
കലാകൗമുദി വാരികയുടെ പുറംചട്ടനോക്കുക. ചേതോഹരങ്ങളായ തപാൽ മുദ്രകളുടെ ചിത്രം കാണാം. ഒസ്ട്രീയയ്ക്കും സ്വിറ്റ്സർലണ്ടിനും ഇടയ്ക്കുള്ള മാണ്ഡലികരാഷ്ട്രമാണു് (പ്രിൻസിപലിറ്റി = രാജകുമാരൻ ഭരിക്കുന്ന ദേശം) ലിഹ്റ്റൻഷ്ടൈൻ (Liechtenstein). അതിന്റെ തലസ്ഥാനം വാഡൂറ്റ്സ് (Vaduz). തപാൽമുദ്രകൾ വിറ്റു കിട്ടുന്ന പണമാണു് ഈ ദേശത്തിന്റെ പൊതുവരുമാനം.

ലിഹ്റ്റൻഷ്ടൈൻ സന്ദർശിച്ച രവീന്ദ്രൻ ആ ദേശത്തെക്കുറിച്ചു് വായിക്കാൻ കൊള്ളാവുന്ന ഒരു ലേഖനം കലാകൗമുദിയിൽ എഴുതിയിട്ടുണ്ടു്. അദ്ദേഹം കൊണ്ടുവന്ന തപാൽമുദ്രകളുടെ ചിത്രമാണു് നമ്മൾ വാരികയുടെ പുറംചട്ടയിൽ കാണുന്നതു്. ഈ തപാൽമുദ്രകളുടെ ചിത്രം നമ്മളെ ലിഹ്റ്റൻഷ്ടൈൻ ദേശത്തേക്കു് കൊണ്ടു ചെല്ലുന്നില്ലേ? ‘സങ്കല്പവായുവിമാന’ത്തിലേറി നമ്മൾ അവിടെ ചെല്ലുന്നു എന്നുതന്നെയാണു് എന്റെ വിചാരം. പോസ്റ്റേജ് സ്റ്റാമ്പുകൾ ദ്രഷ്ടാവിന്റെ ഭാവനയെ ഉദ്ദീപിപ്പിക്കുന്നതിന്റെ വിവരണമടങ്ങിയ അതിസുന്ദരമായ ഒരു നോവൽ ഞാൻ വായിച്ചിട്ടുണ്ടു്. പോളണ്ടിലെ സാഹിത്യകാരനായ ബ്രൂനോ ഷുൾസി ന്റെ Sanatorium Under the Sign of the Hourglass. കാഫ്ക യ്ക്കും പ്രൂസ്തി നും ചെന്നെത്താൻ കഴിയാത്ത ആഴങ്ങളിൽ എത്തിച്ചേർന്ന സാഹിത്യകാരനാണു് ഷുൾസ് എന്നു് നോബൽ സമ്മാനം നേടിയ ഐസക്‍ ബാഷേവിസ് സിങ്ങർ പറഞ്ഞിട്ടുണ്ടു്. നോവലിലെ (ഷുൾസിന്റെ ജീവിതകഥയുടെ കാവ്യാത്മകമായ ആവിഷ്കാരമാണു് ഇതു്) പ്രധാന കഥാപാത്രം ഒരു സ്റ്റാമ്പ് ആൽബം തുറന്നു. വർണ്ണോജ്ജ്വലങ്ങളായ ലോകങ്ങളുടെ വശ്യതയും വൈപുല്യമാർന്ന സ്ഥലങ്ങളുടെ പ്രശാന്തതയും അയാളുടെ മുൻപിൽ എത്തുകയായി. ആൽബത്തിന്റെ ഓരോ പേജിലൂടെയും ഈശ്വരൻ നടന്നു. അയാൾ ഈശ്വരൻ ആരാണെന്നു് അറിഞ്ഞു. താലവൃന്ദങ്ങളുടെ മുകളിലുള്ള വായു തത്തയുടെ വിവിധവർണ്ണാഞ്ചിതമായ ചിറകുകളോടൊപ്പം സ്പന്ദിച്ചു. വൈപുല്യമാർന്ന ഇന്ദ്രനീലംപോലെ; അന്തർഭാഗംവരെ കാറ്റടിച്ചു തുറന്ന റോസാപ്പൂപോലെ. അതിന്റെ കണ്ണഞ്ചിക്കുന്ന കേന്ദ്രം കാണാറായി. ഈശ്വരന്റെ വിജ്ഞാനത്തിന്റെ തിളക്കംകൊണ്ടു് അദ്ദേഹത്തിന്റെ മായൂരനേത്രം ശോഭിക്കുകയായി. മാത്രമോ? ലോകത്തിന്റെ ജ്വലിക്കുന്ന സൗന്ദര്യം മുഴുവൻ ആ ആൽബത്തിലൂടെ പ്രത്യക്ഷമായി. ഈ നോവലിനു് അവതാരികയെഴുതിയ അമേരിക്കൻ നോവലിസ്റ്റ് അപ്ഡൈക്ക് പറയുന്നു: A stamp album even more powerfully offers itself as a substitute for, as a demiurgic activator of, the world—ഉപദേവതാത്മാവായ ത്വരായുക്തനെപ്പോലെ ഒരു സ്റ്റാമ്പ് ആൽബം ലോകത്തിനു പകരമായി കൂടുതൽ ശക്തിയാർന്നു സ്വയം അർപ്പിക്കുകയാണു് ഇവിടെ. ഷുൾസിന്റെ നോവൽ വായിച്ചു് സാഹിത്യത്തിന്റെ സൗന്ദര്യം കാണാൻ ഞാൻ പ്രിയപ്പെട്ട വായനക്കാരെ സാദരം ക്ഷണിക്കുന്നു.

