സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-06-10-ൽ പ്രസിദ്ധീകരിച്ചതു്)

​പണ്ടൊരിക്കൽ രണ്ടു കൃഷിക്കാർ ഒരു തുണ്ടു നിലത്തിന്റെ പേരിൽ വഴക്കു കൂടി. ശണ്ഠ കൊലപാതകത്തിൽ ചെന്നവസാനിക്കുമെന്നു് അധികാരികൾ മനസ്സിലാക്കിയപ്പോൾ അവർ ആ കർഷകരെ നാടുവാഴിയുടെ മുൻപിൽ കൊണ്ടുപോയി. വിചിത്രമായ കല്പനയാണു അദ്ദേഹത്തിൽ നിന്നുണ്ടായതു്: ‘രണ്ടുപേരും ഗുസ്തിപിടിക്കണം. ആരു തോൽക്കുന്നുവോ അയാൾക്കു നിലം നഷ്ടപ്പെടും’. കാലത്തു് ആറുമണിക്കു തുടങ്ങിയ ഗുസ്തി കാണാൻ നാടുവാഴി തന്നെ വന്നു. മദ്ധ്യാഹ്നമായിട്ടും ആരും തോറ്റില്ല. ക്ഷീണിച്ചു് അവശരായ അവർ സായാഹ്നത്തോളവും ഗുസ്തി പിടിച്ചു. സൂര്യൻ അസ്തമിക്കാറായി. എന്നിട്ടും അതവസാനിക്കുന്ന മട്ടില്ല. അങ്ങനെയിരിക്കെ അവരിൽ ഒരുത്തൻ പിറകോട്ടു മാറി മാറി ഒരു കുന്നിന്റെ ചെങ്കുത്തായ ഭാഗത്തു ചെന്നുനിന്നു. ഒരിഞ്ചുകൂടി കാലുപിറകോട്ടുവച്ചാൽ അയാൾ താഴ്ചയിലേക്കു വീഴും. എല്ലിന്റെ പൊടിപോലും കിട്ടുകയുമില്ല. ഈ കൊടുംവിപത്തു മനസ്സിലാക്കിയ മറ്റേ കർഷകൻ വിളിച്ചുപറഞ്ഞു: “നിൽക്കൂ, പിറകോട്ടു് ഇനി നീങ്ങരുതു്”. അയാൾ ഓടിച്ചെന്നു് ചെങ്കുത്തിൽ നിന്നവനെ പിടിച്ചു് ആശ്ലേഷിച്ചു. രണ്ടുപേരുംകൂടി നാടുവാഴിയുടെ മുൻപിൽ വന്നു പറഞ്ഞു.: “ഇനി ഞങ്ങളുടെ ശണ്ഠകൾക്കെല്ലാം പരിഹാരം ഞങ്ങൾതന്നെ കണ്ടുകൊള്ളാം. അങ്ങയുടെ സഹായം ആവശ്യമില്ല”.

ഇതാണു മനുഷ്യത്വം. ഈ മനുഷ്യത്വത്തെ ഉദ്ദീപിക്കാത്തതൊന്നും കലയല്ലെന്നു ഞാൻ പറയുന്നില്ല. പക്ഷേ, അതു് ഉത്കൃഷ്ടമായ കലയല്ലെന്നു മാത്രം.

മനുഷ്യത്വം

ഈ മനുഷ്യത്വം തന്നെയാവണം “കാവൽക്കാരൻ” എന്ന ചെറുകഥയെഴുതിയ ഹരി മായന്നൂരിനെ പ്രേരിപ്പിക്കുന്നതെന്നു തോന്നുന്നു. (കലാകൗമുദി) മൃതദേഹങ്ങളെ കഴുകന്മാർ കൊത്തിത്തിന്നുന്നതു കാണാൻ വിധിക്കപ്പെട്ട ഒരു മനുഷ്യൻ. പാഴ്സി ശ്മശാനത്തിൽ സെക്യൂരിറ്റി ഗാർഡാണു അയാൾ. പ്രസിദ്ധന്മാരുടെയും അപ്രസിദ്ധന്മാരുടെയും ശവശരീരങ്ങൾ കഴുകന്മാർ കൊത്തിവലിക്കുന്നതു് അയാൾ കണ്ടിട്ടുണ്ടു്. അങ്ങനെ മരണത്തിന്റെ എല്ലാ ഭീകരതകൾക്കും അയാൾ അഭിമുഖീഭവിച്ചു നിൽക്കുന്നു. ആ ഭീകരതകൾക്കിടയിൽ ജീവിതത്തിന്റെ മനോഹാരിതയും അയാൾ ദർശിക്കുന്നുണ്ടു്. ടെറസ്സിലെ ബൂഗൻവില്ലിയ ചെടികൾ താഴോട്ടുപോകാതെ വള്ളികൾ മുറിച്ചുവിടുന്ന പെൺകുട്ടി. ഒടുവിൽ അവളും അപ്രത്യക്ഷയാകുന്നു. വിഷാദാത്മകത്വമാണു കഥയുടെ മുദ്രയെങ്കിലും അതു് (കഥ) മനുഷ്യത്വത്തിൽത്തന്നെയാണു അടിയുറച്ചിരിക്കുന്നതു്. ചോരപുരണ്ട വാക്കുകളും വിഷാദം കലർന്ന ഇമേജുകളും കലാകൗമുദിയുടെ വെള്ളക്കടലാസ്സിൽ വന്നു വീഴുന്നുണ്ടെങ്കിലും ‘ഇതാണല്ലോ ജീവിതം’ എന്നു നമ്മൾ വിചാരിച്ചുപോകുന്നു. അത്രയും മതി. ഇവിടെ ജീവിതത്തിന്റെ അർത്ഥശൂന്യതയെ ധ്വനിപ്പിക്കുന്ന ഒരു കൊച്ചുകഥയുടെ സംഗ്രഹം നൽകുന്നതു് ഉചിതജ്ഞതയുള്ള പ്രവൃത്തിയായിരിക്കുമെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. ജെറോം വൈഡ്മാൻ എഴുതിയ My Father Sits in the Dark (Jerome Weidman).

