സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1984-09-30-ൽ പ്രസിദ്ധീകരിച്ചതു്)

images/MachadodeAssis.jpg
മാഷാദൂ സി ആസീസ്

തെക്കേ അമേരിക്കയിലെ റിപ്പബ്ലിക്കായ ബ്രസീലിലെ പട്ടണമാണു് റിയോഷാനാറോ (Rio de Janerio —റിയൂയ് ഷനീറു എന്നു് പോർച്ചുഗിസ് ഉച്ചാരണം). അവിടെ ജനിച്ച ഷൊആകിം മാറി ആ മാഷാദൂ സി ആസീസ് (Joaquim Maria Machado de Assis) അതിമഹത്വമാർന്ന നോവലിസ്റ്റാണു്. അദ്ദേഹത്തിന്റെ മൂന്നു് ഉത്കൃഷ്ടങ്ങളായ നോവലുകൾ Epitaph of A small Winner, Philosopher or Dog, Dom Casmurro ഇവയാണു്. ആദ്യം പറഞ്ഞ നോവലിലെ ഒരു ഭാഗത്തെക്കുറിച്ച് എഴുതാനാണു് എനിക്കു കൗതുകം. ബ്രസ് ക്യൂബസ് തന്റെ മരണത്തിനുശേഷം ആത്മകഥയെഴുതുന്ന രീതിയിലാണു് ഈ നോവൽ രചിച്ചിട്ടുള്ളതു്. അയാൾ പട്ടണത്തിലേക്കു പോകാൻ ഭാവിക്കുമ്പോൾ ഒരു കറുത്ത ശലഭം മുറിയിലെക്കു പറന്നുചെന്നു. രാത്രിപോലെ കറുത്ത ശലഭം. ക്യൂബസിന്റെ അച്ഛന്റെ പടം മുറിയിലിരിക്കുന്നുണ്ടു്. ശലഭം അതിൽ ചെന്നിരുന്നു് തന്നെ പരിഹസിക്കുകയാണെന്നു ക്യൂബസിനു തോന്നി. അയാൾ പോയിട്ടു് തിരിച്ചുവന്നു. അപ്പോഴും ശലഭം അവിടെയിരുന്നു. ക്യൂബസ് ഒരു തൂവാലയെടുത്തു് ഒരടികൊടുത്തു. അതു് അല്പനേരംകഴിഞ്ഞ് നിശ്ചലമായി. ഈ നാശത്തിനു് എന്തുകൊണ്ടു് നീല നിറം കിട്ടിയില്ല?” എന്നു ക്യൂബസ് തന്നോടുതന്നെ ചോദിച്ചു. ചിത്രശലഭങ്ങളെ കണ്ടെത്തിയതിനുശേഷം ഉണ്ടായ ഈ ഗഹനചിന്ത അയാളുടെ ഹീനകൃത്യത്തിനു സമാധാനം നല്കി. ക്യൂബസ് അതിന്റെ പേരിൽ ആശ്വസിക്കുകയും ചെയ്തു. ജീവിതത്തിൽനിന്നു വലുതായൊന്നും പ്രതീക്ഷിക്കാത്ത ആ ശലഭം നീലാന്തരീക്ഷത്തിന്റെ താഴെ ചിറകുവീശിപ്പറന്നു് തുറന്നു കിടന്ന ജന്നലിൽക്കൂടി ക്യൂബസിന്റെ മുറിക്കുള്ളിൽ എത്തി. ആദ്യമായി ക്യൂബസ് എന്ന മനുഷ്യനെ കാണുകയാവാമതു്. അതു സ്വയം പറഞ്ഞിരിക്കും: “ശലഭങ്ങളെ സൃഷ്ടിച്ചതു് ഇയാളായിരിക്കാം ഒരുപക്ഷേ”. ഈ ആശയം അതിനെ പേടിപ്പിച്ചിരിക്കാം. അതുകൊണ്ടു് സ്രഷ്ടാവിനെ പ്രീതിപ്പെടുത്താനായി അതു് അയാളുടെ നെറ്റിയിൽ ഉമ്മവച്ചു. അയാളതിനെ തട്ടിമാറ്റിയപ്പോൾ ജനലിൽ ചെന്നിരുന്നു. അപ്പോഴാണു് ക്യൂബസിന്റെ അച്ഛന്റെ പടം അതു് കണ്ടതു്. ശലഭങ്ങളെ സൃഷ്ടിച്ചവന്റെ അച്ഛന്റെ പടമാവാം അതെന്നുകരുതി ശലഭം അതിന്റെ അടുത്തേക്കുചെന്നു കാരുണ്യം യാചിച്ചുകൊണ്ടു്. തൂവാലകൊണ്ടുള്ള ഒരടി അതിന്റെ കഥ കഴിച്ചു. നീലാന്തരീക്ഷത്തിന്റെ വിപുലതയോ പൂക്കളുടെ ആഹ്ളാദമോ പച്ചയിലകളുടെ ഔജ്ജ്വല്യമോ തൂവാലയിൽ നിന്നു് അതിനെ രക്ഷിച്ചില്ല. അതു നീലനിറമായിരുന്നെങ്കിലോ? എന്നാലും അതിനു രക്ഷ കിട്ടുമായിരുന്നില്ല. നയനങ്ങൾക്കു് ആഹ്ളാദം പകരാനായി ക്യൂബസ് മൊട്ടുസൂചി കുത്തിയിറക്കി അതിനെ സൂക്ഷിച്ചുവയ്ക്കുമായിരുന്നു. നീലനിറമില്ല ആ ശലഭത്തിനു്. ഈ ചിന്ത വീണ്ടും അയാളെ സമാശ്വസിപ്പിച്ചു. തള്ളവിരലും ചൂണ്ടുവിരലും കൂട്ടിച്ചേർത്തു് ക്യൂബസ് ആ ശവത്തിനു് ഒരു തട്ടുകൊടുത്തു. ഉദ്യാനത്തിൽചെന്നുവീണ അതിനെ എറുമ്പുകൾ പൊതിഞ്ഞു. ശലഭം നീലനിറത്തോടുകൂടി ജനിച്ചിരുന്നെങ്കിൽ നന്നായിരുന്നേനേ എന്ന ആദ്യത്തെ ചിന്തയിൽത്തന്നെ ക്യൂബസ് ഉറച്ചുനിന്നു.

