സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-08-12-ൽ പ്രസിദ്ധീകരിച്ചതു്)

images/Vijayan.jpg
ഒ. വി. വിജയൻ

ഒ. വി. വിജയൻ എഴുതിയ “ധർമ്മപുരാണം” എന്ന നോവലിന്റെ കൈയെഴുത്തുപ്രതിയുമായി “മലയാളനാടു്” വാരികയുടെ ചീഫ് എഡിറ്റർ എസ്. കെ. നായർ തിരുവനന്തപുരത്തെ മാഗ്നിറ്റ് ഹോട്ടലിൽ എത്തി. അതു വായിച്ചുകേൾക്കാൻ ഞാനും ചെല്ലണമെന്നു് അദ്ദേഹം പറഞ്ഞു. വിജയൻ ആ വിധത്തിൽ നിർദ്ദേശിച്ചിട്ടുണ്ടെന്നും എസ്. കെ. നായർ അറിയിക്കാതിരുന്നില്ല. ഹോട്ടലിൽ ഞാനെത്തിയപ്പോൾ ചീഫ് എഡിറ്ററെക്കൂടാതെ എഡിറ്റർ വി. ബി. സി. നായരെയും മലയാളനാടു് ഓഫീസ് മാനേജർ എൻ. കുമാരൻനായരെയും അവിടെ കണ്ടു. അല്പസമയം ഞങ്ങൾ കാത്തിരുന്നപ്പോൾ ഇന്നു് എറണാകുളത്തു് ഡി. ഐ. ജി. ആയിരിക്കുന്ന എൻ. കൃഷ്ണൻനായർ ഐ. പി. എസ്. വന്നുചേർന്നു. കൈയെഴുത്തുപ്രതി വായിച്ചുതുടങ്ങി. നോവലിന്റെ പ്രഥമാദ്ധ്യായത്തിലെ ആദ്യത്തെ ഖണ്ഡികയിലുണ്ടായിരുന്ന ഒരു വാക്യം അതേ രീതിയിൽ ഇവിടെ എടുത്തെഴുതാൻ ഓർമ്മക്കുറവു് തടസ്സം സൃഷ്ടിക്കുന്നു. ആശയം ഓർമ്മിക്കുന്നുണ്ടു്. പക്ഷേ അതും മലയാളത്തിൽ എഴുതാൻ വയ്യ. ഇംഗ്ലീഷിലാക്കിപ്പറയാം. “He (The President) made a noise with the other end of the alimentary canal.” ഈ വാക്യം വായിച്ചു കഴിഞ്ഞയുടനെ പ്രതിഷേധസൂചകമായി ആരോ ചോദിച്ചു: Was that a deafening noise? ചിരി. പാരായണം എന്ന ചുരികാ പ്രയോഗത്താൽ അദ്ധ്യായങ്ങൾ അരിഞ്ഞരിഞ്ഞു വീഴ്ത്ത്പ്പെടുന്നു. അപ്പോൾ വരുന്നു ഒരു വാക്ക്. പബ്ലിക് കക്കൂസുകളുടെ ഭിത്തികളിൽ പിള്ളേരെഴുതി വയ്ക്കുന്ന രണ്ടക്ഷരമുള്ള വാക്ക്. ആരും ഒന്നും മിണ്ടിയില്ല. വായന കഴിഞ്ഞപ്പോൾ നോവൽ ഉടനെ പ്രസിദ്ധപ്പെടുത്താമെന്ന തീരുമാനമായി. അപ്പോൾ ഞാൻ കൃഷ്ണൻനായരോടു ചോദിച്ചു—“ഈ വാക്കോടുകൂടി ഇതു പ്രസിദ്ധപ്പെടുത്തിയാൽ പോലീസ്സിനു കേസ്സെടുത്തുകൂടേ അശ്ലീല രചന എന്നതിന്റെ പേരിൽ?” “കേസ്സെടുക്കാം” എന്നു കൃഷ്ണൻ നായർ. “എന്നാൽ ആ വാക്ക് മാറ്റിക്കളയാം” എന്നായി എസ്. കെ. നായർ. എല്ലാവരും പിരിഞ്ഞു. ഇന്ത്യാഗവണ്മെന്റ് ഏതാനും ദിവസങ്ങൾക്കകം ‘ഇമേജെൻസി’ പ്രഖ്യാപിച്ചതുകൊണ്ടു് ധർമ്മപുരാണം ഉടനെ വെളിച്ചം കണ്ടില്ല. അടിയന്തരാവസ്ഥ പിൻവലിച്ചതിനു ശേഷമേ ആ നോവൽ മലയാളനാട്ടിൽ അച്ചടിച്ചുവന്നുള്ളൂ. ആ വാക്ക് അതിലില്ലായിരുന്നുതാനും.

സെക്സ്, വിസ്സർജ്ജനം ഇവയോടു ബന്ധപ്പെട്ട പദങ്ങൾ ശാസ്ത്രീയഗ്രന്ഥങ്ങളിലൊഴികെ മറ്റൊരു രചനയിലും പ്രയോഗിക്കാൻ പാടില്ല എന്നൊരലിഖിതനിയമം ഉണ്ടാകാൻ കാരണമെന്തു്? ഓരോവാക്കും ഓരോ ചിത്രം മനസ്സിൽ ഉളവാക്കും. ഈ ചിത്രം ആകർഷകമാകാം, ജുഗുപ്സാവഹമാകാം. ജുഗുപ്സാവഹമാകുമ്പോൾ ശ്രോതാവിനു് അസ്വസ്ഥതയുണ്ടാകും. അന്യനു് അസ്വസ്ഥത ജനിപ്പിക്കാൻ ആർക്കും അധികാരമില്ല. അതുകൊണ്ടു് പോർനൊഗ്രഫിയും (അശ്ലീല രചനയും) സ്കെറ്റലർജിയും (വിസ്സർജ്ജനവർണ്ണന) സർക്കാർ നിരോധിക്കുന്നു. ആ നിരോധം ലംഘിക്കുന്നവരെ ശിക്ഷിക്കുന്നു (ഈ അഭിപ്രായം തികച്ചും മൗലികമല്ല. എറിക്ബേണിനോടു് അല്പം കടപ്പാടുണ്ടു്).

