സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-08-05-ൽ പ്രസിദ്ധീകരിച്ചതു്)

ന്യക്രാസഫ് (Viktor Nekrasov) റഷ്യയിൽ നിന്നു കൂറുമാറി അമേരിക്കയിലേക്കു പോന്ന സാഹിത്യകാരനാണു്. 1954-ൽ ഉണ്ടായ ഒരു സംഭവം അദ്ദേഹം തന്നെ വിവരിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ In My Home Town എന്ന കൊച്ചു നോവൽ Novy Mir-ന്റെ പത്രാധിപർ (Tvardovsky) പരിശോധിക്കുകയായിരുന്നു. അതിൽനിന്നു വൊഡ്കയെ (Vodka—ഒരു തരം മദ്യം) അദ്ദേഹം നിഷ്ക്കാസനം ചെയ്തു. “എന്തു്, ഒന്നാം പേജിൽത്തന്നെ അവർ കുടിതുടങ്ങിയോ?” എന്നാണു മദ്യവിരോധിയല്ലാത്ത പത്രാധിപർ പരാതിപ്പെട്ടു ചോദിച്ചതു്. “പകുതി ലിറ്ററില്ലാതെ രണ്ടുവാക്കു പോലും പറയാൻ വയ്യേ?”

പത്രാധിപരുടെ ആജ്ഞയനുസരിച്ചു് പകുതി ലിറ്റർ കാൽ ലിറ്ററായി. കാൽ ലിറ്റർ കൊച്ചുഗ്ലാസ്സുകളായി. ചെറിയ ഗ്ലാസ്സുകൾ ബീയർ നിറഞ്ഞ മഗ്ഗുകളായി. രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ എല്ലാം അവസാനിച്ചു. പത്രാധിപർ ദീർഘശ്വാസം വിട്ടുകൊണ്ടു് പറഞ്ഞു: “ഇനി നമുക്കു ബാറിലേക്കു പോകാം. കുറച്ചു കുടിക്കണം. ഞാൻ തളർന്നു” (ബോസ്റ്റൻ സർവകലാശാലയുടെ സഹകരണത്തോടുകൂടി “പാർട്ടിസാൻ റവ്യു ” നടത്തിയ ഒരു സമ്മേളനത്തിന്റെ റിപ്പോർട്ടിൽ നിന്നു്).

കുറേക്കാലം മുൻപു് ഞാനൊരു സമ്മേളനത്തിനു പോയി. അദ്ധ്യക്ഷൻ അഴിമതി നിരോധനക്കമ്മിറ്റിയുടെ ചെയർമാൻ (അക്കാലത്തെയാണു്. ഇക്കാലത്തെയല്ല). അന്നു അഞ്ചുപേരിൽ കൂടുതൽ ടാക്സിക്കാറിൽ സഞ്ചരിച്ചാൽ പോലിസ് കേസ്സെടുക്കും. കാറ് പാളയമെന്ന സ്ഥലത്തെത്തിയപ്പോൾ ഞാൻ ചെയർമാനോടു പറഞ്ഞു: “നമ്മുടെ കാറിൽ ഡ്രൈവർ ഉൾപ്പെടെ എട്ടുപേരുണ്ടു്. പോലിസ് പിടികൂടും. സാറും കൂടിയുള്ളതുകൊണ്ടു് അതു വലിയ അപരാധമായി പത്രത്തിൽ റിപ്പോർട്ടുവരും”. ഉടനെ അഴിമതി നിരോധനക്കമ്മിറ്റിയുടെ ചെയർമാൻ എന്റെ ആശങ്കയ്ക്കു സമാധാനം നൽകി: “ഓ, പോലിസ് പിടിച്ചാൽ അഞ്ചു രൂപ അവന്റെ കൈയിൽ അങ്ങു വച്ചു കൊടുത്താൽ മതി”. ആരു മരിച്ചാലും മന്ത്രിപുംഗവന്മാർ ഞെട്ടുന്നതുപോലെയല്ല, ഞാൻ യഥാർത്ഥത്തിൽ ഞെട്ടിപ്പോയി. ആ ചെയർമാന്റെ കൈയിൽ അഴിമതി നിരോധനം ഭദ്രം.