images/EpitaphofASmallWinner.jpg

ജീവിതത്തിന്റെ ക്ഷണികതയെ, ക്ഷുദ്രതയെ മാഷാദു എത്ര ചേതോഹരമായി അഭിവ്യജ്ഞിപ്പിക്കുന്നുവെന്നു പ്രിയപ്പെട്ട വായനക്കാർ നോക്കിയാലും. അവിവാഹിതനായിത്തന്നെ മരിക്കുകയാണു് ക്യുബസ്. “എനിക്കു സന്തതികളില്ല. നമ്മുടെ അതിദുഃഖത്തിന്റെ ‘മൃതദാനം’ ഞാനാർക്കും പകർന്നുകൊടുത്തിട്ടില്ല.”—I had no progeny, I transmitted to no one the legacy of our misery—എന്നാണു് ക്യൂബസിന്റെ ‘ആത്മകഥയിലെ’ ഒടുവിലത്തെ വാക്യം. എന്തൊരു വിഷാദാത്മകത്വം! ഇതൊക്കെ വായിക്കുമ്പോൾ നമ്മുടെ ക്ഷുദ്രത്വം അകലുന്നു. തമസ്സിന്റെ ചക്രവാളം വികസിക്കുന്നു.

ഡോക്ടർ എം. എം. ബഷീർ മാതൃഭൂമിയിലെഴുതിയ “മലയാളത്തിലെ ആദ്യകാല കഥാകാരികൾ” എന്ന പ്രയോജനമുള്ള പ്രബന്ധത്തിൽ ‘സാമൂഹികജീവിതത്തിലെ’ എന്നൊരു പ്രയോഗം കാണുന്നു. “സമവായാൻ സമവൈതി” എന്നു സൂത്രം. അതനുസരിച്ച് സാമവായിക! സാമൂഹിക! എന്ന രൂപങ്ങളേ ഉണ്ടാകൂ. (അക്കാരണത്താൽ ‘സാമൂഹ്യ’ എന്ന പ്രയോഗം ശരിയല്ല.)

സത്യം—ഫാറൻസി

ഡോക്ടർ ഒഫ് ഫിലോസഫിയായ ബഷീറിനെക്കുറിച്ചാണു് മുകളിൽ പറഞ്ഞതു്. ഇനിയഴുതുന്നതു് ചികിത്സിക്കുന്ന ഡോക്ടർമാരെക്കുറിച്ചാണു്. അവരെക്കുറിച്ചും അവരോടു ബന്ധപ്പെട്ട മറ്റുള്ളവരെക്കുറിച്ചും പല നേരമ്പോക്കുകളുമുണ്ടു്. അമേരിക്കൻ പ്രസിഡന്റിനെ കളിയാക്കിയ ഒരു സരസന്റെ വാക്യങ്ങൾ ഓർമ്മയിലെത്തുന്നു. “ഡോക്ടർമാരെക്കുറിച്ചു പറയേണ്ടതായി വരുമ്പോൾ നമ്മൾ ആ വിശേഷണം (ഡോക്ടർ എന്നതു്) പേരിനു മുൻപു ചേർക്കുന്നു. പക്ഷേ, മറ്റൊരു തൊഴിലിനും ആ മാന്യത നല്കുന്നുമില്ല. ലോയർ സ്മിത്തെന്നോ ബാങ്കർ ജോൺസെന്നോ പറയാറുണ്ടോ? ഇല്ല. ഡോക്ടർ എന്ന പദം പ്രയോഗിക്കുമ്പോൾ അച്ഛനിൽ നിന്നു കിട്ടാവുന്ന വാൽസല്യവും വിദഗ്ധനിൽനിന്നു ലഭിക്കാവുന്ന സുരക്ഷിതത്വവും നമ്മൾ അനുഭവിക്കുന്നുണ്ടാവും. നമ്മൾ ബഹുമാനിക്കുന്നവരെ അവരുടെ തൊഴിലുകൾക്കു ചേർന്ന പദങ്ങൾ കലർത്തി സംബോധനചെയ്യേണ്ടതാണു്. ഇക്കാര്യം ഞാൻ റെയ്ഗനോടു് ഒരിക്കൽ പറയുകയുണ്ടായി”. ഇനി വേറൊരു നേരമ്പോക്കു്: യമൻ ഒരിക്കൽ ഒരു ദൂതനെ വിളിച്ചു പറഞ്ഞു: “എടാ ഭൂമിയിൽ പോയി ഏറ്റവും നല്ല ഡോക്ടർ ആരാണെന്നു് കണ്ടുപിടിച്ചിട്ടുവാ. ഏതു ഡോക്ടറുടെ വീട്ടിന്റെ മുമ്പിൽ പ്രതികാരം ചെയ്യാനുള്ള അഭിലാഷത്തോടുകൂടിയ പ്രേതങ്ങളില്ലയോ ആ ഡോക്ടറാണു് ഏറ്റവും നല്ലവൻ”. ദൂതൻ ഭൂമിയിലിറങ്ങി എല്ലാ ഡോക്ടർമാരുടെയും വീടുകളുടെ മുൻപിൽ നോക്കി. ഓരോ വീട്ടിന്റെ മുൻപിലും അസംഖ്യം പ്രേതങ്ങൾ. ഒടുവിൽ ഒരു ഡോക്ടറുടെ വീട്ടിനു മുൻപിൽ ഒരു പ്രേതം മാത്രം നിൽക്കുന്നതു കണ്ടു. അയാൾ സ്വയം പറഞ്ഞു:“ഇയാൾ തന്നെയാണു് ഏറ്റവും നല്ല ഡോക്ടർ”. പക്ഷേ, അന്വേഷണം നടത്തിയപ്പോൾ ദൂതനു മനസ്സിലായി ആ ഡോക്ടർ തലേദിവസം മുതൽക്കേ പ്രാക്ടീസ് തുടങ്ങിയുള്ളുവെന്നു്.

