
നോവലിസ്റ്റ് വി. എസ്. നൈപോൾ 1961-ൽ ബ്രിട്ടീഷ് ഗിയാനയിലെ ഒരു ക്രൈസ്തവ കുടുംബത്തെ കാണാൻ ചെന്നു, അവിടത്തെ ഒരു പ്രായം കൂടിയ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരുന്നു അദ്ദേഹം. പെട്ടെന്നു സൂര്യപ്രകാശം മങ്ങി. പൂന്തോട്ടത്തിൽനിന്നു് ഒരു പൂവിന്റെ സൗരഭ്യം അവർ ഇരിക്കുന്നിടത്തു വ്യാപിച്ചു. തന്റെ ശൈശവംതൊട്ടു നൈപോളിനു ആ പൂവിനെക്കുറിച്ചു് അറിയാം. പക്ഷേ പേരറിഞ്ഞുകൂടാ. അതെന്താണെന്നു് അദ്ദേഹം അവരോടു ചോദിച്ചു.
“ഞങ്ങൾ ഇതിനെ മുല്ല (ജാസ്മിൻ) എന്നാണു വിളിക്കുക.”
മുല്ല! നൈപോളിനു് ആ വർഷങ്ങളാകെ അതിനെക്കുറിച്ചു അറിയാമായിരുന്നു! ആ വാക്കു് അദ്ദേഹത്തിനു പുസ്തകത്തിലെ ഒരു വാക്കു മാത്രമായിരുന്നു. അദ്ദേഹത്തിനു പരിചയമുള്ള സസ്യങ്ങളിൽ നിന്നു് മാറ്റപ്പെട്ട ഒരു പദം. ആ സ്ത്രീ ഇറുത്തെടുത്തു കൊടുത്ത പൂവു് അദ്ദേഹം ഷർട്ടിന്റെ ബട്ടൺ ഹോളിൽ വച്ചു. ഹോട്ടലിലേക്കു തിരിച്ചു നടന്ന നൈപോൾ അതിന്റെ സൗരഭ്യം ആസ്വദിച്ചു. മുല്ല, മുല്ല. പക്ഷേ ആ വാക്കും ആ പൂവും അദ്ദേഹത്തിന്റെ മനസ്സിൽ രണ്ടു വിഭിന്ന വസ്തുക്കളായി വളരെ വർഷങ്ങളായി വർത്തിക്കുകയായിരുന്നു. അവ ഒരിക്കലും ഒന്നായിത്തീർന്നിരുന്നില്ല (The Overcrowded Barracoon, ‘Jasmine’, p. 31).
ഓരോ സാഹിത്യവും അതിന്റെ ദേശത്തോടു ബന്ധപ്പെട്ടതാണെന്ന മതമാണു നൈപോളിനു്. ആർതർ മില്ലറെ ന്ന അമേരിക്കൻ നാടകകർത്താവു് വർത്തമാനപ്പത്രത്തിനു നല്കിയ നിർവ്വചനം—രാഷ്ട്രം അതിനോടുതന്നെ സംസാരിക്കുന്നു എന്നതു്—സാഹിത്യത്തിനും ചേരുമെന്നു അദ്ദേഹം വിശ്വസിക്കുന്നു. മറ്റു ദേശങ്ങളിലെ സാഹിത്യം നമുക്കു വേണമെങ്കിൽ കാണാം. അവയിൽ പങ്കുകൊള്ളാനാവില്ല. രാഷ്ട്രാന്തരീയതയുടെ ഈ കാലയളവിലും സാഹിത്യം കൂടുതൽ കൂടുതൽ അന്തർമുഖമാണു്. അതു കൂടുതൽ കൂടുതൽ സ്വകീയ സ്വഭാവമുള്ളതായിത്തീരുന്നു. വാക്കു വേറെ, പൂവു് വേറെ എന്ന മട്ടിലാണു് മറ്റു ദേശങ്ങളിലെ സ്ഥിതി. എന്റെ വീട്ടിന്റെ മുറ്റത്തു നില്ക്കുന്ന മുല്ലപ്പൂവിന്റെ പരിമളം എനിക്കു് ഉൾക്കൊണ്ടു് ആഹ്ലാദിക്കാൻ കഴിയുന്നതുപോലെ ഇംഗ്ലണ്ടിലെ ഒരു പുഷ്പത്തിന്റെ സൗരഭ്യം ശ്വസിച്ചു് ആനന്ദിക്കാൻ സാധിക്കുകയില്ല. റോസാപ്പൂവിന്റെ ഭംഗി എന്നെ രസിപ്പിക്കുന്നു. ഞാൻ കണ്ടിട്ടില്ലാത്ത ‘ഡഫഡിൽ’ പുഷ്പത്തെ കവി വഡ്സ്വത്തു് വർണ്ണിച്ചാലും എനിക്കു് ആഹ്ലാദം ഉണ്ടാകുന്നതെങ്ങനെ? സാഹിത്യം വാക്കിനെ മാത്രം അവലംബിച്ചു് ആസ്വദിക്കപ്പെടേണ്ട കാലം വരും എന്നു നൈപോൾ വിശ്വസിക്കുന്നു.