ഈ രണ്ടു സംഭവങ്ങളും സ്വഭാവവൈകല്യത്തിനു ഉദാഹരണങ്ങൾ. കോഴിയിറച്ചിയില്ലാതെ ഊണുകഴിക്കാൻ വയ്യാത്ത വള്ളത്തോൾ, കോഴിയെ കൊല്ലുന്നവരെ ഭീമഘാതകർ എന്നു വിളിച്ചതോ? കോഴിയുടെ കീഴ്മലച്ചുള്ള പിടയൽ കണ്ടു കരൾ പൊട്ടാത്തവരെ അദ്ദേഹം ശകാരിച്ചതോ? പക്ഷിയുടെ ദുഃഖം കണ്ടു സന്ദേശകാവ്യത്തിലൂടെ പരവശനായിപ്പോയ ഒരു ‘മണിപ്രവാള കവി’ ഭാര്യാജാരന്മാരെ ഒന്നിന്നൊന്നു കൊന്നൊടുക്കിയതോ? ഇതിനൊക്കെ എന്തു സമാധാനം പറയും? പറഞ്ഞിട്ടുണ്ടു് ബേനേഡിറ്റോ ക്രോച്ചേ എന്ന ഇറ്റാലിയൻ തത്ത്വചിന്തകൻ. കോഴിയിറച്ചിയില്ലാതെ ഊണുകഴിക്കാത്ത കവിക്കു കോഴിയെ കൊല്ലുന്നതു പാപമാണെന്ന ബോധം മാത്രമുണ്ടായിരുന്നാൽ മതി. ഭാര്യയുടെ ജാരനെ കുളത്തിൽ തല മുക്കിപ്പിടിച്ചു കൊല്ലുന്ന കവിക്കു് നരഹത്യ പാപമാണെന്ന ബോധം മാത്രമുണ്ടായിരുന്നാൽ മതി. വീരധർമ്മാത്മകങ്ങളായ കാവ്യങ്ങൾ രചിക്കുന്ന കവി ചിലപ്പോൾ ഭീരുവായിരിക്കും. പക്ഷേ, ധൈര്യത്തെക്കുറിച്ചു് അയാൾക്കു ബോധം കാണും. അറുത്ത കൈക്കു് ഉപ്പുവയ്ക്കാത്തവൻ കാവ്യങ്ങളിലൂടെ ഭിക്ഷ ധാരാളമെറിയും. നമ്മുടെ ഒരു കവി തിരുവനന്തപുരത്തെ ശാസ്തമംഗലത്തു ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ വന്നു. ദാഹിച്ചപ്പോൾ കരിക്കിൻവെള്ളം ചോദിച്ചു അദ്ദേഹം. തണ്ടാൻ കരിക്കു കൊണ്ടു വന്നു ചെത്തിക്കൊടുത്തപ്പോൾ കവി അതു വാങ്ങിയില്ല. ‘അവൻ തൊട്ടു അശുദ്ധമാക്കി’ എന്നു അദ്ദേഹം പറഞ്ഞു. പക്ഷേ, നീലി എന്ന പുലക്കള്ളിയുടെ ദുഃഖസ്ഥിതി കണ്ടു് അദ്ദേഹം കാവ്യത്തിലൂടെ ധാരാളം കണ്ണീരൊഴുക്കി. അവളെ തീണ്ടാപ്പാടകലെ നിറുത്തുന്ന സവർണ്ണരെ അദ്ദേഹം അതേ കാവ്യത്തിലൂടെ ശകാരിച്ചു. ക്രോച്ചേ പറയുന്നു: കവി ആരാണു് എന്നതിന്റെ ആവിഷ്കാരമല്ല കാവ്യം. കവി ആരല്ലയോ അതിന്റെ സ്ഫുടീകരണമാണതു (എൻസൈക്ലപീഡിയ ബ്രിട്ടാനിക്കയിൽ ക്രോച്ചേ എഴുതിയ aesthetics എന്ന പ്രബന്ധം വായിച്ച ഓർമ്മയിൽ നിന്നു—പഴയ പ്രസാധനം). അതുകൊണ്ടു ലോകമെമ്പാടുമുള്ള വിപ്ലവ കവികൾക്കു രാജകീയ സൗധങ്ങളിൽ താമസിക്കാം. ജെറ്റ് വിമാനത്തിൽ പറക്കാം. ഭൂമിയിൽ ഫോഡ് ലിങ്കൺ കാറിൽ സഞ്ചരിക്കാം. നമ്മെപ്പോലുള്ള സാധാരണക്കാർക്കു് സ്വപ്നം പോലും കാണാൻ വയ്യാത്ത വിലകൂടിയ ഭക്ഷണസാധനങ്ങൾ കഴിക്കാം. കോന്യേക്കും ഷീവാസ് റീഗലും ഡിംപിളും ഒക്കെ ഉള്ളിലേക്കു് ഒഴിക്കാം. അരിവാളുകളുടെ ലയാത്മക സംഗീതവും ഫാക്ടറികളിലെ നിർഘോഷങ്ങളും കാവ്യങ്ങളിലൂടെ കേട്ടു വല്ലപ്പോഴും പുളകപ്രസരം അനുഭവിച്ചാൽ മതി.

സുഗതകുമാരി
images/Sugathakumari.jpg
സുഗതകുമാരി

വിരസമായ, മങ്ങലേറ്റ ഈ അന്തരീക്ഷത്തിൽ എത്രയെത്ര അതിസുന്ദരങ്ങളായ ചിത്രശലഭങ്ങളാണു് വർണ്ണച്ചിറകുകൾ വീശി പറക്കുന്നതു്! അവയുടെ ഭംഗികൊണ്ടു് അന്തരീക്ഷത്തിന്റെ വൈരസ്യം മാറുന്നു. അവ്യക്തതമാറി ഔജ്ജ്വല്യം ഉണ്ടാകുന്നു. ചിത്രശലഭങ്ങളേ, നിങ്ങൾ സൗന്ദര്യത്തിന്റെ പ്രതീകങ്ങളോ? സത്യത്തിന്റെ ഉടലെടുത്ത രൂപങ്ങളോ? അതോ മായയോ കിനാവോ? പരമാർത്ഥമറിയാൻ ഞാനൊന്നു നിങ്ങളെ സ്പർശിച്ചാൽ മതി. എന്റെ പരുക്കൻ കൈയിൽ രേണുക്കൾ ഒളിവിതറും. അപ്പോൾ എന്റെ സംശയം തീരും. നിങ്ങൾ സൗന്ദര്യമായ സത്യവും സത്യമായ സൗന്ദര്യവുമാണെന്നു ഞാൻ മനസ്സിലാക്കും.

മാതൃഭൂമിയുടെ വെള്ളക്കടലാസ്സിലെ കറുത്ത അക്ഷരങ്ങളിൽ നിന്നു ഉയർന്നു പറക്കുന്ന ഈ ചേതോഹരമായ ചിത്രശലഭമേതാണു? സുഗതകുമാരി യുടെ “ഒരു പാട്ടു പിന്നെയും” എന്ന കാവ്യം. അതിന്റെ പാറിപ്പറക്കൽ, വർണ്ണച്ചിറകുവീശൽ ഇവ ഞാൻ പല പരിവൃത്തി കണ്ടു, ഇനിയും കാണാൻ എനിക്കു കൗതുകമേയുള്ളു. ഈ വിരസമായ അസ്പഷ്ടതയ്ക്കു സ്പഷ്ടത നൽകുകയും ചെയ്യുന്ന ഈ കാവ്യ ശലഭത്തിന്റെ സത്യാത്മകതയെക്കുറിച്ചു സംശയം വേണ്ട. എങ്കിലും ഞാൻ സ്പർശിച്ചു. കരതലമാകെ സുവർണ്ണരേണുക്കൾ.

ചിറകൊടിഞ്ഞ ഒരു കാട്ടുപക്ഷിയുടെ ദയനീയമായ ജീവിതം ആലേഖനം ചെയ്യുകയാണു കവി. ചിറകൊടിഞ്ഞ ആ പക്ഷി ഒരു പാട്ടു് പിന്നെയും മൂളി നോക്കുന്നു. അതിനോടൊരുമിച്ചു പാടാൻ വേറൊരു കിളിയില്ല. കൊച്ചുമക്കൾ നേരത്തെ പിരിഞ്ഞുപോയി. എങ്കിലും അതു പാടുന്നു. ആരും കേൾക്കാനില്ലെന്നു കരുതരുതു്.

ഇരുളിൽത്തിളങ്ങുമിപ്പാട്ടുകേൾക്കാൻ കൂടെ

മരമുണ്ടു മഴയുണ്ടു കുളിരുമുണ്ടു

നിഴലുണ്ടു പുഴയുണ്ടു തലയാട്ടുവാൻ താഴെ

വഴിമരച്ചോട്ടിലെ പുല്ലുമുണ്ടു്

ആരുമില്ലെങ്കിലെന്തായിരം കൊമ്പത്തു

താരുകളുണ്ടു താരങ്ങളുണ്ടു്!