images/TVKochubava.jpg
ടി. വി. കൊച്ചു ബാവ

ഇവരിൽനിന്നൊക്കെ വിഭിന്നനാണു ഡോക്ടർ ഗോമസ്. (ടി. വി. കൊച്ചു ബാവ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ഇപ്പോൾ ഇതളായിരിക്കുന്നു’ എന്ന ചെറുകഥയിലെ പ്രധാന കഥാപാത്രം.) അയാൾ ആർക്കു ശസ്ത്രക്രിയ നടത്തുന്നുവോ അയാൾ മരിച്ചിരിക്കും. മരിച്ചില്ലെങ്കിൽ ആകാശവാണിയുടെ ഭാഷയിൽ കൊല്ലപ്പെടും. ഈ നിഗ്രഹാഭിലാഷം ഒഴിയാബാധയായിത്തീർന്ന ഒരു ഡോക്ടറെ—ഗോമസിനെ— പരിഹാസച്ഛായയിൽ ചിത്രീകരിക്കുകയാണു് കഥാകാരൻ, ഡോക്ടറുടെ സ്വഭാവത്തിനുള്ള ക്രൂരത കൂടുതൽ വെളിപ്പെടുത്താൻ അയാളുടെ വ്യഭിചാരിണിയായ ഭാര്യയേയും കൊച്ചു ബാബ അവതരിപ്പിക്കുന്നു.

ഒരു വാക്യത്തെ പലതരത്തിൽ വീക്ഷിക്കാം. വ്യാകരണപരമായി ഉച്ചാരണ സംബന്ധിയായി, ശബ്ദശാസ്ത്രപരമായി… അങ്ങനെ പല തലങ്ങൾ. എന്നാൽ വാക്യങ്ങൾ എല്ലാം കൂടിച്ചേർന്നു് ഒരു വിഷയത്തിലേക്കു നമ്മെ നയിക്കുമ്പോൾ അതു സാഹിത്യമായി. ആ ‘വിഷൻ’ കാഴ്ച—കൊച്ചുബാബയുടെ കഥയ്ക്കു് ഇല്ലാതില്ല. കഥയിൽ വർത്തമാനകാലം പ്രയോഗിച്ചിരിക്കുന്നതു് ഫാറൻസിയുടെ ഛായയുള്ള കഥയ്ക്കു് സത്യാത്മകത നല്കാനാണു്. അതും ആദരണീയം തന്നെ.

ഞാനല്ലാതെ ആരുമില്ല

ജീവിതത്തിലെ സുപ്രധാനമായ ഓരോ സംഭവവും എന്റെ മനസ്സിൽ ഉടക്കിക്കിടക്കുന്നുണ്ടു്. ഒരു സായാഹ്നത്തിൽ ഞാൻ ജി. ശങ്കരക്കുറുപ്പി ന്റെ എറണാകുളത്തുള്ള വസതിയിൽ ചെന്നു. മഹാകവി പൂമുഖത്തു് കസേരയിൽ അനങ്ങാതെ ഇരിക്കുന്നു. അന്തരീക്ഷത്തിൽ ഒരു ബിന്ദുവിൽ കണ്ണുതറപ്പിച്ച് ഇരിക്കുകയാണു് അദ്ദേഹം. മൂന്നു മിനിറ്റ് നേരം ഞാൻ അദ്ദേഹത്തിന്റെ അടുക്കൽ നിന്നു. എന്നിട്ടും എന്റെ സാന്നിദ്ധ്യം അദ്ദേഹം അറിഞ്ഞില്ല. രോഗിയായി വളരെക്കാലം ആശുപത്രിയിൽ കിടന്നതിനുശേഷം മഹാകവി വീട്ടിലേക്കു വന്നിട്ടു് അധികം നാളായിട്ടില്ല. തന്നെ ഗ്രസിക്കാൻ പോകുന്ന മരണത്തെക്കുറിച്ചു ചിന്തിക്കുകയായിരുന്നു അദ്ദേഹം. ആ മുഖത്തെ വിഷാദത്തിന്റെ ദീപ്തി അത്രയ്ക്കുണ്ടായിരുന്നു. ഞാൻ വിളിച്ചു “മാഷേ” അദ്ദേഹം അപ്പോൾ മാത്രമേ എന്നെ കാണുന്നുള്ളൂ. “എന്താ ആലോചിക്കുന്നതു്” എന്നു് ഞാൻ. “ഒന്നുമില്ല” എന്നു പരിഭ്രമിച്ചുള്ള അദ്ദേഹത്തിന്റെ മറുപടി. എന്നിട്ടു പറഞ്ഞു. “ഇരിക്കൂ, ഇവിടെ ഇപ്പോൾ ഞാനല്ലാതെ ആരുമില്ല. എല്ലാവരും കടയിലെവിടെയോ തുണിയോ മറ്റോ വാങ്ങാൻ പോയിരിക്കുകയാണു്.” കവി ഇരുട്ടിനെ പേടിക്കുന്നതുപോലെ എനിക്കു തോന്നി. ഞാൻ വിളക്കിന്റെ സ്വിച്ച് ഇട്ടു. പ്രകാശം പരന്നിട്ടും അദ്ദേഹത്തിന്റെ പേടി പോയതായി എനിക്കു തോന്നിയില്ല. മരണത്തെ പേടിച്ച കവി ജീവിതത്തെയും പേടിച്ചോ? എന്തോ അറിഞ്ഞുകൂടാ. കവേ അങ്ങു പേരക്കുട്ടികളുമായി ചാരുകസേരയിലിരുന്നു പത്രം വായിക്കുന്ന പടം മാതൃഭൂമി ആച്ചപ്പതിപ്പിൽ ഇന്നു ഞാൻ കാണുമ്പോൾ അന്നു് അങ്ങ് ‘ഭദ്രാലയ’ത്തിന്റെ പൂമുഖത്തു് സംഭ്രമിച്ച് ഇരുന്ന കാഴ്ച എന്റെ അന്തർനേത്രംകൊണ്ടു് ഞാൻ കാണുന്നു. എന്റെ ഈ വാക്കുകൾ കേൾക്കാൻ അങ്ങ് ഇല്ലല്ലോ. ഞാൻ ദുഃഖിക്കുന്നു. ജീവിതത്തെ സഫലമാക്കാൻ കഴിയാത്തവരെ മാത്രമേ മരണത്തിനു പരാജയപ്പെടുത്താൻ കഴിയു. അങ്ങയെ തോൽപ്പിക്കാൻ മരണത്തിനു കഴിഞ്ഞില്ല, ആ വിധത്തിൽ ഞങ്ങൾ ആശ്വസിക്കട്ടെ.