ഒരു ഭാഗിക സത്യം മാത്രമാണു് ഈ നോവലിസ്റ്റ് നമ്മുടെ മുൻപിൽ വയ്ക്കുന്നതു്. വാക്കുകൾ ഉൽപാദിപ്പിക്കുന്ന മാനസിക ചിത്രങ്ങൾക്കാണു് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യം. ഫ്രഞ്ച് കവി പൊൾ വേലേറീ പറയുന്നതുപോലെ കൂ ദേതേ (Coup d’etat) എന്നു കേട്ടാൽ ഫ്രഞ്ച് അറിഞ്ഞുകൂടാത്തവനു് ഒരു ചിത്രവും മനസ്സിലുദിക്കില്ല. എന്നാൽ A change of government by force എന്നു കേൾക്കുമ്പോൾ ഇംഗ്ലീഷ് അറിയാവുന്നവർക്കു് മാനസിക ചിത്രങ്ങളുണ്ടാവും. വഡ്സ്വത്തിന്റെ ‘ഡഫഡിൽസ്’ എന്ന കാവ്യം വായിക്കുമ്പോൾ ആ പുഷ്പങ്ങൾ നൃത്തം ചെയ്യുന്നതു് എന്റെ അന്തർനേത്രം കാണുന്നു: “വെള്ളാമ്പൽ പൂത്തുപരന്ന പാടങ്ങളും ഉല്ലസൽക്കാടും തളിർത്ത മരങ്ങളും” എന്ന വരികൾ വായിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക ചിത്രങ്ങളിൽ നിന്നു് അതൊട്ടും വിഭിന്നമല്ല. You with the roses, rosy is your charm. Do you sell roses or yourself or both?—“പനിനീർപ്പൂക്കൾ കൊണ്ടുവരുന്ന പെൺകുട്ടി, റോസാപ്പൂപോലെ നീ സുന്ദരിയാണു്. നീ പനിനീർപ്പൂക്കൾ വില്ക്കുന്നോ? അതോ നിന്നെത്തന്നെ വില്ക്കുന്നോ? അതോ രണ്ടും വില്ക്കുന്നോ?” എന്നു രണ്ടായിരത്തിയഞ്ഞൂറു വർഷം മുൻപു് ഗ്രീസിലെ ഒരു കവി ചോദിച്ചു. നമ്മുടെ ഒരു കവി ഇക്കാലത്തു് “ആരുവാങ്ങുമിന്നാരുവാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം?” എന്നു് ഒരു പെൺകുട്ടിയെക്കൊണ്ടു ചോദിപ്പിച്ചു. ആദ്യത്തെ ചോദ്യത്തിനു് ആസ്വാദ്യത കുറവാണെന്നു നൈപോളേ പറയൂ.
വയറ്റിലൊരു ശസ്ത്രക്രിയയ്ക്കു വിധേയനായി ഞാൻ വേദനയോടെ ആശുപത്രിയിലെ കോമൺ വാർഡിൽ കിടക്കുകയാണു്. സുന്ദരനായ ഡോക്ടർ ആകർഷകത്വമുള്ള വേഷം ധരിച്ചു് സുന്ദരികളായ നേഴ്സുകളാൽ പരിസേവിതനായി വാർഡ് ചുറ്റുന്നു. എന്റെ വേദനയെക്കുറിച്ചു് പറയാനായി ഞാൻ കാത്തിരിക്കുന്നു. പക്ഷേ, ഡോക്ടർ എന്നെ നോക്കുക പോലും ചെയ്യാതെ മറ്റൊരു രോഗിയെ പരിശോധിച്ചിട്ടു് നടന്നു പോയി.
ധിക്കൃതശക്രപരാക്രമനാകിന നക്തഞ്ചരനെപ്പോലെ വിലസിയ ഒരു റ്റി. സി. എസ്. ഓഫീസർ, അദ്ദേഹം എത്രയെത്ര പെറ്റി ഓഫീസറന്മാരെയും ശിപായികളെയുമാണു് ഡിസ്മിസ് ചെയ്തതെന്നു് അറിയാമോ? (എക്സൈസ് ഡിപ്പാർട്ട്മെന്റിലെ പെറ്റി ഓഫീസർ ഇന്നു് പ്രിവൻറീവ് ഓഫീസറാണു്. ശിപായി, ഗാർഡും.) അങ്ങനെ പല കുടുംബങ്ങളെയും വഴിയാധാരമാക്കിവിട്ട അദ്ദേഹം കഴിഞ്ഞ മാസം ട്രഷറി ഓഫീസിൽ പേടിച്ച മട്ടിൽ നിൽക്കുന്നു. ഒരു പ്യൂൺ വന്നു് ‘സാറേ അങ്ങോട്ടു മാറി നിന്നാട്ടെ’ എന്നു പറഞ്ഞതു കേട്ടു് അദ്ദേഹം പത്തടി പിറകോട്ടു മാറി. പിന്നെയും പഞ്ചപുച്ഛമടക്കിയുള്ള നില്പു്. അനേകം സാധുക്കളുടെ വായിൽ മണ്ണിട്ട ഈ നക്തഞ്ചരനു് ഇങ്ങനെതന്നെ അനുഭവം ഉണ്ടാകണം എന്നു വിചാരിച്ചു ഞാൻ. എങ്കിലും എനിക്കു് ആ മനുഷ്യനോടു് സഹതാപം തോന്നി. എന്റെ ശിഷ്യനായ ഒരു ക്ലാർക്കിനോടു് അദ്ദേഹം കേൾക്കാതെ ഞാൻ അപേക്ഷിച്ചു: “ആ നില്ക്കുന്ന ആളിന്റെ കാര്യമെന്തെന്നു് അന്വേഷിച്ചു് അതൊന്നു് ശരിയാക്കിക്കൊടുത്താൽ കൊള്ളാം.” ശിഷ്യൻ ഉടനെ വേണ്ടതു ചെയ്തു. പണവും വാങ്ങി അദ്ദേഹം സ്ഥലം വിട്ടു.
