സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-08-19-ൽ പ്രസിദ്ധീകരിച്ചതു്)

കെ. ബാലകൃഷ്ണൻ

അജ്ഞാതവും അജ്ഞേയവുമായ മരണത്തിന്റെ ലോകത്തിൽ കെ. ബാലകൃഷ്ണൻ പ്രവേശിച്ചിരിക്കുന്നു. നാഴികമണിയുടെ സൂചി വളരെ വേഗം കറങ്ങിക്കൊണ്ടിരിക്കുന്നു. ഒരു ബിന്ദുവിൽ സൂചിയെത്തിയപ്പോൾ ബാലകൃഷ്ണൻ പോയി. നമുക്കെല്ലാം ഇതുപോലത്തെ വിഭിന്നങ്ങളായ ബിന്ദുക്കളുണ്ടു്. ഏതു ബിന്ദുവിൽ സൂചിയെത്തുമ്പോഴാണു നമ്മൾ പോകുന്നതെന്നു നമുക്കറിഞ്ഞുകൂടാ. സത്യമിതാണെങ്കിലും നമുക്കു പ്രിയപ്പെട്ടവർ അന്തർദ്ധാനം ചെയ്യുമ്പോൾ, സ്മരണകളും വികാരങ്ങളും മാത്രം അവശേഷിപ്പിച്ചിട്ടു് അവർ അപ്രത്യക്ഷരാവുമ്പോൾ നമ്മൾ വിഷാദിക്കുന്നു. ബാലകൃഷ്ണന്റെ വിയോഗത്തിലുണ്ടായ വിഷാദത്തിനു് ഒരു കുറവുമില്ല. കാരണം അദ്ദേഹം പ്രദാനം ചെയ്ത ചിന്തകളും ഉയർത്തി വിട്ട വികാരങ്ങളും അരക്കിട്ടുറപ്പിച്ച മാനുഷികബന്ധങ്ങളും ഹരിതച്ഛവിയാർന്നു നിൽക്കുന്നു എന്നതുതന്നെ. അന്തരിച്ച വ്യക്തി പ്രതിഭാശാലിയായിരുന്നു എന്നതുതന്നെ. ഈ വികാരങ്ങൾക്കും ചിന്തകൾക്കും മനുഷികബന്ധങ്ങൾക്കും പ്രതിഭയ്ക്കും പൊടുന്നനവേ മരണമില്ല. എന്നല്ല അതു ദീർഘകാലം നിലനിൽക്കുകയും ചെയ്യും. അതുകൊണ്ടു ഈ വലിയ വ്യക്തിയുടെ അന്തർദ്ധാനം നമ്മളെ ദീർഘകാലം ദുഃഖിപ്പിക്കും.

“ബാലൻ ജീനിയസ്സാണു” എന്നു ആരെയും പ്രശംസിക്കാത്ത കൈനിക്കര പദ്മനാഭപിള്ള എന്നോടു രണ്ടു തവണ പറഞ്ഞു. ആ ജീനിയസ്സിന്റെ ബഹുമുഖത്വത്തെക്കുറിച്ചു പ്രഗൽഭന്മാർ ഇതിനകം സംസാരിച്ചു കഴിഞ്ഞു. എഴുതിക്കഴിഞ്ഞു. കലാകൗമുദിയുടെ 464-ആം ലക്കത്തിൽ കെ.എൻ.എസ്. ലേഖകനും കണിയാപുരം രാമചന്ദ്രനും ആ ജീനിയസ്സിന്റെ സ്വഭാവം സ്പഷ്ടമാക്കിയിരിക്കുന്നു. “വിഷാദമധുരമായ കാവ്യം പോലെ” എന്ന ഹൃദയസ്പർശിയായ ലേഖനത്തിൽ കുസുമം, അന്തരിച്ച മഹാവ്യക്തിയുടെ ഹൃദയനൈർമ്മല്യത്തെ ആവിഷ്ക്കരിച്ചിട്ടുണ്ടു്. അതുകൊണ്ടു ഈ ലേഖകൻ ആവർത്തനത്തെ ഭയന്നു അക്കാര്യത്തിൽ മൗനം ഭജിക്കുന്നു. നമുക്കിഷ്ടപ്പെട്ടവരുടെ മരണം നിസ്സാര സംഭവമല്ല. മരണം ജനിപ്പിച്ച വിഷാദത്തിൽ തീവ്രത കാലമേറെച്ചെല്ലുമ്പോൾ കുറഞ്ഞെന്നു വരാം. പക്ഷേ, ഓരോ മരണവും നമ്മുടെ ജീവിതത്തെ പരിവർത്തനത്തിലേക്കു കൊണ്ടുചെല്ലും. സൂക്ഷിച്ചു നോക്കൂ. ബാലകൃഷ്ണന്റെ മരണത്തിനു തലേ ദിവസമുണ്ടായിരുന്ന നിങ്ങളുടെ ജീവിതമല്ല മരണത്തിന്റെ അടുത്ത ദിവസമുള്ളതു്. നമ്മുടെ ചിന്തകൾക്കും വികാരങ്ങൾക്കും വീക്ഷണഗതികൾക്കും മാറ്റം വന്നിരിക്കുന്നു. അന്തരിക്കുന്ന വ്യക്തിയുടെ മഹത്ത്വം കൂടുന്തോറും ജീവിക്കുന്ന വ്യക്തിയുടെ ജീവിതത്തിനു വരുന്ന മാറ്റവും ഏറിയ അളവിലായിവരും. ബാലകൃഷ്ണന്റെ മരണം എന്റെ വീക്ഷണഗതിയിലും ചിന്തയിലും വികാരത്തിലും മാറ്റം വരുത്തിയിരിക്കുന്നതു കൊണ്ടാണു ഞാനിങ്ങനെ എഴുതുന്നതു്.