അമേരിക്കൻ അഭിനേതാവായ പോൾ മ്യൂനി (മരണം 1967-ൽ) ഹോളിവുഡ്ഡിലൂടെ നടക്കുമ്പോൾ മറ്റാളുകൾ അദ്ദേഹത്തെ നോക്കി അതാ സൊല (Zola) പോകുന്നു, ലൂയി പാസ്റ്റൊർ പോകുന്നു, വാങ്ലങ് പോകുന്നു എന്നു പറയുമായിരുന്നു. അദ്ദേഹം അഭിനയിച്ച ചലച്ചിത്രങ്ങളിലെ നായകന്മാരായിരുന്നു അവർ. മ്യൂനി കഥാപാത്രങ്ങളുടെ ജീവിതവുമായി അത്രകണ്ടു താദാത്മ്യം പ്രാപിച്ചുവെന്നു് നമ്മൾ അങ്ങനെ മനസ്സിലാക്കുന്നു. കൈനിക്കര കുമാരപിള്ള യെ ഇമ്മട്ടിൽ രാജാകേശവദാസ നായും വേലുത്തമ്പിദളവ യായും കേരളീയർ കണ്ടിരുന്ന കാലമുണ്ടായിരുന്നു. കൈനിക്കര പത്മനാഭപിള്ള യുടെ ‘കാൽവരിയിലെ കല്പപാദപം’ എന്ന നാടകത്തിലെ ജൂഡാസായി വേഷം കെട്ടിയ കുമാരപിള്ളയെ അദ്ദേഹത്തിന്റെ അഭിനയപാടവത്തിന്റെ പേരിൽ ‘അതാ ജൂഡാസ്’ എന്നു നാടകം കണ്ടവർ പറഞ്ഞതു് ഞാൻ കേട്ടിട്ടുണ്ടു്. അഭിനയകലയെ അതിന്റെ അധിത്യകയിലെത്തിച്ച കൈനിക്കര കുമാരപിള്ള നിത്യജീവിതത്തിൽ ഒട്ടും അഭിനയമില്ലാതെ, സത്യസന്ധനായി ജീവിക്കുന്നു. അദ്ദേഹം ഒരു കള്ളംപോലും പറയുകയില്ല; തെറ്റായ ഒരു പ്രവൃത്തിയും ചെയ്യുകയില്ല. മനുഷ്യനിൽ നന്മയും തിന്മയുമുണ്ടു്. നന്മകൂടിയ മനുഷ്യനെ നല്ലയാളെന്നും തിന്മ കൂടിയ മനുഷ്യനെ ചീത്തയാളെന്നും നമ്മൾ വിളിക്കുന്നു. എന്നാൽ കുമാരപിള്ള എന്ന മഹാപുരുഷനിൽ തിന്മയുടെ അംശംപോലുമില്ല. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വിശുദ്ധിയോടെ ജീവിക്കുന്ന കുമാരപിള്ളസ്സാറിനു് കാഠിന്യമുണ്ടെന്നു വിചാരിക്കരുതു്. അദ്ദേഹം പരമകാരുണികനാണു്. അന്യന്റെ ദുഃഖം കണ്ടാൽ കണ്ണീരൊഴുക്കുന്ന മഹാനാണു് അദ്ദേഹം. അദ്ദേഹത്തിനു് എൺപത്തിനാലുവയസ്സു തികഞ്ഞിരിക്കുന്നു. തിരുവനന്തപുരത്തെ ജനങ്ങൾ അദ്ദേഹത്തെ ആദരിച്ചു. പ്രൊഫസർ എൻ. കൃഷ്ണപിള്ള യും ടി. ആർ. സുകുമാരൻ നായരും കെ. വി. നീലകണ്ഠൻ നായരും കുമാരപിള്ളയുടെ സ്വത്വത്തിന്റെ സവിശേഷതയെ അനാവരണം ചെയ്തുകൊണ്ടു കലാകൗമുദിയിൽ എഴുതിയിരിക്കുന്നു. അദ്ദേഹത്തെ ആദരിച്ചതും ലേഖനങ്ങൾ എഴുതിയതും അവ പ്രസിദ്ധപ്പെടുത്തിയതും ഉചിതജ്ഞതയുള്ള പ്രവൃത്തികളാണു്. മഹാന്മാരെ ബഹുമാനിക്കുമ്പോൾ നമ്മളും ഔന്നത്യത്തിലെത്തുകയാണല്ലോ. കലയുടെയും സത്യത്തിന്റെയും ഉപാസകനായ ഈ മഹാവ്യക്തിയുടെ മുൻപിൽ നിസ്സാരനായ ഞാനും തലകുനിച്ചു നില്ക്കുന്നു.
ഒരുദിവസം ഒരാൾ മേശയ്ക്കകത്തുനിന്നു് ഒരു കൊച്ചു മെഴുകുതിരിയെടുത്തു കത്തിച്ചുകൊണ്ടു് ദൈർഘ്യമുള്ള കോണിപ്പടി കയറി. മെഴുകുതിരി ചോദിച്ചു: “എങ്ങോട്ടു പോകുന്നു?”
“മുകളിലുള്ള മുറിയിൽ. അവിടെയാണു് ഞാനുറങ്ങുന്നതു്.”
മെഴുകുതിരി വീണ്ടും ചോദിച്ചു: “അവിടെ എന്തുചെയ്യാൻ പോകുന്നു?”
“തുറമുഖം എവിടെയെന്നു കപ്പലുകൾക്കു കാണിച്ചുകൊടുക്കാൻ പോവുകയാണു് ഞാൻ.” അതുകേട്ടു മെഴുകുതിരി പറഞ്ഞു: “ഒരു കപ്പലും എന്റെ ദീപം കാണില്ല. ഞാനത്രയ്ക്കു ചെറുതല്ലേ?”