“എന്റെ അച്ഛനു പ്രത്യേക സ്വഭാവമുണ്ടു്. ഒറ്റക്കു് ഇരുട്ടിലിരിക്കാൻ അദ്ദേഹത്തിനു ഇഷ്ടമാണു്. ചിലപ്പോൾ ഞാൻ വളരെ വൈകിയാണു വീട്ടിലെത്താറു്. അമ്മയെ ഉണർത്താതിരിക്കാൻ വേണ്ടി ഞാൻ പതുക്കെ നടക്കും. വിരലൂന്നിനടന്നു് ഞാൻ എന്റെ മുറിയിൽ ചെല്ലും. ഇരുട്ടത്തു് വസ്ത്രം മാറ്റും. വെള്ളം കുടിക്കാൻ അടുക്കളയിലേക്കു് പോകും. ചെരിപ്പിടാത്ത എന്റെ കാലുകൾ ഒരു ശബ്ദവും കേൾപ്പിക്കുകയില്ല. അച്ഛൻ പുകവലിച്ചുകൊണ്ടു് ഇരിക്കുകയാണു്.

“അച്ഛാ”

“മോനേ”

“ഉറങ്ങാത്തതെന്തു്?”

“ഉറങ്ങാം” അച്ഛന്റെ മറുപടി. പക്ഷേ, അദ്ദേഹം അവിടെത്തന്നെയിരിക്കുന്നു. ഞാനുറങ്ങിക്കഴിഞ്ഞാലും അച്ഛൻ അവിടിരുന്നു പുകവലിക്കുകയാണെന്നു് എനിക്കറിയാം. ഞാൻ വായിച്ചുകൊണ്ടിരിക്കുന്നു. അമ്മ രാത്രിയുറക്കത്തിനു വേണ്ടി വീടൊരുക്കുന്നു. എനിക്കു ദാഹം. അച്ഛനെ മിക്കവാറും ഞാൻ അറിയാതെ ചെന്നുമുട്ടാറുണ്ടു്.

“ഉറങ്ങാൻപോകാത്തതെന്തു് അച്ഛാ?”

“പോകാം മോനേ”. പക്ഷേ, അച്ഛൻ പോകുന്നില്ല. പുകവലിച്ചുകൊണ്ടു് അവിടെത്തന്നെയിരിക്കുന്നു.

“അച്ഛൻ എന്താണു വിചാരിക്കുന്നതു്?”

“ഒന്നുമില്ല”

എല്ലാം ഞാൻ ആലോചിച്ചു നോക്കി. പണത്തിന്റെ കാര്യമാണോ അച്ഛനെ വിഷാദിപ്പിക്കുന്നതു്? അല്ല. ആരോഗ്യത്തെക്കുറിച്ചാണോ? അതുമല്ല. അച്ഛൻ ബന്ധുക്കളെക്കുറിച്ചാണോ വിചാരിക്കുക? ബന്ധുക്കളെല്ലാം മരിച്ചല്ലോ. എന്തിനാണു ഇങ്ങനെ ഇരുട്ടത്തു് ഇരിക്കുന്നതു്? അച്ഛന്റെ മനസ്സിനു ഭ്രംശം വരാൻ പോകുന്നോ? ഇല്ല. അമ്പത്തിമൂന്നു വയസ്സേയുള്ളൂ അച്ഛനു. റ്റൈംസ് പത്രം അദ്ദേഹം വായിക്കുന്നുണ്ടു്. ഒടുവിൽ എനിക്കു ദേഷ്യം വന്നു. “വല്ലതും കുഴപ്പം പറ്റിയോ അച്ഛാ?”

“ഇല്ല മോനേ, ഒന്നുമില്ല”.

നേരം വൈകി. തെരുവു ശാന്തം. ഭവനം ഇരുട്ടിൽ. ഞാൻ വിരലൂന്നി മുറിയിലേക്കു കടക്കുന്നു. അച്ഛൻ അവിടിരിക്കുന്നു എന്നെനിക്കറിയാം.

“എന്താ കാര്യം അച്ഛാ”.

“ഒന്നുമില്ല മോനേ. എനിക്കു വിളക്കു് ഇഷ്ടമല്ല”.

ഞാൻ വിളക്കു കെടുത്തുന്നു. ഞാൻ മുറിയിലേക്കു പോകുമ്പോൾ വീണ്ടും ചോദിക്കുന്നു. “അച്ഛാ അച്ഛനെന്താണു വിചാരിക്കുന്നതു് ?”

അദ്ദേഹം മൃദുലമായി പറയുന്നു: “ഒന്നുമില്ല, പ്രത്യേകിച്ചു് ഒന്നുമില്ല”.

പ്രകാശത്തെപ്പോലും വെറുക്കുന്ന, മരണം പ്രതീക്ഷിച്ചിരിക്കുന്ന സമകാലിക മനുഷ്യന്റെ പ്രതിനിധിയാണു് ഇക്കഥയിലെ പിതാവു്. ഇതിന്റെ ആർദ്രീകരണശക്തി വായനക്കാർക്കു് അനുഭവപ്പെടുന്നില്ലെങ്കിൽ അതിനു കാരണക്കാരൻ ഞാനാണു്. സംഗ്രഹത്തിലുള്ള അവിദഗ്ദ്ധത കഥയുടെ ശക്തി നശിപ്പിച്ചിരിക്കും.