ബാലകൃഷ്ണനെ ലക്ഷ്യമാക്കിപ്പറയുകയല്ല ഞാൻ. എല്ലാ മനുഷ്യർക്കും ഒരു പ്രായമെത്തുമ്പോൾ പരാജയബോധമുണ്ടാകും. തന്റെ സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും പരാജയം സംഭവിച്ചിരിക്കുന്നു എന്ന തോന്നലുണ്ടായാൽ അവർ സ്വാഭാവിക മരണത്തിൽ പൊതിഞ്ഞ ആത്മഹത്യയിലേക്കു നീങ്ങിക്കൊണ്ടിരിക്കും. ഏതു രംഗത്തും വിജയം വരിച്ച ബാലകൃഷ്ണനു ആ വിധത്തിലുള്ള പരാജയബോധം ഉണ്ടാകേണ്ട കാര്യമില്ല. എങ്കിലും തന്റെ ലക്ഷ്യത്തെ സാക്ഷാത്കരിക്കാതെ, ആഗ്രഹങ്ങൾക്കു പിൻപേ പോകാതെ അദ്ദേഹം മൗനം അവലംബിച്ചു കഴിഞ്ഞുകൂടി. അതിന്റെ ഹേതു മരണത്തിന്റെ അജ്ഞേയസ്വഭാവം പോലെതന്നെ അജ്ഞേയമായിരിക്കുന്നു. ഊർജ്ജസ്വലതയും ധീരതയും എപ്പോഴും പ്രദർശിപ്പിച്ച അദ്ദേഹം നൈരാശ്യത്തിൽ വീണു എന്നു സങ്കല്പിക്കുക പ്രയാസം. കാത്തുനിൽക്കാൻ കൂട്ടാക്കിയ ആളല്ലായിരുന്നു ബാലകൃഷ്ണൻ. അദ്ദേഹം കുതിരപ്പുറത്തു കയറി പാഞ്ഞുപോയ ധീരനായിരുന്നു. ആ അശ്വരൂഢന്റെ സഞ്ചാരം നമുക്കും അംഗീകരിക്കാവുന്നതാകട്ടെ. ബാലകൃഷ്ണൻ, അങ്ങയെ സ്മരിച്ചു എന്റെ കണ്ണുകൾ ആർദ്രങ്ങളാവുന്നു.

കുടുംബം എന്ന കള്ളം
images/GeorgeBernardShaw.jpg
ബർണാർഡ് ഷാ

പി. കെ. വിക്രമൻ നായരാണു് ബർണാർഡ് ഷാ യുടെ “The Quintessence of Ibsenism ” എന്ന പ്രബന്ധത്തെക്കുറിച്ച് എന്നോടു പറഞ്ഞതു്. അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ചു ഞാൻ അതു വായിച്ചു. അതിന്റെ തുടക്കത്തിൽ വികാരങ്ങളുടെ ക്ഷണികസ്വഭാവത്തെക്കുറിച്ചു ഷാ പ്രഗൽഭമായി ഉപന്യസിച്ചിട്ടുണ്ടു്. ഒരു വികാരത്തിനും ശാശ്വത സ്വഭാവമില്ല. സ്നേഹവും വിരോധവും ക്ഷണികങ്ങളാണു്. അതുകൊണ്ടു ജീവിതകാലം മുഴുവൻ ഒരു സ്ത്രീയെത്തന്നെ ഒരു പുരുഷനും സ്നേഹിച്ചുകൊണ്ടിരിക്കാൻ വയ്യ; അതുപോലെ ഒരു സ്ത്രീക്കും ഒരു പുരുഷനെ ജീവിതകാലമത്രയും സ്നേഹിച്ചുകൊണ്ടിരിക്കാൻ കഴിയുകയില്ല. പിന്നെ സ്നേഹിക്കുന്നുവെന്നു ഭാവിക്കും; ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ മാത്രം.

കുടുംബ ജീവിതം അസത്യത്തിലാണു് അടിയുറച്ചിരിക്കുന്നതു്. അവിവാഹിതകളായി അച്ഛനമ്മമാരോടു ഒരുമിച്ചു കഴിയുന്ന കാലമത്രയും മാത്രമേ സഹോദരികൾ ശണ്ഠകൂടാതെ കഴിയുകയുള്ളു. വിവാഹം കഴിഞ്ഞാൽ അവർ അന്യോന്യം കടിച്ചുകീറുന്നു. ചേട്ടൻ അനിയനെയും അനിയൻ ചേട്ടനെയും ശത്രുവായിക്കരുതുന്നു. സ്നേഹിച്ചു വളർത്തിയ മകൾ അച്ഛനമ്മമാരുടെ ആജ്ഞകളെ വകവയ്ക്കാതെ വിജാതീയ ബന്ധത്തിനു ഒരുങ്ങുമ്പോൾ, അനിയത്തി ഭർത്താവിനോടു ചേർന്നു ചേട്ടന്റെ പേരിൽ സിവിൽ കേസ്സ് കൊടുക്കുമ്പോൾ കുടുംബജീവിതം പാവനമെന്നു പറയുന്നതെങ്ങനെ? എല്ലാം കള്ളമാണു്. ദാമ്പത്യ ജീവിതത്തിന്റെ കള്ളത്തിലേക്കു നമുക്കു തിരിച്ചുവരാം. ‘ജലസി’യാണു മിക്ക ദാമ്പത്യ ജീവിതങ്ങളെയും തകർക്കുന്നതു്. ഈ ‘ജലസി’യുടെ സ്വഭാവത്തെ സ്പഷ്ടമാക്കുന്ന എത്രയോ കഥകൾ നമ്മുടെ ഇതിഹാസത്തിലും പുരാണങ്ങളിലുമുണ്ടു്. എങ്കിലും യവനസാഹിത്യത്തിലേക്കു പോകുകയാണു ഞാൻ. സ്യൂസ് ദേവന്റെ ഭാര്യയായിരുന്നു ഹീര. സ്യൂസ്, ഐഓയെ (IO) കണ്ടു കാമത്തിൽ വീണു. ഭാര്യയുടെ ‘ജലസി’യിൽ നിന്നു ഐഓയെ രക്ഷിക്കാനായി അദ്ദേഹം അവളെ പശുവാക്കിമാറ്റി. ഇതു മനസ്സിലാക്കിയ ഹീര ഭീമാകാരമാർന്ന ഒരു ഷട്പദത്തെ അവളുടെ നേർക്കയച്ചു. അതിന്റെ കുത്തേറ്റ ഐഓ ഭ്രാന്തുപിടിച്ചവളായി. സ്യൂസിനെ സ്വർഗ്ഗത്തിന്റെ ഒരുത്തരത്തിൽ കെട്ടിത്തൂക്കിയവളായിരുന്നു ഹീര. ഇന്നത്തെ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ ഉത്തരത്തിൽ കെട്ടിത്തൂക്കാത്തതു ആ പുരുഷന്മാരെ അവർക്കു എടുത്തുയർത്താൻ കഴിവില്ലാത്തതുകൊണ്ടാണു്. മിക്കവീടുകളിലും ‘ഫ്ലാറ്റ് റൂഫ്’ ആയതിനാലാണു്. ഇല്ലെങ്കിൽ സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും മറ്റും ജോലിയുള്ള പല “ധിക്കൃതശക്രപരാക്രമരാകിന നക്തഞ്ചരന്മാരെ” തൂങ്ങിക്കിടക്കുന്ന നിലയിൽ നമുക്കു കാണാനിടവരുമായിരുന്നു ദാമ്പത്യജീവിതത്തിന്റെയും കുടുംബ ജീവിതത്തിന്റെയും ഈ നിരർത്ഥകത്വത്തെയും അസത്യാത്മകതയെയും കഥയിലൂടെ ചിത്രീകരിക്കാനാണു് ലക്ഷ്മിക്കുട്ടിയുടെ ശ്രമം (കലാകൗമുദി—യാത്രയ്ക്കിടയിൽ). ഒരു യുവതിയുടെ മരണം അന്വേഷിച്ചു പോകുന്നു ഭാര്യവും ഭർത്താവും. അവരുടെ മകൾ വിവാഹം കഴിഞ്ഞവനും രണ്ടോ മൂന്നോ പിള്ളേരുടെ തന്തയുമായ ഒരുത്തനെ പ്രേമിക്കുന്നു. അയാളെയല്ലാതെ വേറൊരുത്തനെയും അവൾ വിവാഹം കഴിക്കില്ല. കലുഷമായ മാനസിക നിലയോടു കൂടി സഞ്ചരിക്കുന്ന അവരുടെ കാറിൽ മറ്റു രണ്ടു സ്ത്രീകൾ കയറി തങ്ങളുടെ ജീവിത ദുഃഖം പ്രദർശിപ്പിക്കുന്നു. മാത്രമല്ല, ആ ദമ്പതികളെ മാതൃകാ ദമ്പതികളായി കാണുകയും ചെയ്യുന്നു. കഥാസന്ദഭർങ്ങളിലൂടെ ആശയത്തെ സ്ഫുടീകരിക്കാനോ സംഭവങ്ങളുടെ ബന്ധദാർഢ്യം കൊണ്ടു് കലാചാരുത ഉളവാക്കാനോ ലക്ഷ്മിക്കുട്ടിയ്ക്കു കഴിഞ്ഞിട്ടില്ല. ഉപന്യാസത്തിന്റെ ഛായയുള്ള ഇക്കഥ പരാജയമാണു്.

