സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-09-09-ൽ പ്രസിദ്ധീകരിച്ചതു്)

images/RolandBarthes.jpg
റോളാങ് ബാർതേസ്

‘ഉപരിതല സ്പർശിയായ’, ‘ബഹിർഭാഗസ്ഥനായ’ ഈ വിശേഷണങ്ങൾ പ്രയോഗിക്കുന്നതിൽ സാഹിത്യനിരൂപകർ തൽപരരാണു്. അഗാധതലസ്പർശിയായിരിക്കണം. സാഹിത്യമെന്നാണു് അവരുടെ വാദം. ഈ വാദത്തിനു് എതിരായി അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുള്ളവരും ഇല്ലാതില്ല. മഹാനായ ഫ്രഞ്ച് ചിന്തകനാണു് റോളാങ് ബാർതേസ്. (1980-ൽ ഒരുദിവസം പാരീസിലെ ഒരു തെരുവു് കടക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹം വാനിടിച്ചു മരിച്ചു.) അദ്ദേഹം ഉപരിതലം അഗാധതയോളം പ്രാധാന്യമാർജ്ജിച്ചതാണെന്നു പറഞ്ഞിട്ടുണ്ടു്. സത്യം പല തട്ടുകൾ കൊണ്ടു മൂടിയിരിക്കുന്നു, ഓരോ തട്ടും പൊളിച്ചു് അഗാധതയിൽ എത്തുമ്പോൾ സത്യദർശനം ലഭിക്കുന്നു. അങ്ങനെ താഴെത്താഴെയുള്ള തലങ്ങൾ ഭേദിച്ചു് സത്യത്തിൽ എത്തുന്നവനാണു് സാഹിത്യകാരൻ എന്നു് അരവിന്ദ് ഘോഷ് പ്രഖ്യാപിച്ചതിനു് എതിരാണു് ബർതേസിന്റെ ഈ മതം. അനുഭവത്തിന്റെയോ വസ്തുതയുടെയോ അഗാധതലത്തിൽ മാനുഷികാംശമില്ല, അതുകൊണ്ടു് അഗാധതയിൽ ചെന്നാലേ കലാസൃഷ്ടിക്ക് മഹത്ത്വം ഉണ്ടാകൂ എന്ന വിചാരം തെറ്റാണെന്നു് ബാർതേസ് പറയുന്നു. ഇതു് സ്ഥാപിക്കാനായി അദ്ദേഹം ഫ്രഞ്ച് നോവലിസ്റ്റ് റോബ് ഗ്രീയെ യുടെ (Robbe Grillet) നോവലുകളെടുത്തുകാണിക്കുന്നു. “To establish the novel in the Surface”—ഉപരിതലത്തിൽ നോവലിനെ പ്രതിഷ്ഠിക്കുക എന്നതായിരുന്നു റോബ് ഗ്രീയേയുടെ ലക്ഷ്യമെന്നു് ബാർതേസ് എഴുതുന്നു. ഈ ഫ്രഞ്ച് നോവലിസ്റ്റിന്റെ ഒരു നോവലെടുത്തു് അപഗ്രഥിക്കാൻ ഇവിടെ സ്ഥലമില്ല. അതുകൊണ്ടു് അദ്ദേഹത്തിന്റെ The Secret Room എന്ന ചെറുകഥയെക്കുറിച്ചുമാത്രം ചിലതു പറയുകയാണു്. കഥയുടെ ആരംഭത്തിൽ ഒരു ചുവന്ന പാടു് കഥാകാരൻ കാണിച്ചുതരുന്നു; തിളങ്ങുന്ന ചുവന്ന പാടു്. ഈ പാടിലൂടെ, ചുവന്ന രേഖയിലൂടെ നേത്രം വ്യാപരിപ്പിച്ചാൽ നഗ്നമായി കിടക്കുന്ന ഒരു മൃതദേഹം കാണാം. അതൊരു സ്ത്രീയുടേതാണു്. പിന്നീടു്, വധം കഴിഞ്ഞിട്ടു് ഓടിപ്പോകുന്ന ഒരുത്തന്റെ നിഴൽ ചിത്രവും. ദൃശ്യങ്ങളല്ലാതെ മറ്റൊന്നുമില്ല ഇക്കഥയിൽ. റോബ്ഗ്രീയേ ഇംപ്രഷനിസ്റ്റാണു്. ആ ഇംപ്രഷനിസം ഉപരിതലസ്പർശിയാണന്നു പറയാൻ വയ്യ. തന്റെ അന്തരംഗത്തിന്റെ അടിത്തട്ടിനെ പിടിച്ചുകുലുക്കിയ ഒരനുഭവത്തെ അന്യാദൃശസ്വഭാവത്തോടെ ആവിഷ്കരിക്കുകയാണു് റോബ്ഗ്രീയേ. ആ ആവിഷ്കാരം നമ്മുടെ അന്തരംഗത്തിന്റെ അഗാധതലങ്ങളെ സ്പർശിക്കുന്നു. അതിനെക്കുറിച്ചെഴുതുന്ന ബാർതേസും ആഴത്തിലേക്ക് കടന്നു ചെന്നിരിക്കുന്നു. ഉപരിതല സ്പർശിയാണു് സാഹിത്യമെന്നു ബാർതേസ് പറയുന്നതു ശരിയാണെങ്കിൽ കോൺറഡും സോമർസൈറ്റ് മോമും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നു സമ്മതിക്കേണ്ടിവരും. ‘മയിലാടും കുന്നും’ ‘ഖസാക്കിന്റെ ഇതിഹാസവും’ തമ്മിൽ വ്യത്യാസമില്ലെന്നു് ഉദ്ഘോഷിക്കേണ്ടി വരും. ഭൗതികലോകത്തിന്റെ ഉപരിതലം നിരീക്ഷണം ചെയ്തിട്ടു് കർത്തൃനിഷ്ഠമായ ലോകത്തേക്കു കടക്കുന്നവനാണു് കലാകാരൻ. അയാൾ എത്രകണ്ടു് ആഴത്തിലേക്കു ചെല്ലുന്നുവോ അത്രകണ്ടു് അയാൾക്കു മഹത്ത്വംകൂടും. റോബ് ഗ്രിയേയുടെ മതം അംഗീകരിച്ചാൽ ‘മാജിക്‍ മൌണ്ടൻ’ എഴുതിയ റ്റോമാസ് മാൻ അല്ല സൂപർഫിഷലായ നോവലുകലെഴുതിയ എ. ജെ. ക്രോണിനാ ണു് വലിയ കലാകാരൻ എന്നു സമ്മിതിക്കാൻ ആളുകൾ നിർബ്ബദ്ധരാകും.