ശരാക്ഷേപം രണ്ടുവിധത്തിൽ

സവിശേഷമായ രാഷ്ട്രീയ ചിന്തനത്തിൽ എല്ലാ വിശ്വാസങ്ങളും അർപ്പിച്ച് രാജ്യംഭരിക്കുന്നവൻ ഓരോ വ്യക്തിയിൽ നിന്നും അതിനോടു “യജമാനഭക്തി” ആവശ്യപ്പെടുന്നുവെന്നും അതു നല്കാത്തവരെ അവർ ഹിംസിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നവർ തങ്ങളുടെ രാജ്യത്തു് എന്താണു് നടക്കുന്നതെന്നു് ആലോചിച്ചിട്ടുണ്ടോ? ഇറാനിലും പാകിസ്ഥാനിലും കാണുന്ന സ്വാതന്ത്ര്യധ്വംസനം കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഇല്ല തന്നെ. പ്രജാധിപത്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന രാജ്യങ്ങളിൽ അടിക്കടി പ്രജാധിപത്യലംഘനം ഉണ്ടാകുന്നു. അവിടത്തെ ഗവൺമെന്റുകൾ സമഗ്രാധിപത്യത്തിലേക്കു നീങ്ങുന്നു. ഇതു് മേലേക്കിടയിലുള്ള ഹീനകൃത്യം. അതുതന്നെ താഴ്‌ന്ന തലത്തിലും ദൃശ്യമാണു്. തൊഴിലാളികളുടെ ശക്തിയാണു് ട്രേഡ് യൂണിയനുകൾ വ്യക്തമാക്കുന്നതു്. അവരുടെ ശക്തിവിശേഷം ഒരു വ്യക്തിയിൽ അതിന്റെ സാകല്യാവസ്ഥയിൽ വന്നുവീഴുമ്പോൾ ആ വ്യക്തി നേതാവാകുന്നു. പക്ഷേ നേതാവും മനുഷ്യനാണു്. മനുഷ്യസ്വഭാവം അത്യാർത്തി കലർന്നതായതുകൊണ്ടു് നേതാവു് ക്രമേണ സമ്പന്നനാകുന്നു. അദ്ദേഹത്തിനു് കാറ്, രണ്ടുനിലക്കെട്ടിടം, ടെലഫോൺ, കളർ ടെലിവിഷൻ ഇവയൊക്കെ ഉണ്ടാകുന്നു. അപ്പോഴും തൊഴിലാളി കഞ്ഞിവെള്ളം മാത്രം കുടിച്ചുകൊണ്ടു വെയിലത്തു തളർന്നു ജോലി ചെയ്യുകയായിരിക്കും. ട്രേഡ് യൂണിയൻ നിലനില്ക്കണ്ടേ? അതു താങ്ങിനിറുത്തുന്ന സർക്കാർ പുലരേണ്ടതില്ലേ? അതു വേണമെങ്കിൽ തൊഴിലാളി പട്ടിണികിടന്നു ജോലിചെയ്തുകൊള്ളണം. കക്ഷിയുടെ രാഷ്ട്രീയതത്ത്വങ്ങളിൽ നിന്നു് അണുപോലും ചലിക്കാതെ പ്രവർത്തിച്ചുകൊള്ളണം എന്നു നേതാവു് പ്രഖ്യാപിക്കുന്നു. പ്രഖ്യാപിക്കുന്ന നേതാവു് ഇംപാലയിൽ കയറിയായിരിക്കും സമ്മേളനസ്ഥലത്തു് എത്തുക. നേതാക്കന്മാരുടെ ഈ കൊള്ളരുതായ്മ കൂടുമ്പോൾ തൊഴിലാളികൾ ഉള്ളാലെ ഇമേജെനു്സിക്ക്—അടിയന്തരാവസ്ഥയ്ക്കു് സ്വാഗതം ആശംസിച്ചു തുടങ്ങും. നേതാക്കന്മാരുടെ ഭാരം ഒന്നിനൊന്നുകൂടുന്നുവെന്നാണു് ബാലകൃഷ്ണൻ മാങ്ങാടു് പറയുന്നതു്. (‘ഭാരംകൂടുന്ന പല്ലക്കു്’ എന്ന ചെറുകഥ—കേരളകൗമുദി വിശേഷാൽപ്രതി.) നല്ല ആശയം: സത്യാത്മകമായ ആശയം. പക്ഷേ നല്ല കഥയല്ല. അനുവാചകൻ ആഴത്തിലനുഭവിക്കുന്ന മട്ടിൽ വികാരത്തെ ഇന്നുവരെ ബാലകൃഷ്ണൻ ചിത്രീകരിച്ചിട്ടില്ല. നാടകീയമായ പിരിമുറുക്കമോ ആകർഷകമായ ആഖ്യാനമോ അദ്ദേഹത്തിന്റെ കഥകളിൽനിന്നു് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. പലകയിൽ വൃത്തങ്ങൾ വരച്ചിട്ടു് അമ്പെയ്യാം. ഓരോ അമ്പും വൃത്തത്തിന്റെ ഒത്ത നടുക്കു കൊള്ളുമ്പോൾ പ്രേക്ഷകർ കൈയടിക്കും. ബഷീറും കാരൂരും അങ്ങനെ അമ്പു് എയ്തവരാണു്. ആരും കാണാതെ പലകയിൽ പല സ്ഥലത്തും അമ്പുകൾ കുത്തിനിർത്തിയിട്ടു് ഓരോന്നിന്റെയും ചുറ്റും വൃത്തം ചോക്കുകൊണ്ടു് വരച്ചു വയ്ക്കാം. ബാലകൃഷ്ണൻ മങ്ങാടിന്റെ വിദ്യ അതാണു്. അദ്ദേഹത്തിന്റെ വിരലുകൾ നോക്കുക. ചോക്കിന്റെ പൊടിപറ്റി അവ വെളുത്തിരിക്കുന്നു. അല്ലേ?