ഞാൻ നേരത്തേ ജനിച്ചതുകൊണ്ടു് ചികിത്സ ലഭിക്കാതെ വേദനയനുഭവിച്ചു് ആശുപത്രിയിൽ കിടന്നു. ഭാവികാലത്താണു് ജനിച്ചതെങ്കിൽ അന്നു് ‘സ്ഥിതി സമത്വം’ നടപ്പിൽ വന്ന സമയമായിരിക്കും. ഏതെങ്കിലും രോഗിയെ ഡോക്ടർ അവഗണിച്ചാൽ ആ മനുഷ്യനെ ശിക്ഷിക്കുന്ന സർക്കാരായിരിക്കും അക്കാലത്തു്. മുകളിൽപ്പറഞ്ഞ ഓഫീസർ നേരത്തേ ജനിച്ചതുകൊണ്ടാണു് റ്റി. സി. എസ്. പരീക്ഷ ജയിച്ചതും ജോലി കരസ്ഥമാക്കിയതും. അതുകൊണ്ടാണു് പലരെയും അദ്ദേഹം ഡിസ്മിസ് ചെയ്തതു്. ഇന്നാണു് അദ്ദേഹം ജനിച്ചതെങ്കിൽ? ശിക്ഷിക്കാൻ പറ്റുകില്ല. അതിനു വേണ്ടി പേനയെടുത്താൽ മതി ഘേരാവോ ഉണ്ടാകും.
നേരത്തേ ജനിക്കുന്നതു് ഭാഗ്യക്കേടു തന്നെ. ശ്രീമതി വൽസലയും പറയുന്നതു് അതത്രേ. പിന്നോക്ക സമുദായത്തിൽപെട്ട ഒരു ബാലനു് ഹോസ്റ്റലിൽ അഡ്മിഷൻ കിട്ടുന്നില്ല. കാരണം അവൻ നേരത്തേ ജനിച്ചു എന്നതു തന്നെ. ‘ബന്ധപ്പെട്ട’ ഉദ്യോഗസ്ഥൻ അതു പറയുമ്പോൾ ബാലൻ ഞെട്ടുന്നു. നമ്മളും ഞെട്ടുന്നു.
നമ്മുടെ കണ്ണുകൾ ആർദ്രങ്ങളാവുന്നു. ഈ വികാരങ്ങൾ നമുക്കു് ഉളവാകത്തക്ക വിധത്തിൽ കഥ പറഞ്ഞു് ദുഷിച്ച സമുദായത്തിന്റെ മേൽ ഒരു മുസലതാഡനം നടത്തുന്നു വത്സല (കഥ ജനയുഗം ഓണം വിശേഷാൽപ്രതിയിൽ). സഹതാപാർഹമായ വസ്തുത. സാന്മാർഗ്ഗികനിയമമെന്ന പേരിൽ പ്രത്യക്ഷമാകുന്ന ഇത്തരം ക്രൂരതകൾക്കു് ഒരു പരിഹാരവുമില്ല എന്നതാണു്. വ്യവസ്ഥിതി മാറിയാൽ പരിഹാരം ഉണ്ടാകുമോ? ഉണ്ടാകുമെന്നു വത്സല വിശ്വസിക്കുന്നു.
ഈ ജീവിതത്തിൽ പരാജിതരാണു് അധികം പേരും. ചില സ്ത്രീകൾക്കു വേണ്ടിടത്തോളം പൊക്കമില്ല. വേണ്ടിടത്തോളം നിതംബമില്ല. മടമ്പു് ഉയർന്ന ചെരിപ്പും റബ്ബർപാഡും സഹായത്തിനെത്തുന്നു. നിയമത്തിന്റെ ഉരുക്കുമുഷ്ടിയിലമർന്നു ശ്വാസം മുട്ടുന്നവരെ സഹായിക്കാൻ ആരുമില്ല.
ജർമ്മൻ ചക്രവർത്തി ഫ്രെഡ്റിക് മൂന്നാമൻ വാതിൽ തുറന്നു കിട്ടാത്ത ദേഷ്യം കൊണ്ടു് അതിൽ പലതവണ ആഞ്ഞു ചവുട്ടി. അദ്ദേഹത്തിന്റെ കാലുമുറിച്ചു കളയേണ്ടതായിവന്നു. ഒന്നിനും അതിരു കടക്കരുതു്. വർണ്ണനയിലും അതുതന്നെ നിയമം.
“യദുവംശനാശത്തിന്റെ ദുരന്ത പശ്ചാത്തലത്തേയും ആധുനിക ഇന്ത്യൻ അവസ്ഥയേയും നേരിയ സൂചനകളിലൂടെ ബന്ധിപ്പിച്ചു ഇന്ത്യൻ മനസ്സിന്റെ വർത്തമാനകാല വിവർണ്ണരൂപം സ്വരൂപിച്ചെടുക്കുവാനാണു്” തന്റെ ശ്രമമെന്നു് ‘കലാകൗമുദി’യിൽ ‘മൗസലപൂർവം’ എന്ന കാവ്യമെഴുതിയ നീലമ്പേരൂർ മധുസൂദനൻ നായർ പറയുന്നു. കവിയുടെ പ്രസ്താവം നല്കിയ ആത്മവിശ്വാസത്തോടെ ഞാൻ കാവ്യം വായിച്ചുതുടങ്ങി.
ചോപ്പാർന്നസന്ധ്യയുടെ
കണ്ണിലൊരുപകലിന്റെ
ദുഃഖം നിറഞ്ഞുടൽവിറച്ചു
വേർപ്പാർന്നവീഥിയുടെ
നെഞ്ചിലൊരുരാവിന്റെ
ചിത്രംനിവർന്നു നിഴൽവീഴ്ത്തി
ഘോഷങ്ങളാർത്തുനിറ
യാടുന്നൊരീനഗരി
വൃത്തം കലങ്ങി നുരകുത്തി
ഭേഷ്. വാക്കുകൾ വേണ്ട രീതിയിൽ വീണിരിക്കുന്നു. ബാഹ്യമായ താളമുണ്ടു്. ആന്തരലയമുണ്ടു്. തുടർന്നു് കാവ്യം മുഴുവനും വായിച്ചു. ഇപ്പറഞ്ഞ ഗുണങ്ങൾ എല്ലാമുണ്ടു്. പക്ഷേ, ആശയങ്ങൾ സിതോപലങ്ങളുടെ രീതിയിൽ കാന്തിചിന്തുന്നില്ല. ആശയങ്ങൾ കാണും. പക്ഷേ കവിയുടെ വാക്കുകൾ—വാവദുകത—അവയെ പൊതിയുന്നു. ആശയങ്ങൾ ശ്വാസം മുട്ടി അകത്തു കിടക്കുന്നു. വാക്കുകൾ ആശയത്തിന്റെ സത്യത്തിലേക്കു വായനക്കാരനെ നയിക്കണം. ആ സത്യം കാവ്യാത്മകസത്യത്തിലേക്കു് അയാളെ കൊണ്ടുചെല്ലണം.