ജി. ശങ്കരക്കുറുപ്പു്
images/GSankaraKurup.jpg
ജി. ശങ്കരക്കുറുപ്പ്

ഇതെഴുതുന്ന ആളിന്റെ ഓർമ്മശക്തി അഭിനന്ദാർഹമാണെന്നു ചിലരൊക്കെ നേരിട്ടു പറയാറുണ്ടു്; എഴുതി അയയ്ക്കാറുണ്ടു്. അവർക്കു നന്ദി പറഞ്ഞുകൊണ്ടു് എഴുതട്ടെ. അതിൽ അഭിനന്ദനാർഹമായി ഒന്നുമില്ല. ഓർമ്മയ്ക്ക് വസ്തുക്കൾക്കുള്ളതുപോലെ ക്വാളിറ്റിയും (ഗുണവും) ക്വാൺടിറ്റിയും (പരിമാണവും) ഉണ്ടു്. ഒരു തുള്ളി തേനിനു ക്വാളിറ്റിയാണു് കൂടുതലുള്ളതു്. മേശയ്ക്കോ കട്ടിലിനോ ക്വാളിറ്റിയെക്കാൾ ക്വാൺടിറ്റിയുണ്ടു്. ചില ഓർമ്മകൾക്കു ക്വാളിറ്റി കൂടും. അവ മനുഷ്യമസ്തിഷ്കത്തിൽ തങ്ങി നിൽക്കും. വിദ്യാഭ്യാസകാലത്തു് എത്രയെത്ര സംഭവങ്ങൾക്കു നമ്മൾ സാക്ഷ്യം വഹിച്ചിരിക്കും. എല്ലാം മറന്നുപോയി. എന്നാൽ കൂടെപ്പഠിച്ച ഒരതിസുന്ദരിയെ മറക്കുന്നില്ല. അവരുടെ സൗന്ദര്യമെന്ന ധർമ്മമാണു് ഓർമ്മയെ നിലനിറുത്തുന്നതു്. അതുകൊണ്ടു് ക്വാളിറ്റിയുള്ള സംഭവങ്ങളും വ്യക്തികളും സാഹിത്യസൃഷ്ടികളും ഞാൻ മറന്നിട്ടില്ല എന്നേയുള്ളു. എനിക്കുള്ളിടത്തോളമോ അതിനെക്കാൾ കൂടുതലായോ ഓർമ്മശക്തി പലർക്കുമുണ്ടു്. അതു ക്വാളിറ്റിയെ സംബന്ധിച്ചതായിരിക്കുകയും ചെയ്യും. (ഓർമ്മശക്തിയെ ക്വാളിറ്റിയായും ക്വാണ്ടിറ്റിയായും വേർതിരിച്ചു കാണുന്നതിൽ ഞാൻ മൗലികത്വം അവകാശപ്പെടുന്നില്ല. Laurens Van Der Post-ന്റെ ഉജ്ജ്വലമായ ആത്മകഥ വായിച്ചപ്പോൾ കിട്ടിയ ആശയമാണു് അതു്.) താഴെച്ചേർക്കുന്ന വരികൾ എന്റെ സ്മരണയിൽ തങ്ങിനില്ക്കുന്നതിനു ഹേതു അതിന്റെ സൗന്ദര്യമെന്ന ധർമ്മമത്രേ.

കുളികഴിഞ്ഞീറനോടമ്പലത്തി-

ലളിവേണി പോവുകയായിരുന്നു.

പിറകിൽ നിതംബം കവിഞ്ഞുലഞ്ഞ

പുരികുഴൽക്കെട്ടിൻ നടുവിലായി

സുരഭില സംഫുല്ല സുന്ദരമാ-

മൊരു ചെമ്പനീരലരുല്ലസിച്ചു.

കവിതൻ കരളിലഴല്പരപ്പിൽ

കതിരിടും കല്പനാശക്തിപോലെ.

—ചങ്ങമ്പുഴ

ഈ ധർമ്മംതന്നെ മറ്റൊരു കാവ്യഭാഗത്തിലും ഉള്ളതു നോക്കിയാലും:

“തടിമരവുമിടയ്ക്കിടയ്ക്കു വള്ളി-

ക്കുടിലുമിണങ്ങിടുമപ്പെരുമ്പറമ്പിൽ

വടിവൊടവൾ വിളങ്ങി വാനിൽനിന്നും

ഝടുതിപതിച്ചൊരുകൊട്ടുതാരപോലെ”

—വള്ളത്തോൾ

ചേതോഹരങ്ങളാണു് രണ്ടു കാവ്യഭാഗങ്ങളും. ചങ്ങമ്പുഴ സുന്ദരിയെ സുന്ദരിയായി കാണുന്നു; വള്ളത്തോൾ അവളെ നക്ഷത്രമായി കാണുന്നു. രണ്ടു കാഴ്ചകൾക്കും ന്യൂനത പറയാനാവില്ല. എന്നാൽ പാവ്ലോ നെറൂത.

But I love your feet

only because they walked

upon the earth and upon

the wind and upon the waters

until they found me

എന്നു കാമുകിയോടു പറയുമ്പാൾ സാർവലൗകികമായ അഗാധത ആ ഭാഷണത്തിനുണ്ടാകുന്നു. നെറൂതയും കാല്പനിക കവിയാണു്. പക്ഷേ, വള്ളത്തോളിനും ചങ്ങമ്പുഴയ്ക്കും അപ്രാപ്യമായ മണ്ഡലത്തിൽ അദ്ദേഹം അനായാസമായ ചെന്നെത്തുന്നു. ജി. ശങ്കരക്കുറുപ്പു് വള്ളത്തോൾ പാരമ്പര്യത്തിൽപ്പെട്ട കവിയാണു്. അദ്ദേഹം നിലമ്പൂർ രാജാവിനെ അവതരിപ്പിക്കുന്നതിന്റെ ചാരുത നോക്കുക:

“പ്ലാറ്റ്ഫോമിലെ ആ ഇരുപ്പു് ഓർമ്മവരുന്നുണ്ടു്. പിന്നാലെ ഇരുപതു കടന്ന ഒരു ലാവണ്യലേഖ വിശറിയെടുത്തു വീശി ഉപചരിച്ചുകൊണ്ടു് നില്ക്കുന്നു. കുന്നിന്റെ പിറകെ ചന്ദ്രമണ്ഡലം പൊക്കിക്കൊണ്ടു് പൗർണ്ണമിപോലെ” (മാതൃഭൂമി ആഴ്ചപ്പതിപ്പു്, ഓർമ്മയുടെ ഇതളുകൾ 3) മനോഹരമായിരിക്കുന്നില്ലേ? അതേ എന്നു ഉത്തരം. ഇവിടെ നെറുത ആവിഷ്കരിക്കാറുള്ള സാർവലൗകിക പ്രധാന്യം അന്വേഷിക്കരുതു്.

ദരസരേ വരൂ

ഞാൻ വടക്കൻ പറവൂരിനടുത്തുള്ള വരാപ്പുഴെ താമസിക്കുന്ന കാലം. വീട്ടുപേരുപോലും എനിക്കോർമ്മയുണ്ടു്; പാവന വീടു്. അക്കാലത്തു് എന്റെ വീട്ടിൽ കമലം എന്നൊരു ഇരുപതു വയസ്സുകാരി ജോലിക്കുനിന്നിരുന്നു. (പേരു് ഇതല്ല) ഒരു രോഗവുമില്ലാത്തവൾ, കാണാൻ ഭേദപ്പെട്ടവൾ. അങ്ങനെയിരിക്കെ അതിസുന്ദരനായ ഒരു ക്രിസ്ത്യാനി ഡോക്ടർ വരാപ്പുഴെ ജോലിയായി വന്നു. അദ്ദേഹം ഞങ്ങളുടെ വീട്ടിൽ കൂടക്കൂടെ വരും. ഒരു ദിവസം കമലത്തിനു കലശലായ വയറ്റുവേദന. ഇഞ്ചി തല്ലിപ്പിഴിഞ്ഞുകൊടുത്തു. വേദന പോയില്ല. രണ്ടു നാഴിക അകലെച്ചെന്നു ഞാൻ കാർമിനേറ്റീവ് മിക്സ്ച്ചർ വാങ്ങിക്കൊണ്ടുവന്നു. അതു കുടിച്ചിട്ടും അവളുടെ വയറ്റുവേദന പോയില്ല. അവൾ പുളയുന്നു, ഞരങ്ങുന്നു, ‘ഞാനിപ്പോൾ ചാകും’ എന്നു പറയുന്നു. മരിച്ചാൽ ജോലിക്കാരിയുടെ അച്ഛനമ്മമാരോടു സമാധാനം പറയേണ്ടേ? “ഡോക്ടറെ വിളിച്ചുകൊണ്ടു വരട്ടോ?” എന്നാരോ ചോദിച്ചു. അനുകൂലമായ മൂളൽ കമലത്തിൽ നിന്നുണ്ടായി. ഞാൻ കൊതുമ്പുവള്ളത്തിൽ കയറി. വേമ്പനാട്ടു കായലാണു്. മൂന്നുനാഴികയോളം തുഴഞ്ഞു ചെന്നു് കസ്റ്റംസ് ഹൗസിൽ താമസിക്കുന്ന അതിസുന്ദരനെ വിളിച്ചുകൊണ്ടുവന്നു. അദ്ദേഹം മുറിയുടെ വാതിലടച്ചു് അവളെ പരിശോധിച്ചിട്ടു് പുറത്തേക്കിറങ്ങി മരുന്നു കുറിച്ചുതന്നു. രാത്രി പത്തു മണി. പിന്നീടു് മരുന്നെവിടെ കിട്ടാൻ? പക്ഷേ, ഡോക്ടർ അവളുടെ വയറ്റിലൊന്നു ‘പിതുക്കി’യതോടെ വേദന ഇല്ലാതെയായി. കമലത്തിനു് ആഴ്ചയിലൊരിക്കൽ വയറ്റുവേദന വരും. ഞാൻ കൊതുമ്പുവള്ളം തുഴയും. കസ്റ്റംസ് ഹൗസിൽ ചെന്നിട്ടു് കൂടുതൽ ഭാരമാർന്ന വള്ളം തിരിച്ചു തുഴയും. പിന്നെ അങ്ങോട്ടും. പെണ്ണിന്റെ വേദന പിന്നെ ആറുദിവസത്തേക്കു് ഇല്ല. ഡോക്ടർ വരാപ്പുഴെ നിന്നു മാറിപ്പോകുന്നതുവരെ കമലത്തിനു വയറ്റുവേദന വരുമായിരുന്നു.

