SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
സാ​ഹി​ത്യ​വാ​ര​ഫ​ലം
എം കൃ​ഷ്ണൻ നായർ
(കലാ​കൗ​മു​ദി വാരിക, 1985-05-19-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്)

കാറൽ മാർ​ക്സി ന്റെ ഏതു പ്ര​ബ​ന്ധ​വും വാ​യി​ക്കാൻ രസ​മാ​ണു്. വി​ശേ​ഷി​ച്ചും അദ്ദേ​ഹ​ത്തി​ന്റെ The Eighteenth Brumaire of Loius Bonaparte എന്ന പ്ര​ബ​ന്ധം. ഫ്ര​ഞ്ച് വി​പ്ല​വ​പ്പ​ഞ്ചാം​ഗ​മ​നു​സ​രി​ച്ചു രണ്ടാ​മ​ത്തെ മാ​സ​മാ​ണു ബ്രൂ​മർ.[1]

images/Karl_Marx.jpg
കാറൽ മാർ​ക്സ്

ലോ​ക​ച​രി​ത്ര​ത്തി​ലെ എല്ലാ പ്ര​ധാ​ന​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളും മഹാ​വ്യ​ക്തി​ക​ളും രണ്ടു തവ​ണ​യു​ണ്ടാ​കു​ന്നു എന്നു ഹേഗൽ എവി​ടെ​യോ പറ​ഞ്ഞ​തു എടു​ത്തെ​ഴു​തി​ക്കൊ​ണ്ടാ​ണു മാർ​ക്സ് ആ പ്ര​ബ​ന്ധം ആരം​ഭി​ക്കു​ന്ന​തു്. ആദ്യ​ത്തേ​തു ‘ട്രാ​ജ​ഡി’ രണ്ടാ​മ​ത്തേ​തു ‘ഫാ​ഴ്സ്’ എന്നു​കൂ​ടെ ചേർ​ക്കാൻ ഹേഗൽ മറ​ന്നു​പോ​യി​യെ​ന്നു മാർ​ക്സ് പരി​ഹാ​സ​പൂർ​വ്വം പറ​യു​ന്നു. റൊ​ബ​സ്പ്യേർ എന്ന വി​പ്ല​വ​കാ​രി​ക്കു ശേഷം ലൂ​യി​ബ്ലാ​ങ്. 1793-ലെ വി​പ്ല​വ​ത്തി​നു​ശേ​ഷം 1848-ലെ വി​പ്ല​വം. നെ​പ്പോ​ളി​യ​നു ശേഷം അദ്ദേ​ഹ​ത്തി​ന്റെ അന​ന്ത​ര​വ​നായ ലൂ​യി​ബോ​ണ​പ്പാർ​ട്ട്. ട്രാ​ജ​ഡി എന്നു മാർ​ക്സ് പറ​യു​ന്ന​തു വ്യ​ക്തി​യു​ടെ​യും സം​ഭ​വ​ത്തി​ന്റെ​യും ഉദാ​ത്ത സ്വ​ഭാ​വം സൂ​ചി​പ്പി​ക്കാ​നാ​ണു്. മാർ​ക്സ് നൽകിയ ഉദാ​ഹ​ര​ണ​ങ്ങ​ളിൽ രണ്ടാ​മ​ത്തേ​തു എപ്പോ​ഴും ഫാ​ഴ്സാ​ണു അല്ലെ​ങ്കിൽ പരി​ഹാസ ചി​ത്ര​മാ​ണു്. മാർ​ക്സി​ന്റെ ഈ മതം കടം വാ​ങ്ങി​പ്പ​റ​ഞ്ഞാൽ വള്ള​ത്തോൾ ട്രാ​ജ​ഡി​യും വെ​ണ്ണി​ക്കു​ളം ഫാ​ഴ്സു​മാ​ണു്. ചങ്ങ​മ്പുഴ ട്രാ​ജ​ഡി; അദ്ദേ​ഹ​ത്തി​ന്റെ അനു​കർ​ത്താ​ക്കൾ പരി​ഹാസ ചി​ത്ര​ങ്ങൾ.

കു​റി​പ്പു​കൾ

[1] വാ​ങ്ഭേ​മൈ​യീർ—Vendimiaire (മു​ന്തി​രി​പ്പ​ഴം), ബ്രൂ​മർ—Brumaire (മൂ​ടൽ​മ​ഞ്ഞു്), ഫ്രീ​മെർ—Frimaire (മഞ്ഞും ആലി​പ്പ​ഴ​വും), നീ​വോ​സ്—Nivose (ഹിമം), പ്ലു​വ​വ്യോ​സ്—Pluviose (മഴ), വാ​ങ്തോ​സ്—Ventose (കാ​റ്റു്), ഷെർ​മീ​നൽ—Germinal (വി​ത്തു്), ഫ്ലോ​റേ​യൽ—Floreal (പൂവു്), പ്രീ​റി​യേൽ—Prairial (പുൽ​ത്ത​കി​ടി), മെ​സ്സി​ഡോർ—Messidor (കൊ​യ്ത്തു്), തെർ​മി​ഡോർ—Thermidor (ചൂടു്), ഫ്രൈ​ക്റ്റി​ഡോർ— Fructidor (ഫലം) എന്നു മാ​സ​ങ്ങൾ. നാ​ട​ക​കർ​ത്താ​വും വി​പ്ല​വ​കാ​രി​യു​മാ​യി​രു​ന്ന ഫേബ്ര ദാ​ഗ്ലാ​ങ്തീൻ (Fabre D’eglantine) ആണു ഈ പഞ്ചാം​ഗ​ത്തി​ന്റെ കണ്ടു​പി​ടി​ത്ത​ക്കാ​രൻ. അദ്ദേ​ഹ​ത്തെ മറ്റു വി​പ്ല​വ​കാ​രി​കൾ ഗി​ല​റ്റി​നിൽ വധി​ച്ചു.

images/Marx_EighteenthBrumaire.jpg

മൗ​ലി​ക​ത​യേ​യും ഹാ​സ്യാ​നു​ക​ര​ണ​ത്തേ​യും ഇങ്ങെ​നെ അവ​ത​രി​പ്പി​ക്കു​ന്ന​തി​നി​ട​യിൽ മാർ​ക്സ് ഭാ​ഷ​യെ​ക്കു​റി​ച്ചും പറ​യു​ന്നു​ണ്ടു്. നമ്മൾ ഒരു പുതിയ ഭാഷ പഠി​ക്കു​ക​യാ​ണെ​ന്നു വി​ചാ​രി​ക്കു. ഓരോ വാ​ക്കു പഠി​ക്കു​മ്പോ​ഴും നമ്മൾ മാ​തൃ​ഭാ​ഷ​യി​ലേ​ക്കു അതിനെ രൂ​പാ​ന്ത​രീ​ക​ര​ണം ചെ​യ്യും (re-​translate). ഒടു​വിൽ സ്വ​ന്തം ഭാ​ഷ​യു​ടെ ചൈ​ത​ന്യം സ്വാ​യ​ത്ത​മാ​കു​മ്പോൾ റീ ട്രാൻ​സ​ലേ​യ്ഷൻ വേ​ണ്ടെ​ന്നാ​കും. മാ​തൃ​ഭാ​ഷ​യെ അപ്പോൾ മറ​ക്കു​ക​യും ചെ​യ്യും. കാവ്യ ജീ​വി​തം ആരം​ഭി​ച്ച കാ​ല​ത്തു വള്ള​ത്തോൾ വെ​ണ്മ​ണി​ക്ക​വി​ത​യി​ലേ​ക്കു എന്തും രൂ​പാ​ന്ത​രീ​ക​ര​ണം നട​ത്തി​യി​രു​ന്നു. ചൈ​ത​ന്യം സ്വാ​യ​ത്ത​മായ കാ​ല​യ​ള​വിൽ അദ്ദേ​ഹം മഗ്ദ​ലന മറിയം രചി​ച്ചു. വെ​ണ്മ​ണി​ക്ക​വി​ത​യെ മറ​ന്നു. ജി. ശങ്ക​ര​ക്കു​റു​പ്പു ആദ്യ കാ​ല​യ​ള​വിൽ ‘റീ​ട്രാൻ​സ​ലേ​യ്ഷൻ നട​ത്തി​യ​തു വള്ള​ത്തോൾ​ക്ക​വി​ത​യി​ലേ​ക്കാ​യി​രു​ന്നു. സാ​ഹി​ത്യ​കൗ​തു​കം നാ​ലു​ഭാ​ഗ​ങ്ങ​ളും ആ പ്ര​ക്രി​യ​യ്ക്കു ഉദാ​ഹ​ര​ണ​ങ്ങൾ. ‘വി​ശ്വ​ദർ​ശ​നം’ രചി​ച്ച കവി​ക്കു രൂ​പ​ന്ത​രീ​ക​ര​ണം വേണ്ട. അവിടെ അദ്ദേ​ഹം ഭാ​ഷ​യു​ടെ ചൈ​ത​ന്യം സ്വാ​യ​ത്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.