അപ്പാട്ടിലാഹ്ലാദത്തേനുണ്ടു കനിവെഴും

സ്വപ്നങ്ങളുണ്ടു്, കണ്ണീരുമുണ്ടു്.

പക്ഷിയുടെ കഥ മാത്രമല്ലിതു്. ഏകാന്തതയുടെ ദുഃഖം അനുഭവിക്കുന്ന മനുഷ്യന്റെ കഥയുമാണിതു്. അവന്റെ ഭവിതവ്യത മുഴുവൻ ഏതാനും വരികളിൽ ഒതുക്കിയിരിക്കുന്നു സുഗതകുമാരി. കാവ്യത്തിന്റെ പര്യവസാനംകൂടി കണ്ടാലും:

വെട്ടിയ കുറ്റിമേൽചാഞ്ഞിരുന്നാർദ്രമാ

യൊറ്റച്ചിറകിന്റെ താളത്തോടെ

ഒരു പാട്ടുവീണ്ടും തെളിഞ്ഞുപാടുന്നിതാ

ചിറകൊടിഞ്ഞുള്ളൊരീക്കാട്ടുപക്ഷി.

എന്റെ സ്മരണമണ്ഡലത്തിൽ എല്ലാക്കാലവും ഈ കാവ്യം പനിനീർപ്പൂവു് പോലെ വിടർന്നുനിൽക്കും. ചിത്രശലഭം പോലെ പാറിക്കളിക്കും.

ഉപരിതലസ്പർശം

ഇതെഴുതുന്ന ആളിനു കുറെക്കാലം ഒരു കോളേജിൽ പ്രിൻസിപ്പലിന്റെ “ചാർജ്ജ്” ഉണ്ടായിരുന്നു. ഒരുദിവസം ഒരു വുമൻ ലക്ചറർ കരഞ്ഞുകൊണ്ടു് എന്നോടു പറഞ്ഞു: “ഒരു കുട്ടി മര്യാദകേടു് കാണിക്കുന്നു”. എന്താണു മര്യാദകേടെന്നു ഞാൻ ചോദിച്ചിട്ടു് അവർ മറുപടി പറഞ്ഞില്ല. ഞാൻ ഉടനെ ക്ലാസ്സിൽച്ചെന്നു നോക്കി. പതിനെട്ടു വയസ്സോളം പ്രായമുള്ള ഒരു തടിയൻ, ട്രൗസേഴ്സ് അഴിച്ചു താഴെയിട്ടിട്ടു ജനനേന്ദ്രിയം കാണിച്ചു് ബഞ്ചിന്റെ മുകളിൽ കയറി നിൽക്കുന്നു. പെൺകുട്ടികൾ തല കുനിച്ചിരിക്കുന്നു. ആൺകുട്ടികൾ കൂവിത്തകർക്കുന്നു. ആ പയ്യനെ കാലുറ ധരിപ്പിച്ചിട്ടു് എന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടു വന്നു. കൊളീജിയേറ്റ് ഡയറക്ടർ ഡോക്ടർ കെ. ഭാസ്കരൻനായരോടു് ‘എന്താണു വേണ്ട’തെന്നു് ഞാൻ ടെലിഫോണിൽക്കൂടി ചോദിച്ചു. വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്യാനാണു് അദ്ദേഹം നിർദ്ദേശിച്ചതു്. സസ്പെൻഡ് ചെയ്താൽ കുട്ടികൾ എന്നെ ഘേരാവോചെയ്യും. അതുകൊണ്ടു് ‘അച്ഛനെ കൂട്ടിക്കൊണ്ടുവരൂ’ എന്നു ഞാൻ ആ പയ്യനോടു പറഞ്ഞു. ‘മൂന്നാലു്’ ദിവസം ആരും വന്നില്ല. അഞ്ചാം ദിവസമാണെന്നു തോന്നുന്നു ഉടുത്ത മുണ്ടിന്റെ ഒരു വശം പൊക്കിപ്പിടിച്ചുകൊണ്ടു് ഒരാൾ എന്റെ വീട്ടിൽ കയറിവന്നു. ‘ഇരുന്നാട്ടെ’ എന്നു ഞാൻ. ‘ഇരിക്കാനല്ല വന്നതു്’ എന്നു് ആഗതൻ. അപ്പോഴാണു് എനിക്കു കാര്യം മനസ്സിലായതു്. ഞാൻ പറഞ്ഞു: “മകനോടു് എഴുന്നേറ്റുനിൽക്കാൻ റ്റീച്ചർ ആവശ്യപ്പെട്ടു. പയ്യൻ ബഞ്ചിൽകയറിനിന്നു നഗ്നത കാണിച്ചു. ശരി. ഒരപ്പോളജി എഴുതിക്കൊടുത്തിട്ടു് ക്ലാസ്സിൽ കയറിക്കൊള്ളട്ടെ”. അയാൾ: “എന്റെ മകൻ അങ്ങനെയൊന്നും ചെയ്യുകയില്ല. അതുകൊണ്ടു് അപ്പോളജിയുമില്ല, കിപ്പോളജിയുമില്ല”.

ഞാൻ എഴുന്നേറ്റു് അകത്തുപോയി. കാലത്തു കോളേജിൽ എത്തി. കെട്ടിടത്തിലേക്കു കടക്കുന്നതിനുമുൻപു് ആയിരം വിദ്യാർത്ഥികളോളം എന്നെ വളഞ്ഞു. മുദ്രാവാക്യങ്ങൾ. എനിക്കു വെയിലുകൊള്ളാൻവയ്യ. കുടനിവർക്കാൻ കുട്ടികൾ സമ്മതിച്ചതുമില്ല. പയ്യൻ ക്ലാസ്സിൽ കയറിക്കൊള്ളട്ടേ എന്നു ഗത്യന്തരമില്ലാതെ ഞാൻ പറഞ്ഞു.