“നീ ചെറുതാണെങ്കിൽ ദീപം കഴിയുന്നിടത്തോളം ജ്വലിപ്പിച്ചു നില്ക്കു ശേഷമുള്ളതു ഞാൻ ചെയ്തു കൊള്ളാം.” എന്നു് അയാൾ. അയാൾ ആ ലൈറ്റ് ഹൗസിന്റെ മുകളിലെത്തി. ആ കൊച്ചുമെഴുകുതിരികൊണ്ടു് അവിടെ സജ്ജമാക്കിയിരുന്ന വലിയ വിളക്കുകൾ കത്തിച്ചു. അവയ്ക്കു പിറകിലായി പ്രകാശം പ്രതിഫലിപ്പിക്കുന്ന ഉപകരണങ്ങളുമുണ്ടു്. കൊച്ചുദീപങ്ങളും വലിയദീപങ്ങളുമുണ്ടു്. കൊച്ചുദീപം വലിയദീപത്തിന്റെ ആവിർഭാവത്തിനു കാരണമായി. നമുക്കു വലിയ ദീപമാകാൻ കഴിഞ്ഞില്ലെന്നുവരാം. എങ്കിലും കൊച്ചുദീപമെങ്കിലും ആകണം.
മരിച്ചുപോയ വ്യക്തികളെക്കുറിച്ചു് എന്തു പറഞ്ഞാലും അതു് അധാർമികമായി വരും. മുണ്ടശ്ശേരിയെക്കുറിച്ചാണു് ശങ്കരക്കുറുപ്പു് ഇവിടെ പരുക്കൻ മട്ടിൽ എഴുതുന്നതു്. ആ ശത്രുവിന്റെ കൂട്ടത്തിൽ പുത്തേഴത്തു രാമമേനോനെയും അദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നു.
കലയുടെ കൊച്ചുദീപമെങ്കിലും കത്തിച്ചു വയ്ക്കുമ്പോൾ അതു് ഭീമാകാരമാർന്ന സത്യത്തിന്റെ ഒരു ഭാഗമെങ്കിലും പ്രകാശിപ്പിക്കേണ്ടേ? അതിനു കഴിയാതെ നാട്യം കാണിച്ചതുകൊണ്ടെന്തു പ്രയോജനം? എം. ആർ. മനോഹരവർമ്മയുടെ ‘രാത്രിവണ്ടി’ എന്ന ചെറുകഥ വായിച്ചപ്പോൾ (മാതൃഭൂമി ആഴ്ചപ്പതിപ്പു്) തോന്നിയ ചോദ്യമാണിതു്. ഒരുത്തന്റെ കൈലേസ് നഷ്ടപ്പെട്ടു. പൊലീസുകാരൻ അയാളെ വിളിച്ചുകൊണ്ടുപോയി സ്റ്റേഷനിലേക്കു്. അവിടെ കൈലേസുണ്ടു്; അതിൽ ഒരു ചോരക്കുഞ്ഞും. കുഞ്ഞു് തന്റേതല്ലെന്നു പറയാൻ അയാൾക്കു ധൈര്യമുണ്ടായില്ല. കൈലേസിനോടൊപ്പം കുഞ്ഞിനെയുമെടുത്തു് അയാൾ നടന്നു. സിനിമാശാലയിൽ അയാളതിനെ ഉപേക്ഷിച്ചു. പക്ഷേ വേറൊരാൾ അയാൾക്കതിനെ കൊണ്ടുവന്നു കൊടുത്തു. തീവണ്ടികയറിച്ചാകട്ടെയെന്നു കരുതി അയാളതിനെ പാളത്തിൽ കൊണ്ടുവച്ചു. പക്ഷേ രാത്രി മുഴുവൻ അയാൾക്കു കുഞ്ഞിനെക്കുറിച്ചുതന്നെ വിചാരം. നേരം വെളുത്തപ്പോൾ അയാൾ പാളത്തിനടുത്തു ചെന്നു നോക്കി. കുഞ്ഞു് അവിടെത്തന്നെ കിടക്കുന്നു. അതിനു് ഒരാപത്തും സംഭവിച്ചിട്ടില്ല. ഇക്കഥയിൽ കുഞ്ഞു് സിംബലാണെന്നതു വ്യക്തം. ഏതിന്റെ സിംബൽ എന്നു വായനക്കാർക്കു് ഊഹിക്കാൻ തക്കവിധത്തിൽ സൂചകപദങ്ങൾ കഥാകാരൻ നല്കിയിട്ടില്ല. അതുകൊണ്ടു് ആർക്കും എന്തുവേണമെങ്കിലും സങ്കല്പിക്കാം. യാദൃച്ഛികമായി മറ്റാരോ നമ്മളിൽ അടിച്ചേല്പിക്കുന്ന ആശയത്തെ തള്ളിക്കളയാൻ നമ്മൾ അശക്തരാണെന്നു പറയാം. നമ്മുടേതായ ഏതെങ്കിലും വസ്തുവിനോടു ചേർന്നു കിട്ടുന്ന വസ്തുവിനെ ഉപേക്ഷിക്കാൻ നമ്മെക്കൊണ്ടാവില്ല എന്നും പറയാം. ഏതു ‘ഫൂളിഷ്നെസ്’ പറഞ്ഞാലും ശരിയായിരിക്കും. മനുഷ്യജീവിതത്തെസ്സംബന്ധിച്ചിടത്തോളം സത്യമായതിനെ ആവിഷ്കരിക്കുമ്പോഴേ അതിനു മൂല്യമുണ്ടാവൂ. ധിഷണയോടോ വികാരത്തോടോ ബന്ധപ്പെടാതെ ഇമ്മട്ടിൽ നാട്യത്തിന്റെ—ഭാവിക്കലിന്റെ—സന്തതിയായി ഒരു ചെറുകഥയെഴുതിവച്ചതുകൊണ്ടു് ഒരു പ്രയോജനവുമില്ല.
