സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(കലാകൗമുദി വാരിക, 1985-01-20-ൽ പ്രസിദ്ധീകരിച്ചതു്)

“ഇടയൻ ആടുകൾക്കു ചുറ്റും നാലു കാലിൽ നീങ്ങി കൂടെക്കൂടെ കുരയ്ക്കുന്നു. ആടുകളെ സൂക്ഷിക്കാനുള്ള നായ് പല്ലുകൾക്കിടയിൽ പൈപ്പ് വച്ചു കൊണ്ടു തണുപ്പാർന്ന നിഴലിൽ ഇരിക്കുന്നു. ചുട്ടു പഴുത്ത നിലാവു് പുല്ലുകളെ കരിക്കുകയാണു്.” പലരും വാഴ്ത്തിയ ഒരു നവീന കാവ്യത്തിന്റെ ഒരു ഭാഗമാണിതു്. അങ്ങനെ പ്രശംസിക്കത്തക്ക വിധത്തിൽ ഇതിലെന്തുണ്ടു് എന്നതുമാത്രം വ്യക്തമല്ല. ഇമേജുകളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയാൽ കവിതയാകുമോ? എന്നാൽ താഴെച്ചേർക്കുന്നവയാകെ കവിത തന്നെ. പരിചാരിക സോപ്പ് പൊടി വെള്ളത്തിൽ കലക്കി പതയ്ക്കുമ്പോൾ പ്ലാസ്റ്റിക്‍ തൊട്ടിയിലെങ്ങും വെളുത്ത മേഘത്തുണ്ടുകൾ. അന്തരീക്ഷത്തിലെ നീലജലത്തിൽ സോപ്പ് പത; അടുക്കളയിൽ അടുപ്പിനുള്ളിൽ അമർന്നു് എരിയുന്ന കാമം. അടുക്കളക്കാരിയായ ചെറുപ്പക്കാരിയുടെ ഉള്ളിൽ അടങ്ങിക്കത്തുന്ന അഗ്നി; മേശപ്പുറത്തു് ചന്ദ്രൻ. ആകാശത്തു് വട്ടത്തിലുള്ള സ്റ്റീൽ ആഷ്ട്രേ; നദിയിൽ കണ്ണുകൾ. സുന്ദരിയുടെ മുഖത്തു് രണ്ടു മത്സ്യങ്ങൾ; മിൽക്ക് ബൂത്തിന്റെ കട്ടിളപ്പടിയിൽ വെളുത്തവസ്ത്രം ധരിച്ച കന്യാസ്ത്രീകൾ. കോൺവെന്റിന്റെ നടയിൽ പാലു നിറച്ച കുപ്പികൾ—ഇങ്ങനെ ഇമേജുകളെ ‘ഇന്റർ ഡിപ്പാർട്ട്മെന്റിൽ ട്രാൻസ്ഫർ’ നടത്തിയാൽ കവിതയാവില്ല. ഒരു പോളിഷ് കവിയുടെ കൊച്ചുകാവ്യം ഓർമ്മയിലെത്തുന്നു.

ചിത്രശലഭം ഊറ്റത്തോടെ അതിന്റെ ചിറകുകൾ അടച്ചാൽ ഒരാഹ്വാനം ഉണ്ടാകും: “ദയവായി നിശ്ശബ്ദത പാലിക്കു” ഞെട്ടിയ പക്ഷിയുടെ ഒരു തൂവൽ ഒരു രശ്മിയുമായി ഇടഞ്ഞാൽ ഒരാഹ്വാനമുണ്ടാകും: “ദയവായി നിശ്ശബ്ദത പാലിക്കു”. ഇമ്മട്ടിൽ ശബ്ദം കൂടാതെ ഭൂമിയിൽ നടക്കാൻ മനുഷ്യനെ അഭ്യസിപ്പിച്ചിരിക്കുന്നു. പേടിയാർന്നവനിൽ നിന്നു് രോമമെഴുന്നു നില്ക്കുന്നതുപോലെ ഭൂതലത്തിൽ നിന്നു് മരങ്ങൾ നിശ്ശബ്ദമായി ഉയർന്നു നില്ക്കുന്നു.

കവികൾ ‘ശബ്ദംകൂടിയ’ ഇമേജറി കൊണ്ടു് വായനക്കാരെ ക്ലേശിപ്പിക്കരുതു്. “സൈലെൻസ് പ്ലീസ്.”