ഇതാണു് ഇന്നത്തെ സ്ഥിതി. എല്ലാ മാനുഷികമൂല്യങ്ങളും തകർന്നിരിക്കുന്നു. അതുകൊണ്ടു് ഹെഡ് മാസ്റ്ററായിരിക്കുക, പ്രിൻസിപ്പലായിരിക്കുക എന്നതൊക്കെ അപകടംപിടിച്ച പണികളാണു്. സ്വന്തം നന്മയ്ക്കുവേണ്ടിയും സമുദായത്തിന്റെ നന്മയ്ക്കുവേണ്ടിയും ദുഷ്ടവികാരങ്ങളെ ഏതു വ്യക്തിക്കു് അടക്കിവയ്ക്കാൻ സാധിക്കുമോ അയാളെ നമ്മൾ നന്മയുളള മനുഷ്യൻ എന്നു വിളിക്കുന്നു. പല കാരണങ്ങൾകൊണ്ടും ചെറുപ്പക്കാർ കുത്സിതവികാരങ്ങളെ നിയന്ത്രിക്കുന്നില്ല. ആ വിധത്തിലാണു് മൂല്യങ്ങൾ തകരുന്നതു്. അക്ബർ കക്കട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘ഏഡ്മാഷ്’ എന്ന ചെറുകഥയിൽ ഈ മൂല്യത്തകർച്ചയെ ചിത്രീകരിച്ചിട്ടുണ്ടു്. കഥ പറയുന്ന ആളിന്റെ ആഗ്രഹം ഹെഡ്മാസ്റ്റർ ആകാനായിരുന്നു. ദൗർഭാഗ്യത്താൽ അയാൾ ശിപായിയേ ആയുള്ളൂ. അയാൾ ജോലിചെയ്യുന്ന സ്കൂളിലെ ഹെഡ്മാസ്റ്റർ വിദ്യാർത്ഥി കൊടുത്ത കത്തിക്കുത്തു് ഏറ്റു് ക്ഷതാംഗനായി കിടക്കുമ്പോൾ അടുത്തജന്മത്തിലും ഹെഡ്മാസ്റ്റർ ആവരുതേ എന്നു് അയാൾ പ്രാർത്ഥിക്കുന്നു. അക്ബർ കക്കട്ടിൽ ‘സ്യൂപർഫിഷലായ’—ഉപരിതലത്തെ മാത്രം സ്പർശിക്കുന്ന മട്ടിൽ എഴുതുന്ന— കഥാകാരനാണു്. അദ്ദേഹത്തിന്റെ ഒരു കഥയും നമ്മുടെ ആത്മാവിനെ സ്പർശിക്കുകയില്ല, സമ്പന്നമാക്കുകയില്ല. ഇല്ലെന്നുമാത്രമല്ല ഉള്ള ‘സമ്പന്നത’യെ അദ്ദേഹം ഇല്ലാതാക്കുകയും ചെയ്യും. പൊള്ളയായ കഥ. ഇതു വായിച്ചു കഴിയുമ്പോൾ നമ്മുടെ ആത്മാവും പൊള്ളയായിമാറുന്നു.

ഫീനിക്സ്, സങ്കല്പത്തിൽ മാത്രം ജീവിക്കുന്ന പക്ഷിയാണു്. സ്വർണ്ണച്ചിറകുള്ള ചുവന്നപക്ഷി. അറേബ്യൻ മണൽക്കാട്ടിൽ അതു് അഞ്ഞൂറുകൊല്ലം ജീവിച്ചിരിക്കും. ഒരു സമയത്തു് ഒരു ഫീനിക്സേ ഉണ്ടായിരിക്കൂ. ജീവിതം അവസാനിക്കാറാകുമ്പോൾ അതു് തടികൊണ്ടു കൂടുണ്ടാക്കും. അതിലിരുന്നു് ദഹിക്കും. ആ ചാമ്പലിൽ നിന്നു് മറ്റൊരു ഫീനിക്സ് ഉണ്ടാകും. മഹാന്മാരായ കലാകാരന്മാർ ഫീനിക്സ് പക്ഷികളെപ്പോലെയാണു്. മോപസാങ്, ചെക്കോവ്, ലൂഷൻ ഇങ്ങനെ പലരും. അവർ സുവർണ്ണ പ്രഭ പ്രസരിപ്പിക്കുമ്പോൾ കാകന്മാരും ‘തത്തിപ്പൊത്തി’ നടക്കുന്നുണ്ടാവും അന്തരീക്ഷത്തിനു് കറുപ്പിയറ്റിക്കൊണ്ടു്.

അന്യവത്കരണം

1185 അക്ഷരങ്ങളുള്ള ഒരിംഗ്ലീഷ് വാക്കുണ്ടു്. തുടക്കം acetylseryityrosylsery-എന്നാണു്. The protein part of the tobacco mosaic virus എന്നാണു് ഈ വാക്കിന്റെ അർത്ഥം. 1913 അക്ഷരങ്ങളുള്ള വേറൊരു പദമുണ്ടു്. അതിന്റെ തുടക്കം ഇങ്ങനെ methionylglutaminylarginyltyrosyl … അർത്ഥം The Chemical name for tryptophan synthetase A protein എന്നാണു്. രണ്ടു വാക്കും പൂർണ്ണമായി അച്ചടിച്ചാൽ കലാകൗമുദിയുടെ ഒരു പേജ് നിറയും. ഈ വാക്കുകൾ വായിക്കുന്നതും ഇവ ഓർമ്മയിൽ സൂക്ഷിക്കാൻ ശ്രമിക്കുന്നതും വ്യർത്ഥമായ ജോലിയാണു്. ഇതുപോലെ വ്യർത്ഥമായ പ്രവൃത്തിയാണു് ദീർഘങ്ങളായ പൈങ്കിളിക്കഥകൾ വായിക്കുന്നതു്. അസാധാരണങ്ങളായ ഈ രണ്ടു പദങ്ങളും അദ്ഭുതവികാരത്തിന്റെ ഒരംശമെങ്കിലും ഉളവാക്കും. ദീർഘമായ പൈങ്കിളിക്കഥ മനംമടുപ്പേ ജനിപ്പിക്കുകയുള്ളൂ. മലയാളമനോരമ ആഴ്ചപ്പതിപ്പിൽ പത്തനാപുരം വിക്രമൻനായർ എഴുതിയ “വിഷാദ സ്മൃതിയിലെ മുള്ളുകൾ” എന്ന ചെറുകഥ ഈ സാമാന്യതത്ത്വത്തിൽ നിന്നു് ഒറ്റപ്പെട്ടു നിൽക്കുന്നില്ല. ഗ്രേയ്സി എന്ന നേഴ്സിനെ ഒരാർട്സ് കോളേജ് ലക്ചറർ കാമത്തിന്റെ സാഫല്യത്തിനായി സമീപിക്കുന്നു.