images/EricBerne.jpg
എറിക്ബേൺ

മനഃശാസ്ത്രത്തിലെ ‘ട്രാൻസാക്ഷനൽ അനാലിസിസ്’ എന്ന വിഭാഗത്തിന്റെ ഉപജ്ഞാതാവായ എറിക്ബേൺ (1910–1970) അശ്ലീലപദങ്ങൾ കവിത ചേർന്നു് ആകർഷകമാകുന്നതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. Menstruation എന്ന പദം അനാകർഷകമാണു്. എന്നാൽ Blood on the face of the moon: I have my flowers എന്നൊക്കെ പ്രയോഗിക്കുമ്പോൾ തിരുവനന്തപുരത്തുകാരുടെ തീണ്ടാരിക്കു ഭംഗിയുണ്ടാകുന്നു. പുരുഷന്മാർ കാഷ്വൽ അവധിക്ക് അപേക്ഷ എഴുതുമ്പോൾ unwell എന്നെഴുതാൻ പാടില്ല. പെണ്ണുങ്ങൾക്ക് എഴുതാം. (unwell— menstruating.)

കൃത്രിമത്വം

സന്മാർഗ്ഗചിന്തയോ ശാസ്ത്രീയസത്യമോ വ്യക്തിയുടെ നേർക്കുള്ള ഉപാലംഭമോ നിന്ദനമോ അപമാനമോ പ്രതിപാദിക്കാൻ വേണ്ടി കഥയെഴുതുന്നവരുണ്ടു്. അവരുടെ മനസ്സിൽ ആദ്യം വരുന്നതു് വികാരമല്ല ഈ ചിന്തയും ശാസ്ത്രീയസത്യവും മറ്റുമായിരിക്കും. വികാരം വാങ്മയ ചിത്രമാകുമ്പോൾ കലയുണ്ടാകും. രണ്ടാമതു പറഞ്ഞതിന്റെ ആവിഷ്കാരം കലയാവുകയില്ല. അതു് കൃത്രിമത്വത്തിന്റെ സന്തതിയാണു്. ഇത്തരം വ്യാജസാഹിത്യത്തിന്റെ നിർമ്മാതാവാണു് എൻ. ടി. ബാലചന്ദ്രൻ. ഖേദത്തോടുകൂടിയാണു ഞാനിതെഴുതുന്നതു്. കാരണം ബാലചന്ദ്രൻ എന്റെ ഉപകർത്താവാണു് എന്നതത്രേ. അദ്ദേഹം യുവാവാണെങ്കിലും പ്രായം കൂടിയ എന്റെ സുഹൃത്താണു്. അങ്ങനെയുള്ള ഒരാളിന്റെ രചനയെ വിമർശിക്കാൻ വൈഷമ്യമുണ്ടു്. അപ്പോൾ രണ്ടു കാര്യങ്ങൾ ചെയ്യാം. ഒന്നു്: കഥ കണ്ടില്ലെന്നു നടിക്കുക. രണ്ടു്: മൃദുല ഭാഷയിൽ എന്തെങ്കിലും എഴുതുക. രണ്ടും എനിക്കു പ്രയാസമുളവാക്കുന്നു. അതുകൊണ്ടാണു് ബാലചന്ദ്രന്റെ കഥ സ്പൂരിയസ്—വ്യാജം—ആണെന്നു തുറന്നെഴുതുന്നതു്. ഒരു വീട്ടിൽ നാറ്റം. അതു് ഒന്നിനോന്നു തീഷ്ണമാകുന്നു. ദുർഗ്ഗന്ധത്തിന്റെ പ്രഭവകേന്ദ്രം കണ്ടുപിടിക്കുന്നു വീട്ടുകാർ. ഒരു മന്ത്രി ആ വീട്ടിലെ കുട്ടിക്കു സമ്മാനിച്ച മൂന്നു പൂക്കളിൽ നിന്നാണു് നാറ്റമുണ്ടാകുന്നതു്. പൂക്കളെടുത്തു ദൂരെയെറിയുമ്പോൾ നാറ്റം ഇല്ലാതാകുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പു്—ലക്കം 19. ‘കാലഘട്ടത്തിലെ പനിനീർപ്പൂക്കൾ’ എന്ന കഥ). മന്ത്രിയോടു ബന്ധപ്പെട്ടതെന്തും ദുർഗ്ഗന്ധമുണ്ടാക്കുന്നു എന്നാണു് കഥാകാരന്റെ ആശയം. സത്യമോ അസത്യമോ ആകട്ടെ ഈ ആശയം. അതു് ആവിഷ്കരിക്കുമ്പോൾ ആശയമായിത്തന്നെ നിൽക്കുന്നു. ആഖ്യാനം വ്യത്യസ്തതലത്തിൽ വർത്തിക്കുകയും ചെയ്യുന്നു. കലാസൃഷ്ടിയിൽ ആഖ്യാനവും ആശയവും തമ്മിൽ വേർതിരിച്ചെടുക്കാനാവില്ല. കഥ വായിച്ചു തീരുമ്പോൾ ആശയത്തിന്റെ ആഘാതമേറ്റു് ബുദ്ധി പിടയ്ക്കുകയാണു്. അനുധ്യാനത്തിന്റെ പ്രശാന്താവസ്ഥയില്ല. ബാലചന്ദ്രൻ ഉത്കൃഷ്ടങ്ങളായ കഥകൾ വായിച്ചുനോക്കിയാൽ ഇവിടെ പറഞ്ഞതിന്റെ പരമാർത്ഥം ബോധ്യപ്പെടും. ബാലചന്ദ്രന്റെ കഥയ്ക്കുള്ളിടത്തോളം കൃത്രിമത്വം പി. കെ. നന്ദനവർമ്മയുടെ ‘ചോദ്യം, ഉത്തരം’ എന്ന കഥയ്ക്കില്ല. എങ്കിലും അതും ‘സ്പൂരിയസ്’ തന്നെ. ഹൈപോകോൺഡ്രിയ പിടിപെട്ട ഒരുത്തനെയാണു് കഥാകാരൻ ചിത്രീകരിക്കുന്നതു്. ലോഹമുരുക്കി മൂശയിൽ ഒഴിക്കുന്നതുപോലെ കുറെ ആശയങ്ങളെടുത്തു് കഥാരൂപത്തിന്റെ മൂശയിലേക്കു് ഒഴിക്കുന്നു നന്ദനവർമ്മ. ഒഴിക്കുന്ന ദ്രാവകത്തിന്റെ ചൂടുകൂടിയതുകൊണ്ടോ ഘനപരിണാമം വർദ്ധിച്ചതുകൊണ്ടോ മൂശ പൊട്ടിപ്പോകുന്നു. കഥാകാരന്റെ യത്നം വ്യർഥമായി പരിണമിക്കുന്നു. അസാദ്ധ്യങ്ങളായ സംഭാവ്യതകളുണ്ടു്, (impossible probability) അവിശ്വാസ്യങ്ങളായ ശക്യതകളുണ്ടു് (incredible possibility). ആദ്യത്തേതാണു് കലയിൽ കാണുക. അസാദ്ധ്യമായതിനെ സംഭവിക്കാമെന്നമട്ടിൽ ആവിഷ്കരിക്കാൻ എഴുത്തുകാരനെ സഹായിക്കുന്നതു് ഭാവനയാണു്. ആ ഭാവനയില്ലാത്തയാൾ തൂലിക തൊടരുതു്.