ആന്ന അഖ്മാത്തവ റഷ്യയിലെ പേരുകേട്ട കവയിത്രിയാണു് (1888–1966). അവരുടെ മകൻ ലെനിൻഗ്രാഡ് ജയിലിലായി. അവനെ വിട്ടുകിട്ടാൻ വേണ്ടി അവർ പതിനേഴു മാസം ക്യൂവിൽ ജയിലിന്റെ മുൻപിൽ പലപ്പോഴും നിന്നിട്ടുണ്ടു്. ഒരുദിവസം അങ്ങനെ വരിയിൽ നില്ക്കുന്ന അവരോടു തൊട്ടടുത്തു നീലച്ചുണ്ടുകളോടുകൂടി നില്ക്കുന്ന ഒരു സ്ത്രീ ചോദിച്ചു:
“നിങ്ങൾക്കു് ഇതു വർണ്ണിക്കാനാവുമോ?”
“എനിക്കാവും” എന്നു കവിയത്രി. അപ്പോൾ, ഒരു കാലത്തു മുഖമായിരുന്ന അവരുടെ ആ അവയവത്തിൽ ഒരു മന്ദസ്മിതത്തിന്റെ നിഴൽ മിന്നി മങ്ങി മറഞ്ഞു. ഈ സംഭവം എടുത്തെഴുതുന്ന ജോൺ പില്ലിങ് പറയുന്നു: “പേടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളെ കവിതയ്ക്കു് ആവിഷ്കരിക്കാനാവുമോ എന്നു ചോദിച്ചു സ്ത്രീയുടെ മരവിച്ച ചുണ്ടുകളിൽ മന്ദഹാസത്തിന്റെ നിഴൽ വന്നതു്.” ആഹ്ലാദത്തിന്റെ സൂചനയാണു്. ഭയജനകങ്ങളായ യാഥാർത്ഥ്യങ്ങളെ മധുസൂദനൻ നായർ വർണ്ണിക്കുമ്പോൾ അതു ഞങ്ങൾക്കു ആശ്വാസം പകരത്തക്കവണ്ണം ആശയങ്ങൾക്കു സ്ഫുടത കൈവരട്ടെ.
അവിദഗ്ദ്ധനും വിദഗ്ദ്ധനും തമ്മിലുള്ള വ്യത്യാസമെന്താണു്? അവിദഗ്ദ്ധൻ ശ്രീ പ്രഭാശങ്കറിനെപ്പോലെ “ചക്ക” പോലുള്ള കഥകളെഴുതും. വിദഗ്ദ്ധൻ “യൂസ്ലീസ് ബ്യൂട്ടി ” പോലുള്ള കഥകൾ രചിക്കും (മോപസാങ്ങിന്റെ കഥ). മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, കുളത്തിന്റെ കരയിൽ വീർത്തു കിടക്കുന്ന സ്ത്രീയുടെ ശവം പോലെ മലർന്നു കിടക്കുന്ന ഇക്കഥ തികച്ചും ബോറിങ്ങാണു്. ഇവിടെ ചക്ക സിംബലാണു്. കഥയിലെ പ്രധാന കഥാപാത്രത്തിനു് ചക്ക തിന്നാൻ കൊതി. ചക്കച്ചുള തിന്നിട്ടു് അതിന്റെ ചില അംശങ്ങൾ ഒറ്റക്കാലൻ കാക്കയ്ക്കു ഇട്ടു കൊടുക്കുന്നു. വയറു വീർത്താൽ കാക്ക ‘കാ കാ ’ എന്നു കരയും. അതുവരെ മിണ്ടുകില്ല. വർഗ്ഗസ്വഭാവത്തിനു യോജിച്ച വിധത്തിൽ മറ്റു കാക്കകളെ വിളിച്ചുവരുത്തേണ്ടതല്ലേ? വരുത്തിയാൽ ഒറ്റക്കാലൻ കാക്കയുടെ വയറു് കാലിയാകും. അത്രയേയുള്ളു. ലോകഭോഗങ്ങൾ ആസ്വദിക്കുന്ന ഒരുവന്റെ മുൻപിൽ ദരിദ്രനെ, അശക്തനെ അവതരിപ്പിച്ചിട്ടു് തത്ത്വവിചാരത്തിനു ഉദ്യുക്തനാവുന്നു കഥാകാരൻ. അവസാനത്തെ ഈ ദാർശനിക ചിന്തനത്തിനു വേണ്ടി കഥയുടെ 99 ശതമാനവും നിഷ്പ്രയോജനമായ ചക്കവർണ്ണനയ്ക്കു വേണ്ടി നീക്കിവയ്ക്കുന്നു. വലിയ തലയും ചെറിയ ശരീരവും പെൻസിൽ പോലുള്ള കാലുകളും വരച്ചു് ചില സിനിമാ മാസികകളിൽ ചലച്ചിത്ര താരങ്ങളെ അവതരിപ്പിക്കുന്നതു കണ്ടിട്ടില്ലേ? അതുപോലൊരു വിരൂപചിത്രമാണു് പ്രഭാശങ്കറിന്റെ ‘ചക്ക’ പ്രദാനം ചെയ്യുന്നതു്.