ശബ്ദം
images/HermannHesse2.jpg
ഹെസ്സെ

എവിടെ ശബ്ദം ഉയരുന്നുവോ അവിടെ ആപത്തുണ്ടു്. സംഗീതത്തെസ്സംബന്ധിച്ചും ഇതുശരിയാണെന്നു് ജർമ്മൻ നോവലിസ്റ്റ് ഹെസ്സെ പറഞ്ഞു. ചൈനയിലെ രണ്ടു ജനമർദ്ദകർ ശബ്ദം കൂടിയ സംഗീതം സൃഷ്ടിച്ചിട്ടു് അതാണു് സുന്ദരമെന്നു് ഉദ്ഘോഷിച്ചു. സകല വിധത്തിലുള്ള അതിരുകളും അവർ ലംഘിച്ചു. സംഗീതം സമനിലയിൽ നിന്നാണു് ഉണ്ടാകുന്നതു്. ആ സമനിലയെ തകർത്തുകൊണ്ടു് ഉച്ചത്തിലുള്ള സംഗീതം ആവിർഭവിക്കുമ്പോൾ രാഷ്ട്രം തകരും (ഹെസ്സെയുടെ Magister Ludi എന്ന നോവൽ വായിച്ച ഓർമ്മയിൽനിന്നു്). ഇന്നു് ഏതു മണ്ഡലത്തിലും മഹാസ്വനമേയുള്ള രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലം നോക്കുക. വിമാനം റാഞ്ചുന്നതിന്റെയും കൊലപാതകം നടത്തുന്നതിന്റെയും മഹാ ശബ്ദകാരിത്വം. ആത്മാഹൂതിയും ഇതുപോലെയൊരു ഉച്ചഭാഷണമാണു്. അതിനെയാണു് തോപ്പിൽ ഭാസി നിന്ദിക്കുന്നതു്. അമ്മ, ഭാര്യ, മകൻ ഇവർക്കു് രോഗം വരുമ്പോഴോ അല്ലെങ്കിൽ അവർ മരിക്കുമ്പോഴോ ചത്തുകളയാമെന്നു വിചാരിക്കാത്തവൻ “ഒരു രാഷ്ട്രീയനേതാവിന്റെ രോഗത്തിലുള്ള ദുഃഖം കൊണ്ടു മരിക്കാൻ തയ്യാറായാൽ ആ കഴുതയങ്ങു ചാകുന്നതാണു നല്ലതു്. എനിക്കതിലുള്ള ദുഃഖം കുറച്ചു മണ്ണെണ്ണ നഷ്ടപ്പെടുന്നല്ലോ എന്നുള്ളതു മാത്രമാണു്” എന്നു് ഭാസി എഴുതുന്നു (കുങ്കുമം വാരിക). എനിക്കു പറയാനുള്ളതു് മറ്റൊരാൾ പറയുമ്പോൾ എനിക്കു് ആഹ്ലാദം. ആ വിധത്തിൽ ഭാസി പറഞ്ഞതു കേട്ടു് ഞാൻ ആഹ്ലാദിക്കുന്നു. ആ ആഹ്ലാദം പ്രകടിപ്പിക്കുന്നതിലും എനിക്കു് ആഹ്ലാദമുണ്ടു്. കുട്ടിക്കു് ആടാൻ ഊഞ്ഞാലിട്ടു കൊടുത്താൽ അവൻ അതിൽ ഇരുന്നും നിന്നും ആടി സന്തോഷം പ്രദർശിപ്പിക്കും. ഞാൻ ഒരു നല്ല കാവ്യമോ കഥയോ വായിച്ചു രസിച്ചാൽ അതു പരസ്യമായി പറയുകയില്ല. രചയിതാവിനെ കാണാനിടവന്നാൽ കാവ്യം കണ്ടില്ല. കഥ കണ്ടില്ല എന്ന രീതിയിൽ അങ്ങു നടന്നു പോകും. ഈ നിശ്ശബ്ദത അധമമാണു്. അതുകൊണ്ടു് ഭാസിയുടെ നിരീക്ഷണം നന്നായിയെന്നു് ഉറക്കെപ്പറയുന്നു. ശബ്ദത്തിന്റെ ശത്രുക്കളായ ഹെസ്സെയും ഷോപൻഹോവറും ക്ഷമിക്കട്ടെ.

വേണാട് എക്സ്പ്രസ് നീങ്ങി. കാതടപ്പിക്കുന്ന ചൂളം വിളി. അപ്പോൾ പ്ലാറ്റ് ഫോമിൽനിന്നു് ഒരാറു വയസ്സുകാരൻ —ചുവന്ന നിക്കറിട്ടു് വെള്ള ബനിയൻ ധരിച്ചു നിൽക്കുന്ന ഒരു കൊച്ചു സുന്ദരൻ പരിചയമില്ലാത്ത എന്നെ നോക്കി കൈ വീശി. വർഷങ്ങളേറെയായിട്ടും അവന്റെ ആഹ്ലാദത്തിന്റെ നിശ്ശബ്ദത മറക്കാനാവുന്നില്ല എനിക്കു്.

കലാഹിംസ
images/LeszekKolakowski1971.jpg
ലെഷ്ഷക്ക് കൊലകോവിസ്കി

ലെനിനുംട്രോട്സ്കി യും കലയെ സംബന്ധിച്ച കാര്യങ്ങളിൽ പ്രതിലോമകാരികളായിരുന്നു. പ്രചാരണാത്മകമായ നവീന റഷ്യൻ സാഹിത്യത്തിന്റെയും ചൈനീസ് സാഹിത്യത്തിന്റെയും ദോഷങ്ങൾ ചൂണ്ടിക്കാണിക്കാൻ ലെനിൻ, ട്രോട്സ്കി ഇവരുടെ മതങ്ങൾ എടുത്തെഴുതി നിന്ദനത്തിന്റെ ശബ്ദമുയർത്തുന്നതു് ശരിയല്ല. ആ ലേഖകൻ അമ്മട്ടിൽ പ്രസംഗിച്ചിട്ടുണ്ടു്, എഴുതിയിട്ടുണ്ടു്. അതു തെറ്റിപ്പോയി. ലെഷ്ഷക്ക് കൊലകോവിസ്കി പറഞ്ഞതു പോലെ വ്യക്തിഗതങ്ങളായ അഭിരുചികൾക്കു പ്രാധാന്യം കല്പിച്ചവരാണു് അവർ. (Lenin and Trotsky were old-fashioned in their personal tastes and had no time for avant-garde literature or for Proletkult. Main Currents of Marxism, Vol III Page 51.) പക്ഷേ പ്രചാരണാത്മകമായ കഥയും കാവ്യവും കലയുടെ പരിധിക്കുള്ളിൽ വർത്തിക്കണമെന്നു് ഇതെഴുതുന്ന ആൾ കരുതുന്നു. അതു് ഇല്ലെങ്കിൽ ലഘുലേഖ എഴുതിയാൽ മതിയല്ലേ. ഉടുത്ത സാരിക്കും വയറ്റിനുമിടയ്ക്കു കൈലേസ് തിരുകി വയ്ക്കുന്ന സ്ത്രീയെപ്പോലെ എവിടെയോ ഒളിച്ചുവച്ച ഒരു ചുവപ്പുതുണി കഥയുടെ പര്യവസാനത്തിൽ എടുത്തുവീശി വിപ്ലവം ജയിക്കട്ടെ എന്നു വിളിക്കുന്ന ടി. കെ. സി. വടുതല യുടെ ‘പൊട്ടിത്തെറിക്കുന്ന കർഷകൻ’ എന്ന കഥ കുങ്കുമം വാരികയിൽ വായിച്ചപ്പോൾ ഇങ്ങനെ കുറിക്കണമെന്നു തോന്നി. നിലത്തിന്റെ ഉടമസ്ഥനായിരുന്ന സമ്പന്നൻ ഹൃദയാഘാതത്താൽ മരിച്ചു. ആ നിലത്തിൽ ഫാക്ടറി സ്ഥാപിക്കാൻ ആളുകളെത്തിയപ്പോൾ മരിച്ച സമ്പന്നന്റെ തൊഴിലാളി വിപ്ലവവീര്യം പ്രസരിപ്പിക്കുന്നു. ഐഡിയോളജിയുടെ ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കുന്ന ഈ കഥ പഴഞ്ചനാണു്. അയഥാർത്ഥമാണു്. ബോധമണ്ഡലം അസത്യം കൊണ്ടു നിറഞ്ഞിരിക്കുമ്പോൾ മാത്രമാണു് ഇത്തരത്തിലുള്ള കലാഹിംസകൾ നടക്കുന്നതു്.