ഗാന്ധിജി
images/GRamachandran.jpg
ജി. രാമചന്ദ്രൻ

കാലം ഏതിനെയും നശിപ്പിക്കും. സുന്ദരമായ താജ്മഹൽ എത്രതന്നെ പരിരക്ഷിക്കപ്പെട്ടാലും ഒരു കാലത്തു് അപ്രത്യക്ഷമാകും. വ്യാസന്റെ ഭാരതവും വാൽമീകിയുടെ രാമായണവും അവയെ അതിശയിപ്പിക്കുന്ന കൃതികൾ ആവിർഭവിക്കുമ്പോൾ അസ്തപ്രഭങ്ങളായിരിക്കും. പക്ഷേ, ലോകം നിലനിൽക്കുന്ന കാലംവരെ ബുദ്ധനും ക്രിസ്തുവും ഗാന്ധിജി യും ഓർമ്മിക്കപ്പെടും. കാലത്തിന്റെ കരുത്താർന്ന കരങ്ങൾ ഇവരെ സംബന്ധിച്ചിടത്തോളം അശക്തങ്ങളാണു്. ടാഗോർ ബുദ്ധനു സദൃശനായിട്ടാണു് ഗാന്ധിജിയെ കണ്ടതു്. ആ മഹാത്മാവിനെ ജി. രാമചന്ദ്രൻ ആദ്യമായി ദർശിച്ചതിന്റെ സുന്ദരമായ വിവരണം മാതൃഭൂമി ആഴ്ചപ്പതിപ്പിലുണ്ടു്—കണ്ടെത്തലിന്റെ നിമിഷം. അത്യുക്തിയില്ലാതെ, സ്ഥൂലീകരണമില്ലാതെ ലേഖകൻ ആ രംഗം വർണ്ണിക്കുന്നു. വാർദ്ധക്യം മനുഷ്യശരീരത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നു. അസ്ഥിബന്ധങ്ങൾക്കു് ശൈഥില്യം വരുത്തുന്നു. നട്ടെല്ലിനു വളവു് ഉണ്ടാക്കുന്നു. കാഴ്ചയ്ക്കു് ന്യൂനത സംഭവിപ്പിക്കുന്നു. ആരാണു ഉറച്ച മാംസപേശികളെ പിടിച്ചു താഴോട്ടു വലിക്കുന്നതു്? ആരാണു നേത്രയവനികയിൽ വീഴുന്ന രൂപങ്ങൾക്കു് പ്രതിബന്ധം സൃഷ്ടിക്കുന്നതു്? വാർദ്ധക്യം എന്നാണു ഉത്തരം. ആ വാർദ്ധക്യത്തെയും തോല്പിക്കുന്ന ഒന്നുണ്ടു്. അതാണു ചൈതന്യം. തൊണ്ണൂറു് കഴിഞ്ഞ ബർട്രൻഡ് റസ്സലി നെ സത്യാഗ്രഹത്തിലേക്കു കൊണ്ടുചെല്ലുന്നതു് ആ ചൈതന്യമത്രേ. കെട്ടടങ്ങാത്ത ചൈതന്യം ജി. രാമചന്ദ്രനുണ്ടു് എന്നതിനു തെളിവാണു അദ്ദേഹത്തിന്റെ ഈ ഹൃദ്യമായ രചന.

ഞാൻ മഹാത്മാഗാന്ധിയെ കണ്ടിട്ടുണ്ടു്. അമ്പതുകൊല്ലം മുൻപു് അദ്ദേഹം ആലപ്പുഴ കിടങ്ങാം പറമ്പു മൈതാനത്തുവച്ചു കൂടിയ സമ്മേളനത്തിൽ പ്രസംഗിക്കാൻ വന്നു. ഉച്ചക്കു് ഒരുമണിക്കു് ഞാൻ പ്ലാറ്റ്ഫോമിന്റെ അടുത്തുചെന്നു് വെയിലേറ്റുകൊണ്ടു് അഞ്ചുമണിവരെ നിന്നു. അഞ്ചുമണിക്കു സമ്മേളനം ആരംഭിച്ചു. ഗാന്ധിജി വന്നു് സഭാവേദിയിലിരുന്നപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കാലുതൊട്ടു കണ്ണിൽ വച്ചു. ഗാന്ധിജി മന്ദസ്മിതത്തോടുകൂടി ഏതുക്ലാസിൽ പഠിക്കുന്നുവെന്നു് എന്നോടു് ചോദിച്ചു. അവിദഗ്ദ്ധനായ ഒരാളാണു ഗാന്ധിയുടെ പ്രഭാഷണം തർജ്ജമ ചെയ്തതു്. I do not think that this translator will be able to translate my speech very well എന്നു് അദ്ദേഹം പറഞ്ഞപ്പോൾ ‘ഈ തർജ്ജമക്കാരനു എന്റെ പ്രഭാഷണം നല്ലപോലെ തർജ്ജമ ചെയ്യാൻ കഴിയുമെന്നു ഞാൻ വിചാരിക്കുന്നില്ല’ എന്നു ഭാഷാന്തരീകരണം നൽകിക്കൊണ്ടു് അയാൾ പ്ലാറ്റ്ഫോമിൽനിന്നു താഴെയിറങ്ങി. എന്റെ ഓർമ്മ ശരിയാണെങ്കിൽ പി. എൻ. കൃഷ്ണപിള്ള യാണു പിന്നീടു് ഭംഗിയായി തർജ്ജമ നടത്തിയതു്. പ്രഭാഷണത്തിനുശേഷം ഗാന്ധിജി സ്വർണ്ണാഭരണങ്ങൾ ചോദിച്ചു. ഒരു നിമിഷത്തിനകം അദ്ദേഹത്തിന്റെ മുൻപിൽ വളകളും മാലകളും കൊണ്ടുള്ള ഒരു സ്വർണ്ണക്കൂമ്പാരം ഉയർന്നു. വളയും മാലയും ഊരി ഗാന്ധിജിയുടെ പാദങ്ങളിൽ വച്ചവരുടെ കൂട്ടത്തിൽ അന്നത്തെ സർക്കാർ വക്കീൽ ഗോവിന്ദപ്പിള്ളയുടെ പുത്രിമാരുമുണ്ടായിരുന്നു. ഗാന്ധിജിയുടെ സ്വത്വശക്തിയുടെ അസാധാരണത്വം അന്നാണു ഞാൻ കണ്ടതു്. “ഹിമവതവിന്ധ്യാചല മദ്ധ്യദേശത്തേ കാണ്മൂ ശമമേ ശീലിച്ചെഴുമിത്തരം സിംഹത്തിനെ” ഈ മഹാത്മാവിനെ സ്പർശിച്ചു എന്ന ഒറ്റക്കാരണം കൊണ്ടു് എന്റെ ക്ഷുദ്രജീവിതം ധന്യമായിരിക്കുന്നു.