പ്രസിദ്ധനായ ഒരു സാഹിത്യകാരന്റെ ഒരു കൃതിയുടെ പരകീയസ്വഭാവം വ്യക്തമാക്കിക്കൊണ്ടു് ഈ ലേഖകൻ മുൻപു് എഴുതി. ആ ലേഖനം പ്രസിദ്ധപ്പെടുത്തിയ പത്രാധിപരും അഭിനേതാവു് പി. കെ. വിക്രമൻനായരും സാഹിത്യകാരനെ കാണാൻ ചെന്നു. സാഹിത്യകാരൻ തൊട്ടടുത്തു വച്ചിരുന്ന ഒരു ഇരുമ്പുസേഫിൽ “ഇതു് കൃഷ്ണൻ നായരെന്ന ശപ്പനാണു്” എന്നു പറഞ്ഞു കൈകൊണ്ടു് ഇടിച്ചു. അദ്ദേഹത്തിന്റെ കൈ ഒടിഞ്ഞു. പത്രാധിപരും വിക്രം നായരും കൂടി അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയി.
ജർമ്മൻ ചക്രവർത്തി ഫ്രെഡ്റിക് മൂന്നാമൻ വാതിൽ തുറന്നുകിട്ടാത്ത ദേഷ്യംകൊണ്ടു അതിൽ പല തവണ ആഞ്ഞു ചവിട്ടി. അദ്ദേഹത്തിന്റെ കാലുമുറിച്ചു കളയേണ്ടതായി വന്നു. ഒന്നും അതിരു കടക്കരുതു്; വർണ്ണനയിലും അതു തന്നെ നിയമം.

മാർഗററ്റ് ഡ്രബൽ (M. Drabbles) കീർത്തിയാർജ്ജിച്ച നോവലെഴുത്തുകാരിയാണു്. എഡ്വേഡ് ഷോർട്ടർ എഴുതിയ A History of Women’s Bodies എന്ന ഗ്രന്ഥത്തെക്കുറിച്ചു് ബി. ബി. സി.യിലൂടെ അവർ പറഞ്ഞതു് “Reading Shorter is like living a nightmare” എന്നാണു് (പേടിസ്സ്വപ്നം കാണുന്നതിനു സദൃശമാണു് ഷോർട്ടറുടെ പുസ്തകം വായിക്കുക എന്നതു്). അതിൽ അദ്ദേഹം എഴുതുന്നു: Does it sound as though Madam Dubost, at the age of forty-nine had the right to refuse sex to Monsieur Dubost? She appeared a Lyon’s Hotel Die, in July of 181 with an extensive cervical came bleeding and smelling awful. How ever her immediate problems was that she was pregnant, for despite her “advanced sarcoma” Monsieur Dubost has insisted upon intercourse. On 16 September she miscarried and died shortly afterward (p. 11).

ഗർഭാശയത്തിന്റെ താഴത്തെ അറ്റത്തു ക്യാൻസർ പിടിച്ചു രക്തമൊഴുകി ദുർഗ്ഗന്ധം പരത്തുന്ന ഭാര്യയുമായി ലൈംഗിക വേഴ്ചയ്ക്കു ഭർത്താവു ചെല്ലുന്നു. അവൾ ഗർഭിണിയുമാണു്. അവൾക്കു ഗർഭച്ഛിദ്രം സംഭവിക്കുന്നു. മരിക്കുന്നു. യഥാർത്ഥ സംഭവം. പുരുഷന്മാരുടെ പല ക്രൂരതകളും ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു. സത്യമിതാണെങ്കിലും സ്ത്രീകളെ കുറ്റപ്പെടുത്താൻ നമുക്കു—പുരുഷന്മാർക്കു്—താല്പര്യമുണ്ടു്. “ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ?” എന്തിനാണു് ശ്രീകൃഷ്ണൻ കരഞ്ഞതു്? എന്നു് കുമാരി വാരികയിലെ ശകുനിയോടു ചോദ്യം. ഉത്തരം നന്നായിട്ടുണ്ടു്. “ഒരു ഭാര്യയുള്ളവൻ കരയുന്നു. ശ്രീകൃഷ്ണനു ഭാര്യമാർ എത്ര പേരായിരുന്നു?” വായനക്കാരെ ചിരിപ്പിക്കണമെന്ന ഉദ്ദേശ്യമേ ശകുനിക്കുള്ളൂ. പിന്നെ അദ്ദേഹം പറഞ്ഞതും സത്യം. അതിന്റെ മറുപുറം കൂടി കാണിക്കാൻ ഞാൻ ഷോർട്ടറുടെ പുസ്തകത്തെക്കുറിച്ചു് എഴുതിയെന്നേയുള്ളു. അഞ്ചല കാർട്ടറും വിശ്വവിഖ്യാതയായ നോവലെഴുത്തുകാരിയാണു്. അവർ ഈ ഗ്രന്ഥത്തെക്കുറിച്ചു പറയുന്നു: An absorbing, most moving, informative, horrifying, exceedingly stimulating book.