ഫൊർസ്റ്റർ
images/TheTexturesofSilence.jpg

ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ഗോർഡൻ ഫൊർസ്റ്ററുടെ (Gordon Vorster— ഫൊർസ്റ്റർ എന്നു് ഉച്ചാരണം) The Textures of Silence എന്ന നോവൽ ഇന്നലെ വായിച്ചു തീർത്തു. ചിത്രകാരനും ഫിലിം ഡയറക്ടറും അഭിനേതാവും കവിയും ഒക്കെയായ ഫൊർസ്റ്ററുടെ ഒരേയൊരു നോവലാണിതു്. With “The Textures of Silence” he emerges as a major new novelist to rank alongside Nadine Gordimer, J.M. Coetzee and Andre Brink എന്നാണു് നിരൂപകന്റെ മതം. “A Novel that will alter your view of the world in which we live” എന്നു വേറൊരു നിരൂപകൻ. ലൈംഗിക രോഗമുള്ള സ്ത്രീയുടെ മകനായി പിറന്നതുകൊണ്ടു് ഡാൻ അന്ധനായിപ്പോയി. നൈരാശ്യത്താൽ അമ്മ മകന്റെ തലയിൽ ഒരടി കൊടുത്തതിനാൽ അവൻ ബധിരനും മൂകനുമായി. തലച്ചോറിന്റെ തളർച്ചയും അവനുണ്ടായി. അങ്ങനെ അമ്പതു വയസ്സു വരെയുള്ള ജീവിതം. അപ്പോൾ മേരിയ എന്ന നേഴ്സ് അയാളെ പരിചരിക്കാൻ എത്തുന്നു. കുട്ടിക്കാലത്തു് കാറപകടത്തിൽ പെട്ടു് വൈരൂപ്യമുള്ളവളായിത്തീർന്ന മേരിയ—അവൾ കുട്ടിക്കാലത്തു് സുന്ദരിയായിരുന്നു. മേരിയയുടെ സാന്നിദ്ധ്യവും പരിചരണവും വിദഗ്ദ്ധനായ ഡോക്ടറുടെ ചികിത്സയും ഡാനിന്റെ എല്ലാ വൈകല്യങ്ങളും മാറ്റുന്നു. I was awed by the beauty of the music and by the loveliness of the voices of Mina and Maria… I emerged from my cocoon of silence… ” എന്നു് അയാൾ പറയുന്നു. അന്ധനും മൂകനും ബധിരനും ആയ ഡാൻ തകർന്ന ദക്ഷിണാഫ്രിക്കയുടെ സിംബലാണു്. തന്റെ രാജ്യത്തിന്റെ ഉയർച്ചയെ ലാക്ഷണികമായി ചിത്രീകരിക്കാനാണു് ഫൊർസ്റ്ററുടെ യത്നം. അതിൽ അദ്ദേഹം വിജയം പ്രാപിച്ചിട്ടുമുണ്ടു്; സെക്സിന്റെ അതിപ്രസരം തെല്ലൊരു അസ്വസ്ഥത വായനക്കാർക്കു് ഉളവാക്കുമെങ്കിലും. നോവലിന്റെ ഒരു ഭാഗത്തു് if you feel strongly enough about even a piece of rock it will receive your message or your vibrations എന്നു പറഞ്ഞിട്ടുണ്ടു്. നോവലിന്റെ സന്ദേശവും സ്പന്ദനവും എനിക്കു ലഭിച്ചു എന്നതാണു് ഇതിന്റെ സവിശേഷത.

കള്ളക്കത്തു്

വിലാസിനിയോടുള്ള എല്ലാ ബഹുമാനത്തോടു കൂടി പറയട്ടെ, അദ്ദേഹത്തിന്റെ ഹാസ്യം ക്രൂരമാണു്. ക്രൂരത വരുമ്പോൾ ഹാസ്യം കുറയും. സറ്റയറിസ്റ്റിനു് കൈയടി ലഭിക്കുന്നതു് മറ്റുള്ളവരുടെ സ്നേഹത്താലല്ല. പേടിയിൽ നിന്നാണല്ലോ.