വിവാഹം കഴിഞ്ഞേ ശാരീരിക വേഴ്ച ആകാവൂ എന്നു് അവൾ പറഞ്ഞതുകൊണ്ടു് അയാൾ അകന്നു പോകുന്നു. പിന്നീടു് വേറൊരു യുവതിയെ ഗർഭിണിയാക്കുന്നു. ഗർഭച്ഛിദ്രം നാടൻ മുറയിൽ നടത്തിച്ചു് മരണപ്രായയായി, അവളെ ഗ്രേസി ജോലി ചെയ്യുന്ന ആശുപത്രിയിൽ കൊണ്ടു വരുന്നു. ഗ്രേസി ഡോക്ടറോടു് ശുപാർശ ചെയ്തു് അവളെ ചികിത്സിപ്പിക്കുന്നു. അവൾ രക്ഷപ്പെടുന്നു. അവളെ വിവാഹം കഴിച്ചുകൊള്ളാമെന്നു് ഗ്രേസി അയാളെക്കൊണ്ടു് സത്യം ചെയ്യിപ്പിക്കുന്നു. അതേ സമയം ഗ്രേസി പൂർവ്വകാമുകനെ നഷ്ടപ്പെടുന്നല്ലോ എന്നു വിചാരിച്ചു് വിഷാദിക്കുകയും ചെയ്യുന്നു. കഥയുടെ ദൈർഘ്യത്തേക്കാൾ, അതിന്റെ പൈങ്കിളി സ്വഭാവത്തേക്കാൾ, അതിന്റെ വ്യാജസ്വഭാവമാണു് ഉത്കൃഷ്ടസാഹിത്യം വായിക്കുന്നവരെ വേദനിപ്പിക്കുന്നതു്. അസ്തിത്വവാദികൾ പറയാറുള്ള ‘ഏയ്ല്യനേഷൻ’—അന്യവൽക്കരണം ഏതാണ്ടു് ശരിയാണെന്നു് ഇപ്പോൾ തോന്നിത്തുടങ്ങിയിരിക്കുന്നു. ഭാരതം എന്റെ രാജ്യമല്ലെന്നു് എനിക്കു് തോന്നുന്നു. ഇവിടത്തെ സർക്കാർ എന്റേതാണെന്നു് എനിക്കു് തോന്നുന്നില്ല. എന്റെ വീട്ടിലെത്തുന്ന സ്നേഹിതൻ, സ്നേഹിതനല്ലെന്നും, ആ മനുഷ്യൻ ഏതു നിമിഷവും എന്നെ ചതിക്കുമെന്നും തോന്നുന്നു. കേശവദേവി ന്റെ ‘പ്രതിജ്ഞ’ എന്ന ചെറുകഥ വായിച്ചപ്പോൾ ഇതു് എന്റെ കഥ എന്നെനിക്കു് വിചാരമുണ്ടായിരുന്നു. മനോരമയിലെ കഥ വായിക്കുമ്പോൾ ഇതു് എന്റേതല്ലെന്ന അന്യവൽക്കരണബോധം.

വിൽക്കുന്ന സാധനം എത്രത്തോളം വ്യാജമാണോ അത്രത്തോളം വിൽപ്പനക്കാരൻ വാചാലനാകും, അത്രത്തോളം അയാളുടെ ശരീരിക ചേഷ്ടകൾ സ്ഥൂലീകരിക്കപ്പെടും. പഴങ്കോടിയാണെങ്കിൽ “ഹാ! ഒന്നാന്തരം ടെറികോട്ടൺ” എന്നു മൊഴിയും. അതു് പൊട്ടുമെന്നു് തോന്നുന്ന മട്ടിൽ വലിച്ചുപിടിക്കും. പേനയാണെങ്കിൽ നിബ്ബ് താഴെ ഇടിച്ചു കാണിക്കും. അങ്ങോട്ടുമിങ്ങോട്ടും ചാടും. നല്ല സാധനങ്ങൾ വിൽക്കുന്നവനു് മൗനം. ചേഷ്ടകളുമില്ല. നിരൂപണത്തിന്റെയും കഥയുടെയും കാവ്യത്തിന്റെയും കള്ളത്തരം കൂടി വരുന്തോറും വാചാലതയും ദുർഗ്രഹതയും ഏറി വരും.

റിവൾഷൻ
images/BCroce.jpg
ക്രോച്ചേ

കലയ്ക്കു് രൂപം കൊടുക്കണമെങ്കിൽ വാക്കുകൾ കൊണ്ടു് ഒരലങ്കരണം നടത്തിയാൽ മതിയെന്നു് ആരും വിചാരിക്കരുതു്. ആഴത്തിൽ ചെന്നുള്ള കാഴ്ചയാണു്—ഉൾക്കാഴ്ചയാണു്—കല എന്നതു്. ആ വിധത്തിലുള്ള അഗാധ ദർശനമുണ്ടാകുമ്പോൾ അനുവാചകൻ ക്ഷുദ്രങ്ങളും ചപലങ്ങളുമായ വികാരങ്ങളിൽ നിന്നു് അകന്നു് പ്രശാന്താവസ്ഥയിലെത്തും (ക്രോച്ചേ). മോപസാങ്ങിന്റെ ‘In the Moonlight’, ‘Useless Beauty’, ചെക്കോവി ന്റെ ‘Darling’, ഉറൂബി ന്റെ ‘രാച്ചിയമ്മ’ ഇവ വായിക്കുമ്പോൾ വികാരത്തിന്റെ തിരമാലകളിൽ കിടന്നു് നമ്മൾ ചാഞ്ചാടുന്നില്ല. അനുധ്യാനത്താൽ ഉണ്ടാകുന്ന പ്രശാന്താവസ്ഥയാണു് നമ്മൾക്ക്. ഈ കലാരഹസ്യം “കലാകൗമുദി വിമൻസ് മാഗസി”നിൽ ‘തിര’ എന്ന ചെറുകഥ എഴുതിയ ജോൺസ്, ടി. എൽ.-നു് അറിഞ്ഞുകൂടാ. ഗർഭച്ഛിദ്രം സംഭവിച്ചു് സന്തത്യുല്പാദനശക്തി നശിച്ച ഒരു ഹേമയുടെ കഥ പറയുകയാണു് അദ്ദേഹം. “അവളുടെ കവിളുകളിൽ സന്ധ്യയുടെ തീജ്ജ്വാലകൾ, അവളുടെ കാതുകളിൽ കടൽത്തിരകളുടെ ഇരമ്പം, അവളുടെ കണ്ണുകളിൽ ആകാംക്ഷയുടെ ദീപനാളങ്ങൾ” എന്നിങ്ങനെ കോളേജ് വിദ്യാർഥികളെഴുതുന്ന മട്ടിലാണു് പരിണതപ്രജ്ഞനായ ജോൺസ്, ടി. എൽ. എഴുതുന്നതു്. പ്രായം കൂടിയ എനിക്കു് ഈ കഥ ‘റിവൾഷൻ’ (revulsion) ഉണ്ടാക്കി എന്ന സത്യം മറച്ചുവയ്ക്കുന്നില്ല. സത്യത്തിന്റെ പശ്ചാത്തലത്തിലേ വികാരത്തിനു് സ്ഥാനമുള്ളൂ. ജോൺസിന്റെ സ്യൂഡോ പൊയറ്റിക് പദങ്ങൾ കലയുടെ അനുവാചകനെ നയിക്കുന്നതു്; അപവിത്രമായ മണ്ഡലത്തിലേക്കാണു്.