images/Fabre.jpg
ഫേബ്ര ദാ​ഗ്ലാ​ങ്തീൻ

ഈ പു​ന​ര​വ​ത​ര​ണം—re-​translation—കഥാ​കാ​ര​ന്മാർ നട​ത്തു​ന്നു​വെ​ന്നു സം​ശ​യ​മു​ണ്ടാ​കു​മ്പോൾ എനി​ക്കു് വല്ലാ​ത്ത വൈ​ഷ​മ്യ​മാ​ണു്. രണ്ടു കാ​ര​ണ​ങ്ങ​ളാ​ലാ​ണു് ആ വൈ​ഷ​മ്യ​മു​ണ്ടാ​കു​ന്ന​തു്. ‘ഇക്കഥ പര​കീ​യം’ എന്നു ഞാൻ ഉറ​പ്പി​ച്ചു പറ​യു​മ്പോൾ അതു അസ​ത്യ​മാ​ണെ​ങ്കിൽ രച​യി​താ​വി​നെ വേ​ദ​നി​പ്പി​ക്കു​മ​ല്ലോ എന്ന​തു ഒരു കാരണം. സത്യ​മാ​ണു എന്റെ പ്ര​സ്താ​വ​മെ​ങ്കി​ലും കഥാ​കാ​ര​നു വേദന തോ​ന്നും. അങ്ങ​നെ വേ​ദ​നി​പ്പി​ക്കു​ന്ന​തു എനി​ക്കി​ഷ്ട​മ​ല്ല എന്ന​തു മറ്റൊ​രു കാരണം. എന്നാ​ലും തോ​ന്നു​ന്ന​തു തു​റ​ന്നു പറയാൻ ഞാൻ നിർ​ബ്ബ​ന്ധ​നാ​ണു്. അതു​കൊ​ണ്ടു പറ​യ​ട്ടെ. എൻ. പി. ഹാ​ഫീ​സ് മു​ഹ​മ്മ​ദ് മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി​ലെ​ഴു​തിയ ‘ചു​വ​ന്ന പൂവു്’ എന്ന കഥ​യ്ക്കു റഷ്യൻ സാ​ഹി​ത്യ​കാ​രൻ ഗാർ​ഷി​ന്റെ Red Flower എന്ന കഥ​യോ​ടു സാ​ദൃ​ശ്യ​മു​ണ്ടു്. ഹാ​ഫീ​സ് മു​ഹ​മ്മ​ദി​ന്റെ കഥയിൽ മു​ഹ​മ്മ​ദ് എന്നൊ​രാൾ ഒരാ​ശു​പ​തി​യിൽ വരു​ന്ന​താ​യി വർ​ണ്ണി​ക്കു​ന്നു. ഒരു​കാ​ല​ത്തു് അയാ​ളു​ടെ കാ​മു​കി​യാ​യി​രു​ന്ന വി​ജ​യ​മാ​ണു അവി​ട​ത്തെ പ്ര​ധാ​ന​പ്പെ​ട്ട ഡോ​ക്ടർ. ഹൃ​ദ​യ​ത്തിൽ ശസ്ത്ര​ക്രിയ നട​ത്തു​ന്ന​വ​ളാ​ണു വിജയം. പക്ഷേ, അവിടെ കി​ട​ക്കു​ന്ന​വ​രിൽ ചി​ലർ​ക്കു ഹൃ​ദ​യ​മി​ല്ല. ഹൃ​ദ​യ​മി​ല്ലാ​ത്ത​വ​രെ ശസ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​രാ​ക്കി​യി​ട്ടു് എന്തു നേടാൻ? മറ്റു പലരും മരി​ക്കാ​നു​ള്ള​വർ. അവ​രോ​ടു ആ രഹ​സ്യം പറ​യു​ന്നി​ല്ല ഡോ​ക്ടർ. അവർ മു​ഹ​മ്മ​ദി​നെ മേ​ശ​മേൽ കി​ട​ത്തി ശസ്ത്ര​ക്രിയ നട​ത്തു​ന്നു. ഓപ്പ​റേ​ഷൻ കഴി​ഞ്ഞു വാ​രി​യെ​ല്ലു​ക​ളു​ടെ താഴെ നി​ന്നു ഉയർ​ത്തി​യെ​ടു​ക്കു​ന്ന​തു ഒരു ചു​വ​ന്ന പനി​നീർ​പ്പൂ​വു്.