എല്ലാ പുരുഷന്മാർക്കും എല്ലാ സ്ത്രീകളെയും ഇഷ്ടമാണു്; എന്നാൽ എല്ലാ സ്ത്രീകൾക്കും എല്ലാ പുരുഷന്മാരെയും ഇഷ്ടമില്ല. അവർക്കു ചില പുരുഷന്മാരെ മാത്രമേ ഇഷ്ടമുള്ളു. ഈ പ്രസ്താവം മൗലികമല്ല. എവിടെയോ ഞാൻ വായിച്ചതാണു്. എങ്കിലും ആധുനിക കാലത്തു് സ്ത്രീകളെക്കുറിച്ചുള്ള പുരുഷന്മാരുടെ മനോഭാവത്തിനു മാറ്റം വന്നിട്ടുണ്ടു്. സ്ത്രീയെസ്സംബന്ധിച്ചു പണ്ടു പുരുഷനുണ്ടായിരുന്ന വിമോഹതാവസ്ഥ ഇന്നില്ല. അശ്ലീല രചനകൾ ഇന്നു യുവാക്കന്മാർക്കു പോലും ജുഗുപ്സാവഹങ്ങളായി തോന്നുന്നു. ചലച്ചിത്രങ്ങളിലെ ‘കുളിസീനുകൾ’ ഇന്നാരെയും ചലനം കൊള്ളിക്കുന്നില്ല. സുന്ദരിയുടെ നഗ്നശരീരം പോലും ഇക്കാലത്തു വൈരസ്യജനകമാണു് പുരുഷന്മാർക്കു്. ഇതിനെ ഷോർട്ടർ “ഡിമിസ്റ്റിഫിക്കേഷൻ ഒഫ് വിമെൻസ് ബോഡീസ്” എന്നു വിളിക്കുന്നു. ഈ ഡിമിസ്റ്റിഫിക്കേഷൻ ഇങ്ങനെ തുടർന്നു പോയാൽ ഏതാനും വർഷങ്ങൾകൊണ്ടു് പുരുഷൻ സ്ത്രീയെ പാടേ അവഗണിക്കുന്ന കാലം വരുമെന്നു് എനിക്കു തോന്നിപ്പോകുന്നു. ഇതു് സെക്സ് ഗ്ലാൻഡുകളുടെ ശക്തി നശിച്ച പ്രായം കൂടിയ ഒരാളിന്റെ ജല്പനമായി കരുതരുതു്. സൂക്ഷ്മനിരീക്ഷണത്തിന്റെ ഫലമായ സാമാന്യവത്കരണമാണു്.
സത്യം മുകളിൽ പറഞ്ഞതാണെങ്കിലും മിസസ് ബേബി മേനോനും മിസ്റ്റർ എൻ. കെ. കണ്ണൻ മേനോനും ചേർന്നെഴുതിയ “അത്താഴവിരുന്നു്” എന്ന വളരെ മോശപ്പെട്ട ദീർഘമായ കഥയിൽ (ദേശാഭിമാനി വാരിക) സ്ത്രീയുടെ ‘മിസ്റ്റിഫിക്കേഷൻ ശക്തിയെ ഏറെ വാഴ്ത്തിയിരിക്കുന്നു. വിവാഹിതനായ കഷണ്ടിക്കാരനായ ഒരു ‘ബിസ്നെസ് മാഗ്നിറ്റ്’—വ്യാപാരപ്രമുഖൻ—അതിസുന്ദരിയായ പേഴ്സനൽ അസിസ്റ്റന്റുമായി കൽക്കട്ടയിലെത്തുന്നു. വിമാനത്തിലിരിക്കുമ്പോൾ അവളുടെ സാരി മാറിക്കിടക്കുന്ന വക്ഷസ്സിലേക്കു സാകൂതം നോക്കിയ അയാൾ അവിടെയെത്തിയപ്പോൾ മറ്റൊരു സുന്ദരിയെക്കണ്ടു് അഭിലാഷമുള്ളവനായിത്തീരുന്നു. സുന്ദരിയായ പേഴ്സനൽ അസിസ്റ്റന്റിനെ വേറൊരു ധനികൻ തട്ടിയെടുക്കുമ്പോൾ കഥ അവസാനിക്കുന്നു.

ആംഗ്ലോ-ആസ്ട്രിയൻ തത്ത്വചിന്തകൻ കാറൽ പൊപർ (Karl Popper) അദ്ദേഹത്തിന്റെ വിദ്യാർത്ഥികളോടു പറയുമായിരുന്നു: സൂക്ഷ്മതയോടെ നിരീക്ഷണം ചെയ്യൂ. എന്നിട്ടു് നിങ്ങൾ നിരീക്ഷണം ചെയ്തതു് എഴുതിവയ്ക്കു. എന്താണു നിരീക്ഷണം ചെയ്യേണ്ടതെന്നു് അറിയാതെ കുട്ടികൾ പരിഭ്രമിക്കുമായിരുന്നു. ഉദ്ദേശ്യത്തോടുകൂടിയുള്ള നിരീക്ഷണം എപ്പോഴും വിവേചനത്തോടു കൂടിയതാണു്, അതു് ലേഖ്യപ്രസംഗമല്ല (documentation) എന്നു് പൊപറുടെ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ടു് The Story of the Novel എഴുതിയ ജോർജ്ജ് വാട്സൻ പറയുന്നു. ദേശാഭിമാനിയിലെ ഇക്കഥ ഡോക്യുമെന്റേഷനെക്കാൾ ഹീനമായി വല്ലതുമുണ്ടെങ്കിൽ അതുതന്നെയാണു്. ഇതിന്റെ അനുയോജ്യത (responsibility എന്ന അർത്ഥത്തിൽ) ഒരാൾക്കല്ല. രണ്ടുപേർക്കാണു് എന്നതു് ആശ്വാസപ്രദം. ജോയിന്റ് സ്റ്റോക്കു് കമ്പനിയുടെ മട്ടിലുള്ള കഥാരചനയാണല്ലോ ഇതു്.
ജോർജ്ജ് വാട്സൻ ഉദ്ധരിച്ച ഭാഗം പൊപറുടെ Conjectures and Refutations എന്ന ഗ്രന്ഥത്തിലുള്ളതാണു്. ഏതു് ശാസ്ത്രീയസിദ്ധാന്തത്തിനും താൽക്കാലികമായ സങ്കല്പത്തിന്റെ (tentative hypothesis) വിലയേയുള്ളുവെന്നാണു് പൊപറുടെ അഭിപ്രായം. ഈ സിദ്ധാന്തത്തെ നിരീക്ഷണങ്ങളോടുകൂടി തട്ടിച്ചു നോക്കുന്നു. ശാസ്ത്രീയസിദ്ധാന്തവും നിരീക്ഷണങ്ങളും അന്യോന്യവിരുദ്ധങ്ങളാണെങ്കിൽ സിദ്ധാന്തം ഉപേക്ഷിക്കപ്പെടുന്നു. ഒരു പുതിയ ഊഹത്തിനുള്ള (conjecture) മാർഗ്ഗം തെളിയുന്നു.