ഇത്രയും എഴുതിയപ്പോൾ ഒരാശയം അങ്കുരിക്കുന്നു. പൈങ്കിളിക്കഥകൾ ധാരാളമായി ഉണ്ടാകുന്നതിനു കാരണമെന്തു് ? ‘വിഷ്ഫുൾ തിങ്കിങ്ങ്’ മാത്രമല്ല ഹേതു. അച്ഛനമ്മമാരുടെ ദാമ്പത്യജീവിതത്തിന്റെ ദയനീയാവസ്ഥയും ബീഭത്സ സ്ഥിതിയും കാണുന്ന കുട്ടികൾ പൈങ്കിളിക്കഥ എന്ന രചനയിലൂടെ സ്വസ്ഥത തേടാൻ ശ്രമിക്കുന്നു. ദാമ്പത്യജീവിതം എന്നും ‘ടോർമെന്റിങ്’ ആയതു കൊണ്ടു് കുട്ടികൾ എന്നും പൈങ്കിളിക്കഥകൾ എഴുതും.

എല്ലാം ക്ഷമയാകട്ടെ

പാടുക, നൃത്തം ചെയ്യുക, കായികാഭ്യാസ പ്രകടനങ്ങൾ നടത്തുക ഇവയെല്ലാം കൊണ്ടു് പ്രേക്ഷകരെ രസിപ്പിക്കുന്നതിനു വൊഡ്വിൽ (Vaudeville) എന്നു പറയും. അതു നടത്തുന്നവനെ വൊഡ്വില്യൻ (Vaudevillian) എന്നും. പാരീസിൽ പൂഷോ എന്നൊരു വൊഡ്വില്യൻ ഉണ്ടായിരുന്നു. വായുവിനെ നിയന്ത്രിക്കുന്നതിൽ വളരെ പ്രഗൽഭനായിരുന്നു ഇയാൾ. പശ്ചാദു് ഭാഗത്തു് ഒരടിയകലെ കത്തിച്ച മെഴുകുതിരി വച്ച് വേണ്ട സമയത്തു് ശക്തമായ മട്ടിൽ വായു നിർഗ്ഗളിപ്പിച്ച് അയാളതിനെ കെടുത്തും. ആളുകൾ കൈയടിക്കും. പാരീസല്ലേ ഏതു വൾഗാരിറ്റി കണ്ടാലും കരഘോഷം മുഴക്കാൻ ആളുണ്ടാവും.

ഫ്രഞ്ച് സൈനികോദ്യോഗസ്ഥനും ഗാനരചയിതാവുമായിരുന്നു റൂഷേ ദലീൽ (Rouet de Lisle). അദ്ദേഹം 1792-ൽ രചിച്ച ഫ്രഞ്ച് ദേശീയ ഗാനത്തിന്റെ പേരു് മർസെയെസ് (Marseillaise) എന്നാണു്. ഈ വൊഡ്വില്യൻ മെഴുകുതിരി കെടുത്തിയതിനു ശേഷം പശ്ചാദ്ഭാഗം കൊണ്ടു് മർസെയെസ് പാടും. അപ്പോൾ ആളുകൾ എഴുന്നേറ്റു് നിന്നു് അതിനോടൊപ്പം പാടും. സുശ്രുതൻ മാതൃഭൂമി ആഴ്ചപതിപ്പിൽ (ലക്കം 20) എഴുതിയ “വൈകി ഉദിക്കുന്ന നക്ഷത്രങ്ങൾ” പൂഷോയുടെ മെഴുകുതിരി കെടുത്തലിനെക്കാൾ, ദേശീയഗാനാ“ലാപത്തെ” ക്കാൾ നിന്ദ്യവും ബീഭത്സവുമാണു്. ഞാനൊരു ചെറുകഥയും അവസാനം വരെയും വായിക്കാതിരുന്നിട്ടില്ല. ആഴ്ച്ചപതിപ്പിന്റെ 44, 45, 47 എന്നീ പുറങ്ങളിൽ വാഹസം പോലെ നീണ്ടു കിടക്കുന്ന ഇതിന്റെ തല 44-ആം പുറത്തുണ്ടു്. അതൊന്നു നോക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ. ഒരു ബന്ധവുമില്ലാതെ എന്തോ ഒക്കെ പുലമ്പുന്നു സുശ്രുതൻ. വായനക്കാരന്റെ ക്ഷമയെ വെല്ലുവിളിക്കുന്ന കൃത്യം. ഇതു വായിച്ചപ്പോൾ എല്ലാം “ക്ഷമ” യായിത്തീരുന്ന കാലം വന്നാൽ മതിയെന്നു് ഞാൻ ആഗ്രഹിച്ചു പോയി. സാഹിത്യത്തിന്റെ പേരിൽ എന്തൊരു ടോർച്ചർ!