വികാരസാന്ദ്രത

കബറേ നർത്തകികൾ വസ്ത്രം ഓരോന്നഴിച്ചു ദൂരെയെറിഞ്ഞു് ജനനകാലവേഷത്തിൽ നിൽക്കുന്നതുപോലെ അത്യന്താപേക്ഷിതങ്ങളല്ലാത്ത അംശങ്ങൾ ഓരോന്നായി മോചിപ്പിച്ചു് മോചിപ്പിച്ചു് കാമവികാരം ഒറ്റയ്ക്കു നിൽക്കുന്ന രീതി ചില ചെറുകഥകളിലുണ്ടു്. ഭാവഗാനങ്ങളിലുണ്ടു്. രണ്ടും കൈയടി നേടുന്നു. വികാരം മറ്റൊന്നിന്റെയും ചേർച്ചകൂടാതെ അതു മാത്രമായി നിൽക്കുമ്പോൾ തീക്ഷ്ണത ആവഹിക്കും. നോവലിലുമുണ്ടു് ഇതു്. ഉദാഹരണം നബോക്കോഫി ന്റെ ‘ലോലീറ്റ’ ഒറ്റയ്ക്കു നിൽക്കുന്നതു് കാമവികാരം മാത്രമാവണമെന്നില്ല. സ്വദേശസ്നേഹമാവാം. രോഷമാകാം. സമതലത്തിൽക്കൂടെ ഓടുന്ന തീവണ്ടിയിലിരിക്കുന്നവർക്കു് വിവിധ വികാരങ്ങളാണു്. എന്നാൽ തീവണ്ടി ഇരുട്ടുനിറഞ്ഞ തുരങ്കത്തിൽ കയറിയാൽ അതിൽനിന്നു് ട്രെയിൻ പുറത്താകുന്നതുവരെ ഒറ്റ വികാരമാണു യാത്രക്കാർക്ക്. അതുപോലെയാണു തീക്ഷ്ണതയാർന്ന ഒറ്റവികാരം സ്പന്ദിക്കുന്ന കൃതികളും. പ്രേക്ഷകന്റെ കാമമിളകുന്നതു് കബറേ നർത്തകിയുടെ പൊന്മേനി കാണുമ്പോൾ മാത്രമാണു്. ഒരുതുണ്ടു് തുണിയെങ്കിലുമുണ്ടെങ്കിൽ വികാരത്തിന്റെ ഉൽക്കടാവസ്ഥ ജനിക്കില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എൻ. പി. ഹാഫിസ് മുഹമ്മദ് എഴുതിയ “ചാരനിറമുള്ള പൂവു്” എന്ന ചെറുകഥ നോക്കുക. കുഞ്ഞിനു അസുഖം. ഭർത്താവു് വീട്ടിലില്ല. മുഹമ്മദ് എന്ന പേരുള്ള അന്യനുമായി അവൾ കുഞ്ഞിനേയുംകൊണ്ടു് ഡോക്ടറെ കാണാൻ പോകുന്നു. വഴിക്കുവച്ചു് അവൾ അയാളെ ആക്രമിക്കുന്നു. (ഇതിൽ അസ്വാഭാവികതയൊന്നുമില്ല, ചില സ്ത്രീകൾ ആക്രമിക്കും.) വീട്ടിൽ വന്നിട്ടു് ലൈംഗികവേഴ്ച. അവൾ അയാളോടു ചോദിക്കുന്നു. “മുഹമ്മദിന്റെ കല്യാണം കഴിഞ്ഞൂന്നു വെക്കൂ… താഴെ മുഹമ്മദിന്റെ ചങ്ങാതീം, എന്റെ സ്ഥാനത്തു് മുഹമ്മദിന്റെ ഭാര്യയും ആണെങ്കിലോ?”

എൻ. പി. ഹാഫിസ് മുഹമ്മദിന്റെ കഥ പരിപൂർണ്ണ നഗ്നയായ നർത്തകിയല്ല. സ്റ്റേറ്റിന്റെ നിയമമനുസരിച്ചു് ‘സിക്സ് ഇഞ്ച് ക്ലോത്ത്’ അവൾ ശരീരത്തിലൊട്ടിച്ചിരിക്കുന്നു. അതുകൊണ്ടു് പ്രേക്ഷകനു നൈരാശ്യം. അയാൾ കൈയ്യടിക്കണമെങ്കിൽ ഈ കഥാംഗനയുടെ തുണിത്തുണ്ടുകൂടെ ഊരി ദൂരെയെറിയണം. വികാരത്തെ അതിന്റെ സാന്ദ്രതയോടെ, തീക്ഷ്ണതയോടെ ആവിഷ്കരിക്കണമെന്നു് അലങ്കാരമുപേക്ഷിച്ചു പറയാം.

ജയിലിൽ കിടക്കുന്ന ഓസ്കർ വൈൽഡി നോടു് ആരോ ചോദിച്ചു മേരി കോറലീ വലിയ എഴുത്തുകാരിയാണോ എന്നു്. വൈൽഡിന്റെ മറുപടി: “കോറലി എഴുതുന്ന രീതിയനുസരിച്ചു് പറയുകയാണെങ്കിൽ അവർ കിടക്കേണ്ടതു് ഇവിടെയാണു്”.