images/kizhakkemuri.jpg
ഡി. സി. കി​ഴ​ക്കേ​മു​റി

ഗാർ​ഷി​ന്റെ ആത്മ​ക​ഥാ​പ​ര​മായ ‘ചു​വ​ന്ന പൂവു്’ എന്ന കഥയിൽ ഒരു ഭ്രാ​ന്ത​നെ ഒരു ഭ്രാ​ന്താ​ല​യ​ത്തിൽ കൊ​ണ്ടു വരു​ന്ന​താ​യി​ട്ടാ​ണു വർ​ണ്ണന. അവിടെ അനേകം ഭ്രാ​ന്ത​ന്മാർ. വന്നെ​ത്തിയ ഭ്രാ​ന്തൻ വി​ചാ​രി​ക്കു​ന്നു ആ കെ​ട്ടി​ട​ത്തി​ന്റെ പി​റ​കു​വ​ശ​ത്തു വി​ടർ​ന്നു നിൽ​ക്കു​ന്ന ചു​വ​ന്ന പൂ​ക്ക​ളി​ലാ​ണു ലോ​ക​ത്തി​ന്റെ തിന്മ മു​ഴു​വൻ ഇരി​ക്കു​ന്ന​തെ​ന്നു്. അയാൾ ആ പൂ​ക്കൾ ആരും കാ​ണാ​തെ പറി​ച്ചെ​ടു​ത്തു ഉടു​പ്പി​ന​ക​ത്തു ഹൃ​ദ​യ​ത്തോ​ടു ചേർ​ത്തു​വ​യ്ക്കു​ന്നു. താൻ അതു​കൊ​ണ്ടു മരി​ക്കു​മെ​ന്നു അയാൾ​ക്ക​റി​യാം. എങ്കി​ലും ലോകം തി​ന്മ​യിൽ നി​ന്നു മോചനം നേ​ടു​മ​ല്ലോ എന്നാ​ണു ഭ്രാ​ന്ത​ന്റെ വി​ചാ​രം. കഥ​യു​ടെ അവ​സാ​ന​മി​ങ്ങ​നെ: “അവർ അയാളെ സ്ട്രെ​ച്ച​റിൽ വച്ചി​ട്ടു് മു​റു​ക്കി​വ​ച്ച അയാ​ളു​ടെ കൈ വി​ടർ​ത്തി ചു​വ​ന്ന പൂവു് എടു​ക്കാൻ ശ്ര​മി​ച്ചു. പക്ഷേ, മരണം കൊ​ണ്ടു ആ കൈ മു​റു​കി​വ​ലി​ഞ്ഞു പോയി. അയാൾ ആ വിജയ ചി​ഹ്നം ശവ​ക്കു​ഴി​യി​ലേ​ക്കു തന്നെ കൊ​ണ്ടു​പോ​യി.” തി​ന്മ​യു​ടെ നേർ​ക്കു​ള്ള ഗാർ​ഷി​ന്റെ മനോ​ഭാ​വം ഇവിടെ പ്ര​ക​ട​മാ​ണു്. ഹാ​ഫീ​സ് മു​ഹ​മ്മ​ദി​ന്റെ കഥ​യി​ലെ പ്ര​മേ​യം വി​ഭി​ന്ന​മാ​ണു്. ഗാർ​ഷി​ന്റെ ചു​വ​ന്ന പൂവു് തി​ന്മ​യു​ടെ പ്ര​തീ​ക​മാ​ണെ​ങ്കിൽ ഹാ​ഫീ​സ് മു​ഹ​മ്മ​ദി​ന്റെ ചു​വ​ന്ന പൂവു് സ്നേ​ഹ​ത്തി​ന്റെ പ്ര​തി​രൂ​പ​മാ​ണു്. പക്ഷേ, മറ്റു് അം​ശ​ങ്ങ​ളിൽ അവ വി​ഭി​ന്ന​ങ്ങ​ളാ​ണെ​ന്നു് എഴു​താൻ എനി​ക്കു് ധൈ​ര്യം പോരാ. അന്ത​രീ​ക്ഷ​സൃ​ഷ്ടി​യിൽ, ആഖ്യാ​ന​രീ​തി​യിൽ, കഥ​യു​ടെ പേ​രു​ക​ളിൽ ഒക്കെ സാ​ദൃ​ശ്യം. റഷ്യൻ കഥ​ക​ളിൽ ചു​വ​ന്ന പൂ​ക്കൾ പോ​പ്പി​ച്ചെ​ടി​ക​ളിൽ വി​ടർ​ന്നു നിൽ​ക്കു​ന്നു. മലയാള കഥ​ക​ളിൽ ചു​വ​ന്ന പനി​നീർ​പ്പൂ​വി​ന്റെ ചി​ത്രം ചു​വ​രിൽ. “മുഖം മൂടി, ശരീരം മൂടി, അന​സ്തേ​ഷ്യ കൊ​ടു​ത്തു. വാ​രി​യെ​ല്ലു​കൾ​ക്കി​ട​യിൽ അട​യാ​ളം വര​ച്ചു. സമ​യ​മേ​റെ​ക്ക​ഴി​ഞ്ഞി​ട്ടും അവർ മയ​ക്ക​ത്തി​ലേ​ക്കു വീ​ഴു​ന്നി​ല്ല. മരു​ന്നു കു​ത്തി​വ​ച്ചു. ബോധം വി​ടു​ന്നി​ല്ല. കു​ഴ​ഞ്ഞ ശരീ​ര​ത്തിൽ വീ​ണ്ടും മയ​ക്കു​മ​രു​ന്നു കു​ത്തി​ക്കേ​റ്റി” എന്ന ഭാ​ഗ​ത്തു് ഹാ​ഫീ​സ് മു​ഹ​മ്മ​ദ് സ്പ​ഷ്ട​മാ​ക്കു​ന്ന അന​സ്തേ​ഷ്യ​യു​ടെ നി​ഷ്പ്ര​യോ​ജ​ന​ത്വം ഗാർ​ഷി​നും സ്പ​ഷ്ട​മാ​ക്കു​ന്നു​ണ്ടു്.

“Morphine? Chloral? He said half questioningly. The morphine did not work yesterday.”

ഗാർ​ഷി​ന്റെ കഥ മാ​സ്റ്റർ​പീ​സാ​ണു്. സാ​ന്ദ്ര​ത​യാർ​ന്ന ആ കഥ പേ​ടി​സ്വ​പ്ന​ത്തി​ന്റെ പ്ര​തീ​തി ഉള​വാ​ക്കു​ന്നു. ഹാ​ഫി​സ് മു​ഹ​മ്മ​ദി​ന്റെ കഥ ശി​ഥി​ല​മാ​ണു്. പ്ര​മേ​യം ജനി​പ്പി​ക്കു​ന്ന അർ​ഥ​ന​കൾ​ക്കു യോ​ജി​ച്ച രീ​തി​യി​ല​ല്ല അതിലെ സംഭവ സന്നി​വേ​ശ​ങ്ങൾ. കഥാ​കാ​രൻ കോ​പി​ക്ക​രു​തു്. അദ്ദേ​ഹ​ത്തിൽ ഞാൻ ആരോ​പി​ക്കു​ന്ന പു​ന​ര​വ​ത​ര​ണം മി​ഥ്യാ​ക​ല്പ​മാ​ണെ​ങ്കിൽ അങ്ങ​നെ തന്നെ പറയൂ. ആ ‘ഇന്റ​ല​ക്ച്ച ്വൽ ഓണി​സ്റ്റി​യിൽ’ വി​ശ്വാ​സ​മർ​പ്പി​ക്കാൻ ഞാൻ സന്ന​ദ്ധ​നാ​ണു്.

അടു​ത്ത ജന്മ​ത്തി​ലെ​ങ്കി​ലും
images/InvisibleCities.jpg

ഇതെ​ഴു​തു​ന്ന ആളി​നു് മഹാ​വ്യ​ക്തി​ക​ളെ പരി​ച​യ​മി​ല്ല. അറി​യാ​വു​ന്ന​വർ ഒന്നോ രണ്ടോ പേർ. അതു​കൊ​ണ്ടാ​ണു് കൂ​ട​ക്കൂ​ടെ ചില വ്യ​ക്തി​ക​ളു​ടെ പേ​രു​കൾ മാ​ത്രം പറ​യു​ന്ന​തു്. സ്ഥ​ല​ങ്ങ​ളും ഞാൻ കണ്ടി​ട്ടി​ല്ല. കേ​ര​ള​ത്തിൽ തൃ​ശൂ​രി​നു വട​ക്കോ​ട്ടു​ള്ള ഒരു സ്ഥ​ല​ത്തും എനി​ക്കു പോകാൻ കഴി​ഞ്ഞി​ട്ടി​ല്ല. കോ​ഴി​ക്കോ​ടും കൊ​യി​ലാ​ണ്ടി​യും കാ​ണാ​തെ തന്നെ ഞാൻ ജീ​വി​തം അവ​സാ​നി​പ്പി​ക്കു​മെ​ന്നു തോ​ന്നു​ന്നു. അതു​പോ​ലെ മഹാ​ന​ഗ​ര​ങ്ങ​ളും. ബോംബെ, ഡൽഹി, കൽ​ക്ക​ട്ട ഈ പട്ട​ണ​ങ്ങ​ളും എന്റെ പാ​ദ​പാം​സു​ക്കൾ അണി​ഞ്ഞു് അവി​ശു​ദ്ധ​മാ​യി​ട്ടി​ല്ല, ആകു​ക​യു​മി​ല്ല. അതു​കൊ​ണ്ടു് മഹാ​വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചു് എപ്പോ​ഴും പറ​യു​ന്ന, അവ​രോ​ടു ഗാ​ഢ​സ​മ്പർ​ക്കം പു​ലർ​ത്തു​ന്ന ഡി. സി. കി​ഴ​ക്കേ​മു​റി യെ എനി​ക്കി​ഷ്ട​മാ​ണു്, ബഹു​മാ​ന​മാ​ണു്. ഇത്ത​വ​ണ​ത്തെ കു​ങ്കു​മം വാരിക നോ​ക്കുക. ഡി. സി എഴു​തു​ന്നു: “ഇന്നു് എൻ. വി. കൃ​ഷ്ണ​വാ​ര്യ​രും ഞാനും കൂടി ഡൽ​ഹി​ക്കു പു​റ​പ്പെ​ടു​ക​യാ​ണു്. ഞങ്ങൾ​ക്കു രാ​ഷ്ട്ര​പ​തി​യെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും കണ്ടു സ്വ​ല്പം ചർച്ച നട​ത്തേ​ണ്ട കാ​ര്യ​മു​ണ്ടു്.” എന്തു ഭാ​ഗ്യം! ‘ഹന്ത ഭാ​ഗ്യം ജനാ​നാം.’ രാ​ഷ്ട്ര​പ​തി​യോ പ്ര​ധാ​ന​മ​ന്ത്രി​യോ തി​രു​വ​ന​ന്ത​പു​ര​ത്തു വന്നാൽ എനി​ക്കു റോ​ഡി​ലെ ആൾ​ക്കൂ​ട്ട​ത്തി​നി​ട​യിൽ ചെ​ന്നു നി​ന്നു് തല​പൊ​ക്കി ഒന്നു നോ​ക്കാം. കണ്ടാ​ലാ​യി, കണ്ടി​ല്ലെ​ങ്കി​ലാ​യി. അതാണോ ഡി. സി.-യുടെ നില. അപ്പോ​യ്മെ​ന്റ് ഫി​ക്സ് ചെ​യ്യു​ന്നു. പറ​ക്കു​ന്നു. ചെ​ല്ലു​ന്നു. ഹസ്ത​ദാ​നം നട​ത്തു​ന്നു. ചർച്ച നട​ത്തു​ന്നു. ഇട​യ്ക്കു ചായ കു​ടി​ക്കു​ന്നു. സന്തോ​ഷ​ത്തോ​ടെ മട​ങ്ങു​ന്നു.