ക്ലീൻ, അൺക്ലീൻ
images/Chandalabhikshuki.jpg

കുമാരനാശാന്റെചണ്ഡാലഭിക്ഷുകി ” എന്ന കാവ്യത്തിൽ മാതംഗി ബുദ്ധ ശിഷ്യനു് വെള്ളം ഒഴിച്ചു കൊടുക്കുന്ന രംഗം. ‘മദ്ധ്യംപൊട്ടി നുറുങ്ങി വിലസുന്ന ശുദ്ധക്കണ്ണാടിക്കാന്തി ചിതറും നീർ’ ആ സന്ന്യാസിയുടെ കൈയിൽ വീണു എന്നു കവി പറയുമ്പോൾ എനിക്കു ശുചിത്വമാർന്ന വികാരം ഉണ്ടാകുന്നു. ഏഴു വയസ്സിനു താഴെയുള്ള പെൺകുട്ടികൾ സന്ധ്യയ്ക്കു കത്തിച്ച നിലവിളക്കിനടുത്തിരുന്നു ‘രാമ, രാമ പാഹിമാം’ എന്നു ചൊല്ലുന്നതു കേൾക്കുമ്പോഴും എനിക്ക് അതേ വികാരം തന്നെ. വെളുത്തവാവിൻ നാൾ ചന്ദ്രന്റെ പ്രകാശമേറ്റു് മേഘശകലം ശോഭിക്കുമ്പോഴും ‘ക്ലീൻ ഫീലിങ്.’ ഉത്കൃഷ്ടമായ ഏതു കലാസൃഷ്ടിയും ഇതുപോലെ ശുചിത്വമുള്ള വികാരം ഉല്പാദിപ്പിക്കും.