പണ്ടു… നഗരത്തിൽ ഒരു ദരസരുണ്ടായിരുന്നു. ഇംഗ്ലീഷിലെ dresser ആണു് ദരസരായതു്. ദരസരാണെങ്കിലും എഫ്.അർ.സി.എസ്സും എൽ.ആർ.സി.പി.യും ഒരുമിച്ചു പാസ്സായ മട്ടിലാണു് അദ്ദേഹത്തിന്റെ ഭാവവും നടത്തവും. റ്റി. 73 മുണ്ടു് ഉടുത്തിട്ടു് അതിന്റെ പുറത്തു് പുളിയിലക്കരയൻ നേരിയതു് ചാർത്തിയിരിക്കും. ഷട്ട്കോട്ട്, മധുരത്തുപ്പട്ടാവു് ഒരു തോളിൽക്കൂടെ ഒഴുകുന്നുണ്ടായിരിക്കും. തലപ്പാവു്, കപ്പടാമീശ, ‘കണ്ണകി’ നാടകത്തിലെ വഞ്ചിപ്പത്തനെപ്പോലെയിരിക്കും ദരസരെങ്കിലും… നഗരത്തിലെ പല പെണ്ണുങ്ങൾക്കും അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. അവർക്കു കമലത്തിനെന്നപോലെ വയറ്റുവേദന വരുമായിരുന്നു അക്കാലത്തു്. (വിവാഹിതകൾക്കു വയറ്റുവേദനയും അവിവാഹിതകൾക്കു് സമയത്തു് വിവാഹം കഴിച്ചു കൊടുക്കാത്ത അച്ചനമ്മമാരോടുള്ള പ്രതിഷേധമായി നെഞ്ചുവേദനയും വരും.) പൊതുവാളും കരുവിളയും തളിയത്തും അക്കാലത്തെ പേരുകേട്ട ഡോക്ടർമാരായിരുന്നു. വേദന തുടങ്ങുമ്പോൾ വീട്ടുകാർ ചോദിക്കും: “പൊതുവാളിനെ കൊണ്ടിവരട്ടോ?” “ങ്ഹൂ” “എന്നാൽ കരുവിളയെ കൊണ്ടിവരട്ടോ?” “ങ്ഹൂ” “എന്നാൽപ്പിന്നെ ആരുവേണം?” മറുപടിയില്ല. നിർബന്ധിക്കുമ്പോൾ തെല്ലൊരു നാണത്തോടെ മൊഴിയും: “ദരസരു്” ആശുപത്രിയിൽ പണ്ടു് വ്രണങ്ങൾ ഡ്രസ്സ് ചെയ്തിരുന്ന അദ്ദേഹം പച്ചക്കാമദേവനായി ജട്ക്ക എന്ന കുതിരവണ്ടിയിൽ കയറിവരും. വാതിലുകളും ജനലുകളുമടച്ചിട്ടു് ഒരുമണിക്കൂർ നേരത്തെ പരിശോധന. അതോടെ വേദന മാറുന്നു പെണ്ണിന്റെ. ദരസർക്കു സംതൃപ്തി. വയറ്റുവേദനക്കാരിക്കു ചുണ്ടുകളിൽ പുഞ്ചിരി. അതു കടക്കണ്ണുകളിലേക്കും വ്യാപിച്ചിരിക്കും.

ഇതൊരുവിധത്തിലുള്ള വേദന. ചിലർക്കു പേരു് അച്ചടിച്ചുകാണാൻ വേദനയുണ്ടാകും. ആ വേദനയാൽ ജനിക്കുന്ന നിലവിളിയാണു് കഥ എന്നതു്. ആ വിധത്തിലൊരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലുണ്ടു്. “കാറ്റു കീറുന്ന വാഴയിലകൾ.” എന്തൊരു മോൺസ്ട്രോസിറ്റിയാണു് ഈ രചന! ഞാനതു രണ്ടു തവണ വായിച്ചു. ആരോ തൂങ്ങിച്ചത്തു പോലും. കുഞ്ഞില്ലാത്ത ഒരുത്തി തൂങ്ങിച്ചാകാൻ ആഗ്രഹിച്ചുപോലും. ഇത്രയുമല്ലാതെ എനിക്കു വേറൊന്നും മനസ്സിലായില്ല. ഉത്കൃഷ്ടമായ വാരികയിൽ കഥ മഷി പുരണ്ടുവന്നതോടെ അതെഴുതിയ ആളിന്റെ യാതന മാറിയിരിക്കും. പക്ഷേ, ആ തീവ്രവേദന പകർന്നു കിട്ടുന്നതു വായനക്കാർക്കാണു്. വായനക്കാരെ സഹായിക്കാൻ അതിസുന്ദരൻ ഡോക്ടറില്ല; ദരസരുമില്ല.

അദ്ഭുതം, പ്രകാശം

ശകുന്തള ദുഷ്യന്തന്റെ മുൻപിലെത്തി. അദ്ദേഹം അവളെ അറിയുന്നില്ലെന്നു മനസ്സിലാക്കിയ ഗൗതമി പറഞ്ഞു: “ജാതേ, മുഹൂർതം മാ ലജ്ജസ്വ. അപനേഷ്യാമി തവാവ കുണ്ഠനം. തതോ ഭർതാത്വാം പ്രത്യഭിജ്ഞാസ്യസി” (കുഞ്ഞേ, കുറച്ചു നേരത്തേക്കു നാണിക്കാതിരിക്കു. നിന്റെ മൂടുപടം ഞാൻ മാറ്റാം. അപ്പോൾ നിന്റെ ഭർത്താവു് നിന്നെ കണ്ടറിയും.)

images/Goethe.jpg
ഗോയ്ഥേ

ഗൗതമി മൂടുപടം മാറ്റി. ദുഷ്യന്തൻ ആ സൗന്ദര്യം കണ്ടു് വിസ്മയാധീനനായി. ഉള്ളിൽ മഞ്ഞുതുള്ളിയോടുകൂടിയ മുല്ലപ്പൂവിനെ അനുഭവിക്കുന്നതിനോ ഉപേക്ഷിക്കുന്നതിനോ ആവാത്ത വണ്ടിനെപ്പോലെ രാജാവു് മിണ്ടാതിരുന്നു. ഈ വിസ്മയമാണു് കലാസൃഷ്ടി നല്കേണ്ടതു്. അപ്പോൾ പഞ്ഞിക്കെട്ടിൽ തീപിടിച്ചപോലെ അനുവാചക ഹൃദയം പ്രഭാപൂർണ്ണമാകും.

ഗോയ്ഥേ യുടെ ‘ഫൗസ്റ്റി’ലെ ഒരു ഭാഗം. ഫൗസ്റ്റും മാർഗറിറ്റയും പൂന്തോട്ടത്തിൽവച്ചു് പരസ്പരം കാണുന്നു. സംസാരിക്കുന്നു.

ഫൗസ്റ്റ്:
ഓമനേ!
മാർഗറിറ്റ:
നില്ക്കൂ (അവൾ ഒരു ഡേസി പൂവെടുത്തു് ഇതളുകൾ ഓരോന്നായി അടർത്തിയെടുക്കുന്നു).
ഫൗസ്റ്റ്:
എന്തു്? ഡേസിപ്പുഷ്പമോ?
മാർഗറിറ്റ:
ഒരു വിനോദം മാത്രം.
ഫൗസ്റ്റ്:
ഏതു രീതിയിൽ?
മാർഗറിറ്റ:
അങ്ങു് എന്നെ ആക്ഷേപിക്കും. (അവൾ ഇതളുകൾ ഇളക്കിയെടുത്തു് എന്തോ പതുക്കെപ്പറയുന്നു)
ഫൗസ്റ്റ്:
നീ എന്താണു് മന്ത്രിക്കുന്നതു്?
മാർഗറിറ്റ:
അദ്ദേഹം എന്നെ സ്നേഹിക്കുന്നു—സ്നേഹിക്കുന്നില്ല.
ഫൗസ്റ്റ്:
സ്വർഗീയസൗന്ദര്യം.
മാർഗറിറ്റ:
അദ്ദേഹം എന്നെ സ്നേഹിക്കുന്നു… സ്നേഹിക്കുന്നില്ല… സ്നേഹിക്കുന്നു… സ്നേഹിക്കുന്നില്ല… അദ്ദേഹം എന്നെ സ്നേഹിക്കുന്നു!