images/NVKrishnavaryar.jpg
എൻ. വി. കൃ​ഷ്ണ​വാ​ര്യ​രും

ഇതി​നൊ​ക്കെ പ്ര​ഭാ​വ​വും പ്രാ​ഭ​വ​വും ഉള്ള ഡി. സി. ഇന്ത്യൻ അഡ്മി​നി​സ്ട്രേ​റ്റീ​വ് സർ​വ്വീ​സി​ലെ അം​ഗ​മാ​യി​രു​ന്ന, ഇപ്പോൾ പാർ​ല​മെ​ന്റം​ഗ​മായ കൃ​ഷ്ണ​കു​മാ​റി​നെ “നമ്മു​ടെ കൃ​ഷ്ണ​കു​മാർ” എന്നു വി​ശേ​ഷി​പ്പി​ച്ചാൽ ക്ഷു​ദ്ര​ജീ​വി​യായ ഞാ​നെ​ന്തി​നു് അദ്ഭു​ത​പ്പെ​ട​ണം? (“കുറെ വർ​ഷ​ങ്ങൾ​ക്കു മുൻ​പു് നമ്മു​ടെ കൃ​ഷ്ണ​കു​മാ​റി​ന്റെ (അന്നു കള​ക്ടർ, ഇന്നു് എം. പി.) കല്യാ​ണം കന​ക​ക്കു​ന്നു കൊ​ട്ടാ​ര​ത്തിൽ വച്ചു്”—എന്നു ഡി. സി. ലേ​ഖ​ന​ത്തിൽ) എനി​ക്കു കൃ​ഷ്ണ​കു​മാ​റി​നെ ഒന്നു കാ​ണ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. സാ​ധി​ച്ചി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തെ ആയുർ​വേദ കോ​ളേ​ജി​ന​ടു​ത്തു് ബസ്സ് കാ​ത്തു നിൽ​ക്കു​മ്പോൾ ആകൃതി സൗ​ഭ​ഗ​മു​ള്ള ഒരു യു​വാ​വു് ജാഥ നയി​ക്കു​ന്ന​തു കണ്ടു. ആരാ​ണു് അദ്ദേ​ഹ​മെ​ന്നു ചോ​ദി​ച്ച​പ്പോൾ ‘കൃ​ഷ്ണ​കു​മാർ’ എന്നു ആരോ പറ​ഞ്ഞു. അങ്ങ​നെ ഒരി​ക്കൽ മാ​ത്രം ഞാ​ന​ദ്ദേ​ഹ​ത്തെ​ക്ക​ണ്ടു. ഡി. സി​ക്കാ​ണെ​ങ്കിൽ ‘നമ്മു​ടെ’ എന്നു വി​ശേ​ഷി​പ്പി​ക്കാൻ തക്ക വി​ധ​ത്തിൽ അദ്ദേ​ഹ​ത്തെ പരി​ച​യ​മു​ണ്ടു്. അദ്ദേ​ഹ​ത്തോ​ടു ബന്ധ​മു​ണ്ടു്. ഇവി​ടെ​യും തീർ​ന്നി​ല്ല. “എന്റെ അടു​ത്തു​ണ്ടാ​യി​രു​ന്ന​തു് എം. കെ. കെ. നാ​യ​രാ​ണു്” എന്നു് അടു​ത്ത വാ​ക്യം. മഹാ​വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചു​ള്ള പരാ​മർ​ശം തീ​രു​ന്നി​ല്ല. എം. പി. ഉദ​യ​ഭാ​നു വി​ലേ​യ്ക്കു് അതു ചെ​ല്ലു​ന്നു. ഡി. സി.-യുടെ മുൻ​പു​ള്ള പല ലേ​ഖ​ന​ങ്ങ​ളി​ലും ഇമ്മ​ട്ടിൽ മഹാ​വ്യ​ക്തി​ക​ളോ​ടു​ള്ള അദ്ദേ​ഹ​ത്തി​ന്റെ ബന്ധം സാ​ധാ​രണ സം​ഭ​വ​മെ​ന്ന മട്ടിൽ ആവി​ഷ്ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടു്. ഇതൊ​ക്കെ കണ്ടി​ട്ടാ​ണു് ‘വിധി’ എന്ന​തിൽ ഞാൻ വി​ശ്വ​സി​ക്കു​ന്ന​തു്. ചിലർ ഡി. സി.-​യെപ്പോലെ ജനി​ക്കു​ന്നു. മറ്റു ചിലർ എന്നെ​പ്പോ​ലെ​യും. എന്റെ കൈ​കൊ​ണ്ടു് ഉത്ത​ര​ക്ക​ട​ലാ​സിൽ മാർ​ക്കി​ട്ട​തി​ന്റെ പേരിൽ ക്ലാ​സ്സ് വാ​ങ്ങി​ച്ചു്, അതി​ന്റെ പേരിൽ ഐ. എ. എസ്സ് പരീ​ക്ഷ​യിൽ കട​ന്നു​കൂ​ടി ജയി​ച്ച ഒരു യു​വാ​വു് അടു​ത്ത കാ​ല​ത്തു ഒരു മീ​റ്റിം​ഗിൽ ആദ്യം പ്ര​സം​ഗി​ച്ച എന്നെ നി​ന്ദി​ച്ചു പ്ര​സം​ഗി​ച്ചു. ഭാ​ഗ്യ​ദോ​ഷം! വിധി! എനി​ക്കു് ഇനി​യു​മൊ​രു ജന്മ​മു​ണ്ടെ​ങ്കിൽ ഡി. സി.-യായി ജനി​ക്കാ​നാ​ണു് ആഗ്ര​ഹം.