ഓറഞ്ച് നിറമാർന്ന പനിനീർപ്പൂവിന്റെ ഇതളുകൾ നീരുറവയിൽ വീഴുന്നു. കല്ലുകളിൽ ആ നിറം പറ്റിപ്പിടിച്ചുനിൽക്കുന്നു—റ്റ്സി ചൂർ (Ts’ai Ch’h) എന്ന ചൈനീസ് കവി. അസാദ്ധ്യതയും സംഭാവ്യതയും ഇങ്ങനെ ഒരുമിച്ചു ചേർന്നപ്പോഴാണു് വൈക്കം മുഹമ്മദ് ബഷീറി ന്റെ ‘നീലവെളിച്ചം’ എന്ന മനോഹരമായ കഥയുണ്ടായതു്.

പ്രത്യക്ഷത്തിൽ നിസ്സാരമെന്നു തോന്നുന്ന ചില സംഭവങ്ങളും കാഴ്ചകളും നമ്മളെ ആഹ്ലാദത്തിലേക്ക് എറിയും. ഞാൻ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അടുത്തു് ഒരു യുവാവു്, യുവതി; അവരുടെ മൂന്നു വയസ്സായ കുഞ്ഞു്. ആ പെൺകുഞ്ഞിനു് തികഞ്ഞ ആകർഷകത്വം. അവളുടെ അച്ഛനമ്മമാർക്കു തികഞ്ഞ വൈരൂപ്യവും. ഇടവേളയിൽ ഒരു പയ്യൻ ‘ചോക്ലേറ്റ്’ എന്നു വിളിച്ചുകൊണ്ടു് എത്തി. ‘എനിക്കു ചോക്ലേറ്റ് വേണം’ എന്നു കുട്ടി. ‘വേണ്ട. വാങ്ങിത്തരില്ല’ എന്നു് അച്ഛൻ. ചോക്ലേറ്റ് വില്ക്കുന്ന പയ്യൻ അവരുടെ അടുത്തെത്തിയപ്പോൾ കുഞ്ഞു പറഞ്ഞു: “ചോക്ലേറ്റ് വേണ്ട.” സിനിമ തീർന്നു. അവർ റോഡിലിറങ്ങി. “കുടമുല്ലപ്പൂ, കുടമുല്ലപ്പൂ.” ഒരു പയ്യൻ അവരുടെ അടുക്കൽ വന്നു. “എനിക്കു കുടമുല്ലപ്പൂ വേണം” എന്നു കുട്ടി. അച്ഛൻ ദേഷ്യപ്പെട്ടു. “കുടമുല്ലപ്പൂ വേണ്ട.” കുഞ്ഞു് പൂവില്പനക്കാരനെ നോക്കി “കുടമുല്ലപ്പൂ വേണ്ട” എന്നു പറഞ്ഞു. എനിക്ക് ആ കുഞ്ഞിനെ കൈയിലെടുക്കാൻ തോന്നി.

തിരുവനന്തപുരത്തെ നായർ യൂണിയൻ ഹോസ്റ്റലിൽ ചങ്ങമ്പുഴ താമസിച്ചിരുന്ന കാലത്തു് അദ്ദേഹത്തെ കാണാൻ ഒരു ചെറുപ്പക്കാരി വന്നതിനെക്കുറിച്ചു ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു. അവൾ തൊട്ട സിന്ദൂരപ്പൊട്ടിന്റെ ഒരംശം പൊടിഞ്ഞു് അവളുടെ മൂക്കിലേക്കു വീണിട്ടുണ്ടായിരുന്നു. “മധുരതരമാക്കുന്നു സൗന്ദര്യദർശനം” എന്നു് എന്റെ അന്തരംഗം മന്ത്രിച്ചു. ആലപ്പുഴെ ഞാൻ താമസിച്ചിരുന്ന കാലം. അച്ഛൻ പറഞ്ഞു: “എടാ ഈ മാലയൊന്നു വിളക്കിക്കൊണ്ടുവാ” ഞാൻ സ്വർണ്ണപ്പണിക്കാരന്റെ വീട്ടിലെത്തി. അയാളുടെ സുന്ദരിയായ മകൾ കൊടിലെടുത്തു് നെരിപ്പോടിൽ നിന്നു ഒരു തീക്കട്ട ഉയർത്തിയെടുത്തു് മാലയുടെ പൊട്ടിപ്പോയ ഭാഗം പരിശോധിച്ചു. തീക്കട്ടയുടെ ശോഭയേറ്റു് അവളുടെ മുഖം ഇരുട്ടിൽ കൂടുതൽ തിളങ്ങി. എന്തൊരു ഭംഗി!