ഞാനും മഹാപണ്ഡിതനായ ബാലരാമപ്പണിക്കർ സാറും ഒരു സമ്മേളനത്തിനു പോകുകയായിരുന്നു. എൻ. ഗോപാലപിള്ള സാറ്, ജി. ശങ്കരക്കുറുപ്പി നയച്ച ഒരു സംസ്കൃത ശ്ലോകം എഴുതി കടല്ലാസ്സ് ഞാൻ പണിക്കർ സാറിനെ കാണിച്ചു. ‘ഒന്നും കാണാൻ വയ്യ’ എന്നു പറഞ്ഞു് അദ്ദേഹം അതു തിരിച്ചു തന്നു. ഞാൻ അദ്ഭുതപ്പെട്ടു. അത്രയ്ക്കു സ്പഷ്ടമായിട്ടാണു് ഗോപാലപിള്ള സാറ് കവിത എഴുതിയിരുന്നതു്. ഞാൻ പെട്ടെന്നു നോക്കിയപ്പോൾ പണിക്കർ സാറിന്റെ മൂക്കുകണ്ണാടി മുഴുവൻ പൊടിയും അഴുക്കും പറ്റിയിരിക്കുന്നതു കണ്ടു. സോഡ കുടിക്കാൻ കാറ് നിർത്തിയപ്പോൾ ഞാൻ ആ കണ്ണട വാങ്ങി കഴുകി തുടച്ചു കൊടുത്തു. എന്നിട്ടു് ശ്ലോകവും കൊടുത്തു. “കവിത ഒന്നാന്തരം. ‘ഭദ്രാസനേ’ എന്ന പ്രയോഗം അതിലും കേമം” എന്നു് അദ്ദേഹം പറഞ്ഞു. മൂക്കു കണ്ണാടിയിൽ അഴുക്കു പറ്റിയാൽ വായിക്കാനാവില്ല. വികല വീക്ഷണമുള്ളവർക്കു് അന്യരെ കുറ്റം പറയാനേ കഴിയൂ. മോഹൻ എന്ന പേരിൽ എനിക്കു ലഭിച്ച ഒരു കത്തിൽ ഇങ്ങനെ ചില വാക്യങ്ങൾ: “…ഭൂരിപക്ഷാഭിപ്രായത്തിനാണു പ്രസക്തിയെന്നതിനാൽ കൃഷ്ണഃ എന്നുച്ചരിക്കാം. അതിനാൽ കൃഷ്ണഹനായഹ എന്നാണു് ശരിയായ ഉച്ചാരണം (രജിസ്റ്ററിൽ കൃഷ്ണൻ നായർ എന്നു ചേർത്തതു് താങ്കളുടെ അച്ഛൻ പാമരനായതുകൊണ്ടായിരിക്കണം).” നോക്കുക. പൊടിപറ്റിയ കണ്ണാടി കൊണ്ടു് പതിനാറു വർഷത്തെ നിരന്തരമായ സേവനത്തെ നോക്കുന്നു. എന്നിട്ടു് തന്തയ്ക്കു പറയുകയും ചെയ്യുന്നു. കാസർഗോഡ് എന്ന ഡേറ്റ്സ്റ്റാമ്പുള്ള ഈ കത്തു് മെഡിക്കൽകോളേജിലെ ഏതോ വിദ്യാർത്ഥി എഴുതിയതാണു്. “താങ്കളുടെ ഉറ്റസുഹൃത്തായ ചിത്തരോഗാശുപത്രിയിലെ ഡോക്ടർ പ്രഭാകരനോടു പറയു ഒരു ചിത്തരോഗാതുരമാസിക (Magazine De Lunatic—മഗാഴീൻ-ദെ-ലൂനാത്തേ എന്നു മെഡിറ്ററേനിയൻ ഭാഷയിൽ) പ്രസിദ്ധീകരിക്കാൻ; അതിന്റെ Chief Managing Editor ആയി സർവ്വഥാ യോഗ്യനായ താങ്കളെ നിയമിക്കാനും. താങ്കൾക്കാവശ്യം 66KV E.C.T.യും (Electrical Convulsive Therapy) (കത്തിൽ ശരിയായിട്ടല്ല എഴുതിയിരിക്കുന്നതു്—ലേഖകൻ) I.C.T.യും (Insulin Coma Therapy—ഇൻസ്യുലിൻ കാമ്യു തേറപ്പേ) ആണു്. കത്തിനു നന്ദി. പരിഹാസവും കൊള്ളാം. പക്ഷേ എനിക്കു് ഈശ്വരനാരാണെന്നും അച്ഛൻ ആരാണെന്നും ഗുരുനാഥൻ ആരാണെന്നും നല്ല നിശ്ചയമുണ്ടെന്നു് ഈ കത്തെഴുതിയ ആളിനെ അറിയിക്കാൻ ആഗ്രഹമുണ്ടു്. അങ്ങനെ നിശ്ചയം ഇല്ലാതിരുന്നെങ്കിൽ ഞാനും ഭീരുവായി അന്യനു കള്ളക്കത്തെഴുതുമായിരുന്നു.