ഒരിക്കൽ ഞാൻ വേണാട് എക്സ്പ്രസ്സ് ട്രെയിനിൽ എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്നു. ആ തീവണ്ടിയിലെ തിരക്കും ബഹളവും എല്ലാവർക്കുമറിയാം. നാലുപേർ ഇരിക്കാനുള്ള സീറ്റിൽ എട്ടുപേരാണു് ഇരിക്കുക. തീവണ്ടി എറണാകുളത്തു നിന്നു തിരിച്ചു് അധികം സമയമായില്ല. തൊട്ടടുത്തിരുന്ന ഒരാൾ എന്റെ തോളിൽ തലവച്ചു് ഉറക്കമായി. എനിക്കു് ആ ഭാരം താങ്ങാൻ വയ്യായിരുന്നു. എങ്കിലും മിണ്ടിയില്ല. പക്ഷേ എന്റെ നേരേ എതിരെയിരുന്ന ഇംഗ്ലീഷദ്ധ്യാപകൻ (എന്റെ ഗുരുനാഥൻ വാസുദേവപ്പണിക്കർ സാറിന്റെ മകൻ. എറണാകുളം കോളേജിൽ ജോലിയായിരുന്നു അദ്ദേഹത്തിനു് അന്നു്. ആ നല്ല മനുഷ്യനെ ഞാൻ ഇനി കാണുകയില്ല) ദേഷ്യത്തോടെ, “അയാളോടു പറയൂ, പറയൂ’ എന്നു എന്നോടു് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഞാൻ ചിരിച്ചുകൊണ്ടു് കോട്ടയം വരെ ആ ഭാരം താങ്ങി. തോളൊടിയുമെന്നായപ്പോൾ ആ നിദ്രാസക്തനെ വിളിച്ചുണർത്തി. അർത്ഥരഹിതമോ ദുർഗ്രഹമോ ആയ സിംബൽ വായനക്കാരന്റെ തോളിൽ വച്ചമർത്തിയാൽ അതു സഹിക്കാനാവുന്ന സമയത്തിനു പരിധിയുണ്ടെന്നു് കഥാകാരന്മാരോടു പറയേണ്ടിയിരിക്കുന്നു.
മരിച്ചുപോയ വ്യക്തികളെക്കുറിച്ചു് എന്തു പറഞ്ഞാലും അതു് അധാർമ്മികമായിവരും. സത്യത്തിൽ സത്യം എന്നു നമുക്കു് ഉറപ്പുള്ളതുപോലും പറയാൻ പാടില്ല എന്നെനിക്കറിയാം. എങ്കിലും ഇതിനു മുൻപും ഞാൻ അന്തരിച്ച വ്യക്തികളെക്കുറിച്ചു്—അവരുടെ സ്വഭാവരീതികളെക്കുറിച്ചു്, പ്രവർത്തനങ്ങളെക്കുറിച്ചു്—എഴുതിയിട്ടുണ്ടു് ‘മരിച്ചവർ മിണ്ടുകില്ല’ എന്നു് ഒർറ്റൂർ ഷ്നിറ്റ്സ്ലറു ടെ ഒരു വിശ്വവിഖ്യാതമായ കഥയുടെ പേരു്. മിണ്ടാൻ കഴിയാത്തവരെപ്പറ്റി അതുമിതുമെഴുതുന്നതു ക്രൂരതയാണു് എങ്കിലും തെറ്റിദ്ധാരണ ഒഴിവാക്കാനായി ചിലപ്പോൾ എഴുതേണ്ടതായും വരും.
മഹാകവി ജി. ശങ്കരക്കുറുപ്പി ന്റെ ആത്മകഥയിൽ (മാതൃഭൂമി) ഇങ്ങനെ കാണുന്നു: “പുത്തേഴൻ മാത്രമല്ല, മുണ്ടശ്ശേരിയും അന്നു തൃശ്ശിവപേരൂരെ സമ്മേളനം ബഹിഷ്കരിക്കുകയാണു് ചെയ്തതു്. ഞങ്ങൾ തമ്മിലുള്ള ബന്ധം അത്ര കലുഷമായിക്കഴിഞ്ഞിരുന്നു. ആ കഥ വളരെ നീണ്ടതാണു്. അതു് ഇവിടെ കടന്നു വന്നാൽ കൂടാരത്തിനകത്തു് ഒട്ടകം കേറിയതു പോലെയായിത്തീരും. 1955-ൽ തിരുവനന്തപുരത്തെ സാഹിത്യപരിഷതു് സമ്മേളനം കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ വിജൃംഭിത വിരോധത്തിൽ പങ്കുകൂടാൻ കെ. ദാമോദരൻ, എൻ. ഗോപാലപിള്ള, ഡോക്ടർ ഭാസ്കരൻ നായർ എന്നിവരേയും അനുയായികളേയും കൂടി കിട്ടാൻ അന്നു് ഒരു തിരുവനന്തപുരം പത്രത്തിൽ മുറുക്കിത്തുപ്പലിന്റേയും അഭിമുഖഭാഷണത്തിന്റേയും രസമുള്ള വിവരണം വന്നിരുന്നു.”