ഇരിങ്ങാലക്കുടയിലുള്ള ഒരു വിമൻസ് കോളേജിൽ 1978-ൽ യൂണിയൻ വാർഷിക സമ്മേളനത്തിൽ ഞാൻ പ്രസംഗിക്കാൻ പോയി. അന്നു് യൂണിയന്റെ ചെയർവുമൻ (ചെയർമാൻ എന്നു മതി) മീറ്റിങ്ങിന്റെ അദ്ധ്യക്ഷ. അസാധാരണമായ ബുദ്ധിവൈഭവമുള്ള ആ പെൺകുട്ടിയെ അദ്ധ്യാപികമാർ വാഴ്ത്തുന്നതു് ഞാൻ കേട്ടു. ആറു വർഷം മുൻപു് ഞാൻ അവിടെ കണ്ട ആ പെൺകുട്ടി—സരളാദേവി—വിവാഹിതയായെന്നു് ഞാൻ, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ “വിവാഹവേദി”യിൽ നിന്നു മനസ്സിലാക്കുന്നു. ആഹ്ലാദം. വലിയ കാര്യങ്ങളിലല്ല, ചെറിയ കാര്യങ്ങളിലാണു് ജീവിതത്തിന്റെ സന്തോഷം അടങ്ങിയിരിക്കുന്നതു്.

ഉപന്യാസം ഉപന്യാസമാണ്
images/GertrudeStein.jpg
ഗർട്രൂഡ് സ്റ്റൈൻ

കല്യാണമണ്ഡപത്തിലിരുന്നു് വധുവിന്റെ കഴുത്തിൽ താലികെട്ടുമ്പോഴും അവളിടുന്ന പൂമാല കഴുത്തു കാണിച്ചു സ്വീകരിക്കുമ്പോഴും ആഹ്ലാദം. വീട്ടിലങ്ങോട്ടു ചെന്നു കയറിയാലുടൻ ദാമ്പത്യജീവിതത്തിന്റെ നരകം തുടങ്ങുകയായി. കഥ എന്നു കുങ്കുമം വാരികയിൽ കാണുമ്പോൾ സന്തോഷം. ശോഭാവാര്യരുടെ രചനയെന്നു മനസ്സിലാക്കുമ്പോൾ സന്തോഷം. സ്ത്രീയല്ലേ. കഥയെഴുതി പ്രസിദ്ധയാകട്ടെ എന്നു വിചാരിച്ചുള്ള ആഹ്ലാദം. പക്ഷേ, വായിച്ചു തുടങ്ങിയാൽ നരകം. അന്യൻ നരകമാണെന്നു സാർത്ര് പറഞ്ഞതു് തെറ്റു്. കഥയാണു് നരകം. ‘തീർത്ഥാടനം’ എന്ന തലക്കെട്ടിൽ മഷിപുരണ്ടു വന്നിരിക്കുന്ന ഈ രചന കഥയാകുന്നതെങ്ങനെയെന്നു് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇതു് വെറുമൊരു ഉപന്യാസമാണു്—essay. ശോഭാവാര്യർ കഥയെഴുതുമെന്നു് ദീർഘദർശനം ചെയ്തു് ഗർട്രൂഡ്സ്റ്റൈൻ ഇങ്ങനെ പറഞ്ഞിട്ടുണ്ടു്. An essay is an essay is an essay is an essay. അവർ പറഞ്ഞതു് A rose is a rose is a rose is a rose is a rose എന്നല്ല.

images/Toms.jpg
ടോംസ്

നമ്മൾ നമ്മുടെ ദൗർഭാഗ്യങ്ങളെക്കുറിച്ച് എത്രകണ്ടു് ആലോചിക്കുമോ അത്ര കണ്ടു് അവ നമ്മളെ ഉപദ്രവിച്ചുകൊണ്ടിരിക്കും എന്നു് ഒരു മഹാൻ പറഞ്ഞിട്ടുണ്ടു്. പക്ഷേ, ആ ദൗർഭാഗ്യങ്ങളില്ലാതെയാക്കാൻ ഒരേ ഒരു വഴിയേയുള്ളൂ. അവയെ വിമർശിക്കുക. മലയാളമനോരമ ആഴ്ചപ്പതിപ്പിലെ അനുഗൃഹീതനായ ഹാസ്യചിത്രകാരൻ ടോംസ് വളരെക്കാലമായി അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന കൃത്യം അതുതന്നെയാണു്. വിദ്യാർത്ഥി പ്രോഗ്രസ്സ് കാർഡിൽ കള്ളയൊപ്പിടുന്നു. അതുകണ്ടുപിടിച്ച അദ്ധ്യാപിക ഞാൻ ഗർഭിണിയാണെന്നു പറഞ്ഞു കള്ളമായ അപേക്ഷകൊടുക്കുന്നു പ്രസവാവധിക്ക്. അതു കണ്ടുപിടിച്ച ധർമ്മരോഷം കൊള്ളുന്ന ഹെഡ്മാസ്റ്റർ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്തു് ജോലിനേടിയവൻ. അദ്ധ്യാപികയെ രക്ഷിക്കാൻ കള്ളനായ രാഷ്ട്രീയ നേതാവു് വരുന്നു. അവൾക്കു ഗർഭമുണ്ടെന്നു കാണിച്ച് വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത ഡോക്ടർ വ്യാജ ഡോക്ടറാണു്. സമകാലിക സമുദായത്തിന്റെ ഒരു ക്രോസ്സെക്ഷൻ ടോംസിന്റെ ഈ ഹാസ്യചിത്രത്തിലുണ്ടു്. നന്നായി. മനോരമ ആഴ്ചപ്പതിപ്പിൽ ഇത്തവണ വ്യാജ ചെറുകഥയുമില്ല. അതു് ഏറെ നന്നായി. സമുദായത്തിലെ എല്ലാ വ്യാജങ്ങൾക്കുമെതിരായി നിന്നു രക്തസാക്ഷിത്വംവരിച്ച മഹാത്മാഗാന്ധി യെ റവറന്റ് എം. എ. തോമസ് കണ്ടതിന്റെ വർണ്ണനമുണ്ടു്. അതു വളരെ വളരെ നന്നായി.