വിലാസിനി
images/WilliamHazlitt.jpg
ഹാസ്ലിറ്റ്

നോവലിസ്റ്റായ വിലാസിനി സറ്റയർ രചിക്കുന്നതിലും വിദഗ്ദ്ധനാണു്. കായിക്കര രാജു നടത്തിക്കൊണ്ടിരുന്ന ഒരു മാസികയിൽ അദ്ദേഹം എന്നെ പരിഹസിച്ചു് ഒരു കഥയെഴുതിയിരുന്നു. ഞാനും അതു വായിച്ചു രസിച്ചു. അമേരിക്കൻ എഴുത്തുകാരിയായ അന്നാ കവാനെ ക്കുറിച്ചു് ഞാൻ നടത്തിയ ഒരു പരാമർശത്തെ കളിയാക്കി അദ്ദേഹമെഴുതിയ ഒരു കത്തു് മലയാളനാടു് പത്രാധിപർ എനിക്കയച്ചു തന്നു. വളരെ പ്രാധാന്യം കൊടുത്തു് അതു് വാരികയിൽ കൊടുക്കണമെന്നു് അപേക്ഷിച്ചു കൊണ്ടു് ഞാൻ പത്രാധിപർക്കു് എഴുതി. പക്ഷേ അതു് അച്ചടിച്ചു കണ്ടില്ല. അതിനു ശേഷം അദ്ദേഹമെഴുതുന്ന സറ്റയറാണു് കലാകൗമുദിയിലെ “ഒരത്യന്താധുനിക മിത്തു്” എന്നതു്. ആരെ ലക്ഷ്യമാക്കി അദ്ദേഹം ഇതെഴുതിയോ ആ ആൾ എന്റെ മിത്രമല്ല. നിരന്തരം അദ്ദേഹം എന്നെ തേജോവധം ചെയ്യുന്നതായി പലരും വന്നു പറയാറുമുണ്ടു്. എങ്കിലും നിരൂപണത്തിലും വിമർശനത്തിലും വ്യാപരിക്കുന്ന ഞാൻ സത്യസന്ധനായിരിക്കേണ്ടതാണു്. അതുകൊണ്ടു വിലാസിനിയോടുള്ള എല്ലാ ബഹുമാനത്തോടും കൂടി പറയുന്നു അദ്ദേഹത്തിന്റെ സറ്റയർ അല്പം ക്രൂരമാണെന്നു്. ക്രൂരത വരുമ്പോൾ ഹാസ്യം കുറയും. സറ്റയറിസ്റ്റിനു് കൈയടി (കരഘോഷം) ലഭിക്കുന്നതു മറ്റുള്ളവരുടെ പേടിയാലാണെന്നും സ്നേഹത്താലല്ലെന്നും ഹാസ്ലിറ്റ് പറഞ്ഞിട്ടുണ്ടു്. ഞാൻ കൈയടിക്കുന്നില്ല.

യുവാവിന്റെ കണ്ണുനീരു്

“സാർ ഒന്നു ഫോൺ ചെയ്തോട്ടോ” പരിചയമില്ലാത്ത ഒരു യുവാവു് വീട്ടിൽക്കയറിവന്നു ചോദിച്ചു. എന്നു ചോദിച്ചു. എപ്പോൾ ചോദിച്ചു എന്നൊന്നും പറയുന്നില്ല ഞാൻ. കുറെക്കാലത്തിനു മുൻപു് എന്നു മാത്രം പറയാം. “ഓഹോ, വരൂ,” ഞാൻ മുറി കാണിച്ചു കൊടുത്തു. അന്യൻ ഫോണിൽ സംസാരിക്കുമ്പോൾ അവിടെ ഇസ്പീഡ് ഗുലാനെപ്പോലെ നിൽക്കുന്നതു് ശരിയല്ല. അതുകൊണ്ടു് ഞാൻ ദൂരെപ്പോയി ഇരുന്നു. എങ്കിലും യുവാവിന്റെ ദയനീയ സ്വരം എന്റെ കാതിൽ വന്നു വീണു. “…സംസാരിക്കുകയാണു്. പതിനായിരം രൂപയോ? അയ്യോ രണ്ടായിരം കൈയിലുണ്ടു്. മൂവായിരം കൂടി ഭാര്യയുടെ ആഭരണം പണയം വച്ചു വാങ്ങാം, സാർ സ്ഥലം മാറ്റം കൊടുക്കണം എന്റെ ഭാര്യയ്ക്കു്. പതിനായിരത്തിനു് എന്നെക്കൊണ്ടാവില്ല സാർ ങേഹേ ങേഹേ… ” യുവാവു് നനഞ്ഞ കണ്ണുകളോടു കൂടി എന്റെ അടുക്കൽ വന്നു യാത്ര ചോദിച്ചു. “ആരോടാണു് ഈ അപേക്ഷ?” മര്യാദ കെട്ട ചോദ്യം ഞാൻ ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “…മന്ത്രിയുടെ ഓഫീസിൽ” ഇതു തന്നെയാണു് എം. പി. നാരായണപിള്ള വേറൊരു വിധത്തിൽ തുറന്നു പറയുന്നതു്. കേട്ടാലും:

“നമ്മുടെ നാട്ടിലെ കാര്യം തന്നെ എടുക്കാം. ഇടതു മുന്നണി ഭരിച്ചാലും വലതു മുന്നണി ഭരിച്ചാലും അഴിമതി അഴിമതിയായി തുടരും. അഴിമതിയിൽ മറിയുന്ന കാശിനു പോലും വലിയ ഏറ്റക്കുറച്ചിലില്ല. ആകെ ഞാൻ കണ്ടിട്ടുള്ള ഒരു വ്യത്യാസം വലതു മുന്നണിക്കാരനു് കാശു കൊടുത്താൽ കാര്യം നടക്കും. ഇടതു മുന്നണിക്കാരനു് കാശു കൊടുത്താൽപ്പോലും കാര്യം നടന്നു കിട്ടില്ല.” (കലാകൗമുദി)

ഒരിക്കൽ മദ്യപിച്ചാൽ വീണ്ടും മദ്യപിക്കും. ഒരിക്കൽ പരസ്ത്രീഗമനം നടത്തിയാൽ പിന്നെയും അതുണ്ടാകും. ഒരിക്കൽ മനഃസാക്ഷിയെ വിറ്റാൽ വീണ്ടും അതു വിറ്റേ മതിയാകൂ.