‘ശൂന്യമായ ഒരു കാറ്റു് വീട്ടുപടിക്കൽ വന്നുനിന്നു. അതിൽനിന്നു മുട്ടത്തുവർക്കി ഇറങ്ങിവന്നു.” എന്നു് ഒരിക്കൽ ആരോ പറഞ്ഞു എന്നോടു്. എവിടെയോ ഞാനതുപോലെയൊരു പ്രസ്താവം വായിച്ചിട്ടുണ്ടു്. അതുകൊണ്ടു് അതു പറഞ്ഞ ആളിനോടു് എനിക്കു ബഹുമാനം തോന്നിയില്ല: വല്ല പടിഞ്ഞാറൻ നേരംമ്പോക്കിനും രൂപാന്തരം വരുത്തിയതാവും അതു്. അതെന്തുമാകട്ടെ. ശൂന്യതയിൽ നിന്നാണു് പൈങ്കിളിക്കഥകളുടെ ആവിർഭാവം. മംഗളാ ബാലകൃഷ്ണൻ കലാകൗമുദി വിമെൻസ് മാഗസിനിൽ എഴുതിയ “ഓർമ്മയിൽ ഒരു മുത്തു്” ശൂന്യതയായി പ്രത്യക്ഷപ്പെടുന്നു. വായനക്കാരന്റെ മനസ്സു് ശൂന്യമാകുന്നു.

ചോർച്ച കൂടിയ വീട്ടിലാണു് മഴയുടെ കാഠിന്യം അധികമായി അനുഭവപ്പെടുന്നതു്. ഇതുപോലെ വേറെ വല്ലതും പറയാനുണ്ടോ?—മലയാള സാഹിത്യത്തിലാണു് പൈങ്കിളികൾ കൂടുതലായി വന്നു് ആളുകളെ ഉപദ്രവിക്കുന്നതു്.

പാമ്പു്, വേശ്യയുടെ നാക്കു് ഇവയെക്കാൾ കൂടുതലായി പേടിക്കാൻ വല്ലതുമുണ്ടോ?—ഉണ്ടു് പൈങ്കിളിക്കഥ. നിങ്ങൾക്കു സമുദ്രത്തിൽ മുങ്ങി മരിക്കണോ? അതോ പൈങ്കിളിക്കഥ വായിക്കണോ?—സമുദ്രത്തിൽ മുങ്ങിമരിച്ചാൽ മതി. അധമസാഹിത്യത്തിന്റെ താഴെ നിൽക്കുന്ന അധമസാഹിത്യമുണ്ടോ? ഉണ്ടു്. പൈങ്കിളിക്കഥ. ഇനി എന്റെ ചോദ്യം: എനിക്കു നരകത്തിൽ പോകേണ്ടിവരില്ല. എന്തുകൊണ്ടു്? ഉത്തരവും ഞാൻ നല്കാം. ഞാൻ പൈങ്കിളിക്കഥകൾ വായിക്കുന്നവനാണു്.

ഇരുട്ടിലൊരു കൈ

ബ്രിട്ടനിലെ പ്രശസ്തയായ “സെക്സ് ബോംബാ”ണു് ഡയന ഡോർസ്. അവരുടെ A–Z of Men എന്ന ആത്മകഥാരൂപത്തിലുള്ള കുറിപ്പുകൾ രസകരങ്ങളാണു്. ആ പുസ്തകത്തിൽ വിശ്വവിഖ്യാതനായ അഭിനേതാവു് ഫ്രഡറിക് മാർച്ചി നെക്കുറിച്ചു പറഞ്ഞിട്ടുണ്ടു്. ഡയനയ്ക്കു പതിനാറുവയസ്സായിരുന്നകാലം ലണ്ടനിൽ, അവർ ഒരു ഫിലിമിൽ അഭിനയിക്കുകയാണു്. ‘ക്രിസ്റ്റൊഫർ കൊളമ്പസ്’ എന്ന സിനിമയിൽ അഭിനയിക്കാൻ മാർച്ച് അവിടെ എത്തി. അദ്ദേഹത്തിന്റെ സ്ത്രീജിതത്വം അറിയാമായിരുന്ന ഭാര്യ കൂടി ചെന്നിട്ടുണ്ടു്. അവർ മാർച്ചിന്റെ ഓരോ ചലനവും സൂക്ഷിച്ചുകൊണ്ടു നടക്കുകയാണു്. ഡയനയെ അദ്ദേഹം കാമാസക്തങ്ങളായ കണ്ണുകൾകൊണ്ടു നോക്കിയിരുന്നു. ഒരു ദിവസം മാർച്ചിന്റെ ഡ്രസ്സിങ്ങ് റൂമിന്റെ മുൻപിൽക്കൂടി പോയ ഡയനയെ അദ്ദേഹം വലിച്ചകത്താക്കി. അവർ പിടഞ്ഞുമാറി രക്ഷപ്പെട്ടു. അതിനുശേഷം മാർച്ചിനു് അവരെക്കാണുമ്പോഴൊക്കെ ദേഷ്യം. ഡയന മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നും കാലത്തു് മാർച്ചിന്റെ തലയിൽ വിഗ് വയ്ക്കാൻ എത്തിയിരുന്ന തരുണിയുടെ പാവാടയുടെ അടിയിൽ കൂടി കൈയ്യിട്ടു് അദ്ദേഹം അതു് ഉയർത്തിക്കൊണ്ടുപോകും. ഈ പ്രവൃത്തി അസഹനീയമായപ്പോൾ അവൾ ഒരുദിവസം പറഞ്ഞു: മിസ്റ്റർ മാർച്ച്, നിങ്ങൾ ഇതു നിറുത്തുന്നില്ലെങ്കിൽ ഞാൻ അവിടെയൊരു എലിക്കെണിവയ്ക്കാൻ പോകുകയാണു്.” (M for Fredic March, p. 123, Futura Publications).