മുണ്ടശ്ശേരി യെക്കുറിച്ചാണു് ശങ്കരക്കുറുപ്പു് ഇവിടെ പരുക്കൻ മട്ടിൽ എഴുതുന്നതു്. ആ ശത്രുവിന്റെ കൂട്ടത്തിൽ പുത്തേഴത്തു രാമമേനോനെ യും അദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു ദിവസം കാലത്തു ഗുരുവായൂരമ്പലത്തിനകത്തുവച്ചു് ഞാൻ പുത്തേഴത്തു രാമമേനോനെ കാണാനിടയായി. “എന്താണു് ശങ്കരക്കുറുപ്പിനോടു് അങ്ങയ്ക്കു് ഇത്ര വിരോധം?” എന്നു ഞാൻ ചോദിച്ചു. ഉടനെ അദ്ദേഹം മറുപടി നല്കിയതു് ഇങ്ങനെ: “ഹായ് അമ്പലത്തിനകത്തു വച്ചു് ഇത്തരം കാര്യങ്ങൾ സംസാരിക്കുകയോ? വേണ്ട വേണ്ട.” കുറെ മാസങ്ങൾക്കു ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്തു വച്ചു് ഞാൻ വീണ്ടും കണ്ടു. ഞാൻ ചോദ്യം ആവർത്തിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “ശങ്കരക്കുറുപ്പു് ആരുമല്ലാതിരുന്ന കാലത്തു് ഒരു പുസ്തകത്തിനു് അവതാരിക വേണമെന്നു പറഞ്ഞു് എന്റെ അടുക്കലെത്തി. വിനയസമ്പന്നനായിട്ടാണു് നില്പു്. രണ്ടാം മുണ്ടു പോലും കൈയിൽ എടുത്തിട്ടിരുന്നു. ഞാൻ അവതാരിക എഴുതിക്കൊടുത്തു. ശങ്കരക്കുറുപ്പു് പ്രസിദ്ധനായപ്പോൾ ആ അവതാരിക അന്തർദ്ധാനം ചെയ്തു”. ഇതു സത്യമാണെങ്കിൽ പുത്തേഴത്തു രാമമേനോൻ സാപരാധനാണെന്നു കരുതാൻ വയ്യ. അതു് അപമാനിക്കലാണല്ലോ. ഇതു മനസ്സിൽ വച്ചിരുന്നതുകൊണ്ടു് ആരുമല്ലാത്ത എനിക്കു പില്ക്കാലത്തു വേദന വരാതിരിക്കത്തക്ക വിധത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. ജി. ശങ്കരക്കുറുപ്പു് തന്റെ പ്രസിദ്ധപ്പെടുത്തിയ രണ്ടു കാവ്യഗ്രന്ഥങ്ങൾ ഒന്നാക്കി വീണ്ടും പ്രസിദ്ധപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെന്നും അതിനു് എന്റെ അവതാരിക വേണമെന്നും കാണിച്ചു് എനിക്കെഴുതി. അവയിൽ ഒരു പുസ്തകം ‘പൂജാപുഷ്പ’മായിരുന്നു. ഞാൻ കത്തും പുസ്തകങ്ങളും വാങ്ങി വച്ചതല്ലാതെ അവതാരിക എഴുതിയില്ല.
തിരുവാഴിത്താന്മാരായ കവികൾ നമുക്കു ധാരാളം ഉണ്ടു്. തങ്ങളുടെ അസ്തിത്വം അവസാനിക്കാറായി എന്നു കണ്ടാലും അന്യരെ ശല്യപ്പെടുത്തിയിട്ടു് കടന്നുപോകുന്നവർ.
ശങ്കരക്കുറുപ്പു് നിർബ്ബന്ധിച്ചപ്പോൾ മഹാകവിയുടെ “പൂജാപുഷ്പ”ത്തിനു് എന്റെ അവതാരികയാകുന്ന മുള്ളു വേണ്ട എന്നു ഞാൻ മറുപടി കൊടുത്തു. പുസ്തകങ്ങളും തിരിച്ചയച്ചു. ആ കത്തും അദ്ദേഹത്തിന്റെ മറ്റനേകം കത്തുകളും പ്രസിദ്ധീകരിക്കാനെന്നു പറഞ്ഞു് അദ്ദേഹം തിരിച്ചു ചോദിച്ചു. ഭാവനയുടെ സത്യത്തിൽ വിഹരിക്കുന്ന മഹാകവി നിത്യജീവിതത്തിന്റെ സത്യത്തിലും വിഹരിക്കുമെന്നു വിചാരിച്ചു് ഞാൻ എല്ലാ കത്തുകളും തിരിച്ചയച്ചുകൊടുത്തു. പകർത്തിയെടുത്തിട്ടു് അവ തിരിച്ചേല്പിക്കാമെന്നാണു് അദ്ദേഹം കത്തുകൾ തിരിച്ചു ചോദിച്ചപ്പോൾ എനിക്കെഴുതിയതു്. കത്തുകൾ തിരിച്ചു കിട്ടിയില്ല. എൻ. വി. കൃഷ്ണവാര്യരോ ടും ഗുപ്തൻ നായരോ ടും ഞാൻ തിരക്കി അദ്ദേഹം അവർക്കയച്ച കത്തുകൾ പ്രസിദ്ധീകരണത്തിനു തിരിച്ചു ചോദിച്ചോ എന്നു്. ചോദിച്ചില്ല എന്നായിരുന്നു രണ്ടുപേരുടെയും മറുപടി. പുത്തേഴത്തു് രാമമേനോനും (ശങ്കരക്കുറുപ്പിന്റെ പുത്തേഴൻ) ജി. ശങ്കരക്കുറുപ്പും എന്റെ ഈ വാക്യങ്ങൾ വായിക്കുന്നില്ല. വായിക്കുന്ന പ്രിയപ്പെട്ട വായനക്കാരോടു് ചോദിച്ചുകൊണ്ടു് ഞാൻ ഈ ചിന്ത ഇവിടെ നിറുത്തട്ടെ.