സാ​യ്പു് പറഞ്ഞ കഥ​യാ​ണു്. ഒരാ​പ്പിൾ മര​ത്തി​ന്റെ ചു​വ​ട്ടിൽ ഒരു പനി​നീർ​ച്ചെ​ടി​യു​ണ്ടാ​യി​രു​ന്നു. അതിൽ ചേ​തോ​ഹ​ര​ങ്ങ​ളായ പൂ​ക്ക​ളും. ആളുകൾ ചെ​ടി​യെ അഭി​ന​ന്ദി​ച്ച​പ്പോൾ അതു് അഹ​ങ്ക​രി​ച്ചു: “എന്റെ പൂ​ക്കൾ കൊ​ണ്ടു ഞാൻ എല്ലാ​വ​രെ​യും സന്തോ​ഷി​പ്പി​ക്കു​ന്നു. ആരും എന്നെ​പ്പോ​ലെ​യ​ല്ല.” ഇതു കേ​ട്ടു് ആപ്പിൾ മരം പറ​ഞ്ഞു: “നീ പൂ​ക്കൾ കൊ​ടു​ക്കു​ന്ന​തി​നു മുൻ​പു് അവ അടർ​ത്തി​യെ​ടു​ക്കാൻ എത്തു​ന്ന​വ​രു​ടെ വി​ര​ലു​കൾ മു​റി​ക്കു​ന്നു, ഞാ​നാ​ണെ​ങ്കിൽ എന്റെ നേർ​ക്കു കല്ലെ​റി​യു​ന്ന​വർ​ക്കും ആപ്പിൾ​പ്പ​ഴ​ങ്ങൾ കൊ​ടു​ക്കു​ന്നു.”

“വാ​രാ​ണ​സി​യിൽ (കാശി) പേ​പ്പ​ട്ടി വേ​ണ​മെ​ന്നി​ല്ല. അവി​ട​ത്തെ പു​രോ​ഹി​ത​ന്മാ​രു​ടെ പട്ടി കടി​ച്ചാൽ​ത്ത​ന്നെ മരി​ക്കും മനു​ഷ്യൻ” എന്നു ഡി. സി. മനോ​രാ​ജ്യം വാ​രി​ക​യിൽ. വാ​രാ​ണ​സി എന്ന ഡി. സി.-യുടെ പ്ര​യോ​ഗം ശരി. വാ​ണാ​ര​സി, വരാ​ണ​സി, വാ​ര​ണ​സി എന്ന പേ​രു​ക​ളും ശരി. വരണ, അസി ഈ രണ്ടു നദികൾ ചേ​രു​ന്ന സ്ഥ​ല​മാ​ണി​തു്.

മലബാർ സു​കു​മാ​ര​നെ നോ​ക്കി
images/udayabanu.jpg
എം. പി. ഉദ​യ​ഭാ​നു

ഭാ​ര്യ​യും ഭർ​ത്താ​വും കു​ട്ടി​യു​ടെ ചി​കി​ത്സ നട​ത്താൻ തീ​രു​മാ​നി​ച്ചു് പട്ടി​ണി കി​ട​ക്കു​ന്ന​താ​യി ഭാ​വി​ക്കു​ന്നു. എന്നാൽ രണ്ടു പേരും രഹ​സ്യ​മാ​യി ഭക്ഷ​ണം കഴി​ക്കു​ന്നു. ഭാ​ര്യ​യ​റി​യാ​തെ ഉണ്ണാൻ ഭർ​ത്താ​വു് ചെ​ല്ലു​മ്പോൾ അവൾ ഊണു കഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഇതു് മലബാർ കെ. സു​കു​മാ​രൻ എഴു​തിയ ഒരു കഥ​യു​ടെ സാരം. തീ​വ​ണ്ടി​യാ​പ്പീ​സിൽ വച്ചു് ഒരു​ത്തി ഏൽ​പ്പി​ച്ചു​കൊ​ടു​ക്കു​ന്ന കു​ട്ടി​യു​ടെ പേരിൽ ഉണ്ടാ​കു​ന്ന വൈ​ഷ​മ്യ​ങ്ങ​ളാ​കെ അദ്ദേ​ഹം ‘ആരാ​ന്റെ കു​ട്ടി’ എന്ന കഥയിൽ ഹൃ​ദ്യ​മാ​യി വർ​ണ്ണി​ക്കു​ന്നു. അപ്ര​തീ​ക്ഷി​ത​മാ​യ​തി​നെ ആവി​ഷ്ക​രി​ച്ചു് വാ​യ​ന​ക്കാ​രെ ആഹ്ലാ​ദി​പ്പി​ക്കാൻ സു​കു​മാ​ര​നു വല്ലാ​ത്ത വൈ​ദ​ഗ്ദ്ധ്യ​മാ​ണു്. ‘ജഡ്ജി​യു​ടെ കോ​ട്ട്’ എന്ന കഥയും ഓർ​മ്മ​യി​ലെ​ത്തു​ന്നു. കള​ഞ്ഞു​കി​ട്ടിയ രണ്ടു പവൻ പഴയ കോ​ട്ടി​ന്റെ പോ​ക്ക​റ്റിൽ ഇടു​ന്നു. അതു പി​ന്നെ​ക്കാ​ണു​ന്നി​ല്ല. നി​രാ​ശ​നാ​യി വീ​ട്ടി​ലെ​ത്തു​മ്പോൾ കോ​ട്ടി​ന്റെ ലൈ​നി​ങ്ങി​നു് അക​ത്തു് പവൻ കി​ട​ക്കു​ന്ന​താ​യി കാ​ണു​ന്നു. സന്തോ​ഷം. ഇമ്മാ​തി​രി കഥകൾ വാ​യി​ച്ചു ശീ​ലി​ച്ചി​ട്ടു​ള്ള നമ്മ​ളെ സു​ധാ​ക​രൻ തൃ​ശ്ശി​ലേ​രി ‘പപ്പായ’ എന്ന കഥ എഴുതി മെ​ന​ക്കെ​ടു​ത്തേ​ണ്ടി​യി​രു​ന്നി​ല്ല. കപ്പ​യ്ക്ക (തി​രു​വ​ന​ന്ത​പു​ര​ത്തു അതാണു പേരു്) അടർ​ത്തി​യെ​ടു​ക്കാൻ ഒരു​ത്തൻ ചെ​ല്ലു​മ്പോൾ എല്ലാ​വ​രെ​യും പു​ച്ഛി​ക്കു​ന്ന ഒരു പോ​ലീ​സ് ഇൻ​സ്പെ​ക്ടർ അതു പറി​ക്കാ​നാ​യി കപ്പ മര​ത്തിൽ കേ​റി​യി​രി​ക്കു​ന്ന​താ​യി കാ​ണു​ന്നു. ഒട്ടും ഹാ​സ്യ​മി​ല്ലാ​തെ, ഹാ​സ്യ​ത്തി​ന്റെ നാ​ട്യ​ത്തോ​ടെ രചി​ച്ച ഇക്കഥ അനു​ഗൃ​ഹീ​ത​നാ​യി​രു​ന്ന മലബാർ കെ. സു​കു​മാ​ര​നെ നോ​ക്കി കൊ​ഞ്ഞ​നം കു​ത്തു​ന്നു. (സു​ധാ​ക​ര​ന്റെ കഥ മനോ​രാ​ജ്യം വാ​രി​ക​യിൽ.)