images/DagHammarskjold.jpg
ഡാഗ് ഹാമർഷോൾഡ്

പണ്ടൊരു കിരീടമുണ്ടായിരുന്നു. കനം കൂടിയ കിരീടം. കനക്കൂടുതലുള്ളതുകൊണ്ടു് അതിന്റെ തിളക്കം അറിയാൻ പാടില്ലാത്ത രാജാവിനേ അതു ധരിക്കാൻ കഴിയുമായിരുന്നുള്ളൂ—സ്വീഡിഷ് രാജ്യതന്ത്രജ്ഞൻ ഡാഗ് ഹാമർഷോൾഡ് ‘Markings’ എന്ന ഉജ്ജ്വലഗ്രന്ഥത്തിൽ (Dag Hammarskjold, 1905–61). റ്റോമാസ്മാനി ന്റെ ‘The Magic Mountain’ കനം കൂടിയ കിരീടമാണു്. അതു് അദ്ദേഹം അനായാസമായി ശിരസ്സിലണിഞ്ഞു. നമുക്കതു് എടുത്തുയർത്താൻ പോലുമാവില്ല. അതിന്റെ ഔജ്ജ്വല്ല ്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. നമ്മൾ കാണുന്നുമുണ്ടു്.

നന്ദി

ഞാൻ കണ്ണാടി നോക്കുന്നു. കവിളൊട്ടി കണ്ണു് കുഴിഞ്ഞ ഒരു രൂപം എന്നെ തുറിച്ചു് നോക്കുന്നു. ഞാനാരാണെന്നു് വ്യക്തമാക്കിത്തന്ന കണ്ണാടിക്കു് നന്ദി. പതിവായി റോഡിൽ വച്ചു കാണുന്ന സുന്ദരി. ചക്രവാളത്തിലെ ഒരു ബിന്ദുവിൽ കണ്ണു തറപ്പിച്ചു് അവൾ നടന്നു പോകും. ആരെയും നോക്കില്ല. അവൾ എന്നെ നോക്കി ചിരിച്ചെന്നു് ഇന്നലെ സ്വപ്നം കണ്ടു. എന്റെ അബോധ മനസ്സിനു് നന്ദി. സ്നേഹിതനിൽ നിന്നു് വായിക്കാൻ വാങ്ങിയ പുസ്തകം ആറുമാസമായിട്ടും തിരിച്ചു കൊടുത്തില്ല. ഈയിടെ റോഡിൽ വച്ചു് അദ്ദേഹത്തെ കണ്ടപ്പോൾ ‘പുതിയ പുസ്തകം വല്ലതും വായിച്ചോ?’ എന്നൊരു ചോദ്യം. കടം മേടിച്ച പുസ്തകം തിരിയെ തരാത്തതെന്തു്? എന്നു് ഭംഗിയായി ചോദിച്ച സ്നേഹിതനു് നന്ദി. മൂന്നുവർഷം മുൻപു് ഞാനൊരു മരണം കണ്ടു. അന്നു് മരിച്ചയാളിന്റെ മകൻ ഇന്നലെ നാലും കൂടുന്ന വഴിയിൽ അദ്ദേഹത്തിന്റെ കാറിനടുത്തു് നിൽക്കുന്നതു് കണ്ടു് ഞാൻ ഓടിച്ചെന്നു. “അയ്യോ അന്നത്തെ സംഭവം” എന്നു് ഞാൻ തുടങ്ങി. യുവാവു് ഉടനെ ചോദിച്ചു: “സാറു് എവിടെ താമസിക്കുന്നു?” അടുത്തു തന്നെ എന്നു് പറഞ്ഞിട്ടു് ഞാൻ നടന്നു.

‘അച്ഛന്റെ മരണം എന്നെ ഓർമ്മിപ്പിക്കുന്ന നിങ്ങൾ എത്ര ഭോഷൻ!’ എന്നു് മറ്റൊരു രീതിയിൽ എന്നെ അറിയിച്ച ആ യുവാവിനു് നന്ദി.

കണ്ണാടിയെക്കുറിച്ചെഴുതിക്കൊണ്ടാണു് ഈ ഖണ്ഡിക തുടങ്ങിയതു്. ഇന്നു് വിഷാദം പകരുന്ന ഈ കണ്ണാടി നാൽപ്പതു് വർഷം മുൻപു് എനിക്കു് ആഹ്ലാദം പകർന്നിരുന്നു. ആഹ്ലാദം വിഷാദമാകുമെന്നു് എന്നെ ധരിപ്പിക്കുന്ന കാലത്തിനു് നന്ദി. ഷീല എന്നു് ഞങ്ങൾ വിളിച്ചിരുന്ന ഒരു സുന്ദരിയെ പത്തു വർഷത്തിനു ശേഷം കഴിഞ്ഞയാഴ്ച കണ്ടു. ഇപ്പോൾ അവൾ വൈരൂപ്യത്തിനു് ആസ്പദം. സൗന്ദര്യം വൈരൂപ്യമാകുമെന്നു് എന്നെ ഗ്രഹിപ്പിച്ച കാലത്തിനു് വീണ്ടും നന്ദി. ഈ നന്ദിപ്രകടനം കുങ്കുമം വാരികയിൽ പി. എ. എം. ഹനീഫ് എഴുതിയ “നന്ദി പ്രകടനം നാണുനായർ’ എന്ന സറ്റയർ വായിച്ചതിന്റെ ഫലമാണു്. എന്നെ ചിരിപ്പിച്ച ഹനീഫിനും നന്ദി.