വിനയം
images/Cachuthamenon.jpg
അച്ചുതമേനോൻ

ഒരു വായനക്കാരൻ എഴുതി അയച്ചിരിക്കുന്നു. You are deliberately rude—നിങ്ങൾ കരുതിക്കൂട്ടി പാരുഷ്യം കാണിക്കുന്നു. പാരുഷ്യമുണ്ടു്. സമ്മതിച്ചു. പക്ഷേ, കരുതിക്കൂട്ടി അതു കാണിക്കാറില്ല. രചനയിലെ അധമത്വം കാണുമ്പോൾ നിയന്ത്രണം വിട്ടു് പരുക്കൻ മട്ടിൽ എഴുതിപ്പോവുകയാണു്. ഇപ്പോൾ ഒരു സംഭവം ഓർമ്മയിലെത്തുന്നു. 1953-ലാണു്. ഞാൻ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ നിൽക്കുന്നു. ചെറുപ്പക്കാരായ രണ്ടു ഡോക്ടർമാർ. ഒരു ഗർഭിണിയും അവരുടെ ഭർത്താവുംകൂടി അവിടെ വന്നു. ഭാര്യയുടെ ഛർദ്ദിക്കൽകൊണ്ടു് വലിയ വൈഷമ്യമെന്നു് ഭർത്താവു് അവരെ അറിയിച്ചു. ഡോക്ടർ അവരെ പരിശോധിക്കാനായിട്ടു് കസേരയിലിരുത്തി. ഇരുത്താത്ത താമസം അവർ വലിയ ശബ്ദത്തോടുകൂടി ഛർദ്ദിച്ചു. ദഹിക്കാത്ത ചോറും കൂട്ടാനും എല്ലാംകൂടി രണ്ടു ഡോക്ടർമാരുടെയും പുറത്തുവീണു. അസഹനീയമായ നാറ്റം. ഞാനറിയാതെ മൂക്കു പൊത്തിപ്പോയി. പക്ഷേ, ഡോക്ടർമാരുടെ മുഖത്തു ഭാവവ്യത്യാസമൊന്നുമില്ല. “ഇന്നു എത്രതവണ ഛർദ്ദിച്ചു?” എന്നു ചോദിച്ചിട്ടു് കുഴലുവച്ചുപരിശോധന. മരുന്നു കുറിച്ചുകൊടുത്തിട്ടു് മന്ദസ്മിതത്തോടുകൂടി അവർ എഴുന്നേറ്റുപോയി. കുളിക്കാനായിരിക്കും.

ഒരു സംഭവം കൂടി. തിരുവനന്തപുരം എൻജിനീയറിങ് കോളേജിന്റെ വാർഷിക സമ്മേളനം. അന്നു മുഖ്യമന്ത്രിയായിരുന്ന അച്ചുതമേനോൻ അദ്ധ്യക്ഷൻ. പ്രസംഗിക്കാൻ ഞാനുമുണ്ടു്. മീറ്റിങ് തുടങ്ങുന്നതിനുമുമ്പു് കാപ്പികുടി. അച്ചുതമേനോനു കാപ്പി ഒഴിച്ചുകൊടുത്ത ലക്ച്ചറർ കപ്പിൽ നോക്കാതെ അദ്ദേഹത്തിന്റെ മുഖത്തു് നോക്കിക്കൊണ്ടാണു് അതു ചെയ്തതു്. അല്പം പിറകിൽ നിന്നു് ലക്ചറർ മുഖ്യമന്ത്രിയുടെ മുൻപിലിരിക്കുന്ന കപ്പിലേക്കു ഒഴിച്ച ചൂടുള്ള കാപ്പി മുഴുവൻ അദ്ദേഹത്തിന്റെ ഷർട്ടിൽ വീണു. പക്ഷേ, അദ്ദേഹം കോപിച്ചില്ല. ഒരക്ഷരം പോലും പറഞ്ഞില്ല. ഷർട്ടിൽ വീണ കാപ്പി കൈലേസുകൊണ്ടു് തുടച്ചതുമില്ല. ഒരുവശം മുഴുവൻ കാഷായ നിറമാർന്ന ഷർട്ടോടുകൂടിത്തന്നെ അദ്ദേഹം ഭംഗിയായി പ്രസംഗിച്ചു.

ആ രണ്ടു ഡോക്ടർമാരെപ്പോലെ, അച്ചുതമേനോനെപ്പോലെ സംസ്കാരമാർന്ന മട്ടിൽ പറയുകയും എഴുതുകയും ചെയ്യണമെന്നുണ്ടു് എനിക്കു്. ശ്രമിക്കാം. എങ്കിലും കുങ്കുമം വാരികയിൽ മാതയിൽ രാധാകൃഷ്ണൻ എഴുതിയ “കുറ്റസമ്മതം” വായിക്കുമ്പോൾ ദേഷ്യപ്പെട്ടുപോകും. കുട്ടികളുടെ ഇടയിൽ പ്രചരിക്കുന്ന ഒരു കഥ സാഹിത്യമാക്കി അവതരിപ്പിക്കുന്നു. “ഒരു മരക്കൊമ്പിൽ ആറു കിളികൾ. ഒരുത്തൻ ഒരു കിളിയെ വെടിവച്ചു കൊന്നു. ബാക്കിമരത്തിൽ എത്ര കിളികൾ” എന്നു ചോദ്യം. “അഞ്ച്” എന്നു് ഉത്തരം. ഉടനെ “അയ്യേ, വെടിവച്ചാൽ ബാക്കി കിളികൾ പറന്നു പോകില്ലേ?” എന്നു് അങ്ങോട്ടു വീണ്ടും ചോദ്യം. ഇതുപോലെ ബാലിശമായ നൈറ്റ് വാച്ചറുടെ കഥയാണു ‘കുങ്കുമ’മെന്ന സാഹിത്യവാരികയിൽ വന്നിരിക്കുന്നതു്. “ചിരിച്ചാൽ സൂചി കിട്ടുമോ! ങ്ഹൂ എന്നു പറഞ്ഞാൽ സൂചി കിട്ടുമോ? ഇല്ല എന്നു പറഞ്ഞാൽ സൂചി കിട്ടുമോ?” എന്നുള്ള ചോദ്യങ്ങളും മാതയിൽ രാധാകൃഷ്ണൻ വൈകാതെ കഥയാക്കിയേക്കും.