പൊപറുടെ മറ്റൊരു പ്രധാനപ്പെട്ട ആശയം: ഭൗതിക വസ്തുക്കൾ നിറഞ്ഞ ലോകം ഒന്നു്. മാനുഷികാനുഭവങ്ങളുടേതായ ലോകം രണ്ടു്. ആദ്യത്തേതു് വസ്തുനിഷ്ഠമായ ലോകം. രണ്ടാമത്തേതു് കർത്തൃനിഷ്ഠമായ ലോകം. ഈ രണ്ടു ലോകങ്ങളെയും തത്ത്വചിന്തകർ അംഗീകരിക്കുന്നു. പൊപറുടെ അഭിപ്രായത്തിൽ മൂന്നാമതൊരു ലോകമുണ്ടു്. ദാർശനികവും ശാസ്ത്രീയവുമായ ജ്ഞാനത്തിന്റേതായ ലോകമാണതു്. ഇതിനെ “ലോകം 3” എന്നു് അദ്ദേഹം വിളിക്കുന്നു. ഭൗതികപരിതഃസ്ഥിതികൾ നമ്മളിൽ ഏല്പിക്കുന്ന ആഘാതത്തെക്കാൾ വലിയ ആഘാതമാണു് ഈ മൂന്നാമത്തെ ലോകം ഏല്പിക്കുന്നതെന്നു പൊപർ കരുതുന്നു. ഞാൻ കൂടുതലെഴുതുന്നില്ല. പ്രിയപ്പെട്ട വായനക്കാർ ഈ ചിന്താമണ്ഡലങ്ങളിലൂടെയൊക്കെ സഞ്ചരിക്കണം.
കുന്നത്തൂർ ദേവീക്ഷേത്രത്തിൽ പൂജ നടത്തി വന്നതു് വെളിച്ചപ്പാടു് കൊച്ചുരാമനാണു്. അയാളെ മാറ്റി ബ്രാഹ്മണനെ പൂജാരിയാക്കാൻ ക്ഷേത്രഭരണ സമിതി തീരുമാനിച്ചു. വെളിച്ചപ്പാടു് ദേവിയുടെ വിഗ്രഹത്തെ പുണർന്നുകൊണ്ടു് ആത്മഹത്യ ചെയ്തു. ശ്രീ. പി. വി. തമ്പി കുങ്കുമം വാരികയിലെഴുതിയ ‘അന്ത്യപൂജ’ എന്ന ചെറുകഥയുടെ സാരമിതാണു്. കഥാകാരനു ഭാവനയുടെ പ്രകാശത്തിൽ പ്രതിപാദ്യവിഷയത്തെ ദർശിക്കാൻ കഴിവില്ല. അതുകൊണ്ടു് ഉദ്വേഗജനകമായിത്തീരേണ്ട കഥ സ്കൂൾ ബോയ് കോംപൊസിഷൻ പോലെ ശുഷ്കമായി ഭവിച്ചിരിക്കുന്നു. വെള്ളക്കടലാസ്സിൽ കുറെ അക്ഷരങ്ങൾ വീഴ്ത്തിയാൽ, അച്ചുകൂടത്തിലുള്ളവർ അച്ചടി മഷികൊണ്ടു് അതു വാരികയുടെ താളുകളിൽ പ്രത്യക്ഷമാക്കിയാൽ കലാസൃഷ്ടിയാവില്ല. വാരികയുടെ പുറങ്ങളിലെ കറുത്ത അക്ഷരങ്ങളിൽ നിന്നു വെളിച്ചപ്പാടു് എഴുന്നേറ്റു വരണം. അയാളുടെ യാതന നമ്മൾ അനുഭവിക്കണം. അയാൾ കഴുത്തറുത്തപ്പോൾ ചാടിയ രക്തത്തിന്റെ ചുവപ്പു നിറം കണ്ടു നമ്മൾ ഞെട്ടണം. ഇന്നത്തെ നിലയിൽ പി. വി. തമ്പിയുടേതു വ്യർത്ഥമായ രചനയാണു്.
1956-ൽ നോബൽ സമ്മാനം വാങ്ങിയ സ്പാനിഷ് കവി വ്വാൻ റാമോൻ ഹീമനെത്തി ന്റെ (Juan Ramon Jimenez, 1881–1958) ഒരു പ്രേമകാവ്യം തർജ്ജമചെയ്തു് കുങ്കുമം വാരികയിൽ ചേർത്തിരിക്കുന്നു. ഹീമനെത്തു് രവീന്ദ്രനാഥ ടാഗോറി ന്റെ അനുകർത്താവായിരുന്നു. സദൃശങ്ങളായ എത്ര വരികൾ വേണമെങ്കിലും ഉദ്ധരിക്കാം. ഒരെണ്ണംമാത്രം നല്കാം.
Never be afraid of the moments—thus sings the voice of the everlasting (Tagore, Stray Birds). The best has only two moments; its moment and soon afterward, its eternity (Jimenez).
ഇരുപതു കൊല്ലം മുൻപു് ഞാൻ ഈ സാദൃശ്യങ്ങളെക്കുറിച്ചു് ജി. ശങ്കരക്കുറുപ്പിനു് എഴുതി അയച്ചു. “ടാഗോറിനു് അങ്ങനെ ചില അനുകർത്താക്കൾ സ്പെയിനിലുണ്ടെന്നു കേട്ടിട്ടുണ്ടു്” എന്നു് അദ്ദേഹം മറുപടിയായി എഴുതി. കുങ്കുമത്തിലെ കാവ്യത്തിലും ടാഗോർ എഴുതിയ ‘ഉദ്യാനപാലക’ന്റെ സ്വാധീനശക്തി കാണാം.
(കവിയുടെ പേരു ജുവാൻ റാമോൺ ജിമീനെസ് എന്നു വാരികയിൽ കൊടുത്തിരിക്കുന്നു. ശരിയല്ല അതു്.)