സാഹിത്യം പലർക്കും “ഫീമെയിൽ ഹെയർഡ്രസ്സറാ”ണു് (Female Hair dresser) അല്ലെങ്കിൽ ഡയന ഡൊർസാണു്. അടുത്തുവന്നാൽ അവളുടെ പാവാടയുടെ അടിയിലെ അന്ധകാരത്തിൽ ജിജ്ഞാസയാർന്ന ഹസ്തം അന്വേഷണം നടത്തിയതുതന്നെ. അല്ലെങ്കിൽ ഇടനാഴിയിൽകൂടി പോകുന്നവളെ അകത്തേയ്ക്കു വെട്ടിവലിച്ചതു തന്നെ.

കുങ്കുമം വാരികയിൽ രാജൻ ചിന്നങ്ങത്തു് എഴുതിയ ‘യാഥാർത്ഥ്യത്തിന്റെ മുഖം’ എന്ന പൈങ്കിളിക്കഥ വായിക്കൂ. എന്തൊരു ബലാൽക്കാരം! സ്നേഹിച്ചിരുന്ന കാമുകൻ പോയപ്പോൾ കാമുകിക്കു ദുഃഖം. അച്ഛന്റെ നിർബ്ബന്ധത്തിനുവേണ്ടി അവൾ വേറൊരുത്തനെ വിവാഹം കഴിക്കാൻ സന്നദ്ധയാകുന്നു. കോടിക്കണക്കിനാളുകൾ ചവച്ചുതുപ്പിയ ഈ കരിമ്പിൻ ചണ്ടിയെടുത്തു് നമ്മുടെ ഈസ്റ്റെറ്റിക് ഡിജസ്ച്ചനു് (aesthetic digestion—കലയെസ്സംബന്ധിച്ച ദഹനത്തിനു്) വച്ചുതരാമെന്നു് കഥാകാരനു തോന്നിയല്ലോ. അതും കുങ്കുമത്തിന്റെ പ്ലേറ്റിൽ! ഡയന ഡോർസെ ഓടൂ. ഫീമെയ്ൽ ഹെയർ ഡ്രസ്സറേ എലിക്കെണി എടുക്കൂ.

ഡയന ഡോർസ് കഷണ്ടിക്കാരെക്കുറിച്ചു പറഞ്ഞതുകൂടി ഉദ്ധരിക്കാതിരിക്കാൻ മനസ്സു വരുന്നില്ല.

“കഷണ്ടി പൗരുഷത്തിന്റെ അടയാളമാണെന്നു പറയപ്പെടുന്നു. ഞാനൊരിക്കലും കഷണ്ടിക്കാരെന്റെകൂടെ കിടന്നിട്ടില്ലാത്തതുകൊണ്ടു് ഇതിനു സ്ഥീകരണം നല്കാൻ വയ്യ. എങ്കിലും പുരുഷന്റെ കഷണ്ടിത്തലയ്ക്കു ലൈംഗികാസക്തി വർദ്ധിപ്പിക്കുന്ന എന്തോ ധർമ്മമുണ്ട്…” അഭിനേതാവു് ഗോപി ഡയനയുടെ പുസ്തകം വായിക്കുമല്ലോ. വായിച്ചു കഴിഞ്ഞിട്ടും വിശ്വാസം വരുന്നില്ലെങ്കിൽ ടോൾസ്റ്റോയി യുടെ ‘അന്നാ കരേനിന’ എന്ന നോവൽ വായിക്കണം. അതിസുന്ദരിയായ അന്ന കഷണ്ടിയുള്ള വ്രോൺസ്കിയെ കണ്ടാണു് പ്രേമത്തിൽ വീണതു്.

