്റാ’ണു് തുളസി കോട്ടുക്കൽ. (Lepidopterist, ചിത്രശലഭങ്ങളെക്കുറിച്ചു പഠിക്കുന്ന ആൾ.) രണ്ടുപേരുടെ സ്നേഹബന്ധത്തെ വേറൊരാൾ വ്യാജപ്രവർത്തനത്തിലൂടെ തകർക്കുന്നു (ഉരുകിയൊലിക്കുന്ന പുഴ, ഞായറാഴ്ച വാരിക). കലയെന്ന ചിത്രശലഭം മൊട്ടുസൂചിക്കുത്തേറ്റു് പിടയ്ക്കുന്നു.

അനുവാചകശിശുക്കൾക്കു കഥയെന്ന പാല്ക്കുപ്പിയിൽ രമാമേനോൻ ഒഴിച്ചുകൊടുക്കുന്ന “വീണ്ടും ഒരു പിറന്നാൾ” എന്ന ബേബി ഫുഡ്ഡിൽ വെള്ളം വളരെക്കൂടുതലാണു്. കുട്ടികൾക്കു വയറ്റിളക്കമുണ്ടാകും (ബേബി ഫുഡ്ഡ്, കുങ്കുമം വാരികയിൽ). മകൻ തന്നിഷ്ടപ്രകാരം ആംഗ്ലോയിന്ത്യൻ വനിതയെ വിവാഹം കഴിക്കുന്നു. അവന്റെ അമ്മ ദുഃഖിക്കുന്നു. അച്ഛൻ വിട്ടുവീഴ്ചയില്ലാതെ നില്ക്കുന്നു.

‘വനിത’യിൽ ജ്യോതി കൊടുങ്ങല്ലൂർ എഴുതിയ “അണിയാത്ത വളകൾ” എന്ന കഥയെക്കുറിച്ചു് നിങ്ങൾക്കു് ക്രിട്ടിസിസം വല്ലതുമുണ്ടോ? എന്നൊരാളിന്റെ ചോദ്യം. ഭാര്യയ്ക്കു കൊടുക്കാൻ വാങ്ങിച്ച വള പോക്കറ്റിലിട്ടുകൊണ്ടു് കിടന്നുറങ്ങിയപ്പോൾ അവ പൊട്ടിപ്പോയി. ആ വളക്കഷണങ്ങൾ വേറൊരുത്തിയുടേതാണെന്നു വിചാരിച്ചു് ഭാര്യ വഴക്കു കൂട്ടുന്നു. ഇതല്ലേ കഥ? ടോൾസ്റ്റോയി higher spheres എന്നു വിളിച്ച ബന്ധങ്ങളെ ഇങ്ങനെ lower spheres ആക്കുന്ന കഥകളെക്കുറിച്ചു് ഞാൻ എന്തു പറയാൻ?

“അഗ്നിവ്യാപിക്കുന്നു; അതു് സംക്രമിക്കുന്നതാണു്, തൃപ്തിപ്പെടുത്താൻ വയ്യാത്തതാണു്” എന്നു് ജനക്കൂട്ടത്തിന്റെ പ്രതീകമായ അഗ്നിയെക്കുറിച്ചു് ഈല്യാസ് കനോറ്റി. ഈ അഗ്നി വ്യാപിക്കുമ്പോൾ വർഗ്ഗീയ ലഹള എല്ലാം നശിപ്പിക്കുമ്പോൾ—സ്നേഹത്തിന്റെ മണിവിളക്കു് എരിയുന്നതു് ജി. എൻ. പണിക്കർ കാണിച്ചു തരുന്നു (മാതൃഭൂമിയിലെ ‘പുകയിൽ കാഴ്ചനഷ്ടപ്പെട്ടവർ’ എന്ന കഥ).

വള്ളത്തോൾ താൻ നേരിട്ടു കണ്ട കോഴി, ‘തോണിയാത്ര’ ഇവയെക്കുറിച്ചെല്ലാം കാവ്യങ്ങൾ രചിച്ചു. ക്രാന്തദർശിയായിരുന്നില്ല അദ്ദേഹം. കടന്നു കാണുന്നവരെയാണു് ക്രാന്തദർശികൾ എന്നു വിളിക്കുന്നതെങ്കിൽ ഇന്നത്തെ കവികളും കഥാകാരന്മാരുമാണു് യഥാർത്ഥത്തിൽ ക്രാന്തദർശികൾ കടലു കടന്നു ചെന്നു് അവർ ഗിൻസ്ബർഗ്ഗി നെയും ബോർഹെസി നെയും ഷെനെ യെയും കാണുന്നു. സാഹിത്യവാരഫലക്കാരനു് ഇതു പറയാൻ അധികാരമില്ല. സമ്മതിച്ചു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-02-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 4, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.