വർഷങ്ങൾക്കു മുൻപു് ഞാനൊരു ചെറുപ്പക്കാരിയെ പരിചയപ്പെട്ടു. അവൾ എന്റെ വീട്ടിലുള്ളവരുടെയും പരിചയക്കാരിയായി. അങ്ങനെയിരിക്കെ അവളുടെ വിവാഹം നിശ്ചയിച്ചു. ആ വിവാഹം മുടക്കാൻ ഒരാൾ സന്നദ്ധനായിരിക്കുന്നുവെന്നു ഞാനറിഞ്ഞപ്പോൾ എനിക്കാകെ പരിഭ്രമമായി. സംഗതി ഇതാണു്. അവൾക്ക് ഒരു ഡിപ്പാർട്ട്മെന്റിൽ ജോലി. ജോലിയിൽ കൂടുതൽ പരിചയം നേടാൻ വേണ്ടി അവളെ വേറൊരു ഡിപ്പാർട്ട്മെന്റിൽ നിയോഗിച്ചു. അവിടെ ചെന്നു ജോലി പഠിക്കുന്നതിനു പുറമേ പ്രേമലേഖനമെഴുതാനും അവൾ പഠിച്ചു. വിജാതീയനും കഴകൂട്ടത്തുകാരനുമായ ഒരു യുവാവിനു് അവൾ ധാരാളം കത്തുകൾ കൊടുത്തു. ആ യുവാവു് അവളുടെ വിവാഹത്തെ കുറിച്ച് അറിഞ്ഞപ്പോൾ പ്രഖ്യാപനം നടത്തി “ഈ കത്തുകളെല്ലാം ഞാൻ അയാളെ (അവളുടെ ഭാവി ഭർത്താവിനെ) ഏല്പിക്കും”. പബ്ലിക് സർവ്വീസ് കമ്മീഷനാഫീസിലെ ഒരു മാന്യനിൽ നിന്നു് ഇതറിഞ്ഞ ഞാൻ ടാക്സിക്കാറിൽ അയാളുടെ വീട്ടിലെത്തി. എന്തു പറഞ്ഞിട്ടും അയാൾ വഴങ്ങിയില്ല. “എന്നെ അവൾ വഞ്ചിച്ചു സാർ. ഞാൻ പ്രതികാരം ചെയ്യും” എന്നായിരുന്നു അയാളുടെ വാക്കുകൾ. ഞാൻ റോബർട്ട് ബ്രൂസ് എന്ന സ്കോട്ട്ലണ്ട് രാജാവായി മാറി. എട്ടുകാലി ഏഴാമത്തെ തവണ വലനെയ്തു് പൂർണ്ണമാക്കുന്നതു കണ്ട ആളാണു് അദ്ദേഹം. എനിക്കത്രയും വേണ്ടി വന്നില്ല. മൂന്നാമത്തെ തവണ ചെന്നപ്പോൾ അയാൾ വഴങ്ങി. ‘ഒരു പെൺകുട്ടിയുടെ ജീവിതം നിങ്ങൾ നശിപ്പിക്കരുതു്’ എന്നു ഞാൻ ദയനീയമായ മട്ടിൽ പറഞ്ഞപ്പോൾ അയാൾ കെട്ടുകെട്ടായുള്ള പ്രേമലേഖനങ്ങൾ എന്റെ മുൻപിൽ കൊണ്ടു വന്നിട്ടു. “വായിച്ചു നോക്കണം സാർ” എന്നു് ആ നല്ല മനുഷ്യൻ. “ചങ്ങാതി, ലോകത്തേക്കു വച്ച് ഏറ്റവും പ്രയാസമുള്ള കാര്യം മറ്റൊരാളിന്റെ പ്രേമലേഖനം വായിക്കുക എന്നതാണു്. നിർബന്ധിക്കരുതു്” എന്നു ഞാൻ. അയാളുടെ അനുവാദത്തോടെ ഞാൻ ആ കെട്ടുകൾക്ക് തീ കൊളുത്തി. സർവ്വവും ചാരം. അകത്തേ മുറിയിൽ നിന്നു് അയാളുടെ അമ്മ “എന്തടാ മോനേ കടലാസ് കരിഞ്ഞു നാറുന്നതു്” എന്നു ചോദിച്ചതല്ലാതെ മറ്റൊരു പ്രതിഷേധ ശബ്ദവും ഉണ്ടായില്ല. ഞാൻ ചെയ്ത ഈ സഹായം ചെറുപ്പക്കാരിയിൽ നിന്നു മറച്ചു വച്ചു. ഇന്നു് അവളും ഭർത്താവും സ്കൂട്ടറിൽ പാഞ്ഞു പോകുന്നതു കാണുമ്പോൾ എനിക്കൊരു ‘അൺക്ലീൻ ഫീലിങ്’. അൺക്ലീൻ ഫീലിങ് ഉളവാക്കുന്ന വേറെ ചില കാര്യങ്ങൾ പറയൂ. പറയാം. പൂർണ്ണഗർഭിണികൾ മെറ്റേണിറ്റി ലീവെടുക്കാതെ ഉന്തിത്തള്ളി ആപ്പീസിലേക്കു കയറി വരുന്നതു്. തൊപ്പി കൊണ്ടു് കഷണ്ടി മറച്ചയാൾ പെട്ടെന്നു് തൊപ്പിയെടുത്തു് ആ “ബ്രഹ്മക്ഷൗരം” മറ്റുള്ളവരെ കാണിക്കുന്നതു്, വൃദ്ധനായ ഭർത്താവു് വൃദ്ധയായ ഭാര്യയെ സ്കൂട്ടറിന്റെ പുറകിലിരുത്തിക്കൊണ്ടു് പോകുന്നതു്, പെണ്ണുങ്ങൾ ഓടുന്നതു്, സ്പോർട്സിനു് ഓടിയോടി സ്ത്രീത്വം നശിപ്പിച്ച പെൺകുട്ടികളുടെ മുഖം കാണുന്നതു്. ‘റ്റെർമഗന്റാ’യ ഭാര്യ ‘ഹെൻപെക്ക്ഡാ’യ ഭർത്താവിനെ കൂടെക്കൂടെ കടയിൽ അയച്ച് റേഷനും മറ്റും വാങ്ങിപ്പിക്കുന്നതു്. ‘മതി’. ‘മതിയെങ്കിൽ നിറുത്തി’. ‘ഒന്നുകൂടെ പറയട്ടോ, മുഹമ്മദ് റോഷൻ?’ റോഷന്റെ പിതാവു് എന്റെ ശിഷ്യനാണു്. ശിഷ്യന്റെ മകനെ ശിഷ്യനായി ലഭിച്ച ഞാൻ ധന്യനാണു്. ഗുരുനാഥൻ പറഞ്ഞാൽ ശിഷ്യൻ – റോഷൻ – ദേഷ്യപ്പെടുകയില്ല. ആ വിശ്വാസത്തോടെ, റോഷന്റെ സദയാനുമതിയോടെ പറയട്ടെ, അദ്ദേഹത്തിന്റെ കഥകൾ അൺക്ലീൻ ഫീലിങ് ഉളവാക്കുനു. ചേച്ചിയും അനിയത്തിയും തമ്മിൽ വലിയ സ്നേഹം. ചേച്ചി വിവാഹിതയായപ്പോൾ അനിയത്തി മാമ്പഴവും മറ്റും കൊണ്ടു് അവളെ കാണാൻ പോകുന്നു. ഏഴു ദിവസം താമസിക്കാനാണു് അനിയത്തിയുടെ ഉദ്ദേശ്യമെന്നറിയുമ്പോൾ ചേച്ചി ദേഷ്യപ്പെടുന്നു. ഒരു കിടപ്പുമുറി മാത്രമുള്ള വീട്ടിൽ ഏഴു ദിവസം താമസിക്കുന്നതെങ്ങനെ? ചേച്ചി കരയാതിരുന്നില്ല, അതു പറഞ്ഞിട്ടു്. ഇതാണു് മുഹമ്മദ് റോഷൻ കുങ്കുമം വാരികയിലെഴുതിയ “പ്രേമയുടെ അനിയത്തി” എന്ന കഥയുടെ സാരം. ഉയർന്ന സ്ഥലത്തു് നിന്നു് താഴ്‌ന്ന സ്ഥലത്തേക്ക് തെളിഞ്ഞ ജലം ഒഴുകുന്നതു് കാണാൻ ഭംഗിയുണ്ടു്. അതിൽ സൂര്യപ്രകാശം കൂടി തട്ടിയാൽ ഭംഗി കൂടും. സഹാനുഭൂതിയുടെ സ്ഫടികസദൃശമായ ജലം ഇങ്ങനെ താഴേക്ക് ഒഴുകുന്നില്ല, റോഷന്റെ കഥയിൽ. ചെളിവെള്ളം കെട്ടിക്കിടക്കുന്ന പ്രതീതി. അതുകൊണ്ടു് ഒരു അൺക്ലീൻ ഫീലിങ്.

കൊല്ലത്തെ തങ്ങൾകുഞ്ഞ് മുസലിയാർ എഞ്ചിനീയറിങ് കോളേജിലെ ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിനു് ഞാൻ പോയിരുന്നു. ഇത്ര ഡിസിപ്ലിൻ ഉള്ള വേറൊരു കോളേജ് ഞാൻ കണ്ടിട്ടില്ല എന്നു് അത്യുക്തി കൂടാതെ പറയട്ടെ. അദ്ധ്യാപകരും വിദ്യാർഥികളൂം സ്നേഹസമ്പന്നർ. ബന്ധുക്കളുടെ വീട്ടിൽ ചെന്നാൽ പോലും ആ കോളേജിൽ നിന്നു് എനിക്ക് കിട്ടിയ സ്നേഹം കിട്ടുകയില്ല. അത്രയ്ക്കുണ്ടു് ആ കുട്ടികളുടെയും അദ്ധ്യാപകരുടെയും സുജന മര്യാദയും സ്നേഹവും. തിരിച്ച് പോരുമ്പോൾ കാറിൽ കൂടെ വന്ന ഒരദ്ധ്യാപകൻ, ഡോക്ടർ കെ. ഭാസ്കരൻ നായർ സാറിനെ കാണാൻ ഒരു ചെറുപ്പക്കാരൻ വന്നു.