ചെറുകഥകൾക്കു “സർപ്രൈസ് എൻഡിങ്” നൽകുന്ന കാലം കഴിഞ്ഞുപോയി. എങ്കിലും ചെല്ലമ്മ ജോസഫ് അതിൽത്തന്നെ അഭിരമിക്കുന്നു. ഭർത്താവു് വസക്ടൊമി നടത്തിയവൻ. അതറിയാത്ത ഭാര്യയ്ക്കു നാളുതെറ്റി മാസങ്ങൾ കഴിഞ്ഞപ്പോൾ ആഹ്ലാദം. അമ്മായിഅമ്മ ഗർഭമലസാൻ മന്ത്രവാദം വരെ ചെയ്യുന്നു. രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിലെത്തിച്ചു അവളെ. ലേഡി ഡോക്ടർ പരിശോധിച്ചിട്ടു പറഞ്ഞു അവൾക്ക് ഗർഭം ഉണ്ടായില്ലെന്നു്. ആർത്തവം കുറേക്കാലമായി മുടങ്ങിയതാണെന്നും അവർ അറിയിച്ചു. നേരത്തേ ദുശ്ശങ്കയ്ക്ക് അധീനനായ ഭർത്താവിനു സമാധാനമായി (പില്ലേരിക്കുന്നിലെ പൂങ്കാറ്റ്—കഥാമാസിക). കഥ പറയാനറിയാം ചെല്ലമ്മ ജോസഫിനു്. അവർ ആവിഷ്കരിക്കുന്ന വികാരത്തിനും നിവേശിപ്പിക്കുന്ന ഇമേജറിക്കും വർണ്ണോജ്ജ്വലതയുണ്ടു്. അന്തരീക്ഷം അസ്സലായി. പക്ഷേ, എല്ലാ ഗുണങ്ങളെയും നശിപ്പിക്കുന്നു കഥയുടെ സർപ്രൈസ് എൻഡിങ്. ചീട്ടുവിദ്യയുടെ രഹസ്യം മനസ്സിലാക്കിയാൽ വീണ്ടും ആ വിദ്യകാണാൻ നമുക്കു രസമില്ല. ചെല്ലമ്മ ജോസഫിന്റെ കഥ വെറും പ്ലേയിങ് കാർഡ് ട്രിക്കാണു്. മാജിക്കുകാരെയല്ല നമുക്കാവശ്യം. സാഹിത്യകാരന്മാരെയാണു്.

images/RaymondCarver.jpg
റേമണ്ട് കാർവർ

കഥയുടെ പര്യവസാനത്തിൽ ക്രിയാംശത്തിനോ കഥാപാത്രത്തിന്റെ ഭാഗധേയത്തിനോ കൊടുക്കുന്ന വ്യാവർത്തനത്തിനാണു ‘സർപ്രൈസ് എൻഡിങ്’ എന്നു പറയുന്നതു്. ഓ. ഹെൻറി യുടെ പല കഥകളിലും ഇതു കാണാം. മോപസാങ്ങി ന്റെ പ്രഖ്യാതമായ ‘നെക്ക്ലിസ്’ എന്ന കഥയ്ക്കും അത്ഭുതാംശം കലർന്ന പര്യവസാനമാണുള്ളതു്. ആ കഥാകാരന്മാരുടെ അസാധാരണമായ വൈദഗ്ദ്ധ്യം കഥകൾക്കു ശോഭ നൽകാതിരിക്കുന്നില്ല. എങ്കിലും ആ വിധത്തിലുള്ള കഥകൾക്കു ഇന്നു അംഗീകാരമില്ല. ഹെമിങ്വേയുടെ A clean, Well-Lighted Place എന്ന കഥയിൽ കുടിച്ചുകൊണ്ടു മദ്യശാലയിലിരിക്കുന്ന ഒരു വൃദ്ധനെക്കുറിച്ചു അവിടെ ജോലിയുള്ള രണ്ടുപേർ സംസാരിക്കുന്നതിന്റെ ചിത്രീകരണമേയുള്ളൂ. പക്ഷേ അതു വായനക്കാരനെ പ്രകമ്പനം കൊള്ളിക്കുന്നു. ഇന്നു ചെറുകഥ ഹെമിങ്വേ യിൽ നിന്നും വളരെ ദൂരം മുന്നോട്ടുപോയിരിക്കുന്നു. റേമണ്ട് കാർവറാ ണു ഇന്നത്തെ ഉജ്ജ്വല നക്ഷത്രം. അദ്ദേഹത്തിന്റെ ‘കഥീഡ്രൽ’ എന്ന കഥ വായിച്ചാൽ കലയുടെ സൗഭഗം കണ്ടു നമ്മൾ അത്ഭുതപ്പെടും. ഇതൊക്കെ വായിക്കുന്നവർക്കു മലയാളത്തിലെ ചെറുകഥകൾ വെറുപ്പു ഉളവാക്കുന്നു.

പള്ളിപ്പുറം മോഹനചന്ദ്രൻ ദീപിക ആഴ്ചപ്പതിപ്പിൽ ‘പരിതപ്ത’ എന്നൊരു കാവ്യമെഴുതിയിരിക്കുന്നു. അതിന്റെ തുടക്കം:

കൂർത്ത മുള്ളുകൾ കോർത്തനെഞ്ചിലെ

നേർത്ത തന്ത്രിയിലോർമ്മകൾ

പേർത്തുപേർത്തു വരുന്നു പിന്നെയും

പത്തിനീർത്തിയ പാമ്പുപോൽ

എന്തേ ‘ർ’, ‘ത്തു’ ഇവ കൂടുതൽ ഉപയോഗിക്കാത്തതു ഈ കവിസിംഹം? നാലുവരി ഞാനും കൂടി എഴുതിത്തരാം.