ചന്തുമേനോനെ ക്കുറിച്ചു് ഞാനൊരു നേരമ്പോക്കു കേട്ടിട്ടുണ്ടു്. ഒരുത്തൻ പാട്ടുകാരനാണെന്നു പറഞ്ഞു് അദ്ദേഹത്തിന്റെ അടുക്കലെത്തി. ‘പാടു’ എന്നു ചന്തുമേനോൻ. അസഹനീയമായ ഗർദ്ദഭശബ്ദം ‘നിറുത്തു നിറുത്തു’ എന്നു് അദ്ദേഹം. എവിടെയാ വീടു്?”’ പാട്ടുകാരൻ സ്ഥലം പറഞ്ഞു ചന്തുമേനോൻ വീണ്ടും: “അങ്ങോട്ടെക്കു വണ്ടിക്കൂലി എന്താകും?” “പതിമ്മൂന്നണ” എന്നു ഗായകൻ. ചന്തുമേനോൻ ശിപായിയെ വിളിച്ചു് ഒരു രൂപയെടുത്തു കൊടുത്തിട്ടു് “ഇതു മാറ്റി പതിമ്മൂന്നു് അണ ഇയാൾക്കു കൊടുക്കു. മൂന്നണ തിരിച്ചു കൊണ്ടുവരൂ” എന്നാജ്ഞാപിച്ചു. അത്ര കഠോരമായി പാടുന്നവനു് ഒരണ കൂടുതൽ കൊടുക്കാൻ പാടില്ലന്നാണു് സരസനായ ഇന്ദുലേഖാ കർത്താവിന്റെ തീരുമാനം. മലയാളമനോരമ ആഴ്ചപ്പതിപ്പിൽ “റോസാപ്പൂ” എന്ന “കാവ്യം!” രചിച്ച സി. പി. രാഘവൻ ശാസ്ത്രി ചന്തുമേനോന്റെ കാലത്താണു് ജീവിച്ചിരുന്നതെങ്കിൽ പതിമ്മൂന്നണ പോയിട്ടു് ഒറ്റപ്പൈസ പോലും വണ്ടിക്കൂലിയായി അദ്ദേഹത്തിനു കിട്ടുകില്ലായിരുന്നു. കവിതാദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്യുന്ന കവി ദുശ്ശാസനന്മാരെ ചന്തുമേനോനു് അത്രകണ്ടു വെറുപ്പായിരുന്നു. ഇതാ വസ്ത്രാക്ഷേപം അല്പം കണ്ടാലും. ജനനകാലവേഷത്തിൽ നില്ക്കുന്നതിനു മുൻപു് ഞാൻ നിർത്തിയേക്കാം.
നിന്റെ ചേട്ടത്തി ഞെട്ടു പൊട്ടിയീ-
രക്ഷാണിയിൽവീണ വേളയിൽ.
ആശാൻ ആശയധന്യനാക്കവി
ചൊന്ന വാക്കുകളോർക്കുമോ?
ഭൃംഗ സംഗമം മൂത്തുമൂത്തു നീ-
വാരനാരിയായ് തീരല്ലേ,
വാസവദത്തേ ചുട്ട ചാമ്പൽ നീ-
കൺമിഴിച്ചൊന്നു കാണണേ.”
ഹായ് എന്നല്ലാതെ വേറൊന്നും പറയാനില്ല എനിക്കു്.
ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ഗാന്ധിയൻ എവിടെയോ ഒരു മീറ്റിങ്ങിനു പോയിട്ടു് തിരിച്ചു് തിരുവനന്തപുരത്തേക്കു പോരുമ്പോൾ അടൂർ എന്ന സ്ഥലത്തു വച്ചു് ഒരുത്തൻ കൈകാണിച്ചു. അയാളെക്കൂടെ കാറിൽ കയറ്റിക്കൊള്ളാൻ കാരുണ്യമുള്ള അദ്ദേഹം ഡ്രൈവറോടു പറഞ്ഞു. കാറ് കൊട്ടാരക്കര എത്തിയപ്പോൾ പൊലീസ് കൈ കാണിച്ചു് അതു നിറുത്തി. അദ്ദേഹത്തെയും അടൂരിൽ നിന്നു് കാറിൽ കയറിയവനെയും ഡ്രൈവറെയും അവർ അറസ്റ്റ് ചെയ്തു. അടൂരിൽ വച്ചു് കാറ് നിറുത്തിയവൻ കൊലപാതകം ചെയ്തതിനു ശേഷം രക്ഷപ്പെടുകയായിരുന്നു. അയാൾ കാറിൽ കയറിയയുടനെ അടൂർ പൊലീസ് കൊട്ടാരക്കരപ്പൊലീസിനു കമ്പിയില്ലാക്കമ്പി വഴി സന്ദേശം നല്കി.
ഒരു കാറ് റോഡേ പോയ ഒരുത്തനെ തട്ടിയിട്ടിട്ടു പൊയ്ക്കളഞ്ഞു. അയാൾ കിടന്നു പിടയ്ക്കുന്നതു പിറകേവന്ന ഒരു കാറുടമസ്ഥൻ കണ്ടു. അയാൾ ആപത്തു പറ്റിയവനെ സ്വന്തം കാറിലെടുത്തിട്ടു് അടുത്ത പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. അതിനുശേഷം ആശുപത്രിയിൽ പോകാമെന്നു് അയാൾ കരുതിയിരുന്നു. മുറിവേറ്റവനെ കൊണ്ടുവന്ന ആൾ തന്നെയാണു് അയാളെ തട്ടിയിട്ടതെന്നു കരുതി പൊലീസ് ആ മനുഷ്യനെ തല്ലിച്ചതച്ചു.