ഈറ്റാ​ലോ കാൽ​വീ​നോ

ചേ​തോ​ഹ​ര​മായ ഒരു നോവൽ വാ​യി​ച്ചു. ഈറ്റാ​ലോ കാൽ​വീ​നോ യുടെ Invisible Cities. മംഗോൾ ചക്ര​വർ​ത്തി​യാ​യി​രു​ന്ന കൂ​ബ്ലി കാ​നി​നെ​യും അദ്ദേ​ഹ​ത്തെ സന്ദർ​ശി​ക്കാ​നെ​ത്തിയ വെ​നീ​ഷ്യൻ സഞ്ചാ​രി മാർകോ പോ​ളോ​വി​നെ​യും കു​റി​ച്ചാ​ണു് ആ നോവൽ. മഹാ​നായ ചക്ര​വർ​ത്തി​യാ​യി​രു​ന്ന​ല്ലോ കൂ​ബ്ലി കാൻ. സാ​മ്രാ​ജ്യ​ത്തി​ന്റെ അതി​രു​കൾ വർ​ദ്ധി​പ്പി​ച്ച അദ്ദേ​ഹം കലാ​ത​ല്പ​ര​നാ​യി സു​ഖാ​സ​ക്ത​നാ​യി കഴി​ഞ്ഞു കൂടി. എങ്കി​ലും ഏതു മനു​ഷ്യ​നും ജീ​വി​ത​ത്തി​ന്റെ ക്ഷ​ണി​ക​സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചു്, താൻ നേ​ടി​യ​തി​ന്റെ​യൊ​ക്കെ അസ്ഥി​ര​ത്വ​ത്തെ​കു​റി​ച്ചു് തോ​ന്ന​ലു​ണ്ടാ​വും. ഈ തോ​ന്ന​ലി​നു് സാ​ന്ദ്രീ​കൃ​താ​വ​സ്ഥ പ്ര​ദാ​നം ചെ​യ്യു​ന്നു മാർ​ക്കോ​പോ​ളോ കണ്ട സ്ഥ​ല​ങ്ങ​ളു​ടെ വി​വ​ര​ണ​ങ്ങൾ. ഓരോ തവണ പോളോ മട​ങ്ങി​യെ​ത്തു​മ്പോ​ഴും ചക്ര​വർ​ത്തി അദ്ദേ​ഹ​ത്തി​ന്റെ വർ​ണ്ണ​ന​ങ്ങൾ കേൾ​ക്കു​ന്നു. അവ കേൾ​ക്കു​മ്പോ​ഴെ​ല്ലാം തന്റെ മഹ​നീ​യ​മായ സാ​മ്രാ​ജ്യ​ത്തി​ന്റെ ജീർ​ണ്ണ​ത​യെ​ക്കു​റി​ച്ചു് അദ്ദേ​ഹ​ത്തി​നു് ഓർമ്മ വരും. ഈ ലോ​ക​ത്തു് “ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രെ​ക്കാൾ മരി​ച്ച​വ​രാ​ണ​ല്ലോ” ഉള്ള​തു് എന്നു ഗ്ര​ഹി​ക്കും. ആവി​ഷ്ക​ര​ണ​രീ​തി​കൊ​ണ്ടും അന്യാ​ദൃ​ശ​മായ ഉൾ​ക്കാ​ഴ്ച​കൊ​ണ്ടും കാ​വ്യാ​ത്മ​ക​മായ ഈ നോ​വ​ലി​നു സാർ​വ്വ​ലൗ​കീ​ക​സ്വ​ഭാ​വം കൈ​വ​രു​ന്നു. നോബൽ സമ്മാ​ന​ത്തി​നു് അർ​ഹ​നാ​ണു് കാൽ​വീ​നോ എന്ന​തിൽ ഒരു സം​ശ​യ​വു​മി​ല്ല.

മനു​ഷ്യ​നോ ചി​ത്ര​ശ​ല​ഭ​മോ

ചൈ​നീ​സ് മി​സ്റ്റിൿ ജ്വാ​ങ്ദ്സു വി​ന്റെ (Chuang Tzu) ആ പേ​രു​ള്ള പു​സ്ത​ക​ത്തിൽ പറ​യു​ന്നു:

“ഒരി​ക്കൽ ജ്വാ​ങ്ദ്സു എന്ന പേ​രു​ള്ള ഞാൻ ചി​ത്ര​ശ​ല​ഭ​മാ​യി മാ​റി​യെ​ന്നു സ്വ​പ്നം കണ്ടു. അങ്ങു​മി​ങ്ങും പാ​റി​പ്പ​റ​ക്കു​ന്ന ചി​ത്ര​ശ​ല​ഭം. ചി​ത്ര​ശ​ല​ഭ​മെ​ന്ന നി​ല​യിൽ ഉണ്ടായ സങ്ക​ല്പ​ങ്ങ​ളെ​ക്കു​റി​ച്ചേ എനി​ക്കു് അറി​വു​ണ്ടാ​യി​രു​ന്നു​ള്ളൂ; മനു​ഷ്യ​നെ​ന്ന നി​ല​യിൽ എനി​ക്കു​ള്ള വ്യ​ക്തി​ത്വ​ത്തെ​ക്കു​റി​ച്ചു് എനി​ക്ക​റി​വി​ല്ലാ​യി​രു​ന്നു. പെ​ട്ടെ​ന്നു ഞാ​ന്നു​ണർ​ന്നു. അതാ അവിടെ ഞാൻ ഞാ​നാ​യി​ത്ത​ന്നെ കി​ട​ക്കു​ന്നു. മനു​ഷ്യ​നായ ഞാൻ അന്നു ചി​ത്ര​ശ​ല​ഭ​മാ​യി​യെ​ന്നു സ്വ​പ്നം കണ്ടോ? അതോ ഇപ്പോൾ ചി​ത്ര​ശ​ല​ഭ​മായ ഞാൻ മനു​ഷ്യ​നാ​ണെ​ന്നു സ്വ​പ്നം കാ​ണു​ന്നു​വോ? അക്കാ​ര്യം ഇപ്പോൾ എനി​ക്ക​റി​ഞ്ഞു​കൂ​ടാ. മനു​ഷ്യ​നും ചി​ത്ര​ശ​ല​ഭ​ത്തി​നു​മി​ട​യ്ക്കു് ഒരു വേ​ലി​യു​ണ്ടു്.”

(Translated by H. A. Giles.)

ഒന്നു്, രണ്ടാ​യോ മൂ​ന്നാ​യോ കാ​ണ​പ്പെ​ടും എന്നു സ്ഥാ​പി​ക്കാ​നാ​വാം ജ്വാ​ങ്ദ്സു ഇങ്ങ​നെ പറ​യു​ന്ന​തു്. ചി​ത്ര​ശ​ല​ഭം സ്വ​പ്ന​മാ​ണോ? അതോ മനു​ഷ്യ​നെ​ന്ന അവസ്ഥ സ്വ​പ്ന​മോ? ജ്വാ​ങ്ദ്സു തന്നെ വേറെ ആരു​ടെ​യെ​ങ്കി​ലും സ്വ​പ്ന​മാ​യി​ക്കൂ​ടേ? അനു​ഭ​വ​ങ്ങ​ളു​ടെ​യും വി​ശാ​ല​മായ അർ​ത്ഥ​ത്തിൽ ജീ​വി​ത​ത്തി​ന്റെ​യും. ഈ സ്വ​പ്നാ​ത്മ​ക​ത​യെ, അസ്ഥി​ര​ത​യെ കലാ​കൗ​മു​ദി​യി​ലെ കഥാ​കാ​രൻ എം. രാഘവൻ ‘സിം​ഹ​ത്തി​ന്റെ വായ്’ എന്ന കഥ​യി​ലൂ​ടെ സ്ഫു​ടീ​ക​രി​ക്കു​ന്നു. അസ്ഥി​ര​ത്വ​മു​ണ്ടെ​ങ്കി​ലും സ്വ​പ്ന​ത്തി​ന്റെ അവ്യ​ക്ത​ത​യു​ണ്ടെ​ങ്കി​ലും ജീ​വി​തം പ്ര​വ​ഹി​ച്ചു കൊ​ണ്ടേ​യി​രി​ക്കു​ന്നു.