ആർത്തുവീർത്തു കയർത്തു വന്നതു

ചീർത്തുചീർത്തു തുടിക്കവേ

മാർത്തടത്തിലെ വേർപ്പുതുള്ളികൾ

തോർത്തെടുത്തു തുടച്ചു ഞാൻ.

കവിത ഒരു പാവപ്പെട്ട പെണ്ണാണു്. അവളെ ഇങ്ങനെ ധർഷണം ചെയ്യരുതു് മോഹനചന്ദ്രൻ.

പ്രേമലേഖനം
images/Ovid.jpg
ഒവിഡ്

പണ്ടു ശകുന്തളയ്ക്കു പ്രേമം കലശലായപ്പോൾ പ്രിയംവദ നിർദ്ദേശിച്ചതു അവൾ പ്രേമലേഖനമെഴുതട്ടെ എന്നാണു്. പൂക്കളിൽ ഒളിച്ചുവച്ചു അവളതു ദുഷ്യന്തനു കൊടുക്കും. ശൂകോദരസുകുമാരമായ നളിനീപത്രത്തിൽ നഖം കൊണ്ടു ശകുന്തള പ്രേമലേഖനം എഴുതി. അതു രാജാവിനു നൽകേണ്ടതായി വന്നില്ല. അതിനു മുൻപു് അദ്ദേഹം അവളുടെ മുൻപിലെത്തി. ഈജിപ്റ്റിലെ രാജ്ഞിയായിരുന്ന (51–30 BC) ക്ലീയപാറ്റ്റ (Cleopatra, 69–30 BC) ആന്റണിക്കു പ്രേമലേഖനങ്ങൾ എഴുതിയതായി ഗ്രീക്കു ചരിത്രകാരൻ പ്ലൂട്ടാർക്ക് (46–120 AD) പറയുന്നു. ഓനിക്സ് രത്നങ്ങളും സിതോപലങ്ങളും അക്ഷരങ്ങളായി ചെറു പലകകളിൽ പതിപ്പിച്ച പ്രേമലേഖനങ്ങളാണു ക്ലീയപാറ്റ്റ അയച്ചതു്. പ്ലൂട്ടാർക്ക് എഴുതിയതു വിശ്വസിക്കാം. രാജ്ഞിയുടെ എഴുത്തുകൾ കണ്ടു കിട്ടിയിട്ടില്ല. 1942-ൽ ഗോപാൽ പുരി കറാച്ചിയിലിരുന്നുകൊണ്ടു് കാമുകിയായ കൈലാസ പുരിക്കു കാമലേഖനം അയച്ചു. അവൾ സ്കൂൾ വിദ്യാർത്ഥിനി. Won’t you darling write an essay on love? എന്നായിരുന്നു ഗോപാൽ പുരിയുടെ ആവേശമാർന്ന ചോദ്യം. ഫ്രാന്റസ് കാഫ്ക കാമുകിക്ക് എഴുത്തെഴുതി വച്ചു. അതിലെ ഒടുവിലത്തെ വാക്യങ്ങൾ: I should like to throw myself bodily on this letter, so that it cannot be mailed, but it must be mailed. കാഫ്കാ പോസ്റ്റ്പെട്ടിയിൽ കത്തിട്ടിരിക്കും. ഇന്നു വീട്ടിലുള്ളവരെ പേടിച്ചു പോസ്റ്റൽ ഡിപ്പാർട്ടുമെന്റിനെ കാമുകിക്കും കാമുകനും ആശ്രയിക്കാൻ വയ്യ. കത്തു കിട്ടുന്നതു് തന്തയുടെ കൈയിലാണെങ്കിലോ? അതുകൊണ്ടു് ഗ്രന്ഥപാരായണം എന്ന വ്യാജേന രണ്ടുപേരും ലൈബ്രറിയിൽ എത്തുന്നു. പുസ്തകത്തിൽ നിന്നു പകർത്തിയെടുത്തതെന്ന മട്ടിൽ സ്നേഹനിവേദനങ്ങൾ അന്യോന്യം കൈമാറുന്നു. ഒരു വർഷംമുൻപു് മറ്റൊരു വിധത്തിലുള്ള കത്തുകൈമാറ്റം ഞാൻ കണ്ടു. സെക്രട്ടേറിയറ്റ് കെട്ടിടത്തിനുമുൻപിലുള്ള ഫുട്പാത്തിൽ കാമുകൻ കാത്തു് നിൽക്കുകയാണു്. ദൂരെനിന്നു കാമുകി പുസ്തകക്കെട്ടുമായിവരുന്നു. അന്തരീക്ഷത്തിലെ സായാഹ്നരാഗം രണ്ടുപേരുടെയും കവിൾത്തടങ്ങളിൽ. കാമുകി കാമുകന്റെ അടുത്തെത്തി. “ഈ ലറ്ററൊന്നു പോസ്റ്റ്ബോക്സിലിട്ടേക്കു” എന്നു പറഞ്ഞു് ഒരിൻലൻഡ്ലറ്റർ അയാളെ ഏൽപ്പിക്കുന്നു. റോഡിന്റെ മറ്റേ വശത്തുവച്ചിരിക്കുന്ന പെട്ടിയിലിടാൻ പോകുന്നു എന്ന രീതിയിൽ അയാൾ രാജവീഥി കടക്കുന്നു. കത്തു് സ്വന്തം പോക്കറ്റിലിട്ടുകൊണ്ടു് തിടുക്കത്തിൽ നടന്നു പോകുന്നു. അടുത്തദിവസം മറ്റൊരിടത്തുവച്ചായിരിക്കും കാമുകൻ മറുപടി ഇൻലൻഡ്ലറ്ററായി അവളെ ഏൽപ്പിക്കുക. എന്തെല്ലാം വേലത്തരങ്ങൾ ഭഗവാനേ! ഭഗവാനെ വിളിച്ചു വേലത്തരങ്ങൾ എന്നു പ്രായം കൂടിയ എനിക്ക് ആക്ഷേപിക്കാം. എന്റെ ആക്ഷേപം ‘ജലസി’യിൽ നിന്നുണ്ടാകുന്നതാണെന്നു് കാമുകിമാരും കാമുകന്മാരും പറയുകയും ചെയ്യും. എങ്കിലും എഴുത്തുകൾ കൈമാറ്റംചെയ്യുന്നതു കൊണ്ടു ഫലമുണ്ടാകും. ഫലമെന്താണെന്നു് ഒവിഡ് എന്ന കവി പറഞ്ഞിട്ടുണ്ടു്. കേട്ടാലും:

When at last she stood naked

before me, not a stitch of clothing

I could n’t fault her body at any point.