പുതിയ പാറ്റേൺ

പരിണാമത്തിന്റെ ശക്തിവിശേഷമാണു് സ്ത്രീയെയും പുരുഷനെയും സൗന്ദര്യമുള്ളവരാക്കിയതു്. ഈ സ്ത്രീയെയും പുരുഷനെയും അതേ മട്ടിൽ ചിത്രീകരിച്ചാൽ കലയുണ്ടാവുകയില്ല. കാക്കയുടെ ശബ്ദം അതേ രീതിയിൽ അനുകരിക്കുന്ന ആളിന്റെ പ്രവർത്തനംപോലെയാണതു്. പകർപ്പുകൊണ്ടെന്തു പ്രയോജനം? അതിനാൽ സുന്ദരിയായ സ്ത്രീയുടെ രൂപം കാൻവാസ്സിലേക്കു പകർത്തുന്ന ചിത്രകാരൻ തന്റേതായ പരിണാമശക്തിവിശേഷത്തെ അതിൽ ഉണ്ടാക്കണം. എത്രയോ കലാകാരന്മാർ സ്ത്രീയെ ചിത്രീകരിച്ചിട്ടുണ്ടു്. ഓരോ ചിത്രവും വിഭിന്നമാണു്. ഓരോന്നും കലാസൃഷ്ടിയുമാണു്. ലിയോനാർഡോ ഡാവിഞ്ചി യുടെ ‘മോന ലീസ’ നോക്കൂ. സ്ത്രീയെ കാണുന്നു നിങ്ങൾ. രവിവർമ്മ യുടെ ‘ശങ്കുന്തള’യെ നോക്കു. ആ ചിത്രത്തിലും സ്ത്രീ തന്നെ. പക്ഷേ രണ്ടും രണ്ടുവിധത്തിൽ കലാസൃഷ്ടികളാണു്. ഡാവിഞ്ചിയും രവിവർമ്മയും തങ്ങളുടെ ചിത്രങ്ങളിൽ നിവേശിപ്പിക്കുന്ന ശക്തിവിശേഷമാണു് ഈ വിഭിന്നത ഉളവാക്കുന്നതു്. നമ്മുടെ കഥയെഴുത്തുകാർക്കും ഹാസ്യസാഹിത്യകാരന്മാർക്കും പ്രതിപാദ്യവിഷയങ്ങളിൽ ശക്തി നിവേശിപ്പിച്ച് പുതിയ പാറ്റേൺ നിർമ്മിക്കാൻ അറിഞ്ഞുകൂടാ. അതുകൊണ്ടു് എല്ലാക്കഥകളും എല്ലാ ഹാസ്യരചനകളും ഒരുപോലെയിരിക്കുന്നു.

വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിന്റെ അമ്മയെ സന്തോഷിപ്പിക്കാനായി കോടിവസ്ത്രങ്ങളും കൊണ്ടുവരുന്ന ഒരുത്തന്റെ പാക്കറ്റ് മാറിപ്പോകുന്നു. മാറിയകെട്ടിൽ ചെറുപ്പക്കാരികൾക്കുള്ള മാർച്ചട്ടകളാണുള്ളതു്. കിഴവിയായ അമ്മായി അതു തുറന്നുനോക്കി ഭാവി മരുമകനെ ആഭാസൻ എന്നു വിളിക്കുന്നു. (ജെ. ഫിലിപ്പോസ് തിരുവല്ല മനോരാജ്യം വാരികയിലെഴുതിയ “ഓണക്കോടിയുമായി ഓക്കന്നൂരിലേക്കു്” എന്ന ഹാസ്യകഥ). ഇതെഴുതിയ ആളിനു് നർമ്മബോധമുണ്ടു്. ഹാസ്യരചനയ്ക്കു പ്രാഗത്ഭ്യമുണ്ടു്. പക്ഷേ മുൻപു എഴുതിയതുപോലെ എത്രയോ ആളുകൾ കൈകാര്യം ചെയ്തതാണു് ഈ വിഷയമെന്നു് അദ്ദേഹമറിയുന്നില്ല. പ്രതിപാദ്യവിഷയങ്ങൾ വളരെയില്ല: കഥാസന്ദർഭങ്ങൾ വളരെയില്ല. എങ്കിലും ഉള്ളവയിൽ നൂതനശക്തിവിശേഷം നിവേശിപ്പിച്ച് നൂതനങ്ങളായ പാറ്റേണുകൾ നിർമ്മിക്കാം. അതിനു കഴിയാത്തവർ തൂലിക ഉന്തുന്നതുകൊണ്ടു് പ്രയോജനമൊന്നുമില്ല.

ഒരു ചെറിയ ഹാസ്യകഥ: സുന്ദരനായ യുവാവു് സുന്ദരിയായ യുവതിയെ വിവാഹം കഴിച്ചുകൊണ്ടുവരുന്നു. അവർ മധുവിധു കേമമായി കൊണ്ടാടുന്നതുകണ്ടു് വേലക്കാരിയായ യുവതിക്കു് അസൂയ. ഭർത്താവു് ഭാര്യയെ തഴുകുമ്പോൾ അവൾ അസ്വസ്ഥയാകും. അങ്ങനെയിരിക്കെ ഭാര്യ സ്വന്തം വീട്ടിൽ പോയി. അയാളെ അന്വേഷിച്ച് എത്തിയ കൂട്ടുകാർ ചോദിച്ചു: “ഇന്നു് എന്തു ചെയ്യും?” അയാൾ തമാശയായി പറഞ്ഞു: “ഇന്നുരാത്രി വേലക്കാരിയുടെ നെഞ്ചിൽ തലവച്ചു കിടക്കും ഞാൻ”. രാത്രിയായി. സാറ് ഇപ്പോൾ വരും. ഇപ്പോൾ വരും എന്നു വിചാരിച്ച് പരിചാരിക ഉണർന്ന്കിടക്കുകയാണു് വാതിലുംതുറന്നിട്ടുകൊണ്ടു്. രാത്രി രണ്ടുമണിയായിട്ടും അയാൾ വരുന്നില്ലെന്നുകണ്ടു് അവൾ എഴുന്നേറ്റു് അയാളുടെ വാതിൽ തള്ളിത്തുറന്നു. ശബ്ദം കേട്ടു് അയാൾ ഉണർന്നു് ചോദിച്ചു. “ആരതു?” അവൾ പറഞ്ഞു: “ഞാൻ തന്നെ. സാറ് ഇന്നുരാത്രി എന്റെ നെഞ്ചിൽ തലവച്ചുകിടക്കുമെന്നു് പകലു് കൂട്ടുകാരോടു പറഞ്ഞില്ലേ? അങ്ങനെ കിടക്കാൻ ഒക്കുകയില്ലെന്നു് അറിയിക്കാനാണു ഞാൻ വന്നതു്”.