ആങ്തൊനാങ് ആർതോ
images/AntoninArtaud.jpg
ആങ്തൊനാങ് ആർതോ

ആങ്തൊനാങ് ആർതോ (Antonin Artaud, 1896–1948) ഫ്രഞ്ച് കവിയും അഭിനേതാവുമായിരുന്നു. “തേയാത്ര ആൽഫ്രഡ് ഷാരീ (Theatre Alfred Jarry) എന്ന നാടകസംഘത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു അദ്ദേഹം. Theatre of Cruelty എന്ന ആശയത്തിന്റെ ഉദ്ഘോഷകനായിരുന്നു ആർതോ. വാചികാഭിനയത്തിനു പ്രാധാന്യം നൽകാതെ വർണ്ണങ്ങൾക്കും ചലനങ്ങൾക്കും പ്രാധാന്യം നൽകിയ നാടകവേദിയുടെ ഉപജ്ഞാതാവായ അദ്ദേഹം വയലൻസിലൂടെ—അക്രമത്തിലൂടെ—മനുഷ്യന്റെ പ്രാകൃതിക സ്വഭാവങ്ങൾ വ്യക്തമാക്കാൻ ശ്രമിച്ചു. മനുഷ്യന്റെ ഉള്ളിലും മനുഷ്യർ തമ്മിലുമുള്ള വ്യത്യാസങ്ങളെ നിർമ്മാർജ്ജനം ചെയ്യാൻ തന്റെ നാടകവേദി പ്രയോജനപ്പെടുമെന്നു് അദ്ദേഹം വിശ്വസിച്ചു. യുക്തിപരമായ മനസ്സിലൂടെയോ ഭാഷയിലൂടെയോ ഇതു് സാക്ഷാത്കരിക്കാനാവില്ല എന്നു് ആർതോക്കു് അറിയാമായിരുന്നു. അതുകൊണ്ടാണു യുക്തിയേയും ഭാഷയേയും ഗളഹസ്തംചെയ്തു് ഒരു നൂതനനാടകവേദി അദ്ദേഹം രൂപവത്കരിച്ചതു്. ഫ്രഞ്ച് സാഹിത്യകാരൻ ഷാങ് ഷെനെ യിലും (Jean Genet) ജർമ്മൻ-സ്വീഡിഷ് നാടകകർത്താവായ പേറ്റർ വൈസ്സി ലും (Peter Weiss) സ്വാധീനശക്തി ചെലുത്തിയ ചിന്തകനാണു ആർതോ. ഭ്രാന്തു് പിടിച്ചാണു് അദ്ദേഹം മരിച്ചതു്.

ആർതൊ എഴുതിയ Le Jet de Sang എന്ന സ്കെച്ചിന്റെ തർജ്ജമ മലയാളനാടുവാരികയിൽ കാണാം. (സുധീർബാബുവിന്റെ തർജ്ജമ) ആ സ്കെച്ചിനു വിശദീകരണവും നൽകിയിട്ടുണ്ടു് തർജ്ജമക്കാരൻ. നാടകത്തെസ്സംബന്ധിച്ചു് ഗഹനങ്ങളായ ചിന്തകൾ, മൗലികങ്ങളായ മതങ്ങൾ ആവിഷ്കരിച്ച മഹാനാണു ആർതോയെങ്കിലും ഈ സ്കെച്ച് തുച്ഛമാണെന്നു പറയേണ്ടിയിരിക്കുന്നു. ലൈംഗിക വിശുദ്ധിക്കു ഉത്കൃഷ്ടത കല്പിച്ചു നാടകമെഴുതിയ ഒരു എക്സിസ്റ്റെൻഷ്യൽ സാഹിത്യകാരനെ (Armand Salacrou) കളിയാക്കി എഴുതിയ ഈ സ്കെച്ചിൽ ആർതോയുടെ നാടകീയ സിദ്ധാന്തങ്ങൾ വ്യക്തമായി പ്രതിഫലിക്കുന്നില്ല. (മാർട്ടിൻ എസ്ലിന്റെ അഭിപ്രായം) എങ്കിലും സംസ്കാരത്തിന്റെ നൂതന മണ്ഡലങ്ങളിലേക്കു കേരളത്തിലെ വായനക്കാരെ നയിക്കാനുള്ള സുധീർബാബുവിന്റെ യത്നം അഭിനന്ദനാർഹമാണു്.

ദയ

“നിങ്ങൾ പ്രായമാകുമ്പോൾ നിങ്ങളുടെ സ്വഭാവത്തിനു യോജിച്ച മുഖം നിങ്ങൾക്കുണ്ടാകും.”—ബൽസാക്ക്.