ഈച്ചയും തലയോടും

“ഒരീച്ച വിചാരിച്ചാൽ മതി, ഏതു സുന്ദരിയുടെയും അരക്കച്ച അഴിപ്പിക്കാം” എന്നു് ജപ്പാനിലൊരു ചൊല്ലുണ്ടു് എന്നു് അവിടെ പോയിട്ടു് വന്ന ഒരു സുഹൃത്തു് പറയുന്നു. മനോരാജ്യത്തിൽ ‘സമരം’ എന്ന കഥയെഴുതിയ വെണ്ണല മോഹനൻ വിചാരിച്ചാൽ സാഹിത്യത്തിന്റെ ജുഗുപ്സാവഹങ്ങളായ ഭാഗങ്ങൾ അവൾ കാണിക്കും. സംശയമില്ല. അബ്ദുള്ളയെ, പരീതു് തല്ലിയതിനു് സ്കൂളിൽ സമരം. നാലാം ക്ലാസ്സ് വിദ്യാർഥിയായ അബ്ദുള്ളയ്ക്കു് അടി കൊണ്ടതു് സത്യം. പക്ഷേ, പരീത് അവന്റെ അച്ഛനാണു്. ഈച്ചയുടെ പരാക്രമം എന്നല്ലാതെ എന്തു പറയാൻ?

ഈ സ്നേഹിതൻ തന്നെ അവിടത്തെ ഒരു നേരമ്പോക്കു് പറഞ്ഞു. ബുദ്ധമതവിശ്വാസികളായ പുരോഹിതന്മാരുടെ തലയോടുകൾ വർഷം തോറും ജപ്പാനിൽ പ്രദർശിപ്പിക്കാറുണ്ടത്രേ!

പ്രദർശനം കാണാനെത്തിയ ഒരാളിനോടു്, ബുദ്ധമതക്കാരനായ ഒരാൾ പറഞ്ഞു: ഇതാണു് പത്താം ശതാബ്ദത്തിൽ ജീവിച്ചിരുന്ന ഒരു ബുദ്ധമതപുരോഹിതന്റെ തലയോടു്.

അതുകേട്ടു് സന്ദർശകൻ പറഞ്ഞു: ഞാൻ വിചാരിച്ചു, അദ്ദേഹത്തിന്റെ തലയോട്ടിനു് വലിപ്പം കാണുമെന്നു്.

വിശദീകരണം നൽകുന്നവൻ വിട്ടില്ല.

അയാൾ വീണ്ടും: പുരോഹിതനു് മൂന്നുവയസ്സുണ്ടായിരുന്നപ്പോഴുള്ള തലയോടാണിതു്.

സാഹിത്യത്തിനു് മൂന്നു് വയസ്സുണ്ടായിരുന്നപ്പോൾ അതിനു് ഏതു് തലയോടു് ഉണ്ടായിരുന്നുവോ അതിനെത്തന്നെയാണു് പി. രമ, ദീപികയുടെ വെള്ളക്കടലാസിൽ എഗ്സിബിറ്റ്—exhibit—ചെയ്യുന്നതു്. കഥയുടെ സംഗ്രഹം വേണ്ട. അത്രയ്ക്കു് ക്ഷുദ്രമാണിതു്.

യൂതനേസിയ
images/DaisakuIkeda.jpg
ദൈസാക്കു ഈക്കേഡ

ജപ്പാനിൽ സോകാ ഗാക്കീ (Soka Gakkai) എന്ന പേരിൽ ഒരു ബുദ്ധമത സംഘടനയുണ്ടു്. മതസംഘടനയാണെങ്കിലും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ തല്പരത്വമുണ്ടു് സോകാഗാക്കീക്ക്. 1960 തൊട്ടു് അതിന്റെ പ്രസിഡന്റ് ദൈസാക്കു ഈക്കേഡ യാണു് (Daisaku Ikeda). ഞാൻ ബഹുമാനിക്കുന്ന ചിന്തകനാണു് ഈക്കേഡ. കഴിഞ്ഞവർഷം ഒരു ‘സാഹിത്യ വാരഫല’ത്തിന്റെ ഇംഗ്ലീഷ് തർജ്ജമ ഞാൻ അദ്ദേഹത്തിനു് അയച്ചു് കൊടുത്തു. ഈക്കേഡ സന്തോഷത്തോടുകൂടി അദ്ദേഹത്തിന്റെ ചില ഗ്രന്ഥങ്ങൾ എനിക്കയച്ചുതന്നു. അതിലൊന്നാണു് Choose Life—Arnold Toynbee and Daisaku Ikeda—a Dialogue. വിശിഷ്ടമായ ഈ ഗ്രന്ഥത്തിൽ യൂതനേസിയ എന്ന വിഷയത്തെക്കുറിച്ചു് ടോയിൻബി യുടെയും ഈക്കേഡയുടെയും അഭിപ്രായങ്ങളുണ്ടു്. (Euthanasia—ചികിത്സിച്ചു മാറ്റാൻ വയ്യാത്ത രോഗത്താൽ കഷ്ടപ്പെടുന്നവരെ വേദനയനുഭവിപ്പിക്കാതെ കൊല്ലുക) ആഹ്ലാദത്തിന്റെ പേരിലോ വേദനയിൽ നിന്നു രക്ഷപ്പെടാൻ വേണ്ടിയോ ജീവൻ ത്യജിക്കുന്നതു് ശരിയല്ലെന്നാണു് ഈക്കേഡയുടെ വാദം. ടോയിൻബി അതിനോടു യോജിക്കുന്നില്ല. യാതന അനുഭവിക്കുന്ന രോഗി ‘എന്നെ കൊല്ലൂ’ എന്നു് അപേക്ഷിച്ചാൽ രോഗം ചികിത്സിച്ചു ഭേദമാക്കാൻ വയ്യാത്തതാണെങ്കിൽ ആ അപേക്ഷയനുസരിച്ചു് അയാളെ കൊല്ലണമെന്നും ടോയിൻബി പറയുന്നു. ഇതു ശിക്ഷയല്ല. കാരുണ്യമാർന്ന പ്രവർത്തനമാണു്. രോഗിയുടെ/രോഗിണിയുടെ അഭ്യർത്ഥനയെ നിരാകരിക്കുന്നതു് മനുഷ്യന്റെ ‘ഡിഗ്നിറ്റി’യെ നിരാകരിക്കുന്നതിനു തുല്യമാണെന്നാണു് ടോയിൻബിയുടെ മതം. കോംപോസ് മെന്റിസ് (Compos mentis) എന്ന ലാറ്റിൻ പ്രയോഗത്തിന്റെ അർത്ഥം മാനസികഭദ്രതയുള്ള എന്നാണു്. അചികിത്സ്യമായ രോഗത്താൽ കഷ്ടപ്പെടുന്നവർ അക്ഷതമായ മനസ്സോടുകൂടി ദയാവധം അഭ്യർത്ഥിച്ചാൽ അതു അനുവദിക്കണമെന്നു പറഞ്ഞു. എന്നാൽ കോംപോസ് മെന്റിസ് ഇല്ലാത്ത രോഗിയെ സംബന്ധിച്ചു് എന്തു തീരുമാനത്തിൽ ചെല്ലാം? മാനസികമായി തകർന്ന രോഗിയുടെ കാര്യത്തിൽ ഡോക്ടർമാർ, സർക്കാർ, ബന്ധുക്കൾ ഇവർ വധം വേണോ വേണ്ടയോ എന്നു തീരുമാനിക്കണം.