images/Italo-Calvino.jpg
ഈറ്റാ​ലോ കാൽ​വീ​നോ

കു​ര​ങ്ങു കു​ര​ങ്ങു​മാ​യി ഇണ ചേ​രു​ന്നു. മാൻ മാൻ​പേ​ട​യോ​ടു കൂടി ചേ​രു​ന്നു. വ്ളാ​ങ്കു് മത്സ്യ​ത്തോ​ടും. പു​രു​ഷ​ന്മാർ മവോ​ചി​യാ​ങ്ങി​നെ​യും ലീ​ച്ചി​യേ​യും സ്നേ​ഹി​ക്കു​ന്നു. (പ്രാ​ചീന ചൈ​ന​യി​ലെ രണ്ടു സു​ന്ദ​രി​കൾ—ലേഖകൻ). ഇതിൽ സൗ​ന്ദ​ര്യ​ത്തി​ന്റെ ശരി​യായ മാ​ന​ദ​ണ്ഡ​മേ​തു്? ജ്വാ​ങ്ദ്സു​വി​ന്റെ തു​ടർ​ന്നു​ള്ള ചോ​ദ്യ​മാ​ണി​തു്. ചൈ​നാ​ക്കാ​രൻ എത്ര കണ്ടു കാ​മ​ത്തോ​ടു കൂടി ചൈ​നീ​സ് സു​ന്ദ​രി​യെ വീ​ക്ഷി​ച്ചി​രി​ക്കു​മോ അത്ര​ക​ണ്ടു കാ​മ​ത്തോ​ടു കൂ​ടി​ത്ത​ന്നെ ആൺ കു​ര​ങ്ങു പെൺ​കു​ര​ങ്ങി​നെ നോ​ക്കി​യി​രി​ക്കും എന്നു് എന്റെ വി​ചാ​രം. സൗ​ന്ദ​ര്യ​ത്തി​നു് ഞാൻ കല്പി​ക്കു​ന്ന മാ​ന​ദ​ണ്ഡ​മ​ല്ല രാ​ഘ​വ​ന്റെ മാ​ന​ദ​ണ്ഡം. എന്നാൽ എന്റെ മാ​ന​ദ​ണ്ഡം ശരി​യാ​ണെ​ന്നു് ഞാനും രാ​ഘ​വ​ന്റേ​തു് ശരി​യാ​ണെ​ന്നു അദ്ദേ​ഹ​വും വി​ചാ​രി​ക്കു​ന്നു.

റ്റി. വി.

വട​ക്കൊ​രു കോ​ളേ​ജി​ലെ ഈക്ക​നോ​മി​ക്സ് ഡി​പ്പാർ​ട്ട്മെ​ന്റിൽ നി​ന്നു് ഒരു പെൺ​കു​ട്ടി ഇറ​ങ്ങി വരാ​ന്ത​യി​ലേ​ക്കു പോ​ന്ന​പ്പോൾ പ്രൊ​ഫ​സ​റു​ടെ കവി​ളിൽ ഒരു സി​ന്ദൂ​ര​പ്പൊ​ട്ടു്. (സത്യം) എന്റെ കൂടെ താ​മ​സി​ച്ചി​രു​ന്ന ഒരു ഗണി​ത​ശാ​സ്ത്ര വി​ദ്യാർ​ത്ഥി എന്റെ മേ​ശ​യു​ടെ പു​റ​ത്തു​വ​ച്ചി​രു​ന്ന ഡി​ജോൺ​സ് കോഡ് ലിവർ ഓയിൽ കൈ​യി​ലൊ​ഴി​ച്ചു് തല​യി​ലും മു​ഖ​ത്തും തേ​ച്ചു​കൊ​ണ്ടു് കു​ളി​ക്കാ​നാ​യി പോയി. അയാ​ളു​ടെ മേ​ശ​യു​ടെ പു​റ​ത്തു് കു​പ്പി​യിൽ നീ​ലി​ഭൃം​ഗാ​ദി എണ്ണ ഉണ്ടാ​യി​രു​ന്നു. (സത്യം) കാ​മു​കി​യെ ആർ​ത്തി​യോ​ടെ ഇരു​ട്ട​ത്തു ചും​ബി​ക്കു​മ്പോൾ അവ​ളു​ടെ ജല​ദോ​ഷ​മാർ​ന്ന മൂ​ക്കു് കാ​മു​ക​ന്റെ വാ​യ്ക്ക​ക​ത്തു് ആയി​പ്പോ​കും. (നൂറു ശത​മാ​ന​വും സത്യ​മാ​കു​ന്ന സങ്കൽ​പം) ഉറ​ങ്ങി​ക്കി​ട​ക്കു​മ്പോൾ ടെ​ല​ഫോൺ ബല്ല് കേ​ട്ടാൽ ചാ​ടി​യെ​ഴു​ന്നേ​റ്റു് സം​സാ​രി​ക്ക​നു​ള്ള ഭാഗം കാതിൽ വയ്ക്കും. (എന്റെ സത്യാ​ത്മ​ക​മായ അനു​ഭ​വം.) ഇതൊ​ക്കെ പ്ര​മാ​ദ​ങ്ങൾ. എന്നാൽ ഒരി​ക്ക​ലും പ്ര​മാ​ദം സം​ഭ​വി​ക്കാ​ത്ത ഒരു കാ​ര്യം പറയാം. നമ്മൾ ടെ​ലി​വി​ഷൻ കണ്ടു​കൊ​ണ്ടി​രി​ക്കു​ന്നു. പെ​ട്ടെ​ന്നു് കറ​ന്റു പോയി. ഇരു​ട്ട​ത്തു കൈ ഓഫ് സ്വി​ച്ചി​ലേ​ക്കു​ത​ന്നെ പോകും. തെ​റ്റു് പറ്റു​ക​യേ​യി​ല്ല. നമ്മെ പീ​ഡി​പ്പി​ക്കു​ന്ന ഉപ​ക​ര​ണ​ത്തി​ന്റെ ഓഫ് സ്വി​ച്ച് മാ​റി​പ്പോ​കു​ന്ന​തെ​ങ്ങ​നെ?

പീ​ഡ​ന​ങ്ങ​ളും മറ്റും

പഴയ രീ​തി​യി​ലു​ള്ള കവി​ത​യ്ക്കു കെ. ജി. മേനോൻ ചെ​യ്യു​ന്ന ദോഷം പുതിയ രീ​തി​യി​ലു​ള്ള കവി​ത​യ്ക്കു നവീ​ന​ന്മാർ ചെ​യ്യു​ന്ന ദോ​ഷ​ത്തെ​ക്കാൾ വലു​താ​ണു്. അതിനു തെ​ളി​വു​ണ്ടു് ജന​യു​ഗം വാ​രി​ക​യിൽ. അദ്ദേ​ഹ​മെ​ഴു​തിയ ‘അപഭംഗ’ ത്തി​ന്റെ ആദ്യ​ത്തെ ചില വരികൾ കേ​ട്ടാ​ലും:

കു​ഞ്ഞു​മോ​ളു​ടെ കു​ട്ടി​ക്കാ​ല​ങ്ങൾ

ചി​രി​പ്പി​ക്കാൻ

വന്നു​നി​ല്ക്കു​ന്നൂ കാ​വ്യ​ച്ചി​ല​ങ്ക

ക്കാ​ലിൽ​ക്കെ​ട്ടി.

നർ​മ്മ​ബോ​ധ​ങ്ങ​ളെ​ന്നിൽ

വറ്റി​പ്പോ​യെ​ന്നാ​കി​ലും

ഓർ​മ്മ​തൻ ഒരു മു​ത്തെ​ഞ്ചി​പ്പി​യിൽ

ജനി​ക്കു​ന്നൂ.

കവി​ത​കു​റി​ക്കു​മെൻ പഴ​ഞ്ചൻ

ശൈ​ലി​ക്കു​ള്ളിൽ

പു​തു​മ​ക്കാർ​ക്കി​ന്നൊ​ന്നും കാ​ണി​ല്ല

രസി​ക്കു​വാൻ.