നിലവിളക്കിന്റെ മേൽഭാഗം ഇളക്കി താഴെ വച്ചിരുന്നു. എന്റെ ഒരകന്ന ബന്ധുവായ ശ്രീ ഓർമ്മിക്കാതെ അതിന്റെ പുറത്തു തന്നെ ചെന്നിരുന്നു കൊടുത്തു. വിളക്കിന്റെ കൂർത്തഭാഗം ആസനം വഴി അകത്തേക്കു തുളച്ചു കയറി. ഇതൊക്കെ അറിവു കൂടാതെ സംഭവിച്ച ദൗർഭാഗ്യങ്ങൾ. തിരുവാഴിത്താൻ മരിക്കാറായി. അയാൾ അനന്തരവന്മാരെ വിളിച്ചു് ഒരാപ്പു് മലദ്വാരം വഴി അടിച്ചു കയറ്റാൻ ആവശ്യപ്പെട്ടു ആപ്പു്, തലയോടു പിളർന്നു. അധികാരികൾ അനന്തരവന്മാരെ ബന്ധനത്തിലാക്കി. തിരുവാഴിത്താന്മാരായ കവികൾ നമുക്കു ധാരാളമുണ്ടു്. തങ്ങളുടെ അസ്തിത്വം അവസാനിക്കാറായി എന്നു കണ്ടാലും അന്യരെ ശല്യപ്പെടുത്തിയിട്ടു പോകുന്നവർ.
ഗുരുവിന്റെ തെറ്റു് ശിഷ്യ ആവർത്തിക്കുകയായിരിക്കും. ഓംചേരി നാരായണപിള്ളയും ആ ക്ളാസ്സിൽ ഉണ്ടായിരുന്നു. നാരായണപിള്ളേ, ഞാൻ ഈ തെറ്റുരണ്ടും പറഞ്ഞില്ലേ?
സ്ട്രറ്റജം (Stratagem), സ്ട്രറ്റജി (strategy), ആർടിഫിസ് (artifice), മെനൂവർ (manoeuvre), റൂസ് (ruse), സബ്റ്റർഫ്യൂജ് (subterfuge) ഡ്രിഫ്റ്റ് (drift), റ്റാക്റ്റിക്സ് (tactics) ഈ വാക്കുകൾ തിസോറസ് (പര്യായനിഘണ്ടു) നോക്കി എഴുതിയതല്ല. ഓർമ്മിച്ചോർമ്മിച്ചു് കുറിച്ചതാണു്. സുഗതകുമാരി യെക്കുറിച്ചു് സീതിഹാജി നിയമസഭയിൽ അനാദരണീയമായി പറഞ്ഞതിനെപ്പറ്റി പലരും അഭിപ്രായം പ്രകടിപ്പിച്ചു. ബാലചന്ദ്രൻ ചുള്ളിക്കാടു്, ഡി. വിനയചന്ദ്രൻ, ആർ. നരേന്ദ്രപ്രസാദ്, ചെമ്മനം ചാക്കോ, സച്ചിദാനന്ദൻ, വിഷ്ണുനാരായണൻ നമ്പൂതിരി, കുഞ്ഞുണ്ണി എന്നിവർ. അവരുടെ കൂട്ടത്തിൽ ഡോക്ടർ അയ്യപ്പപ്പണിക്കരും. സുഗതകുമാരിയെ ആക്ഷേപിച്ചതു് ശരിയായില്ലെന്ന മട്ടിൽ മറ്റുള്ളവരെല്ലാം പറഞ്ഞപ്പോൾ അയ്യപ്പപ്പണിക്കർ പറഞ്ഞതു് ഇങ്ങനെ: “പ്രത്യേകിച്ചു് ഒരഭിപ്രായവും പറയാനില്ല. ഞാൻ മൗനം ദീക്ഷിക്കുന്നതല്ലേ നല്ലതു്?” (കലാകൗമുദി വിമെൻസ് മാഗസിൻ) മുൻപെഴുതിയ ഇംഗ്ലീഷ് വാക്കുകളിൽ ഏതിനോടാണു് അയ്യപ്പപ്പണിക്കർക്കു് പ്രിയം? പദങ്ങൾക്കു തമ്മിൽ ലേശം ലേശം അർത്ഥവ്യത്യാസമുണ്ടു്. അതുകൊണ്ടു് അദ്ദേഹം എല്ലാവാക്കുകളെയും ഇഷ്ടപ്പെടുന്നോ? “ഞാൻ മൗനം ദീക്ഷിക്കുന്നതല്ലേ നല്ലതു്?” എന്നു് തന്റെ വിശുദ്ധിയെ വിളംബരം ചെയ്തുകൊണ്ടു് അദ്ദേഹം ചോദിക്കുന്നു. ‘തന്നെ, തന്നെ, തന്നെ’ എന്നു് തിരുവനന്തപുരം ഭാഷയിൽ നമ്മുടെ ഉത്തരം.
സ്കൂൾ വാർഷികസമ്മേളനം എൻ. ഗോപാലപിള്ള അദ്ധ്യക്ഷൻ. പ്രസംഗിക്കാൻ ഞാനും ഒരു ചെറുപ്പക്കാരിയും. മൈക്കു് എന്റെ നേരെ മുൻപിലായിരുന്നതുകൊണ്ടു് ചെറുപ്പക്കാരി പ്രസംഗിക്കാനായി എഴുന്നേറ്റു നിന്നപ്പോൾ എന്റെ നേരേ മുൻപിൽ. അവരുടെ ഒട്ടിയ ചന്തി ഞാൻ കാണരുതെന്നു് വിചാരിച്ചിട്ടാവാം അവർ എന്നോടു മാറിയിരിക്കാൻ ആജ്ഞാപിച്ചു. ഞാൻ ഉടനെ എഴുന്നേറ്റു മറ്റൊരു കസേരയിൽ ചെന്നിരുന്നു. ഗോപാലപിള്ളസ്സാർ ചിരിച്ചുകൊണ്ടു് എന്നോടു ചോദിച്ചു: “കൃഷ്ണൻ നായർ പെൺപിള്ളേർ പറഞ്ഞാലുടനെ അനുസരിക്കുമോ?” ഞാൻ മറുപടി നല്കി: “സാർ അതു് അവരുടെ ഒരു റ്റാക്റ്റിക്സാണു്.” എന്നിട്ടു് ഇംഗ്ലീഷിൽ ഇത്രയും കൂടി: “Sir, she is beautiful to behold from the front, but not from the back.”