“കാലത്തെ കാപ്പിക്കു് എന്തു പലഹാരം വേണമെടാ?” അമ്മയുടെ ചോദ്യം മകനോടു്. മകന്റെ മറുപടി “രണ്ടു ദോശ, ബുൾസൈ, പിന്നെ ദയയുള്ള ഒരു വാക്കും”. കാരുണ്യം കലർന്ന ഈ വാക്കാണു് പല വീടുകളിലുമില്ലാത്തതു്. അതുകൊണ്ടാണു മക്കൾ അച്ഛനമ്മമാരെ വെറുക്കുന്നതു്. ഇഡ്ഡലി ഇഷ്ടമില്ലാത്ത മകനു അതുകൊണ്ടു വയ്ക്കുന്നു അമ്മ. ‘എനിക്കു് ഇഡ്ഡലി വേണ്ട’ എന്നു അവൻ പറഞ്ഞാൽ ‘ഇന്നു് അതേയുള്ളൂ മോനേ, കഴിക്ക്’ എന്നു് അമ്മ സ്നേഹത്തോടെ, ദയയോടെ അഭ്യർത്ഥിച്ചാൽ മകൻ ഒന്നിനു പകരം നാലിഡ്ഡലി തിന്നിട്ടു പോകും. എന്നാൽ അമ്മമാരുടെ രീതി അതല്ല. “വേണമെങ്കിൽ തിന്നടാ പട്ടീ, നീ സമ്പാദിച്ചു കൊണ്ടുവന്നിരിക്കുന്നുണ്ടോ” എന്നായിരിക്കും അവർ പറയുക. “ഊണുകാലമായില്ലേ?” എന്നു ഭർത്താവിന്റെ ചോദ്യം. “ഇതാ ഇപ്പോൾ തരാം” എന്നു ഭാര്യ മധുരമായി മറുപടി നൽകിയാൽ അയാൾ അഞ്ചു മിനിറ്റിനു പകരം അഞ്ചു മണിക്കൂർ കാത്തിരിക്കും. വിദ്യാസമ്പന്നകളായ ഭാര്യമാർ പോലും മറുപടി പറയുന്നതു് അങ്ങനെയല്ല: “ഊണു് ഇത്ര നേരത്തേ തയ്യാറാക്കാൻ വേലക്കാരെ വച്ചിട്ടുണ്ടോ ഇവിടെ. ഗ്യാസ് തീർന്നിട്ടു് എത്ര ദിവസമായി. അതൊന്നു വാങ്ങിത്തന്നോ?” ഭർത്താവു് വീട്ടിൽ നിന്നു് ഇറങ്ങിപ്പോകുന്നു. നിറച്ചു് കുടിച്ചുകൊണ്ടു് ആടിയാടി തിരിച്ചു വരുന്നു. മിക്ക ഭർത്താക്കന്മാരുടെയും മദ്യപാനത്തിനു കാരണക്കാരികൾ ഭാര്യമാരാണു്.

images/Jnehru.jpg
ജവഹർലാൽ നെഹ്രു

കാരുണ്യമാണു് ഏറ്റവും ശ്രേഷ്ഠം. ജവഹർലാൽ നെഹ്രു വിമാനത്താവളത്തിലൂടെ നടക്കുമ്പോൾ ഒരു ശിപായി വിമാനത്തിന്റെ പ്രൊപ്പല്ലറിനടുത്തു് നിൽക്കുന്നതു കണ്ടു. അദ്ദേഹം ഓടിച്ചെന്നു് അയാളെ പിടിച്ചു മാറ്റിയിട്ടു് പറഞ്ഞു: ഏതു സമയത്തും പ്രൊപ്പല്ലർ കറങ്ങാം. നിങ്ങളുടെ തലയറ്റു് പോകുകയും ചെയ്യും. ദീപിക വാരികയിൽ നെഹ്രുവിന്റെ കാരുണ്യത്തെ വ്യക്തമാക്കുന്ന വേറൊരു സംഭവം തോമസ് തെക്കേടം വിവരിക്കുന്നു. നെഹ്രു ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അദ്ദേഹത്തിന്റെ ടൈപ്പിസ്റ്റിനെ കാണുന്നില്ല. അയാളെ കൂട്ടിക്കൊണ്ടു വന്നതിനു ശേഷമേ അദ്ദേഹം ആഹാരം കഴിച്ചുള്ളൂ.

“നിങ്ങൾ പ്രായമാകുമ്പോൾ നിങ്ങളുടെ സ്വഭാവത്തിനു യോജിച്ച മുഖം നിങ്ങൾക്കുണ്ടാകും.” എന്നു ബൽസാക്ക്. നെഹ്രുവിന്റെ പടം നോക്കൂ. കാരുണ്യശാലിയാണു് അദ്ദേഹമെന്നു് മനസ്സിലാക്കാം.

images/Liszt.jpg
ഫ്രാന്റ്സ് ലിസ്റ്റ്

കാരുണ്യം വേണമെന്നതുകൊണ്ടു് അപമാനം സഹിക്കേണ്ടതില്ല. അപമാനത്തിനു പകരം ചങ്കിൽ കൊള്ളുന്ന മറുപടി നൽകിയാൽ മതി. കേശവദേവ് തിരുവനന്തപുരത്തെ വൈ. ഡബ്ലിയു. സി. എ. ഹാളിൽ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ പിറകെ മുണ്ടശ്ശേരി യിരുന്നു തകഴി യോടു സംസാരിച്ചു. ദേവിനു ദേഷ്യം വന്നു. ‘സ്റ്റോപ്പ് ഇറ്റ്’ എന്നു ദേവ് അലറി. തിരുവനന്തപുരത്തു നിന്നു് പത്തു നാഴിക അകലെയുള്ള ഒരു സ്കൂളിൽ ഞാൻ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ അധ്യക്ഷനായ ഒരു വിമർശകൻ പുസ്തകം വായിക്കുകയായിരുന്നു. (അദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയാണതു്) ദേവിന്റെ അലർച്ചയെക്കാൾ കുത്സിതമാണു ഈ ഗ്രന്ഥപാരായണം. പ്രഭാഷകൻ എത്ര നിസ്സാരനാണെങ്കിലും അധ്യക്ഷൻ അയാളെ അവഗണിക്കാതിരിക്കുമ്പോഴാണു് അദ്ദേഹം ഔന്നത്യമാർജ്ജിക്കുന്നതു്. അപമാനത്തിനു തിരിച്ചടി നൽകേണ്ടതെങ്ങനെ? ഒരു സംഭവം പറയാം. ഹംഗേറിയൻ പിയാനിസ്റ്റ് ഫ്രാന്റ്സ് ലിസ്റ്റ് (Liszt) റഷ്യൻ ചക്രവർത്തി നിക്കോളോസ് ഒന്നാമന്റെ മുൻപിലിരുന്നു പിയാനോ വായിക്കുകയായിരുന്നു. അപ്പോൾ ചക്രവർത്തി അടുത്തിരുന്ന അംഗരക്ഷകനോടു വാ തോരാതെ സംസാരിച്ചു. ലിസ്റ്റിനു വൈഷമ്യമുണ്ടായെങ്കിലും അദ്ദേഹം വായന നിർത്തിയില്ല. ചക്രവർത്തി സംസാരം അവസാനിപ്പിക്കുന്നില്ലെന്നു കണ്ടപ്പോൾ ലിസ്റ്റ് പിയാനോ വായന നിർത്തി. എന്താണു് അതു് നിർത്തിക്കളഞ്ഞതെന്നു് ചക്രവർത്തി ദൂതനെ അയച്ചു ചോദിച്ചപ്പോൾ ലിസ്റ്റ് മറുപടി പറഞ്ഞു: “ചക്രവർത്തി സംസാരിക്കുമ്പോൾ എല്ലാവരും നിശ്ശബ്ദരായിരിക്കേണ്ടേ?” അതിനു ശേഷം ഒരു തടസ്സവുമുണ്ടായില്ല.