അവസാനത്തെ ഇതൾ എടുക്കുമ്പോൾ ‘സ്നേഹിക്കുന്നു’ എന്നാണു് വരുന്നതെങ്കിൽ ഫൗസ്റ്റിനു തന്നെ സ്നേഹമുണ്ടു്. അങ്ങനെയല്ല വരുന്നതെങ്കിൽ സ്നേഹമില്ല. ഇതു പരിശോധിച്ചു് സ്നേഹമുണ്ടെന്നു് ഉറപ്പുവരുത്തുകയാണു് മാർഗറിറ്റ. കിഴക്കു ദിക്കിൽ പ്രഭാതവേളയിൽ പ്രകാശം പരക്കുന്ന പ്രതീതി എനിക്കു്. ഈ വിസ്മയവും പ്രകാശവും ഉളവാക്കാത്തതൊന്നും കലയല്ല. വിജയൻ കാരോട്ടിന്റെ ‘പെണ്ണുണ്ണി’ എന്ന ചെറുകഥ ഞാൻ വായിച്ചു. (കലാകൗമുദി) അമ്മയ്ക്കു രണ്ടാമതു ഗർഭമാകുമ്പോൾ മകൻ സംശയിക്കുന്നു വയറുകീറിയാണോ കുഞ്ഞിനെ എടുക്കുന്നതെന്നു്. സംശയംപോലെതന്നെ സംഭവിച്ചു. അമ്മയുടെ വയറുകീറി. കുഞ്ഞു ഗർഭാശയത്തിലിരുന്നു ചത്തുപോയി. മകന്റെ സംശയം കഥയുടെ ആരംഭത്തിൽ ആവിഷ്ക്കരിക്കുമ്പോൾത്തന്നെ അതിന്റെ പര്യവസാനം എന്താണെന്നു് വായനക്കാർക്കും ഊഹിക്കാൻ കഴിയുന്നു. അനുവാചകന്റെ ഭാവനയ്ക്കു് ഉത്തേജനം നല്കാത്ത ഇത്തരം ക്ഷുദ്രങ്ങളായ കഥകളല്ല വിജയൻ കാരോട്ടിൽനിന്നു് അയാൾ (അനുവാചകൻ) പ്രതീക്ഷിക്കുക. ഞാൻ പതിവുപോലെ നേരം വെളുത്തു് ഉറക്കമെഴുന്നേല്ക്കുന്നു. വരാന്തയിൽ ‘കേരളകൗമുദി’യും ‘ഇന്ത്യൻ എക്സ്പ്രസ്സും’ ‘ഈനാടും’ വന്നുവീഴുന്ന ശബ്ദം. വായിക്കുന്നു. കുളിക്കാൻ പോകുന്നു. കാപ്പി കുടിക്കുന്നു. ചാരുകസേരയിൽ കിടക്കുന്നു. ഈ ദിവസം മറ്റൊരു ദിവസത്തിൽ നിന്നു ഭിന്നമല്ല. ചെറുകഥകളും ഇങ്ങനെതന്നെ. ഇന്നലെ വായിച്ച കഥതന്നെ ഇന്നു മറ്റൊരു തരത്തിൽ വായിക്കുന്നു. നാളെയും ഇതുപോലെയുള്ള വേറൊരു കഥ വായിക്കും. എന്തൊരു വൈരസ്യം!

പാരായണത്തിന്റെ ഫലം വൈരസ്യം; എന്നാൽ നമ്മളൊന്നും ചെയ്യാതെയും വൈരസ്യമുണ്ടാകും. സ്വാഭാവികമായ പുരികങ്ങൾ വടിച്ചിറക്കി ഒരു വരപോലെ രോമം വച്ചുകൊണ്ടു നടക്കുന്ന ചെറുപ്പക്കാരികളെ കണ്ടാൽ, സൗന്ദര്യംകൊണ്ടു് എല്ലാവരുടെയും ബഹുമാനത്തിനു ഭാജനമായ തരുണി വിരൂപനായ ഭർത്താവിനോടൊരുമിച്ചു പോകുന്നതു കണ്ടാൽ, നടക്കാൻ വയ്യാത്ത വണ്ടിക്കാളയെ വണ്ടി ഓടിക്കുന്നവൻ അടിച്ചു നടുവു് പൊളിക്കുന്നതു കണ്ടാൽ, അന്യന്റെ പിള്ളേർ നമ്മുടെ വീട്ടിൽ കയറി ഷോകേസിലിരിക്കുന്നതൊക്കെ എടുക്കുന്നതു കണ്ടാൽ, പുരുഷന്റെ കൈയക്ഷരമുള്ള സ്ത്രീ എഴുതിയ എഴുത്തുകണ്ടാൽ വൈരസ്യം ജനിക്കും. ഇതിനെക്കാളൊക്കെ വൈരസ്യമുണ്ടായി എനിക്കു വി. എ. എ. അസീസ് കുങ്കുമം വാരികയിലെഴുതിയ ‘പെൻഫ്രെൻഡ്സ്’ എന്ന കഥ വായിച്ചപ്പോൾ. പ്രായംകൂടിയിട്ടും വിവാഹം നടക്കാത്ത സ്ത്രീ പെൻഫ്രെൻഡിനെ നേടുന്നു. തന്റെ ചെറുപ്പകാലത്തു് പ്രായം കൂടിയ പുരുഷൻ വിവാഹാലോചനയുമായി വന്നപ്പോൾ അയാളുടെ മകനുവേണ്ടിയാണോ തന്നെകാണാൻ വന്നതെന്നു് ചോദിച്ച തന്റേടക്കാരിയാണു് അവൾ. അങ്ങനെയിരിക്കെ പെൻഫ്രെൻഡ് അവളെ കൊണ്ടുപോകാൻ ഗൾഫ് രാജ്യത്തിൽനിന്നു വരുന്നു. അതിനുമുൻപു് പൊലീസ് ഉദ്യോഗസ്ഥൻവന്നു പറഞ്ഞു അയാൾ കൊലപാതകപ്പുള്ളിയാണെന്നു്; ജയിൽ ചാടി അവളെ കാണാൻ വരുന്നവനാണെന്നു്. പെൻഫ്രെൻഡ് വന്നു. മദ്ധ്യവയസ്കയായ അവളെ കണ്ടു് അയാൾ ചോദിച്ചു താൻ കൂട്ടിക്കൊണ്ടുപോകാനാഗ്രഹിക്കുന്ന പെണ്ണിന്റെ തള്ളയാണോ അവളെന്നു്. പണ്ടത്തെ ചോദ്യത്തിനു് പകരംകിട്ടി. പൊലീസ് പെൻഫ്രെഡിനെ അറസ്റ്റ് ചെയ്യുമ്പോൾ കഥ അവസാനിക്കുന്നു.