Smooth shoulders, delectable

arms (I saw I touched them)

Nipples inviting caresses, the flat

Belly outlined beneath that flawless bosom.

Exquisite curve of a hip, firm youthful thighs.

But why catalogue details?…

(The Amores. Book I—Poem 5)

അതേ, എന്തിനു് കാറ്റലോഗ് ചെയ്യുന്നു ഞാനും? എഴുത്തു കൈമാറുന്നതിന്റെ ഹാസ്യാത്മകമായ ഒരു ചിത്രം കാണാൻ ദീപിക ആഴ്ചപ്പതിപ്പിൽ വരച്ച ചിത്രം കാണാൻ—വായനക്കാരെ സാദരം ക്ഷണിച്ചുകൊണ്ടു് ഞാൻ തൽക്കാലം നിഷ്ക്രമിക്കട്ടെ.

തർജ്ജമ
images/FranzKafka01.jpg
കാഫ്ക

“പ്രധാനമന്ത്രിക്കു മറ്റു മന്ത്രിമാരെ നിയമിക്കാനും പിരിച്ചുവിടാനും അധികാരമുണ്ടു്.” ‘ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യൂ’ എന്നു വിദ്യാർത്ഥിയോടു് ആവശ്യപ്പെട്ടു മഹാത്മാഗാന്ധി കോളേജിലെ പ്രിൻസിപ്പലായിരുന്ന എം. പി. മന്മഥൻ. വിദ്യാർത്ഥിയുടെ തർജ്ജമ: The Prime minister has powers to appoint and to disappoint other ministers. തെറ്റു വല്ലതുമുണ്ടോ എന്നു് അദ്ധ്യാപകന്റെ ചോദ്യം വേറൊരു കുട്ടിയോടു്. “രണ്ടു to വേണ്ട സാർ” എന്നു് അയാളുടെ ഉത്തരം. പണ്ടു് ഒരു ദിവസം ‘കേരളകൗമുദി’ നോക്കിയപ്പോൾ “ആയിരം ഉറക്കംതൂങ്ങികൾ ഒഴുകിപ്പോയി” എന്നു കണ്ടു. റെയിൽവേ ട്രാക്കിൽ വയ്ക്കുന്ന തടിക്കഷണങ്ങളാണു് Sleepers. അവയെയാണു് തർജ്ജമക്കാരൻ ഉറക്കംതൂങ്ങികളാക്കിയതു്. ഇങ്ങനെ തർജ്ജമചെയ്ത ആൾ ലജ്ജിച്ചു് അടുത്ത ദിവസംമുതൽ പത്രമാപ്പീസിൽ ചെല്ലാതെയായി എന്നാണു് എന്റെ അറിവു്. പത്രാധിപർ ദയയോടുകൂടി അദ്ദേഹത്തെ തിരിച്ചു വിളിച്ചിട്ടും നാണം കൊണ്ടു് തിരിച്ചു ചെന്നില്ലത്രേ. ഈ പരിഭാഷകൻ എന്നെയും ഒന്നു “തിരുത്തി”. തിരുവനന്തപുരത്തെ നാഷനൽ ബുക്ക് സ്റ്റാളിൽ ഇരിക്കുകയായിരുന്നു ഞാൻ. അദ്ദേഹം അവിടെക്കയറിവന്നു് “മാനേജർ ജോർജ്ജെവിടെ?” എന്നു ചോദിച്ചു. “മാറിപ്പോയി” എന്നു് എന്റെ മറുപടി. “മാറിപ്പോയോ?” എന്നു ദേഷ്യത്തോടെ വീണ്ടും ചോദ്യം. ഞാൻ മറുപടി നൽകി: “അതേ ബ്രഷ്നേവി നു ശേഷം കോസിഗിൻ. അച്ചുതമേനോനു ശേഷം കരുണാകരൻ. ജോർജ്ജിനു ശേഷം ഗംഗാധരൻ നായർ”. തർജ്ജമക്കാരൻ അതുകേട്ടു് “ഓഹോ ട്രാൻസ്ഫറായിപ്പോയി ജോർജ്ജ് അല്ലേ. അങ്ങനെ പറയൂ, മാറിപ്പോയി മാറിപ്പോയി എന്നു പറയാതെ”.

ദേശാഭിമാനി വാരികയിൽ കാഫ്കാ യുടെ A Brother’s Murder എന്ന ചെറുകഥ തർജ്ജമചെയ്തിരിക്കുന്നതു വായിച്ചപ്പോൾ ഈ സംഭവങ്ങൾ ഓർമ്മിച്ചുപോയി. J. A. Underwood, A Case of Fratricide എന്ന പേരിൽ ഇക്കഥ തർജ്ജമ ചെയ്തിട്ടുണ്ടു്. Ernst Kaiser, Eithne Wilkins എന്നിവർ ‘A Brother’s Murder’ എന്ന പേരിലും ഇതു് ഇംഗ്ലീഷിലേക്കു് കൊണ്ടുവന്നിട്ടുണ്ടു്. ദേശാഭിമാനിവാരികയിലെ ഭാഷാന്തരീകരണം പുതിയ ഭാഷയിൽ പറഞ്ഞാൽ രണ്ടു് ഇംഗ്ലീഷ് തർജ്ജമകളോടും “നീതി പുലർത്തുന്നില്ല”. (സദൃശങ്ങളായ വിലക്ഷണ പ്രയോഗങ്ങൾ. ‘രാജ്യത്തു് ഉടനീളം’, ‘മനഃപ്രയാസം’, ‘ഇത്തരുണത്തിൽ’, ‘അങ്ങേ അറ്റത്തെ പ്രശംസ’.)