വാക്കു് എന്ന പഞ്ജരം

മുൻപു് തിരുവനന്തപുരത്തു് ഒരു ചിത്ര പ്രദർശനമുണ്ടായിരുന്നു. ഭാരതത്തിലെങ്ങും പ്രശസ്തനാണു് ആ ചിത്രകാരനെങ്കിലും ഞാൻ അദ്ദേഹത്തിന്റെ പേരു മറന്നു പോയി. ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരു സൂര്യകാന്തിച്ചെടിയുടെ ചിത്രവുമുണ്ടായിരുന്നു. ആന്തരമായ ഊർജ്ജം ഉയർന്നു് ചെടിയിൽ നിന്നു രക്ഷപ്രാപിക്കാൻ ശ്രമിക്കുന്ന പ്രതീതി. വളരെ നേരം ഞാനതു നോക്കിക്കൊണ്ടു നിന്നു. പ്രകൃതിയിലാകെ കാണുന്നതു് ഇതുതന്നെയല്ലേ? രാജകീയ പ്രൗഢിയോടെ കാനനത്തിൽ നടക്കുന്ന സിംഹം അതിന്റെ ശരീരത്തെ പിൻതള്ളി ചൈതന്യം പ്രസരിപ്പിക്കാൻ ശ്രമിക്കുകയാണു്. കഥാകാരൻ ഭാഷ എന്ന പഞ്ജരത്തെ ഭേദിച്ചു സ്വന്തം ചൈതന്യം ബഹിർഗമിപ്പിക്കുന്നു. കവിയും അങ്ങനെ തന്നെ. ചിലർ അതിനു യത്നിക്കുമ്പോൾ ഭാഷയുടെ അടിമയായിപ്പോകുന്നു. ആ വിധത്തിലൊരു അടിമയാണു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “അരൂപികളുടെ രാത്രി’ എന്ന കഥയെഴുതിയ പി. എഫ്. മാത്യൂസ്. ഒരു സ്ത്രീക്കു് അമ്മാവനെയും അമ്മായിയെയും ഇഷ്ടമില്ല. അവൾക്കു ഭർത്താവോടുകൂടി മറ്റൊരു വീട്ടിൽ മാറിത്താമസിക്കണം. അതു നടക്കാത്തതുകൊണ്ടു ദുഃഖം. ഭാര്യയുടെ ദുഃഖം കണ്ടു ഭർത്താവു മദ്യപനായി. ഒടുവിൽ അവരെ രണ്ടുപേരെയും തറവാട്ടിലയയ്ക്കാൻ അമ്മാവനും അമ്മായിയും തീരുമാനിച്ചു. അയാൾ അവിടെച്ചെന്നു തൂങ്ങിച്ചാകാൻ ശ്രമിച്ചു. പിന്നീടു് ആ യത്നം ഉപേക്ഷിച്ചു തിരിച്ചു പോന്നു. വാക്കുകളുടെ ബഹളമല്ലാതെ ഇക്കഥയിൽ ഒന്നുമില്ല. കഥാകാരന്റെ ചൈതന്യം ചിറകൊതുക്കി വാക്കുകളുടെ പഞ്ജരത്തിൽ കയറിയിരിക്കുന്നു. ആരു വിചാരിച്ചാലും ആ പക്ഷിയെ തുറന്നു വിടാൻ വയ്യ.

ദുഃഖമകലാൻ

വർഷങ്ങൾക്കു മുൻപു് തോപ്പിൽ ഭാസിയുടെ ഒരടുത്ത ബന്ധുവിനെ—കോളേജ് വിദ്യാർത്ഥിനിയെ—പാമ്പു കടിച്ചു. ആ കുട്ടി മരിച്ചുപോയി. തോപ്പിൽ ഭാസി എന്റെ സുഹൃത്താണെങ്കിലും ആ കുട്ടിയെ ഞാനറിയില്ലായിരുന്നു. എങ്കിലും പഠിക്കാനിരുന്ന ആ കുട്ടിയെ പാമ്പു് മേശയ്ക്കടിയിൽ വന്നു ദംശിച്ചതും ബന്ധുക്കൾ പാമ്പിനെ കണ്ടതും ഷോക്ക് ഉണ്ടാകാതിരിക്കാൻ പാമ്പല്ല കടിച്ചതു് എന്നു് ആ കുട്ടിയെ ധരിപ്പിച്ചതുമൊക്കെ ഞാൻ പത്രത്തിൽ വായിച്ചു. ഏകാന്തത്തിലിരുന്നു കണ്ണീരൊഴുക്കി. ആ വലിയ ദുഃഖം ഒട്ടൊന്നു കെട്ടടങ്ങിയതു് എന്റെ ഒരു സ്നേഹിതൻ അനുശോചനമെന്ന മട്ടിൽ ഒരു ശ്ലോകം ജനയുഗം വാരികയിൽ എഴുതിയതു വായിച്ചപ്പോഴാണു്. അത്രയ്ക്കു പരിഹാസ്യമായിരുന്നു ശ്ലോകം. ഭോപാലിലെ ദുരന്തം കണ്ടു നമ്മളെല്ലാം വിറച്ചിരിക്കുകയാണു്. ആ ഞെട്ടലിൽ നിന്നും മഹാദുഃഖത്തിൽ നിന്നും നമ്മളെ താൽകാലികമായിട്ടെങ്കിലും മോചിപ്പിച്ചു കളയുന്നു ജി. തോമസ് എം. എ. ശാസ്താംകോട്ട ദീപിക ആഴ്ചപ്പതിപ്പിലെഴുതിയ കാവ്യം. കുറച്ചു കേട്ടിട്ടു വാരിക അടയ്ക്കാം വായനക്കാരേ നിങ്ങളുടെ ദുഃഖവും അല്പനേരത്തേക്കു അകലട്ടെ.