സുന്ദരി, ദിവ്യഗന്ഥം ദാരുഗന്ധ:
images/JorgeAmado.jpg
ഷൊർഷി അമാദു

ഗ്രാമ്പൂവിന്റെ മണവും കറുവപ്പട്ടയുടെ നിറവുമുള്ള അതി സുന്ദരിയാണു് ഗേബ്രിയേല. അവൾ ബ്രസീലിലെ ബായീയ (Bahia) സ്റ്റോറിലുള്ള ഈല്യൂസ് (IIheus) നഗരത്തിൽ ഭക്ഷണശാല നടത്തുന്ന നജീബ് സാദിന്റെ പരിചാരികയായി. പിന്നീടു് ഭാര്യയായി. ഭാര്യയായിരിക്കെ മറ്റൊരു സുന്ദരനായ യുവാവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു. അതു കണ്ട സാദ് അവളെ നിഷ്കാസനം ചെയ്തു. പക്ഷേ, അയാൾക്കു ഗെബ്രിയേലയില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വയ്യ. അവളുടെ പാചകവിദ്യയാണു് സാദിന്റെ ഭക്ഷണശാലയ്ക്കു കീർത്തി നല്കിയതു്. ഗേബ്രിയേല വീണ്ടും പരിചാരികയായി അവിടെ എത്തുമ്പോൾ ബ്രസീലിലെ മഹാനായ നൊവലിസ്റ്റ് ഷൊർഷി അമാദു (Jorge Amado, born 1912) എഴുതിയ Gabriela, Clove and Cinnamon എന്ന ചേതോഹരമായ നോവൽ അവസാനിക്കുന്നു.

images/Whatisthenameofthisbook.jpg

1925–26 ഈ വർഷത്തെ ബ്രസീലിയൻ പ്രദേശങ്ങളിലെ രാഷ്ട്രവ്യവഹാരത്തെ മാർക്സിയൻ വീക്ഷണഗതിയിൽ ചിത്രീകരിക്കുന്ന നോവലുമാണിതു്. കേണൽ എന്നു വിശേഷിക്കപ്പെടുന്ന ഫ്യൂഡലിസ്റ്റുകളുടെ പിടിയിലമർന്ന ഈ പ്രദേശങ്ങൾ ക്രമാനുഗതമായി അതിൽനിന്നു മോചനം പ്രാപിക്കുന്നു. മോചനം പ്രാപിക്കുന്നതാണെങ്കിലും തൊഴിലാളികൾക്കു പ്രാമുഖ്യം കിട്ടുന്നില്ല. ഒരു പുതിയ ബൂർഷ്വാ വ്യവസ്ഥിതി ഉണ്ടാകുന്നതേയുള്ളൂ. ഗേബ്രിയേല ആ പ്രദേശങ്ങളുടെ—വ്യാപകമായ രീതിയിൽ ബ്രസീലിന്റെ ചൈതന്യമാണു്. നോവൽ വായിച്ചുതീരുമ്പോൾ കരയാമ്പൂവിന്റെ മണം നമ്മെ സുഖിപ്പിക്കുന്നു. കറുവപ്പട്ടയുടെ നിറം കണ്ണിനു് ആഹ്ളാദം പകരുന്നു. ഹൃദയാവർജ്ജകമായ കലാസൃഷ്ടി.

images/MartinGardner.jpg
മാർട്ടിൻ ഗാഡ്നർ

ഫിസിക്സിലെ മിസ്റ്റിസിസത്തെ നിന്ദിക്കുന്നയാളാണെങ്കിലും മാർട്ടിൻ ഗാഡ്നർ വിശിഷ്ടങ്ങളായ ഗ്രന്ഥങ്ങളുടെ കർത്താവാണു്. അദ്ദേഹത്തിന്റെ The Ambidextrous Universe തുടങ്ങിയ പല ഗ്രന്ഥങ്ങളും ഈ ലേഖകൻ വായിച്ചിടുണ്ടു്. ഗാർഡ്നർ The most original, most profound എന്നു വാഴ്ത്തിയ പുസ്തകമാണു് What is the name of this book? അതിലെ ഒരു ഭാഗം: രണ്ടാളുകൾ ഭക്ഷണശാലയിൽ കയറി പൊരിച്ചമീൻ കൊണ്ടുവരുവാൻ പറഞ്ഞു. ഹോട്ടലുകാരൻ ഒരു വലിയമീനും ഒരു ചെറിയ മീനും കൊണ്ടുവന്നു. ഒന്നാമൻ “മീനെടുക്കൂ” എന്നു പറഞ്ഞപ്പോൾ രണ്ടാമൻ വലിയ മീനെടുത്തു. സ്വല്പനേരത്തെ പിരിമുറുക്കം. അതിനുശേഷം ഒന്നാമൻ പറഞ്ഞു: “എന്നോടാണു് മീനെടുക്കാൻ ആദ്യം പറഞ്ഞിരുന്നെങ്കിൽ ഞാൻ ചെറുതേ എടുക്കുമായിരുന്നുള്ളൂ”. രണ്ടാമന്റെ മറുപടി: “എന്തിനു പരാതിപ്പെടുന്നു? ചെറുതുതന്നെ കിട്ടിയില്ലേ നിങ്ങൾക്കു്?”

യുക്തിയുടെ ഈ വിളയാട്ടം രസകരമാണു്. ഇതേമട്ടിലുള്ള രസമാണു് കലാകൗമുദിയിൽ വെട്ടൂർ രാമൻനായർ പുനത്തിൽ കുഞ്ഞബദ്ദുള്ള യെക്കുറിച്ചെഴുതിയ ലേഖനം വായിച്ചപ്പോൾ എനിക്കുണ്ടായതു്.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1984-09-30.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 1, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.