തീവ്രവേദന അനുഭവിക്കുന്ന മൃഗത്തിനെ നമ്മൾ കൊല്ലും. ഈ “അവകാശം” മനുഷ്യനുമില്ലേ എന്നാണു് ടോയിൻബിയുടെ ചോദ്യം. (Does not a human being have the same right?—pp. 151).

സുപ്രധാനമായ ഈ വിഷയത്തെക്കുറിച്ചു എൻ. വി. കൃഷ്ണവാരിയർ കുമാരി വാരികയിൽ ഉപന്യസിച്ചിരിക്കുന്നു. ഏതും വിദ്വജ്ജനോചിതമായി, രസകരമായി പ്രതിപാദിക്കാൻ കഴിയും എൻ. വി. കൃഷ്ണവാരിയർക്ക്. ഈ ലേഖനം വായിച്ചുനോക്കാൻ ഞാൻ പ്രിയപ്പെട്ട വായനക്കാരോടു് അപേക്ഷിക്കുന്നു.

തകഴി
images/Thakazhi.jpg
തകഴി ശിവശങ്കരപ്പിള്ള

സി. എച്ച്. മുഹമ്മദ്കോയ എന്നെ ചിറ്റൂർ കോളേജിലേക്കു സ്ഥലംമാറ്റി. ശംബളമാകെ താമസിക്കുന്ന കെട്ടിടത്തിന്റെ വാടകയായി കൊടുക്കണം. ബുദ്ധിമുട്ടു വളരെക്കൂടുതൽ. അഭിമാനംകൊണ്ടു് ആരോടും കടം ചോദിക്കില്ല. അതുകൊണ്ടു് എല്ലാ ഏഴാംതീയതിയും സഹധർമ്മിണിയുടെ ഒരു സ്വർണ്ണമാല തത്തമംഗലത്തെ ഒരു ബാങ്കിൽ കൊണ്ടുചെന്നു പണയംവയ്ക്കും. അടുത്ത ഒന്നാംതീയതി അതു തിരിച്ചെടുക്കും. ഇങ്ങനെ പണയം വയ്ക്കലും തിരിച്ചെടുക്കലും. ഒടുവിൽ തൃശൂരെ എക്സ്പ്രസ്സ് പത്രത്തിന്റെ വീക്കെൻഡ് എഡിഷനിൽ എഴുതിത്തുടങ്ങി ഞാൻ. അപ്പോൾ പണയം വയ്ക്കേണ്ട ആവശ്യമില്ലാതെയായി. ഒരു ദിവസം തത്തമംഗലത്തെ റോഡിൽവച്ചു ഞാൻ ബാങ്ക് മാനേജറെ കണ്ടു. അദ്ദേഹം ചോദിച്ചു: “എന്താ ഇപ്പോൾ ബാങ്കിൽ വരാത്തതു്? ആ മാല വിറ്റുകളഞ്ഞോ?” അപ്പോൾ എന്റെകൂടെയുണ്ടായിരുന്ന പ്രൊഫസർ വി. വിജയൻ (മണികണ്ഠവിജയത്തിന്റെ കർത്താവു്) അതു കേട്ടില്ല ഭാഗ്യംകൊണ്ടു്. ഈ സംഭവം ഞാനോർമ്മിച്ചതു് തകഴി യുടെ യൗവനകാലത്തെ പ്രയാസങ്ങൾ ആത്മകഥയിൽ നിന്നു അറിഞ്ഞതിനാലാണു് (കലാകൗമുദി ലക്കം 462). ആർജ്ജവത്തോടെയാണു് അദ്ദേഹം അന്നത്തെ കഷ്ടപ്പാടുകൾ വിവരിക്കുന്നതു്. ജീവിതത്തിൽ വിജയം പ്രാപിക്കണോ? സമ്പന്നനാകണോ? മുഖം നോക്കാതെ ‘ഗ്രാബിങ്’ നടത്തണം. എല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നവൻ ജീവിതത്തിൽ പരാജയപ്പെടും.

സങ്കല്പമാണിതു്. കെട്ടിടംവച്ചു് പൊടി ശ്വാസകോശത്തിൽ കയറി ബോധംകെട്ടുവീണ ഒരു ബന്ധുവിനെ ഡോക്ടറുടെ അടുക്കലെത്തിച്ചു ഞാൻ. “ഹി ഈസ് സഫറിങ് ഫ്രം നൂമോനോ അൾട്രമൈക്രോസ്കോപ്പിൿ സിലിക്കോ വൾക്കാനോകോനിയോസിസ് ” എന്നു ഡോക്ടർ (Pneumono ultrascopic silicovolkanokoniosis). സിമന്റിന്റെ പൊടിയോ കല്ലിന്റെ പൊടിയോ ശ്വാസകോശത്തിൽ കയറിയാൽ ഉണ്ടാകുന്ന രോഗമാണിതു്. ഈ ഡോക്ടറും ഇന്നത്തെ നിരൂപകരും സദൃശർ. ഒരു വ്യത്യാസം. സങ്കല്പത്തിലെ ഡോക്ടർ പറഞ്ഞ വാക്കു നിഘണ്ടുവിൽ കാണും. നവീന നിരൂപകന്റെ പ്രയോഗങ്ങൾ അതിൽ കണ്ടാലും പ്രയോജനമില്ല. വേറൊരു അർത്ഥത്തിലായിരിക്കും അദ്ദേഹത്തിന്റെ പ്രയോഗം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-08-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 2, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.