“ നിന്നിലുള്ള വിനാശ ശക്തികൾ

നിന്നെയിങ്ങനെ ശ്വാസം മുട്ടിക്കവേ,

നിന്നു പോകൂ ഞാൻ മർത്യ മഹത്വോത്ഥാപിതൻ

നിഷ്കളങ്കൻ ജനി മൃതിവൈരുദ്ധ്യോന്മുഖകൻ.

വിട നല്കുക വിധ്വംസചിന്തകൾക്കു്

ശടകുടഞ്ഞെഴുന്നേല്ക്കുക സ്നേഹശക്തികൾ

പുതുയുഗ കാഹളധ്വനികളാൽ

പുളകിതമാകട്ടെ മാനവചേതനകൾ.”

പണ്ടു് ദുശ്ശാസനൻ ദ്രൗപദിയുടെ വസ്ത്രമഴിച്ചു. ശ്രീകൃഷ്ണൻ രക്ഷിക്കാൻ ഉണ്ടായിരുന്നതുകൊണ്ടു് ശ്രീമതി രക്ഷപ്പെട്ടു. ദുശ്ശാസനന്റെ കൃത്യം കുത്സിതമല്ലെന്നു തോന്നുന്നതു് ഇമ്മട്ടിലുള്ള കവിതകൾ വായിക്കുമ്പോഴാണു്. സീലിങ് വാക്സ് വാക്സേ അല്ല. ടർക്കിഷ് ബാത്തിനു ടർക്കിയുമായി ഒരു ബന്ധവുമില്ല. പേപ്പട്ടിയെ ഹൈഡ്രോഫോബിയയുമായി (വെള്ളം കണ്ടാലുണ്ടാകുന്ന പേടി) ബന്ധിപ്പിക്കുന്നതിൽ ഒരു യുക്തിയുമില്ല. പേപ്പട്ടി വെള്ളം കണ്ടാൽ അതിൽ ചാടും. കടൽ നാക്കിനു് കടലുമായി, നാക്കുമായി ഒരു ബന്ധവുമില്ല. ഒരു മത്സ്യത്തിന്റെ അസ്ഥിയാണതു്. കൈനാറിപ്പൂവിനു നാറ്റമില്ല, സൗരഭ്യമേയുള്ളൂ. തോമസിന്റെ കാവ്യത്തിനു കവിതയുമായുള്ള ബന്ധം കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലെയാണു് (കടലാടി= ഒരു പച്ചമരുന്നു്).

images/MannathuPadmanabhan.jpg
മന്നത്തു പദ്മനാഭൻ

മന്നത്തു പദ്മനാഭൻ അദ്ധ്യാപകനായിരുന്നു. ക്ലാസ്സ് ഭിത്തിയിൽ തൂക്കിയ ഹെഡ് മാസ്റ്ററുടെ പടത്തിൽ ഏതോ കുസൃതിക്കാരൻ മീശ വരച്ചുവച്ചു. മന്നം ക്ളാസ്സിൽ കയറിയപ്പോഴാണു് അതു കണ്ടതു്. അദ്ദേഹം ഉടനെ ചോദിച്ചു: “ഹെഡ് മാസ്റ്റർക്കു മീശവച്ച ക്ഷുരകൻ ആരാണു്? എഴുന്നേറ്റു നില്ക്കട്ടെ”. (മനോരാജ്യം, സമ്പാദകൻ = വിജയം രവി.) പ്രത്യുൽപന്നമതിത്വം വളരെക്കൂടിയ നേതാവായിരുന്നു മന്നം. ഒരിക്കൽ അദ്ദേഹം പ്രസംഗിച്ച സ്ഥലത്തു് ഞാനും പ്രഭാഷകനായിരുന്നു. മൈക്കു് കൂടക്കൂടെ പ്രവർത്തിക്കാതിരുന്നപ്പോൾ അല്പം ദേഷ്യത്തോടെ അദ്ദേഹം പറഞ്ഞു: “ഞാൻ ജനിക്കുന്നതിനും മുൻപു ജനിച്ച ഈ മൈക്കു് എന്റെ ശബ്ദം നിങ്ങളുടെ അടുത്തേക്കു കൊണ്ടുവരാൻ അസമർത്ഥമാണു്”.

വൈക്കം ചന്ദ്രശേഖരൻ നായർ ഒരു കുട്ടിക്കു് എം. എസ്സി. ക്ലാസ്സിൽ അഡ്മിഷൻ വേണമെന്നു പറഞ്ഞു മന്നത്തിന്റെ അടുത്തെത്തി. വളരെ സ്നേഹത്തോടെ അദ്ദേഹം ചന്ദ്രശേഖരൻ നായരെ അടുത്തു പിടിച്ചിരുത്തി: “അഡ്മിഷനോ? തരാമല്ലോ. പിന്നെ ഒരു ചെറിയ തുക ഡൊണേഷനായി തരണം”. തുക എത്രയാണെന്നു് വൈക്കം വിനയത്തോടെ അന്വേഷിച്ചു. മന്നം: “അയ്യായിരം രൂപ.” “അയ്യായിരമോ?” വൈക്കത്തിന്റെ അത്ഭുതം കലർന്ന ചോദ്യം. മന്നം: “അതേ, മറ്റുള്ള ജാതിക്കാർക്കു നാലായിരം. ഈ പയ്യൻ നായരല്ലേ? അതുകൊണ്ടു് അയ്യായിരം.” നായരുടെ കോളേജ് നന്നാക്കാൻ നായർ തന്നെ പണം കൊടുക്കണമെന്നാവാം മന്നത്തിന്റെ അഭിപ്രായം.