Unprecedented destruction was wrought upon the French by German tanks—ജർമ്മൻ കുളങ്ങൾ ഫ്രഞ്ച് ജനതയ്ക്ക് അഭൂതപൂർവ്വമായ നാശം വരുത്തിക്കൂട്ടി എന്നു തർജ്ജമ. ജർമ്മനിയിലെ കുളങ്ങൾ തുറന്നുവിട്ടപ്പോൾ ഫ്രഞ്ചു ജനത വെള്ളപ്പൊക്കത്തിലാണ്ടു പോയി എന്നു്. ശരിയാണല്ലോ.

അശ്വാരൂഢ പ്രതിമ
images/AlexanderPushkin.jpg
അലക്സാണ്ടർ പുഷ്കിൻ

സുന്ദരവും വിപ്ലവാത്മകവുമാണു് പുഷ്കിന്റെ The Bronze Horseman എന്ന കാവ്യം. അതാണു് അദ്ദേഹത്തിന്റെ മാസ്റ്റർ പീസെന്നു് പലരും പറയുന്നു. 1824-ലെ പീറ്റേർസ്ബർഗ്ഗ് നഗരത്തിലുണ്ടായ വെള്ളപ്പൊക്കമാണു് ഈ കാവ്യത്തിന്റെ വിഷയം. എവ്ഗനി നിസ്സാരനായ ഗുമസ്തനാണു്. അയാൾക്കാകെയുള്ളതു് ഒരു കിടക്കയും രണ്ടു കസേരയും. പിന്നെ കാമുകിയും. വെള്ളം പൊങ്ങിയപ്പോൾ എവ്ഗനി സെനറ്റ് കെട്ടിടത്തിലെ ഒരു സിംഹപ്രതിമയിൽ പറ്റിപ്പിടിച്ചുകിടന്നു. ആ കെട്ടിടത്തിനു നേരേ എതിരെയാണു് ഫ്രഞ്ച് പ്രതിമാനിർമ്മാതാവു് ഫാൽക്കോനേ (Falconet) നിർമ്മിച്ച പീറ്റർ ചക്രവർത്തിയുടെ പ്രതിമ—അശ്വാരൂഢപ്രതിമ. എവ്ഗനിയുടെ കാമുകി നദിക്കു് അക്കരെ താമസിക്കുകയാണു്. അവൾ വെള്ളപ്പൊക്കത്തിൽപെട്ടു മരിച്ചു. ഒരുദിവസം അയാൾ പ്രതിമയുടെ മുൻപിലൂടെ നടന്നുപോയപ്പോൾ അതിനെ ശപിച്ചു. നദിയുടെ കരയിൽ നഗരം നിർമ്മിച്ചതു് പീറ്ററാണല്ലോ. അതുകൊണ്ടാണല്ലോ നഗരം മുങ്ങാനിടയായതും ആ കഷ്ടപ്പാടൊക്കെ ഉണ്ടായതും. ശപിച്ചയുടനെ ലോഹനിർമ്മിതമായ പ്രതിമ ചലനം കൊണ്ടു. എവ്ഗനി ഓടി. പക്ഷേ കുളമ്പടിനാദം കേൾപ്പിച്ചുകൊണ്ടു് പ്രതിമ അയാളുടെ പിറകേ ചെന്നു. ഉന്മാദാവസ്ഥയോളമെത്തിയ എവ്ഗനി മരിക്കുമ്പോൾ കാവ്യം അവസാനിക്കുന്നു.

വ്യക്തിയും സമഗ്രാധിപത്യവും തമ്മിലുള്ള സംഘട്ടനം ചിത്രീകരിക്കുന്ന പുഷ്കിൻ വ്യക്തിയായ എവ്ഗനിയോടു സഹതാപമുള്ളവനാണു്. മനുഷ്യന്റെ ആഹ്ലാദത്തെ നശിപ്പിച്ച പീറ്ററിന്റെ നേർക്കു കലയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടു് ഉപാലംഭം ചൊരിയുന്ന പുഷ്കിനെ കാണണമെങ്കിൽ ഈ കാവ്യം വായിക്കണം. ഇതിനെക്കുറിച്ച് വിദ്വജ്ജനോചിതമായി എം. കെ. കുമാരൻ കലാകൗമുദിയിൽ ഉപന്യസിച്ചിരിക്കുന്നു. നിസ്സാരനായ എവ്ഗനി എവിടെ? പീറ്റർ ചക്രവർത്തി എവിടെ? ആ അന്തരം കാവ്യത്തിൽ ആവിഷ്കരിച്ചതെങ്ങനെയെന്നു വിശദമാക്കി കുമാരൻ എവ്ഗനിയെ പുഷ്കിൻ കണ്ടതുപോലെ നക്ഷത്രമായി കാണുന്നു. ഹൃദ്യമാണു് ലേഖകന്റെ ശൈലി. വിശ്വസാഹിത്യത്തിലെ ഒരു മാസ്റ്റർപീസിനെ കേരളീയർക്കു പരിചയപ്പെടുത്തിക്കൊടുത്ത എം. കെ. കുമാരൻ അഭിനന്ദനമർഹിക്കുന്നു.

സ്പാനിഷ് നോവലിസ്റ്റ് സെർവാന്റീസി ന്റെ (തെർവാന്റസ് എന്നു സ്പാനിഷ് ഉച്ചാരണം) ഡൺക്വിൿസറ്റ് എന്ന നോവൽ. (ഡൺകീഹോറ്റെ എന്നു സ്പാനിഷ് ഉച്ചാരണം) പ്രധാന കഥാപാത്രമായ ക്വിൿസറ്റിനു ഭ്രാന്താണല്ലോ. മരണത്തോടു് അടുത്തപ്പോൾ അയാളുടെ ഭ്രാന്തു് മാറി. അനന്തരവളെ വിളിച്ചു് ക്വിൿസറ്റ് പറഞ്ഞു: Niece, I feel that death is near. നോവൽ വായിക്കൂ. ഈ വാക്യം നിങ്ങളെ വല്ലാതെ ചലനം കൊള്ളിക്കും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-08-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 2, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.