അയാൾ അദ്ദേഹത്തോടു് ചോദിച്ചു:

ചെറുപ്പക്കാരൻ:
സാർ ലോകത്താകെ എത്ര പുസ്തകങ്ങളുണ്ടു്?
ഭാസ്കരൻ നായർ:
കോടിക്കണക്കിനു് കാണും.
ചെറുപ്പക്കാരൻ:
സാറെത്ര പുസ്തകങ്ങൾ വായിച്ചിട്ടുണ്ടു്?
ഭാസ്കരൻ നായർ:
ഞാൻ വളരെ കുറച്ചേ വായിച്ചിട്ടുള്ളൂ.
ചെറുപ്പക്കാരൻ:
ലോകത്തിന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ പുസ്തകങ്ങളും വായിച്ച ആരെങ്കിലൂണ്ടൊ?
ഭാസ്കരൻ നായർ:
അങ്ങനെ ആരുമില്ല.
ചെറുപ്പക്കാരൻ:
ഉണ്ടു്, അയാളാണു് എം. കൃഷ്ണൻ നായർ.
images/PhilippeAries.jpg
ഫീലിപ്പ് ഏറൈസ്

ചെറുപ്പക്കാരന്റെ ഈ ബുദ്ധിവിലാസത്തിനു് മുൻപിൽ ഞാൻ തല കുനിക്കുന്നു. കുനിഞ്ഞ തലയോടുകൂടി ഞാൻ പറയട്ടെ. ഫീലിപ്പ് ഏറൈസി ന്റെ (Philippe Aries) ‘The Hour of our Death’ എന്ന പുസ്തകം ഞാൻ വായിച്ചു. എന്തൊരുജ്ജ്വലമായ ഗ്രന്ഥം! പ്രാചീന കാലം തൊട്ടു് ഇരുപതാം ശതാബ്ദം വരെയുള്ള കാലയളവിൽ മരണത്തെക്കുറിച്ചുള്ള സങ്കൽപ്പത്തിനു് ഒന്നിനൊന്നു് മാറ്റം വന്നതെങ്ങനെയെന്നു് ഏറൈസ് വിശദീകരിക്കുന്നു. ടോൾസ്റ്റോയി, ഫ്ലോബർ, ഷെനെ, സാർത്ര് ഇവരുടെ ഗ്രന്ഥങ്ങളെ അദ്ദേഹം അപഗ്രഥിച്ച് മരണസങ്കൽപ്പത്തെ സ്പഷ്ടമാക്കിത്തരുന്നു. പണ്ടു് ‘പബ്ലിക് ഇവന്റ്’ ആയിരുന്ന മരണം ഇന്നൊരു സ്വകാര്യ സംഭവമായി മാറിയതെങ്ങനെയെന്നു് ഗ്രന്ഥകാരൻ വിവരിക്കുന്നു. ‘A major landmark in the historiography of the late twentieth century’ എന്നു് നിരൂപകർ വാഴ്ത്തുന്ന ഈ മഹാഗ്രന്ഥം വായിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു, വായനക്കാരോടു്.

വ്യാജസസാഹിത്യം
ഞാൻ ചെങ്ങന്നൂരു് താമസിക്കുന്ന കാലം, എറപ്പുഴ പാലത്തിനടുത്തു് ചെന്നിരുന്നു് പമ്പാനദിയെ നോക്കിക്കൊണ്ടിരുന്നിട്ടുണ്ടു്. വർഷകാലത്തു് നദിയിലൂടെ പൂക്കൾ ഒഴുകി വരും. ഒരു വലിയ ചെമ്പരത്തിപ്പൂ ഒഴുകി വരുന്നതു് കണ്ടു. നദിയിലെങ്ങനെ ചെമ്പരത്തിപ്പൂ വന്നു? അങ്ങു ദൂരെ നദിക്കരയിൽ നിന്ന ഒരു കുട്ടി പൂ ചെടിയിൽ നിന്നു് അടർത്തിയെടുത്തു് നദിയിലിട്ടിരിക്കും. അതു് ഓളങ്ങളിൽ നൃത്തം ചെയ്തു് ചെയ്തു് അകന്നുപോയിരിക്കും. കുട്ടി അവിടെത്തന്നെ നിന്നിരിക്കാം, തിരിച്ചു പോയിരിക്കാം. അനേകം നാഴിക സഞ്ചരിച്ച് അതു് ചെങ്ങന്നൂരെത്തിയതാണു്.