സംസ്കാരത്തെ വികസിപ്പിക്കുന്നവരും പിറകോട്ടു കൊണ്ടുപോകുന്നവരുമുണ്ടു്. അസീസ് പ്രാചീനയുഗത്തിലേക്കു് പരിഷ്കൃതരായ നമ്മളെ കൊണ്ടുപോകുകയാണു്. അദ്ദേഹത്തിനു യോജിച്ച പണിയല്ല കഥയെഴുത്തു്.

അക്കിത്തം
images/AkkithamAchuthanNamboothiri.jpg
അക്കിത്തം

അന്തരീക്ഷത്തിൽനിന്നു് എന്തുവീണാലും ആഹ്ളാദദായകമാണെനിക്കു്. ഈയിടെ തിരുവനന്തപുരത്തു് ആലിപ്പഴം വർഷിച്ചു. ഒരു വലിയ മഞ്ഞുകട്ടവീണു് എന്റെ വീടിന്റെ ടെറസ്സ് പൊട്ടിപ്പോയി. എങ്കിലും ചിതറിവീണ ആലിപ്പഴക്കഷണങ്ങളെ നോക്കി ഞാൻ സന്തോഷിച്ചു. ആകാശത്തുനിന്നു് മഴത്തുള്ളികൾ വീഴുമ്പോൾ, മഞ്ഞുവർഷിക്കുമ്പോൾ, മിന്നൽപ്പിണരുകൾ താഴത്തേക്കു വന്നു ഭൂമിയെ പുണരുമ്പോൾ, നക്ഷത്രം പൊലിഞ്ഞു പോരുമ്പോൾ എനിക്കു് ആഹ്ലാദം. മിന്നൽപ്പിണരെന്നപോലെ അക്കിത്ത ത്തിന്റെ കവിത ഔന്നത്യത്തിൽ നിന്നു് എന്റെ അടുത്തേക്കു പോരുമ്പോഴും അതേ അനുഭൂതി കേട്ടാലും:

സ്വപ്നത്തിലെ ഡ്ഡാൽത്തടാക

വിദ്യുന്മയ തടങ്ങളിൽ

പൂഞ്ഞാറ്റിലെത്തമ്പുരാന്റെ

ചന്ദനത്തേന്മണങ്ങളായ്

അഞ്ചനാട്ടിൽ ചിതറിയോ

രാനക്കൊമ്പിൻ യുഗങ്ങളിൽ!

ഈട്ടിയായ്, മരുതായ്, ത്തേക്കായ്

ക്കാട്ടിലുണ്ടായിരുന്നവർ

പോയതെങ്ങെന്നെന്റെ ജിജ്ഞാ

സയിലെച്ചുണ്ടനങ്ങവേ

തന്നോടല്ലെന്നു ഭാവിക്കും

കമ്പിക്കാലിന്റെ ഗൗരവം

കണ്ടറിഞ്ഞ സഖിക്കായി

ട്ടെന്റെ സാകൂത സുസ്മിതം.

(സഖിവാരിക)
പാണ്ഡിത്യം ബുദ്ധിയെ അന്വേഷിക്കുന്നു

സർദാർ കെ. എം. പണിക്കരു ടെ കാവ്യസമാഹാരഗ്രന്ഥത്തിനു് അവതാരിക എഴുതിയ ഡോക്ടർ എസ്. കെ. നായരെക്കുറിച്ചു് എൻ. ഗോപാലപിള്ള “അങ്ങയുടെ പുസ്തകത്തിനു് ആ എസ്. കെ. നായരുടെ അവതാരിക വേണമായിരുന്നോ? അയാളൊരു മണ്ടനല്ലേ?” എന്നു പണിക്കരോടു ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: “ഗോപാലപിള്ളേ എല്ലാ പണ്ഡിതന്മാരും മണ്ടന്മാരാണു്”. കെ. എം. പണിക്കർ ഗോപാലപിള്ളസ്സാറിനെ വേദനിപ്പിക്കാൻ പറഞ്ഞതാണോ ആ വിധത്തിൽ? ആണെങ്കിൽ അദ്ദേഹത്തിനു തെറ്റുപറ്റി. ഗോപാലപിള്ളസ്സാർ വലിയ ബുദ്ധിമാനായിരുന്നു, മഹാ പണ്ഡിതനുമായിരുന്നു. എന്നാൽ പല പണ്ഡിതന്മാരും മണ്ടന്മാരാണു്. കോമൺസെൻസാണോ ശ്രേഷ്ഠം? അതോ പാണ്ഡിത്യമോ? ആദ്യം പറഞ്ഞതു തന്നെ. കോമൺ സെൻസ് ബുദ്ധിയുടെ സന്തതിയാണു്. പാണ്ഡിത്യം ബുദ്ധിയെ തേടി നടക്കുന്നു. വലിയ പാണ്ഡിത്യമോ വലിയ ബുദ്ധിയോ ഇല്ലാത്ത എന്നെ ഡോക്ടർ എസ്. ജയശ്രീ നേരായ മാർഗ്ഗത്തിലേക്കു നയിക്കുന്നു. ശ്രീമതി എഴുതുന്നു: “അതിൽ (സാഹിത്യവാരഫലത്തിൽ) Euthanasiaയുടെ അർത്ഥം ചികിത്സിച്ചു മാറ്റാൻ വയ്യാത്ത രോഗത്താൽ കഷ്ടപ്പെടുന്നവരെ വേദനയനുഭവിക്കാതെ കൊല്ലുക എന്നു കൊടുത്തിരിക്കുന്നതു കണ്ടു… കൊല്ലുന്നയാൾ അനുഭവിക്കാതെ എന്നല്ലേ അതിനർത്ഥം വരൂ. അനുഭവിപ്പിക്കാതെ എന്നല്ലേ വേണ്ടിയിരുന്നതു്?” ഞാൻ തിടുക്കത്തിൽ എഴുതിയപ്പോൾ സംഭവിച്ച തെറ്റാകാമിതു്. അതോ അച്ചടിത്തെറ്റോ? എന്തായാലും തെറ്റു ചൂണ്ടിക്കാണിച്ച ഡോക്ടർ എസ്. ജയശ്രീക്കു കൃതജ്ഞത.