ആഴ​മാർ​ന്ന വി​കാ​ര​മി​ല്ല എന്ന​ല്ല പറ​യേ​ണ്ട​തു്. വി​കാ​ര​മേ​യി​ല്ല. മാ​ന്ത്രി​ക​ത്വ​മാർ​ന്ന പദ​വി​ന്യാ​സ​മി​ല്ല എന്ന​ല്ല പറ​യേ​ണ്ട​തു്. കവി​ത​യ്ക്കു യോ​ജി​ച്ച പദ​വി​ന്യാ​സ​മി​ല്ല. ചു​രു​ക്ക​ത്തിൽ ഒന്നു​മി​ല്ല. വലിയ ഒരു പീ​ഡ​ന​മാ​ണു് ഈ കാ​വ്യം നിർ​വ​ഹി​ക്കു​ന്ന​തു്.

images/Chuang_Tzu.jpg
ജ്വാ​ങ്ദ്സു

ഹം​ഗ​റി​യി​ലെ കെ​ട്ടു​ക​ഥ​കൾ അടു​ത്ത കാ​ല​ത്തു വാ​യി​ച്ചു. ഒരു കഥയിൽ ഞെ​ട്ടാ​ന​റി​യാ​ത്ത ഒരു കൊ​ച്ചു കു​ട്ടി​യെ അവ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. അവൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​ന്നാൽ മതി. ഞെ​ട്ടാൻ പഠി​ച്ചു​കൊ​ള്ളും. എസ്കോർ​ട്ട് കാ​റു​കൾ പാ​വ​ങ്ങ​ളെ കാ​ല​പു​രി​യി​ലേ​ക്കു് അയ​യ്ക്ക​ന്ന​തു് കണ്ടാൽ, ഈ കടു​ത്ത ഉഷ്ണ​കാ​ല​ത്തു് വി​ദ്യു​ച്ഛ​ക്തി ഇല്ലാ​താ​ക്കി അധി​കാ​രി​കൾ ജന​ങ്ങ​ളെ കഷ്ട​പ്പെ​ടു​ത്തു​ന്ന​തു് കണ്ടാൽ, ടാ​പ്പ് തി​രി​ക്കു​മ്പോൾ വെ​ള്ളം ഒരു തു​ള്ളി​പോ​ലും ഇല്ലാ​തി​രി​ക്കു​ന്ന​തു് കണ്ടാൽ, ഭീ​മ​മായ തുക അറു​പ​തു ദി​വ​സ​ത്തി​ലൊ​രി​ക്കൽ വാ​ങ്ങി​ച്ചി​ട്ടു് ടെ​ലി​ഫോൺ എന്ന ഉപ​ക​ര​ണ​ത്തെ മി​ക്ക​വാ​റും മരി​പ്പി​ച്ചി​രു​ത്തി​യി​രി​ക്കു​ന്ന​തു് കണ്ടാൽ കൊ​ച്ചു​കു​ട്ടി മാ​ത്ര​മ​ല്ല ഗർ​ഭ​സ്ഥ​ശി​ശു പോലും ഞെ​ട്ടും. കു​മാ​രി വാ​രി​ക​യിൽ കാ​ഞ്ഞാ​വെ​ളി വി​ജ​യ​കു​മാർ എഴു​തിയ ‘അബു​ദാ​ബി​യി​ലെ മഴ’ എന്ന കഥ വാ​യി​ച്ചാൽ ഞെ​ട്ടി ഞെ​ട്ടി ബോധം കെടും. മഴ പെ​യ്യു​മ്പോൾ അതു് അവ​സാ​നി​ക്കു​ന്ന സ്ഥലം കണ്ടു​പി​ടി​ക്കാൻ ചിലർ പോയി പോലും. ഹം​ഗ​റി​യി​ലെ കൊ​ച്ചു​കു​ട്ടീ, ഞങ്ങ​ളു​ടെ ഈ പട്ട​ണ​ത്തി​ലേ​ക്കു പോരൂ. ഞെ​ട്ടാൻ പഠി​ക്കൂ.

ചെ​ക്കോ​വ് നാലു വാ​ക്യ​മെ​ഴു​തി​യാൽ മതി, ഒരു കൊ​ച്ചു കലാ​ശി​ല്പ​മു​ണ്ടാ​കും. കെ. പി. തമ്പി നാ​ലാ​യി​രം വാ​ക്യ​മെ​ഴു​തി​യാ​ലും സാ​ഹി​ത്യ​മാ​വു​ക​യി​ല്ലെ​ന്നു് ‘ചിറ്റ’ എന്നൊ​രു ബോറൻ കഥ രചി​ച്ചു സ്പ​ഷ്ട​മാ​ക്കി​ത്ത​രു​ന്നു (കഥ ചന്ദ്രിക വാ​രി​ക​യിൽ).

രാ​ത്രി വൈ​കി​യെ​ത്തു​ന്ന മകനു് വഴി കാ​ണി​ച്ചു​കൊ​ടു​ക്കാൻ അച്ഛ​ന്റെ പ്രേ​തം ടോർ​ച്ചു​മാ​യ് എത്തു​ന്നു. ജനാർ​ദ്ദ​നൻ എരമം ദേശം പൗ​ര​ധ്വ​നി വാ​രി​ക​യി​ലെ​ഴു​തിയ ഒരു മി​നി​ക്ക​ഥ​യിൽ. അച്ഛൻ മാ​ത്ര​മ​ല്ല ഇക്ക​ഥ​യും ഗോ​സ്റ്റ് തന്നെ​യാ​ണേ.

രാജു നായർ നാ​യ​രാ​യ​തു കൊ​ണ്ടാ​ണോ അദ്ദേ​ഹ​ത്തെ കൂ​ടെ​ക്കൂ​ടെ വാ​ഴ്ത്തു​ന്ന​തെ​ന്നു് ഒരു കാർ​ട്ടൂ​ണി​സ്റ്റ് എഴുതി ചോ​ദി​ക്കു​ന്നു. അവ​ന​വ​നിൽ ഉള്ള​തേ മറ്റു​ള്ള​വ​രി​ലും ചിലർ കാണൂ. രാജു നായർ ഏതു വർ​ഗ്ഗ​ത്തിൽ​പ്പെ​ട്ട ആളാ​യാ​ലും ഹാ​സ്യ​ചി​ത്രം വര​യ്ക്കാൻ അറി​യാം അദ്ദേ​ഹ​ത്തി​നു്. ദീ​പി​ക​യി​ലെ അദ്ദേ​ഹ​ത്തി​ന്റെ ചി​ത്ര​ങ്ങൾ ലക്ഷ്യ​വേ​ധി​ക​ളും രസ​ക​ര​ങ്ങ​ളാ​ണു്.

ചും​ബ​നം:
(റഷ്യൻ മെ​ഡി​ക്കൽ ഡി​ക്ഷ​ന​റി​യിൽ) ശരീ​ര​ത്തി​ന​ക​ത്തേ​ക്കു ഭക്ഷ​ണം കൊ​ണ്ടു​പോ​കാ​നു​ള്ള അവ​യ​വ​ങ്ങ​ളു​ടെ കൂ​ട്ടി​മു​ട്ടൽ.
ഓക്സ്ഫോ​ഡ് ഡി​ക്ഷ​ന​റി​യിൽ:
ചു​ണ്ടു​കൾ​കൊ​ണ്ടു​ള്ള ഓമ​നി​ക്കൽ.
പ്രാ​യം​കൂ​ടി​യ​വ​രു​ടെ ഡി​ക്ഷ​ന​റി​യിൽ:
തീർ​ച്ച​യാ​യും രോഗം പക​രു​മെ​ന്ന​തു​കൊ​ണ്ടു് എപ്പോ​ഴും വർ​ജ്ജി​ക്കേ​ണ്ട​തു്.
Colophon

Title: Sāhityavāraphalam (ml: സാ​ഹി​ത്യ​വാ​ര​ഫ​ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1985-05-19.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ​ഹി​ത്യ​വാ​ര​ഫ​ലം, എം കൃ​ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 24, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.