കറങ്ങിയാടീ കംബളവിരിയിൽ കാർകേശം ചിന്നി-

പറന്നുപച്ചച്ചെടിയിലുലാവും പൂമ്പാറ്റയ്ക്കൊപ്പം

എന്നു് വെണ്ണിക്കുളം ഗോപാലക്കുറുപ്പു് ഒരു നർത്തകിയെ വർണ്ണിച്ചിട്ടുണ്ടു്. ഈ പുഷ്പമാകുന്ന നർത്തകി പൂമ്പാറ്റയെപ്പോലെ ഓളങ്ങളിൽ നൃത്തം വെച്ചു് അകലുകയാണു്. ഒഴുകിയൊഴുകി അതു് കരയ്ക്കടിഞ്ഞെന്നു് വരാം. വല്ല ചെടിയിലും ഉടക്കി നിന്നെന്നു വരാം. അതാ അതിന്റെ ലക്ഷ്യസ്ഥാനം. ആലോചിച്ചു നോക്കൂ. ഓരോ സംഭവവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുട്ടി ചെടിയിൽ നിന്നു് പൂ അടർത്തിയെടുക്കുന്നു, വെള്ളത്തിലേക്ക് എറിയുന്നു. അടർത്തിയെടുത്തില്ലായിരുന്നെങ്കിൽ ജലത്തിലേയ്ക്ക് അതു് എറിയപ്പെടുമായിരുന്നില്ല. അങ്ങനെ രണ്ടു് സംഭവങ്ങളും ബന്ധപ്പെട്ടു. നദിയിലെ ഒരോളം അടുത്ത ഓളത്തിലേക്ക് അതിനെ നീക്കി. ആദ്യത്തെ ഓളം അതു ചെയ്തില്ലെങ്കിൽ? രണ്ടാമത്തെ ഓളം പൂവിനെ വഹിക്കുമായിരുന്നില്ല. രണ്ടു സംഭവങ്ങളും വീണ്ടും ബന്ധപ്പെട്ടു. അങ്ങനെ സംഭവ ശ്രേണികൾ. അവയാണു് പൂവിനെ ചെങ്ങന്നൂരെത്തിച്ചതു്. ഇനി അതു് ഒഴുകും. കരയ്ക്കടിയുന്നതു വരെ. അല്ലെങ്കിൽ ഒരു ചെടിയിൽ ഉടക്കുന്നതു വരെ. ചെടിയിൽ ഉടക്കുന്നു പുഷ്പം എന്നു് കരുതൂ. അതാണു് പരമലക്ഷ്യം. കുട്ടി പൂ ഇറുത്തെടുക്കുന്നതും അതു് അനേകം നാഴിക സഞ്ചരിച്ച് മറ്റൊരു ചെടിയിൽ ഉടക്കുന്നതും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. സാഹിത്യത്തിലും ഈ ബന്ധമുണ്ടു്. ഈ ബന്ധം എവിടെയില്ലയോ അതു് വ്യാജ സാഹിത്യമാണു്. തുളസി കോട്ടുക്കൽ ‘മനോരാജ്യം’ വാരികയിൽ എഴുതിയ “ജനിച്ച മണ്ണു്” വ്യാജസാഹിത്യമാണു്. മഹാരാഷ്ട്രക്കാരനെ കേരളത്തിലെ ഒരു പെണ്ണു് സ്നേഹിക്കുന്നു. വിവാഹം, ഗർഭം, പ്രസവം. അയാൾ മഹാരാഷ്ട്രയിലേക്ക് ജോലിക്കയറ്റം കിട്ടി പോയിട്ടും അവൾ പോകുന്നില്ല. ജന്മഭൂമി വിട്ടു് അവൾ എങ്ങും പോകില്ല. ഭർത്താവു് നിർബന്ധിച്ചുകൊണ്ടേയിരിക്കുന്നു. വർഷങ്ങൾ ഏറെയായിട്ടും അവൾ വഴങ്ങുന്നില്ല. അവരുടെ മകൻ നിർബന്ധം തുടങ്ങി, അമ്മ അച്ഛന്റെ കൂടെ താമസിക്കണമെന്നു്. പെട്ടെന്നു് വൃദ്ധയായ അവൾ പോകാൻ തീരുമാനിക്കുന്നു. അവളുടെ ആദ്യത്തെ തീരുമാനവും ഒടുവിലത്തെ തീരുമാനവും തമ്മിൽ ഒരു ബന്ധവുമില്ല. അതിനാൽ കലയോടു് ബന്ധപ്പെട്ട ദൃഢപ്രത്യയം – കൺവിക്ഷൻ – ഉണ്ടാകുന്നില്ല. കപട രചനയാണിതു്. ‘വിശ്വധർമ്മം’ വാരികയിൽ തുളസി കോട്ടുക്കൽ നവീന സാഹിത്യത്തെക്കുറിച്ച് പണ്ഡിതോചിതമായി എഴുതിയിരിക്കുന്നതു് ഞാൻ വായിച്ചു. അതൊക്കെ എഴുതുന്ന അദ്ദേഹം ഇമ്മട്ടിലൊരു കഥയെഴുതുന്നതു് എങ്ങനെ?

എന്തിനിങ്ങനെ?
images/ThePearl.jpg

ലാ പാസ് പട്ടണത്തിലെ മുക്കുവനായ കീനോയ്ക്ക് കടലിൽ മുങ്ങിയപ്പോൾ ഒരു മുത്തു കിട്ടി. വിലമതിക്കാൻ വയ്യാത്ത മുത്തു്. അതറിഞ്ഞ് പലരും അയാളുടെ വീട്ടിൽ ഓടിക്കൂടി. കീനോ മുത്തു് വീടിന്റെ ഒരു മൂലയിൽ ഒളിച്ച് വച്ചു. അടുത്ത ദിവസം അതു വിൽക്കാൻ അയാൾ തീരുമാനിച്ചൂ. ആദ്യത്തെ കടക്കാരൻ ആ മുത്തു് ‘രാക്ഷസീയത’യാണെന്നു് പറഞ്ഞു. രണ്ടാമത്തെയാൾ അതിന്റെ ന്യൂനതകൾ വിവരിച്ചു. മൂന്നാമത്തെയാൾ അഞ്ഞൂറു് പെസോ കൊടുക്കാമെന്നു് പറഞ്ഞു. അതുകൊണ്ടു് തൊട്ടടുത്ത ദിവസം തലസ്ഥാന നഗരത്തിൽ അതുകൊണ്ടു ചെന്നു് വിൽക്കാമെന്നു കീനോ കരുതി. അന്നു രാത്രി കള്ളന്മാർ കീനോയെ ആക്രമിച്ചു. കീനോയുടെ ഭാര്യ ഹ്വാന സഹായത്തിനെത്തിയപ്പോൾ കള്ളന്മാർ ഓടിക്കളഞ്ഞു. പിറ്റേ ദിവസം ശത്രുക്കൾ അവരുടെ വീടു് തീ വച്ചു. മുത്തു കളയില്ലെന്ന വാശിയോടെ കീനോയും ഹ്വാനയും കുഞ്ഞിനെയുമെടുത്തു് വടക്കോട്ടു് യാത്രയായി. അശ്വാരൂഢരായ മൂന്നുപേർ അവരെ അനുഗമിക്കുന്നുണ്ടായിരുന്നു. രാത്രി കീനോയും ഹ്വാനയും കുഞ്ഞും പർവ്വതത്തിന്റെ പ്രാന്തപ്രദേശത്താണു് കഴിഞ്ഞുകൂടിയതു്. കുഞ്ഞു കരയുന്ന ശബ്ദം കേട്ടു് ആ മൂന്നു പേരിൽ ഒരാൾ ശബ്ദം കേട്ട സ്ഥലത്തേക്ക് നിറയൊഴിച്ചു. വെടിയേറ്റു കുഞ്ഞു മരിച്ചു. കീനോ സ്വന്തം പട്ടണത്തിലേക്കു് തിരിച്ചു പോന്നു. അയാൾ മുത്തു കടലിൽ വലിച്ചെറിഞ്ഞു. (സ്റ്റൈൻബക്കിന്റെ The Pearl എന്ന കൊച്ചു നോവൽ.)