പലരും പലതും

ആശയങ്ങളെ ഭാവനകൊണ്ടു് സാക്ഷാത്കരിക്കുമ്പോഴാണു കവിത ജനിക്കുന്നതു്. സി. എം. രാജൻ ദേശാഭിമാനി വാരികയിലെഴുതിയ “അഹല്യോദ്ധാരണ”ത്തിൽ ഭംഗിയാർന്ന ആശയങ്ങളുണ്ടു്. പക്ഷേ, അതു് ‘ഇമാജിനേറ്റീവ് എക്സ്പീരിയൻസാ’യി ഭവിക്കുന്നില്ല. വാരികയിലെ “സന്തുഷ്ട കുടുംബം” എന്ന കഥ (എം. പി. ശശിധരൻ എഴുതിയതു്) പൈങ്കിളി എന്ന വിഭാഗത്തിൽ പെടുന്നു. ഇക്കഥ ശശിധരൻ എഴുതിയില്ലെങ്കിൽ വേറെ നൂറുനൂറു ശശിധരന്മാർ ഇതുപോലുള്ള കഥകൾ എഴുതും. അതുകൊണ്ടു് അദ്ദേഹത്തിനെ കുറ്റപ്പെടുത്തേണ്ടതില്ല. വീടു വാടകയ്ക്കു കിട്ടാത്ത ഒരുത്തനു ഒടുവിൽ വീടു കിട്ടുന്നു. താമസത്തിനു് ഉടനെ ചെല്ലുമെന്നു പറഞ്ഞപ്പോൾ താൻ വിവാഹിതനല്ലെന്നും കൂടി ഉടമസ്ഥനെ അറിയിക്കേണ്ടിവന്നു അയാൾക്കു്. ഉടമസ്ഥൻ വീടു് അടച്ചു പൂട്ടി. ഇതാണു മനോരാജ്യത്തിൽ എം. പി. ദേവനെഴുതിയ ‘അവിവാഹിതൻ’ എന്ന കഥയുടെ സാരം. നമ്മുടെ നാട്ടിൽ ശവത്തെ കുളിപ്പിക്കാറുണ്ടു്. പട്ടടയിലേക്കു് എടുക്കുന്നതിനു മുൻപു്. കഥാശവത്തിന്റെ പല്ലുകൂടി തേച്ചുകൊടുക്കുന്നു ഈ കഥാകാരൻ(!).

ചന്ദ്രൻ ചൂലിശ്ശേരി ‘കുമാരി’ വാരികയിലെഴുതിയ ‘ചുംബനം’ എന്ന കഥ. എം. എ. ക്ലാസ്സിലെ വിദ്യാർത്ഥി ബി. എ. ക്ലാസിലെ വിദ്യാർത്ഥിനിയെ സ്വന്തം വീട്ടിൽ കൊണ്ടുപോകുന്നു. അവളുടെ ചേട്ടൻ സമയത്തെത്തിയതുകൊണ്ടു് തെറ്റായതൊന്നും നടന്നില്ല. പിന്നീടു് അവളെ വേറൊരുത്തൻ വിവാഹം കഴിക്കാൻ പോകുന്നു. അവൾ രമേശിനെയും വിവാഹത്തിനു ക്ഷണിക്കുന്നു. അയാൾ അവളോടു് ചുംബനം ചോദിക്കുന്നു. അവൾ കൊടുക്കുന്നില്ല. വികാരവിരേചനമാണു ട്രാജഡിയുടെ സ്വഭാവമെന്നു യവന തത്ത്വചിന്തകൻ. ട്രാജഡിയില്ലാത്ത യഥാർത്ഥത്തിലുള്ള വിരേചനം തന്നെയിതു്. ഷീഗാ ബാക്ടീരിയമാണു ഈ രോഗമുണ്ടാക്കുന്നതു്.

images/AncientEvenings.jpg

“I cannot bear the limbs of this woman. She entwines herself too much about me. I feel wrapped in the arts of embalmer. Her flesh suffocates. Yet I cling to her. My fingers search her depths. My mouth is sealed with hers. നോർമൻ മേലറു ടെ ഏറ്റവും പുതിയ നോവലിലെ Ancient Evenings-ലെ ഒരു കഥാപാത്രം പറയുന്നതാണിതു്. നോവൽ വായിക്കൂ. അതിനെ സംബന്ധിച്ചും അനുവാചകന്റെ അനുഭവമാണിതെന്നു മനസ്സിലാക്കാം. ഞാനിതു വായിച്ചു. മേലർ കലയുടെ അധിക്യതയിലെത്തിയിരിക്കുന്നു എന്ന പരമാർത്ഥം ഞാൻ മനസ്സിലാക്കി.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-06-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 3, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.