കഥയെന്ന പാമ്പു്

സ്നേഹിതന്മാരെ നഷ്ടപ്പെടുന്നതെങ്ങനെ? ഒരാൾ പറഞ്ഞതു് മറ്റൊരാളോടു പറയുക, എന്റെ അഭിപ്രായം ശരി എന്ന മട്ടിൽ സംസാരിക്കുക, സ്നേഹിതൻ പറയുന്നതു ശ്രദ്ധിക്കാതിരിക്കുക. അയാൾ വന്നു കുറെനേരമിരുന്നു സംസാരിച്ചു കഴിയുമ്പോൾ ‘എവിടെ താമസിക്കുന്നു?’ എന്നു ചോദിക്കുക (അയാൾ പോകാനുള്ള ആഗ്രഹമാണു് ഈ ചോദ്യമായി മാറുന്നതു്). ഞാൻ തെറ്റു ചെയ്യാത്തവനാണു്, സത്യസന്ധനാണു് എന്നു പറയുക, എന്തെങ്കിലും രഹസ്യം പറഞ്ഞിട്ടു് ‘പുറത്തു പറയരുതു്’ എന്നു നിർദ്ദേശിക്കുക. ഇങ്ങനെ പലതും. ഇതൊക്കെ സ്നേഹിതരേ ശത്രുക്കളാക്കുന്ന വിദ്യകൾ. എല്ലാ ആളുകളെയും വെറുപ്പിക്കണമെങ്കിൽ മണിയെപ്പോലെ ‘നന്മ നേരുന്നു’ എന്ന ചെറുകഥ എഴുതിയാൽ മതി. സുന്ദരിയായ ചെറുപ്പക്കാരി തീവണ്ടിയാപ്പീസിൽവച്ചു് ഒരു കൂട ഒരു സ്ത്രീയെ ഏല്പിച്ചിട്ടു കടന്നു കളയുന്നു. സ്റ്റേഷൻമാസ്റ്റരുടെ മുൻപിൽ വച്ചു് കൂട തുറന്നപ്പോൾ ഒരു കുഞ്ഞിന്റെ ശരീരം. കുഞ്ഞു മരിച്ചാൽ കഥയുണ്ടോ? ഇല്ല. മരിച്ചിട്ടില്ല മയക്കു മരുന്നു കൊടുത്തിട്ടേയുള്ളു. ചികിത്സ കൊണ്ടു കുഞ്ഞു രക്ഷപ്പെട്ടു, കൂട ഏറ്റു വാങ്ങിയ സ്ത്രീ കുഞ്ഞിനെ വളർത്താൻ തീരുമാനിക്കുന്നു. ഇത്തരം കഥകളെക്കുറിച്ചു് വിമർശനത്തിന്റെ ഭാഷയിൽ എന്തെങ്കിലും എഴുതിയാൽ അതു് വിമർശനത്തെത്തന്നെ നിന്ദിക്കലാവും. എനിക്കോർമ്മ വരുന്നതു് എന്റെ മുത്തച്ഛൻ പാമ്പുകളെ കൊല്ലുന്ന വിധമാണു്. ഏതു വിഷമുള്ള പാമ്പിനെ കണ്ടാലും അദ്ദേഹം ഓടിച്ചെല്ലും. വാലിൽ പിടിക്കും. തലകീഴാക്കി തൂക്കി ഒന്നു കുടയും. ദൂരെ എറിയും എല്ലാം ഒരു നിമിഷം കൊണ്ടു്. പാമ്പു് അപ്പോൾത്തന്നെ ചത്തിരിക്കും. ഈ കഥാഭുജംഗത്തെ വാലിൽപ്പിടിച്ചു കുടഞ്ഞു ദൂരെ എറിയാൻ ആരുണ്ടു്?

“ആധുനിക നാടകങ്ങളെന്ന വ്യാജേന കാവാലവും നരേന്ദ്ര പ്രസാദു മൊക്കെ കാട്ടിക്കൂട്ടുന്ന കോപ്രാട്ടികൾക്കു് ഞാനിടുന്ന പേരു് “ഒപ്പക്കളി” എന്നാണു്”— എ. പി. പി. നമ്പൂതിരി പറഞ്ഞതാണു് ഇതു് (ഈയാഴ്ച വാരിക). ഇതേ കോപ്രാട്ടികൾ കവിതയിലും കഥയിലുമുണ്ടല്ലോ. അവയെക്കുറിച്ചു് എ. പി. പിക്കു ദുരഭിപ്രായമില്ല താനും. അപ്പോൾ കാവാലത്തിനെയും നരേന്ദ്രപ്രസാദിനെയും വിമർശിക്കാൻ അദ്ദേഹത്തിനെന്തധികാരം?

images/Kunhiramannairp.jpg
പി. കുഞ്ഞിരാമൻ നായർ

പ്രകൃതിവർണ്ണന കവിതയിൽ നിന്നു് അപ്രത്യക്ഷമായിക്കഴിഞ്ഞു. എങ്കിലും “വരുമോ കുങ്കുമം തൊട്ട സാന്ധ്യശോഭകണക്കവൾ?” എന്നു് പി. കുഞ്ഞിരാമൻ നായർ ചോദിക്കുമ്പോൾ എനിക്കതു് വീണ്ടും വീണ്ടും വായിക്കാൻ ആഗ്രഹം.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-01-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 28, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: Anupa Ann Joseph; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.