‘ഗാന്ധിജിയുടെ ഒരു ബന്ധുവായ വൈറാംഗോബിനെ ദക്ഷിണാഫ്രിക്കൻ ഗവണ്മെന്റ് ജയിലിലടച്ചിരിക്കുന്നു’ എന്ന പത്രവാർത്തവായിച്ചിട്ടു് ഡി. സി. പറയുന്നു: “ഇന്ത്യയിൽ തന്നെ ജയിലിൽ പോകുമായിരുന്നു. ഗാന്ധിജിയുടെ ബന്ധുവാണെന്നു പറഞ്ഞാൽമതി.” (മനോരാജ്യം.)
“വാഴുന്നവനു വഴിപ്പെടുന്ന മനോഭാവം എഴുത്തുകാർ “കാണിക്കരുതു്” എന്നു് സുകുമാർ അഴീക്കോടു്. ഇതു വായിച്ചിട്ടു് കലാകൗമുദിയിലെ ചരിത്ര രേഖകളുടെ കർത്താവു് പറയുന്നു: “മറുപടി പറയാൻ സി. എച്ച്. മുഹമ്മദ് കോയ ജീവിച്ചിരിപ്പില്ലല്ലോ.”
സത്യം സത്യമായി പറയുമ്പോൾ, അതു ധിഷണാവിലാസത്തോടെ പറയുമ്പോൾ കേൾക്കുന്നവനു് ആഹ്ലാദം. ഞാൻ ആഹ്ലാദിക്കുന്നു.
“കമലിനിയെന്ന നർത്തകി” എന്ന പേരിൽ ലീലാ ഓം ചേരി ജനയുഗം വാരികയിൽ എഴുതിയ ലേഖനം. കമലിനിക്കു് “ആകർഷണീയമായ ചെറുപുഞ്ചിരി” ഉള്ളതായി അതിൽ പറഞ്ഞിരിക്കുന്നു. ആകർഷണീയം എന്നാൽ ആകർഷിക്കപ്പെടേണ്ടതു് എന്നാണു് അർത്ഥം (to be attracted). ഭംഗിയെന്നാണു് ശ്രീമതി ഉദ്ദേശിച്ചതെങ്കിൽ ‘ആകർഷകമായ’ എന്ന വേണ്ടിയിരുന്നു പ്രയോഗം. പുഞ്ചിരിയുടെ അർത്ഥം ചെറുചിരി എന്നാണു്. അതുകൊണ്ടു് ചെറുപുഞ്ചിരി ശരിയല്ല. ഞാൻ ലീലാ ഓംചേരിയെ കുറ്റപ്പെടുത്തുന്നില്ല. 1946-ൽ ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ മലയാളം പഠിപ്പിക്കാൻ ചെന്നപ്പോൾ ബി. എ. ക്ലാസ്സിൽ വിദ്യാർത്ഥിനിയായിരുന്നു ലീല. മലയാളത്തിൽ അന്നു വലിയ അറിവൊന്നുമില്ലായിരുന്ന ഞാൻ ക്ലാസ്സിൽ ‘ആകർഷണീയ’മെന്നും ‘ചെറുപുഞ്ചിരി’യെന്നും പറഞ്ഞിരിക്കും. ഗുരുവിന്റെ തെറ്റു് ശിഷ്യ അതുപോലെ ആവർത്തിക്കുകയായിരിക്കും. ഓംചേരി നാരായണപിള്ള യും ആ ക്ലാസ്സിലുണ്ടായിരുന്നു. നാരായണപിള്ളേ, ഞാൻ ഈ തെറ്റു രണ്ടും പറഞ്ഞില്ലേ?
പദ്മയ്ക്കു മൗനം. യുവാവു് അവളെ കൂട്ടിക്കൊണ്ടു് ഒരു പാറക്കെട്ടിൽ ചെന്നിരിക്കുന്നു. അവൾ കൊക്കുകളെ നോക്കുന്നു. അപ്പോൾ അതുവഴി കാറിൽ വന്ന ഒരുവൻ കൊക്കിനെ വെടിവയ്ക്കുന്നു. പദ്മ ബോധംകെട്ടു വീഴുന്നു. കെ. സി. മധു കുങ്കുമം വാരികയിലെഴുതിയ ‘കൊക്കുകൾ’ എന്ന കഥയുടെ സാരം ഇതത്രേ. പോത്തു പാഞ്ഞുവരുമ്പോൾ മാറിക്കൊള്ളണം. ഈ കഥാമഹിഷത്തിന്റെ വഴിയിൽ നിന്നു് ഞാൻ മാറിനിൽക്കട്ടെ.
സി. കൃഷ്ണൻനായർ ദീപിക വാരികയിലെഴുതിയ “പൂജ” എന്ന കാവ്യം, ‘വുഡൻ പൊയിട്രി’ എന്നേ പറയാനുള്ളു.
മെർലി തോമസിന്റെ “ഹൃദയങ്ങളിൽ സംഗീതം” എന്ന കഥ (ഗൃഹലക്ഷ്മി) വിവാഹത്തിന്റെ “പ്രഥമവാർഷികം.” വിരസനായി ഭവിച്ച ഭർത്താവിനെ ഭാര്യ കാമോൽസുകതയിലേക്കു നയിക്കുന്നു. ഇതു കഥയല്ല, വെർബൽ ഡയറിയയാണു് വയറ്റുവേദനയുണ്ടോ? ചൂടുപിടിക്കു. ഡിഹൈഡ്രേയ്ഷൻ ഉണ്ടോ? ചായ കുടിക്കു. എന്നിട്ടും കുറവില്ലേ? ഡോക്ടറെ കാണൂ. ഗൃഹലക്ഷ്മിക്കു് മാലിന്യം വരുത്താതിരിക്കു.