പ്രത്യയസ്ഥിരത

നിത്യജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്ന ആളുകൾ ഓരോ സമയം ഓരോ സ്വഭാവം പ്രദർശിപ്പിക്കും. വിശേഷിച്ചും സ്ത്രീകൾ, റോഡിലൂടെ ആരെയും നോക്കാതെ പോകുന്ന നമ്മളെ തടഞ്ഞുനിറുത്തി വാ തോരാതെ സംസാരിക്കുന്ന സ്ത്രീയെ നമ്മൾ അടുത്ത ദിവസം കണ്ടുവെന്നു കരുതു. തലേദിവസം ഇങ്ങോട്ടു വന്നു സംസാരിച്ചതല്ലേ. ഒന്നു മന്ദസ്മിതം പൊഴിക്കാതെയെങ്കിലും പോയാൽ മര്യാദകേടാവുമല്ലോ എന്നു വിചാരിച്ചു് അവളുടെ മുഖത്തു നമ്മൾ നോക്കുന്നു. ങേഹേ കണ്ട ഭാവമില്ല. ഗൗരവത്തിൽ ചക്രവാളത്തെ നോക്കിക്കൊണ്ടു നടന്നുകളയും. ‘ഇവളെ നോക്കാൻപോയ ഞാനെത്ര ഭോഷൻ’ എന്നു നമുക്കു തോന്നുകയും ചെയ്യും. ഈ സ്ത്രീയെ നോവലിലോ ചെറുകഥയിലോ കഥാപാത്രമാക്കിയാൽ പ്രത്യയ സ്ഥിരതയോടെ മാത്രമേ അവളെ ചിത്രീകരിക്കാൻ പറ്റൂ. ആരോടും മിണ്ടാത്തവളാണു് ആ പെണ്ണെങ്കിൽ കഥയുടെ അവസാനംവരെയും അവൾ മിണ്ടാട്ടമില്ലാത്തവളായിരിക്കണം. റോഡിൽ കാണുന്ന തവളയെപ്പോലും തട്ടിത്തടഞ്ഞു് അതിനോടു സംസാരിക്കുന്നതു് അവളുടെ സ്വഭാവമാണെങ്കിൽ കഥയുടെ പര്യവസാനംവരെ അവൾ വായാടിതന്നെയായിരിക്കണം. ആളുകൾ സാധാരണമായി എങ്ങനെ പെരുമാറുന്നു എന്നതിന്റെ ചിത്രീകരണമേ സാഹിത്യത്തിലാകാവൂ. വല്ലപ്പോഴുമുള്ള അനിയതസ്വഭാവം ചിത്രീകരിക്കാൻ പാടില്ല. അങ്ങനെ ചിത്രീകരിച്ചാൽ സാഹിത്യസൃഷ്ടി തകരും. പരീക്കുട്ടിയെ സ്നേഹിക്കുന്ന കറുത്തമ്മ ഇടയ്ക്കു പളനിയെയും സ്നേഹിക്കാൻ തുടങ്ങിയാൽ? ‘ചെമ്മീനെ’ന്ന നോവൽ പരാജയപ്പെടും.

images/AkbarKakkattil.jpg
അക്ബർ കക്കട്ടിൽ

പ്രത്യയസ്ഥിരതയുള്ള ഒരു കഥാപാത്രത്തെ വിദഗ്ദ്ധമായി അക്ബർ കക്കട്ടിൽ അവതരിപ്പിക്കുന്നു. (മലയാളനാട്ടിലെ “ഇന്നു നമുക്കു് റഷീദയെക്കുറിച്ചു ചിന്തിക്കാം” എന്ന കഥ) റഷീദ സ്കൂളിൽ പഠിക്കുമ്പോൾ ഏതെല്ലാം ചാപല്യങ്ങൾ കാണിച്ചുവോ അതെല്ലാം പ്രായമായിട്ടും കാണിക്കുന്നു. വിദ്യാർത്ഥിനിയായിരിക്കെ അവൾ ഗുരുനാഥനെ എങ്ങനെ സ്നേഹിച്ചുവോ അമ്മട്ടിൽത്തന്നെ വിവാഹിതയായിട്ടും സ്നേഹിക്കുന്നു. ഈ സ്ഥിരത അക്ബർ കക്കട്ടിലിന്റെ കഥയ്ക്കു ചാരുത നല്കുന്നു.