ഇനി മുകുന്ദൻ മനോരമ ആഴ്ച്ചപ്പതിപ്പിൽ എഴുതിയ “മംഗലാപുരം” എന്ന കഥ. സുമ പള്ളിക്കൂടം വിട്ടു് വീട്ടിലേക്കു വരികയായിരുന്നു. അവൾക്കൊരു മുത്തു് ‘കളഞ്ഞുകിട്ടി’. കാലത്തു് സുമയുടെ അച്ഛൻ ഭാസ്കരൻ സ്വർണ്ണക്കടയിൽ അതു കൊണ്ടുപോയി കാണിച്ചു. വലിയ വിലയുള്ള മുത്താണു് അതെന്നു് അയാൾ മനസ്സിലാക്കി. അടുത്ത ദിവസം മംഗലാപുരത്തു് അതു വിൽക്കാൻ അയാൾ തീരുമാനിച്ചു. രാത്രി ഒരു കള്ളൻ വന്നു ഭാസ്കരന്റെ വീട്ടിൽ. അവനെ അയാൾ ഓടിച്ചു. അന്നു തന്നെ രണ്ടു കള്ളന്മാർ കൂടി വന്നു. അവരെയും ഭാസ്കരൻ ഓടിച്ചു. ഒടുവിൽ നേരിട്ടുള്ള സംഘട്ടനമായി. മല്പിടുത്തത്തിൽ ഭാസ്കരൻ മുത്തെടുത്തു വിഴുങ്ങിക്കളഞ്ഞു. രാത്രിയായപ്പോൾ അവർ അയാളുടെ വയറുകീറി മുത്തെടുത്തു കൊണ്ടുപോയി. മുകുന്ദൻ കഥ അവസാനിപ്പിക്കുന്നു: “പണക്കാർക്ക് മുത്തു കിട്ടിയാൽ മുത്തോടുമുത്തു്. പാവങ്ങൾക്കു മുത്തുകിട്ടിയാൽ കണ്ണീർമുത്തു്”.

കമന്റൊന്നുമില്ല എനിക്കു്. എങ്കിലും ഒരു ചോദ്യം. മുകുന്ദൻ എന്തിനിങ്ങനെ കഥയെഴുതുന്നു?

പ്രത്യുല്പന്ന മതിത്വമുള്ള സാഹിത്യകാരനായിരുന്നു ഓസ്കാർ വൈൽഡ്. എങ്കിലും അദ്ദേഹം മറ്റുള്ളവരുടെ ആശയങ്ങൾ കവർന്നെടുക്കുമെന്ന ഒരു ദുഷ്പ്രവാദമുണ്ടായി. ഒരിക്കൽ വിസ്ലർ എന്ന ചിത്രകാരൻ ധിഷണാവിലാസം കാണിക്കുന്ന മട്ടിൽ എന്തോ പറഞ്ഞപ്പോൾ വൈൽഡ് ഉദ്ഘോഷിച്ചു: “ഹാ എനിക്കതു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ!” ഇതു കേട്ടു് വിസ്ലർ പറഞ്ഞു: “നിങ്ങൾ പറയും ഓസ്കാർ, നിങ്ങൾ പറയും”.

കമന്റ്—വിദ്വേഷമില്ലാതെ

ഒരു വെള്ളക്കാരൻ തനിക്കു് ഉപകാരം ചെയ്തവനു പ്രത്യുപകാരം ചെയ്യുന്നു. ഇതാണു് ജോയി മിട്ടാറിന്റെ “വിത്തുകൾ പൊട്ടിമുളക്കുമ്പോൾ” എന്ന കഥ (ദീപിക വാരിക). വെള്ളെഴുത്തു കണ്ണാടി കണ്ടുപിടിച്ചതാണു് ഈ ലോകത്തെ ഏറ്റവും വലിയ വിപത്തു്. അതു വച്ചുകൊണ്ടാണല്ലോ ഞാൻ ഈ കഥാസാഹസം വായിച്ചതു്.

മന്ത്രിയുടെ ‘എസ്കോട്ട്’കാറിടിച്ചു ഒരു പാവം മരിക്കുന്നു. ചൂണ്ടൽ സുലൈമാൻ കുമാരി വാരികയിൽ എഴുതിയ “ജൈത്രയാത്രികർ” എന്ന കഥയാണിതു്. സുലൈമാന്റെ രോഷം എനിക്കുമുണ്ടു് ഇക്കാര്യത്തിൽ. കുറച്ചുനാൾ മുൻപു് തിരുവനന്തപുരത്തെ കനകക്കുന്നു കൊട്ടാരത്തിനു മുൻപിൽവച്ചു് എന്നെയും ഒരെസ്കോട്ട്കാർ ഇടിച്ചുവീഴ്ത്താൻ പോയതാണു്. കഷ്ടിച്ചു രക്ഷപ്പെട്ടുവെന്നേയുള്ളൂ. പക്ഷേ ഇതു കഥയല്ല, സാഹിത്യമല്ല. അത്യധികമായ ആഹ്ളാദമുള്ളപ്പോഴോ പരിചയമില്ലാത്ത ഒരുത്തന്റെ കൂടെ കിടക്കുമ്പോഴോ എഡ്ന ഓബ്രയൻ എന്ന നോവലെഴുത്തുകാരിക്കു് ഉറക്കം വരാറില്ല എന്നു് അവർ തന്നെ പറഞ്ഞിട്ടുണ്ടു്. കത്സിതസാഹിത്യം വായിച്ചാൽ എനിക്കും ഉറക്കം വരില്ല. സുലൈമാൻ എന്റെ ഉറക്കം ഇല്ലാതാക്കി.

“മുസ്ലിംകളുടെ സാമൂഹ്യപ്രശ്ന”ങ്ങളെക്കുറിച്ച് പ്രൊഫസർ പി. എം. ഷിയാലികോയ ചന്ദ്രികവാരികയിൽ ഉപന്യസിക്കുന്നു. പ്രൊഫസറാണെങ്കിലും ‘സാമൂഹ്യം’ തെറ്റു് ‘സാമൂഹികം’ ശരി എന്നു് അദ്ദേഹം മനസ്സിലാക്കിയിട്ടില്ല. നല്ലകാര്യം ചെയ്ത ഷിയാലികോയയെ ഞാൻ കുറ്റപ്പെടുത്തിയല്ലോ.

കേരളം പ്രകൃതിമനോഹരം. അതിനെ വിരൂപമാക്കാൻ ഈശ്വരൻ കവികളെയും കഥാകാരന്മാരെയും സൃഷ്ടിച്ചിരിക്കുന്നു.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-08-19.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.