ജർമ്മൻ ഫീൽഡ് മാർഷലും നാത്സി പാർട്ടി നേതാവുമായിരുന്ന ഹെർമാൻ വിൽഹെം ഗോയ്റിങ് (Goering, 1893–1946) പറഞ്ഞു: ‘ജുതനാരാണെന്നു തീരുമാനിക്കേണ്ടതു് ഞാനാണു്.’ ഗോയ്റിങ്ങിനു് ഇഷ്ടമില്ലാത്ത ആരെയെങ്കിലും വധിക്കണമെങ്കിൽ അയാളെ ജുതൻ എന്നു മുദ്രകുത്തിയാൽ മതി. എന്റെ അഭിവന്ദ്യമിത്രമായ പുനലൂർ ബാലൻ ‘വയ്യാ’ എന്ന കാവ്യമെഴുതിയിട്ടു് (മനോരമ ആഴ്ചപ്പതിപ്പു്) അതു കാവ്യമാണെന്നു പ്രഖ്യാപിക്കുന്നു. നമുക്കു പിന്നെന്തു ചെയ്യാൻ കഴിയും?
വയ്യായെന്നു പറഞ്ഞവരെല്ലാം
വൈകിയുണർന്നവരത്രേ.
ആകാമെന്നു പറഞ്ഞവരെല്ലാം
നേർത്തെയുണർന്നവരത്രേ.
എന്നു നാലുവരി മതി, കാവ്യത്തിന്റെ സ്വഭാവം ഗ്രഹിക്കാൻ.
വർണ്ണോജ്ജ്വലമായ ആഖ്യാനമാണു് സി. വി. രാമൻ പിള്ള യുടേതു്. വർണ്ണ രഹിതമായ ആഖ്യാനം തകഴി ശിവശങ്കരപ്പിള്ള യുടേതു്. രണ്ടാമത്തേതാണു് ഈ ലേഖകനിഷ്ടം. ഈ. വി. കൃഷ്ണപിള്ള യുടെ ഹാസ്യരചനകളിലാകെ വർണ്ണരഹിതമായ ആഖ്യാനം കാണാം. സുകുമാറും അങ്ങനെ തന്നെ. ആയാസമില്ലാതെ അദ്ദേഹം ഹാസ്യം സൃഷ്ടിക്കുന്നു. ഉദാഹരണം മനോരാജ്യം വാരികയിലെ “രക്തസാക്ഷിദിനം”.
സമയം കൊല്ലാൻ വേണ്ടി ഞാൻ സിനിമ കാണാൻ പോകുന്നു. പക്ഷേ, സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴും എന്നെ സമയം കൊല്ലുകയാണു് (സിറ്റ് വെല്ലിനോടു ഭാഗികമായ കടപ്പാടു്). കാലം നിഗ്രഹിക്കുന്ന മനുഷ്യനെ കിളിമാനൂർ മധു ഹൃദയസ്പർശകമായി അവതരിപ്പിക്കുന്നു. ‘സമയതീരങ്ങളിൽ’ എന്ന കാവ്യത്തിൽ (സമതാളം, വാർഷികപ്പതിപ്പു്).
സമയതീരങ്ങളിൽ
വ്യഥകാത്ത പഥികന്റെ നിഴലുകൾ ചവിട്ടി നാ-
മറിയാത്ത കോണുകളിലറിയാ മനസ്സുകളി-
ലുണരുമെന്നൂഹിച്ചു കാത്തുവച്ചെത്രയോ മൗന
ങ്ങളതു പൊട്ടിവിരിയുന്ന തളിരിലകൾ നാമ്പുകൾ
തളരുമീ; വഴിവക്കിലൊരു തണൽ വൃക്ഷമായ്
വളരുമെന്നൂഹിച്ചു നിന്നതും സമയതീരങ്ങളിൽ
ചന്ദ്രിക ആഴ്ചപ്പതിപ്പിൽ അറോറിഡ്യൂഡിവന്റ് എന്ന ഫ്രഞ്ച് നോവലെഴുത്തുകാരിയുടെ തൂലികാനാമം ജോർജ് സാൻഡ് ആണെന്നു കാണിച്ചുകൊണ്ടു് ഹബീബ് അഴീക്കോടു് എഴുതുന്നു. അങ്ങനെയാരും ഫ്രഞ്ചു് സാഹിത്യത്തിൽ ഇല്ല. ഓരൊർ ദ്യുദവാങ് എന്ന സ്ത്രീ ഷൊർഷ് സാങ്ദു് എന്ന പേരിൽ നോവലുകൾ എഴുതിയിട്ടുണ്ടു്. (Aurore Dudevant, George Sand) അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും.
“നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി” എന്നതിനു് ആർ. രാമചന്ദ്രൻ നായർ നല്കിയ വ്യാഖ്യാനം തെറ്റാണെന്നു് സി. അച്യുതമേനോൻ എഴുതുന്നു (ജനയുഗം വാരിക). സ്ത്രീക്കു് അസ്തിത്വമേയില്ല എന്നാണു് അച്യുതമേനോന്റെ വാദം. അദ്ദേഹത്തിന്റെ ആ അർത്ഥപ്രദർശനം ശരിയല്ല. സ്ത്രീയെ ബാല്യത്തിൽ അച്ഛനും യൗവനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും രക്ഷിക്കണം. അവൾ സ്വാതന്ത്ര്യത്തോടെ നടക്കരുതു് എന്നാണു് ശരിയായ അർത്ഥം. “അർഹാവഭോജയൻ വിപ്രോ ദണ്ഡമർഹതി മാഷകം” എന്ന മനുസ്മൃതി വാക്യം നോക്കുക. അർഹ ശബ്ദത്തിനു് അച്യുതമേനോൻ കല്പിക്കുന്ന അർത്ഥം ഇല്ല. എങ്കിലും എഴുതാത്ത പുറം വായിച്ച രാമചന്ദ്രൻ നായർക്കു് അതു് പറ്റിയ മറുപടി തന്നെ.