ജോയി തിരുമൂലപൂരം

പ്രചുരപ്രചാരമാർന്ന ഒരു വാരികയുടെ എഡിറ്റർ എഴുപതോടു് അടുത്ത ആളായിരുന്നു. പതിനേഴു വയസ്സുള്ള ഒരു പെൺകുട്ടി കഥകൾ പ്രസിദ്ധപ്പെടുത്തിക്കിട്ടാൻ വേണ്ടി അദ്ദേഹത്തിനു് കഥകളോടൊപ്പം പ്രേമലേഖനങ്ങൾക്കു സദൃശങ്ങളായ കത്തുകളും അയയ്ക്കുമായിരുന്നു. അവ വായിച്ചു വായിച്ചു് അദ്ദേഹം പ്രേമസാഗരത്തിൽ മുങ്ങി. ഒരു കത്തിൽ അവളെഴുതി അയാളെ വിവാഹം ചെയ്യാൻ ഒരുക്കമാണെന്നു്. മക്കളുടെ മക്കളുള്ള ആ കിഴവൻ അവളുടെ ഗ്രഹനില വരുത്തിവച്ചു. അപ്പോഴാണു് ഞാൻ ആ വാരികയാപ്പീസിൽ ചെന്നതു്. പലതും പറഞ്ഞ കൂട്ടത്തിൽ നൂതന പ്രേമബന്ധത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഗ്രഹനിലകൾ ചേരുമോ എന്നു് എന്റെ കൂട്ടുകാരനായ ഒരു അസ്ട്രോണമി പ്രൊഫസറെക്കൊണ്ടു് നോക്കിപ്പിക്കണമെന്നും കിഴവൻ അഭ്യർത്ഥിച്ചു. അസ്ട്രോളജിയല്ല അസ്ട്രോണമി എന്നു ഞാൻ പറഞ്ഞില്ല. ഗ്രഹനിലകൾ ഒരു ജ്യോത്സ്യനെക്കൊണ്ടു ഞാൻ പരിശോധിപ്പിച്ചു. ഒരുദിവസം ഞാൻ നടക്കാൻ പോയിട്ടു് തിരിച്ചു് വീട്ടിലെത്തിയപ്പോൾ പത്രാധിപർ ചാരുകസേരയിൽ കാലുംനീട്ടി കിടക്കുന്നു. പ്രൊഫസർ എന്തു പറഞ്ഞു എന്ന ചോദ്യം. ഞാൻ ഉടനെ മറുപടി നല്കി: “ചെറുക്കനും പെണ്ണിനുമുള്ള പ്രായത്തിന്റെ വ്യത്യാസം അമ്പതുവർഷത്തോളമായതുകൊണ്ടു് ഇയാൾ ഈ പെണ്ണിനെ വിവാഹം കഴിക്കുന്നതു് ഇയാളുടെ ആവശ്യത്തിനല്ല അടുത്തവീട്ടുകാരന്റെ ആവശ്യത്തിനാണെന്നു പ്രൊഫസർ അറിയിച്ചു”. എന്റെ ഈ മറുപടികേട്ടു് പത്രാധിപർ എഴുന്നേറ്റു് വടിയുമൂന്നി അങ്ങുപോയി. (അദ്ദേഹം മരിച്ചിട്ടു കാലം കുറെയായി) ഈ യഥാർത്ഥസംഭവം ഞാനോർമ്മിച്ചതു് ജോയിതിരുമൂലപുരം കഥാമാസികയിൽ എഴുതിയ “ആത്മാവിന്റെ കാലുകൾ” എന്ന ഹാസ്യാത്മകമായ കഥ വായിച്ചതുകൊണ്ടാണു്. അറുപതുവയസ്സായ വേലുപ്പിള്ള മുപ്പത്തിയെട്ടു വയസ്സുള്ള കൗസല്യയെ വിവാഹം കഴിച്ചു. കൗസല്യയ്ക്കു് പതിനേഴുവയസ്സുള്ള മകളുണ്ടു്; ആദ്യത്തെ ഭർത്താവിന്റെ സന്തതി. കൗസല്യ വ്യഭിചരിക്കുന്നു. വേലുപ്പിള്ള ‘കക്കൾഡ്’ (Cuckold) ആകുന്നു. സീമയും വ്യഭിചരിക്കുന്നു. ഈ വ്യഭിചാരത്തെ ഹാസ്യാത്മകമായി കഥാകാരൻ ആവിഷ്കരിക്കുന്നു. വിഭിന്ന മൂല്യങ്ങളെയും വിഭിന്ന മനോഭാവങ്ങളെയും താരതമ്യപ്പെടുത്തിയാണു് ജോയി ഹാസ്യം ഉല്പാദിപ്പിക്കുന്നതു്. പത്തുനേരമ്പോക്കുകൾ പറയുമ്പോൾ നൂറു ശത്രുക്കളുണ്ടാകുമെന്നു് ലോറൻസ് സ്റ്റേണി ന്റെ ‘ട്രിസ്ട്രം ഷൻഡി’യിൽ കാണുന്നു. സാഹിത്യത്തിലെ നേരമ്പോക്കു് എല്ലാവരെയും മിത്രങ്ങളാക്കുകയേയുള്ളു.

സുഖക്കേടു കൂടിയ കുട്ടിയെ പഴയ വിപ്ലവകാരിയായ ശ്രീധരൻ ആശുപത്രിയിലേക്കു കൊണ്ടുവരുന്നു. ജാഥ വഴിമുടക്കിയതുകൊണ്ടു് സമയത്തെത്താൻ കഴിയുന്നില്ല. കുട്ടി മരിക്കുന്നു. ഇതാണു് വെണ്ണല മോഹനൻ മനോരാജ്യത്തിലെഴുതിയ ‘ശവംതീനിപ്പക്ഷികൾ’ എന്ന കഥയുടെസാരം. കഥയെന്നതിനു പകരം ഉപന്യാസമെന്നു വിളിച്ചാൽ എനിക്കു പരാതിയില്ല. പേരിലെന്തിരിക്കുന്നു? റോസാപ്പൂവിന്റെ പേരു വേറെന്തായലും അതിനു് സൗരഭ്യവും അഴകും കാണുമെന്നു കവി പറഞ്ഞിട്ടില്ലേ? ഉപന്യാസത്തെ വേണമെങ്കിൽ കഥയെന്നു വിളിക്കാം. ശുഷ്കതയ്ക്ക് ഒരു കുറവും ഉണ്ടാകുകയില്ല.

ശിവപ്രസാദ് വേലുക്കുട്ടി വാസവദത്തയുടെ വേഷംകെട്ടി വന്നപ്പോൾ പുരുഷനല്ല സ്ത്രീതന്നെയാണെന്നു് ആലപ്പുഴെ ഉള്ള ചിലർ കരുതി. പരിശോധിക്കണമെന്നായി അവർ. പരിശോധിച്ചു. പരിശോധന വൾഗറായിരുന്നെങ്കിലും വേലുക്കുട്ടിയുടെ കഴിവിന്റെ അംഗീകാരവുമായിരുന്നു അതു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-09-09.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 7, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.